Monday, April 21, 2014

പ്രവാസിയുടെ ചിറകുകൾ

പ്രവാസിക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ 
അവനെന്നും വൈകീട്ട് ജോലി കഴിഞ്ഞ ശേഷം നേരെ നാട്ടിലേക്ക് പറക്കും. 
വീട്ടിലെത്തി എല്ലാരെയും ഒരു നോക്ക് കണ്ട്, സകുടുംബം അത്താഴം കഴിച്ചു കിടന്ന ശേഷം,
അടുത്ത ദിവസം അതി രാവിലെ  തിരിച്ചു ജോലി സ്ഥലത്തേക്ക് തന്നെ പറക്കും. 
പിന്നെ വൈകീട്ട് വീണ്ടും നാട്ടിലേക്ക് പറക്കും. 
പിന്നെ അതിന്റെ അടുത്ത ദിവസം രാവിലെ തിരിച്ചു വീണ്ടും ജോലി സ്ഥലത്തേക്ക് തന്നെ പറക്കും. 
അങ്ങിനെ പറന്നും, തിരിച്ചു പറന്നും, പിന്നെയും പറന്നും തിരിച്ചു പറന്നും ..

പക്ഷേ നിർഭാഗ്യവശാൽ പ്രവാസിക്ക് അങ്ങിനെയൊരു ചിറക് ഇല്ലാതായിപ്പോയി. 
ചിറകില്ലാത്ത പക്ഷിയായി, ചിറകൊടിഞ്ഞ മനസ്സുമായി, കിനാവുകളിൽ മാത്രം പറന്നു നടക്കാൻ വിധിക്കപ്പെട്ടവനാണ്  പ്രവാസി. 
ചിറകില്ലാത്ത കാലം വരെ, വാർഷിക അവധിക്കാലമാകും വരെ,  അവന് ആകാശത്തിലൂടെ പോകുന്ന വിമാനങ്ങളെ നെടുവീർപ്പോടെ നോക്കി നിൽക്കാനേ കഴിയൂ. 

പ്രവാസിയുടെ മനസ്സാണ് അവന്റെ ചിറകുകൾ. 
അത് സദാ നാട്ടിലേക്ക് ലക്ഷ്യം വച്ച്  ചിറക് വീശി കൊണ്ടേയിരിക്കും. 
അതൊരിക്കലും തളരില്ല, നാടിനെ ഓർക്കുമ്പോൾ കൂടുതൽ തളിർക്കുകയേയുള്ളൂ. 

-pravin-

Wednesday, January 8, 2014

മാവോവാദികൾ

സീൻ 1  - നിലമ്പൂർ ഫോറെസ്റ്റ് റോഡ്‌ 

ഡിസംബർ മാസത്തിലെ ഒരു സുപ്രഭാതം. നേരം പര പരാന്നനെ വെളുക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വിജനമായ നിലമ്പൂർ  ഫോറെസ്റ്റ് റോഡിലൂടെ  ചീറി പാഞ്ഞു വരുകയായിരുന്നു ഒരു ജീപ്പ്.  കണ്ടിട്ട് ആകെ ഒരു വശപ്പിശക് ലുക്ക്. കുറച്ച് ദൂരെയായി, കാട്ടിലേക്കുള്ള വഴിയുടെ അടുത്തായി ജീപ്പ് നിന്നു. അതിൽ നിന്നും കുറച്ച് ആളുകൾ എന്തോ എടുത്തു കൊണ്ട് കാട്ടിലേക്കിറങ്ങി ഓടുന്നതായി പത്രക്കാരൻ ജമാൽ ദൂരെ നിന്ന് നോക്കി കാണുന്നുണ്ടായിരുന്നു. സൈക്കിൾ സ്പീഡിൽ ചവിട്ടിക്കൊണ്ട്  ജമാൽ അങ്ങോട്ടേക്ക് എത്തുമ്പോഴേക്കും ജീപ്പ് അവിടെ നിന്നും ദൂരേക്ക്‌ മാഞ്ഞു പോയി. 

എന്നാലും ആരായിരിക്കും കാട്ടിലേക്ക് ഇറങ്ങി ഓടിയത്. ജമാൽ അത് തന്നെ ആലോചിച്ചു കൊണ്ട് സൈക്കിൾ മുന്നോട്ട് ആഞ്ഞു ചവിട്ടി കൊണ്ടേയിരുന്നു. ഹൗ. ഇനിയിക്കാര്യം ആരോടെങ്കിലും പറയാതെ ഒരു സമാധാനവുമുണ്ടാകില്ല. താൻ കണ്ട കാഴ്ച  ആരോട് പറയും എന്ന് ആലോചിച്ച് ജമാലിന് കൂടുതൽ തല പുകക്കേണ്ടി വന്നില്ല. പത്രം വിതരണം ചെയ്തു കഴിഞ്ഞു മടങ്ങും വഴി സ്ഥിരം സൊറ പറയാൻ കയറുന്ന കുഞ്ഞാക്കയുടെ ചായക്കട തന്നെ അതിന് പറ്റിയ സ്ഥലം. 

സീൻ 2   - കുഞ്ഞാക്കയുടെ ചായക്കട (7 am)


"കുഞ്ഞാക്കോയ് ..മ്മടെ പതിവ് ചായ ഇങ്ങട് തന്നാണീൻ " ചായക്ക് ഓർഡർ കൊടുത്ത ശേഷം ജമാൽ  അവിടെ സൊറ പറഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ ഗാങ്ങിൽ അംഗത്വം എടുത്തു. അതിനു ശേഷം താൻ വരുന്ന വഴി കണ്ട കാഴ്ചയെ ഒന്ന് കൊഴുപ്പിച്ചു കൊണ്ട് ജമാൽ അവിടെയുള്ളവർക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം അതാരായിരിക്കും എന്ന് തല പുകഞ്ഞു കൊണ്ട് ആലോചിക്കുന്നതിനിടയിലാണ് നിശബ്ദനായ് പത്രം വായിച്ചു കൊണ്ടിരുന്ന മോഹനൻ സഖാവിന്റെ  ഞെട്ടിക്കുന്ന ഡയലോഗ് വീണത്. 

"ഇങ്ങളാരെങ്കിലും പത്രം വായിക്കാറുണ്ടോ ? എവിടന്ന് വായിക്കാൻ .. ഇവിടെ ഇങ്ങിനെ വന്നിരുന്ന് ചായേം കുടിച്ച് സൊറേം പറഞ്ഞു പോക്വാന്നല്ലാതെ മ്മടെ നാട്ടിൽ നടക്കുന്ന എന്തേലും കാര്യത്തില് ഇങ്ങള് ഇടപെടുണ്ടോ ?  മനുഷ്യന്മാരായാല് കുറച്ചൊക്കെ സാമൂഹ്യ ബോധോം വിവരോം ഒക്കെ വേണം ..അല്ലാതെ " സഖാവ് തുടർന്ന് കൊണ്ടേയിരുന്നു. 

"ങ്ങള് ഇങ്ങിനെ നോണ്‍ സ്റ്റോപ്പായി പറഞ്ഞു പോകാതെ  നിർത്തി നിർത്തി കാര്യം പറ മോഹനേട്ടാ .. ജമാല് പറഞ്ഞേല് വല്ല കഴമ്പൂണ്ടോ ? പറെൻ ന്നാല് .." ആൾക്കൂട്ടം മോഹനൻ സഖാവിലേക്ക് മുഖം തിരിച്ചു കൊണ്ട് ചോദിച്ചു. 

"പറയാം .. എനിക്ക് മനസിലായിടത്തോളം കാട്ടിലേക്ക് എന്തോ സാധനമായി ഓടി പോയിന്നൊക്കെ പറഞ്ഞാല് .. അത് മാവോയിസ്റ്റുകൾ ആകാനെ തരള്ളൂ ..അവര് ഭയങ്കര പ്രശ്നക്കാരാ .. ബോംബ്‌ കൊണ്ടല്ലാതെയുള്ള ഒരു കളിക്കും ഓലെ കിട്ടൂല..പേപ്പറിലൊക്കെ ഇന്നാളും കൂടി പറയ്ണ്ടായിരുന്നു ഓൽടെ  പ്രവർത്തനങ്ങളെ കുറിച്ച്  " മുഖത്തെ സ്ഥായി ഗൌരവ ഭാവത്തിനോട് കൂടെ  എക്സ്ട്രാ ഒരു അഞ്ചു കിലോ ഗൌരവം കൂടി കയറ്റി വിട്ട ശേഷം സഖാവ് മറുപടിയായി പറഞ്ഞു. അങ്ങിനെ ഇതെല്ലാം കൂടിയായപ്പോൾ സംഭവം ഏക ദേശം ഡാർക്ക് സീനായി എന്ന് പറഞ്ഞാൽ മതിയല്ലോ. 

"ഇനിപ്പോ എന്താ മ്മള് ചെയ്യേണ്ട്യെ ന്നും കൂടെ പറയിൻ ഇങ്ങള് .. "  ജമാലിലെ കർത്തവ്യബോധം ഉണർന്നു. 

"നേരെ പോലീസിൽ അറിയിക്കുക .. ബാക്കിയൊക്കെ അവരായിക്കൊള്ളും .. ചിലപ്പോ സൈന്യത്തിനെ വരെ ഇറക്കേണ്ടി വരും ഇവിടെ .. വേണ്ടി വന്നാൽ ഇവിടെ സൈന്യം അവരുമായി ഒരു യുദ്ധം തന്നെ നടത്തും .. പിന്നല്ല .." മോഹനൻ സഖാവ് പറഞ്ഞു ചറ പറാന്നനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. 

"അള്ളാ ...അപ്പൊ ന്റെ ചായക്കടേം കച്ചോടോം ഒക്കെ യുദ്ധത്തില് തകരൂലെ ? " കുഞ്ഞാക്ക തന്റെ സങ്കടവും പ്രാരാബ്ധവും പറയാൻ തുടങ്ങി. 

"അയ്‌ .. ഇങ്ങള്  പേടിക്കാണ്ടിരിക്കിൻ കുഞ്ഞാക്കാ.. ഇതൊക്കെ ഒരു യുദ്ധാണോ ? പിന്നെ ചില പൊട്ടലും ചീറ്റലും ഒക്കെ ണ്ടാകും . അത് നമ്മുടെ നാട് നന്നാകാൻ വേണ്ട്യാണ് എന്നങ്ങ്ട് കൂട്ട്യാ മതി. പണ്ട് ക്യൂബേലും ചൈനേലും ഒക്കെ എന്താണ്ടായെ ന്നറിയ്വാ ഇങ്ങക്ക് ? " സഖാവ് അവസാനത്തെ സിപ്പ് ചായ കുടിച്ചു തീർത്ത ശേഷം വിപ്ലവ വീര്യത്തോടെ ബെഞ്ചിൽ നിന്ന് എണീറ്റ് കൊണ്ട് കുഞാക്കയോട് ചോദിച്ചു. കുഞ്ഞാക്ക സ്തബ്ധനായി നിൽക്കുകയായിരുന്നു. 

"എന്റെ പോന്നാരാ മൊഹ്നെട്ടാ ..ഇബടെ പ്പോ അതൊന്നുല്ലല്ലോ പ്രശ്നം. ഇമ്മക്കീ സംഭവം പോലീസിൽ പറേണ്ടേ  ആദ്യം ? " സഖാവിൽ നിന്ന് ഉയർന്നു വന്ന വിപ്ലവ വീര്യത്തെ ജമാൽ തക്ക സമയത്തിനു ഗതി മാറ്റി വിട്ടു. സഖാവ് ഒന്ന് അടങ്ങി. പിന്നെ ഒരു ബീഡി കത്തിച്ചു പുകച്ചു കൊണ്ട് ജമാല് പറഞ്ഞത് ശരിയാ എന്ന് തല കുലുക്കി സമ്മതിച്ചു. ഒരു നിമിഷം ആലോചിച്ച ശേഷം സഖാവ് ജമാലിനെയും കുഞ്ഞാക്കയെയും കൂട്ടിക്കൊണ്ട് ചായക്കടയുടെ പുറത്തേക്ക് നടന്നു. 

"ജമാലേ , കുഞ്ഞാക്കാ  .. നമ്മള് ഇപ്പൊ നേരെ പോലീസ് സ്റ്റേഷനിൽ ചെന്നോണ്ട് കാര്യല്ല്യ. കാട്ടിലേക്ക് അവര്  ഇറങ്ങിപ്പോയ വഴിയില് കാവല് നിക്കുകയാണ് വേണ്ടത്. പോലീസിനെ ഫോണിൽ വിളിച്ചാലും മതിയല്ലോ. എന്തേ ..അത് പോരെ ? " ബുദ്ധിപരമായ ഒരി തീരുമാനം എടുക്കുന്ന   സ്റ്റൈലിൽ സഖാവ് ചോദിച്ചു. 

ആർക്കും എതിരഭിപ്രായം ഇല്ല എന്നായപ്പോൾ  'എന്നാ വരീൻ' എന്ന് പറഞ്ഞു കൊണ്ട് സഖാവിന് പിന്നാലെ ജമാലും, ജമാലിന് പിന്നാലെ ഓന്റെ രണ്ടു മൂന്നു സെറ്റുകാരും കൂടി സംഭവ സ്ഥലത്തേക്ക് നടക്കാൻ തുടങ്ങി. 

രണ്ടു മൂന്നു പേരെ ചായക്കട നോക്കാൻ ഇരുത്തിക്കൊണ്ട് കുഞ്ഞാക്ക തലയിൽ ഒരു തോർത്തും കെട്ടിക്കൊണ്ട് ചായക്കടയുടെ പടിയിറങ്ങി. കൂടെ കുഞ്ഞാക്കയുടെ രണ്ട്  സ്ഥിരം പറ്റുകാരും. അവരങ്ങിനെയാണ് കുഞ്ഞാക്കയുടെ കൂടെ സദാ ഉണ്ടാകും. രാത്രിയും പകലുമെല്ലാം കുഞ്ഞാക്കയുടെ കടയുടെ മുന്നിൽ തന്നെ നിൽപ്പുണ്ടാകും. അധികമൊന്നും സംസാരിക്കില്ല. കുഞ്ഞാക്ക പറയുന്നത് അനുസരിക്കുക മാത്രമേയുള്ളൂ. ഇത് വരെ തിന്നതിന്റെയും കുടിച്ചതിന്റെയും പൈസ തന്ന ശേഷമേ  ഇനി മോചനമുള്ളൂ  എന്നാണ് അവരോടുള്ള കുഞ്ഞാക്കയുടെ നിലപാട്. പാവം ബംഗാളികൾ. കയ്യിൽ പണമില്ലാതെ എങ്ങിനാ പറ്റു വീട്ടാൻ പറ്റുക? എന്തായാലും കുഞ്ഞാക്ക ഇപ്പോഴും അവർക്ക് ഭക്ഷണം നൽകുന്നുണ്ട്. അതിനു പകരം അവരെക്കൊണ്ട് എന്തെങ്കിലും ചെറിയ പണികൾ ചെയ്യിപ്പിക്കും എന്ന് മാത്രം. കുഞ്ഞാക്കയുടെ ഭാഷ അവർക്കും അവരുടെ ഭാഷ കുഞ്ഞാക്കക്കും അറിയില്ല. എന്നാലും കുഞ്ഞാക്ക പറയുന്നത് കറക്ടായി അനുസരിക്കാൻ ബംഗാളികൾക്ക് സാധിച്ചിരുന്നു. വിശപ്പിന്റെ ഭാഷ അറിയുന്നത് കൊണ്ടായിരിക്കാം അവർ രണ്ടു പേരും  അനുസരണാശീലത്തിന് അടിമകളായി മാറിയത്. 

സീൻ 3   - ചായക്കടയുടെ മുന്നിലൂടെ പോകുന്ന ഹൈവേ റോഡ്‌ (7.45 am)

"ഒന്നും വേം നടന്നു വരിണ്ടോ ഇങ്ങള് ?" സഖാവിന്റെ കൂടെ മുന്നേ നടന്നു നീങ്ങിയ ജമാൽ തിരിഞ്ഞു നിന്ന് കുഞ്ഞാക്കയോട് ഉറക്കെ വിളിച്ചു ചോദിച്ചു. കുഞ്ഞാക്ക നടത്തത്തിന്റെ സ്പീഡ് ചെറുതായി ഒന്ന് കൂട്ടി. പിന്നെ അവരുടെ അടുത്തെത്താനായി ഓടി. കുഞ്ഞാക്കയുടെ പിന്നാലെ ബംഗാളികളും. മോഹനൻ സഖാവ് മൊബൈൽ ഫോണിൽ ആരെയോ വിളിക്കാനുള്ള ശ്രമത്തിലാണ്. നടന്നു കൊണ്ടിരിക്കുമ്പോഴും അയാളുടെ കൈകൾ റീ ഡയൽ ചെയ്തു കൊണ്ടേയിരുന്നു. 

"എന്തേ ..സോമൻ സാറിനെ കിട്ടുന്നില്ലേ ? "ജമാൽ ഒരൽപ്പം ടെൻഷനോടെ ചോദിച്ചു. 

"ഇല്ല ..ആള് വേറെ എന്തേലും തിരക്കിലാകും. എന്റെ നമ്പര് കണ്ടാൽ തിരിച്ചു വിളിക്കുമായിരിക്കും. അങ്ങിനെയാ ഞങ്ങള് തമ്മിലുള്ള ഒരു ഇരുപ്പ് വശം ..ങേഹ് .." സഖാവ് ഒരിത്തിരി ജാഡ മിക്സ് ചെയ്തു കൊണ്ട് മറുപടി പറഞ്ഞു. അത് പറഞ്ഞു തീരുമ്പോഴേക്കും സഖാവിന്റെ ഫോണ്‍ ശബ്ദിച്ചു. അത് പക്ഷേ എസ്. ഐ അല്ലായിരുന്നു വിളിച്ചത്. ലോക്കൽ കമ്മിറ്റി അംഗം സുധാകരനായിരുന്നു. 

"ആ ..പറ സുധാകരാ.. ങേ ..എപ്പോ .... ഞാനിവിടെ അടുത്ത് തന്നെണ്ട്‌ ....ഇയ്യ്‌ ഒരു പണി ചെയ്യ് നമ്മടെ രണ്ടു മൂന്നു പേരെ അവിടെ നിർത്ത്. ഞാൻ അപ്പോഴേക്കും അങ്ങോട്ടെത്താം. ഏ ..ആ.. ആ.. ഞാൻ എത്തും ..ഒക്കെ ന്നാ .." സഖാവ് സുധാകരന് ഫോണിൽ മറുപടി കൊടുത്ത് കഴിഞ്ഞ ശേഷം കുഞ്ഞാക്കയുടെയും ജമാലിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. 

"മ്മടെ ചാത്തൂം കോയേം തമ്മില് വീണ്ടും ആ പഴേ എത പ്രശ്നം തുടങ്യരിക്കുന്നു.. സുധാകരനാ വിളിച്ചത്. എന്നോട് അത് വരെ ഒന്നെത്താൻ പറയ്വായിരുന്നു. അല്ലെങ്കീ ഏതെങ്കിലും ഒന്നിന്റെ പണി ഇന്ന്  കഴിയും എന്ന സ്ഥിത്യാ അവിടെ. "

"അല്ല ..മോഹ്നെട്ടൻ പോയാപ്പിന്നെ ഇതിപ്പോ എന്താക്കും .. " ജമാൽ സംശയം പ്രകടിപ്പിച്ചു. 

"അയ്‌ .. അത് പ്രശ്നല്ലാ ന്ന്. ഞാൻ അവിടത്തെ പ്രശ്നം ഒതുക്കീട്ട് ഇപ്പ തന്നെ ഇങ്ങട് വരാം. സോമൻ സാറിനെ ഞാൻ വിളിച്ചോളാം. എന്തായാലും ചാത്തൂന്റെ വീടിനു മുന്നിലുള്ള വഴീക്കൂടെ മാത്രേ  അങ്ങേരുടെ വണ്ടിക്ക്‌ ഫോറെസ്റ്റ് റോട്ടിലക്ക്  കേറാൻ പറ്റൂ ..അപ്പൊ അങ്ങേരേം കൊണ്ട് ഞാൻ നേരെ ഇങ്ങോട്ട് വരൂം ചെയ്യാം . എന്താ അത് പോരെ " 

ജമാലിനെ സ്ഥിതിഗതികൾ പറഞ്ഞു ബോധിപ്പിച്ച ശേഷം  മോഹനൻ സഖാവ് പ്രശ്ന ബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. ജമാലും കുഞ്ഞാക്കയും ബംഗാളികളും കൂടി ഫോറെസ്റ്റ് റോഡിൽ നിന്ന് കാട്ടിലേക്ക് ഇറങ്ങി പോകുന്ന വഴിയെ ലക്ഷ്യം വച്ച് കൊണ്ട് യാത്ര തുടർന്നു. 

സീൻ   4 - ചാത്തുവിന്റെയും കോയയുടേയും വീട്ടു മുറ്റം (8.30 am)

ചാത്തുവിന്റെയും കോയയുടേയും വീടിനു ചുറ്റും ആളുകൾ തിങ്ങി നിൽക്കുന്നുണ്ടായിരുന്നു. എന്തോ വലിയ മാമാങ്കം കാണാനെന്ന പോലെയുള്ള തിക്കും തിരക്കുമായിരുന്നു അവിടെ. ചാത്തുവും കോയയും തമ്മിലുള്ള വാഗ്വേദം അതിന്റെ മൂർധന്യത്തിലേക്ക് എത്തിക്കൊണ്ടിരുക്കുകയാണ്. ഇനി അടുത്തത് കൈയ്യാങ്കളിയാണ്. അതെപ്പോൾ തുടങ്ങും എന്ന് പറയ വയ്യ. 

"ഇജ്ജ് കളിക്കാൻ നിക്കല്ലേ ചാത്ത്വോ.. ഈ മാവ് ഞാൻ ജനിച്ച അന്നൊട്ടേ കാണുന്നതാ .. അത്  പണ്ടേ  ന്റെ പൊരേടെ അതിരിമ്പേ നിക്കണതാ ..ന്നിട്ട് പെട്ടെന്നൊരൂസം ഈ മാവ് അന്റെ പൊരേത്തേ മാവാണ് ന്നൊക്കെ പറഞ്ഞാണ്ടല്ലോ ..ഇജ്ജ് വെറുതേ ന്റെന്നു മാങ്ങാൻ നിക്കല്ലേ ട്ടോ .. ന്ഹും ..മാന്ഷനെ ഈറ പിടിപ്പിക്കാതെ പോകാൻ നോക്ക് ഇജ്ജ്."

"അയന്നെ ഇക്ക് അന്നോടും പറയാനുള്ളത് കോയാ . അന്റെ വാപ്പാന്റെ വാപ്പാന്റെ കാലത്ത് തൊട്ടേ ഈ മാവ് ഞങ്ങടെ വീട്ടും പറമ്പിലാണ്. പിന്നെ അന്റെ പറച്ചില് കേട്ടാ തോന്നും അന്നെ ഈ മാവിന്റെ ചോട്ടിലേക്കാണ് അന്റെ ഉമ്മ പെറ്റിട്ടതെന്ന് . ഒരു കാര്യം ശരിയായിരിക്കും ഇയ്യ്‌ ജനിച്ച അന്ന് തൊട്ട് ഈ മാവ് കാണുന്നുണ്ടായിരിക്കും . അപ്പൊ ഇയ്യ്‌ അന്ന് ആ കാലത്തെന്നെ ഞങ്ങടെ വീട്ടിലെ മാവിനെ നോട്ടട്ട് വച്ചിരിക്ക്വായിരുന്നല്ലേ .. ഭയങ്കരാ സാധാനാ ട്ടോ കോയാ ഇയ്യ്‌ ന്നാലും .."

"ചാത്ത്വോ ..ഇജ്ജ് വെറുതെ മയ്യത്തായ ന്റെ വാപ്പാനേം വാപ്പാന്റെ വാപ്പാനേം പിന്നെ ഇപ്പൊ നല്ല ജീവനോടെ മണ്ടി നടക്കുന്ന ഉമ്മാനേം കുറിച്ചൊക്കെ ഓരോന്ന് പറഞ്ഞാണ്ടല്ലോ അന്റെ മയ്യത്തായിരിക്കും ഈ മാവിന്റെ ചോട്ടിൽ നിന്ന് എടുക്കണ്ടി വര്വാ ..പറഞ്ഞില്ലാന്നു വേണ്ട"

"ന്നാ ഇയ്യിങ്ങട് വാടാ ..നമ്മക്ക് നോക്കാം ആരുടെ മയ്യത്താ എടുക്കേണ്ടി വര്വാന്ന്"

"കള്ളപ്പന്നീ ..ഞാ.. ധാ  വരാണ്  ..അന്റെ ചെലക്കല് ഞാപ്പോ നിർത്തിത്തരാം "

ചാത്തുവും കോയയും തമ്മിലുള്ള അടിപിടി കാണാനായി  അവിടെ തടിച്ചു കൂടിയിട്ടുണ്ടായിരുന്ന നാട്ടുകാരുടെ മുഖത്ത്  പെരുത്ത് തന്തോയം വിടർന്നു കൊണ്ടിരിക്കുകയായിരുന്നു . ഫ്രീയായിട്ട് നേരിട്ട് ഒരടി കാണാനുള്ള ഒരു ആഗ്രഹം മൂത്ത് നടക്കുന്ന സകലമാന പേരേയും ഞെട്ടിച്ചു കൊണ്ട് അപ്പോഴാണ്‌ പോലീസ് ജീപ്പ് അവിടേക്ക് പറന്നെത്തിയത്. 

"ഹും ..ആരാടാ ഇവിടെ ഒരു മാവിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ നടക്കുന്നവർ ? ചോദിച്ചത് കേട്ടില്ലേ ആരാന്ന് ? ". നാട്ടുകാരെ കിടു കിടാ വിറപ്പിക്കുന്ന എസ് ഐ മാർക്ക് എല്ലാ കാലത്തും ഉള്ള "ക്ലീഷേ" മീശ പിരിച്ചു കൊണ്ട് എസ്. ഐ സോമ ശേഖരൻ അവിടെ കൂടി നിന്നവരോടായി ആക്രോശിച്ചു. 

"ദാ സാറേ .. ഓലാണ് പ്രശ്നക്കാർ .." കൂട്ടത്തിലെ ഏറ്റവും മാന്യനെന്നു കണ്ടാൽ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള കുഞ്ഞുണ്ണി പ്രശ്നക്കാരായ കോയയേയും ചാത്തുവിനെയും നിർദാക്ഷിണ്യം ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. 

"ഓലോ ..അതെന്ത് ?? " എസ്. ഐ താൻ കേട്ട ആ  മലയാള പദത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. 

"ഓല് ന്ന് വച്ചാൽ അവർ എന്നാണ് അർത്ഥം സാർ" കിട്ടിയ ചാൻസ് മുതലെടുത്ത്‌ കൊണ്ട് നാട്ടിലെ ഒരു പണ്ഡിതൻ തന്റെ അറിവ് നാലാളുടെ മുന്നിൽ സാമാന്യം നന്നായി തന്നെയങ്ങട്‌ പ്രകടിപ്പിച്ചു. എസ്.ഐ ആ പണ്ഡിതനെ ഒന്നിരുത്തിയങ്ങ് നോക്കിയ ശേഷം ചാത്തുവിനെയും കോയയെയും അടുത്തേക്ക്‌ വിളിച്ചു. 

"എന്താടാ നിന്റെയൊക്കെ പ്രശ്നം ? പറയട കള്ള %്#്്$ ^^ " എസ് ഐ കലിപ്പിന്റെ പതിനെട്ടാം പടിയിൽ എത്തിയിരുന്നു അപ്പോഴേക്കും.  ആ ചോദ്യത്തിന് മുന്നിൽ രണ്ടു പാവത്താന്മാരെ പോലെ കോയയും ചാത്തുവും  അത് വരെ വിടർന്നു നിന്നിരുന്ന അവരുടെ പത്തിയെല്ലാം നാലായി മടക്കി പോക്കറ്റിലിട്ടു കൊണ്ട് പറഞ്ഞു.  

"അയ്യോ ..സാറേ.. ഒരു പ്രശ്നോം ല്ലാ സാറേ .. ഞങ്ങളെ ഒന്നും ചെയ്യല്ലേ". 

'അങ്ങിനല്ല ല്ലോ എനിക്ക് കിട്ടിയ പരാതി. നീയൊക്കെ ബോംബും കൊണ്ടാണ് കളി എന്നും, കാട്ടിലാണ് ബോംബെല്ലാം  ഒളിപ്പിച്ചു വക്കുന്നത് എന്നൊക്കെയാണല്ലോ എനിക്ക് കിട്ടിയ സൂചനകൾ..സത്യം പറഞ്ഞില്ലെങ്കിൽ  നിന്നെയൊക്കെ എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം" എസ് ഐ വിടുന്ന മട്ടില്ലായിരുന്നു. സംഗതി സീരിയസായ എന്തോ കേസാണെന്നു മണത്തറിഞ്ഞ നാട്ടുകാർ സ്ഥലത്ത് നിന്നും പെട്ടെന്ന് തന്നെ സ്കൂട്ടായി. ചുമ്മാ സാക്ഷി പറയാൻ വേണ്ടിയെങ്കിലും പോലീസ് സ്റ്റേഷനിലോ  കോടതിയിലോ കയറേണ്ടി വന്നാലുള്ള മാനക്കേടിനെ ഓർത്തായിരുന്നു എല്ലാവരുടെയും ആ സ്കൂട്ടാകൽ. 

ഒന്നും മനസിലാകാതെ അന്തം വിട്ടു നിൽക്കുകയായിരുന്ന ചാത്തുവിനെയും കോയയെയും പിടിച്ചു ജീപ്പിൽ കേറ്റാൻ എസ് ഐ പറഞ്ഞപ്പോഴേക്കും രണ്ടു പേരുടെയും വീട്ടുകാർ വാവിട്ട് കരയാൻ തുടങ്ങിയിരുന്നു. കോണ്‍സ്റ്റബിൾമാർ രണ്ടെണ്ണത്തിനേയും തൂക്കിയെടുത്ത് ജീപ്പിലേക്കു എടുത്തിട്ടു. ജീപ്പിനകത്തെത്തിയ  ചാത്തുവും കോയയും എല്ലാം മറന്നു കൊണ്ട് കൈ കോർത്തു പിടിച്ചു കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. അവരുടെ ചിന്തയിൽ അവരേതോ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ജയിലിലേക്ക് പോകാൻ പോകുകയാണ്. ഉടൻ തന്നെ രാഷ്ട്രപതി അവരേയും തൂക്കി കൊല്ലാൻ പറയുമായിരിക്കും. അങ്ങിനെയാണേൽ എന്തിനായിരുന്നു ഇത്രേം കാലം പരസ്പ്പരം തല്ലു കൂടിയത് എന്നൊക്കെ ആലോചിച്ചു കൊണ്ട് അവർ കരച്ചിൽ ശക്തമാക്കി കൊണ്ടിരുന്നു. ആ സമയത്താണ് മോഹനൻ സഖാവ് സംഭവ സ്ഥലത്ത് കഥയറിയാതെ എത്തുന്നത്. തന്നെ ഫോണ്‍ വിളിച്ചു പറഞ്ഞ കമ്മിറ്റി അംഗം സുധാകരനെ ആ പരിസരത്തോക്കെ കണ്ണ് കൊണ്ട് ഒന്ന് ഓടിച്ചു പരതി നോക്കിയ ശേഷം എസ് ഐ സോമ ശേഖരനോട് ചിരിച്ചു കൊണ്ട് ചോദിച്ചു. 

"സാറ് നേരെ ഇങ്ങോട്ടാണോ പോന്നത് ? "

"പിന്നല്ലാതെ ,,,നീ തന്നല്ലേ എന്നെ വിളിച്ചു പറഞ്ഞത് ഇവിടെ മാവോവാദികൾ പ്രശ്നം തുടങ്ങിയിട്ടുണ്ട്, കാട്ടിലൊക്കെ ഏതാണ്ടോ ഒളിപ്പിച്ചു വക്കുന്നുണ്ട് എന്നൊക്കെ " എസ് ഐ മറുപടിയായി പറഞ്ഞു. 

"ന്ഹെ ..അയ്യോ ..സാറേ അത് ശരിയാണ് ..പക്ഷെ അതിവിടെയല്ല ഫോറെസ്റ്റ് റോഡിലാണ് സംഭവം. ഞാൻ അവിടെ കുറച്ചു പേരെ നിർത്തിയിട്ടാ ഇപ്പൊ ഇങ്ങോട്ട് പോന്നത്" സഖാവ് തല ചെറുതായി ചൊറിഞ്ഞു  കൊണ്ട് എസ് ഐക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനിടയിലാണ് ജീപ്പിലിരുന്നു മോങ്ങുന്ന ചാത്തുവിനെയും കോയയേയും അത് പോലെ അവർക്ക് വേണ്ടി വീട്ടു മുറ്റത്തിരുന്നു തേങ്ങുന്ന അവരുടെ ഫുൾ ഫാമിലിയേയും കാണുന്നത്. ഒന്നും മനസിലാകാതെ സഖാവ് എസ് ഐയുടെ മുഖത്തേക്കും ജീപ്പിനകത്തേക്കും മാറി മാറി  നോക്കി. 

"മ്ഹും .. നീ സംശയിക്കണ്ട .. മാവോവാദികൾ തന്നെ ..  നീ വരുന്നതിനും മുന്നേ ഞാൻ തന്നെ ഇവരെ നേരിട്ട് വന്നങ്ങു പൊക്കി. ഫോറെസ്റ്റ് റോഡിലേക്ക് കയറും മുൻപാണ് ഇവിടെ ആൾക്കൂട്ടം കണ്ടത്. സംഗതി ഇവര് വിചാരിച്ച പോലെയല്ല. മുറ്റു തന്നെയാണ്. ഒരുത്തന്റെ കയ്യില് കോടാലി. മറ്റവന്റെ കയ്യില് മടാളും. രണ്ടാളുടെയും  പ്രശ്നം മാവ് തന്നെ. ഇനി ബാക്കി ചോദിക്കാനുള്ളത് അങ്ങ് സ്റ്റേഷനിൽ ചെന്ന് വേണം നേരെ ചോദിക്കാൻ" മാവോവാദികളെ ഒറ്റയ്ക്ക് പിടിച്ചതിന്റെ അഹങ്കാരത്തിലും അഭിമാനത്തിലും എസ് ഐ സോമശേഖരൻ പുളകിതനായി കൊണ്ട് വിശദീകരിച്ചു. 

സംഗതി എസ് ഐ സോമശേഖരന് മാവോവാദത്തെയോ അതിന്റെ പിന്നാമ്പുറ കഥകളെ കുറിച്ചോ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല എന്ന് മനസിലായ മോഹനൻ സഖാവ് അദ്ദേഹത്തെ  കുറച്ചു മാറി നിന്ന് സംസാരിക്കാൻ ക്ഷണിച്ചു. സഖാവിലൂടെ അന്നാദ്യമായി എസ്.ഐ സോമശേഖരൻ മാവോവാദത്തെയും മാവോ വാദികളെയും കുറിച്ചുള്ള അടിസ്ഥാന  പാഠങ്ങൾ  കേട്ട് പഠിച്ചു. സംഗതി സർക്കാർ ജോലിയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല സോമശേഖരൻ പണ്ട് മുതലേ പൊതുവിജ്ഞാനത്തിൽ അൽപ്പം പിറകോട്ടായിരുന്നു. എന്തായാലും പറ്റിയത് പറ്റി. ഇനി നാലാള് അറിയുന്നതിന് മുൻപ് പ്രശ്നം ഒത്തു തീർപ്പാക്കി കൊടുത്ത് സ്ഥലം വിടാം എന്നായി എസ്. ഐ. സഖാവിനും അത് ഷൈൻ ചെയ്യാൻ കിട്ടിയ ഒരവസരമായി മാറുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 

ചാത്തുവിനെയും കോയയെയും  നോക്കി മീശ പിരിച്ചു കൊണ്ട് എസ് ഐ സോമശേഖരൻ പറഞ്ഞു. "ന്ഹും ..ഈ മോഹനനൻ സഖാവ് പറഞ്ഞത് കൊണ്ട് മാത്രം നിങ്ങളെ ഇപ്പോൾ വെറുതെ വിടുന്നു. ഇനി ഇത് പോലെ നിങ്ങള് തമ്മിൽ എന്തെങ്കിലും ബഹളമുണ്ടായാൽ ..ങും ..രണ്ടും പിന്നെ പുറം ലോകം കാണില്ല . മനസിലായോ ഡാ .." 

അങ്ങിനെ സഖാവിന്റെ ഇടപെടലിനെ തുടർന്ന്  കലിയടങ്ങിയ എസ്. ഐ അവരെ രണ്ടു പേരെയും ഒരൊറ്റ വാണിംഗ് കൊണ്ട് ഒതുക്കി. അവരുടെ മനസിലാകട്ടെ സഖാവ് മോഹനൻ ദൈവത്തോളം ഉയരുകയും ചെയ്തു. ചാത്തുവും കോയയും അന്ന് ആ നിമിഷം തൊട്ട് സ്നേഹ സമ്പന്നരായ അയൽക്കാരായി ജീവിക്കാൻ പോകുന്നു എന്ന ശുഭ സൂചനക്ക് കൂടി സാക്ഷ്യം വഹിച്ച ശേഷമാണ് പോലീസ് ജീപ്പ് ഫോറെസ്റ്റ് റോഡിലേക്ക് കയറിയത്. 

സീൻ 5   - നിലമ്പൂർ ഫോറെസ്റ്റ് റോഡ്‌ (9.30 am) 

പോലീസ് ജീപ്പ് ഫോറെസ്റ്റ് റോഡിലൂടെ ചീറി പോകുകയാണ്. ഫ്രെണ്ട് സീറ്റിൽ വലിയ ഗൌരവത്തോടെ ഇരിക്കുന്ന എസ് ഐ സോമശേഖരൻ. തൊട്ടു പുറകിലെ സീറ്റിൽ എസ്. ഐ അദ്ദേഹത്തിന്റെ ചുമലിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ഫ്രെണ്ട് ഗ്ലാസ്സിലൂടെ റോഡും പരിസരവും നിരീക്ഷിക്കുകയാണ് സഖാവ്. സഖാവിന്റെ ചാഞ്ഞു കിടന്നുള്ള നോട്ടം എസ്. ഐക്ക് മുഷിവുണ്ടാക്കുന്നുണ്ട് എന്ന് സഖാവ് അറിയുന്നില്ലായിരുന്നു. പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു കൊണ്ട് സഖാവിനോട് ചൂടായ പോലെ എസ്. ഐ പറഞ്ഞു. 

"എന്നാൽപ്പിന്നെ താൻ വന്നു മുന്നിലിരിക്കടോ .. കുറെ നേരമായി താനെന്റെ തോളേക്കേറി  ചായാനും ചരിയാനും തുടങ്ങിയിട്ട്. ഞാനെന്താടോ വിക്രമാതിദിത്യനൊ തന്നെ തോളിൽ ചുമന്നു നടക്കാനായിട്ട്" 

"അയ്യോ ..സോറി സാർ ,,ഞാൻ അത്  .. സ്ഥലം എത്താറായോന്ന് നോക്ക്യതാ .." സഖാവ് ഒരു നിമിഷത്തേക്ക് ബ ബ്ബ ബ്ബാ അടിച്ചു പോയി. 

ദൂരെ റോഡിന്റെ വളവിലായി ജമാലും കുഞ്ഞാക്കയുമെല്ലാം നിൽക്കുന്നത് കണ്ടപ്പോൾ സഖാവിനു ആശ്വാസമായി. ജീപ്പ് ഫോറെസ്റ്റ് റോഡിന്റെ ഒരരുകിലായി  നിർത്തിയിട്ട ശേഷം എസ് ഐയ്യും, സഖാവും കോണ്‍സ്റ്റബിൾമാരും അവരുടെ അടുത്തേക്ക് നടന്നു. മാവോവാദികളെ കാത്തു നിന്ന് കുഴഞ്ഞ കുഞ്ഞാക്കയുടെയും ജമാലിന്റെയും മുഖത്ത്  നിരാശ പടർന്നിരുന്നു. ബംഗാളികൾക്ക് മാത്രം ഒരു ക്ഷീണമോ നിരാശയോ ബാധിച്ചിരുന്നില്ല.  അവർ അപ്പോഴും അനുസരണാശീലരായി തന്നെ തുടർന്നു. 

ഏതാണ്ട് സമയം പത്തു പത്തര  മണിയാകാറായിക്കാണും. കാട്ടിനുള്ളിൽ നിന്ന് എന്തോ മുദ്രാവാക്യം വിളിയുമായി ഒരു സംഘം ആളുകൾ നടന്നു നീങ്ങുന്നതായി ശ്രദ്ധിക്കപ്പെട്ടു. അവർ പോലീസ് ജീപ്പ് നിർത്തിയിട്ട ഭാഗത്തേക്കാണ് നടന്നടുക്കുന്നത് എന്ന് മനസിലായപ്പോൾ എസ് ഐയ്യും കൂട്ടരും ഒന്ന് ജാഗരൂഗരായതായിരുന്നു. പെട്ടെന്നാണ് എല്ലാവരുടെയും മുഖത്ത്  വല്ലാത്ത ഒരു ചളിപ്പ്‌ പ്രത്യക്ഷപ്പെട്ടത്. അവർ നടന്നു നീങ്ങുന്ന സംഘത്തിന്റെ കറുത്ത വേഷത്തിലേക്കും വിളിച്ചു പറയുന്ന മുദ്രാവാക്യത്തിലേക്കും ശ്രദ്ധിച്ചു. 

"സ്വാമ്യേ ..അയ്യപ്പോ ..
അയ്യപ്പോ ..സ്വാമ്യേ ..
സ്വാമ്യേ ..അയ്യപ്പോ ..
അയ്യപ്പോ ..സ്വാമ്യേ ." 

"സാറേ ..സാറ് തന്നെ ചെന്ന് അവരോട് ചോദിക്ക് സാറേ എന്തിനാ കാട്ടിലേക്ക് പോയതെന്ന് ?" മോഹനൻ സഖാവ് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ എസ ഐയ്യെ പിരി കയറ്റി. 

പക്ഷേ എസ് ഐ അത് കണക്കിലെടുക്കാതെ സഖാവിനോട് രോഷാകുലനായി കൊണ്ട് പറഞ്ഞു. "എടൊ ..തന്റെയൊക്കെ വാക്ക് കേട്ട് ഈ പണിക്ക് ഇറങ്ങി തിരിച്ച എന്നെ വേണം പറയാൻ. കേരളത്തിൽ മാവോവാദിയുമില്ല ഒരു പ്ലാവോവാദിയുമില്ല. തന്നെ പോലുള്ളവർക്കൊക്കെ ചുമ്മാ പത്രത്തീ കാണുന്ന വാർത്തയും വായിച്ച് അതിന്റെ മുകളിൽ കൂടി കുറെ ചർച്ചകളും നടത്തി സാധാരണക്കാരായ ആളുകളെ പറ്റിക്കാൻ മാത്രമേ സമയം കാണൂ. മാവോവാദികൾ പോലും. ഇന്ന് കേരളത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും ഊതിപ്പെരുപ്പിക്കുന്നത് തന്നെ പോലുള്ളവരാണ്. ആടിനെ പട്ടിയായും ആ പട്ടിയെ പിന്നീട് പുലിയായും പറഞ്ഞു പരത്തുന്ന തന്നെയൊക്കെ പിടിച്ചു പെരുമാറാൻ എനിക്കറിയാഞ്ഞിട്ടല്ല .. വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട് ,," 

ഇത്രയൊക്കെ പറഞ്ഞിട്ടും അരിശം മാറാത്ത  എസ് ഐ തന്റെ കോണ്‍സ്റ്റബിൾമാരോട് വണ്ടിയെടുക്കാൻ ആക്രോശിച്ചു. ജമാലും കുഞ്ഞാക്കയും സഖാവുമെല്ലാം നിശബ്ദരായി നിൽക്കുകയാണ്. ബംഗാളികളും ആ നിശബ്ദതയിൽ പങ്കാളികളായി. അവരെ മറി കടന്നു കൊണ്ട് ഒരു പ്രത്യേക ഇരമ്പലുമായി പോലീസ് ജീപ്പ് കടന്നു പോയി. ജമാലും കുഞ്ഞാക്കയും സഖാവിന്റെ മുഖത്ത് നോക്കി വലിയൊരു നെടുവീർപ്പിട്ടു. കൂടെ ബംഗാളികളും. 

മല പോലെ വന്നത് എലി പോലെ പോയി എന്നായപ്പോൾ സഖാവിനെ ഒറ്റയ്ക്ക് നിർത്തി കൊണ്ട് ജമാലും കുഞ്ഞാക്കയും ബംഗാളികളും ചായക്കടയിലേക്ക് തന്നെ തിരിച്ചു പോയി. തന്റെ ഇടതു ഭാഗത്തേക്ക് നടന്നു നീങ്ങുന്ന അവരെ നോക്കി എന്തോ പറയാൻ സഖാവ് ഒരുങ്ങിയെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല. സഖാവിന്റെ തല അപ്പോൾ വലത്തോട്ട് ചെരിഞ്ഞു. വലതു ഭാഗത്ത്‌  ശരണം വിളികളുമായി ദൂരേക്ക്‌ നടന്നു നീങ്ങുന്ന അയ്യപ്പൻമാരായിരുന്നു. 

സീൻ 6   - ചായക്കടയുടെ ഭാഗത്തേക്ക് പോകുന്ന ഹൈവേ റോഡ്‌ (11 am)

ചായക്കടയിലേക്ക് തിരിച്ചു നടക്കുമ്പോൾ കുഞ്ഞാക്കയും ജമാലും സഖാവിനെ കണക്കിന് കുറ്റം പറയുന്നുണ്ടായിരുന്നു. 

"എന്നാലും ആ ചങ്ങായി മ്മളെ ഇങ്ങിനെ പറ്റിക്കുമ്ന്ന് കരുതീല്ല ജമാലേ .."

"ഞാനും അച്ചങ്ങായി പറയണത് ശെര്യാവും ന്ന് തന്നെയാ കരുതീത് "

'ഇനി ഓനെ മ്മടെ  കടേലിക്കങ്ങട് കാണട്ടെ .ഓനും ഓന്റെ ഒരു മാവോ വാദവും .."

കുഞ്ഞാക്കയും ജമാലും എന്താണ് പറയുന്നത് എന്ന് മനസിലായിട്ടോ മനസിലാകാതെയോ എന്തോ ബംഗാളികളും അവരുടെ സംസാരത്തിനു അനുസരിച്ച്  കൂടെ തലയാട്ടി കൊണ്ട് നടന്നു. 

സീൻ 7 - ചായക്കടയുടെ മുൻവശം (11.30 am)

കടയുടെ മുന്നിലെത്തിയ സമയം കുഞ്ഞാക്ക 'അള്ളാ .." എന്നും വിളിച്ചു കൊണ്ട് തലക്ക് കൈ വച്ചിരുന്നു പോയി. കടയിലിരുത്തിപ്പോയ ആളുകളെയും കാണാനില്ല, അവിടെ വിൽക്കാൻ വച്ചിരുന്ന  പഴക്കുലയും പലഹാരങ്ങളുമടക്കം ഒരു സാധനം പോലും കാണാനില്ല. വളരെ കാലങ്ങളായി കുഞ്ഞാക്ക നടത്തി വരുന്ന ആ ചായക്കടയുടെ ചരിത്രത്തിലെ ആദ്യത്തെ മോഷണ സംഭവമായി അതിനെ രേഖപ്പെടുത്തേണ്ടി വന്നു. കള്ളനെ തിരയുന്നതിൽ അർത്ഥമില്ല എന്ന സ്ഥിതിയായതിനാൽ ജമാൽ വേഗം തന്റെ സൈക്കിളും ചവിട്ടി കൊണ്ട് വീട്ടിലേക്ക് പോയി. 

കടയുടെ മുന്നിലുണ്ടായിരുന്ന  ബെഞ്ചിൽ കുത്തിയിരുന്നു കൊണ്ട് കുഞ്ഞാക്ക വിതുമ്പി കരയാൻ തുടങ്ങി. താഴെ ചിതറി വീണു കിടക്കുന്ന സാധനങ്ങളും മറ്റും പെറുക്കി എടുത്ത് അതാത് സ്ഥലത്ത് വക്കുകയായിരുന്ന ബംഗാളികൾ അത് കണ്ടപ്പോൾ കുഞ്ഞാക്കയുടെ അടുത്തേക്ക് വന്നു. എന്നിട്ട്  ആദ്യമായി ഏതോ ഭാഷയിൽ സംസാരിച്ചു കൊണ്ട് കുഞ്ഞക്കയെ ആശ്വസിപ്പിച്ചു. കണ്ണുനീർ മൂടിയ കണ്ണുകളിലൂടെ തന്നെ ആശ്വസിപ്പിക്കുന്ന ആ രണ്ടു ബംഗാളികളുടെയും മുഖത്തേക്ക്  നോക്കുമ്പോൾ കുഞ്ഞാക്കക്ക് മറ്റൊരു തിരിച്ചറിവ് കൂടി ലഭിക്കുകയായിരുന്നു. ഭാഷയോ രക്തബന്ധമോ ദേശമോ ഒന്നുമല്ല ആളുകളെ വിശ്വസിക്കുന്നതിന്റെ  മാനദണ്ഡം. ആത്മാർത്ഥതയും സ്നേഹവും നന്ദിയും ഇടകലർന്നു കിടക്കുന്ന മറ്റെന്തോ.  അത് മാത്രമാണ് വിശ്വാസത്തിന്റെ മാനദണ്ഡം. 

കേവലം ഒരാഴ്ച്ചത്തെ പറ്റ്  വീട്ടാൻ സാധിച്ചില്ല എന്ന കാരണത്താൽ ദിവസേന  ചായക്കടയിലെ ജോലികൾ ചെയ്തു കൊടുക്കാൻ നിബന്ധന തയ്യാറാക്കിയിരുന്ന കുഞ്ഞാക്ക ബംഗാളികളെ അവരുടെ പാട്ടിന് പോകാൻ അനുവദിച്ചെങ്കിലും അവർ പോയില്ല. കാരണം അവർ പോലും അറിയാതെ ചായക്കടയും കുഞ്ഞാക്കയും അവരുടെ പുതിയ ലോകമായി മാറിയിരുന്നു. മൂന്നു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഏത് പുതിയ ലോകവുമായും പെട്ടെന്ന് പരിചിതരാകാൻ അവർ എന്നോ പരിശീലിച്ചു കഴിഞ്ഞിരുന്നു എന്ന കാര്യം കുഞ്ഞാക്ക അറിഞ്ഞതുമില്ല.

സീൻ 8 - കുഞ്ഞാക്കയുടെ ചായക്കട (1.30 pm )

ഉച്ച ഭക്ഷണം കഴിക്കാനായി ചുറ്റുവട്ടത്തുള്ള പണിക്കാർ ഓരോരുത്തരായി കടയിലേക്ക് കയറി വരുന്നുണ്ട്. കുഞ്ഞാക്കയും  ബംഗാളികളും അവർക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. രാവിലെ നടന്ന സംഭവങ്ങളൊന്നും ആരോടും പറഞ്ഞിട്ടുമില്ല ആരും അറിഞ്ഞിട്ടുമില്ല. പെട്ടെന്നാണ് ഹൈവേയിലൂടെ ഒരു ജീപ്പ് ചീറിപ്പാഞ്ഞു കൊണ്ട് പോയത്. പോക്ക് കണ്ടാൽ ഒരു വശപ്പിശക് ലുക്ക്. 

"ആഹ് .. ഇബ്നോക്കെ എങ്ങടാന്നാവോ ഇജ്ജാതി പറക്കല് പറക്കുന്നത്? വല്ലേടത്തെക്കും വായ്‌ഗുളിക വാങ്ങാനാ ??  " ഭക്ഷണം കഴിച്ചു കൊണ്ടിരുന്നിരുന്ന പണിക്കാരിൽ ഒരാൾ ജീപ്പിന്റെ ചീറിപ്പായൽ ശബ്ദത്തെ ശ്രദ്ധിച്ചു കൊണ്ട് അമർഷം രേഖപ്പെടുത്തി.   

സീൻ 9  - ഫോറെസ്റ്റ് റോഡ്‌ (1.50 pm )

ചീറിപ്പാഞ്ഞു വരുന്ന ജീപ്പിനെ കാത്തു കൊണ്ട് രണ്ടു മൂന്നു പേർ ഫോറെസ്റ്റ് റോഡിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ജീപ്പ് അവരുടെ അടുത്ത് സാവധാനം ബ്രേക്കിട്ട് നിന്നു. വണ്ടിയിൽ നിന്ന് രണ്ടു മൂന്നു പേർ പുറത്തേക്കിറങ്ങി. അവരുടെ കയ്യിൽ എന്തൊക്കെയോ സാധനങ്ങളുണ്ടായിരുന്നു. എല്ലാവരെയും ഇറക്കിയ ശേഷം ജീപ്പ് വീണ്ടും ചീറി കൊണ്ട് ദൂരേക്ക്‌ പോയി. 

റോഡിൽ കാത്തു നിന്നവരും വണ്ടിയിൽ വന്നിറങ്ങിയവരും കൂടെ കാട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ നടന്നു. ആരും ഒന്നും പരസ്പ്പരം സംസാരിക്കുന്നതു  പോലുമില്ലായിരുന്നു. കാട്ടിനുള്ളിലൂടെ  കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ മറ്റൊരു വഴി തുടങ്ങുന്ന സ്ഥലത്ത് വച്ച് പുതിയ രണ്ടു പേരും കൂടി അവരുടെ കൂട്ടത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. കയ്യിലുള്ള ബാഗുകളും മറ്റു സാധനങ്ങളും അവർ മാറി മാറി പിടിക്കുന്നുണ്ടായിരുന്നു. ഒടുക്കം അവരൊരു ക്യാമ്പിലേക്കാണ് നടന്നെത്തിയത്‌. അവിടെയുള്ളവർ നടന്നു വരുന്നവരെ കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് കൊണ്ട് ജാഗരൂഗരായി. ആ സമയം അവരുടെ കൈകളിൽ നീളമുള്ള വലിയ തോക്കുകൾ കാണപ്പെട്ടു. അവർ പിന്നീട് ആ തോക്ക് കൊണ്ട് നിലത്ത് കുത്തി ശബ്ദമുണ്ടാക്കാൻ തുടങ്ങി.  ക്യാമ്പിലെ ഒരു ടെന്റിൽ നിന്നും അപ്പോൾ രണ്ടു ബൂട്ടുകളുടെ ശബ്ദം പുറത്തേക്ക് വന്നു. ആ സമയം അവിടെയുണ്ടായിരുന്ന എല്ലാവരും ആ രണ്ടു ബൂട്ടുകൾക്ക് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ഒരേ ശബ്ദത്തിൽ പറഞ്ഞു. 

"ലാൽ സലാം "

രണ്ടു സെക്കന്റ്റ് ദൈർഘ്യമുള്ള നിശബ്ദതക്കു ശേഷം ബൂട്ടുകളുടെ ഉടമ  എല്ലാവരോടുമായി മറുപടി പറഞ്ഞു. 

"ലാൽ സലാം" 

നടന്നു വന്നവർ  അവരുടെ കൈകളിലെ ബാഗുകളെല്ലാം ഒരിടത്തായി കൂട്ടിയിട്ടു. അതിലൊരു ചാക്കുമുണ്ടായിരുന്നു. കൂട്ടത്തിൽ ഒരാൾ ആ ചാക്ക് വേഗം അഴിക്കാൻ തുടങ്ങി. ശേഷം അതിനുള്ളിൽ നിന്ന് ഒരു കുല പഴവും കുറച്ചു ചായ ഗ്ലാസുകളും പിന്നെ ഒരു പൊതി നിറയെ നെയ്യപ്പങ്ങളും രണ്ടു മൂന്നു പാക്കറ്റ് ബ്രെഡും ബിസ്ക്കറ്റുമെല്ലാം പുറത്തേക്ക് എടുത്തു വച്ചു. ചുറ്റും കൂടിയവർക്കൊക്കെ എല്ലാം വീതം വച്ച് കഴിഞ്ഞപ്പോൾ ഒരു ചാക്ക് മാത്രം അവിടെ ബാക്കിയായി. 

അടുത്ത ദിവസം പുലരുവോളം കാട്ടിനുള്ളിൽ അണയാത്ത ഒരു തിരി വെളിച്ച ത്തിനു ചുറ്റുമായി ഒരു മന്ത്രം കണക്കേ 'ലാൽ സലാം' ശബ്ദങ്ങൾ  മുഴങ്ങി കൊണ്ടേയിരുന്നു. 

സീൻ 10   - ഫോറെസ്റ്റ് റോഡ്‌ (അടുത്ത ദിവസം രാവിലെ 6.35 am )

അടുത്ത ദിവസം രാവിലെ ജമാൽ പതിവ് പോലെ പത്രം വിതരണം ചെയ്ത ശേഷം ഫോറെസ്റ്റ് റോഡിലൂടെ സൈക്കിൾ ചവിട്ടി  വരുകയായിരുന്നു. തലേ ദിവസം കണ്ട പോലെയുള്ള ഒരു ജീപ്പിലേക്ക്  കുറെ ആളുകൾ കയറുന്നത് അവൻ ശ്രദ്ധിച്ചു. തലേ ദിവസത്തെ പോലെ സൈക്കിൾ അടുത്തെത്തും മുൻപേ തന്നെ ജീപ്പ് അവരേയും കൊണ്ട് ദൂരേക്ക്‌ പോയി കഴിഞ്ഞിരുന്നു. കുഞ്ഞാക്കയുടെ കടയിൽ എത്തിയപ്പോൾ താൻ കണ്ട കാര്യം പറയണോ വേണ്ടയോ എന്ന് ജമാൽ സംശയിച്ചു. തലേ ദിവസം കണ്ട കാഴ്ച പറഞ്ഞതിന്റെ ക്ഷീണം മാറാത്ത സ്ഥിതിക്ക് ഇത്തവണ കണ്ടത് പറയണ്ട എന്ന് തന്നെ അവൻ തീരുമാനിച്ചു. ചായക്ക് ഓർഡർ കൊടുത്ത ശേഷം ചെറിയ ഒരു ജാള്യതയോടെ ജമാൽ കുഞ്ഞാക്കയോടായി ചോദിച്ചു. 

"കുഞ്ഞാക്കാ .. ഇന്നലെ ഇബ്ടുന്നെവിടെലും എന്റെ ഒരു ചാക്ക് കിട്ടീട്ടുണ്ടായിരുന്നോ .. ഇന്നലെ മറ്റേ ആൾക്കാരെ തെരയാൻ പോണ നേരം വരെ ഇന്റെ സൈക്കിളിന്റെ പിന്നില് ണ്ടായിരുന്നതായിരുന്നു. ഇങ്ങളേറ്റെ  കണ്ടെർന്നോ അത്  ? " 

ചായ അടിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞാക്ക ആ ചോദ്യം കേട്ടപ്പോൾ ജമാലിന്റെ മുഖത്തേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി എന്നല്ലാതെ മറുപടിയായി ഒന്നും പറഞ്ഞില്ല. ജമാല് പിന്നെ ഒന്നും ചോദിക്കുകയും ചെയ്തില്ല. 

സീൻ 11    - കേരള - കർണാടക ബോർഡർ  (അന്നേ ദിവസം രാത്രി 11  pm  )

 ചെക്ക് പോസ്റ്റിനു അടുത്തേക്ക്‌ എത്തിയ ജീപ്പിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ചാറു പേരുണ്ടായിരുന്നു. അവർ ശരണം വിളിയിൽ മുഴുകിയിരിക്കുകയായിരുന്നു. ചെക്ക് പോസ്റ്റിൽ കാവൽ നിന്നിരുന്നവർ ജീപ്പ് തടഞ്ഞു. ജീപ്പിനുള്ളിൽ പരിചയമുള്ളവരെ കണ്ട പ്രതീതിയിൽ അവർ ചിരിച്ചു. ആ സമയം ജീപ്പിന്റെ മുൻഭാഗത്ത് വലതു ഭാഗത്തായി ഇരുന്ന ഒരാളുടെ കൈ കാവൽ നിന്നിരുന്നവർക്ക് നേരെ ഒരു പൊതി വച്ച് നീട്ടി. കാവൽക്കാർ തല ചൊറിഞ്ഞു കൊണ്ട് അത് കൈപ്പറ്റിയ ശേഷം ജീപ്പിനു പോകാനായി  ചെക്ക് പോസ്റ്റ്‌  തുറന്നു കൊടുത്തു. ചെക്ക് പോസ്റ്റ്‌ കടന്നു കൊണ്ട് ജീപ്പ് പതിയെ മുന്നോട്ട് പോകുമ്പോൾ ജീപ്പിനു മുകളിലായി എന്തോ കെട്ടി നിറച്ച ഒരു ചാക്ക് കിടക്കുന്നത് കാണാമായിരുന്നു. 

                                              *ശുഭം* 


-pravin-

Monday, December 2, 2013

നീതിയുടെ കരച്ചിൽ

ദിലീപ്, അവനൊരു അജ്ഞാത കാമുകി ഉണ്ടെന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അത് കൊണ്ട് തന്നെയായിരിക്കണം അവളുമായി ഒളിച്ചോടാൻ നിശ്ചയിച്ച ദിവസം അവനെന്നോട് ചില സഹായങ്ങൾ ആവശ്യപ്പെട്ടത്. അത് പ്രകാരം അവർക്ക് പോകാനുള്ള വാഹനവും ടിക്കെറ്റുമടക്കം എല്ലാം ഞാൻ തയ്യാറാക്കി. അവന്റെ കാമുകിയെ ഇന്നീ വരെ ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ഒളിച്ചോടുന്ന ദിവസം എന്നെ പരിചയപ്പെടുത്താം എന്നവൻ വാക്ക് തന്നു.  

 ഒരർത്ഥത്തിൽ അവന്റെ ഈ ഒളിച്ചോട്ടവും പ്രേമവുമെല്ലാം എനിക്ക് സന്തോഷം നൽകുന്നതായിരുന്നു. കാരണം, ജീവിതത്തിൽ ഒരുപാടു ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്ന അവന് ഇപ്പോഴെങ്കിലും, ഇങ്ങിനെയെങ്കിലും ഒരു ഇണ തുണ ഉണ്ടായല്ലോ. ഒരു അനാഥനോടുള്ള സഹതാപം കൊണ്ട് മാത്രം ഉണ്ടായ  ആത്മബന്ധമല്ല എനിക്ക് അവനോടുള്ളത്. അതിനുമപ്പുറം പലതുമായിരുന്നു എനിക്ക് അവൻ. എനിക്ക് മാത്രമല്ല രമേഷിനും അവനെ അത്ര കാര്യമായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്ന് തുടങ്ങിയ ആ സൌഹൃദം ഞങ്ങൾ എപ്പോഴും കൂടെ കൊണ്ട് നടന്നു. ഒരേ സ്ഥലത്ത് ജോലിയും താമസവുമായി ആ സൗഹൃദം പിന്നെയും പടർന്നു പന്തലിച്ചു. 

രമേഷിന്റെ വിവാഹ ശേഷം അവൻ മാറി താമസം തുടങ്ങിയെങ്കിലും ഞങ്ങളുടെ സൌഹൃദ കൂടി കാഴ്ചകൾക്കൊന്നും ഒരു കുറവും സംഭവിച്ചില്ല . അവസാനമായി ഞങ്ങൾ ഒത്തു കൂടിയത് രമേഷിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായിരുന്നു.  കുഞ്ഞിനൊരു നല്ല പേര് വേണമെന്ന് മുന്നേ പറഞ്ഞിരുന്നതിനാൽ ദിലീപാണ് കുഞ്ഞിനുള്ള പേര് പറഞ്ഞു കൊടുത്തത് - നീതി. രമേഷിന്റെ ഭാര്യ സുഷമക്കും ആ പേര് ഇഷ്ടമായി. പക്ഷേ അവന്റെ അച്ഛനമ്മമാർക്ക് മറ്റെന്തോ പേരിടണം എന്നായിരുന്നു ആഗ്രഹം എന്നവരുടെ മുഖം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിപ്പോയി. രമേഷിന്റെ വിവാഹ ശേഷം കുറച്ചായി അച്ഛനമ്മമാരോട് അവനത്ര സുഖത്തിലായിരുന്നില്ല എന്നതും ഞങ്ങൾ ഓർത്തു. അന്ന് ആ ദിവസം രമേഷ് ഞങ്ങളോടായി മറ്റൊരു കാര്യം കൂടി പറഞ്ഞു. അച്ഛനെയും അമ്മയെയും അടുത്ത് തന്നെയുള്ള ശരണാലയത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു എന്നതായിരുന്നു അത്. അനാഥത്വം എന്താണെന്ന് നല്ല പോലെ അറിയാമായിരുന്ന ദിലീപ് അത് കേട്ടപ്പോൾ അവനോടു കയർത്തു. ആ ദിവസം ഞങ്ങൾക്കിടയിൽ മറ്റെന്തൊക്കെയോ സംഭവിച്ചു. അവന്റെ വീട്ടില്‍ നിന്ന് ഞങ്ങള്‍ പടിയിറങ്ങി. പിന്നൊരിക്കലും ഞങ്ങൾ   രമേഷിനെ കാണാൻ ശ്രമിച്ചില്ല. ഞങ്ങളറിയാതെ തന്നെ ഞങ്ങൾ അവനിൽ നിന്ന് അകന്നു. 

ഇന്ന്, ദിലീപിന്റെ ജീവിതത്തിൽ ഇങ്ങിനെയൊരു വഴിത്തിരുവ്  ഉണ്ടാകുന്ന സമയത്ത് അവൻ കൂടെയില്ല എന്നത് ഒരു വിഷമമാണ്. ഒരു പക്ഷേ, ഈ വിഷയത്തിൽ എന്നെക്കാൾ കൂടുതൽ ദിലീപിനെ സഹായിക്കാൻ അവനായിരിക്കും മുന്നിൽ ഉണ്ടാകുമായിരുന്നത്. രമേഷിനോട് ഇക്കാര്യത്തെ കുറിച്ച് പറയുക പോലും ചെയ്യരുത്  എന്ന വാശി ദിലീപിനും ഉണ്ടായിരുന്നു. രണ്ടു പേർക്കും ഇടയിൽ ശരിക്കും ഒറ്റപ്പെട്ടു കൊണ്ടിരുന്നത് സത്യത്തിൽ ഞാനായിരുന്നു. 

ദിലീപിന് പോകാനുള്ള കാര്യങ്ങൾ തയ്യാറാക്കി കൊടുത്ത ശേഷം എല്ലാം മറന്നു കൊണ്ട് ദിലീപിനോട് പറയാതെ രമേഷിന്റെ വീട്ടിലേക്കാണ് ഞാൻ  നേരെ പോയത്. എന്നെ കണ്ട പാടെ രമേഷ് ഓടി വന്നു കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. അവന്റെ കൈയ്യിൽ സുഷമ എഴുതി വച്ച് പോയ ഒരു കത്തുമുണ്ടായിരുന്നു. കത്ത് വായിച്ചയുടൻ ഞാൻ ദിലീപിനെ ഫോണ്‍ ചെയ്തു. 'എടാ ദിലീപേ.. നീ..നിനക്കിതെങ്ങനെ ..'എന്ന ചോദ്യത്തിന് ഒരുത്തരവും തരാതെ അവൻ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു കളഞ്ഞു. 

 രമേഷിനെ മുറുകെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞത്  അവിടത്തെ ചുവരിൽ  തൂക്കിയിട്ടിരിക്കുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും വിഷാദ ച്ഛായയുള്ള ഫോട്ടോകളായിരുന്നു. അതേ സമയത്ത് തന്നെ മുറിക്കുള്ളിൽ എവിടെ നിന്നോ രമേഷിന്റെ മോൾ  നീതിയുടെ  ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കാനും തുടങ്ങി.

-pravin-

(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഓണ്‍ ലൈൻ ചെറു കഥാ മത്സരത്തിലേക്ക് എഴുതിയ കഥ. വിഷയം - കാമുകി / അനീതി/ വാർദ്ധക്യം )

Sunday, November 10, 2013

ഒടുക്കലത്തെ സാഹസിക യാത്ര- 5 - അവസാന ഭാഗം

 ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം നാലാം ഭാഗം  വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

മുന്നിലായി  നടന്നവർ പെട്ടെന്ന് ബ്രേയ്ക്കിട്ട പോലെ നിന്നപ്പോൾ എല്ലാവരും ഒരു കരുതലോടെ നിലയുറപ്പിച്ചു. കണ്ണിലാണോ ഹൃദയ മിടിപ്പ് എന്ന് തോന്നും വിധം ഞങ്ങളുടെ കണ്ണുകൾ ഒരു മിടുപ്പോടെ വേഗത്തിൽ അടഞ്ഞും തുറന്നും കൊണ്ടേയിരുന്നു. ചുറ്റും നിശബ്ദമായപ്പോൾ ചെവിയുടെ ശക്തി കൂടുതലായി. അടുത്തെവിടെയോ പൊന്തക്കാട്ടിൽ ഇലകൾ ഉരസുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് മുന്നിലുള്ള ആൾ കൂർത്ത ഒരു കമ്പ് വലിച്ചെറിഞ്ഞു. ആ സമയത്ത് പൊന്തയിലെ ഇളക്കം ഒന്ന് കൂടി അടുത്തേക്ക്‌ വന്ന പോലെയായി. അതിനിടയിൽ ആരോ ഒരാൾ പടക്കം പോലെ എന്തോ ഒന്ന് തീയിൽ കൊളുത്തി പൊന്തയിലെക്കു എടുത്തെറിഞ്ഞു. അത് പൊട്ടിയതും പൊന്തയിൽ നിന്ന് ഒരു രൂപം മിന്നൽ വേഗതയിൽ ഞങ്ങൾ നിന്നിരുന്നതിനു  വലതു ഭാഗത്തായുള്ള വഴിക്ക് മുകളിലൂടെ ചാടി ഓടി. ഒരു മിന്നായം പോലെ പുലിയുടെ ദേഹത്തെ മഞ്ഞ നിറം കണ്ടതായി ഓർക്കുന്നു. അത് പോയ വഴിയെ ലക്ഷ്യമാക്കി ആളുകൾ കൈയ്യിലുള്ള പലതും വലിച്ചെറിഞ്ഞു. ഗുണ്ട് പോലുള്ള പടക്കങ്ങൾ കുറെയധികം ആ വഴിയിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു കൊണ്ടേയിരുന്നു. 

പുലി പോയെന്നുറപ്പിച്ച ശേഷം കുറച്ചു പേർ പൊന്തയിലെക്കു ചാടി ഇറങ്ങി. ടോർച്ച് വെളിച്ചത്തിൽ ആദ്യം കണ്ടത് പച്ച ഇലകളിൽ നിന്ന് ഒറ്റി വീഴുന്ന ചോരയാണ്.അത് കണ്ടതും ഞാനും ടോമും പിന്നോക്കം നിന്നു. കൂടെയുള്ള ബാക്കി ആളുകൾ നീളമുള്ള ചാക്കും കുറെ തുണികളും തയ്യാറാക്കി എന്തിനോ വേണ്ടി കാത്തു നിൽക്കുകയായിരുന്നു. അപ്പോഴേക്കും പൊന്തയിലേക്ക് ഇറങ്ങിപ്പോയവർ  ചോര കിനിയുന്ന ഒരു ശരീരവുമായി പുറത്തേക്ക് വന്നു. അതിനു ജീവനില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. കാരണം ആ ശരീരത്തിന്റെ തല ഒടിഞ്ഞു തൂങ്ങുകയും, ഒരു കൈ അറ്റ നിലയിലുമായിരുന്നു. വയറിന്റെ ഭാഗത്താണ് കൂടുതൽ ചോര കണ്ടത്. മുഖം അവ്യക്തവുമായിരുന്നു.  ആ ശരീരം ചാക്കിൽ പൊതിഞ്ഞ ശേഷം സ്ട്രച്ചർ പോലെയുള്ള എന്തോ ഒന്നിൽ കിടത്തുകയും പിന്നീടു അത് മൂന്നാലു പേർ ഏറ്റി നടക്കാനും തുടങ്ങി. അവരുടെയെല്ലാം മുന്നിലായാണ് പിന്നീട് ഞങ്ങൾക്ക്  ടോർച്ചുമായി നടക്കേണ്ടി വന്നത്. മുന്നോട്ട്  ഓരോ അടി നടക്കുമ്പോഴും മനസ്സിൽ പുലി മാത്രമായിരുന്നു.  ഏതു നിമിഷവും അത് മുന്നിലേക്ക്‌ ചാടി വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വളരെ സൂക്ഷിച്ചാണ്  മുന്നോട്ട് നടന്നത്. കൂട്ടത്തിൽ ഒരാൾ അപ്പോഴും വെറുതേ പടക്കം പൊട്ടിച്ചു കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടേയിരുന്നു.  

എന്തായാലും പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല . ഏകദേശം പതിനൊന്നു മണി ആകാറായപ്പോൾ  ഞങ്ങൾ ഒരു കവലയിൽഎത്തി ചേർന്നു. അവിടെ ഒരു ആംബുലൻസിനു ചുറ്റും  കുറെയധികം ആളുകൾ തടിച്ചു കൂടി നിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും കുറേ പേർ ഉറക്കെ നിലവിളിച്ചു. നിലവിളിച്ചവർ മരിച്ചയാളുടെ ബന്ധുക്കൾ ആണെന്ന് മനസിലാക്കാൻ ആ കരച്ചിൽ ധാരാളമായിരുന്നു. ഇത്രയും വികാരനിർഭരമായൊരു രംഗം അവിടെ നടന്നു കൊണ്ടിരിക്കുമ്പോഴും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ ചില പന്നിക്കുട്ടികൾ ഞങ്ങൾ നിൽക്കുന്നതിനു ചുറ്റും ഓടി കളിക്കുന്നുണ്ടായിരുന്നു. ബന്ധുക്കളുടെ അലമുറയിട്ട കരച്ചിലുകൾ വക വക്കാതെ, മരിച്ചയാളുടെ ശരീരവും  കൊണ്ട് കുറച്ചു പേർ ആംബുലൻസിൽ കയറി ദൂരേക്ക്‌ മറഞ്ഞു. 

ആംബുലൻസും ആളുകളും ഒഴിഞ്ഞപ്പോൾ കവലയിൽ ബാക്കിയായത് ഞാനും ടോമും ഗാർഡും പിന്നെ രണ്ടു മൂന്നു അണ്ണന്മാരും മാത്രം. അവർ ഞങ്ങളെ ഞങ്ങളുടെ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിച്ചു എന്ന് പറയാം. ആ കവലയിൽ നിന്ന് കഷ്ടി നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ താമസ സ്ഥലത്തേക്ക്. അത്രയും കുറഞ്ഞ ദൂരം നടക്കുന്നതിനിടയിൽ അവരുടെ വായിൽ നിന്ന് കുറെയേറെ ഉപദേശങ്ങളും ചീത്തയും തുരു തുരാ കേട്ടപ്പോൾ അത് വരെ വിശന്നിരുന്ന ഞങ്ങളുടെ വയർ അറിയാതെ നിറഞ്ഞു പോയി. എല്ലാവരോടും നന്ദി പറഞ്ഞ ശേഷം റൂമിൽ പോയി മുഖാമുഖം കുറെ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ നോക്കിയിരുന്നു. അടുത്ത ദിവസം തന്നെ എല്ലാം മതിയാക്കി തിരിച്ചു പോകാനുള്ള തീരുമാനം കൂടിയായിരുന്നു ഞങ്ങളുടെ ആ മൌനം.  റൂമിലെ ബാഗിൽ ബാക്കി ഉണ്ടായിരുന്ന ഓറഞ്ചും, ചിപ്സും, പ്രത്യേകിച്ചൊരു വികാരമില്ലാതെ തന്നെ ഞങ്ങൾ കഴിച്ചു.  കാട്ടിനുള്ളിൽ വച്ച് നഷ്ടമായ ബാഗിൽ ക്യാമറയും സ്നാക്സും അടക്കം പലതും ഉണ്ടായിരുന്നല്ലോ എന്നാലോചിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും അന്നത്തെ ഒരൊറ്റ സാഹസിക യാത്രാനുഭവത്തിന്റെ ശക്തിയിൽ അതെല്ലാം മറക്കാനും ഉപേക്ഷിക്കാനും ഞങ്ങൾ തയ്യാറായി. 

അടുത്ത ദിവസം രാവിലെ കുളിക്കാനായി ഡാമിലേക്ക് പോകുന്ന വഴി ഞാനും ടോമും കഴിഞ്ഞ ദിവസത്തെ ഭീകര നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. സത്യത്തിൽ ഡാമിലിറങ്ങി കുളിക്കാൻ പോലും പേടിയായിരുന്നു. ഡാമിൽ നിലവിലുള്ള മുതലയെ കൂടാതെ ആനയും പുലിയും ഉണ്ടാകുമോ എന്നൊരു വിചിത്ര ചിന്ത ഞങ്ങളെ പിടി കൂടിയത് കാരണം പെട്ടെന്ന് തന്നെ കുളിച്ചു കരക്ക്‌ കയറി. കുളി കഴിഞ്ഞു വന്ന ശേഷം ശട പടേന്ന് കാര്യങ്ങൾ തീരുമാനമാക്കി. തലേ ദിവസത്തെ മുഴുവൻ ക്ഷീണവും പ്രധാനമായും അനുഭവപ്പെടാൻ തുടങ്ങിയത്  കുളി കൂടി കഴിഞ്ഞപ്പോഴാണ്. പാക്കിംഗ് കഴിഞ്ഞ ശേഷം റൂം പൂട്ടി താക്കോൽ തിരികെ ഏൽപ്പിച്ചു. അഡ്വാൻസ് പൈസ തിരികേ വാങ്ങിയ ശേഷം ശേഷം നേരെ പോയത് തലേ ദിവസം കാലത്ത് ദോശേം ചമ്മന്തീം കഴിച്ച അതേ ഹോട്ടലിലേക്കാണ്. ഞങ്ങൾ അപ്പോഴും ജീവനോടെ ഉണ്ടെന്നു സ്വയം ബോധിപ്പിക്കാനായി അതേ ഹോട്ടലിൽ നിന്ന് വീണ്ടും മതി വരുവോളം ദോശേം ചമ്മന്തീം കഴിച്ചു. 

ഒൻപതു മണിക്കാണ് പൊള്ളാച്ചിയിലേക്കുള്ള ബസ് വന്നത്. ഹോട്ടലിനു മുന്നിൽ തന്നെയുള്ള ഒരു മരത്തെ പ്രദക്ഷിണം വച്ച് കൊണ്ട് ബസ് അവിടെ ഹാൾട്ട് ചെയ്തു. അര മണിക്കൂറിനുള്ളിൽ  തന്നെ ബസിൽ ആളുകൾ നിറഞ്ഞു. എല്ലാവരും ഡ്രൈവറെ കാത്തിരിക്കുന്ന സമയത്താണ് ഹോട്ടലിനു മുന്നിലുണ്ടായിരുന്ന  മരത്തിൽ ചാരിവച്ചിരുന്ന ഒരു ബോർഡിൽ  കുറച്ചു പേർ ചേർന്ന് എന്തോ ഒരു നോട്ടീസ് പതിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം  പുലിയുടെ ആക്രമണത്തിൽ മരിച്ചു പോയ ആളുടെ മരണവാർത്തയാണ് അവിടെ ഒട്ടിക്കാൻ പോകുന്നത് എന്ന് മനസിലായത് കൊണ്ടാകാം ബസിലുള്ളവരെല്ലാം അങ്ങോട്ട്‌ തന്നെ നോക്കി കൊണ്ട്  എരിവലിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.  (ആ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും അപകടങ്ങളിൽ പെട്ട് മരിച്ചാൽ ഇതു പോലെ ഒരു നോട്ടീസ് പതിക്കുന്ന പരിപാടി സ്ഥിരമാണത്രെ. )

ഞെട്ടിക്കുന്ന ഒരു വാർത്ത അറിയുന്നത് പോലെ, തികച്ചും ഭീതി ജനകമായ  ഒരു കാഴ്ച കാണുന്ന പോലെ, മറ്റെല്ലാവരെയും പോലെ, ഞാനും ടോമും നോട്ടീസിലെ ഫോട്ടോയിലേക്ക് നോക്കുകയുണ്ടായി.  ആ ഫോട്ടോയിലെ അജ്ഞാതന് ഞങ്ങളുമായി എവിടെയോ ഒരു  ബന്ധമുള്ളതായി തോന്നി. തലേ ദിവസം രാത്രിയിൽ അയാളുടെ ജീവനില്ലാത്ത ശരീരവും താങ്ങിയുള്ള ആൾക്കൂട്ടത്തിലെ രണ്ടു പേർ എന്ന പരിചയത്തിനും അപ്പുറം  മറ്റെന്തോ ഒന്ന് കൂടി ആ ഫോട്ടോ ഞങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം. എന്റെ മാത്രം തോന്നലാണോ എന്നറിയാനായി ഞാൻ ആ സംശയം ടോമുമായും പങ്കു വച്ചു. അവനും അതേ കാര്യം എന്നോട് പറഞ്ഞു. അവസാനമായി ആ ഫോട്ടോയിലേക്ക്‌ ഒന്ന് കൂടി നോക്കി കൊണ്ട് ആ അജ്ഞാതനെ ഓർത്തെടുക്കാൻ ശ്രമിക്കവേ ബസ് പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങളുടെ എല്ലാ യാത്രാ മോഹങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചു കൊണ്ട്, പേടിപ്പെടുത്തുന്ന കുറെയധികം ഓർമ്മകളെ  ഞങ്ങൾക്ക് സമ്മാനിച്ച പറമ്പിക്കുളത്തോട്  എന്നന്നേക്കുമായി  ഞങ്ങൾ വിട പറഞ്ഞ് പിരിഞ്ഞു. 

ശേഷം പാലക്കാട് വച്ച് ഞാനും ടോമും വഴി പിരിഞ്ഞു. ടോം നേരെ ആലപ്പുഴയിലേക്കും ഞാൻ നേരെ പട്ടാമ്പിയിലേക്കും വച്ച് പിടിച്ചു. എത്തിയാലുടനെ വിളിക്കാമെന്നും പറഞ്ഞു. ഒന്നും സംഭവിക്കാതെ ഒരു വീഗാ ലാൻഡ്‌ ഉല്ലാസ യാത്രയുടെ ചടപ്പോടും ക്ഷീണത്തോടും കൂടെയാണ്  ഞാൻ അന്ന് എന്റെ വീട്ടിൽ ചേക്കേറിയത്. ടോം ആലപ്പുഴ എത്തിയെന്നും പറഞ്ഞു കൊണ്ട് എനിക്ക് വിളിക്കുന്നത് രാത്രി പത്തു പത്തരയോടെയാണ്. സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ കരുതാം എന്ന് പറയുന്നതിനിടെ ടോം ഒരു സത്യം കൂടി എന്നോട് വെളുപ്പെടുത്തുകയുണ്ടായി. ഫോട്ടോയിലെ അജ്ഞാതനെ ഒന്ന് കൂടി ഓർത്ത്‌ നോക്കാൻ അവനെന്നോട് പറയുമ്പോഴും മരിച്ചത് മുനി സാമിയാണെന്ന് എനിക്ക് പറയാനായില്ല. ഒടുക്കം അതും അവൻ തന്നെ പറഞ്ഞു തരേണ്ടി വന്നു. ടോം ഫോണ്‍ വച്ച ശേഷം കുറെ നേരം ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു. ഒരു കർമ ബന്ധവുമില്ലാത്ത ആളുമായി ഒരു രാത്രിയിലെ അൽപ്പ നേരത്തെ പരിചയം.  ആ പരിചയം ഞങ്ങൾ പോലും അറിയാതെ ഞങ്ങളെ പിന്തുടർന്നിരുന്നോ? അറിയില്ല. ടോം പറഞ്ഞ പോലെ എല്ലാം ഒരു സ്വപ്നമായി തന്നെ കാണാം. അവിശ്വസനീയം എന്ന് മറ്റുള്ളവർക്ക് തോന്നുന്ന കഥകളെല്ലാം ഏതെങ്കിലും ഒരു കാലത്ത്  മറ്റൊരാളുടെ യാഥാർത്യമായിരുന്നു  എന്നാരും മനസിലാക്കാൻ ശ്രമിക്കില്ല . പക്ഷേ അതെത്ര മാത്രം സത്യമെന്ന് ഞാൻ അന്ന് തൊട്ട്  മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു.  

(യാത്ര അവസാനിക്കുന്നില്ല, പക്ഷേ അവസാനിപ്പിക്കുന്നു തൽക്കാലം )
 -pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )

Wednesday, October 2, 2013

ഓണ്‍ ലൈൻ വ്യക്തി ജീവിതം - നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു ?

ഇതൊരു യാത്രാ വിവരണമല്ല. മറിച്ച്, നമ്മുടെ ജീവിതത്തിലെ ചില പ്രത്യേക വിഷയങ്ങളിൽ നാം കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളും, വാദങ്ങളും നമ്മളെയും കൊണ്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാനുള്ള ഒരു പാഴ് ശ്രമം മാത്രം.  അടിസ്ഥാനപരമായി നമ്മളാരും സഞ്ചരിക്കുന്നില്ല. സഞ്ചരിക്കുന്നത് കാലമാണ്- കാലം മാത്രം. ഈ വസ്തുതയെ പലപ്പോഴും നമ്മൾ തമസ്ക്കരിക്കുന്നു എന്നതിന്റെ ഉദാഹരണം മാത്രമാണ് നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന് നമുക്ക് പോലും അറിയാതെയാകുന്ന അവസ്ഥ.  ഇവിടെയാണ്‌ ഒരു സങ്കൽപ്പ ദിശാമാപിനിയുടെ ആവശ്യകത ഉയർന്നു വരുന്നതും. നമ്മുടെ ആദർശങ്ങളുടെയും നിലപാടുകളുടെയും വാദങ്ങളുടെയും ആത്യന്തികമായ സഞ്ചാര ദിശ അറിയാനുള്ള അത്തരമൊരു  'മാപിനി' ഉണ്ടായിരുന്നെങ്കിൽ നമ്മൾ പല കുറി സ്വയം തിരുത്തപ്പെടുമായിരുന്നു. 

ഓണ്‍ ലൈൻ വ്യക്തിജീവിതത്തിൽ ഒരാൾ എപ്പോഴൊക്കെയാണ് അസഹിഷ്ണു ആകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? ഫെയ്സ് ബുക്കിൽ എഴുതുന്ന ഒരു രണ്ടു വരി സ്റ്റാറ്റസ് മാത്രം മതി ഒരാൾ അസഹിഷ്ണുവിന്റെ മൂർത്തീ രൂപമായി മാറാൻ. പലപ്പോഴും ആ അസഹിഷ്ണുത അളക്കപ്പെടുന്നത് മതവും രാഷ്ട്രീയവും പ്രധാന ചർച്ചാ വിഷയങ്ങൾ ആകുമ്പോഴാണ് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട കാര്യം. ഒരു പക്ഷേ നേരിട്ടുള്ള  ചർച്ചകളിൽ  ആളുകൾ ഇത്രത്തോളം അസഹിഷ്ണു ആകുമെന്ന് തോന്നുന്നില്ല. കാരണം അവിടെ വ്യക്തികൾ അല്ലെങ്കിൽ വാദി പ്രതിവാദികൾ  തങ്ങളുടെ കണ്ണുകൾ, ശബ്ദം, അംഗ വിക്ഷേപങ്ങൾ തുടങ്ങീ ഒട്ടനവധി ഘടകങ്ങളിലൂടെയാണ് സംവാദത്തിൽ പങ്കു ചേരുന്നത്. തന്മൂലം സംവാദത്തിൽ ഏർപ്പെടുന്നവർ, പരസ്പ്പരം വാദങ്ങൾ പങ്കുവക്കുന്നവർ ആരും തന്നെ പൊതു ഇടങ്ങളിൽ ഒരു പരിധിക്കപ്പുറം തെറ്റിദ്ധരിക്കപ്പെടുകയോ അവരുടെ നിലപാടുകൾ മറ്റുള്ളവരാൽ ദുർ വ്യാഖ്യാനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അതേ സമയം സോഷ്യൽ നെറ്റ് വർക്കെന്ന ഓണ്‍ ലൈൻ പൊതു ഇടങ്ങളിൽ ചർച്ചകളുടെ സ്ഥിതി മറ്റൊന്നാണ്. അവിടെ വാക്കുകളും വാചകങ്ങളുമാണ് ചർച്ചയുടെ രൂപവും ഗതിയും നിർണയിക്കുന്നത്. പലപ്പോഴും ലേഖകൻ ഉദ്ദേശിക്കുന്ന തലത്തിലായിരിക്കില്ല സംഗതികൾ ചർച്ച ചെയ്യപ്പെടുക. ഇനി ലേഖകൻ ഉദ്ദേശിച്ചത് തന്നെയാണ് വായനക്കാരനും മനസിലാകുന്നത് എന്ന് വക്കുക, എന്നാലും കാണും ചില ദുർ വ്യാഖ്യാതാക്കൾ. അത് കണക്കിലെടുക്കേണ്ട കാര്യമില്ല. പക്ഷേ, ലേഖകൻ ഉദ്ദേശിച്ചതായാലും അല്ലാത്തതായാലും ബഹു ഭൂരിപക്ഷം ഒരു പ്രത്യേക ലേഖനത്തെ അല്ലെങ്കിൽ ഒരു നാല് വരി എഫ് ബി സ്റ്റാറ്റസിനെ  എങ്ങിനെ വിലയിരുത്തുന്നു എന്നത് വളരെ പ്രസക്തമാണ്. ആ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുക എന്നതൊരു ജനാധിപത്യവിശ്വാസിയുടെ  മര്യാദയുമാണ്. അവിടെ ലേഖകന്റെ ഉദ്ദേശ്യ ശുദ്ധീ വാദത്തിനു നിർഭാഗ്യവശാൽ  തീരെ പ്രസക്തിയില്ലാതാകുന്നു. അത് കൊണ്ട് തന്നെ ലേഖകൻ തന്റെ നിലപാടിൽ പറ്റിയ, അല്ലെങ്കിൽ നിലപാട് അറിയിച്ചതിൽ പറ്റിയ വീഴ്ചയെ അറിയുകയും തിരുത്തുകയും തന്നെ വേണം.

അയൽവാസിയെ താൻ ആദ്യമായി പരിചയപ്പെടുന്നത് ഫെയ്സ് ബുക്കിലൂടെയാണ് എന്ന വെളിപ്പെടുത്തൽ 'ഇ'- ക്കാലത്തെ ഏറ്റവും പരിതാപകരമായ സാമൂഹ്യ സത്യമാണ്. പൊതുവേ, അയൽക്കൂട്ടങ്ങൾ സമൂഹത്തിൽ നിശബ്ദമായി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ നമുക്ക് പറയാനുള്ളത് മുഴുവൻ ഓരോ നിമിഷത്തിലും സ്റ്റാറ്റസ് രൂപേണ എഫ് ബിയിൽ അപ്ഡേറ്റ് കൂടി ചെയ്യപ്പെടുമ്പോൾ നേരിട്ടുള്ള ആശയവിനിമയത്തിന്റെ സാധ്യത കുറയുന്നു. സമൂഹവുമായുള്ള ഒരു വ്യക്തിയുടെ ഇടപെടലുകൾ പലപ്പോഴും എഫ് ബി സ്റ്റാറ്റസിലെ നാല് വരികളിലോ കമെന്റുകളിലോ ഒതുങ്ങി കൂടുന്ന അവസ്ഥയും ചുരുക്കമല്ല. വ്യക്തികളുടെ എഫ് ബിയിലുള്ള ക്രിയാത്മകത വളരെ ദുർലഭമായി മാത്രമേ സമൂഹത്തിലേക്കു പ്രതിഫലിക്കുന്നുള്ളൂ എന്നതിന് അപവാദമാണ് അക്ഷരങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ഇ എഴുത്തുകാരും, ബ്ലോഗർമാരും. പല നല്ല കൂട്ടായ്മകളും, പ്രവർത്തനങ്ങളും പ്രസ്തുത വിഭാഗക്കാരുടെ ഗ്രൂപ്പുകളിൽ നിന്ന് ഊർജ്ജം കൈക്കൊണ്ട ശേഷംസമൂഹത്തിലേക്കു ചെറിയ രീതിയിൽ വ്യാപിക്കുന്നു എന്നത് തീർച്ചയായും ആശ്വാസജനകമാണ്. എന്നിരുന്നാലും പുട്ടിനു പീര എന്ന പോലെ ബൂലോകത്ത് ഇടക്കിടക്കിടെയുണ്ടാകുന്ന വിവാദങ്ങളും, അനാവശ്യ ചർച്ചകളും,വ്യക്തിഹത്യകളും മേൽപ്പറഞ്ഞ നല്ല കാര്യങ്ങളുടെ മാറ്റ് കുറക്കുന്നു എന്ന് പറയാതെ വയ്യ.

പൊതു ഇടങ്ങളുടെ പശ്ചാത്തലം കാലത്തിനു അനുസരിച്ചു മാറിയെന്നിരിക്കെ പൊതു ഇടങ്ങളിലെ ചർച്ചാ -പ്രതികരണ രീതികളും  മാറുകയാണ്. പണ്ട് ചായക്കടയിൽ  മൊയ്തീനും ദാസനും ഫിലിപ്പോസും ഒരു ബഞ്ചിലിരുന്ന് മതവും രാഷ്ട്രീയവും മറ്റു ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്തിരുന്നു - സൌഹൃദത്തെ ബാധിക്കാതെ തന്നെ. ചർച്ചക്ക് ഹരം പകരാൻ ഒരു ചായേം ഒരു പഴം പൊരിയും മാത്രം മതിയായിരുന്നു അവർക്ക്. കാലം ചായക്കടകളിലെ ആ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്തു. പകരം നമുക്ക് തന്ന പുതിയ പൊതു ഇടമാണ് "സോഷ്യൽ നെറ്റ് വർക്ക്". ഇവിടെ ചായേം പഴം പൊരിയുമില്ല, പകരം ലൈക്കും കമെന്റും ഷെയറും ആണ് ചർച്ചകളെ കൊഴുപ്പിക്കുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന വാദത്തെ അനുകൂലിക്കുന്നതോടൊപ്പം കാലത്തോട് കൂടെ എങ്ങോട്ട് നമ്മൾ സഞ്ചരിച്ചെത്തുന്നു എന്ന് കൂടെ ഓർക്കേണ്ടിയിരിക്കുന്നു.

ഏതു വിഷയത്തിലും എപ്പോൾ വേണമെങ്കിലും ഏതു രീതിയിലും പ്രതികരിക്കാൻ നമുക്ക് അവകാശവും അവസരവും ഒരുക്കി തന്ന സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് പരസ്പ്പരം മത-രാഷ്ട്രീയ വൈരം തീർക്കാനുള്ള ഒന്നാന്തരം വേദി കൂടിയാണ്. ഒന്നാലോചിച്ചാൽ ഇത്രത്തോളം അർത്ഥ ശൂന്യമായ പ്രതികരണങ്ങൾ വേറെ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. നേരിട്ട് കണ്ടോ കേട്ടോ പരിചയമില്ലാത്തവരുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നടത്തുന്ന ഓണ്‍ ലൈൻ കൊലവിളികൾ, ഭീഷണികൾ, അസഭ്യ വർഷങ്ങൾ അങ്ങിനെ നീണ്ടു പോകുന്നു ആ അർത്ഥശൂന്യത. ഫെയ്ക്ക് ഐ ഡി കളാണ് സോഷ്യൽ നെറ്റ് വർക്കിലെ മറ്റൊരു പ്രധാന വിഭാഗം. ഇക്കൂട്ടർക്കാണ് സോഷ്യൽ നെറ്റ് വർക്കിലെ പരമാധികാരം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും പരസ്യമായി വിചാരണ ചെയ്യാനുള്ള അവകാശം പോലും ഇവർക്കുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചു വക്കാൻ ഒരു പക്ഷേ അക്കൂട്ടർക്ക്‌ പറയാൻ കാരണങ്ങൾ ഒരുപാടുണ്ടാകാം. അതിൽ തെറ്റില്ല. പക്ഷേ ആ മറവ് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിക്കുന്ന നിലപാട് അപലപനീയമാണ്. വിമർശനങ്ങളും പ്രതികരണങ്ങളും എല്ലാം നല്ലതാണ്- അതെല്ലാം സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കുന്നില്ലെങ്കിൽ മാത്രം.

രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വർഗീയത മാറി കൊണ്ടിരിക്കുകയാണ്. സോഷ്യൽ നെറ്റ് വർക്കുകൾ ആണ് വർഗീയക്കാരുടെ പുതിയ താവളം. തന്റെ മതം മാത്രം ശരിയെന്നും ബാക്കിയെല്ലാം മോശമെന്നും ആധികാരികമായി പ്രസ്താവിച്ചെടുക്കാൻ ചില കപട മത ജീവികൾ മത്സരിക്കുകയാണ്. ആർക്കു വേണ്ടിയാണ് സത്യത്തിൽ ഈ മത്സരങ്ങൾ ? മനസിലാകുന്നില്ല . മിണ്ടിയാൽ പൊറാട്ട എന്ന പോലെയാണ് എഫ് ബി യിലെ ചില പോസ്റ്റുകൾ. ആരുടെയെങ്കിലും നാല് വരി എഫ് ബി സ്റ്റാറ്റസ്, അതുമല്ലെങ്കിൽ ഏതെങ്കിലും രണ്ടു കോളം ഗോസിപ്പ് വാർത്ത ഇതൊക്കെ മതി എഫ് ബിയിലെ വർഗീയ വിഷയങ്ങൾക്ക് കുറച്ചു കാലം കൊണ്ടാടാൻ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിൽ തല്ലുകൾ കാണുമ്പോൾ പലപ്പോഴും ലജ്ജ തോന്നാറുണ്ട്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയല്ല അയാളുടെ വിവേകത്തിന്റെയും സഹിഷ്ണുതയുടെയും മാന ദണ്ഡം എന്ന് ബോധ്യപ്പെടുത്തുന്ന ചർച്ചകളും പരാമർശങ്ങളുമാണ് നിർഭാഗ്യവശാൽ കുറച്ചു ദിവസങ്ങളായി ബൂലോക ബ്ലോഗർമാരിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഓർത്ത്‌ പോകുന്നത് പഴയ ആ നല്ല കാലമാണ്.  ഞങ്ങൾ കൂട്ടുകാർക്കിടയിൽ പണ്ട് തൊട്ടേ പ്രയോഗിച്ചു വരുന്ന ചില പദ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. കള്ള നസ്രാണി, മാപ്പിള, ചെറുമൻ തുടങ്ങിയവയാണ് അതിൽ പ്രധാനം. പക്ഷേ, ഇതൊന്നും ഒരാളുടെയും മതമോ ജാതിയോ നോക്കി പ്രയോഗിക്കുന്ന വാക്കുകൾ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ സാഹചര്യത്തിന് അനുസരിച്ച് മാത്രം പ്രയോഗിച്ചിരുന്ന വാക്കുകൾ എന്നതിനപ്പുറം അതിലൊന്നും വർഗീയതക്കോ ഫാസിസത്തിനോ ഒരു സ്ഥാനവുമില്ലായിരുന്നു.

"ഡോ മാപ്പിളെ, മര്യാദക്കു വൈകുന്നേരം ഞങ്ങ വിളിക്കുമ്പോഴേക്കും സിനിമക്ക് പോകാൻ റെഡി ആയി നിന്നോണം ". പറയുന്നത്  സാക്ഷാൽ നസ്രാണി , കേൾക്കുന്നത്  സാക്ഷാൽ ചെറുമൻ. 

"ഈ കള്ള നസ്രാണിയെ കൊണ്ട് തോറ്റല്ലോ ..്#@# ". പറയുന്നത് സാക്ഷാൽ ചെറുമൻ, കേൾക്കുന്നത് സാക്ഷാൽ മാപ്പിള. 

"എടാ ചെറുമാ ...ഇയ്യീ പണി ഒപ്പിച്ചപ്പോഴോ ന്നാലും .." പറയുന്നത് സാക്ഷാൽ മാപ്പിള , കേൾക്കുന്നത് സാക്ഷാൽ നസ്രാണി. 

ഇന്നിപ്പോ ഇങ്ങിനെയൊക്കെ  പറഞ്ഞാൽ പറയുന്നവൻ ഫാസിസ്റ്റും, വർഗീയവാദിയുമൊക്കെ ആയി വ്യാഖ്യാനിക്കപ്പെടും. കേൾക്കുന്നവനും പറയുന്നവനും മനസ്സിൽ പോലും കരുതാത്ത അർത്ഥങ്ങളെ ആരാണോ നിക്ഷിപ്ത താൽപ്പര്യാർത്ഥം വളച്ചു- പടച്ചുണ്ടാക്കുന്നത് അവനാണ് ഇന്നത്തെ കാലത്തെ ആരാലും തിരിച്ചറിയപ്പെടാത്ത യഥാർത്ഥ ഫാസിസ്റ്റും വർഗീയവാദിയുമെല്ലാം. നിർഭാഗ്യവശാൽ അവരിൽ ഒരു നല്ല വിഭാഗം  ഇന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുന്നു. മറ്റൊരു ചെറു വിഭാഗം നിഷ്പക്ഷതയുടെ മുഖം മൂടികൾ ഇട്ടു കൊണ്ട് നമുക്ക് ചുറ്റും സജീവമായി ഇടപെടുന്നു. പിന്നെയൊരു വിഭാഗം  കപട വിപ്ലവകാരിയുടെയും, കപട രാജ്യ സ്നേഹിയുടെയും, കപട ജനസേവകന്റെയും വേഷത്തിലുമാണ് അഭയം കണ്ടിരിക്കുന്നത്. ഇങ്ങിനെ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ നമ്മൾ ഇതിലേതാണ്‌ എന്ന പ്രസക്തമായ ചോദ്യം ജനിക്കുകയാണ്. ആ ചോദ്യത്തെ മനസ്സിൽ താലോലിച്ചും ശിക്ഷിച്ചും വളർത്തിയില്ലെങ്കിൽ , ഒറ്റ മകനെ ഒലക്ക കൊണ്ട് അടിച്ചു വളർത്താത്തത്തിൽ പിന്നീട് ദുഖിച്ച അച്ഛന്റെ അവസ്ഥ തന്നെ നമുക്കും ഉണ്ടാകും. അത് കൊണ്ട് തന്നെ ഓരോ നിമിഷത്തിലും നമ്മുടെ നിലപാടുകളെ പുനർചിന്തനം നടത്തേണ്ടത് ഈ കാലത്തിന്റെ അനിവാര്യത കൂടിയാണ്- അത് ഓണ്‍ ലൈനിലായാലും, ഓഫ് ലൈനിലായാലും. 

-pravin-

Friday, September 27, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 4

ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ രണ്ടു പേരും അരുവിയിലേക്ക് ഇറങ്ങി. വലിയ പാറകൾ അവിടെയും ഉണ്ടായിരുന്നു. കയ്യിലുള്ള മൊബൈൽ ഫോണ്‍ നനഞ്ഞത്‌ കാരണം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അത് ഓണ്‍ ആക്കിയപ്പോൾ കിട്ടിയ വെളിച്ചം ഒരുപകാരമായി തോന്നി. മൊബൈൽ ടോർച്ചിന്റെ വെളിച്ചം കൂടിയായപ്പോൾ മുന്നോട്ടു നടക്കാനുള്ള ധൈര്യം കൂടിയതായിരുന്നു. പക്ഷേ  അരയോളം വെള്ളത്തിൽ എത്തിയപ്പോൾ മുന്നോട്ടു പോകണമോ വേണ്ടയോ എന്നായി ഞങ്ങൾ. എന്തോ, വെള്ളത്തിനു കാര്യമായ ഒഴുക്ക് രാവിലത്തെ പോലെ അനുഭവപ്പെട്ടില്ല. ആ ധൈര്യത്തിൽ മുന്നോട്ടു തന്നെ ഞങ്ങൾ നടന്നു. ഒടുക്കം എങ്ങിനെയൊക്കെയോ അക്കരെയെത്തി. ദാഹം കൊണ്ട് അരുവിയിലെ വെള്ളം എത്ര ലിറ്റർ കുടിച്ചെന്നു പറയ വയ്യ.

ഇങ്ങോട്ട് വന്ന വഴിയിലൂടെയല്ല തിരിച്ചു പോകുന്നതെന്ന കാരണം കൊണ്ട് കൂടുതലൊന്നും ആലോചിക്കാതെ മുന്നിൽ കാണുന്ന വഴിയിലൂടെയൊക്കെ  ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു. നിറച്ചും മരങ്ങൾ നിൽക്കുന്ന ഇരുട്ട് മൂടിയ വഴിയിലൂടെയായിരുന്നു  ഞങ്ങളുടെ യാത്ര. ആ വഴിയിൽ പൊന്തക്കാടുകൾ ധാരാളം ഉള്ളതായി കാണപ്പെട്ടു.   ഇരുട്ട് കൂടി കൂടി വരുകയാണ്. കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം ഞങ്ങൾക്ക് മനസിലായി. ഇനി ഒരു മടക്ക യാത്രയില്ലാത്ത വിധം  ഞങ്ങൾ കാടിന് നടുക്കുള്ള മറ്റെവിടെയോ പൂർണമായും ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പേടിയും സങ്കടവും കൂടി കലർന്നുള്ള ഒരു തരം മാനസികാവസ്ഥയാണ്  അന്ന് ഞങ്ങൾ അനുഭവിച്ചത്.

ആ ഇരുട്ടത്ത്‌ ഞങ്ങളെ പേടിപ്പിച്ച മറ്റൊരു അനുഭവം കൂടി ഉണ്ടായി. ഞങ്ങൾ ക്ഷീണം കൊണ്ട് തളർന്നു നിന്ന് പോയ സ്ഥലത്ത് നിന്നും കഷ്ടി 100 മീറ്റർ വ്യത്യാസത്തിൽ മുളങ്കോലുകൾ പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ടു. നീളമുള്ള മുളകളോട് ചേർന്ന് കറുത്തിരുണ്ട ഒരു വലിയ രൂപം അവിടെ അനങ്ങി കൊണ്ടിരിക്കുന്നു.   മുളക്കൊമ്പുകൾ  വലിച്ചു പൊട്ടിക്കുന്ന ആ രൂപം,  അത് ഒരാനയാണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. അത് മനസിലായ പാടെ എങ്ങോട്ടെന്നില്ലാതെ വന്ന വഴി  ഞങ്ങൾ പുറകോട്ടു തന്നെ ഓടി. ആന പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ  അതിന്റെ തീറ്റ തുടർന്നു കൊണ്ടേയിരുന്നു. 

ഞങ്ങൾ അടുത്ത് തന്നെയുള്ള ഒരു പൊന്തക്കാട്ടിൽ പോയി ഒളിച്ചു. ഞങ്ങളുടെ ശ്വാസത്തിനു ഇത്രയേറെ ശബ്ദം ഉണ്ടായിരുന്നതായി അതിനു മുൻപേ ഒരിക്കലും ഞങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നു. ഞങ്ങളുടെ കിതപ്പും ശ്വാസവും  കാടിനുള്ളിൽ മുഴങ്ങി കേട്ടു. ടോം തളർന്നു പോയിരിക്കുന്നു. ഇനി ഓടാൻ വയ്യ എന്ന പോലെ ആ പൊന്തക്കുള്ളിൽ  ഞങ്ങൾ വീണു കിടന്നു. പക്ഷേ,രാജ വെമ്പാല വാഴുന്ന സ്ഥലമാണിതെന്ന് പറഞ്ഞുള്ള സൂചനാ ബോർഡ് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നതോട് കൂടി അവിടെ വിശ്രമിക്കാനുള്ള തീരുമാനം ഞങ്ങൾ മാറ്റി. മാത്രവുമല്ല, ഇനിയും എന്തൊക്കെ ജീവികൾ ആ വഴി രാത്രി സഞ്ചാരത്തിനായി വരുമെന്ന് കണ്ടറിയാം. തൽക്കാലം അവിടെയിരിക്കുന്ന പരിപാടി ഒഴിവാക്കി കൊണ്ട് ഞങ്ങൾ വീണ്ടും എങ്ങോട്ടെന്നില്ലാതെ നടക്കാൻ തീരുമാനിച്ചു. അപ്പോൾ സമയം ഏകദേശം 8 മണി കഴിഞ്ഞിരുന്നു. മൊബൈൽ വെളിച്ചം ഇനി എത്ര നേരം കൂടി ഉണ്ടാകുമെന്ന് അറിയില്ല. അതിനും മുൻപേ സുരക്ഷിതമായ ഒരിടത്ത് എത്തിയേ പറ്റൂ. ക്ഷീണം അവഗണിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. 
അര മണിക്കൂർ നടത്തത്തിനു ശേഷം ദൂരെ ഒരു വെളിച്ചത്തിന്റെ അനക്കം കണ്ടു. ചെണ്ട കൊട്ടുന്നത്  പോലെയുള്ള ശബ്ദവും, ആളുകളുടെ കൂക്ക് വിളിയും കേൾക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വെളിച്ചത്തിന് അടുത്തേക്ക്‌ ഓടി. ആ ഓട്ടം ചെന്ന് നിന്നത് പന്തവും തകര പാത്രവും മറ്റെന്തൊക്കെയോ കൈയ്യിൽ പിടിച്ചു കൊണ്ട് നടന്നു വരുന്ന ഒരു ചെറിയ ജനക്കൂട്ടത്തിന്റെ മുന്നിലേക്കാണ്.  അവരുടെ കൂടെ രണ്ടു മൂന്ന് ഗാർഡ് വേഷക്കാരും ഉണ്ടായിരുന്നു. അവരുടെ മുന്നിലേക്ക്‌ പെട്ടെന്ന് ഓടി ചെന്നത് കൊണ്ടായിരിക്കണം അവരാദ്യം ഒന്ന് പേടിച്ച പോലെ പുറകോട്ടു മാറി കളഞ്ഞത് . പിന്നീട് ഞങ്ങളെ അവർ ചോദ്യം ചെയ്യുകയുണ്ടായി. എല്ലാ കാര്യവും ഞങ്ങൾക്ക് പറയേണ്ടിയും വന്നു. കൂട്ടത്തിലുള്ള ഗാർഡുമാർ ഞങ്ങളെ ചീത്ത പറഞ്ഞതിന് കണക്കില്ലായിരുന്നു. 

എന്തായാലും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. പക്ഷേ ഞങ്ങളെയും കൂടെ കൂട്ടി മറ്റെങ്ങോട്ടോ യാത്ര തുടരാനാണ് അവരുടെ പ്ലാൻ എന്നായപ്പോൾ കൂട്ടത്തിലെ ചിലരോടായി അവരുടെ  വിചിത്ര യാത്രയെ പറ്റി ഞങ്ങൾ ചോദിച്ചു. അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ വാർത്ത  ഞങ്ങൾ കേൾക്കുന്നത്. അവരുടെ കൂട്ടത്തിലെ ഒരാളെ അരുവിക്കരയുടെ അടുത്തു നിന്നും പുലി പിടിച്ചത്രേ. അയാളെയും കടിച്ചു വലിച്ചു കൊണ്ടാണ് പുലി കാട്ടിലേക്ക് ഓടി കയറിയതെന്നാണ് അവർ പറയുന്നത്. അയാളെ പുലിക്കു തിന്നാനായിട്ടില്ല. അതിനുള്ള സമയം കിട്ടിയിട്ടുമില്ല. അയാളെയും കടിച്ചു പിടിച്ചു അധികം ദൂരം പുലിക്കു ഓടാൻ സാധിക്കില്ല. അത് കൊണ്ട് ജീവന്റെ തുടിപ്പുള്ള അയാളുടെ ശരീരം എവിടെയെങ്കിലും പുലി ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെയാണ്  ഈ യാത്ര. അറിഞ്ഞപ്പോൾ ഭയം തോന്നിയെങ്കിലും അവരുടെ കൂടെ പോകുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. 

പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പന്തം കൊളുത്തി  പട എന്ന് പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നിപ്പോയി. അങ്ങിനെയുള്ള ഒരു പന്തം കൊളുത്തി പടയുടെ പിന്നാലെയാണ് ഞങ്ങൾ നടക്കുന്നതെന്ന് കൂടി ആലോചിച്ചപ്പോൾ ശരീരമാകെ ഞങ്ങൾക്ക് രോമാഞ്ചം അനുഭവപ്പെട്ടു. കൊട്ടും മുട്ടും മുറക്ക് നടത്തിയിട്ടും പുലിയുടെ പൊടി പോലും കാണാൻ ഞങ്ങൾക്കായില്ല. തിരച്ചിൽ മതിയാക്കി തിരിച്ചു പോയ്ക്കൂടെ എന്ന് പറയാൻ പലപ്പോഴും ഞങ്ങൾക്ക് തോന്നിയതായിരുന്നു. പക്ഷേ, പുലി കൊണ്ട് പോയ ആ അജ്ഞാതന്റെ കുടുംബത്തെ കുറിച്ച് ഓർത്തപ്പോൾ അങ്ങിനെ സ്വാർത്ഥമായി ചിന്തിക്കുന്നത് തെറ്റാണെന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ ഒരാൾ പറഞ്ഞു. സാഹസിക യാത്ര എന്നത് ഒരു തമാശക്ക് ഞങ്ങളുടെ യാത്രക്ക് ഞങ്ങൾ തന്നെ കൊടുത്ത ഒരു ക്യാപ്ഷൻ ആയിരുന്നുവെങ്കിലും ഞങ്ങൾ അറിയാതെ എങ്ങിനെയോ അത് ശരിക്കുമൊരു സാഹസികയാത്രയായി മാറുകയായിരുന്നു. 
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )

Wednesday, August 7, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 3

ഒടുക്കലത്തെ സാഹസിക യാത്ര  ഒന്നാം ഭാഗം, രണ്ടാം ഭാഗം  വായിക്കാത്തവർ ലിങ്കിൽ ക്ലിക്കുക.

കുറച്ചു ദൂരം കൂടി നടന്നു കഴിഞ്ഞപ്പോൾ എന്തോ ഒരു പന്തി കേട് ഞങ്ങൾക്ക് തോന്നി തുടങ്ങി. ദൂരെ എവിടെ നിന്നോ മര ചില്ലകൾ പൊട്ടുന്ന പോലെയുള്ള ശബ്ദം കേൾക്കാമായിരുന്നു. ഞാനും ടോമും മുഖാ മുഖം നോക്കി. പിന്നെ മനസ്സിൽ ഉറപ്പിച്ചു. അത് ആന തന്നെ. അതെങ്ങാനും മുന്നിൽ വന്നു പെട്ടാലുള്ള അവസ്ഥ ആലോചിച്ചപ്പോൾ പേടി തോന്നി. നാട്ടിൽ ആന കുത്തി മരിച്ച പാപ്പാന്മാരുടെ ഗതിയെക്കാൾ ഭീകരമായിരിക്കും കാട്ടിൽ ആനയുടെ ചവിട്ടു കൊണ്ട് മരിക്കുന്നത്. അതും കൂടി ആലോചിച്ചപ്പോൾ ആ ദിവസത്തെ സാഹസിക യാത്ര അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതായിരുന്നു. പക്ഷെ, ആനക്കൂട്ടം ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നടന്നടുക്കുകയാണോ എന്ന് സംശയിച്ചു പോയ നിമിഷങ്ങൾ- അത് ഞങ്ങളെ പോകാൻ അനുവദിച്ചില്ല. 

പടർന്നു പന്തലിച്ച വലിയ മരത്തിനു മുകളിൽ കയറിയിരിക്കാനുള്ള ബുദ്ധി ടോമിനാണ് തോന്നിയത്. ധാരാളം ചില്ലകൾ ഉള്ള മരമായത് കൊണ്ട് ഞങ്ങൾക്ക് മരം കയറാൻ പ്രയാസമുണ്ടായില്ല. ഒരു തരത്തിൽ മരത്തിനു മുകളിൽ കയറി അടുത്തടുത്ത ചില്ലകളിൽ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. കണ്ണിമ വെട്ടാതെ, ശ്വാസം അടക്കി പിടിച്ചു കൊണ്ട് ആനയുടെ ചിഹ്നം വിളി കേട്ട് കൊണ്ടിരുന്നു . ആ സാഹചര്യത്തിൽ എല്ലാ തരത്തിലും സുരക്ഷിതമായ അതിലും നല്ലൊരു സ്ഥാനം ഞങ്ങൾക്ക് കിട്ടാനില്ലായിരുന്നു. 

രാവിലെ കഴിച്ച ദോശേം ചമ്മന്തീം എപ്പോഴേ ദഹിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നേരം ഈ മരക്കൊമ്പിനു മുകളിൽ ഇരിക്കേണ്ടി വരുമെന്ന് യാതൊരു പിടിയുമില്ല. ടോമും ഞാനും പരസ്പ്പരം ആശങ്കകൾ കൈ മാറി. അരുവിക്കരയിൽ വച്ച ബാഗ് കയ്യിലുണ്ടായിരുന്നെങ്കിൽ അത്യാവശ്യം വിശപ്പടക്കാനുള്ള വകുപ്പ് അതിനുള്ളിൽ നിന്ന് കിട്ടുമായിരുന്നു. ഇതിപ്പോ പച്ച വെള്ളം പോലും കുടിക്കാൻ പാകമില്ലാത്ത അവസ്ഥയിലായി പോയില്ലേ. 

മരക്കൊമ്പിന് മുകളിൽ കൂടി ഞങ്ങളുടെ ദീർഘ നിശ്വാസങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു. അതിലൊരു ദീർഘ നിശ്വാസത്തോടൊപ്പം  ആനയുടെ ഗന്ധം കൂടി ചേർന്നിരുന്നു. അപ്പോഴേക്കും ആനകൾ ഞങ്ങളിൽ നിന്ന് വളരെ അടുത്തുള്ള രണ്ടു മൂന്നു മരങ്ങൾക്ക് സമീപം എത്തിയിരുന്നു. 

' ടോമെ , ഡാ നീ അങ്ങോട്ട്‌ നോക്ക് ..ആ മരത്തിനു പിന്നിൽ .." ഞാൻ ടോമിനോട് സ്വകാര്യമായി പറഞ്ഞു. 

"ങും . കണ്ടു . കണ്ടു .. " ടോം നിർജ്ജീവമായി പറഞ്ഞു. 

" കണ്ടിട്ടാണോ നീ ഇങ്ങനെ കൂളായി ഇരിക്കുന്നത് ? "

"പിന്നെ ഞാൻ എന്ത് വേണം ? ആനയെ കണ്ടു എന്ന് പറഞ്ഞു വിളിച്ചു കൂകണോ ? " ടോം കലിപ്പായി. 

"നീയെന്തിനാ ചൂടാകുന്നത് ? ഇനി നമ്മൾ എന്ത് വേണമെന്നാ ചോദിക്കുന്നത് " ഞാൻ ആകെ പ്രാന്തായി ചോദിച്ചു. 

"നീയിപ്പോൾ മിണ്ടാതിരി, അവറ്റങ്ങൾ എന്തൊക്കെയോ തിന്നാൻ വന്നതാണ്. അത് കഴിഞ്ഞാൽ തിരിച്ചു പൊയ്ക്കോളും . ഇവരത്ര പ്രശ്നക്കാരല്ല. അതൊക്കെ ചുമ്മാ നമ്മളെ പേടിപ്പിക്കാനായി നാട്ടിലോരോ ബഡായി വീരന്മാർ മെനഞ്ഞുണ്ടാക്കുന്ന കഥകളാണ്. ബേസിക്കലി ഇവരൊക്കെ പാവങ്ങളാ ഡാ..  മനുഷ്യരേക്കാൾ .. നീ അത് മനസിലാക്ക് " . ടോം എനിക്ക് ഒരു ക്ലാസ് എടുത്തു തന്ന പോലെ തോന്നി. അതിൽ കുറച്ചു ഞാൻ വിശ്വസിക്കുകയും ചെയ്തു. 

പെട്ടെന്നാണ് മറ്റെവിടെ നിന്നോ ഒരാന കൂടി ആ കൂട്ടത്തിലേക്ക് ചിഹ്നം വിളിച്ചു കൊണ്ട് ഓടിയെത്തിയത്. ആ വന്നവനെ  കൂട്ടത്തിലെ തലയെടുപ്പുള്ള ആന  ഒരൊറ്റ  തട്ടങ്ങ് കൊടുത്തു . എന്നിട്ടൊരു ചിഹ്നം വിളിയും.  ഇടി കിട്ടിയ ആന 'ദേ കിടക്കുന്നു പൊത്തോം' എന്ന് പറഞ്ഞ് ഒരൊറ്റ വീഴ്ച. ആ വീഴ്ചയിൽ കുറെ ചെറു ചെടികളൊക്കെ പൊട്ടുന്ന ശബ്ദം വേറെയും. അങ്ങിനെ ആകെ മൊത്തം ഒരു ഭീകരാന്തരീക്ഷം. എന്റമ്മോ എന്ന് ഉറക്കെ വിളിക്കാൻ തോന്നിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല . ഇത് കണ്ട ശേഷം ടോമിനോട് ഞാൻ സ്വകാര്യമായി ചോദിച്ചു. 

 "ഇതാണോ നീ പറഞ്ഞ ബേസിക്കലി പാവങ്ങൾ ?"

ങും ങും എന്നല്ലാതെ മറ്റൊരു ശബ്ദം അവനിൽ നിന്ന് ഞാൻ കേട്ടില്ല . സോഡാ കുപ്പിയിലെ ഗോലി പോലെ എന്തോ ഒന്ന് അവന്റെ തൊണ്ടക്കുഴിയിലൂടെ  താഴോട്ടും മേലോട്ടും ഓടി നടക്കുന്നത് ഞാൻ കണ്ടു . 

"ഇല്ല ..കുഴപ്പമൊന്നുമില്ല ..അവര് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പ്രകടിപ്പിച്ചതാണ് .." ടോം എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു . 

"പിന്നേ .. ഇങ്ങിനെ കൊല വിളി നടത്തിയിട്ടാണല്ലോ ആനകള് സ്നേഹം പ്രകടിപ്പിക്കുന്നത് ? " ഞാൻ കലിപ്പായി . 

"ശ്ശ് ...നീ ഒന്ന് മിണ്ടാതിരി..പ്ലീസ്  ' ടോം എന്നെ കൂളാക്കി. 

മരത്തിനു മുകളിൽ നിന്ന് ഇനിയെപ്പോൾ ഇറങ്ങാനാകുമെന്ന്  ഒരു ധാരണയുമില്ല. ഇറങ്ങിയാൽ തന്നെ എങ്ങോട്ട് നടക്കും ? പോകുന്ന വഴിക്ക് ഇവന്മാരുടെ മുന്നിൽ പെട്ടാലോ ? അങ്ങിനെ നൂറു കൂട്ടം ചോദ്യങ്ങളുമായി ഞങ്ങൾ മരക്കൊമ്പിൽ വളരെ "സുരക്ഷിതമായി" തന്നെ ഇരുപ്പ് തുടർന്നു. ആനകൾ അരുവിക്കരയിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആണെന്ന് തോന്നി. 1, 2, 3 , 4 , 5.. അതെ അഞ്ചെണ്ണം തന്നെ . അഞ്ച് ആനകളും ഒരു കുട്ടി ആനയും ആണ് അവരുട ഗ്യാങ്ങിൽ. എണ്ണം തെറ്റിയോ എന്ന സംശയത്തിൽ  ഞങ്ങൾ വീണ്ടും വീണ്ടും എണ്ണി കൊണ്ടിരുന്നു . 
അഞ്ചു ആനകളും കുട്ടിയാനയും കൂടി ഞങ്ങളിരിക്കുന്ന മരത്തിനു താഴെ കൂടെ നിശബ്ദരായി നടന്നു നീങ്ങി. മരത്തിനു മുകളിൽ നിന്ന് നോക്കുമ്പോൾ കറുത്ത പാറകൾ വായുവിലൂടെ ഒഴുകി നീങ്ങുന്ന പോലെ തോന്നി പോയി. നേരത്തെ  അലമ്പുണ്ടാക്കിയ കൊമ്പൻ ദൂരെ ഒരു ഭാഗത്തായി മാറി നിൽപ്പുണ്ടായിരുന്നു. നടന്നു നീങ്ങുന്ന ആനക്കൂട്ടത്തിൽ  ചേരാൻ വേണ്ടിയാണ് അവൻ ഇവരുടെ നേതാവിനോട് കശ പിശയുണ്ടാക്കിയത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അരുവിക്കരയിലോട്ട് ലക്ഷ്യം വച്ച് നടക്കുന്ന ആനക്കൂട്ടത്തെ അവനും അനുഗമിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങളുടെ മരത്തിനു അടുത്തെത്തിയപ്പോൾ അവനു പെട്ടെന്നൊരു  ഉൾവിളി. അവരുടെ കൂടെ പോകാണ്ടാന്ന്. പോയാൽ ഒരു പക്ഷെ വീണ്ടും അവന്മാര് തന്നെ ഉന്തി മറച്ചാലോ എന്നോർത്തു കാണും. 

"പാവം ആന ..ഒറ്റ നോട്ടത്തിൽ ഒരു ശല്യക്കാരനായി തോന്നിയെങ്കിലും എന്തൊരു ശാന്ത ഭാവമാണ് അതിന് . വിഷമിച്ചു നിക്കുന്ന നിപ്പു കണ്ടില്ലേ  . അവറ്റങ്ങൾക്ക് ഇവനേം കൂടി കൂട്ടത്തിൽ കൂട്ടിയാലെന്താ .." എന്നൊക്കെ ആലോചിച്ചും കൊണ്ട് ഞങ്ങൾ അവനെ തന്നെ നോക്കിയിരുന്നു. അപ്പോഴേക്കും മറ്റു ആനകൾ അരുവിക്കരയിൽ എത്തിയിരുന്നു. അവർ പോയ സ്ഥിതിക്ക് കൊമ്പൻ മടങ്ങി പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കൊമ്പൻ ഞങ്ങളിരിക്കുന്ന മരത്തിനു നേരെ താഴെയായി  നിൽപ്പ് ഉറപ്പിച്ചു. ഒരു രക്ഷേം ഇല്ല . അവൻ പോകുന്ന മട്ടില്ല. കൊമ്പന്റെ നീണ്ട കൊമ്പും കറുത്ത് ആടി ഉലയുന്ന ശരീരവും നോക്കി കൊണ്ട് മരത്തിനു മുകളിൽ മുഖമമർത്തി കൊണ്ട് ഞങ്ങൾ കിടന്നു . 

നേരം ഇരുട്ടാൻ ഇനി അധികം സമയമില്ല. അതിനിടക്ക് കൊമ്പൻ ഞങ്ങളിരിക്കുന്ന മരത്തിലൊന്നു ഉന്തി നോക്കിയോ എന്നൊരു സംശയം. മരം ചെറുതായൊന്ന് കുലുങ്ങി. സംഗതി ശരിയാണ് .കൊമ്പൻ മരത്തോടു മല്ലിടാൻ തുടങ്ങിയിരിക്കുന്നു.  കൊമ്പന് മദം പൊട്ടിയിട്ടുണ്ടോ എന്നൊരു സംശയവുമില്ലാതില്ലാതില്ലാതില്ലായിരുന്നു. പണി വരുന്ന ഓരോ വഴികളെ !! നമ്മുടെ ഹൃദയം പട പടാന്ന് ഇടിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണെന്നോ .വല്ലാത്തൊരു താളാത്മകത തന്നെയാണത് . 

കുറച്ചു നേരത്തെ കസർത്തിനു ശേഷം തൊട്ടടുത്ത ഒരു ചെറിയ മരം ഉന്തി മറച്ചിട്ടു കൊണ്ട് കൊമ്പനും അരുവിക്കരയിലേക്ക്  നടന്നു പോയി. ഞങ്ങൾക്ക് സമാധാനമായി. കൊമ്പൻ ഞങ്ങളുടെ  ദൃഷ്ടിയിൽ നിന്ന് ദൂരേക്ക്‌ പോയ  നിമിഷം തന്നെ ഞങ്ങൾ മരത്തിൽ നിന്ന് താഴെ ഇറങ്ങി. എന്നിട്ട്, കാടിന്റെ മേലെ ഭാഗത്തേക്കുള്ള വഴിയിലൂടെ  വേഗത്തിൽ നടന്നു . കുറെ ദൂരം നടന്നിട്ട് അരുവി മുറിച്ചു കടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അരുവിയുടെ ഒഴുക്കിനെയും പാറകളെയും ഭേദിച്ച് കൊണ്ട് ആനകൾക്ക് ഞങ്ങളുടെ അടുത്തെത്താനാകില്ല എന്ന് തന്നെ ഞങ്ങൾ വിശ്വസിച്ചു. ഒഴുക്കിൽ പെട്ട് താഴേക്കെങ്ങാനും പോകേണ്ടി വന്നാൽ  മാത്രമേ പ്രശ്നമുള്ളൂ.  

സമയം അഞ്ചു മണി കഴിഞ്ഞേ ഉള്ളൂവെങ്കിലും ആ പരിസരമെല്ലാം ഇരുട്ടിൽ മൂടി തുടങ്ങിയിരുന്നു. ക്യാമറയും ബാഗുമെല്ലാം അരുവിക്കരയിൽ നിന്ന് എടുക്കാൻ സാധ്യമല്ല .  ആ ഭാഗത്തേക്ക് അടുത്ത ദിവസം പകലിൽ വീണ്ടും വരേണ്ടിയിരിക്കുന്നു . തൽക്കാലം വന്ന വഴി പോകാൻ സാധ്യമല്ല എന്ന് സാരം. എങ്ങോട്ടെന്നറിയാതെ ഞങ്ങൾ നടന്നു കൊണ്ടിരുന്നു. ഒന്ന് മാത്രം അറിയാം. ഞങ്ങൾ നടക്കുന്നതിന്റെ വലതു ഭാഗത്താണ് അരുവി. അരുവി മുറിച്ചു കടന്നാൽ ഏകദേശം വന്ന വഴിയുടെ അടുത്തു തന്നെ എത്താൻ സാധിക്കും . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്തത്തിന്റെ  ക്ഷീണം ശരീരത്തിനുണ്ട് എന്ന് തോന്നിയില്ല. എന്നാലും എന്ത് കൊണ്ടോ മെല്ലെ നടക്കാനേ സാധിക്കുമായിരുന്നുള്ളൂ ഞങ്ങൾക്ക്. 

മുന്നോട്ട് കുറെയധികം  നടന്നു കാണും .  ഒടുക്കം ഞങ്ങൾ വലതു ഭാഗത്തേക്ക് അരുവിയെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. അരുവിക്കരയിൽ പെട്ടെന്ന് തന്നെ എത്തി. പക്ഷെ അപ്പോഴേക്കും അരുവിയിലെ ജല നിരപ്പ് പോലും കാണാൻ പറ്റാത്ത അത്രക്കും ഇരുട്ടിലായി കഴിഞ്ഞിരുന്നു. ഈ സമയത്ത് റിസ്ക്‌ എടുത്തു കൊണ്ട് അരുവി മുറിച്ചു കടക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി. പരിചയമില്ലാത്ത വഴി എന്നതിലുപരി ആ ഇരുട്ടിൽ സമയത്ത് അരുവി മുറിച്ചു കടക്കാൻ സാധിക്കുമോ ഇല്ലയോ എന്നതാണ്  ഞങ്ങൾക്ക് പ്രധാന വെല്ലുവിളിയായി മാറിയത്.
ഒടുക്കലത്തെ സാഹസിക യാത്ര നാലാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )