Tuesday, February 17, 2015

തലയിലെഴുത്ത്

ഒരു കഷ്ണം റബ്ബർ കൊണ്ട് 
മൂപ്പിലാൻ പണ്ടെഴുതി
പിടിപ്പിച്ചതെല്ലാം 
ഒന്ന് മായ്ച്ചു കളയണം
പിന്നെ വാങ്ങണം 
സ്വന്തമായി നല്ലൊരു പേന
പിന്നെ എഴുതി തുടങ്ങണം 
ഒന്ന് തൊട്ട് ആദ്യം മുതൽ. 

എനിക്കെന്റെ തലയിൽ 
എഴുതാനാകില്ല പകരം 
ഞാൻ നിങ്ങളുടെ തലയിലും 
നിങ്ങൾ എന്റെ തലയിലും 
എഴുതുമെങ്കിൽ മാത്രം 
പുതിയൊരു തരം 
തലയിലെഴുത്തൊന്നു 
പരീക്ഷിച്ചു നോക്കാം നമുക്ക്. 

നഷ്ട്ടപ്പെടാൻ സ്വന്തമായൊരു 
ഉണക്ക തല മാത്രം ബാക്കിയെങ്കിൽ 
പിന്നെയെന്തിന് നമ്മളത് 
പരീക്ഷിക്കാതിരിക്കണം ?

-pravin-

Sunday, February 1, 2015

അതിജീവന വസന്തം

വൈകിയെത്തുമ്പോൾ മാത്രമേ 
വസന്തത്തിനു മണമുള്ളൂ. 
അപ്പോൾ മാത്രമേ അതിനെ വസന്തം
എന്ന് വിളിക്കാൻ പോലും തോന്നുന്നുമുള്ളൂ. 
വരണ്ടു വറ്റി വിളറി കിടക്കുന്ന 
ഒരു പാടത്തിന് നടുവിൽ 
ഒരു പുൽ നാമ്പ് കിളിർത്തു നിൽക്കുന്നതും, 
തൊട്ടടുത്ത പറമ്പിൽ സമൃദ്ധിയായി 
പച്ചപ്പുല്ല് തഴച്ചു വളരുന്നതുമായ 
കാഴ്ചകളിൽ എന്റെ കണ്ണും മനസ്സും 
അറിയാതെ നിറഞ്ഞു പോകുന്നത് 
വരണ്ട ആ പാടത്തിന്റെ നെഞ്ചിൽ 
ധൈര്യത്തോടെ കിളിർത്തു 
നിൽക്കുന്ന ആ ഒരൊറ്റയാനായ 
പുൽ നാമ്പിനെ കാണുമ്പോഴാണ്. 
ഒരു വിപ്ലവകാരിയുടെ ശരീര 
ഭാഷയാണ് ആ പുൽ നാമ്പിന്. 
അതിജീവനത്തിന്  ഭീഷണിയായി 
ആകാശത്തിന്റെ ഒരു ഭാഗത്ത് 
സൂര്യൻ നിന്ന് കത്തുമ്പോഴും 
പുൽ നാമ്പ് കണ്‍ ചിമ്മാതെ 
നോക്കി നിന്നത് ചക്രവാള ദൂരത്തിൽ 
ഒരുമിച്ചു കൂടുന്ന മഴക്കാറുകളെ. 
വരണ്ട പാടം പ്രതീക്ഷയോടെ 
പുൽനാമ്പിന്റെ വേരുകളെ 
ആശ്ലേഷിക്കുകയായിരുന്നു അപ്പോൾ. 
-pravin-