Friday, July 5, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 2

ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം ഭാഗം വായിക്കാത്തവർ ഇവിടെ ക്ലിക്കുക. 

രാവിലെ 9 മണി ആയപ്പോഴേക്കും നല്ല വിശപ്പ്‌ തുടങ്ങിയിരുന്നു. തലേന്ന് രാത്രി ഭക്ഷണം കഴിച്ച ഹോട്ടൽ മനസ്സിൽ നിറഞ്ഞു വന്നു. പിന്നെ ഒട്ടും താമസിച്ചില്ല. അവിടെ പോയി നല്ല ചൂട് ദോശയും ചമ്മന്തിയും ചായയും കഴിച്ചു. കൈ കഴുകുമ്പോൾ തലേന്ന് രാത്രി പരിചയപ്പെട്ട പന്നി കുട്ടികളെ കുറെ തിരഞ്ഞെങ്കിലും  ഒന്നിനെയും കണ്ടില്ല. പത്തു മണിയോട് കൂടെ ട്രക്കിംഗിന് പോകാനായി ഞങ്ങൾ റെഡിയായി.  എങ്ങോട്ട് പോകണം ഏതു വഴി പോകണം എന്നറിയില്ലായിരുന്നു. വഴിയറിയാതെ സഞ്ചരിക്കുക എന്നതും ഒരു നല്ല ചോയ്സായി ഞങ്ങൾക്ക് തോന്നി. 

രാവിലെ ഡാമിലേക്ക് പോയ അതേ വഴിയിലൂടെ തന്നെ ഞങ്ങൾ  നടന്നു തുടങ്ങി. ഡാം എത്തുന്നതിനു മുൻപേ വലത്തോട്ടുള്ള  ഒരു ഇടവഴി ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ ആ വഴിയിലേക്ക് നടത്തം തിരിച്ചു വിട്ടു. ഞങ്ങൾക്ക് മുന്നേ ആരൊക്കെയോ ആ വഴിയിലൂടെ സ്ഥിരം സഞ്ചരിച്ചിട്ടുണ്ട് എന്നതിന് തെളിവായി ചതഞ്ഞരഞ്ഞ പുല്ലുകളും വഴിയുടെ രണ്ടു വശങ്ങളിലെക്കായി മാറി നിൽക്കുന്ന ചെടികളും കണ്ടു . ആ വഴിയിലൂടെ ഒരു അഞ്ചു മിനുറ്റ് നടന്നു കഴിഞ്ഞപ്പോൾ കുറ്റിച്ചെടികളും പാറകളുമുള്ള ഒരു വിശാലമായ  സ്ഥലത്തെത്തി. ആ പ്രദേശത്തൊന്നും ഒരൊറ്റ  ജീവിയെ പോലും ഞങ്ങൾ കണ്ടില്ല.  ഇനി എങ്ങോട്ട് പോകുമെന്ന് ആലോചിച്ചു നിൽക്കുന്നതിനിടയിൽ നല്ല കുറേ ഫോട്ടോകൾ എടുക്കാനും  ഞങ്ങൾ മറന്നില്ല. 

പാറപ്പുറത്ത് നിന്ന് നോക്കിയാൽ ദൂരെ ഒരു കാട് കാണാമായിരുന്നു. അങ്ങോട്ടേക്ക് ഞങ്ങൾ ഒരൽപ്പം വേഗത്തിൽ ഓടാൻ തീരുമാനിച്ചു. ക്യാമറ കഴുത്തിൽ തൂക്കി കൊണ്ട് ഒരു പാറയിൽ നിന്ന് മറ്റൊരു പാറയിലേക്ക്‌ ചാടി ചാടി പോകുന്നതിനിടെ പിന്നിൽ നിന്നും "പ്ധും പധോം " എന്നൊരു ശബ്ദം ഞാൻ കേൾക്കാതിരുന്നില്ല. ആ ശബ്ദത്തിന്റെ കാര്യ കാരണം അന്വേഷിക്കാനോ എന്തിനു പറയുന്നു ഒന്ന് തിരിഞ്ഞു നോക്കാനോ ഞാൻ തയ്യാറായില്ല. പകരം ഒന്ന് മാത്രം ടോമിനാടായി  ഉറക്കെ വിളിച്ചു ചോദിച്ചു. 

"ക്യാമറക്ക്‌ എന്തേലും പറ്റിയൊന്നു നോക്കടേ " 

മറുപടി തെറിയായിരുന്നെങ്കിൽ കൂടി അത് കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.  എന്തായാലും കാടെന്നു തോന്നിക്കുന്ന ആ സ്ഥലത്തേക്ക് എത്തിപ്പെടാൻ ഞങ്ങൾ ഒരിത്തിരി പ്രയാസപ്പെട്ടു എന്ന് തന്നെ പറയാം. 

കാട്ടിനുള്ളിലേക്ക്‌  കയറിയ നിമിഷം തൊട്ട് പച്ച മരങ്ങളുടെ തണുപ്പ് ഞങ്ങളെ  അനുഗമിച്ചു. വെയിലും വെളിച്ചവും കാട്ടിനുള്ളിലേക്ക്‌ വരാൻ മടിക്കുന്നതാണോ അതോ ഭയക്കുന്നതാണോ എന്ന് തോന്നിക്കും വിധം  അവിടവിടങ്ങളിലായി   ഒളിഞ്ഞും മറഞ്ഞും വന്നു പോയ്ക്കൊണ്ടേയിരുന്നു. ആ സമയത്ത് മനസ്സിൽ തോന്നിയത് സന്തോഷമോ പേടിയോ ഒന്നുമല്ലായിരുന്നു മറിച്ച്  ഹിമാലയത്തിന്റെ ഒത്തം മുകളിലെത്തിപ്പെട്ടവന്റെ ആശ്ചര്യ ഭാവമായിരുന്നു ഞങ്ങൾ രണ്ടു പേർക്കും. കാരണം ആദ്യമായാണ്‌ ഇങ്ങിനൊരു അനുഭവം. നമ്മുടെ ഭൂതകാലമൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ശക്തി അവിടെയുള്ളതായി തോന്നി പോകും. 

 തികച്ചും നിശബ്ദമായ അന്തരീക്ഷം. ഞങ്ങളുടെ നേർത്ത സംസാരത്തിനു പോലും ആ അന്തരീക്ഷത്തിൽ വല്ലാത്തൊരു പ്രകമ്പനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. അപരിചിതരുടെ ശബ്ദം കേട്ട് കൊണ്ടായിരിക്കണം എവിടെ നിന്നൊക്കെയോ പക്ഷികൾ പിറു പിറുക്കാൻ തുടങ്ങി. അവർക്ക് പിന്തുണ നൽകി കൊണ്ട് വലിയ മരങ്ങൾ ഇലകൾ കുടഞ്ഞു കൊണ്ട് ശബ്ദം ഉണ്ടാക്കി കൊണ്ടേയിരുന്നു. അതൊന്നും കാര്യമാക്കാതെ ഞങ്ങൾ കാടിനുള്ളിലേക്ക്‌ നടന്നു കയറി. 

അധികം നടന്നിട്ടുണ്ടാകില്ല. ദുർഗന്ധം സഹിക്കാതെ മൂക്ക് പൊത്തേണ്ട ഒരു അവസ്ഥയുണ്ടായി. തലയും ഉടലും പകുതിയോളം ജീർണിച്ചു പോയ ഒരു മാനിന്റെ ശരീരാവശിഷ്ടമായിരുന്നു ആ ദുർഗന്ധത്തിന്റെ ഉറവിടം. 

"ഡാ .. ഈ മാനിന്റെ കിടപ്പ് കണ്ടിട്ട് പുലി പിടിച്ചതാകാനാ ചാൻസ്. നമുക്ക് നടത്തം നിർത്തി തിരിച്ചു വിട്ടാലോ ? എന്നിട്ട് നാളെ വല്ല ഗാർഡിനെയും കൂട്ടി വരാം. അതല്ലേ നല്ലത്?" ടോം മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ട് പുതിയൊരു നിർദ്ദേശം അവതരിപ്പിച്ചു. എനിക്കത് തീരെ പറ്റിയില്ല. അതിനായിരുന്നെങ്കിൽ ഇത്രേം തിരക്കിട്ട് ഇങ്ങിനെ ചാടിയോടി വരേണ്ട കാര്യമില്ലായിരുന്നല്ലോ. ആ അർത്ഥത്തിൽ ഞാൻ അവനെ ഒന്ന് നോക്കി. അതോടെ അവൻ മൌനിയായി  

അവിടെ നിന്ന് ഞങ്ങൾ പതിനഞ്ചു മിനുട്ടോളം നടന്നു നടന്നെത്തിയത്‌ ഒരു അരുവിക്കരയിലാണ്.  അരുവിയിൽ അധികം വെള്ളമുള്ളതായി തോന്നിയില്ല എങ്കിലും  ഉള്ള വെള്ളത്തിനു നല്ല ഒഴുക്കുണ്ടായിരുന്നു കാഴ്ചയിൽ. അതത്ര കാര്യമാക്കാതെ ഞങ്ങൾ അരുവി മുറിച്ചു കടക്കാൻ തീരുമാനിച്ചു . അതൊരു അതിര് കടന്ന തീരുമാനമാകുമോ എന്ന സംശയവും ഞങ്ങൾക്കുണ്ടായിരുന്നു. കാരണം കാട്ടിനുള്ളിലെ അരുവികളിൽ എപ്പോഴൊക്കെയാണ് വെള്ളം നിറയുക എന്ന് പ്രവചിക്കാനാകില്ല. മാത്രവുമല്ല അരുവിക്കപ്പുറം കാടിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ഒന്നും കൂടി തെളിച്ചു പറഞ്ഞാൽ ഉൾക്കാട് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്കാണ് ഇനിയുള്ള യാത്ര. 

ക്യാമറയും ബാഗുമെല്ലാം കരയിൽ  വച്ച ശേഷം ഞങ്ങൾ പതിയെ അരുവിയിലെക്കിറങ്ങി. അരുവിയിൽ കാലെടുത്തു വച്ചപ്പോൾ തന്നെ വഴുക്കി വീഴാൻ പോയി. നിറയെ പാറക്കൂട്ടങ്ങളാണ്. അതിനു മുകളിലൂടെ ചെറിയൊരു ഉയർച്ചയിൽ അതിവേഗം എങ്ങോട്ടോ ആരെയോ കാണാനെന്ന വണ്ണം ഒഴുകി നീങ്ങുകയാണ് അരുവി. പണ്ടൊക്കെ കവികൾ എഴുതുകയും പാടുകയും ചെയ്തിരിക്കുന്ന  കള കള ശബ്ദത്തെ കുറിച്ച് ഞാൻ ഓർത്ത്‌ പോയി.  സത്യത്തിൽ  അന്നാണ് ആ ശബ്ദം ഞാൻ  ആദ്യമായി അനുഭവിക്കുന്നത്. 

ഞങ്ങളുടെ കാലുകളെ പതിയെ പതിയെ അരുവിയിലെ തണുത്ത വെള്ളം വിഴുങ്ങാൻ തുടങ്ങി. അരുവിയുടെ പകുതിയെത്തിയപ്പോൾ ഞങ്ങൾക്ക് ഭയമായി തുടങ്ങിയിരുന്നു. കാരണം ഞങ്ങൾ കരുതിയതിനേക്കാൾ വെള്ളവും ഒഴുക്കും ആ അരുവിക്കുണ്ട്. ഒരു നിമിഷം ഞാൻ വീട്ടുകാരെ ഓർത്തു പോയി. ടോമിന്റെ കൈ മുറുകെ പിടിച്ചു . കാലുകൾ വെള്ളത്തിൽ നിന്ന് തെന്നി നീങ്ങുകയാണ് എന്ന് തോന്നിപ്പോയ നിമിഷം മുന്നോട്ടു പോകുന്നതിൽ നിന്ന് അവനെ ഞാൻ വിലക്കി . 

'നമുക്ക് തിരിച്ചു നടക്കാം ടോമെ .. സംഭവം ഒരിത്തിരി റിസ്ക്കാ.. ഇതു വേണ്ട . " ഞാൻ അൽപ്പം ഭയത്തോടെ പറഞ്ഞു. 

" പിന്നല്ല ..നീ എന്തോന്ന് കരുതി ഇത് എളുപ്പമാകും എന്നോ . ചുമ്മാ കോപ്പിലെ വർത്തമാനം പറയാതെ നീ പോരുന്നുണ്ടോ ഇല്ല്യിയോ ?" അവനെന്നോട് കലിപ്പായി. 

കുറച്ചു മുൻപേ മര്യാദക്കു തിരിച്ചു പോകാം എന്നവൻ പറഞ്ഞപ്പോൾ ഞാൻ കേൾക്കാതിരുന്നതിലുള്ള  അമർഷമായിരിക്കാം  അവന്റെ ആ വാക്കുകളിൽ നിറഞ്ഞു നിന്നത് എന്നെനിക്കു തോന്നിപ്പോയി. പക്ഷെ  അമർഷമല്ല ഒരു തരം അമിതാവേശമാണ്  എന്റെ കൈ ഉപേക്ഷിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ അവനെ പ്രേരിപ്പിച്ചത് . 

 വെള്ളത്തിന്റെ കള കള ശബ്ദം കൂടുതൽ ഭീകരമായി കേൾക്കാൻ തുടങ്ങി. ജീവിതം അവസാനിക്കാൻ പോകുകയാണോ എന്നൊക്കെ തോന്നിപ്പോയി. ആ സമയത്ത് അവനു പിന്നാലെ എന്തോ ഒരു ധൈര്യത്തിൽ  ഞാനും നടന്നു. പിന്നെ എന്തുണ്ടായെന്ന് ഓർക്കാൻ പോലും സാധിക്കുന്നില്ല. ഉയരത്തിൽ നിന്ന് വെള്ളം ചാടുമ്പോൾ ഉണ്ടാകുന്ന ഒരു  വലിയ ശബ്ദം മാത്രം ഓർക്കുന്നു. അതോടൊപ്പം ഞങ്ങൾ രണ്ടും വെള്ളത്തിനൊപ്പം ഒലിച്ചു നീങ്ങുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കാലു നിലത്തു ഉറപ്പിക്കാൻ സാധിച്ചില്ല. ഉറക്കെ അലറാൻ പോലും സമയം കിട്ടിയില്ല. അലറിയിട്ടും കാര്യമില്ല. ആര് കേൾക്കാൻ. ഒഴുകി നീങ്ങുന്ന  സമയത്ത് ഞാൻ ടോമിനെ നോക്കിയെങ്കിലും അവനെ കണ്ടില്ല. ആ സമയത്ത് എവിടെയങ്കിലും പിടിച്ചു കയറാൻ പറ്റുമോ എന്നത് മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഒരാളെ മൂടുന്ന വെള്ളം അരുവിക്കില്ലായിരുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന് പറയാം. എന്നെക്കാൾ മുന്നേ ടോം മറുകരയിൽ എത്തിയിരുന്നു. അക്കരെ എത്തിയപ്പോൾ ഒരു പുനർജ്ജന്മം കിട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. 

ഒഴുക്കിനിടയിൽ പാറകളിലെവിടെയൊക്കെയോ  തട്ടി മുട്ടി കാലെല്ലാം മുറിഞ്ഞിരുന്നു. ഈ തെണ്ടിയുടെ പിന്നാലെ വെള്ളത്തിലേക്ക് എടുത്തു ചാടിയിട്ടു കാലു ഞൊണ്ടി നടക്കേണ്ട ഗതികേടാണല്ലോ ഈസരാ എനിക്ക് കിട്ടിയതെന്നും പറഞ്ഞു കൊണ്ട് ടോമിന് പിന്നാലെ ഞാൻ വീണ്ടും നടന്നു. 

'ക്യാമറേം , കുന്തോം ഒന്നുമില്ലാതെ ഏതു നരകത്തിലാക്കാ പന്നീ നടക്കുന്നത് ?" എനിക്ക് ദ്വേഷ്യം അടക്കാൻ പറ്റുന്നില്ലായിരുന്നു. ടോം അതൊന്നും കേൾക്കാതെ നടത്തം തുടർന്നു. കാടെന്ന ഞങ്ങളുടെ സങ്കൽപ്പത്തിനു  വിപരീതമായൊരു  ഭാവത്തെ അറിയാനുള്ള ഒരവസരമായിരുന്നു ആ നടത്തം. മഴക്കാടുകൾ എന്ന വിശേഷണത്തിനു അർഹമായ കാടുകളിൽ കൂടിയാണ് ഇനിയുള്ള യാത്ര. രാജവെമ്പാല വാഴുന്ന സ്ഥലമാണ് ഇതെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള പഴയ തുരുമ്പിച്ച ഒരു ബോർഡ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അത് ഞങ്ങളെ രണ്ടാളെയും ഒന്ന് ചെറുതായി പേടിപ്പിച്ചു. 

ഏയ്‌ .. ഇതൊക്കെ ചുമ്മാ ആളുകളെ പേടിപ്പിക്കാനായി പണ്ടാരോ  എഴുതി വച്ചതായിരിക്കാം എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ സ്വയം ആശ്വസിച്ചു. എന്നിട്ട് നടത്തം തുടർന്നു .