Saturday, June 30, 2012

നാടകത്തില്‍ നാടകം കളിച്ചപ്പോള്‍ - ചില പ്ലസ്‌ടു കാല ഓര്‍മ്മകള്‍


പ്ലസ്‌ ടു വിനു  പഠിക്കുന്ന കാലം. നാടകാഭിനയത്തോട് എന്തെന്നില്ലാത്ത അഭിരുചി പ്രകടമായി തുടങ്ങിയ ആ കാലത്ത് ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് കൊണ്ടൊരു തീരുമാനമെടുത്തു. ഇനി വരുന്ന എല്ലാ സാഹിത്യോത്സവങ്ങളിലും, യുവജനോത്സവങ്ങളിലും നാടകം എഴുതി അഭിനയിക്കണം എന്നതായിരുന്നു ആ തീരുമാനം. അഭിലാഷ്, ഷിനോജ്, ആബിദ്, കമാല്‍,ഫൈസല്‍, തുടങ്ങിയവരായിരുന്നു  പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ എപ്പോഴും മുന്നോട്ടു വരാറുണ്ടായിരുന്നത്.  

 അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം അടുത്തെത്താറായി. ഞങ്ങള്‍ നാടക എഴുത്തും പരിശീലനവുമായി കസറി കൊണ്ടിരിക്കുന്നു. കഥയുടെ പേര് "വ്യാജന്‍ അഥവാ ഡ്യൂപ്ലിക്കെറ്റ്". എന്തിനും ഏതിനും വ്യാജന്‍/ഡ്യൂപ്ലിക്കെറ്റ്  കിട്ടുന്ന ഈ ലോകത്തില്‍, യഥാര്‍ത്ഥ മനുഷ്യനെ തിരിച്ചറിയാതെ വ്യാജ മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 

കഥയില്‍ രാജീവ് എന്ന കേന്ദ്ര കഥാപാത്രം അഭിലാഷ് അവതരിപ്പിക്കുന്നു. ബാക്കി എല്ലാവരും ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും , ആള് കുറവായത് കാരണം അധികപേര്‍ക്കും ഒന്നില്‍ കൂടുതല്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരും. ആയതിനാല്‍ തിരശ്ശീലക്കു പിറകില്‍ എപ്പോഴും വസ്ത്രാലങ്കാര ചുമതലയുള്ള ഒരു ഫുള്‍ ടീം സന്നദ്ധരാണ്. സംവിധാന ചുമതല എനിക്കായിരുന്നു. കൂട്ടത്തില്‍ ആദ്യ കുറച്ചു രംഗങ്ങളില്‍ അഭിനയിക്കുകയും വേണം. ഏത് വസ്തുവിന്റെയും  വ്യാജന്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത യന്ത്രം വില്‍ക്കുന്ന  ശാസ്ത്രഞ്ജന്‍  ആയാണ് ഞാന്‍ അഭിനയിക്കേണ്ടത്. (ആരും അന്തം വിടണ്ട നാടകത്തില്‍ ഒരു ശാസ്ത്രഞ്ജന്‍ ആകാനുള്ള ലുക്ക് ഒക്കെ എനിക്കുണ്ട്)

കഥയിലെ നായകന്‍ ജീവിതത്തില്‍   നിരാശ ബാധിച്ച്  നാട് വിടാന്‍ വേണ്ടി  നടക്കുന്നു, തന്‍റെ നാട് വിടലിന്  ശേഷം വീട്ടുകാര്‍ തന്നെ ഓര്‍ത്ത്‌ വിഷമിക്കുമല്ലോ എന്ന കാരണം   കൊണ്ട് മാത്രം ആ കടും കൈ ചെയ്യാതെ നടക്കുന്നതിനിടയിലാണ് ഈ യന്ത്രത്തെ കുറിച്ച് അറിയാനും ശാസ്ത്രന്ജനെ പരിചയപ്പെടാനും ഇടയാകുന്നത്. തന്‍റെ അവസ്ഥ അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും, തനിക്കു പകരം തന്നെ പോലെ ഒരാളെ ഈ യന്ത്ര സഹായം കൊണ്ട് നിര്‍മിക്കാനും ആവശ്യപ്പെടുന്നു. എങ്കില്‍ പിന്നെ തനിക്കു നാട് വിടാന്‍ പ്രശ്നമില്ലല്ലോ എന്ന് കരുതിയാണ് രാജീവ് അത് പറയുന്നത് . പക്ഷെ ശാസ്ത്രഞ്ജന്‍  ഇതിനെതിരായിരുന്നു. ഒടുക്കം അയാള്‍ സമ്മതിക്കുന്നു . കുറച്ചു ദിവസങ്ങള്‍ വീട്ടുകാരെ കാണാതിരുന്നാല്‍ വീണ്ടും അവരിലേക്ക്‌ മടങ്ങി ചെല്ലാന്‍ തോന്നും എന്നുള്ളത് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം, അയാള്‍ രാജീവനെ  പോലെ ഒരുത്തനെ ഉണ്ടാക്കി അവന്‍റെ വീട്ടിലേക്കു പറഞ്ഞയക്കുന്നു. ശേഷം യഥാര്‍ത്ഥ രാജീവന്‍ കുറച്ചു മാസത്തേക്ക് നാട് വിടുന്നു. . 

നാടകം തകര്‍ത്തു കൊണ്ടിരിക്കുന്നു.  എല്ലാവരും ആകെ അന്തം വിട്ടിരിക്കുകയാണ്, യന്ത്രത്തില്‍ നിന്നും രാജീവനെ പോലെ മറ്റൊരു രാജീവന്‍ അരങ്ങില്‍ വന്നു കയറിയിരിക്കുന്നു.  രംഗത്ത് അഭിനയിക്കുന്നവര്‍ക്ക്, സ്റ്റേജിന്റെ പിന്നില്‍ നിന്ന്  ഞങ്ങള്‍   നിര്‍ദേശങ്ങള്‍ കൊടുത്ത് കൊണ്ടിരിക്കുന്ന സമയം.

മാസങ്ങള്‍ക്ക് ശേഷം തന്‍റെ നാട്ടില്‍ ആരും തിരിച്ചറിയാത്ത രൂപത്തില്‍ നായകന്‍ വീട്ടുകാരെ കാണാന്‍ എത്തുകയാണ്. പക്ഷെ തന്നെ ആരും തിരിച്ചറിയുന്നില്ല. എല്ലാവര്‍ക്കും വ്യാജനെ അത്രക്കും വിശ്വാസമായിരിക്കുന്നു. തനിക്കിനി ഒരിക്കലും പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് മനസിലാക്കിയ നായകന്‍ നാട്ടില്‍ നിന്ന് വീണ്ടും യാത്രയാകാന്‍ തുടങ്ങുന്നു. തിരിച്ചു പോകുന്ന വഴിയില്‍ വച്ച്  തന്നെ  പഠിപ്പിച്ച മാഷിനെ കാണുന്നു ..

മാഷായി അഭിനയിക്കുന്ന ഷിനോജും, രാജീവനായി അഭിനയിക്കുന്ന അഭിലാഷും മാത്രം രംഗത്ത്. കര്‍ട്ടനു പിന്നില്‍ ഞങ്ങള്‍ അവരെ നോക്കി കൊണ്ട് നില്‍ക്കുകയാണ്. ശേഷം സ്ക്രീനില്‍...

നായകന് ഇന്നത്തെ ലോകത്തിന്റെ ദുരവസ്ഥ മനസിലാക്കി കൊടുക്കുകയും വ്യാജന്മാരുടെ  ഈ ലോകത്ത് നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാന്‍ പറയുകയും ചെയ്ത  ശേഷം ദൂരേക്ക്‌ നടന്നു നീങ്ങുന്ന മാഷിനെ നോക്കി ഒരു ഗദ്ഗദത്തോടെ , വേദനിച്ചു കൊണ്ട് ആ സത്യം അന്ഗീകരിച്ചെന്ന രീതിയില്‍ നായകന്‍ പറയണം 

"മാഷേ .."

അത് കേള്‍ക്കാതെ മാഷ്‌ നടന്നു നീങ്ങണം ..അതാണ്‌ സീന്‍..

പക്ഷെ , കാര്യങ്ങള്‍ ആകെ തകിടം മറഞ്ഞു. നായകന്‍ മാഷേ എന്ന് വിളിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ നടന്നു പോകേണ്ടതിനു പകരം അവന്‍റെ സ്നേഹത്തോടെയും വിഷമത്തോടെയും ഉള്ള വിളി കേട്ടു മാഷ്‌ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു. 

"എന്താ രജീവാ..എന്താ "

സീനില്‍ ഇല്ലാത്ത ഡയലോഗ്  കേട്ടു നായകന്‍ കോരിത്തരിച്ചു. എന്ത് പറയണം എന്നറിയാതെ തിരശ്ശീലക്കു പിറകില്‍ ഞാനും രംഗത്ത് നായകനും മാത്രം. 

അവസാനം നായകന്‍ പറഞ്ഞു "ഒന്നുമില്ല മാഷേ..ഒന്നുമില്ലാ..ആഹ്"

രംഗബോധം ഇല്ലാത്ത  മാഷ് വീണ്ടും "പറ മോനെ എന്താണ്..എന്താണ്   നിന്റെ വിഷമം "

രാജീവന്‍  തെല്ലു ദ്വേഷ്യത്തോടെ .  "എനിക്കൊരു വിഷമവും ഇല്ല എന്ന് പറഞ്ഞില്ലേ , മാഷ്‌ വേഗം പോകാന്‍ നോക്ക് ."

മാഷ്‌ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, നായകന്‍  തന്‍റെ   പോക്കെറ്റിലുള്ള  തൂവാലയെടുത്ത്  കൊണ്ട് മാഷിന്റെ വാ പൊത്തി ..എന്നിട്ട് തിരശീലക്കു പിന്നിലേക്ക്‌ തള്ളിയിട്ട ശേഷം പൊട്ടിക്കരഞ്ഞു ..

എന്നിട്ട്  സദസ്സിനോടായി പറഞ്ഞു.."എന്നെ ചോദ്യം ചെയ്യുന്ന  ഈ നശിച്ച ലോകത്ത് എനിക്കിനി ജീവിക്കണ്ട.."

അവന്‍ വിഷം പോലെ എന്തോ സാധനം കഴിക്കുന്ന പോലെ അഭിനയിച്ചു ..എന്നിട്ട് നിലത്തേക്കു മറിഞ്ഞു വീണു..

അവന്‍റെ  പെര്‍ഫോമന്‍സ്  കണ്ട  ഞങ്ങള്‍ അന്തം വിട്ടു. സദസ്സിലാണെങ്കില്‍ മുടിഞ്ഞ  കൈയ്യടിയും കൂവലും മറ്റെന്തൊക്കെയോ ബഹളവും തുടങ്ങി. 

ആ സമയം ഞങ്ങള്‍ മാഷായി അഭിനയിച്ച ഷിനോജിനെ  തിരശ്ശീലക്കു പിന്നില്‍ ചവിട്ടി കൂട്ടുകയായിരുന്നു. 

എന്തായാലും അതൊരു തുടക്കമായിരുന്നു. പിന്നീടു അങ്ങോട്ട്‌ ഞങ്ങള്‍ ഒരുപാട് നാടകങ്ങള്‍ കളിച്ചു. ഇപ്പോള്‍ ചെറുതായി ജീവിതത്തിലും കളിച്ചു കൊണ്ടിരിക്കുന്നു. 

-pravin- 

23 comments:

  1. നാടകത്തില്‍ മാത്രമല്ല...ശാസ്ത്ര-അജ്ഞനാകാന്‍ നല്ലലുക്കുണ്ട് കേട്ടോ

    ReplyDelete
  2. ഹ ഹ :) നാടക ഓര്‍മ ചിരിപടര്‍ത്തി

    ReplyDelete
  3. എനിക്കും ഉണ്ട് ഒരു നാടക കഥ പറയാന്‍...വഴിയെ പറയാം...
    പിന്നെ നിങ്ങളുടെ ഈ നാടകത്തിന്റെ കഥ നന്നായിട്ടുണ്ട്.. നല്ല ആശയം....
    ആശംസകള്‍ ശാട്രഞ്ഞ്യാ...

    ReplyDelete
  4. Super! ആദ്യം ചിന്തിപ്പിച്ചു. suspenseഉം ഉണ്ടായിരുന്നു. ചിരിപ്പിക്കുകയും ചെയ്തു.

    ReplyDelete
  5. ഹ ഹ ഹ രസകരം എന്നാലും അവസരോചിതമായി സുഹൃത്ത് കലക്കി ഹ ഹ ഹ

    ReplyDelete
  6. നന്നായിരിക്കുന്നു... ഇഷ്ടായി... പെരുത്ത് ഇഷ്ടായി...

    ReplyDelete
  7. സകല കലയിലും കൈ വെക്കുന്നുണ്ടാല്ലേ.. നാടകം നന്നായി.. :)

    ReplyDelete
  8. നാടകം സൂപ്പര്‍ ആയിട്ടുണ്ട്‌ !

    "രംഗബോധം ഇല്ലാത്ത മാഷ്" - അത് കലക്കി!

    ന്നാലും നായകന്‍ തക്കസമയത്ത് തന്നെ ഡയലോഗ് ഇട്ടതു നന്നായി.. ഇല്ലെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ക്കൊന്നും ഈ ബ്ലോഗ്‌ വായിക്കാന്‍ കിട്ടില്ലായിരുന്നു!

    നായകാ നിനക്കായിരം നന്ദി!

    ReplyDelete
  9. നാടകമേ ഉലകം....

    ReplyDelete
  10. പ്രവീ നായകന്‍ തകര്‍ത്തു..സംവിധായകന്‍ പോലും പ്രതീക്ഷിക്കാത്ത പഞ്ച് അല്ലെ നായകന്‍ കൊണ്ട്വന്നത്...കൊള്ളാം

    ReplyDelete
  11. ഹഹ ലവനാണു നുമ്മ പറഞ്ഞ നായകൻ ... അല്ലേ ?

    ReplyDelete
  12. എന്തായാലും നായകന്‍ കാരണം നിങ്ങള്‍ നാട്ടുകാരുടെ ചവിട്ടിക്കൂട്ടലുകള്‍ കൊള്ളാതെ രക്ഷപ്പെട്ടു. പിന്നെയും നാടകങ്ങള്‍ കളിച്ചു എന്ന് പറയുമ്പോ ചോദിച്ചോട്ടെ, നാട്ടുകാര്‍ ഇത്രയും മോശക്കാരാണോ? സമ്മതിക്കണം, അവരെ...(തമാശയിലാണ് കേട്ടോ)

    ReplyDelete
  13. ഇതു വായിച്ചപ്പോള്‍ എന്റെ സ്കൂള്‍ കാലം ഓര്‍ത്തു പോയി. ഇന്നു ഓര്‍ക്കുമ്പോള്‍ മധുരസ്മരണ ഉണര്‍ത്തുന്ന ഇത്തരം അനുഭവങ്ങള്‍ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആണ് . ഇഷ്ടമയി പ്രവീണ്‍ , നിങ്ങളുടെ ഓര്മ കുറിപ്പുകള്‍ ! എന്തായാലും പ്രസന്‍സ് ഓഫ് മൈന്‍ഡ് ഉള്ള ആ നായകനും അഭിനന്ദനങ്ങള്‍ !!!

    ReplyDelete
  14. പ്രവീൺ പോസ്റ്റ് വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു,

    രസകരമായി അവതരിപ്പിച്ച പോസ്റ്റിന് ആശംസകൾ , പിന്നിട്ട കാലത്തേക്ക് ഇത്തരത്തിലുള്ള സ്മരണകൾ നമ്മെ കൊണ്ട് പോകുന്നു, ആശംസകൾ

    ReplyDelete
  15. ഹഹ കലക്കീക്ക്ണ് ട്ടോ..

    ReplyDelete
  16. ഇതു കൊള്ളാം ...കലക്കി :-)

    ReplyDelete
  17. http://navaliberalkazhchakal.blogspot.in/


    njaanum ivite oppu vechittundeee..regards...

    ReplyDelete
  18. ഒരു പുസ്തകം എഴുതാനുള്ള നാടക ഓര്‍മ്മകള്‍ ഉണ്ട്..
    ഒക്കെയും ഒന്നൂടെ ഓര്‍മ്മിപ്പിച്ചു ഈ ഓര്‍മ്മ. നന്ദി.....

    ReplyDelete
  19. ഹ ഹ ഹ.. ഒരു സമാനാനുഭവം. ബാംഗ്ലൂരിലെ ഒരു വേദിയിൽ ഒന്നാം സ്ഥാനം കിട്ടിയ നാടകം വീണ്ടും അവതരിപ്പിക്കുമ്പോൾ ഉണ്ടായതോർത്തു പോയി

    ReplyDelete
  20. Da Samvidhayaka...ninne njan kandolam...Aranennu manassilayikanum ennu vicharikkunnu

    ReplyDelete
  21. നാടകം കലക്കി

    "രംഗബോധം ഇല്ലാത്ത മാഷി" നെ എല്ലാരും കൂടി ചവിട്ടി കൂട്ടി പെട്ടിയിലാകിയോ...??

    ReplyDelete
  22. ആരും അന്തം വിടണ്ട നാടകത്തില്‍ ഒരു ശാസ്ത്രഞ്ജന്‍ ആകാനുള്ള ലുക്ക് ഒക്കെ എനിക്കുണ്ട് ,, അയ്യോടാ ഇത് സ്വയം പറയുന്നതാണല്ലോ , ഇടക്കൊന്നു കണ്ണാടി നോക്കണം കേട്ടോ ,, എന്തായാലും ഇതുപോലൊരു തമിഴ് സിനിമയുണ്ട് , നിങ്ങളുടെ തിരക്കഥ ആരെങ്കിലും അടിച്ചു മാറ്റിയാതാവാന്‍ സാധ്യതയുണ്ട് ,നന്നായിട്ടുണ്ട് .................

    ReplyDelete