Tuesday, October 22, 2019

Quranic Park - Dubai

വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ള പ്രവാചകരെയും അവരുടെ അത്ഭുത പ്രവർത്തികളെയുമൊക്കെ കുറിച്ച് ഒരു ഗുഹക്കുള്ളിലെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയ  പാർക്കാണ് Quranic Park .  മുസ്ലീമുകൾക്കും അമുസ്ലീമുകൾക്കും സന്ദർശനം അനുവദനീയമാണ്. 


 ഗുഹയുടെ മുൻ വശം

മനുഷ്യ നിർമ്മിതമായ ഒരു ഗുഹക്കുള്ളിലൂടെയാണ് പാർക്കിലേക്കുള്ള എൻട്രി. ഈ ഗുഹയിൽ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ പറഞ്ഞു തരാൻ ഒരാൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ചെറിയ ഒരു വീഡിയോ പ്രസന്റേഷനും ഉണ്ട്.  

ഗുഹക്കുള്ളിലെ സ്‌ക്രീനും കാര്യങ്ങൾ പറഞ്ഞു തരുന്ന ആളും 


പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹിം നബിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ആദ്യത്തെ ഭാഗം തുടങ്ങുന്നത്.  ഇബ്രാഹിം നബിയിൽ തുടങ്ങി സുലൈമാൻ നബി, മൂസാ നബി, ഈസാ നബി, യൂനുസ് നബി, ഉസൈർ നബി, മുഹമ്മദ് നബിയുടേതടക്കം ഏഴു പ്രവാചകരുടെ കാലവും അക്കാലത്തു സംഭവിച്ച അത്ഭുത പ്രവർത്തികളുമൊക്കെയാണ് കുറഞ്ഞ സമയം കൊണ്ട് നമുക്ക് വിവരിച്ചു തരുന്നത്. 

ഗുഹക്കുള്ളിലെ   കാഴ്ച കാണുന്ന സന്ദർശകർ 

ഈ വിവരണങ്ങൾക്ക് ശേഷമാണ് പ്രധാന പാർക്കിലേക്കുള്ള കവാടം തുറക്കുക. അവിടന്നങ്ങോട്ട് സന്ദർശകർക്ക് സ്വസ്ഥമായി പോയി ഇരിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള വിശാലമായ പാർക്കാണ്. 

ഗുഹയുടെ പുറം കാഴ്ച 
ഗുഹയുടെ മറ്റൊരു വശത്തെ കാഴ്ച 

പാർക്കിന്റെ അങ്ങേ തലക്ക് ഒരു 'ഗ്ലാസ് ഹൌസ്' ഉണ്ട് ..അത് ഒരു മിനി ബൊറ്റാനിക്കൽ ഗാർഡൻ ആണ്. വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ള  29 തരം സസ്യങ്ങളും മരങ്ങളുമൊക്കെയാണ്  അവിടെയുള്ളത്.
ബൊട്ടാണിക്കൽ ഗാർഡൻ ഈ ഗ്ലാസ് ഹൗസിനുള്ളിലാണ് 

പാർക്കിനുള്ളിലെ കാഴ്ചകളിൽ ഒന്ന് 

Glass House നും  Cave of Miracle നും പുറമെ 12 ഇസ്ലാമിക് ഗാർഡൻ കൂടി കാണാനുണ്ട് ..സമയ പരിമിതി മൂലം അത് കാണാൻ പറ്റിയില്ല. 

        12  ഗാർഡനിൽ 1            

ഇക്കഴിഞ്ഞ മാർച്ച് 2019 ലാണ് ഖുർആനിക്ക് പാർക്ക് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ദുബായ്  അൽ ഖവനീജ് ഏരിയയിലാണ്   ഈ പാർക്ക് ഉള്ളത്. സന്ദർശകർക്ക് പാർക്കിനു മുന്നിൽ തന്നെ ഇഷ്ടം പോലെ പാർക്കിങ് സൗകര്യമുണ്ട്. 

NOL Card ഉപയോഗിച്ചാണ് പാർക്കിലേക്കുള്ള എൻട്രി ഫീ ആയ 5  ദിർഹംസ് കൊടുക്കേണ്ടത്. കാർഡ് ഇല്ലാത്തവർക്ക് അവിടുന്ന് തന്നെ കാർഡ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. 

പാർക്കിലേക്കുള്ള സന്ദർശന സമയം എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി പത്തു വരെയാണ്. അതേ  സമയം പാർക്കിനുള്ളിലെ മേൽപ്പറഞ്ഞ ഗുഹയും ലൈറ്റ് ഹൌസുമൊക്കെ കാണാനുള്ള സമയം താഴെ പറയുന്ന പോലെയാണ് 

- ശനി തൊട്ട് വ്യാഴം വരെ - രാവിലെ 9 മുതൽ രാത്രി 9 വരെ 

-  വെള്ളി മാത്രം - ഉച്ചക്ക് 3 മുതൽ രാത്രി 9 വരെ 

-pravin-