Sunday, April 29, 2012

ചങ്ങാതി


ചങ്ങാതി നന്നായാല്‍ കണ്ണാടി  വേണ്ട
എന്ന് ഒരു കാലത്ത് പറഞ്ഞിരുന്നു. 
അതൊരു നല്ല കാലം.
നല്ല ചങ്ങാതിമാരെ കിട്ടാന്‍ ഒരുപാട് കാലമെടുത്തിരുന്നു. 
ഇന്ന്  ചുരുങ്ങിയ സമയം കൊണ്ട്  ഒരുപാട്  ചങ്ങാതിമാരുണ്ടായി ,
 പക്ഷെ അവര്‍ കണ്ണാടി പോലെയായില്ല. 
ഫേസ് ബുക്കിലും ട്വിട്ടരിലും കൂട്ടത്തിലും
ചങ്ങാതിമാര്‍ അങ്ങനെ പറന്നു നടക്കുന്നു. 
ലൈക്കും കമന്റുമാണ് ഇന്നത്തെ സൌഹൃദങ്ങളുടെ മാനദണ്ഡം . 
അത് ചെയ്യാത്തവന്‍റെ സൗഹൃദം വെറും മൂന്നാം കിടയായി മാറുന്നു.
അങ്ങിനെയെങ്കിലും നല്ല സൌഹൃദങ്ങള്‍ ഉണ്ടാകട്ടെ എന്ന് കരുതി
ചില അഭിപ്രായങ്ങള്‍ പങ്കു വക്കാന്‍ മുതിര്‍ന്നത് തെറ്റായി പോയോ ?
തുറന്ന അഭിപ്രായങ്ങള്‍ പറയുന്ന നിമിഷം
അകലുന്ന സൌഹൃദങ്ങള്‍ മനസ്സിന്‍റെ വേദനയായ് തുടരുന്നു. 
സൌഹൃദങ്ങളുടെ  കണ്ണാടികള്‍ ഉടയുന്നു. 
-pravin-

Saturday, April 28, 2012

മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ചില പൊല്ലാപ്പുകള്‍


ഈ മൊബൈല്‍ ആദ്യ കാലത്തൊക്കെ കാണാന്‍ തന്നെ വളരെ കൌതുകമായിരുന്നു. മൊബൈല്‍ ഇറങ്ങിയ കാലത്ത് ഇന്‍കമിംഗ് കാളിനു വരെ പൈസ നമ്മള്‍ കൊടുത്തിരുന്നു എന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. ഇപ്പോള്‍ മൊബൈല്‍ കമ്പനികളും സിം കാര്‍ഡ്‌ കമ്പനികളും തട്ടി മുട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു. ഓഫറുകളുടെ പെരുമഴ വേറെ..ഒരു സിം എടുത്താല്‍ വേറൊന്നു ഫ്രീ, ആജീവനാന്തം ഫ്രീ കാളുകള്‍, ഇന്റര്‍നെറ്റ്‌ ഫ്രീ , അങ്ങനെ ഒരുപാടുണ്ട് ഓഫര്‍. നമ്മള്‍ സംസാരിച്ചു കൊണ്ട് വരുന്നത് ഇതൊന്നുമല്ല ട്ടോ, മൊബൈല് കൊണ്ട് നമ്മള്‍ക്കുണ്ടായെക്കാവുന്ന   പൊല്ലാപ്പുകളാണ് നമ്മുടെ വിഷയം. 

ഭാഗം 1

യാത്ര ചെയ്യുമ്പോളാണ് മൊബൈല്‍  നമുക്ക് വളരെ ഉപകാരമായി തോന്നുക. പക്ഷെ ചിലപ്പോള്‍ ഇതും ഒരു പൊല്ലാപ്പായി മാറും .ഒരിക്കല്‍ തൃശ്ശൂരില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള   ഒരു ഒരു ബസ്‌ യാത്രയില്‍ എന്‍റെ അടുത്തിരുന്ന ഒരു കക്ഷിക്ക് ഫോണ്‍ വന്നു. ചെറിയ മയക്കത്തില്‍ ആയിരുന്ന ഞാന്‍ അയാളുടെ റിംഗ് ടോണ്‍ കേട്ടു കൊണ്ട് ഞെട്ടി എണീറ്റു. അയാള്‍ സീറ്റില്‍ ചാരി കിടന്നു കൊണ്ട് പതിയെ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാം. 

"എടീ ഞാന്‍ ഇപ്പോള്‍ കോഴിക്കോട് എത്തും .. പിന്നെ ഒരു അഞ്ചു മിനുട്ടിനുള്ളില്‍ അയാളെ പോയി കണ്ടു സംസാരിച്ച ശേഷം പറയാം , എത്ര പണം വേണ്ടി വരുമെന്ന്. "

ങേ ..ഞാന്‍ വണ്ടി മാറി കയറിയോ ..എനിക്ക് പട്ടാമ്പിയിലെക്കാ പോകേണ്ടത്..അല്ലാതെ കോഴിക്കോട് അല്ല ..പക്ഷെ ഇതിപ്പോ ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ ...ചോദിച്ചാല്‍ തന്നെ , എല്ലാവരും ഞാന്‍ ഒരു പൊട്ടനാണോ എന്നും, വണ്ടി എങ്ങോട്ടാണെന്ന് നോക്കാതെയാണോ കയറിയതെന്നൊക്കെ കരുതില്ലേ ...അല്ല ഈ കണ്ടക്റ്റര്‍ പിന്നെന്തിനാ പൈസ വാങ്ങിയത്.. .. അയാള്‍ക്ക്‌ പറയാമായിരുന്നില്ലേ.. .. ഇനി ഇപ്പൊ തൃശൂര്‍ വഴിയിലെങ്ങാനും വേറെ പട്ടാമ്പി എന്ന സ്ഥലമുണ്ടോ? ആകെ കണ്ഫൂഷന്‍ ആയല്ലോ..അങ്ങനെ ആകെ ഭേജാറായി ഇരിക്കുന്ന സമയത്ത് ഞാന്‍ പതിയെ എന്‍റെ അടുത്തിരിക്കുന്ന ആളോട് ഫോണ്‍ സംഭാഷണത്തിനു ശേഷം എനിക്ക് തെറ്റ് പറ്റിയതാണോ എന്നറിയാന്‍ വേണ്ടി ഒരു നമ്പരിട്ടു കൊണ്ട്  ചോദിച്ചു. 

"അല്ല ചേട്ടന്‍ കോഴിക്കോട് എവിടെയാണ് ഇറങ്ങുന്നത് ? എനിക്ക് കോഴിക്കോടിനു മുന്നിലെ ഒരു സ്ടോപ്പിലാണ് ഇറങ്ങേണ്ടത്.. പറഞ്ഞാല്‍ വലിയ ഉപകാരമായേനെ..എന്നാല്‍ അതിനനുസരിച്ചു ഇറങ്ങാമല്ലോ എന്ന് കരുതിയാണ്.."

"അയ്യോ.. ഇത് അതിനു കോഴിക്കോട് പോകുന്ന ബസ്‌ അല്ല..പട്ടാമ്പി പോകുന്ന ബസ്‌ ആണ് .നിങ്ങക്ക് ബസ്‌ മാറി ട്ടോ..ഇപ്പൊ ഇവിടെ ഇറങ്ങിക്കോ..എന്നാല്‍ വേറെ ബസ്‌ കിട്ടും. ഞാന്‍ നിര്‍ത്തിക്കാം വണ്ടി.." എന്നൊക്കെ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് മറ്റ് യാത്രക്കാരുടെ ശ്രദ്ധ മുഴുവന്‍ എന്നിലേക്ക്‌ തിരിച്ചു വിട്ടു. 

"അല്ല ഞാന്‍ ..ഞാന്‍ പറയുന്നത് ..ഞാന്‍ പറയുന്നത് ഒന്ന്..അല്ല..ഒന്ന് പറയാന്‍..സമ്മതിക്കു..." ഞാന്‍ അങ്ങനെയൊക്കെ പറയുന്ന സമയം കൊണ്ട് കണ്ടക്ടര്‍ എന്‍റെ അടുത്തെത്തി..പിന്നെ അയാളുടെ വക ചോദ്യങ്ങള്‍ തുടങ്ങി കഴിഞ്ഞു. 

"നീ പിന്നെന്തിനാ എന്നോട് പട്ടാമ്പിയിലേക്ക്‌ ടിക്കറ്റ്‌ വേണമെന്ന്  പറഞ്ഞത്.?.കോഴിക്കോട് പോകണമെങ്കില്‍ വേറെ ബസ്‌  കിട്ടുമായിരുന്നല്ലോ..ഒരു പണി ചെയ്യ്..ഈ പൈസ പിടിച്ചോ..ഈ സ്ടോപ്പ് വരെയുള്ള ചാര്‍ജ് എടുത്തിട്ടുണ്ട്. ഇവിടെ ഇറങ്ങിക്കോ..സമയം കളയണ്ട " കണ്ടക്ടര്‍ വളരെ സ്നേഹത്തോടെ ആ പണി ചെയ്തു. 

ടിം..ടിം..വണ്ടി ബെല്ലടിച്ചു നിര്‍ത്തി..

എന്‍റെ ബാഗും സാധനങ്ങളും കൈയ്യില്‍ എടുത്തു തരുന്ന സമയത്തും എന്നെ ഒന്നും പറയാന്‍ സമ്മതിക്കാതെ ആ സഹയാത്രികന്‍ എന്നെ സഹായിച്ചു കൊണ്ടേ ഇരുന്നു. ഒടുക്കം എനിക്ക് പറയാന്‍ സമയം കിട്ടിയപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു. 

"നന്ദി ചേട്ടാ..എനിക്ക് തെറ്റ് പറ്റി. ചേട്ടന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ കോഴിക്കോട് പോകേണ്ട ഞാന്‍ പട്ടാമ്പിയില്‍ എത്തിയേനെ. "

ടിം.ടിം..ബെല്‍ മുഴങ്ങി. വണ്ടി എന്നെ തനിച്ചാക്കി കൊണ്ട് പട്ടാമ്പിയിലേക്ക്‌ പാഞ്ഞു. 

ബാഗും പൊക്കി പിടിച്ചു കൊണ്ട് ഒരു ഓണം കേറാ മൂലയില്‍ പട്ടാംബിയിലെക്കുള്ള ബസ്‌ ഞാന്‍ വീണ്ടും കാത്തു നില്‍ക്കുംബോളും മനസ് നിറയെ ആ കാല മാടന്റെ മുഖവും ആ ഫോണ്‍ വിളിയും നിറഞ്ഞു നിന്നു. അയാള്‍ മൊബൈലില്‍ ആരെയോ പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു ചതിയനായിരുന്നോ ? അറിയില്ല. 

അപ്പോളേക്കും പട്ടാമ്പിയിലേക്കുള്ള   എന്‍റെ ബസ്‌ വന്നു. ഞാന്‍ വീണ്ടും അതെ പോലൊരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ദൈവമേ ..ഇനി അത് പോലുള്ള ചെകുത്താന്മാര്‍  എന്നെ വഴി തെറ്റിക്കാന്‍ വേണ്ടി എന്‍റെ അടുത്തു വന്നിരുന്നു ഫോണ്‍ ചെയ്യല്ലേ. ..അല്ല എന്‍റെയും തെറ്റുണ്ട് ...വാ തുറന്നു പറയാമായിരുന്നില്ലേ? എന്തിനാ നുണ പറയാന്‍ പോയത്. എന്‍റെ ഉള്ളില്‍ നിന്നും എന്നെയും ആരോ കുറ്റപ്പെടുത്തി. 

ഭാഗം 2 

 ചില കശ്മലന്മാര്‍ ഈ മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡില്‍ ഇടില്ല. ഏത് മരണ വീട്ടില്‍ പോയാലും അതിങ്ങനെ ഉച്ചത്തില്‍ പാടി കൊണ്ടേയിരിക്കും. അതോ.. പാടുന്ന പാട്ട്  ഒരു രംഗബോധമില്ലാത്ത ഒന്നായിരിക്കും. മരണ വീട്ടില്‍ ഒരുത്സവ പ്രതീതി സൃഷ്ടിക്കാന്‍ തക്ക ശബ്ദമുള്ള  മൊബൈലുകളാണ്   ചൈനക്കാരുടെത്. ഒരു രക്ഷയും ഇല്ല.. ഇത്തരം മൊബൈലുകള്‍  റിംഗ് ചെയ്‌താല്‍, ചിലപ്പോള്‍ മരിച്ചു കിടക്കുന്ന ആള്‍ വരെ  എണീറ്റു നിന്നു ഇവനെയൊക്കെ തെറി വിളിക്കും . .

ചില തിക്കും തിരക്കുമുള്ള യാത്രയിലോ  മറ്റ് തിരക്ക് പിടിച്ച ഇടങ്ങളിലോ  അല്ലെങ്കില്‍ നാലാളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്തോ ആകും മൊബൈല്‍ റിംഗ് ചെയ്യുക. എല്ലാവരും കാണ്‍കെ നമ്മള്‍ പറയും ..

"വല്ലാത്തൊരു കഷ്ടം.. ഏത് സമയത്തും എനിക്കിങ്ങനെ കാളുകള്‍ വന്നു കൊണ്ടേയിരിക്കും..ചിലപ്പോള്‍ ഈ മോബൈലങ്ങു പൊട്ടിച്ചു കളഞ്ഞാലോ എന്നും വിചാരിക്കാറുണ്ട്..പക്ഷെ ഇന്നത്തെ കാലത്ത് ഇതില്ലാതെ നമ്മുടെ ഒരു പണിയും നടക്കില്ലാ ല്ലോ ..അതോര്‍ത്തു കൊണ്ടാ പിന്നെ..."

അല്‍പ്പം ജാടയൊക്കെ ആരും കാണിച്ചു പോകുന്ന ഒരു സാഹചര്യം ..ഇത് പോലൊരു സാഹചര്യത്തില്‍ ഇത് പോലെയുള്ള കുറച്ചു ഡയലോഗുകള്‍ ഞാനും ആള്‍ക്കൂട്ടത്തില്‍ മുഴക്കി കൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തു വച്ച് കൊണ്ട് പറഞ്ഞു. 

" ഹലോ..."

മറുഭാഗത്ത് നിന്നും ഞാന്‍ കേട്ടത് മറ്റൊന്നായിരുന്നു. 

"ഇപ്പോള്‍ തിരഞ്ഞെടുക്കൂ നിങ്ങള്‍ക്കിഷ്ടമുള്ള ഗാനങ്ങള്‍.. നിങ്ങളുടെ ഹെലോ ടൂണ്‍ സെറ്റ് ചെയ്യാന്‍............."

കാര്യം പിടി കിട്ടിയ ഞാന്‍ ഒട്ടും ചമ്മലില്ലാതെ ഫോണ്‍ ചെവിയില്‍ നിന്നും മാറ്റാതെ തന്നെ ആ കാള്‍ കട്ട് ചെയ്യുകയും ഒരു ഒഫീഷ്യല്‍ സംസാരമെന്ന രീതിയില്‍ തുടരുകയും ചെയ്തു.. അങ്ങനെ ഫോണില്‍  തിരക്കുള്ള എന്നെ കാത്തു കൊണ്ട്  മറ്റുള്ളവര്‍ അവരുടെ സംസാരം പാതി വഴിക്ക്  നിര്‍ത്തി കൊണ്ട്  എന്നെ തന്നെ നോക്കി നില്‍ക്കുന്ന സമയം .. എന്‍റെ ചെവിയില്‍ കിടന്നു കൊണ്ട് മൊബൈല്‍ ഉറക്കെ ചീറി വിളിച്ചു. ദൈവമേ..ചതിച്ചു ആരോ എന്നെ ഫോണ്‍ ചെയ്തിരിക്കുന്നു. 

 എന്‍റെ ഞെട്ടലില്‍ ഫോണ്‍ നിലത്തു വീഴുകയും നിലത്തു കിടന്നു ബാക്കി കരയുകയും ചെയ്തു. എല്ലാ മാന്യന്മാര്‍ക്കും എന്നെ കൊന്നു കൊല വിളിക്കാന്‍ കിട്ടിയ അവസരം അവര്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. 

ആ സമയത്ത് വിളിക്കാന്‍ തോന്നിയ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെ , ഈ സംഭവത്തോട് കൂടി ഞാന്‍ ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. 

പിന്നീടൊരിക്കലും ഞാന്‍ മൊബൈല്‍ ഫോണ്‍ സൈലെന്റ് മോഡില്‍ ഇടാതെ ആള്‍ക്കൂട്ടത്തില്‍ പോകാറില്ല. ഇപ്പോളും ഇടക്കൊക്കെ അന്നത്തെ  പോലെ സര്‍വീസ് കാളുകള്‍ എനിക്ക് വരാറുണ്ട്, ഒന്നുമറിയാത്ത പോലെ മൊബൈല്‍ ചെവിയില്‍ വച്ച്  കാള്‍ കട്ട്  ചെയ്യും.  എന്നിട്ട്    ഒട്ടും ചമ്മല്‍ കാണിക്കാതെ ഞാന്‍ അവരുമായി ഇപ്പോളും ഒഫീഷ്യല്‍ സംസാരം തുടരുന്നു. 

  ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാന്‍ അത് തുടര്‍ന്നോട്ടെ. ...ഇനി ആ സമയത്ത് നിങ്ങളാരും വിളിച്ചു എന്‍റെ ചെവിയില്‍ വൈബ്രേഷന്‍ ഉണ്ടാക്കാഞ്ഞാല്‍ മതി. 
-pravin-  

Monday, April 23, 2012

മേല്‍വിലാസമില്ലാതെ ഉറങ്ങുന്നവര്‍

ജീവിച്ചിരിക്കുന്ന ഏതൊരാള്‍ക്കും ഒരു മേല്‍വിലാസം ഉണ്ടാകും. ഒരു ഭിക്ഷക്കാരനെ സംബന്ധിച്ചിടത്തോളം ,  അയാള്‍  രാത്രി തല ചായ്ക്കുന്ന പീടികത്തിണ്ണയോ  തെരുവോ  അല്ലെങ്കില്‍ മരച്ചുവടോ   അങ്ങനെ എന്തെങ്കിലുമായിരിക്കും അയാളുടെ മേല്‍വിലാസം. മരിച്ചവരുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ ഒരു മേല്‍വിലാസമേ ഉണ്ടാകൂ എന്ന് തോന്നുന്നു. 

  പക്ഷെ , മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും  അജ്ഞാത ശവങ്ങള്‍ എന്ന പേരില്‍  കഴിയുന്ന ഒരു വര്‍ഗം ഉണ്ട് . പ്രവാസ ജീവിതത്തിനിടയില്‍ അവിചാരിതമായി മരണം കടന്നു വരുമ്പോള്‍   ഊരും പേരും അറിയാതെ മോര്‍ച്ചറികളില്‍ ഒരാളാലും തിരിച്ചറിയപ്പെടാത്ത രൂപത്തില്‍   ഉറങ്ങുന്ന മനുഷ്യരാണ് അജ്ഞാത ശവങ്ങള്‍.

അവരുടെ മേല്‍വിലാസം എന്തായിരിക്കും, എന്തായിരുന്നു എന്നൊക്കെ ആര് ചിന്തിക്കാന്‍ അല്ലേ ? ഞാനും അതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ ഈ അടുത്ത കാലത്ത് അതെ കുറിച്ച് ചിന്തിക്കേണ്ടി വന്നു. ഇന്നും എന്‍റെ ചിന്തകളില്‍ നീറുന്ന ഒരു വേദനയായി ആ ദുരനുഭവം  തങ്ങി നില്‍ക്കുന്നു. 

 മണലാരണ്യത്തില്‍ വിനോദയാത്രക്ക് പോയ ചില കൂട്ടുകാര്‍ ഫോട്ടോ എടുക്കുന്ന ധൃതിയിലായിരുന്നു. ഇരുന്നും കിടന്നും കെട്ടിപ്പിടിച്ചും ഫോട്ടോകള്‍ എടുത്തു കൊണ്ടിരിമ്പോഴാണ് ഉണങ്ങി ശോഷിച്ച ഒരു കറുത്ത വിറകു കൊള്ളി മണലില്‍ പൊങ്ങി നില്‍ക്കുന്നത്‌ കണ്ടത്. ഫോട്ടോക്ക് പോസ് ചെയ്യാന്‍ പുതിയ ഒരായുധം കിട്ടിയല്ലോ  എന്ന ചിന്തയില്‍  കൂട്ടത്തിലൊരുത്തന്‍ അതെടുക്കാനായി അതിനടുത്തേക്ക്  ഓടിപ്പോയി.ചെറിയ രീതിയില്‍ മണല്‍ക്കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോള്‍,.

  നേരം ഇരുട്ടും മുന്‍പേ മടങ്ങണം എന്ന ചിന്താഗതിക്കാരനായ ജോസ് അവനെ തിരിച്ചു വിളിച്ചെങ്കിലും ദൂരേക്ക്‌ ഓടി മറഞ്ഞ അവന്‍  അത് കേട്ടില്ല. ജോസും കൂട്ടരും ഒടുക്കം അവനു  പിന്നാലെ ഓടി. 


അടുത്തെത്തിയ കൂട്ടുകാര്‍ കറുത്ത വിറകു കൊള്ളി പിടിച്ചു വലിച്ചപ്പോള്‍ മണലില്‍ നിന്നും പൊങ്ങി പുറത്തേക്ക് വന്നത് കരിഞ്ഞുണങ്ങിയ ഒരു മനുഷ്യരൂപമായിരുന്നു. കറുത്ത വിറകു കൊള്ളി പോലെ മണലില്‍ പൊങ്ങി നിന്നിരുന്നത് അയാളുടെ കൈകളായിരുന്നു. ഒരു സഹായ ഹസ്തത്തിനായി ആ കൈകളും കൊതിച്ചിരിക്കാം.  എല്ലാവരും അവിടെ നിന്നും   ഒരു നടുക്കത്തോടെ ഓടി വണ്ടിയില്‍ കയറി. കാറ്റ് ശക്തമായി കൊണ്ടിരിക്കുന്നു.  കാറ്റില്‍ പറന്നു വരുന്ന മണല്‍ത്തരികള്‍ അപ്പോളേക്കും വീണ്ടും ആ മനുഷ്യരൂപത്തെ മണലിനടിയില്‍ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. അജ്ഞാത ശവത്തിന്‍റെ മേല്‍വിലാസം അന്വേഷിക്കാന്‍ ഈ മരുഭൂമിയില്‍ ഇനി ആരെങ്കിലും വരുമോ ? 


"വര്‍ഷങ്ങളായി ഓന്‍  ഗള്‍ഫ്‌ നാട്ടില്‍ പോയിട്ട്, എന്നിട്ടും ഓന് ഇത് വരെയും എനിക്ക് ഒരു ഫോറിന്‍ സാധനമോ പൈസയോ ഒന്നും അയച്ചു തരാന്‍ സൌകര്യപ്പെട്ടിട്ടില്ല. ഓന്റെ കെട്ടിയോളെ വരെ ഓന്‍ വിളിച്ചിട്ട് കാലങ്ങളായി..ഇത്രേം കാലായിട്ട്  ഓന്‍ കുടുംബത്തിലെ ഒരു കാര്യം പോലും അറിഞ്ഞിട്ടില്ല.. ഞങ്ങടെ കണ്ണീരിന്‍റെ ശാപം കാരണം   ഒരു കാലത്തും ഓന്‍ ഗതി പിടിക്കില്ല."  ചില പ്രവാസി കുടുംബങ്ങളില്‍ ഇങ്ങനെയെല്ലാം സംസാരിക്കുന്നുണ്ടായിരിക്കാം. അവരെ ചുറ്റിപ്പറ്റി, എല്ലാം കണ്ടും കേട്ടും കൊണ്ട്  അജ്ഞാതരായ പല ആത്മാക്കളും തേങ്ങുന്നത്‌ അവരറിയുന്നുണ്ടോ ?


മരുഭൂമിയില്‍ കൂട്ടുകാര്‍ കണ്ട കാര്യം അവര്‍ ആരോടും പറയില്ല എന്ന കാര്യം എനിക്കുറപ്പാണ്. എന്നെങ്കിലും ആരെങ്കിലും  മരുഭൂമിക്കടിയില്‍ ഉറങ്ങുന്ന ആ ശരീരത്തെ അന്വേഷിച്ചു വരും.   ഈ ഭൂമിയില്‍ എവിടെയോ ആ ശരീരത്തെ ജീവനോട്‌ കൂടി കാത്തിരിക്കുന്ന ഒരു ഭാര്യയോ, അച്ഛനോ, അമ്മയോ ആരെങ്കിലും ഉണ്ടാകും. സത്യങ്ങളൊന്നും അറിയാതെ കാലങ്ങളോളം അവര്‍ കാത്തിരിക്കും.  വരുമെന്ന പ്രതീക്ഷയില്‍ കാലങ്ങളോളം കാത്തിരിക്കാനുള്ള ശക്തി ദൈവം അവര്‍ക്ക് കൊടുക്കട്ടെ. 

മരുഭൂമിയില്‍ മാത്രമല്ല, കടലിന്‍റെ ആഴങ്ങളിലും, കൊടുങ്കാടുകളിലും, കൊക്കകളുടെ താഴ്വാരങ്ങളിലും, പാറക്കെട്ടുകള്‍ക്കിടയിലും മഞ്ഞു മലകളിലും, അങ്ങനെ കുറെയേറെ സ്ഥലങ്ങളിലെല്ലാം  മേല്‍വിലാസമില്ലാതെ കാലങ്ങളായി ഉറങ്ങിക്കിടക്കുന്നവര്‍ ഉണ്ട്.  രാത്രികളില്‍ നമ്മള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എവിടെ ഉറങ്ങേണ്ടി വരുമെന്ന കാര്യം നമ്മളാരും ആലോചിക്കാറില്ല. നമുക്ക് ഉറപ്പ് പറയാന്‍ പറ്റാത്തൊരു  കാര്യമായി നമ്മളില്‍ തന്നെ അതവശേഷിക്കുന്നു. 
-pravin-

Sunday, April 22, 2012

ബെല്ലുകള്‍

ഇരുപതു വര്‍ഷത്തോളമായി ഗോവിന്ദേട്ടന്‍ ഒരു കമ്പനിയിലെ ശിപായി ആയി ജോലി ചെയ്തു വരുന്നു. തുച്ച ശമ്പളം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും , അയാള്‍ക്ക്‌ കിട്ടുന്ന ശമ്പളം കൊണ്ട് തീരുന്നതായിരുന്നില്ല അയാളുടെ പ്രാരാബ്ധങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന  മുഖഭാവമായിരുന്നു അയാള്‍ക്കെന്നും.

രാവിലെ നേരത്തെ ഓഫീസില്‍ എത്തി, അവിടം അടിച്ചു വാരി വൃത്തിയാക്കി, സാറുമാരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നത് ഗോവിന്ദേട്ടന്‍ ആയിരുന്നു. ഗോവിന്ദേട്ടനെ ആരും പേര് വിളിച്ചിരുന്നില്ല. എല്ലാ സാറുമാരുടെയും മേശപുറത്ത്‌ വച്ചിരിക്കുന്ന  ഓരോ ബെല്ല് അടിയുംബോലും അയാള്‍ക്ക്‌ അറിയാമായിരുന്നു അത്  അയാളെയാണ് വിളിക്കുന്നത്‌  എന്ന്. ചായയില്‍ മധുരം കൂടി പോയെന്നു പറഞ്ഞു ഒരിക്കല്‍ അയാളുടെ മേലേക്ക് ചായ ഒഴിച്ചിട്ടുണ്ട് കോട്ടിട്ട സംസ്കാരമില്ലാത്ത   ഒരു  മനുഷ്യന്‍. 

 ഗോവിന്ദേട്ടന്‍ ജീവിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ? അറിയില്ല . ഗോവിന്ദേട്ടന്‍ എവിടെ താമസിക്കുന്നു ? അറിയില്ല. ഗോവിന്ദേട്ടന്‍ ഏത്  നാട്ടുകാരനാണ് ? അറിയില്ല. ആര്‍ക്കും ഒന്നും അറിയില്ല.  എല്ലാവര്‍ക്കും ഒന്ന് മാത്രം അറിയാം. അവര്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ വരുന്ന കാലം തൊട്ടേ  ഗോവിന്ദേട്ടന്‍ ഇവിടെ ഇതേ പണിയുമായി ഉണ്ടായിരുന്നു. 

ആര്‍ക്കും ഒന്നും ചോദിക്കേണ്ട കാര്യമില്ല. മുന്നില്‍ ഉള്ള ബെല്ലില്‍ ഒന്നമര്‍ത്തിയാല്‍ ഗോവിന്ദേട്ടന്‍ അവിടെ ഉണ്ടാകും. ശമ്പളം കിട്ടുന്ന ദിവസം ഗോവിന്ദേട്ടന്റെ മുഖത്ത് ചെറിയ ഒരു സന്തോഷം ഉണ്ടാകാറുണ്ട്. അത് പക്ഷെ രണ്ടു ചുണ്ടുകള്‍ വിരിഞ്ഞു പല്ല് കാണുന്ന വിധമുള്ള ഒരു ചിരിയേക്കാള്‍ മനോഹരമായി തോന്നിയേക്കാം.

 പഴയ മാനേജര്‍ വിരമിച്ച ശേഷം വന്ന മാനേജര്‍ ആളൊരു ശുദ്ധഗതിക്കാരന്‍ ആയിരുന്നു. അയാള്‍ ഗോവിന്ദേട്ടനെ അയാളുടെ പ്രായത്തെ മാനിച്ചു ഗോവിന്ദേട്ടന്‍ എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി. തന്റെ മേശപ്പുറത്തുള്ള ആ ബെല്‍ അയാള്‍ കൌതുകത്തോടെ എടുത്തു നോക്കി. എന്നിട്ട് പറഞ്ഞു.

 "ഇത് ഗോവിന്ദേട്ടന്‍ തന്നെ വച്ചോ ,  എനിക്കിതിന്‍റെ ആവശ്യമില്ല." 

മറുപടി ഒരു മൂളക്കത്തില്‍ മാത്രം ഒതുക്കി കൊണ്ട് അയാള്‍ അത് വാങ്ങി അരയില്‍ തിരുകി. മറ്റു സാറന്മാര്‍ക്ക്‌ പക്ഷെ പുതിയ മാനേജരുടെ എളിമ അത്ര പിടിച്ചിട്ടില്ല. പുതിയ ഓരോ പരിഷ്കാരം എന്ന് ആരൊക്കെയോ അവിടെ കുശുകുശുത്തു.

  മാസങ്ങള്‍ക്ക്   ശേഷം... ഒരു  ദിവസം.  ഗോവിന്ദേട്ടന്‍ അന്ന് ഓഫീസില്‍ എത്തിയിട്ടില്ല. ബെല്ലുകള്‍ മുഴങ്ങുന്നത് കേട്ട് കാബിനു പുറത്തു വന്ന മാനേജര്‍ ദ്വേഷ്യത്തോടെ ചോദിച്ചു.

"അയാളുടെ പേര് എന്താ ആര്‍ക്കും അറിയില്ലേ ഇവിടെ ? ഒന്ന് വിളിക്കുന്നതിനു പകരം ഈ ബെല്ലില്‍ ഇങ്ങനെ അമര്‍ത്തി കോലാഹലം ഉണ്ടാക്കണോ ?

ഒരിത്തിരി നിശബ്ദതക്കൊടുവില്‍ ആരോ മൃദുവായി പറഞ്ഞു 

"ക്ഷമിക്കണം സാര്‍, ആളെ ഇത് വരെയും ഇന്ന് കണ്ടിട്ടേ ഇല്ല. "

"അതിനു ഇതാണോ ചെയ്യേണ്ടത് ?, അയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒന്ന് വിളിച്ചു അന്വേഷിച്ചാല്‍ പോരെ ? അയാള്‍ക്ക്‌ വയ്യാമ വല്ലതും ഉണ്ടെങ്കിലോ ? ഒരു ദിവസം അയാള് ചെയ്യുന്ന പണി  നിങ്ങള്‍ക്ക്  തന്നെ ചെയ്‌താല്‍ എന്താ കുഴപ്പം ? ആരെങ്കിലും ആ നമ്പര്‍ എനിക്കൊന്നു താ. വിളിച്ചു നോക്കിയിട്ട് പറയാം ബാക്കി. "


മാനേജര്‍ മൊബൈലില്‍ നമ്പര്‍ അമര്‍ത്തി വിളിക്കുന്നു. പിന്നെ  തന്‍റെ  കാബിനുള്ളില്‍ കയറി സംസാരിച്ച  ശേഷം പുറത്തിറങ്ങി വന്നു എല്ലാവരോടും  അല്‍പ്പം രോഷത്തോട്  കൂടെ പറഞ്ഞു.

 "അയാള്‍ നിങ്ങള്‍ ഇനി ഈ ബെല്ലടിച്ചാല്‍ വരില്ല. ഇന്നലെ രാത്രി മരിച്ചു.  ഞാന്‍ എന്തായാലും അയാള് താമസിക്കുന്ന സ്ഥലം വരെ പോയിട്ട് വരാം. അത്രയെങ്കിലും മര്യാദ ആ മനുഷ്യനോടു എനിക്ക്  കാണിച്ചെ മതിയാകൂ. നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്‍റെ കൂടെ വരണമെങ്കില്‍ വരാം. ഒന്നുമില്ലെങ്കിലും കുറെ ബെല്ലമര്‍ത്തി നിങ്ങളെല്ലാം  അയാളെ വിളിച്ചതല്ലേ ".

 രണ്ടു പേര്‍ കൂടെ ചെല്ലുന്നു. ഓഫീസില്‍ നിശബ്ദത പരന്നു.

ഗോവിന്ദേട്ടന്‍ താമസിച്ചിരുന്നത് ശരണാലയം എന്ന ഒരു വൃദ്ധ സദനത്തോട്  ചേര്‍ന്ന ഒരു കെട്ടിടത്തില്‍ ആയിരുന്നു. പണ്ട് ഗോവിന്ദേട്ടന്‍ ഭാര്യയുടെ കൂടെ ഈ ശരണാലയത്തില്‍    ആയിരുന്നു. ഭാര്യ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയതിനെ തുടര്‍ന്ന്, താമസം ഒറ്റക്കായി. പിന്നെ പിന്നെ മക്കളും വരാതായി. അവരെല്ലാം ഇന്ത്യക്ക് പുറത്താണ്. മാസം മാസം പൈസ അയച്ചു തരുന്നത് മുഴുവന്‍ ശരണാലയത്തിലേക്ക്   കിട്ടിയിരുന്നെങ്കിലും, ഗോവിന്ദേട്ടന്‍ അതില്‍ ഒരു ചില്ലി കാശ് പോലും ഉപയോഗിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പൈസ കൊണ്ട് അയാളുടെ കാര്യങ്ങള്‍ നടന്നു പോയിരുന്നു. ഒഴിവു സമയങ്ങള്‍ ശരണാലയത്തിലെ അന്തയവാസികള്‍ക്കൊപ്പം ചിലവഴിക്കാനായിരുന്നു അയാള്‍ക്കിഷ്ടം.

മൃത ശരീരം കൊണ്ട് ആംബുലന്‍സ് ശ്മശാനത്തിലേക്ക് പോയപ്പോള്‍, വാച്മാന്‍ ഗോവിന്ദേട്ടനെ കുറിച്ചുള്ള വിവരണം നിര്‍ത്തി. ഒരു നെടുവീര്‍പ്പോടെ അയാള്‍ ശരണാലയത്തിലേക്ക്  നടന്നു നീങ്ങി.  

ബെല്ലുകള്‍ ഇനിയും ആ ഓഫീസില്‍ മുഴങ്ങുമായിരിക്കും, വിളി കേള്‍ക്കാന്‍ ഗോവിന്ദേട്ടന്‍ ഇല്ലാതെ.  ബെല്ലുകള്‍ മുഴങ്ങാത്ത മറ്റേതോ  ലോകത്തിരുന്നു കൊണ്ട്   നിശബ്ദമായി ഗോവിന്ദേട്ടന്‍  വിളി കേള്‍ക്കുന്നുണ്ടാകാം എന്ന ചിന്തയില്‍ മാനജരും സഹപ്രവര്‍ത്തകരും  വണ്ടിയില്‍ കയറി തിരിച്ചു യാത്രയായി. 

-pravin-

Thursday, April 19, 2012

ചില നിലാക്കാഴ്ച്ചകള്‍

ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരി എന്നൊരു സ്ഥലമുണ്ട്. എന്‍റെ അമ്മൂമ്മയുടെ വീട് അവിടെ ആണ്. ഒരു പക്കാ ഗ്രാമം തന്നെയെന്നു പറയാം. പാടത്തിന്‍റെ അരികില്‍ വീട്.. പിന്നെ പരന്നു കിടക്കുന്ന പറമ്പ് , കുളങ്ങള്‍ , പറങ്കി കാടുകള്‍ . രാത്രി നിലാവ് പെയ്തിറങ്ങും.. പാടത്തില്‍ നിന്നും കള കളം ശബ്ദമുണ്ടാകി ഒഴുകുന്ന വെള്ളം.. അവിടെ പാടത്തിനു നടുക്ക് ഒരു വലിയ മരം ഉണ്ട്. അതിന്‍റെ ചുവട്ടില്‍ ചില രാത്രികളില്‍ നിലാവ് കൊള്ളുന്ന പെണ്‍കുട്ടികളെ ഞാന്‍ ദൂരെ നിന്ന്കണ്ടിട്ടുണ്ട്. തിരുവാതിര കാലമായാല്‍ ആ ഗ്രാമത്തിലെ മിക്ക പെണ്‍കുട്ടികളും രാത്രിയില്‍ ആ മരച്ചുവട്ടില്‍ ഇരുന്നു സൊറ പറയും. ചിലര്‍ നിലാ വെളിച്ചത്തില്‍ ആ പാട വരമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. 

എന്താ പെണ്ണുങ്ങളുടെ ഒരു ധൈര്യം ? ഈ നിലാവത്ത് എല്ലാവരും കൂടി ഇത്ര വലിയ സമ്മേളനം നടത്താന്‍ മാത്രം എന്തിരിക്കുന്നു? ഇത്ര മാത്രം പരസ്പരം പറയാന്‍ ഇവര്‍ക്ക് എന്തിരിക്കുന്നു ?. അമ്മൂമ്മയുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം സന്ദര്‍ശനം നടത്തുന്ന എനിക്കതൊക്കെ പുതു കാഴ്ചകളായിരുന്നു. അമ്മൂമ്മയുടെ വീട്ടില്‍ നിന്നു അക്കരെ പാടത്തേക്കു നോക്കിയാല്‍ നിലാവിലും മഞ്ഞിലും കുളിച്ചു നില്‍ക്കുന്ന നെല്‍ക്കതിരുകളും പിന്നെ ആ ഒരൊറ്റ മരവും. വല്ലാത്തൊരു കാഴ്ചയായി എന്നും എന്‍റെ ഓര്‍മയില്‍ അതുണ്ടായിരുന്നു. 

അമ്മൂമ്മയുടെ വീട്ടില്‍ പോയാല്‍ വല്ലാത്തൊരു ഏകാന്തതയാണ്, സമപ്രായക്കാരുമായുള്ള സംസാരം ഉണ്ടാകില്ല, അങ്ങാടിയില്‍ പോകണം എന്നുണ്ടെങ്കില്‍ കുറെ നടക്കണം. അതാകട്ടെ കുന്നും ഇറക്കവും പാടവും തോടും ഒക്കെ കടന്നു വേണം പോകാന്‍. പൊതുവേ നടക്കാന്‍ മടിയുള്ള എനിക്കിതൊക്കെ തന്നെയായിരുന്നു അമ്മൂമ്മയുടെ വീട്ടില്‍ പോകാനുള്ള മടിക്കും കാരണം. ആദ്യ കാലത്തൊന്നും കേബിള്‍ ടി വി ക്കാര്‍ പോലും ഇല്ലായിരുന്നു. വെറും ദൂരദര്‍ശനില്‍ മാത്രം കണ്ണ് നട്ടിരിക്കേണ്ട അവസ്ഥ കുറെ കാലം എടുത്തു ഒന്ന് മാറി വരാന്‍. മൊബൈല്‍ റേഞ്ച് ഒട്ടും കിട്ടില്ല എന്നതാണ് മറ്റൊരു ദുഃഖം. അവിടെയും പ്രൈവറ്റ് കമ്പനിക്കാര്‍ക്ക് സ്വാഗതം ഇല്ല. ഉള്ളത് നമ്മുടെ ബി എസ് എന്‍ എല്‍ മാത്രം. ഇപ്പോള്‍ പിന്നെ കഷ്ടി എല്ലാം കിട്ടുന്നുണ്ട്‌. 

അമ്മൂമ്മയുടെ വീട്ടില്‍ ഒരുപാട് സ്ഥലമുണ്ട്. വീടിന്‍റെ മുകളിലെ ഭാഗത്തെ പറമ്പ് നിറയെ വലിയ ഉയരമുള്ള കരിമ്പനകള്‍, അതിന്‍റെ താഴത്തെ ഭാഗം നിറയെ പറങ്കി മരങ്ങള്‍ നില്‍ക്കുന്നു. ഇടക്കുള്ള ഒരു സ്ഥലത്ത് അമ്മാച്ചന്റെ (അമ്മയുടെ അച്ഛന്‍) സമാധി. അതിനും താഴേക്കുള്ള പറമ്പില്‍ വാഴകളും മറ്റ് ഇടക്കൃഷിയും ചെയ്തിരിക്കുന്നു. അതിനുമൊക്കെ വളരെ താഴെയുള്ള സ്ഥലത്താണ് അമ്മൂമ്മയുടെയും മറ്റ് നാട്ടുകാരുടെയും നെല്‍പ്പാടങ്ങള്‍. പാടത്തിലേക്ക് വെള്ളം വേണ്ടത്ര കിട്ടാന്‍ വളപ്പില്‍ തന്നെ ഒരു വലിയ കുളവും ഉണ്ട്. പണ്ടത്തെ കാലത്ത് ഏത്തം എന്നോ മറ്റോ വിളിക്കുന്ന ഒരു വലിയ കലപ്പ പോലുള്ള യന്ത്രം ഉപയോഗിച്ചാണ് ജലസേചനം നടത്തിയിരുന്നതെന്ന് കേട്ടു കേള്‍വിയുണ്ട്. 

വീടിനടുത്ത് തന്നെ ഒരു ശിവ ക്ഷേത്രം ഉണ്ട്. അക്ലേശ്വര ക്ഷേത്രം എന്നാണ് പേര്. വളരെ പഴയ കാലത്തുള്ള ഈ അമ്പലം ഒരു കുന്നിന്‍ മുകളിലാണുള്ളത്. പകല്‍ സമയങ്ങളില്‍ ഈ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും താഴേക്കു നോക്കിയാല്‍ ഒരു ഗ്രാമ ഭംഗിയൊക്കെ ആസ്വദിക്കാന്‍ പറ്റും. പച്ചപ്പാടങ്ങള്‍, അതിനു മുകളിലൂടെ പറന്നു പോകുന്ന വെളുത്ത കൊക്കുകള്‍, ഇടയ്ക്കിടയ്ക്ക് കാറ്റില്‍ ഒഴുകി വരുന്ന നെല്‍ച്ചെടിയുടെ മണം ഇതൊക്കെ ഞാന്‍ കുട്ടിക്കാലത്ത് കണ്ടിരുന്നെങ്കിലും അന്നൊന്നും ആസ്വദിക്കാന്‍ തോന്നിയിരുന്നില്ല. പിന്നെ എപ്പോഴാണ് ഞാന്‍ ഇതൊക്കെ ആസ്വദിക്കാന്‍ തുടങ്ങിയതെന്നും അറിയില്ല. 

പകല്‍ കണ്ട ഗ്രാമ ഭംഗിയാകില്ല രാത്രിയില്‍.  രാത്രിയില്‍ രൂപത്തിലും ഭാവത്തിലും അത് വേറൊരു ഗ്രാമത്തെ പോലെ മാറിയിരിക്കും. മിക്കവാറും എഴ്-എട്ട്‌ മണിയോട് കൂടെ എല്ലാ പ്രദേശവാസികളും അവരവരുടെ വീടുകളില്‍ ചേക്കേറും. പിന്നെ അയല്‍വാസിക്കൂട്ടങ്ങളും, അവരുടെ കുറ്റം പറച്ചിലും, ഇടയ്ക്കു ചില കള്ളുകുടിയന്മാരുടെ നാടന്‍ പാട്ടും അങ്ങനെ ഗ്രാമീണ കലകള്‍ പലതും കാണാം, കേള്‍ക്കാം.  അതാണാ ഗ്രാമം. 

രാത്രിയില്‍ ഒരു ദിവസം എല്ലാവരും ടി വി കാണുന്നതിനിടയില്‍, ഞാന്‍ മെസ്സേജ് അയക്കാന്‍ റേഞ്ച് തപ്പി കൊണ്ട് പുറത്തോട്ടിറങ്ങി. റേഞ്ച് നോക്കി നടന്നു ഞാന്‍ മേലെ പറമ്പിലെ പനച്ചുവട്‌ വരെ എത്തി. നല്ല നിലാവെളിച്ചംമുള്ളതിനാൽ പകല് പോലെ എല്ലാം നന്നായി കാണാന്‍ സാധിക്കുമായിരുന്നു. മെസ്സേജ് അയച്ച ശേഷവും ഡെലിവറി റിപ്പോര്‍ട്ട്‌ വന്നില്ല എന്ന കാരണത്താല്‍ ഞാന്‍ അവിടെ തന്നെ കുറച്ചു നേരം നിന്നു. ആകാശം അപ്പോഴാണ് ശ്രദ്ധിച്ചത്. വളരെ താണ് വന്നിരിക്കുന്നു. പനകള്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിക്കുന്നു. അന്നാണ് ഞാന്‍ ആദ്യമായി, രാത്രിയിലെ ഗ്രാമ സൌന്ദര്യം കാണുന്നത്. നടക്കുന്നതിനിടയില്‍ കാലില്‍ ഏപ്പന്‍ പുല്ലുകള്‍ തലോടുന്നുണ്ടായിരുന്നു. ഞാന്‍ മറ്റേതോ ലോകത്തില്‍ ചെന്ന പോലെ ആകെ അന്തം വിട്ടു നടന്നു കൊണ്ടേ ഇരുന്നു. ഒടുക്കം അമ്മാച്ചന്റെ സമാധിക്കു മുന്നിലെത്തിയപ്പോള്‍ അവിടെ നിന്നു.

അമ്മാച്ചനെ ഞാന്‍ കണ്ടിട്ടില്ല. അമ്മയുടെ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അമ്മാച്ചന്‍ ഇപ്പോളും ഈ സമാധിക്കുള്ളില്‍ ഉറങ്ങുന്നുണ്ടാകുമല്ലേ .? ഞാന്‍ ചെവി സമാധിയില്‍ ചേര്‍ത്തു വച്ച് ശ്രദ്ധിച്ചു. ഇല്ല. ഒന്നും കേള്‍ക്കുന്നില്ല. വീണ്ടും ഒന്ന് കൂടി ചെവി വച്ച് നോക്കിയാലോ .. ഞാന്‍ വീണ്ടും ചെവി വച്ച് നോക്കി. ശരിയാണ്. അമ്മാച്ചന്‍ നല്ല ഉറക്കത്തിലാണ്. ശ്വാസം വിടുന്ന നേര്‍ത്ത ശബ്ദം എനിക്ക് കേള്‍ക്കാം. ശല്യപ്പെട്ത്തുന്നില്ല. അമ്മാച്ചന്‍ ഉറങ്ങിക്കോട്ടെ. ഞാന്‍ അവിടെ നിന്നും നടന്നകന്ന് താഴെയുള്ള പറങ്കി മരങ്ങള്‍ക്കിടയില്‍ എത്തി. അവിടെയും കുറച്ചു നേരം ചുറ്റിപ്പറ്റി നിന്ന ശേഷം താഴെയുള്ള മൂവാണ്ടന്‍ മാവിന് ചുവട്ടിലും എത്തി. മരച്ചില്ലകള്‍ക്കിടയിലൂടെയും നിലാവെളിച്ചം താഴേക്ക്  ഒഴുകുന്നുണ്ടായിരുന്നു. അവിടെ നിന്നു കൊണ്ട് ഞാന്‍ വിദൂരതയിലേക്ക് പടര്‍ന്നു കിടക്കുന്ന നെല്‍പ്പാടത്തിലേക്ക് നോക്കി. 

അപ്പോഴാണ്‌ പാടത്തിനു നടുകെ ഉള്ള ആ ഒറ്റമരത്തെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. നിലാവെളിച്ചത്തില്‍ പാടത്തിന്‍റെ പച്ചപ്പെല്ലാം നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ കരകാണാ കടലിന്‍റെ നീല നിറമാണ് പച്ചപ്പാടങ്ങള്‍ക്ക്. അതിനിടയില്‍ ഒറ്റയ്ക്ക് നിന്ന് ഇതെല്ലാം ആസ്വദിക്കുന്ന ആ മരം ഏതാണ്? ആരാണ് ആ മരച്ചുവട്ടിലും പാടവരമ്പിലും ഇരുന്നും നിന്നുമെല്ലാം സംസാരിക്കുന്ന തരുണീമണികള്‍ ?

ടി -ടീ ..ടി-ടീ ..അപ്പോളേക്കും മെസ്സേജ് കിട്ടേണ്ട ആള്‍ക്ക് കിട്ടി ട്ടോ എന്ന് പറഞ്ഞു കൊണ്ട് എന്‍റെ മൊബൈല്‍ കരഞ്ഞു. ഞാന്‍ വീടിന്‍റെ ഉമ്മറത്തേക്ക് നടന്നു ചെന്നു. സാവധാനം ഒന്നും അറിയാത്ത പോലെ ടി വി കണ്ടിരുന്ന ആളുകളെ വക വെക്കാതെ തട്ടിന്മുകളിലെ എന്‍റെ റൂമിലേക്ക്‌ പോയി. അല്ലെങ്കിലും അവര്‍ സീരിയല്‍ ലോകത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എന്‍റെ വരവും പോക്കുമൊന്നും ശ്രദ്ധിച്ചു കാണില്ല. നിലാവിനിടയില്‍ പെയ്തിരുന്ന മഞ്ഞുത്തുള്ളികള്‍ എന്‍റെ തല നനച്ചിരുന്നു. തലയിലെ ആ തണുപ്പ് ഞാന്‍ തുടച്ചു കളഞ്ഞില്ല. ജനാലകള്‍ക്കിടയിലൂടെ ഞാന്‍ ദൂരേക്ക്‌ പരന്നു കിടക്കുന്ന പാടങ്ങളെ നോക്കി. പക്ഷെ നിലാപ്പാടങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ മഞ്ഞു വീണു കൊണ്ടിരിക്കുകയായിരുന്നു. 

അടുത്ത ദിവസം രാവിലെ എനിക്ക് പുലാമാന്തോളിലേക്ക് മടങ്ങി പോകേണ്ടി വന്നു. പക്ഷെ , മനസ്സ് മുഴുവനും രാത്രി കണ്ട നിലാപ്പാടവും അതിനു നടുക്കുള്ള ആ മരവും, മരത്തിനു ചുറ്റും കൂടിയിരുന്ന തരുണീ മണികളും മാത്രം. ഞാന്‍ രാത്രി കണ്ടതും കേട്ടതും ആരോടും പങ്കു വച്ചില്ല. അതങ്ങനെ തന്നെ കുഴിച്ചു മൂടി. എനിക്ക് വിസ വന്നതും പ്രവാസിയായതുമെല്ലാം പെട്ടെന്നായിരുന്നു. അതിനിടയില്‍ പിന്നൊരിക്കലും രാത്രി മനിശ്ശേരിയില്‍ തങ്ങേണ്ടി വന്നിട്ടില്ല. ഗള്‍ഫില്‍ വന്ന കാലത്ത് ഇടയ്ക്കിടയ്ക്ക് ഓര്‍ക്കാനുള്ള ഒരു അപൂര്‍വ വിചിത്ര ഓര്‍മയായി ആ സംഭവം അപ്പോഴേക്കും മാറിയിരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രവാസ യാത്രക്കിടയില്‍ രണ്ടു മാസം അവധിക്കു നാട്ടിലെത്തിയപ്പോളാണ് ഞാന്‍ പിന്നീട് അമ്മൂമ്മയുടെ വീട്ടില്‍ പോയത്. ആ ദിവസം , രാത്രിയാകാന്‍ കാത്തിരുന്നു. പക്ഷെ പണ്ടത്തെ പോലെ ഗ്രാമം പെട്ടെന്നൊന്നും ഉറങ്ങുന്ന ലക്ഷണമില്ല എന്ന് മനസിലായപ്പോള്‍ പിന്നെ അധിക സമയം കാത്തിരുന്നില്ല. നിലാവില്ലാത്തതിനാല്‍ ചെറിയ ഒരു ടോര്‍ച്ചും കൈയില്‍ എടുത്തു കൊണ്ട് ഞാന്‍ മുകളിലെ പറമ്പിലേക്ക് നടന്നു കയറി. 

നടത്തത്തില്‍ ഒരു ഗൃഹാതുരത പ്രതീക്ഷിച്ച എനിക്ക് തെറ്റി. കാലില്‍ ഏപ്പന്‍ പുല്ലുകള്‍ തലോടുന്നില്ല. തറവാട് ഭാഗം വെപ്പിന് ശേഷം മേലെ പറമ്പില്‍ മൂത്ത അമ്മാവന്‍റെ വീട് പണി നടക്കുന്ന സമയമായതു കൊണ്ട് കാലില്‍ തട്ടുന്നത് മുഴുവന്‍ വെട്ടു കല്ലിന്‍റെ കഷ്ണങ്ങളും പൈപ്പ് കഷ്ണങ്ങളും മാത്രം. ആകാശത്തെ താങ്ങി നിര്‍ത്തിയിരുന്ന കൂറ്റന്‍ പനകള്‍ ഇന്നില്ല. അവരുടെ ജഡങ്ങള്‍ പറമ്പില്‍ ചീഞ്ഞും ദ്രവിച്ചും കിടക്കുന്നത് കണ്ടു. ഒരു ശവപ്പറമ്പ് പോലെ ഒരു നിമിഷം എനിക്ക് തോന്നി പോയി. 

സമാധിയുടെ ഭാഗത്തേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ തേക്കിന്റെ കരിയിലകള്‍ വീണു കിടക്കുന്നത് കണ്ടു. അവിടേക്ക് നടക്കുമ്പോള്‍ മാത്രം എനിക്കെന്തോ ഒരു ഊര്‍ജ്ജം ലഭിച്ച പോലെ . അമ്മാച്ചന്‍ ഉറങ്ങിയില്ലേ ? ഞാന്‍ അന്നത്തെ പോലെ ചെവി ചേര്‍ത്തു വച്ചു. ഇല്ല. അമ്മാച്ചന്‍ ഉറങ്ങിയിട്ടില്ല. എന്തോ സംസാരിക്കുന്നു. വ്യക്തമാകുന്നില്ല . സംസാരത്തില്‍ ഒരു മുഷു മുഷിപ്പുണ്ടെന്നു മാത്രം മനസിലായി. അതെതിനായിരിക്കും ? ഞാന്‍ അമ്മാച്ചനെ അറിയിക്കാതെ അവിടെ നിന്നും താഴെ പറങ്കി മരങ്ങള്‍ക്കിടയിലേക്ക്‌ നടന്നു. 

അവിടെ രണ്ടാമത്തെ അമ്മാവനുള്ള സ്ഥലമായത് കൊണ്ട് വേലി കെട്ടിയിരിക്കുന്നു. വേലി ചാടി കടക്കുമ്പോള്‍ എന്‍റെ കാലില്‍ എന്തോ മുള്ള് പോലെ കുത്തി. അത് പക്ഷെ പഴയ തൊട്ടാവാടി മുള്ളല്ല. മറ്റെന്തോ ആയിരുന്നു. ഇരുട്ടില്‍ ഞാന്‍ അത് തിരയാന്‍ നിന്നില്ല. പഴയ മാവിന്‍ ചുവട്ടിലേക്ക്‌ നടന്നു. അവിടെ എത്തിയപ്പോഴാണ് ആ വലിയ മാവ് ഇളയ അമ്മാവന്‍ വെട്ടി മാറ്റിയിരിക്കുന്നു എന്ന് പറഞ്ഞു കേട്ട ഓര്‍മ എനിക്ക് വന്നത്. കുട്ടിക്കാലത്ത് എത്ര തവണ ആ മാവില്‍ പൊത്തിപ്പിടിച്ചു കയറി മാങ്ങ തിന്നിരിക്കുന്നു, അതിന്‍റെ കൊമ്പില്‍ ഊഞ്ഞാലിട്ടിരിക്കുന്നു. ഊഞ്ഞാലില്‍ ഇരുന്നു കൊണ്ട് ആകാശത്തിലെക്കെന്ന പോലെയാടുമ്പോള്‍ പച്ച പാടത്തിന്‍റെ ഭംഗി കാണാന്‍ നല്ല രസമായിരുന്നു. പാടത്തോട് ചേര്‍ന്ന് നിന്നിരുന്ന മരമായിരുന്നതിനാല്‍ പാടത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ ഊഞ്ഞാലാട്ടം മുഴുവന്‍. ഇനി ഇപ്പൊ അതൊക്കെ ആലോചിച്ചിട്ട് എന്താ കാര്യം അല്ലെ. 

പാടവരമ്പിലൂടെ ഇറങ്ങി നടന്നാല്‍ ആ ഒറ്റയ്ക്ക് നിന്നിരുന്ന മരത്തിനടുത്തെത്താം എന്ന് തോന്നി. ആദ്യമായാണ് ഈ സമയത്തൊക്കെ പാടത്ത് കൂടി നടക്കുന്നത്. നിലാവില്ല. കൃഷിയൊന്നും ആരും ചെയ്യുന്നില്ലേ ?പാടമൊക്കെ വരണ്ടു കിടക്കുന്നു. ചില കണ്ടങ്ങളില്‍ വാഴ, കപ്പ, മത്തന്‍ തുടങ്ങിയവ കൃഷി നടത്തിയിരിക്കുന്നു. ഇരുട്ടില്‍ ടോര്‍ച്ചു വെളിച്ചത്തില്‍ ഞാന്‍ അധികം തിരയാന്‍ പോയില്ല. ഒടുക്കം ഞാന്‍ ദൂരെ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലാവെളിച്ചത്തില്‍ മാത്രം കണ്ട ആ മരത്തിനടുത്തെത്തി. 

അതൊരു ഇലഞ്ഞിമരം ആയിരുന്നു. പക്ഷെ അന്ന് കണ്ട പോലെ അല്ല. ഇന്ന് അതിന്റെ കോലമാകെ  മാറിയിരിക്കുന്നു. ഒരൊറ്റ ഇല പോലും ഇല്ലാതെ ക്ഷീണിച്ച് അവശനായ ഒരു മരം. ചുറ്റും തരുണീമണികള്‍ ഇരുന്ന് സൊറ പറഞ്ഞിരുന്ന സ്ഥലം ഇന്ന് ചിതല്‍ പിടിച്ചു കൊണ്ടിരിക്കുന്നു. അവരാരും ഇപ്പൊ ഇവിടെ വരാറില്ലേ ? ചിലപ്പോള്‍ എല്ലാവരും കല്യാണം കഴിഞ്ഞു പോയിരിക്കും. ആ ഒറ്റപ്പെടലിലായിരിക്കാം ഇലഞ്ഞിയുടെ ആരോഗ്യം ചിലപ്പോള്‍ ക്ഷയിച്ചു പോയത്. ഇലഞ്ഞി ഇനി ഒരിക്കലും പൂക്കില്ല, ആ സുഗന്ധം ഇനിയൊരിക്കലും ആര്‍ക്കും ഇവിടെ അനുഭവിക്കാനും കഴിയില്ല. 

സമയം ഏറെയായിക്കൊണ്ടിരിക്കുന്നു. എനിക്ക് തിരിച്ചു നടക്കാന്‍ സമയമായി. നിലാവും മഞ്ഞും പൊഴിയാത്ത വരണ്ട പാടത്തിലൂടെ ടോര്‍ച്ച് വെളിച്ചത്തിന്‍റെ അകമ്പടിയില്ലാതെ തന്നെ ഞാന്‍ നടന്നു നീങ്ങി. മനസ്സില്‍ അപ്പോളും ഒരേ ഒരു രംഗം മാത്രം. നിലാപ്പാടത്ത് പൂത്തു നില്‍ക്കുന്ന ഇലഞ്ഞിമരവും, ആ പൂക്കളുടെ സുഗന്ധം ആസ്വദിച്ചും സൊറ പറഞ്ഞും പാടവരമ്പിലും മരത്തിനു ചുറ്റുമിരുന്നു മതിമറന്ന് ചിരിക്കുന്ന കുറെ അധികം പാവാടക്കാരികളായ സുന്ദരികളും.  എല്ലാം ഇനി ഒരു സാങ്കൽപ്പിക ലോകത്തെ ഓർമ്മകൾ മാത്രം. 
-pravin- 

കടപ്പാട് - . "കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര" എന്ന ഓര്‍മ്മക്കുറിപ്പില്‍ കുഞ്ഞൂസ് ചേച്ചി എഴുതിയ ഒരു കമന്റിന് ഞാന്‍ എന്‍റെ ചെറിയ ഒരു ഓര്‍മയില്‍ നിന്ന് ഒരു ചെറിയ മറുപടി കൊടുത്തിരുന്നു. അതില്‍ നിന്നും ഉണര്‍ന്നു വന്ന ചില തോന്നലുകളും ഓര്‍മകളും എല്ലാമാണ് "ചില നിലാക്കാഴ്ച്ചകള്‍ " ആയി പിന്നീട് രൂപപ്പെട്ടത്.

Saturday, April 14, 2012

ഒറ്റപ്പെടലുകള്‍
ഒറ്റപ്പെടലുകളുടെ നിലാവില്‍ കുളിച്ചു കൊണ്ട് ഞാന്‍ തല തോര്‍ത്താതെ ആ കരയില്‍ തന്നെ കുറെ നേരം ഇരുന്നു. 

   ആരും വന്നില്ല, ഗുണ ദോഷിക്കാനും, തല തോര്‍ത്തി തരാനും. 

   തല തോര്‍ത്താഞ്ഞത് കൊണ്ടെനിക്ക്  പനിയും വന്നില്ല , ജലദോഷവും വന്നില്ല. 

   പക്ഷെ , ആ ഇരിപ്പിനിടയില്‍  ജീവിതത്തെ കുറിച്ചുള്ള ചിന്തകളുടെ ഒരു പുഴ എന്നെയും കൊണ്ട് എങ്ങോട്ടോ പോകുകയാണ്. 

   ഒറ്റപ്പെടലുകളില്‍ നിന്നും ഒളിച്ചോടാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. 

   ഒറ്റപ്പെടലുകളില്‍ നിന്നും ഒറ്റപ്പെടലുകളിലെക്കുള്ള ഈ യാത്ര എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറി കൊണ്ടിരിക്കുന്നു. 

  ഒന്നും  ശാശ്വതമല്ല എന്നറിയാമെങ്കിലും , ഈ ഒറ്റപ്പെടലുകളില്‍ ഞാന്‍ എന്തിനെയൊക്കെയോ ഭയക്കുന്നുണ്ട്. 

  ഈ  ഒറ്റപ്പെടലിനെ തന്നെയാണോ ഞാന്‍ ഭയക്കുന്നത് ??? 

  ഒറ്റക്കിരുന്നു കൊണ്ട് തന്നെ ഞാന്‍ കുറെ നേരം ആലോചിച്ചു. . 

  അപ്പോഴേക്കും നിലാവ് അസ്തമിക്കാന്‍ തുടങ്ങിയിരുന്നു.

-pravin-

Wednesday, April 11, 2012

ഒരു പ്രവാസിയുടെ ഓര്‍മ്മയിലെ വിഷു


     വീണ്ടും ഒരു വിഷുക്കാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട്   ഫേസ് ബുക്കില്‍ കൊന്ന പൂക്കള്‍ ഷെയര്‍ ചെയ്തു കണ്ടപ്പോളാണ് സത്യത്തില്‍ എനിക്കും വിഷുക്കാലം വന്നു എന്ന അറിവ് കിട്ടിയത്.( ഫേസ് ബുക്ക് കൊണ്ടുള്ള ഓരോ ഉപകാരമേ ..)അല്ലെങ്കില്‍ തന്നെ എന്ത് വിഷു എന്ത് ഓണം മലയാളികള്‍ക്ക്... ആഘോഷങ്ങള്‍ ബാറിലും ഹോട്ടലുകളിലും നൈറ്റ് ക്ലബുകളിലും ഒക്കെ അല്ലേ .. ! കേരളം കുടിച്ചു കളയുന്ന കോടികള്‍ , ഹാ . സര്‍ക്കാരിന്‍റെ വരുമാനം കൂടട്ടെ .. അല്ല ഞാന്‍ എന്തിനാ ഇപ്പൊ അതൊക്കെ ആലോചിച്ചു വ്യാകുലപ്പെടുന്നത്‌....,. എനിക്ക് ഇപ്പോളും എപ്പോളും വിഷു മനസ്സില്‍  ഉണ്ട്. അത്  പോരെ ? പഴയ ഓരോന്ന് ആലോചിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്. ആലോചിച്ചു തീരുമ്പോള്‍ ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലാ എന്ന നിരാശാബോധം എന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കും കുറച്ചു നേരത്തേക്ക്. 

   വിഷുവിന്‍റെ തലേ ദിവസം കൊന്നപ്പൂക്കള്‍ പറിക്കാന്‍ എല്ലാവരും കൂടി ഒരു പോക്കുണ്ട് . സ്കൂള്‍ അടച്ചതിന്റെ ഒരു ആഘോഷം ഒരു ഭാഗത്ത്‌ , സുഹൃത്തുക്കളുമായി എവിടെ വേണേലും തെണ്ടാന്‍ പോകാനുള്ള അനുവദിച്ചിട്ടില്ലാത്ത ഒരു സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ ഒരു രസം വേറൊരു ഭാഗത്ത്‌, അങ്ങനെ ഉള്ള ദിവസങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചു അര്‍മാദിക്കാന്‍ ഉള്ള ഒരു ദിവസമായാണ് ഞങ്ങളില്‍ പലരും വിഷുവിനെ കണ്ടിരുന്നത്‌.,.  മാത്രമല്ല ആ ദിവസം ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു -കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും ആ വര്‍ഷം നമ്മുടെ കൈയില്‍ വന്നു ചേരാനുള്ള പോക്കറ്റ് മണിയുടെ കനവും. 

 വീട്ടില്‍ വിഷുവിനു ഞങ്ങള്‍ ഏറി വന്നാല്‍ അച്ഛനും അമ്മയും അനിയനും ഞാനും മാത്രമേ ഉണ്ടാകാറുള്ളൂ.  തലേ ദിവസം തന്നെ അമ്മ പൂജാ മുറിയെല്ലാം നല്ല വൃത്തിയായി അലങ്കരിക്കും. അമ്മ ഒരു വലിയ ഈശ്വര വിശ്വാസി ആയതു കൊണ്ട് പൂജാമുറിയില്‍ ഇല്ലാത്ത ദൈവങ്ങള്‍ ഇല്ല. ഗണപതിയും , ശ്രീ കൃഷ്ണനും , ലക്ഷ്മീ ദേവിയും , ധന്വന്തരീ മൂര്‍ത്തിയും , ഹനുമാനും , ശിവനും അങ്ങനെ എല്ലാവരെയും പൂജാമുറിയില്‍ ഓരോ ഭാഗത്ത്‌ കാണാം. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസമാണ്. അമ്മക്ക് അമ്മയുടെ വിശ്വാസം, അച്ഛനും അനിയനും അവരുടെതായ വിശ്വാസം, എനിക്ക് എന്റെ മാത്രം വേറൊരു വിശ്വാസം. അത് നമ്മള്‍ എന്തിനു അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യണം എന്ന പക്ഷമാണ് എന്റേത് . ഇനി യിപ്പൊ  ദൈവ വിശ്വാസം കൂടിയാലും കുറഞ്ഞാലും എല്ലാവരെയും സ്നേഹിക്കാനല്ലേ  എല്ലാ ദൈവങ്ങളും പറയുന്നത്. ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാൾക്ക്  ചിലപ്പോള്‍ അന്ധവിശ്വാസം ആകാം.അതും സ്വാഭാവികം.. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ഞങ്ങള്‍ വീട്ടുകാര്‍ തമ്മില്‍ തന്നെ ദൈവങ്ങളെയും പുരാണ കഥകളെയും   ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൂജാ മുറിയില്‍ ഞങ്ങള്‍ ഒന്നാണ്. അപ്പോള്‍ വിഷുക്കാലത്തും ഞങ്ങള്‍ അങ്ങനെ തന്നെ.

 ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ പൂജാ മുറിയിലെ ദൈവങ്ങളെ സമാധാനമായി ഉറങ്ങാന്‍ വിട്ടിട്ടു ഞങ്ങളും ഉറങ്ങാന്‍ കിടക്കും. അതിനൊക്കെ മുന്‍പേ ഞാനും അനിയനും മറ്റ് കൂട്ടുകാരും കൂടി അങ്ങാടിയിലെ പടക്ക ചന്തയില്‍ പോയി വേണ്ടുവോളം പടക്കങ്ങളും കമ്പിത്തിരിയും എല്ലാം വാങ്ങി വച്ചിട്ടുണ്ടാകും. 

   രാവിലെ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കേട്ടു ഞാന്‍ ഉണരുമെങ്കിലും കണ്ണുകള്‍ തുറക്കില്ല. അമ്മ വന്നു വിളിക്കും വരെ അവിടെ തന്നെ കിടക്കും. വിളിച്ചു കഴിഞ്ഞാല്‍  കണ്ണ് പൊത്തി കൊണ്ട് ചുമരില്‍ തൊട്ടു തൊട്ടു പൂജാ മുറിയിലേക്ക് കടക്കും. ഹോ..പിന്നെ ആണ് വിഷുക്കണി . രാത്രി പൂജാ മുറി ഒരുക്കുമ്പോള്‍ കണ്ടതിനേക്കാളും ഭംഗി ഉണ്ടായിരിക്കും ആ സമയത്ത് കാണുമ്പോള്‍.,. കത്തുന്ന നിലവിളക്കിന്റെ  വെളിച്ചവും, പൂക്കളും, പഴങ്ങളും , കൊന്നപ്പൂവിന്റെ മഞ്ഞ നിറവും, അതൊരു ഐശ്വര്യത്തിന്റെ കാഴ്ച തന്നെ.  നാളികേര വെള്ളം കൊണ്ട് കണ്ണ് തുടച്ച ശേഷം പ്രാര്‍ത്ഥന , അതും കഴിഞ്ഞാണ് വിഷുക്കൈനീട്ടം. അന്ന് അച്ഛനോടും അമ്മയോടും ഭയങ്കര ബഹുമാനമായിരിക്കും , കാലില്‍ വീണു തൊട്ടു നെറുകില്‍ വച്ച് പൈസ എണ്ണി പോക്കറ്റില്‍ ഇടുന്നതോട് കൂടി ആ വര്‍ഷത്തെ ബഹുമാനത്തിന്റെ കോട്ട കഴിഞ്ഞെന്നു പറയാം.

   അപ്പോളേക്കും പടക്കം പൊട്ടിക്കാന്‍ തിരക്കാകും . കൂട്ടുകാര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടാകും..എല്ലാവരുടെയും കയ്യിലെ പടക്കങ്ങള്‍ കൂട്ടി വച്ച് നോക്കിയാല്‍ ഒരു വെടിക്കെട്ട്‌ നടത്താനുള്ള അത്രയും ഉണ്ടാകും. പടക്കം പൊട്ടിക്കുന്ന സമയത്ത് പല രസകരമായ (നമുക്ക് രസകരമാകും ..പക്ഷെ വേറെ ചില  അനുഭവസ്ഥര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത ഭീതിജനകമായ ഓര്‍മയും ) അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വാണം തിരി കത്തിച്ചു വിട്ടപ്പോള്‍, വച്ചിരുന്ന കുപ്പി മറഞ്ഞ് ഗതി മാറി അതെങ്ങോട്ടോ പോയി. ഇതെവിടെക്ക് പോയി എന്ന് ഞങ്ങള്‍ നോക്കുന്നതിനിടയില്‍ അയല്‍വാസിയായ ബാലേട്ടന്റെ പശു തൊഴുത്തിനടുത്തു നിന്നും ഒരു ചെറിയ തീയും പുകയും  കണ്ടു  . ഞാനും ഉണ്ണിക്കുട്ടനും വേണുവും ശരത്തും മങ്കന്‍ വിനീഷും ഓടി ചെന്ന് കത്തി കൊണ്ടിരുന്ന തീ പെട്ടെന്ന് അണച്ചത് കൊണ്ട് ഇന്നും പലരും ആ ഭാഗത്ത്‌ ജീവനോടെ നടക്കുന്നു. അവര്‍ പക്ഷെ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. അവിടെ പടക്കം പൊട്ടിക്കാനുള്ള ആണ്‍കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വൈകിയാണ് അവര്‍ അന്ന് എണീറ്റത്. അത് കൊണ്ടെന്താ അവരിപ്പോളും സുഖമായി ജീവിക്കുന്നു. ഞങ്ങളെ പോലെ ഒരുത്തന്‍ അവിടേം കൂടെ ഉണ്ടായിരുന്നെങ്കില്‍ തൊഴുത്തിന് പകരം ആ വീട് അന്ന് കത്തിയേനെ .!

  ചില  വീടുകളില്‍  വിഷുവിനും ആരും നേരത്തെ എണീക്കുകയും വിളക്ക് വക്കുകയും    ഒന്നും ചെയ്യില്ല. വലിയ  നിരീശ്വരവാദികള്‍ ചമയുന്ന  ആളുകളുള്ള  അത്തരം വീടുകള്‍ ഞങ്ങള്‍ ആദ്യമേ നോട്ടമിട്ടു വച്ചിട്ടുണ്ടാകും .. വിഷു ദിവസം   അതി രാവിലെ, ഞങ്ങളുടെ ആദ്യ  പടക്കങ്ങള്‍ രണ്ടു മൂന്നെണ്ണം സ്വന്തം വീട്ടില്‍ പൊട്ടിച്ചതിനു ശേഷം സംഘം ചേര്‍ന്ന്  കൈയ്യില്‍ കരുതിയ  ഗുണ്ടുകളുമായി പോകും. ആ വീടുകളുടെ എല്ലാം  ജനാലയിലോ മതിലിന്‍ മുകളിലോ വച്ച് ഗംഭീര വെടിക്കെട്ട്‌ തന്നെ നടത്തും . .പോരെ പൂരം, വീട്ടുകാര്‍ ഉറക്കത്തില്‍ നിന്ന്  ഞെട്ടി എണീക്കും . ഞങ്ങള്‍ക്കും അത് തന്നെയാണ് വേണ്ടിയിരുന്നത് ..അവരുടെ ഉറക്കം അങ്ങട് കളയണം എന്ന്.  അവര്‍ പുറത്തേക്ക് വരുമ്പോളേക്കും ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് ഓടിയിട്ടുണ്ടാകും. 

   ഒരു വിഷുക്കാലത്ത് (വിഷുവിനു ഒരു രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ്  )പടക്കം പൊട്ടിച്ചു മത്സരിക്കുന്ന സമയത്താണ് അടുത്ത വീട്ടിലെ കുട്ടപ്പന്‍ ചേട്ടന്‍ (പേര് വ്യാജം ) സിഗരറ്റ് പുകച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ആളൊരു ബഡായി വീരനാണ് .

 പുക മേലോട്ട് ഊതി വിട്ടു കൊണ്ട് ആള്‍ ഞങ്ങളോടെല്ലാം ചോദിച്ചു .

' ഡാ മക്കളെ , പടക്കം ഒന്നും ഒരു സ്ട്രോങ്ങ്‌ പോരല്ലോ ...ഞങ്ങള് പണ്ടൊക്കെ പൊട്ടിച്ച പടക്കമായിരുന്നു പടക്കങ്ങള്‍...ഹോ.. ഭൂമി ഒക്കെ അങ്ങട് കുലുങ്ങുന്ന   സൌണ്ട് ആണ് ഉണ്ടാകുക'

'അതിപ്പോ എവിടെങ്ങിലും കിട്ടുമോ ചേട്ടാ ..' ഞങ്ങള്‍ അയാള്‍ക്ക് ചുറ്റും കൂടി..

' ആ ..ഞാന്‍ നോക്കട്ടെ..നാളെ കോയമ്പത്തൂര്‍ പോകുന്നുണ്ട് ഒരു ടീം..അവരോടു പറഞ്ഞു ഞാന്‍ നിങ്ങള്ക്ക് നല്ല സ്പെഷ്യല്‍ പടക്കങ്ങള്‍ കൊണ്ട് തരാം.. നിങ്ങള് ഇപ്പൊ ഉള്ള പടക്കങ്ങള്‍ ഇങ്ങു താ ഞാന്‍ എങ്ങനാ പടക്കം പൊട്ടിക്കുക എന്ന് കാണിച്ചു തരാം..നിങ്ങളിങ്ങനെ കടലാസില്‍ പടക്കം വച്ച് ഒരു കിലോ മീറ്റര്‍ മാറി പേടിച്ചു നിന്നു കൊണ്ടല്ല ഞങ്ങളുടെ കാലത്ത് പടക്കം പൊട്ടിക്കാരുണ്ടായിരുന്നത്   .. ധാ ..ഇങ്ങട് നോക്ക് ..ഇത് പോലെ ..' എന്ന് പറഞ്ഞു കൊണ്ട് വലിച്ചു കൊണ്ടിരിക്കുന്ന സിഗരറ്റില്‍ നിന്നും പടക്കം മെല്ലെ കൊളുത്തി എറിഞ്ഞു .    ഞങ്ങള്‍ അതിശയത്തോടെ ആ കാഴ്ച കണ്ടു നിന്നു. കുട്ടപ്പന്‍ ചേട്ടന്‍ ഒരു ഹീറോ തന്നെ..

രണ്ടു ദിവസം കഴിഞ്ഞു .. കുട്ടപ്പന്‍ ചേട്ടന്‍ വാക്ക് പാലിച്ചു. എവിടെ നിന്നോ കുറച്ചു പടക്കങ്ങള്‍ കൊണ്ട് വന്നിട്ട് ഞങ്ങളോട് പൊട്ടിച്ചു നോക്കാന്‍ പറഞ്ഞു.. പടക്കം കത്തുന്ന തീയില്‍ ഇട്ടു നോക്കിയിട്ട് പോലും പൊട്ടിയില്ല. ഞങ്ങള്‍ കുട്ടപ്പന്‍ ചേട്ടനെ രൂക്ഷമായി നോക്കി..

' ഇത് പഴയ പടക്കമാണ് ഒന്ന് വെയിലത്ത്‌ വച്ച് ഉണക്കിയാല്‍ ഇടി വെട്ടു ശബ്ദം ആയിരിക്കും .. വിഷു നാളെ അല്ലേ ..നമുക്ക് ശരിയാക്കാം ..' കുട്ടപ്പന്‍ ചേട്ടന്‍ ഉരുളാന്‍ തുടങ്ങിയപ്പോളെക്കും ഞങ്ങള്‍ സാദാ കടലാസ് പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങിയിരുന്നു. 

  ഞങ്ങളെ വീണ്ടും ആകര്‍ഷിക്കാന്‍ വേണ്ടിയെന്ന വണ്ണം , കുട്ടപ്പന്‍ ചേട്ടന്‍ കൈയിലെ പടക്ക സഞ്ചിയില്‍ നിന്നും ഒരു ഗുണ്ട് പടക്കം എടുത്തു ഞങ്ങളെ കാണിച്ചു. ഞങ്ങള്‍ വീണ്ടും അയാളുടെ ഹീറോയിസത്തിന് മുന്നില്‍ കീഴടങ്ങി എന്നും പറയാം. ചുണ്ടില്‍ പുകച്ചു കൊണ്ടിരിക്കുന്ന ബീഡിയില്‍ നിന്നും ഗുണ്ട് കൊളുത്തി ഒരേറ്  ... ധാ ..ഗുണ്ട് വായുവിലൂടെ അങ്ങനെ പൊങ്ങി ഇറങ്ങി നിലത്തേക്കു വരുന്നു, പക്ഷെ നിലത്തെത്തും മുന്‍പേ കാതടപ്പിക്കുന്ന ശബ്ദത്തില്‍ അത് പൊട്ടി.

'ഹോ..ഇയാള്‍ക്ക്  ഭയങ്കര ധൈര്യം തന്നെ. എങ്ങനെ ഇതൊക്കെ പറ്റുന്നു  ' .ഞങ്ങള്‍ ഒന്നടങ്കം പറഞ്ഞു..

   പിന്നെയും പല പല അഭ്യാസങ്ങള്‍ അയാള്‍ കാണിച്ചു ...ഒരു സാമ്പിള്‍ എന്ന നിലയില്‍.. കൈ വിരലുകള്‍ക്കിടയില്‍ വാണം വച്ച് തിരി കൊളുത്തി  വിട്ടും, നിലചക്രം പേടിയില്ലാതെ തീയോടു അടുത്തു പിടിച്ചു കൊളുത്തിയും, തിരി കൊളുത്തിയ മാല പടക്കത്തില്‍ നിന്നും ബീഡി കത്തിച്ചും അയാള്‍ വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ടേ ഇരുന്നു..

' ഇനി ബാക്കി നാളെ വിഷുവിനു..ഇതൊക്കെ വെറും സാമ്പിള്‍..' കുട്ടപ്പന്‍ ചേട്ടന്‍ അഭ്യാസം നിര്‍ത്തി പോയി..

    അടുത്ത ദിവസം വിഷു, രാവിലെ പടക്കങ്ങള്‍ ഒരു വിധമൊക്കെ പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.  രാവിലത്തെ  അടയും കൊഴക്കട്ടയും ഒക്കെ കഴിച്ചതിനു ശേഷം ബാക്കിയുള്ള  പടക്കങ്ങള്‍   ഒരു പത്തു മണിയോടെ ഞങ്ങള്‍ വീണ്ടും പൊട്ടിക്കാന്‍ തുടങ്ങി. അങ്ങനെ  ഞങ്ങള്‍ പടക്കം പൊട്ടിച്ചു അര്‍മാദിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഹീറോ  പതിവ് പോലെ ബീഡി കത്തിച്ചു കൊണ്ട് വന്നു. 

   ഞങ്ങള്‍ പടക്കം പൊട്ടിക്കുന്ന ഭാഗത്ത് മണ്‍ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ പഴയ ഒരു മതില്‍ ഉണ്ടായിരുന്നു. അതിനു മുകളില്‍ ഇരിപ്പുറപ്പിച്ചു കൊണ്ട് ഞങ്ങളോട് അങ്ങനെ പൊട്ടിക്കു ഇങ്ങനെ പൊട്ടിക്കു എന്നൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്ന സമയം , മതിലിനു മുകളില്‍ ഞങ്ങള്‍ എടുത്തു വച്ചിട്ടുള്ള  കടലാസ് പടക്കങ്ങള്‍ ഓരോന്നെടുത്തു ബീഡിയില്‍ കൊളുത്തി മേലോട്ട് എറിയാന്‍  തുടങ്ങി..എല്ലാതും നിലം തൊടും മുന്‍പേ പൊട്ടി ചിതറി..കടലാസ് പടക്കങ്ങള്‍ ആകാശത്തു നിന്നും പൊട്ടി താഴേക്ക്‌ ഒരു പിടി കടലാസ് പൂക്കളായി പൊഴിയുന്ന കാഴ്ച ഞങ്ങള്‍ അന്തം വിട്ടു കണ്ടു കൊണ്ടേ ഇരിക്കുകയായിരുന്നു. 

 പടക്കം ഞങ്ങള്‍ വാങ്ങിയതായിരുന്നെങ്കിലും പൊട്ടിക്കുന്നത് മുഴുവന്‍ അയാളായിരുന്നു. എന്നാലോ , അയാള് പകരം കൊണ്ട് തന്നതോ കുറെ നനഞ്ഞ പൊട്ടാത്ത ഓല പടക്കങ്ങളും..അയാള്‍ പറഞ്ഞ പോലെ അത് വെയിലത്തും തീയിലും ഒക്കെ ഇട്ട് ഉണക്കി നോക്കിയെങ്കിലും  പൊട്ടുന്ന ഒരു ലക്ഷണവും ഇല്ലായിരുന്നു. അതവിടെ ആര്‍ക്കും വേണ്ടാതെ മാറ്റി വച്ചിട്ടുണ്ട്. 

 ഒരു ജാള്യതയും ഇല്ലാതെ കുട്ടപ്പന്‍ ചേട്ടന്‍ ഞങ്ങളുടെ അവസാന കടലാസ് പടക്കവും ബീഡിയില്‍ കൊളുത്തി ആകാശത്തിലേക്ക് എറിഞ്ഞു..പക്ഷെ നിലത്തു വീണിട്ടും, ഇത്ര നേരായിട്ടും എന്താ അത് പൊട്ടാഞ്ഞത് എന്നാലോചിച്ചു ഞങ്ങള്‍ ഇരിക്കുമ്പോള്‍ ' '''''ട്ടോ- ട്ടും-ഫ്തും'''''  എന്ന അടുപ്പിച്ച് മൂന്നു ശബ്ദങ്ങള്‍   കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടപ്പന്‍ ചേട്ടനെ മതിലിനു മുകളില്‍ കാണാനില്ലായിരുന്നു. സംഭവം എന്താണെന്ന് ഞങ്ങള്‍ക്ക്  ഒരു പിടിയും കിട്ടിയില്ല. 

 മതിലിനപ്പുറം ഒരു ചെറിയ പൊന്തക്കാടായിരുന്നു. കുട്ടപ്പന്‍ ചേട്ടന്‍ പൊന്തയില്‍ നിന്നെഴുന്നേറ്റു നിന്നു പുറം ഉഴിയുന്നു ,, കൈ തടവുന്നു , കൈയില്‍ ഊതുന്നു അങ്ങനെ എന്തൊക്കെയോ പരാക്രമങ്ങള്‍ കാണിച്ചു കൊണ്ടേ ഇരിക്കുന്നു. പൊന്തക്കാട്ടില്‍ നിറയെ കടലാസ് പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. ഞങ്ങള്‍ മതിലിനു മുകളില്‍ കയറി നിന്നു കൊണ്ട് കുട്ടപ്പന്‍ ചേട്ടനെ കൈ പിടിച്ചു കയറ്റി. 

  നടന്ന സംഭവങ്ങള്‍ കുട്ടപ്പന്‍ ചേട്ടന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല .. എങ്കിലും നിങ്ങളുടെ ശ്രദ്ധയിലേക്ക്  വേണ്ടി ഞാന്‍ പറയാം..ബീഡിയില്‍ കൊളുത്തി പടക്കം എറിയുന്നതിന് പകരം കുട്ടപ്പന്‍ ചേട്ടന്‍ എറിഞ്ഞത് പടക്കം ആയിരുന്നില്ല ബീഡി ആയിരുന്നു. അതാണത് താഴെ വീണിട്ടും പൊട്ടാഞ്ഞത്. കൈയില്‍ ബീഡി അല്ല , പടക്കമാണ് എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോളെക്കും പടക്കം കൈയില്‍ നിന്നും എറിയാനുള്ള തത്രപ്പാടിലും വെപ്രാളത്തിലും പിന്നിലെ പൊന്തക്കാട്ടിലേക്ക്‌ മറയുകയും അവിടെ വച്ച് കൈയില്‍ വച്ച് പടക്കം പൊട്ടുകയും ചെയ്തു. അതാണ്‌ ഞങ്ങള്‍ നോക്കിയപ്പോള്‍ കുട്ടപ്പന്‍ ചേട്ടനെ മതിലിനു മുകളില്‍ കാണാതിരുന്നത്. എന്‍റെ അന്വേഷണ ബുദ്ധിയില്‍ ഞാന്‍ അപ്പോളേക്കും എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 

  ' ഭാഗ്യവാനാണ്    ട്ടോ കുട്ടപ്പന്‍ ചേട്ടന്‍ ,,,കൊളുത്തി എറിഞ്ഞത് കടലാസ് പടക്കങ്ങള്‍ ആയത് കൊണ്ട് ഇത്ര ഒക്കെ പറ്റിയുള്ളൂ..പണ്ട് കൊളുത്തി എറിഞ്ഞ ഗുണ്ട് വല്ലതും ആയിരുന്നെങ്കില്‍ ..ഹോ ..തവിട് പൊടിയായെനെ..' കൂട്ടത്തില്‍ സമയോചിതമായി സംസാരിക്കാന്‍ അറിയാത്ത    മങ്കന്‍ വിനീഷ് പറഞ്ഞു. 

    അപ്പോളും ഇതൊക്കെ എന്‍റെ ചില അഭ്യാസങ്ങളുടെ ഭാഗമല്ലേ എന്ന നിലയില്‍ കുട്ടപ്പന്‍ ചേട്ടന്‍ വേദന കടിച്ചു പിടിച്ചു കൊണ്ട് ചിരിച്ചു..പിന്നെ വീട്ടിലാരോ വിരുന്നുകാര്‍ വന്നെന്നു തോന്നുന്നു എന്ന് പറഞ്ഞു കൊണ്ട് ദൂരേക്ക്‌ വേച്ചു വേച്ചു കൊണ്ട് നടന്നു പോയി..ഞങ്ങള്‍ ചിരിക്കണോ കരയണോ എന്ന ആശയക്കുഴപ്പത്തിലും ആയി പോയി.. പിന്നെ ചിരിയടക്കാന്‍ പറ്റാതെയായപ്പോള്‍ ചിരിക്കുകയല്ലാതെ പിന്നെന്താ ചെയ്യുക ? പിന്നെ കുറെ കാലത്തേക്ക് കുട്ടപ്പന്‍ ചേട്ടനെ ഞങ്ങള്‍ ആ വഴിയെ കണ്ടതേ ഇല്ല.  പിന്നെ ഓണത്തിനും ക്രിസ്മസിനും ഒക്കെ ഞങ്ങളുടെ കൂടെ ആഘോഷിക്കാന്‍ ഉണ്ടാകും , പക്ഷെ  എന്ത്  കൊണ്ടോ വിഷുക്കാലത്ത് മാത്രം അയാളെ പുറത്തേക്കൊന്നും കാണാറേ ഇല്ല.  

   ഹും..അങ്ങനെ എന്തൊക്കെ ഓര്‍മ്മകള്‍ ആണ് വിഷുവിനെ കുറിച്ച് ..ഒക്കെ ഒരു കാലം.. പ്രവാസിയായതിനു ശേഷം ഇത് മൂന്നാം തവണയാണ് വിഷു ആഘോഷിക്കാന്‍ പറ്റാതെ ഇങ്ങനെ ഓര്‍മകളുമായി ...എന്നാലും ഉള്ളത് പോലെ ഓണം എന്നൊക്കെ പറയുന്ന പോലെ വിഷു ദിവസത്തില്‍  ഇവിടെ സൂരജേട്ടനും , ജിന്ടോയും,  ഞങ്ങളും , പിന്നെ  മെസ്സ് നടത്തുന്ന മറ്റ്  ആളുകളും ഒക്കെ സജീവമായി ഒരു സദ്യ ഉണ്ടാക്കും. ഒരുമിച്ചിരുന്നു  ഇലയില്‍ സദ്യ കഴിക്കുന്നതൊന്നു മാത്രമാണ് ഞങ്ങളുടെ ഓണവും, വിഷുവും , ക്രിസ്മസും എല്ലാം ..ആ ഒരുമ തന്നെയാണ് പ്രവാസികളായ ഞങ്ങളുടെ ആഘോഷവും.. 

വിഷുക്കണിയും കൊന്നപ്പൂക്കളും കൈനീട്ടവും ഒന്നുമില്ലാതെ വീണ്ടും ഒരു വിഷു കൂടി  ഞങ്ങളുടെ പ്രവാസലോകത്ത്‌   എത്തിയിരിക്കുന്നു . പഴയ  കാലത്തെ നല്ല  നല്ല ഓര്‍മ്മകള്‍ വീണ്ടും എന്നെ ചുറ്റിവരിയാന്‍ തുടങ്ങുന്നതിനു മുന്‍പ്  ആ  ശ്വാസം മുട്ടലുകളില്‍ നിന്നുമുള്ള  ഒരു തല്ക്കാല  രക്ഷ എന്ന നിലയില്‍ ഞാനും  ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു . ക്ഷമിക്കണം ! ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു , വീണ്ടും ഒരു സദ്യാഘോഷം നടത്താന്‍.  
-pravin- 

സ്വപ്നങ്ങളില്‍ ഇഴയുന്ന പാമ്പുകള്‍

നാഗങ്ങള്‍, സര്‍പ്പങ്ങള്‍ എന്നിങ്ങനെ പല പേരുകളിലാണ്  ആളുകള്‍ പാമ്പുകളെ കുറിച്ച്  പറയുന്നത്. പക്ഷെ ഇതൊക്കെ ഒന്നില്‍ നിന്നു ഒന്ന് വ്യത്യസ്തമാണ് എന്നാണ് എനിക്കറിയാന്‍ സാധിച്ചത്. ഹിന്ദു ആചാര പ്രകാരം നാഗങ്ങള്‍ പ്രത്യക്ഷ ദൈവങ്ങളാണ്. ഇതില്‍ എല്ലാ പാമ്പുകളും പെടില്ല. മനുഷ്യരില്‍ എന്ന പോലെ ഇവരിലും നല്ലവരും കെട്ടവരും ഉണ്ട്.  ശേഷ നാഗം, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഘപാലകന്‍, ഗുളികന്‍, പത്മന്‍, മഹാ പത്മന്‍ എന്നിങ്ങനെ അഷ്ടനാഗങ്ങള്‍ ആണ് ഹിന്ദു ഐതിഹ്യങ്ങളില്‍ ഉള്ളത്. 

കുട്ടിക്കാലത്ത് ചില അമ്പലങ്ങളില്‍ പോകുമ്പോള്‍ നാഗ പ്രതിഷ്ഠകള്‍ കാണുകയും അവിടെ എല്ലാവരും തൊഴുകുകയും ചെയ്യുന്നത് കണ്ടു വളര്‍ന്നത്‌ കൊണ്ട് തന്നെ ഞാനും അത് തുടര്‍ന്നു. പക്ഷെ അന്നൊന്നും പാമ്പുകളോട്  എനിക്ക് അത്ര ഭയബഹുമാനഭക്തിയൊന്നും ഉണ്ടായിരുന്നില്ല.   മനുഷ്യര്‍ എവിടെയെങ്കിലും വച്ച്  കണ്ടാല്‍ അപ്പോള്‍ തന്നെ തല്ലി കൊല്ലുന്ന ഈ ഉരഗ ജീവികളോടു, എനിക്ക് ഞാന്‍ പോലും അറിയാതെ എന്തോ എങ്ങനെയോ എപ്പോളോ ഒരു  അടുപ്പം ഉണ്ടായി. അടുപ്പം എന്ന് പറഞ്ഞാല്‍ പാമ്പുമായി ഒരു കളിക്കൂട്ട് എന്നൊന്നും അല്ല ട്ടോ അര്‍ത്ഥം . വേറെ എന്തോ ഒരു മാനസിക ബന്ധം എന്ന് വേണമെങ്കില്‍ പറയാം. അതിനു തക്ക അനുഭവങ്ങള്‍ ഉണ്ടായത് തന്നെയാണ് ഇതിനൊക്കെ കാരണമായതും. 

ഒമ്പതാം  ക്ലാസില്‍ പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു എന്‍റെ ദേഹത്ത് ചെറിയ ഒരു വട്ടത്തില്‍ വെളുത്ത കുറെ കുത്തുകള്‍ രൂപപ്പെട്ടു. അത്ര കാര്യമാക്കിയില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോളെക്കും അത് കൂടുതല്‍ ഭാഗങ്ങളിലേക്ക്  വ്യാപിക്കാന്‍ തിടുക്കം കൂട്ടുന്ന പോലെ തോന്നി. എന്‍റെ പുറത്താണ് ഇത് എന്നുള്ളത് കൊണ്ട്  എനിക്ക്  പക്ഷെ കാണാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോളും അമ്മയായിരുന്നു എന്‍റെ പുറം നോക്കി പറയാറ് ' സാരല്ല്യ  , ഇത് എന്തിന്റെയെങ്കിലും പകയായിരിക്കും എന്നൊക്കെ. ഞാന്‍ എന്നാലും ആകുലപ്പെട്ടു കൊണ്ടേ ഇരുന്നു. നാളെ ഇത് ഒരു പക്ഷെ മുഖത്തേക്ക് പടര്‍ന്നാലോ ?
  
ആരും എന്‍റെ ആകുലത ഗൌനിച്ചില്ല. എല്ലാം താനേ  മാറും എന്ന അഭിപ്രായക്കാരായിരുന്നു എല്ലാവരും. ഇനി പണ്ട് അമ്മൂമ്മ പറയുമ്പോലെ എണ്ണ തേച്ചു കുളിക്കാത്തത് കൊണ്ടാണോ ഇത് സംഭവിച്ചത് ? അടുത്ത ദിവസം തൊട്ടു മേലൊക്കെ എണ്ണ തേച്ചു കുളി ഞാന്‍ നിര്‍ബന്ധമാക്കി. ഓരോ ദിവസവും ഭേദമുണ്ടോ പുറം കാണിച്ചു കൊണ്ട് ഞാന്‍ അമ്മയോട് ചോദിക്കും. "ഭേദമുണ്ടോ ഇപ്പൊ ". അമ്മ അപ്പോളും പറയും ' ഏയ്‌ ..ഇത് അത്ര കാര്യമാക്കണ്ട  കാര്യമൊന്നുമല്ല .. ചിലര്‍ക്ക്  ഇതൊക്കെയാകും  ഭാഗ്യ ചിഹ്നങ്ങള്‍..' എനിക്കാണെങ്കില്‍ ഇതൊക്കെ കേട്ടിട്ട് ദ്വേഷ്യം വരും. പിന്നെ പിന്നെ അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും കൂട്ടുകാരും ഒക്കെ ഈ കാര്യം പറഞ്ഞു തമാശിക്കും. ആ തമാശ എനിക്ക്  ചങ്കില്‍ കൊള്ളുകയും പലരോടും അനിശ്ചിത കാലത്തേക്ക്  മിണ്ടാട്ടം നിര്‍ത്തി വെക്കുകയും ചെയ്തു. 

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരിക്കല്‍ ഗുരുവായൂര്‍ അമ്പലത്തിലോ കാടാമ്പുഴ അമ്പലത്തിലോ പോയ സമയത്ത് ക്ഷേത്ര ദര്‍ശനത്തിനായി ഷര്‍ട്ട്‌ ഊരി കൈയില്‍ പിടിച്ചു നില്‍ക്കുന്ന സമയത്താണ് അമ്മക്ക് ഞാന്‍ പറയുന്ന വെളുത്ത പുള്ളികളുടെ വ്യാപ്തി മനസിലായത്. അന്ന് വീട്ടില്‍ എത്തിയതിനു ശേഷം എന്‍റെ പുറത്ത് ആദ്യമായിട്ട് അമ്മ എന്തൊക്കെയോ മരുന്നുകള്‍ തേച്ചു തന്നു. അപ്പോളേക്കും വെളുത്ത പുള്ളികളുടെ കൂട്ടം എന്‍റെ പുറത്ത് ഒരു ലോക ഭൂപടം പോലെ പടര്‍ന്നിരുന്നത്രേ. ഒട്ടും താമസിച്ചില്ല. അടുത്ത ആഴ്ച തന്നെ പെരിന്തല്‍മണ്ണയില്‍ സ്കിന്‍ ഡോക്ടറെ കാണാന്‍ വേണ്ടി ഞാനും അമ്മയും പോയി. കുറെ മരുന്നുകള്‍ പുറത്ത് തേക്കാന്‍ കിട്ടി. അത്ര തന്നെ. പക്ഷെ അത് കൊണ്ടൊന്നും വലിയ മാറ്റങ്ങള്‍  എനിക്ക് തോന്നിയില്ല.

ആ കാലത്താണ് ഞാന്‍ വീടിനു കുറെ ദൂരെയുള്ള ഒരു കുഞ്ഞാലി കാക്കാന്‍റെ അനുഭവ കഥ കേട്ടത്. അയാള്‍ വലിയ പൈസക്കാരനായിരുന്നത്രേ. ഒരിക്കല്‍ പാമ്പിന്‍ കാവും അതോടു ചുറ്റി കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലവും ഇയാള്‍ വാങ്ങി പിന്നെ അവിടെ വീട് വച്ചു. രണ്ടു മക്കളില്‍ മൂത്ത മകന്‍ പത്താം ക്ലാസ്സിലെ ആ കാലത്തെ ടോപ്‌ സ്കോറര്‍ ആയിരുന്നു. വീടിനടുത്തുള്ള പാമ്പിന്‍ കാവ് ഒരിക്കല്‍ കുഞ്ഞാലിക്ക തീയിട്ടു. ആ സമയത്ത് പുറത്തു വന്ന ഒരു പാമ്പിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്രേ. പലരും അത് വിലക്കിയിരുന്നെങ്കിലും അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞാണ് അയാളത് ഒരു വെല്ലു വിളിയായെടുത്ത് ചെയ്തത്. അന്നേക്കു പത്തു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത മകന് എന്തോ പേടി കുടുങ്ങുകയും ഒരു മാനസികരോഗിയെന്ന പോലെയാകുകയും ചെയ്തു. അയാളിപ്പോഴും ഇടക്കൊക്കെ ഞങ്ങളുടെ ആ വഴിയെ നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയൊന്നും എനിക്കറിയില്ലായിരുന്നു. കുഞ്ഞാലിക്കയാകട്ടെ, അവസാന കാലത്ത് ദേഹത്തൊക്കെ കുമിള പോലെ എന്തൊക്കെയോ പൊങ്ങി വന്നും, തൊലി അടരുന്ന അപൂര്‍വ രോഗത്തിനടിമയായും അങ്ങനെ നരകിച്ചു നരകിച്ചാണ് മരിച്ചതത്രേ. 


ഇതൊന്നും വെറും കെട്ടുകഥയല്ല  എന്ന് വ്യക്തമായി എനിക്കറിയാവുന്നത് കൊണ്ട് തന്നെ ഞാന്‍ ഇതൊക്കെ വളരെ ഗൌരവത്തോടു കൂടി തന്നെ കേട്ടറിഞ്ഞു. ആ സമയത്ത് പാമ്പുമായി ബന്ധപ്പെട്ടു വല്ലതും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ്‌ പല തവണയായി പാമ്പുകളെ കുറിച്ച് സ്വപ്നം കണ്ടതൊക്കെ എനിക്കോര്‍മ വന്നത്. ഞാന്‍ കണ്ട സ്വപ്‌നങ്ങളെല്ലാം തന്നെ  വളരെ പേടി തോന്നിപ്പിക്കുന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുതപ്പിനുള്ളില്‍ നിന്നും ഇഴഞ്ഞു മാറിയ പാമ്പുകള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. വേറൊരു സ്വപ്നത്തില്‍ -,  ഉമ്മറത്ത്  എന്തോ  ആലോചിച്ചു   കൊണ്ടിരിക്കുന്ന   സമയത്ത്   ഫണം വിടര്‍ത്തി എന്‍റെ മുന്നിലാടിയ   പാമ്പിനെ  എനിക്ക് മറക്കാനാകില്ല. വീടിന്‍റെ കഴുക്കോലില്‍ കൈ വച്ച്  നില്‍ക്കുമ്പോള്‍ കൈയ്യിനടുത്തു തൂങ്ങി  നിന്ന  പാമ്പും സ്വപ്നത്തില്‍ എന്നെ  പേടിപ്പിച്ചു.  ഈ സ്വപ്നങ്ങളെ കുറിച്ചൊക്കെ    മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ വേണ്ടി ഞാന്‍ ചോദിച്ചപ്പോള്‍  എല്ലാവരും പറഞ്ഞു അതൊക്കെ ചില നിമിത്തങ്ങളാകാം എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യാന്‍ വേണ്ടി പറയുന്നതായിരിക്കും എന്നൊക്കെ. ഈ ചിന്തകള്‍ക്കിടയില്‍ ഞാന്‍ പലപ്പോളും പുറം നോക്കാന്‍ മറന്നു പോകുമായിരുന്നു. 

അങ്ങനെ ഇരിക്കെയാണ്  വീടിനു കുറച്ച്  അടുത്തു തന്നെയുള്ള ഒരു പഴയ അമ്പലത്തെ കുറിച്ച് കേള്‍ക്കുന്നത്. പുലാമന്തോളില്‍ നിന്നും  ആറോ ഏഴോ കിലോമീറ്റര്‍ ദൂരെ, ഹരിഹര കുന്ന്  (ഹരിഹര  കുന്നത്ത്  ) എന്ന  സ്ഥലത്ത് ഒരു അമ്പലമുണ്ട്. എല്ലാ വര്‍ഷങ്ങളിലും ഒരു പ്രത്യേക മാസത്തില്‍ അവിടെ പാമ്പിന്‍ കാവില്‍ പൂജ നടക്കും. കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വന്നു  പോകാറുള്ള   ആ സ്ഥലത്തെ  കുറിച്ച് ഞാന്‍ അന്നാണ്   ആദ്യമായി  കേള്‍ക്കുന്നത് പോലും . 

ഈ പറഞ്ഞ അമ്പലത്തില്‍ ഞാനും അതേ   മാസത്തില്‍ പിന്നീടു പോകുകയുണ്ടായി. ഒരുപാട് ജനങ്ങള്‍ അന്നും ഉണ്ടായിരുന്നു. നാഗങ്ങള്‍ക്ക്‌സാധാരണയായി ചെയ്യുന്ന പൂജാവഴിപാടുകള്‍  അവിടെ ചെന്നാല്‍ വായിച്ചറിയാം. ആ കൂട്ടത്തില്‍  വേറൊരിടത്തും ഇല്ലാത്ത ഒരു വഴിപാടാണ്  കരിങ്കല്ല്  കൊണ്ടുണ്ടാക്കിയ   'പാമ്പിന്‍ പടം സമര്‍പ്പിക്കല്‍'. സമര്‍പ്പിക്കേണ്ട പാമ്പിന്‍ പടങ്ങള്‍ അവിടെ തന്നെ ഒരു നിശ്ചിത തുക അടച്ചാല്‍ നമുക്ക് ലഭ്യമാകും. ഈ  പാമ്പിന്‍ പടങ്ങള്‍ അവിടെ തന്നെയുള്ള  ശിവന്‍റെ അമ്പലത്തില്‍ പൂജിച്ച ശേഷം പാമ്പിന്‍ കാവില്‍ കൊണ്ട് പോയി നമ്മള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നാഗങ്ങളോട് എന്തെങ്കിലും തെറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ  ചോദിച്ച് , മറ്റ്  പ്രാര്‍ത്ഥനകള്‍ക്കും  ശേഷം പാമ്പിന്‍ പടം കാവിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന മറ്റു ഉപേക്ഷിക്കപ്പെട്ട പാമ്പിന്‍ പടങ്ങള്‍ക്കിടയില്‍ നമ്മള്‍ ഉപേക്ഷിച്ചു പോരും. അതോടു കൂടി വഴിപാടു ചടങ്ങുകള്‍ കഴിഞ്ഞു. ഞാനും ഇതൊക്കെ ചെയ്തു എന്നര്‍ത്ഥം. പിന്നെ കുറച്ചു ദിവസങ്ങള്‍ ഞാന്‍ ഈ  കാര്യങ്ങള്‍ ഒന്നും തന്നെ ആലോചിച്ചു തല  പുകച്ചില്ല  . ഒരു ആകുലതയും കാണിച്ചതുമില്ല.  ഇനി ഇപ്പോള്‍ അത് പുറത്ത് ഒരു ലോക ഭൂപടം പോലെ  ഒരു ചിത്രമായി കിടന്നാലും എനിക്ക്  കുഴപ്പമില്ല  എന്ന ഒരു ചിന്തയില്‍ ഞാന്‍ അപ്പോളേക്കും എത്തിയിരുന്നു.   

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം , ഞാന്‍ അമ്മയോട്  വെറുതെ  എന്‍റെ പുറം നോക്കി  ഭൂപടം വലുതായോ ഇല്ലയോ എന്ന് നോക്കാന്‍ പറഞ്ഞു.  അതിശയം എന്നാണോ.. എന്താ പറയേണ്ടത് എന്നറിയില്ല, പുറത്ത് ഒരു ചെറിയ പാട് പോലും ഇല്ലാതെ അതെല്ലാം അപ്പോളേക്കും മാഞ്ഞു പോയിരുന്നു. എന്താണ് അതിനു കാരണം എന്നൊന്നും ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. പകരം നാഗങ്ങളില്‍ വലിയ വിശ്വാസം ഉള്ള ഒരാളായി ഞാന്‍ മാറുകയായിരുന്നു. 

നാട്ടില്‍ ഉണ്ടാകുമ്പോള്‍, എല്ലാ കൊല്ലവും ഹരിഹര കുന്നിലെ പൂജാ മാസത്തില്‍ ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് പിന്നെ ഒരു പതിവായി മാറി. ഇത്തവണ രണ്ടു മാസത്തെ അവധിക്ക് നാട്ടില്‍ ചെന്നപ്പോളും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. ഇത്തവണ  ചെന്നപ്പോളേക്കും ആ ക്ഷേത്രം ഒരുപാട് വികസിച്ചിരുന്നു. പാമ്പിന്‍ പടങ്ങളുടെ കല്ലുകള്‍ കൊണ്ട്  ആ  പാമ്പിന്‍ കാവിനു ചുറ്റും ഒരു വന്‍ മതില്‍ രൂപപ്പെട്ടിരിക്കുന്ന  പോലെ തോന്നി. കൂട്ടത്തില്‍ ഒരു വലിയ കല്ല്‌ കൊണ്ടുള്ള   പാമ്പിന്‍ പടം ഞാന്‍ കണ്ടു. അവിടെ മാത്രം പ്രത്യേക  പൂജ  നടക്കുന്നുണ്ട്. ഓരോ വര്‍ഷങ്ങള്‍  കഴിയും  തോറും വലുതായി കൊണ്ടിരിക്കുന്ന  ഒരു പാമ്പിന്‍ പടമായിരുന്നു അത്. ചിലപ്പോളൊക്കെ ചില  നാഗങ്ങളെയും പൂജാ സമയത്ത്  അവിടെ കണ്ടവരും ഉണ്ട്. 

കാലങ്ങളായി പനമണ്ണയിലെ  (ഒറ്റപ്പാലം)  അച്ഛന്‍റെ തറവാട്ടില്‍ പാമ്പിന്‍ തുള്ളല്‍ നടക്കാറുണ്ട്. ഒരിക്കല്‍ ഞാനും പാമ്പിന്‍ തുള്ളല്‍ കാണാന്‍ പോയി. പാതിരാത്രിയിലാണ് പാമ്പിന്‍ തുള്ളല്‍ തുടങ്ങുക. പാമ്പിന്‍ കളം വരച്ചു വച്ച്,പുള്ളുവന്‍ പാട്ടുകളുമായി വലിയ സജ്ജീകരണങ്ങളോടെയാണ് തുള്ളല്‍ തുടങ്ങുക. സ്വര്‍ണ നിറമുള്ള ചെറിയ കുഞ്ഞൂട്ടന്‍ (അനന്തഭദ്രം സിനിമ കണ്ടതിനു ശേഷം ഞാന്‍ ചെറിയ പാമ്പുകളെ കുഞ്ഞൂട്ടന്‍ എന്നാണ് പറയാറ് ) വരുന്നതും കാത്തിരിക്കും. 


ഇതെല്ലം കണ്ടു കൊണ്ടിരിക്കുന്ന ചില സ്ത്രീകള്‍  എന്തോ ബാധ കയറിയ പോലെ മുടി അഴിച്ചിട്ട് കളത്തിലേക്ക്‌ പാമ്പ് ഇഴഞ്ഞു വരുന്ന പോലെ വരും.പിന്നെ  ബോധം കെടുന്ന വരെ നാഗങ്ങളുടെ മനസ്സിലുള്ള  ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. അതില്‍ മിക്കതും  കുടുംബത്തിനെ സംബന്ധിച്ച് തന്നെയായിരിക്കും. ഇടക്ക് മരിച്ചു പോയ ആളുകളെ കുറിച്ചും ഇവര്‍ തുള്ളുന്നതിനിടയില്‍ പരാമര്‍ശിക്കും. അവസാനം പാമ്പിന്‍ കളം മുഴുവന്‍ ഇവര്‍ മുടി അഴിച്ചു തുള്ളി കൊണ്ട്  മായ്ക്കും. അബോധാവസ്ഥയിലുള്ള അവര്‍ നിലത്തു വീഴും വരെ ഇത് തുടരും. അപ്പോളേക്കും നേരം പുലര്‍ന്നിട്ടുമുണ്ടാകും. 

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലതൊക്കെ അന്ധവിശ്വാസമായി എനിക്കും തോന്നിയിരുന്നു. പക്ഷെ എന്‍റെ സ്വപ്നങ്ങളിൽ  ഇടയ്ക്കിടയ്ക്ക് ഇഴഞ്ഞു വരുന്ന പാമ്പുകള്‍ എന്നെ ഒരു കറ കളഞ്ഞ നാഗ വിശ്വാസിയാക്കി മാറ്റി. മനസ്സിന് നിരക്കാത്തതോ, ചെയ്യാന്‍ പാടില്ലാത്തതോ ആയ കാര്യങ്ങള്‍ ഞാന്‍ ചെയ്തു പോയാല്‍ കുഞ്ഞൂട്ടന്‍ എന്‍റെ സ്വപ്നങ്ങളില്‍ വരും എന്നിട്ട് തെറ്റ് തിരുത്താന്‍ ഓര്‍മിപ്പിക്കും. എന്തോ , കുഞ്ഞൂട്ടനെ പിണക്കാന്‍ ഞാനും പോകാറില്ല. പറഞ്ഞത് ഒരു നല്ല കുട്ടിയായി അനുസരിക്കും. 

 നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ ! ഇതെല്ലാം എന്‍റെ തോന്നലുകള്‍ ആയാലും അല്ലെങ്കിലും എന്‍റെ അനുഭവങ്ങള്‍ എനിക്ക് അനുഭവപ്പെട്ട സത്യങ്ങള്‍ കൂടിയാണ് എന്ന ബോധ്യം ഉള്ള കാലം വരെ മറ്റുള്ളവര്‍ അന്ധവിശ്വാസം എന്ന് പച്ച കുത്തി വിട്ടതെല്ലാം എനിക്ക് എന്‍റെ വിശ്വാസങ്ങള്‍ തന്നെയാണ്. അത് കൊണ്ട് നിങ്ങളെന്നെ ഒരു അന്ധവിശ്വാസിയായി മാത്രം ചിത്രീകരിക്കരുതെന്ന അപേക്ഷയുണ്ട്. 

 -pravin-

Monday, April 9, 2012

ഒരു പാഴ് പ്രണയം

സുറുമയെഴുതി തട്ടമിട്ടു നടക്കുന്ന സുമയ്യയെ പറ്റി രഘുവിന് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. "അവള്‍ എന്‍റെ പെണ്ണാണ്, അവളെ മറ്റൊരാള്‍ക്കും വിവാഹം ചെയ്യാന്‍ സമ്മതിക്കില്ല, ആരൊക്കെ എതിര്‍ത്താലും അവളെ ഞാന്‍ സ്വന്തമാക്കിയിരിക്കും". സുമയ്യക്കും രഘുവിനെ ജീവനായിരുന്നു. 

ഒരു ഏപ്രില്‍ മാസം, അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വന്നിരിക്കുന്നു എന്നറിഞ്ഞ രഘു ഇരിപ്പുറക്കാതെ തന്‍റെ സൈക്കിള്‍ എടുത്തു അവളുടെ വീട്ടിലേക്കു ആഞ്ഞു ചവിട്ടി. അവിടെ എത്തിയ രഘുവിന് കാണാന്‍ കഴിഞ്ഞത് ,വാക്ക് പറഞ്ഞു കല്യാണം ഉറപ്പിച്ച പോലെ ചെക്കന്‍റെ വീട്ടുകാരോട് സംസാരിച്ചു നില്‍ക്കുന്ന സുമയ്യയുടെ വാപ്പയെയാണ്. 

പടിക്കല്‍ രഘുവിനെ കണ്ട വാപ്പ അവനെ വീട്ടിലേക്കു ക്ഷണിച്ചു. പിന്നെ അവന്‍റെ കളിക്കൂട്ടുകാരിയുടെ വീട്ടില്‍ നടക്കാന്‍ പോകുന്ന വിവാഹ വിശേഷങ്ങള്‍ പറഞ്ഞു. അവര്‍ സല്‍ക്കരിച്ച പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ രഘു സുമയ്യയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. എന്നിട്ട് സുമയ്യയുടെ വാപ്പയോടു ചോദിച്ചു.

" അപ്പൊ ഇനി ഇവളെ പഠിക്കാനൊന്നും വിടില്ലേ ? "

"ഇപ്പോതെ കാലത്ത് പെണ്ണുങ്ങള്‍ക്ക്‌ പത്താം ക്ലാസ്സ്‌ പടിപ്പു തന്നെ ധാരാളമാണ്. നീ പഠിച്ചു വലിയവനായാല്‍ മതി, ഓള്‍ക്ക് സന്തോഷമാകും. രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടത്തണം, അതിനുള്ള തിരക്കിലാണ് ഞാന്‍, എല്ലാത്തിനും ഒരു ആങ്ങളയുടെ സ്ഥാനത്ത് ഇയ്യുണ്ടാകണം ട്ടോ .." ഉപ്പ പറഞ്ഞു. 

അവന്‍റെ നിറഞ്ഞ കണ്ണ് കണ്ടിട്ട് ഉമ്മ കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു. 

"ബീഫ് കറിക്ക് നല്ല എരിവുണ്ട് ഉമ്മാ , അതാ കണ്ണ് നിറഞ്ഞത്‌." 

തിരിഞ്ഞു നോക്കിയപ്പോള്‍ സുമയ്യയുടെ കണ്ണും നിറഞ്ഞിരുന്നു " ഇതിപ്പോ നല്ല അതിശയമായിരിക്കുന്നു, ഓന് എരിവുന്ടെങ്കില്‍ നിനക്കും കണ്ണ് നിറയോ?" ഉമ്മ ചോദിച്ചു . 

കണ്ണ് തുടച്ചു കൊണ്ട് സുമയ്യ പറഞ്ഞു "അല്ല ഉമ്മാ, ഓന്‍ കഴിക്കുന്ന അതെ ബീഫ് കറി തന്നെയല്ലേ ഞാനും നേരത്തെ കഴിച്ചത് അതിന്റെ എരിവു ഇപ്പോളാണ് എനിക്ക് അറിഞ്ഞത് " .

അടുക്കളയില്‍ കൂട്ടച്ചിരി മുഴങ്ങിയെങ്കിലും അവരുടെ രണ്ടു ഹൃദയങ്ങളും പിടക്കുന്നത്‌ ആരും അറിഞ്ഞില്ല.

അധികം വൈകാതെ തന്നെ ആ കല്യാണം നടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രഘു ദുബൈയില്‍ വലിയ കമ്പനിയില്‍ ജോലിയും മറ്റു തിരക്കുകളുമായി കഴിഞ്ഞു കൂടുന്ന സമയം. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാരുണ്ടെങ്കിലും സുമയ്യയുടെ കാര്യങ്ങള്‍ ആരോടും തിരക്കാറില്ല. ഇരുപതു വര്‍ഷം, അത് പോയത് അറിഞ്ഞില്ല. നാട്ടിലെ ഉപ്പയും ഉമ്മയും മരിച്ചതിനു ശേഷം, അവള്‍ അമേരിക്കയിലോ മറ്റോ ആണ് ഭര്‍ത്താവിന്റെ കൂടെ. അത്ര മാത്രം അറിയാം. 

പഴയ സുഹൃത്തുക്കളെ തിരയുന്നതിനിടയില്‍, ഫേസ് ബുക്കില്‍ അവന്‍ ഒരുപാട് തവണ അവളുടെ പേര് തിരഞ്ഞു നോക്കിയെങ്കിലും, അവിടെയും ഒരു വിവരവുമില്ലായിരുന്നു . 

"അങ്ങനെ ഒരിക്കല്‍ എന്നെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ അവളുടെ കാര്യം അന്വേഷിച്ചു. ഞാന്‍ അവളുടെ പഴയ നല്ല സുഹൃത്താണെന്ന് കരുതിയായിരിക്കാം എന്നോട് ചോദിച്ചത് " സമീറ തന്‍റെ ഭര്‍ത്താവിനോട് ഒരു നെടു വീര്‍പ്പോട് കൂടി പറഞ്ഞു. 

"എന്നിട്ട് ..എന്നിട്ട് നീ പറഞ്ഞില്ലേ സുമയ്യയോട്.."ഷബീര്‍ തന്‍റെ മടിയില്‍ കിടന്നുറങ്ങിപ്പോയ കുട്ടിയെ എടുത്തു അവളുടെ കയ്യില്‍ കൊടുക്കുന്ന സമയത്ത് ചോദിച്ചു. 

കുട്ടിയെ കിടക്കയില്‍ കിടത്തിയ ശേഷം സമീറ ഭര്‍ത്താവിനു നേരെ മുഖം തിരിച്ചു. 

"പറഞ്ഞു ..അവന്‍റെ ഫേസ് ബുക്ക് പേജിന്റെ ലിങ്കും അയച്ചു കൊടുത്തിരുന്നു. പക്ഷെ അവനോടു ഞാന്‍ ഈ കാര്യം പറഞ്ഞതുമില്ല. അടഞ്ഞ അദ്ധ്യായങ്ങള്‍ വീണ്ടും തുറപ്പിക്കണ്ട എന്ന തോന്നല്‍ എന്‍റെ ഉള്ളിലും ഉണ്ടായിരുന്നു. "

"അവന്‍ അവളോട്‌ വീണ്ടും സംസാരിക്കാനിടയായാല്‍ അവരുടെ രണ്ടാളുടെയും ജീവിതം തകരുമോ എന്ന് നീ സംശയിച്ചെന്നു സാരം ..കഷ്ടം.!.അവര്‍ക്ക് തമ്മില്‍ പറയാനുണ്ടായിരുന്നത് ഒരിക്കലും പ്രണയത്തെ കുറിച്ച് ആയിരിക്കില്ല ...മറ്റെന്തോ.. അല്ല ഇതൊക്കെ ഇന്ന് എന്നോട് ഇത്ര വിഷമത്തോടെ പറയാന്‍ എന്താ കാരണം ?" ഷബീര്‍ ചെറിയ ഉറക്ക ചടവോട് കൂടി ചോദിച്ചു. 

"ഒരിക്കല്‍ രഘുവിന് സുറോഷ് എന്ന പേരില്‍ ഒരു മെസ്സേജ് സുമയ്യ അയച്ചിരുന്നു. ഒരു ജനുവരി അഞ്ചിനായിരുന്നു അവള്‍ അത് അയച്ചത്. രഘുവിന്റെ ജന്മദിനം, ഇപ്പോളും അവള്‍ മറന്നിട്ടില്ലായിരുന്നു. എന്നെ വളരെ സന്തോഷത്തോടെ അവള്‍ ആ കാര്യം വിളിച്ചു പറയുകയും ചെയ്തു. 

കഴിഞ്ഞ ജനുവരി അഞ്ചിനു ദുബൈയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ രഘുവും കുടുംബവും മരിച്ചു പോയെന്നത് ഇന്ന് പഴയ ഒരു പത്രം യാദൃശ്ചികമായി നോക്കിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് തന്നെ അറിയില്ല എന്‍റെ മനസ്സില്‍ എന്തൊക്കെയാണ് വന്നു പോയതെന്ന്..ഞാന്‍ .ഞാന്‍..ഞാന്‍ രഘുവിനോട് അവളെ കുറിച്ച് പറയണമായിരുന്നു അല്ലെ ഷബിക്കാ..." സമീറ കരഞ്ഞു കൊണ്ട് ഷബീറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. 

"രഘുവിന്റെ മറുപടിക്കായി അവള്‍ കാത്തിരുന്നെക്കാം.. ചിലപ്പോള്‍ ഇല്ലായിരിക്കാം.. ഒരു പാഴ് പ്രണയത്തിന്‍റെ സന്ദേശം വായിക്കാന്‍ രഘു ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന കാര്യം സുമയ്യ അറിയാതിരിക്കട്ടെ . "

ഷബീര്‍ സമീറയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കുമ്പോള്‍ മനസ്സില്‍ ആരോടെന്നായി പറഞ്ഞു. 
-pravin- 

Sunday, April 8, 2012

മരിച്ച ആളുടെ ബ്ലോഗ്‌


മരണത്തെ കുറിച്ചും അനന്തര ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുഹൃത്തിന്‍റെ ബ്ലോഗ്‌ ഞാന്‍ ഈയിടെ യാദൃശ്ചികമായി വായിക്കാനിടയായി. മരണത്തില്‍ നിന്നും രക്ഷപെട്ടു വന്നവരുടെ അനുഭവങ്ങളിലൂടെ കഥ പറയുന്ന ഒരു ശൈലിയിലാണ് പുള്ളിയുടെ എഴുത്ത് എന്നത് കൊണ്ട് തന്നെ വായന രസകരമായിരുന്നു.    

 സത്യത്തില്‍ ഏതോ നിയോഗം എന്ന നിലയിലാണ് ഞാന്‍ അങ്ങേരുടെ  ബ്ലോഗ്‌ കാണാന്‍ ഇടയാകുന്നത്. ഫേസ് ബുക്കില്‍ അവയവ ദാനത്തെ കുറിച്ച് ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച കുറച്ചു സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ മരിച്ചു കഴിഞ്ഞാലും അയാള്‍ക്ക്‌ വേദന അറിയാന്‍ സാധിക്കും എന്ന ഒരു ഘട്ടം ഉണ്ടെങ്കില്‍ അയാളുടെ അവയവങ്ങള്‍ മുറിച്ചു മാറ്റുന്ന രംഗം എത്ര ഭീതിജനകം ആയിരിക്കും എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. അവയവ ദാനത്തെ കുറിച്ചുള്ള എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനുള്ള ഒരു തിരച്ചിലിനിടയില്‍ ആണ് ഈ പറഞ്ഞ     ബ്ലോഗ്‌ ഞാന്‍ കാണുന്നത്. 

സത്യത്തില്‍ മരണത്തെ  കുറിച്ചും   അനന്തര ജീവിതത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാത്ത ദിവസങ്ങളില്ല. മതങ്ങളില്‍ പറയുന്ന പോലെ ഒന്നുമല്ല സത്യം എന്ന ഒരു തോന്നല്‍ എന്നില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. പല അനുഭവങ്ങളും എനിക്കുണ്ടായത് കൊണ്ടാണ് അങ്ങനെ എനിക്ക് തോന്നാന്‍ കാരണം. പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ ആളുകള്‍ മരിച്ചു എന്നൊക്കെ അറിയുമ്പോള്‍ ഞാന്‍ ആലോചിക്കുമായിരുന്നു മരണം എന്ന സത്യത്തെ കുറിച്ച്. പേടിയായിരുന്നു അന്നൊക്കെ മരിക്കാന്‍. പിന്നെ എപ്പോളോ മരണത്തെ എന്‍റെ സുഹൃത്തായി കാണാന്‍ ഞാന്‍ പഠിച്ചു. അവനുമായി മനസ്സിനുള്ളിൽ വച്ച് തന്നെ ആശയസംവാദം നടത്തുന്നത് പതിവായിരുന്നു. 

മേലെ സൂചിപ്പിച്ച  ആ ബ്ലോഗില്‍ മരിച്ച ആളുകള്‍ പങ്കു വച്ച പല അനുഭവങ്ങള്‍ക്കും സമാനമായി തന്നെ പല സ്വപ്നങ്ങളും ഞാനും കണ്ടിട്ടുണ്ടായിരുന്നു. സ്വപ്നങ്ങള്‍ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഒരിക്കല്‍ ഒരു ചെറിയ ഉച്ചമയക്കത്തില്‍ എന്‍റെ ശരീരത്തില്‍ നിന്നും ഭാരമില്ലാത്ത എന്നെ ആരോ പകുതി വഴി പൊക്കിയെടുത്തു. ഞാന്‍ അപ്പോളും നല്ല മയക്കത്തില്‍ ആയിരുന്നു. പക്ഷെ എനിക്ക് അനുഭവിക്കാന്‍ സാധിച്ചു എന്നെ ആരോ എങ്ങോട്ടോ കൊണ്ട് പോകാന്‍ ഒരുങ്ങുന്നതായി. എന്‍റെ മനസ്സില്‍ ഈ ഭൂമി വിട്ടു പോകാനുള്ള വിഷമം കണ്ടിട്ടോ എന്തോ, അയാള്‍ പിടി വിട്ടു. ഞാന്‍ താഴേക്ക്‌ എന്‍റെ ശരീരത്തിലേക്ക് തന്നെ നിലംപതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. 

വേറൊരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന എന്നെ ആരോ വെടി വച്ച് വീഴ്ത്തി. ആ വെടിയുണ്ട എന്‍റെ ഹൃദയത്തെയും തുളച്ചു കൊണ്ട് മറുപുറം പോയത് എനിക്ക് വലിയ വേദനകളില്ലാതെ തന്നെ അനുഭവപ്പെട്ടു. എന്‍റെ കൈ നിറയെ ചോര നിറഞ്ഞൊഴുകി. നെഞ്ഞിനുള്ളില്‍  നിന്നും ഒരു പല്ല് പറിഞ്ഞു വീഴുന്നതിനു മുന്‍പ് ആടിയിളകുന്ന പോലെ ജീവനായിരിക്കാം ആടിയതെന്നു തോന്നുന്നു. പിന്നെ വേരറ്റ ശേഷം അതെന്നില്‍ നിന്നും ഒരു ശൂന്യതയിലേക്ക് ഒഴുകി പോയ ഒരോര്‍മ മാത്രം. 

മറ്റൊരു സമയത്ത് ഞാന്‍ കൊടും മഴയില്‍ ആരോ പറഞ്ഞിട്ട് മോട്ടോര്‍ ചലിപ്പിക്കാന്‍ പാടത്തു പോയി. അവിടെ വച്ച് നാല് ഭാഗത്ത്‌ നിന്നും എന്‍റെ മേലേക്ക് വെള്ളം ചീറ്റി അടിക്കപെടുന്നു. ഷോക്ക്‌ അടിക്കുന്ന എന്‍റെ  ശരീരത്തെ വിട്ടു കുറച്ചു മാറി ഞാന്‍ ഇതെല്ലാം വീക്ഷിക്കുന്നു.  അങ്ങനെ പല തവണ ഞാന്‍ മരിച്ചിരിക്കുന്നു. ഇപ്പോള്‍ മരണം ഒരു സുഖമുള്ള അനുഭവമായാണ് എനിക്ക് തോന്നുന്നത്. 

നമ്മള്‍ കാണുന്ന ഈ ലോകത്തിനും അപ്പുറം ഇതിനേക്കാള്‍ നല്ല ഒരു പ്രകാശപൂരിതമായ ലോകം കാത്തിരിക്കുന്നു എനിക്ക് തോന്നുന്നു. അവിടെ നമുക്ക് വിശപ്പും വേദനയും മറ്റു വികാരങ്ങളും ഒന്നുമില്ല. അവിടെ നമ്മളെ കാത്തു ഒരുപാട് പേരുണ്ട്, നമുക്ക് മുന്നേ മരിച്ചു പോയ നമ്മുടെ മുത്തശ്ശന്മാര്‍ , അമ്മാവന്മാര്‍, അങ്ങനെ കുടുംബക്കാരും നാട്ടുകാരും അവിടെ പാറി നടക്കുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കാത്തു നില്‍ക്കുന്ന അച്ഛനമ്മമാരെ പോലെ നമ്മളെ കാത്തു അവരും എവിടെയോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. 

ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, എന്തായാലും ആ   ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍  സാധിച്ചു . പിന്നീടു ഞാന്‍ ആ ബ്ലോഗ്‌ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിക്കുമോ ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...

-pravin-