ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരി എന്നൊരു സ്ഥലമുണ്ട്. എന്റെ അമ്മൂമ്മയുടെ വീട് അവിടെ ആണ്. ഒരു പക്കാ ഗ്രാമം തന്നെയെന്നു പറയാം. പാടത്തിന്റെ അരികില്‍ വീട്.. പിന്നെ പരന്നു കിടക്കുന്ന പറമ്പ് , കുളങ്ങള്‍ , പറങ്കി കാടുകള്‍ . രാത്രി നിലാവ് പെയ്തിറങ്ങും.. പാടത്തില്‍ നിന്നും കള കളം ശബ്ദമുണ്ടാകി ഒഴുകുന്ന വെള്ളം.. അവിടെ പാടത്തിനു നടുക്ക് ഒരു വലിയ മരം ഉണ്ട്. അതിന്റെ ചുവട്ടില്‍ ചില രാത്രികളില്‍ നിലാവ് കൊള്ളുന്ന പെണ്‍കുട്ടികളെ ഞാന്‍ ദൂരെ നിന്ന്കണ്ടിട്ടുണ്ട്. തിരുവാതിര കാലമായാല്‍ ആ ഗ്രാമത്തിലെ മിക്ക പെണ്‍കുട്ടികളും രാത്രിയില്‍ ആ മരച്ചുവട്ടില്‍ ഇരുന്നു സൊറ പറയും. ചിലര്‍ നിലാ വെളിച്ചത്തില്‍ ആ പാട വരമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.
എന്താ പെണ്ണുങ്ങളുടെ ഒരു ധൈര്യം ? ഈ നിലാവത്ത് എല്ലാവരും കൂടി ഇത്ര വലിയ സമ്മേളനം നടത്താന്‍ മാത്രം എന്തിരിക്കുന്നു? ഇത്ര മാത്രം പരസ്പരം പറയാന്‍ ഇവര്‍ക്ക് എന്തിരിക്കുന്നു ?. അമ്മൂമ്മയുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം സന്ദര്‍ശനം നടത്തുന്ന എനിക്കതൊക്കെ പുതു കാഴ്ചകളായിരുന്നു. അമ്മൂമ്മയുടെ വീട്ടില്‍ നിന്നു അക്കരെ പാടത്തേക്കു നോക്കിയാല്‍ നിലാവിലും മഞ്ഞിലും കുളിച്ചു നില്ക്കുന്ന നെല്ക്കതിരുകളും പിന്നെ ആ ഒരൊറ്റ മരവും. വല്ലാത്തൊരു കാഴ്ചയായി എന്നും എന്റെ ഓര്‍മയില്‍ അതുണ്ടായിരുന്നു.

അമ്മൂമ്മയുടെ വീട്ടില്‍ പോയാല്‍ വല്ലാത്തൊരു ഏകാന്തതയാണ്, സമപ്രായക്കാരുമായുള്ള സംസാരം ഉണ്ടാകില്ല, അങ്ങാടിയില്‍ പോകണം എന്നുണ്ടെങ്കില്‍ കുറെ നടക്കണം. അതാകട്ടെ കുന്നും ഇറക്കവും പാടവും തോടും ഒക്കെ കടന്നു വേണം പോകാന്‍. പൊതുവേ നടക്കാന്‍ മടിയുള്ള എനിക്കിതൊക്കെ തന്നെയായിരുന്നു അമ്മൂമ്മയുടെ വീട്ടില്‍ പോകാനുള്ള മടിക്കും കാരണം. ആദ്യ കാലത്തൊന്നും കേബിള്‍ ടി വി ക്കാര് പോലും ഇല്ലായിരുന്നു. വെറും ദൂരദര്‍ശനില്‍ മാത്രം കണ്ണ് നട്ടിരിക്കേണ്ട അവസ്ഥ കുറെ കാലം എടുത്തു ഒന്ന് മാറി വരാന്‍. മൊബൈല്‍ റേഞ്ച് ഒട്ടും കിട്ടില്ല എന്നതാണ് മറ്റൊരു ദുഃഖം. അവിടെയും പ്രൈവറ്റ് കമ്പനിക്കാര്‍ക്ക് സ്വാഗതം ഇല്ല. ഉള്ളത് നമ്മുടെ ബി എസ് എന്‍ എല്‍ മാത്രം. ഇപ്പോള്‍ പിന്നെ കഷ്ടി എല്ലാം കിട്ടുന്നുണ്ട്.
അമ്മൂമ്മയുടെ വീട്ടില്‍ ഒരുപാട് സ്ഥലമുണ്ട്. വീടിന്റെ മുകളിലെ ഭാഗത്തെ പറമ്പ് നിറയെ വലിയ ഉയരമുള്ള കരിമ്പനകള്‍, അതിന്റെ താഴത്തെ ഭാഗം നിറയെ പറങ്കി മരങ്ങള്‍ നില്ക്കുന്നു. ഇടക്കുള്ള ഒരു സ്ഥലത്ത് അമ്മാച്ചന്റെ (അമ്മയുടെ അച്ഛന്) സമാധി. അതിനും താഴേക്കുള്ള പറമ്പില്‍ വാഴകളും മറ്റ് ഇടക്കൃഷിയും ചെയ്തിരിക്കുന്നു. അതിനുമൊക്കെ വളരെ താഴെയുള്ള സ്ഥലത്താണ് അമ്മൂമ്മയുടെയും മറ്റ് നാട്ടുകാരുടെയും നെല്‍പ്പാടങ്ങള്‍. പാടത്തിലേക്ക് വെള്ളം വേണ്ടത്ര കിട്ടാന്‍ വളപ്പില്‍ തന്നെ ഒരു വലിയ കുളവും ഉണ്ട്. പണ്ടത്തെ കാലത്ത് ഏത്തം എന്നോ മറ്റോ വിളിക്കുന്ന ഒരു വലിയ കലപ്പ പോലുള്ള യന്ത്രം ഉപയോഗിച്ചാണ് ജലസേചനം നടത്തിയിരുന്നതെന്ന് കേട്ടു കേള്‍വിയുണ്ട്.

വീടിനടുത്ത് തന്നെ ഒരു ശിവ ക്ഷേത്രം ഉണ്ട്. അക്ലേശ്വര ക്ഷേത്രം എന്നാണ് പേര്. വളരെ പഴയ കാലത്തുള്ള ഈ അമ്പലം ഒരു കുന്നിന് മുകളിലാണുള്ളത്. പകല്‍ സമയങ്ങളില്‍ ഈ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും താഴേക്കു നോക്കിയാല്‍ ഒരു ഗ്രാമ ഭംഗിയൊക്കെ ആസ്വദിക്കാന്‍ പറ്റും. പച്ചപ്പാടങ്ങള്‍, അതിനു മുകളിലൂടെ പറന്നു പോകുന്ന വെളുത്ത കൊക്കുകള്‍, ഇടയ്ക്കിടയ്ക്ക് കാറ്റില്‍ ഒഴുകി വരുന്ന നെല്‍ച്ചെടിയുടെ മണം ഇതൊക്കെ ഞാന്‍ കുട്ടിക്കാലത്ത് കണ്ടിരുന്നെങ്കിലും അന്നൊന്നും ആസ്വദിക്കാന്‍ തോന്നിയിരുന്നില്ല. പിന്നെ എപ്പോഴാണ് ഞാന്‍ ഇതൊക്കെ ആസ്വദിക്കാന്‍ തുടങ്ങിയതെന്നും അറിയില്ല.
പകല്‍ കണ്ട ഗ്രാമ ഭംഗിയാകില്ല രാത്രിയില്‍. രാത്രിയില്‍ രൂപത്തിലും ഭാവത്തിലും അത് വേറൊരു ഗ്രാമത്തെ പോലെ മാറിയിരിക്കും. മിക്കവാറും എഴ്-എട്ട് മണിയോട് കൂടെ എല്ലാ പ്രദേശവാസികളും അവരവരുടെ വീടുകളില്‍ ചേക്കേറും. പിന്നെ അയല്‍വാസിക്കൂട്ടങ്ങളും, അവരുടെ കുറ്റം പറച്ചിലും, ഇടയ്ക്കു ചില കള്ളുകുടിയന്മാരുടെ നാടന്‍ പാട്ടും അങ്ങനെ ഗ്രാമീണ കലകള്‍ പലതും കാണാം, കേള്‍ക്കാം. അതാണാ ഗ്രാമം.
രാത്രിയില്‍ ഒരു ദിവസം എല്ലാവരും ടി വി കാണുന്നതിനിടയില്‍, ഞാന്‍ മെസ്സേജ് അയക്കാന്‍ റേഞ്ച് തപ്പി കൊണ്ട് പുറത്തോട്ടിറങ്ങി. റേഞ്ച് നോക്കി നടന്നു ഞാന്‍ മേലെ പറമ്പിലെ പനച്ചുവട് വരെ എത്തി. നല്ല നിലാവെളിച്ചംമുള്ളതിനാൽ പകല്‍ പോലെ എല്ലാം നന്നായി കാണാന്‍ സാധിക്കുമായിരുന്നു. മെസ്സേജ് അയച്ച ശേഷവും ഡെലിവറി റിപ്പോര്‍ട്ട് വന്നില്ല എന്ന കാരണത്താല്‍ ഞാന്‍ അവിടെ തന്നെ കുറച്ചു നേരം നിന്നു. ആകാശം അപ്പോഴാണ് ശ്രദ്ധിച്ചത്. വളരെ താണ് വന്നിരിക്കുന്നു. പനകള്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിക്കുന്നു. അന്നാണ് ഞാന്‍ ആദ്യമായി, രാത്രിയിലെ ഗ്രാമ സൌന്ദര്യം കാണുന്നത്. നടക്കുന്നതിനിടയില്‍ കാലില്‍ ഏപ്പന്‍ പുല്ലുകള്‍ തലോടുന്നുണ്ടായിരുന്നു. ഞാന്‍ മറ്റേതോ ലോകത്തില്‍ ചെന്ന പോലെ ആകെ അന്തം വിട്ടു നടന്നു കൊണ്ടേ ഇരുന്നു. ഒടുക്കം അമ്മാച്ചന്റെ സമാധിക്കു മുന്നിലെത്തിയപ്പോള്‍ അവിടെ നിന്നു.
അമ്മാച്ചനെ ഞാന്‍ കണ്ടിട്ടില്ല. അമ്മയുടെ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അമ്മാച്ചന് ഇപ്പോളും ഈ സമാധിക്കുള്ളില്‍ ഉറങ്ങുന്നുണ്ടാകുമല്ലേ .? ഞാന്‍ ചെവി സമാധിയില്‍ ചേര്‍ത്തു വച്ച് ശ്രദ്ധിച്ചു. ഇല്ല. ഒന്നും കേള്‍ക്കുന്നില്ല. വീണ്ടും ഒന്ന് കൂടി ചെവി വച്ച് നോക്കിയാലോ .. ഞാന്‍ വീണ്ടും ചെവി വച്ച് നോക്കി. ശരിയാണ്. അമ്മാച്ചന് നല്ല ഉറക്കത്തിലാണ്. ശ്വാസം വിടുന്ന നേര്‍ത്ത ശബ്ദം എനിക്ക് കേള്‍ക്കാം. ശല്യപ്പെട്ത്തുന്നില്ല. അമ്മാച്ചന് ഉറങ്ങിക്കോട്ടെ. ഞാന്‍ അവിടെ നിന്നും നടന്നകന്ന് താഴെയുള്ള പറങ്കി മരങ്ങള്‍ക്കിടയില്‍ എത്തി. അവിടെയും കുറച്ചു നേരം ചുറ്റിപ്പറ്റി നിന്ന ശേഷം താഴെയുള്ള മൂവാണ്ടന്‍ മാവിന് ചുവട്ടിലും എത്തി. മരച്ചില്ലകള്‍ക്കിടയിലൂടെയും നിലാവെളിച്ചം താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. അവിടെ നിന്നു കൊണ്ട് ഞാന്‍ വിദൂരതയിലേക്ക് പടര്‍ന്നു കിടക്കുന്ന നെല്‍പ്പാടത്തിലേക്ക് നോക്കി.
അപ്പോഴാണ് പാടത്തിനു നടുകെ ഉള്ള ആ ഒറ്റമരത്തെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. നിലാവെളിച്ചത്തില്‍ പാടത്തിന്റെ പച്ചപ്പെല്ലാം നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ കരകാണാ കടലിന്റെ നീല നിറമാണ് പച്ചപ്പാടങ്ങള്‍ക്ക്. അതിനിടയില്‍ ഒറ്റയ്ക്ക് നിന്ന് ഇതെല്ലാം ആസ്വദിക്കുന്ന ആ മരം ഏതാണ്? ആരാണ് ആ മരച്ചുവട്ടിലും പാടവരമ്പിലും ഇരുന്നും നിന്നുമെല്ലാം സംസാരിക്കുന്ന തരുണീമണികള്‍ ?
ടി -ടീ ..ടി-ടീ ..അപ്പോളേക്കും മെസ്സേജ് കിട്ടേണ്ട ആള്‍ക്ക് കിട്ടി ട്ടോ എന്ന് പറഞ്ഞു കൊണ്ട് എന്റെ മൊബൈല്‍ കരഞ്ഞു. ഞാന്‍ വീടിന്റെ ഉമ്മറത്തേക്ക് നടന്നു ചെന്നു. സാവധാനം ഒന്നും അറിയാത്ത പോലെ ടി വി കണ്ടിരുന്ന ആളുകളെ വക വെക്കാതെ തട്ടിന്മുകളിലെ എന്റെ റൂമിലേക്ക് പോയി. അല്ലെങ്കിലും അവര്‍ സീരിയല്‍ ലോകത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എന്റെ വരവും പോക്കുമൊന്നും ശ്രദ്ധിച്ചു കാണില്ല. നിലാവിനിടയില്‍ പെയ്തിരുന്ന മഞ്ഞുത്തുള്ളികള്‍ എന്റെ തല നനച്ചിരുന്നു. തലയിലെ ആ തണുപ്പ് ഞാന്‍ തുടച്ചു കളഞ്ഞില്ല. ജനാലകള്‍ക്കിടയിലൂടെ ഞാന്‍ ദൂരേക്ക് പരന്നു കിടക്കുന്ന പാടങ്ങളെ നോക്കി. പക്ഷെ നിലാപ്പാടങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ മഞ്ഞു വീണു കൊണ്ടിരിക്കുകയായിരുന്നു.
അടുത്ത ദിവസം രാവിലെ എനിക്ക് പുലാമാന്തോളിലേക്ക് മടങ്ങി പോകേണ്ടി വന്നു. പക്ഷെ , മനസ്സ് മുഴുവനും രാത്രി കണ്ട നിലാപ്പാടവും അതിനു നടുക്കുള്ള ആ മരവും, മരത്തിനു ചുറ്റും കൂടിയിരുന്ന തരുണീ മണികളും മാത്രം. ഞാന്‍ രാത്രി കണ്ടതും കേട്ടതും ആരോടും പങ്കു വച്ചില്ല. അതങ്ങനെ തന്നെ കുഴിച്ചു മൂടി. എനിക്ക് വിസ വന്നതും പ്രവാസിയായതുമെല്ലാം പെട്ടെന്നായിരുന്നു. അതിനിടയില്‍ പിന്നൊരിക്കലും രാത്രി മനിശ്ശേരിയില്‍ തങ്ങേണ്ടി വന്നിട്ടില്ല. ഗള്‍ഫില്‍ വന്ന കാലത്ത് ഇടയ്ക്കിടയ്ക്ക് ഓര്‍ക്കാനുള്ള ഒരു അപൂര്‍വ വിചിത്ര ഓര്‍മയായി ആ സംഭവം അപ്പോഴേക്കും മാറിയിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രവാസ യാത്രക്കിടയില്‍ രണ്ടു മാസം അവധിക്കു നാട്ടിലെത്തിയപ്പോളാണ് ഞാന്‍ പിന്നീട് അമ്മൂമ്മയുടെ വീട്ടില്‍ പോയത്. ആ ദിവസം , രാത്രിയാകാന്‍ കാത്തിരുന്നു. പക്ഷെ പണ്ടത്തെ പോലെ ഗ്രാമം പെട്ടെന്നൊന്നും ഉറങ്ങുന്ന ലക്ഷണമില്ല എന്ന് മനസിലായപ്പോള്‍ പിന്നെ അധിക സമയം കാത്തിരുന്നില്ല. നിലാവില്ലാത്തതിനാല്‍ ചെറിയ ഒരു ടോര്‍ച്ചും കൈയില്‍ എടുത്തു കൊണ്ട് ഞാന്‍ മുകളിലെ പറമ്പിലേക്ക് നടന്നു കയറി.
നടത്തത്തില്‍ ഒരു ഗൃഹാതുരത പ്രതീക്ഷിച്ച എനിക്ക് തെറ്റി. കാലില്‍ ഏപ്പന്‍ പുല്ലുകള്‍ തലോടുന്നില്ല. തറവാട് ഭാഗം വെപ്പിന് ശേഷം മേലെ പറമ്പില്‍ മൂത്ത അമ്മാവന്റെ വീട് പണി നടക്കുന്ന സമയമായതു കൊണ്ട് കാലില്‍ തട്ടുന്നത് മുഴുവന്‍ വെട്ടു കല്ലിന്റെ കഷ്ണങ്ങളും പൈപ്പ് കഷ്ണങ്ങളും മാത്രം. ആകാശത്തെ താങ്ങി നിര്‍ത്തിയിരുന്ന കൂറ്റന്‍ പനകള്‍ ഇന്നില്ല. അവരുടെ ജഡങ്ങള്‍ പറമ്പില്‍ ചീഞ്ഞും ദ്രവിച്ചും കിടക്കുന്നത് കണ്ടു. ഒരു ശവപ്പറമ്പ് പോലെ ഒരു നിമിഷം എനിക്ക് തോന്നി പോയി.
സമാധിയുടെ ഭാഗത്തേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ തേക്കിന്റെ കരിയിലകള്‍ വീണു കിടക്കുന്നത് കണ്ടു. അവിടേക്ക് നടക്കുമ്പോള്‍ മാത്രം എനിക്കെന്തോ ഒരു ഊര്‍ജ്ജം ലഭിച്ച പോലെ . അമ്മാച്ചന് ഉറങ്ങിയില്ലേ ? ഞാന്‍ അന്നത്തെ പോലെ ചെവി ചേര്‍ത്തു വച്ചു. ഇല്ല. അമ്മാച്ചന് ഉറങ്ങിയിട്ടില്ല. എന്തോ സംസാരിക്കുന്നു. വ്യക്തമാകുന്നില്ല . സംസാരത്തില്‍ ഒരു മുഷു മുഷിപ്പുണ്ടെന്നു മാത്രം മനസിലായി. അതെതിനായിരിക്കും ? ഞാന്‍ അമ്മാച്ചനെ അറിയിക്കാതെ അവിടെ നിന്നും താഴെ പറങ്കി മരങ്ങള്‍ക്കിടയിലേക്ക് നടന്നു.
അവിടെ രണ്ടാമത്തെ അമ്മാവനുള്ള സ്ഥലമായത് കൊണ്ട് വേലി കെട്ടിയിരിക്കുന്നു. വേലി ചാടി കടക്കുമ്പോള്‍ എന്റെ കാലില്‍ എന്തോ മുള്ള് പോലെ കുത്തി. അത് പക്ഷെ പഴയ തൊട്ടാവാടി മുള്ളല്ല. മറ്റെന്തോ ആയിരുന്നു. ഇരുട്ടില്‍ ഞാന്‍ അത് തിരയാന്‍ നിന്നില്ല. പഴയ മാവിന് ചുവട്ടിലേക്ക് നടന്നു. അവിടെ എത്തിയപ്പോഴാണ് ആ വലിയ മാവ് ഇളയ അമ്മാവന് വെട്ടി മാറ്റിയിരിക്കുന്നു എന്ന് പറഞ്ഞു കേട്ട ഓര്മ എനിക്ക് വന്നത്. കുട്ടിക്കാലത്ത് എത്ര തവണ ആ മാവില്‍ പൊത്തിപ്പിടിച്ചു കയറി മാങ്ങ തിന്നിരിക്കുന്നു, അതിന്റെ കൊമ്പില്‍ ഊഞ്ഞാലിട്ടിരിക്കുന്നു. ഊഞ്ഞാലില്‍ ഇരുന്നു കൊണ്ട് ആകാശത്തിലെക്കെന്ന പോലെയാടുമ്പോള്‍ പച്ച പാടത്തിന്റെ ഭംഗി കാണാന്‍ നല്ല രസമായിരുന്നു. പാടത്തോട് ചേര്‍ന്ന് നിന്നിരുന്ന മരമായിരുന്നതിനാല്‍ പാടത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ ഊഞ്ഞാലാട്ടം മുഴുവന്‍. ഇനി ഇപ്പൊ അതൊക്കെ ആലോചിച്ചിട്ട് എന്താ കാര്യം അല്ലെ.
പാടവരമ്പിലൂടെ ഇറങ്ങി നടന്നാല്‍ ആ ഒറ്റയ്ക്ക് നിന്നിരുന്ന മരത്തിനടുത്തെത്താം എന്ന് തോന്നി. ആദ്യമായാണ് ഈ സമയത്തൊക്കെ പാടത്ത് കൂടി നടക്കുന്നത്. നിലാവില്ല. കൃഷിയൊന്നും ആരും ചെയ്യുന്നില്ലേ ?പാടമൊക്കെ വരണ്ടു കിടക്കുന്നു. ചില കണ്ടങ്ങളില്‍ വാഴ, കപ്പ, മത്തന്‍ തുടങ്ങിയവ കൃഷി നടത്തിയിരിക്കുന്നു. ഇരുട്ടില്‍ ടോര്‍ച്ചു വെളിച്ചത്തില്‍ ഞാന്‍ അധികം തിരയാന്‍ പോയില്ല. ഒടുക്കം ഞാന്‍ ദൂരെ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലാവെളിച്ചത്തില്‍ മാത്രം കണ്ട ആ മരത്തിനടുത്തെത്തി.
അതൊരു ഇലഞ്ഞിമരം ആയിരുന്നു. പക്ഷെ അന്ന് കണ്ട പോലെ അല്ല. ഇന്ന് അതിന്റെ കോലമാകെ മാറിയിരിക്കുന്നു. ഒരൊറ്റ ഇല പോലും ഇല്ലാതെ ക്ഷീണിച്ച് അവശനായ ഒരു മരം. ചുറ്റും തരുണീമണികള്‍ ഇരുന്ന് സൊറ പറഞ്ഞിരുന്ന സ്ഥലം ഇന്ന് ചിതല് പിടിച്ചു കൊണ്ടിരിക്കുന്നു. അവരാരും ഇപ്പൊ ഇവിടെ വരാറില്ലേ ? ചിലപ്പോള്‍ എല്ലാവരും കല്യാണം കഴിഞ്ഞു പോയിരിക്കും. ആ ഒറ്റപ്പെടലിലായിരിക്കാം ഇലഞ്ഞിയുടെ ആരോഗ്യം ചിലപ്പോള്‍ ക്ഷയിച്ചു പോയത്. ഇലഞ്ഞി ഇനി ഒരിക്കലും പൂക്കില്ല, ആ സുഗന്ധം ഇനിയൊരിക്കലും ആര്‍ക്കും ഇവിടെ അനുഭവിക്കാനും കഴിയില്ല.
സമയം ഏറെയായിക്കൊണ്ടിരിക്കുന്നു. എനിക്ക് തിരിച്ചു നടക്കാന്‍ സമയമായി. നിലാവും മഞ്ഞും പൊഴിയാത്ത വരണ്ട പാടത്തിലൂടെ ടോര്‍ച്ച് വെളിച്ചത്തിന്റെ അകമ്പടിയില്ലാതെ തന്നെ ഞാന്‍ നടന്നു നീങ്ങി. മനസ്സില്‍ അപ്പോളും ഒരേ ഒരു രംഗം മാത്രം. നിലാപ്പാടത്ത് പൂത്തു നില്ക്കുന്ന ഇലഞ്ഞിമരവും, ആ പൂക്കളുടെ സുഗന്ധം ആസ്വദിച്ചും സൊറ പറഞ്ഞും പാടവരമ്പിലും മരത്തിനു ചുറ്റുമിരുന്നു മതിമറന്ന് ചിരിക്കുന്ന കുറെ അധികം പാവാടക്കാരികളായ സുന്ദരികളും. എല്ലാം ഇനി ഒരു സാങ്കൽപ്പിക ലോകത്തെ ഓർമ്മകൾ മാത്രം.
-pravin-
കടപ്പാട് - .
"കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര" എന്ന ഓര്‍മ്മക്കുറിപ്പില്‍ കുഞ്ഞൂസ് ചേച്ചി എഴുതിയ ഒരു കമന്റിന് ഞാന്‍ എന്റെ ചെറിയ ഒരു ഓര്‍മയില്‍ നിന്ന് ഒരു ചെറിയ മറുപടി കൊടുത്തിരുന്നു. അതില്‍ നിന്നും ഉണര്‍ന്നു വന്ന ചില തോന്നലുകളും ഓര്‍മകളും എല്ലാമാണ് "ചില നിലാക്കാഴ്ച്ചകള്‍ " ആയി പിന്നീട് രൂപപ്പെട്ടത്.