Thursday, July 26, 2012

മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍- -


പതിവ് ഓണ്‍ ലൈന്‍ പത്രവായനയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് 'വയനാടന്‍ രാമായണം' എന്ന പുസ്തകത്തെ കുറിച്ച് അറിയാനും അത് വായിക്കാനും ഇടയാകുന്നത്. 

മാപ്പിള രാമായണം എന്ന മാപ്പിളപ്പാട്ട് കാവ്യം പങ്കു വയ്ക്കുന്ന വിവരണങ്ങള്‍ സത്യമാണോ അല്ലയോ  എന്നതിലേക്കുള്ള ഒരു ആത്മാര്‍ഥമായ അന്വേഷണവും സൂക്ഷ്മ നിരീക്ഷണവുമാണ്  ഡോക്ടര്‍ അസീസ്‌ തരുവണ എഴുതിയ 'വയനാടന്‍ രാമായണം ' എന്ന പുസ്തകം വായനക്കാരുമായി പങ്കു വക്കുന്നത്. 

 നല്ലൊരു   വായനാനുഭവം തരുന്ന ഈ ലേഖനത്തെ എന്ത് കൊണ്ട് ചില മതവിശ്വാസികള്‍ അസഹിഷ്ണുതയോടെ നോക്കി കാണുന്നു  എന്നത് എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമാണ്. ഓണ്‍ ലൈന്‍ മാതൃഭൂമിയിലെ, മാതൃഭൂമി ബുക്ക്സ് എന്ന കോളത്തില്‍ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
(http://www.mathrubhumi.com/books/article/excerpts/1785/

 മതങ്ങള്‍ എന്ത് പറഞ്ഞാലും അത് മാത്രം വിശ്വസിച്ചു കൊണ്ടിരിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാര്‍ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കുക നിങ്ങളെപ്പോഴെങ്കിലും ദൈവം എന്താണെന്നും ദൈവം എന്ത് പറയുന്നെന്നും സത്യസന്ധമായി അന്വേഷിക്കാനും ശ്രവിക്കാനും ശ്രമിച്ചിട്ടുണ്ടോ ? 

മതങ്ങളില്‍ അതിര് കവിഞ്ഞ ഒരു വിശ്വാസവും എനിക്കില്ല. ഒരു മതം മാത്രമാണ് പൂര്‍ണ ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിയുമെങ്കില്‍ എല്ലാ മതങ്ങളുടെയും ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും(എനിക്ക് താല്‍പ്പര്യമുള്ള , യുക്തിപരമായ് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ) ഒരു ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. 

 നമ്മള്‍ ഏതോ ദൈവ തീരുമാനത്തിലാണ് ഈ ഭൂമിയില്‍ ജനിക്കുന്നത്. എന്ത് കൊണ്ടോ, നമ്മള്‍ ജനിച്ചു വീഴുന്ന മതമാണ്‌ ശരിയെന്നു വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. അതാരുടെയും തെറ്റല്ല. അതെ സമയം , ശരികള്‍ കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല. എല്ലാവരും അവനവന്‍റെ മതങ്ങളെ മാത്രം കെട്ടിപ്പിടിച്ചു കൊണ്ട് അത് മാത്രമാണ് ദൈവീക വചനങ്ങള്‍ , അത് മാത്രമാണ് ശരിയെന്നു വാദിക്കുമ്പോഴും ഞാന്‍ എന്‍റെ മതത്തില്‍ മാത്രം കുടുങ്ങി കിടക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഞാന്‍ മറ്റ് മതങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതില്‍ നിന്നൊക്കെ എനിക്ക് കിട്ടിയ ദൈവീക ഊര്‍ജ്ജം എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങളെ പറഞ്ഞു മനസിലാക്കിക്കുവാന്‍ എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല. എന്‍റെ പഴയ കാലം ഞാന്‍ തന്നെ ഓര്‍ത്ത്‌ പോകുന്നു. 

 ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുസ്ലിം വീട്ടിലായിരുന്നു എന്ന് തന്നെ പറയാം . എല്ലാവരും ജോലിക്ക് പോകുമ്പോള്‍ എന്നെ നോക്കിയിരുന്നത് ഈ പറഞ്ഞ വീട്ടുകാരായിരുന്നു. അത് അമ്മക്ക് ഒരു പരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു. ഒരുപാട്  ആളുകള്‍ എന്നെ കളിപ്പിക്കാനും,  കഥ പറഞ്ഞ തരാനും, നോക്കാനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കും അതൊരു രസകരമായ കാലമായിരുന്നു. 

അവരുടെ അഞ്ചു നേരമുള്ള നിസ്ക്കാരവും പ്രാര്‍ഥനയും കണ്ടു വളര്‍ന്ന ഞാന്‍ പിന്നീടെപ്പോഴോ നിസ്ക്കാരം പഠിച്ചു. എനിക്ക് തോന്നുന്നു പ്ലസ്‌ ടുവിന് പഠിക്കുന്ന സമയത്താണ് ആദ്യമായി പള്ളിയില്‍ പോയി നിസ്ക്കരിക്കുന്നത്. അന്നെല്ലാവര്‍ക്കും അതൊരു കൌതുകമായിരുന്നു. പക്ഷെ, മറ്റ് മതക്കാര്‍ക്ക് മനോ വിഷമം ഉണ്ടാക്കുന്ന തരത്തില്‍ എന്‍റെ നിസ്ക്കാരം എന്നെങ്കിലും ഒരു  കാരണമാകരുത്  എന്ന ചിന്തയില്‍ തല്‍ക്കാലം ആ പരിപാടി ഞാന്‍ നിര്‍ത്തി വച്ചു. 

  പക്ഷെ, പി ജി ക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ്സ് ആയി വന്നത് വര്‍ഷങ്ങളോളം എന്‍റെ കൂടെ  ഒന്നിച്ചു പഠിച്ച കമാലും റിയാസുമായിരുന്നു എന്ന കാരണം കൊണ്ട് ഇടക്കൊക്കെ ആ നിസ്ക്കാരം വീണ്ടും പതിവാക്കാന്‍ തുടങ്ങി. 

 അങ്ങനെ ഇടക്കൊക്കെ നിസ്ക്കരിച്ചും, അമ്പലത്തില്‍ പോയും, ക്രിസ്ത്യന്‍ പള്ളിയില്‍ പോയും കാലം അങ്ങനെ പൊയ്പ്പോയി. അവസാനം പ്രവാസിയായി മാറിയതിനു ശേഷം ഒരിക്കല്‍ , ഒരു റമദാന്‍ കാലത്ത് നിസ്ക്കാരം എന്നെന്നേക്കുമായി എനിക്ക്  നിര്‍ത്തേണ്ടി വന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, നോമ്പ് തുറക്കല്‍ കഴിഞ്ഞ ശേഷം പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയ എന്നെ ചില മത വിശ്വാസികള്‍  ചോദ്യം ചെയ്തു. തെറ്റ് സമ്മതിച്ചു കൊണ്ട് ഞാന്‍ നിസ്ക്കാര പരിപാടികള്‍ എന്നെന്നേക്കുമായി മറന്നു. 

അതെ സമയം, എന്‍റെ മത ചിന്തകള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു . ഒരു തരം നിരീശ്വരവാദം വരെ എത്തിപ്പോകാം എന്ന് തോന്നിക്കുന്ന രീതിയിലുള്ള ചില ചിന്തകള്‍ എന്നിലേക്ക്‌ ഞാന്‍ പോലും അറിയാതെ നുഴഞ്ഞു കയറാന്‍ തുടങ്ങിയതായി എനിക്ക് തന്നെ തോന്നിപ്പോയ നിമിഷങ്ങള്‍..,. മതങ്ങളെ കൂടുതല്‍ അടുത്തറിയുമ്പോള്‍ പലതും മനസിലാക്കാന്‍ സാധിക്കുന്നു. കേടു വന്ന പദാര്‍ത്ഥത്തില്‍ നിന്നുണ്ടാക്കുന്ന ഏതോ ഒരു ലഹരിയുടെ മണമാണ് മത ഗ്രന്ഥങ്ങള്‍ക്ക് എന്ന് വരെ തോന്നി പോയി. 

അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും  എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ  വക്താക്കളായി മാത്രം മാറപ്പെടുന്നു. 

ഒരിക്കല്‍ , പാലായില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്നു കൊണ്ടിരിക്കുന്ന കുരുബാനയില്‍  ഞാന്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയം , പള്ളീലച്ചന്‍ തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്‍റെ മതത്തെ കുറിച്ച് അറിയാവുന്ന എന്‍റെ പ്രിയ സുഹൃത്തിന്‍റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത്  ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട്  യോജിക്കുന്നില്ല. . 

 ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം  അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു. 

ഇത് പോലെ തന്നെ, ചില അമ്പലങ്ങളില്‍ കാണാന്‍ സാധിക്കും 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്. സത്യത്തില്‍ ആരാണ് ഈ അഹിന്ദുക്കള്‍ ?  ഹിന്ദു പുരാണങ്ങളിലോ , വേദ പുസ്തകങ്ങളിലോ മറ്റൊരിടത്തും പറയാത്ത ഇത്തരം കാര്യങ്ങള്‍ ആരാണ് പിന്നീട് ഉണ്ടാക്കിയത്. പുണ്യാഹം തെളിക്കുന്നതും , മറ്റ് ബന്ധപെട്ട ആചാരങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇന്നും ആചരിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരത്തില്‍ നിന്ന് ഉടലെടുത്ത ഒരു ജീവിതരീതി അല്ലെങ്കില്‍ ഒരു നാഗരികത മാത്രമാണ് എന്ന് മനസിലാക്കുക.  

 വിഗ്രാഹാരാധനയില്‍ കൂടി പഠിക്കുന്ന ആശയങ്ങള്‍ ബൃഹത്തായ ഒന്നാണെന്ന് വാദിക്കാന്‍ ഞാന്‍  ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ കൂടി സര്‍വ ചരാചരങ്ങളിലും ദൈവമുണ്ടെന്ന വിശ്വാസം, എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കേണ്ട ആവശ്യകത, പ്രകൃതിയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്തരം ആചാരങ്ങള്‍ക്ക് പിറകിലുള്ള ഉദ്ദേശ്യശുദ്ധി എന്നുള്ളത് കൊണ്ട് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. 

എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യമുണ്ട്, ഒരു മതത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് മറ്റ് മതങ്ങള്‍ ശരിയല്ല എന്ന് ആധികാരികമായി സംസാരിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ സാധിക്കുന്നു? ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് , മനുഷ്യന്‍ ഉണ്ടായ ശേഷമാണ് മതങ്ങള്‍ ഉണ്ടായത്. ദൈവമാണ് മതങ്ങള്‍ ഉണ്ടാക്കിയത് എങ്കില്‍ ഒരിക്കലും മതങ്ങളുടെ പേരില്‍ ഒരു മനുഷ്യനെയും ഒരാള്‍ക്കും വേര്‍ തിരിച്ചു കാണാന്‍ സാധിക്കില്ല. ആ ചിന്ത ഇന്ന് സമൂഹത്തിനു ഇല്ലാത്തത് കൊണ്ടാണ് ഇന്ന് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുന്നത്. 

ഈ ഒരവസരത്തില്‍ ഞാന്‍ മാധവിക്കുട്ടി  എന്ന കമലാ സുരയ്യയെ ഓര്‍ത്ത്‌ പോകുന്നു. അവസാന കാലങ്ങളില്‍ മതങ്ങളെ കുറിച്ചും ദൈവത്തെ  കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.,. 

"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"

 മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം പക്ഷെ മതത്തിന്‍റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല. 

എന്‍റെ എഴുത്ത് ഇത്തിരി കൂടി പോയി..എന്‍റെ വാക്കുകളോ പ്രവര്‍ത്തിയോ ഏതെങ്കിലും വിശ്വാസികളെ വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. 

ലോകാ സമസ്താ സുഖിനോ ഭവന്തു . ലോകത്തിലുള്ള എല്ലാവര്‍ക്കും നല്ലത് വരട്ടെ. 

-pravin- 

Wednesday, July 18, 2012

പൂച്ചകള്‍ ഇപ്പോഴും കരയുന്നു


സുകുവേട്ടന്‍ ഒരു പ്രത്യേക ടൈപ്പ് ആണ്. ആരോടും അധികം സംസാരിക്കില്ല.  കള്ള് കുടിച്ച്, മുഷിഞ്ഞ വേഷത്തില്‍, ആടി പാടി ശബ്ദമുണ്ടാക്കാതെ ഇടവഴിയിലൂടെ അയാള്‍ നടന്നു വരുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. സുകുവേട്ടനെ എനിക്ക് വെറും ഒരു  വര്‍ഷത്തെ കണ്ടു പരിചയമേ ഉള്ളൂ. നാട്ടിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപക വേഷത്തില്‍ ചിലപ്പോള്‍ കാണാം, ചിലപ്പോള്‍ ക്യാമറയും തൂക്കി പിടിച്ചു കൊണ്ട് വല്ല പാടത്തോ, മരങ്ങളുടെ ചുവട്ടിലോ, കാട് പിടിച്ച കിടക്കുന്ന കാവുകളുടെ ഭാഗത്തോ ഒക്കെ സുകുവേട്ടനെ കാണാം. അതിനുമപ്പുറം, സുകുവേട്ടനുമായി ഒരു ബന്ധവും ആദ്യ കാലത്ത് എനിക്കുണ്ടായിരുന്നില്ല. 

ടൌണില്‍ തന്നെയുള്ള ഒരു ലോഡ്ജിലെ ഒറ്റ മുറിയില്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ പുള്ളിയുടെ താമസം. പിന്നീട് നാട്ടിലെ കുഞ്ഞന്‍ നായരുടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് വാടകയ്ക്ക് എടുത്ത ശേഷം ഗ്രാമത്തില്‍ വന്നപ്പോഴാണ് ആളെ മുഖാമുഖം കാണാന്‍ കിട്ടുന്നത് തന്നെ. കണ്ടിട്ടും വലിയ കാര്യമൊന്നുമില്ല, എന്നും ഒരേ കള്ള് കുടി , ഒരേ നടപ്പ് , ഒരേ മുഖഭാവം. പക്ഷെ എല്ലാവരോടും വളരെ സൌമ്യമായി മാത്രമേ  സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ. 

  പതിവ് പോലെ , സ്ക്കൂള്‍ വിട്ട ശേഷം ഇടവഴിയിലൂടെ അങ്ങനെ നടന്നു വരുമ്പോഴാണ് പത്മിനി ചേച്ചിയെ കാണുന്നത്. പത്മിനി ചേച്ചിയുടെ ഒക്കത്ത് ഒരു കുടം വെള്ളം ഉണ്ടായിരുന്നത് കൊണ്ട് ആടി പാടിയാണ് വരവ്. അത് കണ്ടപ്പോള്‍ സുകുവേട്ടന്‍ നടന്നു വരുന്നത് പോലെ തോന്നിയ ഞാന്‍ ചേച്ചിയോട് ചോദിച്ചു. 

"എന്താ ചേച്ചീ, സുകുവേട്ടന് പഠിക്കുകയാണോ ..ഒരു ആട്ടം..ഹി..ഹി.."

പൊതുവേ പത്മിനി ചേച്ചിക്ക് വെള്ളം കോരാന്‍ തന്നെ മടിയാണ്.  അപ്പോള്‍ പിന്നെ വെള്ളം കോരി നിറച്ച്,  കുടവും എടുത്ത് പ്രാകിയും പറഞ്ഞും വരുന്ന ചേച്ചിയോട് ഞാന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും എന്നോട് പറയുക. 

" ഡാ ചെക്കാ ..ഇയ്യ്‌ ന്‍റെ കയ്യീന്ന് വാങ്ങും..ഈ കൊടത്തിലെ വെള്ളം പോയാലും കുഴപ്പമില്ല, നിന്‍റെ മണ്ട ഞാന്‍ പൊട്ടിക്കും.."

"എന്റമ്മോ..ഇതിനു മാത്രം പറയാന്‍ ഞാന്‍ ഇപ്പൊ എന്താ ചേച്ചിയോട് പറഞ്ഞത്..നിങ്ങളുടെ വീട്ടില്‍ എത്രേം പെട്ടന്നു ഒരു കിണറു കുത്താന്‍ ഞാന്‍ ഗോപി മാമയോടു പറയാം..ഇന്നാ പിന്നെ ചേച്ചിയുടെ ഈ കഷ്ടപ്പാടൊക്കെ മാറും .." പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ കുടം നിലത്തു വച്ച് എനിക്ക് നേരെ ചേച്ചി തിരിഞ്ഞു എന്ന് കണ്ടപ്പോള്‍ ഞാന്‍ അവിടുന്ന് ഓടടാ ഓട്ടം ഓടി. 

അതിനു ശേഷം, ചേച്ചിയെ കാണുമ്പോഴൊക്കെ ഞാന്‍ സുകുവേട്ടന്റെ പേര് പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നെ പിന്നെ ചേച്ചിക്കും ആ വിളി ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു അവധിക്കാലത്ത്, ഉച്ച സമയം .  ചേച്ചിയുടെ വീട്ടിലെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ ഞങ്ങള്‍ ഒന്നിച്ചു മാങ്ങ പെറുക്കാന്‍ വേണ്ടി പോയ നേരത്ത് സുകുവേട്ടന്‍ ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു. പക്ഷെ, അന്നെന്തോ ആടിയാടിയല്ല വരുന്നത്. 

" ദെ ചേച്ചിയുടെ ആള് വരുണ്ടല്ലോ..." ഞാന്‍ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞു. 

"നീ പോടാ ചെക്കാ ...വെറുതെ അതും ഇതും പറഞ്ഞാലുണ്ടല്ലോ. എന്‍റെ ആള് ഇങ്ങനെ കള്ള് കുടിയനോന്നും ആവില്ല " ചേച്ചി പതിവില്ലാത്ത ഒരു നാണത്തോട് കൂടി അത് പറഞ്ഞിരിക്കാം. എന്തോ ഞാന്‍ അത് ശ്രദ്ധിച്ചില്ല. 

അന്ന് വൈകീട്ട് വീട്ടില്‍ പോകുന്ന വഴി ഞാന്‍ സുകുവേട്ടന്‍ താമസിക്കുന്ന വീടിനടുത്ത് കൂടിയാണ് പോയത് . ആ വീട് കണ്ടാല്‍ തന്നെ പേടിയാകും. മുറ്റത്ത്‌ നിറച്ചും കരിയിലകള്‍ വീണു കിടക്കുന്നു. അയയില്‍ അയാളുടെ കുറച്ചു തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കോഴികള്‍ ആ വീടിനു ചുറ്റും എന്തൊക്കെയോ പരതി നടക്കുന്നു. 

 നീളമുള്ള മുള്‍ വേലിയുടെ ചെറിയ ഓട്ടകള്‍ക്കിടയില്‍  കൂടി ആ വീട്ടുമുറ്റവും  നോക്കി കൊണ്ട് ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ്  അകത്തു നിന്ന് ഒരു പൂച്ച കുഞ്ഞിന്‍റെ കരച്ചില്‍ ഞാന്‍ കേട്ടത്. പൂച്ചകളെ വളരെ ഇഷ്ടമുള്ള ഞാന്‍ ആ വീടിന്‍റെ ഉമ്മറത്തേക്ക് ഓടി ചെന്ന് നോക്കി. എനിക്ക് സന്തോഷം അടക്കാന്‍ പറ്റിയില്ല. ഒരു കുഞ്ഞു കടലാസ് പെട്ടിക്കുള്ളില്‍ മൂന്നു ഭംഗിയുള്ള പൂച്ചക്കുട്ടികള്‍ അതിന്‍റെ അമ്മപ്പൂച്ചയുടെ പാല് കുടിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പൂച്ചയുടെ അടുത്തു ചെന്ന് ഇരിക്കുകയായിരുന്നു. 

"എന്താ പൂച്ചക്കുട്ടികളെ ഇഷ്ടമായോ ..." പിന്നില്‍ നിന്ന് സുകുവേട്ടന്‍ പെട്ടെന്ന് ആ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി. 
  
" ആ ഇഷ്ടായി ...നല്ല രസമുണ്ട്..എനിക്കിതിനെ തൊട്ടു നോക്കാന്‍ പറ്റ്വാ..." 

" ഏയ്‌ ..ഇപ്പൊ ചെറിയ കുട്ടികളല്ലേ..തൊടാന്‍ പറ്റില്ല. ഒരിത്തിരി കൂടി വലുതാവട്ടെ ..അപ്പൊ നീ തൊടുകയോ , കളിപ്പിക്കുകയോ എന്ത് വേണച്ചാല്‍ ചെയ്തോ ട്ടോ " വളരെ സ്നേഹത്തോടെ സുകുവേട്ടന്‍ എന്നെ ഉപദേശിച്ചു. 

പിന്നീട് ഞാന്‍ എന്നും സുകുവേട്ടന്റെ വീട്ടില്‍ പോയി പൂച്ചക്കുട്ടികള്‍ വലുതായോ എന്ന് നോക്കുമായിരുന്നു. ഒരിക്കല്‍ പത്മിനി ചേച്ചിയും എന്‍റെ കൂടെ വന്നു. അന്ന് സുകുവേട്ടന്‍ ആ വീട്ടില്‍ ഇല്ലായിരുന്നത് കൊണ്ട് ചുറ്റുപാട് മുഴുവന്‍ ഞങ്ങള്‍ നന്നായി നിരീക്ഷിച്ചു. വീടിന്‍റെ പിന്‍ഭാഗത്ത് ഒരു ചാക്ക് നിറയെ കാലിയായ  കള്ള് കുപ്പികള്‍ ഉണ്ടായിരുന്നു. വാതിലില്‍ ഞാന്‍ വെറുതെ തൊട്ടു നോക്കിയപ്പോള്‍ , അത് പൂട്ടിയിട്ടും ഇല്ലായിരുന്നു. 

ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം അവസാനം വീടിനകത്ത്  കടന്നു. വീട് ആകെ അലങ്കോലാവസ്ഥയിലാണ്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം ചിന്നി ചിതറി കിടക്കുന്നു. അവിടെ കിടന്നിരുന്ന ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി എടുത്തു നോക്കുന്നത് ഞാന്‍ കണ്ടു. അതെല്ലാം സുകുവേട്ടന്‍ എഴുതിയ പുസ്തകങ്ങള്‍ ആണെന്ന് മനസിലായി. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍  കണ്ടു കൊണ്ടിരിക്കുന്ന ഒരു കള്ള് കുടിയന്‍ പെട്ടെന്നൊരു സാഹിത്യകാരന്‍ എങ്ങിനെയാണ് ആയതെന്ന ആശ്ചര്യത്തില്‍ ഞങ്ങള്‍ പരസ്പ്പരം നോക്കി. അതിലെ ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി കൈയ്യിലെടുത്തു കൊണ്ട് വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. 

വായിച്ച പുസ്തകങ്ങള്‍ ചേച്ചി എന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചേല്‍പ്പിച്ചു. പകരം, ബാക്കിയുള്ള പുസ്തകങ്ങളും ഇത് പോലെ വായിക്കാന്‍ കൊണ്ട് തരാന്‍ എന്നോട് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല എന്താണ് നടക്കുന്നതെന്ന്. എന്തായാലും, വീട് സുകുവേട്ടന്‍ പൂട്ടി പോകാറില്ല എന്നുള്ളത് കൊണ്ട് ഈ പുസ്തക കൈമാറ്റം തകൃതിയായി നടന്നു. 

ഒടുക്കം സുകുവേട്ടന്‍ എഴുതിയ പുസ്തകങ്ങളും , സുകുവേട്ടന്‍ വായിച്ച പുസ്തകങ്ങളും എല്ലാം പത്മിനി ചേച്ചി വായിച്ചു കഴിഞ്ഞു എന്ന അവസ്ഥ വന്നപ്പോള്‍,  ഒരിക്കല്‍ കൂടി ആ ഭാര്‍ഗവീ നിലയത്തിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് സ്ക്കൂള്‍ തുറക്കും, അപ്പോള്‍ ഇതിനൊന്നും എന്നെ കിട്ടില്ല എന്ന് തമാശയില്‍ ഞാന്‍ ചേച്ചിയോട് പറയുകയും ചെയ്തു. വീടിനകത്ത് കയറി ശേഷം ഞങ്ങള്‍ കണ്ടത് വിശ്വസിക്കാനേ പറ്റിയില്ല. അടുക്കും ചിട്ടയോടും മുറികളെല്ലാം  വൃത്തിയാക്കിയിരിക്കുന്നു. 

സുകുവേട്ടന്റെ മുറിയില്‍ മേശ പുറത്ത് കുറെ പേപ്പറുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്തോ എഴുതി പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടുകള്‍ ആ പേനക്കും ആ പേപ്പറിനും ഉള്ള പോലെ തോന്നി പോയി. സുകുവേട്ടന്‍ എഴുതിയ കടലാസിലെ ചില വരികള്‍ ചേച്ചി എന്നെ വായിച്ചു കേള്‍പ്പിച്ചു. 


"ഒരു വര്‍ഷത്തോളമായി ഞാന്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം. ഇന്ന് മാറും നാളെ മാറും എന്ന് കരുതി ഞാന്‍ എന്‍റെ പേന പോലും ചലിപ്പിച്ചില്ല. ഈ ദാരിദ്ര്യം ഇനി മാറില്ല. ഇതെന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. കണ്ണുകള്‍ അടച്ചൊന്നു   സുഖമായി ഉറങ്ങാന്‍ പോലും പറ്റാതെ മദ്യത്തിന് അടിമപ്പെട്ട്, അടുക്കും ചിട്ടയുമില്ലതെയുള്ള   ഈ ജീവിത രീതിയില്‍ ഞാന്‍ വ്യസനിക്കുന്നു. എന്‍റെ  ആശയ ദാരിദ്ര്യം  തീരാന്‍ പോകുന്നു. എന്‍റെ ജീവിത രീതി മാറ്റി കുറിക്കപ്പെടാന്‍ പോകുന്നു. ......" 

അത്ര മാത്രമേ , ആ കടലാസില്‍ എഴുതിയിട്ടുള്ളൂ. ബാക്കി എഴുതാനുണ്ട് എന്നര്‍ത്ഥത്തില്‍ അപൂര്‍ണമായി എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നു. കടലാസിനെ പഴയ പോലെ അവിടെ തന്നെ വച്ച ശേഷം ഞങ്ങള്‍ പുറത്തു കടന്നു. പക്ഷെ ചേച്ചി ആകെ അസ്വസ്ഥയായി കാണപ്പെട്ടു. ഞാന്‍ വഴി നീളെ ചേച്ചിയോട് സംസാരിച്ചപ്പോഴും എന്നോട് മൂളുക മാത്രം ചെയ്തപ്പോള്‍ എനിക്കത് മനസിലായിരുന്നു. 

രണ്ടു ദിവസങ്ങള്‍ക്കു ശേഷം, എന്‍റെ സ്ക്കൂള്‍ തുറന്നു. അന്ന് വൈകീട്ട് ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം തോന്നി. വഴിയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് സുകുവേട്ടന്റെ വീട്ടിലെ അമ്മപ്പൂച്ച ചത്ത്‌ കിടക്കുന്നത് കണ്ടത്. അതിനെ ഏതോ നായ്ക്കള്‍ കടിച്ചു കൊന്നതാണെന്ന് തോന്നും വിധം വിരൂപമായിരുന്നു. അതിന്‍റെ പാല് കുടിച്ചു നടന്ന കുട്ടികളെ ഞാന്‍ ഒരു നിമിഷം ഓര്‍ത്ത്‌ പോയി. വീട്ടില്‍ പോയി വേഷം മാറിയ ശേഷം, വേഗം സുകുവേട്ടന്റെ പൂച്ചക്കുട്ടികളെ കാണാന്‍ വേണ്ടി ഞാന്‍ ഓടി.

ആ ഓട്ടം ചെന്ന് നിന്നത് സുകുവേട്ടന്റെ വീട്ടു മുറ്റത്താണ്. അവിടെ എന്തോ ഒരുപാട് ആളുകള്‍ കൂടി നിന്നിരുന്നു.  എന്തിനാണ്  പോലീസുകാരെല്ലാം വന്നു നില്‍ക്കുന്നത് ?

 അകത്തു നിന്ന് ആളുകള്‍ സുകുവേട്ടനെ വെള്ളപുതപ്പിച്ചു  എടുത്തു വരുന്നത് കണ്ടതോട്‌ കൂടി എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസിലായി തുടങ്ങി. 

 മൃത ദേഹം വണ്ടിയില്‍ കയറ്റി കൊണ്ട് പോയ ശേഷവും ആളുകള്‍ അവിടവിടെയായി നില്‍ക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ കരഞ്ഞു കണ്ണ് കലങ്ങിയ പത്മിനി ചേച്ചിയെ താങ്ങി പിടിച്ചു കൊണ്ട് ഗോപി മാമയും അമ്മായിയും നില്‍ക്കുന്നത് അപ്പോഴാണ്‌ ഞാന്‍ കണ്ടത്. എന്‍റെ മനസ്സ് ശൂന്യമായി. ഒന്നുമറിയാതെ പകച്ചു നിന്ന എന്‍റെ കാലില്‍ തൊട്ടു തഴുകി കൊണ്ട് പൂച്ചക്കുട്ടികള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. 

എന്തിനായിരിക്കും സുകുവേട്ടന്‍ ആത്മഹത്യ ചെയ്തത് ? ആശയ ദാരിദ്ര്യം ഒരു എഴുത്തുകാരനെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തരത്തില്‍ ശല്യം ചെയ്തിട്ടുണ്ടാകുമോ? വിഷാദരോഗം വരാന്‍ മാത്രം സുകുവേട്ടനുണ്ടായിരുന്ന പ്രശ്നങ്ങള്‍  എന്തായിരുന്നു  ? പത്മിനി ചേച്ചി എന്ത് കൊണ്ട് പിന്നെ വിവാഹം കഴിച്ചില്ല?അവര്‍ തമ്മില്‍ സംസാരിച്ചിട്ടില്ലായിരുന്നു, പ്രണയിച്ചിട്ടില്ലായിരുന്നു എന്ന് ആരെക്കാളും കൂടുതല്‍ എനിക്കറിയാമായിരുന്നു.പിന്നെന്തിനു, നാട്ടുകാര്‍ ആ പാവത്തിന്‍റെ പേരില്‍ ഒരു ഇല്ലാത്ത പ്രണയ കഥ പാടി നടന്നു. ഒന്നിനും വ്യക്തമായ ഒരുത്തരം ഇന്നും എനിക്ക് കിട്ടിയിട്ടില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും  പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്  മരണത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന എന്‍റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്‍റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്‍റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍. 

-pravin- 
മയില്‍‌പ്പീലി മാഗസിനില്‍ പബ്ലിഷ് ചെയ്തു വന്ന ഈ കഥ വായിക്കാന്‍ ഇവിടെ ക്ലിക്കുക . 
http://www.malayalamemagazine.com/Mayilppeeli/Issue4/

Wednesday, July 11, 2012

രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും- ഭാഗം 2

ഒന്നാം  ഭാഗം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഭാഗം 1 - രക്തഗ്രൂപ്പ് നിര്‍ണയം 

ഭാഗം 2 - രക്തദാനം 

അങ്ങനെയിരിക്കെ ഒരു ദിവസം പട്ടാമ്പി കോളേജില്‍ പതിവ് പോലെ, പൂമരച്ചുവട്ടില്‍ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന സമയം. അകലെ നിന്ന് ഭേജാറു പിടിച്ചു കൊണ്ട് മുജീബ് എന്ന സുഹൃത്ത് ഞങ്ങള്‍ക്ക് നേരെ ഓടി വരുന്നത് കാണാമായിരുന്നു. സംഭവം എന്തോ പന്തികേടുണ്ട് എന്ന് അവന്‍റെ വരവ് കണ്ടപ്പോഴേ ഞാന്‍ ഊഹിച്ചു. ഓടി കിതച്ചു കൊണ്ട് വന്നു നിന്ന ശേഷം അവന്‍ എന്നോട് പറഞ്ഞു.

"ഡാ...നിന്നെ അന്വേഷിച്ചു കൊണ്ട് കുറെ നേരമായി ഒരു കൂട്ടം ആളുകള്‍ നടക്കുന്നു..നമ്മുടെ സ്ഥിരം കോളേജ് -തല്ലു -കൂടല്‍ ടീം മൊത്തം അവരുടെ കൂടെയുണ്ട്. നീ വേഗം പൊയ്ക്കോ..ഇനി കുറച്ചു ദിവസം കഴിഞ്ഞു വന്നാല്‍ മതി .." 

"ഫൂ..അവന്‍റെ വക ഒരു ഉണക്ക ഉപദേശം ..." ഞാന്‍ അവനെ 'പുഞ്ഞിച്ചു' തള്ളി ..
അല്ലേലും ,തല്ലാനും കൊല്ലാനും മാത്രം ഒരു തെറ്റും ചെയ്യാത്ത ഒരു പാവമാണ് ഞാന്‍ എന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയം  എനിക്ക് തൊട്ടു തീണ്ടിയിട്ടു പോലുമില്ല.  അത് കൊണ്ട് തന്നെ , ചായയും വടയും തരാമെന്നു പറഞ്ഞാല്‍ കോളേജില്‍ നടക്കുന്ന ഏത് പാര്‍ട്ടി മീറ്റിങ്ങിനും ഞാന്‍ പോകുമായിരുന്നു. അതിപ്പോ , S.F.I, K.S.U, A.B.V.P, S.I.O എന്നൊന്നും എനിക്കില്ല. അത് കൊണ്ടെന്താ എല്ലാ പാര്‍ട്ടിയിലും നല്ല സ്വാധീനം .

കൂടെയുള്ള സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം പലപ്പോഴും K.S.U വിനോട് വല്ലാത്തൊരു ചായ്‌വ് കാണിച്ചിരുന്നു എന്നത് സത്യം. ഇന്നത്തെ പാലക്കാട് M.L.A ഷാഫി പറമ്പില്‍ , വിബിന്‍ കെ. സി എന്നിവരായിരുന്നു അന്ന് പട്ടാമ്പി കോളേജില്‍ ദുര്‍ബലമായി കിടന്നിരുന്ന   K.S.U  വിനെ ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു കൊണ്ടിരുന്നിരുന്നത്. സുഹൃത്തുക്കളായ അവര്‍ക്കൊപ്പം നടക്കുന്നത് കണ്ടിട്ട്, ഞാനൊരു വലിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ് എന്ന് വല്ലവരും തെറ്റിദ്ധരിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ലായിരുന്നു. 

ഇനി ഇപ്പൊ , ആ വഴിക്ക് വല്ല അടിയും വരാനുണ്ടോ എന്നായി എന്‍റെ ചിന്ത. എന്തായാലും ക്ലാസില്‍ പോയി ബാഗ് കൈയ്യില്‍ വക്കാന്‍ തീരുമാനിച്ചു. ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ പോകുന്നു എന്നു മനസിലാക്കിയാല്‍ ഒന്നും നോക്കാതെ ഓടണം ..അതിപ്പോ ഒരു തെറ്റൊന്നുമല്ലല്ലോ ? മഹാന്മാരായ എത്രയോ പേര്‍ ഇത് പോലെ ഓടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ എന്നെ തന്നെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന  സമയത്ത് ഒരാള്‍ക്കൂട്ടം എന്നെ വളഞ്ഞു. എന്‍റെ പേര് ഉറപ്പാക്കാനായിരിക്കണം അവരെന്‍റെ പേര് ചോദിച്ചു. ഇനി ഇപ്പൊ പേര് മാറ്റി പറഞ്ഞിട്ട് വലിയ കാര്യമില്ല എന്നര്‍ത്ഥത്തില്‍ നിസ്സഹായനായി കൊണ്ട് തന്നെ ഞാന്‍ എന്‍റെ പേര് പറഞ്ഞു. അപ്പോഴാണ്‌ കാര്യം അവര്‍ തെളിച്ചു പറയുന്നത്. 

പെരിന്തല്‍മണ്ണ ഹോസ്പിറ്റലില്‍ ഒരാള്‍ക്ക്‌ O -ve രക്തം വേണം. പട്ടാമ്പി കോളേജില്‍ തന്നെ പഠിക്കുന്ന എന്‍റെ ഒരു സഖാവ് -സുഹൃത്തിന്റെ നാട്ടുകാരനാണ് രക്തം കൊടുക്കേണ്ടത്. കോളേജില്‍ അന്വേഷിച്ചപ്പോള്‍ ഈ രക്ത ഗ്രൂപ്പ് ആകെയുള്ളത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. അതില്‍ കുറച്ചു പേര്‍ പെണ്‍കുട്ടികള്‍, ബാക്കിയുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടത്ര ആരോഗ്യവും ഇല്ല. അങ്ങനെയാണ്  നറുക്ക് എനിക്ക് തന്നെ വീണത്‌. 

ഈ കാര്യത്തില്‍ ഒരു ഉപേക്ഷ കാണിക്കാന്‍ തോന്നുന്നുമില്ല, അതെ സമയം രക്തം കൊടുക്കാന്‍ ഭയങ്കര പേടിയും. അത് മാത്രവുമല്ല, ഈ സഖാവ് സുഹൃത്ത് പലപ്പോഴായി എനിക്ക് ചായയും വടയും വാങ്ങി തന്നിട്ടുണ്ട്. ആ ഒരു നന്ദി എനിക്ക് കാണിക്കേണ്ടേ ? ഒടുക്കം ഞാന്‍ പെരിന്തല്‍മണ്ണ വരെ പോകാന്‍ തന്നെ തീരുമാനിച്ചു. 


അധ്യാപകരോട് അനുവാദം വാങ്ങിയ ശേഷം എന്നെയും കൂട്ടി കൊണ്ട് ഒരു സംഘം പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക്   യാത്ര തിരിച്ചു. പക്ഷെ അതില്‍ ചിലര്‍ , പട്ടാമ്പി അലക്സ് തിയേറ്ററിനു അടുത്തു ബസ്‌ നിര്‍ത്തിയപ്പോള്‍ ചാടി ഇറങ്ങുന്നത് കണ്ടു. എന്‍റെ പേരും പറഞ്ഞു കൊണ്ട് കോളേജില്‍ നിന്ന് സിനിമയ്ക്കു പോകാന്‍ ഇറങ്ങി തിരിച്ചവരായിരുന്നു അവരെല്ലാം. ഇവരെയൊക്കെ എന്ത് പേരാ വിളിക്കുക ല്ലേ ?  ഹും..അങ്ങനെ വഴിയില്‍ ഓരോരുത്തരായി പല വഴിക്ക് പോയി.  അവസാനം ആശുപത്രിയില്‍ എത്തിയ സമയത്ത്  ഞങ്ങള്‍ വെറും രണ്ടു പേര്‍ മാത്രം. 

ആശുപത്രിയില്‍ ചെന്ന്  കയറിയതും ഒരു ചെറുപ്പക്കാരന്‍  എന്‍റെ കൈ പിടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. അയാള്‍ ആകെ ക്ഷീണിതനായിരുന്നു. കുഴിയില്‍ ആണ്ടു പോയ പ്രതീക്ഷയറ്റ കണ്ണുകള്‍, മെലിഞ്ഞ ശരീരം, ഇരു നിറം, അതായിരുന്നു അയാളുടെ ആകെ രൂപം. രക്തം സ്വീകരിക്കേണ്ട ആളുടെ വേണ്ടപ്പെട്ട ഒരാളെന്ന നിലയിലാണ് അയാളെന്നോട് സംസാരിച്ചു കൊണ്ടിരുന്നിരുന്നത്. 

ഞങ്ങള്‍ ചെന്നെത്തിയ ആശുപത്രിയില്‍ രക്തദാനം നടത്താനുള്ള സജ്ജീകരണങ്ങളുടെ കുറവ് കൊണ്ടും , ബ്ലഡ്‌ ബാങ്കില്‍ പോയി രക്ത ദാതാവിന്‍റെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം  എന്നുള്ളത് കൊണ്ടും ആദ്യം അവിടെ അടുത്തു തന്നെയുള്ള ബ്ലഡ്‌ ബാങ്ക് വരെ പോകേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ ഞങ്ങളെ  അറിയിച്ചു.  

ഈ കാര്യം പറയാന്‍ വേണ്ടി , കൂടെ വന്ന സുഹൃത്തിനെ നോക്കിയപ്പോള്‍ അവന്‍ പോകാന്‍ തിടുക്കം കാണിച്ചു. ഒരാളെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചു കൂടെ നിര്‍ത്തണ്ട കാര്യമില്ല എന്നത് കൊണ്ട് അവനോടു ഞാന്‍ തന്നെ പൊയ്ക്കോളാന്‍ പറഞ്ഞു. അങ്ങനെ രക്ത ദാനത്തിനു വേണ്ടി കോളേജില്‍ നിന്നും ഒരു വലിയ അകമ്പടിയോടു കൂടെ വന്ന ഞാന്‍ ഒറ്റക്കായി. 

അപ്പോഴും എന്‍റെ കൂടെ ആ  മെലിഞ്ഞ ആള്‍ ഉണ്ടായിരുന്നു. അയാളെന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു .

"സാരമില്ല. നമ്മള്‍ രണ്ടു പേര് പോയാല്‍ പോരെ  ബ്ലഡ്‌ ബാങ്കിലേക്ക് ..എന്താ അത് പോരെ ? "

" ഹോ..അത് മതി..ധാരാളം  " ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. 

അതും പറഞ്ഞു കൊണ്ട് ഞങ്ങള്‍ , ആശുപത്രി പടികള്‍  ഇറങ്ങാന്‍ തുടങ്ങി. 

"നിങ്ങളുടെ ആര്‍ക്കാണ് ബ്ലഡ്‌ വേണ്ടത് ?"  ഞാന്‍ ചോദിച്ചു. 

"ഹ ..ഹ..എന്‍റെ ആര്‍ക്കും ബ്ലഡ്‌ വേണ്ട, വേണ്ടത് എനിക്ക് തന്നെയാണ് ..ഞാനൊരു ഡയബറ്റിസ് രോഗിയാണ് .. " ഒരു സന്തോഷ വാര്‍ത്ത പറഞ്ഞ പോലെ ചിരിച്ചു കൊണ്ടയാള്‍ എന്നെ നോക്കി പറഞ്ഞു. 

എനിക്കത് വിശ്വസിക്കാനേ പറ്റിയില്ല . ഒരാള് പോലും  കൂടെയില്ലാതെ ഏതെങ്കിലും രോഗി ഇക്കാലത്ത് ആശുപത്രിയില്‍ ഈ വക കാര്യങ്ങള്‍ക്കായി നടക്കുമോ ? എന്‍റെ സംശയത്തിനുള്ള ഉത്തരവും അയാള്‍ തന്നെ നല്‍കി. ഓട്ടോയില്‍ കയറി  ബ്ലഡ്‌ ബാങ്കിലേക്ക് പോകുന്ന വഴി അയാള്‍ ഓരോരോ കാര്യങ്ങളായി   പറയാന്‍ തുടങ്ങി. അങ്ങനെ ബ്ലഡ്‌ ബാങ്കില്‍ എത്തുന്നതിനിടയില്‍  ഞാന്‍ അയാളോട് പലതും ചോദിച്ചറിഞ്ഞു. 

ഗുജറാത്തിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിരുന്നു. ആ സമയത്താണ് രോഗബാധിതനാകുന്നതും ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തുന്നതും. പിന്നീട്  ഭാര്യയുടെ ആഭരണങ്ങളും വീടും പറമ്പും വരെ കടപ്പെടുത്തി കൊണ്ടാണ് ചികിത്സ തുടരുന്നതെന്ന് പറയുന്നു. 

"ആഴ്ച തോറും എനിക്ക് ശരീരത്തില്‍ ബ്ലഡ്‌ കയറ്റണം. അതും കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള O -ve  ബ്ലഡ്‌ തന്നെ വേണം താനും. ഈ ബ്ലഡ്‌  ഗ്രൂപ്പുള്ള കുറച്ചു സുഹൃത്തുക്കള്‍ ആണ് എനിക്ക് വേണ്ടി പതിവായി രക്തം തരാറുണ്ടായിരുന്നത്. ഒരാള്‍ ഒരിക്കല്‍ രക്ത ദാനം നടത്തിയാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും രക്തം കൊടുക്കാന്‍ പാടൂ എന്ന് ഡോക്റ്റര്‍മാര്‍ പറയുന്നുണ്ട്. എന്‍റെ കുറച്ചു  സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇടവിട്ടാണ് എനിക്ക് രക്തം തരുന്നത്. അതില്‍ രണ്ടു പേര്‍ ഇപ്പോള്‍ ശബരി മലക്ക് പോയത് കൊണ്ടാണ് പെട്ടെന്ന് രക്തം തരാന്‍ ആളില്ലാതെയായത്. അങ്ങനെയാണ് എന്‍റെ നാട്ടുകാരനും നിങ്ങളുടെ കോളേജ് സുഹൃത്തുമായ മുരളി നിങ്ങളെ ഈ കാര്യത്തിനു വേണ്ടി സമീപ്പിക്കുന്നതും നിങ്ങളിവിടെ എത്തുന്നതും .പണ്ടൊക്കെ ഒരുപാട് പേരുടെ സഹായമുണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ല. സഹായിച്ചിട്ടു വല്യ കാര്യമില്ല എന്ന് മനസിലായിക്കാണും. അതാകും.. " അയാള്‍ ഒരു നെടുവീര്‍പ്പോട് കൂടി ഇത്രയും പറഞ്ഞു നിര്‍ത്തി. 

ബ്ലഡ്‌ ബാങ്കിലെത്തിയ ശേഷവും അയാള്‍ തന്നെയായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടന്നിരുന്നത്. എന്‍റെ ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് വരാന്‍  സമയം എടുക്കുമെന്ന് കണ്ടപ്പോള്‍, അയാള്‍ എന്നെയും കൂട്ടി കൊണ്ട്   ഒരു ചായക്കടയില്‍ കയറി. പക്ഷെ അയാള്‍ ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞു. പലതും കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അയാള്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ അവകാശമില്ല. എന്തിനു പറയുന്നു ദാഹിക്കുമ്പോള്‍ വേണ്ടത്ര വെള്ളം കുടിച്ചാല്‍ വരെ അയാളുടെ ജീവന്‍ നഷ്ടപ്പെടാന്‍  അത് കാരണമായേക്കാം. ഇതെല്ലാം അറിഞ്ഞു കൊണ്ട് എനിക്കെങ്ങനെ ചായ കുടിക്കാനാകും.  ഞാന്‍ ചായ കുടി പകുതിക്ക് വച്ച്  നിര്‍ത്തി. വീണ്ടും ബ്ലഡ്‌ ബാങ്കിലേക്ക് അയാളുടെ കൂടെ നടന്നു കയറി. റിസള്‍ട്ട് കിട്ടും വരെ ബ്ലഡ്‌ ബാങ്കിന്‍റെ വരാന്തയിലിരുന്ന്  ഞങ്ങള്‍ ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു. 

ഭൂതകാലത്തെ  നല്ല ഓര്‍മ്മകള്‍ അയാളുടെ മനസ്സിനെ അലട്ടാന്‍ തുടങ്ങിയിരുന്നു. ആ കാലത്തെ  അയാളുടെ സൌന്ദര്യത്തെയും ആരോഗ്യത്തെയും ജീവിതത്തെ കുറിച്ചും അയാള്‍ ഗദ്ഗദത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കത് കൂടുതല്‍ മനസിലായി. സ്വന്തം കുടുംബത്തിനു വരെ ഒരു ബാധ്യതായി ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണ് എനിക്കയാളില്‍ നിന്നും വായിച്ചറിയാന്‍ സാധിച്ചത്. എന്നിട്ടും തന്നെ തിരിഞ്ഞു നോക്കാത്ത ആരോടും ഒരു പരാതിയും പറയാതെ അയാള്‍ ജീവിക്കാനോ മരിക്കാനോ  എന്തിനൊക്കെയോ വേണ്ടി നെട്ടോട്ടമോടുന്നു. 

ഇതൊരാളുടെ മാത്രം അവസ്ഥയല്ല. ഈ രോഗത്തിന് അടിമപ്പെടുന്ന ഏതൊരാളുടെയും ജീവിതം വളരെ ദയനീയം തന്നെയാണ്. ഒരുപാട് പണം കൊടുത്ത് ചികിത്സിച്ചത്‌ കൊണ്ടും ഇത്തരം രോഗികള്‍ രക്ഷപ്പെടുന്നില്ല. ഉണ്ടാകുന്നത് വലിയ സാമ്പത്തിക ബാധ്യതകള്‍ മാത്രം. അത് കരുതി ആരും ചികിത്സ വേണ്ടാന്നു വക്കില്ലല്ലോ. എല്ലാവരെയും പോലെ ഇവരും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു . ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ കഴിക്കാന്‍ പോലും പറ്റാതെ ,  ഒരു പ്രതീക്ഷയും ഇല്ലാതെയുള്ള അയാളുടെ ജീവിതത്തെ കുറിച്ചോര്‍ത്തു കൊണ്ട് എന്‍റെ മനസ്സ് എന്തെന്നില്ലാതെ വേദനിച്ചു. 

ആദ്യമായാണ് ഞാന്‍ രക്തം കൊടുക്കുന്നതെന്നുള്ളത് കൊണ്ട് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഓരോ തുള്ളി രക്തവും എന്‍റെ ശരീരത്തില്‍ നിന്ന് രക്തം ശേഖരിക്കുന്ന കവറിലേക്ക് ഒഴുകി ഇറങ്ങുമ്പോഴും , അയാളെ കുറിച്ച് മാത്രം ഞാന്‍ ഓര്‍ത്തു. അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.  രക്തദാനത്തിനു ശേഷം എന്തെന്നില്ലാത്ത സംതൃപ്തി ഞാന്‍ അനുഭവിച്ചു. അര്‍ഹിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടി തന്നെയാണല്ലോ ഞാന്‍ ആദ്യമായി രക്തം കൊടുത്തത് എന്നോര്‍ക്കുമ്പോള്‍ ഒരു വേളയില്‍ എനിക്കഭിമാനം തന്നെ തോന്നി പോയി. 

 രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നതിന് അനുസരിച്ച് അയാള്‍ക്ക് ഇനിയും ഒരുപാട് തവണ രക്തം കയറ്റേണ്ടി വരും. ഞാന്‍ കൊടുത്ത രക്തം കൊണ്ട് മാത്രം ഡയാലിസിസ് നടത്താന്‍ സാധ്യമല്ല . ഇതേ രക്ത ഗ്രൂപ്പ് ഉള്ളവര്‍ കഴിഞ്ഞ ദിവസം നല്‍കിയ രക്തം   രക്തബാങ്കില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പുതിയ രക്തത്തെ മാത്രമേ അയാളുടെ ശരീരം സ്വീകരിക്കുകയുള്ളൂ എന്നുള്ളത് കൊണ്ട് രണ്ടു  ദിവസം മാത്രമേ ബാങ്കില്‍ ഈ രക്തം എടുത്തു വക്കുകയുള്ളൂ. പണ്ടൊരിക്കല്‍, ബ്ലഡ്‌ ബാങ്കില്‍ തന്നെയുള്ള   O-ve രക്തം അയാള്‍ സ്വീകരിച്ചപ്പോള്‍ ശരീരമാകെ ചൊറിഞ്ഞ് വീര്‍ത്തതിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും അയാളുടെ ശരീരത്തില്‍ നോക്കിയാല്‍ കാണാമായിരുന്നു എനിക്ക്. 

എന്‍റെ രക്തം ഒരു പക്ഷെ അയാളുടെ ശരീരത്തില്‍ വെറും രണ്ടാഴ്ച മാത്രമേ കലര്‍ന്ന് കിടക്കുമായിരിക്കുള്ളൂ, എങ്കില്‍ കൂടി അയാളെ പോലുള്ള ഒരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവസരം എനിക്ക് തന്ന ദൈവത്തെയും സുഹൃത്തുക്കളെയും ഞാന്‍ ആ  ഒരു നിമിഷത്തില്‍ സ്മരിച്ചു പോയി. 

തനിക്കിനി ഒരു ജീവിതമില്ല എന്ന സത്യം അറിഞ്ഞിട്ടും അയാള്‍ എങ്ങനെ ചിരിച്ചു കൊണ്ട് എന്നോടിതൊക്കെ പറഞ്ഞു എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു. 

രക്തം കൊടുത്ത് പുറത്തിറങ്ങിയ സമയത്ത് അയാളെന്റെ കൈവെള്ളയില്‍ പത്തിന്‍റെ കുറെ നോട്ടുകള്‍ വച്ച് തന്നു കൊണ്ട് പറഞ്ഞു.

" ഇത് വച്ചോളൂ..ബസ് കാശും , പിന്നെ എന്‍റെ ഒരു സന്തോഷത്തിനും.."

ആ പൈസ ഞാന്‍ അയാളുടെ പോക്കെറ്റില്‍ തന്നെ ഇട്ടു കൊടുത്തിട്ട് പറഞ്ഞു 

"ഇതൊന്നും വേണ്ട..ഇനിയും എന്‍റെ  ആവശ്യം വരുമ്പോള്‍ വിളിക്കണം , എവിടെയാണെങ്കിലും ഞാന്‍ വരും.." 

അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും എന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവസാനമായി അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു നടന്നകലുമ്പോഴും അയാളെ ഒന്ന് കൂടി തിരിഞ്ഞു നോക്കാന്‍ ഞാന്‍ മറന്നില്ല. അയാള്‍ അപ്പോഴേക്കും അടുത്ത ദിവസം രക്തം സ്വീകരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ മുഴുകി കഴിഞ്ഞിരുന്നു.  

പിന്നീട് രണ്ടു തവണ കൂടി ഞാന്‍ രക്തദാനം നടത്തിയെങ്കിലും , ഒരിക്കലും ആ പഴയ ആളോ, അവരുടെ സുഹൃത്തുക്കളോ എന്നെ ഇത് വരെയും രക്തം ആവശ്യമുണ്ടെന്നു പറഞ്ഞിട്ട് വിളിച്ചില്ല. ഇതെഴുതുമ്പോള്‍, ഇപ്പോഴും എനിക്കറിയില്ല അയാള്‍ ഇന്നും ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം. 

രക്തം ഇത് അവരെയും ദാനം ചെയ്യാത്തവരോടായി ഞാന്‍ പറയട്ടെ. നിങ്ങള്‍ രക്തദാനം ചെയ്യാന്‍ കിട്ടുന്ന അവസരം ഒരിക്കലും വേണ്ടെന്നു വക്കരുത്. അങ്ങനെ വേണ്ട എന്ന് തീരുമാനമെടുക്കുന്ന നിങ്ങള്‍ ഒരു പക്ഷേ  ഒരാളുടെ ജീവനെ തന്നെ ഇല്ലാതാക്കിയേക്കാം. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക. രക്തദാനം  ഒരു ജീവദാനവും മഹാദാനവും ആണെന്ന് മനസ്സിലാക്കുക. 
-pravin- 

Monday, July 9, 2012

രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും - ഭാഗം 1

ഭാഗം 1 - രകതഗ്രൂപ്പ് നിര്‍ണയം 

ഞാന്‍ ഡിഗ്രിക്ക്  പഠിക്കുന്ന  സമയത്താണ്  കോളേജില്‍ രക്ത  ഗ്രൂപ്പ് നിര്‍ണയ  ക്യാമ്പ്‌ നടക്കുന്നത്. എനിക്കാണെങ്കില്‍ എന്‍റെ രക്ത  ഗ്രൂപ്പ്‌ എന്താണെന്ന്  അറിയുകയും ഇല്ല. അവസാനം എന്നാ പിന്നെ അത് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം എന്ന് പറഞ്ഞു കൊണ്ട് ഞാനും രക്ത  ഗ്രൂപ്പ്‌ നിര്‍ണയം നടക്കുന്ന  ക്ലാസിലേക്ക്  പോയി. അവിടെ ചെന്ന്  ചോര കുത്തിയെടുക്കുന്ന  രംഗം കണ്ടപ്പോള്‍ തന്നെ എന്‍റെ തല  കറങ്ങാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ എന്നെ അവിടെ നിന്നു പോകാനും സമ്മതിക്കുന്നില്ല. 

അവസാനം എന്‍റെ ഊഴം എത്തി. നഴ്സ്മാര്‍ എന്‍റെ  വിരലില്‍  സൂചി കൊണ്ടെത്ര കുത്തിയിട്ടും ചോര വന്നില്ല . പേന  പിടിച്ചിട്ടാണെന്ന് തോന്നുന്നു വിരലുകള്‍ക്ക്  ഭയങ്കര  ബലം. അവസാനം രണ്ടു വിരലിലും സൂചി കൊണ്ട് കുത്തി  കുത്തിയാണ് ഒരു തുള്ളി ചോര എടുത്തത്.  ചോര എടുത്ത ശേഷം ,  എന്‍റെ മുന്നില്‍ ഉള്ള  എല്ലാ നഴ്സുമാരും കൂടി സുദീര്‍ഘമായ  പരിശോധന  തുടങ്ങി. രക്തത്തുള്ളി തലങ്ങും, വിലങ്ങും വെളിച്ചത്തിലും, ഇരുട്ടിലും നോക്കി കൊണ്ടേ ഇരിക്കുന്നു. അവസാനം അവരെന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു. 

ഞാന്‍ നോക്കുമ്പോള്‍ എന്‍റെ പിന്നിലുള്ളവര്‍  എല്ലാവരും പെട്ടെന്ന്  തന്നെ ഗ്രൂപ്പ്‌ നിര്‍ണയം കഴിഞ്ഞു പോകുന്നു. എന്നെ എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത് ?  അവസാനം ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട്, കാണാന്‍ സുന്ദരിയായ ഒരു നഴ്സ് എന്നോട് നാളെ തന്നെ അവരുടെ ആശുപത്രിയില്‍ രാവിലെ ഹാജരാകാന്‍ പറഞ്ഞു.  അപ്പോള്‍ തന്നെ എനിക്കൊന്നു ഉറപ്പായി. എന്തോ മാരകമായ രോഗം ഉണ്ടെനിക്ക്. അത് കൂടുതല്‍ വിശദീകരിച്ചു പറയാനായിരിക്കും എന്നോട് ആശുപത്രിയില്‍ വരാന്‍ പറയുന്നത്..  അങ്ങനെ ആലോചിച്ച് ആലോചിച്ച് ഞാന്‍ കാട് കയറി കൊണ്ടേ ഇരുന്നു. 

അവിടെ നിന്നും , പുറത്തിറങ്ങിയപ്പോള്‍ കോളേജ് വരാന്തയില്‍  വിഷണ്ണനായി നില്‍ക്കുന്ന  മറ്റൊരു ക്ലാസിലെ കൂട്ടുകാരനെയും ഞാന്‍ കണ്ടു.  അന്വേഷിച്ചപ്പോള്‍ ഒരു കാര്യം കൂടി മനസിലായി. അവനോടും അവര്‍ ഇത് തന്നെ പറഞ്ഞത്രെ. എന്തായാലും , പകുതി സമാധാനം കമ്പനി കിട്ടിയല്ലോ. മരിക്കുന്നേല്‍ ഇനി ഞങ്ങള്‍ രണ്ടാളും ഒപ്പം ഉണ്ടാകുമല്ലോ എന്ന  ആശ്വാസത്തില്‍  ആ ദിവസം തള്ളി നീക്കാന്‍ സഹായിച്ചു. വീട്ടിലൊന്നും ആരോടും ഒന്നും പറഞ്ഞില്ല. അന്ന് രാത്രി , വീട്ടില്‍ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കിയെങ്കിലും എനിക്ക് കഴിക്കാന്‍ സാധിച്ചില്ല. അതല്ലേലും ആ ഒരവസ്ഥയില്‍ ആരും ഒന്നും കഴിക്കില്ല. എന്‍റെ അവസ്ഥ ഞാന്‍ വീട്ടുകാരോടും പറഞ്ഞില്ല. എത്രയും പെട്ടെന്ന് നേരം വെളുത്താല്‍ മാത്രം മതി എന്നായിരുന്നു ഏക പ്രാര്‍ത്ഥന. 

അങ്ങനെ, നേരം വെളുത്തു. കാലത്ത് നേരത്തെ കോളേജില്‍ എത്തി . അവിടെ നിന്ന് മറ്റേ സുഹൃത്തിനെയും കൂടെ കൂട്ടി കൊണ്ട്   കോളേജില്‍ നിന്നു ഞങ്ങള്‍ നേരെ ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍, ആശുപത്രിക്കാരില്‍ നിന്നും   വീണ്ടും അതെ ദയനീയമായ നോട്ടത്തിനു ഞങ്ങള്‍ വിധേയരായി. അങ്ങനെ  വീണ്ടും ടെസ്റ്റിംഗ് തുടങ്ങി. എനിക്ക് ദ്വേഷ്യം വരുന്നു. ഡോക്റ്ററും നഴ്സുമാരും എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു.   ഇതെല്ലാം കണ്ടു  സഹി കേട്ടപ്പോള്‍ , ദ്വേഷ്യം കൊണ്ട് ഡോക്ടറോട്  ഞാന്‍ ചോദിച്ചു 

"സത്യം പറ ഡോക്ടറെ ഞങ്ങള്‍ക്ക് എന്താ അസുഖം ? ,,,കാന്‍സര്‍ ആണോ ? ഇനി എത്ര ദിവസം കൂടി ബാക്കിയുണ്ട് ഞങ്ങള്‍ക്ക്..."

ഇത് കേട്ട ശേഷം ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അയ്യോ..നിങ്ങള്‍ക്ക് ഒരു അസുഖവുമില്ല. നിങ്ങളുടെത്  അപൂര്‍വ  രക്ത ഗ്രൂപ്പ്‌ ആയ   0-ve ആണ്. ഇന്നലെ കോളേജില്‍ വച്ച് ടെസ്റ്റ്‌ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയില്ല. അത് കൊണ്ടാണ് ഇവിടെ വന്നു മുഴുവന്‍ ലാബ്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ട് അതുറപ്പിച്ചു പറയാം എന്ന് കരുതിയത്‌.,. അല്ലാതെ നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലാ..പേടിക്കേണ്ട..ഹ ! ഹ ..പിന്നെ, നിങ്ങളുടെ രക്ത ഗ്രൂപ്പിന്‍റെ പ്രത്യേകത എന്താണെന്ന് കൂടി പറയാം. നിങ്ങളുടെ രക്തം ആര്‍ക്കു വേണമെങ്കിലും ദാനം ചെയ്യാം , പക്ഷെ O -ve  ഗ്രൂപ്പുകാര്‍ക്ക് അതെ  രക്തം തന്നെ കിട്ടിയാലേ സ്വീകരിക്കാന്‍ പറ്റൂ എന്ന് മാത്രം . അത് കൊണ്ട് നിങ്ങള്‍ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്  . രക്ത ദാതാക്കളുടെ  മേല്‍വിലാസം എഴുതി സൂക്ഷിക്കുന്ന ആശുപത്രിയുടെ പുസ്തകത്തില്‍  നിങ്ങളുടെ പേരും കൂടി എഴുതി ചേര്‍ക്കൂ. ആവശ്യം വന്നാല്‍ വിളിക്കാമല്ലോ "

" ന്ഹെ ..വീണ്ടും പണി പാളിയോ...ഇനി ഇപ്പൊ ഇതിവിടെ എഴുതി വച്ചിട്ടു അടുത്ത പണി വേറെ കിട്ടുമോ? " ഞാന്‍ മനസ്സില്‍ ആലോചിച്ചു. പിന്നെ ചിരിച്ചു കൊണ്ട് ഡോക്റ്റരോട് പറഞ്ഞു . 

"അതിനെന്താ ...ഞങ്ങള്‍ എഴുതിക്കോളാം ..എന്തായാലും  സമാധാനമായി വേറെ  കുഴപ്പം ഒന്നുമില്ലാന്ന് പറഞ്ഞല്ലോ ..എന്നാലും ഇത് വല്ലാത്തൊരു ടെസ്റ്റിംഗ് തന്നെയായിരുന്നു ട്ടോ ഡോക്റ്ററെ. ."  മറ്റേ കൂട്ടുകാരന്‍ പറഞ്ഞു. 

മേല്‍വിലാസം എഴുതി കൊടുത്ത് കൊണ്ട് സന്തോഷമായി  ഞങ്ങള്‍ കോളേജിലേക്ക് മടങ്ങി.

(തുടരും)
                                                    ************************************
രണ്ടാം ഭാഗം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 
-pravin-