Sunday, May 27, 2012

ഇറോം ചാനു ഷര്‍മിള ചെയ്ത തെറ്റ് എന്ത് ?


ഇന്ത്യയില്‍ നമ്മള്‍ ജീവിക്കുന്നു എങ്കിലും ഇവിടെ നടക്കുന്ന പല കാര്യങ്ങളിലും നമ്മള്‍ ഇടപെടുന്നില്ല അല്ലെങ്കില്‍ പ്രതികരിക്കുന്നില്ല എന്നത് തികച്ചും ഖേദകരം തന്നെ. വാര്‍ത്താ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കായി നെട്ടോട്ടം ഓടുന്ന ഈ കാലത്തും മനപൂര്‍വമോ അല്ലാതെയോ ചില വാര്‍ത്തകള്‍ക്ക് വേണ്ട ജന ശ്രദ്ധ കൊടുക്കാന്‍ ആരും ശ്രമിക്കുന്നില്ല. 

 ഈ അടുത്ത കാലത്താണ് എന്‍റെ  ഒരു സുഹൃത്ത് എന്നോട്  ഇറോം ചാനു ശര്‍മിലയെ അറിയുമോ എന്ന് ചോദിച്ചത്. ചോദ്യത്തിന് ഞാന്‍ തമാശ രൂപത്തില്‍ മറുപടികള്‍ പലതും പറഞ്ഞെങ്കിലും അവനു ഇതേ കുറിച്ച് കാര്യമായിട്ട് എന്തോ പറയാന്‍ ഉണ്ടെന്നു എനിക്ക് തോന്നുകയും അവന്‍ അയച്ചു തന്ന ലിങ്കുകളിലൂടെ ഞാന്‍ ഇറോം ചാനു ശര്‍മിലയെ അന്വേഷിച്ച് യാത്രയാകുകയും ചെയ്തു. ഇന്റെര്‍നെറ്റിലൂടെ മണിപ്പൂരിലെത്തിയ എനിക്ക് അവരെ കുറിച്ച് അന്വേഷിക്കാതെ തന്നെ അവിടെ നടക്കുന്ന പ്രശ്നങ്ങളുടെ ഒരു ഏകദേശ രൂപം വീണു കിട്ടി. 

പതിനൊന്നു വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ഷര്‍മിള  ഒരു കവയത്രിയും, പത്ര പ്രവര്‍ത്തകയും ആയിരുന്നു. മണിപ്പൂരില്‍, ഒരു താഴ്വരയില്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ്‌ കാത്തു നിന്ന പത്തോളം പേരെ ഇന്ത്യന്‍ സേന വെടി വച്ച് കൊന്നതിനെ തുടര്‍ന്നാണ്‌, ഇറോം ഷര്‍മിള തന്‍റെ  പ്രതിഷേധം അറിയിക്കാന്‍ ഒരു നിരാഹാര സമര പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

മണിപ്പൂരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പട്ടാളത്തിന്റെ  പ്രത്യക അധികാര നിയമം പിന്‍വലിക്കും വരെ പട്ടിണി കിടക്കാന്‍ തീരുമാനിച്ച ഈ വനിതക്ക് മേല്‍ ആത്മഹത്യാ ശ്രമത്തിനു കുറ്റം ചുമത്തി സര്‍ക്കാര്‍ അവരെ ജയിലില്‍ അടച്ചു എന്നാണു എനിക്ക് അറിയാന്‍ സാധിച്ചത്. ഇന്നും അവര്‍ ജയിലില്‍ കിടക്കുന്നു, മൂക്കിലൂടെ ദ്രവ രൂപത്തില്‍ നിര്‍ബന്ധിച്ചു ഭക്ഷണം നല്‍കി കൊണ്ട് പോലീസുകാര്‍ അവരുടെ ജീവന്‍ നില നിര്‍ത്തുന്നു. നീണ്ട പതിനൊന്നു വര്‍ഷങ്ങളായിട്ടും, നമ്മള്‍ പലരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല, അറിയുന്നില്ല. എല്ലാവരും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ അപേക്ഷ അയക്കുന്ന തിരക്കിലും അതിനു വേണ്ടിയുള്ള പരിശീലനങ്ങളിലും മുഴുകി പോയിരുന്നിരിക്കാം.

മറ്റൊരു ശ്രദ്ധേയമായ  കാര്യം,  ഈ അടുത്ത കാലത്ത് നിരാഹാര സമരത്തിലൂടെ ജന മധ്യത്തിലേക്ക്  കടന്നു വന്ന  അണ്ണാ ഹസാരെക്ക് മാധ്യമങ്ങള്‍ വാങ്ങിക്കൊടുത്ത ജന പിന്തുണയും, പ്രശംസയും എന്ത് കൊണ്ട് ഇറോം ചാനുവിന്റെ കാര്യത്തില്‍ നീണ്ട പതിനൊന്നു വര്‍ഷങ്ങളായിട്ടും സംഭവിച്ചില്ല   എന്നതാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേ (2010) സമാധാനത്തിനു ഉള്ള രവീന്ദ്ര നാഥ ടാഗോര്‍ സമ്മാനം ഇറോമിന് കൊടുത്തെങ്കിലും, അര്‍ഹിക്കുന്ന നീതി കൊടുക്കാന്‍ കഴിയാതെ പോയത് ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ ഇല്ലാതാക്കുന്നു.

നിരാഹാര സമരവും, സത്യാഗ്രഹ സമരവും നമുക്ക് പഠിപ്പിച്ചു തന്ന മഹാത്മാവിന്റെ ഈ മണ്ണില്‍ ഇതെല്ലാം എന്ന് മുതല്‍ക്കാണ് തെറ്റും കുറ്റവും ആയത്? ഇന്ത്യയില്‍ കയറി വന്നു സ്ഫോടനവും, വെടി വെപ്പും നടത്തി പോകുന്ന ഇസ്രേല്‍, ഇറ്റലി കാരോട് ഈ നിയമങ്ങള്‍ക്കു എന്ത് കൊണ്ട് തന്റേടം കാണിക്കാന്‍ സാധിക്കുന്നില്ല ? ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഇന്ത്യയോടു ചെയ്യുന്ന പോലെയുള്ള മഹാ അപരാധങ്ങള്‍ എന്തായാലും ഇറോം ചെയ്തിട്ടില്ല  എന്ന കാര്യം ഉറപ്പ്. 

അപ്പോള്‍ പിന്നെ, ഇറോം ചെയ്ത തെറ്റെന്താണ്? അക്രമത്തിലൂടെ പ്രതികരിച്ചില്ല എന്നതോ? ഇതാണോ ജനാധിപത്യ സ്വതന്ത്ര സുന്ദര ഭാരതം? ഇവിടെയാണോ നമ്മള്‍ അഭിമാനത്തോടെ  ജീവിച്ച് മരിക്കുന്നത് ?

-pravin-

17 comments:

 1. അണ്ണായുടെ സമരം കൊടുമ്പിരികൊണ്ട നാളുകളില്‍ ഇറോം ശര്‍മ്മിളയും നമ്മുടെ ബോഗിന്റെയും ഫേസ്ബുക്കിന്റെയും താളുകളിലും കവിതകലളിലും നിറഞ്ഞുനിന്നിരുന്നു പ്രവീണ്‍........
  അതിനുശേഷം സെന്‍സേഷണല്‍ സംഭവങ്ങളുടെ പിന്നാലെ ബൂലോകവും പാഞ്ഞു!!

  പിന്നെ ഒറ്റയാന്‍ സമരങ്ങളെ ആര് മുഖവിലയ്ക്കെടുക്കാന്‍? അണ്ണായുടെയും, ഗാന്ധിജിയുടെയും പിന്നാലെ ആളുകളുണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ മഹാന്മ്മാരായി.

  ReplyDelete
 2. ഒറ്റയാള്‍ സമരങ്ങള്‍ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
  ഇത്തരത്തില്‍ എത്ര എത്ര ന്യായമായ സമരങ്ങള്‍ വേണ്ടത്ര പ്രചാരണവും പിന്തുണയും ലഭിക്കാതെ പോകുന്നു...
  ഈ നാട് ഇനി ഒരിക്കലും നന്നാവില്ലേ ?????????????????????????????????????????????

  ReplyDelete
 3. ചിലത് അങ്ങനെയാ പ്രവീ..തെറ്റൊന്നും ചെയ്യേണ്ട....സമൂഹം അല്ലങ്കില്‍ ആരെങ്കിലുമൊക്കെ നമ്മെ തെറ്റ് കാരാക്കും...അബ്സര്‍ക്ക ഇല്ല നന്നവും അപ്പൊഴേക്കും നാമെല്ലാം മണ്ണാകും..

  ReplyDelete
 4. Hazare vs Irom Sharmila
  http://ibnlive.in.com/news/spot-the-difference-hazare-vs-irom-sharmila/149755-3.html

  ReplyDelete
 5. ഈറോമിന്റെ സമരത്തില്‍ ലബേച്ചയും അധികാര സിംഹാസനങ്ങളും അല്ല ലക്‌ഷ്യം പിറന്ന നാട്ടില്‍ ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യ ത്തോടെയും ജീവിക്കാന്‍ ഉള്ള നീതിക്ക് വേണ്ടി നയിക്കപെടുന്ന സമരമാണ് ആ വിഷയത്തില്‍ കോര്‍ പ റേറ്റ് മാധ്യമ ക്ഴുവേരികല്‍ക്കോ രാഷ്ട്രീയ നപുംസങ്ങല്‍ക്കോ താല്പര്യം കാണില്ല ചര്‍ച്ച ആവില്ല

  ReplyDelete
 6. ഞാൻ മുൻപ് കേട്ടിരിക്കുന്നു.. പക്ഷേ പലർക്കും അവരെ അറീയില്ലാ എന്ന് തോന്നുന്നു... അണ്ണാ ഹസാരെ പോലും ഇപ്പോൾ എവിടെ ? ആളുകൾക്ക് സെക്സി സബ്ജെക്ടിൽ ആണു താത്പര്യം.... നീയും ഞാനുമടങ്ങുന്ന സമൂഹം സ്വാർത്ഥരാണു.. അതു കൊണ്ടെന്താ... ഇതിനേക്കുറിച്ചാരും പ്രതികരിക്കാനില്ലേ എന്ന് ചോദിച്ച് നമ്മൾ മാളങ്ങളിൽ ചടഞ്ഞിരിക്കുമെന്ന് ഭരണകൂടത്തിനു നന്നായറിയാം...

  ReplyDelete
  Replies
  1. പ്രിയ സുമേഷ്‌ വാസു,
   താങ്കള്‍ പറഞ്ഞതിനോട് നൂറു ശതമാനവും ഞാന്‍ യോജിക്കുന്നു.നാം എന്നും മറ്റുള്ളവരെ പഴിചാരി സ്വന്തം കാര്യം നോക്കി അവനവന്റെ മാളങ്ങളിലേക്ക് ഉള്‍വലിയുന്നു.നമ്മുടെ കര്‍ത്തവ്യം നാം നിറവേറ്റാതെ എല്ലാം മറ്റുള്ളവരുടെ തലയില്‍ വെച്ച് കൊടുക്കുന്നു.എന്ന് നാം ഓരോരുത്തരും അവനവന്റെ കര്‍ത്തവ്യ ത്തെ കുറിച്ച് ബോധവാന്മാരാവുന്നുവോ അന്നേ നമ്മുടെ സമൂഹം നന്നാവൂ.

   Delete
 7. "ഇന്ത്യയില്‍ നമ്മള്‍ ജീവിക്കുന്നു എങ്കിലും ഇവിടെ നടക്കുന്ന പല കാര്യങ്ങളിലും
  നമ്മള്‍ ഇടപ്പെടുന്നില്ല അല്ലെങ്കില്‍ പ്രതികരിക്കുന്നില്ല...."
  നല്ല കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒറ്റപ്പെട്ട ഇടപ്പെടലുകള്‍ ഇവിടെ പരാജയപ്പെടുകയാണ് ചെയ്യുന്നത്.സഹായവും,സഹകരണവും കിട്ടുന്നില്ല:രാഷ്ട്രീയ
  പാര്‍ട്ടികളില്‍ കക്ഷി ചേരാത്തതുകൊണ്ട്. അതു മനസ്സിലാക്കിയാണ് ജാതിമതസംഘടനകള്‍ അവരവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി രാഷ്ട്രീയ
  പാര്‍ട്ടികളില്‍ ചേക്കേറുന്നത്.പാര്‍ട്ടികള്‍ക്ക് വോട്ടുബാങ്കാണല്ലോ മുഖ്യം.
  അല്ലാത്തതെല്ലാം അവഗണിക്കപ്പെടുന്നു.
  ആശംസകളോടെ

  ReplyDelete
 8. എന്താ കുഴപ്പമെന്നോ? ഇറോമിന് സമരം മാര്‍ക്കറ്റ് ചെയ്യാനറിഞ്ഞുകൂടാ. അവള്‍ സമരം ചെയ്യുന്നത് ആത്മാര്‍ത്ഥതയോടെയാണ്. എല്ലാം മാര്‍ക്കറ്റിംഗിലൂടെ മാത്രമേ വിറ്റുപോവുകയുള്ളു പ്രവീണ്‍.

  ReplyDelete
 9. ശര്‍മിളയെ കുറിച്ചോര്‍ത്ത്‌ ദുഖിക്കാന്‍ ഇവിടെ ആരുമില്ല, അവരെ എപ്പോഴും ഓര്‍ത്ത്‌ നടക്കുന്ന ഒരു കൂട്ടരുണ്‌ട്‌ - സോളിഡാറിറ്റി എന്ന യുവജന സംഘടന... അവരുടെ നിരാഹാരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്‌ട്‌. പക്ഷെ എല്ലാവരും പറഞ്ഞ പോലെ ഒരു ജന മുന്നേറ്റമുണ്‌ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌, കാരണം ഒറ്റയാള്‍ പോരാട്ടത്തിന്‌റെ പരിമിതികള്‍ തന്നെ.

  ReplyDelete
 10. "നിരാഹാര സമരത്തിലൂടെ ജന മധ്യത്തിലേക്ക് കടന്നു വന്ന അണ്ണാ ഹസാരെക്ക് മാധ്യമങ്ങള്‍ വാങ്ങിക്കൊടുത്ത ജന പിന്തുണയും , പ്രശംസയും എന്ത് കൊണ്ട് ഇറോം ചാനുവിന്റെ കാര്യത്തില്‍ നീണ്ട പതിനൊന്നു വര്‍ഷങ്ങളായിട്ടും സംഭവിച്ചില്ല"

  സിനിമ, ചാനല്‍, പത്രങ്ങളൊക്കെ നമ്മെ തെറ്റിധരിപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി വഴിതെറ്റിക്കാന്‍ വേണ്ടിയുള്ളതാണ്.
  അവരുടെ പ്രചാരവേലകള്‍ക്കതീതമായി ജനം സത്യം മനസിലാക്കുന്ന സമയത്തേ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവൂ.

  ReplyDelete
 11. ഇറോം ശര്‍മ്മിളയേക്കാള്‍ സാമൂഹ്യ പ്രസക്തി സില്‍ക്ക് സ്മിതക്കുണ്ടോ?

  മാര്‍ക്കറ്റിംഗ് എന്ന് പറയുമ്പോള്‍ മുതലാളിക്ക് വേണ്ട സമരങ്ങളേ വിജയിക്കൂ എന്ന് പറയുന്നതിന് തുല്യമാണ്. ഹസാരെ സമരം വിജയിച്ചു എന്ന് തോന്നിപ്പിക്കുന്നത് അത് മുതലാളിക്ക് വേണ്ടിയുള്ളതായതുകൊണ്ടാണ്.
  മുതലാളി അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സമരം ചെയ്യിക്കുമ്പോള്‍‌ നാം എന്തിന് ജീവിക്കുന്നു? നമുക്കും സാമൂഹ്യ സുസ്ഥിരത വേണ്ടേ? നമുക്ക് മുമ്പുള്ള തലമുറ നല്ല നിയമങ്ങള്‍ സൃഷഅഠഇച്ചതുകൊണ്ടാണ് നമുക്കിന്നത് ആവശ്യമില്ല എന്ന് തോന്നുന്നത്. എന്നാല്‍ ഭാവിയില്‍ നില്‍ക്കക്കള്ളിയില്ലാതാവുമ്പോള്‍ നമ്മുടെ പിന്‍ തലമുറ നമ്മേ ശപിച്ച് കൊണ്ട് സമരത്തിനിറങ്ങു. അതാണല്ലോ അമേരിക്കയില്‍ ഇപ്പോള്‍ കാണുന്നത്.

  ആരും ദുഖിക്കേണ്ട. സത്യങ്ങള്‍ തിരിച്ചറിയുകമാത്രം ചെയ്താല്‍ മതി. വലിയ മാറ്റങ്ങളുണ്ടാവും. നേതാവിന്റെ കഴിലല്ല, നമ്മുടെ ശ്രദ്ധയാണ് സമാധാനപരമായ സമരങ്ങളെ വിജയിപ്പിക്കുന്നത്.

  ReplyDelete
 12. Dear Praveen,
  Informative and thought provoking...!
  This happens only in India !
  Good job! Congrats!
  Sasneham,
  Anu

  ReplyDelete
 13. ഇറോം ...
  ഒരു നോവാണ് നീ ...
  സ്വതന്ത്ര ഭാരത ഭൂവില്‍
  സ്വാതന്ത്ര്യത്തിനായ് -
  ത്യാഗം സഹിക്കുന്നവളേ..!

  ചിരിച്ചും കളിച്ചും
  കലഹിച്ചും സ്നേഹിച്ചും
  ജീവിക്കാതെ നീ
  സഹോദരര്‍ക്കായി
  ജീവിതം നീട്ടുന്നു...!

  കത്തുന്നുണ്ട്, നിന്‍റെ
  മിഴികളില്‍ നേരിയൊരഗ്നി
  എങ്കിലും പടര്‍ന്നില്ലിതുവരെ-
  യതൊരഗ്നി ഗോളമായ്.. !

  എഴുത്താണികള്‍
  നിനക്ക് ഭ്രഷ്ട് കല്‍പിക്കുമ്പോള്‍
  തളരുന്നില്ല നീ ഒഴിയുന്നില്ല
  സത്യം നിന്നിലാണെന്ന
  പ്രഖ്യാപനം..!

  പഠിക്കേണ്ടതുണ്ട് നിന്നില്‍,
  സ്വാര്‍ത്ഥ ചിന്തകളില്‍
  മൌനം പൂണ്ട മര്‍ത്യരിലേക്ക്
  ചോദ്യങ്ങളെറിയുന്നുമുണ്ട് നീ..!

  കൂടെയുണ്ടെന്നുറക്കെ ഞാന്‍
  വാക്ക് ശരങ്ങളെറിയുമ്പോഴും
  കൂടെ നില്‍ക്കുകില്ല നിന്നരികിലെ-
  ന്നറിഞ്ഞു ചിരിക്കുന്നു നീ...!

  മൊഴിയുവാനൊരു വാ മതി
  എഴുത്തിനായെന്റെ പേനയും
  നിന്നരികില്‍ വന്നു കൈകോര്‍ത്തു
  നില്‍ക്കുവാന്‍ വേണം
  ധൈര്യവും ധര്‍മ്മ ബോധവും

  ReplyDelete
 14. ജനാധിപത്യം എന്ന് പേരിനു പറയുന്ന ഒരു ഭരണ പ്രക്രിയയാണ് നമ്മുടെ നാട്ടില്‍ ഉള്ളത് എന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന കാലം എന്നെങ്കിലും വരുമോ എന്തോ..?

  ഇറോംമിനില്ലാത്ത പിന്തുണ ഹസരെക്ക് കിട്ടിയതിനു കാരണം, ഇറോം ഒരു വളരെ 'സെന്സിറ്റിവ്‌ ഇഷ്യൂ' ആണെന്നതാണ്. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ മധ്യമങ്ങള്‍ ഒന്നു മടിക്കും.

  ReplyDelete
 15. ഇച്ചാശക്ക്തിയുടെ ജീവിക്കുന്ന ഉദാഹരണം!

  ReplyDelete