Wednesday, December 24, 2014

തിരയും തീരവും


തിരക്ക് തീരത്തിനോടുള്ള 
പ്രണയത്തിന്റെ 
കാൽ ഭാഗം പോലും 
അത് പ്രകടിപ്പിച്ചിട്ടില്ല. 

ഓരോ തിരയും അതിന്റെ 
പ്രണയം പറയാനാകാതെ 
തീരത്തിന് പോലുമറിയാത്ത 
കാമുകനായി മരിച്ചു പോകുന്നു. 

ഓരോ തിരയും ഓരോ ജന്മങ്ങളെന്ന
പോലെ ഒന്നിന് പുറകെ ഒന്നായി 
തീരത്തേക്കിരച്ചു കയറാൻ ശ്രമിക്കുമ്പോഴും 
തീരം ഒന്നുമറിയാതെ കാത്തിരിക്കുന്നു. 

തിരയുടെ പ്രണയ സാക്ഷാത്ക്കാര
ദിവസത്തിൽ ഭൂമിയിലെ സർവ്വ ചരാ-
ചരങ്ങളും ജീവൻ ബലി കൊടുത്തു 
കൊണ്ട് അന്നേ വരെ കാണാത്ത 
തീവ്ര പ്രണയത്തിന്റെ സാക്ഷികളാകുക തന്നെ ചെയ്യും. 

-pravin-

Sunday, December 14, 2014

പ്രണയാന്ധൻ

ഏറ്റവും മനോഹരമായി 
പ്രണയിക്കാൻ അറിയാമെനിക്ക്.
പക്ഷേ എന്റെ പ്രണയം നിങ്ങൾ 
കണ്ടു കൊള്ളണമെന്നില്ല, 
അറിഞ്ഞു കൊള്ളണമെന്നുമില്ല. 
ഒരു പക്ഷേ എന്റെ പ്രണയം 
ഏറ്റവും കൂടുതൽ അറിയാനും 
അനുഭവിക്കാനുമാകുക 
നിങ്ങളിലെ ഏറ്റവും കാഴ്ചയില്ലാത്ത  
ഒരാൾക്ക്‌ മാത്രമായിരിക്കും. 
കാരണം, ഞാനും എന്റെ പ്രണയവും 
അത്ര മേൽ അന്ധരാണ്.
-pravin-

Monday, December 1, 2014

സദാ അടയുന്ന വാതിലുകൾ

വലിയ വിസ്താരമുള്ള മുറി. നാല് ഭാഗവും ഉയരത്തിലുള്ള ചുവരുകൾ. ഓരോ ചുവരിനും  വെവ്വേറെ  വാതിലുകൾ. അങ്ങിനെയാകെ മൊത്തം നാല് ചുവരുകളും നാല് വാതിലുകളും. അതുനുള്ളിലായിരുന്നു അയാളുടെ കാലങ്ങളായുള്ള ഏകാന്ത വാസം. വാതിലുകൾ വെറുതെയായിരുന്നു. അയാൾക്ക് പുറത്തേക്ക്  പോകാനേ സാധിക്കുമായിരുന്നില്ല. എന്നെങ്കിലും പുറത്തേക്കു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയുടെ പ്രതീകങ്ങൾ മാത്രമായിരുന്നു ആ വാതിലുകൾ.  

തടവറയുടെ ഉയർന്ന മേൽക്കൂരയിലേക്ക് കണ്ണ് നട്ട്  കിടക്കുമ്പോൾ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം അയാൾക്ക്‌ എങ്ങിനെയോ കാണാമായിരുന്നു. ആ കാഴ്ച മാത്രമാണ് അയാളുടെ ഏക ആശ്വാസവും ധൈര്യവും. ദൈവത്തിനും തനിക്കും  ഇടയിലെ ഏക  മറയായി നിൽക്കുന്നത്  ആ മേൽക്കൂര മാത്രമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. 

ചില സമയങ്ങളിൽ കാലം അയാൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യാറുണ്ട്. നിബന്ധന ഒന്നേ ഒന്ന് മാത്രം. വാതിലുകളിൽ ഏതോ ഒന്ന് ചില നിമിഷങ്ങൾക്കായി മാത്രം തുറക്കപ്പെടും. ആ സമയം തുറന്നു കാണുന്ന വാതിലിലൂടെ അതിവേഗം ഓടി പുറത്തു പോകാൻ സാധിക്കണം. എന്നാൽ മാത്രമേ  സ്വാതന്ത്ര്യം കിട്ടുകയുള്ളൂ. 

ഏത് നിമിഷവും തുറന്നേക്കാവുന്ന വാതിലുകൾ. പ്രതീക്ഷയോടെ  നാല് ചുവരിലുമുള്ള വാതിലുകളെ അയാൾ മാറി മാറി നോക്കും. വാതിൽ തുറക്കാതെ കാലം ആ രംഗം ആസ്വദിച്ചു കൊണ്ടുമിരിക്കും . ക്ഷീണം കാരണം അയാൾ കുഴങ്ങി വീഴുമ്പോൾ പലപ്പോഴും  വാതിലുകൾ മലർക്കെ തുറക്കപ്പെടുമായിരുന്നു.  എന്നാൽ ശബ്ദം കേട്ട് കണ്ണ് തുറക്കുമ്പോൾ അടയുന്ന വാതിലുകളെ മാത്രമേ അയാൾക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ. 

ഇതെന്തൊരു പരീക്ഷണമാണ് ദൈവമേ  എന്ന് ആകാശത്തിന്റെ ആ ചെറിയ കഷ്ണത്തെ നോക്കി അയാൾ ചോദിക്കുമായിരുന്നു. മേൽക്കൂരക്ക് അപ്പുറത്തുള്ള  ദൈവമാകട്ടെ അയാളോട്  പറയാനൊരു  മറുപടിക്കായി കാലത്തിന്റെ മുഖത്തേക്ക് ദയനീയമായി നോക്കും. എന്നത്തെയും പോലെ കാലം അലസമായി ദൈവത്തോട്  പറയുമത്രേ നീതിയുടെ വാതിലുകൾ അങ്ങിനെ തന്നെയാണെന്ന്. 
-pravin- 

Sunday, November 16, 2014

വേട്ടയാടപ്പെടുന്ന പേരുകൾ

നിന്റെ പേരെന്താ ?
ശശി..
ഹ ഹ ഹ ഹാഹ് !!

നിന്റെയോ ?
ഷക്കീല 
ഹ ഹ ഹ ഹാഹ് !!

പേരുകൾ വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും 

പേര് മാറ്റാൻ തീരുമാനിച്ച ചിലർ 
തുടർ നടപടികളുമായി മുന്നോട്ട് പോയി.
അവിടെയും അതേ ചോദ്യോത്തരങ്ങൾ  ആവർത്തിക്കപ്പെട്ടു-
എന്തായിരുന്നു നിങ്ങളുടെ ആദ്യത്തെ പേര് ?
ശ ..ശ ..ശശി..
ഷ ..ഷ ..ഷക്കീല..
വീണ്ടും അതേ പൊട്ടിച്ചിരികൾ 
വീണ്ടും അതേ പരിഹാസങ്ങൾ 

ശശിയും ഷക്കീലയും എന്തിനെന്നില്ലാതെ 
അപമാനിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
പരിഹസിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
ക്രൂശിക്കപ്പെട്ടു കൊണ്ടേയിരുന്നു. 

ഒടുക്കം ശശിയും ഷക്കീലയും ആ കടും കൈ ചെയ്തു.
ഒരു ശ്രീകണ്ഠൻ നായർ സ്റ്റൈലിൽ 
ലോകത്തോട് അവർ പറഞ്ഞു- 
ഒരു വലിയ 'ഗുഡ് ബൈ' 

 മരണം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാരും 
എഫ് ഐ ആർ എഴുതാൻ വന്ന പോലീസുകാരും 
മരിച്ചവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ 
ചിരിയടക്കാൻ പാട് പെട്ടു. 

മരിച്ചതാരൊക്കെയാണ്- ആകാംക്ഷയോടെയുള്ള ചോദ്യങ്ങൾ 
ശശിയും ഷക്കീലയും - ചിരിയോടു കൂടെയുള്ള ഉത്തരങ്ങൾ 

മരണ ശേഷവും പേരുകൾ  വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും .

-pravin- 

Saturday, November 1, 2014

അയൽ രാജ്യങ്ങൾ

കുറെ കാലങ്ങളായി ശത്രുതയിലുള്ള രണ്ടു അയൽ രാജ്യങ്ങൾ. ഒടുക്കം അവർ എല്ലാ പ്രശ്നങ്ങളും പറഞ്ഞു 'കോമ്പ്ലിമെന്റ്' ആക്കാൻ തീരുമാനിച്ചു. എങ്ങിനെ സമാധാനം കൈവരിക്കാം എന്നതായി പിന്നീട് രണ്ടു രാജ്യങ്ങളുടെയും നയതന്ത്ര വിഭാഗ മേധാവികളുടെ ചിന്ത. അങ്ങിനെ അവരൊരു പൊതു തീരുമാനത്തിലെത്തി. അതിർത്തിയിൽ വച്ച് ഇരു രാഷ്ട്രത്തലവന്മാരും കൂടെ ഒരു ഡസൻ വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തി വിടുക. ശേഷം ഹസ്ത ദാനവും സമാധാന കരാർ ഒപ്പ് വക്കലും. 

പറഞ്ഞുറപ്പിച്ച ദിവസം എല്ലാവരും അതിർത്തിയിൽ ഇരു തലക്കിലായി ഹാജരായി. രണ്ടു കൂട്ടരും വലിയ ഒരു കൂട്ടിൽ വെള്ളരി പ്രാവുകളെ കൊണ്ട് വന്നിരുന്നു. പ്രാവുകൾ എന്തിനെന്നില്ലാതെ പരസ്പ്പരം കുറുകി കൊണ്ടിരുന്നു. അവർക്കറിയില്ലല്ലോ തങ്ങൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി ആകാശത്തേക്ക് പറന്നുയരാൻ പോകുകയാണെന്ന്. കൂട്ടിലുണ്ടായിരുന്ന ചെറു ഭക്ഷണവും കഴിച്ചു കൊണ്ട് അവർ പുറത്തു നടക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്ര തലവന്മാർ നേർക്ക്‌ നേരെ നടന്നടുത്തു. ഒരു ക്യാമറമാനെ പോലെ ഒരു സൈനികൻ പ്രാവുകളുടെ കൂടുമെടുത്ത് കൊണ്ട് അവർക്ക് പിന്നാലെയും. രണ്ടു പേരും പ്രാവുകളെ പറത്തി വിടാൻ വേണ്ടി ഒരേ സമയം കൂട് തുറന്നു. പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ പ്രാവുകൾ കൂട്ടിൽ നിന്ന് ഒരൊറ്റ പറക്കൽ. " ട്ടെ..ട്ടെ" എന്നൊരു ശബ്ദം. അതിർത്തി കടന്നു വന്ന ഒരു പ്രാവിനെ ഒരു സൈനികൻ വെടി വച്ച് വീഴ്ത്തി. ഇത് കണ്ട രാഷ്ട്രത്തലവൻ തന്റെ സൈനികനോട് കോപത്തോടെ ചോദിച്ചു. 

"താനെന്തിനാ ആ പ്രാവിനെ വെടി വച്ചിട്ടത് ?"

എന്നത്തേയും പോലെ അതിർത്തി കടന്നു വരുന്ന ജീവനുകളെ വെടി വച്ചിടുന്ന ശീലത്തിൽ അറിയാതെ കൈ യാന്ത്രികമായി ചലിച്ചതാണെന്നും മാപ്പ് തരണമെന്നും സൈനികൻ കെഞ്ചി. രാഷ്ട്ര തലവൻ അയാളോട് ക്ഷമിച്ചു. ശേഷം, നിശബ്ദനായി നിന്ന മറ്റേ രാഷ്ട്രത്തലവനെ ഹസ്ത ദാനത്തിനായി ക്ഷണിച്ചു. അയാളാകട്ടെ കോപത്തോടെ ആ ക്ഷണം നിരാകരിച്ചു. എന്നിട്ട് രണ്ടു നിമിഷത്തെ നിശബ്ദതക്കു ശേഷം പറഞ്ഞു. 

"ശരി. ഹസ്തദാനം നടത്താം. പക്ഷെ നിങ്ങളുടെ സൈനികൻ കൊന്ന ഞങ്ങളുടെ വെള്ളരിപ്രാവിനു പകരം ഞങ്ങൾ തിരിച്ചു നിങ്ങളുടെയും ഒന്നിനെ കൊല്ലുന്നു." പറഞ്ഞു തീരുന്നതിനു മുൻപേ എങ്ങോട്ട് പോകണം എന്നറിയാതെ അവരുടെ തലക്ക് മുകളിലൂടെ പാറി നടന്ന ഒരു പ്രാവിനെ അവരുടെ സൈനികനും വെടി വച്ചു കൊന്നു. അതിന് ശേഷം ഹസ്ത ദാനത്തിനു തയ്യാറായി ചെന്ന രാഷ്ട്ര തലവനോട് മറ്റെയാൾ പറഞ്ഞു. 

"നിൽക്കട്ടെ .. ഇപ്പോൾ സമാ സമം. എന്തായാലും തുടങ്ങിയ സ്ഥിതിക്ക് ഈ കളിയിൽ ഞങ്ങൾക്ക് ഒരു പിടി മുന്നിൽ നിന്നേ പറ്റൂ. അതാണ്‌ ഞങ്ങളുടെ പാരമ്പര്യം "

"ഓഹോ ..അങ്ങിനെയെങ്കിൽ ഞങ്ങൾക്കും ഒന്ന് ആലോചിക്കണം. തോറ്റ് കൊടുക്കുന്നതല്ല ഞങ്ങളുടെ പാരമ്പര്യവും". 

പിന്നീട് മണിക്കൂറുകൾ നീണ്ട വെടി വപ്പായിരുന്നു ആകാശത്തേക്ക്. വെള്ളരിപ്രാവുകൾ ഓരോരോന്നായി ചത്ത്‌ വീണു. വെടി വച്ച് കൊല്ലുന്ന  വ്യഗ്രതക്കിടയിൽ  ആര് ആരുടെയൊക്കെ  പ്രാവുകളെയാണ് കൊല്ലുന്നത് എന്ന് പോലും ശ്രദ്ധിച്ചില്ല. അവസാനം ശേഷിക്കുന്ന രണ്ടു പ്രാവുകൾക്കായി സൈനികർ വെടി വച്ച് കൊണ്ടിരിക്കുകയാണ്.  

ആകാശത്തിന് അതിരുകളില്ലാ എന്ന ധാരണയിൽ ദൂരേക്ക് പറന്നു കൊണ്ടിരുന്ന അവസാനത്തെ ആ രണ്ടു പ്രാവുകൾക്കും പിന്നീട് വെടിയേറ്റു. ആകാശത്ത് നിന്ന് രണ്ടു പൂക്കൾ പൊഴിയും പോലെ താഴേക്ക് പതിച്ചു കൊണ്ടിരുന്ന അവർക്ക് അവസാനമായി ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രാണൻ പോകുന്ന സമയത്തിനുള്ളിൽ രണ്ടു രാജ്യങ്ങളുടെയും അതിർത്തിയിലേക്ക് നന്നായി ഒന്ന് കാഷ്ടിക്കുക. 

-pravin- 

Monday, October 13, 2014

ചരമകോളംഈ ഭൂമിയിൽ  ഇത്രയുമധികം പേർ ജനിച്ചിരുന്നോ? 
ചരമ കോളം വായിക്കുമ്പോൾ ഞാൻ ചിന്തിച്ചു. 

എത്ര വ്യത്യസ്തരായ മനുഷ്യർ. 
ദേശവും ഭാഷയും മതവും ഒന്നിക്കുന്ന കോളം. 
സ്ഥായിയായ മുഖഭാവങ്ങൾ. 
ഒരു പോലെ ദുഖാർത്തരായ വരികൾ.  

പഴം പൊരി പൊതിഞ്ഞു കൊണ്ട് വന്ന പത്രം. 
ചരമ കോളത്തിൽ നിന്ന് ഒരേ കോലാഹലം. 
 അവർ ഒരേ സ്വരത്തിൽ പറഞ്ഞു
"എണ്ണ പഴകിയിരിക്കുന്നു മോനെ, മഞ്ഞൾപ്പൊടിയിലും മായം"

പഴംപൊരി ഞാൻ ഉപേക്ഷിച്ചു. 
കൂടെ ആ പത്രവും. 

ഈ ഭൂമിയിൽ ഇങ്ങിനെയുള്ള ആളുകളും ജീവിച്ചിരുന്നോ ?
ആ...അറിയില്ല ..ഞാൻ ആ  ചിന്ത അവസാനിപ്പിച്ചു. 
-pravin-

Monday, October 6, 2014

ഒറ്റ വാക്കിൽ ചിലത്


കാലം

ജീവിതത്തിൽ നമ്മൾ എന്തിനൊക്കെയോ വേണ്ടി ഓടുമ്പോഴും 'കാലം' സാവധാനം നടക്കുക മാത്രമാണു ചെയ്യുന്നത്‌. അനന്തരം നമ്മൾ 'മരണ'ത്തിലേക്ക്‌ ഓടിയടുക്കുന്നു. 'കാലം' സാവധാനം 'സത്യ'ത്തിലേക്കും. 

ഒരു പാവം ഭീകരൻ ! 

മതനിന്ദയാണോ ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട. അവനെയങ്ങു തട്ടിയേക്ക്. 

ചരിത്രം 

സ്റ്റിയറിംഗ് കഴിഞ്ഞാൽ ഏറ്റവുമധികം തിരിച്ചും പിരിച്ചും വളച്ചൊടിക്കാൻ പറ്റുന്ന സാധനം "ചരിത്രം" തന്നെയാണ്.  

വിലക്കയറ്റം 

ആദര്‍ശങ്ങളുടെ വില കുറഞ്ഞപ്പോള്‍ മുഖം മൂടികളുടെ വില കൂടി.

ആയുധ മനസ്സ് 

ആയുധങ്ങള്‍ക്ക് സ്വയമേ തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനും കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ എന്നേ അക്രമങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും എന്നേ വിട്ടു നില്‍ക്കുമായിരുന്നു.

നിനക്ക് വേണ്ടി 

കാത്തു വക്കുന്നതും കാത്തിരിക്കുന്നതും നിനക്ക് വേണ്ടിയെങ്കില്‍ അതില്‍പ്പരം മനോഹരമായ മറ്റൊന്നീ ലോകത്തിലെനിക്കിനി ചെയ്യാനില്ല .


അമ്മമാരുടെ ദിനം 

വൃദ്ധ സദനങ്ങളുടെ എണ്ണം കൂടും തോറും മാതൃദിനം ആചരിക്കുന്നവരുടെ/ആഘോഷിക്കുന്നവരുടെ  എണ്ണവും കൂടി കൊണ്ടിരിക്കും. ചുരുക്കത്തിൽ അമ്മമാരുടെ ദിനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 

-pravin- 

Friday, September 5, 2014

'അവൻ' നിരപരാധിയാണ് !


ഭാഗം ഒന്ന് 

വാനിന്റെ പിൻ വാതിൽ തുറന്ന ശേഷം അവൻ പുറത്തേക്ക് എടുത്ത് ചാടി.  അവരുടെ കയ്യിൽ നിന്ന് ഏതു വിധേനയും രക്ഷപ്പെടാനുള്ള അവന്റെ ആദ്യത്തേതും അവസാനത്തേതുമായ ഒരു ശ്രമം കൂടിയായിരുന്നു ആ എടുത്തു  ചാട്ടം. ചുറ്റും നോക്കിയപ്പോൾ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം മാത്രമായിരുന്നു അവന്റെ കാഴ്ചയിൽ. ഇരുളടഞ്ഞ തടവറയിലെന്ന പോലെയുള്ള  താമസവും അലച്ചിലും അവനെ ക്ഷീണിതനാക്കിയിട്ടുണ്ട്. ഒരു വലിയ പൊന്തക്കാടിനു അടുത്തെത്തിയപ്പോൾ അവൻ തളർന്നു വീണു. ക്ഷീണം കാരണം അവനു മയങ്ങാതിരിക്കാൻ സാധിച്ചില്ല. കണ്ണുകൾ നിദ്രയിലേക്ക് ഊളിയിട്ടു പോകുമ്പോഴും  ജീവിതത്തിൽ അവനു പിന്നിടേണ്ടി വന്ന വഴികൾ ഒരു ദുസ്വപ്നം പോലെ അവനെ വേട്ടയാടി കൊണ്ടിരുന്നു. 

നഗരത്തിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിലെ   ആരും വന്നു കയറി നോക്കാൻ ധൈര്യപ്പെടാത്ത ഇരുട്ട് പിടിച്ച  മുറിയിലായിരുന്നു   അവന്റെ താമസം. അവനെവിടെയാണെങ്കിലും ആവശ്യക്കാർ അവനെ തേടിയെത്തും. അതായിരുന്നു  പതിവ്. ജന്മം തന്നവർ ആരാണെന്ന് ഊഹിക്കാൻ പോലും വയ്യ. ഒരു കൂട്ടം ആളുകൾ, അവരുടെ ചിന്തകളിലാണ് അവനാദ്യം ജനിക്കുന്നത്. പിന്നെ അവരുടെ ഇഷ്ടം പോലെ അവനെ അവർ പല പല   രൂപത്തിൽ മാറ്റി സൃഷ്ടിച്ചു കൊണ്ടേയിരുന്നു.  ചിലപ്പോൾ കാറിന്റെ രൂപത്തിൽ, ചിലപ്പോൾ പേനയുടെ രൂപത്തിൽ, ചിലപ്പോള്‍ കളിപ്പാട്ടത്തിന്റെ രൂപത്തിൽ, അങ്ങിനെ കുറഞ്ഞ കാലം കൊണ്ട് അവന് പല പല രൂപങ്ങൾ  സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലോ അവനിപ്പോഴും സ്വന്തമായൊരു രൂപമില്ല  താനും. സമയവും സന്ദർഭവും ആവശ്യക്കാർക്കും അനുസരിച്ച് സ്രഷ്ടാക്കള്‍ അവനെ  രൂപം മാറ്റി സൃഷ്ട്ടിച്ചു കൊണ്ടേയിരിക്കുകയാണ്. 

സ്വന്തമായൊരു തീരുമാനം എടുക്കാൻ ഇന്ന് വരെ അവനു കഴിഞ്ഞിട്ടില്ല. പൊട്ടുക അല്ലെങ്കിൽ പൊട്ടിത്തെറിക്കുക എന്നതാണ്  സ്രഷ്ടാക്കൾ അവനു കൽപ്പിച്ചു കൊടുത്ത ആപ്ത വാക്യം പോലും.   ഓരോ പൊട്ടിത്തെറിയിലും അവന് തന്‍റെ രൂപം നഷ്ട്ടപ്പെടുമായിരുന്നെങ്കിലും ഒരിക്കലും  മരണം സംഭവിക്കില്ലായിരുന്നു. ഓരോ പൊട്ടിത്തെറിക്ക് ശേഷവും രൂപമോചിതനാകുമായിരുന്ന അവൻ  വായുവിൽ സ്വതന്ത്രനായി പൊന്തി പാറി വരുമ്പോഴേക്കും  സ്രഷ്ടാക്കൾ  അടുത്ത കർമ്മ  പദ്ധതിക്കായി അവനെ ആ പഴയ ഇരുട്ട് മുറിയിലേക്ക്  ആവാഹിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അവനിന്ന് വരെ സ്വാതന്ത്ര്യത്തിന്റെ പൂർണത അനുഭവിച്ചിട്ടില്ല. സൃഷ്ടാക്കളുടെ ചിന്തയിൽ വിരിയുന്ന തന്റെ  അടുത്ത രൂപം എന്താകുമെന്നും കാത്തു കൊണ്ട് അനുസരണയുള്ള ഒരു കുട്ടിയെ പോലെ  അവൻ അദൃശ്യനായി ആ ഇരുട്ട് മുറിയിൽ ചുറ്റി തിരിഞ്ഞു കൊണ്ടേയിരിക്കും. 

സ്ഫോടനാത്മകമായ അന്തരീക്ഷം, അതിൽ പാറി നടക്കാൻ ഒരു കാലത്ത് അവനും ഇഷ്ടമായിരുന്നു. സ്വയം പൊട്ടുമ്പോൾ ഉണ്ടാകുന്ന ധൂമ പടലങ്ങളിൽ അന്നൊക്കെ അവൻ ആനന്ദിക്കുകയും ചെയ്തിട്ടുണ്ട്.  പൊട്ടിത്തെറിയിൽ തനിക്കു ചുറ്റും എന്തൊക്കെ നശിക്കുന്നു, ആരെല്ലാം മരിക്കുന്നു എന്നൊന്നും അവൻ ചിന്തിച്ചിരുന്നില്ല. അതെല്ലാം ചിന്തിക്കാനുള്ള ശേഷിയും  അവനു കുറവായിരുന്നു. പക്ഷെ ഒരിക്കൽ അവനൊരു  ചോറ് പാത്രമായി രൂപം കൈക്കൊണ്ട നാൾ. അങ്ങാടിയിലെ  തിരക്കുള്ള ഒരു സ്ഥലത്ത് അവനെ  ഒറ്റക്കാക്കി സ്രഷ്ടാക്കൾ കടന്നു കളഞ്ഞ നേരം. ഭിക്ഷയെടുത്ത്‌ നടക്കുന്ന ഒരമ്മയും മകനും അവന്റെ അടുക്കലേക്കു വന്നു. ആ കുഞ്ഞു കൈകൾ അവനെ കുസൃതിയാൽ തഴുകി. ചോറ് പാത്രം തുറക്കപ്പെട്ടതും വലിയൊരു ശബ്ദത്തോട് കൂടെ അവൻ പൊട്ടിത്തെറിച്ചു. രൂപ സ്വതന്ത്രനായി അവൻ വായുവിലേക്ക് പൊങ്ങി ഉയരുമ്പോൾ ചോരയൊറ്റുന്ന  ഒരു കുഞ്ഞിക്കൈ അവന്റെ കൂടെയുണ്ടായിരുന്നു. ആ സംഭവം അവനെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. അതിനു ശേഷം തിരക്കുള്ള നഗരങ്ങളിലോ, കെട്ടിടങ്ങളിൽ നിന്നോ  പൊട്ടിത്തെറിക്കാൻ തയ്യാറാകുമ്പോൾ അവനൊന്നു ശ്രദ്ധിക്കുമായിരുന്നു. ആ സമയത്ത് നിഷ്കളങ്കതയുടെ ഒരു  കുഞ്ഞു കൈ പോലും  തന്റെ സമീപം വരരുതേ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിക്കുമായിരുന്നു. പലപ്പോഴും അതവൻ  സ്രഷ്ടാക്കളോട്  പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ എന്ത് കാര്യം? അവന്റെ സ്രഷ്ടാക്കൾക്ക്   അങ്ങിനെ ഒരു നോട്ടമോ ചിന്തയോ  ഉണ്ടായില്ല. ആര് മരിച്ചാലും അവർക്ക് കുഴപ്പമില്ലായിരുന്നു. ഓരോ പൊട്ടിത്തെറിയിലും ജീവൻ ചിതറുന്നവരുടെ  എണ്ണം കൂടണം എന്ന് മാത്രമേ അവർക്ക് ചിന്തയുള്ളൂ. അതിൽ മുതിർന്നവനെന്നൊ കുഞ്ഞെന്നോ വക ഭേദമില്ല. 

തുടരെ തുടരെയുള്ള  സ്ഫോടനങ്ങളിൽ പലരും കൊല്ലപ്പെട്ടു.  നിരപരാധികളായ കുഞ്ഞുങ്ങളായിരുന്നു അധികവും ബലിയാടുകൾ. പാവം കുഞ്ഞുങ്ങൾ അവർക്കെന്തറിയാം ഈ ലോകത്തെ കുറിച്ച്? അവൻ മാറി ചിന്തിക്കാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നു അതെല്ലാം. ഇനിയൊരിക്കലും പൊട്ടിത്തെറിക്കാൻ താനൊരുക്കമല്ല എന്ന് സ്രഷ്ടാക്കളോട്  പറയാൻ അവൻ ആഗ്രഹിച്ചു. പക്ഷെ അത് കൊണ്ടെന്തു കാര്യം, സ്വന്തമായൊരു തീരുമാനമെടുക്കാനോ അതനുസരിച്ച്  പ്രവർത്തിക്കാനോ അവന് കഴിയില്ല ല്ലോ. 

സൃഷ്ട്ടാക്കളിൽ നിന്നും, ഉപഭോക്താക്കളിൽ നിന്നുമെല്ലാം  ദൂരെ എവിടേക്കെങ്കിലും  ഓടിയൊളിക്കണം. ഇനിയൊരിക്കലും ആരുടേയും ചിന്തയിൽ ജനിക്കാതെ വായുവിൽ സ്വതന്ത്രമായി പാറി നടക്കണം, ഇനിയൊരിക്കലും താൻ നിമിത്തം ഒരു സ്ഫോടനം നടക്കരുത്. അതെല്ലാമാണ്‌  ഇപ്പോഴത്തെ അവന്റെ ആഗ്രഹങ്ങൾ. അതിനുള്ള ഒരവസരം കാത്തിരിക്കുകയായിരുന്നു അവൻ.  ഇപ്പോഴുണ്ടായ ഈ കുതറിയോട്ടമെല്ലാം അതിന്റെ ഭാഗമാണ്. അങ്ങിനെയെങ്കിലും  സ്വന്തമായി ഒരു  തീരുമാനമെടുക്കാൻ സാധിച്ചല്ലോ എന്ന ആശ്വാസത്തിലാണ് അവനിപ്പോൾ. അതിന് വലിയൊരു   കാരണവുമുണ്ട് . എല്ലാ തവണത്തെയും പോലെ അനങ്ങാൻ കഴിയാത്ത ഒരു ഖര പദാർത്ഥമായല്ല ഇത്തവണ അവനെ അവർ സൃഷ്ട്ടിച്ചത്. അത്യാവശ്യത്തിന് ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യരൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. 

തുടരെ തുടരെ ബോംബുകൾ ഉണ്ടാക്കുകയും പിന്നീട് അത് പൊട്ടിത്തെറിക്കേണ്ട സ്ഥലത്ത് കൊണ്ട് പോയി നിഷേപിക്കുകയും ചെയ്യേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും, പിടിക്കപ്പെടാനുള്ള സാധ്യതകൾ കുറക്കാനുമായാണ് സ്രഷ്ടാക്കൾ പുതിയ സ്ഫോടന തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ സ്വമേധാ സാഹചര്യങ്ങളെ മനസിലാക്കി കൊണ്ട് സ്വയം പൊട്ടി തെറിക്കുന്ന ബോംബുകളാണ് ഈ കാലത്തിന് ഏറ്റവും അനുയോജ്യമെന്ന് അവന്റെ സ്രഷ്ടാക്കൾ മനസിലാക്കി കഴിഞ്ഞിരുന്നു. 

ഒറ്റ നോട്ടത്തിൽ ഒരു മനുഷ്യനായി തോന്നുമെങ്കിലും അവൻ പൂർണമായും ഒരു മനുഷ്യനായിരുന്നില്ല. അതേ  സമയം മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ അവനും ചെയ്യാൻ സാധിക്കുമായിരുന്നു. ഓടാം, ചാടാം, ഇടിക്കാം, ചിന്തിക്കാം, ശ്രദ്ധിക്കാം. പക്ഷേ എപ്പോഴും നിയന്ത്രണത്തിന്റെ ഒരു നീണ്ട ചരട് അവന്റെ സ്രഷ്ടാക്കളുടെ  കയ്യിൽ തന്നെയുണ്ടാകും. അവരുടെ അസാന്നിധ്യത്തിൽ മാത്രം അവന് പൂർണ സ്വാതന്ത്ര്യം അനുഭവിക്കാം എന്ന് മാത്രം.  

എല്ലാ തവണത്തെയും പോലെയല്ല ഇത്തവണ ഏൽപ്പിച്ച ജോലി. അതൊരൽപ്പം ദുഷ്ക്കരമാണ്. ഒരു മന്ത്രിയെ ബോംബ്‌ വച്ച് കൊല്ലുക എന്നൊക്കെ പറഞ്ഞാൽ, അതും  നിരപരാധികളായ ഒരു വലിയ ജനക്കൂട്ടത്തിനിടയിൽ വച്ച്  ഇല്ലാതാക്കുക എന്നൊക്കെ ചിന്തിക്കുമ്പോൾ എന്തോ അവനൊരു പിടിയുമില്ലായിരുന്നു. പ്രസ്തുത കർമ്മ  പദ്ധതിയുടെ ഭാഗമായി സ്രഷ്ടാക്കൾ  അവനെ സ്ഫോടനം നടക്കേണ്ട സ്ഥലത്തിന് കുറച്ചു ദൂരയായുള്ള ആൾത്താമസമില്ലാത്ത ഒരു വീട്ടിലേക്കു കൊണ്ട് പോകുന്ന വഴിയാണ് അവരറിയാതെ വാനിന്റെ പിൻ ഭാഗത്തെ വാതിൽ തുറന്ന് അവൻ പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. വാനിൽ അവനില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷത്തിൽ തന്നെ സ്രഷ്ടാക്കൾ അവനായുള്ള അന്വേഷണം തുടങ്ങുമെന്ന് ഉറപ്പ്. അതിനു മുൻപേ അവന് രൂപസ്വതന്ത്രനായി രക്ഷപ്പെടാൻ സാധിച്ചാൽ മാത്രമേ ഇപ്പോൾ ചെയ്ത ഈ സാഹസം കൊണ്ടെല്ലാം അവനു കാര്യമുള്ളൂ. 

ഭാഗം രണ്ട് 

ഒരു മൃത ശരീരം കണക്കെ പൊന്തക്കാട്ടിൽ  കിടന്നിരുന്ന  അവനെ ആരോ രഹസ്യമായി വിളിച്ചു. ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ശേഷം അവൻ ചുറ്റുപാടും നോക്കി. ആരുമില്ലായിരുന്നു. തനിക്ക്  തോന്നിയതാകാം എന്ന് കരുതി അവിടെ നിന്ന് പോകാൻ ഒരുങ്ങവേ അവന്റെ കാലിലെന്തോ തടഞ്ഞു. നോക്കുമ്പോൾ മണ്ണിൽ കിടന്ന് തുരുമ്പിച്ച ഒരു കൊടുവാളായിരുന്നു അത്. കാല് കൊണ്ട് കൊടുവാളിനെ തട്ടി നീക്കാൻ ശ്രമിക്കവേ അത് പതിയെ അവനോടായി പറഞ്ഞു. 

" പോകരുത് .. എന്നെ ഒന്ന് സഹായിക്കണം .. ഞാനും നീയുമെല്ലാം ഒരേ ചിന്താഗതിക്കാരാണ് എന്നത് കൊണ്ട് മാത്രം നീയെന്നെ സഹായിച്ചേ മതിയാകൂ ."

ആ ശബ്ദം കേട്ട് ഒരു നിമിഷം അന്താളിച്ചു പോയ അവനോട്  കൊടുവാൾ അതിന്റെ സംസാരം തുടർന്നു. "പേടിക്കണ്ട. ഞാൻ നിന്റെ ശത്രുവല്ല,  എന്നെ നിനക്ക് വലിയ പരിചയം കാണില്ല. എന്നാലും കേട്ട് കാണും എന്റെ പഴയ ചില ചരിത്രങ്ങളൊക്കെ. അറിയ്വോ ? "

"ഇല്ല. എനിക്ക് ഒന്നും അറിയില്ല. എന്നാലും പറയൂ. ഞാൻ എന്താണ് സഹായം ചെയ്യേണ്ടത് ?" അവൻ ശാന്തനായി മുട്ട് കുത്തി നിന്ന് കൊണ്ട് മണ്ണിൽ  പുതഞ്ഞു കിടക്കുന്ന കൊടുവാളിനോട് ചോദിച്ചു. 

"പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ നീയൊക്കെ ജനിക്കുന്നതിനും  എത്രയോ   മുൻപ്. അന്ന് പലരുടെയും ഷർട്ടിന്റെ പിന്നിൽ  ഒളിഞ്ഞിരുന്നു കൊണ്ടായിരുന്നു എന്റെ യാത്ര. പോകുന്ന വഴി സാധുക്കളുടേതടക്കം  പല വമ്പന്മാരുടെയും   തല കൊയ്യുകയും കാലു വെട്ടുകയുമെല്ലാം ചെയ്തിട്ടുണ്ട് ഞാൻ. ഓരോരുത്തരെയും വെട്ടി വീഴ്ത്തുമ്പോൾ എന്റെ ശരീരത്തിലാകമാനം അവരുടെ  ചൂട് ചോര ഒഴുകി ഒലിക്കുമായിരുന്നു. അന്ന് ഞാൻ കരുതിയത് അതെല്ലാം ധീരമായ എന്തോ വലിയ കാര്യങ്ങളായിരുന്നു എന്നാണ്.  ഒരിക്കൽ എന്റെ ആ ധാരണ മാറിയ ഒരു സംഭവമുണ്ടായി. അന്നൊരു കലാപ സമയത്ത് ഒരു ഗർഭിണിയുടെ വയറിന് വെട്ടേണ്ടി വന്നു. ചൂട് ചോരയുടെ കൂടെ എന്റെ ദേഹത്തേക്ക് ഒലിച്ചു വന്നത് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ജീവനായിരുന്നു. എനിക്കെന്തു ചെയ്യാനാകും.  സ്വയം നിയന്ത്രിക്കാൻ എനിക്കാകില്ല ല്ലോ. എന്നെ ഉപയോഗിക്കുന്നവരുടെ താൽപ്പര്യാർത്ഥം ആ കുഞ്ഞിനേയും എനിക്ക് വെട്ടി നുറുക്കേണ്ടി വന്നു. അതിൽപ്പിന്നെ എനിക്ക് ചോരയുടെ മണവും ചൂടും പേടിപ്പെടുത്തുന്ന ഓർമകളായി. അതിനു ശേഷവും എനിക്ക് രണ്ടു മൂന്നു തവണയായി  ചില സാധുക്കളെ വെട്ടി നുറുക്കേണ്ടി  വന്നിട്ടുണ്ട്. ഇന്ന് അതിലെല്ലാം ഞാൻ അങ്ങേയറ്റം പശ്ചാത്തപിക്കുന്നു. ഒടുക്കം തെളിവില്ലാതാക്കുന്നതിന്റെ ഭാഗമായി പതിമൂന്ന്  കൊല്ലം മുൻപേ എന്നെ ഉപയോഗിച്ചവർ തന്നെ എന്നെ ഈ കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. അവരിൽ പലരും ഇന്ന് മന്ത്രി സ്ഥാനങ്ങളിൽ ശോഭിക്കുന്നുമുണ്ട്.  സ്വന്തമായി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ സാധിക്കാതെ പോകുന്ന ഏതൊരാളുടെയും അവസ്ഥ എന്റെതിനു സമാനമായിരിക്കും. ങ്ഹാ . ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് ഇപ്പോൾ വേണ്ടത് നിന്റെ സഹായമാണ്. " കൊടുവാൾ പറഞ്ഞു നിർത്തി. 

"ഇപ്പോഴും സഹായം എന്താണെന്ന് പറഞ്ഞില്ല" . അവൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. അതിനു മറുപടിയായി കൊടുവാൾ തന്റെ പിന്നിലുള്ള പൊന്തക്കാട്ടിലേക്ക്‌ ഒന്നെത്തി നോക്കാൻ അവനോട് പറഞ്ഞു. അത് പ്രകാരം അവൻ പൊന്തക്കാട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് രണ്ടു മൂന്നു വലിയ ഭാണ്ഡങ്ങൾ ആണ്. ഭാണ്ഡങ്ങൾ ഓരോന്നും  അഴിച്ചു നോക്കാൻ കൊടുവാൾ അവനോട് ആവശ്യപ്പെട്ടു. ആദ്യത്തെ ഭാണ്ഡം തുറന്നു നോക്കിയപ്പോൾ അവൻ കണ്ടത് ചോര പുരണ്ട കുറെയേറെ ആയുധങ്ങളാണ്. അതിൽ ചെറിയ കത്തി മുതൽ വലിയ നീളമുള്ള വാളുകൾ വരെ ഉണ്ടായിരുന്നു. ഭാണ്ഡം തുറന്നപ്പോൾ അവരെല്ലാം കൂട്ട നിലവിളിയായി. 

"എന്തിനാ നിങ്ങളിങ്ങനെ കരയണേ ..കരയാതിരിക്കൂ" അവൻ അങ്ങിനെ പലതും പറഞ്ഞു നോക്കിയെങ്കിലും അവർ കരച്ചിൽ നിർത്തിയതേയില്ല. കുറ്റബോധങ്ങളുടെ നിലവിളിയാണ് അവൻ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് മനസിലായപ്പോൾ  കൊടുവാളിന്റെ മുന്നിലേക്ക്‌ അവരെ ഓരോരുത്തരെയും ഒന്നൊന്നായി ഭാണ്ഡത്തിൽ നിന്നും അവൻ ചൊരിഞ്ഞു. തങ്ങളേക്കാൾ പ്രായമുള്ള ഒരാളെ കണ്ടപ്പോൾ  എല്ലാവരും ഏറെക്കുറെ കരച്ചിൽ നിർത്തി കൊണ്ട് നിശബ്ദരായി. അപ്പോഴും കരച്ചിൽ തുടർന്ന് കൊണ്ടിരുന്നത് ഒരേ  ഒരാൾ മാത്രം. അത് അരിവാളായിരുന്നു -  അൻപത്തി എട്ടു വെട്ട് കൊണ്ട് പുതിയ രാഷ്ട്രീയ സംഹിത തീർത്ത 'അരിവാൾ'. ചെയ്തവനും ചെയ്യിപ്പിച്ചവനും കാണാത്ത കുറ്റബോധം, ഒരു  നിയോഗം പോലെ ഉപയോഗിക്കപ്പെട്ടവന് തോന്നിയതിൽ അത്ഭുതമില്ല. പാവം.  അരിവാളിന്റെ കരച്ചിൽ കേട്ടപ്പോൾ അവനങ്ങനെയാണ് ആശ്വസിച്ചത്. 

"നിങ്ങളിങ്ങനെ കൂട്ടമായി കരഞ്ഞത് കൊണ്ട് കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയെങ്കിലും ക്രൂരതകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇനി ആരുടേയും കൈപ്പിടിയിൽ ഒതുങ്ങി ജീവിക്കാതിരിക്കാനും എന്നന്നേക്കുമായി രക്ഷപ്പെടാനുമുള്ള വഴിയാണ് ഞാൻ പറയുന്നത്" കൊടുവാൾ എല്ലാവരോടുമായി ചിലതെല്ലാം നിർദ്ദേശിച്ചു. 

കൊടുവാൾ പറഞ്ഞത് പ്രകാരം എല്ലാവരെയും ഭാണ്ഡങ്ങളിൽ തിരികേ നിറച്ച ശേഷം അവൻ അവരേയും കൊണ്ട് തൊട്ടടുത്തുള്ള അരുവിക്കരയിലേക്ക് പോയി. കൊടുവാൾ മാത്രം എന്ത് കൊണ്ട് ഭാണ്ഡത്തിൽ കയറാൻ വിസമ്മതിക്കുന്നു എന്ന ചോദ്യത്തിന് കൊടുവാൾ നൽകിയ ഉത്തരം അവനെ ഏറെ നേരം ചിന്തിപ്പിക്കുന്നതായിരുന്നു. "എന്റെ പാപബോധവും ഞാനും ഒരു പോലെ തുരുമ്പെടുത്ത് ഇവിടെ ഈ മണ്ണിൽ തന്നെ അലിയാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് എന്നെ നീ ഇവിടെ തന്നെ ഉപേക്ഷിക്കുക. ഒരിക്കലും എന്നെ തേടി മടങ്ങി വരാതിരിക്കുക". 

കടലുമായി സംഗമിക്കുന്ന  ആ അരുവിയിൽ അവരെ  ഭദ്രമായി നിക്ഷേപിച്ച ശേഷം അവൻ എന്തിനെന്നില്ലാതെ  കൊടുവാളിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അരുവിയിലെ  നിലയില്ലാ വെള്ളത്തിന്റെ കുത്തൊഴുക്കിൽ  കടൽ ലക്ഷ്യമാക്കി നീങ്ങുമ്പോൾ അരിവാളടക്കമുള്ള വാളുകളും കത്തികളും കുറ്റബോധത്തിൽ നിന്ന് തീർച്ചയായും മോചിതരായിക്കാണും എന്ന് അവൻ വഴി മദ്ധ്യേ ഊഹിച്ചു. അവരോടൊപ്പം അരുവിക്കരയിൽ വച്ച് തന്നെ രൂപ സ്വതന്ത്രനാകുക എന്ന കൊടുവാളിന്റെ നിർദ്ദേശത്തെ അവൻ ഓർത്തതേയില്ല. 

മുഴുവൻ വഴിയും പിന്നിടേണ്ടി വന്നില്ല. അവന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് സ്രഷ്ടാക്കൾ അവനെ തേടി അപ്പോഴേക്കും അവിടെയെത്തുകയുണ്ടായി. അവരുടെ കൈപ്പിടിയിൽ കിടന്നു കുതറാൻ ശ്രമിക്കുന്ന കൊടുവാളിനെ നിസ്സംഗമായി നോക്കി നിൽക്കാനേ അവന് സാധിച്ചുള്ളൂ. തുരുമ്പെടുത്ത് സ്വയമേ നശിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത തന്റെ ജന്മം വീണ്ടും വീണ്ടും പാപങ്ങൾക്ക്‌ നിമിത്തമാകുകയാണോ എന്ന് കൊടുവാൾ ചിന്തിച്ചു. അത് ചിന്തിച്ചു തീരുന്ന സമയം കൊണ്ട് തന്നെ സ്രഷ്ടാക്കൾ കൊടുവാള് കൊണ്ട് അവന്റെ ഒരു കൈ വെട്ടി  മാറ്റി. ഒന്ന് വേദനിക്കാനോ  കരയാനോ ശ്രമിക്കാതെ  വലതു കൈ കൊണ്ട് അവൻ തന്റെ ശരീരത്തിലാകെ എന്തോ ഒന്ന് പരതി. സ്രഷ്ടാക്കളുടെ അടുത്ത വെട്ട് തന്റെ  കഴുത്തിന്‌ നേരെ വരുന്നത് കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.  സാവധാനം കണ്ണുകളടച്ചു പിടിച്ച ശേഷം  "ഫ്ഭും" എന്നൊരു വലിയ പൊട്ടിത്തെറിയോടെ എല്ലാവരേയും ഛിന്നഭിന്നമാക്കി  കൊണ്ട് അവൻ  നാല് ഭാഗത്തേക്കും തെറിച്ചു. രൂപ സ്വതന്ത്രനായി ആകാശത്തേക്ക് പൊങ്ങി ഉയരുമ്പോൾ സ്ഫോടനത്തിന്റെ പുക അവസാനമായി അവനൊന്നു കൂടി ശ്വസിച്ചു . അതിലവന്റെ സ്രഷ്ടാക്കളുടെ ചോരയുടെ മണം കൂടി ഉണ്ടായിരുന്നതിനാലാകാം ആ പുക അവനൊരു ലഹരി കണക്കേ ആസ്വദിച്ചു ശ്വസിച്ചത്.  

പറന്നു പൊങ്ങിയ അവനെ ആവാഹിക്കാനായി ലോകത്തിന്റെ ഏതോ ഒരു കോണിൽ പുതിയ സ്രഷ്ടാക്കൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. പാവം, അവൻ  അതറിയാതെ ഉയരത്തിലുയരത്തിൽ പൊങ്ങിപ്പറക്കുകയാണ്. ഈ ലോകത്ത് എവിടെയോ  പൊട്ടാനിരിക്കുന്ന ഒരു വലിയ ആറ്റം ബോംബിലേക്ക് അവൻ ആവാഹിക്കപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ, ആ സ്ഫോടനത്തിൽ മരിക്കാനിരിക്കുന്ന ഒരായിരം നിരപരാധികളുടെ നിലവിളികൾ അവനെ അപ്പോഴേക്കും ശല്യപ്പെടുത്താൻ തുടങ്ങി. 

-pravin-

Monday, August 25, 2014

ഒരു പ്രവാസിയുടെ തിരോധാനം

എയർ പോർട്ടിന് പുറത്ത് സൈതലവിയെ കാത്തു നിക്കുകയായിരുന്നു അക്ബറും ജമാലും. കുറേ നേരമായി കാത്തു നിൽക്കുന്നതിന്റെ മുഷിവ്‌ അവരുടെ മുഖത്ത് പ്രകടമാണ്. 

"ജമാലേ ..ഇയ്യ് ഓന്റെ ഇവിടത്തെ നമ്പറിലേക്ക് ഒന്നൂടെ ഒന്ന് വിളിച്ചോക്ക്യെ.. മൻഷനെ സുയിപ്പിക്കാനയിട്ട് . കുറെ നേരായല്ലോ ഇതിപ്പോ". അകബ്ർ മുറുമുറുത്തു കൊണ്ട് പറഞ്ഞു. 

"അയിനിപ്പോ ഓൻ ഫോണ്‍ ഒഫാക്ക്യച്ചാ   നമ്മളെന്ത് കാട്ടാനാ ?  "

തലേ ദിവസം നാട്ടിലെ നമ്പറിൽ നിന്ന് സൈതലവി വിളിച്ചു പറഞ്ഞ പ്രകാരമുള്ള സമയത്ത് തന്നെയാണ് ജമാലും അക്ബറും അവനെ പിക്ക് ചെയ്യാൻ എയർ പോർട്ടിലേക്ക് വന്നിരിക്കുന്നത്. മൂന്നു പേരും ഒരു റൂമിലാണ് താമസമെങ്കിലും ജോലി ചെയ്യുന്നത്  വേറെ വേറെ കമ്പനികളിലാണ് . ഒരു ശരാശരി പ്രവാസിയുടെ പരാധീനതകൾ മൂന്നു പേർക്കും ഉണ്ടെങ്കിലും കൂട്ടത്തിൽ അതേറ്റവും കൂടുതൽ സൈതലവിക്കു തന്നെയായിരുന്നു. അഞ്ചു പെങ്ങൾമാരും ഉമ്മയും അടങ്ങുന്ന കുടുംബത്തിലെ ആകെയുള്ള ആണ്‍ തരി. അതാണ്‌ സൈതലവി. അവന്റെ ചെറുപ്പത്തിലെ തന്നെ വാപ്പ മരിച്ചതും തുടർന്നുള്ള ജീവിതം നയിക്കാൻ അവന്റെ ഉമ്മ പ്രയാസപ്പെട്ടതും അടക്കമുള്ള കാര്യങ്ങൾ ജീവിത കഥയിലെ ചില സ്ഥിരം ക്ലീഷേകൾ മാത്രം. അത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഇന്ന് വരേയ്ക്കും അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നവർക്ക് ക്ലീഷേകൾ കേൾക്കുമ്പോൾ നെറ്റി ചുളിയാം, പുരികങ്ങൾ പൊക്കി പിടിക്കാം, അതുമല്ലെങ്കിൽ ചുണ്ട് ഇരു  വശത്തേക്കും  ഒന്ന് വേഗത്തിൽ ചലിപ്പിക്കാം. 

കുറേ നേരത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച ശേഷം ജമാലും അക്ബറും എയർ പോർട്ടിൽ നിന്ന് തിരികെ റൂമിലേക്ക് പോയി. സൈതലവി അവരെ പിന്നീട് വിളിച്ചതുമില്ല. അടുത്ത ദിവസം രാവിലെ അക്ബർ ജോലിക്ക് പോയതിനു ശേഷം അര മണിക്കൂർ കഴിഞ്ഞു കാണും. സൈതലവിയെ അന്വേഷിച്ചു കൊണ്ട് രണ്ടു പേർ അവിടെ വന്നു.  അതിലൊരാൾ അതിനു മുന്നേ സൈതലവിയുടെ നാട്ടുകാരൻ എന്ന നിലക്ക് റൂമിൽ വന്നു പോയതായി ജമാൽ ഓർത്തു. 

" സൈതലവി വന്നില്ലേ ? " അപരിചിതൻ ചോദിച്ചു. 

"ഇല്ല. ഓൻ ഇന്നലെ വരേണ്ടിയിരുന്നതാണ്. പക്ഷേ വന്നില്ല. അല്ല ഇങ്ങളാരാ " ജമാൽ ആകാംക്ഷയോടെ ചോദിച്ചു. 

റൂമിനുള്ളിൽ കയറി ഇരുന്ന ശേഷവും  അവരെന്ത് കൊണ്ടോ മറുപടി  പറയാൻ മടിച്ചു. ജമാൽ വീണ്ടും ചോദ്യം ആവർത്തിച്ചു. 

"അല്ല..ഓന്  എന്തേലും പറ്റ്യോ ..എന്താന്നു വച്ചാ പറ ?"

"ഏയ്‌ ..അങ്ങിനെയൊന്നുമില്ല  ..ഇന്നലെ നാട്ടീന്നു ചെക്ക് ഇൻ ചെയ്ത ശേഷമാണ് ഞാൻ അവസാനമായി അവനോട് സംസാരിച്ചേ. അവിടുന്ന് ഫ്ലൈറ്റ് കേറിയിട്ടുണ്ട് എന്ന് ഉറപ്പാണ്. പിന്നെ ഒരു അറിവുമില്ല. എനിക്ക് വളരെ അർജെന്റായി കിട്ടേണ്ട ഒരു സാധനം അവന്റെ  കൈയ്യിലുണ്ടായിരുന്നു. അത് വാങ്ങാനാ വന്നത്. എയർ പോർട്ടിൽ ഇറങ്ങിയ ശേഷം  വിളിക്കാനാ പറഞ്ഞിട്ടുണ്ടായിരുന്നത്. പക്ഷേ .."

"അള്ളാ ..ഈ ചങ്ങായി പിന്നെ എങ്ങോട്ട് പോയി ? ഇപ്പൊ ഓന്റെ വീട്ടില്ക്ക് വിളിച്ചു ചോയ്ച്ചാ പ്രശ്നാവ്വോ  ? "

"ഏയ്‌ ..അത് വേണ്ട ..വെറുതെ അവരെ ടെൻഷൻ ആക്കണ്ട. നമുക്ക് അന്വേഷിക്കാം. ഇത് വഴി പോയപ്പോൾ ഇത് പറഞ്ഞിട്ട് പോകാന്നു കരുതി. ഇനി എന്തേലും വിവരം കിട്ടിയാൽ എന്നെ ഈ നമ്പരിലേക്ക് വിളിച്ചൊന്നു പറയണം. പ്ലീസ് ..അത്രക്കും അർജെന്റ്റ് സംഗതിയാണ്" 

അവർ പോയതിനു ശേഷം ജമാൽ അക്ബറിനെ ഫോണ്‍ ചെയ്ത് അറിഞ്ഞ  കാര്യങ്ങൾ വിശദീകരിച്ചു. അവന്റെ കമ്പനിയിൽ അന്വേഷിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നാട്ടിലേക്കാണെങ്കിൽ വിളിക്കാനും പറ്റില്ല. പിന്നെന്തു ചെയ്യും എന്നാലോചിച്ചു  തല പുകച്ചപ്പോൾ ആണ് അക്ബറിന്റെ ഒരു കുടുംബക്കാരൻ എയർ പോർട്ട്‌ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം ഓർമ്മ വന്നത്. അയാളെ ഫോണിൽ ബന്ധപ്പെട്ട് കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കവേ അയാൾ ഉന്നയിച്ച ചില സംശയങ്ങൾ അവരെ ഭയചികിതരാക്കി. 

രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം, അന്ന് റൂമിൽ വന്നു പോയ ആളുടെ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണെന്നുള്ള മറുപടി മാത്രം മുഴങ്ങി. പിന്നീടുള്ള  ദിവസങ്ങളിൽ പത്രങ്ങളായ പത്രങ്ങൾ അരിച്ചു പെറുക്കവേ അവർ അന്വേഷിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ഗൾഫ് പേജിലെ ഒരു ചെറിയ കോളം വാർത്തയിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ അവർ ഒരേ സമയം വായിച്ചു. 

-മയക്ക് മരുന്ന് കടത്ത് - മലയാളി പിടിയിൽ- 

-സൈതലവി എന്ന മലയാളി യുവാവിന്റെ ലഗേജ്  ബാഗിൽ അടുക്കി വച്ചിരുന്ന ജീൻസ്  പാന്റിനുള്ളിൽ നിന്നാണ് മയക്ക് മരുന്ന് നിറച്ച ചെറിയ പൊതികൾ കിട്ടിയത്. അത് തന്റെ പൊതിയല്ല എന്ന വാദം യുവാവ് ഉന്നയിച്ചെങ്കിലും ........- 

"എടാ ..ഇത് ചതിയാണ്. ഓൻ അങ്ങിനൊന്നും ചെയ്യൂല . ഇത് ഓന്റെ ആ നാട്ടുകാരന് വേണ്ടിയുള്ള പൊതിയിലാണ് ണ്ടായിട്ടുണ്ടാകുക. അല്ലാണ്ടെ ഓൻ ഇങ്ങിനൊന്നും .." ജമാൽ മുഴുവൻ വാർത്ത വായിക്കാൻ നിക്കാതെ ദ്വേഷ്യവും സങ്കടവും കൊണ്ട് പറഞ്ഞു. 

"അതൊക്കെ ശെരിയാകാം ജമാലേ ..പക്ഷെ ഓൻ ആണ് ഇത് ചെയ്തതെന്നോ അല്ലെന്നോ  പറയാൻ അന്റെല് തെളിവുണ്ടോ ? ഉണ്ടെങ്കീ തന്നെ ഇയ്യോ ഞാനോ വിചാരിച്ചാൽ ഇതിലെന്തെങ്കിലും ചെയ്യാൻ പറ്റ്വോ ? അതോ ഇതിന്റെ പിന്നാലെ അന്വേഷിക്കാൻ പോയിട്ട് നമ്മടെ കൂടെ ജീവിതം ഇല്ലാണ്ടാക്കണോ ? പറ.. ഇയ്യ് പറ " അക്ബർ വികാരാധീനനായി കൊണ്ട് ജമാലിനോട് കയർത്തു. 

"പിന്നെ ..പിന്നെന്താ നമ്മൾ ..ഓൻ ..നമ്മടെ കൂടപ്പിറപ്പാരുന്നില്ലെടാ  " വാക്കുകൾ കിട്ടാതെ ജമാൽ കരയാൻ തുടങ്ങി. 

"ജമാലേ ..ഇയ്യെന്താ ഈ പറയണേ ..ഞാൻ എന്താപ്പോ പറഞ്ഞെ ...ഇനി ഇയ്യ്‌ തീരുമാനിക്ക് . ഞാൻ എന്തായാലും ഇനി ഒരു തേങ്ങേം അന്വേഷിക്കാനും ചോയ്ക്കാനും ഇല്ല. പറഞ്ഞില്ലാന്നു വേണ്ട. എടാ ...ഇവിടെ ഇങ്ങിനെയേ ജീവിക്കാനൊക്കൂ . നാളെ ഇയ്യായാലും ഞാനായാലും ഇങ്ങിനൊന്നിൽ പെട്ടാൽ ഗതി ഇതൊക്കെ തന്നാണ്ന്ന്  മനസിലാക്കിക്കോ. ഇനിയിപ്പോ പോലീസെങ്ങാനും  അന്വേഷിച്ചു വന്നാലും ഓനുമായി വല്യ ബന്ധൊന്നും ണ്ടായിരുന്നില്ലാന്നെ  പറയോണ്ടൂ. ഇക്കും അനക്കും ഒക്കെ നാട്ടിൽ ഓരോ കുടുംബോം ബാധ്യതകളും ഉള്ളതാ. അത് മറക്കണ്ട. " 

"അപ്പൊ ..അപ്പൊ ഓനോ ..ഓനും ഇല്ലേ ഈ പറഞ്ഞ കുടുബോം ബാധ്യതേം ?" 

"ജമാലേ ..ഇക്കും വിഷമം ണ്ട് ഓന്റെ കാര്യത്തില്. പക്ഷേ ..ഇയ്യ്‌ കാര്യത്തിന്റെ ഗൌരവം മനസിലാക്ക്."

ദീർഘ നേരത്തെ സംസാരങ്ങൾക്കൊടുവിൽ അവർ ഇരുപേരും റൂമിലുണ്ടായിരുന്ന അവന്റെ സാധനങ്ങൾ ഒരു വലിയ കർറ്റൻ ബോക്സിലേക്ക് കുത്തി നിറച്ച്  പുറത്തെ കച്ചറ ബോക്സിൽ കൊണ്ട് പോയി നിക്ഷേപിച്ചു. സൈതലവി എന്നൊരു കൂട്ടുകാരനെ അവർക്കറിയില്ല. പണ്ടെപ്പോഴോ കുറച്ചു ദിവസം കൂടെ താമസിച്ചപ്പോൾ ഉള്ള പരിചയം മാത്രം. അല്ലാതെ അവനുമായി മറ്റൊന്നുമില്ല.  ഒരു നെടുവീർപ്പിട്ടു കൊണ്ട് അവരത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.  അന്ന് തന്നെ  ഒഴിഞ്ഞു കിടക്കുന്ന സൈതലവിയുടെ ബെഡ് സ്പേസിലേക്ക്  പുതിയ ഒരാളെ കണ്ടെത്താനും അവർ മറന്നില്ല. 

സൈതലവിയുടെ വീട്ടുകാർ അപ്പോഴും ഒന്നുമറിയാതെ അവന്റെ ഫോണ്‍ വിളിക്കായി കാത്തിരിക്കുകയായിരുന്നു.  ദിവസങ്ങൾ  കഴിഞ്ഞിട്ടും അവരുടെ ആ കാത്തിരുപ്പ് അങ്ങിനെ തുടർന്നു കൊണ്ടിരിക്കുന്നു. സത്യം അവർ ഒരിക്കൽ എങ്ങിനെയെങ്കിലും അറിയുമായിരിക്കും. അറിഞ്ഞാൽ തന്നെ  അവർ ആരുടെ മുന്നിൽ  സഹായത്തിനായി കേഴും ? എല്ലാം അറിഞ്ഞിട്ടും ഒന്ന് വിളിച്ചു പറയാനോ അന്വേഷിക്കാനോ ഉള്ള ധാർമ്മിക  ഉത്തരവാദിത്തം പോലും കാണിക്കാതിരുന്നവർക്ക് മുന്നിലോ?  പലപ്പോഴും (ചില) കുറ്റാരോപിതരുടെ കാര്യം അങ്ങിനെയാണ്. ഒരു മഹാ രോഗം ബാധിച്ചവനെ പോലെ ഉറ്റവരാൽ തീർത്തും ഉപേക്ഷിക്കപ്പെടുന്നു. അവൻ അവർക്ക് പിന്നീടൊരു  ബാധ്യത മാത്രമായി മാറുന്നു. 

നിയമ നീതി വ്യവസ്ഥകളുടെ കാര്യവും വിഭിന്നമല്ല. നിയമത്തിന്റെ കണ്ണുകളിൽ അപരാധി-നിരപരാധി എന്നൊരു വിഭാഗമേ ഇല്ല. ആരോപിതർ മാത്രം. സത്യത്തിന്റെയും നീതിയുടെയും  കണ്ണുകളിലാകട്ടെ  കാഴ്ച  തെളിയാത്ത കാലം വരെ അത് അങ്ങിനെ തുടരുകയും  ചെയ്യും. സത്യ നീതികളുടെ  കാഴ്ചയിൽ സൈതലവിയുടെ നിരപരാധിത്വം എന്നെങ്കിലും തെളിയുമായിരിക്കാം എന്ന പ്രത്യാശ മാത്രം അവിടെ ബാക്കിയാകുന്നു. 

-pravin- 

Saturday, August 9, 2014

പൈസക്ക് ജീവിതത്തോട് എന്താണ് പറയാനുള്ളത് ?

ജീവിതം ഒരു ദരിദ്രനായിരുന്നു. പൈസ ഒരു പണക്കാരിയും. രണ്ടു പേരും ഒരേ ഗ്രാമത്തിൽ രണ്ടിടങ്ങളിലായി താമസിക്കുന്നവരാണെങ്കിലും രണ്ടു  പേരുടേയും ജീവിത രീതിയിലും സ്വഭാവത്തിലും ഒരുപാട് അന്തരം ഉണ്ടായിരുന്നു. പൈസയുടെ തറവാടും കുടുംബക്കാരും അങ്ങ് നഗരത്തിലാണ്. എങ്കിലും ആഴ്ചാവസാനം അവൾ ഗ്രാമത്തിലെ തന്റെ പഴയ  വീട്ടിലേക്ക് വരുക പതിവായിരുന്നു. വന്നതിന്റെ അടുത്ത ദിവസം തന്നെ നഗരത്തിലേക്ക് പോകുകയും ചെയ്യും. എല്ലാ തവണയും പോകുമ്പോൾ അവൾ ഗ്രാമത്തിൽ നിന്ന് ഏതെങ്കിലും ഒരു ജീവിതത്തെ നഗരത്തിലേക്ക് കൊണ്ട് പോകും. അവരാരും പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചു വന്നതായി ഓർക്കുന്നില്ല. 

നഗരം എന്ന സ്വപ്ന ലോകത്തേക്ക് എന്നെങ്കിലും ഒരിക്കൽ പൈസ തങ്ങളെയും ക്ഷണിക്കുമായിരിക്കും എന്ന പ്രതീക്ഷയിൽ ദൈനം ദിന ജോലികളുമായി കഴിഞ്ഞു കൂടുന്നവരാണ് ഗ്രാമത്തിലെ മിക്ക ജീവിതങ്ങളും. അതിൽ ഒരു ജീവിതം മാത്രമാണ്  അപവാദമായിട്ടുള്ളത്. അവന് ജോലി ചെയ്യാൻ താൽപ്പര്യമില്ല. എന്നാലോ പൈസയുടെ കൂടെ നഗരത്തിലേക്ക് ബസ് കയറി പോകുന്നത് അവന്റെ സ്വപ്നവുമാണ്. ഓരോ ആഴ്ചയിലും പൈസ വന്നു പോകുന്നത് കാണാനായി ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ ഒരു നീളൻ പുല്ലും കടിച്ചു തുപ്പി കൊണ്ട് അലസനായ ആ ജീവിതം നിൽക്കുമായിരുന്നു. പക്ഷെ ഇന്ന് വരേക്കും പൈസ അവനെ തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല. 

ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും ആകപ്പാടെ ഒരേ ഒരു ബസ് റൂട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അതും ആഴ്ചയിൽ ഒന്നേ ഒന്ന് മാത്രം.  ബസ് പഴയ മോഡൽ വണ്ടിയാണെങ്കിലും എഞ്ചിൻ എല്ലാക്കാലത്തും സ്ട്രോങ്ങ്‌ തന്നെ. വിധി എന്നാണ് ബസിന്റെ പേര്. ഡ്രൈവറും കണ്ടക്ടറും കിളിയും എല്ലാം ഒരാള് തന്നെ. അയാളുടെ പേരൊന്നും ഇന്ന് വരെ ആർക്കും അറിയില്ല. പക്ഷെ ഒന്ന് എല്ലാവർക്കും അറിയാം. ബസ് ഓടിക്കുക എന്നത് മാത്രമാണ് അയാളുടെ കർമ്മം.   അയാളിന്ന് വരെ ആരോടും ഒന്നും പറയാനോ ചോദിക്കാനോ പങ്കു വക്കാനോ പോയിട്ടില്ല. എന്നാൽ സദാ സമയവും മുഖത്ത് പുഞ്ചിരിയുണ്ടാകും. ബസ് ഓടിക്കുമ്പോഴും അതങ്ങിനെ തന്നെ തുടരുമായിരുന്നു. വിധിയല്ലാത്ത മറ്റൊരു ബസ് അയാൾ ഓടിച്ചു കണ്ടതായും ആരും ഓർക്കുന്നില്ല. 

പതിവ് പോലെ ആഴ്ചാവസാനം പൈസ  വിധിയിൽ കയറി വരുന്നതും നോക്കി  ബസ് സ്റ്റോപ്പിൽ പുല്ലും കടിച്ച് കൊണ്ട്  നിൽക്കുകയായിരുന്നു ജീവിതം. ബസ് ഇറങ്ങിയ ശേഷം അവൾ അവനെ കണ്ട ഭാവം നടിക്കാതെ നടന്നകന്നു. ഇത്തവണ ജീവിതവും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ അവളെ വിടാൻ ഉദ്ദേശ്യം കാണിച്ചില്ല. അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി. തന്റെ പിന്നാലെ നടന്നു വരുന്ന ജീവിതത്തോട് പൈസ ചോദിച്ചു. 

" തനിക്ക് എന്ത് വേണം ? കുറെ നേരമായല്ലോ എന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ?" 

" എനിക്ക് .. എനിക്ക് വേണ്ടത് നിന്നെ തന്നെയാണ്. " 

ജീവിതം കാര്യം ഒറ്റയടിക്ക് വെട്ടിത്തുറന്നങ്ങ് പറഞ്ഞു. അവന്റെ മറുപടി കേട്ട നേരം അവൾ പ്രകോപിതയായി. 

"നിനക്ക് എന്നെ വേണമെന്നോ. എന്ത് അർഹതയുണ്ട് നിനക്കത് ചോദിക്കാൻ "? അവൾ നടത്തത്തിന്റെ വേഗം കൂട്ടി. 

"അർഹത ഉള്ളവർക്ക് മാത്രമാണോ ഈ ലോകത്ത് സുഖമായി ജീവിക്കാൻ അവകാശമുള്ളൂ ? എന്തെങ്കിലും ആഗ്രഹിക്കാൻ പാടൂ ? " അവൻ അവളുടെ പിന്നാലെ ഓടി വന്നു കൊണ്ട് ചോദിച്ചു. 

അവന്റെ കണ്ണുകൾ ക്രോധം കൊണ്ട് ചുവന്നിരുന്നു. മുഖം വിയർത്തിരുന്നു. അവൾ ഓടി. പിന്നാലെ അവനും. വഴിയിൽ ഒരു പട്ടി പോലും ഉണ്ടായിരുന്നില്ല ചോദിക്കാൻ. ഒടുക്കം ഗ്രാമത്തിലെ വറ്റി കിടന്നിരുന്ന തോടിനു കുറുകെയുള്ള പഴക്കം ചെന്ന മരപ്പാലത്തിനു  മുകളിൽ വച്ച് അവൻ അവളെ കയറി പിടിച്ചു. പോക്കറ്റിൽ നിന്നെടുത്ത ഒരു കഷണം തുണി കൊണ്ട് അവളുടെ മുഖം അമർത്തി പിടിച്ചു. അവൾ പതിയെ അവന്റെ കൈകളിൽ കുഴഞ്ഞു വീണു. വറ്റി വരണ്ട തോടിന്റെ അങ്ങേത്തലയിൽ  സൂര്യൻ അപ്പോൾ താഴ്ന്നു പോകുകയായിരുന്നു. താഴ്ന്നു പോകുന്ന  സൂര്യന്റെ തലയിൽ ചവിട്ടി ചാടി മറഞ്ഞു വേണം തോടിന്റെ അങ്ങേത്തലയിൽ ഇരുട്ടിനു പ്രത്യക്ഷപ്പെടാൻ. 

മയങ്ങി വീണ പൈസയെ ചുമലിലേറ്റി കൊണ്ട് ജീവിതം പാലത്തിന്റെ കീഴേക്ക് നടന്നു. അവർക്ക് പിന്നാലെ ഒരു കൊണിച്ചി പട്ടിയെ പോലെ ഇരുട്ട് അപ്പോഴേക്കും ഓടി അടുത്തു. തന്റെ കയ്യിലുണ്ടായിരുന്ന രണ്ടു കട്ട ബാറ്ററി ടോർച്ചിന്റെ വെളിച്ചം ഇരുട്ടിന്റെ മുഖത്തേക്ക് അടിച്ച ശേഷം ജീവിതം  ആജ്ഞാപിച്ചു. 

"മാറി നിക്കടാ.. എന്നിട്ട് എന്റെ പിന്നാലെ വാ. " 

ഇരുട്ട് അത് അനുസരിച്ചു. പാലത്തിനു താഴെ, മുൻപ് എപ്പോഴോ ഒളിപ്പിച്ചു വച്ചിരുന്ന ഒരു വലിയ ചാക്കിലേക്ക് പൈസയെ നിക്ഷേപിച്ചു. അബോധാവസ്ഥയിലും പൈസ ജീവിതത്തോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ വക വക്കാതെ ജീവിതം ആ ചാക്ക് കൂട്ടിക്കെട്ടി. ഈ രാത്രി കഴിച്ചു കൂട്ടാൻ ഈ ഇരുട്ടും പാലത്തിന്റെ മറയും ധാരാളം. രാവിലെ സൂര്യനുദിക്കുന്ന സമയം വിധി വരും. അതിൽ  ചാക്ക് കയറ്റി കൊണ്ട് നഗരത്തിലേക്ക് പോകണം. പിന്നെ എല്ലാം സ്വസ്ഥം. ജീവിതം സ്വപ്നം കാണാൻ തുടങ്ങി. 

സൂര്യൻ ഉദിക്കാൻ പോകുന്നു എന്ന സൂചന തന്നു കൊണ്ട് തോടിന്റെ അങ്ങേത്തലക്കിൽ  കിളികൾ ചിറകടിച്ച് പാറി. ഇരുട്ട് പെട്ടെന്ന് വെളിച്ചത്തിൽ നിന്നും ഓടിയൊളിച്ചു.  പൈസയെ കൂട്ടിക്കെട്ടിയ ചാക്കും പുറത്ത് വച്ച് കൊണ്ട് ജീവിതം ബസ് സ്റ്റോപ്പിലേക്ക് നടന്നു. ചാക്കിനുള്ളിൽ നിന്ന് പൈസയുടെ നേരിയ ഞരക്കം കേൾക്കാമായിരുന്നു. ജീവിതം ബസ് സ്റ്റോപ്പിൽ എത്തിയതും വിധി പാഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു. പതിവില്ലാതെ ജീവിതം ബസിൽ കയറിയതും പൈസ കയറാതിരുന്നതും ഡ്രൈവർക്ക് സംശയമുണ്ടാക്കിയെങ്കിലും അയാൾ പുഞ്ചിരി മായാത്ത മുഖത്തോടെ  ബസ് മുന്നോട്ട് എടുത്തു. അത് മാത്രമാണല്ലോ അയാളുടെ കർമ്മവും. 

ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ബസ് കയറിപ്പോയ ജീവിതം പിന്നെ തിരിച്ചു വന്നില്ല. പൈസയും വന്നതില്ല. എന്നാലും ആഴ്ച തോറും വിധി പതിവ് പോലെ ഗ്രാമത്തിലേക്കും നഗരത്തിലേക്കും വന്നു പോയ്ക്കൊണ്ടേയിരുന്നു. പുഞ്ചിരി മായാത്ത മുഖവുമായി ആ  ഡ്രൈവറും. 

വർഷങ്ങൾക്ക് ശേഷമുള്ള ഒരു ആഴ്ചാവസാനം. പതിവ് പോലെ വിധി  തിരിച്ചു വരുന്ന സമയം. ബസ് സ്റ്റോപ്പിൽ പുല്ലു കടിച്ചു നിക്കുന്ന പഴയ ജീവിതത്തിനു പകരം മറ്റു ചിലർ ആ  സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ മുന്നിലേക്ക് മുഷിഞ്ഞ വസ്ത്രവും കയ്യിൽ വലിയൊരു സഞ്ചിയുമായി പ്രായമായ ഒരു സ്ത്രീ വന്നിറങ്ങി. അവരാരും ആ സ്ത്രീയെ കണ്ടതായി നടിച്ചില്ല. ആ സ്ത്രീ ഗ്രാമത്തിലേക്ക് നടന്നകന്നു. 

ഗ്രാമത്തിലെത്തിയ സ്ത്രീ അവിടെയുള്ളവരോട് പഴയ ജീവിതത്തെ അന്വേഷിച്ചു. അവൻ നഗരത്തിലെവിടെയോ ആയിരിക്കാം എന്ന് ഗ്രാമത്തിലുള്ളവർ ഊഹിച്ചു പറഞ്ഞു. ഗ്രാമത്തോട് യാത്ര പറഞ്ഞ ശേഷം സ്ത്രീ തിരിച്ചു നടന്നു. അപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. തോടിനു കുറുകെയുള്ള പാലത്തിനു മുകളിൽ എത്തിയ നേരം അവർ പരിസരം സസൂക്ഷ്മം വീക്ഷിച്ചു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. പാലം കോണ്‍ക്രീറ്റ് നിർമ്മിതമായിരിക്കുന്നു. തോട് നിറയെ വെള്ളം ഒഴുകുന്നു. മുൻകൂട്ടി തീരുമാനിച്ച പോലെ അവർ തന്റെ കയ്യിലുള്ള സഞ്ചിയിൽ നിന്നും കീറിപ്പറഞ്ഞ ഒരു പഴയ ചാക്ക് നിറഞ്ഞൊഴുകുന്ന ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. 

വെള്ളത്തിന്റെ ഗതിയിലൂടെ ആ ചാക്ക് ദൂരേക്ക് ഒലിച്ചു പോയത് ഉറപ്പാക്കിയ ശേഷം അവർ പാലത്തിനു താഴേക്ക് നടന്നു. അവിടെ ആരെയോ കാത്ത് നിന്നിരുന്ന ഇരുട്ടിലേക്ക് നിശബ്ദമായി അവർ അലിഞ്ഞു ചേരുമ്പോൾ വെള്ളത്തിലൂടെ ഒലിച്ചു  പൊയ്ക്കൊണ്ടിരുന്ന  ചാക്കിന് ചോരയുടെ ചുവപ്പ് നിറം  കൈവന്നു കഴിഞ്ഞിരുന്നു. 

-pravin- 

Thursday, July 17, 2014

ഞാനും ചോദ്യങ്ങളും

എനിക്ക് ഉത്തരങ്ങളായിരുന്നില്ല വേണ്ടത്. ചോദ്യങ്ങൾ. ചോദ്യങ്ങൾ മാത്രം. ഉത്തരങ്ങൾ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അന്നും ഇന്നും എന്നും. അന്നും ഇന്നും എന്നും എന്നിൽ നിന്ന് ദൂരെ ഓടി മറഞ്ഞിരുന്നത് ചോദ്യങ്ങളായിരുന്നു. ആ ചോദ്യങ്ങളെ തേടി ഞാൻ യാത്ര തിരിച്ചു. 

ഉത്തരങ്ങളെ ഞാൻ കൂടെ കൂട്ടി. ഏറെ നേരം സഞ്ചരിച്ചിട്ടും ചോദ്യങ്ങളെ കണ്ടു മുട്ടാനായില്ല. സമയം കഴിയും തോറും വഴിയിൽ ഇരുട്ട് മൂടാൻ തുടങ്ങി. ഉത്തരങ്ങളുടെ കൈ ചേർത്ത് പിടിച്ചു കൊണ്ട് ഇരുൾ പടരുന്ന  വഴിയിലൂടെ മുന്നോട്ട് നടന്നു. ഇരുൾ വഴിയിലേക്കുള്ള  എന്റെ കാഴ്ച ഞാൻ വർദ്ധിപ്പിച്ചു. ആ കാഴ്ചയേയും മൂടി കൊണ്ട് ഇരുൾ ഞങ്ങൾക്ക് മുന്നിൽ വില്ലനായി അവതരിച്ചത് പെട്ടെന്നായിരുന്നു . ഭയം മൂത്തപ്പോൾ  ഉത്തരങ്ങൾ എന്നെ അവരിലേക്ക് ചേർത്ത് പിടിച്ചു. ഞാൻ അവരെ എന്നിലേക്കും. ഇരുളിൽ എവിടെ നിന്നോ ആരുടെയൊക്കെയോ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും മുറുമുറുപ്പുകളും  കേൾക്കാമായിരുന്നു. 

"ആരാണത് ?" ഞാൻ ഭയത്തോടെ ചോദിച്ചു.

"ഞങ്ങളോ ? ഞങ്ങൾ നീ തേടുന്ന ചോദ്യങ്ങൾ. അല്ലാതാര് ? " മറുപടിയായി ഇരുളിൽ നിന്ന് ആരൊക്കെയോ പറഞ്ഞു. 

"നിങ്ങൾ എന്തിനാണ് ഇരുട്ടിൽ ഒളിച്ചിരിക്കുന്നത് ?"

"ഞങ്ങളും അത് തന്നെ ചോദിക്കുന്നു നീ എന്തിന് ഇരുട്ടിൽ ഒളിച്ചിരിക്കുന്നു?" 

"ഞാൻ..ഞാൻ ഇപ്പോൾ മാത്രമാണ് ഇരുട്ടിലായത്. നിങ്ങളെ തേടി വന്ന ഈ നിമിഷത്തിൽ മാത്രം. പക്ഷേ ഞാൻ വരുന്നതിനും മുൻപേ തന്നെ നിങ്ങൾ ഇരുട്ടിലായിരുന്നില്ലേ ?" ഞാൻ സംശയത്തോടെ ചോദിച്ചു. 

"ഹ ഹ ..അത് കൊള്ളാമല്ലോ. അതാര് പറഞ്ഞു? ഞങ്ങൾ നിതാന്തമായ പ്രകാശത്തിൽ വസിക്കുന്നവരാണ്. നിന്റെ സാമീപ്യമാണ് ഇവിടെ ഞങ്ങളുടെ മുന്നിൽ ഇരുട്ട് പടർത്തിയത്. ഒരർത്ഥത്തിൽ നീ തന്നെയാണ് ആ ഇരുട്ടും."

"ഞാൻ ഇരുട്ടാണെന്നോ? സ്വയം ഇരുട്ടിൽ അഭയം തേടി ഒളിച്ചതും പോരാ നിങ്ങളെ അന്വേഷിച്ചു വരുന്നവരെ ഇരുട്ടെന്നു പറഞ്ഞു അധിക്ഷേപിക്കാൻ നാണമില്ലേ?" ഞാൻ ചോദ്യങ്ങളോട് കോപിച്ചു. 

"ക്ഷമിക്കണം. തർക്കിക്കാൻ ഞങ്ങൾക്ക് ആർക്കും താൽപ്പര്യമില്ല. സമയവുമില്ല. എന്ത് തന്നെയായാലും നീ ഇവിടം വരെ വന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. പക്ഷേ നീ ഞങ്ങളെയല്ല  തേടുന്നത്. ആയിരുന്നെങ്കിൽ നീ ഒറ്റക്ക് വരുമായിരുന്നു." ചോദ്യങ്ങൾ എന്തെന്നില്ലാത്ത നിരാശ പ്രകടിപ്പിക്കുകയുണ്ടായി. 

"ഇവർ എന്റെ ഉത്തരങ്ങൾ ആണ്. എന്നും എല്ലായ്പ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നവർ. അവരെ ഉപേക്ഷിച്ചു കൊണ്ട് ഞാൻ എവിടെയും ഇത് വരെ പോയിട്ടില്ല." ഞാൻ ശാന്തനായി പറഞ്ഞു. 

"അറിയാം. പക്ഷേ ഇവിടെ അത് നീ തിരുത്തിയേ മതിയാകൂ. അവരെ ഈ നിമിഷം ഉപേക്ഷിക്കൂ. അല്ലെങ്കിൽ അവരുടെ പാട്ടിന് പറഞ്ഞു വിടൂ. ശേഷം ഞങ്ങളെ അന്വേഷിക്കൂ. നിശ്ചയമായും നീ ഞങ്ങളിൽ ഒരാളായി മാറുന്നതായിരിക്കും." ചോദ്യങ്ങൾ അവസാനമായി എന്നോട് പറഞ്ഞു നിർത്തി. 

എനിക്കതിനു സാധിക്കുമോ എന്നറിയുമായിരുന്നില്ല. എന്നാലും ഞാൻ ചോദ്യങ്ങളെ അനുസരിക്കാൻ ആരംഭിച്ചു. ഉത്തരങ്ങളുടെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് ഞാൻ പറഞ്ഞു. 

"ഞാൻ നിങ്ങളെ ഇവിടെ വച്ച് ഉപേക്ഷിക്കുകയാണ്. എന്റെ ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ എനിക്ക് നിങ്ങളെ  പിരിഞ്ഞേ മതിയാകൂ."

അത് കേട്ട പാടെ ഉത്തരങ്ങൾ അതി ഭയങ്കരമാം ശബ്ദത്തിൽ കരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു. 

"ഇതിനായിരുന്നോ ഇത്രയും കാലം നിന്റെ കൂടെ ഞങ്ങൾ ഒരു നിഴല് പോലെ നടന്നത്? ഇതിനായിരുന്നോ നീ ഞങ്ങളെ കൂടെ കൂട്ടിയത്? നിന്നെ ഉപേക്ഷിച്ച് എന്നോ ദൂരെ ഓടി മറഞ്ഞ ചോദ്യങ്ങൾക്ക് വേണ്ടിയാണ് നീ ഇന്ന് ഞങ്ങളെ ഉപേക്ഷിക്കുന്നത് എന്നോർക്കുക. "

ഉത്തരങ്ങൾ സ്വയം ചോദ്യങ്ങളായി മാറുകയാണോ എന്ന് ഞാൻ സംശയിച്ചു. മനസ്സിൽ ഒരാവർത്തി കൂടി ചിന്തിച്ച ശേഷം ഞാൻ ഉത്തരങ്ങൾക്ക് എന്നന്നേക്കുമായി വിട ചൊല്ലി. അവരെ പിരിയുന്നതിലെ വേദന ഞാൻ ഉള്ളിലൊതുക്കി. ഉത്തരങ്ങളിൽ നിന്ന് ഓരോ അടിയും നടന്ന് നീങ്ങാൻ തുടങ്ങിയപ്പോൾ എനിക്ക് ചുറ്റും ഇരുട്ട് കുമിഞ്ഞു കൂടാൻ തുടങ്ങിയിരുന്നു. ഉത്തരങ്ങളെ ഞാൻ തിരിഞ്ഞു നോക്കിയില്ല. എന്തും വരട്ടെ എന്ന് കരുതി കടുപ്പമേറിയ ആ അന്ധകാരത്തിലൂടെ ഞാൻ ഏറെ ദൂരം അലക്ഷ്യമായി തന്നെ നടന്നു. അപ്പോൾ ചോദ്യങ്ങളുടെ ഒരു ശബ്ദം പോലും ഞാൻ കേട്ടില്ല. അതിനായി ആഗ്രഹിച്ചതുമില്ല. മനസ്സ് വല്ലാതെ പക്വതയാർജ്ജിക്കുന്ന പോലെ ഒരു തോന്നൽ മാത്രം എന്നിൽ നില കൊണ്ടു. 


ആ ഏകാന്ത യാത്ര കുറെ നേരം തുടർന്ന് കാണും, ഞാൻ ചെറിയൊരു പ്രകാശത്തിലേക്ക് അടുക്കുന്ന പ്രതീതി. ഓരോ അടിയും നടന്നടക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ഇരുൾ സ്വയം പ്രകാശമായി മാറാൻ തുടങ്ങി. അൽപ്പ സമയത്തിനുള്ളിൽ  ആ വെള്ളി വെളിച്ചത്തിൽ ഞാൻ ചില രൂപങ്ങളെ കണ്ടു. എല്ലാവർക്കും എന്റെ അതേ മുഖച്ഛായ. അതോ അവരുടെ മുഖച്ഛായ എനിക്കായിരുന്നോ എന്നറിയില്ല. അവരെന്നോട് സൌമ്യമായി ചിരിച്ചു. അവർ കൂട്ടം കൂടി കൊണ്ട് നാല് ഭാഗത്ത് നിന്നും എന്നിലേക്ക് നടന്നടുത്ത് കൊണ്ടേയിരുന്നു. ശുഭ്ര വസ്ത്രം ധരിച്ച അവരുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തേജസ്സുണ്ടായിരുന്നു. ഒരു വേളയിൽ അവരുടെ ആ തേജസ്സ് തന്നെയാണോ ഇക്കാണുന്ന വെളിച്ചത്തിന് നിദാനം  എന്ന് ഞാൻ ശങ്കിക്കുകയുണ്ടായി. ഞാൻ പൂർണ്ണമായും അവരാൽ വളയപ്പെടുമ്പോഴും അവർ അവരുടെ മുഖത്തെ നേർത്ത പുഞ്ചിരി മായാതെ കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. പരമാനന്ദം അനുഭവിക്കപ്പെടുന്നവന്റെ മുഖഭാവം ഇങ്ങിനെയായിരിക്കുമോ എന്ന് ഞാൻ മനസ്സിൽ ആലോചിക്കാതിരുന്നില്ല. അവർ അതേ പുഞ്ചിരിയോടെ ശാന്തമായി എന്നോട് ചോദിച്ചു. 

"നീയാരാണ്‌" ? 

ഞാൻ ആരാണ്? ഞാൻ അറിയാതെ എന്നോട് തന്നെ ചോദിച്ചു പോയ നിമിഷങ്ങൾ. എന്റെ ഭൂത കാലവും എന്റെ പേരും അങ്ങിനെ എന്നോട് ബന്ധപ്പെട്ടു കിടന്നിരുന്ന സകലതും  ഉത്തരങ്ങൾക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ തികഞ്ഞ നിശ്ശബ്ദത കൈവരിച്ചു. അപ്പോൾ അവരിലൊരാൾ എനിക്ക്  നേരെ  തിളങ്ങുന്ന ഒരു പാന പാത്രം വച്ചു നീട്ടി. ഒട്ടും സംശയിക്കാതെ ഞാൻ  അത് വാങ്ങിക്കുടിക്കുകയുണ്ടായി. അതിന് മധുരമോ പുളിയോ ചവർപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അത് കുടിച്ച ശേഷം വീണ്ടും വീണ്ടും കുടിക്കാനുള്ള ഒരു ആഗ്രഹം അല്ലെങ്കിൽ ലഹരി എന്റെയുള്ളിൽ നിറഞ്ഞു തൂകി. പക്ഷേ ആരോടും ഞാൻ അത് ആവശ്യപ്പെട്ടില്ല. മറിച്ച് അതിനോടുള്ള എന്റെ തൃഷ്ണ ശുഭ്ര വസ്ത്രമണിഞ്ഞ ചോദ്യങ്ങളെ അനുഗമിക്കാൻ മാത്രം പ്രേരിപ്പിച്ചു. ഞാൻ അവർക്ക് പിന്നാലെ സഞ്ചരിച്ചു. വെളിച്ചത്തിന്റെ തീക്ഷ്ണത സഞ്ചാരത്തിനിടയിൽ കൂടി കൊണ്ടേയിരുന്നു. 

ചക്രവാളങ്ങളിലേക്ക് നോക്കുമ്പോൾ അവ അടുത്താണെന്ന് തോന്നിപ്പോകാറുണ്ട്. എന്നാൽ അതിനടുത്തേക്ക് നടന്നടുക്കാനാകില്ല എന്ന വിശ്വാസമോ മുൻവിധിയോ എന്തോ ഒന്ന് കാരണം അതിനു വേണ്ടി ഞാൻ ഇത് വരെ ശ്രമിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഞാൻ ചക്രവാളത്തിന്റെ ഏറ്റവും അടുത്തെത്തിയിരിക്കുന്നു. ഇതിനപ്പുറം എനിക്കോ എന്റെ മുന്നിൽ നടന്നിരുന്ന ചോദ്യങ്ങൾക്കോ  ലവലേശം സഞ്ചരിക്കാൻ ദൂരമില്ല. അപ്പോഴാണ്‌ എന്റെ രൂപം ഞാൻ ശ്രദ്ധിക്കുന്നത്. യാത്രക്കിടയിൽ ഞാനും അവരെ പോലെ ശുഭ്ര വസ്ത്രമെന്നു തോന്നിക്കുന്ന ഒരാവരണത്താൽ പൊതിയപ്പെട്ടിരിക്കുന്നു. തീർച്ചയായും അതൊരു വസ്ത്രമായിരുന്നില്ല. തൂവൽ കണക്കെ മിനുസവും മൃദുലവുമായ മറ്റെന്തോ ആവരണമായി അത് കാണപ്പെട്ടു. ഞാൻ സ്വയം എന്റെ ശരീരത്തെ തഴുകാൻ ശ്രമിച്ചെങ്കിലും സ്പർശനം സാധ്യമായില്ല. 

ചക്രവാളത്തിന്റെ അതിരുകളിൽ നിൽക്കുമ്പോഴും ആകാശം  അനന്തമായി തന്നെ നില കൊണ്ടു. ചക്രവാളത്തിന്റെ വക്കിൽ നിന്ന് കൊണ്ട് ചോദ്യങ്ങൾ താഴേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാനും അവരെപ്പോലെ താഴേക്ക് നോക്കി. അവിടെ പാൽ നിറത്തിൽ കോട മഞ്ഞ്  മൂടപ്പെട്ടിരുന്നു. ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി താഴേക്ക് എടുത്തു ചാടി. പിന്നാലെ ഞാനും. ഒരു വലിയ ഗർത്തത്തിലേക്ക് പതിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുമായിരുന്ന പേടി എനിക്കില്ലായിരുന്നു. നടന്നതിനേക്കാൾ കൂടുതൽ ദൂരം താഴൊട്ട് പതിച്ചു കാണും . ഒടുക്കം തണുത്ത വെള്ളത്തിലേക്ക് ഞങ്ങൾ ചെന്ന് പതിച്ചു. വെള്ളത്തിനു മണമില്ല എന്ന് പറയുന്നത് നുണയാണ്. വെള്ളത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹരമായ സുഗന്ധം തന്നെയാണ് എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വെള്ളത്തിൽ ഏറെ നേരം മുങ്ങി താഴ്ന്നു പോയിട്ടും എന്ത് കൊണ്ടോ എനിക്ക് ശ്വാസം മുട്ടിയില്ല. ശക്തമായ ഒരു കാന്തിക ആകർഷണം അനുഭവപ്പെടുന്നതോടൊപ്പം ഞാൻ ചോദ്യങ്ങളിൽ നിന്ന് കൂട്ടം മാറി സഞ്ചരിക്കപ്പെട്ടു. ജലത്തിൽ നിന്നും വായുവിലേക്ക് ഞാൻ വീണ്ടും പറിച്ചു നടപ്പെട്ടു. അപ്പോഴും ശാരീരികമായ യാതൊരു വിധ മാറ്റവും എന്നെ ബാധിച്ചില്ല. ശൂന്യതയിൽ ഞാൻ ഏകനായിരിക്കുന്നു. 

ഉത്തരങ്ങളെ ഞാനാണ്  ഉപേക്ഷിച്ചതെങ്കിൽ  ചോദ്യങ്ങൾ എന്നെയാണല്ലോ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന വേളയിൽ ശൂന്യത എനിക്കൊരു തിരിച്ചറിവായി മാറുകയായിരുന്നു. ഞാൻ ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. ഞാൻ എന്നത് തന്നെയാകുന്നു ഏറ്റവും വലിയ മിഥ്യ.

-pravin-

Tuesday, June 10, 2014

പുലിക്കുട്ടൻ

മഹാ വികൃതിക്കാരനായിരുന്നു പുലിക്കുട്ടൻ. പുലിയമ്മയുടേയും പുലിയച്ഛന്റെയും ഒരേ ഒരു സന്തതി. അവരുടെ കാലം കഴിഞ്ഞാൽ ആ കാട്ടിൽ വംശ പരമ്പര നിലനിർത്തി കൊണ്ട് പോകേണ്ട ചുമതല പുലിക്കുട്ടനുണ്ട്. പക്ഷേ കുട്ടിത്തവും വികൃതിയും വിട്ടു മാറാത്ത അവനെങ്ങനെ മറ്റൊരു കാട്ടിൽ പോയി ഒരു ഇണയെ സ്വന്തമാക്കും, അവനെങ്ങനെ ഭാവിയിൽ  വംശ പാരമ്പര്യം കാത്തു സൂക്ഷിക്കും? പുലിയമ്മയുടേയും പുലിയച്ഛന്റെയും ഒരേ ഒരു ആധി അത് മാത്രമാണ്. സമയം കിട്ടുമ്പോഴൊക്കെ അവർ അവനെ നന്നായി ഉപദേശിക്കുമായിരുന്നു. ഫലമില്ല എന്ന് മാത്രം. 

കാട്ടിനുള്ളിലെ ഒരു വലിയ മടയിലാണ് പുലിക്കുട്ടനും അമ്മയും അച്ഛനുമെല്ലാം താമസിക്കുന്നത്. പണ്ട് കാടിന്റെ അതിർത്തി ഒരുപാട് ദൂരെയായിരുന്നു. കാടിന്റെ വിസ്തീർണം കാല ക്രമേണ കുറഞ്ഞു വന്നു. കാട് നാടായും, നാട് പിന്നീട് ഗ്രാമമായും, ഗ്രാമം പിന്നീട് നഗരമായും കാലാന്തരേണ മാറി തന്നെ തീരണമെന്ന്  പ്രകൃതിയുടെ നിയമ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ എന്നൊന്നും  അറിയില്ല. പക്ഷേ കാടുകൾക്ക് പൊതുവേ ആയുസ്സ് കുറഞ്ഞു വരുകയാണ്. പുലിക്കുട്ടൻ ജനിച്ചു വീണ സ്ഥലമൊക്കെ ഇപ്പോൾ വലിയ നഗരമായി  മാറി കഴിഞ്ഞിരിക്കുന്നു.  പുലിയമ്മയുടെ മടിയിൽ കിടന്നു കൊണ്ട് പഴയ കാല കാട്ടു കഥകളും വർത്തമാനങ്ങളും കേൾക്കുമ്പോൾ പുലിക്കുട്ടന്റെ ഇരു ചെവികളും നീണ്ടു നിവർന്നങ്ങിനെ നിൽക്കും. പിന്നെ ഇടയ്ക്കിടെ ചെവി വെട്ടിച്ചു കൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കും. 

'അവനിപ്പോൾ മൂന്നു വയസ്സാകാറായിരിക്കുന്നു. നീ അവനെയിങ്ങനെ കൊഞ്ചിക്കല്ലേ .. നാളെ അവൻ ഒറ്റയ്ക്ക് ജീവിക്കേണ്ടവനാണ്". പുലിയമ്മയുടെ കഥ പറച്ചിലും അവനോടുള്ള അമിത വാത്സല്യവും കാണുമ്പോൾ പുലിയച്ഛൻ  അതും പറഞ്ഞ് ശകാരിക്കും. എത്ര വയസ്സായാലും  അവനെന്റെ പുന്നാര ഉണ്ണിയല്ലേ എന്ന മട്ടാണ് അത് കേൾക്കുമ്പോൾ പുലിയമ്മക്ക്. അത്രക്കും ജീവനാണ് പുലിയമ്മക്ക് അവനെ. 

പുലിക്കുട്ടന് ഏറ്റവും ഇഷ്ടം മുയലിറച്ചിയാണ്. മാനിറച്ചിയും പോത്തിറച്ചിയും അവനത്ര തന്നെ പഥ്യമില്ല. അച്ഛനും അമ്മയും അവന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാറുണ്ടെങ്കിലും മുയലിറച്ചി സംഘടിപ്പിച്ചു കൊടുക്കുന്നതിൽ അവരിത്തിരി പുറകോട്ടാണ്. കാരണം മാനിനേയും പോത്തിനെയും ഓടിച്ചിട്ട് പിടിക്കുന്ന പോലെ എളുപ്പമല്ല മുയലിനെ പിടിക്കാൻ. മുയൽ സൂത്രക്കാരനാണ്. പിടിക്കാൻ വരുന്നത് കണ്ടാൽ വേഗം വല്ല മാളത്തിലും പോയി ഓടിയൊളിക്കും. ഇതിനിടയിൽ രണ്ടു മൂന്നു തവണ മുയലിനെ ഓടിച്ചു പിടിച്ചതിന്റെ ബുദ്ധിമുട്ട് പുലിയമ്മക്കും പുലിയച്ഛനും മാത്രമേ  അറിയൂ.  പുലിക്കുട്ടന് പക്ഷേ അതൊന്നും അറിയേണ്ട കാര്യമില്ല. അവനെന്ത് ആഗ്രഹിച്ചാലും അതപ്പോൾ തന്നെ നടന്നിരിക്കണം. വാശി തന്നെ. അല്ലാതെന്താ പറയുക. 

ആകാശത്ത് പാറി പറക്കുന്ന കിളികളെ നോക്കി കൊണ്ട് പുലിക്കുട്ടൻ ഒരിക്കൽ അമ്മയോട് ആവശ്യപ്പെട്ടു. "അമ്മേ ..എനിക്കിന്ന് കിളികളുടെ ഇറച്ചി മതി കഴിക്കാൻ .." 

അത് കേട്ടപ്പോൾ പുലിയമ്മ പറഞ്ഞു " കുട്ടാ ..പക്ഷികളെയല്ല നമ്മൾ വേട്ടയാടി പിടിക്കേണ്ടത്. വലിയ മാനുകളേയും പോത്തുകളേയുമാണ്. അവരാണ് നമ്മുടെ ആഹാരം." പുലിക്കുട്ടൻ വാശി കാണിക്കാൻ തുടങ്ങിയപ്പോൾ പുലിയമ്മ പറക്കുന്ന കിളികളെ പിടിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ കിളികളെ പിടിക്കാൻ കിട്ടിയില്ല. വാശി പിടിക്കുന്ന പുലിക്കുട്ടന് മുന്നിൽ വന്നു നിന്ന് കൊണ്ട് കിളികൾ കൊഞ്ഞലം കൊത്തി ചിരിച്ചു. ഇത് കണ്ടു കൊണ്ട് വന്ന പുലിയച്ഛൻ കിളികളോട് ദ്വേഷ്യത്താൽ മുരണ്ടു. ശബ്ദം കേട്ട് പേടിച്ച കിളികൾ പാറി പറന്നു പോയി. 

അന്ന് രാത്രി പുലിയച്ഛൻ വളരെ വൈകിയാണ് മടയിലേക്ക് എത്തിയത്. പുലിയച്ഛന്റെ വായിൽ ജീവന്റെ ചെറു തുടിപ്പുള്ള ഒരു നാടൻ കോഴിയുണ്ടായിരുന്നു. അത് കണ്ടപ്പോൾ പുലിക്കുട്ടന്  ഒരുപാട് സന്തോഷമായി. ആകാശത്ത് പാറി നടന്നിരുന്ന ഏതോ ഒരു  കിളിയുടെ ഇറച്ചിയാണ് അച്ഛൻ ഇന്ന് തനിക്കായി കൊണ്ട് വന്നിരിക്കുന്നതെന്ന് കരുതി അവൻ  ആ കോഴിയെ ആർത്തിയോടെ വയറ്റിലാക്കി. മുയലിറച്ചിയേക്കാൾ കൂടുതൽ രുചി കിളികളുടെ ഇറച്ചിക്ക് തന്നെ. പുലിക്കുട്ടൻ ചിന്തിച്ചു. 

അടുത്ത ദിവസം അച്ഛനും അമ്മയും മടയിൽ നിന്ന് പുറത്തേക്ക് പോയ സമയം,  തലേ ദിവസം കഴിച്ച ഇറച്ചിയുടെ രുചി ഓർത്ത്‌ കൊണ്ട് പുലിക്കുട്ടൻ പുറത്തേക്കിറങ്ങി നടന്നു. ആ സമയത്ത്  പുറത്ത് കലപില കൂട്ടുന്ന  കിളികളെ കണ്ടപ്പോൾ അവന് വീണ്ടും കൊതിയായി. അവനെ കണ്ടപ്പോൾ കിളികൾ പറന്നു പൊങ്ങി. അവൻ  അവറ്റകൾക്ക്  പിന്നാലെ മേലോട്ട് നോക്കി  ഓടാൻ തുടങ്ങി. തങ്ങൾക്ക് പിന്നാലെ  ഓടി വരുന്ന  പുലിക്കുട്ടനെ   നോക്കി പരിഹസിച്ചു ചിരിച്ചു കൊണ്ട് കിളിക്കൂട്ടം ദൂരേക്ക് പറന്നു  മാറി. അവർക്ക് പിന്നാലെ കുറച്ചു ദൂരം  ഓടിയ പുലിക്കുട്ടൻ സങ്കടവും ദ്വേഷ്യവും കൊണ്ട് കിതച്ചു നിന്നു. അവരെപ്പോലെ തനിക്ക് എന്ത് കൊണ്ട് പറക്കാൻ സാധിക്കുന്നില്ല എന്നാലോചിച്ചു കൊണ്ട് നിൽക്കുന്ന പുലിക്കുട്ടന്റെ തലക്ക് മുകളിൽ കിളിക്കൂട്ടം കലപില കൂട്ടി പറക്കാൻ തുടങ്ങി. ഇത്തവണ അവൻ അവരെ വെറുതെ വിടാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല. ദ്വേഷ്യം മൂത്ത   അവൻ ക്ഷീണം മറന്നു കൊണ്ട് അവറ്റകളുടെ ഒപ്പത്തിനൊപ്പം വേഗത്തിലോടി. ഇടക്ക് പലയിടത്തും  തട്ടി മറിഞ്ഞു വീണുവെങ്കിലും അതൊന്നും സാരമാക്കാതെ അവൻ ഓട്ടം തുടർന്നു കൊണ്ടേയിരുന്നു.

കാടും അരുവിയും  പാറയും ചാടിയോടുന്നതിനിടയിൽ  പരിചയമില്ലാത്ത ഒട്ടേറെ വഴികൾ അവൻ പിന്നിട്ടു കൊണ്ടിരുന്നു. ഓടിയോടി ഒടുക്കം അവനൊരു മലഞ്ചെരുവിലെത്തി. അപ്പോഴേക്കും  കിളിക്കൂട്ടം ദൂരേക്ക് പറന്നകന്നിരുന്നു.  തളർന്നവശനായ  പുലിക്കുട്ടൻ മലഞ്ചെരുവിൽ നിന്ന് ചുറ്റുപാടും നോക്കി. അവിടെ നിന്ന് നോക്കുമ്പോൾ മലയുടെ ഏറ്റവും താഴെയായി  കറുത്ത നിറത്തിൽ ഒരു വഴിത്താര കണ്ടു. ഇടക്കിടക്ക് കണ്ടു പരിചയമില്ലാത്ത ഏതൊക്കെയോ  ജീവികൾ ആ വഴിയിലൂടെ ഒരു ഇരമ്പൽ ശബ്ദത്തോടെ നീങ്ങുന്നതായും അവൻ ശ്രദ്ധിച്ചു. മെല്ലെ മെല്ലെ അവൻ മലയിറങ്ങി താഴ്വാരത്തെത്തി. അപ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. പുലിക്കുട്ടൻ അച്ഛനേയും അമ്മയേയും ഓർക്കുന്നത് അപ്പോഴാണ്‌. തിരിച്ചു പോകാനുള്ള വഴിയറിയാതെ  അവൻ പല ദിക്കിലൂടെ ഓടി. അച്ഛനെയും അമ്മയെയും കാണാതെ അവനേറെ വിഷമിച്ചു. വിശപ്പ്‌ കൊണ്ട് ഉറക്കെ കരഞ്ഞു. പക്ഷേ ആര് കേൾക്കാൻ.  ക്ഷീണം കൂടിയപ്പോൾ അവനൊരു കുറ്റിക്കാട്ടിൽ വിശന്ന വയറും പതിപ്പിച്ചങ്ങനെ  കിടക്കാൻ തുടങ്ങി. 

സമയം രാത്രിയായി കൊണ്ടിരിക്കുന്നു. ഇങ്ങിനെ കിടക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിത്തുടങ്ങിയ പുലിക്കുട്ടൻ റോഡിനോട് ചേർന്ന് കുറച്ച് പുറത്തേക്കായി  തള്ളി നിൽക്കുന്ന ഒരു പാറയുടെ  മുകളിൽ കയറി നിന്ന് കൊണ്ട് പരിസരം നന്നായി വീക്ഷിച്ചു. ആ സമയം ദൂരെ നിന്ന് ഇരമ്പലോട് കൂടി രണ്ടു  വെളിച്ചക്കണ്ണുകൾ വരുന്നുണ്ടായിരുന്നു. പാറയുടെ ഓരം ചേർന്ന് നിന്ന് കൊണ്ട്  പുലിക്കുട്ടൻ ആ വിചിത്ര ജന്തുവിന്റെ  മുകളിലേക്ക് ചാടി വീഴുവാനായി   ലക്ഷ്യം വച്ചു. അടുത്തെത്തി എന്ന് കണ്ടപ്പോൾ പിൻകാലിനാൽ കുതിച്ചു കൊണ്ട് ആ വിചിത്ര ജന്തുവിന്റെ പുറകു വശത്തേക്ക്  ഒരൊറ്റ ചാട്ടം. അതൊരു യന്ത്ര വാഹനമാണെന്ന്   മനസിലാകും വരെ അവൻ അതിന്റെ  പിൻ ഭാഗത്ത് പലയിടങ്ങളിലായി വിശപ്പ്‌ സഹിക്കാതെ കടിച്ചുകൊണ്ടേയിരുന്നു. കുറച്ചു നേരത്തെ വിഫല ശ്രമങ്ങൾക്ക് ശേഷം പുലിക്കുട്ടൻ വണ്ടിയിൽ തളർന്നു വീണു. 

തളർന്നു വീണ പുലിക്കുട്ടനേയും വഹിച്ചു കൊണ്ട്   കഥയറിയാതെ  ടെമ്പോ ഡ്രൈവെർ ഗ്രാമത്തിലേക്കുള്ള തന്റെ യാത്ര തുടർന്നു. താഴ്വാരത്തിൽ നിന്ന് കുറച്ചധികം ദൂരമുള്ള  ഗ്രാമത്തിലേക്ക് ടെമ്പോ എത്തിയപ്പോൾ സമയം പിന്നെയും രാത്രി കഴിഞ്ഞിരുന്നു. തന്റെ ചെറിയ  വീടിനോട് ചേർന്ന് കിടക്കുന്ന മൊട്ടപ്പറമ്പിൽ വണ്ടി നിർത്തിയിട്ട  ശേഷം  കയ്യിൽ കുറച്ചു സാധനങ്ങളും വാരിയെടുത്ത് കൊണ്ട്  ഡ്രൈവർ തന്റെ വീട്ടിലേക്ക് കയറിപ്പോയി. 

വണ്ടിയുടെ ഇരമ്പൽ ശബ്ദം നിന്നെന്ന് ബോദ്ധ്യമായപ്പോൾ പുലിക്കുട്ടൻ സാവധാനം എഴുന്നേറ്റു നിന്നു. കൈകാലുകൾ നിവർത്തി കൊണ്ട് ചുറ്റും നോക്കി. പിന്നെ  വണ്ടിയിൽ നിന്നും പുറത്തെ ഇരുട്ടിലേക്ക്  ചാടിയിറങ്ങി. അവൻ പതിവില്ലാത്ത രീതിയിൽ എന്തോ മണം പിടിക്കാൻ തുടങ്ങിയിരുന്നു. മൊട്ടപ്പറമ്പിലെ ഇരുട്ടിൽ നിന്ന്  വീടിന് പുറകു വശത്തേക്ക് മണം പിടിച്ചു കൊണ്ട് എന്തോ ലക്ഷ്യം വച്ച പോലെ അവൻ മെല്ലെ മെല്ലെ നടന്നു . 

"എട്യേ ..ആ കോഴികളെന്താ ഇങ്ങനെ കൊക്കി കരയണേന്ന് നോക്ക്യേ ..വല്ല കുറുക്കനെയോ  നായെയോ കണ്ടിട്ടുണ്ടാകും ..ഇന്നലെ വറീദ് മാപ്ലെടെ ഒരു കോഴീനെ എന്തോ പിടിച്ചോണ്ട് പോയീന്നൊക്കെ പറഞ്ഞിരുന്നു " .  അടുക്കള ഭാഗത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയ ഡ്രൈവർ അയാളുടെ ഭാര്യയോടായി ഉറക്കെ പറഞ്ഞു.  

കോഴികളുടെ ശബ്ദം അസാധാരണമാം വിധം ഉച്ചത്തിലായപ്പോൾ ഡ്രൈവറുടെ ഭാര്യ കോഴിക്കൂടിന് അടുത്തേക്ക് ഓടിയെത്തി. പിന്നെ ഒരലർച്ചയായിരുന്നു. നിലവിളി ശബ്ദം കേട്ട് കുളിമുറിയിൽ നിന്ന് ഓടിയെത്തിയ ഭർത്താവ് നിലത്ത് വീണു കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. അപ്പോഴും കോഴികളുടെ നിലവിളി നിന്നിട്ടില്ലായിരുന്നു. കോഴിക്കൂടിനു ചുറ്റും തൂവലുകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. അയാൾ ഭാര്യയെ പൊക്കിയെടുത്ത് വീടിന്റെ വരാന്തയിൽ കിടത്തി. മുഖത്ത് വെള്ളം തെളിച്ചു. 

"പുലി...പുലിയാ ...പുലിയാണ് ചേട്ടാ..ഒരു വലിയ പുലി  " എന്ന് മാത്രം അവൾ ആവർത്തിച്ചു മന്ത്രിച്ചു. അത് പുലിയൊന്നുമാകില്ല വല്ല കുറുക്കനോ മറ്റോ ആകുമെന്ന് പറഞ്ഞു കൊണ്ട് ഭർത്താവ് അവളെ ആശ്വസിപ്പിച്ചു. അപ്പോഴേക്കും അടുത്ത വീടുകളിൽ നിന്നും സമാനമായ നിലവിളികൾ പൊങ്ങി തുടങ്ങിയിരുന്നു. ഭാര്യയെ വീട്ടിനുള്ളിലാക്കി പുറത്ത് നിന്ന് വാതിൽ കുറ്റിയിട്ട ശേഷം കൈയ്യിൽ ഒരു ഇരുമ്പ് കമ്പിയുമായി അയാൾ  മൊട്ടപ്പറമ്പിലേക്ക് നടന്നകന്നു.  പേടിച്ചരണ്ട കണ്ണുകളുമായി അയാളുടെ ഭാര്യ ജനലിലൂടെ അതെല്ലാം നോക്കി നിന്നു. ഭാര്യയുടെ കാഴ്ചയിൽ അയാൾ  ഒരു വലിയ ഇരുട്ടിലേക്ക് അലിഞ്ഞു പോകുകയായിരുന്നു.  

ഒരു മുരളൽ ശബ്ദം കേട്ടിട്ടാണ് അയാൾ ഇരുട്ടിൽ ടോർച്ച് കൊണ്ട് പരതാൻ തുടങ്ങിയത്. ഒരു ധൈര്യത്തിന് ഇരുട്ടിലേക്ക് ഇറങ്ങി നടന്നതാണെങ്കിലും ഇപ്പോൾ അയാൾ എന്തൊക്കെയോ ഭയക്കുന്നു. പെട്ടെന്നാണ് ടോർച്ച് ലൈറ്റിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ അയാൾ കണ്ടത്. അത് പുലി തന്നെയാണെന്ന് അയാൾക്ക്‌ മനസിലാകുന്നതിനും എത്രയോ മുൻപ് അയാളുടെ ബോധം അയാളെ ആ ഇരുട്ടിൽ തനിച്ചാക്കി കൊണ്ട് എങ്ങോ ഓടിയൊളിച്ചു. പിന്നെ ഒരു അലർച്ച മാത്രമാണ് ബാക്കിയുണ്ടായത്.  ആ അലർച്ചയിൽ പേടിച്ചത് പുലിക്കുട്ടനായിരുന്നു. പകുതി തിന്നു തീർത്ത കോഴിയെയും കടിച്ചെടുത്ത് കൊണ്ട് അലക്ഷ്യമായി അവൻ  പല വഴി ഓടാൻ തുടങ്ങി. അപ്പോഴേക്കും ആ ഗ്രാമം മുഴുവൻ ഉണർന്നിരുന്നു. നാല് ഭാഗത്ത് നിന്നും വെളിച്ചം മിന്നി മറയാൻ തുടങ്ങി. പരാക്രമം കാണിച്ചുള്ള ഓട്ടത്തിനിടയിൽ പുലിക്കുട്ടൻ ഒരു കിണറ്റിലേക്ക് തെറിച്ചു വീണു. കിണറ്റിൽ കിടന്ന് അവൻ ഉറക്കെയുറക്കെ  കരഞ്ഞു. അവന്റെ കരച്ചിൽ പുറം ലോകത്ത് ആരും കേട്ടില്ലെങ്കിലും ഒരാൾ മാത്രം കേട്ടു. പുലിയച്ഛൻ. 

പുലിക്കുട്ടനെ കാണാതായ സമയം തൊട്ട് അവനെ അന്വേഷിച്ചു നടക്കുകയായിരുന്നു പുലിയച്ഛൻ. മലഞ്ചെരുവ് വരെ പുലിക്കുട്ടൻ വന്നതായി മനസിലാക്കിയ പുലിയച്ഛൻ  പിന്നീടങ്ങോട്ട് അവൻ പോയ വഴിയറിയാതെ  കുറെ നേരം പകച്ചു നിന്നു.  ഒരു ഉൾവിളിയിലെന്നോണം ഗ്രാമത്തെ ലക്ഷ്യമാക്കി ഓടിയ പുലിയച്ഛന്റെ കണക്കു കൂട്ടലുകൾ തെറ്റിയില്ല. കിണറ്റിനുള്ളിൽ വീണു കിടക്കുന്ന പുലിക്കുട്ടനെ കണ്ട മാത്രയിൽ പുലിയച്ഛൻ സങ്കടം സഹിക്ക വയ്യാതെ ഉറക്കെ കരഞ്ഞു. പുലിയച്ഛനെ കണ്ടപ്പോൾ പുലിക്കുട്ടനും സഹിച്ചില്ല. അവൻ കിണറ്റിലെ വെള്ളത്തിൽ നിന്ന് പടവുകളിലേക്ക് കയറി നിന്ന് കൊണ്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി ദയനീയമായി കരഞ്ഞു തുടങ്ങി.   

കിണറ്റിലേക്ക് തല താഴ്ത്തിക്കൊണ്ട്  പുലിയച്ഛൻ പറഞ്ഞു. "മോനെ, കരയാതിരിക്കൂ.  പേടിക്കണ്ട. അച്ഛൻ ഇവിടെ തന്നെയുണ്ട്. നിന്റെ അമ്മക്ക് ഞാൻ വാക്ക് കൊടുത്തിരിക്കുന്നു നിന്നെയും കൊണ്ടേ ഞാൻ മടങ്ങി വരൂ എന്ന്. മാത്രവുമല്ല, നീ നിന്റെ വംശ പരമ്പരയുടെ  ധൈര്യം പ്രകടിപ്പിക്കേണ്ട അവസരം കൂടിയാണിത്. എന്ത് സംഭവിച്ചാലും പതറരുത്.  "

പറഞ്ഞു മുഴുമിക്കുന്നതിനും മുൻപേ  നാല് ദിക്കിൽ  നിന്നും ആയുധങ്ങളും ആരവങ്ങളുമായി  ആൾക്കൂട്ടം കിണറ്റിൻ കരയിലേക്ക്  പാഞ്ഞടുത്തു. അവർ പുലിയച്ഛനു നേരെ  തീപ്പന്തങ്ങൾ വലിച്ചെറിയാൻ തുടങ്ങി.  ജനക്കൂട്ടത്തിനു മുന്നിൽ  പുലിയച്ഛൻ നിസ്സഹായനായി നിന്നു. രണ്ടു മൂന്നു തവണ ഉറക്കെ  മുരണ്ട ശേഷം മീശ വിറപ്പിച്ചു കൊണ്ട് അത് ആളുകളെ നോക്കി കേണു പറഞ്ഞു.

"എന്നെയും മകനെയും കാട്ടിലേക്ക് തിരികേ പോകാൻ അനുവദിക്കണം. ഞങ്ങളെ ഒന്നും ചെയ്യരുത്"

എന്ത് ചെയ്യാം, പുലിയുടെ ഭാഷ അവിടെ കൂടിയ ആർക്കും അറിയില്ല ല്ലോ. അവർ പുലിയെ ഒറ്റ നിമിഷം കൊണ്ട് ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. അതിന്റെ ദയനീയതയും കരച്ചിലും ഭീകരമായ മുരൾച്ചയുടെ രൂപത്തിൽ മാത്രമേ അവർക്കെല്ലാം അനുഭവപ്പെട്ടുള്ളൂ. ഒട്ടും വൈകാതെ ജനക്കൂട്ടം അതിനു നേരെ ആക്രമണം തുടങ്ങി. അതിനിടയിൽ ആരോ ചുഴറ്റി എറിഞ്ഞ  കമ്പിവലയിൽ പുലിയച്ഛന്റെ തല കുടുങ്ങി. അവർ കമ്പിയുടെ അറ്റം പിടിച്ചു കൊണ്ട് അതിനെ വലിച്ചിഴക്കുന്ന സമയത്തും അതിന്റെ തല കിണറ്റിലേക്ക് തിരിഞ്ഞു തന്നെ നിന്നു. ബലം പിടിച്ചു നിന്ന  അതിന്റെ  കാലുകളെ നിലത്ത് വലിച്ചിഴപ്പിച്ചു കൊണ്ട് കമ്പി വലയുടെ അറ്റം കുറേ പേർ ചേർന്ന് വലിച്ചു. നാല് ഭാഗത്ത് നിന്നും കഴുത്തിൽ കുരുക്ക് വീണിട്ടും കിണറ്റിൻ കരയിൽ നിന്ന് ഒരടി നീങ്ങാതെ അത് വേദന കടിച്ചമർത്തി കൊണ്ട്  ഉറക്കെ മുരണ്ടു.  അതിന്റെ ഉടലിൽ നിന്നും കഴുത്ത് മുറിഞ്ഞു പോകും വിധം ചോര ഒലിച്ചിറങ്ങാൻ തുടങ്ങി. മരണ പരാക്രമത്തിനിടയിൽ പുലിയച്ഛന്റെ കൈയ്യും നഖവും തട്ടി രണ്ടു മൂന്നു പേർക്ക് പരിക്കേറ്റു. അത് കൂടെയായപ്പോൾ ഒരാൾ തന്റെ  കയ്യിലുണ്ടായിരുന്ന മഴു കൊണ്ട് അതിന്റെ മുഖത്തേക്ക് ആഞ്ഞു വെട്ടി. രണ്ടു മൂന്നു തവണത്തെ പിടച്ചിലിനൊടുവിൽ പുലിയച്ഛൻ  അന്ത്യ ശ്വാസം വലിച്ചു. അതിന്റെ അവസാനത്തെ  മുരൾച്ച കുറേ  നേരത്തേക്ക് അവിടെയെല്ലാം അലയടിച്ചു നിന്നു. കൂടി നിന്നവർ കരഘോഷങ്ങൾ കൊണ്ടാണ് ആ മുരൾച്ചയെ പരിഹസിച്ചു ചിരിച്ചത്. 

പുലിയച്ഛൻ തന്നെ രക്ഷിക്കുമെന്നും അമ്മയുടെ അടുത്തേക്ക് ഉടൻ പോകാൻ സാധിക്കുമെന്നും  പ്രതീക്ഷിച്ചു കൊണ്ട് പുലിക്കുട്ടൻ കിണറ്റിനുള്ളിൽ ശാന്തനായി കിടക്കുകയായിരുന്നു. കിണറ്റിലേക്ക് തല എത്തിച്ചു നോക്കിയ ആൾക്കൂട്ടത്തെ കണ്ടപ്പോൾ അവൻ വീണ്ടും പരാക്രമാസക്തനായി. ചിലർ അവന്റെ മുകളിലേക്ക്  കല്ലുകൾ എറിയാൻ തുടങ്ങി. മേല് വേദനിച്ചപ്പോൾ അവൻ വെള്ളത്തിലേക്കും പടവുകളിലേക്കും ചാടി ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. അവൻ തളർന്നു വീഴും വരെ  അവർ കല്ലെറിഞ്ഞു. 

ഉള്ളിൽ വറ്റി പോകാതിരുന്ന ഒരിറ്റ് ദയ ഉള്ള ഏതോ ഒരാൾ ആൾക്കൂട്ടത്തിനോടായി പറഞ്ഞു. "കഷ്ടം !! എല്ലാരും ചേർന്ന് ഒന്നിനെ എറിഞ്ഞും വെട്ടിയും കൊന്നു. എന്നിട്ടും മത്യായില്ല ല്ലേ ? പോലീസിനെ അറിയിച്ചിട്ടുണ്ട്. അവർ വരുമ്പോൾ ഒന്നിനെയെങ്കിലും ജീവനോടെ കൊടുക്കാൻ പറ്റുമോടാ  കഴുവേറി മക്കളെ???? 

ആൾക്കൂട്ടം പിൻ വലിഞ്ഞു. കുറച്ചു പേർ ചത്തു കിടക്കുന്ന പുലിയെയും നോക്കി കൊണ്ട് അവിടെ തന്നെ നിൽപ്പ് തുടർന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ അവരിൽ കുറച്ച് പേർ അതിനെ  വലിച്ചിഴച്ച് കൊണ്ട് അടുത്തുള്ള മരത്തിന്റെ താഴെ ഒതുക്കി കിടത്തി. ചത്ത പുലിയെ എല്ലാവർക്കും കാണാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ അതിനെ ഒരു മരത്തിൻ മുകളിലായി വലിച്ചു കെട്ടി. 

പുലർച്ചയായി പോലീസും വനം വകുപ്പുകാരും  എത്തിയപ്പോൾ. ഒട്ടും വൈകാതെ തന്നെ അവർ പുലിക്കുട്ടനെ അതി വിദഗ്ദ്ധമായി  പുറത്തെടുത്തു. കുറഞ്ഞ സമയം കൊണ്ട് വിവിധ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചതിനാലാകാം അവൻ ഒട്ടും പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. സൂചി കുത്തുന്ന സമയത്ത് അവൻ നിഷ്ക്രിയനായി  കിടന്നു കൊടുത്തത് വനം വകുപ്പുകാരെയും അവിടെ കൂടി നിന്ന ചിലരെയും അതിശയിപ്പിച്ചു. അവനെ  ഏറ്റവും അതിശയത്തോടെ നോക്കി നിന്നവരുടെ കൂട്ടത്തിൽ തലേന്ന് രാത്രി ബോധരഹിതനായ ഡ്രൈവറും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൌതുകം.  

സൂചി കുത്തി മയക്കിയ   അവനെ അവർ വണ്ടിയിൽ തന്നെയുള്ള ഒരു കൂട്ടിലേക്ക് കിടത്തി. അവന്റെ കണ്ണുകൾ അപ്പോഴും തുറന്നു തന്നെയിരിക്കുകയായിരുന്നു. അവന്റെ കാഴ്ചയിലേക്ക് പതിയെ ഇരുട്ട് മറയാൻ തുടങ്ങി. വണ്ടിയുടെ വാതിലുകൾ അടക്കപ്പെട്ടു. വനം വകുപ്പിന്റെ വണ്ടി അവനേയും കൊണ്ട്  ദൂരേക്ക് മറഞ്ഞു. 

മരുന്നിന്റെ മയക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ കൂട്ടിനുള്ളിൽ ഒരു പാത്രത്തിലായി വച്ചിരുന്ന തണുത്ത മാംസം  ഒറ്റയടിക്ക് അവൻ വയറ്റിലാക്കി. പിന്നെ കൈ കാലുകൾ നിവർത്തിയ ശേഷം ശരീരമാകെയൊന്നു കുടഞ്ഞു. അപ്പോഴേക്കും കൂടിന്റെ വാതിൽ തനിയെ തുറക്കപ്പെട്ടു. കൂട്ടിൽ നിന്ന് പുറത്തേക്ക് ചാടിയ ശേഷം  ചുറ്റും ഒന്ന് നോക്കി. അതൊരു കാടായിരുന്നു. പരിചയമില്ലാത്ത പുതിയ ഏതോ കാട്. കാട്ടിൽ പുതിയൊരാൾ എത്തിയെന്ന സൂചന നൽകി കൊണ്ട് പക്ഷികൾ കല പില കൂട്ടി പറന്നു. ദൂരെ നിന്നിരുന്ന മാൻ കൂട്ടം ചെവികൾ വെട്ടിച്ചു ചുറ്റും നോക്കി. പുലിക്കുട്ടന്റെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്ത് അത് വരെ കാണാത്തൊരു ഭാവം നിറഞ്ഞു വന്നു. മാനുകളെ ലക്ഷ്യമാക്കി കൊണ്ട് അവൻ പാഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം അവനെ ആ കാട്ടിൽ തനിച്ചാക്കി  തിരികേ പോകുന്ന സമയത്തിനുള്ളിൽ തന്നെ അവൻ അവന്റെ ലക്ഷ്യം കണ്ടു കഴിഞ്ഞിരുന്നു. അവനാദ്യമായി വേട്ടയാടി പിടിച്ച മാൻ. അതവന് ഭക്ഷിക്കാൻ വേണ്ടിയായിരുന്നില്ല. അതൊരു തിരിച്ചറിവായിരുന്നു- അവനവനെ കുറിച്ചുള്ള വലിയൊരു  തിരിച്ചറിവ്. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു  തീക്ഷ്ണത പ്രകടമാകാൻ തുടങ്ങി. തന്റെ കർമ്മ മണ്ഡലം ഈ കാടാണ് എന്ന സത്യത്തെ അവനറിയാതെ തന്നെ അംഗീക്കരിക്കേണ്ടിയും  വന്നു. അപ്പോഴും  അവനു പിടി കൊടുക്കാതെ  തലക്കു മുകളിലായി  കിളികൾ കല പില കൂട്ടി പറന്നു നടക്കുന്നുണ്ടായിരുന്നു.  അവൻ അവരെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. മാനിന്റെ കഴുത്തിൽ കടിച്ചു പിടിച്ചു കാട്ടിനുള്ളിലേക്ക്  നടന്നകലുമ്പോൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടത് പുലിയമ്മയുടെ പഴയ ആ വാക്കുകൾ മാത്രം.

" കുട്ടാ ..പക്ഷികളെയല്ല നമ്മൾ വേട്ടയാടി പിടിക്കേണ്ടത്. വലിയ മാനുകളേയും പോത്തുകളേയുമാണ്. അവരാണ് നമ്മുടെ ആഹാരം."

-pravin-