Monday, April 1, 2013

ഇരുട്ടിന്‍റെ കാവല്‍ക്കാര്‍


നേരം ഉച്ചയായിക്കൊണ്ടിരിക്കുന്നു. മഴ തോരുന്ന ലക്ഷണവുമില്ല. ബംഗ്ലാവിന്റെ ഒരു മുക്കിൽ ചുരുണ്ട് കൂടി കിടക്കുകയാണ് ടോമി. കറിയാച്ചൻ അതിനടുത്ത് തന്നെ ഒരു കട്ടൻ ചായ കുടിച്ചു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നു. രാവിലെ തൊട്ട് അയാളുടെ മുഖം ആരെയോ പ്രതീക്ഷിക്കുന്നുണ്ട്.  

"അവരിങ്ങെത്താറായോ കറ്യാച്ചാ .. "  ടോമി തല അൽപ്പം ഉയർത്തിക്കൊണ്ടു ചോദിച്ചു. 

"നിനക്കെതന്നതാടാ  വ്വേ അവര് വരാഞ്ഞിട്ടു ഇത്ര തിടുക്കം.. നീ നിന്റെ തരക്കാരുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി." കറിയാച്ചൻ ടോമിയോട്‌ ഉള്ളിലെന്തോ നീരസം വച്ച് കൊണ്ടാണ് മറുപടി പറഞ്ഞത്. കുറച്ചു ദിവസങ്ങളായിട്ടു അയാളുടെ സംസാരവും മട്ടും അങ്ങിനെയാണ്. ടോമിക്ക് ഒഴികെ മറ്റാർക്കും  ചിലപ്പോൾ ഇതൊന്നും അത്ര പറ്റിയെന്നു  വരില്ല.  

കറിയാച്ചനും ടോമിയുമായുള്ള സ്നേഹ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  അത് എല്ലാവർക്കും  അറിയുന്നതുമാണ്.  പക്ഷെ, അവര് തമ്മില്‍ കുറച്ചു ദിവസമായിട്ടു എന്തോ അത്ര സുഖത്തിലല്ല എന്ന് തോന്നിക്കുന്ന വിധമാണ്  കറിയാച്ചന്‍ ടോമിയോട്‌ പെരുമാറുന്നത്. ഇനി ടോമിയെങ്ങാനും  വല്ല തെറ്റ് കുറ്റവും ചെയ്‌താല്‍ തന്നെ അത് പൊറുക്കേണ്ട കടമ കറിയാച്ചനുണ്ട് താനും. കാരണം ടോമി അങ്ങിനെ വലിഞ്ഞു കയറി വന്നവനല്ല . അതൊരു വല്യ കഥ തന്നെയാണ്.

കറിയാച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസം വരെ ആ ബംഗ്ലാവ് ഒരു സ്വര്‍ഗം തന്നെയായിരുന്നു.  മരുമകളും പേരക്കുട്ടികളും എല്ലാരുമൊത്ത്  സന്തോഷത്തോടെ ജീവിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു നെഞ്ച് വേദനയിലാണ് ത്രേസ്യാമ്മ ചേട്ടത്തി മേല്‍പ്പോട്ടു പോയത്. അവരുടെ മരണ വാര്‍ത്ത അറിഞ്ഞ് അമേരിക്കയില്‍ നിന്നും മകനായ ജോണിക്കുട്ടി എത്തിയത് പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ്. ത്രേസ്യാമ്മ ചേട്ടത്തി ഇല്ലാത്ത വീട്ടില്‍ അപ്പനോട് കൂടെ ഒറ്റയ്ക്ക് നിക്കാന്‍ ബുദ്ധി മുട്ടാണ് എന്ന് അവന്‍റെ കെട്ട്യോള്‍ കട്ടായം പറഞ്ഞതോട് കൂടെയാണ് കറിയാച്ചന്‍ ജീവിതത്തില്‍ ശരിക്കും ഒറ്റപ്പെടുന്നത്. അപ്പനെ ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരനാക്കി കൊണ്ട് ജോണിക്കുട്ടി ഭാര്യയേയും മക്കളെയും പെറുക്കിയെടുത്ത് അമേരിക്കയിലോട്ടു മടങ്ങി പോകുകയും ചെയ്തു . 

ജോണിക്കുട്ടി  തന്നെ ഒറ്റപ്പെടുത്തി പോയെന്നും വച്ച് കറിയാച്ചനു അവനോടൊരിക്കലും ഒരു  കലിപ്പും തോന്നിയിരുന്നില്ല. എത്രയായാലും അവന്‍ തന്‍റെ ചോരയാണ്, അവനു അവന്റെ കുടുംബം നോക്കിയല്ലേ  പറ്റൂ എന്ന് മാത്രമാണ് അയാള്‍ പറഞ്ഞിരുന്നത്. ആ വലിയ വീടും അതിന്റെ പരിസരവും നോക്കി ജീവിക്കുക എന്നതില്‍ കവിഞ്ഞു കറിയാച്ചന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ലായിരുന്നു. 

അങ്ങിനെയിരിക്കെ ഒരു മഴക്കാലത്ത്   രാത്രിയിൽ  കറിയാച്ചന്റെ വീട്ടുവളപ്പിൽ പതിവില്ലാത്ത ഒരു ശബ്ദം. അടുക്കള വാതിലിന്റെ അടുത്തോട്ടു ആരൊക്കെയോ ഓടിയടുക്കുന്നു എന്ന് തോന്നി തുടങ്ങിയപ്പോളാണ് കറിയാച്ചൻ ഞെട്ടി എഴുന്നേൽക്കുന്നത്. ലൈറ്റ് ഓണ്‍ ചെയ്യാതെ തലക്കൽ വച്ചിരുന്ന ഫോറിൻ ടോർച്ചുമായി കറിയാച്ചൻ അടുക്കള വാതിൽ ഭാഗത്തേക്ക് നടന്നു. പിന്നെ പെട്ടെന്ന് വാതിൽ തുറന്ന ശേഷം പിൻ വശത്തെ തൊടിയിലോട്ടെല്ലാം ടോർച്ച് അടിച്ചു നോക്കി. അപ്പോഴാണ്‌ ഇരുട്ടിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ കണ്ടത്. 

"യെവനെ കൊണ്ട് വല്യ തൊന്തരവായല്ലോ കർത്താവേ, പകല് മുഴുവൻ വളപ്പിൽ ചുറ്റി കറങ്ങുന്നത് കണ്ടപ്പോഴേ ഞാൻ കരുതിയതാണ് ഇതൊക്കെ. ഇപ്പൊ ദേ  രാത്രിയിലും.  പോ നായെ, രാത്രിയിൽ മനുഷനെ പേടിപ്പിക്കാനായിട്ട് " . 

കറിയാച്ചൻ കൈയ്യിൽ കിട്ടിയ എന്തോ എടുത്ത് അവനെ എറിഞ്ഞു. പക്ഷെ അവൻ ആ ഏറു കൊണ്ടിട്ടും അവിടുന്ന് പോകാൻ തയ്യാറല്ലാത്ത പോലെ അടുക്കള ഭാഗത്തേക്ക് നോക്കി ഉറക്കെ ശബ്ദിച്ചു. അത് പിന്നെ ഒരു വലിയ മുരൾച്ചയായി മാറുകയായിരുന്നു. പൊടുന്നനെ അവൻ അലറിക്കൊണ്ട്‌ കറിയാച്ചനു നേരെ കുതിച്ചു. കറിയാച്ചന്റെ തലയോളം ഉയരത്തിൽ ചാടിയ അവൻ അടുക്കളഭാഗത്തെ ഇരുണ്ട മൂലയിൽ ഒളിച്ചിരുന്ന ആരെയോ കടിച്ചു കുടഞ്ഞു. കറിയാച്ചന്റെ ഉച്ചത്തിലുള്ള നിലവിളിയും കടി കിട്ടിയവന്റെ കരച്ചിലും നായയുടെ കുരയും അങ്ങിനെയെല്ലാം കൂടിയായപ്പോൾ നാട്ടുകാരെല്ലാം കൂടി കയ്യിൽ കിട്ടിയ ആയുധങ്ങളുമായി  വീട്ടിൽ പാഞ്ഞെത്തി. 

"കറിയാച്ചോ, ഈ കഴുവേറി മോൻ തന്നെയായിരിക്കും  രണ്ടു ദിവസം മുന്നേ കാഞ്ഞംകുളത്തെ അമ്മച്ചീടെ  ചെവി മുറിച്ചു കളഞ്ഞ ശേഷം കാതിലെ സ്വർണവുമായി കടന്നു കളഞ്ഞവൻ. എന്നതായാലും പോലീസിങ്ങു വരട്ടെ, ഇനിയവര് തീരുമാനിക്കും എവന്റെ  കാര്യം. കള്ള കഴുവേറി നിന്നെയൊക്കെ ചെയ്യേണ്ട വിധം എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല."  അയൽക്കൂട്ടത്തിനു നേതൃത്വം കൊടുത്ത  ഇമ്മാനുവൽ  പഴയ പട്ടാളക്കാരന്റെ ശൌര്യം വീണ്ടെടുത്ത പോലെ കള്ളന്റെ ചെകണ കുറ്റി നോക്കി ഒന്നങ്ങു കൊടുത്തു ശേഷം  പറഞ്ഞു. 

'നീയിങ്ങനെ അരിശം കൊള്ളാതടാ  വ്വേ .. ഒന്നടങ്ങ്. അതിനു മാത്രം ഒന്നുമിപ്പോ  സംഭവിച്ചില്ല ല്ലോ  ."  കറിയാച്ചൻ അയാളെ ശാന്തപ്പെടുത്തി. 

പോലീസ് വന്നപ്പോൾ ഏകദേശം അര മുക്കാൽ മണിക്കൂറായി. അപ്പോഴേക്കും നാട്ടുകാരെല്ലാം കൂടെ കള്ളനെ നന്നായി മയപ്പെടുത്തിയിരുന്നു, കയ്യും കാലും വരിഞ്ഞു മുറുക്കിയ ശേഷം  ഒരു പഴം ചക്ക കണക്കെ നിലത്തു പ്രദർശന വസ്തുവായ് ഇട്ടിരിക്കുന്ന കള്ളനെ നോക്കി പോലീസ് ആകെപ്പാടെ കലിപ്പായി . 

" എന്നാ പണിയാടാ പന്ന മക്കളെ നിങ്ങ ഈ കാണിച്ചിരിക്കുന്നത് ? ഇതിപ്പോ സ്റ്റേഷനിൽ വച്ച് ഇവന്റെ കാറ്റങ്ങു പോയാ പിന്നെ  അതിന്റെ കുറ്റവും നമ്മ ഏൽക്കേണ്ടി വരും ? ഏവനാടാ ഇവന്റെ മേൽ ഇത്രേം കേറി പണിഞ്ഞത് ? "

ഒരാളും ഒന്നും മിണ്ടിയില്ല. എല്ലാവരും ഇമ്മാനുവലിന്റെ മുഖം അവിടെയെല്ലാം തിരഞ്ഞെങ്കിലും അവനെ കണ്ടതുമില്ല. ഒടുക്കം സകലരുടെയും നോട്ടം കറിയാച്ചനു നേർക്കായി. തൊട്ടു പിന്നാലെ പോലീസിന്റെ കണ്ണുകളും ആ വൃദ്ധനിൽ പതിഞ്ഞു. 

" താനാണോ ഇപ്പണി ചെയ്തത് ? "

"അയ്യോ, അല്ല സാറേ .. ഞാനല്ല. എനിക്കതിനുള്ള ആവ്തോന്നും ഇല്ലായെന്ന് എന്നെ കണ്ടാലറിയില്ലായോ .. " കറിയാച്ചൻ ശാന്തമായി പറഞ്ഞു . 

" അപ്പോൾ കള്ളനെ  ആദ്യം കണ്ടത് ആരാ ? താനല്ലിയോ ? " 

"അല്ല സാറേ, ദോ ആ കിടക്കുന്ന വീരനാണ്  കള്ളനെ  ആദ്യം കണ്ടത്. വാതിൽ തുറന്നപ്പോൾ  ഞാൻ കണ്ടത്  അവനെ മാത്രമായിരുന്നു . " അടുക്കള ഭാഗത്ത് ക്ഷീണിച്ചു കിടക്കുന്ന ഒരു മെലിഞ്ഞ നായയെ നോക്കി കൊണ്ട് കറിയാച്ചൻ പറഞ്ഞു. 

"ഡോ, താനെന്നാ വർത്തമാനാ ഈ പറഞ്ഞോണ്ട് വരുന്നത്. ഒരു നായെ കാണിച്ചു തന്നിട്ട് അവനെയങ്ങു ചോദ്യം ചെയ്തോ എന്നാണോ? മനുഷ്യന്മാരുടെ കാര്യമാ നമ്മ ഈ പറയുന്നത് . അതിനിടക്ക് ഒരുമാതിരി .. " പോലീസുകാരിൽ ഒരാൾ  അമർഷം കടിച്ചമർത്തി കൊണ്ട് പറഞ്ഞു . 

"താൻ ഒരു പണി ചെയ്യ്, നാളെ കാലത്ത് സ്റ്റെഷനിലോട്ടു വന്നെക്ക്.  ബാക്കിയെല്ലാം അവിടെ വച്ച് സംസാരിക്കാം. " 

പോലീസും അയൽക്കൂട്ടവും പിരിഞ്ഞു പോയപ്പോൾ  സമയം ഏകദേശം രാവിലെ നാല് മണിയാകാറായിരുന്നു. ഇനിയിപ്പൊ രണ്ടാമത് ഉറങ്ങാനുള്ള സമയമൊന്നുമില്ല. കറിയാച്ചൻ അടുക്കള ഭാഗത്തേക്ക് നടന്നു . 

അപ്പോഴും അടുക്കള   തിണ്ണയിൽ അവൻ കിടക്കുന്നുണ്ടായിരുന്നു. കറിയാച്ചൻ അവന്റെ അടുത്തു പോയി ഇരുപ്പുറപ്പിച്ചു. അവനെ കണ്ടിട്ട് നാടൻ ഇനത്തീ പെട്ടതാണെന്ന് തോന്നുന്നില്ല. അവന്റെ കണ്ണുകളിലേക്കു നോക്കി നിന്നപ്പോൾ  ആ കണ്ണുകൾ സംസാരിക്കുന്ന പോലെ തോന്നി. 

'എന്നതാ കറിയാച്ചോ ഇങ്ങനെ നോക്കുന്നത്? എന്റെ കണ്ണിലെന്നതാ ഇത്ര മാത്രം നോക്കാനുള്ളത് ?" അവൻ  കറിയാച്ചനോട് ഒരൽപ്പം  ഗൌരവത്തോടെ ചോദിച്ചു. 

"ഹാഹ് ! നീ ആള് കൊള്ളാമല്ലോട വ്വേ, സംസാരിക്കുന്നോ ? നീയപ്പം ഒരു സാധാ ഇനത്തീപ്പെട്ടതല്ല എന്ന് സാരം. ആഹ നീ  കൊള്ളാമല്ലോ. എന്നതായാലും നേരം പുലരുവോളമെങ്കിലും എനിക്ക് മിണ്ടീം പറഞ്ഞും ഇരിക്കാനോരാളായല്ലോ .  ' 

' ഓ .. അങ്ങിനെ എല്ലാവരോടോന്നും സംസാരിക്കാറില്ല. അല്ലെങ്കി തന്നെ ഇവിടാരോട് എന്ത് സംസാരിക്കാനാ ? സംസാരിച്ചെട്ടെന്തു കാര്യം ? ഹും .. " അവൻ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു. 

'ങും . ഒരർത്ഥത്തിൽ അതും ശരിയാ . ആട്ടെ എന്നതാ നിന്റെ പേര് ? '

"കറിയാച്ചൻ നമ്മുടെ  പ്രാഞ്ചീയ്ട്ടൻ സിനിമായോന്നും  കണ്ടിട്ടില്ലായോ? അതിലെ പുണ്യാളൻ പറയുന്നുണ്ട് ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് . ഹ ഹാഹ് , ഈ ചോദ്യം കേൾക്കുമ്പോൾ  എനിക്കതാ ഓർമ വരുന്നത് ." 

" ങേ .. അപ്പം നീ സിനെമായോക്കെ കാണുമോ . ഇവിടെ ത്രേസ്യാക്കു വല്യ ഇഷ്ടായിരുന്നു സിനെമായോക്കെ. ഹും, എന്നാ പറയാനാ അവളങ്ങു പോയില്ലായോ. " കറിയാച്ചൻ അതും പറഞ്ഞു കൊണ്ട് പെട്ടെന്ന് മൌനിയായി . 
 " ങും , സാരല്യ കറിയാച്ചാ . ഓരോ സമയത്തും ഓരോന്നൊക്കെ നടക്കണം എന്നത് കർത്താവിന്റെ തീരുമാനമാണ്. അത് നടന്നല്ലേ പറ്റൂ." അവൻ കറിയാച്ചനെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു . 

" ങും .. ഞാനും അങ്ങിനെ കരുതി തന്നെയാ ആശ്വസിക്കുന്നത്. "  

"ഓർമ വച്ച കാലം തൊട്ട് എന്നെ ടോമി എന്ന പേരിലാണ് എല്ലാവരും വിളിക്കുന്നത് .  കറിയാച്ചനും  ആ പേര് തന്നെ വിളിക്കാം "  

"ആഹ, നല്ല പേരാണല്ലോ ! എന്റെ കൊച്ചുമോന്  ഈ പേരിടണം എന്നായിരുന്നു എന്റെ ആഗ്രഹം.  പക്ഷെ അവറ്റങ്ങളുടെ അമ്മക്കത്‌ പറ്റിയില്ല . അപ്പോൾ പിന്നെ ജോണിക്കുട്ടിയും ആ പേര് വേണ്ടാന്നു പറഞ്ഞു . ഹും.  അതൊക്കെ പോട്ടെ നിന്നെ ഈ രാത്രിയിൽ എനിക്ക് കാവൽ നിർത്തിയതാരാണ് ? നീ ഇത്രേം കാലം എവിടാരുന്നു ? "

"ങും .. അതൊക്കെ പറയാൻ നിന്നാൽ  ഈ വെളുത്തു വരുന്ന പകൽ ഒന്ന് കൂടി അസ്തമിക്കുന്ന അത്രേം സമയമെടുത്തെന്നു വരും. അത് കൊണ്ട് ചുരുക്കി പറയാം. കറിയാച്ചൻ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസമാണ് ആദ്യമായി ഞാൻ ഈ വളപ്പിൽ കാലു കുത്തുന്നത്. അന്ന് ഞാൻ ഉറക്കെ ഓരിയിട്ടു കരഞ്ഞപ്പോൾ ജോണിക്കുട്ടിയുടെ പെണ്ണും പിള്ള എന്നെ കല്ലെറിഞ്ഞു ആട്ടിയാരുന്നു. ആ ഏറു കൊണ്ട പാടാണ് എന്റെ മുഖത്തു ഇപ്പോൾ ഈ കാണുന്നത്. അന്ന് തൊട്ടു ഞാൻ ഈ തൊടിയിലോക്കെ തന്നെയായി ഉണ്ടായിരുന്നു. കറിയാച്ചൻ ഭക്ഷണം കഴിച്ചു കഴിക്കുമ്പോൾ അതിലെ  ഒരോഹരി അടുക്കള ഭാഗത്തെ ഈ തെങ്ങിൻ ചുവട്ടിലുള്ള പാത്രത്തിൽ ഇട്ടു  വക്കത്തില്ലയോ? അതാണ്‌ ഇന്ന് എനിക്കുള്ള ഈ ജീവന്റെ അടിസ്ഥാനം. അതിന്റെ നന്ദി കാണിച്ചെന്നു കൂട്ടിയാ മതി. അല്ലാതെ തെണ്ടിയും അവശനുമായ എന്നെ പോലൊരു ഒരുത്തനെ ആരുടെയെങ്കിലും കാവലിനു നിയോഗിക്കുമോ ? അങ്ങിനെയായിരുന്നെങ്കിൽ എന്നെ അവർ തെരുവിൽ ഉപേക്ഷിക്കുമായിരുന്നില്ല "  ടോമി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വാക്കുകൾ പലയിടത്തും പതറി . 

കറിയാച്ചൻ അവന്റെ മുഖത്തെ പാടുകളിൽ കൈ കൊണ്ട് ഉഴിഞ്ഞു. അവനു കുടിക്കാൻ ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചൂടാക്കി കൊടുത്തു . ശേഷം അവനെ വീട്ടിനുള്ളിലേക്ക് നിർബന്ധിച്ചു കയറ്റി.  വീട്ടിനുള്ളിൽ കയറാൻ ആദ്യമൊക്കെ അവൻ വിസമ്മതിച്ചു എങ്കിലും കറിയാച്ചന്റെ നിർബന്ധത്തിനു മുന്നിൽ  പിന്നീട് വഴങ്ങേണ്ടി വന്നു. അന്ന് തൊട്ടു അവൻ ആ വീട്ടിലെ ഒരംഗത്തെ പോലെ കരുതപ്പെട്ടു എന്നതാണ് സത്യം.  ഇതൊക്കെ തന്നെയാണ് അവരുടെ സ്നേഹ ബന്ധത്തിന്റെ തുടക്കവും. 

അങ്ങിനെ കുറെ കാലത്തിനു ശേഷം  ബംഗ്ലാവിൽ വീണ്ടും  ഒച്ചയും അനക്കവുമൊക്കെ വന്നു തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവര് തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ല. പങ്കു വക്കാത്ത  കഥകളില്ല. അനുഭവങ്ങളില്ല. പലപ്പോഴും കഥയെന്ന പോലെ ടോമി കറിയാച്ചനു പറഞ്ഞു കൊടുത്തിരുന്നത്  ടോമിയുടെ  പഴയ കാല ജീവിതം തന്നെയായിരുന്നു. അത് മനസിലായ നിമിഷം  കറിയാച്ചൻറെ മനസ്സ്  വല്ലാതെ  വേദനിച്ചു. 

ഏതോ വലിയ വീടിന്റെ അകത്തളത്തിൽ സമ്പന്നതയുടെ  പ്രൌഡി കാണിക്കാൻ വേണ്ടി  വളർത്തുന്ന ജീവനുള്ള ഒരു വസ്തു മാത്രമായിരുന്നു അവൻ. ആ ജീവനുള്ള വസ്തുവിന് ആ വീട്ടുകാരിട്ട  പേരാണ് 'ടോമി'. വിദേശത്തെവിടെയോ  ആണവന്റെ  പൂർവികർ എന്ന് കേട്ട് കേൾവിയുണ്ട് . എ. സി റൂമുകളിലെ താമസവും, നല്ല ഭക്ഷണവും, കൊച്ചമ്മമാരുടെ കൂടെ സിനിമ കാണാൻ പോക്കും, ഷോപ്പിങ്ങും അങ്ങിനെ എല്ലാം കൊണ്ടും സുഖലോലുപനായി ജീവിക്കുന്ന സമയത്താണ് അവനൊരു അപകടം പറ്റുന്നത്. അതിൽപ്പിന്നെ അവന്റെ ആരോഗ്യ സ്ഥിതിയൊക്കെ മോശമായി.  ശോഷിക്കുകയും വൈരൂപ്യം ബാധിക്കുകയും ചെയ്ത  ഒരു നായ, അവനെത്ര ഉന്നത കുല ജാതനായാലും ആ വീട്ടിൽ പിന്നെ അവനൊരു സ്ഥാനവുമില്ല.  വില കൂടിയ വളർത്തു നായയെന്ന പേരിൽ അവനെ  മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ വീട്ടുകാർ സ്വയം അപമാനം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു . 

ഒന്നിനും കൊള്ളാത്ത അവനെ കൊന്നു കളയാനായിരുന്നു ആദ്യം അവർ തീരുമാനിച്ചത്. പക്ഷെ ആർക്കോ എപ്പോഴോ തോന്നിയ ഒരു ദയ, അവനെ കൊല്ലണ്ട എന്ന് തീരുമാനത്തിൽ എത്തിച്ചു. പകരം, നഗര മാലിന്യങ്ങൾ കൊണ്ട് കളയുന്ന  ദൂരെയുള്ള കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ കൊണ്ട് വിടാനായി ചിലരെ പറഞ്ഞേൽപ്പിച്ചു . 

പറഞ്ഞുറപ്പിച്ച പോലെ ഒരു രാത്രി വന്നെത്തി. നഗര മാലിന്യം കൊണ്ട് കളയാൻ ഉപയോഗിക്കുന്ന  വൃത്തിയില്ലാത്തൊരു വാഹനത്തിൽ അവനെ ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കയറ്റി. കുറെയേറെ സമയം കുതറി മാറി ഓടാൻ ശ്രമിച്ചെങ്കിലും അത്  നടന്നില്ല. അത്രയും കാലം അവനെ  ഒക്കത്തിരുത്തി കൊഞ്ചിച്ചവരും, സിനിമയ്ക്കും, ഷോപ്പിങ്ങിനും, ജോഗിങ്ങിനുമെല്ലാം  കൂടെ കൊണ്ട് നടന്നവരും, അങ്ങിനെ ആ വീട്ടിലെ എല്ലാവരാലും അവൻ പൂർണമായി ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതവനു ബോധ്യപ്പെട്ട നിമിഷത്തിൽ  അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ആ വണ്ടിക്കകത്ത് ഒരു മൂലയിൽ ശാന്തനായി അവൻ ഇരുപ്പുറപ്പിച്ചു. 

വണ്ടിയുടെ പിൻവാതിലിലെ ജനലിലൂടെ അവൻ ആ വീടിനെയും വീട്ടുകാരെയും അവസാനമായി ഒന്ന് നോക്കി. വണ്ടി മുന്നോട്ടു നീങ്ങാൻ തുടങ്ങിയ സമയത്ത് അവൻ പരിഭ്രമമൊന്നും കാണിച്ചില്ല.  രണ്ടാമതായി ആരെയും തിരിഞ്ഞു നോക്കിയില്ല. കരയുകുയും ചെയ്തില്ല. ഇനിയെന്ത് എന്ന ചിന്തയിൽ അവന്റെ മനസ്സ് അത്ര മേൽ മരവിച്ചു പോയിരുന്നു അപ്പോഴേക്കും. 

കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ ഉപേക്ഷിച്ച ശേഷം വണ്ടിക്കാർ അവരുടെ പാട്ടിനു പോയി. അവിടുന്നങ്ങോട്ട് അവനു നേരിടേണ്ടി വന്ന വെല്ലുവിളികൾ പലതായിരുന്നു. മാലിന്യം ഭക്ഷിക്കേണ്ടി വന്നു . അതിനായി മറ്റു നായ്ക്കളോട് കടി പിടി കൂടേണ്ടി വന്നു. പലപ്പോഴും രാത്രിയിൽ കള്ള് കുടിയും മറ്റുമായി ആ ഭാഗത്തേക്ക് വരുന്ന ആളുകളിൽ നിന്ന് കല്ലേറ് കിട്ടുകയുണ്ടായിട്ടുണ്ട്. അങ്ങിനെയെന്തെല്ലാം അനുഭവങ്ങൾ അവനുണ്ടായിരിക്കുന്നു എന്ന് മുഴുവൻ പറയ വയ്യ. 

അവിടുന്ന് തുടങ്ങിയ അവന്റെ അലച്ചിൽ പിന്നീട്  നിൽക്കുന്നത് കറിയാച്ചന്റെ വീട്ടു വളപ്പിൽ എത്തുന്നതോടെയാണ്. ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആണ് അവനൊന്നു കോട്ട് വാ ഇട്ടത്. അതിനോടൊപ്പം ഉച്ചത്തിൽ പൊങ്ങി വന്ന ശബ്ദം കേട്ടിട്ടായിരിക്കാം ജോണിക്കുട്ടിയുടെ ഭാര്യ അവനെ കല്ലെടുത്തെറിഞ്ഞതും ആട്ടിപ്പായിച്ചതും . 

" കറിയാച്ചാ .. ദേ അവരെത്തി കേട്ടോ .. " ടോമിയുടെ വിളി കേട്ടാണ് കറിയാച്ചൻ മയക്കത്തിൽ നിന്ന് എഴുന്നേറ്റത് .  

ഗെയ്റ്റ് തുറക്കാൻ വേണ്ടി ഹോണ്‍ അടിക്കുകയാണ് ഡ്രൈവർ. കറിയാച്ചൻ നടന്നു അങ്ങൊട്ടെത്തുമ്പൊഴെക്കും ഒരു സമയമാകും. വീട്ടിലെ തന്റെ സ്വാതന്ത്ര്യവും സാന്നിധ്യവും അറിയിക്കാനായി ടോമി ഗെയ്റ്റിനു മുന്നിലേക്ക്‌ ഓടി. അപ്പോഴേക്കും ഡ്രൈവർ  പുറത്തിറങ്ങി ഗെയ്റ്റ് തുറന്നിരുന്നു. ഗെയ്റ്റും കടന്ന് വീടിന്റെ മുറ്റത്തേക്ക് സ്പീഡിൽ കുതിച്ച ചുവന്ന നിറമുള്ള ബെന്സിനു പിന്നാലെ ടോമി സർവ ശക്തിയും എടുത്ത് ഓടി . ഒരു വിധത്തിലാണ് അവൻ ആ വണ്ടിക്കൊപ്പം ഓടി എത്തിയത്. 

ഡോർ തുറന്നു പുറത്തിറങ്ങിയ ജോണിക്കുട്ടിക്കൊപ്പം മറ്റാരൊക്കെയോ ഉണ്ടായിരുന്നു. അവരെ വീടും വളപ്പും ചുറ്റി  കാണിക്കാൻ  ഡ്രൈവറെ പറഞ്ഞേൽപ്പിച്ച  ശേഷം ജോണിക്കുട്ടി   കറിയാച്ചനും ടോമിയും നിൽക്കുന്ന ഭാഗത്തേക്ക് മടങ്ങി വന്നു . 

" ഹോ .. ഇവനാണോ അപ്പൻ പറഞ്ഞ ആ  ടോമി ?  ഞാൻ കരുതി വല്ല ജർമൻ ഷെപ്പേഡു പോലുള്ള വല്ല ഐറ്റവും ആയിരിക്കുമെന്ന്.  ഇത് വലിയ മെനയില്ലാത്ത ഏതോ ജാതിയാണ് . കണ്ടില്ലേ ആകെ ശോഷിച്ചാ നിൽക്കുന്നെ. പോരാത്തതിന് കാലിനു  ചെറിയ മുടന്തുമുണ്ടല്ലെ ?." ജോണിക്കുട്ടി ടോമിയെ ഒറ്റ നോട്ടത്തിൽ വിലയിരുത്തി കഴിഞ്ഞു . 

ജോണിക്കുട്ടിയുടെയും കറിയാച്ചന്റെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് ടോമി. അവരുടെ സംഭാഷണത്തിന്റെ ഗതി മനസിലാകാതെ അവനാകെ കുഴങ്ങി. അവര് രണ്ടു പേരും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി . പിന്നാലെ ടോമിയും ചെന്നു . 

"പ്ഫാ .. നായിന്റെ മോനെ , വന്നു വന്ന് വീടിനകത്തെക്കാണോ കയറുന്നത് ??" ജോണിക്കുട്ടി ടോമിയുടെ വയറു നോക്കി ആഞ്ഞൊരു ചവിട്ടങ്ങ് കൊടുത്തു . ഇടിയുടെ ആഘാതത്തിൽ ടോമി ഒരൽപ്പം ദൂരത്തേക്കു തെറിച്ചു വീണു . 

കറിയാച്ചൻ ജോണിക്കുട്ടിയെ എന്തൊക്കെയോ ചീത്ത വിളിച്ചു കൊണ്ട് ടോമിയെ പിടിച്ചു എഴുന്നെൽപ്പിച്ചെങ്കിലും അവന്റെ കരച്ചിൽ കുറെ നേരം തുടർന്നു . പിന്നെ സാവധാനം അവൻ മുടന്തി മുടന്തി വീട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി കിടന്നു. ഇനിയെന്തായാലും ജോണിക്കുട്ടി പോകുന്ന സമയം വരെ വീടിനകത്തേക്ക് കയറുന്ന പ്രശ്നമില്ല എന്ന തരത്തിൽ വീടും നോക്കി ദൂരത്തായി അവൻ കിടന്നു . 

സമയം സന്ധ്യയായി. വീടും വളപ്പും കണ്ടു നടന്നവർ എല്ലാവരും കൂടി ഉമ്മറത്തിരുന്നു ജോണി കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു ഉറപ്പിക്കുന്നുണ്ട്. കറിയാച്ചൻ പിന്നെ കുറച്ചു ദിവസമായിട്ടുള്ള  അതെ മുഖഭാവം തന്നെ ഇപ്പോഴും. ടോമി ദൂരെ ഇരുന്ന് എല്ലാം നോക്കി കാണുന്നുണ്ട് . 

അൽപ്പ സമയം കഴിഞ്ഞു കാണും. ഒരു ചെറിയ മാരുതി വാൻ വീട്ടു മുറ്റത്തെത്തി . കറിയാച്ചൻ അതിനു അടുത്തേക്ക് നടന്നു വന്ന ശേഷം ടോമിയെ വിളിച്ചു . അവൻ അനുസരണയോടെ അയാളുടെ അടുത്തു ചെന്ന് നിന്നു  . 

" എടാ ടോമിയേ, നമുക്കൊരിടം വരെ പോകാം .. നീ എന്റെ കൂടെ പോരില്ലേ .. " 

 കറിയാച്ചൻ കുറച്ചു ദിവസത്തിനു ശേഷമാണ് ഇങ്ങിനെ സ്നേഹത്തോടെ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ കേട്ട പാതി കേൾക്കാത്ത പാതി ടോമി വേഗം വണ്ടിയിൽ കയറി ഇരുപ്പുറപ്പിച്ചു. കൂടെ കറിയാച്ചനും. വണ്ടി മുന്നോട്ടു നീങ്ങുന്ന സമയത്ത് ജോണിക്കുട്ടി കറിയാച്ചനോടായി എന്തോ ഉറക്കെ വിളിച്ചു പറയുന്നത് അവൻ ശ്രദ്ധിച്ചു . 

കറിയാച്ചൻ വണ്ടിയിലിരുന്നു വീണ്ടും എന്തോ ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാഴ്ച കണ്ടു കൊണ്ടിരിക്കുകയാണ് ടോമി. വീട്ടിൽ നിന്നും ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു. എന്നാലും എവിടെയോ കണ്ടു മറന്ന വഴികളെ പോലെ. അവൻ ആ വഴികൾ ഓർത്തെടുക്കാൻ ശ്രമിക്കവേ കറിയാച്ചൻ വണ്ടി നിർത്താൻ പറഞ്ഞു . 

കറിയാച്ചനൊപ്പം വണ്ടിക്കു പുറത്തിറങ്ങിയ ടോമി ആ സ്ഥലം തിരിച്ചറിഞ്ഞു. പഴയ ആ കുറുക്കൻ മല. ഇവിടെ എന്തിനായിരിക്കും കറിയാച്ചൻ തന്നെ കൊണ്ട് വന്നിട്ടുണ്ടാകുക ?

"ടോമി .. നിന്നെ ഞാൻ ഇവിടെ വിടാൻ പോകുവാ.  ഇനി നീയെന്നെ തേടി വരരുത്. നീ വന്നിടത്തേക്കു  തന്നെ മടങ്ങി പൊയ്ക്കോ മോനെ. എനിക്കാകില്ല നിന്നെയിനി  സംരക്ഷിക്കാൻ". കറിയാച്ചൻ വിതുമ്പി കൊണ്ട് പറഞ്ഞു. ടോമിക്കൊന്നും മനസിലായില്ല. അവനവിടെ ചുറ്റിനും എന്തൊക്കെയോ മണം പിടിച്ചു കൊണ്ടിരിക്കുന്ന സമയം കൊണ്ട് കറിയാച്ചൻ വണ്ടിക്കകത്തെക്ക് ഓടി കയറി. 

വണ്ടി പോകുന്ന ശബ്ദം കേട്ടപ്പോൾ ടോമി പിന്നാലെ പാഞ്ഞു. പാഞ്ഞു പോകുന്ന മാരുതി വാനിനു പിന്നാലെ ഓടി വരുന്ന ടോമിയെ ചില്ല് ഗ്ലാസിലൂടെ കറിയാച്ചൻ നോക്കി  കൊണ്ടിരിക്കുകയായിരുന്നു.  കാഴ്ച്ചയുടെ ദൂരം കുറഞ്ഞു വരുന്നതിനു മുൻപേ തന്നെ  ഇരുട്ടിലെവിടെയോ ടോമി മറഞ്ഞു പോയി. 

 കറിയാച്ചൻ സീറ്റിൽ മുഖമമർത്തി കൊണ്ട് നിശബ്ദനായി കരയുകയാണ്. നാളെ കാലത്ത് ടോമിയെ പോലെ താനും ജോണിക്കുട്ടിയുടെ കൂടെ ഇത് പോലൊരു യാത്ര പോകാൻ പോകുകയാണ് എന്ന് കൂടി ആലോചിക്കുമ്പോൾ അയാൾക്ക്‌ വിഷമം അടക്കാൻ സാധിക്കുന്നില്ല. അയാളുടെ  തേങ്ങി തേങ്ങി കരയുന്ന ശബ്ദം വാനിന്റ എഞ്ചിൻ ശബ്ദത്തിൽ അലിഞ്ഞു പോയി . 

വീട്ടു പടിക്കൽ വണ്ടി എത്തിയപ്പോഴേക്കും സമയം ഏകദേശം പാതിരായായിരുന്നു. പുറത്തു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ജോണിക്കുട്ടി മൊബൈൽ ഫോണിലുള്ള  സംസാരം അവസാനിപ്പിച്ചു. പിന്നെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന  അവസാനത്തെ പെഗ് ഒരൊറ്റ വലിക്കു തീർത്ത്‌ കൊണ്ട് പുറത്തേക്ക് കടന്നു വന്നു. 

"ഓ .. കൊണ്ട കളഞ്ഞോ ആ സാധനത്തിനെ. സമാധാനം !  ഇനി അതിന്റെ പേരിൽ വീട് വിട്ടു എങ്ങൊട്ടുമില്ലായെ എന്ന് പറയത്തില്ല ല്ലോ. അല്ലേലും നല്ല കാര്യങ്ങൾ ചെയ്യാൻ അപ്പനെന്നും ഒരിച്ചിരി വൈകും എന്നത് നേരാ. ഇതും അത് പോലെയൊന്ന്  തന്നെ  .. " വണ്ടി നിർത്തി പുറത്തോട്ടിറങ്ങിയ ഡ്രൈവറോട് ജോണിക്കുട്ടി ആടിക്കുഴഞ്ഞു കൊണ്ട് പറഞ്ഞു. 

വണ്ടിയിൽ നിന്ന് ഇറങ്ങാതെ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന കറിയാച്ചന്റെ അടുത്തു ചെന്ന് കൊണ്ട് ജോണിക്കുട്ടി ബാക്കി സംസാരം തുടർന്നു.  

"ഈ ഒരൊറ്റ ഡീല് കൊണ്ട് അപ്പന്റെ അക്കൌണ്ടിൽ ഈ ജോണിക്കുട്ടി ഇടാൻ പോകുന്നത് കോടികളാണ്.  കോടികൾ ! പിന്നെ, താമസം ഇവിടുന്നു മാറേണ്ടി വരും എന്നത് കൊണ്ട്  അപ്പനെന്നായിത്ര  നഷ്ടം?? ഒരു നഷ്ടവുമില്ലെന്നു മാത്രമല്ല, ശരണാലയത്തിൽ ഇതിലും നല്ല സെറ്റപ്പോടെ കഴിയാനുള്ള വകയും ഈ ജോണിക്കുട്ടി അപ്പന് തരും . ഇതീ കൂടുതൽ ഞാൻ എന്റെ അപ്പനെങ്ങനാ സ്നേഹിക്കണ്ടത് ? അപ്പൻ തന്നെ പറ. അല്ലേൽ വേണ്ട, അപ്പനിങ്ങു പുറത്തോട്ടു ഇറങ്ങിയേ , വിശദമായിട്ട് തന്നെ ഞാൻ പറയാം . " 

ഇത്രയേറെ കാര്യങ്ങൾ പറഞ്ഞിട്ടും വണ്ടിക്കകത്ത് നിർവികാരനായി ഇരിക്കുന്ന കറിയാച്ചനെ കണ്ടിട്ട് ജോണിക്കുട്ടിക്ക് സഹിച്ചില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി വരാൻ വേണ്ടി ജോണിക്കുട്ടി ഡോർ തുറന്ന് കറിയാച്ചന്റെ കൈ പിടിച്ചു വലിച്ചു.  ആ ശക്തിയിൽ അയാളുടെ ശരീരം ഒരു ഭാഗത്തേക്കായി പെട്ടെന്ന് ചരിഞ്ഞു വീണപ്പോൾ ജോണിക്കുട്ടി ഉച്ചത്തിൽ ഡ്രൈവറെ വിളിച്ചു കൊണ്ട് അലറി. ഡ്രൈവർ ഓടി വന്നു. രണ്ടു പേരും കൂടി കറിയാച്ചന്റെ  മരവിച്ച ശരീരം വീടിന്റെ ഉമ്മറത്ത് കൊണ്ട് കിടത്തി. അപ്പോഴും കള്ളിന്റെ ബോധത്തിൽ ജോണിക്കുട്ടി അപ്പനോട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . 

അതേ സമയം ദൂരെ കുറുക്കൻ മലയുടെ ഇരുട്ട് വഴികളിലൂടെ കറിയാച്ചന്റെ ഗന്ധം പിടിച്ചുകൊണ്ട് മുടന്തി- മുടന്തി  ഓടി വരുകയായിരുന്ന ടോമിയുടെ കാഴ്ചക്ക് മുന്നിൽ ഒരു തൂവെളിച്ചമായി കറിയാച്ചൻ  നിറഞ്ഞു വന്നു. കറിയാച്ചനെ കണ്ടപ്പോൾ ടോമി പതിവില്ലാത്ത ശൈലിയിൽ ഓരിയിട്ടു കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു. പിന്നീട്  പതിവ് സംസാരവും കളി ചിരിയുമായി അവർ രണ്ടു പേരും കൂടി കുറുക്കൻമലയുടെ മുകളിലേക്ക് ഓടി കയറി. ഇരുട്ടിന്റെ മാത്രം കാവൽക്കാരാകാൻ അവരെപ്പോഴേ   തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. 
-pravin-