Sunday, April 1, 2018

ഇര

ഏതു നിമിഷവും കടുവ തനിക്ക്  മേൽ ചാടി വീഴും. എല്ലാവരും ആ കാഴ്ച കാണാൻ ചുറ്റിലും എവിടെയൊക്കെയോ പതുങ്ങിയിരുപ്പാണ്. ഒരു നാടിനെ കാക്കാൻ വേണ്ടി ബലി'യാടാ'കേണ്ടി വരുന്ന തന്നെ പോലൊരാളുടെ രോദനത്തിന്  വലിയ പ്രസക്തിയൊന്നുമില്ല. 'ഗോ' കുടുംബത്തിൽ പിറന്നവർക്ക് കിട്ടുന്ന പരിഗണനകളോ ബഹുമാനമോ ഒന്നും ഇന്നേ വരെ ഒരാളും തനിക്ക് തന്നിട്ടില്ല. ഒരു ദൈവങ്ങളുമെന്തേ ആടിനെ വാഹനമാക്കിയില്ല ? കുറഞ്ഞ പക്ഷം ഒരു അനുചര സ്ഥാന പോലും എവിടെയും തന്നില്ല ? 

മരണം കാത്തു കിടക്കുമ്പോഴും ആട് അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. 

നാട്ടിൽ കടുവയിറങ്ങിയാൽ സാധാരണ ഫോറസ്റ്റുകാർ അതിനെ  മയക്ക് വെടി വച്ച് വീഴ്ത്തുകയായിരുന്നു പതിവ്. ഇത്തവണ അത് നടപ്പില്ല. ജനങ്ങൾ കലിപ്പിലാണ്. മൂന്നു മനുഷ്യ ജീവനുകളെ ഇല്ലാതാക്കിയ ഒരു കടുവക്ക് ഇനി ജീവിക്കാൻ അവകാശമില്ല എന്ന് അവർ കട്ടായം പറഞ്ഞതോടെയാണ് ഫോറസ്റ്റുകാർ വെട്ടിലാവുന്നത്. മയക്ക് വെടി വക്കാനാണെങ്കിലും  വെടി വച്ച് കൊല്ലാനാണെങ്കിലും ഈ കടുവയെ ആദ്യം ഒന്ന് കണ്ടു കിട്ടണമല്ലോ. കടുവയെ ആകർഷിക്കാൻ പോന്ന ഒരു ഇര എന്ന നിലക്കാണ് അവർ  ആടിനെ  നിയോഗിച്ചത്. കാടിനോട്  ചേർന്ന് നിൽക്കുന്ന തോട്ടത്തിനുള്ളിൽ ഒരു മരത്തിന് താഴയെയായി ആടിനെ  കെട്ടിയിട്ടു കൊണ്ട് അവർ  കടുവയെ കാത്തിരിക്കുകയാണ്. കടുവയുടെ ഇര ആടെങ്കിൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ഇര കടുവയാണ്. അതാണ് സീൻ. 

മണിക്കൂറുകൾക്കൊടുവിൽ കടുവ വരുന്നതിന്റെ സൂചനകൾ കിട്ടിത്തുടങ്ങി. എല്ലാവരും നിശബ്ദരായി മരത്തിന്റെ മുകളിലും പുരപ്പുറത്തുമൊക്കെ ഒരുങ്ങിയിരുന്നു. മരണത്തെ നേരിട്ട് കാണാൻ പോകുന്ന ആട്  ദയനീമായി ഒന്ന് അലറി ആ സമയത്ത്. ഇലകൾ അനങ്ങുന്ന ശബ്ദം തൊട്ടടുത്തു വരെയെത്തിരിക്കുന്നു. ആട്  മരണം വരിക്കാൻ തയ്യാറായിക്കൊണ്ട് നിക്കുകയാണ്. വായിലിട്ട് ചവച്ചിരുന്ന  പ്ലാവിന്റെയില  മുന്നേ കുടിച്ച വെള്ളത്തോട് കൂടെ പുറത്തേക്ക് തികട്ടി വന്നു. 

തൊട്ടടുത്തതാ കടുവ. രണ്ടു ജീവികളുടെയും കണ്ണുകൾ പരസ്പ്പരമുടക്കി. ആടിന്റെ കണ്ണിൽ ആധി കത്തിക്കയറുകയായിരുന്നു. അത് തൊട്ടടുത്ത് വന്നു നിൽക്കുന്ന മരണത്തെ മണത്തറിഞ്ഞു. പക്ഷേ കടുവ ആടിനെ വിശപ്പിന്റെ കണ്ണോടെയല്ലായിരുന്നു നോക്കിയത്. ആ കണ്ണിൽ ഒരു ഇരയോടുള്ള സഹതാപമായിരുന്നു നിറഞ്ഞു നിന്നത്. 

"ആടെ, നിന്നെ ഞാൻ ഭക്ഷിക്കുന്നില്ല. എന്റെ വിശപ്പ് നിന്നോടല്ല. മനുഷ്യരോടാണ്. എന്റെ കാട് കയറി വന്ന് എന്റെ പൂർവികരെ കൊന്നു തള്ളിയ ശേഷമാണ് ഇവിടൊരു നാടും നാട്ടാരുമുണ്ടായത്. അതെല്ലാവരും മറന്നു. എന്നിട്ടും എന്നെ കെണി വച്ച് പിടിക്കാൻ ശ്രമിച്ച മനുഷ്യരെയാണ് ഞാൻ കൊന്നത്. അത്രക്കും പകയുണ്ട് എനിക്ക് അവരോട് .." 

കടുവ പറഞ്ഞു തീരും മുന്നേ വെടിയുണ്ടകൾ അതിന്റെ ദേഹത്ത് പാഞ്ഞു കയറി. വലിയൊരു അലർച്ചയോടെ അത് വെടിയുതിർത്തവരുടെ നേർക്ക് പാഞ്ഞു നീങ്ങി. നാട്ടുകാർ തലങ്ങും വിലങ്ങും ഓടി. കടുവയുടെ മരണ വെപ്രാളത്തിൽ പലർക്കും സാരമായി പരിക്ക് പറ്റി. നാനാ ഭാഗത്തു  ഒളിഞ്ഞിരുന്നു കൊണ്ട് ആൾക്കൂട്ടം നടത്തിയ നിരന്തര ആക്രമണത്തിനൊടുക്കം കടുവ ജീവൻ വെടിഞ്ഞു. നാട്ടുകാരെ സംബന്ധിച്ച് അതൊരു ആഘോഷമായി മാറുകയായിരുന്നു. അവർ ചത്ത കടുവയേയും  തൂക്കി പിടിച്ചു കൊണ്ട് ഫോറസ്റ്റുകാർക്ക് ജയ് വിളിച്ചു. ആഘോഷത്തിന്റെ ഭാഗമായി, കടുവ ഒന്ന് തൊടുക പോലും ചെയ്യാത്ത  ആടിനെ അവർ  ഭക്ഷണമാക്കാൻ തീരുമാനിച്ചു. ഫോറസ്റ്റുകാരെയും ആഘോഷത്തിൽ പങ്കാളികളാക്കി. കടുവയിൽ നിന്ന് മരണം പേടിച്ച ആട് മനുഷ്യന് ഭക്ഷണമാകാൻ പോകുകയാണെന്നറിഞ്ഞിട്ടും ഒന്ന് കരയുക പോലും ചെയ്തില്ല. 

വെട്ടി മാറ്റിയ ആടിന്റെ തല ചത്ത് കിടക്കുന്ന കടുവയുടെ മുഖത്തേക്കെന്ന പോലെ നോക്കി. ആ നാല് കണ്ണുകൾ  കടുവയുടെയും ആടിന്റേയും സ്വത്വബോധത്തിൽ നിന്ന് മോചിതരായി കൊണ്ട് ഇരയുടെ ആത്മാവിന്റെ  കണ്ണുകൾ എന്ന നിലയിലേക്ക് താദാത്മ്യം പ്രാപിക്കുകയായിരുന്നു അപ്പോൾ. 

-pravin- 


Tuesday, February 20, 2018

റെയിൽവേ സ്റ്റേഷൻ

കാലത്തിന്റെ കൊടുങ്കാറ്റിൽ 
പണ്ടെപ്പോഴോ തകർന്ന് പോയൊരു റെയിൽവേ സ്റ്റേഷൻ. 
പോകാറുണ്ടായിരുന്നു സ്ഥിരം യാത്രകൾ. 
ഓർമ്മകളും പേറിക്കൊണ്ട് 
പൊടിഞ്ഞു പോയൊരു  ബഞ്ചിൽ ഞാനിരുപ്പുറപ്പിച്ചു. 
വരുമോയെന്നറിയാത്ത ഏതോ ഒരു ട്രെയിനിന് വേണ്ടി. 
നീണ്ട റെയിൽപാതകളിൽ  
തുരുമ്പിന്റെ തേങ്ങൽ കേൾക്കാം. 
നിയന്ത്രിക്കാനാരുമില്ലാത്ത  സ്റ്റേഷനിൽ 
പഴയൊരു സ്റ്റേഷൻ മാസ്റ്ററുടെ ഗദ്ഗദം ഓടി നടന്നു. 
അനുമതി കൊടുത്തിരുന്ന പച്ചക്കൊടി
ദ്രവിച്ചു പോയെങ്കിലും 
കാലത്തെ അതിജീവിച്ച  വിപ്ലവ വീര്യവുമായി
ഒരു ചെങ്കൊടി  മാത്രം അപ്പോഴും പാറി കൊണ്ടിരുന്നു. 
തെല്ലു നെടുവീർപ്പിടവേ 
സ്റ്റേഷനപ്പുറമുള്ള  ഇരുമ്പ് കമ്പനിയിൽ 
നിന്നൊരു  കിതച്ച  ചൂളം വിളി. 
വരുമോയെന്ന് എനിക്ക് തന്നെ ഉറപ്പില്ലാതിരുന്ന  
അതേ ട്രെയിനിന്റെ  ചൂളം വിളി. 



-pravin-

Thursday, January 11, 2018

നിനവ്

മഞ്ഞു പെയ്യും നിനവിൽ  
നോവായി മാറും കനവേ ..
കുളിരോർമ്മകളെന്നെ പുൽകുമീ രാവിൽ 
ഇരുളിൽ പോയിമറഞ്ഞതെന്തേ നീ ..

കാണാതെ അലയും കാറ്റിൻ 
നെഞ്ചിലൊരു വിങ്ങലായി 
കടലോളം സ്നേഹമായി 
തീരം തേടുന്ന തിരയായ് 

രാവേറെ പെയ്തിട്ടും 
ഉദിക്കാതെ പോയ നിലാവില-
ലിഞ്ഞതാണോയെൻ 
നിനവുകളത്രയും .. 

-pravin-