ഒരർത്ഥത്തിൽ അവന്റെ ഈ ഒളിച്ചോട്ടവും പ്രേമവുമെല്ലാം എനിക്ക് സന്തോഷം നൽകുന്നതായിരുന്നു. കാരണം, ജീവിതത്തിൽ ഒരുപാടു ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്ന അവന് ഇപ്പോഴെങ്കിലും, ഇങ്ങിനെയെങ്കിലും ഒരു ഇണ തുണ ഉണ്ടായല്ലോ. ഒരു അനാഥനോടുള്ള സഹതാപം കൊണ്ട് മാത്രം ഉണ്ടായ ആത്മബന്ധമല്ല എനിക്ക് അവനോടുള്ളത്. അതിനുമപ്പുറം പലതുമായിരുന്നു എനിക്ക് അവൻ. എനിക്ക് മാത്രമല്ല രമേഷിനും അവനെ അത്ര കാര്യമായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്ന് തുടങ്ങിയ ആ സൌഹൃദം ഞങ്ങൾ എപ്പോഴും കൂടെ കൊണ്ട് നടന്നു. ഒരേ സ്ഥലത്ത് ജോലിയും താമസവുമായി ആ സൗഹൃദം പിന്നെയും പടർന്നു പന്തലിച്ചു.
രമേഷിന്റെ വിവാഹ ശേഷം അവൻ മാറി താമസം തുടങ്ങിയെങ്കിലും ഞങ്ങളുടെ സൌഹൃദ കൂടി കാഴ്ചകൾക്കൊന്നും ഒരു കുറവും സംഭവിച്ചില്ല . അവസാനമായി ഞങ്ങൾ ഒത്തു കൂടിയത് രമേഷിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായിരുന്നു. കുഞ്ഞിനൊരു നല്ല പേര് വേണമെന്ന് മുന്നേ പറഞ്ഞിരുന്നതിനാൽ ദിലീപാണ് കുഞ്ഞിനുള്ള പേര് പറഞ്ഞു കൊടുത്തത് - നീതി. രമേഷിന്റെ ഭാര്യ സുഷമക്കും ആ പേര് ഇഷ്ടമായി. പക്ഷേ അവന്റെ അച്ഛനമ്മമാർക്ക് മറ്റെന്തോ പേരിടണം എന്നായിരുന്നു ആഗ്രഹം എന്നവരുടെ മുഖം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിപ്പോയി. രമേഷിന്റെ വിവാഹ ശേഷം കുറച്ചായി അച്ഛനമ്മമാരോട് അവനത്ര സുഖത്തിലായിരുന്നില്ല എന്നതും ഞങ്ങൾ ഓർത്തു. അന്ന് ആ ദിവസം രമേഷ് ഞങ്ങളോടായി മറ്റൊരു കാര്യം കൂടി പറഞ്ഞു. അച്ഛനെയും അമ്മയെയും അടുത്ത് തന്നെയുള്ള ശരണാലയത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു എന്നതായിരുന്നു അത്. അനാഥത്വം എന്താണെന്ന് നല്ല പോലെ അറിയാമായിരുന്ന ദിലീപ് അത് കേട്ടപ്പോൾ അവനോടു കയർത്തു. ആ ദിവസം ഞങ്ങൾക്കിടയിൽ മറ്റെന്തൊക്കെയോ സംഭവിച്ചു. അവന്റെ വീട്ടില് നിന്ന് ഞങ്ങള് പടിയിറങ്ങി. പിന്നൊരിക്കലും ഞങ്ങൾ രമേഷിനെ കാണാൻ ശ്രമിച്ചില്ല. ഞങ്ങളറിയാതെ തന്നെ ഞങ്ങൾ അവനിൽ നിന്ന് അകന്നു.
ഇന്ന്, ദിലീപിന്റെ ജീവിതത്തിൽ ഇങ്ങിനെയൊരു വഴിത്തിരുവ് ഉണ്ടാകുന്ന സമയത്ത് അവൻ കൂടെയില്ല എന്നത് ഒരു വിഷമമാണ്. ഒരു പക്ഷേ, ഈ വിഷയത്തിൽ എന്നെക്കാൾ കൂടുതൽ ദിലീപിനെ സഹായിക്കാൻ അവനായിരിക്കും മുന്നിൽ ഉണ്ടാകുമായിരുന്നത്. രമേഷിനോട് ഇക്കാര്യത്തെ കുറിച്ച് പറയുക പോലും ചെയ്യരുത് എന്ന വാശി ദിലീപിനും ഉണ്ടായിരുന്നു. രണ്ടു പേർക്കും ഇടയിൽ ശരിക്കും ഒറ്റപ്പെട്ടു കൊണ്ടിരുന്നത് സത്യത്തിൽ ഞാനായിരുന്നു.
ദിലീപിന് പോകാനുള്ള കാര്യങ്ങൾ തയ്യാറാക്കി കൊടുത്ത ശേഷം എല്ലാം മറന്നു കൊണ്ട് ദിലീപിനോട് പറയാതെ രമേഷിന്റെ വീട്ടിലേക്കാണ് ഞാൻ നേരെ പോയത്. എന്നെ കണ്ട പാടെ രമേഷ് ഓടി വന്നു കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. അവന്റെ കൈയ്യിൽ സുഷമ എഴുതി വച്ച് പോയ ഒരു കത്തുമുണ്ടായിരുന്നു. കത്ത് വായിച്ചയുടൻ ഞാൻ ദിലീപിനെ ഫോണ് ചെയ്തു. 'എടാ ദിലീപേ.. നീ..നിനക്കിതെങ്ങനെ ..'എന്ന ചോദ്യത്തിന് ഒരുത്തരവും തരാതെ അവൻ ഫോണ് സ്വിച്ച് ഓഫ് ചെയ്തു കളഞ്ഞു.
രമേഷിനെ മുറുകെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞത് അവിടത്തെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും വിഷാദ ച്ഛായയുള്ള ഫോട്ടോകളായിരുന്നു. അതേ സമയത്ത് തന്നെ മുറിക്കുള്ളിൽ എവിടെ നിന്നോ രമേഷിന്റെ മോൾ നീതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കാനും തുടങ്ങി.
-pravin-
(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഓണ് ലൈൻ ചെറു കഥാ മത്സരത്തിലേക്ക് എഴുതിയ കഥ. വിഷയം - കാമുകി / അനീതി/ വാർദ്ധക്യം )
(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഓണ് ലൈൻ ചെറു കഥാ മത്സരത്തിലേക്ക് എഴുതിയ കഥ. വിഷയം - കാമുകി / അനീതി/ വാർദ്ധക്യം )