Thursday, November 15, 2012

'തിരക്ക്മനുഷ്യ'നും ജിന്നും

ഭാഗം ഒന്ന്  

അന്‍വറിനെ  ഞാന്‍ പരിചയപ്പെടുന്നത് പാലക്കാട്  വച്ചാണ്. പാലക്കാട്ടേക്ക് ജോലി സ്ഥലം മാറ്റം കിട്ടി വന്ന ദിവസം താമസ സ്ഥലത്തേക്ക് പെട്ടിയും കിടുതാപ്പും മറ്റു സകല കുലാബി സാധനങ്ങളുമായി വന്നു കയറിയ എന്നെ  സ്നേഹോഷ്മളമായി തന്‍റെ മുറിയിലേക്ക്  സ്വീകരിച്ചാനയിച്ചത് അന്‍വര്‍ ആയിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ അവനെ വിലയിരുത്താന്‍ സാധിക്കും. ഊര്‍ജ്ജസ്വലനും ചുറു ചുറുക്കുമുള്ള ഒരു  ചെറുപ്പക്കാരന്‍ . സര്‍വോപരി പരസഹായി. അതാണ്‌ അന്‍വര്‍  . 

 നീളന്‍ മുടികള്‍ നെറ്റിയിലേക്ക് വീഴ്ത്തിയിട്ടിരിക്കുന്നു. മുഖത്തു സദാ സമയവും പുഞ്ചിരിയും പിന്നെ നേരത്തെ ഞാന്‍ പറഞ്ഞ ആ ചുറു ചുറുക്കും നിഷ്ക്കളങ്കതയുംഅവന്‍റെ മുഖസൌന്ദര്യത്തിന്റെ പ്രധാന ആകര്‍ഷണം പൊടി മീശയും ഇമാമിന്റേതു പോലുള്ള താടിയുമാണ്. 

  ഒരേ ഒരു കുഴപ്പമേ അവനുള്ളൂ. എപ്പോഴും ഒടുക്കത്തെ തിരക്കാണ്. എന്തെങ്കിലും ആവശ്യത്തിനായി അവനെ വിളിച്ചാല്‍ അപ്പോള്‍ പറയും തിരക്കാണെന്ന്. ഉദാഹരണത്തിന് എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി അന്‍വറിനെ ഫോണ്‍ ചെയ്തു എന്ന് കരുതുക. 

" ഹലോ...അന്‍വറല്ലേ  ..ഡാ നീ എവിടാണ് ....അതേയ്...." കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ അന്‍വര്‍ അവിടെ നിന്നും മറുപടി പറഞ്ഞിട്ടുണ്ടാകും. 

" ആ ..ഞാന്‍ അല്‍പ്പം ജോലി തിരക്കിലാണ്...എന്താ കാര്യം ....?"

"എടാ പോത്തെ , അത് തന്നെയല്ലേ പറഞ്ഞു വരുന്നത് ...അപ്പോഴേക്കും നീ തിരക്കിലായല്ലോ..."

" എടാ..നിനക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ല എന്‍റെ തിരക്ക് ..." അവന്‍ അവന്‍റെ തിരക്കിനെ വിശദീകരിക്കാന്‍ ശ്രമിക്കും. 

അത്രക്കും തിരക്കുള്ള ഒരു മനുഷ്യന്‍ ലോകത്ത് വേറെ ഉണ്ടോ എന്ന് തോന്നിപ്പിക്കും വിധമാണ് അവന്‍റെ സംസാരങ്ങള്‍.,. എല്ലാവരും വട്ടം കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്ക്  ഫോണുമായി  നടന്നു വന്നു കൊണ്ട് അന്‍വര്‍  പറയും. 

" ആ....അതെ..അതെ ..ഏയ്‌......,...പറ്റില്ല...പറ്റില്ല ...ഞാന്‍ ഇന്ന് നല്ല തിരക്കിലാണ് ..."

ഇത് കേട്ട് കേട്ട് പ്രാന്തായ ഒരു സുഹൃത്ത് ഒരിക്കല്‍ അവനോട് ചോദിച്ചു " നിനക്ക് തിരക്കില്ലാത്ത വല്ല ദിവസവും ഉണ്ടോ  ..ഉണ്ടെങ്കില്‍ പറ? "

അതിനുള്ള മറുപടി പറയാന്‍ പോലും അവന്‍ തിരക്കുള്ളതായി അഭിനയിച്ചു. അങ്ങിനെ അവനൊരു പേര് വീണു. 'തിരക്ക് മനുഷ്യന്‍' . ആഹാ..എത്ര നല്ല പേര് അല്ലെ ? ഈ പേര് വീണ ദിവസം തൊട്ട് പല പല ദിക്കുകളില്‍ നിന്ന് അന്‍വറിന്   വിളികള്‍ വന്നു തുടങ്ങി ..

"ഹലോ....അന്‍വര്‍ അല്ലെ ?" 

"അതെ ..അന്‍വര്‍ ആണ്...ആരാണ്...എന്താ...വേഗം പറയൂ "

"ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാണ് "

"എന്താണെന്നല്ലേ ചോദിച്ചത് ? വേഗം പറയൂ ...."

"അല്ല ..നിങ്ങള്‍ തിരക്കിലാണോ ??..എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം "

"തിരക്കിലാണ്...എന്നാലും നിങ്ങള്‍ പറഞ്ഞോളൂ...ഹലോ...ഹലോ...ഹ.." അപ്പോഴേക്കും ആ ഫോണ്‍ കട്ടായി പോയിട്ടുണ്ടാകും. 

 ഇതേ സംഭാഷണ ശകലവുമായി പലരും അവനെ വിളിച്ചു കൊണ്ടിരുന്നു. എന്തിനാണ് അവരെല്ലാം ഒരേ ചോദ്യങ്ങളുമായി അവനെ ഇങ്ങിനെ വിളിക്കുന്നത്‌ ? അതിന്‍റെ കാരണം  അജ്ഞാതമായി ഇപ്പോഴും തുടരുന്നു. 

അപ്പോഴേക്കും അജ്ഞാത  ഫോണ്‍ കാളുകള്‍ക്ക് മറുപടി പറഞ്ഞുപറഞ്ഞ് പൂര്‍ണമായും അവനൊരു   തിരക്ക് മനുഷ്യനായി   മാറിക്കഴിഞ്ഞിരുന്നു . 

******************

ഭാഗം രണ്ട് 


അന്‍വറിന്റെ സൌന്ദര്യ ബോധം പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. രാവിലെ ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോകുന്ന സമയത്ത് കട്ടിലിനടിയില്‍ നിന്നും ഒരു വലിയ പെട്ടിയെടുത്ത്‌ പോകുന്നത് കാണുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന നീരാട്ടു കഴിഞ്ഞു തിരികെ വരുന്ന അവന്‍ ഭദ്രമായി തന്നെ ആ പെട്ടി കട്ടിലിനടിയിലേക്കു നിരക്കി മാറ്റി വാക്കും. എന്താണിത്ര വലിയ പെട്ടിയില്‍ അവന്‍ സൂക്ഷിച്ചു വക്കുന്നത് ? എന്‍റെ സംശയം ദുരീകരിക്കാനായി വീണു കിട്ടിയ ഒരവസരം ഞാന്‍ നന്നായി തന്നെ ഉപയോഗിക്കുണ്ടായി. ഒരിക്കല്‍ ബാത്ത് റൂമില്‍ നിന്ന് കുളി കഴിഞ്ഞു വന്ന അവന്‍റെ കയ്യില്‍ ആ 'നിധിപ്പെട്ടി' ഉണ്ടായിരുന്നില്ല. എന്തോ തിരക്കില്‍ അവന്‍ മറന്നതാണ്. തൊട്ടു പുറകെ ബാത്ത് റൂമിലേക്ക്‌ കുളിക്കാന്‍ ഞാന്‍ കയറിയപ്പോള്‍ അതവിടെ ഒരു മൂലക്ക് ഭദ്രമായി തന്നെ ഇരിക്കുന്നുണ്ടായിരുന്നു. 

ആകാംക്ഷയോടെ ആ പെട്ടി ഞാന്‍ തുറന്നു നോക്കുകയുണ്ടായി. എന്നാല്‍ എന്‍റെ സകല 'നിധി' പ്രതീക്ഷകളും തെറ്റി എന്ന് പറയുകയായിരിക്കും ഉത്തമം. അതിനുള്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു മൂന്നു തരം  ഷാമ്പൂ ബോട്ടിലുകളും, വെളുക്കാനോ മറ്റോ തേക്കുന്ന അഞ്ചിലധികം ഫെയ്സ് ക്രീമുകളും, ലോഷനും  അത് പോലെ എന്തൊക്കെയോ കുറെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും മാത്രമാണ്. ഈശ്വരാ ! ഇതാണല്ലേ ഇവന്‍റെ സൌന്ദര്യത്തിന്റെ രഹസ്യം ! ഞാന്‍ ഒന്നുമറിയാത്ത പോലെ ആ പെട്ടി മടക്കി വച്ചു. 

 പലപ്പോഴും ഇതിനെ കുറിച്ച് അവനോടു നേരിട്ട് ചോദിക്കണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കുറഞ്ഞ ദിവസത്തെ പരിചയം കൊണ്ട് അങ്ങിനെയൊരു ചോദ്യം ചോദിച്ചാല്‍ അവനെന്നെ കുറിച്ച്  എന്ത് ധരിക്കും എന്നറിയില്ല ല്ലോ. അത് കൊണ്ട് മാത്രം ചോദിച്ചില്ല. 

ധരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ വരുന്നത്. വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധാലുവാണ് അന്‍വര്‍.,. വെള്ള നിറത്തിനോട് അവനെന്തോ വല്ലാത്തൊരു ഭ്രമമുള്ളതായി തോന്നിയിട്ടുണ്ട്.ചില ദിവസങ്ങളിലെ അവന്‍റെ അത്തരത്തിലുള്ള വസ്ത്ര ധാരണം കാണുമ്പോള്‍ പരേതന്‍ ഭൂമിയിലേക്ക്‌ തിരിച്ചു വന്നതാണോ എന്ന് വരെ സംശയിച്ച് പോകും. അതുമായി ബന്ധപ്പെട്ട ഒരു കഥ തന്നെ പറയാനുണ്ട്. 

ഓഫീസില്‍ നിന്ന് വീട്ടിലേക്കു എത്തി കഴിഞ്ഞാല്‍ ആദ്യം ഫുഡ് അടിക്കല്‍ ചടങ്ങാണ്. അത് കഴിഞ്ഞേ പിന്നെന്തും ഉള്ളൂ എന്ന നിലപാടാണ് എല്ലാവര്‍ക്കും. ഭക്ഷണ ശേഷം ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് ചുരുണ്ട് കൂടുന്നതാണ് പതിവ്.  ചിലര്‍ ഡൈനിംഗ് ഹാളില്‍ ഇരുന്നു ടി വി വാര്‍ത്തകള്‍ കാണും, ചിലര്‍ റൂമില്‍  ഫെയ്സ് ബുക്ക് തുറന്നിരിക്കും, ഞാന്‍ പിന്നെ വല്ല സിനിമയോ ബ്ലോഗോ നോക്കി കൊണ്ടുമിരിക്കും.  അതിനിടയില്‍  സൊറ പറയാനും കത്തി വക്കാനും വീണു കിട്ടുന്ന അവസരങ്ങളില്‍ എല്ലാവരും അവരവരുടേതായ കഴിവ് തെളിയിക്കാറുണ്ട്. കൂട്ടത്തില്‍ ഹക്കീം  ആണ് കത്തി വീരന്‍,.മിക്കപ്പോഴും ജിന്നുകളുടെ കഥയാണ് അവന്‍ പറയാറുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവരും അവനെ ജിന്ന് ഹക്കീം എന്നാണു വിളിച്ചു വന്നിരുന്നത്.

ഒരു കെട്ടുകഥ പറയുകയാണെങ്കില്‍ കൂടി അതിനൊരു ഭീകരത സൃഷ്ട്ടിച്ചു കൊണ്ട് പറയാന്‍ അവന്‍ മിടുക്കനാണ്.   ഉദാഹരണത്തിന് ഒരു ജിന്നിന്റെ കഥ പറയുമ്പോള്‍  ജിന്നിന്റെ സകലമാന ചേഷ്ടകളും  കാണിച്ചു കൊണ്ടായിരിക്കും അവന്‍ കഥ പറയുക. അതോടൊപ്പം തന്നെ ജിന്നിന്‍റെ മുഖ ഭാവം, നടത്തം, മറ്റു ചലനങ്ങള്‍ എല്ലാം അവന്‍ വിശദീകരിക്കാറുണ്ട് . അദ്ദാണ് നമ്മ പറഞ്ഞ ജിന്ന് ഹക്കീം . 

***************
ഭാഗം മൂന്ന്

ഒരു ദിവസം, രാത്രി ഒരു പത്തു പത്തര ആയിക്കാണും.   പുതിയൊരു ജിന്ന് കഥയുമായി അവന്‍ ഞങ്ങളുടെ അടുത്ത് വന്നു. പതിവ് പോലെ എല്ലാവരും അവനു ചുറ്റും വട്ടം കൂടി ഇരുന്നു കഥയും  കേട്ടു. എല്ലാവരും കഥ കേട്ട് ആകെ വിജുംബ്രിച്ചിരിക്കുകയായിരുന്നു. അത് പിന്നെ വിജുംബ്രിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങിനെയല്ലേ അവന്‍ കഥ പറഞ്ഞു തന്നത്. 

അപ്പോഴേക്കും സമയം ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പതിയെ വലിഞ്ഞു. ഹൌ..ഒരു വെടിക്കെട്ട്‌ കഴിഞ്ഞ പ്രതീതിയായിരുന്നു ജിന്ന് കഥ കേട്ട് കഴിഞ്ഞപ്പോഴേക്കും. 

അങ്ങിനെയിരിക്കെ പെട്ടെന്നാണ് റൂമിലേക്ക്‌ ഹമീദ്‌  ഓടി വരുന്നത്. അവന്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു. ഞാനും ഹക്കീമും  അവനോടു കാര്യം തിരക്കി. 

"അവിടെ ..അവിടെ ..ആ പനച്ചുവട്ടില്‍ ഒരു ജിന്ന് ... "

"ജി ..ജി ...ജിന്നോ ??? വെറുതെ ..ചുമ്മാ " ജിന്നിന്‍റെ കഥ പാടി നടന്നിരുന്ന ഹക്കീമിന്‍റെ തൊണ്ടക്കുഴിയില്‍ ഒരു ഗോളി അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. 

"ചുമ്മാ ഓരോ കഥകളുണ്ടാക്കി മനുഷ്യനെ പേടിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ..ന്നിട്ട് ഇപ്പൊ കിടന്നു വിക്കിയിട്ടു കാര്യമില്ല" ഞാന്‍ ഹക്കീമിനോടായി പറഞ്ഞു. 

മുകളിലത്തെ റൂമിന്റെ ഹാളില്‍ മിനറല്‍ വാട്ടര്‍ വച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട്. അതിനു തൊട്ടു തന്നെ ഒരു ജനാലയുമുണ്ട്. അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഞങ്ങളുടെ  താമസ സ്ഥലത്തേക്കു നടന്നു വരാനുള്ള ചെറിയ വഴിത്താരയും രണ്ടു ഭാഗത്തുമുള്ള കരിമ്പനകളും   കാണാം. കരിമ്പനകളെ ചുറ്റി പറ്റി  കുറിച്ച് ഒരുപാട് പ്രേത കഥകള്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ അവിടെ ഒരു ജിന്ന് വന്നു എന്ന് കേള്‍ക്കുന്നതില്‍  അതിശയിക്കാന്‍ എന്തിരിക്കുന്നു ?

ജഗ്ഗില്‍ വെള്ളമെടുക്കാന്‍ പോയ ഹമീദ്  ജാനലയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് പനച്ചുവട്ടില്‍ ജിന്നിനെ കണ്ടത്. എന്തായാലും ജിന്നിനെ ജനാലയിലൂടെ കാണാമല്ലോ എന്ന് കരുതി ഞങ്ങള്‍ മൂന്നു പേരും കൂടി മുകളിലത്തെ നിലയിലേക്ക് നടന്നു.  കോണിപ്പടി കയറുന്നതിനിടെ ഹമീദ് ചോദിച്ചു.

" എന്താ ഒരു ബാന്‍ഡ് മേളം പോലെ പട പടാന്ന് കേള്‍ക്കുന്നത് ? " 

" അത് ബാന്‍ഡ് മേളമല്ലടാ പന്നികളെ ..എന്‍റെ ഹൃദയമിടിക്കുന്നതാണ് " ഹക്കീം ദയനീയമായി ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ചിരി പൊട്ടിയെങ്കിലും സംഭവത്തിന്‍റെ ഗൌരവാവസ്ഥ ആ ചിരിയെ പുറത്തു വിട്ടില്ല. 

അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും കൂടി ജനാലക്കരികില്‍ എത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ ഹമീദ്  പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അവിടെ പനച്ചുവട്ടില്‍ ഒരു വെള്ള രൂപം...അതിന്‍റെ തലയുടെ ഭാഗത്ത്‌ ഒരു ചെറിയ പ്രകാശം. ഇടയ്ക്കു ആ പ്രകാശം കെട്ട് പോകുകയും പിന്നീട് വീണ്ടും പ്രകാശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങിനെ ഹക്കീമിന്റെ കഥകളിലെ ജിന്ന് സത്യമായ ഒരു കാര്യമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ ജിന്ന് കഥയുടെ ഉപജ്ഞാതാവിനു മാത്രം അപ്പോഴും സംശയം ബാക്കിയായിരുന്നു. സത്യത്തില്‍ ജിന്നുണ്ടോ ?

അന്ന് രാത്രി ഹാളില്‍ വീണ്ടും ഒരു ചര്‍ച്ച കൂടി നടന്നു. ജിന്ന് തന്നെ വിഷയം. ജിന്നിന്‍റെ തല പ്രകാശിക്കാന്‍ കാരണം എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് ഹക്കീം  എല്ലാവര്‍ക്കും ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് അന്‍വര്‍ പുറത്തെവിടെയോ പോയിട്ട് വരുന്നത്. ഹാളിലെ ചര്‍ച്ച കണ്ടപ്പോള്‍ അവനും കമ്പമായി. അപ്പോഴാണ്‌ അവനിട്ടിരിക്കുന്ന ഡ്രസ്സ്‌ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. വെള്ള പാന്റ് , വെള്ള ഷര്‍ട്ട് , വെള്ള ബെല്‍റ്റ്‌ , വെള്ള തൊപ്പി...ഇനി അവന്‍റെ തല കൂടി വെളുപ്പിച്ചാല്‍ മതിയായിരുന്നു. അവനെ കണ്ടപ്പോള്‍ ഒരു സംശയമെന്നോണം ഹമീദ് ചോദിച്ചു. 

"നീ ..നീ എവിടുന്നാ ഈ സമയത്ത് വരുന്നത്? നീയല്ലേ റൂമില്‍ ഫെയ്സ് ബുക്കും തുറന്നു വച്ചിരുന്നത് ?? "

"അതെ...ഞാന്‍ റൂമിലായിരുന്നു... സൈറ്റില്‍ നിന്ന് വിളി വന്നപ്പോള്‍ വെറുതെ ഒന്ന് അവിടം വരെ പോയി വന്നതാണ് . അല്ലെങ്കിലെ മനുഷ്യന്‍ തിരക്കിലാണ്, അതിനിടയില്‍ ഓരോരുത്തന്മാര് ഫോണില്‍ വിളിയോട് വിളി..അവന്റെയൊക്കെ വീട്ടുകാരെ തെറി വിളിക്കാനെ ഇപ്പൊ സമയള്ളൂ .." അന്‍വര്‍ വികാരഭരിതനായി പറഞ്ഞു. 

" നീ ആ പനച്ചുവട്ടില്‍ എങ്ങാനും പോയി നിന്നിരുന്നോ ??" ഹമീദ് വിട്ടു മാറാത്ത എന്തോ ഒരു സംശയത്തോടെ വീണ്ടും അവനോടു ചോദിച്ചു. 

"ഉം..നിന്നിരുന്നു...പറഞ്ഞില്ലേ, ഒരു ചൊറ ഫോണ്‍ വന്നപ്പോള്‍ അതിന്‍റെ പിന്നാലെ കൂടേണ്ടി വന്നു കുറെ നേരം ..മനുഷ്യനെ സുയിപ്പിക്കാനായിട്ടു ഓരോരുത്തര് വിളിക്കും ...അല്ലെങ്കിലെ തിരക്ക് കാരണം സമയമില്ല ..അല്ല എന്തേ നിങ്ങ ചോദിക്കാന്‍ കാരണം " അന്‍വര്‍ നിഷ്ക്കളങ്കമായി ചോദിച്ചു..

 അവനു അന്നേരം അവിടെ നടന്ന കഥ അറിയില്ല ല്ലോ. എല്ലാവരുടെയും കഴുത്തുകള്‍ ഒരു പോലെ ഹക്കീമിന്‍റെ  നേരെ തിരിഞ്ഞു.  എല്ലാവരുടെയും   ദഹിപ്പിക്കുന്ന ഒരു തരം നോട്ടത്തില്‍  ഹക്കീമിന്‍റെ  മുഖം മഴ നനഞ്ഞ പൂച്ച കുട്ടിയെ പോലെയായി മാറി.  തല പൊക്കാനാവാതെ ഇരുന്ന അവനെ നോക്കി എല്ലാവരും ഒരേ സ്വരത്തില്‍ കലിപ്പോടെ ഒരൊറ്റ ആട്ടലാണ്. 

" അവന്‍റെയൊരു ജിന്ന്...എണീറ്റ്‌ പോടേ ..മേലാല്‍ ജിന്ന് കഥ പറയാന്‍ വാ ...അപ്പോഴെയുള്ളൂ ബാക്കി...ഹ്ര്ര്‍ ര്ര്ര്‍ ..." 

 ദ്വേഷ്യം മൂത്ത ആരുംഅവനെ തല്ലിയില്ല എന്നേയുള്ളൂ. അവന്‍ സാവധാനം അവിടെ നിന്ന് ഒരു വാക്കും മിണ്ടാതെ വലിഞ്ഞു. 

അപ്പോഴും ഒന്നും മനസിലാകാതെ  ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു അന്‍വര്‍ ,. അവന്‍ ഞങ്ങളെ നോക്കി ആശ്ചര്യത്തോടെ ചോദിച്ചു.

 " അല്ല എന്താ സംഭവം?  ...ജിന്നോ എവിടെ..എവിടെ  ?"

 ഹക്കീമിന് കൊടുത്തത്തിന്റെ ബാക്കി അവനും ഞങ്ങള്‍ കൊടുത്തു. 

" പ്ഫാ...പോയി കിടന്നുറങ്ങാന്‍ നോക്കടേ...പാതിരാത്രീലും അവന്റെ ഒരു വെള്ളേം വെള്ളേം ഡ്രെസ്സും, ഒരു  ഒണക്ക  ഫോണ്‍ വിളീം...ലോകത്താര്‍ക്കും ഇല്ലാത്ത ഒടുക്കത്തൊരു തിരക്കും ..ഹ്ര്ര്ര്‍ ഹ്ര്ര്ര്‍  ..."എല്ലാവരും വീണ്ടും ദ്വേഷ്യം കടിച്ചമര്‍ത്തി. 

ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് കണ്ട അന്‍വര്‍ പയ്യെ സീനില്‍ നിന്നും വലിയുകയായിരുന്നു. അതിനിടയില്‍ അവന്‍റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. ഞങ്ങളുടെ മുന്നില്‍ നിന്ന് മറുപടി പറയാന്‍ പേടിയായത് കൊണ്ടാകാം കുറച്ചങ്ങു നടന്നു നീങ്ങിയ ശേഷം അവന്‍ ഉറക്കെ ആരോടോ ഫോണില്‍ തട്ടിക്കയറി.


"അല്ലടാ....പന്ന #$@#$%#@%$#^ മോനെ ...ഞാന്‍ ഇപ്പോള്‍ ഒട്ടും തിരക്കിലല്ല...ധൈര്യം ഉണ്ടെങ്കില്‍ ആണുങ്ങളെ പോലെ നേരിട്ട് വന്നു ചോദിക്കട @#$#@$#$.....അപ്പോള്‍ തരാം അന്നേ പോലുള്ളവര്‍ക്കുള്ള മറുപടി.അവ്നറെയൊക്കെ @#@#$#$#$#$ നെ കെട്ടിക്കാനായിട്ടു ഓരോ തിരക്ക് ..!#@@#!#" 

അവന്‍റെ ആ പ്രതികരണം ഞങ്ങള്‍ അത് വരെ കടിച്ചമര്‍ത്തിയ ദ്വേഷ്യത്തെ ഒന്നടങ്കം ഇല്ലാതാക്കി എന്ന് മാത്രമല്ല കണ്ണില്‍ നിന്നും വെള്ളം നിറയുന്ന തരത്തിലുള്ള ഒരു തരം മരണ ചിരിയും സമ്മാനിച്ചു. ആദ്യം ഒരു കൂട്ടച്ചിരിയായ് തുടങ്ങി, പിന്നീട്  ചിരിച്ചു ലെങ്കി മറഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങളെ നോക്കി നിഷ്ക്കളങ്കമായി അന്‍വര്‍  പറഞ്ഞു

"അല്ല പിന്നെ, കുറെ കാലമായി മനുഷ്യനെ.....സഹിക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ...നിങ്ങള് പറ "


അതും കൂടി കേട്ടപ്പോള്‍ ചിരി നിര്‍ത്താന്‍ ബുദ്ധിമുട്ടിയ ഞങ്ങള്‍ ശ്വാസം കിട്ടാതെ നിലത്തു കിടന്നുരുണ്ടു. അപ്പോഴും അന്‍വറിന്റെ മൊബൈലില്‍ ഏതൊക്കെയോ അജ്ഞാതരുടെ കാളുകള്‍ വരുന്നുണ്ടായിരുന്നു... ക്ഷമിക്കണം, അതൊന്നും ഓര്‍ത്ത്‌ പറയാന്‍ എനിക്കിനി ത്രാണിയില്ല. 

-pravin- 

Thursday, November 1, 2012

ചിന്നന്‍

ചിന്നന്‍ ഇന്ന് വളരെ സന്തോഷത്തിലാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം അവന് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. നങ്ങേലിക്ക് പ്രസവ വേദന തുടങ്ങിയതിനു ശേഷം ചിന്നന്‍ പുറത്തേക്കൊന്നും പോകാറെ ഇല്ലായിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും വേണ്ട അത്യാവശ്യ  ഭക്ഷണ സാധനങ്ങളെല്ലാം ദിവസങ്ങള്‍ക്കു  മുന്‍പേ തന്നെ ശേഖരിച്ചു വച്ചിരുന്നതിനാല്‍  പുറത്തു പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. 

നങ്ങേലിയുടെ ചാരെ കിടക്കുന്ന ചോരക്കുഞ്ഞിനു തന്‍റെ അതെ മുഖച്ഛായ ആണെന്ന് കാണുന്നവര്‍ ആരും പറയും. അവന്‍റെ ചുണ്ടും മൂക്കും ഒക്കെ തന്നെ പോലെ തന്നെ. ജനിച്ചു മണിക്കൂറുകള്‍ ആയിട്ടെ ഉള്ളുവെങ്കിലും അവന്‍ കളിയും ചിരിയും തുടങ്ങാനുള്ള തത്രപ്പാടിലാണ് എന്ന് തോന്നുന്നു.  അവന്‍റെ തിളങ്ങുന്ന കുഞ്ഞു ദേഹം കണ്ടപ്പോള്‍  ചിന്നന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി.

 ആ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതിനിടയില്‍,  ചിന്നന്റെ കാലു തട്ടി  ഒരു പാത്രം മറിഞ്ഞു വീണു. മറിഞ്ഞു വീണ  പാത്രം തട്ടിന്‍പുറത്തു വേണ്ടുവോളം ശബ്ദം ഉണ്ടാക്കിയത് കൊണ്ടാകാം താഴെ താമസിക്കുന്ന വീട്ടുടമയും ഭാര്യയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയിരിക്കുന്നു.  അവരെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനായി ചിന്നന്‍ പതിയെ കോണിയിറങ്ങി താഴെ എത്തി. 

"ഞാന്‍ പണ്ടേ പറയുന്നതാണ്, ഈ വീട് പൊളിച്ചു പണിയാനുള്ള കാലം കഴിഞ്ഞിരിക്കുന്നു എന്ന്. അതെങ്ങനെയാ! അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞേ വീട് പൊളിക്കൂ എന്ന് പറഞ്ഞായിരുന്നല്ലോ നിങ്ങളുടെ കടുംപിടിത്തം. ഇപ്പൊ അവരൊക്കെ മരിച്ചിട്ടും ഇതിനൊരു തീരുമാനം എടുക്കാന്‍ പറ്റിയിട്ടില്ലന്നു വച്ചാല്‍ എന്താ ഇതിനൊക്കെ  അര്‍ത്ഥം ? തട്ടിന്‍ പുറത്തും  മേല്‍ഭാഗത്തും  , മുഴുവന്‍ ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി , എന്നാണാവോ എല്ലാം കൂടി ഇവിടെയുള്ള ആളുകളുടെ തലയില്‍ കൂടി നിലം പതിക്കുക .." വീട്ടുടമയുടെ ഭാര്യ ആകെ കലി തുള്ളി നില്‍ക്കുകയാണ്. ഒന്നും കേട്ടില്ലാ കണ്ടില്ലാ എന്ന് നടിച്ച് കെട്ടിയോന്‍ അവിടെ തന്നെ ഇരിപ്പുണ്ട്. 

ചിന്നന്‍ കോണി തിരികെ കയറാന്‍ ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍ തേങ്ങ ചിരകുന്ന ശബ്ദം കേട്ടത്. നങ്ങേലിക്ക് തേങ്ങാ ചിരകിയത് വലിയ ഇഷ്ടമാണ് എന്നറിയാവുന്ന ചിന്നന്‍ നേരെ അടുക്കളയിലേക്കു വിട്ടു പിടിച്ചു . അവിടെ വീട്ടുടമയുടെ ഭാര്യ എന്തൊക്കെയോ മുറു മുറുത്തു കൊണ്ട്  തേങ്ങ ചിരകുകയായിരുന്നു. അതും  നോക്കി അല്‍പ്പ നേരം ഒരു മൂലയില്‍ നിശബ്ദനായി ചിന്നന്‍ നിന്നു. 

ഒടുക്കം തേങ്ങ ചിരകിയ പാത്രം അവര്‍ വീതന പുറത്ത് വച്ച സമയം നോക്കി മിന്നല്‍ പോലെ ചിന്നന്‍ അതിനടുത്തേക്ക് പാഞ്ഞു ചെന്നു. ആരും കാണാതെ   ഒരു കവിള്‍ നിറയെ തേങ്ങ ചിരകിയതും എടുത്തു കൊണ്ട് കോണിപ്പടി ഓടി കയറുന്നതിനിടയില്‍ വീണ്ടും അത് സംഭവിച്ചിരിക്കുന്നു. അതെ, വീണ്ടും തന്‍റെ കാലു തട്ടി എന്തൊക്കെയോ വീണിരിക്കുന്നു . ആകെ മൊത്തം ബഹളമയം . ഇത്തവണ ശബ്ദം കേട്ട്  ഓടി വന്ന വീട്ടുടമ അവനെ ഒരു നോക്ക് കാണാനും ഇടയായിരിക്കുന്നു. രാത്രിയായത്‌ കൊണ്ടാകാം അയാള്‍ അവനെ കൂടുതല്‍ അന്വേഷിക്കാന്‍ നിന്നില്ല. പകരം അയാള്‍ ഭാര്യയോടു എന്തൊക്കെയോ ഉച്ചത്തില്‍ കയര്‍ത്തു സംസാരിച്ചു കൊണ്ടേയിരുന്നു. എന്തായാലും താന്‍ ഇത്തവണയും ഭാഗ്യം കൊണ്ട് അയാളുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടിരിക്കുന്നു. ചിന്നന്‍ ആശ്വസിച്ചു. 

ഓടിക്കിതച്ചു കൊണ്ട് നങ്ങേലിയുടെ അടുത്തെത്തിയ  ചിന്നന്‍ കിതച്ചു കൊണ്ട് നടന്ന കാര്യങ്ങള്‍ അവളോട്‌ പറഞ്ഞു. തന്‍റെ പ്രിയതമന്‍ തനിക്കു വേണ്ടി ഇനിയൊരിക്കലും ഇത്തരം സാഹസങ്ങള്‍ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അവന്‍ കൊണ്ട് വന്ന തേങ്ങചിരകിയത് മുഴുവന്‍ അവള്‍ ആര്‍ത്തിയോടെ ശാപ്പിട്ടു. 

സമയം ഒരുപാട് കഴിഞ്ഞപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണഞ്ഞു. രാത്രി ഒരുപാടായിട്ടും ചിന്നന്‍ മാത്രം എന്തോ ഉറങ്ങിയില്ല. തന്‍റെ കുഞ്ഞിനെ എത്ര നോക്കിയിരുന്നിട്ടും അവനു മതി വരുന്നില്ല. നങ്ങേലിയുടെ ചൂട് പറ്റിക്കൊണ്ട്‌ അവനങ്ങനെ കിടക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട്‌ ചിന്നന്‍  നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു.

രാത്രി ഒരുപാടായിട്ടും ചിന്നനു ഉറക്കം വന്നില്ല. ഇന്നലെ  രാവിലെ തൊട്ട്  ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും തുടങ്ങിയിരിക്കുന്നു. നങ്ങേലിയെയും കുഞ്ഞിനേയും ഉറക്കത്തില്‍ ശല്യപ്പെടുത്തെണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.    അടുക്കളയില്‍ തിന്നാന്‍ പാകത്തില്‍ വല്ലതും കാണുമായിരിക്കാം  എന്ന ധാരണയില്‍ പതിയെ കോണിയിറങ്ങി താഴെയെത്തി. 

എല്ലാവരും നല്ല ഉറക്കത്തിലാണ്. ഇനി ഒരു തവണ കൂടി താന്‍ ശബ്ദമുണ്ടാക്കിയാല്‍ വീട്ടുകാര്‍ ചിലപ്പോള്‍ തന്നെ തേടിപ്പിടിച്ചേക്കാം. ചിലപ്പോള്‍ അവര്‍ ദ്വേഷ്യം കൊണ്ട് തന്നെ തല്ലിക്കൊല്ലുക വരെ ചെയ്തേക്കാം. അതുണ്ടാകരുത് എന്നതിനാല്‍   കിട്ടുന്ന ഭക്ഷണം വാരി തിന്നതിന് ശേഷം ശബ്ദമുണ്ടാക്കാതെ  പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കണം.  അങ്ങിനെയോരോന്നു മനസ്സില്‍ ചിന്തിച്ചു കൊണ്ട്  അടുക്കള ഭാഗത്ത് എത്തിയ ചിന്നന്‍ നേരെ ചെന്നത് പച്ചക്കറി കൂടകള്‍ എടുത്തു വച്ചിരിക്കുന്ന സ്ഥലത്താണ്. ഇരുട്ടില്‍ അവന്‍ ആദ്യം കണ്ടത് വെളുത്ത നിറത്തില്‍ എന്തിലോ തൂക്കിയിട്ടിരിക്കുന്ന തേങ്ങാ കഷ്ണമാണ്. 

വളരെ കരുതലോട് കൂടി അവന്‍ മെല്ലെ മെല്ലെ തേങ്ങാ കഷ്ണത്തിന് അടുത്തെത്തി. പിന്നെയൊട്ടും കാത്തിരിക്കാന്‍ അവന്‍റെ വിശപ്പ്‌ സമ്മതിച്ചില്ല.  ആര്‍ത്തിയോടെ അതില്‍ കടിച്ചതും 'പ്ടെ' എന്നുറക്കെയൊരു  ശബ്ദത്തില്‍ അവന്‍റെ വാലിനുമുകളില്‍ കൂടി എന്തോ വന്നടഞ്ഞു. അവന്‍ വേദന കൊണ്ട് പുളഞ്ഞു. 

പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും താനേതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. എങ്കിലും അവന്‍ ആ കൂട്ടില്‍ കിടന്ന് ഓരോരോ പരാക്രമം കാണിച്ചു കൊണ്ടേയിരുന്നു. ഉറക്കെ നിലവിളിച്ചുവെങ്കിലും  തട്ടിന്‍പുറത്തു ഉറങ്ങിക്കൊണ്ടിരുന്ന നങ്ങേലി പക്ഷെ അതൊന്നും കേട്ടില്ല. 


കൂട്ടില്‍ കിടന്നുള്ള അവന്‍റെ പരാക്രമ  ശബ്ദം കേട്ടിട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ലൈറ്റ് ഇട്ട ശേഷം അടുക്കളയിലെത്തിയ വീട്ടുടമ അവനെ നോക്കി കൊണ്ട് പറഞ്ഞു 

"നിന്നെ കുറെ കാലമായെടാ നോട്ടമിട്ടിട്ട്... ഇപ്പോഴാണ് കയ്യില്‍ കിട്ടിയത്. നേരം ഒന്ന് വെളുക്കട്ടെ, നിന്‍റെ ബാക്കിയുള്ളവരെ കൂടി ശരിയാക്കുന്നുണ്ട്‌ ,, തല്‍ക്കാലം നീ അവിടെക്കിട നാശമേ ." 

കൂട്ടിനുള്ളിലെ കമ്പിയിഴകളില്‍ കൂടി ചിന്നന്‍  ദയനീയമായി വീട്ടുടമയെ നോക്കി. അവന്റെതായ ഭാഷയില്‍  എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. തന്നെ ഒന്ന് തുറന്നു വിടാന്‍ വേണ്ടി അയാളോട് കെഞ്ചി. പക്ഷെ , അതൊന്നും കാണാന്‍ നില്‍ക്കാതെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട്   അയാള്‍ മുറിയിലേക്ക് തിരികെ ഉറങ്ങാന്‍  പോയി. 

ചിന്നന്റെ മനസ്സ് നിറയെ  തന്‍റെ  കുഞ്ഞിന്‍റെ കണ്ടു കൊതി തീരാത്ത രൂപമായിരുന്നു, അവന്‍റെ തിളങ്ങുന്ന ദേഹമായിരുന്നു. നങ്ങേലിയെയും അവനെയും ആലോചിച്ചാലോചിച്ച്  ചിന്നന്‍ കരഞ്ഞു കൊണ്ടേയിരുന്നു . കരഞ്ഞു കരഞ്ഞു ഒടുക്കം കൂട്ടില്‍ തളര്‍ന്നു വീണു. പിന്നെ എപ്പോഴോ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. 

രാവിലെ വീട്ടുകാരുടെ ശബ്ദം കേട്ടിട്ടാണ്  ചിന്നന്‍ വീണ്ടും ഉണരുന്നത്. ആ സമയത്താണ് വടിയും പിടിച്ചു കൊണ്ട് വീട്ടുടമയുടെ മൂത്ത മകന്‍ തട്ടിന്‍ പുറത്തേക്ക് കയറി പോകുന്നത് കാണുന്നത്. കമ്പിയിഴകളില്‍  മുഖം അമര്‍ത്തിക്കൊണ്ടു അവന്‍ നങ്ങേലിയെ വിളിച്ചു    ഉറക്കെ കരഞ്ഞു. പക്ഷെ ആ നിലവിളിക്ക്‌ തട്ടിന്‍പുറം വരെ പാഞ്ഞെത്താനുള്ള ശക്തിയുണ്ടായിരുന്നില്ല. 

തട്ടിന്‍പുറത്തു വടി കൊണ്ട് അടിക്കുന്നതും പാത്രങ്ങള്‍ വീഴുന്നതുമായ ശബ്ദങ്ങള്‍ കേട്ടു കൊണ്ടേയിരിക്കുന്നു. ഒടുക്കം വീട്ടുടമയുടെ മകന്‍ ഒരു പ്ലാസ്റ്റിക് മുറത്തില്‍ എന്തോ കോരിക്കൊണ്ട് കോണി ഇറങ്ങി വന്നു. ചിന്നന്‍ കൂടുതല്‍ ശക്തിയോടെ കൂട്ടില്‍ കിടന്ന് നിലവിളിച്ചു. അവന്‍റെ നങ്ങേലിയെയും കുഞ്ഞിനേയും ആ ദുഷ്ടന്‍ അടിച്ചു കൊന്നിരിക്കുന്നു. ആ കാഴ്ച കാണിക്കാനെന്ന വണ്ണം അവന്‍റെ മുന്നില്‍ ആ പ്ലാസ്റ്റിക് മുറം അവര്‍ കൊണ്ട് വച്ചു.  ആ കാഴ്ച കാണാന്‍ ചിന്നനായില്ല. തിളങ്ങുന്ന ദേഹമുള്ള  തന്‍റെ  കുഞ്ഞിനു ഇപ്പോള്‍ ചലനമില്ല. ആ കുഞ്ഞു ദേഹത്ത് ചോര പൊടിഞ്ഞിരിക്കുന്നു. നങ്ങേലിയുടെ കണ്ണുകള്‍ തെറിച്ചു പോയിരിക്കുന്നു. ഇനി താനായിട്ട് എന്തിനു ജീവിച്ചിരിക്കണം ? ഇനി താന്‍ കരയുന്നതിനു പോലും അര്‍ത്ഥമില്ല. ചിന്നന്‍ കൂട്ടില്‍ നിശബ്ദനായി വീണു കിടന്നു. 

കൂട്ടില്‍ വീണു കിടന്ന ചിന്നനെ വീട്ടുടമയുടെ മകന്‍ കൂടോട് കൂടി കൈയ്യില്‍ എടുത്തു കൊണ്ട് എങ്ങോട്ടോ നടന്നു. ചിന്നന്‍ കണ്ണ് മിഴിച്ചു കൊണ്ട് ശബ്ദിക്കാനാകാതെ കൂട്ടില്‍ അങ്ങനെ തന്നെ കിടന്നു .

അയാള്‍ നടന്നെത്തിയത്‌ കര കവിഞ്ഞൊഴുകുന്ന ഒരു പുഴക്കരയിലായിരുന്നു. ചിന്നനെ കൂടോട് കൂടി വെള്ളത്തില്‍ പെട്ടെന്നൊന്നു മുക്കിയെടുത്ത ശേഷം അയാള്‍ ചിന്നന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സ്വന്തം ജീവന് വേണ്ടി ഒരിക്കലും കേഴുന്നുണ്ടായിരുന്നില്ല. ജീവന് വേണ്ടിയുള്ള അവന്‍റെ കണ്ണിലെ യാചന കാണാന്‍ കൊതിക്കുന്ന ഒരു മൃഗത്തെ പോലെ അല്ല, മനുഷ്യ മൃഗത്തെ പോലെ പല തവണ അയാള്‍ ചിന്നനെ വെള്ളത്തില്‍ മുക്കിയെടുത്തുവെങ്കിലും,  തിളങ്ങുന്ന കണ്ണുകളോടെയുള്ള  ചിന്നന്റെ നോട്ടത്തിനു മാറ്റം സംഭവിച്ചില്ല. 

അടുത്ത തവണ അയാള്‍ കുറെ നേരത്തെക്കായി  ചിന്നനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചപ്പോള്‍,  ജീവന്‍ വെടിയുന്ന വെപ്രാളം കൊണ്ട് കൂട്ടിനുള്ളില്‍ അവന്‍ എന്തൊക്കെയോ  ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ആ ശബ്ദ തരംഗങ്ങള്‍ കുമിളകളായി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഓരോരോന്നായി പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ചിന്നന്‍ അവന്‍റെ നഖങ്ങള്‍ കൊണ്ട് ആ തകരക്കൂടിനുള്ളില്‍ ശക്തിയായി മാന്തുന്ന ശബ്ദം വെള്ളത്തിന്‌ മുകളിലേക്കും കേള്‍ക്കാമായിരുന്നു. 

അല്‍പ്പ സമയത്തിനു ശേഷം, നഖങ്ങള്‍ കൊണ്ട് തകരയില്‍ മാന്തുന്ന ആ ശബ്ദം ശക്തി കുറഞ്ഞ് കുറഞ്ഞ് പതിയെ  ഇല്ലാതായി. അവന്‍റെ ജീവ ശ്വാസത്തിന്‍റെ അവസാന കുമിളയും വെള്ളത്തിനു മുകളില്‍ വന്നു പോയിരിക്കുന്നു. 

ആ വെപ്രാളം പൂര്‍ണമായി നിലച്ചെന്നു ഉറപ്പായപ്പോള്‍  അയാള്‍ സാവധാനം ചിന്നനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തു. കൂട്ടിനുള്ളില്‍ നിന്നും കരയിലേക്ക് മോചിപ്പിക്കപ്പെട്ട ചിന്നന്റെ ശരീരം ചലനമറ്റതായിരുന്നുവെങ്കിലും ആ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.   

 ചിന്നന്റെയും നങ്ങേലിയുടെയും അവരുടെ കുഞ്ഞിന്‍റെയും ശരീരങ്ങള്‍  ഒന്നിന് പുറകെ ഒന്നായി  ഒഴുക്കുള്ള ആ പുഴ വെള്ളത്തിലേക്ക്  വലിച്ചെറിഞ്ഞ ശേഷം കൈകാലുകള്‍ ശുദ്ധിയാക്കി കൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു മടങ്ങി. 

തിളങ്ങുന്ന കണ്ണുകളുള്ള ചിന്നനും, മിനുങ്ങുന്ന ദേഹത്തോട് കൂടിയ അവന്‍റെ കുഞ്ഞും, നങ്ങേലിയുമെല്ലാം വെറും ഒരു കഥയെന്ന പോലെ  പുഴയുടെ ഒഴുക്കിന്‍റെ ആഴങ്ങളിലേക്ക് മാഞ്ഞു പോയിരുന്നു അപ്പോഴേക്കും. 

-pravin-