Saturday, June 30, 2012

നാടകത്തില്‍ നാടകം കളിച്ചപ്പോള്‍ - ചില പ്ലസ്‌ടു കാല ഓര്‍മ്മകള്‍


പ്ലസ്‌ ടു വിനു  പഠിക്കുന്ന കാലം. നാടകാഭിനയത്തോട് എന്തെന്നില്ലാത്ത അഭിരുചി പ്രകടമായി തുടങ്ങിയ ആ കാലത്ത് ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് കൊണ്ടൊരു തീരുമാനമെടുത്തു. ഇനി വരുന്ന എല്ലാ സാഹിത്യോത്സവങ്ങളിലും, യുവജനോത്സവങ്ങളിലും നാടകം എഴുതി അഭിനയിക്കണം എന്നതായിരുന്നു ആ തീരുമാനം. അഭിലാഷ്, ഷിനോജ്, ആബിദ്, കമാല്‍,ഫൈസല്‍, തുടങ്ങിയവരായിരുന്നു  പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ എപ്പോഴും മുന്നോട്ടു വരാറുണ്ടായിരുന്നത്.  

 അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം അടുത്തെത്താറായി. ഞങ്ങള്‍ നാടക എഴുത്തും പരിശീലനവുമായി കസറി കൊണ്ടിരിക്കുന്നു. കഥയുടെ പേര് "വ്യാജന്‍ അഥവാ ഡ്യൂപ്ലിക്കെറ്റ്". എന്തിനും ഏതിനും വ്യാജന്‍/ഡ്യൂപ്ലിക്കെറ്റ്  കിട്ടുന്ന ഈ ലോകത്തില്‍, യഥാര്‍ത്ഥ മനുഷ്യനെ തിരിച്ചറിയാതെ വ്യാജ മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 

കഥയില്‍ രാജീവ് എന്ന കേന്ദ്ര കഥാപാത്രം അഭിലാഷ് അവതരിപ്പിക്കുന്നു. ബാക്കി എല്ലാവരും ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും , ആള് കുറവായത് കാരണം അധികപേര്‍ക്കും ഒന്നില്‍ കൂടുതല്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരും. ആയതിനാല്‍ തിരശ്ശീലക്കു പിറകില്‍ എപ്പോഴും വസ്ത്രാലങ്കാര ചുമതലയുള്ള ഒരു ഫുള്‍ ടീം സന്നദ്ധരാണ്. സംവിധാന ചുമതല എനിക്കായിരുന്നു. കൂട്ടത്തില്‍ ആദ്യ കുറച്ചു രംഗങ്ങളില്‍ അഭിനയിക്കുകയും വേണം. ഏത് വസ്തുവിന്റെയും  വ്യാജന്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത യന്ത്രം വില്‍ക്കുന്ന  ശാസ്ത്രഞ്ജന്‍  ആയാണ് ഞാന്‍ അഭിനയിക്കേണ്ടത്. (ആരും അന്തം വിടണ്ട നാടകത്തില്‍ ഒരു ശാസ്ത്രഞ്ജന്‍ ആകാനുള്ള ലുക്ക് ഒക്കെ എനിക്കുണ്ട്)

കഥയിലെ നായകന്‍ ജീവിതത്തില്‍   നിരാശ ബാധിച്ച്  നാട് വിടാന്‍ വേണ്ടി  നടക്കുന്നു, തന്‍റെ നാട് വിടലിന്  ശേഷം വീട്ടുകാര്‍ തന്നെ ഓര്‍ത്ത്‌ വിഷമിക്കുമല്ലോ എന്ന കാരണം   കൊണ്ട് മാത്രം ആ കടും കൈ ചെയ്യാതെ നടക്കുന്നതിനിടയിലാണ് ഈ യന്ത്രത്തെ കുറിച്ച് അറിയാനും ശാസ്ത്രന്ജനെ പരിചയപ്പെടാനും ഇടയാകുന്നത്. തന്‍റെ അവസ്ഥ അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും, തനിക്കു പകരം തന്നെ പോലെ ഒരാളെ ഈ യന്ത്ര സഹായം കൊണ്ട് നിര്‍മിക്കാനും ആവശ്യപ്പെടുന്നു. എങ്കില്‍ പിന്നെ തനിക്കു നാട് വിടാന്‍ പ്രശ്നമില്ലല്ലോ എന്ന് കരുതിയാണ് രാജീവ് അത് പറയുന്നത് . പക്ഷെ ശാസ്ത്രഞ്ജന്‍  ഇതിനെതിരായിരുന്നു. ഒടുക്കം അയാള്‍ സമ്മതിക്കുന്നു . കുറച്ചു ദിവസങ്ങള്‍ വീട്ടുകാരെ കാണാതിരുന്നാല്‍ വീണ്ടും അവരിലേക്ക്‌ മടങ്ങി ചെല്ലാന്‍ തോന്നും എന്നുള്ളത് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം, അയാള്‍ രാജീവനെ  പോലെ ഒരുത്തനെ ഉണ്ടാക്കി അവന്‍റെ വീട്ടിലേക്കു പറഞ്ഞയക്കുന്നു. ശേഷം യഥാര്‍ത്ഥ രാജീവന്‍ കുറച്ചു മാസത്തേക്ക് നാട് വിടുന്നു. . 

നാടകം തകര്‍ത്തു കൊണ്ടിരിക്കുന്നു.  എല്ലാവരും ആകെ അന്തം വിട്ടിരിക്കുകയാണ്, യന്ത്രത്തില്‍ നിന്നും രാജീവനെ പോലെ മറ്റൊരു രാജീവന്‍ അരങ്ങില്‍ വന്നു കയറിയിരിക്കുന്നു.  രംഗത്ത് അഭിനയിക്കുന്നവര്‍ക്ക്, സ്റ്റേജിന്റെ പിന്നില്‍ നിന്ന്  ഞങ്ങള്‍   നിര്‍ദേശങ്ങള്‍ കൊടുത്ത് കൊണ്ടിരിക്കുന്ന സമയം.

മാസങ്ങള്‍ക്ക് ശേഷം തന്‍റെ നാട്ടില്‍ ആരും തിരിച്ചറിയാത്ത രൂപത്തില്‍ നായകന്‍ വീട്ടുകാരെ കാണാന്‍ എത്തുകയാണ്. പക്ഷെ തന്നെ ആരും തിരിച്ചറിയുന്നില്ല. എല്ലാവര്‍ക്കും വ്യാജനെ അത്രക്കും വിശ്വാസമായിരിക്കുന്നു. തനിക്കിനി ഒരിക്കലും പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് മനസിലാക്കിയ നായകന്‍ നാട്ടില്‍ നിന്ന് വീണ്ടും യാത്രയാകാന്‍ തുടങ്ങുന്നു. തിരിച്ചു പോകുന്ന വഴിയില്‍ വച്ച്  തന്നെ  പഠിപ്പിച്ച മാഷിനെ കാണുന്നു ..

മാഷായി അഭിനയിക്കുന്ന ഷിനോജും, രാജീവനായി അഭിനയിക്കുന്ന അഭിലാഷും മാത്രം രംഗത്ത്. കര്‍ട്ടനു പിന്നില്‍ ഞങ്ങള്‍ അവരെ നോക്കി കൊണ്ട് നില്‍ക്കുകയാണ്. ശേഷം സ്ക്രീനില്‍...

നായകന് ഇന്നത്തെ ലോകത്തിന്റെ ദുരവസ്ഥ മനസിലാക്കി കൊടുക്കുകയും വ്യാജന്മാരുടെ  ഈ ലോകത്ത് നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാന്‍ പറയുകയും ചെയ്ത  ശേഷം ദൂരേക്ക്‌ നടന്നു നീങ്ങുന്ന മാഷിനെ നോക്കി ഒരു ഗദ്ഗദത്തോടെ , വേദനിച്ചു കൊണ്ട് ആ സത്യം അന്ഗീകരിച്ചെന്ന രീതിയില്‍ നായകന്‍ പറയണം 

"മാഷേ .."

അത് കേള്‍ക്കാതെ മാഷ്‌ നടന്നു നീങ്ങണം ..അതാണ്‌ സീന്‍..

പക്ഷെ , കാര്യങ്ങള്‍ ആകെ തകിടം മറഞ്ഞു. നായകന്‍ മാഷേ എന്ന് വിളിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ നടന്നു പോകേണ്ടതിനു പകരം അവന്‍റെ സ്നേഹത്തോടെയും വിഷമത്തോടെയും ഉള്ള വിളി കേട്ടു മാഷ്‌ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു. 

"എന്താ രജീവാ..എന്താ "

സീനില്‍ ഇല്ലാത്ത ഡയലോഗ്  കേട്ടു നായകന്‍ കോരിത്തരിച്ചു. എന്ത് പറയണം എന്നറിയാതെ തിരശ്ശീലക്കു പിറകില്‍ ഞാനും രംഗത്ത് നായകനും മാത്രം. 

അവസാനം നായകന്‍ പറഞ്ഞു "ഒന്നുമില്ല മാഷേ..ഒന്നുമില്ലാ..ആഹ്"

രംഗബോധം ഇല്ലാത്ത  മാഷ് വീണ്ടും "പറ മോനെ എന്താണ്..എന്താണ്   നിന്റെ വിഷമം "

രാജീവന്‍  തെല്ലു ദ്വേഷ്യത്തോടെ .  "എനിക്കൊരു വിഷമവും ഇല്ല എന്ന് പറഞ്ഞില്ലേ , മാഷ്‌ വേഗം പോകാന്‍ നോക്ക് ."

മാഷ്‌ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, നായകന്‍  തന്‍റെ   പോക്കെറ്റിലുള്ള  തൂവാലയെടുത്ത്  കൊണ്ട് മാഷിന്റെ വാ പൊത്തി ..എന്നിട്ട് തിരശീലക്കു പിന്നിലേക്ക്‌ തള്ളിയിട്ട ശേഷം പൊട്ടിക്കരഞ്ഞു ..

എന്നിട്ട്  സദസ്സിനോടായി പറഞ്ഞു.."എന്നെ ചോദ്യം ചെയ്യുന്ന  ഈ നശിച്ച ലോകത്ത് എനിക്കിനി ജീവിക്കണ്ട.."

അവന്‍ വിഷം പോലെ എന്തോ സാധനം കഴിക്കുന്ന പോലെ അഭിനയിച്ചു ..എന്നിട്ട് നിലത്തേക്കു മറിഞ്ഞു വീണു..

അവന്‍റെ  പെര്‍ഫോമന്‍സ്  കണ്ട  ഞങ്ങള്‍ അന്തം വിട്ടു. സദസ്സിലാണെങ്കില്‍ മുടിഞ്ഞ  കൈയ്യടിയും കൂവലും മറ്റെന്തൊക്കെയോ ബഹളവും തുടങ്ങി. 

ആ സമയം ഞങ്ങള്‍ മാഷായി അഭിനയിച്ച ഷിനോജിനെ  തിരശ്ശീലക്കു പിന്നില്‍ ചവിട്ടി കൂട്ടുകയായിരുന്നു. 

എന്തായാലും അതൊരു തുടക്കമായിരുന്നു. പിന്നീടു അങ്ങോട്ട്‌ ഞങ്ങള്‍ ഒരുപാട് നാടകങ്ങള്‍ കളിച്ചു. ഇപ്പോള്‍ ചെറുതായി ജീവിതത്തിലും കളിച്ചു കൊണ്ടിരിക്കുന്നു. 

-pravin- 

Wednesday, June 27, 2012

ജൂണ്‍ 28 - ലോഹിത ദാസ് ഓര്‍മയില്‍..


 മലയാള സിനിമയില്‍ പദ്മരാജനും ഭരതനും ശേഷം ഹൃദയത്തോട് ചേര്‍ത്തു വക്കാവുന്ന ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിത ദാസ്‌  എന്ന നമ്മുടെ പ്രിയ   സംവിധായകന്‍   ഓര്‍മ്മയായിട്ട് ജൂണ്‍ 28ന് വീണ്ടും മറ്റൊരു വർഷം കൂടി തികയുന്നു. യാഥാര്‍ത്ഥ്യ ബോധവും, വിഷാദാത്മകവും, സമകാലീനവുമായ വിഷയങ്ങളില്‍ കൂടി ജനജീവിതങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പലപ്പോഴും ലോഹിത ദാസിനു സാധിച്ചിരുന്നു. 

ലോഹിത ദാസ് സിനിമയെ തേടി നടന്ന കലാകാരനായിരുന്നില്ല. സിനിമ അദ്ദേഹത്തെ തേടി തിരഞ്ഞു പിടിക്കുകയായിരുന്നു. ചെറു കഥകള്‍ എഴുതി കൊണ്ടിരിക്കുന്ന സമയത്താണ്, കെ.പി.എ.സിക്ക് നാടകം എഴുതിക്കൊണ്ട് നാടക രംഗത്തേക്ക് പ്രവേശിച്ചത്‌. നാടകരചനയിലൂടെ ജനശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ  അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത് നടന്‍ തിലകനായിരുന്നു. 

പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തനം' എന്ന സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതി കൊണ്ട് സിനിമാ രംഗത്ത് സജീവമായി. സിബി- ലോഹിത ദാസ് കൂട്ട് കെട്ടില്‍ ഒരു പാട് നല്ല സിനിമകള്‍ നമുക്ക് ലഭിച്ചു. കിരീടം, ചെങ്കോല്‍, ഭരതം, ദശരഥം എന്ന് തുടങ്ങീ ഒരുപാട് നല്ല സിനിമകള്‍  മലയാളികള്‍ക്ക് ആ കൂട്ട് കെട്ടിലൂടെ ലഭിച്ചു. 

ഭരതനുമായി ചേര്‍ന്ന് കൊണ്ട് അമരം, വെങ്കലം, പാഥേയം തുടങ്ങീ സിനിമകള്‍ക്കും, ജോഷിയുമായി ചേര്‍ന്ന് മഹായാനം, കുട്ടേട്ടന്‍, കൌരവര്‍ തുടങ്ങീ സിനിമകള്‍ക്ക്‌ വേണ്ടിയും  അദ്ദേഹം തിരക്കഥ എഴുതി. ഇടക്കാലത്ത് സത്യന്‍ അന്തിക്കാട്‌, സുന്ദര്‍ ദാസ്‌, ഐ . വി ശശി, സുരേഷ് ഉണ്ണിത്താന്‍, ജോസ് തോമസ്‌, എം എ വേണു   തുടങ്ങീ സംവിധായകര്‍ക്ക്  വേണ്ടിയും  ലോഹിത ദാസ്‌ തിരക്കഥയെഴുതി. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത 'വാത്സല്യം' ലോഹിത ദാസിന്റെ തിരക്കഥയില്‍ നമുക്ക് കിട്ടിയ മറ്റൊരു നല്ല സിനിമയാണ്. 

ഭൂതക്കണ്ണാടി എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിക്കൊണ്ട് ലോഹിത ദാസ്‌ സംവിധാന രംഗത്തേക്ക് കൂടി വന്നതിനു ശേഷം മലയാള സിനിമയ്ക്കു നല്ല  മാറ്റങ്ങള്‍ക്കുള്ള  പുത്തന്‍ ഉണര്‍വ്  സംഭവിച്ചു എന്ന് തന്നെപറയാം. കാരുണ്യം, അരയന്നങ്ങളുടെ വീട്, ഓര്‍മ്മച്ചെപ്പ്, കന്മദം, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം,  ചക്കരമുത്ത്,  നിവേദ്യം, തുടങ്ങീ സിനിമകള്‍ക്ക്‌  കൂടി അദ്ദേഹം രചനയും സംവിധാനവും വഹിച്ചു. ഇതിനിടയില്‍ പല സിനിമകളിലും അദ്ദേഹം മുഖം കാണിക്കുകയും, തന്‍റെ തന്നെ ചില  ഗാനരചന നിര്‍വഹിക്കുകയും ചെയ്തു. 

ആ കാലത്ത് മലയാളത്തില്‍ ഹിറ്റായ കസ്തൂരിമാന്‍ അദ്ദേഹം തമിഴിലേക്ക് മാറ്റിയെഴുതുകയും സംവിധാനത്തോടൊപ്പം നിര്‍മാണവും കൂടി ഏറ്റെടുത്ത് നടത്തുകയുണ്ടായി. ആ സിനിമ അദ്ദേഹത്തിനു സാമ്പത്തികമായി ഒരുപാട് ബാധ്യതകള്‍ ഉണ്ടാക്കിയെടുക്കുകയും ആ ബാധ്യതകള്‍ വീട്ടുന്നതിനിടയില്‍ തന്‍റെ സ്വപ്ന സൌധം വില്‍ക്കേണ്ടി വരുകയും ചെയ്തിരുന്നു. 

ജൂണ്‍ 28- 2009, രാവിലെ പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്നാണ്‌ അദ്ദേഹം മരണപ്പെടുന്നത്. ആ വാര്‍ത്ത അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു ഹൃദയാഘാതം തന്നെയായിരുന്നു. അദ്ദേഹം മരിച്ചില്ലായിരുന്നെകില്‍ മലയാള സിനിമയില്‍ ഒരുപാട് നല്ല സിനിമകള്‍ വീണ്ടും പിറക്കുമായിരുന്നു എന്നത് സംശയമില്ലാത്ത ഒരു കാര്യമായിരുന്നു. അദ്ദേഹം തന്നെ സംവിധാനം ചെയ്യുമായിരുന്ന 'ചെമ്പട്ട്', സിബി മലയിലുമായി ചേര്‍ന്ന്  മോഹന്‍ ലാലിനെ നായകനാക്കി ചെയ്യാനിരുന്ന 'ഭീഷ്മര്‍' തുടങ്ങിയ സിനിമകളെല്ലാം അതില്‍ പെടുന്നു.  

ഒരു സിനിമാക്കാരന്‍ എന്നതിലുപരി പ്രകൃതിയെയും, പക്ഷി മൃഗാദികളെയും, മനുഷ്യനെയും സ്നേഹിച്ചിരുന്ന  ഒരു നല്ല മനുഷ്യനെ കൂടിയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് മുന്നില്‍  നമുക്ക് നമിക്കാം. 
-pravin-

Sunday, June 24, 2012

നഴ്സുമാരുടെ സമരം - മാധ്യമങ്ങള്‍ എവിടെ ? രാഷ്ട്രീയക്കാര്‍ എവിടെ ?


നഴ്സുമാരുടെ സമരത്തിനു പിന്നില്‍ ന്യായമായ  ഒരുപാട്  ആവശ്യങ്ങള്‍ ഉണ്ടെന്നിരിക്കെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ എത്രത്തോളം ഗൗരവകരമായ ഇടപെടലുകള്‍ നടത്തി എന്നത് പുന:പരിശോധിക്കേണ്ടിയിരിക്കുന്നു 

കേരളത്തില്‍ വളരെയധികം ജനശ്രദ്ധയും, മാധ്യമ ചര്‍ച്ചകളും, രാഷ്ട്രീയ വിമര്‍ശനങ്ങളും പിടിച്ചു പറ്റിയ   ഒരു സമരമായിരുന്നു അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം. അതെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. ഗുണ്ടകള്‍ നഴ്സുമാര്‍ക്ക് നേരെ പാഞ്ഞു ചെല്ലുന്നതും, കുട്ടി രാഷ്ട്രീയ നേതാക്കളുടെ തൊണ്ട കീറുന്ന  തരത്തിലുള്ള   മുദ്രാവാക്യം വിളിയും, ആഴ്ചകളോളം ചാനലുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ച കിടിലന്‍ ചര്‍ച്ചകളും എല്ലാം കൂടി ആയപ്പോള്‍ കേരള ജനതയ്ക്ക്  അത് തന്നെയായിരുന്നു ആ  കാലത്തെ,  പ്രാതല്‍ ഭക്ഷണവും , ഉച്ച ഭക്ഷണവും അത്താഴവും. 

ഇതെല്ലാം പഴയ കഥകള്‍. കേരളം ഇന്നതെല്ലാം മറന്നിരിക്കുന്നു. പക്ഷെ, സമരങ്ങള്‍ ഒന്നും തന്നെ എവിടെയും പൂര്‍ണമായും  ഒത്തു തീര്‍പ്പായില്ല. ഒന്നിന് പുറകെ ഒന്നായി നഴ്സുമാരുടെ സമരങ്ങള്‍ പലയിടങ്ങളായി കൂടുതല്‍ കൂടുതല്‍ ശക്തമായി പൊട്ടിപ്പുറപ്പെടുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കാണുന്നത്. സമരങ്ങള്‍ നടക്കുന്നത് പലയിടങ്ങളിലെങ്കിലും,  ഉന്നയിക്കപെടുന്ന പ്രശ്നങ്ങള്‍ ഒന്ന് തന്നെയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ബി എസ്  സി നഴ്സിംഗ് കോഴ്സ് കഴിഞ്ഞയുടനെ , പഠിച്ച സ്ഥാപനത്തിന്‍റെ തന്നെ ഏതെങ്കിലും ആശുപത്രിയില്, നഴ്സ് എന്ന ലേബലില്‍ ദീര്‍ഘ വര്‍ഷത്തേക്ക് ബോണ്ട്‌ എഴുതിക്കൊണ്ട് ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാവരും തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന  കുറഞ്ഞ  ശമ്പളത്തെ കുറിച്ചും   ബോധവാന്മാരും ബോധവതി കളുമായിരിക്കാം. എന്നിട്ടും അവരെല്ലാം  അതെ ജോലിയില്‍ തന്നെ പ്രവേശിക്കാന്‍ കാരണങ്ങള്‍ മറ്റ് പലതാണ്. 

വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വരെ കിട്ടാന്‍ വഴിയുള്ള ഒരു ജോലിയാണ്   നഴ്സിംഗ്.  വിദേശത്തു  ജോലി ചെയ്യാന്‍ മുന്‍കാല പരിചയം നിര്‍ബന്ധമാണ്‌ എന്ന കാരണം കൊണ്ടാണ്   പലരും നാട്ടില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്നത്. മറ്റ് ചിലര്‍ വീടിനു തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം വീണു കിട്ടുമ്പോള്‍ ശമ്പളത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നുമില്ല. 

പലരും, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക മുടക്കി കൊണ്ടാണ് നഴ്സിംഗ് കോഴ്സ് പഠിച്ചിറങ്ങുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.  നിവര്‍ത്തിയില്ലാതെ, കിട്ടുന്ന  ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന  അവസ്ഥക്കാരാണ്  ഇത്തരക്കാരില്‍ ഭൂരിഭാഗവും.   

ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിട്ടുന്നുണ്ടോ എന്ന കാര്യവും കൂടി പരിഗണിക്കപ്പെടെണ്ടിയിരിക്കുന്നു .  

ആശുപത്രിയില്‍ ചികിത്സക്ക്  വരുന്ന രോഗികളില്‍ നിന്ന് അമിത ഫീസ്‌ കൈപ്പറ്റുന്ന മാനെജ്മെന്റ്  എന്ത്  കൊണ്ട്  ജോലി ചെയ്യുന്ന  നഴ്സുമാര്‍ക്ക്  കൊടുക്കേണ്ട    വേതനത്തില്‍ പിശുക്കുന്നു?    ന്യായമായ കുറഞ്ഞ വേതനമെങ്കിലും ഇവര്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്ത മാനെജ്മെന്റ് നിലപാടുകളെ ശക്തമായി തന്നെ വിമര്‍ശിക്കേണ്ടതുണ്ട്  .  

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സമരങ്ങളല്ല ഇന്ന് നഴ്സ് സമൂഹത്തിനു പറയാനുള്ളത്.  കൊല്‍ക്കത്തയിലും ,മുംബൈയിലും , ഡല്‍ഹിയിലും എല്ലാം സമരം തുടങ്ങിയിട്ട് കാലം ഒരുപാടായിരിക്കുന്നു. കേരളത്തില്‍ കൊല്ലം , തൃശ്ശൂര്‍ , എറണാംകുളം , കോഴിക്കോട് , കണ്ണൂര്‍ , തുടങ്ങീ ഒരുപാട് ജില്ലകളിലെ , പല ആശുപത്രികളിലെയും നഴ്സുമാര്‍ ഇപ്പോഴും സമരത്തിലാണ് .  

അമൃത ഹോസ്പ്പിറ്റല്‍, ലേക്ക് ഷോര്‍ , MOSC മെഡിക്കല്‍ കോളേജ്, മിംസ്  ആശുപത്രി എന്നിവിടങ്ങളിലെ സമരങ്ങള്‍ പൂര്‍ണമായും ഒത്തു തീര്‍പ്പായെന്നു നമുക്ക്  പറയാനാകില്ല. അതിനെല്ലാം  പിറകെ, Mar Baselios  ആശുപത്രി ജീവനക്കാരും ഇപ്പോള്‍ സമരത്തിലാണ്. ഇത് വരെയുള്ള നഴ്സ്  സമരങ്ങളെ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന സമരം ഇപ്പോള്‍ നടക്കുന്നത്  Mar Baselios  ആശുപത്രിയിലാണ്. 

കോത മംഗലത്തെ ഈ നഴ്സ് സമരത്തെ തകര്‍ക്കാന്‍ , മാനെജ്മെന്റ് ഭാഗത്ത് നിന്നുള്ള നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ കുടിവെള്ളം ഇല്ലാതാക്കിയും, ടോയ് ലെറ്റുകള്‍ പൂട്ടിയിട്ടും , സമരക്കാരെ ഭീഷണിപ്പെടുത്തിയും മാനെജ്മെന്റ് അവരുടെ നിലപാടുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിലൊന്നും പതറാത്ത സമരക്കാരായ പെണ്‍കുട്ടികളോട്, അവരുടെ   ഒളി ക്യാമറ വച്ചെടുത്ത ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞും മാനെജ്മെന്റ്  ഭീഷണിപ്പെടുത്തിയതായി സമരക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

ഇതിനു മുന്നേ ഇത് പോലെ ദീര്‍ഘ നാള്‍ സമരം ഉണ്ടായത് തൃശ്ശൂരിലെ മെട്രോ ഹോസ്പ്പിറ്റലില്‍ ആയിരുന്നു. രണ്ടു മാസത്തോളമായി സമരം ചെയ്തു കൊണ്ടിരിക്കുന്ന ഈ നഴ്സുമാരുടെ ആവശ്യങ്ങള്‍ ഇതെല്ലാമാണ്. 

  • ന്യായമായ വേതനം ഉറപ്പാക്കുക. 
  • ബോണ്ട്‌ സിസ്റ്റം നിര്‍ത്തലാക്കുക .
  • നൈറ്റ് ഷിഫ്റ്റ്‌ ജോലിക്ക് അലവന്‍സ് നല്‍കുക . 
  • ഓവര്‍ ടൈം ജോലിക്ക് അധിക വേതനം നല്‍കുക. 
  • കോഴ്സ് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് സൗജന്യമായി ജോലി ചെയ്യിപ്പിക്കാതിരിക്കുക. 


ഇങ്ങനെയൊരു സമരം കേരളം മുഴുവന്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത ഒരു വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ല. കാരണംഇത്തരം വാര്‍ത്തകള്‍ പുറത്തേക്ക്  വരാതിരിക്കാന്‍ ചാനല്‍ മുതലാളിമാരെയും രാഷ്ട്രീയക്കാരെയും മോഹവില  കൊടുത്ത് വാങ്ങിക്കാന്‍ ശേഷിയുള്ള  വന്‍കിട ലോബി തന്നെയാണ്  മാനെജ്മെന്റ് വേഷത്തില്‍ സാമൂഹ്യ സേവനം എന്ന പേരില്‍ ആശുപത്രികള്‍ കെട്ടി പൊക്കുന്നതും. 

സമൂഹത്തില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങളെ വരെ ഊതി പെരുപ്പിച്ചു ചാനലുകളില്‍ ചര്‍ച്ചാഘോഷങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട്  വേണ്ട തരത്തിലുള്ള ശ്രദ്ധ പോലും കൊടുക്കുന്നില്ല ? തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തി ജനജീവിതം സ്തംഭിപ്പിക്കാന്‍ അറിയാവുന്ന രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് മാനെജ്മെന്റ് മുതലാളിമാരുടെ ജീവിതം സ്തംഭിപ്പിക്കുന്നില്ല ? എവിടെ പോയി ജനകീയ  നേതാക്കന്മാര്‍ ? ഇത് പോലെ ചോദ്യങ്ങള്‍ പലതും നിങ്ങളുടെ ഉള്ളിലും വരാം. 

ഉത്തരം ലളിതം. ഇവിടത്തെ രാഷ്ട്രീയക്കാരനും, മാധ്യമങ്ങള്‍ക്കും ലാഭം കിട്ടാത്ത, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അറിയില്ല അല്ലെങ്കില്‍ സാധ്യമല്ല. മറ്റൊരു തരത്തില്‍ അവരാരും കുത്തക മുതലാളിമാരെ പിണക്കാനും ആഗ്രഹിക്കുന്നില്ല. 

ഈ ഒരു അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ എന്ന മന്ദ ബുദ്ധികളായ കഴുതകള്‍, സ്വന്തം ചിന്താഗതികള്‍ ആര്‍ക്കും ഒരു പാര്‍ട്ടിക്കാരനും അടിയറവു വച്ചിട്ടില്ലാ എന്ന് തീര്‍ത്തും ഉറപ്പുള്ളവന്‍, ഇത്തരം കപട സമൂഹ്യജീവികളെ , കപട സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ തിരിച്ചറിയാനുള്ള ശ്രമം നടത്തുക, അവസരത്തിനൊത്ത്, ശക്തമായി തന്നെ  അവരോടു പ്രതികരിക്കുക. 
-pravin-

കടപ്പാട്- ലാലി എന്ന  ബ്ലോഗര്‍  Mar Baselios  ഹോസ്പിറ്റലില്‍ നടക്കുന്ന  പ്രശ്നങ്ങളെ കുറിച്ച്  യാദൃശ്ചികമായി എന്നോട് പറഞ്ഞപ്പോഴാണ്  ഈ വിഷയത്തെ കുറിച്ച്  ആത്മാര്‍ഥമായ  ഒരു വിശകലനത്തിന് എനിക്ക് തോന്നിയത് .

Wednesday, June 20, 2012

തമ്പി - കോളേജ് ഓര്‍മ്മകള്‍ - 3

തമ്പി എന്ന പേര് എഴുതുമ്പോള്‍ തന്നെ എനിക്ക് ചിരി വരുന്നു. അവനെ നിങ്ങള്‍ പരിചയപ്പെട്ടിരുന്നെങ്കില്‍ ഒരു പക്ഷെ നിങ്ങളും എന്നെ പോലെ ചിരിച്ചു പോയേനെ. അതാണ്‌ തമ്പി എന്ന് ഞങ്ങള്‍ വിളിക്കുന്ന ശ്രീകുമാറിന്റെ പ്രത്യേകത. 

ഞങ്ങള്‍ കോയമ്പത്തൂര്‍ സി .എം. എസ് കോളേജില്‍ പി .ജിക്ക് പഠിക്കുന്ന കാലം. ഞങ്ങള്‍ എല്ലാവരും കോളേജില്‍ പഠിക്കാന്‍ വന്നതായിരുന്നെങ്കില്‍ തമ്പിയെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് അങ്ങനെയല്ല. തമ്പി കോളേജില്‍ പഠിക്കാന്‍ വന്നതല്ല, ഞങ്ങളെ പോലെയുള്ള പഠിക്കുന്ന പിള്ളേരെ ചിരിപ്പിക്കാന്‍ വന്നതായിരുന്നു എന്നാണ്. 

ശ്രീകുമാര്‍ എന്ന തമ്പിയെ ഞാന്‍ ആദ്യം കാണുന്നത് കോളേജ് അഡ്മിഷന്‍ സമയത്താണ്. ബ്രാക്കറ്റ് പോലെ കാലുകള്‍ വച്ചുള്ള നടത്തവും , മുഖത്തെ നിഷ്കളങ്കതയും , എന്ത് ചോദിച്ചാലും പറഞ്ഞാലും അവന്‍ തന്നെ അറിയാതെ അവനില്‍ നിന്നു ഒഴുകി വരുന്ന തൃശൂര്‍ കലര്‍ന്ന അന്തിക്കാട് സംസാര ശൈലിയും അവനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നു. 

തമ്പിക്ക് ആ പേര് വരാന്‍ കാരണം , മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഇന്നസെന്റാണ്. നിധിന്‍ എന്ന സുഹൃത്താണെന്ന് തോന്നുന്നു ആദ്യമായി അവനെ ' തമ്പിയളിയോ ...' എന്നാദ്യമായി വിളിച്ചത്. അങ്ങനെ ശ്രീകുമാറിന് തമ്പി എന്ന് ഔദ്യോഗികമായി ഞങ്ങള്‍ നാമകരണം ചെയ്തു. പിന്നെയങ്ങോട്ട് തമ്പിക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം തമ്പി ഫലിതങ്ങള്‍ ആക്കി ഞങ്ങള്‍ മാറ്റിയെടുത്തു . തമ്പിയും , നിധിന്‍ സാമിയും, അവര്‍ രണ്ടു തൃശൂരുകാരും കൂടി റൂമിലിരുന്നു സംസാരം തുടങ്ങിയാല്‍ ഒരു പഞ്ചവാദ്യം തുടങ്ങിയ പോലെ ആയിരിക്കും. ആകെ ഒരു മേള കൊഴുപ്പായിരിക്കും . 

ആദ്യ ദിവസം കോളേജില്‍ എല്ലാവരും സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഇംഗ്ലീഷില്‍ വാചക കസര്‍ത്ത് നടത്തി കഴിവ് തെളിയിക്കാന്‍ വിധിക്കപെട്ടവരായി മാറി. മലയാളം മീഡിയത്തില്‍ നിന്നും മതില് ചാടി വന്ന ഞങ്ങളില്‍ പലരും കുറച്ചു സഭാകമ്പത്തോടെ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു . അടുത്ത ഊഴം തമ്പിക്കായിരുന്നു . ബ്രാകെറ്റ് വരച്ചു വരച്ചു നടന്നു വന്നതിനു ശേഷം ,അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് പരിശീലനം നേടിയ പ്രാസംഗികന്‍ മട്ടെ നിന്നു. എന്നിട്ട് പറഞ്ഞു 


' മൈ ...നെയിം ...ഈസ് ഹെഉ ..ശ്രീകുമാറ് ... അയാം ഫ്റോമു അന്തികാട് .. ഹു '.

സത്യത്തില്‍ അവന്‍ ഇംഗ്ലീഷ്, തൃശൂര്‍ ഭാഷയിലേക്ക് മാറ്റാന്‍ ശ്രമിച്ചു എന്ന് വേണം പറയാന്‍. അതിപ്പോ ഇംഗ്ലീഷ് അല്ല ഫ്രഞ്ച് തന്നെ ആണെങ്കിലും അവനു തൃശൂര്‍ വിട്ടൊരു കളിയും ഉണ്ടായിരുന്നില്ല. അതാണ്‌ നമ്മ പറഞ്ഞ തമ്പി. തമ്പിയുടെ അന്നത്തെ ആ സംസാരം കേട്ട എല്ലാവരും തമ്പിയെ തൃശൂര്‍ ഭാഷ പറഞ്ഞു കളിയാക്കുമായിരുന്നു. ഈ അടുത്ത കാലത്ത് 'പ്രാഞ്ചിയെട്ടന്‍' എന്ന സിനിമയില്‍ മമ്മൂട്ടി സ്റ്റേജില്‍ കയറി സംസാരിക്കുന്ന ' ഈ പൂരങ്ങളുടെ പൂരം .' എന്ന് തുടങ്ങുന്ന സംഭാഷണ ശകലം തമ്പി ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ഭാവനയില്‍ പലപ്പോളും ആലോചിച്ചു പോയിട്ടുണ്ട് . 

തമ്പി ആദ്യ കാലങ്ങളില്‍, വക്കീല്‍ മിഥുന്‍, സാമി നിധിന്‍, തമ്പാന്‍ ബ്ലെസ്സന്‍, ഗുല്‍ഷന്‍ സിജി എന്നിവരുടെ കൂടെ ആയിരുന്നു. പിന്നീട് രണ്ടാം വര്‍ഷം കേമന്മാരെ പലവരെയും ഹോസ്റ്റലിനു പുറത്താക്കിയപ്പോള്‍ തമ്പിക്ക് കിടക്കാനിടമില്ലാതെ ആയി. പിന്നെ അത് വരെ കൂടെ ഉണ്ടായിരുന്ന തമ്പാന്‍ ബ്ലെസ്സന്‍ , തമ്പിയെ ഒഴിവാക്കി , സര്‍വ വിജ്ഞാന കോശം ചെതനോട് കൂടി ചേര്‍ന്ന് മറ്റൊരു റൂമിലേക്ക്‌ മാറിയപ്പോള്‍, പെട്ടിയും കിടക്കയും പിടിച്ചു എങ്ങോട്ട് പോകും എന്ന നിലയില്‍ ഹോസ്റ്റല്‍ വരാന്തയില്‍ കുന്തസ്യ എന്ന നിലയില്‍ നില്‍ക്കുന്ന തമ്പിയെ കണ്ടു ഞങ്ങള്‍ക്ക് സഹിച്ചില്ല. സഹതാപം തോന്നി ഞാനും രൂപേഷും കമാലും കൂടിയാണ് ഞങ്ങളുടെ റൂമില്‍ റിയാസിന് പകരക്കാരനായി കൊണ്ട് വന്നത്. (റിയാസ് ഞാന്‍ നേരത്തെ പറഞ്ഞ കേമാക്കാരനില്‍ ഒരാള്‍ ആയത് കൊണ്ട് ഹോസ്റ്റലിനു പുറത്തു താമസം തുടങ്ങേണ്ടി വന്നു ). 

അന്നത്തെ തമ്പിയോട് ഞങ്ങള്‍ക്ക് തോന്നിയ സഹതാപം ഒരു അബദ്ധമായി പോയെന്നു പറഞ്ഞു പലപ്പോളും ഞാനും കമാലും രൂപേഷും ഉസ്മാനും (ഞങ്ങള്‍ക്ക് പറ്റിയ മറ്റൊരു വന്‍ അബദ്ധം ) തമ്മില്‍ വലിയ കലഹങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ ഈ ഉസ്മാന്‍ എന്ന് പറഞ്ഞ ഞങ്ങളുടെ പൂര്‍വകാല (പ്ലസ്‌ ടു തൊട്ടു ഡിഗ്രീ വരെ ഒപ്പം പഠിച്ചിരുന്നു )സഹപാഠിയെ ഞങ്ങളുടെ റൂമില്‍ ഒരു അധികപ്പറ്റായി താമസിപ്പിക്കാന്‍ തന്നെ കാരണം തമ്പിയുടെ വമ്പത്തരങ്ങള്‍ അവസാനിപ്പിക്കാന്‍ പറ്റിയ ഒരാള്‍ വേണം എന്ന ഞങ്ങളുടെ ഗൂഡാലോചന ആയിരുന്നു. ഉസ്മാനും തമ്പിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആയിരുന്നു ഞങ്ങള്‍ക്ക്. രണ്ടായാലും മരണം ഉറപ്പ് എന്നൊക്കെ പറയുന്ന പോലെ. ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് പോലും ഇവരില്‍ നിന്നാണ്. ഒരു ചെറിയ ഉദാഹരണം പറയാം. 

രാവിലെ ആദ്യം എണീക്കുന്ന തമ്പി ലൈറ്റ് ഇട്ടതിനു ശേഷം ഉറങ്ങി കിടക്കുന്ന ഉസ്മാനോടു ഉറക്കെ ചോദിക്കും . 

' ഡോ...(അതൊരു പ്രത്യക ഈണത്തിലാണ് വിളിക്കുക ), ഡോ...ഉസ്മാനേ... നീ യെന്‍റെ ............. (അവന്‍റെ ഒരാവശ്യ വസ്തു, മിക്കവാറും വല്ല ബനിയനോ, ടവലോ, ചീപ്പോ, തോര്‍ത്തോ, ബ്രഷോ വല്ലതുമായിരിക്കും ചോദിക്കുക) കണ്ടോ ?'

ഉറക്കം പോയ ഉസ്മാന്‍ ചെരിഞ്ഞു കിടന്നു കൊണ്ട് മെല്ലെ പറയും ' ഇല്ല. ഇക്ക് അറീല്ല '

' ഡാ..അപ്പൊ നീ ഇന്നലെ ഇവിടെ കിടന്ന തുണികളുടെ കൂടെ എന്തൂട്ടാ ചെയ്തെ. ..ഡാ തെണ്ടി ചെക്കാ നിന്നോടാ ചോദിച്ചത് '

ദ്വേഷ്യം വന്ന ഉസ്മാന്‍ ഉറക്കെ പറയും ' അന്‍റെ ൧൨൭൧൩൮൭൩൮൭ (തെറി ) ആണ് തെണ്ടി. ഇക്ക് എന്ത് ഓലക്കക്കാ അന്റെ ........... (ആ ആവശ്യ വസ്തു ) ? അന്‍റെ ഒന്നും ഇനിക്ക് വേണ്ടാ. ' 

'ഡാ അപ്പോള്, ഞാന്‍ കണ്ടതാണല്ലോ നീ ഇവിടെ ഇന്നലെ തിരിഞ്ഞു കളിക്കണത്  പിന്നെ നീ എന്ത് ൩൨൬൫൫൩൭൧൩൫൮` (തെറി) നോക്കുവായിരുന്നു ഇവിടെ ?'

അതിനെല്ലാം കൂടെ ഉള്ള മറുപടി ഉറക്കം നഷ്ടപ്പെട്ട കമാല്‍ പറയും 'ഫ.. നായ്ക്കളെ ...രാവിലെ ആയാല്‍ തുടങ്ങും.. അനക്കൊക്കെ എന്തിന്‍റെ സൂക്കേടാണ് നായ്ക്കളെ ..'

അപ്പോള്‍ തമ്പി തന്‍റെ വിഷമം പറഞ്ഞു കൊണ്ട് കമാലിന്റെ അടുത്തേക്ക് ചെല്ലും 

' അല്ലേടാ. ഞാന്‍ ഇന്നലെ....' പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, തമ്പിയെ കമാല്‍ ചവിട്ടി നിലത്തു ഇട്ടിട്ടുണ്ടാകും.'

പുതപ്പിനുള്ളില്‍ നിന്നും ഉറക്കം പോയ രൂപേഷ് ദ്വേഷ്യം കൊണ്ട് തല ചൊറിഞ്ഞ് പറയും ' ഈശ്വരോ. ഇതിലും ഭേദം വല്ല ചുടല പറമ്പിലും പോയി കിടക്കുന്നതായിരിക്കും '. 

പിന്നെ കുറെ നേരത്തേക്ക് എല്ലാം ശാന്തം. ഉറക്കം പോയ എല്ലാവരും പ്രഭാത കര്‍മങ്ങള്‍ക്ക് ശേഷം കോളേജില്‍ പോകാനുള്ള തിരക്കില്‍ മുഴുകും. രാവിലെ ഭക്ഷണം കഴിച്ചു സന്തോഷവാനായി കോളേജില്‍ പോകാന്‍ നില്‍ക്കുന്ന തമ്പിയോട് ഞാന്‍ ചോദിച്ചു .

'ഡാ തംബീ... രാവിലെ നീ എന്തോ കാണാന്‍ ഇല്ലാന്ന് പറഞ്ഞില്ലേ, അത് കിട്ടിയോ ?'

ഗൌരവം കൈ വിടാതെ തമ്പി പറയും ' ആ... കിട്ടി. '

'എവിടുന്നാട കിട്ടിയത് ' കമാല്‍ ദ്വേഷ്യത്തോടെ ചോദിക്കും .

' അത് ആ , അഴക്കയില്‍ ഉണ്ടായിരുന്നു '

ഇവനെ ഇനി എന്താ ചെയ്യുക എന്ന മട്ടില്‍ കൈ തരിപ്പിച്ചു കൊണ്ട് കമാലും രൂപേഷും ഞാനും കൂടി അവന്‍റെ കഴുത്തു വരെ കൈ നീട്ടുമ്പോഴേക്കും അവന്‍ പുഞ്ചിരിക്കും. ആ നിഷ്ക്കളങ്കമായ പുഞ്ചിരിയില്‍ ഞങ്ങളുടെ ദ്വേഷ്യം അലിഞ്ഞും പോകുമായിരുന്നു. 

പരീക്ഷ കാലമായാല്‍ തമ്പിയുടെ മട്ടും ഭാവവും മാറുമായിരുന്നു. പെറ്റു കിടക്കുന്ന പട്ടിയുടെ അടുത്ത് കൂടെ നിങ്ങള്‍ക്ക് പോകാന്‍ പറ്റുമായിരിക്കും, പക്ഷെ പരീക്ഷ ചൂടില്‍ ഒറ്റക്കിരുന്നു തല പുകക്കുന്ന തമ്പിയുടെ അടുത്തു എന്തെകിലും ചോദിക്കാന്‍ ചെന്നാല്‍ വിവരം അറിയും. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ അവന്‍റെ പഠിത്തം ഒന്നും നടക്കുന്നില്ലാ എന്ന് തോന്നിയാല്‍ അവനാകെ ടെന്‍ഷന്‍ ആകും, എന്നിട്ട് പതിയെ വട്ടം കൂടി ഇരുന്നു പഠിക്കുന്ന ഞങ്ങളുടെ അടുത്ത് വന്നു കൊണ്ട് ചോദിക്കും . 

' ഡാ. നിങ്ങടെ ഒക്കെ കഴിഞ്ഞോ '

'ആ ഞങ്ങക്കിനി ഈ ഒരു പേജ് കൂടിയേ ബാക്കിയുള്ളൂ.. ' ഞങ്ങളില്‍ ആരെങ്കിലും അവന്‍റെ മുഖത്തേക്ക് അല്‍പ്പം ഗൌരവത്തോടെ നോക്കി കൊണ്ട് പറയും. 

അത് പറഞ്ഞു തമ്പിയുടെ മുഖത്തേക്ക് നോക്കിയാല്‍ നമ്മള്‍ തന്നെ കരഞ്ഞു പോകും. അത്രക്കും ദയനീയം ആകും ആ കാഴ്ച. പിന്നെ അവനു തന്നെ ടെന്‍ഷന്‍ ആകും അവന്‍ പഠിച്ച ഉത്തരവും ഞങ്ങള്‍ പഠിക്കുന്ന ഉത്തരവും ഒന്ന് തന്നെയല്ലേ എന്നാലോചിച്ചിട്ട്. 

പക്ഷെ അതൊക്കെ തമ്പിയുടെ നിഷ്കളങ്കതയുടെ പ്രതിഫലനം മാത്രമായിരുന്നു. അത് ഞങ്ങള്‍ക്ക് പലപ്പോളും അനുഭവിച്ചറിയാന്‍ സാധിച്ചിട്ടും ഉണ്ട്. കോളേജ് പരീക്ഷകള്‍ എല്ലാം കഴിഞ്ഞു , അവസാന ദിവസം പുറത്തു പോയി പാര്‍ട്ടിയും കഴിഞ്ഞു വന്ന ദിവസം ഞങ്ങള്‍ നാളെ പിരിയാന്‍ പോകുന്നു എന്ന സത്യത്തെ മനസ്സിലാക്കി. അന്ന് രാത്രി ഉറങ്ങാന്‍ മനസ്സ് വന്നില്ല. തമ്പി, ഞാന്‍, കമാല്‍, രൂപേഷ്, റിയാസ് എല്ലാവരും കൂടെ ഇരുട്ടിലൂടെ വളരെ വിഷമത്തില്‍ ഓരോന്ന് സംസാരിച്ചു കൊണ്ട് ഹോസ്ടല്‍ വഴിയിലെ മരങ്ങള്‍ക്കിടയിലൂടെ നടന്നു വരുകയായിരുന്നു. 

ആ രാത്രിയില്‍ നിലാവും ഞങ്ങളും പിന്നെ ഞങ്ങളുടെ സൌഹൃദത്തിന്റെ നൊമ്പരങ്ങളും മാത്രം. പിന്നിലായി നടന്നിരുന്ന ഞാനും തമ്പിയും കൈ തോളില്‍ ഇട്ടു കൊണ്ട് ചേര്‍ന്ന് നടക്കുകയായിരുന്നു. ഈ കോളേജ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തല്ലു കൂടിയതും ചീത്ത പറഞ്ഞതും തമ്പിയെ ആണല്ലോ എന്ന ഒരു കുറ്റബോധം എന്‍റെ മനസ്സില്‍ നിര്‍ത്തി കൊണ്ട് ഞാന്‍ അവനോടു ചോദിച്ചു. 

' ഇനി നമ്മള്‍ തമ്മില്‍ കാണുമോടാ... കണ്ടില്ലെങ്കിലും വിളിക്കാന്‍ മറക്കരുത്.. മറക്കുമോ ?' ഞാന്‍ ഇടറിയ ശബ്ദത്തോടെ ചോദിച്ചു. 

'നീ എന്തിനാടാ എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ .? നമുക്ക് തമ്മില്‍ കാണണം എന്ന് തോന്നിയാല്‍ വന്നു കാണാനുള്ള ദൂരമല്ലേ ഉള്ളൂ.. പിന്നെന്താ..' അവന്‍ തെല്ലൊരു വിഷമത്തോടു കൂടി പറഞ്ഞു. 

'ഞാന്‍ നിന്നെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍... ' പറഞ്ഞു മുഴുമിപ്പിക്കാന്‍ എനിക്ക് പറ്റിയില്ല. അവനെ കെട്ടിപിടിച്ചു കരയാനേ പറ്റിയുള്ളൂ. 

അവന്‍ ചിരിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് മുന്നില്‍ നടന്നു പോകുന്ന റിയാസിനോടും, കമാലിനോടും, രൂപെഷിനോടും കൂടെ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു 

'ഡാ.ഒന്ന് ഇങ്ങട് വന്നെ..ഈ തെണ്ടി ചെക്കന്‍ ധ ഇവിടെ ജാതി കരച്ചിലും പിഴിച്ചിലും.. ' അവന്‍ പഴയ അന്തിക്കാട് ശൈലിയില്‍ തന്നെ ആണ് പറഞ്ഞതെങ്കിലും എനിക്ക് പക്ഷെ ചിരി വന്നില്ല. 

പിന്നെ എല്ലാവരും കൂടെ വന്നു കെട്ടിപിടിച്ചു കൊണ്ട് കോളേജ് ഹോസ്റ്റല്‍ റോഡിലെ മരങ്ങള്‍ക്കിടയിലൂടെ അല്‍പ്പം ആഘോഷത്തോടെ തന്നെ നടന്നു. ഒന്ന് ഉറപ്പായി. ഞങ്ങള്‍ പിരിയാനുള്ളവര്‍ അല്ല. വീണ്ടും വീണ്ടും കാണാനുള്ളവര്‍ തന്നെ. 

നിലാ വെളിച്ചത്തില്‍ നിന്നും കോളേജ് ഹോസ്റ്റലിന്റെ വലിയ ബള്‍ബ്‌ വെളിച്ചത്തില്‍ എത്തിയപ്പോള്‍ ഞാന്‍ തമ്പിയുടെ മുഖത്തേക്ക് നോക്കി . അവന്‍റെ കണ്ണടയുടെ താഴെ ഒലിച്ചിറങ്ങിയ നനുത്ത കണ്ണീര്‍ തുള്ളികള്‍ അവന്‍ തുടച്ചും മാറ്റും മുന്‍പേ ഞാന്‍ മുഖം തിരിച്ചു. ഞാന്‍ അത് കണ്ടില്ല എന്ന് നടിച്ചു. 

പിറ്റേ ദിവസം, കോയമ്പത്തൂരിലെ കോളേജ് ജീവിതം അവസാനിപ്പിച്ചു കൊണ്ട്, കോളേജിനോട് വിട പറഞ്ഞ് , സന്തോഷത്തോടു കൂടെ തന്നെ ഒരുമിച്ചു ഒരേ ട്രെയിനില്‍ യാത്ര തിരിക്കുകയും ഇടക്കാലത്തേക്ക് മാത്രം എന്ന നിലയില്‍ പിരിയുകയും ചെയ്തു. 

ഞങ്ങള്‍ അന്ന് പറഞ്ഞത് വെറും വാക്കായിരുന്നില്ല. കോളേജ് കഴിഞ്ഞതിനു ശേഷം പല തവണ ഞങ്ങള്‍ പലയിടങ്ങളിലായി ഒത്തു കൂടി കൊണ്ടേ ഇരുന്നു. നീണ്ട കാലത്തെ പ്രവാസത്തിനു ശേഷം , ഈ അടുത്ത് നാട്ടില്‍ അവധിക്കു പോയപ്പോള്‍, അവന്‍റെ കൂടെ, അവന്‍റെ നാടായ അന്തിക്കാടില്‍ ഞാനും രൂപേഷും രണ്ടു മൂന്നു ദിവസം ചിലവഴിച്ചു . ഇന്നും അവനു ഒരു മാറ്റമില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞും ചിരിച്ചും ഓര്‍ത്തും ഞങ്ങള്‍ മൂന്നും കൂടി നാട്ടിക കടപ്പുറത്തും, തൃപ്രയാര്‍ അമ്പലത്തിലും, സിനിമ തിയെറ്റരിലും, തൃശൂര്‍ നഗരത്തിലും മറ്റെല്ലാ സ്ഥലങ്ങളിലും പോയി. 

അങ്ങനെയുള്ള ഒരു ദിവസം, ഒരു രാത്രി നിലാവില്‍ , കടപ്പുറത്തെ മണലില്‍ ചരിഞ്ഞു കിടന്നു കൊണ്ട് കടലിലേക്കും ആകാശത്തേക്കും നോക്കിയിരുന്നു കൊണ്ട് നിശബ്ദമായി പഴയ കാര്യങ്ങള്‍ ആലോചിക്കുന്നതിന്റെ ഒരു മാസ്മരിക സുഖവും ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചറിഞ്ഞു. സെപ്തംബര്‍ 2011, ഒരു അവധിക്കാലത്ത്, തമ്പിയുടെ കൂടെ അന്തിക്കാട് ഗ്രാമത്തില്‍ .. 

-pravin- 

മറ്റ് ചില കോളേജ് ഓര്‍മ്മകള്‍ ഇവിടെ ക്ലിക്കിയാല്‍ കിട്ടും. 

1. 


2. 

Monday, June 18, 2012

ബുദ്ധനും പ്രവാചകനും നിസ്സഹായരാകുമ്പോള്‍..


1978 മുതല്‍ മ്യാന്മര്‍ ഭരണകൂടത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുന്ന  ജനവിഭാഗമാണ് രോഹിങ്ക്യ മുസ്ലീങ്ങള്‍. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമായാണ് ഇവര്‍ അറിയപ്പെടുന്നത് പോലും. 

മ്യാന്മറിലെ റഖിനിയ സംസ്ഥാനത്തില്‍  പൊട്ടിപ്പുറപ്പെട്ട ബുദ്ധ - മുസ്ലീം വര്‍ഗീയ സംഘര്‍ഷത്തിനു  ശേഷം മ്യാന്‍മറില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയ ഇവര്‍ ജന്മനാടായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബംഗ്ലാദേശുകാര്‍ ഇവരെ തങ്ങളുടെ നാട്ടുകാരായി അംഗീകരിക്കുന്നില്ല. അതെ സമയം,  ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറിയ വെറും കുടിയേറ്റക്കാരാണ് രോഹിങ്ക്യകള്‍ എന്ന് മ്യാന്മര്‍ ഭരണകൂടം വാദിക്കുകയും ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ കടുത്ത മൌനം പാലിക്കുകയും ചെയ്യുന്നു. 

മ്യാന്‍മറില്‍ ഉടലെടുത്ത ബുദ്ധ- മുസ്ലീം വര്‍ഗീയ സംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോഴും തീരക്കടലില്‍ ഉലഞ്ഞു കൊണ്ടിരിക്കുന്ന   ഒരു ചെറിയ മത്സ്യബന്ധന ബോട്ടില്‍  ഒന്നുമറിയാതെ ചിരിക്കുകയാണ് നവജാത ശിശു. അവനു പകര്‍ന്നു കൊടുക്കേണ്ടത് മാതൃത്വം എന്ന ജന്മാവകാശമാണോ അതോ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാറില്‍ നിന്ന്  നാല് തുള്ളി വെളുത്ത ജലാംശാമോ എന്ന ഗാഡ ചിന്തയില്‍ ദൂരെ  കരയിലേക്ക് കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയാണ് അവന്‍റെ അമ്മ റസിയ. 

അവനു ജന്മം കൊടുത്ത് കൊണ്ട് താനും ഒരു മനുഷ്യ സ്ത്രീയാണെന്ന് മാനവരാശിക്ക്  മുന്നില്‍ തെളിയിക്കപ്പെട്ടുവെങ്കിലും , ജനിച്ച നാട്ടില്‍ തന്‍റെ പൌരത്വം ആരും അംഗീകരിച്ചു തരുന്നില്ലല്ലോ  എന്നോര്‍ത്ത്  ആ മെലിഞ്ഞ സ്ത്രീ വീണ്ടും വിതുമ്പാന്‍ തുടങ്ങിയിരിക്കുന്നു. അമ്മക്കൊപ്പം ഒന്നുമറിയാതെ, മടിയില്‍ കിടക്കുന്ന  ആ കുഞ്ഞും കരഞ്ഞു. പക്ഷെ,  അതും ആരും കേള്‍ക്കുന്നില്ല. അതിര്‍ത്തികളിലാത്ത ദൂരെ  ദൂരേക്ക്‌ എങ്ങോ പാഞ്ഞു പോകുന്ന കടല്‍ കാറ്റ്  ആ രോദനങ്ങളെ ആ തീരക്കടലില്‍ തന്നെ നിശബ്ദമാക്കി കളഞ്ഞിരിക്കുന്നു. ഭര്‍ത്തവായ ഹിദായത്തുള്ളയുടെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് റസിയ അയാളോടെന്തോ പറഞ്ഞു. കൂടെ ആ ബോട്ടില്‍ ഉണ്ടായിരുന്ന വൃദ്ധയായ രണ്ടു സ്ത്രീകളും അത് തന്നെ ഏറ്റു പറഞ്ഞു. മൂത്ത മകന്‍ ഇമ്രാന് കഴിക്കാന്‍ ഒരു ചെറിയ പൊതിയില്‍ നിന്നെന്തോ എടുത്തു  കൊടുത്ത് കൊണ്ട് റസിയ വീണ്ടും കരയാന്‍ തുടങ്ങി. 

രണ്ടു വൃദ്ധകളെയും, മൂത്ത മകനെയും,റസിയയെയും ദിവസങ്ങള്‍ മാത്രം  പ്രായമുള്ള മകനെയും നോക്കിക്കൊണ്ട്‌ ഹിദായത്തുള്ള  ബോട്ടില്‍ ഘടിപ്പിച്ച മോട്ടോര്‍ ചലിപ്പിച്ചു. ബംഗ്ലാദേശ് തീരത്ത്‌ എത്തിയ  സമയത്ത്, അവിടെ കാവല്‍ നിന്നിരുന്ന അതിര്‍ത്തി രക്ഷാ സേന, അവരെ  ജന്മ നാട്ടില്‍ കാലു കുത്താന്‍ പോലും സമ്മതിച്ചില്ല. 

ഹിദായത്തുള്ള ദയനീയമായി അവരോടു കൈ കൂപ്പിക്കൊണ്ട്‌ കരഞ്ഞു പറഞ്ഞെങ്കിലും നിയമത്തിന്‍റെ കാവല്‍ ഭടന്മാര്‍ അവരെ കടലിലേക്ക്‌ തന്നെ പറഞ്ഞയച്ചു. കടലിന്‍റെ അഗാധ നീലിമയിലേക്കെന്ന പോലെ ബോട്ടുമായി ദൂരേക്ക്‌ ഹിദായത്തുള്ളയും കുടുംബവും മറഞ്ഞു. 

ഇതൊരു കഥയല്ല. ബംഗ്ലാദേശ് തീരത്ത് എത്തിപ്പെടുന്ന ഓരോ രോഹിങ്ക്യ മുസ്ലീമും അനുഭവിക്കുന്ന വേദനയാണ്. യഥാര്‍ത്ഥത്തില്‍ ഇവരെ  എന്ത് പേര് വിളിക്കും ? രോഹിങ്ക്യ മുസ്ലീമുകള്‍ എന്നോ, ബംഗ്ലാദേശികള്‍ എന്നോ, അതോ അഭയാര്‍ഥികള്‍ എന്നോ?  ഈ ഭൂമിയില്‍ അഭയാര്‍ഥികളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എത്രയോ പേരുണ്ട് . പക്ഷെ,   ഇവിടെ അഭയാര്‍ഥികള്‍ എന്ന പേരിനു പോലും ഇവര്‍ അര്‍ഹാരാകുന്നില്ല എന്നതാണ് സത്യം. 

ബുദ്ധനും പ്രവാചകനും പഠിപ്പിച്ച  ആത്മീയ വചനങ്ങള്‍ക്കും ദൈവ വചനങ്ങള്‍ക്കും  ചെവി കൊടുക്കാതെ രണ്ടു രാജ്യങ്ങളും ആര്‍ക്കൊക്കെയോ നേരെ ആക്രോശിക്കുന്നു. മ്യാന്മറിനും ബംഗ്ലാദേശിനും ഇടക്കുള്ള സമുദ്രാതിര്‍ത്തിയില്‍  അഭയാര്‍ഥികള്‍ എന്ന് കപട വിധിയെഴുതപ്പെട്ട  ഒരു ജനതയ്ക്ക് മുന്നില്‍ ബുദ്ധനും പ്രവാചകനും ഒന്നും മിണ്ടാതെ , നിസ്സഹായരായി നില്‍ക്കുകയാണ്. 


-pravin-

Thursday, June 14, 2012

സദാചാരവും സദാചാര പോലീസും

എന്താണ് സദാചാരം ? ഞാന്‍ എന്‍റെ മനസ്സിനോട് ഉറക്കം എഴുന്നേറ്റ പാടെ ചോദിച്ചു . 

 വളരെ പക്വമായി ,ശാന്തത കൈവിടാതെ തന്നെ എന്‍റെ മനസ്സ്  എന്നെ നോക്കി കൊണ്ട്  പറഞ്ഞു .

"സദാചാരം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ "ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാലിക്കേണ്ട ആചാരം" എന്നാണു അര്‍ത്ഥം. അപ്പോള്‍ പിന്നെ സദാചാരി ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ."

അതൊക്കെ പോട്ടെ, അപ്പോള്‍ ആരാണ് സദാചാര പോലീസ് ?????

"സദാചാര പോലീസോ ...? ഗുലുമായല്ലോ .."എന്‍റെ മനസ്സ് മൌനമായ്  പറഞ്ഞു . 

എന്‍റെ മനസ്സിനെ ഉത്തരം തരാതെ  വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല .  വീണ്ടും അതെ ചോദ്യം ആവര്‍ത്തിച്ചു. 

എന്‍റെ മനസ്സിപ്പോള്‍ ഒരേ വിഷയത്തെ കുറിച്ചുള്ള   രണ്ടു ചിന്താഗതികള്‍ കൊണ്ട് സങ്കീര്‍ണമായ ചില ഇടുങ്ങിയ വഴികളിലൂടെ ഓടുകയാണ്. അപ്പോള്‍ പിന്നെ എനിക്കും മനസ്സിന് പിന്നാലെ ഓടിയല്ലേ പറ്റൂ. ഞാനും വിട്ടു കൊടുത്തില്ല, മനസ്സിനേക്കാള്‍ വേഗത്തില്‍ അവനുപിന്നാലെ ഞാനും പാഞ്ഞു. ഒടുക്കം വഴിയിലെവിടെയോ ഉണ്ടായിരുന്ന മരവള്ളികളില്‍ കാലു തട്ടി മനസ്സ് വീണപ്പോള്‍ ഞാന്‍ അവനെ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു.

"പറയടാ ആരാ ഈ സദാചാര പോലീസ് ..നീയും അവനുമായി എന്താ ബന്ധം. കുറച്ചു ദിവസമായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുമ്പോളും പ്രതികരിക്കുമ്പോഴും നീ രണ്ടു തരത്തില്‍ പ്രതികരിക്കുന്നു..അതോ നീയും സദാചാര പോലീസുമാരുടെ കൂട്ടത്തില്‍ പെട്ടവനാണോ ..എടാ മഹാ പാപീ നീ എന്നെ കൂടി കൊലക്ക് കൊടുക്കുമോ ?"

"വിട് ..എന്നെ വിട് ..എനിക്ക് പറയാനുള്ളത് കൂടി നീ കേള്‍ക്കണം " മനസ്സ് എന്‍റെ കയ്യില്‍ കിടന്നു കൊതറി കൊണ്ട് പറഞ്ഞു. ഒടുക്കം അവനെ ഞാന്‍ സ്വതന്ത്രനാക്കി. അവന്‍ കൂടുതല്‍ വാചാലനാകാന്‍ പോകുന്ന പോലെ തോന്നി. 

"നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു ..ഞാന്‍ സദാചാരവാദി തന്നെയാണ്. ധാര്‍മികത  മുഴുവനായി ആചരിക്കുന്നില്ല എങ്കില്‍ കൂടി ആ പേരില്‍ അറിയപ്പെടാനും പ്രവര്‍ത്തിക്കാനും തന്നെയാണ്  എനിക്കിഷ്ടം. പക്ഷെ അത് നീ കരുതുന്നത് പോലെ സദാചാര പോലീസിനെ പോലെയല്ല. അവരുമായി എനിക്കൊരു ബന്ധവും ഇല്ല. അവരോടു പല രീതിയിലും എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ .."

"പക്ഷെ..എന്ത് പക്ഷെ ..? ഈ പക്ഷേയെ കുറിച്ചാണ് എനിക്കറിയേണ്ടത് ..എനിക്കീ സദാചാരത്തിലും കോപ്പിലും ഒന്നും വിശ്വാസമില്ല എന്ന് നിനക്കറിയില്ലേ..എന്നെ കൂടി ചീത്ത പേര് കേള്‍പ്പിക്കാന്‍ ആണോ നീ എന്‍റെ ഉള്ളില്‍ കിടന്നു സദാചാരം പ്രസംഗിക്കുന്നത് ?" ഞാന്‍ അല്‍പ്പം ദ്വേഷ്യത്തോടെ തന്നെ ചോദിച്ചു. 

"നീ സദാചാരത്തെ ഫേസ് ബുക്കില്‍ കൂടിയല്ലേ വിമര്‍ശിക്കുന്നത് ..നിന്‍റെ പ്രതികരണങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്.    സത്യത്തില്‍ നീ ഒരു കപട നിരീശ്വരവാദിയും , കപട മതേതരവാദിയും സര്‍വോപരി പകല്‍ മാന്യനുമാണ് .."

"ഞാനോ ..?..നീ എന്നെ വെറുതെ കരിവാരി തേക്കാന്‍ ശ്രമിക്കണ്ട " 

ഞാനും എന്‍റെ മനസ്സും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. വാദി പ്രതിയായ മട്ടില്‍ നില്‍ക്കുന്ന എന്നെയും , പോലീസിനെ പിടിച്ച കള്ളനെ പോലെ നില്‍ക്കുന്ന എന്‍റെ മനസ്സിനെയും പിടിച്ചു മാറ്റാന്‍ ഞങ്ങളുടെ നിഴലുകള്‍ രംഗത്തെത്തി. അവര്‍ ഞങ്ങളെ ദൂരെ മലയുടെ മുകളിലുള്ള ഒരു ആല്‍മര ചുവട്ടിലേക്ക്‌ കൊണ്ട് പോയി. അവിടെയാണത്രെ ആശയ സംഘര്‍ഷങ്ങളുടെ  അന്ധത അകറ്റുന്ന  ഗുരു ധ്യാനത്തിനായി വന്നു പോകാറുള്ളത്. അങ്ങനെ ഞാനും എന്‍റെ മനസ്സും പിന്നെ ഞങ്ങളുടെ രണ്ടു പേരുടെയും രണ്ടു നിഴലുകളും കൂടി ഗുരുവിനെ കാണാന്‍ വേണ്ടി മല മുകളിലേക്ക്  യാത്രയായി. 

മല മുകളില്‍,  ഗുരുവിനെ ഞങ്ങള്‍ ആരും കണ്ടില്ല  , പകരം ആല്‍ച്ചുവട്ടില്‍ ഒരു ദിവ്യ പ്രകാശത്തെ കണ്ടു. അത് ഗുരു തന്നെയായിരുന്നു എന്ന് വിശ്വസിക്കാനെ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ.  ഞങ്ങള്‍ ഒന്നും പറയാതെ തന്നെ, അദ്ദേഹം വെളിച്ചത്തിന്‍റെ രൂപത്തില്‍ ഞങ്ങള്‍ക്ക് പല ഉത്തരങ്ങളും പറഞ്ഞു തന്നു. ഞങ്ങളുടെ ആശയ സംഘര്‍ഷങ്ങള്‍ പാടെ ഇല്ലാതെയായ പോലെയായി. അപ്പോഴേക്കും മലമുകളില്‍ നിന്നും താഴേക്കു സൂര്യന്‍ അസ്തമിച്ചു പോയിരുന്നു. ഞങ്ങളുടെ നിഴലുകള്‍ എവിടെയോ അലിഞ്ഞു പോയിരിക്കുന്നു. ഗുരുവും ആല്‍ത്തറയില്‍ നിന്നു മടങ്ങി പോയിരിക്കുന്നു. ആലിലകള്‍, കാറ്റില്‍ നിശബ്ദമായി ഞങ്ങള്‍ക്ക് യാത്രാ മംഗളം നേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും കൈ കോര്‍ത്തു പിണച്ചു കൊണ്ട് മലയിറങ്ങാന്‍ തുടങ്ങി. 

ഇപ്പോള്‍ സദാചാരത്തെ കുറിച്ചും സദാചാര പോലീസിനെ കുറിച്ചും നിനക്കെന്തു തോന്നുന്നു ? മനസ്സ് എന്നോട് ചോദിച്ചു. 

"സദാചാരം സമൂഹത്തിനു നല്ലത് തന്നെയാണ്. ഓരോരുത്തരും പഠിച്ചറിഞ്ഞ സദാചാരം മറ്റൊരാള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി ചട്ടക്കൂടുകളില്‍ നിന്നും സദാചാര വാളുകളുമായി ചാടിയിറങ്ങുമ്പോള്‍ ആണ് സദാചാര പോലീസുമാര്‍ ഉണ്ടാകുന്നത് . ഒരാണും പെണ്ണും കൂടി ഒരുമിച്ചു യാത്ര ചെയ്താലോ , സംസാരിച്ചാലോ തകരുന്നതല്ല യഥാര്‍ത്ഥ  സദാചാരവും സദാചാരബോധവും. അതെ സമയം ഇവിടെ സദാചാര മൂല്യങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന് വെല്ലു വിളിച്ചു കൊണ്ട് എന്ത് ആഭാസത്തരവും കാണിച്ചു കൂട്ടുന്ന വര്‍ഗത്തിനോട് പുച്ഛവും തോന്നുന്നു. 

സദാചാര പോലീസ് വിചാരണ ചെയ്ത ഈ അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ നമ്മളെ ഞെട്ടിപ്പിക്കുന്നത്‌ തന്നെയായിരുന്നു.  രാത്രിയില്‍ ബൈക്കില്‍ ഭാര്യയും ഭര്‍ത്താവും കൂടി സഞ്ചരിക്കുമ്പോള്‍ കൈയ്യില്‍ മാരേജ് സെര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം എന്നാണോ ഇവിടത്തെ സദാചാര പോലീസുമാര്‍ പറയുന്നത് ? അല്ല. അവര്‍ക്ക് വേണ്ടത് അതൊന്നുമല്ല. എല്ലാ വിഷയങ്ങളിലും വികൃതമായ ലൈംഗിക വീക്ഷണം കൊണ്ട് ആസ്വാദനം നടത്തുക അത് സാധിച്ചില്ലെങ്കില്‍ സദാചാരത്തിന്‍റെ പേരും പറഞ്ഞ് സമൂഹത്തെ  ചോദ്യം ചെയ്യുക എന്നത് മാത്രമാണ് സദാചാര പോലീസ് ചെയ്യുന്നത്. "

സദാചാര പോലീസിനെ നമ്മള്‍ വിമര്‍ശിച്ചേ മതിയാകൂ. അതെ സമയം നമ്മുടെ സദാചാരവും സദാചാര ബോധവും  എവിടെ വരെ ചെന്നെത്തിയിരിക്കുന്നു എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. സദാചാര പോലീസിനെ വളരെ കര്‍ശനമായി വിമര്‍ശിക്കുന്ന ആളുകളുടെ ഉദ്ദേശ്യശുദ്ധിയെ കൂടി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സാരം. അവരുടെ അഭിപ്രായ പ്രകാരം ഒരു സമ്പൂര്‍ണ സോഷ്യലിസം ആണ് ഇന്നാട്ടില്‍ നടപ്പിലാകേണ്ടത്. 

അതായത് ഒരാണിനെയും പെണ്ണിനേയും കൂടി സംശയാസ്പദമായി ഏത് സാഹചര്യത്തില്‍ എത്ര മോശം സാഹചര്യത്തില്‍ കണ്ടാലും കാണുന്നവര്‍ കണ്ടില്ലാന്നു നടിക്കണം, ആണിന് ബാറില്‍ പോയി കള്ള് കുടിക്കാമെങ്കില്‍ പെണ്ണിനും വേണം ആ സ്വാതന്ത്ര്യം , ഒരാണിനും പെണ്ണിനും കൂടി ശരീരം പങ്കു വച്ച്  ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായി വിവാഹം കഴിക്കേണ്ട ആവശ്യം തന്നെ പാടില്ല, പ്രണയദിനം, ന്യൂ ഇയര്‍ ദിനങ്ങളില്‍ തെരുവുകളില്‍ കൂടി ആണും പെണ്ണും കൂത്താടി നടന്നാല്‍ പോലും ആരും അതൊന്നും കണ്ടെന്നു നടിക്കരുത് , വിമര്‍ശിക്കരുത് ..എന്ന് തുടങ്ങുന്ന ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്‌ ഇത്തരം വിമര്‍ശകര്‍ക്ക്. ഇവിടെ ഇവരോടൊക്കെ ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ. 

"നിങ്ങള്‍ നിങ്ങളുടെ മക്കളെയും മരുമക്കളെയും ഇങ്ങനെയുള്ള കൂത്താട്ടമാണോ  സോറി , ഇങ്ങനെയുള്ള സദാചാരമാണോ പഠിപ്പിക്കുന്നത്‌ ?അതോ ഇത് തന്നെയാണോ മുഴുവന്‍ സമൂഹവും പഠിക്കേണ്ടതും പിന്തുടരേണ്ടതുമായ  സദാചാരം എന്ന്  നിങ്ങള്‍ അവകാശപ്പെടുന്ന  സര്‍വ  സ്വാതന്ത്ര്യ സമത്വ  ആശയങ്ങള്‍ ??"

എന്‍റെ ഈ   നീണ്ട പ്രസംഗം കേട്ടിട്ട് കണ്ണ് തുറുപ്പിച്ചു നില്‍ക്കുന്ന മനസ്സ് എന്നോട് പറഞ്ഞു 

"ഇത്  തന്നെയല്ലേ ഞാനും പറഞ്ഞിരുന്നുള്ളൂ..അതിനു നീയെന്നെ സദാചാര പോലീസായി സംശയിക്കേണ്ട കാര്യമില്ലായിരുന്നു. ഇപ്പോള്‍ നമുക്ക് രണ്ടു പേര്‍ക്കും കൂടി ഒരഭിപ്രായം തന്നെയല്ലേ ഈ കാര്യത്തില്‍?. നീ പറഞ്ഞ പോലെ ഇവിടെ സദാചാര പോലീസ് ചമയുന്നത് ഇത്തരം കപട സദാചാരികള്‍ തന്നെയാണ്. അതിനു ഇരയാകുന്നത് നിരപരാധികളും.

ഒരാളുടെ സദാചാരബോധം മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാകാം. അത്  സ്വാഭാവികം. ഇത്തരത്തില്‍ വ്യത്യസ്തമായ സദാചാര രീതികള്‍ സമൂഹത്തില്‍ നിലവില്‍ ഉള്ളത് കൊണ്ട്  ഒന്ന്  ശരി, ഒന്ന്  തെറ്റ്  എന്ന്  പറഞ്ഞു  കൊണ്ട്    മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും  പറ്റില്ല  എന്നതാണ്  ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അതിനു ശ്രമിക്കുന്നവരാണ്  സമൂഹത്തിലേക്കു സദാചാര  പോലീസായി രംഗ  പ്രവേശനം ചെയ്യുന്നത് . 

യഥാര്‍ത്ഥ  സദാചാരത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക്  ഇവിടെ ഈ രാജ്യത്തിലെ നിലവിലുള്ള നിയമ  വ്യവസ്ഥകളെ മാറ്റി നിര്‍ത്തിക്കൊണ്ട് സ്വമേധയാ ഒരാള്‍ക്കും ശിക്ഷ വിധിക്കാന്‍ കഴിയുകയില്ല. സദാചാരം അടിച്ചേല്‍പ്പിക്കാന്‍ പാകത്തിലുള്ള ഒന്നല്ല, അത് ഓരോരുത്തരുടെയും വ്യക്തിപരമായ സംസ്ക്കാരത്തിന്‍റെ ഭാഗം കൂടിയാണ് എന്നുള്ളത് കൊണ്ട് സദാചാര ബോധം ഉള്ളവനെയും ഇല്ലാത്തവനെയും തല്‍ക്കാലം മാനിച്ചേ മതിയാകൂ.

പക്ഷെ,  പൊതു സദാചാരത്തെ ചോദ്യം ചെയ്യുന്ന  തരത്തിലുള്ള  ആഭാസ -പ്രഹസന - പ്രകടനങ്ങള്‍ ,സദാചാര വിശ്വാസം വച്ച് പുലര്‍ത്തുന്ന ഒരു സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്  ഇടിച്ചു കയറി വരുന്നത്  തടയേണ്ടത് തന്നെയാണ്. അത് പക്ഷെ, സദാചാര പോലീസുമാരുടെ നേതൃത്വത്തില്‍ ആയിരിക്കരുത്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെ ഇത്തരം കടന്നു കയറ്റങ്ങള്‍ ചെറുക്കപ്പെടെണ്ടത് സാമൂഹ്യ   സംസ്കൃതി നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കൂടി ആവശ്യകതയാണ്.  "

നിയമ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ ഒരു സദാചാര പോലീസിനും അധികാരമില്ല. 

                            *****************************************************

ഇവിടെ ഈ വിഷയത്തെ കുറിച്ചുള്ള ഈ  അഭിപ്രായത്തില്‍ ഞാനും എന്‍റെ മനസ്സും വീണ്ടും ഒന്നിക്കുന്നു. അതെ സമയത്ത്  ഞങ്ങള്‍ തമ്മിലുള്ള  പുതിയൊരു   ആശയസംഘര്‍ഷത്തിനു വഴിയോരുക്കാനെന്ന  തരത്തില്‍ പത്രത്തില്‍  നാളെ ഒരു വാര്‍ത്ത ചിലപ്പോള്‍ കണ്ടേക്കാം. 

"സംശയാസ്പദമായി, യുവാവിനെയും യുവതിയെയും രാത്രിയില്‍  കണ്ടപ്പോള്‍,  സദാചാര  പോലീസ്  ചമഞ്ഞ്  ചെന്ന ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ടം ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. സദാചാര പോലീസിനെ എതിര്‍ക്കുകയും മര്‍ദ്ദിക്കുകയും പിന്നീട് കൊല്ലുകയും ചെയ്ത  ഈ ജനക്കൂട്ടായ്മയെ എന്ത്  വിളിക്കും എന്ന ആശയക്കുഴപ്പത്തില്‍ ആണ് പത്രമാധ്യമങ്ങള്‍..,..  ആദ്യത്തേത് സദാചാര പോലീസെങ്കില്‍ ഇതിനെ സദാചാര കള്ളന്മാരെന്ന് വിളിച്ചാലോ എന്നുള്ള ചര്‍ച്ചയും ചാനലുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. "

-pravin- 


Saturday, June 9, 2012

ദിവസങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍..


ഓരോ ദിവസങ്ങള്‍ പുലരുമ്പോഴും വല്ല പുതുമയും നിങ്ങള്‍ക്ക് തോന്നാറുണ്ടോ ? നിങ്ങള്‍ക്ക് ഓരോ ദിവസവും ആഘോഷിക്കാന്‍ തോന്നാറുണ്ടോ ?   ഉണ്ടെങ്കില്‍ എന്തിനു വേണ്ടിയാണ് ഈ ആഘോഷങ്ങള്‍ ? ജീവിതത്തിലെ ഒരു ദിവസത്തിനു നിങ്ങള്‍ എന്ത്  സാമൂഹിക  പ്രസക്തിയാണ് കൊടുക്കുന്നത്? 

ഓരോ ദിവസവും ഓരോ കാര്യത്തിനായി നീക്കി വച്ച പോലെയാണ് കാര്യങ്ങള്‍. പ്രണയിക്കാന്‍ ഒരു ദിവസം , അച്ഛനെയും അമ്മയെയും സ്നേഹിക്കാന്‍ ഒരു ദിവസം, കുഞ്ഞുങ്ങള്‍ക്കായി മറ്റൊരു ദിവസം , വൃദ്ധര്‍ക്ക് വേറൊരു ദിവസം.. അങ്ങനെ ഓരോരുത്തര്‍ക്കും ദിവസങ്ങളെ ഭാഗം വച്ച് കൊടുത്തിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ക്കായി ഒരു ദിവസവും ലോകവും ഇല്ലാത്ത അവസ്ഥ. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ചെറിയ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു.  എവിടെയാണ് നമുക്ക്  തെറ്റ്  പറ്റിയത് ? ഒന്നോര്‍ത്തു നോക്കൂ..

പുതുവര്‍ഷം പിറക്കുന്നത്‌ എല്ലാവരും ആഘോഷിച്ചിരുന്നത് പ്രതീക്ഷകള്‍ കൊണ്ടായിരുന്നു. അതൊരു തെറ്റാണ് എന്നൊന്നും ഒരിക്കലും തോന്നിയിരുന്നില്ല. ലോകത്തിലെ എല്ലാവര്‍ക്കും കൂടി, നല്ല   പ്രതീക്ഷയോടെ ഒരു പുതിയ വര്‍ഷത്തെ വരവേല്‍ക്കാനും ആഘോഷിക്കാനും വേണ്ടി ഒരു ദിവസം എന്ന്  മാത്രം കരുതി പലപ്പോഴും പുതുവത്സരാഘോഷങ്ങളില്‍   ഞാനും ഒത്തുകൂടി. 

പക്ഷെ,  പിന്നീട്, ഇടക്കെവിടെയോ വച്ച്, ആരൊക്കെയോ ഒരു വര്‍ഷത്തിലെ ദിവസങ്ങളെ നൂറു നൂറു കഷ്ണങ്ങളായി വീതം വച്ച് ആശംസകള്‍ നേരാന്‍ എന്ന തരത്തില്‍ പല തരം  ഗ്രീടിംഗ് കാര്‍ഡുകള്‍  ഉണ്ടാക്കി കമ്പോളവല്‍ക്കരിച്ചു. അതിനു ശേഷം ഞാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങി. എന്തിനാണ് ഇത്രയും അധികം ആഘോഷ ദിവസങ്ങള്‍ ? ഈ ദിവസങ്ങള്‍ എല്ലാം ആഘോഷിക്കുക   എന്ന പേരില്‍ യഥാര്‍ഥത്തില്‍ ഇന്ന് നടക്കുന്നത് എന്താണ് ? 

ഇതേക്കുറിച്ച് ചില ന്യായീകരണങ്ങള്‍ പലരില്‍ നിന്നും എനിക്ക് കിട്ടിയത് വിചിത്രമായി തോന്നി. എല്ലാവരും പറയുന്നത്,  ഈ ലോകത്തില്‍ ഇന്ന് അനുഭവിക്കുന്ന പല തരം മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒരു മോചനം എന്ന നിലക്കാണ് ഇത്തരം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതെന്നാണ്. 

ചിലര്‍ പറയുന്നു, പലപ്പോഴും പല ആഘോഷങ്ങള്‍ക്കും സമയം കിട്ടാതെ പോകുന്നു, അതെല്ലാം മറ്റൊരു ദിവസത്തില്‍ ആഘോഷിക്കാന്‍ കിട്ടുമ്പോള്‍ ചുമ്മാ ആഘോഷിക്കുന്നു എന്ന്.  . 

അമ്മയെയും അച്ഛനെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാനും സമയമില്ല എന്ന് പറഞ്ഞവരും ഉണ്ട്. ഓരോ ദിവസം അവര്‍ക്കായി മുന്നേ കൂട്ടി ആരോ ഉണ്ടാക്കിയെടുത്തത് കൊണ്ട്, ആ ദിവസത്തില്‍ അവര്‍ക്കൊരു സമ്മാനവും കാര്‍ഡും കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതില്‍ എന്താണിത്ര തെറ്റെന്നു മറ്റ് ചിലര്‍ എന്നോട് ആക്രോശിച്ചു കൊണ്ട് ചോദിച്ചു. 

മാതൃദിനം, പിതൃദിനം, ശിശുദിനം, വൃദ്ധരുടെ ദിനം, സുഹൃത്ത് ദിനം, പ്രണയദിനം എന്നൊക്കെ പറഞ്ഞു ആഘോഷിക്കുന്ന ആളുകള്‍ മറ്റ് സാമൂഹിക ദിവസങ്ങളില്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. ഇവിടെ പുകയില വിരുദ്ധ ദിനം, കാന്‍സര്‍ ദിനം, ഭൌമ  ദിനം, ജല ദിനം, പരിസ്ഥിതി ദിനം  എന്നൊക്കെ പറഞ്ഞു പല ദിനങ്ങള്‍ കൂടി ഉണ്ടല്ലോ... തൊട്ടതിനും പിടിച്ചതിനും ആഘോഷവും, കാര്‍ഡു കൊടുക്കലും, കേക്ക് മുറിക്കലും, ഫേസ് ബുക്കില്‍ ലൈക്കും കമെന്റും മാത്രം നടത്തി  ജീവിക്കുന്നവര്‍  ഇടക്കെങ്കിലും ഇത്തരം ദിവസങ്ങളെ ഓര്‍ക്കുമോ എന്തോ ?

ഈ സമൂഹത്തില്‍ നമ്മള്‍ ജീവിക്കുന്നുണ്ട് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്താനെങ്കിലും വല്ലപ്പോഴും ഇത്തരം ദിവസങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക  പ്രവര്‍ത്തന പരിപാടികളില്‍ പങ്കെടുക്കുക. അത് ഒരു പക്ഷെ നമ്മളില്‍ തന്നെ എവിടെയോ ഉറങ്ങിക്കിടക്കുന്ന മാനവികതയെ തൊട്ടുണര്‍ത്താന്‍ സഹായിച്ചേക്കും. 

ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം നല്ലതാണ്. ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ദിവസം തോറുമുള്ള ആഘോഷങ്ങള്‍ നമുക്ക് വേണമോ ? ചിന്തിക്കൂ..

-pravin- 
   

Monday, June 4, 2012

കാലന്‍ കോഴി


കാലന്‍  കോഴിയെ കുറിച്ച്  ഞാന്‍ കുറെ ഏറെ കഥകള്‍ കേട്ടിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങളും കേട്ടിരിക്കാം ഒരുപക്ഷെ എന്നെ പോലെ കണ്ടവരും ഉണ്ടായിരിക്കാം.  കെട്ടു കഥകള്‍ക്കും അപ്പുറം ഇതില്‍ എന്തൊക്കെയോ സത്യങ്ങളുണ്ടെന്ന്  തോന്നിപ്പിക്കുന്ന പല സംഭവങ്ങളും നാട്ടില്‍ എന്‍റെ കുട്ടിക്കാലത്ത്  നടന്നതായി ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്‌.

  കാലന്‍കോഴിയുടെ ശബ്ദം കേട്ട ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ പലരും മരണപ്പെട്ടു. കാലന്‍കോഴി കരയുന്നത് ശ്രദ്ധിച്ചു കേട്ടാല്‍ ഒരു കാര്യം നമുക്കും മനസിലാകും "പോവാ ..പോവാ " എന്ന രീതിയിലാണ് കരച്ചില്‍. എന്‍റെ കൂടെ പോരുന്നോ, എന്നാണു കാലന്‍  കോഴി ചോദിക്കുന്നത്. അറിയാതെ എങ്ങാനും "എന്നാ ശരി ..പോവാ " എന്ന് നമ്മുടെ മനസ്സ്  പറഞ്ഞാല്‍  അതോടു കൂടെ കാര്യങ്ങള്‍ തീരുമാനമായി എന്ന് കൂട്ടിക്കോ. പിന്നെ ചെയ്യാവുന്ന ഏക കാര്യം എല്ലാവരോടും യാത്ര പറഞ്ഞ്, നല്ല വസ്ത്രം ഒക്കെ ഇട്ടു കൊണ്ട് മൂക്കില്‍ പഞ്ഞിയും വച്ച് ഉമ്മറത്ത് ഒരു ഭാഗത്ത് കിടന്നു കൊടുക്കുക എന്നതാണ്. 

  നിങ്ങള്‍ക്ക് ഇപ്പോളും ഞാന്‍ പറയുന്നതിന്‍റെ ഗൌരവം മനസിലായിട്ടില്ല ല്ലേ. എന്‍റെ ചില ഓര്‍മകളിലൂടെ ഒന്ന് പോയി വരാം. അപ്പൊ നിങ്ങള്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ഏറെക്കുറെ മനസിലാകും. എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം. കഴിവതും ഒറ്റയ്ക്ക്, ഇരുട്ടില്‍ ഇരുന്നു വായിച്ചാല്‍ മതി. അപ്പോളെ ഒരു എഫെക്റ്റ് ഒക്കെ കിട്ടുകയുള്ളൂ. 

ഭാഗം 1

  പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളില്‍ ഒരു ആറു- ഏഴു  മണി കഴിഞ്ഞാല്‍ തന്നെ എല്ലാവരും വീടുകളില്‍ എത്തിയിരിക്കും. ഭയങ്കര നിശബ്ദതയില്‍, രാത്രിയില്‍, നെല്‍പ്പാടത്ത് കാറ്റ്  വീശുന്ന ശബ്ദം എല്ലാ വീട്ടിലേക്കും കേള്‍ക്കാം.  ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സന്ധ്യ കഴിഞ്ഞു കാണും. എന്‍റെ അമ്മൂമ്മ , മേലെ പറമ്പിലുള്ള  അമ്മാച്ചന്റെ സമാധിയില്‍ വിളക്ക് വച്ച ശേഷം വീട്ടിലേക്കു വരുകയായിരുന്നു. ദൂരെ എവിടെ നിന്നോ ഒരു മുഴക്കമുള്ള മൂളല്‍ പോലെ ഒരു കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. അന്ന് നാമം ചൊല്ലലും പ്രാര്‍ഥനയും കഴിഞ്ഞ്,   ഉമ്മറ പ്പടിയിലും വരാന്തയിലുമായി വീട്ടുകാര്‍  അല്പം സൊറ പറയാന്‍ ഇരിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു.  അന്ന് വിളക്കുമായി അമ്മൂമ്മ വീട്ടിലേക്കു കയറുന്ന സമയം അവിടെ ഇരിക്കുന്ന എല്ലാവരോടുമായി പറഞ്ഞു. 

"എല്ലാരും ഇങ്ങനെ ഉമ്മറത്തിരിക്കാതെ അകത്തേക്ക് കയറിയിരിക്കിന്‍.. സന്ധ്യാവുമ്പോള്‍ തുടങ്ങിക്കോളും ഒരു വര്‍ത്തമാനം പറച്ചില്‍..ഹും..എല്ലാരും പറഞ്ഞത് കേക്കുണ്ടോ.."

"ഇതെന്താന്നും ങ്ങക്ക് ഞങ്ങള്‍ വര്‍ത്തമാനം പറയണത് കണ്ട്ട്ട് സഹിക്കിണില്ലേ...ന്ഹെ .." കൂട്ടത്തില്‍ ഒരിത്തിരി പ്രായമായ കാളിയമ്മ പറഞ്ഞു. 

"അപ്പൊ ഇയ്യ് കേള്‍ക്കുന്നില്ലേ കാലന്‍ കോഴി കരയുന്നത്..ഇന്നാരെയാണോ നോക്കി വച്ചിരിക്കുന്നത്.. അതിന്‍റെ കണ്ണിന്റെ മുന്നിലിങ്ങനെ പോയി നിക്കണ്ടാന്നു കരുതിയാ എല്ലാറ്റങ്ങളോടും   അകത്തു കയറി പോകാന്‍ പറഞ്ഞത്..അപ്പൊ ന്റെടുത്താണോ കാള്യെ അന്‍റെ  വാശി.." അമ്മൂമ്മ ഒരിത്തിരി ഗൌരവത്തോടെ പറഞ്ഞു. 

എല്ലാവരും അതും കൂടി കേട്ടപ്പോള്‍ അല്‍പ്പം മുഷിവോട് കൂടെ തന്നെ അകത്തേക്ക് കയറി പോയി. പതിവ് സൊറ പറച്ചില്‍ നഷ്ടമായ വിഷമത്തില്‍ കാളി മുഖം ഒന്ന് ഗൌനിപ്പിച്ചു. എന്നിട്ട് വീട്ടിനകത്തേക്ക്‌ സാവധാനം കയറിയിരുന്നിട്ട് കാലന്‍ കോഴിയെ കുറിച്ചു പറയാന്‍ തുടങ്ങി. 

"അല്ല,  ങ്ങക്ക് ഇതെന്തിന്റെ സൂക്കേടാ ..ന്റെ ഇത്രേം കാലത്തെ ജീവിതത്തില്‍ ഇന്ന് വരെ ഈ സാധനത്തിനെ കണ്ടിട്ടില്ല.  എന്നെയൊട്ടു ഉപദ്രവിച്ചിട്ടുമില്ലാ..പിന്നെ ഞാന്‍ എന്തിനാ പേടിക്കുന്നത്..അതൊരു സാധു പക്ഷിയാ..അതിനു പിന്നെ അതിന്‍റെ ശബ്ദം ണ്ടാക്കാതെ ഇരിക്കാന്‍ പറ്റ്വോ ..? "

അമ്മൂമ്മ അതിനൊന്നും മറുപടി കൊടുക്കാതെ വിളക്കില്‍ വയ്ക്കുന്ന തിരികള്‍ ഉരുട്ടിക്കൊണ്ടിരുന്നു. മറ്റുള്ളവര്‍ ഓരോ പുസ്തകവും എടുത്ത് വായിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരുന്നു.   ഇനിയിപ്പോ ഇതിനെ കുറിച്ച് ഒരു ചര്‍ച്ചക്കുള്ള സ്കോപ് ഇല്ലെന്നു മനസിലാക്കിയ കാളിയമ്മ വിശദീകരണം നിര്‍ത്തിയ ശേഷം കാല്‍മുട്ട് തിരുമ്മിക്കൊണ്ട് സാവധാനം എഴുന്നേറ്റു. 

"ന്നാ ശരി കാര്‍ത്തിനിയമ്മേ ..ഞാന്‍ അങ്ങട് നടക്ക്വാണ്..ഇനി ഇപ്പൊ രാത്രിയില്‍ യാത്ര പറയുന്നില്ല .."

കാളിയമ്മ അമ്മൂമ്മയുടെ വീട്ടില്‍ നിന്നും ഒരിത്തിരി അകലെയാണ് താമസം. മക്കളും മരുമക്കളും ഒക്കെയായി സന്തോഷമായി ജീവിക്കുന്ന ഒരു പാവം സ്ത്രീ. കാണുമ്പോള്‍ ആരോഗ്യമൊന്നും തോന്നില്ലെങ്കിലും എല്ലാ കാര്യവും ഒറ്റക്കാണ് ചെയ്യാറ്. കൈയ്യില്‍ ചെറിയ ബാറ്ററി ടോര്‍ച്ചും എടുത്തു പടി ഇറങ്ങുന്ന നേരം അമ്മൂമ്മ പറഞ്ഞു.

"ഒരിത്തിരി കൂടി കഴിഞ്ഞാ ശശി വരും..അപ്പൊ അവനെക്കൊണ്ട്‌ ങ്ങളെ വീട്ടിലേക്കു ആക്കിത്തരാം..അത് പോരെ..ഇപ്പൊ പോണോ.."

"ഏയ്‌..അതൊന്നും വേണ്ട ധാ ഈ പറങ്കി മരോം , രണ്ടു പനേം കഴിഞ്ഞാല്‍ ഞങ്ങളുടെ വാഴത്തോട്ടം , പിന്നെ ഒരു നാലടി നടക്കാനല്ലേ ള്ളൂ..അതിനിപ്പോ ങ്ങള് ആരെയും ബുദ്ധിമുട്ടിക്കണ്ട ന്നും .."

അതും പറഞ്ഞ്,  ഇരുട്ടിലൂടെ ടോര്‍ച്ചും അടിച്ച് കാളിയമ്മ നടന്നകന്നു. ഒരു കൂസലുമില്ലാതെ ..അവരുടെ ധൈര്യത്തെ കുറിച്ചായിരുന്നു പിന്നെ അവിടുള്ളവര്‍ പറയാന്‍ തുടങ്ങിയത്. 

 ആ രാത്രിയോട്‌ കൂടി , കാളിയമ്മ ഒരു കഥയായി അവസാനിക്കുകയായിരുന്നു. ഇരുട്ടിലൂടെ നടന്നു വീട്ടിലെത്തിയ അവര്‍ പതിവ് പോലെ മക്കളും മരുമക്കളുമായി കളിച്ചും ചിരിച്ചും ആ രാത്രിയെ സന്തോഷത്തോടെ യാത്രയയച്ചു. പിറ്റേന്ന് രാവിലെ , അവര്‍ ഉണര്‍ന്നില്ല. മരണകാരണം സര്‍പ്പദംശനം ആയിരുന്നെന്നും അല്ല കാലന്‍കോഴി പ്രാണന്‍ കൊണ്ട് പോയതാണെന്നും പിന്നീട് പലരും അയല്‍ക്കൂട്ടങ്ങളില്‍ ഒരു നെടുവീര്‍പ്പോടെ കുറച്ചു കാലം വരെ സംസാരിച്ചു കൊണ്ടേയിരുന്നു. പിന്നെ എല്ലാവരും അവരെ കുറിച്ചും,  കാലന്‍ കോഴിയെ കുറിച്ചും മറന്നു പോയിരിക്കാം. 

ഭാഗം 2 

  എന്‍റെ പ്ലസ്‌ ടു കാലത്താണ് ഈ കഥ നടക്കുന്നത്. ചില രാത്രി കാലങ്ങളില്‍ നായിക്കള്‍ ഒരിയിടുന്നതും കുരക്കുന്നതും  എല്ലാം കേള്‍ക്കാമായിരുന്നു. അതൊക്കെ സ്വാഭാവികം മാത്രം. ഇതില്‍ അസ്വാഭാവികമായി ഒരിക്കല്‍ ഞങ്ങള്‍ എല്ലാ വീട്ടുകാര്‍ക്കും ഒരു പോലെ തോന്നിയ ഒരു സംഭവമുണ്ടായി. 

 അന്നൊക്കെ രാത്രി ഒരുപാട് വൈകി കഴിഞ്ഞാല്‍ അങ്ങാടിയില്‍ കട പൂട്ടി വരുന്നവരൊക്കെ ഞങ്ങളുടെ ഇടവഴിയിലൂടെ നടന്നു വന്ന്, പുഴക്കടവിലൂടെ ഇറങ്ങി പുഴ മുറിച്ചു കടന്നാണ് അക്കരെയുള്ള വീടുകളിലേക്കും, ചുണ്ടംപറ്റ, നാട്യമംഗലം തുടങ്ങീ പ്രദേശങ്ങളിലേക്കും പോകാറുണ്ടായിരുന്നത്. ഒരു  രാത്രി, അന്ന് ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും ഒറ്റപ്പാലത്തെ തറവാട്ടില്‍ പോയിരുന്നു. ടി.വി കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ സമയം പാതിരയായത് ഞാന്‍ ശ്രദ്ധിച്ചില്ല. 

 സമയം ഒരുപാടായെന്നു മനസിലാക്കിയ  ഞാന്‍  ടി. വി ഓഫ്‌ ചെയ്തു. ഉറക്കം വരുന്നില്ലെങ്കിലും കിടക്കാമെന്ന് കരുതി. പക്ഷെ,  എത്ര  കണ്ണടച്ച്  കിടന്നിട്ടും  ഉറക്കം വരുന്നില്ല. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ളതു കൊണ്ട് ഫാന്‍ പോലും ഇട്ടില്ല. ഉറക്കം വരുമ്പോള്‍ വരട്ടെ എന്ന്  കരുതി  അന്തരീക്ഷത്തില്‍ നടക്കുന്ന  വിവിധ   ശബ്ദങ്ങളെ സസൂക്ഷ്മം  ശ്രദ്ധിച്ചു കൊണ്ട്  ഞാന്‍ അങ്ങനെ കിടന്നു. 


  ആ നിശബ്ദതയില്‍ അപ്പുറത്തെ തൊടിയിലെ  തേക്കിന്‍ മരത്തിന്‍റെ  ഇലകള്‍ വീഴുന്ന ശബ്ദവും ,കാറ്റില്‍ ഇലകള്‍ ഉരയുന്ന  ശബ്ദവും,  ദൂരെ എവിടുന്നൊക്കെയോ നായ്ക്കള്‍ ഓരിയിടുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു. 

 വീടിനു ചേര്‍ന്ന് തന്നെയാണ് ഇടവഴി എന്നുള്ളത് കൊണ്ട് ആ വഴിയില്‍ എന്ത് ശബ്ദം ഉണ്ടായാലും എനിക്ക് കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ, എന്‍റെ ശ്രദ്ധ മുഴുവന്‍  നായ്ക്കളുടെ ഓരിയിടലിലും, തേക്കിന്റെ ഇലകള്‍ വീഴുന്ന പതിഞ്ഞ ശബ്ദത്തിലും മാത്രമായിരുന്നുപൊടുന്നനെ,  ആ സമയത്ത് വ്യത്യസ്തമായ ഒരു ശബ്ദം കൂടി എനിക്ക് കേള്‍ക്കാന്‍ സാധിച്ചു. ഒരു വഴി യാത്രക്കാരന്റെ തേഞ്ഞു പോയ ചെരുപ്പ്  നടക്കുമ്പോള്‍  അയാളുടെ കാലിനടിയില്‍  അടിക്കുന്ന ശബ്ദമായി എനിക്കത് തോന്നി. അത് അക്കരെക്ക് വല്ലവരും നടന്നു പോകുന്നതായിരിക്കും എന്ന് ഞാന്‍ കരുതി. എന്നാലും ഈ സമയത്തൊക്കെ.. ഒറ്റയ്ക്ക് ഈ ഇരുട്ടിലൂടെ , ഇടവഴിയില്‍ കൂടി, വെളിച്ചം പോലുമില്ലാതെ...ഹോ..സമ്മതിക്കണം..

  പക്ഷെ , ആ കാലടി ശബ്ദം അകന്നു പോകുന്നെയില്ല, വീടിനടുത്തേക്ക്  നടന്നു വരുന്ന പോലെ തോന്നി.   ഞാന്‍ വീണ്ടും ചെവി കൂര്‍പ്പിച്ചു. ഇല്ല, ഇപ്പോള്‍ കേള്‍ക്കുന്നില്ല എന്ന് മനസ്സ് പറഞ്ഞ സമയത്ത് തന്നെ എന്‍റെ റൂമിന്‍റെ ജനാലയുടെ അരികിലുള്ള മതില്‍ ആരോ ചാടിയ പോലെ തോന്നി. ഇപ്പോള്‍ ഞാന്‍ അല്‍പ്പം ഭയപ്പെടുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ നിമിഷങ്ങള്‍. ഞാന്‍ കട്ടിലില്‍ നിന്നും പതിയെ എഴുന്നേറ്റു. ലൈറ്റ് ഓണ്‍ ചെയ്യാതെ ജനാലയുടെ അടുത്തേക്ക്‌ നടന്നു. ഇത്രക്കും നിശബ്ദമായ നിമിഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലായിരുന്നു. ജനല് തുറക്കാതെ ഇരുട്ടിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി. പെട്ടെന്ന് , രണ്ടു ചെരുപ്പടികളുടെ ശബ്ദത്തോടെ  , ആരോ ഒരാള്‍  ജനാലയുടെ മുന്‍ ഭാഗത്ത് നിന്നും  പുറത്തെ ചുമരിനോട് ചേര്‍ന്ന് നിന്ന പോലെ. അയാള്‍ അവിടെ മറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി. 

ജനാലയുടെ ചുമരിനോട് ചേര്‍ന്ന ആ ഭാഗത്ത്   മഴ പെയ്യുമ്പോള്‍ ചെളി ആകാതിരിക്കാന്‍ പൊട്ടിയ ഓട്ടിന്‍ കഷണങ്ങള്‍ ഇട്ടിരുന്നു. അയാളുടെ കാലുകള്‍ അതില്‍ അമരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വളരെ വ്യക്തമായി ഞാന്‍ കേട്ടു. പിന്നെ കാത്തു നിന്നില്ല സര്‍വ ശബ്ദവും എടുത്ത് ഉറക്കെ ചോദിച്ചു "ആരാട ..ആരാടാ ..അത് ...!!!"

 എന്‍റെ ശബ്ദം കേട്ടിട്ടും , ഓട്ടിന്‍ കഷണങ്ങള്‍ചവിട്ടി കൊണ്ട് അയാള്‍ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. എന്നെ അത് വല്ലാതെ ചൊടിപ്പിച്ചു. ഇത് കള്ളന്‍ തന്നെ എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ വീട്ടിലെ എല്ലാ ലൈറ്റും കത്താനുള്ള ആ ഒരു സ്വിച്ച് അമര്‍ത്തി. പിന്നെ ടോര്‍ച്ചെടുത്ത് ധൈര്യമായി പുറത്തിറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. ഞാന്‍ ഗേറ്റ് തുറക്കുന്ന ശബ്ദവും വീട്ടിലെ ലൈറ്റും കണ്ടു കൊണ്ടായിരിക്കാം അപ്പുറത്തെ വീട്ടുകാരും വാതില്‍ തുറന്ന്  പുറത്തിറങ്ങി വന്നു. എന്നോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാം വിശദമായി പറഞ്ഞു. അതെ സമയത്ത് തന്നെ അവര്‍ പറഞ്ഞ മറുപടി വിചിത്രമായി എനിക്ക് തോന്നി. കാരണം, കുറച്ചു നേരമായി അവരും ഞാന്‍ പറഞ്ഞ അതെ ശബ്ദങ്ങള്‍ പോലെ മറ്റ് ചില ശബ്ദങ്ങള്‍ അവരുടെ വീടിനു ചുറ്റും കേട്ടു കൊണ്ടിരിക്കുകയായിരുന്നത്രെ. 

എന്തായാലും കള്ളനാണോ എന്നറിയാന്‍ വേണ്ടി സമീപ പ്രദേശങ്ങളില്‍ ഞങ്ങള്‍ ഒരു മണിക്കൂറോളം പല തരത്തിലും തിരഞ്ഞു. വീടിനു പിന്നിലെ തേക്കിന്‍ തൊടിയിലൂടെ കള്ളന്‍ ഓടിയിരുന്നെങ്കില്‍ എത്ര ദൂരെയാണെങ്കിലും ആ ഇലകളില്‍ ചവിട്ടി ഓടുന്ന  ശബ്ദം കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. പിന്നെ മറ്റൊരു വഴി നീണ്ടു കിടക്കുന്ന ഇടവഴിയാണ്. അതില്‍ ബ്രൈറ്റ് ലൈറ്റ് പോലെ വെളിച്ചമുള്ള ടോര്‍ച്ചു കൊണ്ട് അപ്പോള്‍ തന്നെ അടിച്ചു നോക്കിയെങ്കിലും ആരെയും കണ്ടതുമില്ല. പിന്നെ ആകെ ഉള്ള ഒരു ചാന്‍സ് മരത്തിന്റെ മുകളില്‍ കയറി ഇരിക്കുക എന്നതാണ്. അതിന്‍റെ ഭാഗമായി ഞങ്ങള്‍ സംശയം തോന്നുന്ന മരങ്ങളിലെക്കൊക്കെ ടോര്‍ച്ചു വെളിച്ചം കൊണ്ട് പരതി. 

 ഞങ്ങള്‍ ചെക്കന്മാരുടെ നേതൃത്വത്തില്‍ തിരയുന്ന ഒരു കൂട്ടം ആളുകള്‍ ,  അങ്ങനെ ഒരു മരത്തിലേക്ക്  ടോര്‍ച്ചടിച്ചപ്പോള്‍  പെട്ടെന്ന് പേടിക്കുന്ന തരത്തില്‍ ഒരു കാഴ്ച കണ്ടു. ഇരുട്ടില്‍ രണ്ടു ചോര കണ്ണുകള്‍ പോലെ വലിയ ഒരു പക്ഷി ഒരു കൊമ്പത്തിരിക്കുന്നു. കൂട്ടത്തില്‍ പ്രായം കൊണ്ട്  മൂത്ത അയല്‍വാസി ഞങ്ങളോട് ഇനി ടോര്‍ച്ചടിക്കണ്ട അതിന്‍റെ മുഖത്തേക്ക് എന്ന് പറഞ്ഞതിലെ നിഗൂഡത ഞങ്ങള്‍ക്ക് അപ്പോള്‍ മനസിലായില്ല. 

എല്ലാവരും കള്ളനെ തിരച്ചില്‍ നിര്‍ത്തി വീട്ടിലേക്കു കയറാന്‍ നില്‍ക്കുമ്പോളാണ് കാരണവര്‍ പറയുന്നത് ഞങ്ങള്‍ ആ സമയത്ത്  കണ്ടത് കാലന്‍ കോഴിയെ ആയിരുന്നെന്ന്. എന്തായാലും , കള്ളനെ ഒന്ന്  കരുതിയിരിക്കാന്‍ വേണ്ടി അടുത്തുള്ള  എല്ലാ വീടുകളിലേക്കും ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു കൂട്ടുകാരന്‍ കൂടി എനിക്ക് ആ രാത്രി തുണയായി വീട്ടില്‍ നില്‍ക്കാന്‍ തീരുമാനമെടുത്തു കൊണ്ട് അയല്‍ക്കൂട്ടം പിരിഞ്ഞു. അപ്പോളും പട്ടികള്‍ ഓരിയിടുന്നുണ്ടായിരുന്നു. അന്തരീക്ഷം ആകെ മൊത്തം ഒരു പന്തികേട്‌. അന്ന് രാത്രി ആരും അത്ര പെട്ടെന്ന് ഉറങ്ങിയില്ലായിരിക്കാം. കാലന്‍കോഴിയെ കുറിച്ച് ഞാനും കൂട്ടുകാരനും അന്ന് രാത്രി സംസാരിച്ചു. ആ സമയത്ത് കേള്‍ക്കാന്‍ തുടങ്ങിയ ഒരു വികൃത ശബ്ദം കാലന്‍ കോഴിയുടെതാകാം എന്ന അനുമാനത്തില്‍ ഞങ്ങള്‍ എപ്പോഴോ ഉറങ്ങിപ്പോയി. 

 പിറ്റേ , ദിവസം രാവിലെ , ഒരു 9 മണി കഴിഞ്ഞിരിക്കും. അപ്പുറത്തെ സദാനന്ദന്‍ ചേട്ടന്‍റെ വീട്ടില്‍ നിന്നും ഒരു കൂട്ട കരച്ചില്‍ കേട്ടു. ശബ്ദം കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട്‌ ഓടുന്നത് കണ്ടു. ഞാന്‍ കൂട്ടുകാരനെയും കൂട്ടിക്കൊണ്ട് അങ്ങോട്ട്‌ ഓടാന്‍ തുടങ്ങി. വീട് ആളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. കരച്ചിലുകള്‍ കൂടുതല്‍ ഉച്ചത്തിലായി കൊണ്ടിരിക്കുന്നു. അവിടെ നില്‍ക്കുന്നവരോട് ഞങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 

എന്നും രാവിലെ പതിവ് പോലെ എഴുന്നേറ്റ്, പത്രം വായനയും, ചായ കുടിയും കഴിഞ്ഞ്, അങ്ങാടിയിലേക്ക് ഇറങ്ങാന്‍ വേണ്ടി കുളിച്ച് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ ആണ് സദാനന്ദന്‍ ചേട്ടന് തളര്‍ച്ചയും നെഞ്ച് വേദനയും വന്നത്. അപ്പോള്‍ തന്നെ തറയില്‍ കുഴങ്ങി വീണു. മരിച്ചെന്നു ഉറപ്പായെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന രംഗങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ കണ്ടത്. 

ഞാനും കൂട്ടുകാരനും അല്‍പ്പം മാറി നിന്നു കൊണ്ട് കഴിഞ്ഞ  രാത്രിയിലെ കാര്യങ്ങള്‍ പറഞ്ഞു. രാത്രി കാലന്‍ കോഴിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ ഇനി അടിക്കരുത് എന്ന് പറഞ്ഞത് സദാനന്ദന്‍ ചേട്ടന്‍ ആയിരുന്നു. ആ സദാനന്ദന്‍ ചേട്ടന്  പെട്ടെന്ന് ഇങ്ങനെ  ഒരു മരണംസംഭവിക്കും എന്ന് കഴിഞ്ഞ രാത്രിയില്‍ പിരിയുമ്പോള്‍ ആരും കരുതിയത്‌ പോലുമില്ല. എല്ലാവരും കുറെ നേരം ഇത് തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോളേക്കും ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് മൃതശരീരം കൊണ്ട് തിരിച്ചെത്തിയിരുന്നു. 

അദ്ദേഹം മരിച്ചു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിരിക്കും, ഞങ്ങള്‍ അന്ന് കാലന്‍ കോഴിയെ കണ്ടെന്നു പറയുന്ന വലിയ മരം പകുതി ഭാഗം പൊട്ടി വീണത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. വിശദീകരണങ്ങള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ട് ആരും അതിനെ കുറിച്ച് കൂടുതല്‍ ഒന്നും സംസാരിച്ചതായി ഓര്‍മയില്ല. 

 *(ഈ കഥകള്‍  വിശ്വസിച്ചാലും ഇല്ലെങ്കിലും,  ഇനി ബാക്കിയുള്ളത് നിങ്ങളുടെ  വെറും വിശ്വാസങ്ങള്‍ മാത്രം. അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.)
-pravin-