പതിവ് ഓണ്‍ ലൈന്‍ പത്രവായനയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് 'വയനാടന്‍ രാമായണം' എന്ന പുസ്തകത്തെ കുറിച്ച് അറിയാനും അത് വായിക്കാനും ഇടയാകുന്നത്.
മാപ്പിള രാമായണം എന്ന മാപ്പിളപ്പാട്ട് കാവ്യം പങ്കു വയ്ക്കുന്ന വിവരണങ്ങള്‍ സത്യമാണോ അല്ലയോ എന്നതിലേക്കുള്ള ഒരു ആത്മാര്‍ഥമായ അന്വേഷണവും സൂക്ഷ്മ നിരീക്ഷണവുമാണ് ഡോക്ടര്‍ അസീസ് തരുവണ എഴുതിയ 'വയനാടന്‍ രാമായണം ' എന്ന പുസ്തകം വായനക്കാരുമായി പങ്കു വക്കുന്നത്.
നല്ലൊരു വായനാനുഭവം തരുന്ന ഈ ലേഖനത്തെ എന്ത് കൊണ്ട് ചില മതവിശ്വാസികള്‍ അസഹിഷ്ണുതയോടെ നോക്കി കാണുന്നു എന്നത് എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമാണ്. ഓണ്‍ ലൈന്‍ മാതൃഭൂമിയിലെ, മാതൃഭൂമി ബുക്ക്സ് എന്ന കോളത്തില്‍ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
(http://www.mathrubhumi.com/books/article/excerpts/1785/)
(http://www.mathrubhumi.com/books/article/excerpts/1785/)
മതങ്ങള്‍ എന്ത് പറഞ്ഞാലും അത് മാത്രം വിശ്വസിച്ചു കൊണ്ടിരിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാര് ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കുക നിങ്ങളെപ്പോഴെങ്കിലും ദൈവം എന്താണെന്നും ദൈവം എന്ത് പറയുന്നെന്നും സത്യസന്ധമായി അന്വേഷിക്കാനും ശ്രവിക്കാനും ശ്രമിച്ചിട്ടുണ്ടോ ?
മതങ്ങളില്‍ അതിര് കവിഞ്ഞ ഒരു വിശ്വാസവും എനിക്കില്ല. ഒരു മതം മാത്രമാണ് പൂര്‍ണ ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിയുമെങ്കില്‍ എല്ലാ മതങ്ങളുടെയും ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും(എനിക്ക് താല്‍പ്പര്യമുള്ള , യുക്തിപരമായ് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ) ഒരു ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
നമ്മള് ഏതോ ദൈവ തീരുമാനത്തിലാണ് ഈ ഭൂമിയില്‍ ജനിക്കുന്നത്. എന്ത് കൊണ്ടോ, നമ്മള് ജനിച്ചു വീഴുന്ന മതമാണ് ശരിയെന്നു വിശ്വസിക്കാന്‍ നമ്മള് നിര്‍ബന്ധിതരാകുന്നു. അതാരുടെയും തെറ്റല്ല. അതെ സമയം , ശരികള്‍ കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല. എല്ലാവരും അവനവന്റെ മതങ്ങളെ മാത്രം കെട്ടിപ്പിടിച്ചു കൊണ്ട് അത് മാത്രമാണ് ദൈവീക വചനങ്ങള്‍ , അത് മാത്രമാണ് ശരിയെന്നു വാദിക്കുമ്പോഴും ഞാന്‍ എന്റെ മതത്തില്‍ മാത്രം കുടുങ്ങി കിടക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഞാന്‍ മറ്റ് മതങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതില്‍ നിന്നൊക്കെ എനിക്ക് കിട്ടിയ ദൈവീക ഊര്‍ജ്ജം എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങളെ പറഞ്ഞു മനസിലാക്കിക്കുവാന്‍ എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല. എന്റെ പഴയ കാലം ഞാന്‍ തന്നെ ഓര്‍ത്ത് പോകുന്നു.
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുസ്ലിം വീട്ടിലായിരുന്നു എന്ന് തന്നെ പറയാം . എല്ലാവരും ജോലിക്ക് പോകുമ്പോള്‍ എന്നെ നോക്കിയിരുന്നത് ഈ പറഞ്ഞ വീട്ടുകാരായിരുന്നു. അത് അമ്മക്ക് ഒരു പരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ കളിപ്പിക്കാനും, കഥ പറഞ്ഞ തരാനും, നോക്കാനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കും അതൊരു രസകരമായ കാലമായിരുന്നു.
അവരുടെ അഞ്ചു നേരമുള്ള നിസ്ക്കാരവും പ്രാര്‍ഥനയും കണ്ടു വളര്‍ന്ന ഞാന്‍ പിന്നീടെപ്പോഴോ നിസ്ക്കാരം പഠിച്ചു. എനിക്ക് തോന്നുന്നു പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ആദ്യമായി പള്ളിയില്‍ പോയി നിസ്ക്കരിക്കുന്നത്. അന്നെല്ലാവര്‍ക്കും അതൊരു കൌതുകമായിരുന്നു. പക്ഷെ, മറ്റ് മതക്കാര്‍ക്ക് മനോ വിഷമം ഉണ്ടാക്കുന്ന തരത്തില്‍ എന്റെ നിസ്ക്കാരം എന്നെങ്കിലും ഒരു കാരണമാകരുത് എന്ന ചിന്തയില്‍ തല്ക്കാലം ആ പരിപാടി ഞാന്‍ നിര്‍ത്തി വച്ചു.
പക്ഷെ, പി ജി ക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്റെ റൂം മേറ്റ്സ് ആയി വന്നത് വര്‍ഷങ്ങളോളം എന്റെ കൂടെ ഒന്നിച്ചു പഠിച്ച കമാലും റിയാസുമായിരുന്നു എന്ന കാരണം കൊണ്ട് ഇടക്കൊക്കെ ആ നിസ്ക്കാരം വീണ്ടും പതിവാക്കാന്‍ തുടങ്ങി.
അങ്ങനെ ഇടക്കൊക്കെ നിസ്ക്കരിച്ചും, അമ്പലത്തില്‍ പോയും, ക്രിസ്ത്യന്‍ പള്ളിയില്‍ പോയും കാലം അങ്ങനെ പൊയ്പ്പോയി. അവസാനം പ്രവാസിയായി മാറിയതിനു ശേഷം ഒരിക്കല്‍ , ഒരു റമദാന് കാലത്ത് നിസ്ക്കാരം എന്നെന്നേക്കുമായി എനിക്ക് നിര്‍ത്തേണ്ടി വന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, നോമ്പ് തുറക്കല്‍ കഴിഞ്ഞ ശേഷം പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയ എന്നെ ചില മത വിശ്വാസികള്‍ ചോദ്യം ചെയ്തു. തെറ്റ് സമ്മതിച്ചു കൊണ്ട് ഞാന്‍ നിസ്ക്കാര പരിപാടികള്‍ എന്നെന്നേക്കുമായി മറന്നു.
അങ്ങനെ ഇടക്കൊക്കെ നിസ്ക്കരിച്ചും, അമ്പലത്തില്‍ പോയും, ക്രിസ്ത്യന്‍ പള്ളിയില്‍ പോയും കാലം അങ്ങനെ പൊയ്പ്പോയി. അവസാനം പ്രവാസിയായി മാറിയതിനു ശേഷം ഒരിക്കല്‍ , ഒരു റമദാന് കാലത്ത് നിസ്ക്കാരം എന്നെന്നേക്കുമായി എനിക്ക് നിര്‍ത്തേണ്ടി വന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, നോമ്പ് തുറക്കല്‍ കഴിഞ്ഞ ശേഷം പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയ എന്നെ ചില മത വിശ്വാസികള്‍ ചോദ്യം ചെയ്തു. തെറ്റ് സമ്മതിച്ചു കൊണ്ട് ഞാന്‍ നിസ്ക്കാര പരിപാടികള്‍ എന്നെന്നേക്കുമായി മറന്നു.
അതെ സമയം, എന്റെ മത ചിന്തകള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു . ഒരു തരം നിരീശ്വരവാദം വരെ എത്തിപ്പോകാം എന്ന് തോന്നിക്കുന്ന രീതിയിലുള്ള ചില ചിന്തകള്‍ എന്നിലേക്ക് ഞാന്‍ പോലും അറിയാതെ നുഴഞ്ഞു കയറാന്‍ തുടങ്ങിയതായി എനിക്ക് തന്നെ തോന്നിപ്പോയ നിമിഷങ്ങള്‍..,. മതങ്ങളെ കൂടുതല്‍ അടുത്തറിയുമ്പോള്‍ പലതും മനസിലാക്കാന്‍ സാധിക്കുന്നു. കേടു വന്ന പദാര്‍ത്ഥത്തില്‍ നിന്നുണ്ടാക്കുന്ന ഏതോ ഒരു ലഹരിയുടെ മണമാണ് മത ഗ്രന്ഥങ്ങള്‍ക്ക് എന്ന് വരെ തോന്നി പോയി.
അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്റെ വക്താക്കളായി മാത്രം മാറപ്പെടുന്നു.
ഒരിക്കല്‍ , പാലായില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്നു കൊണ്ടിരിക്കുന്ന കുരുബാനയില്‍ ഞാന്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയം , പള്ളീലച്ചന് തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്റെ മതത്തെ കുറിച്ച് അറിയാവുന്ന എന്റെ പ്രിയ സുഹൃത്തിന്റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട് യോജിക്കുന്നില്ല. .
ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു.
ഇത് പോലെ തന്നെ, ചില അമ്പലങ്ങളില്‍ കാണാന്‍ സാധിക്കും 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്. സത്യത്തില്‍ ആരാണ് ഈ അഹിന്ദുക്കള്‍ ? ഹിന്ദു പുരാണങ്ങളിലോ , വേദ പുസ്തകങ്ങളിലോ മറ്റൊരിടത്തും പറയാത്ത ഇത്തരം കാര്യങ്ങള്‍ ആരാണ് പിന്നീട് ഉണ്ടാക്കിയത്. പുണ്യാഹം തെളിക്കുന്നതും , മറ്റ് ബന്ധപെട്ട ആചാരങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇന്നും ആചരിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരത്തില്‍ നിന്ന് ഉടലെടുത്ത ഒരു ജീവിതരീതി അല്ലെങ്കില്‍ ഒരു നാഗരികത മാത്രമാണ് എന്ന് മനസിലാക്കുക.
വിഗ്രാഹാരാധനയില്‍ കൂടി പഠിക്കുന്ന ആശയങ്ങള്‍ ബൃഹത്തായ ഒന്നാണെന്ന് വാദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ കൂടി സര്‍വ ചരാചരങ്ങളിലും ദൈവമുണ്ടെന്ന വിശ്വാസം, എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കേണ്ട ആവശ്യകത, പ്രകൃതിയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്തരം ആചാരങ്ങള്‍ക്ക് പിറകിലുള്ള ഉദ്ദേശ്യശുദ്ധി എന്നുള്ളത് കൊണ്ട് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു.
ഈ ഒരവസരത്തില്‍ ഞാന്‍ മാധവിക്കുട്ടി എന്ന കമലാ സുരയ്യയെ ഓര്‍ത്ത് പോകുന്നു. അവസാന കാലങ്ങളില്‍ മതങ്ങളെ കുറിച്ചും ദൈവത്തെ കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്.,.
"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള് മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"
മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം പക്ഷെ മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല.
മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം പക്ഷെ മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല.
എന്റെ എഴുത്ത് ഇത്തിരി കൂടി പോയി..എന്റെ വാക്കുകളോ പ്രവര്‍ത്തിയോ ഏതെങ്കിലും വിശ്വാസികളെ വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു . ലോകത്തിലുള്ള എല്ലാവര്ക്കും നല്ലത് വരട്ടെ.
-pravin-