Sunday, October 21, 2012

ഓര്‍മയിലെ അയ്യപ്പചരിതം


ഓക്ടോബര്‍ 21 2012. പ്രശസ്ത കവി എ. അയ്യപ്പന്‍ ഓര്‍മയില്‍ മറഞ്ഞിട്ട് രണ്ടു വര്‍ഷമാകുന്നു.

അയ്യപ്പേട്ടന്‍ സത്യത്തില്‍ ആരായിരുന്നു? ആ ചോദ്യത്തിന് ഉത്തരങ്ങള്‍ ഒരുപാടുണ്ട്. അദ്ദേഹത്തിന്‍റെ ജീവിത കഥയില്‍, ജനനം തൊട്ടു മരണം വരെ വിധിയുടെ നാടകീയതകള്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അദ്ദേഹം ജനിച്ചു ഒരു വയസാകുന്നതിനു മുന്‍പേ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും അതേ പാത പിന്തുടര്‍ന്നപ്പോള്‍ ഒറ്റപ്പെടലിന്‍റെ പടി വാതിലില്‍ തനിച്ചായ അയ്യപ്പനെ സഹോദരി സുബ്ബ ലക്ഷ്മിയും ഭര്‍ത്താവ് വി കൃഷ്ണനും ചേര്‍ന്ന് സംരക്ഷണം നല്‍കി. വിദ്യാഭ്യാസ ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 

കേരള സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ പല പുരസ്ക്കാരങ്ങളും അയ്യപ്പേട്ടനെ തേടി വന്നു. പക്ഷെ അറിയപ്പെടുന്ന ഒരു കവിയുടെ ലേബലില്‍ ആയിരുന്നില്ല പുറം ലോകവുമായുള്ള അദ്ദേഹത്തിന്‍റെ സംസര്‍ഗം തുടര്‍ന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായി തന്നെ ജീവിച്ചു. 

ഒക്ടോബര്‍ 23, 2010 നു ചെന്നൈയിലെ സാഹിത്യാസ്വാദകരുടെ നിറഞ്ഞ സദസ്സില്‍ വച്ച് ആശാന്‍ പുരസ്ക്കാരം ഏറ്റു വാങ്ങാനിരിക്കെ, അതിനൊന്നും കാത്തു നില്‍ക്കാതെ കാലത്തിന്‍റെ യവനികക്ക് പുറകിലെവിടെയോ അദ്ദേഹം പോയി മറഞ്ഞു. ഏയ്‌,.. ഇല്ല. അങ്ങിനെ വിവക്ഷിക്കുന്നത്  ശരിയല്ല എന്ന് തോന്നുന്നു. കാരണം നാടകീയതയെ അയ്യപ്പേട്ടന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. അത് മരണത്തിന്‍റെ വിഷയത്തില്‍ ആണെങ്കില്‍ കൂടി. ആയതു കൊണ്ട്, ആ വാചകം ഇപ്രകാരം ഞാന്‍  തിരുത്തി പറയേണ്ടിയിരിക്കുന്നു. >>പുരസ്ക്കാരങ്ങള്‍ വാങ്ങാന്‍ കാത്തു നില്‍ക്കാതെ നാടകീയതകളുടെ യവനിക കീറി പറിച്ച്, ലളിതമായ ഭാഷയില്‍, നിശബ്ദമായ്  ഒരു കവിത ചൊല്ലിക്കൊണ്ടു തെരുവിന്‍റെ ശൂന്യതയില്‍ എങ്ങോ പോയി മറഞ്ഞു. <<

തമ്പാനൂരില്‍ വച്ച് സംഭവിച്ച ഒരു വാഹനാപകടം, അതായിരുന്നു അയ്യപ്പേട്ടനെ തേടി വന്ന വിധിയുടെ അവസാനത്തെ നാടകീയത. പരിക്കേറ്റു അബോധാവസ്ഥയിലായിരുന്ന അയ്യപ്പേട്ടനെ കേരള പോലീസിന്‍റെ ഫ്ലയിംഗ് സ്ക്വാഡ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. മരണ ശേഷമാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത് പോലും. പ്രശസ്തിയുടെ പേരിലുള്ള വ്യക്തിത്വത്തെ ജീവിച്ചിരിക്കുമ്പോള്‍ പോലും അംഗീകരിക്കാതിരുന്ന അയ്യപ്പേട്ടന്‍ മരണ സമയത്തും അത് ആഗ്രഹിച്ചിരിക്കാം. 


മരിച്ച സമയത്ത് അദ്ദേഹത്തിന്‍റെ കൈ മടക്കില്‍ നിന്ന് ഒരു കവിത കണ്ടെടുത്തിരുന്നു.  ആശാന്‍ പുരസ്ക്കാരം ചെന്നൈയില്‍ ഏറ്റു വാങ്ങുന്ന സമയത്ത് സദസ്സിനു ചൊല്ലി കേള്‍പ്പിക്കാന്‍ അദ്ദേഹം സൂക്ഷിച്ചു വച്ച  ആ കവിത അതെ പടി ഇവിടെ പകര്‍ത്തുന്നു. അദ്ദേഹത്തിന്‍റെ അവസാനത്തെ കവിത. 

പല്ല്
"അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി "

ജീവിതത്തിലെ നാടകീയതകളെ വെല്ലു വിളിച്ച ഒരു സാധാരണ മനുഷ്യന്‍, ഒളി മറകള്‍ ഇല്ലാതെ ജീവിക്കാന്‍ ഇഷ്ട്ടപ്പെട്ട ഒരു പച്ചയായ മനുഷ്യന്‍., അങ്ങിനെ പലതുമായിരുന്നു അയ്യപ്പേട്ടന്‍ .

അദ്ദേഹത്തിന്‍റെ ചിന്തകളും  കവിതകളും നമ്മുടെ ജീവിതത്തിലെ പല ചോദ്യങ്ങളുടെയും ഉത്തരമായിരുന്നോ ? അറിയില്ല. ആ ചിന്ത തുടങ്ങുന്നിടത്ത് മറ്റൊരു ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. 

അയ്യപ്പേട്ടന്‍ ആരായിരുന്നു ? 

-pravin- 

33 comments:

 1. അയ്യപ്പന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ തന്നെ "സുഹൃത്തെ,മരണത്തിനപ്പുറവും ഞാന്‍ ജീവിക്കും അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും"
  മലയാള കവിതാലോകത്ത്‌ അയ്യപ്പനെക്കുറിച്ച് ചോദിച്ചാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു വിശേഷണമേ ഒള്ളു മലയാള കവിത "ഒറ്റയാന്‍ അയ്യപ്പനു മുന്‍പും ശേഷവും" പ്രവി എന്റെയും ഒരു കുറിപ്പുണ്ട് അവിടെയും വരണെ http://kaathi-njan.blogspot.com/2012/10/blog-post_21.html

  ReplyDelete
  Replies
  1. അനീഷ്‌ ..ഞാന്‍ വായിച്ചിരുന്നു ...ആധികാരികമായ ഓര്‍മ്മക്കുറിപ്പ്‌ വളരെ വ്യക്തമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ...

   Delete
 2. "എന്റെ ഉടലിനെച്ചൊല്ലി ഉന്മാദിയാകരുത്..
  എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത്
  ഇന്നലെകളെയും ഇന്നിനെയും മറക്കൂ
  ചുരം കഴിഞ്ഞു
  ഇതാ വാതായനം
  വാതായനം വരെ മാത്രമേ വാഗ്ദാനമുള്ളു“
  അതായിരുന്നു കവി അയ്യപ്പന്‍
  നാളെയെ കുറിച്ച് ചിന്തയില്ലാതെ ഇന്നില്‍ ജീവിച്ച കവി..
  അലച്ചിലുകളില്‍ കണ്ടെത്തുന്ന കവിതകളെ തുണ്ട് കടലാസ്സില്‍ ഒളിപ്പിച്ചു വച്ച അലസന്‍ ..

  ReplyDelete
  Replies
  1. നിസാരാ ...അദ്ദേഹത്തിന്റെ നല്ലൊരു കവിതാ ശകലം ഈ അവസരത്തില്‍ പങ്കു വച്ചത് വളരെ ഉചിതമായി . സ്പെഷ്യല്‍ നന്ദി.

   Delete
 3. കാത്തിയുടെ ബ്ലോഗിലും കണ്ടു സമാനമായ പോസ്റ്റ്‌.. നന്നായിരിക്കുന്നു പ്രവീണ്‍.....,,,,

  ReplyDelete
  Replies

  1. കാത്തിയുടെ പോസ്റ്റ്‌ വളരെ മനോഹരമായ ഒന്നായിരുന്നു ..ആധികാരികമായ ഒരു ഓര്‍മ കുറിപ്പ് . ഞാന്‍ വായിച്ചിരുന്നു .

   Delete
 4. വളരെ കൌതുകമുണര്‍ത്തുന്ന ഒരു ജന്മം. നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന ഒന്ന്. വളരെ നന്നായി പ്രവീണ്‍, ഈ ഓര്‍മ്മക്കുറിപ്പ്...

  ReplyDelete
  Replies
  1. അതെ ...ജീവിത ശൈലിയിലെ കൌതുകത്തോടൊപ്പം, വായനക്കാരന്റെ മനസ്സിലേക്ക് ഒരുപാട് ചിന്തകളെ ആട്ടി പായിച്ചു കയറ്റുന്ന ഒരു ഇടയനുമാനുമായിരുന്നു അയ്യപ്പേട്ടന്‍ എന്ന് തോന്നി പോകുന്നു ..

   Delete
 5. ദ്രാവിഡനായ ഞാൻ
  സമൂഹത്തിന്റെ വരാന്തയിലൂടെ
  ഒറ്റയ്ക്ക് പോകുന്നു.
  ചിലർ കല്ലെറിയുകയും
  മറ്റു ചിലർ പൂവെറിയുകയും ചെയ്യുന്നു.
  ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ
  വിധിക്കപ്പെട്ടിരിക്കുന്നു.

  താൻ കവിയാണെന്ന് സ്വയം വിളിച്ചുപറഞ്ഞ് തമസ്കരിക്കാനുള്ള ഉപചാപങ്ങളെ തോൽപ്പിച്ചുകളഞ്ഞ കവിയായിരുന്നു അയ്യപ്പൻ. കവിത വീടും അഭയവും ആയതുകൊണ്ട് താൻ അനാഥനല്ല, സനാഥനാണെന്ന് കവി തെളിയിച്ചുകൊണ്ടേയിരുന്നു. ബലിയാട് മാത്രമല്ല, പ്രവാചകനുമാണ് താനെന്ന് കവിതയിൽ അയ്യപ്പൻ പറഞ്ഞിട്ടുണ്ട്.പട്ടാളവും, പൗരോഹിത്യവും, കോടതിയും ,ദൈവവും ,പ്രവാചകനും ,അവിടെ പരിഹസിക്കപ്പെടുന്നു. പ്രണയമെന്നത് ലൈംഗിക അരാജകത്വത്തോളം പ്രാകൃതവും വന്യവുമായ കലഹമായി മാറുന്നു. നല്ലതും ചീത്തയും പകലും രാത്രിയും വിശുദ്ധിയും അവിശുദ്ധിയും ഒന്നിക്കുന്നു. ചിത്തരോഗിയും ഭ്രഷ്ടനും വേശ്യയും കോമാളിയും കരിനാക്കുള്ളവനുമൊക്കെ കവിതയിൽ തങ്ങളുടെ ദൗത്യം നിറവേറ്റുന്നു.

  അയ്യപ്പൻ പറഞ്ഞപോലെ നാക്കിൽ ത്രിശൂലംകൊണ്ട് വരച്ച വാക്കിൽനിന്നു പാട്ടുണരുന്നു. തീ കുരുക്കുന്നു. തിരി കൊളുത്തുന്നു.

  കാലത്തോടു കലഹിച്ച, ഉപചാരങ്ങൾക്ക് നിന്നുകൊടുക്കാതിരുന്ന കവിക്കുള്ള ആത്മസമർപ്പണമായി ഈ കുറിപ്പ് വായിക്കുന്നു പ്രവീൺ….

  ReplyDelete
  Replies
  1. പ്രദീപേട്ടാ ..വളരെയധികം നന്ദിയും സന്തോഷവും അറിയിക്കട്ടെ ..എന്‍റെ ഈ കുറിപ്പ് വായിച്ചതിനല്ല ..ഇവിടെ പങ്കു വക്കപ്പെട്ട വാചകങ്ങളില്‍ അയ്യപ്പെട്ടനുണ്ടുണ്ടായിരുന്നു എന്നത് കൊണ്ട് ...ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് നല്ലൊരു ഓര്‍മ കുറിപ്പ് അഭിപ്രായ കോളത്തില്‍ എഴുതാന്‍ തോന്നിച്ച ആ മനസ്സിന് ഒരായിരം ഭാവുകങ്ങള്‍ നേരുന്നു ..

   Delete
 6. നന്നായെടോ..യൗവനങ്ങൾക്ക് അയ്യപ്പേട്ടൻ ആരൊക്കെയോ ആയിരുന്നു.

  ReplyDelete
  Replies
  1. Exactly ..he was something very special ...very rare special

   Delete
 7. ഒന്നും ആഗ്രഹിക്കാത്ത ഇത്തരം വ്യക്തിത്തങ്ങളിലാണ് ദയയും കരുണയും സ്നേഹവും....

  ReplyDelete
  Replies
  1. തീര്‍ച്ചയായും ...ഒന്നിനും കടപ്പെടാത്ത ജീവിതവും ആയിരുന്നു അദ്ദേഹത്തിന്‍റെ ...

   Delete
 8. ഇങ്ങനെയൊരു കവി/മനുഷ്യന്‍ ഇനി ചിലപ്പോള്‍ ഉണ്ടായേക്കില്ല
  വ്യത്യസ്തനാം മനുഷ്യന്‍

  ഉചിതമായ സ്മരണക്കുറിപ്പ്

  ReplyDelete
  Replies
  1. വ്യത്യസ്തനാം മനുഷ്യന്‍ ..അതെ അജിത്തേട്ടാ ...

   Delete
 9. "കുടിച്ച് കഞ്ഞി തിളയ്ക്കുന്നതുപോലെ കരള്‍ തിളയ്ക്കണം. കരള്‍ പങ്കിടാന്‍ വയ്യെന്റെ പ്രേമമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍.... അന്നേ പോയി അതൊക്കെ."

  "എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
  ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
  എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
  ജിജ്ഞാസയുടെ ദിവസങ്ങളില്‍
  പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
  മണ്ണു മൂടുന്നതിന് മുമ്പ്
  ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
  ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
  രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
  പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
  മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
  ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു"

  കവിതയോട് കലഹിച്ച കവി... അതായിരുന്നു അയ്യപ്പന്‍... ആദരാഞ്ജലികള്‍.. ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്‌...
  ഇതൊരു തുറന്നുപറച്ചിലാണ്, ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്...!!!

  ReplyDelete
  Replies
  1. നല്ലൊരു ഓര്‍മ കുറിപ്പ് പങ്കു വച്ചതിനു നന്ദി ഫിറോ ...ഞാന്‍ വരാം കണ്ണൂര്‍ പാസഞ്ചറില്‍ കയറിയിട്ട് കുറച്ചായി .

   Delete
 10. വിഹഗയപ്പോലെ പറന്ന്
  അതിരുകളില്ലാ ജീവിതത്താൽ
  കല്ലിനേയും മുള്ളിനേയും ചങ്ങാതികളാക്കി
  കുശലം പറഞ്ഞവൻ അയ്യപ്പൻ,
  മോടിയുടയാടയണിഞ്ഞ മേലാളരോട്
  ചിതറിയ വരികളിൽ വേദമോതിയവനും അവൻ,:-

  എനിട്ട് കവി ഇങ്ങനെ പറഞ്ഞു
  "
  ദ്രാവിഡനായ ഞാന്‍
  സമൂഹത്തിന്റെ വരാന്തയിലൂടെ
  ഒറ്റയ്ക്ക് പോകുന്നു.
  ചിലര്‍ കല്ലെറിയുകയും
  മറ്റു ചിലര്‍ പൂവെറിയുകയും ചെയ്യുന്നു.
  ജീവപര്യന്തം ഞാന്‍ കവിതയുടെ തടവില്‍ കഴിയാന്‍
  വിധിക്കപ്പെട്ടിരിക്കുന്നു"

  നല്ല നടപ്പല്ലയെൻ ജീവിതം
  എന്റെ നടപ്പിലാണെൻ ജീവനും
  എന്ന് റിംബോയപ്പോലെ
  കവലകളിൽ പാടിനടുന്നവൻ

  കുപ്പച്ചട്ടിയിൽ ഉറങ്ങി
  പൈപ്പുവെള്ളം കുടിച്ച്
  കവിതയിലേക്ക് ഇറങ്ങി
  പൂവിലൂടെ തിരിച്ചുപോയവൻ.............................

  ReplyDelete
  Replies
  1. വൌ ....മനോഹരമായൊരു കവിതാ ശകലം ..പ്രദീപേട്ടന്റെയും ഫിറോസിന്റെയും കുറിപ്പിനോട് ചേര്‍ത്തു നിര്‍ത്താന്‍ ഒരു നല്ല കുറിപ്പ് കൂടി ..നന്ദി ഷാജു ..

   Delete
 11. ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട് പ്രവീണ്‍

  ReplyDelete
 12. ഒരു മരണം കൊണ്ടാണ് അയ്യപ്പനെ മലയാളി അന്ഗീകരിച്ചത് കവിയായി ജനിച്ചു കവിയായി ജീവിച്ചു മരിച്ച കവി
  ഓര്‍മ കുറിപ്പ് നന്നായി

  ReplyDelete
  Replies
  1. ലോഹിത ദാസ് ഒരിക്കല്‍ പറയുകയുണ്ടായി ..ഒരാള്‍ മരിച്ചാലേ മറ്റുള്ളവര്‍ക്ക് അയാള്‍ നല്ലവനായി മാറുകയുള്ളൂ എന്ന്. മരിച്ചു കഴിഞ്ഞാല്‍ അയാളെ കുറിച്ച് പറയാന്‍ ഒരുപാട് വര്‍ണനകള്‍ ഉണ്ടാകും. മലയാളിയുടെ ടിപ്പിക്കല്‍ സ്വഭാവം ...

   Delete
 13. തന്റെ ഉയര്‍ച്ചയെ കാണാന്‍ കഴിയാതെ പുകള്‍ പാട്ടുകള്‍ കേള്‍ക്കും മുന്‍പേ തെരുവിലുറങ്ങി തെരുവിനോടലിഞ്ഞു തീര്‍ന്ന കവി.. വേദനകള്‍ അക്ഷരങ്ങളാക്കി ഗദ്ഗദത്തോടെ പാടിപ്പറഞ്ഞ പച്ച മനുഷ്യന്‍... മരണം ഏതു നിമിഷവും തന്നെ വന്നു മൂടുമെന്നു സ്വയമറിഞ്ഞ ഏകാകി....
  അയ്യപ്പനെ കുറിച്ച് അറിയാനായിരുന്നു എല്ലാവരും വൈകിയത് .. അറിഞ്ഞവര്‍ക്കര്‍ക്കും മറക്കാന്‍ കഴിയില്ല...
  നന്ദി പ്രവീണ്‍ ജീ ഈ ഓര്‍മ്മക്കുറിപ്പിനു............

  ReplyDelete
 14. നന്നായിട്ടുണ്ട് പ്രവീ ഈ ഓര്‍മ്മപ്പെടുത്തല്‍

  ReplyDelete
 15. ഈ സ്മരണിക നന്നായി ..

  മണ്മറഞ്ഞ ശേഷം മഹാനായി തീര്‍ന്ന ശ്രീ അയ്യപ്പന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം !!

  ReplyDelete
 16. ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി പ്രവീണ്‍ ശേഖര്‍ ..
  അങ്ങനെ ഒരു പച്ചയായ ജീവിതം ജീവിച്ച ഒരു കവി ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ നാളത്തെ കവി ജാടകള്‍ വിശ്വസിക്കുക കൂടിയില്ല ....
  ആശംസകള്‍

  ReplyDelete
  Replies
  1. പറഞ്ഞത് ശരിയാണ് . ആധുനിക കവികളില്‍ പലരും ഒരു ജാഡ ജീവിയായി ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്. വീണ്ടുമൊരു അയ്യപ്പന്‍ ഇനിയുണ്ടാകില്ല ...

   Delete
 17. i had read about him in the newspaper that day... but this is so thoughtful of you...nice work

  ReplyDelete
 18. എന്നെ പറ്റിച്ചു,,,,

  ReplyDelete