1. പുച്ഛം
എത്രയോ കോടി സ്വത്തുക്കൾ അവനുണ്ടത്രേ !
എത്രയോ രാജ്യങ്ങളിലേക്ക് അവൻ സഞ്ചരിച്ചിട്ടുണ്ടത്രേ !
എത്രയോ വലിയ വലിയ ആളുകളുമായി അവൻ സംസാരിച്ചിട്ടുണ്ടത്രേ !
എത്രയോ വിധത്തിലുള്ള സംസ്ക്കാര പ്രകാരം അതിഥികളോട് അവൻ മാന്യമായി പെരുമാറുമത്രേ !
എന്നിട്ടെന്തു കാര്യം ?
ഞാൻ ഒരു അഞ്ചു രൂപാ ചോദിച്ചപ്പോൾ അവന്റെ കയ്യിൽ കോടികളില്ല.
മഴ ചോർന്നൊലിക്കുന്ന എന്റെ വീട്ടിലേക്കു സഞ്ചരിക്കാൻ അവനു മടി.
മനുഷ്യനായി നിന്ന് മനുഷ്യനോടെന്ന നിലയിൽ എന്നോട് സംസാരിക്കാൻ അവനു സാധിക്കുന്നില്ല.
സ്വന്തം സംസ്ക്കാരം എന്തെന്ന് പോലും അവൻ മറന്നു പോയിരിക്കുന്നു .
എന്നിട്ടോ ?
എന്നെയും നിന്നെയും എന്നു കാണുമ്പോഴും അവന്റെ മുഖത്ത് വിരിയുന്ന പുച്ഛത്തിനുണ്ടോ വല്ല കുറവും?
പുച്ഛ ദൃഷ്ടിയോടെ പുഴുക്കളെ നോക്കുന്ന പോലെ അവൻ നമ്മളെ തന്നെ തറപ്പിച്ചു നോക്കുമ്പോൾ
ഞാനും നീയും അവന്റെ മുഖത്തു നിന്ന് കണ്ണെടുത്തു മാറ്റി ആകാശത്തിലോട്ടു നോക്കും.
ആകാശത്തിന്റെ അധിപൻ അന്നേരം തല കുനിച്ചു നിൽക്കുന്നത് കാണാം .
പിന്നൊരിക്കൽ എന്തായി ?
ആറടി മണ്ണിൽ കുഴിയിട്ട് മൂടി പുഴുവരിപ്പിക്കാനായി അവനെ കൊണ്ട് പോയ ദിവസം
അവന്റെ നിശ്ചലമായ ശരീരത്തിലേക്കും മുഖത്തിലെക്കും ഞാൻ തറപ്പിച്ചു നോക്കി.
അവന്റെ മുഖത്ത് അപ്പോഴും അതെ പുച്ഛ ഭാവമുണ്ടായിരുന്നു
അവന്റെ മുഖം ആകാശത്തിനു നേരെയായിരുന്നു.
അടഞ്ഞ കണ്ണുകൾ കൊണ്ട് ആകാശത്തിലാരെയോ അവൻ നോക്കുന്ന പോലെ തോന്നി
ആകാശത്തിന്റെ അധിപൻ അന്നേരം കുനിച്ച തല ഉയർത്തി കൊണ്ടിരിക്കുകയായിരുന്നു.
അവരൊക്കെ ആരായിരുന്നു ?
പുഴുവരിക്കപ്പെട്ടവൻ രാജാവായിരുന്നത്രേ !
പുഴുവരിപ്പിച്ചവൻ കാലമെന്ന ഏക സത്യ ദൈവവും .
പുച്ഛം എന്തിനായിരുന്നു ?
കുഴിമാടത്തിനുള്ളിൽ അവന്റെ ശരീരം തുരന്നു പുറത്തു വന്ന പുഴുക്കൾ പരസ്പ്പരം ചോദിച്ചു കൊണ്ടേയിരുന്നു.
2. വല്ലാത്തൊരു കോമ്പിനേഷന്
മതമില്ലാത്ത ദൈവവിശ്വാസിയും
മതമെന്തെന്നറിയാത്ത ദൈവവും.
രാഷ്ട്രമില്ലാത്ത പൗരനും
രാഷ്ട്രീയമറിയാത്ത അരാഷ്ടീയ വാദിയും
മനുഷ്യത്വമില്ലാത്ത മനുഷ്യനും
മൃഗീയത എന്തെന്നറിയാത്ത മൃഗങ്ങളും.
ആത്മാവിലാത്ത ഞാനും
ഞാൻ എന്തെന്നറിയാത്ത ഒരു വലിയ " ഞാനും "
വല്ലാത്തൊരു കോമ്പിനേഷന് തന്നെ !!!!
-pravin-