എന്ന് പറഞ്ഞു കൊണ്ടവൻ
അമ്മയുടെ ഗർഭ പാത്രത്തിൽ
ചുരുണ്ട് കൂടി കിടന്നു.
മറ്റൊരു ലോകമേ ഇല്ലെനിക്കെന്ന്
ആരോടൊക്കെയോ വാദിച്ചു
ജയിക്കാൻ ശ്രമിക്കവെ അവന്
കണ്ണും മൂക്കും വായും ഉടലും രൂപപ്പെട്ടു.
മാസങ്ങൾക്ക് ശേഷം അവൻ
മറ്റൊരു ലോകത്തിലേക്ക് പിറന്നു വീണു കരഞ്ഞു.
അമ്മ അമ്മിഞ്ഞപ്പാൽ നൽകിയപ്പോൾ
ചിന്തിക്കാൻ നിൽക്കാതെ അവൻ അത് വേഗം കുടിച്ചു.
അവൻ കുറച്ച് വളർന്നു പിന്നീട്.
ഒക്കത്ത് വച്ച് ചോറുരുള നൽകുമ്പോൾ
അവൻ കരയാതിരിക്കാൻ അമ്മ പലതും പറഞ്ഞു.
ചോറുരുള വേഗം കഴിച്ചു കൊണ്ട്
അവൻ അമ്മയെ അനുസരിച്ചു.
അവൻ പിന്നെയും കുറച്ച് വളർന്നു.
വികൃതി കാണിക്കാതിരിക്കാനായി
അമ്മ അവന് സ്വർഗ്ഗ നരകങ്ങളുടെ കഥ
പറഞ്ഞു കൊടുക്കുമായിരുന്നെങ്കിലും
അവൻ വികൃതി കുട്ടിയായി തന്നെ വളർന്നു.
അവൻ പിന്നെയും പിന്നെയും വളർന്നു.
അമ്മക്ക് അവനെ പിടിച്ചാൽ കിട്ടാതായി.
അവൻ അമ്മയെ അനുസരിക്കാതെയായി.
സംശയങ്ങൾക്കുമപ്പുറം അവൻ അമ്മയോട്
മറ്റെന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു.
അമ്പിളി മാമനെ കാണിച്ചു അവനെ കൊതിപ്പിക്കാനോ
അതിശയിപ്പിക്കാനോ അമ്മക്കിപ്പോൾ കഴിയുന്നില്ല.
കോക്കാച്ചി പിടിക്കും എന്ന് പറഞ്ഞ് അവനെ
പണ്ടത്തെ പോലെ പേടിപ്പിക്കാനും അമ്മക്ക് കഴിയുന്നില്ല.
അവൻ ഇപ്പോൾ അത്രക്കും വളർന്നു കഴിഞ്ഞിരിക്കുന്നു.
തെറ്റ് ചെയ്തവർ നരകത്തിൽ പോകുമത്രേ
നല്ലത് ചെയ്തവർ സ്വർഗ്ഗത്തിലും.
ആരു പറഞ്ഞു ഈ വിഡ്ഢിത്തരമൊക്കെയെന്ന്
അവൻ അമ്മയോട് ഇടയ്ക്കിടെ ചോദിച്ചു.
അമ്മക്ക് മറുപടിയില്ലാതാകുമ്പോൾ
അവൻ സ്വയം മറന്നു സന്തോഷിച്ചു.
ഈ ഭൂമി മാത്രമാണ് ആകെയുള്ള ലോകം.
ഈശ്വരനുമില്ല ചെകുത്താനുമില്ല.
ഉണ്ടെങ്കിൽ തന്നെ എനിക്കതിലൊന്നും
പേടിയുമില്ലെന്നവൻ ആവർത്തിച്ചു പറഞ്ഞു.
അങ്ങിനെ ഓരോന്നും പറഞ്ഞ് കൊണ്ട് അമ്മയെ തിരുത്തവേ
ഇനിയും ജനിച്ചിട്ടില്ലാത്ത അവനിലെ ഗർഭസ്ഥൻ
അടുത്ത ലോകത്തേക്കുള്ള രൂപ മാറ്റത്തിന്
തയ്യാറെടുക്കകയായിരുന്നു.
-pravin-