Saturday, January 19, 2013

എത


വീടുകള്‍ തമ്മില്‍ വേര്‍തിരിയുന്ന ഭാഗത്തിന് 'എത' എന്ന് പറയാറുണ്ട്. എത തര്‍ക്കം മൂത്തപ്പോള്‍ വീട്ടുകാര്‍ അവിടെ മുള്ള് വേലി കെട്ടി. ചെറിയ കുട്ടികള്‍ ആ ഭാഗത്ത് കളിക്കാന്‍ പോയാല്‍ കാലില്‍ മുള്ള് കുത്തിയിരുന്നു. അതൊഴിവാക്കാന്‍ വേണ്ടി അവിടെ കമ്പി വേലി കെട്ടിച്ചു. അപ്പോഴും കുട്ടികള്‍ കളി നിര്‍ത്തിയില്ല. മുള്ളിനു പകരം കമ്പി വേലി കയ്യിലും കാലിലും തട്ടിയപ്പോള്‍  മുറി പഴുത്തു. പിന്നെ ടെട്ടനസ്സിന്റെ ഇഞ്ചക്ഷനും എടുപ്പിച്ചു. ആ പ്രശ്നം ഒഴിവാക്കാനായി അവിടെ വലിയ മതിലുകള്‍ കെട്ടി. 

കമ്പി വേലിയും മുള്ള് വേലിയും കെട്ടിയിരുന്നപ്പോള്‍ അപ്പുറത്തെ കാഴ്ചകളും സംസാരങ്ങളും ഇരു വീട്ടുകാര്‍ക്കും കാണാനും കേള്‍ക്കാനും സാധിച്ചിരുന്നു. മതില് വന്നതോടെ അതില്ലാതായി. കാലം കുറെ കഴിഞ്ഞു പോയി. കുട്ടികള്‍ വലുതായി. അപ്പുറത്ത് ഒന്നിച്ചു കളിച്ചു ചിരിച്ചു വളര്‍ന്നവര്‍ ഇപ്പോള്‍ എന്തെടുക്കുന്നു എന്നറിയാനായി പലപ്പോഴും മുതിര്‍ന്ന കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും മതിലുകള്‍ ചാടി കടന്നു. രാത്രിയിലും പകലിലും ഇതാവര്‍ത്തിച്ചു. കുട്ടികള്‍ പരസ്പ്പരം സ്നേഹിക്കാന്‍ പഠിച്ചു. അവര്‍ മുതിര്‍ന്നവരെ എതിര്‍ത്തു. മുതിര്‍ന്നവര്‍ക്ക് അതൊന്നും സഹിക്കാനും മനസിലാക്കാനും സാധിച്ചില്ല. അവര്‍ മതിലിനു മുകളില്‍ കുപ്പി ചില്ല് പതിപ്പിച്ചു . ആ മതിലിനു "അതിര്‍ത്തി" എന്ന് പേരിട്ടു. കരാറും എഴുതിപ്പിച്ചു. പോരാത്തതിന് മതില് ചാടുന്നവരെ വെടി വച്ച് കൊല്ലാന്‍ തോക്കേന്തിയ കാവല്‍ക്കാരെയുംനിര്‍ത്തി .

കുട്ടികള്‍ അത് കൊണ്ടൊന്നും അടങ്ങിയില്ല. പലരും വീണ്ടും വീണ്ടും ചാടി. പലരെയും കാവല്‍ക്കാര്‍ വെടി വച്ച് കൊന്നു . മരിച്ചവരാരും ആരുടേയും മക്കളല്ല എന്ന് രണ്ടു വീട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു ..

പിന്നെ അവരൊക്കെ ആരായിരുന്നു എന്ന് കാവല്‍ക്കാര്‍ക്ക് തന്നെ സംശയം തോന്നി. ഒടുക്കം മരിച്ചവര്‍ക്ക് അവര്‍ ഒരു പേരിട്ടു .

'നുഴഞ്ഞു കയറ്റക്കാര്‍ "

-pravin-

Tuesday, January 1, 2013

പൂ ചൂടാത്ത പെണ്ണ്


മല്ലിക. അതായിരുന്നു അവളുടെ പേര്.  മല്ലീ എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. അലസമായി അഴിച്ചിട്ട മുട്ടറ്റം നീളമുള്ള മുടി അവള്‍ക്കൊരു പ്രത്യേക ഭംഗി തന്നെയായിരുന്നു. ഏതു പെണ്ണിനാണ്  മുടിയില്‍ ഭംഗിയുള്ള പൂ ചൂടാന്‍ ഇഷ്ടമല്ലാതിരിക്കുക? മല്ലിക്കും അതങ്ങിനെ തന്നെയായിരുന്നു.പക്ഷേ  അലക്കൊഴിഞ്ഞിട്ടു കുളിക്കാം എന്ന മാതിരിയായിരുന്നു അവളുടെ കാര്യം. എപ്പോ നോക്കിയാലും ഒരേ വീട്ടു പണി. ഇതിനിടയില്‍ പൂ ചൂടി സുന്ദരിയാകാന്‍ അവള്‍ക്കെവിടുന്നാ സമയം ?

അവളെയും കൂട്ടി അവളുടെ അമ്മക്ക് നാല് പെണ്‍ മക്കളാണ് ഉണ്ടായിരുന്നത്. നാട്ടിലെ ഒരു വലിയ തറവാട്ടിലെ പുറം പണിയായിരുന്നു അവളുടെ അമ്മക്ക്. അച്ഛന് മരം വെട്ടും. 

പ്രകൃതിയെ നശിപ്പിച്ചു കിട്ടുന്ന പണം ശാശ്വതമല്ല എന്ന് അവളുടെ അമ്മ എപ്പോഴും പറയും. പക്ഷെ അത് കൊണ്ടൊന്നും അവളുടെ അച്ഛന്‍  ആ തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. നാട്ടിലെ ഒരു  പ്രമാണി  വലിയൊരു  മണി മാളിക പണിയുന്നുണ്ടത്രേ. ആ മാളികയില്‍ മരം കൊണ്ടുള്ള പണിയാണ് പ്രധാനമായും. മാളികയുടെ പണിക്കു വേണ്ട മരങ്ങള്‍ മുറിച്ചു കൊടുത്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഈ തൊഴില്‍ ചെയ്യില്ല എന്ന് മല്ലിക്ക് വാക്ക് കൊടുത്തിട്ടുണ്ട് അയാള്‍. ആ മാളികക്ക് വേണ്ടി ഇതിനകം എത്ര മരങ്ങള്‍ മുറിച്ചു എന്ന് അയാള്‍ക്ക്‌ തന്നെയറിയില്ല. മരം മുറിക്കുന്നത് ഒരു ജോലി എന്നതിലുപരി ഒരു ഹരമായിരുന്നു അവളുടെ അച്ഛന്.

 കിട്ടുന്ന പണം മുഴുവന്‍ കള്ള് കുടിച്ചു കളയാനായിരുന്നു അയാള്‍ക്കെന്നും ഇഷ്ടം. കള്ള് കുടിച്ചു വരുന്ന രാത്രി അവളുടെ അച്ഛന്‍  അമ്മയെ ഒരുപാട് ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.  ഇടക്കൊക്കെ പിടിച്ചു തല്ലുകയും ചെയ്യും. എന്ന് കരുതി അയാള്‍ക്ക്‌ അവരോടു സ്നേഹ കുറവൊന്നും ഉണ്ടായിരുന്നില്ല .  ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സമയത്തേക്കുള്ള ഒരു സ്ഥിരം കലഹം മാത്രമാണ് അത്. ശേഷം എല്ലാം മറന്നു കൊണ്ട് സന്തോഷത്തോടെ ചിരിച്ചും കളിച്ചും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും കാണാം. 

അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ മല്ലി വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ . വീട്ടു കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ പിടിപ്പതു പണിയുണ്ട് അവള്‍ക്ക് . ജാനകി ചേച്ചിയുടെ വീട്ടില്‍ പോയി വെള്ളം കോരി കൊണ്ട് വരണം, ആഹാരം പാകം ചെയ്യണം, അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കണം, വസ്ത്രം അലക്കണം, വീടും മുറ്റവും അടിക്കണം അങ്ങിനെ കുറെയേറെ തന്നെയുണ്ട്‌ ചെയ്തു തീര്‍ക്കേണ്ട പണികള്‍. ഉച്ച കഴിഞ്ഞേ പിന്നെയവള്‍ക്ക് വിശ്രമം പോലുമുള്ളൂ. 

"എടി മല്ല്യെ ....ഇക്ക് ഒരു ഗ്ലാസ് വെള്ളം തന്നാ ..."  

"ഹായ്...മുത്തിയമ്മ വന്നോ..എവിടാരുന്നു കുറെ ആയിട്ട്.." മല്ലി എന്തെന്നില്ലാത്ത സന്തോഷത്തോടെ ചോദിച്ചു. 

മുത്തിയമ്മ ഒരു പാവം സ്ത്രീയായിരുന്നു. അവര്‍ പോകാത്ത ദേശങ്ങളില്ല. മുത്തിയമ്മക്ക് എല്ലാ വീടും സ്വന്തം വീട് പോലെയാണ്. വന്നാല്‍ കുറച്ചു ദിവസം മല്ലിയുടെ വീട്ടിലും അവര് താമസിക്കും. മുത്തിയമ്മ വരുന്ന ദിവസം മല്ലിക്ക് സന്തോഷം കൂടാന്‍ കാരണങ്ങള്‍  ഒരുപാടുണ്ട്. മുത്തിയമ്മ വന്നാല്‍ അനിയത്തിമാരുടെ കാര്യം നോക്കേണ്ട കാര്യമില്ല. മുത്തിയമ്മയുടെ മടിയില്‍ കിടന്നു മുത്തിയമ്മ പറഞ്ഞു കൊടുക്കുന്ന കഥകളും കേട്ട് അവരങ്ങിനെ കിടന്നോളും. ആ സമയത്ത്  മല്ലിക്ക് വീട് വിട്ടു പുറത്തു പോകാനുള്ള പ്രത്യേക അനുവാദവുമുണ്ട്. പുറത്തു പോയാലോ, അവള്‍ക്കു  പ്രകൃതിയെ ആസ്വദിക്കാം, മരങ്ങളോടും കിളികളോടും സംസാരിക്കാം,  ഭംഗിയുള്ള പൂക്കള്‍ പറിക്കാം, അങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങളുണ്ട് .

അന്ന് അത് പോലൊരു ദിവസമായിരുന്നു. മല്ലി വീട് വിട്ടു പുറത്തിറങ്ങി കാഴ്ചകള്‍ കണ്ടു നടക്കുന്ന നേരം. ദൂരെ റോഡിലൂടെ ഏതോ വാഹനം കടന്നു പോകുന്നുണ്ടായിരുന്നു. അതിനു പിന്നിലായി  ഒരുപാട് പേരുള്ള ഒരു വലിയ ജാഥയും നടന്നു നീങ്ങുന്നുണ്ടായിരുന്നു . ജാഥയില്‍ വിളിച്ചു പറയുന്നത് മുഴുവന്‍  അവള്‍ ശ്രദ്ധിച്ചു കേട്ടു. അതെ, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വന്നതിന്‍റെ ആഹ്ലാദ പ്രകടനമാണ് അത്. ചുവപ്പ് കൊടികള്‍ ആകാശത്തെ ഉരസിക്കൊണ്ട് ദൂരേക്ക്‌ അകന്നു പോയി. ആ കാഴ്ചയും കണ്ടു സൂര്യന്‍ അസ്തമിക്കും വരെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവള്‍ ആ കുന്നിന്‍ മുകളില്‍ തന്നെയിരുന്നു. 

നേരം സന്ധ്യാകുമ്പോഴേക്കും വീട്ടില്‍ എത്തണം. ഇപ്പോള്‍ തന്നെ സമയം വൈകിയിരിക്കുന്നു. പതിവ് വഴികളില്‍ കൂടി ഓടിയാല്‍ ഇന്ന് വീട്ടിലെത്താന്‍ സാധിച്ചു എന്ന് വരില്ല. കുറുക്കു വഴികള്‍ തന്നെ ശരണം. അറിയാത്ത വഴികളില്‍ കൂടിയെല്ലാം അവളോടി. കാടും പടലും പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ . ഒട്ടും പരിചയമില്ലാത്ത വഴികള്‍ ആയിട്ട് കൂടി വഴിയിലെവിടെയും അവള്‍ ആലോചിച്ചു നിന്നത് പോലുമില്ല. അറിയാത്ത വഴികളില്‍ കൂടി ഓടിയോടി  അവസാനം വീട്ടില്‍ എത്തി ചേരുമ്പോള്‍ ഒരു പ്രത്യേക രസമാണ്. അതവള്‍ പല തവണ അനുഭവിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നെന്തോ ഓടിയിട്ടും ഓടിയിട്ടും വീടെത്തുന്നില്ല. തനിക്കു ശരിക്കും വഴി തെറ്റിയോ ഈശ്വരാ ? അവള്‍ ഉള്ളിന്‍റെ ഉള്ളില്‍ ചോദിച്ചു കൊണ്ടേയിരുന്നു. 

ഒരു കാര്യം ഉറപ്പായിരിക്കുന്നു.  വഴി തെറ്റി.  എന്ന് മാത്രമല്ല , വീടിനും എത്രയോ ദൂരെയാണ് അവളിപ്പോള്‍ ചെന്നെത്തിയിരിക്കുന്നത്. കൂരിരുട്ടില്‍ അവള്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചുറ്റും വലിയ മരങ്ങളും വള്ളികളും മാത്രം. മുകളിലേക്ക് നോക്കുമ്പോള്‍ ആകാശം പോലും കാണാന്‍ വയ്യാത്ത തരത്തില്‍ അത് നിറഞ്ഞു നില്‍ക്കുകയാണ്. അവളുടെ ധൈര്യം പരീക്ഷിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇരുട്ടില്‍ ഈ കാട്ടില്‍ ഒറ്റയ്ക്ക് ഇനി എന്ത് ചെയ്യും എന്ന ചിന്തയേക്കാള്‍  കൂടുതല്‍ അവളെ  വിഷമിപ്പിച്ചത് വീട്ടില്‍ ഈ സമയത്ത് അച്ഛനും അമ്മയും അനിയത്തിമാരും തന്നെ കാണാതെ കാത്തിരുന്നു  ആധി പിടിച്ചിട്ടുണ്ടാകില്ലേ എന്നോര്‍ത്തായിരുന്നു. 

വന്നത് വന്നു. ഇനിയിപ്പോള്‍ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല ല്ലോ. അടുത്തു തന്നെയുള്ള ഒരു മരം അവളുടെ കണ്ണില്‍ പെട്ടു. ചെറുതും വലുതുമായ കൊമ്പുകള്‍ കൊണ്ട് സമ്പന്നനായ ഒരു വയസ്സന്‍ മരമായിരുന്നു അത്. അതിന്‍റെ മുകളില്‍ വല്ല വിധേനയും പൊത്തി പിടിച്ചു കയറുക എന്നത് മാത്രമാണ് ഈ രാത്രിയെ അതിജീവിക്കാന്‍ അവള്‍ക്കു തോന്നുന്ന ഏക ഉപായം. അതവള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. മരത്തിന്റെ ഒക്കത്ത് ഒരേ സമയം മൂന്നാല് പേര്‍ക്ക് ഇരിക്കാന്‍ തക്ക വീതിയുള്ള ഒരു കൊമ്പില്‍ അവള്‍ കാലു നീട്ടി ഇരുപ്പുറപ്പിച്ചു. പിന്നെ കണ്ണടച്ച് എന്തൊക്കെയോ പ്രാര്‍ഥിച്ചു. 

എത്രയോ തവണ കുന്നിന്‍ മുകളില്‍ വന്നു കാഴ്ചകള്‍ കണ്ടു മടങ്ങിയിരിക്കുന്നു. പക്ഷെ അന്നൊന്നും അതിനടുത്ത് ഇങ്ങിനെയൊരു കാടുള്ളതായി പോലും അവള്‍ക്കു തോന്നിയിട്ടില്ല. അതോ രാത്രിയായതു കൊണ്ട് ഇതൊരു കാടായി തോന്നുന്നതാണോ എന്നും അവള്‍ സംശയിച്ചു. വഴി തെറ്റിയതും കാട്ടില്‍ അകപ്പെട്ടതും അവള്‍ക്കു തന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. 

മരത്തിന്റെ മുകളില്‍ അവള്‍ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടു. ദൂരെ എവിടെയൊക്കെയോ മിന്നാ മിനുങ്ങുകള്‍ പാറി കളിക്കുന്നുണ്ട്. അവരുടെ പച്ച വെളിച്ചത്തില്‍ ഏതൊക്കെയോ മരങ്ങള്‍ നൃത്തമാടുന്നുണ്ട്. മുളകള്‍ ചരിഞ്ഞാടുന്ന ശബ്ദം, ഇലകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം, മൂങ്ങകള്‍ മൂളുന്ന ശബ്ദം, മണ്ണാട്ടയുടെ കരച്ചില്‍ അങ്ങിനെ  പിന്നെയും എന്തൊക്കെയോ കേള്‍ക്കുന്നുണ്ട് അവള്‍ . അതിനെല്ലാം കാതോര്‍ക്കുമ്പോഴും അവളുടെ മനസ്സില്‍ വീട്ടുകാരെ കുറിച്ചുള്ള ആധി കാട് കയറുകയായിരുന്നു. 

അടുത്ത ദിവസം രാവിലെ അവള്‍ ഉണര്‍ന്നത് ശക്തമായൊരു കാറ്റിന്‍റെ  ശബ്ദം കേട്ടാണ്. 

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്സ് ...ഫ്സ്സ്സ്സ്സ്സ്സ്  " 

കണ്ണ് തിരുമ്മി എഴുന്നേറ്റ അവള്‍ ചുറ്റും നോക്കി. അതിശയം ! ഇന്നലെ കാടെന്നു തോന്നിക്കും വണ്ണം മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന  ആ സ്ഥലം വെറും പൊന്ത പിടിച്ചു കിടക്കുന്ന ഒരു പറമ്പ്  മാത്രമാണ് ഇപ്പോള്‍ .  ഇന്നലെ രാത്രിയില്‍ അവിടെല്ലാം കൂറ്റന്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെന്ന് അവള്‍ക്കു വെറുതെ തോന്നിയതാണോ ? 

ഭംഗിയുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെറിയ ചെടികള്‍  ഒരുപാടുണ്ട് പറമ്പില്‍ .  അവള്‍ സന്തോഷത്തോടെ ആ ചെടികളുടെ അടുത്തേക്ക്‌ ഓടി. അതിന്‍റെ സുഗന്ധം അവളെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു.  പൂ പറിക്കാനായി കൈ പൊക്കിയപ്പോള്‍  ഒരു ശബ്ദം കേട്ടു . 

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്.....ഫ്സ്സ്സ്സ്സ്സ്സ്  "

ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അത് വക വക്കാതെ അവള്‍ പല നിറത്തിലുള്ള കുറച്ചു പൂക്കള്‍ പറിച്ചു മുടിയില്‍ ചൂടി..ഹായ് ! ഇത്രക്കും ഭംഗിയും സുഗന്ധവും ഒത്തു ചേര്‍ന്ന പൂക്കള്‍ കണ്ടാല്‍ ഏതു പെണ്ണാണ് മുടിയില്‍ ചൂടാതിരിക്കുക.?

അപ്പോഴാണ്‌ പറമ്പിലെ ചില വലിയ മരങ്ങള്‍ ആരോ മുറിച്ചു മാറ്റിയിരിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നത്. ആ മരത്തില്‍ ന് നിന്നെല്ലാം മനുഷ്യന്‍റെ  ശരീരത്തില്‍ നിന്ന് ചോര ഒലിക്കുന്ന പോലെ കട്ടിയുള്ള ഒരു ദ്രവം ഒലിച്ചിറങ്ങിയിരിക്കുന്ന  പാടുകള്‍ കാണാമായിരുന്നു.ആ പ്രദേശത്തെല്ലാം  ഇലകള്‍ പൊഴിഞ്ഞു കിടന്നിരുന്നു . വെട്ടി നുറുക്കിയ കൊമ്പുകള്‍ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു.  പല ഭാഗങ്ങളിലായി തകര്‍ന്നു കിടക്കുന്ന കുറെയേറെ പക്ഷി കൂടുകളും അവള്‍ കണ്ടു. ചിലതിലെല്ലാം പൊട്ടിക്കിടക്കുന്ന മുട്ടകളും ഉണ്ടായിരുന്നു. 

ഈ ക്രൂരത ആര് ചെയ്തതായാലും ദൈവം പൊറുക്കില്ല. അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ . മല്ലി മനസ്സില്‍ വേദന കൊണ്ട് പറഞ്ഞു. ഇനിയും ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല .എത്രയും പെട്ടെന്ന് വീട്ടിലേക്കുള്ള വഴി കണ്ടെത്തിയേ മതിയാകൂ.

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്.....ഫ്സ്സ്സ്സ്സ്സ്സ്  "  വീണ്ടും അതെ ശബ്ദം കേട്ടപ്പോഴാണ് അവളതു ശ്രദ്ധിച്ചത്. മുന്നിലതാ പത്തി വിടര്‍ത്തി കൊണ്ട് ഒരു വലിയ നാഗം. അതിന്‍റെ കണ്ണുകളില്‍ തീ പോലെ എന്തോ ഒന്ന് ആളുന്നത് അവള്‍ കണ്ടു. അല്‍പ്പ നേരം അനങ്ങാതെ നിന്ന ശേഷം അവള്‍ എങ്ങോട്ടെന്നില്ലാതെ ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു.

ഓടിയോടി എവിടെയെത്തി എന്നറിയില്ല. തിരിഞ്ഞു നോക്കാനുള്ള ധൈര്യവും അവള്‍ക്കുണ്ടായില്ല . കിതപ്പ് കാരണം അവള്‍ തളര്‍ന്നു നിന്നു. രണ്ടു വശങ്ങളിലും മുള്ള് വേലി കെട്ടി തിരിച്ച ഒരു ഇടവഴിയിലാണ് അവള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇത്രക്കും അപരിചിതമായ വഴികള്‍ അവളുടെ വീടിനടുത്ത് ഉണ്ടായിട്ടും ഒരിക്കല്‍ പോലും അവളതില്‍ കൂടി സഞ്ചരിച്ചിട്ടില്ലായിരുന്നു. ആ പരിസരങ്ങളെ ഇങ്ങിനെ പരിചയപ്പെടാനായിരിക്കും വിധി എന്നോര്‍ത്തു  സമാധാനിക്കുയാണ് മല്ലി. 

നേരം പുലര്‍ന്നിട്ടു ഇത്ര നേരമായിട്ടും ആകാശത്തു എന്തേ സൂര്യനെ കാണാത്തത് ? എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ 'വിത്തും കൈക്കോട്ടും' എന്ന് പാടി ദൂരെക്ക് പാറി   പോകുന്ന കുഞ്ഞിക്കിളികള്‍ ഇന്ന് എവിടെ ? മല്ലിയുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന സമയം ഇടവഴിയുടെ അങ്ങേ തലക്കലില്‍ നിന്ന്  ഒരു മുരളല്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അതിന്‍റെ ശബ്ദം കൂടി കൂടി വരുന്നുണ്ടായിരുന്നു. അല്‍പ്പ നേരം അങ്ങോട്ട്‌ തന്നെ നോക്കിയിരുന്നു. കണ്ണുകളെ വിശ്വസിക്കണോ വേണ്ടയോ എന്നു ചിന്തിച്ചു പോയ നിമിഷങ്ങള്‍.,. പൊടി പടര്‍ത്തി കൊണ്ട് ചാവാലി നായ്ക്കളുടെ ഒരു കൂട്ടം അവള്‍ക്കു നേരെ കുരച്ചു കൊണ്ട് അടുത്തു. ഇനിയെന്തായാലും ഓടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അവള്‍ മുള്ള് വേലി ചാരിക്കൊണ്ടു അതെ നില്‍പ്പ് തന്നെ ന്നിന്നു. ശ്വാസം പോലും വേണ്ട എന്ന് വച്ചു. 
  
നായ്ക്കള്‍ അവളുടെ അടുത്തെത്തി. അവറ്റങ്ങള്‍ വന്ന വരവിന്‍റെ ശക്തിയില്‍ പൊടിപടലങ്ങള്‍ അവളുടെ മുഖത്തേക്ക് ഇരച്ചു കയറി. അവള്‍ കണ്ണടച്ച് പിടിച്ചു. അവള്‍ക്കു ചുറ്റും തിക്കും തിരക്കും കൂട്ടി നിന്ന നായ്ക്കള്‍ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായിരുന്നു എന്ന് വേണം കരുതാന്‍. ചിലതെല്ലാം അവളുടെ ശരീരത്തിലേക്ക് കൈ പൊക്കി വച്ച് കൊണ്ട് പതിയെ തൊട്ടു നോക്കുകയും മണത്തു നോക്കുന്നുമുണ്ടായിരുന്നു . പക്ഷെ വിചിത്രം എന്ന് പറയട്ടെ, അവറ്റങ്ങള്‍ എന്തൊക്കെയോ മുരണ്ടും മൂളിയും കൊണ്ട് അവളെ ഒന്നും ചെയ്യാതെ ദൂരേക്ക്‌ ഓടിപ്പോയി. അവള്‍ സാവധാനം കണ്ണ് തുറന്നു നോക്കുമ്പോള്‍ ദൂരെ ഒരു പൊടിപടലം പോകുന്നത് മാത്രമായിരുന്നു കാണാന്‍ സാധിച്ചത്. 

എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ അവള്‍ നിന്ന നില്‍പ്പ് തുടര്‍ന്നു. അപ്പോഴേക്കും സൂര്യന്‍ ആകാശത്തു വന്നു നിന്നിരുന്നു. വെളിച്ചം അവളുടെ മുഖത്തേക്ക് എന്ന പോലെ താഴ്ന്നിറങ്ങി വന്നു. ആ വെളിച്ചം അവള്‍ക്കു വഴി കാട്ടി. ആ വഴിയിലൂടെ അവള്‍ പതിയെ നടക്കാന്‍ തുടങ്ങി. ഒരിത്തിരി നേരം നടന്നു കഴിഞ്ഞപ്പോഴേക്കും പല സ്ഥലങ്ങളും പരിചയമുള്ളതായി അവള്‍ക്കു തോന്നി തുടങ്ങി. ഒടുക്കം ജാനകി ചേച്ചിയുടെ വീട്ടിലേക്കു തിരിയുന്ന വഴിയെത്തിയപ്പോഴാണ് സമാധാനമായത്. 

ആ സമയത്ത് ജാനകി ചേച്ചി മല്ലിയുടെ വീട്ടിലേക്കു ധൃതിയില്‍ ഓടുകയായിരുന്നു. 

" ജാനകി ചേച്ചീ ..... " മല്ലിയുടെ വിളിക്ക് മറുപടി കൊടുക്കാന്‍ സമയമില്ലാതെ  ജാനകി ചേച്ചി എന്തോ അത്യാപത്ത്‌ സംഭവിച്ച പോലെ ഓട്ടം തുടര്‍ന്നു. 

ആ ഓട്ടം നില്‍ക്കുന്നത് മല്ലിയുടെ വീട്ടിലാണ്. അവിടെ ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവളുടെ അമ്മയുടെ ഉറക്കെയുള്ള  നിലവിളി കേള്‍ക്കാമായിരുന്നു. 

മല്ലി സാവധാനം അവിടെ കൂടി നിന്ന ആളുകളെ വകഞ്ഞു കൊണ്ട് വീടിന്‍റെ  ഉമ്മറത്തെത്തി . അവിടെ ഒരു കൊച്ചു മുള കൊണ്ടുണ്ടാക്കിയ ഒരു വലിയ കിളിക്കൂട് ആരോ കൊണ്ട് വച്ചിരിക്കുന്നു . അതില്‍ കുറെയധികം കിളികള്‍ കലപില കൂട്ടി കരയുന്നുണ്ടായിരുന്നു. ഉമ്മറത്തിണ്ണയില്‍ ആരെയോ വെള്ള തുണി വിരിച്ചു കിടത്തിയിട്ടുണ്ട്. മുഖം മറച്ചിരിക്കുന്നു. അതിനടുത്ത് തന്നെ ഒരു വലിയ ചേമ്പിലയില്‍ കുറെയധികം പൂക്കളും വച്ചിട്ടുണ്ട്. 

"ഈ പൂക്കള്‍ എവിടെയാണ് കണ്ടിരിക്കുന്നത് ...അതെ ഈ പൂക്കളാണ് ..ഈ പൂക്കളാണ് ഇന്ന് രാവിലെ ആ പറമ്പില്‍ കണ്ടത് .."  മല്ലി മനസ്സില്‍ പറഞ്ഞു. 

 'മുത്തിയമ്മ ..മുത്തിയമ്മ എവിടെ, അമ്മേം അനിയത്തിമാരും എവിടെ ?' മല്ലി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അവള്‍ പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടി നടന്നു. പരസ്പ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പി. ആളുകള്‍ അവളെ ഉറ്റു നോക്കുന്നതായി അവള്‍ക്കു തോന്നിയപ്പോഴാണ് അവള്‍ അച്ഛനെ കുറിച്ചോര്‍ത്തത്. 

അവള്‍ ആള്‍ക്കൂട്ടത്തില്‍ അച്ഛനെ തിരഞ്ഞു. അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല. അവള്‍ക്കു കാര്യങ്ങള്‍ ഏകദേശം മനസ്സിലായി എന്ന നിലയിലായി. അടുക്കള ഭാഗത്ത് നിന്നും അനിയത്തിമാരുടെയും അമ്മയുടെയും  കൂട്ട നിലവിളി ഉയര്‍ന്നപ്പോഴാണ് മല്ലി അവരെ  കാണുന്നത്  പോലും. അവസാനമായി അച്ഛനെ ഒരു നോക്ക് കാണാനായി അവള്‍ മൃത ശരീരത്തിനു അടുത്തേക്ക്‌ നടന്നു. ആ സമയത്താണ് അവള്‍ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. മൃത ശരീരം ചുമക്കാനെന്ന വണ്ണം ഉമ്മറത്തേക്ക് കയറി വന്നവരില്‍ അവളുടെ അച്ഛനും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഉമ്മറത്ത് വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നത് ആരെയാണ് ? മുത്തിയമ്മ .. മുത്തിയമ്മ ...

 വെള്ള പുതപ്പിച്ച് കിടത്തിയ രൂപത്തിന് മുന്നിലെത്തിയ അവള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അല്‍പ്പ നേരം നിശബ്ദയായി നിന്നു. പിന്നെ ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു. പക്ഷെ അതൊന്നും ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ആളുകള്‍ ശവവുമേന്തി കൊണ്ട് തെക്കേ തൊടിയിലേക്ക്‌ നടന്നകന്നിരുന്നു. 

" എങ്ങിനാ മുത്തശ്ശീ  മല്ലി ചത്തത് ? ഓളെ ആരേലും കൊന്നതായിരുന്നോ? "

മുത്തശ്ശിയുടെ  മടിയില്‍ കഥ കേള്‍ക്കാന്‍ കിടന്നിരുന്ന ഉണ്ണിക്കുട്ടന്‍  ആദ്യത്തെ ചോദ്യം ചോദിച്ചു. 

മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചില കഥകള്‍ പറയുമ്പോള്‍ മുത്തശ്ശി അങ്ങിനെയാണ്. കണ്ണ് അറിയാതെ നിറഞ്ഞു പോകും. കണ്ണ് തുടച്ചു ശേഷം  കൃത്രിമമായ ഒരു പുഞ്ചിരിയോടെ മുത്തശ്ശി അവനോടു  പറഞ്ഞു. 

"കഥ കേട്ടാല്‍ പിന്നെ ഇങ്ങനത്തെ ചോദ്യം ചോദിക്കരുത് ന്നു പറഞ്ഞിട്ടില്ലേ ഉണ്ണ്യേ അന്നോട്‌ ..."

കഥയും ജീവിതവും വള്ളി പിണഞ്ഞു കിടക്കുകയാണ്. ഒരര്‍ത്ഥത്തില്‍ കഥ തന്നെയാണ് ജീവിതം. ജീവിതം തന്നെയാണ് കഥയും. ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അപ്രസക്തമാകുന്നു.

-pravin-