Monday, October 1, 2012

ഇന്ന് ഞാന്‍ ..നാളെ നീ ..അത്ര മാത്രം


'ഈ വലിയ വീട്ടില്‍ താന്‍ ഒറ്റക്കൊന്നുമല്ല താമസിക്കുന്നത്. മക്കളും കൊച്ചുമക്കളും എല്ലാവരുമുണ്ട്‌.,. എങ്കിലും എന്തോ,  ചില സമയത്തൊക്കെ വല്ലാത്തൊരു ഒറ്റപ്പെടലും മൂകതയുമാണ്. ഒരു പക്ഷെ പ്രായമായി വരുന്നത് കാരണമുള്ള തന്‍റെ തോന്നലുകള്‍ മാത്രമാകാം ഇതെല്ലാം. മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഈയിടെയായി തന്നോടൊന്നു മിണ്ടാന്‍ പോലും സമയമില്ലേ ? ഇത്രയ്ക്കു തിരക്കാണോ ഇവര്‍ക്കൊക്കെ ? താന്‍ കിടപ്പിലായാലും ഇവരിങ്ങനെ തന്നെയാകുമോ പെരുമാറുക ? അതിയാന്‍ മരിച്ച ശേഷം തന്നോട് നേരം പോലെ സംസാരിക്കാന്‍ പോലും ഇവിടെയാര്‍ക്കും സമയമില്ല.' കുഞ്ഞന്നാമ്മ ഒരു വലിയ നെടുവീര്‍പ്പോട് കൂടെ മരിച്ചു പോയ തന്‍റെ ഭര്‍ത്താവിന്‍റെ ഫോട്ടോ നോക്കി മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. എന്തായിരിക്കും ഇത്തരം നെടുവീര്‍പ്പുകള്‍ക്ക് സമൂഹത്തോട് പറയാനുണ്ടാകുക ? ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍ ? 

ഒക്ടോബര്‍ ഒന്ന്, ലോക വൃദ്ധദിനമായി ആചരിക്കുന്നു. ആര്‍ക്കും ഇത്തരം  ദിവസങ്ങളെ കുറിച്ചോര്‍ക്കാന്‍ സമയം ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പ്രണയ ദിനം, സൌഹൃദ ദിനം, പുതുവത്സര ദിനം അങ്ങിനെയുള്ള കുറെയേറെ കച്ചവട ദിനങ്ങള്‍ മാത്രമല്ലേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഓര്‍ത്ത്‌ വക്കാന്‍ താല്‍പ്പര്യമുള്ളൂ. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എല്ലാവര്‍ക്കും തിരക്കാണ്. സത്യത്തില്‍ എന്താണ് ഈ തിരക്ക് ? എന്തിനാണ് നമ്മള്‍ തിരക്കുന്നത്?  കുറെ ആലോചിച്ചാല്‍ ഒന്നിനും ഒരു വ്യക്തമായ ഉത്തരം ഉണ്ടാകില്ല. പക്ഷെ നമ്മള്‍ ഈ ലോകത്തുള്ള ഒരു വിഭാഗം മനുഷ്യരെ കുറിച്ച് ഇടക്കെങ്കിലും  "തിരക്കുന്നത് " വളരെ നന്നായിരിക്കും. ആരെയെന്നല്ലേ , പഴുത്ത പ്ലാവിലകള്‍ കണക്കെ  ഭൂമിയിലേക്ക്‌ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന, വാര്‍ദ്ധക്യത്തില്‍ ഒറ്റപെട്ടു പോകുന്ന, അല്ലെങ്കില്‍ വൃദ്ധര്‍ എന്ന പേരില്‍ സ്വന്തം കുടുംബത്തിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും  ഒതുങ്ങി കൂടുന്ന ഒരു സമൂഹത്തെ കുറിച്ച്. 

മക്കളും കൊച്ചു മക്കളുമായി സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കും, ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ പെട്ടെന്ന് മരണമടയുന്നത്.   അതിനു ശേഷമായിരിക്കാം ഒരു പക്ഷെ വയസ്സായതും, അത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും അതിലേറെ ഒറ്റപ്പെട്ടു എന്ന തോന്നലും അവരുടെ മനസ്സിലേക്ക്  കടന്നു വരുന്നത്. ഇതിനിടയില്‍ വയസ്സാം കാലത്ത് തങ്ങളെ ശുശ്രൂക്ഷിക്കേണ്ട മക്കളില്‍ നിന്നും അവഗണന കൂടി നേരിടേണ്ടി വന്നാല്‍ വയസായ ആ അച്ഛനോ അമ്മക്കോ ഉണ്ടാകുന്ന വേദന എന്ത് വലുതായിരിക്കും എന്ന് പറഞ്ഞറിയിക്കാന്‍ ആകില്ല. അത് നമുക്ക് മനസിലാക്കി തരാന്‍ അവര്‍ക്കും ആയെന്നു വരില്ല. പക്ഷെ , കാലം നമുക്ക് പിന്നീട് ആ വേദന തീര്‍ച്ചയായും മനസിലാക്കി തരും. അന്ന് നമുക്ക് ചിലപ്പോള്‍ കുറ്റബോധം ഉണ്ടായിരിക്കാം , പക്ഷെ എന്ത് കാര്യം ? 

ഈ അടുത്ത്  വെക്കേഷന് നാട്ടിൽ  പോയപ്പോള്‍ ദൂരെയുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഞാന്‍ പോയിരുന്നു. ആദ്യമായിട്ടാണ് അവിടെ ഞാന്‍ പോകുന്നത്. അവന്‍റെ വീട്ടില്‍ ആരൊക്കെയുണ്ട് എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെയെത്തിയ വേളയില്‍ തന്നെ അവന്‍റെ അച്ഛനും അമ്മയും എന്നെ സ്നേഹത്തോടെ സ്വീകരിക്കുകയും പലഹാരങ്ങള്‍ കഴിക്കാന്‍ തരുകയും ചെയ്തു. അതിനെല്ലാം ശേഷം വൈകീട്ട്  ഞങ്ങള്‍ ഒന്നിച്ചു സിനിമയ്ക്കു പോയി. സിനിമ കണ്ടു  വീട്ടില്‍ വന്ന ശേഷംഅവിടത്തെ ജോലിക്കാരി തയ്യാറാക്കിയ ഭക്ഷണം  നല്ല സ്വാദോടെ കഴിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ എനിക്ക് തിരിച്ചു എന്‍റെ നാട്ടിലേക്ക് പുറപ്പെടെണ്ടിയിരുന്നു. ആ സമയത്താണ്, താഴെ മുറിയില്‍ നിന്ന് എന്തൊക്കെയോ ഉച്ചത്തിലുള്ള സംസാരം ഞാന്‍ കേള്‍ക്കുന്നത്. അവിടെ ചെന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് എന്നോട്  കാര്യങ്ങള്‍ പറയുന്നത്. അവിടെയുള്ള ഒരു ഇരുട്ട് മുറിയില്‍  കാലങ്ങളായി സുഖമില്ലാതെ അവന്‍റെ അപ്പാപ്പന്‍ കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു രാവിലെ ശ്വാസം മുട്ട് കൂടിയത് കാരണം ഡോക്ടറെ വിളിക്കാനുള്ള ശബ്ദ കോലാഹലമായിരുന്നു ഞാന്‍ കേട്ടത്. 

ആ വീട്ടില്‍ ഒരു പകലും ഒരു രാത്രിയും കഴിഞ്ഞ എന്നോട് അവരെന്തിന് ഇക്കാര്യം മറച്ചു വച്ച് എന്നെനിക്കറിയില്ല. എന്ത് കാരണം തന്നെയായാലും എനിക്കതിനോട് യോജിക്കാനായിരുന്നില്ല. അത് കൊണ്ട് തന്നെ ഡോക്ടര്‍ വന്ന് പോയ ശേഷം, അദ്ദേഹം സുഖപ്പെട്ടു എന്നുറപ്പായ ശേഷം ആ വൃദ്ധനെ ഞാന്‍ നേരിട്ട് കണ്ടു. എന്നെയും സുഹൃത്തിനെയും മറ്റുള്ളവരെയും  ഒരുമിച്ചു കണ്ട നേരം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍  കണ്ണ് നീരിന്‍റെ തിളക്കം വര്‍ദ്ധിച്ചു. അല്‍പ്പ നേരം ആ കണ്ണുകളിലേക്കു ഞാന്‍ നോക്കി. അതില്‍ നിറഞ്ഞു നിന്ന ദയനീയതുടെ അളവ് ഒരു പക്ഷെ കടലിനേക്കാള്‍, അല്ല ആകാശത്തിനെക്കള്‍ പരപ്പുണ്ടായിരുന്നു എന്നാണു എനിക്ക് തോന്നിയത്. 

അദ്ദേഹത്തോട് എനിക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല എങ്കില്‍ കൂടി എന്തൊക്കെയോ ഞാന്‍ സംസാരിച്ചു. ഏതോ അവ്യക്തമായ ഭാഷയില്‍ അദ്ദേഹം എന്നോടും. ആ പറഞ്ഞത് മുഴുവന്‍ സന്തോഷം ഉള്ള വാര്‍ത്തകള്‍ ആയിരുന്നോ ? അതോ സങ്കടം ഉള്ള വാര്‍ത്തകളോ ? എനിക്കറിയില്ലായിരുന്നു. എല്ലാം ഞാന്‍ മനസിലാക്കുന്നു എന്നര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ട് ഒരു നല്ല ശ്രോതാവാകുക  എന്നത് മാത്രമായിരുന്നു ആ സമയത്ത് എന്‍റെ ലക്ഷ്യം. എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് കരയുകയായിരുന്നു എന്ന് പറയാനേ സാധിക്കുന്നുള്ളൂ. ആ കൂടിക്കാഴ്ക്കയില്‍  ഞാന്‍ അനുഭവിച്ച അല്ലെങ്കില്‍ എനിക്ക് മനസിലായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപാടായിരുന്നു.  

അന്ന് വൈകീട്ട് എല്ലാവരോടും യാത്ര പറഞ്ഞു പോരുമ്പോള്‍  ആ വീട്ടിലേക്കു തിരിഞ്ഞു നോക്കാന്‍ ഞാന്‍ മടിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എന്നെ കൊണ്ട് ചെന്നാക്കിയ സുഹൃത്തിനോട് ഞാന്‍ പറഞ്ഞു "ഞാന്‍ വിളിക്കും ..അപ്പാപ്പന്റെ വിവരങ്ങള്‍ അറിയാന്‍ ..". അവന്‍റെ മുഖത്ത്  എന്തിന്റെയോ ഒരു കുറ്റ ബോധം നിഴലിച്ചിരുന്നു. പരിഭവങ്ങള്‍ ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് , എനിക്ക് പോകാനുള്ള ട്രെയിനിലേക്ക്‌ ഞാന്‍ വലിഞ്ഞു കയറി. അവനെയും  ഞാന്‍ തിരിഞ്ഞു നോക്കിയില്ല. 

അവധി കഴിഞ്ഞ ശേഷം,  അല്‍ ഐനില്‍ എത്തിയ സമയത്ത് രണ്ടു മൂന്നു തവണ ഞാന്‍ അവനെ വിളിച്ചു. അന്നെല്ലാം അപ്പാപ്പന്റെ ചെവിയില്‍ ഫോണ്‍ അല്‍പ്പ നേരം വച്ച് കൊടുക്കാനും അവന്‍ മറന്നില്ല. ഞാനും അദ്ദേഹവും പരസ്പ്പരം മനസിലാകാത്ത എന്തൊക്കെയോ ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊണ്ടേയിരുന്നു. 

 അല്‍ ഐനില്‍ നിന്ന് അബുധാബിയിലേക്ക് മാറ്റം കിട്ടിയ സമയത്ത് സുഹൃത്ത് എന്നെ  രണ്ടു മൂന്നു തവണ  വിളിച്ചെങ്കിലും മറ്റ് ചില കാരണങ്ങളാല്‍..  ആ ഫോണ്‍ കാളുകള്‍  ഒന്നും  തന്നെ എനിക്ക്  അറ്റന്‍ഡ് ചെയ്യാനായില്ല . അതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അവനെ  തിരികെ വിളിച്ചു. അപ്പാപ്പന്‍ മരിച്ച വിവരം പറയാനായിരുന്നു അവന്‍ എന്നെ ആ ദിവസം വിളിച്ചു കൊണ്ടിരുന്നത് എന്നറിഞ്ഞപ്പോള്‍ അപ്പാപ്പനോട് എന്തോ വലിയ ഒരപരാധം എന്‍റെ ഭാഗത്ത് നിന്നും സംഭവിച്ച പോലെ ഞാന്‍ സംശയിച്ചു . അവസാനമായി എനിക്ക് വേണമെങ്കില്‍ അപ്പാപ്പനോട് പതിവ് പോലെ സംസാരിക്കാമായിരുന്നു. പക്ഷെ..അതിനൊന്നും കാത്തു നില്‍ക്കാതെ അപ്പാപ്പന്‍ പോയി. ഇരുട്ടുമുറികളും ഒറ്റപ്പെടലും ഇല്ലാത്ത ഏതോ ലോകത്തേക്ക്. 

മനുഷ്യന്‍ ആരാണ് ? എന്താണ് എന്നൊക്കെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അപകടം പറ്റി കിടപ്പിലായവരും ,  കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍  ബാധിച്ചു  ചികിത്സ തേടിയെത്തുന്ന  രോഗികളും,   മരണത്തോട് മല്ലിടുന്നവരും  അങ്ങിനെ കുറെ പേര്‍ ആശുപത്രി മുറികളില്‍ ഉണ്ടാകും. ആ പരിസരത്തിലൂടെ ഒരല്‍പ്പ നേരം സഞ്ചരിക്കുമ്പോള്‍ നമുടെ മനസ്സിലേക്ക് കയറി വരുന്ന തത്വശാസ്ത്രം  ആരും പഠിപ്പിച്ചു തരുന്നതല്ല എന്നതാണ് വിചിത്രം. 

ഒരു കാലത്ത് എന്തൊക്കെ പ്രതാപത്തോടെ  കഴിഞ്ഞവരാണെങ്കിലും, പലതിന്റെയും പേരില്‍ പരസ്പ്പരം കലഹിച്ചവരാണെങ്കിലും ആശുപത്രിയിലെ ഇത്തരം അവസ്ഥകളിലേക്ക് മാറപ്പെട്ടാല്‍ നമുക്കൊന്നും മനസ്സില്‍ ഒരു ദുഷിപ്പും സൂക്ഷിക്കാന്‍ സാധിക്കില്ല. മനുഷ്യന്‍ അവിടെ  വച്ചാണ് അവനവനിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അവിടെയുള്ള ഓരോരുത്തരോടും ഒരിത്തിരി നേരം സംസാരിച്ചു നോക്കിയാല്‍ നമുക്കത് മനസിലാകും. കുറ്റബോധവും, മരണ ഭീതിയും, ജീവിക്കാനുള്ള കൊതിയും എല്ലാം പല പല മുഖങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്  കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ജാതിയുമില്ല, മതവുമില്ല, പ്രായ വ്യത്യാസങ്ങളും ഇല്ല.

ഇതിന്‍റെ തന്നെ മറ്റൊരവസ്ഥയാണ് വാര്‍ദ്ധക്യ കാരണങ്ങളാല്‍ വീടുകളിലും ആശുപത്രികളിലും ഒറ്റപ്പെട്ട്, മക്കളില്‍ നിന്നെല്ലാം അവഗണന നേരിട്ട ശേഷം, ജീവനുള്ള പ്രതിമകള്‍ കണക്കെ മൂകരായി  മാറുന്ന വൃദ്ധ സമൂഹത്തിലും കാണാന്‍ കഴിയുന്നത്.

വാര്‍ദ്ധക്യം ഒരു രോഗമല്ല. പക്ഷെ, പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും അവനവനെ വിലയിരുത്താനും കിട്ടുന്ന  ഒരപൂര്‍വ അവസരമാണ്. ആ തിരിഞ്ഞു നോട്ടത്തില്‍ ഓര്‍ക്കാനും വിശകലനം ചെയ്യാനും നന്മയുടെ മുന്‍‌തൂക്കം ഉണ്ടെങ്കില്‍ ഓരോ മനുഷ്യ ജന്മവും സഫലമായി എന്ന് തന്നെ പറയാം.

വാര്‍ദ്ധക്യത്തെ അംഗീകരിക്കാനും വൃദ്ധരായ മാതാ പിതാക്കളെ ശുശ്രൂക്ഷിക്കാനും സംരക്ഷിക്കാനും സര്‍വോപരി അവരെ സ്നേഹിക്കാനും നമ്മുടെ സമൂഹത്തിനു സാധിക്കണം.  അങ്ങിനെയങ്കില്‍ മാത്രമേ നമ്മുടെ വാര്‍ദ്ധക്യത്തില്‍ നന്മയുടെ  കണക്കു പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വക്കാന്‍ നമുക്ക് സാധിക്കുയുള്ളൂ.

ആഘോഷിക്കുന്നതിനും ആശംസിക്കാനും വേണ്ടി ഓരോ ദിവസങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ഒട്ടും യോജിപ്പില്ല എങ്കില്‍ കൂടി ലോക വൃദ്ധദിനം പോലെയുള്ള ചില ദിവസങ്ങള്‍ സാമൂഹ്യമായ  ഒരു ഓര്‍മപ്പെടുത്തലാണ്. ഇത്തരം സാമൂഹിക ദിവസങ്ങളെ  ഒരു പരിധിക്കപ്പുറം വിമര്‍ശന വിധേയമാക്കുന്നതില്‍ കഴമ്പില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. 

വാര്‍ദ്ധക്യം എന്നത്, അച്ഛനമ്മമാരെ മാത്രം തേടി വരുന്ന ഒരവസ്ഥയാണെന്ന മനോഭാവമുള്ളവരെ ഓര്‍മിപ്പിക്കാന്‍ വൃദ്ധ സമൂഹത്തിന്റെ കൈയ്യില്‍  ഒറ്റ  വാക്കേയുള്ളൂ ;  "ഇന്ന് ഞാന്‍ നാളെ നീ ". അത്ര മാത്രം. 

-pravin-
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്കുക ..
ദിവസങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍..