Friday, May 25, 2012

വൈകിയ വേളയില്‍ മദനിയിലേക്ക് ഒരു എത്തിച്ചു നോട്ടം

 മദനിയിലേക്ക് ഒരു എത്തിച്ചു  നോട്ടത്തിന്‍റെ  ആവശ്യകത ഇന്ത്യന്‍ സമൂഹത്തിനു ആവശ്യം തന്നെയെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അതിനര്‍ത്ഥം നിങ്ങള്‍ ഒരു ഭീകരവാദിയെന്നോ മറിച്ചു പി . ഡി. പി അനുഭാവി എന്നോ അല്ല . നിങ്ങളില്‍ എവിടെയോ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥിതിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഒരുപാട് ചോദ്യങ്ങള്‍ ഉറങ്ങി കിടക്കുന്നു എന്നാണു കരുതേണ്ടത്. എന്നിലും എവിടെയോ അത്തരം ചോദ്യങ്ങള്‍ ഉറങ്ങി കിടക്കുന്നു.  അവര്‍ ചോദിക്കുന്നു ; 'മദനി , നിങ്ങള്‍ ശരിക്കും ആരാണ് ? ഒരു മത മൌലികവാദി അല്ലെങ്കില്‍ ഒരു രാജ്യദ്രോഹി ,? അല്ലെങ്കില്‍ ഒരു മനുഷ്യ സ്നേഹി , ഒരു സമുദായ സ്നേഹി ? അതും അല്ലെങ്കില്‍ ലളിതമായി എനിക്ക് പറഞ്ഞു തരൂ നിങ്ങള്‍ ജയിലില്‍ അടക്കപെട്ടത്‌ എന്ത് കുറ്റം തെളിയിക്കപ്പെട്ടിട്ടാണ് ?   

 എന്‍റെ മനസ്സിലെ  മദനി ഒന്നും തന്നെ മിണ്ടിയില്ല. 10-12 വര്‍ഷത്തിനു മുന്നേ ഞാന്‍  കണ്ട മദനിയുടെ മുഖഭാവങ്ങള്‍ എവിടെയോ ഒലിച്ചു പോയിരിക്കുന്നു. നീണ്ട കാലയളവിലെ ജയില്‍ വാസം അയാളെ ദൈവത്തിലേക്കും സത്യത്തിലേക്കും കൂടുതല്‍ അടുപ്പിച്ചിരിക്കുന്നതായി തോന്നി പോകുന്നു. . ഒരുപാട് തിരിച്ചറിയലുകള്‍  അയാളെ മാറ്റിയിരിക്കുന്നു എന്നും വേണമെങ്കില്‍ പറയാം. മദനിയെ വിശ്വസിക്കാം ..അവിശ്വസിക്കാം ..അത് തികച്ചും വ്യക്തിപരം. 

 2007ല്‍ ജയില്‍ മോചിതനായി പുറത്തു വന്ന മദനി ചോദിക്കുന്നു " നീണ്ട 9 വര്‍ഷങ്ങള്‍ എടുത്തു ഞാന്‍ കുറ്റം ചെയ്തിട്ടില്ല  എന്ന സത്യം  തെളിയിക്കപ്പെടാന്‍  , പക്ഷെ എനിക്ക് നിരപരാധിയുടെ വാര്‍ദ്ധക്യം ബാധിച്ച   മുഖം തിരിച്ചു തന്ന കോടതിക്ക് എന്‍റെ  ജീവിതത്തിലെ നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങള്‍ തിരിച്ചു തരാന്‍  സാധിക്കുമോ ?" ഈ ചോദ്യം എന്നെ വീണ്ടും  ചിന്തിപ്പിച്ചു.

  മദനിയുടെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും   എന്നും എനിക്ക്    ഭിന്നാഭിപ്രായം തന്നെ ആയിരുന്നു . പക്ഷെ ആ പ്രസംഗങ്ങള്‍ , അതിലെ തീ , അതെന്നെ പലപ്പോളും ഉരുക്കി കളഞ്ഞിരുന്നു . വര്‍ഗീയതയുടെ ചുവ പ്രസംഗത്തില്‍ കത്തി നിന്ന കാലത്താണ് പി. ഡി.പി നിരോധിക്കപെട്ടത്‌. പക്ഷെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം ജനതക്കും മദനി ഒരു പടത്തലവന്‍ ആയി ചിത്രീകരിക്കപെട്ടു. 

      ഇതിനിടയിലെ സംഘടനാ ജീവിതത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപെട്ടു. കോയമ്പത്തൂര്‍ സ്ഫോടനത്തെ തുടര്‍ന്ന് ഒരുപാട് ജനങ്ങള്‍ മരിക്കുകയും , തീക്ഷ്ണമായ  സംശയത്തിന്‍റെ  സാഹചര്യത്തില്‍ തെളുവുകള്‍ ഇല്ലാതെ തന്നെ മദനി അറസ്റ്റ് ചെയ്യപെടുകയും ചെയ്തു. പിന്നെ നീണ്ട 9 വര്‍ഷങ്ങള്‍ മദനിക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധി എന്ന് കോടതി വിധിച്ചതിനു ശേഷം ജയില്‍ മോചിതനായ മദനിയെ വീണ്ടും  ഒരു സ്ഫോടന കേസും ആരോപണവും കാത്തിരുന്നിരുന്നു.

 കാശ്മീരിലേക്ക് യുവാക്കളെ കേരളത്തില്‍ നിന്നും ആയുധ പരിശീലനത്തിന് അയച്ചു എന്നത് ഉള്‍പ്പെടെയുള്ള   കുറ്റങ്ങള്‍ (പൂര്‍ണമായും തെളിയിക്കപെട്ടോ എന്നറിയില്ല ) ചുമത്തി കര്‍ണാടക- കേരള  പോലീസ്  2010ല്‍ മദനിയെ  ബംഗ്ലൂര്‍ ജയിലിലേക്ക് എത്തിച്ചു . പാര്‍ട്ടി അനുഭാവികളുടെയും മറ്റു കപട രാഷ്ട്രീയ വാദികളുടേയും എതിര്‍പ്പിനെ ഭേദിച്ച് കൊണ്ട് മദനി ജയിലില്‍ പോകാന്‍ പൂര്‍ണ സമ്മതം തന്നെ കാണിച്ചു എന്നത് അയാള്‍ക്ക്‌ എന്നെങ്കിലും ഒരിക്കല്‍  കിട്ടും എന്നുറപ്പുള്ള ദൈവനീതിയിലുള്ള വിശ്വാസത്തെ കാണിക്കുന്നു.

    മദനി തെറ്റുകാരന്‍ ആണോ അല്ലയോ എന്നല്ല ഇവിടെ പ്രസക്തമായ ചോദ്യം , മറിച്ചു തെളിവുകളുടെ അഭാവത്തിലും വ്യക്തമായ കേസുകളും ഇല്ലാതെ ഒരാള്‍ എങ്ങനെ ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വന്നു  അല്ലെങ്കില്‍ ഇനിയും കിടക്കേണ്ടി വരും എന്നാണു ? (ഈ പ്രശ്നത്തെ ഉന്നയിച്ചു കൊണ്ട് ഒരുപാട് പേര്‍ മുന്നിട്ടു വന്നു എങ്കിലും അവരെല്ലാം നീതിന്യായ വ്യവസ്ഥയെ ഓര്‍ത്തല്ല , മറിച്ചു മതരഷ്ട്രീയവും , മതേതരത്വ സഖാക്കളുടെ വോട്ടു രാഷ്ട്രീയവും കളിക്കാന്‍ വേണ്ടി കൂടിയും ആയിരുന്നു  )

     ഇവിടെയാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ നീതി ന്യായ വ്യവസ്ഥതയുടെ ധാര്‍മികത ചോദ്യം ചെയ്യപെടുന്നത്. തൊണ്ണൂറുകളില്‍ മുംബൈയില്‍ നടന്ന  സ്ഫോടനത്തില്‍ നൂറോളം ആളുകള്‍ മരിക്കുകയും സഞ്ജയ്‌ ദത്ത് എന്നാ ഹിന്ദി സിനിമാ നായകന് വ്യക്തമായ തെളിവുകളുടെയും പ്രതിയുടെ മുന്‍കാല കേസുകളുടെയും  പശ്ചാത്തലത്തില്‍  ആറ് വര്‍ഷം ജയില്‍ ശിക്ഷ (അത് മാത്രം ) വിധിക്കുകയും ചെയ്ത   കോടതി പിന്നീടു അയാളെ സിനിമയില്‍ അഭിനയിക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തടസ്സം നിന്നില്ല. ജയില്‍ അയാള്‍ക്ക്‌ ഇടയ്ക്കു വന്നു പോകാന്‍ മാത്രമുള്ള ഒരു ഇടത്താവളം പോലെ ആയിരുന്നു. നമ്മുടെ കോടതിയും നിയമവും അത് അനുവദിച്ചിരുന്നു. അയാളുടെ ജീവിതം ഇത് കൊണ്ടൊക്കെ തന്നെ പച്ച പിടിക്കുകയെ ചെയ്തുള്ളൂ. 

അതെ സമയം, മദനിക്ക്  ജാമ്യം പോലും അനുവദിക്കാന്‍ നമ്മുടെ കോടതിക്കും സര്‍ക്കാരിനും പേടി ആയിരുന്നു. എല്ലാവരും നഖശികാന്തം എതിര്‍ത്തു . മദനിക്ക് ബോംബു സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു (തെളിവില്ല എന്ന് പറയുന്നു  )ജയിലില്‍ അടച്ച അതെ നീതി ന്യായ വ്യവസ്ഥ,  ഗുജറാത്ത് കലാപത്തില്‍  നരേന്ദ്ര മോഡിക്കെതിരെ ശക്തമായ ആരോപണം രാജ്യമെങ്ങും (തെളിവില്ല എന്ന് പറയുന്നു ) പടരുന്ന സമയത്ത് പോലും മോഡിക്കെതിരെ ഒന്നും പറഞ്ഞത് പോലുമില്ല. തെളിവില്ല  എന്നതാണ്   മോഡിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കാരണംഎങ്കില്‍ അതെ കാരണം നിലനില്‍ക്കുമ്പോള്‍ ഇതേ രാജ്യത്ത് താമസിക്കുന്ന മദനിക്ക് മാത്രം എങ്ങിനെ ഒരു വിശേഷാല്‍ നിയമം ഉണ്ടായി ? അല്ലെങ്കില്‍ ആര്‍ക്കാണ് ഇത്തരത്തില്‍ ഉള്ള ഒരു നിയമ സൃഷ്ടിക്കു താല്പര്യം ? എന്ത് കൊണ്ട് മദനി മാത്രം ? ഇങ്ങനെ ആണ് ഇന്ത്യന്‍ നിയമം എങ്കില്‍ ആ നിയമ പുസ്തകത്തിലെ ഓരോ ഏടും കാറ്റില്‍ പറത്താന്‍ ആഹ്വാനം ചെയ്യുന്ന ഒരു തലമുറ ജനിക്കേണ്ടത്‌ അനിവാര്യം തന്നെ.  

     മദനി ഒരു പക്ഷെ കുറ്റം ചെയ്തിട്ടുണ്ടാകാം അല്ലെങ്കില്‍ ഇല്ലായിരിക്കാം , മദനി ഭീകര വാദിയോ അല്ലയോ എന്നുമല്ല പ്രശ്നം , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം . അത് പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന  "ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് " എന്ന ഒരു പ്രത്യയ ശാസ്ത്രം മറന്നു കൊണ്ടായിരിക്കരുത് എന്ന് മാത്രം . അത് പക്ഷെ ഒരു മദനിയെ ഓര്‍ത്തു കൊണ്ട് മാത്രം അല്ല, നൂറു കോടിയില്‍ അധികം വരുന്ന ,നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിക്കപെടുന്ന ഒരു ജനതക്കിടയില്‍ നിയമ-നീതിയുടെ സമത്വം നില നിന്ന് പോകാന്‍ വേണ്ടി .

-pravin-

24 comments:

 1. എട പ്രവീണേ ഞാനെന്താടാ നിന്നോട് പറയുക, ഇതേ വേവ് ലെങ്ത് ഉള്ള ചിന്തകളുമായാടാ ഞാനും നടക്കുന്നത്.! നമ്മൾക്കെന്ത് ചെയ്യാൻ സാധിക്കും ? ഞാനെവിടെയോ വായിച്ചിട്ടുണ്ട് നിങ്ങൾക്ക് ഒരു നിയമവ്യവസ്ഥയോ വ്യവസ്ഥിതിയോ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ പരിശ്രമിച്ച് അതിന്റെ ഔന്നത്യത്തിലെത്തുക,എന്നിട്ടത് മാറ്റിയെഴുതുക. നമുക്കിനിയൊരിക്കലും അങ്ങനൊരു ഔന്നത്യത്തിലേക്ക് എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ നമുക്കിങ്ങനെ നമുക്ക് കഴിയാവുന്ന പോലെ എഴുതിയും പറഞ്ഞും നടക്കാം,ജീവിക്കാം.
  മദനിയുടെ മുഖം ഞാൻ പണ്ട് കൊപ്പത്ത് വന്നപ്പോൾ കണ്ടിട്ടുണ്ട്. ഞാനിപ്പോഴും അയാൾ തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ല. കോടതിക്ക് അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്തിടത്തോളം ഞാനത് വിശ്വസിക്കുകയുമില്ല. പക്ഷെ എന്തു ചെയ്യാം.?

  നല്ല എഴുത്ത് പ്രവീൺ. ആശംസകൾ.

  ReplyDelete
  Replies
  1. തുറന്ന അഭിപ്രായത്തിനും കാഴ്ച്ചപ്പാടിനും വളരെ നന്ദി മനേഷ് ..

   പ്രതികരിക്കാന്‍ പല വഴികളുമുണ്ട്. മൌനം ഭജിക്കുന്നവന് അതും പ്രതികരണമായി പറയാം..നമുക്ക് പ്രതികരിക്കാന്‍ ഇന്ന് ഒരുപാട് കൂട്ടായ്മകളുണ്ട്. ഒറ്റയ്ക്ക് ഒരു മലയുടെ മുകളില്‍ പോയി സമൂഹത്തിലെ പലതിനുമെതിരെ ഉറക്കെ അലറി വിളിക്കാന്‍ തോന്നാറുണ്ട്..ഒരിക്കല്‍ ചെയ്തിട്ടുമുണ്ട്..ചിലര്‍ അതെന്റെ ഒരു തമാശയായി എടുത്തു..ചിലര്‍ എന്‍റെ അഭിനയം ആയെടുത്തു ..ചിലര്‍ എനിക്ക് വട്ടാണ് എന്ന് പറഞ്ഞു..പക്ഷെ ഞാന്‍ ആര്‍ക്കും മറുപടി കൊടുത്തില്ല. കാലം മറുപടി പറയുന്നത് ചിലപ്പോള്‍ രസകരമായിട്ടായിരിക്കും..അന്ന് ഞാന്‍ മലയുടെ മുകളില്‍ ചിലപ്പോള്‍ ഒന്നും മിണ്ടാതെ ഇരുന്നേക്കാം..ആ സമയത്ത് ,എന്‍റെ മുന്നില്‍ വന്നു നിന്ന്, മലയുടെ മുകളില്‍ നിന്ന് ഉച്ചത്തില്‍ അലറി വിളിക്കുന്ന ഒരു ജന സമൂഹത്തെ ഞാന്‍ പല കുറി കാണാതെ കണ്ടിട്ടുണ്ട് ..

   Delete
  2. വളരെ കാലങ്ങളായി ചര്‍ച്ച ചെയ്യുന്നതും ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നതും ആയ പല വിഷയങ്ങളില്‍ ഒന്ന്. ഒരുകാലത്ത്‌ മദനീ നടത്തിയത്‌ തീവ്രവാദ പ്രസംഗങ്ങള്‍ തന്നെ ആയിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. അദ്ദഹം തന്നെ അത് ഏറ്റു പറഞ്ഞിട്ടും ഉണ്ട്. എന്തായാലും ഇന്ന് അയാള്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്നുത്‌ നീതി നിഷേധം തന്നെയാണ്. കുറ്റക്കാരന്‍ ആണെങ്കില്‍ ശിക്ഷിക്കട്ടെ.അല്ലാതെ ആരോപണത്തിന്റെ പേരില്‍ മാത്രം ഇത്രയും ദീര്‍ഖമായ കാലയളവില്‍ ജയിലില്‍ കിടക്കുന്നത് നീതി വ്യവസ്ഥയുടെ പരാജയം മാത്രമാണ്.

   ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ താഴെയുള്ള ലിങ്കില്‍ ക്ലിക്കി വായിക്കാം....
   മദനീ ഞങ്ങള്‍ക്ക്‌ ഭയമാണ്...

   Delete
 2. മഅദനി ഒരു മുസ്ലീമും ദത്തും മോഡിയുമൊക്കെ ഹിന്ദുവും ആകുന്നു. ഹിന്ദുവിന് തെറ്റ് ചെയ്താലും മാപ്പുണ്ട്. സംശയത്തിന്റെ ആനുകൂല്യമുണ്ട്. മുസ്ലീം നാമധാരിയായ മനുഷ്യന്‍ അതൊന്നുമില്ലാത്ത നിര്‍ഭാഗ്യവാന്‍ ആണ്. ഹിന്ദു ബോംബ് വച്ചാലും സ്ഫോടനം നടത്തിയാലും ഒരു തെറ്റുമില്ല. മാത്രമല്ല അവര്‍ അത് ചെയ്യുമെന്ന് ആരും വിശ്വസിക്കയുമില്ല. അവര്‍ സനാതന വാദികളാണല്ലോ. അവര്‍ക്കെങ്ങിനെ തീവ്രമായി നടക്കാന്‍ കഴിയും. അതുകൊണ്ട് മഅദനി ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റവാളി. മാപ്പര്‍ഹിക്കുന്നില്ല. ജീവകാലം മുഴുവന്‍ തടവറയില്‍ കഴിയും. സാക്ഷികളും തെളിവുകളുമൊക്കെ ഉണ്ടാക്കും. നമ്മുടെ രാജ്യത്ത് പലതരം നീതിയുണ്ട്, നിയമങ്ങളുണ്ട്. സ്റ്റേറ്റ് എന്ന ഇരുമ്പുരഥം ഉരുണ്ട് നിങ്ങളുടെ നേര്‍ക്ക് വന്നാല്‍ രക്ഷിക്കാന്‍ ദൈവത്തിന് പോലുമാവില്ല. സ്റ്റേറ്റ് ഒരാളെ ശത്രുവായിപ്രഖ്യാപിച്ചാല്‍ വിടുവിക്കാവുന്നവന്‍ ആരുമില്ല. എനിക്ക് മഅദനിയെ ഓര്‍ക്കുമ്പോള്‍ സഹതാപമുണ്ട്. നീതിപൂര്‍വകമായ വിചാരണ നടത്തി കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കൂ, തക്ക ശിക്ഷ കൊടുക്കൂ. പക്ഷെ ഈ അനിശ്ചിതത്വത്തില്‍ ആരെയും തളച്ചിടാന്‍ ഒരു സ്റ്റേറ്റിനും അധികാരമില്ല. ക്ഷമിക്കുക, ഞാന്‍ ഒരു വര്‍ഗീയവാദിയല്ല. പക്ഷെ സമകാലീനസംഭവങ്ങള്‍ കാണുമ്പോള്‍ ഇത് എഴുതാതിരിക്കാന്‍ പറ്റില്ല. ചില തെറിവിളികള്‍ ഞാന്‍ ഇതിന് പ്രതികരണമായി പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഞാന്‍ ഒരു മുസ്ലിമിന്റെ പേരിലാണ് സഹതാപം അറിയിച്ചിരിക്കുന്നത്. അങ്ങിനെയെങ്കില്‍ തീര്‍ച്ചയായും തെറി കേള്‍ക്കേണ്ടവന്‍ എന്ന് ഇന്നത്തെ കാലം വാക്കും ഭാഷണവുമില്ലാതെ ജനമനസ്സില്‍ ഒരു ധാരണ കൊടുത്തിട്ടുണ്ട്

  ReplyDelete
  Replies
  1. എന്ത് കൊണ്ടാവും മുസ്ലിങ്ങള്‍ എപ്പോഴും പ്രതി പട്ടികയില്‍ ആവുന്നത്?

   Delete
 3. നിയമം എന്നത് ലിഘിതമാണല്ലോ അതില്‍ മനുഷ്യത്യത്തിനും ,മനുഷ്യന്‍റെ സമയത്തിനും , അവന്‍റെ മനസാക്ഷിക്കും
  ഒന്നിനും സ്ഥാനമില്ല.നടപടിക്രമങ്ങളുടെ സമയം ദീര്‍ഘിക്കുന്ന കാലത്തോളം നിരപരാധികള്‍ ശിക്ഷിക്കപ്പെടും. ,കൊലയാളികള്‍ രക്ഷപ്പെടും ,നിയമങ്ങളുടെ കുരുക്കില്‍ കിടന്നു കൊണ്ട് ഒരായുസ്സ് നഷ്ടപ്പെടും . നിയമങ്ങളില്‍ മാറ്റം ഇനിയും വരുന്നില്ലെങ്കില്‍ മരിച്ചു കഴിഞ്ഞവര്‍ പോലും വധ ശിക്ഷക്ക് വിധേയനായെക്കാം. തടവറക്കുള്ളില്‍ ഹനിക്കപ്പെടുന്ന ജീവിതത്തെ നോക്കി നിയമങ്ങള്‍ കൊഞ്ഞനം കുത്തട്ടെ .നമുക്ക് അതും നോക്കി കാലം കഴിക്കാം .നല്ല എഴുത്തിന് ആശംസകള്‍ സുഹൃത്തേ

  ReplyDelete
  Replies
  1. നന്ദി ഷാജി..നിയമം മനുഷ്യന് വേണ്ടി ഉണ്ടാക്കിയതായിരിക്കാം..പക്ഷെ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നിയമത്തിനു വേണ്ടി മാത്രമാണ് എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ആണ് പ്രശ്നം.. നിയമത്തിനു കൊഞ്ഞലം കുത്താന്‍ അറിയിലായിരുന്നു ...പക്ഷെ ആരോ , എപ്പോഴോ ഒരിക്കല്‍ ..അത് പഠിപ്പിച്ചിരിക്കുന്നു എന്നത് വ്യക്തം ..

   Delete
 4. "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌." ഈ നീതിയുടെ പേരില്‍ മോഡിയും സഞ്ജയുമൊക്കെ വിരാജിക്കുമ്പോള്‍ മദനി ജയിലില്‍ കഴിയേണ്ടി വന്നത് ഒരു മുസ്ലിം ആയതു കൊണ്ട് മാത്രമല്ലേ...? അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. നീതിപൂര്‍വമായി കുറ്റവിചാരണ നടത്തി അത് തെളിയിക്കേണ്ടത് കോടതിയുടെ ധാര്‍മിക ഉത്തരവാദിത്വം തന്നെയല്ലേ... ഹിന്ദു , മുസ്ലിം എന്നൊക്കെയുള്ള വേര്‍തിരിവില്ലാതെ മാനുഷികമായി പരിഗണിച്ചാല്‍ അദ്ദേഹത്തിന് നഷ്‌ടമായ ജീവിതം ആര്‍ക്കു തിരിച്ചു നല്‍കാനാവും...?

  ഈ നല്ല ചിന്തക്ക് ആശംസകള്‍ പ്രവീണ്‍...!

  ReplyDelete
  Replies
  1. നന്ദി കുഞ്ഞൂസ് ചേച്ചി ..

   മദനി ഒരു വലിയ മനുഷ്യന്‍ ആണെന്നോ , മഹാത്മാവാണ് എന്നോ പറയാന്‍ ഞാനും ആളല്ല. അത് എന്നെ പോലെ എല്ലാവര്‍ക്കും അറിയാം. അങ്ങനെയൊന്നും ആരും പറഞ്ഞില്ലെങ്കിലും സമൂഹത്തിനു മുന്നില്‍ ഇപ്പോള്‍ അയാള്‍ ഒരു ഭീകര വാദിയായി വന്നു നില്‍ക്കുന്നത് നമ്മുടെ നിയമവും നീതിയും അയാളോട് ആത്മാര്‍ഥമായ ഒരു നിലപാട് എടുക്കാത്തത് കൊണ്ടാണ്. അത് മാറേണ്ടതുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞ പോലെ , മദനി അത്തരത്തില്‍ ഒരു ഭീകരവാദിയായി ചിത്രീകരിക്കപ്പെട്ടു എങ്കില്‍, മദനി മാത്രം അര്‍ഹിക്കുന്നതല്ല ആ പേര്..എന്ത് കൊണ്ട് മദനി മാത്രം ?

   ഇനി വേറൊരു വശം കൂടി ഞാന്‍ ചിന്തിച്ചു. മദനി തെറ്റുകാരന്‍ അല്ല എന്ന് കോടതിക്ക് ഏതെങ്കിലും ഒരു കാലത്ത് പറയേണ്ടി വന്നാല്‍ ..അന്ന് മദനി ജീവിച്ചിരിക്കുന്നില്ല എന്ന ഒരു സ്ഥിതി കൂടി വന്നാല്‍..എന്തായിരിക്കും അവസ്ഥ.. നിയമത്തിനു മനസാക്ഷിയല്ല വേണ്ടത് ..സത്യത്തെ കാണാനുള്ള തുറന്ന അക്ഷിയാണ്. അത് ആരൊക്കെയോ ചേര്‍ന്ന് അടപ്പിച്ചിരിക്കുന്നു ഇപ്പോള്‍..

   Delete
 5. ഒരു കാലയളവില്‍ ഒരു സമുദായത്തിലെ ഒരു പാട് പേരുടെ സിരകളെ ചൂട് പിടിപ്പിച്ചതായിരുന്നു അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍, അദ്ദേഹത്തിനെ തീവ്രവാദിയായി മുദ്ര കുത്തി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്വം കേരളത്തിലെ പ്രമുഖ മുന്നണികള്ക്കും, മുസ്ലീം ലീഗിനുമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അതിനു പ്രേരകമായി എനിക്കുള്ള കാഴ്ചപ്പാട് ഞാന്‍ ഇവിടെ കുറിക്കാം, ആരും യോജിച്ചില്ലെങ്കിലും,
  കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ വന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ സ്ഥാനാര്ഥിയായി മല്സരിച്ചത് ഒരു ശിവരാമ കൃഷ്ണന്‍ ആയിരുന്നു, (ഇപ്പോള്‍ കൊണ്ഗ്രസ്സില്‍ ചെര്ന്നെന്ന് തോന്നുന്നു) ബാബരി മസ്ജിദ്‌ പൊളിക്കപെട്ട സന്ദര്ഭത്തില്‍ ആണ് ആ തിരഞ്ഞെടുപ്പ് നടന്നത്, മുപ്പതി നായിരത്തില്‍ പരം വോട്ടുകള്ക്ക് ഇടതുപക്ഷ സ്ഥാനാര്ഥി ജയിക്കുമെന്ന് സഖാവ് ഇ എം എസ്സ് പ്രവചിച്ചു, ഇടതു പക്ഷം തന്നെ ജയിക്കുമെന്നായിരുന്നു വിദഗ്ദരുടെയും അഭിപ്രായം, എന്നാല്‍ ആ മണ്ഡലത്തില്‍ ശിവരാമ കൃഷ്ണന് വേണ്ടി പ്രചാരണ ത്തിനിറങ്ങിയ അബ്ദുല്‍ നാസ്സര്‍ മദനി ഇടതുപക്ഷ സ്ഥാനാര്ഥി ഒരു ലക്ഷത്തില്‍ പരം വോട്ടുകള്ക്ക് ജയിക്കുമെന്ന് പ്രസംഗിച്ചു, ബാബരി മസ്ജിദ്‌ തകര്ത്ത കൈപ്പത്തിക്ക് വോട്ടുകൊടുക്കല്ലേ മക്കളെ എന്നുള്ള അദ്ധേഹത്തിന്റെ പ്രസംഗം ജനങ്ങളെ സ്വാധീനിച്ചു , പിന്നീടുള്ളത് ചരിത്രം, സഖാവ് ശിവരാമ കൃഷ്ണന്‍ ഒരു ലെക്ഷത്തി ഇരുപതെണ്ണായിരത്തില്‍ പരം വോട്ടുകള്ക്ക് വിജയിച്ചു..

  അതെ.. അദ്ധേഹത്തിന്റെ പ്രസംഗത്തിനു കേരള രാഷ്ട്രീയത്തെ സമൂല മാറ്റം വരുത്താന്‍ കഴിയും എന്നുള്ള ബോധ്യത്തില്‍ നിന്നാണ് നാടുകടത്തുവാന്‍ എല്ലാവരും കൂടി പരിശ്രമിച്ചത്, മലപ്പുറം ജില്ലയിലെ ലീഗിന്റെ അടിത്തറ ഇളക്കുവാന്‍ കഴിയുന്ന രീതിയിലായിരുന്നു മദനിയുടെ ആദ്യകാല പ്രവര്ത്ത നങ്ങള്‍.

  മദനിയെ പോലെ തന്നെ കുറ്റം തെളിയിക്കപെടാതെ ജീവിതം ഹോമിക്കപ്പെടുന്ന നിരവധി ആളുകള്‍ ഇന്ത്യന്‍ ജയിലുകളില്‍ ഉണ്ട്, മദനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളായത് കൊണ്ട് നാം അറിയുന്നു എന്ന് മാത്രം,

  "ആയിരം അപരാധികള്‍ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുതെന്നുള്ള" നിയമം പ്രാവര്ത്തിക മാക്കാന്‍ കഴിയെട്ടെ എന്ന്‍ ആഗ്രഹിക്കാം.

  ReplyDelete
 6. കേരളത്തില്‍ മരിക്കുന്നവരും , ജയിലില്‍ അകാരണമായി തടവിലാക്കപ്പെടുന്നവരും അറിയുന്നില്ല , താന്‍ ചെയ്ത പാതകം എന്താണെന്നു.

  മദനിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ്‌
  http://thirayil.blogspot.com/2012/05/blog-post_25.html

  ReplyDelete
 7. താങ്കളിലെ മനുഷ്യാവകാശബോധത്തെ മാനിക്കുന്നു പ്രവീൺ.
  ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം വെറും മണ്ണാങ്കട്ടയെന്ന് മഅദനിയുടെ അനുഭവം നമ്മോട് വിളിച്ച് പറയുന്നു.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി മൊയ്തീന്‍ .. ഇതാണ് സ്വതന്ത്ര സുന്ദര ജനാധിപത്യ ഭാരതത്തില്‍ നടക്കുന്നത് എങ്കില്‍ ജനാധിപത്യവും എന്തിനു അഭിപ്രായം പറയാനും കൂടി നിഷേധിക്കുന്ന രാജ്യങ്ങളിലെ അവസ്ഥ എന്തായിരിക്കും..?

   Delete
 8. ആദ്യം തന്നെ പറയട്ടെ.... ലേഖനത്തിന് എന്‍റെ കൈ വശം തരാന്‍ "നോ കമെന്റ്" ... താങ്കളുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ് ഈയുള്ളവന്റെ വരവ്, മദനിയുടെ ഫോടോ കണ്ടു കയറിയതാണ് "ആരെങ്കിലും മദനിയെ ചീത്ത പറയാന്‍" വല്ലതും എഴുതിയതാണോ എന്ന് നോക്കാന്‍ കയറിയതാണ് ... മതേതര മുല്യങ്ങളെ-നീതിയെ ഉയര്‍ത്തിപിടിക്കുന്ന ലേഖനം ... നന്ദിയുണ്ട് പ്രവീണ്‍ ഒരു നിരപരാധിക്ക് വേണ്ടി നന്മയോടെ ഉറക്കെ വിളിച്ചു പറഞ്ഞതിന്...

  ReplyDelete
  Replies
  1. മദനിയെ ചീത്ത പറയാനും നല്ലത് പറയാനുമൊന്നും അല്ല നമ്മള്‍ സംസാരിക്കുന്നത് .കസ്ബിനെപ്പോലുള്ള ഒരു കുറ്റവാളി ഇവിടെ സുഖിച്ചു ജീവിക്കുമ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടെ ഒരാള്‍ തന്‍റെ ജീവിതത്തിലെ നല്ല കാലം മുഴുവന്‍ ജയിലില്‍ നരകിച്ചു കഴിയുന്നു എന്നതാണ് പ്രശ്നം.മദനി മുസ്ലിം ആയതുകൊണ്ടാണ്‌ ഇത് സംഭവിച്ചതെങ്കില്‍ എന്താണ് ഇവിടെ മുസ്ലിം ലീഗും NDF ഉം ജമാ അത്ത് മൊക്കെ പ്രതികരിക്കാതിരിക്കുന്നത് ? ഇവിടെ മനുഷ്യത്വവും മതവുമൊന്നുമല്ല പ്രശ്നം .വ്യക്തിപരമായി മദനിയെ ,അയാളുടെ വളര്‍ച്ചയെ ഭയക്കുന്ന ചില ആളുകള്‍ മാത്രമാണ് ഇതിനു പിന്നില്‍.

   Delete
  2. നിങ്ങളോട് യോജിക്കുന്നു, അത് തന്നെ യാണ് ഞാനും എഴുതിയത്, വളര്ച്ചയെ ഭയക്കുന്നവര്‍,

   Delete
 9. കമ്പ്യൂട്ടര്‍ കേടായതിനാല്‍ വായനയുണ്‌ടായിരുന്നില്ല... ഈ വിഷയത്തില്‍ എനിക്ക്‌ അജിത്തേട്ടന്‍ പറഞ്ഞ അഭിപ്രായമാണുള്ളത്‌ പ്രവീണ്‍ കുറെ ബ്ളോഗുകള്‍ വായിക്കാനുണ്‌ട്‌ ഇനിയും വരാം ആശംസകള്‍ -

  ReplyDelete
 10. മദനി തെറ്റുകാരനോ അല്ലയോ എന്ന് തീര്‍ത്തു പറയാന്‍ ഞാന്‍ ആളല്ല അത് കോടതി തീരുമാനിക്കട്ടെ ,പക്ഷെ താങ്കളുടെ ലേഖനത്തില്‍ വരുന്ന ഒരു വിഷയമുണ്ട് '''ഇതിലും വലിയ തെറ്റുകാര്‍ പുറത്തു നടക്കുമ്പോള്‍ മദനി മാത്രം എന്തെ അകത്തു എന്ന് '' പക്ഷെ ഒരു കാര്യം ,അതൊന്നും അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ന്യായീകരണം ആവുന്നില്ല
  പിന്നെ ലക്ഷക്കണക്കിന് നിരപരാധികള്‍ സ്വയം അറിയാതെ നരകിക്കുന്നുണ്ട് ജയിലില്‍ അതില്‍ മുസ്ലിമുണ്ട് ,ഹിന്ദുവുണ്ട് ,ക്രിസ്ത്യനുണ്ട് മറ്റുപലരും ഉണ്ട് അതെല്ലാം നമ്മുടെ നീതിന്ന്യായവ്യവസ്ഥയിലെ പോരായ്മ ആണ് കാണിക്കുന്നത് എന്ത് കൊണ്ട് അവരെ കുറിച്ച് കണ്ണീര്‍ ഒഴുക്കന്‍ ആരും ഇല്ല ..കാരണം അവരാരും പ്രശസ്തര്‍ അല്ല എന്തെ അവര്‍ക്കും വേദനകള്‍ ഇല്ലേ അവരും മനുഷ്യര്‍ അല്ലെ .
  ആര്‍ക്കും നിഷേധിക്കാന്‍ ആകാത്ത ഒരു കാര്യം ഉണ്ട് പണ്ടത്തെ മദനിയെ നേരിട്ട് കണ്ടവര്‍ ഒന്നും മദനിക്ക് ഇപ്പോള്‍ സംഭവിച്ച കാര്യത്തിന് ഒരു തെറ്റും പറയില്ല ,മദനി നേരിട്ട് ഒരു കുറ്റകൃത്യം നടത്തിയിട്ടുണ്ടാവില്ല പക്ഷെ ആയിരക്കണക്കിന്പാവപ്പെട്ട മുസ്ലിം ചെറുപ്പക്കാരെ മതാന്തതയുടെ, അക്രമത്തിന്റെ ,തീവ്രവാദത്തിന്റെ നീറുന്ന തീച്ചൂളയിലേക്ക് തള്ളിയിട്ടില്ല എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ? സ്വതവേ മതേതരമായ കേരളീയ മനസിന്‌ മദനി വരുത്തിയ ആഖാതം വിസ്മരിക്കാന്‍ കഴിയുമോ ? മദനി ഒരു വ്യക്തിയോടല്ല തെറ്റ് ചെയ്തത് ഒരു സമൂഹത്തോട് മൊത്തം ആണ് .അതിന്‍റെ വില കൊടുക്കേണ്ടിവരുന്നത് ഇന്നാട്ടിലെ മൊത്തം മുസ്ലിം സമൂഹം ആണ് .

  ReplyDelete
  Replies
  1. രജിത് പറഞ്ഞ പോലെ പലരും നീതി നിഷേധിക്കപെട്ടവരായി ഇപ്പോഴും ജയിലില്‍ ഉണ്ട്. അതില്‍ പല മതക്കാരും ഉണ്ട്. എല്ലാവരുടെയും പേര് നമ്മുടെ പക്കല്‍ നിര്‍ഭാഗ്യവശാല്‍ ഇല്ലാതെയായി പോയി. അല്ലെങ്കില്‍ അവര്‍ക്കൊന്നും വേണ്ടത്ര മാധ്യമ ശ്രദ്ധയും കിട്ടിയിട്ടില്ല. അത്തരം നിരപരാധികളെ കുറിച്ചാണ് ഞാന്‍ അവസാനം പറഞ്ഞിട്ടുമുള്ളത്.
   ...
   ..
   >>>" മദനി ഒരു പക്ഷെ കുറ്റം ചെയ്തിട്ടുണ്ടാകാം അല്ലെങ്കില്‍ ഇല്ലായിരിക്കാം , മദനി ഭീകര വാദിയോ അല്ലയോ എന്നുമല്ല പ്രശ്നം , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം . അത് പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന "ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് " എന്ന ഒരു പ്രത്യയ ശാസ്ത്രം മറന്നു കൊണ്ടായിരിക്കരുത് എന്ന് മാത്രം . അത് പക്ഷെ ഒരു മദനിയെ ഓര്‍ത്തു കൊണ്ട് മാത്രം അല്ല, നൂറു കോടിയില്‍ അധികം വരുന്ന ,നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിക്കപെടുന്ന ഒരു ജനതക്കിടയില്‍ നിയമ-നീതിയുടെ സമത്വം നില നിന്ന് പോകാന്‍ വേണ്ടി . ">>>>

   പിന്നെ മദനിയെ കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകള്‍ ഞാന്‍ ആദ്യമേ പറഞ്ഞിരിക്കുന്നു. മദനി പുണ്യാളന്‍ ആയിരുന്നു എന്ന് ഞാനും പറഞ്ഞിട്ടില്ല. പക്ഷെ, എന്ത് കൊണ്ട് അത്തരക്കാരില്‍ മദനി മാത്രം ? അതായിരുന്നു ഞാന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയം ..

   വായനക്കും , അഭിപ്രായത്തിനും നന്ദി രജിത് ...

   Delete
 11. മദനി എന്ന വ്യക്തിക്ക് മാത്രമല്ല.ഏതൊരു വ്യക്തിക്കും നീതി നിഷേധിക്കുന്നതിന് ആരും അനുകൂലം ആയിരിക്കയില്ല. ഭരണഖടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിനു എല്ലാവരും അര്‍ഹരാണ്. നീതി വൈകിക്കുന്നത് നീതി നിഷേധത്തിന് തുല്യമാണ് എന്ന കാര്യം സമ്മതിക്കുന്നു. ഭാരതീയ നിയമ സംഹിതയുടെ ഏറ്റവും വലിയ പ്രശ്നമാണ് ഈ കാലതാമസം. പക്ഷെ അത് മദനിക്ക് മാത്രം അല്ലല്ലോ . പല കേസുകളും ഉണ്ട്. ഈ കേസിനെ പറ്റി അന്വേഷിക്കുന്ന എജെന്സി അധിക വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല എന്നാണു അറിവ്. മാധ്യമങ്ങളില്‍ വരുന്നത് പലതും അനുമാനങ്ങള്‍ ആയിരിക്കെ ഒരാള്‍ നിരപരാധി ആണെന്ന് കണ്ണും അടുച്ചു പറയുന്നത് ശരിയാണോ ? മുന്‍കാലത്ത് ഒരു കേസില്‍ നിന്നും നിരപരാധി ആയി കോടതി വെറുതെ വിട്ടു എന്ന് കരുതി അയാള്‍ പിന്നീട് ഒരു കുറ്റതിലും എര്പെടില്ല എന്ന് ഉറപ്പിക്കാമോ ?

  മദനി എന്ന വ്യക്തിയോട് അനുതാപം കാണിച്ച രാഷ്ട്രീയക്കാര്‍ എല്ലാം, അയാള്‍ വഴി കിട്ടിയെക്കാംആയിരുന്ന വോട്ടുകളുടെ പിന്നാലെ ഓടിയവര്‍ മാത്രം ആയിരുന്നു .കോയം ബത്തൂര്‍ ജയിലില്‍ പോയി മദനിക്ക് പിന്തുണ പ്രഖ്യാപിച്ചവരെ ഒന്നും അന്വാരുസ്സേരിയില്‍ കണ്ടില്ലല്ലോ .

  തൊണ്ണൂറുകളില്‍ വര്‍ഗീയ വിഷം ചുരത്തിയ പ്രസംഗങ്ങള്‍ കേരള സമൂഹം മറന്നിട്ടില്ല . മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത നെവ്ന പക്ഷങ്ങള്‍ക്ക്‌ സമാധാനമായി കഴിയാനുള്ള ഒരു കാലാവസ്ഥ കേരളത്തില്‍ ഉണ്ട്. അതില്ല എന്ന് കരുതികൂട്ടി വരുത്തി ഇവിടെ വിദ്വേഷം സൃഷ്ട്ടിച്ചതില്‍ മദനിക്ക് വലിയ ഒരു പങ്കുണ്ട് . നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ .അദ്ദേഹം നിരപരാധി ആണെങ്കില്‍ നിയമത്തിനു ഒന്നും ചെയ്യാന്‍ ആവില്ല.

  ഇവിടുത്തെ മാധ്യമങ്ങള്‍ ഊതി പെരുപ്പിച്ച ഒരു നേതാവല്ലേ മദനി ? മുസ്ലിം സമുദായത്തില്‍ പെട്ട ബഹു ഭൂരിപക്ഷത്തിനും അദ്ദേഹവും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങളും സ്വീകാര്യമല്ലായിരുന്നു.
  (കാലിഡോ സ്കോപ് എന്ന ബ്ലോഗില്‍ ഇട്ട കമന്റു കോപ്പി ചെയ്യുന്നു.
  ...)

  ReplyDelete
 12. മദനി എന്ന വികലാങ്കന്‍ ആയ മനുഷ്യന്‍ ഇന്നു രാഷ്ട്രീയ മത തീവ്ര വാദികളുടെ ഇരയാണ് ,.,തടിയന്ടവിട നസീര്‍ എന്ന തീവ്രവാദിയെ ഉപയോഹിച്ചു തന്ത്രപരമായി അവര്‍ ചൂണ്ടയില്‍ കോര്‍ത്തു,.പച്ചക്ക് മനുഷ്യനെ വെട്ടിനുറുക്കുന്ന പിശാചുക്കള്‍ വരെ പുറത്തു വിലസുമ്പോള്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള തോന്നിവാസം ,.,തെറ്റുകാരന്‍ ആണെങ്കില്‍ വധ ശിക്ഷ വരെ കൊടുക്കുന്നതില്‍ 100% യോചിക്കുന്നു ,.,.പക്ഷെ ഇത് ഇന്ത്യന്‍ നീധിന്യായ വെവസ്ഥക്ക് കോണകം ഉടുപ്പിക്കുന്ന ,.,.ഒരു മാതിരി നാണം കെട്ട നെറികേടും .,.,ഓരോ വാക്കുകളിലും .,.,ആ നിരപരാധിയായ മനുഷ്യന്‍റെ സ്പന്ദനം ഉണ്ട് പ്രവീണ്‍ .,.ഇത്തരം ഒരു വിഷയം ഇങ്ങനെ തുറന്നെഴുതിയത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ,.,.,.,

  ReplyDelete
 13. മദനി തീവ്രവാദി ആയിരുന്നു എന്ന് മദനി തന്നെ പറഞ്ഞിട്ടുണ്ട് . ചിലര്‍ അത് ഭീകരവാദി എന്ന് വായിക്കുന്നുമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ......... എന്താ പറയ ...... ഒരാള്‍ക്കും ഈ ഗതി വരാതിരിക്കട്ടെ .

  ReplyDelete
 14. വിശദമായി വായിച്ചു, പോസ്റ്റും കമന്റുകളും. വേദനിപ്പിക്കുന്ന വിഷയം തന്നെയാണ് ഇത് പ്രവീണ്‍., കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന കാലത്ത് നമുക്കൊന്നും തോന്നാത്ത ഒരു വേദന ഇപ്പോള്‍ ഉണ്ട്. അത് 9 വര്‍ഷക്കാലം ജയിലില്‍ ഇട്ടു അദ്ധെഹത്തെയും നമ്മളെയും പൊട്ടന്‍ ആക്കുന്ന രീതിയില്‍ നിരപരാധി എന്നും പറഞ്ഞു വിട്ടു. ഒരു നിരപരാധിയുടെ നല്ല ഒന്‍പത വര്‍ഷക്കാലം ജയില്‍ അഴികള്‍ക്കുള്ളില്‍ കിടത്തിയതില് കോടതിക്കും സര്‍ക്കാരിനും ഒന്നും പറയാനുണ്ടായില്ല. നിയമം അങ്ങനെയാണ്, തെളിവിനും കുറ്റം തെളിയിക്കാനും സമയം വേണം. അതും നീണ്ട ഒന്‍പത വര്ഷം. ശരി സമ്മതിച്ചു.

  പക്ഷെ അതെ അവസ്ഥയില്‍ അതെ വ്യക്തിയെ വീണ്ടും ജയിലില്‍ അതെ പോലെ കിടത്തുന്ന നീതിന്യായ വ്യവസ്ഥ ചരിത്രത്തില്‍ കിരാതം എന്ന് എഴുതി ചെര്‍ക്കപ്പെടാതിരിക്കട്ടെ...!

  അതെ സമയം, മദനിക്ക് ജാമ്യം പോലും അനുവദിക്കാന്‍ നമ്മുടെ കോടതിക്കും സര്‍ക്കാരിനും പേടി ആയിരുന്നു. എല്ലാവരും നഖശികാന്തം എതിര്‍ത്തു . മദനിക്ക് ബോംബു സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു (തെളിവില്ല എന്ന് പറയുന്നു )ജയിലില്‍ അടച്ച അതെ നീതി ന്യായ വ്യവസ്ഥ, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്കെതിരെ ശക്തമായ ആരോപണം രാജ്യമെങ്ങും (തെളിവില്ല എന്ന് പറയുന്നു ) പടരുന്ന സമയത്ത് പോലും മോഡിക്കെതിരെ ഒന്നും പറഞ്ഞത് പോലുമില്ല. തെളിവില്ല എന്നതാണ് മോഡിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കാരണംഎങ്കില്‍ അതെ കാരണം നിലനില്‍ക്കുമ്പോള്‍ ഇതേ രാജ്യത്ത് താമസിക്കുന്ന മദനിക്ക് മാത്രം എങ്ങിനെ ഒരു വിശേഷാല്‍ നിയമം ഉണ്ടായി ? അല്ലെങ്കില്‍ ആര്‍ക്കാണ് ഇത്തരത്തില്‍ ഉള്ള ഒരു നിയമ സൃഷ്ടിക്കു താല്പര്യം ? എന്ത് കൊണ്ട് മദനി മാത്രം ? ഇങ്ങനെ ആണ് ഇന്ത്യന്‍ നിയമം എങ്കില്‍ ആ നിയമ പുസ്തകത്തിലെ ഓരോ ഏടും കാറ്റില്‍ പറത്താന്‍ ആഹ്വാനം ചെയ്യുന്ന ഒരു തലമുറ ജനിക്കേണ്ടത്‌ അനിവാര്യം തന്നെ.

  ReplyDelete
 15. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്....

  ReplyDelete