കുഞ്ഞു നാളില്‍ അമ്മയുടെ ഒക്കത്തിരുത്തി ചോറുരുള കുഴച്ചു വായില്‍ വച്ച് തരുമ്പോള്‍ നമ്മളില്‍ പലരും പറയുമായിരുന്നു " ച്ചിനി വേണ്ടമ്മേ ..ച്ച് മതി ..വെസ്ക്കുന്നില്ലാ "
"ഏയ്, അത് പറ്റില്യ ..അമ്മേടെ ചക്കരക്കുട്ടി ഇത് മുഴുവോം കഴിച്ചേ ...ദേ ഇത് മുഴുവനും കഴിച്ചാല്‍ അമ്പിളി മാമനെ പിടിച്ചു തരാം " ആകാശത്തു ഒന്നുമറിയാതെ ഉറങ്ങുന്ന അമ്പിളി മാമനെ ചൂണ്ടി കാണിച്ചു കൊണ്ട് അമ്മ പറയും.
പാവം അമ്പിളി മാമന് ! അമ്പിളി മാമന് ഉറങ്ങിക്കോട്ടെ , ഞാന്‍ മാമുണ്ടോളം .. ചില കുട്ടികള്‍ അങ്ങിനെയാണ് അമ്പിളി മാമനെ ശല്യപ്പെടുത്തെണ്ട എന്ന് കരുതി മുഴുവന്‍ മാമുവും ഉണ്ണും. ചിലര്‍ അമ്പിളി മാമനെ തനിക്കു കളിക്കാന്‍ വേണ്ടി അമ്മ പിടിച്ചു തരും എന്നോര്‍ത്ത് ഉരുളകള്‍ വേഗം വേഗം അകത്താക്കും. ഇതില്‍ രണ്ടിലും പെടാത്ത ചില കുസൃതി കുട്ടികള്‍ മാമു കഴിക്കില്ല. അവര്‍ വലിയ വാശിക്കാരായിരിക്കും. ആ സമയത്താണ് അമ്മമാരുടെ മറ്റൊരു മുഖം ഇവര്‍ കാണാനിടയാകുക.
" ദേ നല്ല കുട്ടിയായി ഇത് കഴിച്ചോ...അല്ലേല്‍ നിന്നെ ഞാന്‍ പോക്രാച്ചിക്ക് ഇട്ടു കൊടുക്കും .."
" ആരാ മ്മേ പോക്കുരാച്ചി "
" പോക്രാച്ചി ആരാന്നോ ? അനുസരണയില്ലാത്ത കുട്ടികളെ പിടിച്ചു കൊണ്ട് പോയി ദ്രോഹിക്കുന്ന വല്യ ഒരു ഭൂതമാണ് പോക്രാച്ചി ..കൊമ്പും നീണ്ട പല്ലും ഒക്കെയുള്ള വല്യ ഭൂതം."
ഇങ്ങനെയൊക്കെ അമ്മമ്മാര് കുട്ടികളെ പേടിപ്പിച്ചാല്‍ ഏത് ജഗജില്ലി കുസൃതികളും മള മളാന്നു മാമു കഴിക്കില്ലേ ? ആ..അത് പോലെ ഞാനും കഴിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല നിങ്ങളും കഴിച്ചിട്ടുണ്ടാകും.
കുട്ടിക്കാലത്ത് അങ്ങിനെയാണ് നമ്മുടെ മനസ്സില്‍ കഥകള്‍ കയറിക്കൂടുന്നത്. മുത്തശ്ശിമാരുള്ള പഴയ തറവാട്ടുകളില്‍ ജനിച്ചു വളര്‍ന്നവരാണെങ്കില്‍ പറയുകയും വേണ്ട. ഒത്തിരി പുരാണ കഥകളും, നാട്ടുകഥകളും പറഞ്ഞു തരുമായിരുന്ന മുത്തശ്ശിമാര്‍ ഇന്നില്ല. ഉണ്ടെങ്കില്‍ തന്നെ നമ്മുടെ മല്ലൂസ് ഇന്നവരെയെല്ലാം വല്ല വൃദ്ധ സദനത്തിലും ആക്കിയിട്ടുണ്ടാകും. പറഞ്ഞു വന്ന വിഷയം ഇതൊന്നുമല്ല ട്ടോ. കുട്ടിക്കാലത്ത് ഇവരൊക്കെ കൂടി കഥകള്‍ എന്ന പേരില്‍ നമ്മുടെ മുന്നില്‍ അടിച്ചിറക്കുന്ന സര്‍വത്ര കാര്യവും നല്ല ഒന്നാന്തരം നുണകള്‍ മാത്രമാണ്. പിന്നെങ്ങന്യാ നമ്മള് നുണ പറഞ്ഞു തുടങ്ങാതിരിക്കുക ?
അങ്ങിനെയാണ് നിഷ്ക്കളങ്കരായിരുന്ന നമ്മള് കൊച്ചു കൊച്ചു നുണകള്‍ പറഞ്ഞു തുടങ്ങുന്നത് . അതിത്ര വല്യ കുറ്റമാണോ ? കുട്ടികളിലെ ഇത്തരം 'ദോഷകരമല്ലാത്ത' പ്രവണതകളെ അച്ഛനമ്മമാര്‍ ചൂരല്‍ കഷായം കൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. സത്യത്തില്‍ നുണ പറയാനുള്ള ഒരു വലിയ പ്രോത്സാഹനമായാണ് ഈ ചൂരല്‍ കഷായത്തെ കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. അമ്മയുടെ അടി കിട്ടുന്ന സമയത്ത് ഞാന്‍ പെട്ടെന്ന് കയറിയങ്ങു നന്നാകും. അഞ്ചു മിനിട്ട് കഴിയുമ്പോള്‍ അതെല്ലാം തഥൈവ :.
അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍, പണ്ട് പറഞ്ഞ നുണകളെ കുറിച്ച് ഞാന്‍ ഗാഡമായി ആലോചിച്ചു. നുണ പറയുന്നത് ഒരു മോശം കാര്യമാണ്, നുണ പറയുന്നവന് ദൈവ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന് തുടങ്ങി പല കേട്ടു കേള്വികളും ഉണ്ട്. ഞാന്‍ ആലോചിച്ചത് മറ്റ് പലതുമായിരുന്നു. ആരാണ് ഭൂമിയില്‍ നുണ പറയാത്തവരായിട്ടുള്ളത്? എന്തിനായിരിക്കും മനുഷ്യന് നുണ പറയാന്‍ തുടങ്ങിയിട്ടുണ്ടാകുക ? നുണ ഇത്ര വലിയ പാപമാണോ ? നുണ ഒരു കലയല്ലേ ഒരര്‍ത്ഥത്തില്‍ ?
ഒരാള്‍ ബോധപൂര്‍വം മറ്റൊരാള്‍ക്ക് എന്തിനെയെങ്കിലും കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കുന്ന സമ്പ്രദായത്തെയാണ് ഇന്നത്തെ വ്യവഹാരാവസ്ഥയില്‍ " നുണ " എന്ന പദത്തെ നിര്‍വചിച്ചിരിക്കുന്നത്. നിഷ്ക്കളങ്കമായ നുണകള്‍, ആപത്ക്കരമായ നുണകള്‍, സാഹചര്യ നുണകള്‍, നിര്‍ബന്ധ നുണകള്‍,കല്ല് വച്ച നുണകള്‍,അങ്ങിനെ നുണകള്‍ പല തരത്തിലുണ്ട്.
കഥാരൂപേന ബഡായി പൊട്ടിക്കുന്ന വീരന്മാര് നമ്മുടെ സമൂഹത്തില്‍ ഒരുപാടുണ്ട്. ഇവരെല്ലാം പൊതുവേ സാധുക്കളായിരിക്കും. അത് കൊണ്ട് തന്നെ ഇത്തരക്കാരുടെ വാചാലങ്ങള്‍ ആസ്വദിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ നമുക്ക് നുണ പറഞ്ഞു തന്നെ മതിയാകൂ എന്ന സ്ഥിതിയും സംജാതമാകാറുണ്ട്. അതൊന്നും ഒരു കുറ്റമായി കണക്കാക്കാന്‍ പറ്റില്ല. സാഹിത്യകാരന്മാര് പടച്ചു വിടുന്ന കഥകള്‍ ഒന്നാലോചിച്ചാല്‍ നുണ തന്നെയല്ലേ? അതിനെ ഭാവന എന്ന ഓമനപ്പേരില്‍ നമ്മള് സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതും ഒരു കുറ്റമല്ല. അങ്ങിനെ നോക്കിയാല്‍ ഏത് തരം നുണകള്‍ പറയുന്നതാണ് കുറ്റം എന്നാണോ ആലോചിക്കുന്നത് ? പറയാം.
മറ്റുള്ളവരെ ദ്രോഹിക്കാനോ, വ്യക്തിഹത്യ ചെയ്യാന്‍ വരെ മടിക്കാത്തവരുമായ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ ചിലപ്പോഴൊക്കെ സമൂഹത്തിന്റെ സമാധാനം തന്നെ തല്ലിക്കെടുത്താറുണ്ട്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷകരമായോ വിഷമകരമായോ ബാധിക്കുന്ന നുണകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ എതിര്ക്കപ്പെടെണ്ടത്.
മറ്റ് ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവം കൊടുത്ത ഒരു കഴിവാണ് നുണ പറയുക എന്നത്. ആ കഴിവിനെ അര്‍ത്ഥവത്തായി ഉപയോഗിക്കാനാണ് മനുഷ്യന് പഠിക്കേണ്ടിയിരുന്നത്. പക്ഷെ, എന്ത് ചെയ്യാം, വിലക്കപ്പെട്ട കനി കഴിക്കാന്‍ ധൈര്യം കാണിച്ച മനുഷ്യന് ഇക്കാര്യത്തിലും ഉഡായിപ്പ് ബുദ്ധിയെ കാണിക്കൂ എന്ന കാര്യം ദൈവം ഓര്‍ക്കാതെ പോയോ ?
എന്തായാലും ആരോഗ്യകരവും ആസ്വദനീയവുമായ നുണകള്‍ നല്ലത് തന്നെയാണ്. നുണകള്‍ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധിയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് മാത്രം നുണ ഒരു കുറ്റമാണോ അല്ലയോ എന്നു വിലയിരുത്തുന്നതായിരിക്കും ന്യായം എന്ന് തോന്നുന്നു.
-pravin-