Monday, December 2, 2013

നീതിയുടെ കരച്ചിൽ

ദിലീപ്, അവനൊരു അജ്ഞാത കാമുകി ഉണ്ടെന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അത് കൊണ്ട് തന്നെയായിരിക്കണം അവളുമായി ഒളിച്ചോടാൻ നിശ്ചയിച്ച ദിവസം അവനെന്നോട് ചില സഹായങ്ങൾ ആവശ്യപ്പെട്ടത്. അത് പ്രകാരം അവർക്ക് പോകാനുള്ള വാഹനവും ടിക്കെറ്റുമടക്കം എല്ലാം ഞാൻ തയ്യാറാക്കി. അവന്റെ കാമുകിയെ ഇന്നീ വരെ ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ഒളിച്ചോടുന്ന ദിവസം എന്നെ പരിചയപ്പെടുത്താം എന്നവൻ വാക്ക് തന്നു.  

 ഒരർത്ഥത്തിൽ അവന്റെ ഈ ഒളിച്ചോട്ടവും പ്രേമവുമെല്ലാം എനിക്ക് സന്തോഷം നൽകുന്നതായിരുന്നു. കാരണം, ജീവിതത്തിൽ ഒരുപാടു ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്ന അവന് ഇപ്പോഴെങ്കിലും, ഇങ്ങിനെയെങ്കിലും ഒരു ഇണ തുണ ഉണ്ടായല്ലോ. ഒരു അനാഥനോടുള്ള സഹതാപം കൊണ്ട് മാത്രം ഉണ്ടായ  ആത്മബന്ധമല്ല എനിക്ക് അവനോടുള്ളത്. അതിനുമപ്പുറം പലതുമായിരുന്നു എനിക്ക് അവൻ. എനിക്ക് മാത്രമല്ല രമേഷിനും അവനെ അത്ര കാര്യമായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്ന് തുടങ്ങിയ ആ സൌഹൃദം ഞങ്ങൾ എപ്പോഴും കൂടെ കൊണ്ട് നടന്നു. ഒരേ സ്ഥലത്ത് ജോലിയും താമസവുമായി ആ സൗഹൃദം പിന്നെയും പടർന്നു പന്തലിച്ചു. 

രമേഷിന്റെ വിവാഹ ശേഷം അവൻ മാറി താമസം തുടങ്ങിയെങ്കിലും ഞങ്ങളുടെ സൌഹൃദ കൂടി കാഴ്ചകൾക്കൊന്നും ഒരു കുറവും സംഭവിച്ചില്ല . അവസാനമായി ഞങ്ങൾ ഒത്തു കൂടിയത് രമേഷിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായിരുന്നു.  കുഞ്ഞിനൊരു നല്ല പേര് വേണമെന്ന് മുന്നേ പറഞ്ഞിരുന്നതിനാൽ ദിലീപാണ് കുഞ്ഞിനുള്ള പേര് പറഞ്ഞു കൊടുത്തത് - നീതി. രമേഷിന്റെ ഭാര്യ സുഷമക്കും ആ പേര് ഇഷ്ടമായി. പക്ഷേ അവന്റെ അച്ഛനമ്മമാർക്ക് മറ്റെന്തോ പേരിടണം എന്നായിരുന്നു ആഗ്രഹം എന്നവരുടെ മുഖം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിപ്പോയി. രമേഷിന്റെ വിവാഹ ശേഷം കുറച്ചായി അച്ഛനമ്മമാരോട് അവനത്ര സുഖത്തിലായിരുന്നില്ല എന്നതും ഞങ്ങൾ ഓർത്തു. അന്ന് ആ ദിവസം രമേഷ് ഞങ്ങളോടായി മറ്റൊരു കാര്യം കൂടി പറഞ്ഞു. അച്ഛനെയും അമ്മയെയും അടുത്ത് തന്നെയുള്ള ശരണാലയത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു എന്നതായിരുന്നു അത്. അനാഥത്വം എന്താണെന്ന് നല്ല പോലെ അറിയാമായിരുന്ന ദിലീപ് അത് കേട്ടപ്പോൾ അവനോടു കയർത്തു. ആ ദിവസം ഞങ്ങൾക്കിടയിൽ മറ്റെന്തൊക്കെയോ സംഭവിച്ചു. അവന്റെ വീട്ടില്‍ നിന്ന് ഞങ്ങള്‍ പടിയിറങ്ങി. പിന്നൊരിക്കലും ഞങ്ങൾ   രമേഷിനെ കാണാൻ ശ്രമിച്ചില്ല. ഞങ്ങളറിയാതെ തന്നെ ഞങ്ങൾ അവനിൽ നിന്ന് അകന്നു. 

ഇന്ന്, ദിലീപിന്റെ ജീവിതത്തിൽ ഇങ്ങിനെയൊരു വഴിത്തിരുവ്  ഉണ്ടാകുന്ന സമയത്ത് അവൻ കൂടെയില്ല എന്നത് ഒരു വിഷമമാണ്. ഒരു പക്ഷേ, ഈ വിഷയത്തിൽ എന്നെക്കാൾ കൂടുതൽ ദിലീപിനെ സഹായിക്കാൻ അവനായിരിക്കും മുന്നിൽ ഉണ്ടാകുമായിരുന്നത്. രമേഷിനോട് ഇക്കാര്യത്തെ കുറിച്ച് പറയുക പോലും ചെയ്യരുത്  എന്ന വാശി ദിലീപിനും ഉണ്ടായിരുന്നു. രണ്ടു പേർക്കും ഇടയിൽ ശരിക്കും ഒറ്റപ്പെട്ടു കൊണ്ടിരുന്നത് സത്യത്തിൽ ഞാനായിരുന്നു. 

ദിലീപിന് പോകാനുള്ള കാര്യങ്ങൾ തയ്യാറാക്കി കൊടുത്ത ശേഷം എല്ലാം മറന്നു കൊണ്ട് ദിലീപിനോട് പറയാതെ രമേഷിന്റെ വീട്ടിലേക്കാണ് ഞാൻ  നേരെ പോയത്. എന്നെ കണ്ട പാടെ രമേഷ് ഓടി വന്നു കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. അവന്റെ കൈയ്യിൽ സുഷമ എഴുതി വച്ച് പോയ ഒരു കത്തുമുണ്ടായിരുന്നു. കത്ത് വായിച്ചയുടൻ ഞാൻ ദിലീപിനെ ഫോണ്‍ ചെയ്തു. 'എടാ ദിലീപേ.. നീ..നിനക്കിതെങ്ങനെ ..'എന്ന ചോദ്യത്തിന് ഒരുത്തരവും തരാതെ അവൻ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു കളഞ്ഞു. 

 രമേഷിനെ മുറുകെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞത്  അവിടത്തെ ചുവരിൽ  തൂക്കിയിട്ടിരിക്കുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും വിഷാദ ച്ഛായയുള്ള ഫോട്ടോകളായിരുന്നു. അതേ സമയത്ത് തന്നെ മുറിക്കുള്ളിൽ എവിടെ നിന്നോ രമേഷിന്റെ മോൾ  നീതിയുടെ  ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കാനും തുടങ്ങി.

-pravin-

(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഓണ്‍ ലൈൻ ചെറു കഥാ മത്സരത്തിലേക്ക് എഴുതിയ കഥ. വിഷയം - കാമുകി / അനീതി/ വാർദ്ധക്യം )

41 comments:

  1. ആദ്യ രണ്ടുപാരഗ്രാഫ് വായിച്ചപ്പോള്‍ ഇത് പണ്ടെവിടെയോ വായിച്ചതല്ലേ എന്നൊരു ഉള്‍വിളി. അപ്പോഴാണ് താഴത്തെ ചൂണ്ടുപലക കണ്ടത്..

    അന്നു ഞാന്‍ ലൈക് ചെയ്തില്ലാ എന്നാണ് എന്‍റെ ഓര്‍മ്മ.. ലൈക്‌ ചെയ്യാത്തത് കഥ മോശമായത് കൊണ്ടല്ല, മൂന്നില്‍ ഒരു വിഷയത്തെപ്പറ്റി എഴുതാന്‍ പറഞ്ഞപ്പോ മൂന്നും ചേര്‍ത്ത് നല്ലൊരു കഥയാക്കിയിരിക്കുന്നു.. അതെനിക്കിഷ്ടപ്പെട്ടില്ല.. :)

    ReplyDelete
    Replies
    1. അന്ന് ആ മത്സരം നടക്കുമ്പോൾ ചുമ്മാ പങ്കെടുക്കാനായി മാത്രം എഴുതിയ കഥയാണിത് . മത്സരിക്കാൻ ഇഷ്ടമല്ലായിരുന്നു. അപ്പോൾ ആലോചിച്ചത് തന്ന വിഷയങ്ങളെ മൂന്നും ഉൾപ്പെടുത്തി കൊണ്ട് എങ്ങിനെ ഒരു കഥയെഴുതാം എന്ന് മാത്രമായിരുന്നു . അതെത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല . എനിക്ക് തോന്നിയതങ്ങ് എഴുതി എന്ന് മാത്രം .. നന്ദി മനോജ്‌ ..ഇഷ്ട്ടപ്പെട്ടില്ല എന്ന് തുറന്നു പറഞ്ഞതിന്‌ .. ഹി ഹി ..

      Delete
  2. വിഷാദ ശ്ചായ ഉള്ള കഥ എന്നാലും എന്റെ ദിലീപേ രമേഷിന്റെ വൈഫെ

    ReplyDelete
    Replies
    1. എന്താ ചെയ്വാ .. കാലത്തിനെ ചുമ്മാ പഴിക്കാനായി പഴിക്കാം ...അത്ര മാത്രം ..

      Delete
  3. എന്നാലും ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും എങ്ങനെ താലോലിച്ചു വളര്‍ത്തിയതായിരിക്കും . , അപ്പോള്‍ ദിലിപ് ചെയ്യുന്നത് ശരിയാണോ ? അവനെന്തു യോഗ്യതയാനുള്ളത് രമേഷിനെ കുറ്റപെടുത്താന്‍ ,,,എന്തോ എനിക്കിത് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല ,, ( ഇത്രയും ഹ്യദയത്തില്‍ തട്ടി എഴുതിയത് കൊണ്ടാവും പ്രവീണേ ,,)

    ReplyDelete
    Replies
    1. വിവാഹമെന്നത് ചിലർക്ക് ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പറിച്ചുനടലാണ്‌. ബന്ധങ്ങളുടെയും സ്വജനങ്ങളുടെയും വ്യാപ്തിവർദ്ധിപ്പിക്കലാണ്‌ മറ്റുചിലർക്ക്. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ പെടാനാണ്‌ എല്ലാവരും ശ്രമിക്കേണ്ടത്.

      ...ഒരുപക്ഷെ ആ പെൺകുട്ടിയെ അച്ഛനും അമ്മയും താലോലിച്ചുവളർത്തിയതാവാം. അല്ലെങ്കിൽ പലവിധം അവഗണനകൾക്കും ഒറ്റപ്പെടുത്തലുകൾക്കുമിടയിൽ വളർന്നതാവാം. ഇതിലേതായിരുന്നാലും നല്ലൊരു ഭാവി ഉറപ്പാക്കേണ്ടതാണല്ലോ...

      Delete
    2. ശരി തെറ്റുകളെ തേടുന്നത് ഈ കാലത്തിന് യോജിക്കുന്ന നിലപാടല്ല . ചെയ്തത് അവരുടെ മാത്രം ശരിയായിരിക്കാം ..വായനക്കും അഭിപ്രായത്തിനും നന്ദി അല്ജ്വേച്ചീ ..

      Delete
  4. വിഷയാടിസ്ഥാനത്തിൽ മത്സരിക്കാൻ എഴുതപ്പെടുന്ന കഥകളിൽ കൃത്രിമത്വം വല്ലാതെ മുഴച്ചു നിൽക്കുമെന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു. ഒരു ഫ്രെയിം നിർമ്മിച്ച് ഈ ഫ്രെയിമിലേക്ക് ഒതുങ്ങുന്ന കഥ നിർമ്മിക്കൂ എന്നു പറയുമ്പോൾ കഥാകൃത്തിന് സർഗാത്മകതയുടെ വിശാലമായ ആകാശം നഷ്ടമാവുന്നു. പകരം കൃത്യമായ ഗണിതയുക്തികൾ പ്രവർത്തിക്കാൻ തുടങ്ങുന്നു. സർഗാത്മകതയെ ഗണിതയുടെ ചിറകുകൾ ഗണിതയുക്തിയുടെ വാൾമുനകളാൽ അരിഞ്ഞുതള്ളപ്പെടുന്നു. പറക്കാനാവാതെ ഒരു കഥ തളർന്നു വീഴുന്നു.....

    കഥകളെ അത്രയൊന്നും വിലയിരുത്താൻ അറിയില്ല. ഈ കഥയെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിരീക്ഷിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നു.....

    ReplyDelete
    Replies
    1. സത്യം .. പ്രദീപേട്ടാ .. പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു . അങ്ങിനെ നിബന്ധനകളോടെ എഴുതുമ്പോൾ വല്ലാത്തൊരു ജയിൽ വാസം അനുഭവിക്കുന്നുണ്ട് മനസ്സ്. എഴുതാനായി പാട് പെടും ചിലപ്പോൾ . എനിക്ക് പക്ഷേ, അത്ര ഗൌരവമായി ഈ വിഷയത്തെ സമീപിക്കാൻ സാധിക്കാഞ്ഞതിനാലും മത്സരിക്കാൻ താൽപ്പര്യം കുറവുള്ളതിനാലും നിബന്ധനകളെ മാനിക്കാതിരുന്നതിനാലും എഴുത്തിൽ ഒരു പരിധി വരെ ആ പ്രശ്നം ഉണ്ടാകാറില്ല. ഉണ്ടാകുന്ന പ്രധാന പ്രശ്നം ആശയം എങ്ങിനെ അവതരിപ്പിക്കണം എന്നതാണ് .. ഇവിടെയും ആ പ്രശ്നം ആണ് എനിക്കുണ്ടായത് ..

      Delete
  5. Replies
    1. ഹി ഹി ... അടുത്ത തവണ ഒന്നൂടെ ആഞ്ഞു പിടിക്കാം അജിത്തേട്ടാ ..

      Delete
  6. ഞാൻ ആദ്യമായിട്ടാണ്‌ ഈ കഥ വായിക്കുന്നത്. കമന്റുകളും വായിച്ചു. വിഷാദശ്ചായ ഉണ്ടെങ്കിലും സാധാരണ കഥകളിൽ കാണുന്നതുപോലെ മനംമടുപ്പിക്കുന്ന തീഷ്ണമായ ദുര്യോഗങ്ങളൊന്നും ഇതിലില്ല എന്നത് നന്നായി. നല്ലൊരു ചെറുകഥ എന്നുപറയാം.

    ReplyDelete
    Replies
    1. നന്ദി ട്ടോ ... ഒരാൾക്കെങ്കിലും നന്നായി തോന്നിയാൽ അതൊരു സന്തോഷം .. അത്രേയുള്ളൂ ..

      Delete
  7. Replies
    1. ഹി ഹി ..ഇത് ആ സമയത്ത് ഒരു തട്ടിക്കൂട്ട് എഴുത്ത് നടത്തിയതാണ് ..

      Delete
  8. വിഷയത്തിന്‍റെ കൂച്ചുവിലങ്ങ് ഭാവനയെ തളച്ചിടുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. ഹി ഹി ..ട്രാപ് ല്ലേ .. നന്ദി തങ്കപ്പേട്ടാ

      Delete
  9. വിഷാദ ശ്ചായ എങ്കിലും സംഭവിക്കുന്ന കഥ

    ReplyDelete
    Replies
    1. ഇപ്പോഴും സംഭവിക്കുന്നുണ്ട് ...

      Delete
  10. പ്രവീണ്‍ ...നല്ല കഥ ..ഇത് കഥയായിരിക്കട്ടെ ...

    ReplyDelete
    Replies
    1. അശ്വതീ ,,, ഞാനിത് കഥയായി എഴുതാൻ ശ്രമിച്ചു എന്നാലും നിർഭാഗ്യവശാൽ ഇങ്ങിനെയൊക്കെയാണ് ഇപ്പോൾ സംഭവിക്കുന്നത് ..

      Delete
  11. ഗ്രൂപ്പിൽ വായിച്ചിരുന്നു എങ്കിൽ കൂടി ആദ്യം കത്തിയില്ല.. ആദ്യ പാരഗ്രാഫ് വായിച്ചപ്പോൾ തോന്നിയത് മിനിഞ്ഞാന്നു രാഷ്ട്രീയ കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട ദിലീപ് ആയിരിക്കും എന്നാണ് .. ഒരുപക്ഷെ ആ പേരും, ആ അച്ഛനമ്മമാരുടെ കണ്ണീരും മനസ്സില് ഉള്ളത് കൊണ്ട് തോന്നിയതാവാം..
    ചുറ്റുമുള്ള കാഴ്ചകൾ വല്ലാതെ വേദന നല്കി തുടങ്ങിയിരിക്കുന്നു.. :(

    കഥ ഇഷ്ടായി.. :)

    ReplyDelete
    Replies
    1. ഫിറോ .. ശരിയാണ് ..ചുറ്റുപാടുകളിലെ വാർത്തകൾ മിക്കതും ദുഖമാണ് അറിയുമ്പോൾ . ജീവനൊന്നും ഒരു വിലയുമില്ല ..

      Delete
  12. കഥയുടെ സൌന്ദര്യത്തെക്കാള്‍ പേരുകളില്‍ ഒളിപ്പിച്ചുവെച്ച ഒരു പസ്സില്‍ പോലെ അനുഭവപ്പെട്ടു.

    ReplyDelete
    Replies
    1. ഈ കഥയ്ക്ക് സൌന്ദര്യമില്ല എന്നാണ് എന്റെ നിരീക്ഷണം .. അന്ന് മത്സരത്തിനായി തന്ന മൂന്ന് വിഷയങ്ങളെ എങ്ങിനെ ഒരു കഥയിൽ ഉൾപ്പെടുത്താം എന്ന് ആലോചിച്ച് ചുമ്മാ എഴുതിയതാണ് .. നന്ദി ജോസൂ ഈ വായനക്കും അഭിപ്രായത്തിനും

      Delete
  13. ഇത് പഴയ പോസ്ടല്ലേ എന്നാ വായിച്ചപോള്‍ ഓര്‍ത്തെ :) അവസാനം അല്ലെ സംഗതി പിടി കിട്ട്യേ -ഇത് ഞാന്‍ പണ്ട് വായ്ച്ചതാ.... കൊള്ളാം :)

    ReplyDelete
  14. ഒരു പാട് നാളുകള്ക്കു ശേഷം ആണിവിടെ, അണ്ണാനും മരം കൊത്തിയും തൂക്കനാം കുരുവിയും ഇഷ്ടക്കാരായി കാണുമ്പോള്‍ അങ്ങയുടെ സാഹസിക യാത്രയിലെ പുലിയും കടുവയും ഒക്കെ എന്റെ അഭിപ്രായത്തിനു അകലെ ആയിരുന്നു. ആ നീണ്ട പരമ്പരക്ക് ശേഷമുള്ള ഈ കഥയില്‍ ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.
    കഥയിലെ “നീതി” കിട്ടിയ വിഷയത്തിലും ഉണ്ടായിരുന്നു. പ്രവീണിന്റെ മറ്റു കഥകളുമായി താരതമ്യം ചെയ്യുന്നില്ല, മത്സരത്തിന്റെ ഫ്രെയിമില്‍ കഥയുടെ ജീവന്‍ നഷ്ടമാകുന്നു, അത് തിരിച്ചെടുക്കാന്‍ രണ്ടു മൂന്നാവര്ത്തിന വായിക്കേണ്ടതായി വന്നു. അടുത്ത കാലത്തായി ഷോര്ട്ട് ഫിലിമുകള്‍ ആയിരുന്നു കൂടുതല്‍ ആയി കണ്ടത്, പത്തു മിനിറ്റില്‍ താഴെ കഥ പറഞ്ഞു തീരുന്ന അത്തരത്തിലൊരു കഥ വായിച്ചത് പോലെ, ഒരിക്കല്‍ “എ” എന്ന ആള്‍ “ബി” എന്ന കൂട്ടുകാരന്റെ രഹസ്യ പ്രണയത്തെ കുറിച്ചറിയാന്‍ “സി” എന്ന കൂട്ടുകാരനെ കൂട്ടുപിടിച്ചു. കമ്പോളത്തിലെ ടെലിഫോണ്‍ ബൂത്തില്‍ “ബി” തന്റെ പ്രണയിനിയുമായി സംസാരിക്കുന്നത് “എ” യും “സി” യും കണ്ടു, സ്ഥിരമായി ആ ബൂത്തില്‍ നിന്നാണ് “ബി” പ്രണയിക്കുന്നത് എന്ന് “എ” യ്ക്ക് അറിയാം, പക്ഷെ അത് ആര്ക്കു ആണെന്ന് മാത്രം അറിയില്ല , ഇന്ന് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം, “ബി” ബൂത്തില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അവനറിയാതെ ആ ബൂത്തിലേക്ക് ചെന്ന് റീ അടിക്കാന്‍ “എ” ഉപദേശിച്ചു, “സി” അപ്രകാരം ചെയ്തു, അങ്ങേ തലക്കല്‍ ഒരു നല്ല പരിചയമുള്ള ശബ്ദം, “സി” യ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല, അയാള്‍ സ്തബ്ധനായി നിന്നുപോയി, ആ ശബ്ദം “ഡി” എന്ന “എ” യുടെ സഹോദരിയുടേതായിരുന്നു. (മൊബൈല്‍ ഫോണ്‍ വരുന്നതിനു മുമ്പുള്ള ഒരു പ്രണയം ആയിരുന്നു). ഏതാണ്ട് ഇങ്ങനൊക്കെ തന്നാ എനിക്കും മനസ്സിലായത്‌

    ReplyDelete
    Replies
    1. >>മത്സരത്തിന്റെ ഫ്രെയിമില്‍ കഥയുടെ ജീവന്‍ നഷ്ടമാകുന്നു,>>
      ..
      ഇത് പൂർണമായും ഞാനും ശരി വക്കുന്ന ഒരു നിരീക്ഷണമാണ്. കഥ എഴുതുന്നതും എഴുതിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം അത് വേറെ വേറെയാണ്. മത്സരത്തിൽ ഒരു പങ്കാളിത്തത്തിന് വേണ്ടി മാത്രം എഴുതി തുടങ്ങിയ ഒരു സംഗതിയിൽ എല്ലാം എങ്ങിനെ ഉൾപ്പെടുത്താം എന്ന ഒരു ചിന്തയിലാണ് ഈ എഴുത്ത് സംഭവിച്ചത്.

      നന്ദി ജ്വാല ..വിശദമായ വായനക്കും തുറന്ന അഭിപ്രായത്തിനും

      Delete
  15. വിഷയം തന്നിട്ട് എഴുതാന്‍ പറയുമ്പോള്‍ കഥയായാലും കവിത ആയാലും തീര്‍ച്ചയായും വിഷമിക്കും.അത് കൊണ്ടാകാം ഇത് അത്ര ഹൃദ്യമായി തോന്നാഞ്ഞത്.എന്നാലും ഇത്രയൊക്കെ എത്തിക്കാന്‍ കഥാകാരന്‍ മാനസികമായി എത്ര ബുദ്ധിമുട്ടികാണും എന്ന് അനുഭവത്തില്‍ നിന്നും അറിയാവുന്നത് കൊണ്ട്.അടുത്ത കഥ വായിക്കാന്‍ എന്നെയും ക്ഷണിക്കണേ എന്ന അപേക്ഷയോടെ ഇപ്പോള്‍ പോകുന്നു.

    ReplyDelete
    Replies
    1. തീർച്ചയായും അറിയിക്കാം ചേച്ചീ .. ഈ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ട്ടോ .. ...

      Delete
  16. വിമര്‍ശനം തുടര്‍ന്നുള്ള എഴുത്തിന് വളരേയധികം ഉപകാരപ്രദമാകും .എല്ലാവരും നല്ല അഭിപ്രായം മാത്രം പറഞ്ഞാല്‍ താന്‍ എല്ലാം തികഞ്ഞ എഴുത്തുകാരനാണ്‌ എന്ന ഭാവം മനസ്സില്‍ ഉളവാക്കും .വിഷയം നല്‍കി കഥ രചിക്കുവാന്‍ ആവശ്യപെടുമ്പോള്‍ ആ വിഷയം കഥയായി രൂപന്തരപെടുത്തുക എന്നത് ആയാസകരമല്ല .ഇനി കഥയെ കുറിച്ചുള്ള അഭിപ്രായം പറയുകയാണെങ്കില്‍ എവിടെയൊക്കയോ വായിച്ചുപോയ കഥയാണെന്ന് തോന്നിപ്പിച്ചു .കഥ പറഞ്ഞ രീതി നന്നായിട്ടുണ്ട് .പത്ര മാധ്യമങ്ങളിലും മറ്റും കഥയോട് സമാനമായ വാര്‍ത്തകള്‍ വേണ്ടുവോളം വായിക്കുവാന്‍ ഇടയായത് കൊണ്ട് കഥയ്ക്ക്‌ പുതുമ തോന്നിയില്ല .സര്‍ഗാത്മകമായി എഴുതുവാനുള്ള പ്രവിണിന്‍റെ കഴിവിനെ പരിപോശിപ്പിച്ച് എഴുത്തിലൂടെ ഉന്നതിയിലെക്കെത്തട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
    Replies
    1. തീർച്ചയായും പറഞ്ഞതിനെ ഞാൻ അതേ സ്പിരിറ്റിൽ തന്നെ എടുക്കുന്നു. ആരോഗ്യകരമായ വിമർശനം തന്നെയാണ് നന്നാകാനുള്ള നല്ല ഉപാധി. എഴുത്ത് എന്നല്ല എന്തിലും ആ രീതി തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നാറുണ്ട്. വായനക്കും തുറന്ന അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി റഷീദ്ക്കാ ....

      Delete
  17. ബ്ലോഗ്‌ അവലോകനത്തില്‍ എന്റെ പോസ്റ്റ്‌ പരാമര്‍ശ വിധേയമാക്കിയതിന് ഒരുപാട് നന്ദി . തെറ്റുകള്‍ തിരുത്താനുള്ള ഒരു പ്രചോദനമായി ഞാന്‍ ഇതിനെ കാണുന്നു ..

    ReplyDelete
  18. ഒരു ഫോട്ടോ വച്ച് വാർദ്ധക്യം ഷൂട്ടു ചെയ്തു കളഞ്ഞപ്പോൾ അന്ന് ഞാൻ അറിഞ്ഞില്ല പ്രവീണ്‍ ഒരു ഡയറക്ടർ കൂടി ആണെന്ന് ഞാൻ കരുതി വല്ല ആർട്ട്‌ ഡയറക്ടർ ആയിരിക്കുമെന്ന് "ആ ലോജിക്ക് പോയ പോക്ക് കണ്ടു ഞാൻ പലവട്ടം ചിന്തിച്ചു" അത് പറയാനാണ് ഇപ്പൊ വന്നത് ഗ്രേറ്റ്‌!

    ReplyDelete
    Replies
    1. എന്റെ മനസ്സിൽ അങ്ങിനെയാണ് ഈ കഥ അവസാനിക്കുന്നത്. പക്ഷേ അതെഴുതി ഫലിപ്പിക്കാൻ സാധിച്ചില്ല എന്ന് മാത്രം. എന്തായാലും ബൈജു ഭായിക്ക് ആ സീൻ ശരിക്കും മനസ്സിൽ കിട്ടി എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്. ലാസ്റ്റ് സീനിലെ എന്റെ കാഴ്ച ആ ഫോട്ടോയിലേക്ക്‌ നോക്കുമ്പോൾ മങ്ങുന്നതോടൊപ്പം കേൾവി ശക്തി കൂടുകയാണ്. ആ കുഞ്ഞിന്റെ കരച്ചിൽ അത് കൊണ്ടാണ് ചെവിയിൽ പ്രകമ്പനമായി മാറുന്നത്.. നന്ദി ബൈജു ഭായ് ..

      Delete
  19. Happy Christmas friend... lil late though :)

    ReplyDelete
    Replies
    1. മൂന്നും സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു എന്നത് ഒരു വിജയമായി തന്നെ കാണുന്നു. അതില്‍ കഥയുടെ മൊത്ത സൌന്ദര്യം അല്പം നഷ്ടമായി. എങ്കിലും ഇതൊരു പരീക്ഷണം. അതിനെ അങ്ങനെ കാണുക എന്നാണ് അഭിപ്രായം.
      കുറച്ചു നല്ല കഥകള്‍ എഴുതിപോയ ഒരു കഥ എഴുത്തുകാരന്‍ അല്പവും പാളാന്‍ പാടില്ല അല്ലെ....

      Delete
    2. മൂന്നോ നാലോ മിനുട്ട് കൊണ്ട് തട്ടിക്കൂട്ടി എഴുതി അത്ര മാത്രം. വിഷയം തന്ന ശേഷം എഴുതുമ്പോൾ സംഗതി എഴുതാൻ എളുപ്പമാണ്. പക്ഷേ അതിനൊരു പൂർണതയോ ഭംഗിയോ ആത്മ സംതൃപ്തിയോ ഉണ്ടാകില്ല.

      Delete