ഞങ്ങള്‍ കോളേജ് ഹോസ്റ്റലില്‍ താമസം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴും മറ്റു മുറികളിലൊന്നും ആളുകള്‍ വന്നിട്ടില്ലായിരുന്നു. വന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ എന്നത് കൊണ്ടാകാം കമാലും രൂപേഷും റിയാസുമൊന്നും സ്വന്തം റൂം വിട്ട് പുറത്തിറങ്ങാന്‍ വല്യ താല്‍പ്പര്യം കാണിക്കാറുണ്ടായിരുന്നില്ല. അതേ സമയം ഞാനാകട്ടെ എല്ലാ റൂമിലും പോയി എത്തി നോക്കുന്ന സ്വഭാവത്തിലും ആയിരുന്നു. അന്ന് തമ്പിയും നിധിന് സാമിയും മാത്രമേ ഞങ്ങള്‍ക്ക് അവിടത്തെ കൂട്ടുകാരായിട്ടുള്ളൂ. ഒരു ദിവസം ഞാന്‍ തമ്പിയുടെ റൂമില്‍ പോയി ഇരിക്കുന്ന സമയത്താണ് ആ റൂമിലേക്ക് രണ്ടു പുതിയ ആളുകള്‍ വന്നത്. ഞാൻ അവരെ അവിടെ വച്ച് തന്നെ പരിചയപ്പെട്ടു. ഒരാള്‍ വയനാട്ടില്‍ നിന്നും, മറ്റെയാള്‍ പത്തനംതിട്ടയില്‍ നിന്നും. ഒരാള്‍ വക്കീലാണെന്നു പറഞ്ഞിട്ട് എനിക്ക് വല്യ ബോധ്യമൊന്നുമായില്ല. അതിനുള്ള ഒരു ലുക്ക് അയാൾക്കുണ്ടായിരുന്നില്ല. മറ്റെയാള്‍ക്ക് പിന്നെ അഹങ്കാരമൊന്നുമില്ല. ഓ തനിക്കങ്ങനെ പ്രത്യകിച്ചു പണിയൊന്നുമില്ല എന്ന മട്ടില്‍ കൈയിലെ ഭാണ്ഡവും പിടിച്ചു റൂമെല്ലാം വൃത്തി ഉള്ളതാണോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു പുള്ളി. ഞാന്‍ അല്‍പ്പ നേരത്തിനു ശേഷം എന്റെ റൂമിലേക്ക് പോയി.
'ഡാ തമ്പിയുടെ റൂമില്‍ ഒരു വയനാടന്‍ തമ്പാനും ഒരു വക്കീലും വന്നിരിക്കുന്നു .. ' ഞാന്‍ പറഞ്ഞു.
' തമ്പാനോ? ' കമാല്‍ ചോദിച്ചു.
'അതെഡാ , അവന് വയനാട്ടിലെ ഏതോ വല്യ തറവാട്ടില്‍ പിറന്നവനാണെന്ന് തോന്നുന്നു കണ്ടിട്ട് ' ഞാന്‍ ഒരൽപ്പം പരിഹാസത്തോടെ പറഞ്ഞു.
സത്യത്തില്‍ വക്കീലിന്റെ സ്ഥലം വയനാട് എന്നുള്ളത് മറന്നാണ് മറ്റേ പുള്ളിയുടെ സ്ഥലം വയനാടായി പറഞ്ഞത്. ആ ദിവസം തന്നെ പുള്ളിയെ വീണ്ടും കണ്ടപ്പോൾ വയനാട്ടില്‍ എവിടാണ് എന്ന് ചോദിച്ചപ്പോളാണ് എനിക്ക് പറ്റിയ ആ അക്കിടി മനസിലായത്. ബ്ലെസ്സന്‍ എന്ന അവന്റെ ഒറിജിനല്‍ പേരിനേക്കാളും അവനു ചേരുക തമ്പാന് എന്ന പേര് തന്നെയാണ് തന്നെയാണ് എന്ന് ഞങ്ങള്‍ക്ക് തോന്നിയത് കൊണ്ടാകാം ഞങ്ങള്‍ അന്ന് മുതൽ അവനെ 'തമ്പാനേ..' എന്ന് വിളി തുടങ്ങി. അല്ലെങ്കിലും ഈ പേരിലൊക്കെ എന്തിരിക്കുന്നു എന്ന് അവനും തോന്നിക്കാണും. അത് കൊണ്ട് തന്നെ അവനും ആ വിളി ഇഷ്ടപ്പെട്ടു.
അടുത്ത ദിവസം വൈകീട്ട് മുറിയിലേക്ക് എന്തോ സാധനങ്ങള്‍ വാങ്ങണം ഒന്ന് കൂടെ വരാമോ എന്ന് അവൻ എന്നോട് ചോദിച്ചു. ഓ അതിനെന്താ വരാമല്ലോ എന്ന് ഞാനും പറഞ്ഞു. അങ്ങിനെ ഞങ്ങ രണ്ടു പേരും കൂടി ശരവണംപട്ടിയിൽ തന്നെയുള്ള ഒരു കടയിലേക്ക് പോയി.
'ഓ.. എന്നാ കാലാവസ്ഥയാ ഇവിടം.. സൂപ്പർ സ്ഥലം തന്നിയാടോ ഇത്.. ' തമ്പാന് അവിടത്തെ ചെറിയ തണുപ്പുള്ള കാറ്റ് കൊണ്ടപ്പോള്‍ പറഞ്ഞതാണ്. ഒരു കൈയില്‍ ബക്കറ്റും മറ്റു സാധനങ്ങളുമായി നില്‍ക്കുമ്പോഴാണ് ഹോസ്റ്റലിനു മുന്നിലായിട്ടു സീനിയര്‍ വിവേക് നില്‍ക്കുന്നത് കണ്ടത്. വെല്‍ക്കം പാര്‍ട്ടിക്ക് പൈസ എല്ലാവരും കൊടുക്കണം എന്നോ മറ്റോ പറയാന്‍ വേണ്ടി വന്നതായിരുന്നു അവന്. വന്ന സമയം തൊട്ടേ സീനിയേര്‍സ് ബാച്ചുമായി വല്യ സുഖത്തിലില്ലായിരുന്നു ഞങ്ങളുടെ ബാച്ച് . ഞാന്‍ ആ വക കാര്യങ്ങളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു തമ്പാനെ പേടിപ്പിച്ചു വച്ചിരുന്നത് കൊണ്ടോ എന്തോ അവനെ കണ്ട ഉടൻ തമ്പാന് ഒന്ന് പതറി. ഞാന്‍ ഒരിത്തിരി വിട്ടു നില്‍ക്കുകയായിരുന്നു. വിവേക് അവനു മുന്നിലായി ബൈക്ക് കൊണ്ട് നിര്‍ത്തിയിട്ടു സിനിമയിലെ വില്ലന്മാരെ പോലെ ഹെല്‍മറ്റ് സാവധാനം ഊരി എടുത്തു. പിന്നെ തമ്പാന് നില്ക്കുന്നതിനു തൊട്ടടുത്തേക്ക് മുറുക്കാന്‍ പോലെ എന്തോ ഒരു സാധനം തുപ്പിയിട്ട് അവനോടു ചോദിച്ചു.
"എന്താടെ നിന്റെ പേര് ? "
' ബ്ല .. ബ്ല.. ബ്ല.. ബ്ലാസ്സന്‍... ബ്ലസ്സന് കോശി ' അവനാകെ പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു.
' എവിടാ സ്ഥലം '
' കുറച്ചു ദൂരെയാ. പത്തനംതിട്ടാ എന്ന് പറയും '
' ആ അറിയാം.. ഞാനും കേരളത്തില്‍ തന്നെയാടോ..പിന്നെ വെല്‍കം പാര്‍ട്ടിക്ക് ആക്റ്റീവ് ആയിട്ട് ഉണ്ടയിക്കോണം .. കേട്ടല്ലോ ..' വിവേക് അതൊരിത്തിരി ബലത്തിലാണ് പറഞ്ഞത്.
' ഓ. അതിനെന്താ .. ഞങ്ങള്‍ ഉണ്ടാകും.. ചേട്ടായിയുടെ പേരെങ്ങനാ.. '
'വിവേക്. നിങ്ങളുടെ സീനിയര്‍ ആണ്.. എം. ഐ. ബി '
' ആ..ആ .. ചേട്ടായിയെ കുറിച്ച് ഞാന്‍ കേട്ടായിരുന്നു. '
'ഹും. അപ്പൊ ശരി കാണാം ' വിവേക് ബൈക്ക് എടുത്തു പറപ്പിച്ചങ്ങു പോയി.
വിവേക് പോയപ്പോള്‍ തമ്പാന്റെ മുഖം അങ്ങ് മാറി. ഒരു പുച്ഛവും പരിഹാസവും കലര്‍ന്ന മുഖത്തോടെ തമ്പാന് ഉറക്കെ പറഞ്ഞു.
' പിന്നേ.. എന്റെ പട്ടി വരും ആക്റ്റീവ് ആയിട്ട്. ചുമ്മാതല്ല ഇവനൊക്കെ ഇങ്ങനെ വഷളായത്..എന്നാ മുടിഞ്ഞ പോക്കാണ് അവനാ ബൈക്ക് എടുത്തു പോയത്..ഒക്കെ പണക്കാരന്റെ ഹുങ്കാണ്..'
ബൈക്കുമായി ദൂരേക്ക് പാഞ്ഞു പോകുന്ന വിവേകിനെ ഞാൻ ഒന്ന് മെല്ലെ പാളി നോക്കി.. ഇല്ല അവനൊന്നും സംഭവിച്ചിട്ടില്ല. തമ്പാന്റെ നാക്കിനു കുഴപ്പമൊന്നുമില്ല .. പക്ഷേ അവന്റെ വാക്കുകള്‍ അങ്ങനെ ഒരു ശ്രുതി മുഴക്കുന്നതായിരുന്നു.
' എന്നാലും എന്റെ തമ്പാനെ, നിനക്കിത്രക്ക് ധൈര്യമേ ഉള്ളൂ.. അവന്റെ മുന്നില്‍ ബ ബ ബ പറയുന്നത് കണ്ടിട്ട്.. അയ്യേ.. ' ഞാന്‍ അവനെ കളിയാക്കി.
' അല്ല പിന്നെ. ഞാന്‍ അവന് വല്ല മൊടയും ഇടുമോ എന്നറിയാന്‍ ടെസ്റ്റ് ചെയ്തതല്ലേ .. എനിക്കങ്ങു ചൊറിഞ്ഞു വന്നതാ..പിന്നെ ഇവന്മാരെ ഒന്നും വല്ലാതെ വെറുപ്പിക്കാനും കൊള്ളത്തി ല്ലാന്നെ. നാളെ നമുക്ക് വല്ല പുസ്തകോം പറീം വാങ്ങാന്‍ ഇവറ്റങ്ങളുടെ അടുതോട്ടു തന്ന പോകേണ്ടി വരുവാ .. അതാ പിന്നെ ഞാന്‍.. '
തമ്പാന് ആള് കൊള്ളാമല്ലോ. കൌശലക്കാരാ.. ഞാന്‍ ചിന്തിച്ചു.
പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഗുല്‍ഷന്‍ സിജി തമ്പാന്റെ റൂമില്‍ വരുന്നത്. ഒരു വട്ടു കേസ് പോലെ പെരുമാറി കൊണ്ട്ടാണ് സിജി രംഗപ്രവേശം ചെയ്തത്. തമ്പാന്റെ സുകൃതക്ഷയം, ആ റൂമില്‍ തന്നെ സിജി കയറി കൂടി. സിജിയെ ഒരു അപൂര്‍വ ജീവിയെ കാണുന്ന പോലെ സന്തോഷത്തിൽ എല്ലാവരും ബക്കറ്റിലും ടിന്നിലുമൊക്കെ കൊട്ടിപ്പാടിക്കൊണ്ടാണ് വരവേറ്റത്. ആ വക കാര്യങ്ങളില്‍ ചുക്കാന്‍ പിടിക്കാന്‍ പശു എന്ന് വിളിക്കുന്ന പ്രശാന്തിനാണ് കൂടുതല്‍ താല്പര്യം. പശു എന്നോട് പറഞ്ഞിട്ടാണ് ഞാന്‍ മുറിക്കു പുറത്തു വന്നു സിജിയെ പരിചയപ്പെടുന്നത്. സത്യം പറയാല്ലോ, അന്ന് ആദ്യം കണ്ടപ്പോള്‍ അവനൊരു ചെറിയ പിരിയിളക്കം ഉള്ളതായി എനിക്കും തോന്നി . പക്ഷെ സത്യത്തിൽ സിജി നമ്മളെക്കാളും നോര്‍മല്‍ ആയിരുന്നു. എന്നാൽ അവനങ്ങിനെ പെരുമാറാതെ തനിക്ക് ചുറ്റും ചുറ്റും ടിന് കൊട്ടി പ്രോത്സാഹിപ്പിക്കുന്ന പശുവിനെയും മറ്റും സന്തോഷിപ്പിച്ചു കൊണ്ട് ഹോസ്റ്റല്‍ ഇടനാഴിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നൃത്തമാടിയാണ് റൂമിലേക്ക് കയറിയത്. ഭാഗ്യം അന്ന് വാര്ഡന് ഇല്ലായിരുന്നു.
സിജി താമസം തുടങ്ങിയ കുറച്ചു നാളുകള്‍ക്കുള്ളില്‍ തമ്പാന് ആ റൂം വിട്ട് ജീവനും കൊണ്ട് ബാലുവും സേവിയറും താമസിക്കുന്ന റൂമിലേക്ക് ചേക്കേറി പാര്‍ത്തു. അടുത്ത ദിവസം തമ്പാന് പനി പിടിച്ചു. തമ്പാനെ കാണാന്‍ ചെന്ന ഞാന്‍ കാര്യങ്ങള്‍ ഒക്കെ തിരക്കി.
' എന്നാ പറയാനാ.. ആ ഉണ്ടക്കണ്ണന്‍ സിജിയുടെ കൂടെ പറ്റത്തില്ല അളിയോ.. ഇന്നലെ ഞാന്‍ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്. എന്റെ ബെഡിനു മുകളിലത്തെ സ്പേസിലാ അവന് കിടക്കുന്നത്. അവിടെ ഇരുന്നു കൊണ്ട് എന്റെ മേലോട്ട് ധാ ഇപ്പൊ വാള് വക്കും നിന്റെ മേലോട്ട് എന്ന് പറഞ്ഞു ഓരോ വൃത്തി കെട്ട ശബ്ദം ഉണ്ടാക്കി മനുഷ്യനെ പേടിപ്പിക്കുവാ ..ചുമ്മാ.. ഓരോ വട്ടു കേസുകള്‍.. ' തമ്പാന് പനിയുടെ കുളിരിലും ദ്വേഷ്യം വന്നിട്ട് പറഞ്ഞു.
അപ്പോളാണ് തമ്പാനെ തിരികെ റൂമിലേക്ക് വിളിക്കാന്‍ സിജി മാപ്പുമായി അവിടേക്ക് വരുന്നത്. അവനെ കണ്ടതും തമ്പാന് നിശബ്ദനായി.
'തമ്പാനെ നീ ഇന്നലെ ഞാന്‍ ഒരു തമാശ കാണിച്ചപ്പോഴേക്കും റൂം മാറിയതെന്തിനാ? വാ അങ്ങോട്ട് തന്നെ പോകാം..'
പക്ഷെ തമ്പാനുണ്ടോ ഇനി അങ്ങോട്ട് പോകുന്നു. കൊന്നാലും അങ്ങോട്ടിനി ഇല്ലാ എന്ന മട്ടില്‍ തമ്പാന് പറഞ്ഞു. ' സാരമില്ല ഇവ്ടം ആവുമ്പോ ബാലുവിന് ഒരു കൂട്ടാകുമല്ലോ എന്ന് കരുതിയാ.. അല്ലാതെ നിന്നോടുള്ള പ്രശ്നം കൊണ്ടൊന്നുമല്ല.. ' തമ്പാന് സിജിയെ പറഞ്ഞു മനസിലാക്കിപ്പിച്ചു. സിജി പോയതിനു ശേഷം തമ്പാന് എന്നോട് പറഞ്ഞു ' പിന്നെ എന്റെ പട്ടി പോകും ഇനി അങ്ങോട്ട് ...അല്ല പിന്നെ '.
'അത് ശരി .. അപ്പൊ ഈ പറച്ചില് സ്ഥിരം ആണല്ലേ.. ഇക്കണക്കിനു ഞാന്‍ ഇവിടുന്നു പോയാല്‍ എന്നെ കുറിച്ചും പറയുമല്ലോ ഇങ്ങനെ ഒക്കെ ..' ഞാന്‍ എന്റെ സംശയം അവതരിപ്പിച്ചു.
' ഓ. ഇതൊക്കെ ഞാന്‍ ചുമ്മാ ഒരു തമാശക്ക് പറയുന്നതാന്നെ.. എന്റെ ഒരു സ്വഭാവം അങ്ങനെ ഒക്കെയാ. ' അത് ശരിയായിരുന്നു. തമ്പാന് മുന്നും പിന്നും നോക്കാതെ ഓരോന്നിങ്ങനെ പുലമ്പിയിരുന്നു എന്നല്ലാതെ മനസ്സില്‍ ഒന്നും ഇല്ലായിരുന്നു.
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍വ വിജ്ഞാന കോശം ചേതനും, പശുവും, ശരത്തും, ജോണിയുമെല്ലാം തമ്പാനെ കാണാന്‍ വന്നിരുന്നു. സര്‍വ വിജ്ഞാന കോശമായ ചേതന്റെ (അവനെ കുറിച്ച് പിന്നെ പറയാം ) കത്തി തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ നിന്നും മെല്ലെ വലിഞ്ഞു.
ആ സൌഹൃദങ്ങള്‍ എല്ലാം പിന്നെ വളര്‍ന്നു വലുതായി. കോളേജ് പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്‍പ് ഒരിക്കല്‍ തമ്പാന് എന്റെ നാടും പുഴയും എല്ലാം കാണാന്‍ വേണ്ടി വന്നതും, പരീക്ഷകള്‍ കഴിഞ്ഞ അതേ ദിവസം ഞാനും തമ്പാനും ചേതനും കൂടി ഊട്ടിയിലേക്ക് പോയതുമെല്ലാം ഞങ്ങള്‍ക്കിടയിലെ സൌഹൃദങ്ങളുടെ വളര്‍ച്ചക്ക് കൂടുതല്‍ വഴിയൊരുക്കി. കോളേജ് വിട്ടതിനു ശേഷം ഇന്നും ആ ബന്ധങ്ങള്‍ മുറിഞ്ഞു പോകാതെ സൂക്ഷിക്കുന്ന എന്റെ മറ്റൊരു നല്ല സുഹൃത്ത് കൂടിയാണ് തമ്പാന്.
2008 ഏപ്രിൽ - ഞാനും തമ്പാനും ഊട്ടിയിൽ. ക്ലിക്ക് ചേതൻ വക
കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര- കോളേജ് ഓര്‍മ്മകള്‍ - 1
-pravin-
ഓര്‍മ്മകളിലും സൌഹൃദങ്ങളുടെ സുഗന്ധം!
ReplyDeleteആശംസകള്‍
കോളേജിലൊക്കെ പഠിച്ചിട്ടുണ്ടല്ലേ.. ഒരു ലുക്ക് ഇല്ലാന്നേ ഉള്ളൂ.. :) ചുമ്മാ..
ReplyDeleteഹോസ്റ്റല്‍ ലൈഫില്‍ ഓരോ ബന്ധവും ഓരോ സിനിമ പോലെയാണ്. അത്രയ്ക്കെഴുതാനും പറയാനും കാണും. ഓരോരുത്തരും വ്യത്യസ്തരായ കഥാപാത്രങ്ങളും..
എന്തെന്തൊക്കെ കഥകള്‍ ! :)
ReplyDeleteജീവിതം ഇങ്ങിനെ പകർത്തി വെക്കുക......
ReplyDeleteഓർമകൾക്കെന്തു സുഗന്ധം ......
ReplyDeleteകൊള്ളാം ഈ തമ്പാൻ ചരിതം
ReplyDeleteഇത്തരം ക്യാമ്പസുകളിലെ മിത്രകൂട്ടായ്മകൾ
തന്നെയാണല്ല്ലൊ നമ്മുടെയൊക്കെ ജീവിതങ്ങളീൽ
എന്നും വിസ്മരിക്കാതെ നിലനിൽക്കുന്ന അടിപൊളി ഓർമ്മകൾ അല്ലേ ഭായ്
തമ്പാന് ചരിതം....
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട് ...കോളേജു ലൈഫ് ഒരുപാട് നല്ല സൌഹൃദങ്ങളുടെയും ഒര്‍മ്മകളുടെയും കാലമാണല്ലോ ..ഇനിയും എഴുതുക ആശംസകള്‍ .
റൂമിൽ ഇപ്പോൾ ഒരു കൂട്ടുകാരൻ ഉണ്ട്...
ReplyDeleteമുക്കത്ത് കാരൻ ആയത് കൊണ്ട് അവന് ഞങ്ങൾ മെയ്തീൻ എന്ന് പേരിട്ടു... ആൾ ഇടക്ക് നല്ല കാച്ചൽ കാച്ചും... പക്ഷെ സ്നേഹമുള്ളവനാണ്... ഇപ്പോൾ പേര് വിടൽ മെയ്തീൻ എന്നാണ്... സുഹൃത്തുക്കൾ ഒരു ഹരമാണ്.. എല്ലാവർക്കും.. ഓർക്കാനും ഓർമ്മിപ്പിക്കാനും പങ്ക് വെക്കാനും...