Monday, December 1, 2014

സദാ അടയുന്ന വാതിലുകൾ

വലിയ വിസ്താരമുള്ള മുറി. നാല് ഭാഗവും ഉയരത്തിലുള്ള ചുവരുകൾ. ഓരോ ചുവരിനും  വെവ്വേറെ  വാതിലുകൾ. അങ്ങിനെയാകെ മൊത്തം നാല് ചുവരുകളും നാല് വാതിലുകളും. അതുനുള്ളിലായിരുന്നു അയാളുടെ കാലങ്ങളായുള്ള ഏകാന്ത വാസം. വാതിലുകൾ വെറുതെയായിരുന്നു. അയാൾക്ക് പുറത്തേക്ക്  പോകാനേ സാധിക്കുമായിരുന്നില്ല. എന്നെങ്കിലും പുറത്തേക്കു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയുടെ പ്രതീകങ്ങൾ മാത്രമായിരുന്നു ആ വാതിലുകൾ.  

തടവറയുടെ ഉയർന്ന മേൽക്കൂരയിലേക്ക് കണ്ണ് നട്ട്  കിടക്കുമ്പോൾ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം അയാൾക്ക്‌ എങ്ങിനെയോ കാണാമായിരുന്നു. ആ കാഴ്ച മാത്രമാണ് അയാളുടെ ഏക ആശ്വാസവും ധൈര്യവും. ദൈവത്തിനും തനിക്കും  ഇടയിലെ ഏക  മറയായി നിൽക്കുന്നത്  ആ മേൽക്കൂര മാത്രമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. 

ചില സമയങ്ങളിൽ കാലം അയാൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യാറുണ്ട്. നിബന്ധന ഒന്നേ ഒന്ന് മാത്രം. വാതിലുകളിൽ ഏതോ ഒന്ന് ചില നിമിഷങ്ങൾക്കായി മാത്രം തുറക്കപ്പെടും. ആ സമയം തുറന്നു കാണുന്ന വാതിലിലൂടെ അതിവേഗം ഓടി പുറത്തു പോകാൻ സാധിക്കണം. എന്നാൽ മാത്രമേ  സ്വാതന്ത്ര്യം കിട്ടുകയുള്ളൂ. 

ഏത് നിമിഷവും തുറന്നേക്കാവുന്ന വാതിലുകൾ. പ്രതീക്ഷയോടെ  നാല് ചുവരിലുമുള്ള വാതിലുകളെ അയാൾ മാറി മാറി നോക്കും. വാതിൽ തുറക്കാതെ കാലം ആ രംഗം ആസ്വദിച്ചു കൊണ്ടുമിരിക്കും. ക്ഷീണം കാരണം അയാൾ കുഴങ്ങി വീഴുമ്പോൾ പലപ്പോഴും  വാതിലുകൾ മലർക്കെ തുറക്കപ്പെടുമായിരുന്നു.  എന്നാൽ ശബ്ദം കേട്ട് കണ്ണ് തുറക്കുമ്പോൾ അടയുന്ന വാതിലുകളെ മാത്രമേ അയാൾക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ. 

ഇതെന്തൊരു പരീക്ഷണമാണ് ദൈവമേ  എന്ന് ആകാശത്തിന്റെ ആ ചെറിയ കഷ്ണത്തെ നോക്കി അയാൾ ചോദിക്കുമായിരുന്നു. മേൽക്കൂരക്ക് അപ്പുറത്തുള്ള  ദൈവമാകട്ടെ അയാളോട്  പറയാനൊരു  മറുപടിക്കായി കാലത്തിന്റെ മുഖത്തേക്ക് ദയനീയമായി നോക്കും. എന്നത്തെയും പോലെ കാലം അലസമായി ദൈവത്തോട്  പറയുമത്രേ നീതിയുടെ വാതിലുകൾ അങ്ങിനെ തന്നെയാണെന്ന്.

-pravin- 

12 comments:

  1. "വാതിലുകള്‍... പ്രതീക്ഷയുടെ പ്രതീകങ്ങള്‍ മാത്രം."

    ReplyDelete
  2. ദൈവത്തിലുള്ള പ്രതീക്ഷ അയാൾ കൈവെടിയുകയും, തന്റെ ഭൗതികപരിസരങ്ങളെ കൂടുതൽ നന്നായി അറിയാൻ ശ്രമിക്കുകയും ചെയ്താൽ മാത്രമെ വാതിൽ തുറക്കാൻ പോവുന്നുള്ളു

    ReplyDelete
  3. വാതില്‍ തുറക്കൂ നീ കാലമേ!

    ReplyDelete
  4. സദാ അടയുന്ന വാതിലുകൾ. അതെങ്ങനെ ? ഒരിക്കൽ അടങ്ങ വാതിലിന്‌ തുറക്കാതെ വീണ്ടും അടയാൻ സാധിക്കില്ല. ആ അവസരം വിനിയോഗിക്കാനായാൽ രക്ഷപെടാം. അടയുന്ന വാതിലുകൾ കാണുന്ന അയാൾക്ക് തുറക്കുന്ന വാതിലുകൾ കാണാൻ കഴിയണം. വാതിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ട്. മാറ്റം വരുത്തേണ്ടത് കാഴ്ചപ്പാടിലാണ്‌. പകുതി അടഞ്ഞ വാതിലല്ല, പകുതി തുറന്ന വാതിലാണ്‌ അതെന്ന് പറയുന്നതുപോലെ.

    ReplyDelete
  5. നീതിയുടെ വാതിലുകള്‍ തുറക്കാന്‍ വളരെ പ്രയാസമാണ് .....കുറഞ്ഞ വാക്കുകളില്‍ നല്ലൊരു സന്ദേശം !
    അഭിനന്ദനങ്ങള്‍!

    ReplyDelete
  6. വാതിലുകൾ ദൈവസൃഷ്ടി ആണ് യുക്തിപരമായി സൃഷ്ടിച്ചത് ധർമം പലപ്പോഴും അതിനു പുറത്തു നീതിയും

    ReplyDelete
  7. വാഗ്ദാനങ്ങളിലും,പ്രലോഭനങ്ങളിലും ആകൃഷ്ടരാകരുതേ!
    ആശംസകള്‍

    ReplyDelete
  8. അപാര സന്ദേശം ...
    നീതിയുടെ വാതിലുകൾ ഇങ്ങനെ തന്നെയാണ്...!

    ReplyDelete
  9. ദൈവത്തിന് പോലും തടുക്കനാകാത്ത വിധിയും, നീതിയും..ഒരു പക്ഷെ മേല്‍ക്കൂരയ്ക്കു മേലെ ഉള്ള ദൈവവും ഒരു സന്ദര്‍ഭം നോക്കി ഇരിക്കുകയാവില്ലേ അകത്തു കടക്കാന്‍?

    ReplyDelete
  10. ആശയം വ്യക്തമായി മനസ്സിലായില്ല. നാല് ചുമരുകൾ നാലു dimensions ആയിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു .

    ReplyDelete
  11. നീതിയുടെ വാതിലുകൾ :)

    ReplyDelete
  12. അതെ ശരിയാണ്... നീതിയുടെ വാതിലുകൾ ചിലപ്പോഴൊക്കെ ഇങ്ങനെ ആവുന്നുണ്ട്‌ ...

    ReplyDelete