Wednesday, July 13, 2016

ചില വെളിപാടുകൾ
  • അനുകൂലതയെ മാത്രമാണ്  ആരും ഇഷ്ടപ്പെടുന്നുള്ളൂ. പ്രതികൂലതയെ ആരും ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല അതെപ്പോഴും തകർക്കപ്പെടേണ്ട ഒന്നാണ് എന്ന് വിശ്വസിച്ചു വരുകയും ചെയ്യുന്നു. 

  • എന്റെ ശരി നിങ്ങൾക്കും നിങ്ങളുടെ ശരി എനിക്കും തെറ്റാകാം. സ്വാഭാവികം. എന്നാൽ എന്റെ മാത്രമാണ് ശരി എന്ന  ചിന്തയെ തെറ്റെന്നു സമ്മതിക്കാൻ നമ്മൾ മടിക്കുന്നെങ്കിൽ അത് നമ്മുടെ രണ്ടു കൂട്ടരുടെയും തെറ്റ് തന്നെയാണ്. 

  • കുറേ വേട്ടക്കാരും ഒരു ഇരയും എന്നതിൽ നിന്ന് കുറേ ഇരകളും ഒരു വേട്ടക്കാരനും എന്നതിലേക്ക് സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. അന്നും ഇന്നും എന്നും ഇരക്ക്  ദയനീയ മുഖവും വേട്ടക്കാരന്  ക്രൂര മുഖവും ആണെന്നിരിക്കെ സ്ഥിതിഗതികൾ മാറിയിട്ടും വലിയ വിശേഷമൊന്നുമില്ല. വ്യത്യസ്തതകൾ  ഇല്ലാതെ പോകുന്നു അങ്ങിനെ പലതും .

  • ചിരിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാത്തവരേ ഉണ്ടാകൂ .കരയാൻ ആരും ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവരും ഉള്ളിന്റെയുള്ളിലെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്  കരയുന്നുണ്ട് പക്ഷേ . 

  • തുടക്കമോ ഒടുക്കമോ ഇല്ലാത്ത.. തുടർച്ച  മാത്രമുള്ള ഒരു ലോകത്ത് ഭൂതത്തിനും ഭാവിക്കും എന്ത് പ്രസക്തി ? ആ ചിന്ത പോലും തുടരുകയാണ് വെറുതെയെങ്കിലും . 

-pravin-

Saturday, March 12, 2016

പുളവന്റെ പ്രണയം

ഈ അടുത്തൊന്നും പുഴ ഇങ്ങിനെ നിറഞ്ഞൊഴുകിയിട്ടില്ല. ഇനിയും എത്ര നേരം മഴ തുടരുമെന്നുമറിയില്ല. എതയരികിലെ മാളത്തിലേക്ക് വെള്ളം കയറുമെന്നായപ്പോൾ പതിയേ തല പുറത്തിട്ടു കൊണ്ട് കാലാവസ്ഥ നിരീക്ഷിക്കുകയായിരുന്നു അത്. വേഗത്തിൽ നാക്ക് പുറത്തേക്ക് ഇടുകയും അകത്തേക്ക് വലിക്കുകയും ചെയ്ത് കൊണ്ട് കുറച്ചു നേരം ആ നിരീക്ഷണം അങ്ങിനെ തുടർന്നു. അൽപ്പ സമയത്തിനുള്ളിൽ പ്രതീക്ഷിച്ച പോലെ വെള്ളം മാളത്തിലേക്ക് കയറിയപ്പോൾ അത് പതിയെ മാളത്തിനു പുറത്തേക്ക് ഇഴഞ്ഞു നീങ്ങി. പിന്നെ കരയുടെ അരിക് പറ്റിയൊഴുകുന്ന വെള്ളത്തിലൂടെ കുളിക്കടവ്‌ ലക്ഷ്യമാക്കി മെല്ലെ നീന്തി. അതിന്റെ അടുത്ത പ്രതീക്ഷയും തെറ്റിയില്ല. പെണ്ണുങ്ങളുടെ കുളിക്കടവിൽ ഈ പെരുമഴയത്തും ജാനകി ഹാജരായിരിക്കുന്നു. നീർക്കോലി കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങാൻ തുടങ്ങി.
കഴിഞ്ഞ രണ്ടു മൂന്നു മാസമായി പുതുമ നഷ്ടപ്പെടാത്ത എന്തെങ്കിലും ഒരു കാഴ്ച അത് കാണുന്നുവെങ്കിൽ അലക്കാനും കുളിക്കാനുമായി കടവിൽ എത്തുന്ന ജാനകിയെ മാത്രമാണ്. ജാനകിയെ എത്ര കണ്ടാലും അതിന് മതി വരുന്നില്ലായിരുന്നു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന അവളുടെ മിനുസമുള്ള കാലുകളിൽ ഉരസി നീന്തുന്നത് അതിന്റെ വിനോദമാണ്‌. അതിലുമുപരി അവളോടുള്ള അതിന്റെ പ്രണയം കൂടിയാണ് ആ ഉരസി നീന്തൽ. അവളറിഞ്ഞാലും ഇല്ലെങ്കിലും പ്രണയിച്ചേ മതിയാകുമായിരുന്നു അതിന്. ജാനകി എന്ന പേര് അവളുടെ തന്നെയോ എന്ന് സംശയമാണ്. അവളുടെ കൂടെ കുളിക്കാൻ ഇറങ്ങുന്ന മറ്റു പെണ്ണുങ്ങൾ അവളെ ജാനകീ..ജാനകീ എന്ന് വിളിക്കുന്നത് പോലെയാണ് അതിന് തോന്നിയിട്ടുള്ളത്. എന്തായാലും ചിന്തിക്കുമ്പോൾ ഓർത്തെടുക്കാൻ പറ്റിയൊരു പേര് വേണമല്ലോ. അങ്ങിനെയാണ് അതിന്റെ മനസ്സിൽ അവൾ ജാനകിയായത്. ഇന്നെന്തായാലും ജാനകിയുമായി കൂടുതൽ ശൃംഗരിക്കാൻ അവസരമുണ്ട്. അവളെ ഒറ്റക്ക് ഇങ്ങനെ കാണാൻ കിട്ടുന്നത് പോലും ഇതാദ്യമായാണ്.
കനത്ത മഴയിൽ ഈറനായി നിന്ന് വസ്ത്രങ്ങൾ അലക്കി കൊണ്ടിരിക്കുന്ന ജാനകിയെ പ്രണയാതുരനായി നോക്കി നിൽക്കുകയാണ് ആ നീർക്കോലി. അതേ സമയം തൊട്ടു താഴത്തെ കടവിൽ തല മാത്രം വെള്ളത്തിൽ പൊക്കിപ്പിടിച്ച് അതേ ജാനകിയുടെ ശരീരത്തെ ഭോഗാസക്തമായ കണ്ണുകളാൽ രണ്ടു മനുഷ്യരും നോക്കുന്നുണ്ടായിരുന്നു. ആരുമാരും പരസ്പ്പരം കാണുന്നില്ലെങ്കിലും എല്ലാവരെയും ഗൗരവത്തോടെ നിരീക്ഷിച്ചു കൊണ്ട് എതയരികിൽ ഒരു തവളയും ഇരിപ്പുണ്ട്. തവളയുടെ കണ്ണ്‍ രണ്ടു ഭാഗത്തേക്കും മാറി മാറി ചലിച്ചു കൊണ്ടിരുന്നു. ഇടക്കിടക്ക് തൊണ്ടയിൽ എന്തോ ഒന്ന് വീർപ്പിച്ചും വിട്ടുമുള്ള ആ നിരീക്ഷണത്തിനിടയിൽ അറിയാതെ അത് "പോക്രോം പോക്രോം" എന്ന തന്റെ അതിഗംഭീരമായ ശബ്ദം പുറപ്പെടുവിച്ചു. പണി പാളി. നീർക്കോലി അവനെ കണ്ടു കഴിഞ്ഞിരിക്കുന്നു. തവള മാളത്തിൽ നിന്ന് ചാടി എതയുടെ മുകളിലേക്ക് വലിഞ്ഞു കേറി. ഇനി അവിടെ നിന്നാൽ മറ്റവൻ ശാപ്പിട്ടു കളയും. നീർക്കോലി മുങ്ങാങ്കുഴിയിട്ട് തവളയിരുന്ന മാളത്തിന് അടുത്തെത്തിയെങ്കിലും തവള അപ്പോഴേക്കും എതയുടെ മുകളിലേക്ക് എത്തിയിരുന്നു. നീർക്കോലി അവനെ നോക്കി ഇളിഞ്ഞു ചിരിച്ചു. തവളയുടെ കണ്ണുകൾ അപ്പോൾ മറ്റാരെയോ ആണല്ലോ ശ്രദ്ധിക്കുന്നത് എന്ന് മനസ്സിലായപ്പോൾ നീർക്കോലി പരിസരം ഒന്ന് നിരീക്ഷിച്ചു.
വെള്ളത്തിൽ മുങ്ങി കിടന്ന് ജാനകിയെ നോക്കി കൊണ്ടിരിക്കുന്നവന്മാരെ അപ്പോഴാണ്‌ നീർക്കോലി കാണുന്നത്. അവരെ പേടിപ്പിക്കാനുള്ള വഴിയൊക്കെ തന്റെ കൈയ്യിലുണ്ട്. പത്തിയില്ലെങ്കിലും പാമ്പിന്റെ രൂപം തന്നെയാണ് തനിക്കും. അവരെ ഇത് വരെ കുളിക്കടവിൽ ഒന്നും കണ്ടിട്ടില്ല. വരത്തന്മാർ ആണെന്ന് തോന്നുന്നു. നീർക്കോലി ചിന്തിച്ചു. ഊളിയിട്ട് ചെന്ന് അവന്മാരുടെ തലക്ക് സമീപം പൊങ്ങി കൊണ്ട് അത് നാക്ക് നീട്ടി കണ്ണ് തുറിച്ചു പിടിച്ചു. പെട്ടെന്നുള്ള അതിന്റെ പ്രത്യക്ഷപ്പെടലിൽ ഭയചികിതരായ അവന്മാർ അലറി വിളിച്ചു കൊണ്ട് കടവിലേക്ക് നീന്തിക്കയറി. പക്ഷേ പേടിച്ചോടാനൊന്നും അവർക്ക് ഉദ്ദേശ്യമില്ലായിരുന്നു. കടവിലേക്ക് കയറി നിന്ന് കൊണ്ട് വെള്ളത്തിലെങ്ങാനും നീർക്കോലിയുടെ തല കാണുന്നുണ്ടോ എന്ന് തിരയാൻ തുടങ്ങി അവർ. നീർക്കോലിയാകട്ടെ വീണ്ടും ജാനകീ സമീപം ഹാജരായിക്കൊണ്ട് അവളുടെ സൗന്ദര്യം ആസ്വദിക്കാൻ ആരംഭിച്ചു.
ജാനകിക്ക് അറിയില്ലല്ലോ അവൾക്കിങ്ങനെ ഒരു സൗന്ദര്യാരാധകൻ ഉണ്ടെന്ന്. നീർക്കോലിക്ക് അതിന്റെ പ്രണയം മൂത്തപ്പോൾ അവളുടെ കാലിൽ ഒന്ന് ഉരസി നീന്താൻ തോന്നി. രണ്ടു തവണ ഉരസി നീന്തിക്കഴിഞ്ഞപ്പോൾ പിന്നെ അവളുടെ കാലിൽ ഒന്ന് ചുംബിക്കാനാണ് അതിന് തോന്നിയത്. അതിന്റെ ചുംബനം അവൾക്ക് കടിയായിട്ടായിരിക്കാം അനുഭവപ്പെട്ടത്. അവൾ കാലു കുടഞ്ഞ്‌ കരക്ക്‌ കയറി നിന്ന് നിലവിളിച്ചു. വെള്ളത്തിൽ തല പൊക്കി നിൽക്കുന്ന അതിനെ കണ്ടതും അവൾ പേടിച്ച് ഉറക്കെയുറക്കെ അലറിക്കരഞ്ഞു. അവളുടെ കരച്ചിൽ കേട്ടിട്ടാകണം താഴത്തെ കടവിൽ നിന്ന് മറ്റവന്മാർ നീന്തി വരുന്നത് അതിന് കാണാമായിരുന്നു. അതിന് അവരോടുള്ള കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അത് സ്വയം അവളുടെ സംരക്ഷകന്റെ സ്ഥാനം ഏറ്റെടുത്തു കൊണ്ട് രണ്ടും കൽപ്പിച്ച് ഇല്ലാത്ത പത്തിയും വിടർത്തി അവന്മാരെ എതിരിടാൻ തീരുമാനിച്ചു. ജാനകിയുടെ അലമുറയിട്ട കരച്ചിൽ പെരുമഴയുടെ ആർത്തലച്ച ശബ്ദത്തിലും ചുറ്റും പൊന്ത പിടിച്ചു പടർന്ന് കിടന്നിരുന്ന വള്ളി മരങ്ങൾക്കും ഇടയിൽ അലിഞ്ഞില്ലാതെയായി.
അവർ നീന്തി ജാനകിയുടെ കടവിലേക്ക് എത്തിയതും നീർക്കോലി അതിന്റെ പരമാവധി ശൗര്യം പുറത്തെടുത്തു. ജാനകിയെ ഏതു വിധേനയും സംരക്ഷിക്കാൻ ആയിരുന്നു അപ്പോഴും അതിന്റെ തിടുക്കം. ഊളിയിട്ടു ചെന്ന് അവന്മാരിൽ ഒരാളുടെ കാലിൽ ചുറ്റിപ്പിണഞ്ഞ് കടിച്ചു. അവന്റെ കാൽ വഴി തല ഭാഗത്തേക്ക് ഇഴഞ്ഞു കേറാനുള്ള ശ്രമത്തിനിടയിൽ കൂട്ടത്തിലെ മറ്റവൻ ഏതോ ഒരു വള്ളി കൊണ്ട് അതിന്റെ കഴുത്തിൽ ഒരു കുടുക്കിട്ടു വലിച്ചു. നീർക്കോലിയുടെ യുദ്ധം അവസാനിക്കുകയായിരുന്നു അവിടെ. അതിന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു. നാക്ക് ശക്തിയില്ലാതെ പുറത്തേക്ക് കുഴഞ്ഞു വീണു കിടന്നു . കഴുത്തിനു വണ്ണം കുറഞ്ഞു. അവർ അതിനെ തൂക്കിയെടുത്ത് നിലത്തടിച്ചു. അതിന്റെ ഒരു കണ്ണ് വെള്ളത്തിലേക്ക്‌ തെറിച്ച് പോയി. അപ്പോഴും ജാനകിയുടെ ഉച്ചത്തിലുള്ള ശബ്ദം അതിന് കേൾക്കാമായിരുന്നു. അതിന്റെ വാലറ്റം ജീവന് വേണ്ടി അപ്പോഴും പോരാടുകയായിരുന്നു. അവർ അതിനെ ആ കുടുക്ക് സഹിതം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അതിന് നീന്താൻ സാധിക്കുന്നില്ലായിരുന്നു. വെള്ളത്തിലേക്ക് മുങ്ങിപ്പോയി അത്.
ഉയിർത്തെഴുന്നേൽക്കാനുള്ള ഒരു അവസാന ശ്രമത്തിൽ അത് വെള്ളത്തിന്‌ മുകളിലേക്ക് പൊങ്ങി വന്നു. എതയുടെ നനഞ്ഞ മണ്ണിൽ പറ്റിപ്പിടിച്ചു കിടക്കാൻ ശ്രമിക്കുകയാണ് അത്. പക്ഷേ അതിന്റെ മിനുസമുള്ള ശരീരം ആ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ടേയിരുന്നു. ജാനകിയുടെ കടവിൽ നിന്ന് എത്ര ദൂരം താഴോട്ട് അത് ഒലിച്ചു നീങ്ങി എന്നറിയില്ല. എന്നാലും അത് അതിന്റെ ശേഷിക്കുന്ന ഒറ്റക്കണ്ണ്‍ കൊണ്ട് ജാനകിയെ തിരഞ്ഞു കൊണ്ടേയിരുന്നു.
മഴ അവസാനിച്ചു. ശാന്തമായെങ്കിലും ഇരുകരകളെയും ശക്തിയായി ഉരസിക്കൊണ്ട് വേഗത്തിൽ എങ്ങോട്ടോ നിറഞ്ഞൊഴുകുകയാണ് പുഴ. എതയുടെ മുകളിൽ നിന്ന് താഴേക്ക് മെല്ലെ മെല്ലെ ഇറങ്ങി വന്ന തവള അതിന്റെ ചുറ്റുപാടും കണ്ണ്‍ തുറിച്ചു നോക്കി. താഴത്തെ കടവിലും മുകളിലെ കടവിലും ആളനക്കമില്ല. പോക്രോം പോക്രോം എന്ന പതിവ് ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അത് വെള്ളത്തിലേക്ക് സധൈര്യം എടുത്ത് ചാടി.
നീർക്കോലിയുടെ തെറിച്ചു പോയ കണ്ണ്‍ അതിന്റെ പകുതി ജീവനുള്ള ശരീരത്തിന് സമീപം എങ്ങിനെയോ ഒഴുകി എത്തിയിരിക്കുന്നു. ചാകുന്നതിനു മുൻപ് എന്തെങ്കിലും ഭക്ഷിക്കാനുള്ള ആഗ്രഹത്താൽ അത് അതിന്റെ ചലനമറ്റ കണ്ണ് തന്നെ വിഴുങ്ങുകയുണ്ടായി. അൽപ്പ സമയത്തിന് ശേഷം അതിന്റെ ജീവൻ പൂർണ്ണമായും നിലച്ചു.
അത്രയും നേരം എതയുടെ നനഞ്ഞ മണ്ണിൽ പതിഞ്ഞിരുന്നിരുന്ന അതിന്റെ ശരീരം വീണ്ടും വെള്ളത്തിലേക്ക് ആണ്ടു പോയി. ജീവനില്ലാത്ത മറ്റൊരു ശരീരം കൂടി വെള്ളത്തിനടിയിൽ മണലിനോട്‌ ഉരസി നീങ്ങുന്നുണ്ടായിരുന്നു അപ്പോൾ. ആ രണ്ടു ജീവനില്ലാത്ത ശരീരങ്ങളും വെള്ളത്തിനടിയിൽ വച്ച് ഉരുണ്ടു കൂടി മെല്ലെ മെല്ലെ നീങ്ങി മറഞ്ഞു. നാളെ അവർ ഭാരമില്ലാത്ത ശരീരങ്ങളായി മറ്റെവിടെയെങ്കിലും പൊങ്ങി വന്നാലും അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ കഥ ആരും അറിഞ്ഞു കൊള്ളണം എന്നില്ല. അതൊരു രഹസ്യമായി കാത്ത് സൂക്ഷിക്കാൻ പ്രകൃതി ഒരാളെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട് പക്ഷെ.
-pravin-

Tuesday, February 2, 2016

ദൈവത്തെയോർത്ത് ..
ദൈവത്തോട് പറയാനുള്ളത് 


തട്ടുംപുറത്തിരുന്നു സദാ 
മനുഷ്യരുടെ നന്മ തിന്മകളുടെ 
കണക്ക് എഴുതി തീർക്കാനുള്ളതല്ല 
ദൈവമേ നിന്റെ ജീവിതം. 
അൽപ്പ സമയം ജന്തു ജാലങ്ങളുടെ
കാര്യവും പിന്നെ സമയം കിട്ടുമെങ്കിൽ
അവനവന്റെ കാര്യം കൂടി 
നോക്കുന്നതാകും ഇനിയങ്ങോട്ട് നല്ലത്. 
മനുഷ്യമാരിനി നിങ്ങളെ പേടിച്ച് 
നന്നാകാനൊന്നും പോകുന്നില്ല. 
നിങ്ങളെ പേടിച്ച് ജീവിച്ചാ 
അവരിത്രേം കേടായത്. 


റഫറി 

പാപവും പുണ്യവും തമ്മിൽ 
പണ്ടൊരു ചെറിയ കശപിശ നടന്നപ്പോൾ 
തമ്മിൽ തല്ലി തീരുമാനിക്കാൻ പറഞ്ഞു ദൈവം. 
ജയിക്കുന്നവന് മുന്നിൽ തോൽക്കുന്നവൻ 
അടിമപ്പെടാനായിരുന്നു ദൈവം കൽപ്പിച്ചത്. 
അടി തുടങ്ങി കാലങ്ങളായിട്ടും ആരും 
ജയിക്കുന്നുമില്ല തോൽക്കുന്നുമില്ല. 
അങ്ങിനെ ദൈവത്തിന് ഒരു സ്ഥിരം ജോലിയായി- റഫറി.

ദൈവം 


മനുഷ്യരുടെ വിശ്വാസം മുഴുവൻ
മതങ്ങൾ കൈയ്യടക്കിയപ്പോൾ
ദൈവത്തെ വിശ്വസിക്കാൻ ആരുമില്ലാതായി.
അങ്ങിനെ ദൈവം അനാഥനായി.
സർവ്വശക്തനായ ആ ദൈവം പ്രപഞ്ചത്തിന്റെ
ഏതോ ഇരുളടഞ്ഞ കോണിൽ
ആരാരും തിരിച്ചറിയാതെ ഇന്നും 
അജ്ഞാത വാസം തുടരുകയാണ്.


ദൈവം  മനുഷ്യനാകുമ്പോൾ  


ദൈവം കോപിക്കുമായിരിക്കും 
പക്ഷേ ഒരിക്കലും അസഹിഷ്ണു ആകില്ല. 
അസഹിഷ്ണുത മൂലം കോപിതനാകുന്ന 
ഒന്നിനെ ദൈവം 
എന്ന് വിളിക്കുന്നതിലും 
നല്ലത് മനുഷ്യൻ 
എന്ന് വിളിക്കുന്നതാണ്.

ആൾ ദൈവങ്ങൾ മനുഷ്യരുടെ 
സംപ്രീതി പിടിച്ചു പറ്റുമ്പോൾ 
ചില മത ദൈവങ്ങൾ മനുഷ്യനെപ്പോലെ 
പെരുമാറി സ്വയം ചെറുതാകുന്നു. 


-pravin-