Tuesday, March 5, 2013

കാക്കപ്പുള്ളി


അവളുടെ മുഖസൌന്ദര്യം കൊണ്ട് തന്നെയായിരിക്കണം ഒരുപാട് ചെറുപ്പക്കാര്‍ അവളോട്‌ പ്രേമാഭ്യര്‍ഥന നടത്തിയിട്ടുണ്ടാകുക. പക്ഷെ ആരോടും അനുകൂലമായൊരു മറുപടി പറയാതെ അവള്‍ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. ചെറുപ്പക്കാരില്‍ പലരും അവളെ അപ്സരസ്സിനോട് ഉപമിച്ചും ലോക സൌന്ദര്യത്തിന്റെ പ്രതീകമായി കണ്ടും വാനോളം പുകഴ്ത്തി. അതിനൊന്നും ചെവി കൊടുക്കാന്‍ പോലും അവള്‍ നിന്നില്ല. പ്രേമാഭ്യര്‍ഥനകള്‍ അവള്‍ക്കൊരു നിത്യ സംഭവമായി മാറിയതിനാല്‍ അവളതില്‍ ഒട്ടും തന്നെ അലോസരപ്പെട്ടതുമില്ല. എവിടെയോ അതിലൊരു ആനന്ദം അവള്‍ കണ്ടെത്തിയിരിക്കുന്നു. പ്രണയിക്കുന്നതിനേക്കാള്‍, പ്രണയം അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍, പ്രണയം നിരസിക്കുന്നതിലാണ് അവള്‍ സന്തോഷം  കണ്ടെത്തിയിരുന്നത് .  

അവളുടെ ചുണ്ടിന്‍റെ വലതു ഭാഗത്തെ ഭംഗിയുള്ള കാക്കപ്പുള്ളിയാണ്  അവളെ കൂടുതല്‍ സൗന്ദര്യവതിയാക്കിയിരുന്നതെന്നായിരുന്നു ചെറുപ്പക്കാരുടെ ഇടയിലുണ്ടായിരുന്ന ആ കാലത്തെ സംസാരം.  ആ ചുണ്ട് കൊണ്ടുള്ള ഒരു ചുംബനം കൊതിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടാകാം . പക്ഷെ വെറുമൊരു പ്രേമാഭ്യര്‍ഥന പോലും സ്വീകരിക്കാന്‍ തയ്യാറല്ലാത്ത അവളില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു ചുംബനം ലഭിക്കുമോ ? എത്ര വലിയ നടക്കാത്ത സ്വപ്നം അല്ലെ ?

കാലം കടന്നു പോയി. ചെറുപ്പക്കാര്‍ പലരും വിവാഹിതരായി. പ്രേമാഭ്യര്‍ത്ഥനകള്‍ കുറഞ്ഞു വന്നു. അവള്‍ക്കും വിവാഹ പ്രായമായി. പക്ഷെ ശുദ്ധ ജാതകക്കാരിയായ അവള്‍ക്ക് അത്ര പെട്ടെന്നൊന്നും വിവാഹം ശരിയാകുന്ന ലക്ഷണമേ ഇല്ലായിരുന്നു. അവളെ വിവാഹം കഴിക്കാന്‍ വിധിച്ചിട്ടുള്ള, എങ്ങു നിന്നോ വരാനുള്ള  ഒരു ശുദ്ധ ജാതകക്കാരനെയും പ്രതീക്ഷിച്ച്‌ അവളുടെ വീട്ടുകാര്‍ നെടുവീര്‍പ്പോടെ കാത്തിരുന്നു. 

വര്‍ഷങ്ങള്‍ എത്ര വേഗത്തിലാണ് കടന്നു പോയതെന്നു ചില സാഹചര്യങ്ങളില്‍ നമ്മള്‍ അതിശയത്തോടെ ചിന്തിക്കും.അവളുടെ  വീട്ടുകാരും  അങ്ങിനെ തന്നെ ചിന്തിച്ചു കാണും. വിവാഹ പ്രായമെത്തിയ ഏതൊരു പെണ്ണിന്‍റെ വീട്ടിലും അങ്ങിനെ ഒരാധി ഒളിഞ്ഞു നടക്കുന്നുണ്ടാകും. കടന്നു പോകുന്ന കാലത്തെയും പെണ്ണിനേയും  നോക്കി കൊണ്ട് ആ ആധി ചിരിച്ചു കൊണ്ടേയിരിക്കും. അതാണ്‌ പതിവ്. പക്ഷെ അവളുടെ കാര്യത്തില്‍ ആധിക്ക് പോലും ചിരിക്കാന്‍ സാധിച്ചിരുന്നില്ല.  വീട്ടുകാരുടെ ഇഷ്ടം മാത്രം നോക്കി, അവര് പറഞ്ഞതെല്ലാം അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ  ഈ കാലത്ത് വേറെ എവിടെ കാണാൻ കിട്ടും  ? അങ്ങിനെയുള്ള ഒരു പെണ്‍കുട്ടി സുമംഗലിയാകാതെ നില്‍ക്കുന്നത് ആധിക്കെന്നല്ല ആര്‍ക്കും തന്നെ അത്ര സുഖമുള്ള കാഴ്ചയായിരുന്നില്ല . 

 ആ കാലങ്ങളില്‍ അവള്‍ അതീവ ദുഖിതയായി കാണപ്പെട്ടു. പഠിത്തം മുഴുവനാക്കിയ ശേഷം ജോലിക്ക് ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.  പിന്നെപ്പിന്നെ  വീട്ടില്‍ നിന്ന് ഒട്ടും പുറത്തിറങ്ങാതെയായി. വല്ലപ്പോഴും അമ്പലത്തില്‍ പോകുന്ന ഒരു ശീലമുണ്ടായിരുന്നു അവള്‍ക്ക്. ഇപ്പോള്‍ അതുമില്ല. പോയാല്‍ തന്നെ പ്രാര്‍ഥിക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നില്ല. കല്യാണം ശരിയായോ അല്ലെങ്കില്‍  എന്തെ ശരിയാകാത്തത് എന്നൊക്കെ  ചോദിച്ചുള്ള നാട്ടുകാരുടെ കുശലാന്വേഷണങ്ങള്‍ അവളെ അത്ര മാത്രം മടുപ്പിച്ചിരുന്നു. അപ്പോഴേക്കും  അവള്‍ പൂര്‍ണമായും ഒരു   അന്തര്‍മുഖയായി പരിണമിക്കപ്പെട്ടിരുന്നു .  

വീടിന്‍റെ തട്ടിന്‍ മുകളിലുള്ള മുറി കുറെ കാലമായി  അടച്ചിടാറാണ് പതിവെങ്കിലും ഈയിടെയായി അവള്‍  ആ മുറിയിലാണ് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് . ആ മുറിയുമായി അവള്‍ക്കു  വര്‍ഷങ്ങളുടെ അടുപ്പമുണ്ട് . കുട്ടിക്കാലം തൊട്ടു വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ തട്ടിന്‍ പുറത്തു ചിലവിട്ട നിമിഷങ്ങള്‍ അവളോര്‍ത്തു കൊണ്ടേയിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഒളിച്ചു കളിച്ചതും, ഉത്സവ കാലത്ത് പൂതത്തെയും തറയേയും പേടിച്ചു ഓടി ഒളിച്ചതും , പഠന കാലത്ത് തികഞ്ഞ നിശബ്ദതയില്‍ ഒറ്റക്കിരുന്നു പഠിച്ചതും , അങ്ങിനെയങ്ങിനെ തട്ടിന്‍ പുറത്തെ ഓര്‍മകളുടെ അറ്റം തേടി  കൊണ്ട് അവളുടെ മനസ്സ് സദാ അലഞ്ഞു കൊണ്ടിരുന്നു. ഇടക്കെവിടെയോ  തനിക്കു നേരെ പ്രണയ ലേഖനം നീട്ടിയ ചെറുപ്പക്കാരുടെ മുഖങ്ങള്‍ അവ്യക്തമായി അവളുടെ മനസ്സില്‍ ഒന്നിന്നു പിന്നാലെ ഒന്നായി വന്നു പോയി . 

തട്ടിന്‍ മുകളിലെ ആ പഴയ അലമാര കണ്ണാടിയില്‍ അവള്‍ മറ്റാരുടെയോ മുഖത്തേക്കെന്ന പോലെ  നോക്കി നിന്നു . കണ്ണാടിയോട് കൂടുതല്‍ ചേര്‍ന്ന് നിന്ന ശേഷം കൈ കൊണ്ട് ചുണ്ടിലെ ആ കാക്കപ്പുള്ളിയെ തൊട്ടു നോക്കി. പിന്നെ കൈ കൊണ്ട് അതിനെ മറച്ചു പിടിച്ചു. എന്നിട്ടവള്‍ കണ്ണാടി നോക്കി എന്തിനോ പൊട്ടിക്കരഞ്ഞു . 

ഏറ്റവും ഒടുവില്‍ അവള്‍ക്കു വന്ന വിവാഹാലോചന മുടങ്ങിയതിന് കാരണം അവളുടെ ചുണ്ടിലെ കാക്കാപ്പുള്ളിയായിരുന്നു എന്ന കാര്യം അവള്‍ ഓര്‍ത്തു . ജാതകവും കുടുംബവും എല്ലാം ഒത്തു വന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്ന ചെക്കനു മുന്നില്‍ അവള്‍ നിര്‍വികാരയായി പോയി നിന്നു. പെണ്ണിനോട് തനിച്ചൊന്നു സംസാരിക്കണം എന്ന് ചെറുക്കന്‍ പറഞ്ഞപ്പോള്‍ അതില്‍ പുതുമയൊന്നും തോന്നിയില്ല. ഇന്ന് എല്ലാ പെണ്ണ് കാണലും ഇഷ്ട്ടപ്പെടലും ഒക്കെ നടക്കുന്നത് അങ്ങിനെയാണല്ലോ !

എന്നെ ഇഷ്ടമായോ എന്ന് ചെറുക്കന്‍ ചോദിച്ചപ്പോള്‍ മറുപടിയായി അവള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. ആ ചിരിയില്‍ അവളുടെ ചുണ്ടിന്‍റെ വലതു ഭാഗത്ത്  വിരിഞ്ഞു വന്ന കാക്കപ്പുള്ളിയെ നോക്കി കൊണ്ട് ചെക്കന്‍ അതൃപ്തി പ്രകടിപ്പിച്ചു. ചുണ്ടോടു ചേര്‍ന്ന് കാക്കപ്പുള്ളി ഉള്ള പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ സംശയിക്കണമത്രേ, അവള്‍ അന്യപുരുഷന്മാരെ എപ്പോഴും ആഗ്രഹിക്കുമത്രേ, അവള്‍ ചുംബന വിഷയത്തില്‍ കൂടുതല്‍ തല്‍പ്പരയാകുമത്രേ! എങ്ങിനെ എന്തെല്ലാം വിശദീകരണങ്ങളാണ് അയാള്‍ അവളുടെ ചുണ്ടിലെ കാക്കപ്പുള്ളിയെ കുറിച്ച് പറഞ്ഞത്. 

ഒരര്‍ത്ഥത്തില്‍ ആ കല്യാണം നടക്കാഞ്ഞതു നന്നായെന്നു  അവള്‍ പിന്നീട് ആശ്വസിക്കുകയുണ്ടായി. പക്ഷെ പിന്നെയും പിന്നെയും ഇതേ കാരണത്താല്‍ വിവാഹാലോചനകള്‍ മുടങ്ങി കൊണ്ടിരുന്നാല്‍  സമൂഹത്തിന്  ആ പെണ്ണിനോടുള്ള കാഴ്ചപ്പാട് എന്തായിരിക്കും ? 

കണ്ണുകള്‍ തുടച്ച ശേഷം അവളെന്തോ മനസ്സില്‍ തീരുമാനിച്ചു. അവളുടെ മനസ്സില്‍ കൂരിരുട്ട് നിറച്ചു  കൊണ്ട് കാക്കപ്പുള്ളി പിന്നെയും പിന്നെയും വലുതായിക്കൊണ്ടേയിരുന്നു. 

-pravin-