ഗന്ധര്വന് എന്ന വാക്ക് കേട്ടാല്‍ ആദ്യം മനസിലേക്ക് കടന്നു വരുന്ന രൂപം ഒരു താടിക്കാരന്റെയാണ്. അത് സംഗീത  ലോകത്തെ ഗാന ഗന്ധര്വന് എന്നറിയപ്പെടുന്ന യേശു ദാസിന്റെയാണ്. എന്നാല്‍ നമ്മള് മറക്കാന്‍ ആഗ്രഹിക്കാത്ത  മറ്റൊരു താടിക്കാരന് കൂടിയുണ്ട് ഗന്ധര്‍വ ലോകത്ത്. അദ്ദേഹം പക്ഷെ പാട്ടുകാരനല്ല,  എഴുത്തുകാരനും സംവിധായകനുമായ പത്മരാജന് ആണത്.
 പത്മരാജന് സിനിമകള്‍ മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം തന്നെയായിരുന്നു. എന്ന് മുതലാണ് ഞാന്‍ പത്മരാജന് സിനിമകളെ  പ്രണയിക്കാന്‍ തുടങ്ങിയത് എന്ന് അറിയില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഇരുന്നാല്‍ മറ്റൊരു ലോകത്തേക്ക് പോകുന്ന പ്രതീതി പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. കഥാപാത്രങ്ങളെ  കുറ്റം പറയാന്‍ പറ്റാത്ത രീതിയില്‍ ഒരു ജാല വിദ്യക്കാരന്റെ മിടുക്കോടെ അദ്ദേഹം അഭ്രപാളിയില്‍ ആവിഷ്ക്കരിക്കുന്നു. അത് കണ്ണടക്കാതെ കണ്ടു കൊണ്ടിരിക്കുക, ആസ്വദിക്കുക എന്നത് മാത്രമാണ് പിന്നീട്  ഒരു  പ്രേക്ഷകന്റെ ആകെയുള്ള ജോലി. ഒരു  പ്രേക്ഷകനോ നിരൂപകനോ  വിമര്‍ശിക്കാന്‍ പറ്റാത്ത   തരത്തില്‍ ഓരോ രംഗങ്ങളിലും, സിനിമ കണ്ടു കൊണ്ടിരിക്കുന്ന    പ്രേക്ഷകര്‍ക്കിടയില്‍ അദൃശ്യനായി  വന്ന്, ആശയസംവാദം  നടത്തുന്ന ഒരു സംവിധായകന് വേറെ ഉണ്ടോ എന്നത് സംശയമാണ്.
തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ജയകൃഷ്ണന് ഒരു പച്ചയായ മനുഷ്യന്റെ ദ്വന്ദമനസ്സിലെ ആശയ സംഘര്‍ഷങ്ങള്‍ വരച്ചു കാട്ടുന്നു. സിനിമയിലെ രാധയും ക്ലാരയും തമ്മിലുള്ള വ്യത്യാസം, നായകന് നമുക്ക് വിവരിച്ചു തരുന്ന രംഗം ഒന്നോര്‍ത്തു നോക്കൂ. ഒരു ആല്‍ത്തറയില്‍  അലസമായി ചാരി കിടന്ന് കൊണ്ട്, രാധയോടു അവളെയും ക്ലാരയെയും താരതമ്യം ചെയ്തു  വിശദീകരിക്കുന്ന രംഗം വളരെ ഹൃദ്യമാണ്. ക്ലാരയെ മഴയോട് കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞ രീതി, ലോക സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.
"മൂന്നാം പക്കം" സിനിമയിലൂടെ  ഭാസിയും അപ്പൂപ്പനും നമ്മുടെ മനസ്സില്‍ തീര്‍ത്ത നൊമ്പരങ്ങള്‍ , "തിങ്കളാഴ്ച നല്ല ദിവസം" സിനിമയിലെ  അമ്മയുടെ മരണം , "അപരന്" സിനിമയിലെ നായകന് സ്വന്തം ജീവിതത്തിലേക്ക് ഒരു മരണത്തിലൂടെ പോലും ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്ന് വെളിവാക്കപെടുന്ന രംഗങ്ങള്‍ , പ്രണയത്തിന്റെ തീവ്രതയും പരിശുദ്ധിയും എന്താകണം എന്ന് വിളിച്ചോതിയ "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ " ഭൂതകാലം മറന്നു പോകുന്ന നായികയെ അവതരിപ്പിച്ച "ഇന്നലെ ", അങ്ങനെ എടുത്തു പറയാന്‍ എത്ര എത്ര നല്ല കഥാപാത്രങ്ങളും സിനിമകളുമാണ് അദ്ദേഹം നമുക്ക് തന്നത്. 
അദ്ദേഹത്തിന്റെ അവസാന സിനിമയായ "ഞാന്‍ ഗന്ധര്വന് " സിനിമയ്ക്കു വേണ്ടി  കഥ എഴുതി തുടങ്ങുന്ന കാലത്ത് , ഭാര്യയും അടുത്ത കൂട്ടുകാരും അദ്ദേഹത്തെ ആ കഥ എഴുതുന്നതില്‍ നിന്നും വിലക്കിയിരുന്നു. ദേവലോകത്തെ പാട്ടുകാരായ ഗന്ധര്വന്മാരെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ അദ്ദേഹം ചിന്തയിലൂടെ ഗന്ധര്‍വ  ലോകത്ത് പോയി ഗന്ധര്‍വന്മാരുമായി സംസാരിക്കുകയും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യും എന്ന പേടി കൊണ്ടാകാം അവര്‍ അത് പറഞ്ഞിട്ടുണ്ടാകുക. പക്ഷെ , അദ്ദേഹം എന്തോ ആ എഴുത്ത്  മുടക്കിയില്ല.  മനുഷ്യന്മാര്ക്ക് ഗന്ധര്‍വന്മാരുമായുള്ള സംസര്‍ഗം നിഷേധിച്ചതിനു പിന്നിലെ കാരണം എന്തായിരിക്കാം എന്നതാകാം,  ആ കഥ എഴുതുന്നതിനു മുന്‍പേ അദ്ദേഹം ആലോചിച്ചു തുടങ്ങിയത്. ആ സിനിമയുടെ കഥ എഴുതുന്ന സമയം തൊട്ടു തന്നെ പല അപശകുനങ്ങളും കണ്ടു വന്നതായി അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി അദ്ദേഹത്തെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങളില്‍ പറയുന്നുണ്ട്. 
സിനിമയിലെ അദ്ദേഹത്തിന്റെ പല നായകന്മാരും പെട്ടെന്ന് തിരശ്ശീലക്കു പിന്നില്‍ പോയി മറയുന്നത് പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. "ഞാന്‍ ഗന്ധര്വന്" സിനിമ റിലീസ് ആയി ദിവസങ്ങള്‍  കഴിഞ്ഞ്, ആരും ഒട്ടും വിചാരിക്കാത്ത ഒരു വേളയില്‍ അദ്ദേഹം കഥാവശേഷനായി എന്ന വാര്‍ത്ത ഗന്ധര്വന് കണക്കെ അദ്ദേഹത്തെ പ്രണയിച്ചവര്‍ക്കെല്ലാം ഒരാഘാതം തന്നെയായിരുന്നു. ആ സിനിമയിലൂടെ എന്തൊക്കെയോ കൂടുതല്‍ പറയാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ, അത് അദ്ദേഹത്തിനു പൂര്‍ണമായും പ്രേക്ഷകരിലേക്ക്  എത്തിക്കാന്‍ സാധിച്ചില്ല എന്നെനിക്കു തോന്നുന്നു. ദുരന്തങ്ങളെ പ്രേമിച്ച എഴുത്തുകാരന് ,  തന്റെ മരണത്തിനു എത്രയോ മുന്‍പ് തന്നെ അത്തരം ദുരന്തകഥകളില്‍  മിക്കതും അഭ്രപാളിയിലും ആവിഷ്ക്കരിച്ചു. 
ശൂന്യതയില്‍ നിന്നും തുടങ്ങുന്ന പ്രയാണം ശൂന്യതയിലേക്ക് തന്നെ മറയുന്ന ഒരു വ്യത്യസ്ത ശൈലി അദ്ദേഹത്തിന്റെ കഥകള്‍ക്കും സിനിമകള്‍ക്കും ഉണ്ടായിരുന്നോ എന്നത് എനിക്കെപ്പോഴും തോന്നിയിരുന്നു. ഞാന്‍ ഗന്ധര്വന് സിനിമയിലെ ഗന്ധര്വന് കഥയുടെ അവസാനം അന്തരീക്ഷത്തില്‍  മറയുന്നത്   പോലെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ശൂന്യതയിലേക്കുള്ള  ഒരു  പ്രയാണം വളരെ പ്രകടമാണ്.  എവിടെ നിന്നോ വരുന്ന അതിഥി,  കഥയില്‍ ഒരു മായാപ്രപഞ്ചം തന്നെ സൃഷ്ടിച്ചെടുക്കുന്നു. പിന്നെ ശൂന്യതയിലേക്ക് നമ്മളെ വേദനിപ്പിച്ചു കൊണ്ട് അല്ലെങ്കില്‍ ചിന്തിപ്പിച്ചു കൊണ്ട്   യാത്രയാകുന്നു. 
 "മൂന്നാം പക്ക"ത്തിലെ ഭാസി അവധിക്കാലം ആഘോഷിക്കാന്‍ വന്നതിനു ശേഷം കടലില്‍ പോയി മറയുന്നു , "ഇന്നലെ" എന്ന  സിനിമയില്‍ എവിടെ നിന്നോ വന്ന നായിക കഥാവസാനം മനപൂര്‍വമല്ലെങ്കില്‍ കൂടി , യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തെന്നി മാറിക്കൊണ്ട് മറ്റൊരു ജീവിതത്തിലേക്ക് നായകനില്‍ നിന്നു മറ്റൊരു നായകനോട് കൂടി മറയുന്നു , "നൊമ്പരത്തിപ്പൂവ്" സിനിമയിലെ കൊച്ചു കുട്ടി എവിടെ നിന്നോ വരുന്നു, ഇടയില്‍ നമ്മളോട് വളരെ പെട്ടെന്ന് അടുക്കുന്നു പിന്നെ കഥാന്ത്യത്തില്‍ മനസ്സിനെ നൊമ്പരപ്പെടുത്തി കൊണ്ട് കാട്ടിനുള്ളിലേക്ക് പോയി മറയുന്നു , "തൂവാനത്തുമ്പികള്‍" സിനിമയില്‍ പെട്ടെന്ന്  ഒരു ദിവസം മഴയുടെ സാന്നിധ്യത്തോടെ   രംഗ പ്രവേശം ചെയ്യുന്ന ക്ലാര മറ്റൊരു ദിവസം പൊടുന്നനെ ജയകൃഷ്ണനില്‍ നിന്നും മറയുന്നു. പിന്നെ ഇടക്കിടക്കുള്ള മഴ പോലെ വീണ്ടും വരുന്നു. അവസാനം ജയകൃഷ്ണനില്‍ നിന്നും മഴയില്ലാത്ത ഒരു ദിവസം അവസാനമായി ജയകൃഷ്ണനെ കാണുകയും പിന്നീട് എന്നെന്നേക്കുമായി മറ്റൊരു ജീവിതത്തിലേക്ക്  പോയി മറയുകയും ചെയ്യുന്നു. "ഒരിടത്തൊരു ഫയല്‍മാന്‍ " എന്ന സിനിമയിലും ഇതേ കഥാഗതി നമുക്ക് കാണാന്‍ സാധിക്കും. എവിടെ നിന്നോ പുഴ നീന്തിക്കടന്നു വന്ന ഒരു ഫയല്‍മാന്‍, എത്തിപ്പെട്ട ഗ്രാമത്തിന്റെ ഒരു ഭാഗമായി മാറുകയും കഥാവസാനം എങ്ങോട്ടോ പോയി മറയുകയും ചെയ്യുന്നു. 
അങ്ങനെ പത്മരാജന് കഥകള്‍ സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാല്‍ നമ്മുടെ മനസ്സിലേക്ക് അദൃശ്യനായ് പത്മരാജന് പെയ്തിറങ്ങും. എന്നിട്ട് ആരോടും പറയാത്ത ആര്‍ക്കും അറിയാത്ത ഒത്തിരി കഥകള്‍ പറഞ്ഞു തരും. പലപ്പോഴും , അദ്ദേഹം എന്റെ അടുത്തു വന്നിട്ടുണ്ട്, കഥകളും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല.  ആ കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നിട്ടുണ്ട്. ആ സമയത്ത്, അദ്ദേഹത്തിനു ചുറ്റും പ്രഭാവലയങ്ങള്‍ ഉണ്ടായിരുന്നു , മഞ്ഞിന്റെ നനുത്ത വെള്ളത്തൂവലുകള്‍ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് മീതെ വീഴുന്നുണ്ടായിരുന്നു. പക്ഷെ അതൊരിക്കലും അസഹ്യമായ ഒരു കൊടും തണുപ്പിന്റെയായിരുന്നില്ല എന്നത് ഞാന്‍ ഓര്‍ക്കുന്നു. 
2009, ജനുവരി 
ഒരിക്കല്‍ അദ്ദേഹം പുലര്‍ച്ചെ നാല് മണിയോട് അടുത്ത ഒരു സമയത്ത് വന്നെന്നെ വിളിച്ചു. ഒരു പുതിയ കഥ പറഞ്ഞു തരാനുണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കം മതിയാക്കി എഴുന്നേറ്റിരുന്നു. എന്നോട് മുറിക്കു പുറത്തിറങ്ങി വരാനും , പാലച്ചുവട്ടില്‍ പോയി ഇരുന്നു കൊണ്ട് കഥ പറയാമെന്നും പറഞ്ഞു. പക്ഷെ എന്റെ വീടിനടുത്തൊന്നും പാല മരം ഇല്ല എന്നത് കൊണ്ട് ഞാന്‍ സംശയം പ്രകടിപ്പിച്ചു. അദ്ദേഹം ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു പുറത്തേക്ക്  നടന്നു. ആ സമയത്ത്, പ്രകാശവലയത്താല്‍ ചുറ്റപ്പെട്ട അദ്ദേഹത്തെ പിന്തുടരുക എന്നത് മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്നും തന്നെ എന്റെ മനസ്സില്‍ വന്നില്ല എന്നതാണ് സത്യം. വെളിച്ചം വിതറി നടക്കുന്ന അദ്ദേഹത്തെ ഞാന്‍ ആരാധനയോടെ പിന്തുടര്ന്ന് എത്തിയത് ഒരു പാലച്ചുവട്ടില്‍ തന്നെയായിരുന്നു. പാല പൂത്ത മണം മൂക്കില്‍ മുട്ടിയപ്പോള്‍ എനിക്കത് മനസിലായി. അവിടുന്ന് നോക്കിയാല്‍ എനിക്ക് വീട് അടുത്തായി തന്നെ കാണാമായിരുന്നു. 
പാലച്ചുവട്ടില്‍ ഒരിടത്ത്  സാവധാനം  ഇരുന്ന ശേഷം  ഞാന്‍ അദ്ദേഹത്തോട്  കഥയെക്കുറിച്ച്  ചോദിച്ചു . അദ്ദേഹം ആകാശത്തേക്ക് ഒരു നക്ഷത്രത്തെ ചൂണ്ടി കാണിച്ചു കൊണ്ട് കഥ പറയാന്‍ തുടങ്ങി. സൂര്യന് ഉദിക്കുന്ന സമയം നോക്കി കടലില്‍ മുങ്ങിപ്പോകുകയും,  രാത്രിയില്‍ ചന്ദ്രന് ഉദിക്കുന്ന സമയത്ത് ആകാശത്തേക്ക് തിരിച്ചു പറന്നു വരുകയും ചെയ്യുന്ന ഒരു നക്ഷത്ര രാജകുമാരന്റെ കഥയായിരുന്നു അത്. ഒരിക്കല്‍ ഒരു രാത്രിയില്‍ കടലില്‍ നിന്നും പതിവ് പോലെ ചന്ദ്രനുദിച്ചെന്നു കരുതി ആകാശത്തേക്ക് പൊങ്ങി വന്ന ആ നക്ഷത്ര രാജകുമാരനെ ഇരുട്ടിന്റെ പിശാചുക്കള്‍ ആക്രമിച്ചു. മറ്റ്  നക്ഷത്രങ്ങള്‍ ഓടിയെത്തിയെങ്കിലും പിശാചുക്കള്‍ അപ്പോഴേക്കും ഏഴാം കടലിനും അപ്പുറം  കടന്ന് കളഞ്ഞിരുന്നു. ആക്രമണത്തില്‍ ചലന ശേഷി നഷ്ടപ്പെട്ട രാജകുമാരന് എവിടേക്കും പോകാനാകാതെ കടലിലേക്ക് നോക്കി സങ്കടത്തോടെ ഉറക്കെ കരഞ്ഞു. അത്രയും പറഞ്ഞു നിര്‍ത്തിയ   അദ്ദേഹം, ബാക്കി കഥ പറഞ്ഞു തരാതെ പോകാന്‍ തിടുക്കം കാണിച്ചു. വീണ്ടും വരാമെന്നും അപ്പോള്‍ ബാക്കി കഥ പറഞ്ഞു തരുമെന്നും പറഞ്ഞു കൊണ്ട് വെള്ള വെളിച്ചത്തില്‍ പാലമരത്തോട് കൂടി അന്തരീക്ഷത്തില്‍ അലിഞ്ഞു പോകുന്നത് മാത്രമേ എനിക്കോര്‍മ വരുന്നുള്ളൂ.. 
 ഞാന്‍ സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ സമയം ആറു മണി കഴിഞ്ഞിരുന്നു. സാധാരണ നേരത്തെ എഴുന്നേല്ക്കാന് മടിയുള്ള ഞാന്‍ എഴുന്നേറ്റു പുറത്തേക്ക് വരുമ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും അതിശയം . ഞാന്‍ നേരെ വീടിനു പുറത്തിറങ്ങിയ ശേഷം, പാല നിന്നിരുന്ന സ്ഥലം തിരഞ്ഞു നോക്കി. അവിടെ ശൂന്യമായിരുന്നു. ഒക്കെ സ്വപ്നം കണ്ടതാണ് എന്നെന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് വീട്ടിലേക്കു കയറിയതും, അമ്മ സാധാരണ ദിവസത്തെ പോലെ റേഡിയോ ഓണ്‍ ആക്കിയതും ഒരുമിച്ചായിരുന്നു.ആ സമയത്ത്   പാടിയ പാട്ട് എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു ..പത്മരാജന് അവസാനമായി സംവിധാനം ചെയ്ത "ഞാന്‍ ഗന്ധര്വന് " സിനിമയിലെ, ചിത്ര ചേച്ചി പാടിയ  "പാലപ്പൂവേ ...."  എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. ആ ദിവസം പത്മരാജന് മരിച്ചിട്ട് 18 വര്‍ഷം തികയുന്ന ജനുവരി 24 ആയിരുന്നതിനാല്‍ അന്ന് മുഴുവന്‍ പത്മരാജന് സിനിമകളിലെ പാട്ടുകളും, അദ്ദേഹം സംവിധാനം ചെയ്ത  ചില സിനിമകളും  ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതായും ഓര്‍ക്കുന്നു.  
എന്റെ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങൾ ഏറെ  പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു മുഴുമിപ്പിക്കാതെ പോയ കഥകള്‍ പറയാന്‍ ഇനിയും വരുമായിരിക്കും.  ആ ഗന്ധര്‍വ  സംവിധായകനോട്  മനസ്സില്‍ അടങ്ങാത്ത പ്രണയവുമായി, പറഞ്ഞു മുഴുമിപ്പിക്കാത്ത  നക്ഷത്ര രാജകുമാരന്റെ ബാക്കി കഥ കേള്‍ക്കാന്‍,ഞാന്‍ കാത്തിരിക്കുന്നു.  പാലകള്‍ പൂക്കുന്ന ദിവസങ്ങളില്‍ ഗന്ധര്‍വലോകത്ത് നിന്നും അദ്ദേഹം തീര്‍ച്ചയായും ഇനിയും വരും.
-pravin-



നല്ലൊരു ഓർമപെടുത്തലാണ്,
ReplyDeleteഅത് നന്നായി പറഞ്ഞു
അതെ അത്തരം സിനിമകൾ ഇന്ന് കൂടുതലൊന്നും കാണാൻ സാധിക്കുന്നില്ല, എല്ലാം മാർകറ്റിങ്ങ് സ്ക്രീൻ ഷോട്ടുകളായി മാറികഴിഞ്ഞു
നന്ദി ഷാജു..വീണ്ടും കാണാം..
Deleteതൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ജയകൃഷ്ണന് ഒരു പച്ചയായ മനുഷ്യന്റെ ദ്വന്ദമനസ്സിലെ ആശയ സംഘര്‍ഷങ്ങള്‍ വരച്ചു കാട്ടുന്നു. സിനിമയിലെ രാധയും ക്ലാരയും തമ്മിലുള്ള വ്യത്യാസം, നായകന് നമുക്ക് വിവരിച്ചു തരുന്ന രംഗം ഒന്നോര്‍ത്തു നോക്കൂ. ഒരു ആല്‍ത്തറയില്‍ അലസമായി ചാരി കിടന്ന് കൊണ്ട്, രാധയോടു അവളെയും ക്ലാരയെയും താരതമ്യം ചെയ്തു വിശദീകരിക്കുന്ന രംഗം വളരെ ഹൃദ്യമാണ്. ക്ലാരയെ മഴയോട് കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞ രീതി, ലോക സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.
ReplyDelete"മൂന്നാം പക്കം" സിനിമയിലൂടെ ഭാസിയും അപ്പൂപ്പനും നമ്മുടെ മനസ്സില്‍ തീര്‍ത്ത നൊമ്പരങ്ങള്‍ , "തിങ്കളാഴ്ച നല്ല ദിവസം" സിനിമയിലെ അമ്മയുടെ മരണം , "അപരന്" സിനിമയിലെ നായകന് സ്വന്തം ജീവിതത്തിലേക്ക് ഒരു മരണത്തിലൂടെ പോലും ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്ന് വെളിവാക്കപെടുന്ന രംഗങ്ങള്‍ , പ്രണയത്തിന്റെ തീവ്രതയും പരിശുദ്ധിയും എന്താകണം എന്ന് വിളിച്ചോതിയ "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ " ഭൂതകാലം മറന്നു പോകുന്ന നായികയെ അവതരിപ്പിച്ച "ഇന്നലെ ", അങ്ങനെ എടുത്തു പറയാന്‍ എത്ര എത്ര നല്ല കഥാപാത്രങ്ങളും സിനിമകളുമാണ് അദ്ദേഹം നമുക്ക് തന്നത്.
അദ്ദേഹം സിനിമയെടുക്കുകയായിരുന്നില്ല പ്രവീ, കവിത രചിക്കുകയായിരുന്നു. വായനയും അഗാധമായ അറിവും ആവശ്യമില്ലാത്തവർക്കുള്ള കവിത.! അങ്ങനെ രചിച്ചോണ്ടല്ലേ നമ്മൾക്കൊക്കെ അതെല്ലാം ആസ്വദിക്കാൻ കഴിയുന്നത്.? ആ മഹാനായ, ക്യാമറകൊണ്ടും പേന കൊണ്ടും സ്ക്രീനിൽ കവിത രചിക്കുന്ന ആളെക്കുറിച്ച് പോസ്റ്റിയതു കൊണ്ട് മാത്രം ഞാനിത് വായിച്ച് അഭിപ്രായം പറഞ്ഞു. അല്ലേൽ നിന്റെ ഈ അടിക്കടിയുള്ള പോസ്റ്റിടലിനെ കുറിച്ച് ഞാനൊരു പോസ്റ്റിട്ടേനെ.! ന്തായാലും നല്ല കാര്യമായി ട്ടോ. ആശംസകൾ.
ഹി..ഹി..നന്ദി മന്വാ. പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുമല്ല ഈ നന്ദി..ഇടക്കിടക്കുള്ള പോസ്ടലിനു നീ തെറി വിളിക്കാതെ ഇരുന്നതിനു..ഹി ഹി..ഇത്തവണ കൂടി ക്ഷമി..
Deleteഇടക്കിടക്കുള്ള പോസ്റല്‍ ഒരു മനുഷ്യന് എന്ത് സമ്മാനിക്കുന്നു..അത് കൊണ്ട് ബൂലോകത്ത് മറ്റുള്ളവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍.. നീ ഒന്ന് വികസിപ്പിച്ചെടുക്കു ..എന്നിട്ട് എഴുത്..നമുക്ക് തകര്‍ക്കാം..ഹി ഹി
എന്റമ്മോ.... പത്മരാജനോട് പ്രണയമോ ?
ReplyDeleteന്നാ ഒരു നാരങ്ങാവെള്ളം കാച്ചിയാമോ ?
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രമാണു തൂവാനതുമ്പികൾ.
ഒരിടത്തൊരു ഫയൽവാനും നല്ല ഒരു ചിത്രം..
He was really great.
"ന്തൂട്ടിനു ..എനിക്ക് നിന്റെ നാരങ്ങാ വെള്ളോം വേണ്ട ഒന്നും വേണ്ടാ കന്നാലീ..ഈ നാട്ടില്‍ കൂള്‍ ഡ്രിങ്ക്സ് ന്നു പറഞ്ഞിട്ട് തണുത്ത വെള്ളം കൊടുക്കുന്ന കട വേറെ ണ്ടോന്നു നിക്ക് ഒന്ന് അറിയണല്ലോ.."
Deleteനന്ദി സുമോ..
എന്നെ സംബന്തിചിടത്തോളം ഇതൊരോര്‍മ്മപ്പെടുത്തല്‍ എന്ന് പറയുന്നില്ല .. പ്രിയ സുഹൃത്ത് ആ ഗന്ധര്‍വ്വന്റെ കഥകള്‍ പറഞ്ഞു പോകുന്നത് കണ്ടപ്പോള്‍ കൌതുകത്തോടെ കൂടെ കൂടിയതാണ് ... വെള്ളിത്തിരയില്‍ പകര്‍ത്തിയ ഓരോ പത്മ രാജന് സിനിമയും ഓരോ കവിതകള്‍ തന്നെയായിരുന്നു ... ഓരോ പത്മ രാജന് കവിതകള്‍ .. ആ കവിതകളെ അറിഞ്ഞു തുടങ്ങിയത് മുതല്‍ ഓര്‍മ്മകളില്‍ അവയൊന്നും മാഞ്ഞു പോയിട്ടില്ല ....
ReplyDeleteഈ നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍ ......
അഭിനന്ദനങ്ങള്‍
ReplyDeleteമലയാളസിനിമകണ്ട ഏറ്റവും പ്രതിഭാധനനായ സംവിധായകനായിരുന്നു ശ്രീ പത്മരാജന്. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ വെറും സിനിമകള്‍ എന്നതിനെക്കവിഞ്ഞ് ഓരോ വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു എന്നതാണു വാസ്തവം. ഇന്നലെയും തൂവാനതുമ്പികളും മൂന്നാം പക്കവും അപരനും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും കരിയിലക്കാറ്റുപോലെയും പറഞ്ഞാല്‍ തീരാത്തത്ര മനോഹരമായ ചലച്ചിത്ര കാവ്യങ്ങള്‍ സമ്മാനിച്ച അദ്ദേഹം ആകസ്മികമായാണു നമ്മെ വിട്ടുപിരിഞ്ഞ് ഗന്ധര്വ്വലോകത്തേയ്ക്ക് പോയത്. ആ നേരത്തേപോക്കില്ലായിരുന്നുവെങ്കില് എത്രയെങ്കിലും വിസ്മയങ്ങള്‍ വീണ്ടുമദ്ദേഹം നമുക്കായ് പകര്ന്നുതന്നേനേ..
ReplyDeleteഅതി മനോഹരമായിരിക്കുന്നു സുഹൃത്തേ ഈ കുറിപ്പ്..അഭിനന്ദനങ്ങള്‍
Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
ReplyDeletecheap classic bikes london
used bikes london uk
ജീനിയസ്
ReplyDeleteമറക്കാതിരിക്കാം ...
ReplyDeleteമണ്മറഞ്ഞ പ്രതിഭകളെ....
ഈ ഓർമ്മപ്പെടുത്തലിനു,എഴുത്തിനു...എന്റെ ആശംസകൾ....പത്മരാജ്ജൻ എന്റെ കൂട്ടുകാരനായിരുന്നൂ....
ReplyDeleteനന്ദി ചന്തുവേട്ടാ..സത്യമാണോ കൂട്ടുകാരന് എന്ന് പറഞ്ഞത്..എനിക്ക് കേട്ടിട്ട് അസൂയ തോന്നുന്നു..
Deleteപഴയകാലത്തെ സിനിമകളെ പറ്റി വലിയ അറിവില്ല.. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഈയടുത്ത് കണ്ടു.. ഇപ്പോഴാണ് അത് പത്മരാജന്റൈ സിനിമയാണന്ന് അറിഞ്ഞത്..
ReplyDeleteനമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ നോവല്‍ മുമ്പ് വായിച്ചിരുന്നു..
അതെഴുതിയത് പത്മരാജനല്ല... ആ നോവല്‍ പിന്നീട് സീനിമയാക്കിയതായിരിക്കണം...
എന്തായാലും പത്മരാജനെ പരിചയപ്പെടുത്തിയതിന് ഒത്തിരി താങ്ക്സ്..
നന്ദി മഖ്ബൂല്‍..പത്മരാജന് സിനിമകള്‍ നീ കണ്ടിട്ടില്ല എന്ന് പറയുന്നത് അതിശയം തോന്നിക്കുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ കെ കെ സുധാകരന്റെ നോവലായിരുന്നു, പിന്നീട് പത്മരാജന് തിരക്കഥ എഴുതിയാണ് അത് സിനിമയാക്കിയത്. അത് സ്ക്രീനില്‍ എത്തിയപ്പോള്‍ കൂടുതല്‍ ജീവസ്സുറ്റതായി മാറി എന്ന് പറയാം..
Deleteസുഹൃത്തേ .. മനസ്സ് നിറഞ്ഞു. പത്മരാജനെ കുറിച്ച് വായിച്ച കുറിപ്പുകളില്‍ ഏറെ ഹൃദ്യം.
ReplyDeleteനൂറു നൂറ് ആശംസകള്‍ .
പറഞ്ഞു മുഴുമിപ്പിക്കാത്ത കഥകള്‍ പറഞ്ഞു തീര്‍ക്കുവാന്‍ അദ്ദേഹം താങ്കളുടെ ചാരെ ഇനിയും വരും. തീര്‍ച്ച .
ആദ്യമായിട്ടാണിവിടെ വരാന്‍ വൈകി എന്ന് തോന്നുന്നു
ReplyDeleteനല്ല എഴുത്ത്
കഥയുടെ ബാക്കി കേള്‍ക്കാന്‍ ഞാനും കാത്തിരിക്കുന്നു
നല്ല എഴുത്ത്. അഭിനന്ദനങള്‍ ... 'പത്മരാജന്റെ പ്രിയപ്പെട്ട തിരകഥകള്‍' എന്ന പുസ്തകം
ReplyDeleteഒരുപാട് പ്രാവശ്യം വായിച്ചിട്ടുണ്ട്.
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം... ഇതാണ് പത്മരാജനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമായി എന്റെ മനസ്സിലേക്കെത്തുക, പത്മരാജന് മരിക്കുന്ന സമയം ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുകയായിരുന്നെന്ന് തോന്നുന്നു. ഞാന്‍ ഗന്ധര്വ്വന് റിലീസ് ആയ ഉടനെയാണ് അദ്ധേഹം മരിച്ചത്. പില്ക്കാലത്ത് അദ്ധേഹത്തിന്റെ മറ്റു ചിത്രങ്ങള്‍ കണ്ടപ്പോള്‍ തികച്ചും വ്യത്യസ്ഥമായ, മനസ്സിനെ തൊട്ടുണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് എന്ന് മനസ്സിലായി. ഭരതനും, പത്മരാജനും ലോഹിതാദാസുമെല്ലാം ഇട്ടേച്ച് പോയ ഇരിപ്പിടത്തിലേക്ക് യോഗ്യരായവര്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ... വ്യത്യസ്ഥ പ്രമേയങ്ങളിലൂടെ പ്രേക്ഷകരെ മായാ ലോകത്തേക്ക് കൊണ്ട് പോയാ ആ അനശ്വര സംവിധായകന് എന്റെ ഗന്ധര്‍വ്വ പ്രാണാം... നല്ല എഴുത്തിന് ആശംസകള്‍ പ്രവീണ്‍...
ReplyDeleteബൂലോകത്ത് നിന്നും അവധിയില്‍ പ്രവേശിച്ചത് കാരണം വരാന്‍ വൈകി , ഇപ്പൊ വളരെ സന്തോഷം.
ReplyDeleteഅദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് .
അവസാന സിനിമ ഒരു വിസ്മയമായിരുന്നു എന്ന് പറയാതെ വയ്യ.
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.. എന്നാ ഗാനം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണ്
നല്ല ഓര്‍മ്മപ്പെടുത്തലിനു നന്ദി @ PUNYAVAALAN
അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്
ReplyDeleteGood ..
Deleteസാധാരണക്കാരന്റെ ഹൃദയ വികാരങ്ങള്‍ ഇത്രമേല്‍ മനോഹരമായി ആവിഷ്കരിച്ച മറ്റൊരു സംവിധായകന് ഉണ്ടോ എന്ന് സംശയം .എനിക്കേറെ പ്രിയങ്കരമായ സിനിമകളില്‍ പലതും അദ്ധേഹത്തിന്റെതാണ് .ഓരോ നിമിഷവും സൂക്ഷ്മമായി നീരീക്ഷിച്ചു അതിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ അഭ്രപാളികളില്‍ കവിതപോലെ കോറിയിട്ട പ്രിയങ്കരനാം എഴുത്തുകാരനെ ...സംവിധായകനെ ...ഓര്‍മിപ്പിച്ച കുറിപ്പിനു നന്ദി പ്രവീ .ഏറെ സന്തോഷം തോന്നുന്നു വായിച്ചപ്പോള്‍ :)
ReplyDeleteഈ വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി അനാമി. സന്തോഷം ..
Deleteപത്മരാജന് താങ്കളുടെ സ്വപ്നത്തില്‍ വന്നതിനു കാരണം ഉണ്ട്....
ReplyDeleteഇത്രയധികം പത്മരാജനെ മനസിലാക്കി അദേഹത്തെ നിരീക്ഷിച്ചു അദ്ദേഹത്തെ ഇത്രയധികം പ്രണയിക്കുന്ന താങ്കളോട് അല്ലാതെ വേറെ ആരോട് പറയാന്‍ ഈ കഥ....
മലയാള സിനിമയിലേക്ക് ഒളിമങ്ങാത്ത പ്രഭയുമായി വന്ന സാക്ഷാല്‍ ഗന്ധര്വ്വന് ആയിരുന്നു അദ്ദേഹം...
ഇനിയൊരു പത്മരാജന് ജനിക്കുമോ എന്നറിയില്ല.... എന്നാലും ഈ പത്മരാജന് ഒരിക്കലും മരിക്കില്ല അതെനിക്കറിയാം.... മലയാള സിനിമ മരിക്കുന്നിടത്തോളം പത്മരാജനും ഉണ്ടാകും....
അഭിനന്ദങ്ങള്‍ ഈ എഴുത്തിന്.....
Deleteമലയാള സിനിമ മരിക്കുന്നിടത്തോളം പത്മരാജനും ഉണ്ടാകും....
...
..
exactly akhil ..
വായനക്കും അഭിപ്രായത്തിനും നന്ദി അഖില്‍..
Excellent tribute to the Great Artist...
ReplyDeleteപ്രവീണ്‍ വളരെ നന്നായിരിക്കുന്നു. ഞാന്‍ വളരെ കുറച്ചേ സിനിമകള്‍ കണ്ടിട്ടുള്ളൂ യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ സിനിമ കാണുന്നത് ഹറാം എന്ന് പറയുന്ന ഫാമിലിയില്‍ നിന്ന് വന്നതുകൊണ്ട് അതിനു വീട്ടില്‍ നിന്ന് അനുവാധമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ തികഞ്ഞ ഒരു നിരീശ്വരവാദിയായി. ഇപ്പോള്‍ പല സിനിമകളും കണ്ടു വരുന്നതിനിടക്ക് ഒരു ആര് മാസം മുന്‍പാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ കണ്ടത്. ചുരുക്കി പറഞ്ഞാല്‍ ആണായി പോയത് കൊണ്ട് പൊട്ടിക്കരഞ്ഞില്ല എന്നേയുള്ളൂ.. ഒരു ആഴ്ചയോളം ഒരു തരം ഫീലിംഗ് എന്നെ ചുറ്റിപ്പറ്റി നടന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഞാന്‍ തൂവാന തുമ്പികള്‍ ആദ്യമായി കണ്ടത് (32 വയസ്സുള്ള കന്നാലി ഈ പടം ഇതുവരെ കണ്ടിട്ടില്ലേ എന്നതില്‍ അത്ഭുതപ്പെടെണ്ടാതില്ല കാരണം വീട്ടിലെ സാഹചര്യം 1400 വര്‍ഷം മുന്‍പ് ജീവിച്ചു ചത്തmuhammedine പിന്പറ്റിയതിനാല് അന്നത്തെ വിരോധ സംസ്കാരത്തിനെ പിന്പട്ടെണ്ടി വന്ന കുടുംബത്തിലെ അംഗമായതുകൊണ്ട് ) അതിന്റെ ഹാങ്ങ് ഓവര്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല അതിന്റെ ഭാഗമായി പത്മരാജനെ തിരക്കി ഗൂഗിലൂടെ ഓടി നടന്നപ്പോഴാണ് ഈ ബ്ലോഗ് കാണാനിടയായത്. വളരെ നന്നായി പരിചയപ്പെടുത്തി തന്ന പ്രവീണിന് നന്ദി.
ReplyDeleteകഥ-നോവൽ സാഹിത്യത്തിന്റെ നഷ്ടം സിനിമയുടെ ലാഭമായി മാറിയതാണ് പി.പത്മരാജൻ എന്ന പ്രതിഭാധനനായ സംവിധായകൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇത്ര വാചലമായും ഹൃദയത്തിലേക്ക് നൊമ്പരപ്പൂവുകൾ വാരിവിതറിയും പ്രണയം കൈകാര്യം ചെയ്ത മറ്റൊരു സംവിധായകൻ ഇല്ല.
ReplyDeleteഏറ്റവും ഉചിതമായ സ്മരണാഞ്ജലി. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു കുനിക്കുന്നു.
ഒരു പ്രാവശ്യം വായിച്ചിരുന്നു....
ReplyDeleteഇപ്പോള്‍ ലിങ്ക് കണ്ടപ്പോള്‍ വീണ്ടും കയറിയാതാണ്......,....
പദ്മരാജനെ മലയാളി മറക്ക്വോ.... ഒരിയ്ക്കലും..ഇല്ല..
ഇങ്ങിനെയുള്ള ഓര്‍മ്മക്കുറിപ്പുകളിലൂടെ...
നമ്മുക്ക് അദേഹത്തെ സ്മരിയ്ക്കാം.....
അഭിനന്ദനങ്ങള്‍...,....