Saturday, December 15, 2012

രാജ്യവും മതവും മനുഷ്യര്‍ക്കിടയിലെ സ്നേഹത്തെ ഇല്ലാതാക്കുന്നുവോ ?

"മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ " എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഇതിനു മുന്നേ എഴുതുകയുണ്ടായിരുന്നു. അതിനു ശേഷം മതം എന്ന വിഷയത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റോ എഴുതുകയില്ല എന്ന് മനസിലുറപ്പിച്ചതായിരുന്നു. പക്ഷെ എന്ത് ചെയ്യാം ചിലതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും എഴുതേണ്ടി വരുന്നു. 

നമുക്കറിയാം ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണങ്ങള്‍  ഒന്നുകില്‍ രാജ്യങ്ങളുടെ അതിര്‍ത്തി തര്‍ക്കം അല്ലെങ്കില്‍ മതവിദ്വേഷം. ഇത് രണ്ടും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു തന്നെ  പറയാം. പലപ്പോഴും  യുദ്ധഭീകരതയുടെ നിഴലുകള്‍ കാണുന്ന മാത്രയില്‍  മനസ്സ്  മരവിച്ചു പോകുന്നു. യുദ്ധം നടത്തുന്നവര്‍ക്കും യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്കും യുദ്ധ ഭീകരത എന്താണെന്ന്  മനസിലാക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. പക്ഷെ ഇതിനിടയിലെ ഒരു വിഭാഗമുണ്ട്, യുദ്ധഭീതി ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ .അവരാണ് നമുക്ക് യുദ്ധത്തെ എല്ലാ അര്‍ത്ഥത്തിലും വിശദീകരിച്ചു തരുന്നത്. സ്വന്തം വീട്ടിലോ, രാജ്യത്തോ സമാധാനത്തോടെ ജീവിക്കാന്‍ അനുവാദമില്ലാത്ത ഇവര്‍  ഒരു കാലത്ത് തീവ്രവാദികളായി പരിണമിക്കപ്പെടുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ കുറ്റം പറയാനാകില്ല. അത് പോലെ തന്നെ അതിനെ ഒരു പരിധിക്കപ്പുറം ന്യായീകരിക്കാനും   ആകുന്നില്ല. 

പലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നത്തെ പലരും പല തരത്തിലാണ് നോക്കി കാണുന്നത്. ചിലര്‍ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയായി മാത്രം അതിനെ നോക്കി കാണുന്നു. തിന്മക്കെതിരെ നന്മ നടത്തുന്ന യുദ്ധമായി ചിലര്‍ പറയുന്നു . ഒന്ന് ചോദിച്ചോട്ടെ രണ്ടു വിഭാഗം ജനങ്ങളിലും മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ നോക്കി കൊണ്ട് ആര്‍ക്കെങ്കിലും പറയാനാകുമോ ഈ മരിച്ചു വീഴുന്നത് എന്‍റെ  നന്മയുടെ കുഞ്ഞാണെന്നും  മറുഭാഗത്ത് മരിച്ചു വീഴുന്നത് നിന്‍റെ  തിന്മയുടെ കുഞ്ഞാണെന്നും .അങ്ങിനെ പറയുന്നവന്‍ മനുഷ്യനാണോ ????? 

ഇന്ത്യയില്‍ ജീവിക്കുന്നവന് പാക്സിതാനിലെയോ, പലസ്തീനിലെയോ ഇസ്രയെലിലെയോ കാര്യങ്ങള്‍ ചര്‍ച്ചിക്കാന്‍ മുന്‍കൂട്ടി പലരുടെയും അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ് നമ്മുടെ സമൂഹത്തില്‍. നിലവില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം  രണ്ടു മുഖമുണ്ട് എന്നത് മറ്റൊരു വസ്തുത. പാകിസ്താനില്‍ മലാലക്ക് ആക്രമണം നേരിട്ടപ്പോള്‍ അപലപിക്കാന്‍ ആയിരം പേരുണ്ടായിരുന്നു. താലിബാനെ ക്രൂശിക്കാനും ആയിരങ്ങള്‍ ഉണ്ടായി. പലസ്തീനില്‍ നടന്ന നരഹത്യ ചോദ്യം ചെയ്യാന്‍ എന്ത് കൊണ്ടോ പലരും മടിച്ചു . പലസ്തീന് വേണ്ടി മുറ വിളി കൂട്ടിയവര്‍ ഇന്ത്യയിലെ ആസാമിലെ കലാപത്തില്‍ എന്ത് കൊണ്ട് അപലപിക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്ന് വേറൊരു വിഭാഗം വാദിച്ചു . ആസാമിന് വേണ്ടി ആദ്യം കരയൂ എങ്കില്‍ ഞങ്ങള്‍ പലസ്തീനും വേണ്ടിയും കരയാം എന്നായി മറ്റു ചിലര്‍ . അതിനിടയില്‍  ചിലര്‍ മരിച്ചു വീഴുന്നവരുടെ മതം നോക്കി മാര്‍ക്കിടാനും തുടങ്ങി. എന്ത് കൊണ്ട് മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും വിഭാഗീയമായി ചിന്തിക്കുന്നു എന്നതാണ് ചോദ്യം. 

ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ ചങ്ങല കൊണ്ട് വേലി കെട്ടുന്നത് ആരൊക്കെയാണ് ? ചിലയിടത്ത് കടുത്ത ജാതി മത ചിന്തകള്‍ മനുഷ്യര്‍ക്കിടയില്‍ വേലി കെട്ടുമ്പോള്‍  ചിലയിടത്ത് അമിത രാജ്യ സ്നേഹത്തിന്‍റെ പേരില്‍ മനുഷ്യര്‍ ഇരു ചേരികളില്‍ നില കൊള്ളുന്നു. ഒരാളുടെ മനസ്സില്‍ സ്വന്തം രാജ്യത്തിനും മതത്തിനും  ഉള്ള സ്ഥാനം വളരെ വലുതായിരിക്കാം . പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ, ആരുടെയാണ് ഈ രാജ്യങ്ങള്‍ ? ആരുടെയാണ് ഈ മതങ്ങള്‍ ? ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു ?  വീണ്ടും വീണ്ടും വിഘടിക്കുക എന്നത് മാത്രമാണ് ഓരോ വിഭജനത്തിലൂടെയും യാഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. വിഘടനവാദവും വിഭജനവും തെറ്റാണെന്നു കാലം എന്നെങ്കിലും തെളിയിക്കുമായിരിക്കും  എന്ന് പ്രത്യാശിക്കാം. 

ലോകത്തെവിടെ അക്രമം ഉണ്ടായാലും അത് അപലപിക്കപ്പെടെണം. അത് രാജ്യത്തിനും മതത്തിനും അധിഷ്ടിതമായി തോന്നേണ്ട ഒരു വികാര പ്രകടനവുമാകരുത് എന്ന് മാത്രം . മനുഷ്യത്വം ഒന്ന്  മാത്രമായിരിക്കട്ടെ എല്ലാത്തിന്റെയും അടിസ്ഥാനം. രാജ്യത്തെക്കാളും മതത്തെക്കാളും വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹ ബന്ധമാണ്.അത് ഒന്നിന്റെ പേരിലും വേര്‍തിരിച്ചു കാണാതിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കട്ടെ. മതം ചര്‍ദ്ദിച്ചു മരിക്കേണ്ട അവസ്ഥ മനുഷ്യന് വരാതിരിക്കട്ടെ. 

- pravin- 

Monday, December 3, 2012

പാളങ്ങളിലൂടെ


മുംബൈ  മഹാ നഗരത്തോട് വിട പറഞ്ഞു കൊണ്ട് സുമയെയും കൂട്ടി റെയില്‍വേ സ്റ്റെഷനിലേക്ക്  ഇറങ്ങി തിരിക്കുമ്പോഴും   ചന്ദ്രകുമാറിന്റെ മനസ്സില്‍ ശരിയായ ദിശാ ബോധം ഇല്ലായിരുന്നു എന്ന് വേണം കരുതാന്‍ .കാസര്‍ഗോടുള്ള തന്‍റെ ചിതലരിച്ചു പോയിട്ടുണ്ടായെക്കാവുന്ന  വീട്ടിലേക്കുള്ള  വെറുമൊരു  മടക്കയാത്ര മാത്രമാണോ ഇത്?  അല്ലെന്നു പൂര്‍ണ ബോധ്യമുണ്ടെങ്കിലും ചന്ദ്രന്‍റെ  മനസ്സിനെ എന്തൊക്കെയോ അസ്വസ്ഥ മാക്കുന്നുണ്ടായിരുന്നു. 

  സ്റ്റേഷനില്‍ എത്തിയതും ട്രെയിന്‍ വരേണ്ട പ്ലാറ്റ് ഫോം നോക്കി മനസിലാക്കി.  പെട്ടിയും സാധനങ്ങളും സുമയെ ഏല്‍പ്പിച്ചു കൊണ്ട് പ്ലാറ്റ് ഫോമില്‍ തന്നെയുള്ള കോഫി ഷോപ്പില്‍ നിന്ന് രണ്ടു കാപ്പി ഓര്‍ഡര്‍  ചെയ്യാന്‍ വേണ്ടി ചന്ദ്രന്‍ അങ്ങോട്ട്‌ പോയി. അല്‍പ്പ സമയത്തിനു ശേഷം സുമക്കുള്ള കാപ്പിയുമായി വന്ന ചന്ദ്രന്‍, അവളുടെ വാടിയ മുഖത്തേക്ക്   നോക്കി കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍  ചോദിച്ചു. 


"നിനക്ക് പേടിയുണ്ടോ ? ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ "

" എന്താ ചന്ദ്രേട്ടന്‍ ഇങ്ങിനെ ചോദിക്കുന്നത്...എല്ലാം അറിഞ്ഞു കൊണ്ട് തന്നെയല്ലേ, ചന്ദ്രേട്ടനും ഞാനും..." സുമ പറഞ്ഞു മുഴമിപ്പിച്ചില്ല. അവളുടെ കണ്ണുകള്‍ ചെറുതായി നിറയാന്‍ തുടങ്ങി. ചന്ദ്രന്‍ അവളെ പതിയെ തന്‍റെ  അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. 

"കരയല്ലേ, ഞാന്‍ ഒന്നും കരുതി ചോദിച്ചതല്ല . എന്‍റെ ഈ ശരീരം, ഈ രൂപം.. ഇതെല്ലാം നിനക്കൊരു ബാധ്യതയാകുമോ എന്നൊരു ചിന്ത എന്നെ ഇടയ്ക്കിടയ്ക്ക് അലട്ടുന്നുണ്ട്.. ഞാന്‍ പോലും അറിയാതെ... ഇടയ്ക്കിടയ്ക്ക്  അത് എന്‍റെ വാക്കുകളില്‍ കൂടി പ്രകടമാകുന്നുമുണ്ട്.. നീ എന്നെ മനസിലാക്കണം.. എന്‍റെ മനസ്സ്, എന്‍റെ അവസ്ഥ , എല്ലാം നീ മനസിലാക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു.. " അപകര്‍ഷതാ ബോധത്തിന്റെ കൊടുമുടി കയറിയ ഒരാളുടെ ഭാവത്തില്‍ ചന്ദ്രന്‍ പറഞ്ഞു. 

ചന്ദ്രന്റെ നീളം കുറഞ്ഞ കൈകളില്‍ പിടിച്ചു കൊണ്ട്  സുമ അവനെ ആശ്വസിപ്പിച്ചു. പരസ്പ്പരം ഒരു താങ്ങായി ഇനിയുള്ള ജീവിതത്തില്‍ അവര്‍ ഒന്നിച്ചു ജീവിക്കേണ്ടത് അനിവാര്യമാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് അവര്‍ക്ക് പോകാനുള്ള ട്രെയിന്‍ പ്രതീക്ഷയുടെ പുക ആകാശത്തിലേക്ക് പറത്തിക്കൊണ്ടു മെല്ലെ മെല്ലെ പ്ലാറ്റ് ഫോമില്‍ എത്തിച്ചേര്‍ന്നു. 

  റിസര്‍വേഷന്‍ ടിക്കെറ്റ് നമ്പര്‍ നോക്കിയ ശേഷം കമ്പാര്‍ട്ട്മെന്റില്‍  അവര്‍ രണ്ടു പേരും കയറി. സൈഡ് സീറ്റില്‍ ഇരുന്ന സുമ അവന്‍റെ തോളില്‍ ചാഞ്ഞു കിടന്നു. അല്‍പ്പ നേരത്തിനു ശേഷം ട്രെയിന്‍ പതിയെ നീങ്ങി തുടങ്ങി. 

ഒന്നും മിണ്ടാതെ തോളില്‍ തളര്‍ന്നു കിടക്കുന്ന സുമയുടെ നെറുകയില്‍ മുഖം അമര്‍ത്തി കൊണ്ട് , ആ പഴകിയ എഞ്ചിന്‍ ശബ്ദത്തിന്‍റെ പശ്ചാത്തലത്തിലൂടെ  ചന്ദ്രകുമാര്‍ എന്ന ചന്ദ്രന്‍ പഴയ പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 

***********************************************************
പത്തു പതിനൊന്നു   വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചന്ദ്രകുമാര്‍ എന്ന ചന്ദ്രന്‍ കാസര്‍ഗോഡ്‌ നിന്ന് ട്രെയിന്‍ കയറി മുംബൈയില്‍ എത്തുന്നത്. പരിചയക്കാരും , ബന്ധുക്കളും ആരുമില്ലാത്ത ഒരു മഹാനഗരത്തില്‍ ഭാഷ പോലും അറിയാതെ എത്തിപ്പെട്ടതായിരുന്നു ചന്ദ്രന്‍. അയാളുടെ ജീവിതത്തിലെ  ആദ്യ ട്രെയിന്‍ യാത്ര അതായിരുന്നു എന്ന് പറയാം. 

 ജനിച്ചപ്പോഴേ കിട്ടിയ വികൃത ശരീരത്തെ അയാള്‍  എന്ന് മുതലാണ്‌ അപകര്‍ഷതാ ബോധത്തോടെ നോക്കി കാണാന്‍ തുടങ്ങിയത് എന്ന് അയാള്‍ക്ക്‌ പോലുമറിയില്ല. തന്‍റെ വലിയ തലയും, നീളം കുറഞ്ഞ കൈകളും, ശോഷിച്ച ശരീരവും  ഒരു ശരാശരി മനുഷ്യരൂപത്തെ അനുസ്മരിപ്പിക്കാന്‍ പാകത്തിലുള്ള ഒന്നായിരുന്നില്ല എന്ന തിരിച്ചറിവ് സ്കൂള്‍ പഠന കാലത്ത് തന്നെ ചന്ദ്രന് ലഭിച്ചിരുന്നു. എങ്കില്‍ പോലും  മറ്റ് മനുഷ്യര്‍ ചെയ്യുന്ന ഏത് കാര്യവും തനിക്കും അനായാസേന  ചെയ്യാന്‍ സാധിക്കുമെന്ന് കുട്ടിക്കാലത്ത് തന്നെ ചന്ദ്രന്‍ തെളിയിച്ചിരുന്നു. 

കാസര്‍ഗോഡിലെ തോട്ടങ്ങളില്‍ വ്യാപകമായി തെളിച്ചു കൊണ്ടിരുന്ന  എന്‍ഡോ സള്‍ഫാന്‍ എന്ന കീടനാശിനി പ്രയോഗം കൊണ്ടാണ് ചന്ദ്രന്റെതടക്കമുള്ള   പലരുടെയും ശരീരത്തിന് വൈരൂപ്യം സംഭവിച്ചതെന്ന്   തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളുമായി അക്കാലത്താണ് ദാമോദരന്‍ മാഷിന്‍റെ നേതൃത്വത്തില്‍ ആദ്യമായി ബോധവത്ക്കരണ ക്ലാസുകളും സമരങ്ങളും നടക്കുന്നത് . ചന്ദ്രന്‍റെ  അമ്മയടക്കമുള്ള പലരും ആ സമരത്തില്‍ നിന്ന് അന്ന് വിട്ടു നിന്നു. 

  അമ്മക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ചന്ദ്രനെ പട്ടിണി കൂടാതെ വളര്‍ത്തണം. അതൊരു സ്വാര്‍ത്ഥ ചിന്താഗതിയായി സമരക്കാരില്‍ പലരും കണ്ടു. എന്‍ഡോ സള്‍ഫാന്‍ തെളിക്കുന്ന  തോട്ടങ്ങളില്‍ പണിയെടുക്കാന്‍ പോകുന്നതിനെ സമരക്കാര്‍ പല കുറി അമ്മയെ വിലക്കിയതായിരുന്നു. പക്ഷെ, ആദ്യ കാലങ്ങളില്‍ അയാളുടെ ചികിത്സക്കും മറ്റും  ചിലവുകള്‍ ഏറെയുണ്ടായിരുന്നു എന്നതിനാല്‍ അമ്മക്ക് അവരെയെല്ലാം എതിര്‍ത്തു കൊണ്ട് ജോലിക്ക്  പോകേണ്ടി തന്നെവന്നു. 

ചാണകം മെഴുകിയ ഉമ്മറത്തെ നിലത്ത്   നീണ്ടു നിവര്‍ന്നു വെള്ള  പുതച്ച്  കിടക്കുന്ന ഒരു രൂപം.  അത് അച്ഛനായിരുന്നെന്ന് ആരൊക്കെയോ അവനെ  പറഞ്ഞു മനസിലാക്കി. അച്ഛന്‍ മരിച്ചെന്നു മനസിലാക്കാന്‍ അന്ന് അഞ്ചാം ക്ലാസുകാരനായ അവന്  അവരുടെ വിവരണം വേണ്ടി വന്നു. വെള്ള പുതച്ച ആ രൂപമാണ്  അച്ഛനെ കുറിച്ചുള്ള അവന്റെ  അവസാനത്തെ ഓര്‍മയും. 

 "തന്നെയും അമ്മയെയും സംരക്ഷിക്കാന്‍ അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ ,തന്‍റെ ജീവിതം ഇത്തരത്തില്‍ മാറി മറയില്ലായിരുന്നു .അച്ഛന്‍റെ മരണ ശേഷം അമ്മയുടെ കൂടെയുള്ള കുറഞ്ഞ കാല ജീവിതം യഥാര്‍ത്ഥത്തില്‍ തന്നെ എന്താണ് പഠിപ്പിച്ചത് ? ഒളിച്ചോടാനോ? അറിയില്ല."  ചന്ദ്രന്‍ നിശബ്ദമായി ആരോടോ തന്‍റെ പഴയ ജീവിത കഥ പറഞ്ഞു കൊണ്ടേയിരുന്നു .  

ആരോഗ്യസ്ഥിതി മോശമായ സമയത്ത് മാത്രമാണ് സമരക്കാരോട് അല്‍പ്പമെങ്കിലും സഹകരിക്കാന്‍ അമ്മ  തയ്യാറായത്. അമ്മക്ക് ശ്വാസകോശ സംബന്ധമായ എന്തോ ഒരു രോഗം മാത്രമാണെന്ന്  ഡോകടര്‍മാര്‍ പറഞ്ഞിരുന്നു എങ്കിലും, ദാമോദരന്‍   മാഷ്‌ അടക്കമുള്ള ആളുകള്‍ എന്ത് കൊണ്ടോ അമ്മയുടെ രോഗത്തിനെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്തി കൊണ്ട് തന്നെ നിരീക്ഷിച്ചു. ചികിത്സാ കാര്യങ്ങള്‍ എല്ലാം തന്നെ അവരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് നടന്നു വന്നത്. ആ കാലത്ത് മാഷിന്‍റെ കൂടെയുള്ള യാത്രയും മറ്റ് പൊതു ജന സമ്പര്‍ക്കവും  അവന്  ജീവിതത്തില്‍ ഒരുപാട് ആത്മവിശ്വാസം നേടി കൊടുത്തു.

അമ്മയുടെ മരണം പെട്ടെന്നായിരുന്നു. അഞ്ചു സെന്റ് ചുറ്റളവിലെ പുരയിടത്തിനുള്ളില്‍ ആദ്യമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നപ്പോള്‍   സഹായ ഹസ്തങ്ങളുമായി ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു.  പക്ഷെ  ജീവിതത്തില്‍ താൻ  തീര്‍ത്തും ഒറ്റപ്പെട്ടു പോയിരിക്കുന്നു എന്ന് സാവധാനം   ചന്ദ്രൻ മനസിലാക്കാന്‍ തുടങ്ങി. ആ കാലത്താണ് നാട് വിടുന്നതിനെ കുറിച്ച് ചന്ദ്രൻ  ചിന്തിച്ചു തുടങ്ങിയത്. ശരീരത്തിന്റെ വൈരൂപ്യം മനസ്സിനും ആരോഗ്യത്തിനും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ ആ തീരുമാനവുമായി മുന്നോട്ടു പോകാന്‍  ആഗ്രഹിച്ചു. 

"അച്ഛന്‍റെ കൂടെ ഒരിക്കല്‍ കുഞ്ഞു നാളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയ ഓര്‍മ മാത്രം കൈവശം വച്ച് കൊണ്ടായിരുന്നു തന്‍റെ ആദ്യ ട്രെയിന്‍ യാത്ര. അതും ടിക്കെറ്റ് പോലുമെടുക്കാതെ, എങ്ങോട്ടെന്നറിയാതെ. ആദ്യം വന്ന ട്രെയിനില്‍ എങ്ങിനെയോ കയറിപ്പറ്റി. ടിക്കെറ്റ് എടുക്കാത്ത തന്നോട് ടി ടി ആര്‍ എന്തിനായിരിക്കും അന്ന് അനുകമ്പ കാണിച്ചിട്ടുണ്ടാകുക? ഈ വികൃത ശരീരത്തോടുള്ള ദയാനുകമ്പ കൊണ്ട് തന്നെയായിരിക്കുമോ ? മുംബൈ വരെ എത്തിപ്പെട്ട തന്നെ സഹായിക്കാനായി താന്‍ പോലുമറിയാതെ  പലരും ജീവിതത്തില്‍ ഇടയ്ക്കു കയറി വന്നു."    ഒരു നെടുവീര്‍പ്പോട് കൂടി പഴയ കാലത്തെ ചന്ദ്രന്‍ സ്മരിച്ചു. 

മുംബൈയില്‍ എത്തിപ്പെട്ട  ആദ്യ ദിവസങ്ങളില്‍ തെരുവുകളില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്.  പക്ഷെ ഒരു യാചകനായോ, അഭയാര്‍ഥിയായോ ജീവിക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ  നാട് വിട്ടത്.  ഒറ്റപ്പെടലില്‍ നിന്നും അനുകമ്പയില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമായിരുന്നില്ല താന്‍ ആഗ്രഹിച്ചത്‌., സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധ്യമാകുന്ന ഒരു ജോലി കൂടിയാണ് . ആ ഇച്ഛാ ശക്തി  ഒന്ന് കൊണ്ട് കൊണ്ട് മാത്രമാണ് ജോലിക്കായുള്ള അന്വേഷണം തീവ്രമാക്കിയത്. 

ആദ്യ കുറച്ചു ദിവസങ്ങളില്‍ തന്‍റെ രൂപത്തെ വിചിത്രമായി നിരീക്ഷിച്ച പലരും പിന്നീട് തന്നെ അകമഴിഞ്ഞു കൊണ്ട് സഹായിച്ചു. അതില്‍ ആദ്യത്തെ ആളായിരുന്നു നഗരത്തില്‍ ഒരു പഴയ ഡാന്‍സ് ബാര്‍ നടത്തി വന്നിരുന്ന സുഭദ്ര അക്ക. തനിക്കു താമസിക്കാന്‍ ഒരിടം തന്നത് അക്കയായിരുന്നു. ഡാന്‍സ് ബാറിനോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ കെട്ടിടത്തിന്‍റെ  മുകളിലത്തെ ഒരു ഒഴി മുറി തനിക്കായി അക്ക തുറന്നു തന്നു. അടുത്ത് തന്നെയുള്ള ടീ ഷോപ്പില്‍ ഒരു ചെറിയ ജോലിയും സുഭദ്ര അക്ക ഇടപെട്ട് കൊണ്ട് ശരിയാക്കി കിട്ടി. അക്കയോടുള്ള കടപ്പാടുകള്‍ അങ്ങിനെ നീളുന്നു. 

രാത്രിയായാല്‍ സുഭദ്ര അക്കയുടെ ഡാന്‍സ് ബാര്‍ മിന്നി തിളങ്ങുന്ന ലൈറ്റുകളും പാട്ടും കൂത്തുമായി  സജീവമാകുകയായി,. ആദ്യകാലങ്ങളില്‍ അവിടെ നടക്കുന്ന  ഏര്‍പ്പാട് എന്താണെന്ന് മനസിലാക്കാന്‍ തനിക്കു സാധിച്ചിരുന്നില്ല. പതിയെ എല്ലാ കാര്യങ്ങളും മനസിലായി തുടങ്ങി. ഒരിക്കല്‍ സുഭദ്ര അക്കയോട് നേരിട്ട് താന്‍ തന്നെ ചോദിച്ചു പോയി. 

" എന്തിനു വേണ്ടിയാണ് അക്കാ, ഇങ്ങനെ ...ഇതൊക്കെ നല്ലതാണെന്ന് കരുതുന്നുണ്ടോ " 

അതിനു മറുപടി തരാന്‍ സുഭദ്ര അക്കയ്ക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല. വായിലുള്ള മുറുക്കാന്‍ ഓടയിലേക്കു ഒന്ന് നീട്ടി തുപ്പാനുള്ള സമയം, അതിനു ശേഷമുള്ള ഒരു നിഗൂഡമായ ചിരി,  അത് മാത്രമായിരുന്നു ആ ചോദ്യത്തിന് തനിക്കു ആദ്യം കിട്ടിയ വിശദീകരണം. പക്ഷെ ഒരു കാര്യം തനിക്കു ഉറപ്പ് പറയാം. സുഭദ്ര അക്കയുടെ ഉള്ളില്‍ എവിടെയോ ദുരൂഹമായ  ഒരു മനസ്സുണ്ട് . 

"പത്തു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്. ഇത്രേം കാലത്തിനിടയില്‍ ഒരുപാടു മുഖങ്ങളെയും ഭാവങ്ങളെയും താന്‍ കണ്ടു കഴിഞ്ഞു.പക്ഷെ ഒരിക്കല്‍ പോലും ഒരാളുമായും അതിര് കവിഞ്ഞ ഒരു ആത്മ ബന്ധത്തിന് താന്‍  തയ്യാറായില്ല.  തന്നില്‍  ഉറങ്ങികിടക്കുന്ന എന്തോ ഒരു അപകര്‍ഷതാ ബോധം, അത് തന്നോട്  പലരില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായി തോന്നിയിരുന്നു. പക്ഷെ സുമ, അവള്‍ മാത്രം.,എവിടയാണ് തനിക്കു മാനസാന്തരം വന്നത്?"ട്രെയിനിന്റെ  ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ചന്ദ്രന്‍ ആലോചിച്ചു. 

കാറ്റത്ത്‌ വഴുതിയാടുന്ന ഗോതമ്പ് പാടത്തോട് വിട പറഞ്ഞു കൊണ്ട് ദൂരേക്ക്‌ പായുകയാണ് ട്രെയിന്‍. അതിന്‍റെ വേഗത കൂടി കൊണ്ടേയിരിക്കുന്നു. ഒപ്പം ചന്ദ്രന്റെ  ഓര്‍മകളുടെയും. 

****************************************************************


ഡാന്‍സ് ബാറില്‍ വന്നു പോകുന്ന വിവിധ  വേഷ ധാരികളെയും സ്ത്രീകളെയും തന്‍റെ ഒറ്റ മുറിയുടെ ജനാലയില്‍ കൂടി പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരേ മുഖ ഭാവം. ലഹരിയുടെ മുഖഭാവം മാത്രം. അത് മദ്യത്തിന്റെയും കാമത്തിന്റെയുമാകാം. ലഹരി എന്താണെന്ന് താന്‍ അനുഭവിച്ചിട്ടില്ലായിരുന്നു എങ്കിലും ലഹരിയെ കുറിച്ച്പറയാന്‍ തനിക്കു സാധിക്കുമായിരുന്നു. 

ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകരുമായുള്ള  പരിചയവും സംസാരവും, ആ അനുഭവത്തില്‍ നിന്നല്ലാതെ  സ്വന്തമായൊരു അനുഭവം ഒന്നിലും തനിക്കു ഉണ്ടായിട്ടില്ലായിരുന്നു എന്നത് മറ്റൊരു  സത്യം.  അല്ലെങ്കില്‍ത്തന്നെ , തന്നെപ്പോലുള്ളവര്‍  ജീവിതത്തിലെ ഏതു  ലഹരിയില്‍ ലയിക്കണം എന്ന് പറഞ്ഞു തരാന്‍  ആര്‍ക്കാണ് അറിയുമായിരുന്നതു ? അതൊക്കെ ആര് പറഞ്ഞു തരുമായിരുന്നു ? 

ഡാന്‍സ് ബാറിലെ നര്‍ത്തകിമാര്‍ ദേശാടന പക്ഷികളെ പോലെയാണ് . ഒരു സീസണില്‍ അവിടെ കാണുന്നവരായിരിക്കില്ല മറ്റൊരു സീസണില്‍ അവിടെ ഉണ്ടായിരിക്കുക. നൃത്തമാടുന്ന എല്ലാവരും പാട്ടിനൊത്ത് ഒരു പോലെ ദേഹം ചലിപ്പിക്കും. പക്ഷെ അവരുടെയെല്ലാം മനസ്സ് പലയിടങ്ങളില്‍ നിശ്ചലമായി, നിര്‍ജീവമായി ഇരിക്കുകയായിരിക്കും. അവരുടെ കണ്ണുകളില്‍ അത് പ്രകടമായിരുന്നു. നര്‍ത്തകിമാരെ കൂടാതെ, അവരെ അണിയിച്ചൊരുക്കാനും, നൃത്തം കാണാന്‍ വരുന്നവര്‍ക്ക് മദ്യം വിളമ്പാനും വേറെയും കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു. എല്ലാം ഹിന്ദി സ്ത്രീകള്‍ തന്നെയായിരുന്നു. 

സേട്ടുവിന്റെ കടയില്‍ നിന്നും  പാന്‍ മസാലയും , മീട്ടാ പാക്കും ,സോഡാ കേയ്സുകളുമായി  ഇടക്കൊക്കെ തനിക്കു അവിടെ പോകേണ്ടിയിരുന്നു. അങ്ങിനെ പലതവണ അവിടെ പോകാറുണ്ടായിരുന്നെങ്കിലും ഒരു മലയാളി സ്ത്രീയെ പോലും താനത് വരെ അവിടെ കണ്ടിട്ടില്ലായിരുന്നു. ആ ഒരു കൌതുകമായിരിക്കാം അവിചാരിതമായി സുമയെ പോലൊരു പെണ്‍കുട്ടിയെ അവിടെ വച്ച് കണ്ടപ്പോള്‍ അവളിലേക്ക്‌ തന്നെ ആകര്‍ഷിച്ച ആദ്യഘടകം. 

അത് വരെ ഒരു സ്ത്രീയോടും തോന്നാത്ത ആ ഒരു തരം ആകര്‍ഷണത്തിന്‍റെ പേരെന്തായിരിക്കാം എന്ന് ദിവസങ്ങളോളം താന്‍ ആലോചിച്ചു. സുഭദ്ര അക്കയോട് ഒരിക്കല്‍ അവളെ കുറിച്ച് കുറെയേറെ  ചോദിച്ചു. അവളാരാണ്? എന്തിനിവിടെ വന്നു ? ഇവിടെ എവിടെയാണ് താമസംഎന്നൊക്കെയായിരുന്നു താന്‍ അക്കയോട് ചോദിച്ചത്. പക്ഷെ  തന്‍റെ  നീണ്ട ചോദ്യങ്ങള്‍ക്ക് സുഭദ്ര അക്ക ഉത്തരം തന്നത് എന്തോ ഒരു ജിജ്ഞാസ കലര്‍ന്ന ഭാവത്തോടെയായിരുന്നു.  

"ഇവിടെ  വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ന്യായീകരണങ്ങളുടെ കഥകള്‍ മാത്രമേ പറയാനുണ്ടാകൂ എന്നത് കാരണം അതെ പറ്റി കൂടുതലൊന്നും  ഞാന്‍ പറയുന്നില്ല . പക്ഷെ  നീ താമസിക്കുന്ന അതെ  കെട്ടിടത്തിന്‍റെ  ഏറ്റവും താഴത്തെ നിലയിലെ  ഒരു റൂമിലാണ് അവള്‍ താമസിക്കുന്നത് എന്ന് മാത്രം ഞാന്‍ പറഞ്ഞു തരാം. അല്ല , നീ ഇതൊക്കെ  എന്തിനു ചോദിച്ചറിയണം ?" 

"അക്ക, അവളെ എനിക്കൊന്നു കണ്ടു സംസാരിക്കാന്‍ തോന്നുന്നു,...ഒരിക്കല്‍ മാത്രം ..ഒറ്റ തവണ"  അക്കയുടെ മുന്നില്‍ താണു കേണു കൊണ്ട് പറഞ്ഞു. 

ഇത്രയും കാലത്തിനിടയില്‍, പല തവണ ഡാന്‍സ് ബാറിലെ വേശ്യ സ്ത്രീകളുടെ ശീല്‍ക്കാരങ്ങള്‍ക്കിടയില്‍ കൂടിയും,  മേനി പ്രദര്‍ശന നൃത്ത ചുവടുകള്‍ക്കിടയില്‍ കൂടിയും ഒരു ബധിരനെ പോലെ, ഒരു അന്ധനെ പോലെ നടന്നകലാന്‍ മാത്രം ശീലിച്ചിരുന്ന താന്‍ എന്ത് കൊണ്ട് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നു എന്നോര്‍ത്തു കൊണ്ടായിരിക്കാം, അല്‍പ്പ നേരത്തേക്ക് സുഭദ്ര അക്ക തന്‍റെ വലിയ മുഖത്തേക്കും വൈകല്യം ബാധിച്ച ശരീരത്തിലേക്കും  നോക്കി നിന്നു. പിന്നെ ഒന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. 

"ശരി. നീ എന്തിനു വേണ്ടി അവളെ കാണുന്നു എന്ന് ഞാന്‍ ചോദിക്കുന്നില്ല.  നാളെ  വൈകീട്ട് ഡാന്‍സ് ബാര്‍ തുറക്കുന്ന സമയത്ത് അവളുടെ മുറിയിലേക്ക് പൊയ്ക്കോ. അവളോട്‌ നാളെ  ഡാന്‍സ് ബാറിലേക്ക് വരണ്ട എന്ന് ഞാന്‍ പറഞ്ഞോളാം. പക്ഷെ അടുത്ത ദിവസം  രാവിലെ വരെ നീ അവളോടൊത്ത് ആ റൂമില്‍ തന്നെ ഉണ്ടാകണം എന്ന് മാത്രം. മറ്റെങ്ങും പോകാന്‍ നിനക്ക് സാധിക്കില്ല . വാതില്‍ ഞാന്‍ പുറത്തു നിന്നു പൂട്ടും. അത് കൊണ്ടാണ് പറയുന്നത് "

അക്കയുടെ മുഖത്തേക്ക് തല ഉയര്‍ത്തിപ്പിടിച്ചു നോക്കാതെ അന്ന് താന്‍ അതിനു സമ്മതം മൂളി.  അന്നേ ദിവസം മറ്റു ചില കാരണങ്ങളാല്‍  ജോലിക്ക് വരാന്‍ സാധ്യമല്ലെന്ന് ഇബ്രാഹിം സേട്ടിനോട് വിളിച്ചു പറഞ്ഞു . സേട്ടുവിന് തന്നോട് വലിയ കാര്യമായിരുന്നു എന്നുള്ളത് കൊണ്ട് തന്‍റെ ആവശ്യം നിരാകരിക്കപ്പെട്ടതുമില്ല.

 പിന്നീടുള്ള കാത്തിരിപ്പ് അവളെ കാണാന്‍ പോകുന്ന ആ സായാഹ്നത്തിന് വേണ്ടിയായിരുന്നു. ജനാലകള്‍ തുറന്നിട്ട ശേഷം ഡാന്‍സ് ബാറിലെ ലൈറ്റുകള്‍ കത്തുന്ന സമയവും  നോക്കി ഒരു ചാരു കസേരയില്‍ മുറിയില്‍  തന്നെ ഇരുപ്പുറപ്പിച്ചു. 

അല്‍പ്പ നേരം കഴിഞ്ഞു കാണും. കസേരയിലുള്ള ആ ഇരുപ്പില്‍ ചെറുതായൊന്നു മയങ്ങിപ്പോയിരുന്നു. കണ്ണുകള്‍ തുറന്നു  ജനാലയിലൂടെ നോക്കുമ്പോള്‍ സുഭദ്ര അക്ക കുറച്ചു ദൂരെയായി നില്‍ക്കുന്നത് കാണാമായിരുന്നു. ഡാന്‍സ് ബാറിലെ ലൈറ്റുകള്‍ കത്താനും തുടങ്ങിയിരിക്കുന്നു. 

  പെട്ടെന്ന് തന്നെ  എഴുന്നേറ്റു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട്  കണ്ണാടിയില്‍ ഒന്ന് വിശദമായി തന്‍റെ രൂപത്തെ നോക്കി. ഇല്ല, അത്രക്കും വൈരൂപ്യം തനിക്കിപ്പോള്‍ തോന്നുന്നില്ല. തല അല്‍പ്പം വലുതാണ്‌, കൈകള്‍ അല്‍പ്പം ചെറുതാണ്, സാമാന്യം മോശമല്ലാത്ത ഒരു രൂപവും തനിക്കുണ്ട്. ആത്മവിശ്വാസത്തോടെ തന്നെ അവളെ  കാണാന്‍ പോകാം. പതിവില്ലാത്ത എന്തോ ഒരു ധൈര്യത്തില്‍ തന്നോട് തന്നെ പറഞ്ഞു. പിന്നെ, സാവധാനം മുറി അടച്ചു പൂട്ടിയ ശേഷം ഗോവണിപ്പടികള്‍ ഇറങ്ങി നടന്നു. 

സുഭദ്ര അക്ക പറഞ്ഞ വിവരമനുസരിച്ച് ഏറ്റവും താഴത്തെ നിലയിലെ അവസാനത്തെ മുറിയിലാ ണ് അവള്‍  താമസിക്കുന്നത്. ആ മുറിക്കു മുന്നിലെത്തിയപ്പോള്‍ തന്‍റെ ഹൃദയമിടിപ്പ്‌ കൂടി കൂടി  വരുന്നതായി തോന്നി. വാതിലില്‍ പതിയെ വിരലുകള്‍ കൊണ്ട് രണ്ടു മുട്ട് മുട്ടി. തന്‍റെ ശ്വാസഗതി ഉയര്‍ന്നു കൊണ്ടേയിരുന്നു. 

ആ വാതിലുകള്‍ പതിയെ തുറക്കപ്പെട്ടു. ഇളം മഞ്ഞ നിറത്തില്‍ തിളങ്ങുന്ന മുത്തുകളോട് കൂടിയ ഒരു വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്. മുറിയിലേക്ക് പ്രവേശിച്ച ശേഷം ചുറ്റും കണ്ണോടിച്ചു . മുറിയിലെ ബള്‍ബ്‌ വെളിച്ചത്തിന് വ്യത്യാസമുണ്ടായിരുന്നു. ആ വെളിച്ചം കൊണ്ടായിരിക്കാം അവളും അവളുടെ വസ്ത്രവും കൂടുതല്‍ മഞ്ഞ നിറത്തില്‍ ശോഭിക്കുന്നത്‌.,. അവളുടെ മുഖത്തേക്ക് നോക്കി നില്‍ക്കുന്ന സമയത്തായിരുന്നു പുറകില്‍ നിന്നാരോ വന്നു വാതില്‍ അടച്ചു കുറ്റിയിട്ടത്. താഴിട്ടു പൂട്ടുന്ന ശബ്ദത്തില്‍ നിന്ന് അത് സുഭദ്ര അക്കായാണെന്ന് താന്‍ മനസിലാക്കി. 

 മുറിയിലെ ഫാന്‍ കറങ്ങാന്‍ തുടങ്ങി. സ്വിച്ച് ബോര്‍ഡിനു ചേര്‍ന്ന് കൊണ്ട് നില്‍ക്കുന്ന അവള്‍ തന്നെയും നോക്കി കൊണ്ടേയിരിക്കുന്നു. മുറിയില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് തനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു . അല്ലെങ്കില്‍ ഒട്ടും തന്നെയില്ല എന്നും പറയാം.    ഇത്ര നിമിഷങ്ങള്‍ കഴിഞ്ഞിട്ടും  അവളുടെ മുഖത്തേക്ക് എന്ത് കൊണ്ടോ തനിക്കു നോക്കാന്‍ സാധിക്കുന്നില്ല. തന്‍റെ ശരീരം ഒരു സ്ത്രീയുടെ മുന്നിലും ഇത്ര നേരത്തോളം നിശ്ചലമായി ഒരു കാഴ്ച വസ്തുവെന്നോളം നിന്നിട്ടില്ലായിരുന്നു. 

അവള്‍ പതിയെ തനിക്കു നേരെ വന്നു. അവളുടെ വസ്ത്രം ശരീരത്തില്‍ നിന്നും ഏത് നിമിഷവും അറ്റ് പോകാം എന്ന നിലയിലായി തോന്നിച്ചു..അതോ അവള്‍ അലസമായി വസ്ത്രം ധരിച്ചതാണോ ? അറിയില്ല.  തന്‍റെ തല കുനിഞ്ഞു തന്നെയിരുന്നു. അത് കണ്ടിട്ടായിരിക്കാം അവള്‍ ചോദിച്ചത്. 


" നിങ്ങള്‍  ഇവിടെ വന്നത് ഇങ്ങനെ നാണിച്ചിരിക്കാന്‍ വേണ്ടിയാണോ അതോ ...."


"നിങ്ങള്‍ ആദ്യം നിങ്ങളുടെ വസ്ത്രം ശരിയായി ധരിക്കൂ .. " തന്‍റെ ആ മറുപടി കേട്ട ശേഷം അവള്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ അവളുടെ ശരീരത്തിലെ ആഭരണങ്ങളും മുത്തുകളും കിലുങ്ങി. 

" എന്നെ നല്ല വസ്ത്രത്തില്‍ അണിഞ്ഞു കാണാന്‍ വേണ്ടിയാണോ നിങ്ങളിവിടെ വന്നത് ? " 

"അല്ല , തീര്‍ച്ചയായും അല്ല. പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒരാഗ്രഹവുമായും അല്ല ഞാന്‍ വന്നത് ".   മുഖം അവള്‍ക്കു നേരെ പൊക്കി കൊണ്ട് പതിയെ പറഞ്ഞു. 

റൂമിലെ നിറം മങ്ങിയ വെളിച്ചത്തില്‍ അവളുടെ മുഖം പ്രസന്നമായിരുന്നു എങ്കിലും കണ്ണുകള്‍ വിഷാദ മേഘത്താല്‍ മൂടിയിരുന്നു. അവള്‍ വീണ്ടും മുത്തു മാലകളും വളകളും കിലുക്കി കൊണ്ട് ചിരിച്ചു. പിന്നീട്  തന്‍റെ അടുത്തു വന്ന ശേഷം കൈകളില്‍ പിടിച്ചു കൊണ്ട്   ആ റൂമിലെ മെത്തയില്‍ കൊണ്ട് ചെന്നിരുത്തി.   ഒരക്ഷരവും മിണ്ടാതെ താന്‍ അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചു . 

" എന്നെ തൊടാന്‍ നിനക്ക്  എങ്ങിനെ സാധിച്ചു ? എന്‍റെ ഈ രൂപം ..." പറഞ്ഞു മുഴുപ്പിക്കാതെ താന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. 

" എന്നെ പ്രാപിക്കാന്‍ ഇവിടെ വരുന്നവരുടെ രൂപത്തെ കുറിച്ച് പലപ്പോഴും ഞാന്‍ ആലോചിട്ടുണ്ട്. അവര്‍ക്കൊന്നും സത്യത്തില്‍ രൂപമില്ലായിരുന്നു . എന്‍റെ ശരീരത്തെ ഞാന്‍ പണ്ടേ മറന്നത് കാരണം എനിക്കും നിങ്ങള്‍ പറയുന്ന രൂപങ്ങളില്‍ വിശ്വാസമില്ല. " അവള്‍ അല്‍പ്പം വിഷാദത്തോടെ പറഞ്ഞു. 

"നിങ്ങള്‍ എന്തിനീ തൊഴില്‍ ചെയ്യുന്നു ... നിങ്ങള്‍ക്ക് എങ്ങിനെ സാധിക്കുന്നു  ഇതിനൊക്കെ ? "

"ഇതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതെന്‍റെ വെറും  ന്യായീകരണങ്ങള്‍ മാത്രമായേ  തോന്നൂ ..അത് കൊണ്ട് തന്നെ  ഞാന്‍ അത് പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കിനിയൊരു ജീവിതവുമില്ല . പക്ഷെ എനിക്ക് ജീവിച്ചേ മതിയാകൂ...അതിനു .. " പറഞ്ഞു മുഴുമിപ്പിക്കാതെ അവള്‍ തന്‍റെ മുഖത്തേക്ക് ദയനീയമായ് നോക്കി നിന്നു. 

" നീയെന്നെ ഇങ്ങനെ നോക്കരുത് ... എനിക്കെന്തോ എന്നെ കുറിച്ച് തന്നെ  അപഹാസ്യത തോന്നി പോകുന്നു  ...ഞാന്‍ ഇവിടെ വരരുതായിരുന്നു.   പലപ്പോഴും ഡാന്‍സ് ബാറിലേക്ക് വരുകയും പോകുകയും ചെയ്യുന്നവരെ ജനാലയിലൂടെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കൂട്ടത്തിലെപ്പോഴോ കണ്ടു പരിചയമായ ഒരു മുഖമായിരുന്നു നിന്‍റെ.  നിന്നോടെന്തോക്കെയോ പറയാന്‍ മനസ്സില്‍ കരുതി വച്ചാണ് ഇവിടെ വന്നത് ..പക്ഷെ...എനിക്കാകില്ല ..പറയാന്‍ വച്ച വാചകങ്ങള്‍ എവിടെയോ മറഞ്ഞു പോയിരിക്കുന്നു. " ഒരല്‍പം വികാരാധീനനായി താന്‍ പറഞ്ഞു. തന്‍റെ മുഖത്തു അത് പറയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യവും ഊര്‍ജ്ജവും പ്രകടമായിരുന്നിരുന്നു . 

 മൌനം മാത്രം തളം കെട്ടി നിന്ന ആ ഒറ്റ മുറിയില്‍ അന്ന് രാത്രിയില്‍ പങ്കു വക്കപ്പെട്ടത് രൂപ സങ്കല്പങ്ങള്‍  ഇല്ലാത്ത,  ആശകളും നിരാശകളും ബാധിച്ച രണ്ടു മനസ്സുകളുടെ  വിചിത്രമായ വികാര ചിന്തകള്‍ മാത്രമാണ്. നേരം പുലര്‍ന്നപ്പോള്‍ സുഭദ്ര അക്ക വരുകയും വാതില്‍ തുറന്നു തരുകയും ചെയ്തു. അക്കയോട് പ്രത്യേകിച്ച് ഒന്നും പറയാന്‍ നില്‍ക്കാതെ  ഗോവണി പടികള്‍ മെല്ലെ മെല്ലെ ചവിട്ടി കൊണ്ട് താന്‍  റൂമിലേക്ക് തന്നെ പോയി. 

*****************
   
ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ ദീര്‍ഘ നേരത്തേക്ക് നിര്‍ത്തിയിട്ടിരിക്കുകയാണ്. തങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ തിരക്ക് കുറവാണ് എന്നത് ഒരു തരത്തില്‍ ആശ്വാസമായാണ് ചന്ദ്രന്  തോന്നുന്നത്.  തന്‍റെ ചുമലില്‍ ചാരി ഉറക്കമായ സുമയെ തട്ടി വിളിച്ച ശേഷം ചന്ദ്രന്‍ അവളോട്‌  ഉറക്കം വരുന്നെങ്കില്‍ ബെര്‍ത്തില്‍ കയറി ഉറങ്ങരുതോ എന്ന് ചോദിച്ചു. അവളതു അനുസരിക്കുകയും ചെയ്തു. 

ബെര്‍ത്തില്‍ കയറി കിടന്ന ശേഷം ഉറക്കം വരാതായ സുമ പഴയ കാര്യങ്ങള്‍ ഓരോന്നും ഓര്‍ത്ത്‌ കൊണ്ടേയിരുന്നു. അവളുടെ മനസ്സ് മുംബൈയിലെ തെരുവുകളില്‍ അലയുകയായിരുന്നു. തന്‍റെ ഗ്രാമം വിട്ടു മറ്റൊരു ലോകം ചിന്തയില്‍ പോലും ഇല്ലാതിരുന്ന ഒരു സാധാരണ പെണ്‍കുട്ടി. അതായിരുന്നു സുമ. ചന്ദ്രന്റെ ജീവിതത്തില്‍ സംഭവിച്ച പോലെ തന്നെയുള്ള ഒരു തരം ഒറ്റപ്പെടലാണ് അവളെയും മുംബൈയില്‍ എത്തിച്ചത്. അകന്ന ബന്ധു കൂടിയായ സുഭദ്ര ചിറ്റ തന്നെ മുംബൈയിലേക്ക് കൂട്ടി കൊണ്ട് വന്നപ്പോള്‍ അതൊരു വലിയ ആശ്വാസമായി അവള്‍ കണ്ടു. പക്ഷെ, പിന്നീട് അവള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥകള്‍ പലതായിരുന്നു.  

"ആദ്യ കാലങ്ങളില്‍ ഡാന്‍സ് ബാറിലെ ജീവിതം തനിക്കു പൊരുത്തപ്പെടാന്‍ പറ്റാത്തത് തന്നെയായിരുന്നു. അക്കയോട് താനത് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. അക്കയെ അടുത്തറിയാന്‍ ആ ചോദ്യങ്ങള്‍ കാരണമായി എന്ന് വേണം പറയാന്‍..,. ഒരു മഹാ നഗരത്തില്‍ ഡാന്‍സ് ബാറിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണിന് എത്ര കാലത്തോളം തന്‍റെ ശരീരം ചാരിത്ര്യത്തില്‍ പൊതിഞ്ഞു സൂക്ഷിക്കാനാകും?എന്നോ,  എപ്പോഴോ, ആര്‍ക്കോ മുന്നില്‍ തന്‍റെ സ്ത്രീത്വം പണയപ്പെടുത്തെണ്ടി വന്നു.  ജീവിതത്തെ കുറിച്ച് ധാര്‍മികമായി ചിന്തിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു സ്ത്രീക്ക് പിന്നീടുള്ള തന്‍റെ ജീവിതത്തില്‍  ആഗ്രഹിക്കാനും ഒന്നുമില്ല. " സുമയുടെ ഓര്‍മ്മകള്‍ നിശബ്ദമായി ആരോടോക്കെയോ  കഥ പറയാന്‍ തുടങ്ങി. 

 മുംബൈയില്‍ വന്ന് മൂന്നു നാല് മാസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രേട്ടന്‍ തന്‍റെ റൂമില്‍ വരുന്നത്. അപ്പോഴേക്കും മാനസികമായി താനാകെ മാറി കഴിഞ്ഞിരുന്നു. ചന്ദ്രേട്ടന്റെ രൂപം തന്‍റെ മനസ്സില്‍ ഒട്ടും അറപ്പ് തോന്നിച്ചില്ല. അല്ലെങ്കില്‍ തന്നെ അറപ്പും വെറുപ്പും താന്‍ ആരോടായിരുന്നു കാണിക്കേണ്ടിയിരുന്നത്, അവരോടൊന്നും അത് പ്രകടിപ്പിക്കാന്‍ വേണ്ട കാലത്ത് തനിക്കു സാധിച്ചില്ല. ആ സ്ഥിതിക്ക് ഒരു ദുരുദ്ദേശവും ഇല്ലാതെ തനിക്കു മുന്‍പില്‍ തല കുനിച്ചിരുന്നു പോയൊരു  മനുഷ്യനോടു ആ സമയം എന്തായിരുന്നു തോന്നെണ്ടിയിരുന്നത് 

അന്നത്തെ ആ രാത്രിക്ക് ശേഷം  ചന്ദ്രേട്ടനുമായി പല തവണ ഡാന്‍സ് ബാറില്‍ വച്ചും പുറത്തും സംസാരിക്കാനിടയായി. ഒരിക്കല്‍ പോലും മാന്യമല്ലാത്ത ഒരു സംഭാഷണമോ പ്രവര്‍ത്തിയോ ചന്ദ്രേട്ടനില്‍ നിന്ന് തനിക്കു കാണാന്‍ സാധിച്ചില്ല. ഈശ്വരന്‍ എന്ത് കൊണ്ട് അദ്ദേഹത്തെ വൈകൃതം കൊണ്ട് അപമാനിച്ചു എന്ന് മാത്രമേ താന്‍ ആലോചിച്ചുള്ളൂ. സുഭദ്ര അക്കയുടെ ദൃഷ്ടിയില്‍ തങ്ങളുടെ  കൂടിക്കാണലും സംസാരവും മറ്റൊരു അര്‍ത്ഥത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് തങ്ങളുടെ സ്നേഹ ബന്ധം കൂടുതല്‍ ദൃഡമായി വരാന്‍ അത് സഹായകമായി. അക്ക ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് തനിക്കു പണ്ടേ ഉറപ്പായിരുന്നു. പലപ്പോഴും തന്നെയും കൂട്ടി എങ്ങോട്ടെക്കെങ്കിലും നാട് വിടാന്‍ ചന്ദ്രേട്ടനോട് താന്‍ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ, അക്കയോടുള്ള കടപ്പാട് മറന്നു കൊണ്ട് ഒന്നും ചെയ്യാന്‍ ചന്ദ്രേട്ടന്‍  ആഗ്രഹിച്ചിരുന്നില്ല. അതിനൊട്ടും  തന്നെ മനസ്സുമുണ്ടായിരുന്നില്ല .  

പക്ഷെ എല്ലാത്തിനും ഒരവസാനം ഉണ്ടാകുമല്ലോ. തങ്ങളുടെ കാര്യത്തിലും അത് സംഭവിച്ചല്ലേ മതിയാകൂ. അക്കയുടെ ചെവിയില്‍  ഈ വിവരങ്ങള്‍ അപ്പോഴേക്കും ആരോ അറിയിച്ചിരുന്നു. അതറിഞ്ഞ ശേഷം ചന്ദ്രേട്ടനെ മുകളിലത്തെ റൂമില്‍ നിന്നും അക്ക പുറത്താക്കി. ചന്ദ്രേട്ടന് ആ നഗരത്തില്‍ പിന്നീട് ബാക്കിയായത്  സേട്ടുവിന്റെ കടയിലെ ജോലി മാത്രം. അത് കൂടി നഷ്ട്ടപ്പെടുന്നതിനും മുന്‍പേ എന്തെങ്കിലും തീരുമാനിച്ചേ മതിയാകുമായിരുന്നുള്ളൂ. 

*****************

മഹാരാഷ്ട് സംസ്ഥാനത്തിന്‍റെ റെയില്‍വേ ബോഡറും മറി കടന്നു ട്രെയിന്‍ കുറച്ചങ്ങു എത്തിയപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി. ജനലരികില്‍ ഇരുന്നിരുന്ന ചന്ദ്രന്റെ മുഖത്തേക്ക് മഴത്തുള്ളികള്‍ ചിന്നി തെറിക്കാന്‍ തുടങ്ങി. ചന്ദ്രന്‍ പതിയെ ജനാല താഴ്ത്താന്‍ ശ്രമിക്കവേ ഉറങ്ങുന്ന സുമയെ നോക്കി. എന്തോ ആലോചിച്ചു കൊണ്ട് കണ്ണും മിഴിച്ചു കിടന്നിരുന്ന അവളെ നോക്കി പതിവില്ലാതെ ചന്ദ്രന്‍ ചിരിച്ചു. 

ആ സമയത്ത്  തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഉറക്കെ കരഞ്ഞു കൊണ്ട് ഓടി വന്ന ഒരു കൊച്ചു കുട്ടി ചന്ദ്രന്‍റെ  ശ്രദ്ധ അവളില്‍ നിന്നും മാറ്റി. ആ കുട്ടിയുടെ കരച്ചില്‍ കേട്ടിട്ടെന്ന പോലെ ഓര്‍മയില്‍ നിന്നുണര്‍ന്ന സുമ അപ്പോഴാണ്‌ തന്നെ നോക്കി നിന്നിരുന്ന ചന്ദ്രനെ കാണുന്നത്. കരഞ്ഞു കൊണ്ട് ഓടി വന്ന ആ കുട്ടിയെ തേടി അവന്‍റെ അമ്മയും അച്ഛനുമാണെന്ന് തോന്നുന്നു ചന്ദ്രന്‍റെ അടുത്തു നിന്നും കുട്ടിയെ എടുത്ത   ശേഷം ചെറുതായൊന്നു ചിരിച്ചു കൊണ്ട് അവരുടെ കമ്പാര്‍ട്ട്മെന്റിലേക്കു തന്നെ മടങ്ങി. 

ബെര്‍ത്തില്‍ നിന്നും ഇറങ്ങി താഴെ വന്ന സുമ ചന്ദ്രനെ നോക്കി കൊണ്ട് അല്‍പ്പം പരിഭവത്തോടെ പുഞ്ചിരിച്ചു. ഉറങ്ങുന്നില്ലെങ്കില്‍ എന്തിനു രണ്ടു പേരും രണ്ടു സ്ഥലത്തായി കണ്ണും മിഴിച്ചു ഇരിക്കണം എന്ന് ചിന്തിച്ചു കൊണ്ടാകണം സുമ വീണ്ടും ചന്ദ്രന്റെ അരികില്‍ വന്നിരുന്നത്. അവരുടെ രണ്ടു പേരുടെയും മനസ്സ് ആ സമയത്ത് ഒരേ സംഭവം തന്നെ ആലോചിക്കാന്‍ തുടങ്ങി. മറ്റൊന്നുമായിരുന്നില്ല, മുംബൈ നഗരത്തോട് വിട പറഞ്ഞു കൊണ്ട് കാസര്‍ഗോട്ടെക്ക് യാത്ര തിരിക്കാനുണ്ടായ ആ നിര്‍ണായക നിമിഷം. അതെങ്ങനെ മറക്കാനാകും അവര്‍ക്ക്  ?

അക്കയുമായി നേരിട്ട് ഒരു വെല്ലുവിളി നടത്താനും സുമയെ പരസ്യമായി ഇറക്കി കൊണ്ട് വരാനും ചന്ദ്രന് സാധിക്കുമായിരുന്നില്ല . ചന്ദ്രന്‍ വിളിച്ചാല്‍, ഏത് സമയത്ത് വേണമെങ്കിലും ഇറങ്ങി വരാന്‍ സുമ പക്ഷെ എന്നോ തയ്യാറായി കഴിഞ്ഞിരുന്നു. ഇനിയും അവളോട്‌ കാത്തിരിക്കാന്‍ പറയാന്‍ ചന്ദ്രന് പറ്റില്ലായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെയുള്ള ട്രെയിനില്‍ പോകാനുള്ള ടിക്കെറ്റ് ബുക്ക് ചെയ്തു വന്ന ശേഷം ചന്ദ്രന്‍ സേട്ടുവിനോട് കാര്യങ്ങളെല്ലാം  തുറന്നു പറഞ്ഞു. ഇനി മടങ്ങി വരില്ല എന്നും പറഞ്ഞു. ഒരു തരത്തിലുമുള്ള എതിര്‍പ്പ് പ്രകടിക്കാതെ സേട്ടു ചന്ദ്രനെ അനുഗ്രഹിച്ചു. 

അന്ന് പതിവില്ലാതെ മഴ പെട്ടെന്ന് പെയ്യാന്‍ തുടങ്ങിയിരുന്നു . നഗരവും ചേരികളും എല്ലാം ചെറിയ മഴത്തുള്ളികള്‍ കൊണ്ട് അവ്യക്തതയില്‍ നനഞ്ഞു കിടന്ന ആ സമയത്ത് ആരും തന്നെ പുറത്തിറങ്ങി നടന്നില്ല. അഥവാ , നടക്കുന്നവരുണ്ടെങ്കില്‍ തന്നെ അവരെല്ലാം മഴയില്‍ നിന്നും ഓടി മറയുകയാണ്. ആ മഴയുള്ള രാത്രിയില്‍ തന്നെയാണ് സുമയെയും കൊണ്ട് ചന്ദ്രന്‍ മുംബൈയില്‍ നിന്നും ആരാരും അറിയാതെ പൊടുന്നനെ മറയുന്നത്. 

ആ രാത്രിയില്‍  ചന്ദ്രനോടൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് ഒളിച്ചോടി പോകുമ്പോള്‍ സുമക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. കൂടുതലും വേവലാതികളും ഭയവുമായിരുന്നു അവള്‍ക്കു പങ്കു വക്കാനുണ്ടായിരുന്നത്. അതിലൊരു സംഭവമായിരുന്നു അന്നേ ദിവസം മഴ തുടങ്ങുന്നതിനു മുന്‍പ് തന്‍റെ മുറിയിലേക്ക് കടന്നു വന്ന രണ്ടു പരിചിത മുഖങ്ങളേയും  പിന്നൊരു അപരിചിതനായ താടിക്കാരനെയും കുറിച്ച് അവള്‍ക്കു ചന്ദ്രനോട് പറയാനുണ്ടായിരുന്നത്. 

 ചന്തയില്‍ മാടുകളെ വില പറഞ്ഞു വില്‍ക്കുന്ന പോലെയായിരുന്നു സുഭദ്ര അക്ക അന്ന് അവളോട്‌ സംസാരിച്ചത്.  ആ താടിക്കാരന്റെ കൂടെ മറ്റേതോ ദേശത്തേക്ക് അടുത്ത ദിവസം പോകാന്‍ തയ്യാറായിക്കോ  എന്ന് ആക്രോശിച്ച അക്കയോട് സാധ്യമല്ലെന്ന് പറഞ്ഞ് അലറിയപ്പോള്‍ അവളുടെ മുഖത്തേക്ക് കൈ വീശി അടിച്ചത് സേട്ടുവായിരുന്നു. അടിയുടെ വേദനയെക്കാള്‍ ഉപരി, സേട്ടുവിനെ അവരുടെ കൂടെ കണ്ടതിലായിരുന്നു അവള്‍ക്ക് കൂടുതല്‍ വിഷമം. 

പാതിരാത്രിയിലും മഴ കനത്തു പെയ്തു കൊണ്ടേയിരുന്നു. മഴയുടെ ഉച്ചത്തിലുള്ള ശബ്ദവും, കാറ്റും എന്ത് ലക്ഷണത്തിനെ  സൂചിപ്പിക്കുന്നു എന്നറിയില്ലായിരുന്നു. എന്തായാലും തങ്ങള്‍ക്കു അതൊരു ശുഭ ലക്ഷണമായി മാത്രമേ  കാണാന്‍  സാധിക്കുമായിരുന്നുള്ളൂ. അല്ലെങ്കില്‍ തന്നെ ലക്ഷണങ്ങളില്‍ എന്തിരിക്കുന്നു. എല്ലാം അവിചാരിതമായി മാത്രം സംഭവിക്കുമ്പോള്‍ എന്തിനു ലക്ഷണങ്ങളെ കുറിച്ച് ചിന്തിക്കണം? മഴ നനഞ്ഞു കൊണ്ട് റോഡരുകില്‍ അന്നേ ദിവസം തന്നെ കാത്തു നിന്നിരുന്ന ചന്ദ്രന്റെ അടുത്തേക്ക്‌ ഓടി അടുക്കുമ്പോള്‍  സുമയുടെ മനസ്സില്‍ അങ്ങിനെ തോന്നിയിരുന്നു. 

"ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ചന്ദ്രേട്ടന്‍ സ്നേഹിച്ച സേട്ടു എന്തിനായിരിക്കാം  തങ്ങളുടെ ജീവിതത്തില്‍ ഒരു വിശ്വസ്തന്‍റെ വേഷം കെട്ടി അഭിനയിച്ചത് ? " സുമ നെടുവീര്‍പ്പോടെ ചന്ദ്രനെ നോക്കി കൌണ്ട് മൌനമായി മൊഴിഞ്ഞു. 

 അവിശ്വസനീയവും അപ്രിയവുമായ  സത്യങ്ങള്‍ കാലത്തിന്‍റെ  തിരശ്ശീലയില്‍ വെളിപ്പെടുന്നത്  വികൃത രൂപമായാണ്. സേട്ടുവിനെ കുറിച്ചും അക്കയെ കുറിച്ചുമുള്ള  ആ വാര്‍ത്ത കേട്ടറിഞ്ഞ ശേഷം, ചന്ദ്രന്റെ മനസ്സില്‍ അത് വരെയും നന്മയുടെ രൂപങ്ങളായി മാത്രം നില നിന്നിരുന്ന  സുഭദ്ര അക്കയും സേട്ടുവും കാലത്തിന്‍റെമറ്റൊരു   വികൃത രൂപം പ്രാപിക്കുകയായിരുന്നു.

ഇരുട്ട് ഗുഹയിലേക്ക് കൂകി പാഞ്ഞു കയറിയ ട്രെയിന്‍ അവരുടെ ഗതകാല സ്മരണകളെ അപ്പോഴേക്കും ഭംഗിച്ചു കഴിഞ്ഞിരുന്നു. 

 ഓര്‍മകളില്‍ നിന്ന് ഞെട്ടി  ഉണര്‍ന്നെങ്കിലും, ആ നിമിഷത്തിലെ തങ്ങളുടെ മൂകത കൈ വെടിയാതെ ജീവിതത്തിന്‍റെ പുതിയ തിരിച്ചറിവുകളിലേക്ക് ഓടിയകലാന്‍  ചന്ദ്രനും സുമയും നിര്‍ബന്ധിതരായി.പുതിയ ജീവിതത്തിലേക്കുള്ള അവരുടെ  യാത്ര ഇപ്പോഴും തുടരുന്നു. പാളങ്ങളിലൂടെ. 
-pravin-