Friday, May 2, 2014

ഗൃഹാതുരത മരിക്കുമ്പോൾ

ഗൃഹാതുരത. ആഹാ, ഇതെന്താണപ്പാ ഈ സാധനം ? ആ വാക്ക് ആദ്യമായി കേട്ട നാൾ തൊട്ടു തുടങ്ങിയ അന്വേഷണമായിരുന്നു അത്. ഗൃഹം എന്നാൽ വീട് .അപ്പോൾ വീടുമായി ബന്ധപ്പെട്ട എന്തോ ഒരു തുരതയാണ് സംഭവം. അല്ല ഈ തുരത എന്ന് വച്ചാൽ ഇപ്പൊ ..ഹോ ..ആകെ കണ്ഫൂഷൻ  ആയിപ്പോയി. വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അന്വേഷണം തുടർന്നു. പലരോടുമായി  ചോദിച്ചു എന്താണീ ഗൃഹാതുരത എന്ന്. പക്ഷേ ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് ഓരോ ഉത്തരങ്ങളായിരുന്നു. 

"അതീ ...മഴയൊക്കെ പെയ്യുമ്പോൾ മണ്ണിൽ നിന്നൊരു മണം വരില്ലേ ..അതിനെയാണ് ഈ ഗൃഹാതുരത എന്ന് പറയുക" കുറെ നേരത്തെ ആലോചനക്കു ശേഷം ഒരിക്കൽ ഒരാൾ എന്റെ സംശയം നികത്തി തന്നു. പക്ഷെ ആ ഉത്തരം കൊണ്ടൊന്നും ഞാൻ തൃപ്തിപ്പെട്ടില്ല. വീണ്ടും പലരോടായി  ആ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു . ആയിടക്ക്‌  ചില മല്ലൂസ് എനിക്ക് ഗൃഹാതുരതയുടെ  മറ്റൊരു നിർവചനം തന്നു. 

" വൊവ് ...ഗൃഹാതുരത ...യാ .. ഇറ്റ്‌ മീൻസ്‌ ... യു നോ ദിസ്‌ നൊസ്റ്റാൾജിയ ... കാറ്റ് , മഴ , ഇടി ..അതെ അത് തന്നെയാണ് ഈ ഗൃഹാ ..ത്വര ..ഹൌ ഷുഡ്‌ ബി ഇറ്റ്‌ പ്രൊനൗൻസ്ഡ് ??" മല്ലൂസ് കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നായി ഞാൻ. 

"ഒന്നൂല്ലായെ ..നന്ദിയുണ്ട് ഗൃഹാതുരതയുടെ ഇംഗ്ലീഷ് പറഞ്ഞു തന്നതിന് . അത് അറിയാതെ ഇരിക്കുവായിരുന്നല്ലോ ഞാൻ " ഞാൻ മല്ലൂസിനെ അതും പറഞ്ഞു ഒഴിവാക്കി. എന്തായാലും ഇംഗ്ലീഷിലെ ഗൃഹാതുരതയാണ് നൊസ്റ്റാൾജിയ എന്ന് മനസിലായി. 

ഒന്നാലോചിച്ചാൽ എല്ലാവരും ഈ വാക്കിനെ അന്വേഷിക്കുന്നുണ്ടായിരിക്കാം. അതേ സമയം അർത്ഥമറിയാതെ എവിടെയും  സധൈര്യം പറയാവുന്ന, പ്രയോഗിക്കാവുന്ന  ഒരു വാക്കായി ഗൃഹാതുരത മാറിയോ എന്ന് ഞാൻ സംശയിക്കുന്നു. ഈ അടുത്ത കാലത്ത്  ഒരു മരണ വീട്ടിലെ  സദസ്സിൽ പോലും ആ വാക്ക് കടന്നു വന്നു. മരിച്ചു വെള്ള പുതച്ചു കിടക്കുന്ന ശരീരം പോലും അത് കേട്ട് വിജുംബ്രിച്ചു പോയിരിക്കാം. സംഗതി ആ പറഞ്ഞവനെ കുറ്റം പറയാൻ പറ്റില്ല . അവൻ ജനിച്ചതും പഠിച്ചതും വളർന്നതുമൊക്കെ  വെളി നാട്ടിലാണ്. പണ്ട് അവന്റെ മുത്തശ്ശി മരിച്ച സമയത്ത് നാട്ടിൽ വന്നപ്പോൾ  കണ്ട അതേ കാഴ്ചയാണ് കാലങ്ങൾക്ക് ശേഷം അവൻ മറ്റൊരു സുഹൃത്തിന്റെ മുത്തശ്ശി മരിച്ചപ്പോൾ കണ്ടത്. ആളുകളെല്ലാം കൂടി നിൽക്കുന്നു. മുത്തശ്ശിയെ ഉമ്മറത്ത് കിടത്തിയിരിക്കുന്നു. കുറെ പേർ കരയുന്നു. ചിലർ അടുക്കളയിൽ എന്തൊക്കെയോ സംസാരിക്കുന്നു. ഇതിനെല്ലാം ഇടയിൽ കൂടി കൊച്ചു കുട്ടികൾ ഓടി കളിക്കുന്നു. അവനു സ്വാഭാവികമായും പണ്ടത്തെ കുട്ടിക്കാലം ഓർമ വന്നു കാണും. മരണ വീടാണോ എന്നൊന്നും നോക്കാതെ പഹയൻ ഉറക്കെ "നൊസ്റ്റാൾജിയ" എന്ന വാക്കെടുത്തങ്ങ് പ്രയോഗിച്ചു.  

 'ശിവ ശ്ശിവാ   ! ഒരാള് മരിച്ചു കിടന്നാലും  നൊസ്റ്റാൾജിയയാണോ കുട്ട്യോളെ നിങ്ങക്ക് തോന്നുന്നത് ?' ഒരു പക്ഷെ മരിച്ചയാളുടെ ആത്മാവ് ചോദിച്ചും കാണും. അങ്ങിനെ പോകുന്നു  ന്യൂ ജനറേഷൻ  നൊസ്റ്റാൾജിയയുടെ പ്രയോഗ തലങ്ങൾ. 

പ്രവാസം തുടങ്ങിയ കാലത്താണ് ഗൃഹാതുരത എന്ന വാക്കിനോടുള്ള എന്റെ അന്വേഷണം ഞാൻ നിർത്തുന്നത്. പിന്നെ ഞാൻ അന്വേഷിക്കുകയായിരുന്നില്ല, ഗൃഹാതുരതയെ അനുഭവിക്കുകയായിരുന്നു. എന്റെ ഓരോ വാക്കിലും, ചിന്തയിലും ഓർമയിലും ഗൃഹാതുരത നിറഞ്ഞു നിന്ന കാലമായിരുന്നു അതെല്ലാം. ഗൾഫ് രാജ്യത്തെ വെയിൽ, പൊടിക്കാറ്റ്, മഴ അതൊക്കെ നാട്ടിലെ പലതിനെയും ഓർമിപ്പിച്ചു. വർഷത്തിൽ മൂന്നോ നാലോ തവണ മാത്രം പെയ്യുന്ന മഴ. ജോലിയില്ലാത്ത ദിവസം പെയ്യുന്ന മഴയാണെങ്കിൽ ആ മഴ മുഴുവനായി കൊള്ളാൻ ഞാൻ മറക്കാറില്ലായിരുന്നു. അതും ഗൃഹാതുരതക്ക് വേണ്ടി ചെയ്തതാണോ ഞാൻ?  അതോ ഒരു ശരാശരി പ്രവാസിയുടെ ഗൃഹാതുരതാ നാട്യം മാത്രമായിരുന്നോ അതെല്ലാം ? ഇപ്പോൾ എനിക്ക് അതേ കുറിച്ച് സംശയമുണ്ട്. 

നാട്ടിൽ ലീവിന് പോയി വരുന്നവർ കുപ്പിയിൽ അടച്ചിട്ടാണ് ഗൃഹാതുരതയെ കൊണ്ട് വരാറുള്ളത്. അച്ചാറിന്റെയും കൊണ്ടാട്ടത്തിന്റെയും രൂപത്തിലാകും മിക്ക ഗൃഹാതുരതയും. ഹൗ!! അത് കൊണ്ട് വന്നയാൾ സ്നേഹത്തോടെ നമുക്കത് ഭാഗിച്ചു തരുന്ന ഒരു സീനുണ്ട് പ്രവാസത്തിൽ. സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു പോകും. നാട്ടിലാകുമ്പോൾ ചോറിനു കൂടെ ഇന്നിത് മാത്രേ ഉള്ളോ കഴിക്കാൻ എന്നും പറഞ്ഞു തട്ടി തെറിപ്പിച്ച സാധനമാകും ചിലപ്പോൾ സുഹൃത്തിന്റെ കൈയ്യിൽ നിന്ന് ഇത്തിരി കൂടി താടാ എന്ന് കെഞ്ചി ചോദിച്ചു വാങ്ങുന്നത്. ഇനി അതും വാങ്ങി പെട്ടെന്ന് സ്ഥലം വിടാം  എന്നും കരുതണ്ട. നാട്ടിൽ നിന്ന് വന്നയാളുടെ വക അര മുക്കാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു 'നൊസ്റ്റാൾജിക്' പ്രസംഗം കൂടിയുണ്ട്. തന്ന അച്ചാറിന്റെയും കൊണ്ടാട്ടത്തിന്റെയും ഉപകാര സ്മരണക്കായി ആ പ്രസംഗം സഹ മുറിയന്മാർക്ക് കുറച്ചു ദിവസം സഹിച്ചേ പറ്റൂ. നാട്ടിലെ മഴ, വെയില്, കാറ്റ്, കുളത്തിലും പുഴയിലുമുള്ള മുങ്ങിക്കുളി ഇതൊക്കെ തന്നെയാണ് പ്രസംഗത്തിൽ കടന്നു വരുന്ന നൊസ്റ്റാൾജിയയുടെ സ്ഥിരം ബിംബ പ്രതീകങ്ങൾ. 

 ഒരിടക്കാലത്ത് ഫെയ്സ് ബുക്കിലും  ഗൃഹാതുരതയുടെ കുത്തൊഴുക്ക് ആയിരുന്നു. നാട്ടിലെ മഴ വെള്ളം കയറിയ പാടത്തിന്റെയോ, പൊട്ട കിണറിന്റെയോ ഫോട്ടോ കാണേണ്ട പാടെ 'വോ ..ഫീൽ നൊസ്റ്റാൾജിയ' എന്ന് പറഞ്ഞു കൊണ്ട് ഓണ്‍ ലൈൻ നൊസ്റ്റാൾജിയ കമ്മിറ്റിയും അക്കാലത്ത് സജീവമാകുകയുണ്ടായി. തനി നാട്ടിൻപുറം ഓർമകൾ ഏതു കാലത്തായാലും  കേൾക്കാനും പങ്കു വക്കാനും  ഒരു പ്രത്യേക സുഖം തന്നെയാണ്. അതിനു വല്ലാത്തൊരു നിഷ്ക്കളങ്കതയുണ്ടായിരുന്നു എന്ന് വേണം പറയാൻ. ഇന്നിപ്പോൾ  ആ നിഷ്ക്കളങ്കത ഇല്ലാതാവുകയാണ് ചെയ്തത്. ഗൃഹാതുരത എന്ന വാക്കിനെ എല്ലാവരെക്കാളും കൂടുതൽ സ്നേഹിക്കുകയും നെഞ്ചിൽ കൊണ്ട് നടക്കുകയും ചെയ്തിരുന്ന പ്രവാസി സമൂഹം ആവശ്യത്തിനും അനാവശ്യത്തിനും ആ വാക്ക് ആവർത്തിച്ചാവർത്തിച്ച്  ഉച്ചരിച്ചു കൊണ്ടിരുന്നപ്പോൾ മരിച്ചു പോയത് ഗൃഹാതുരതയുടെ നല്ല കാല ഓർമകളാണ്. പുനർജനിക്കാൻ ഒരവസരം ലഭിക്കാത്ത വിധം പ്രവാസിയുടെ നാക്കിൽ നിന്ന് ഗൃഹാതുരത എന്നന്നേക്കുമായി വീണു മരിച്ചു എന്ന് പറയുന്നതായിരിക്കും ഉചിതം. 

കാലം മാറി കഥ മാറി. ഗൃഹാതുരതയുടെ പേരിൽ  നല്ലൊരു വിപണീ സാമ്രാജ്യം തന്നെ  പൊങ്ങി വന്നിരിക്കുന്നു . റെഡി മെയ്ഡ് ഗൃഹാതുരത എന്ന് വേണമെങ്കിൽ പറയാം. പുതുമഴ പെയ്ത് വീഴുമ്പോൾ  മണ്ണിൽ നിന്നുയരുന്ന അതേ മണം പൈപ്പ് വെള്ളം തെറിപ്പിച്ചാലും ഉണ്ടാകുമായിരിക്കാം, പക്ഷേ അത് നേരത്തെ പറഞ്ഞ പോലെയുള്ള ഒരു റെഡി മെയ്ഡ് ഉൽപ്പന്നം മാത്രമാണ്. പഴയ വീട്ടു സാധനങ്ങൾ ഗൃഹാതുരതയുടെ പേരിൽ ഇന്ന് വിപണികളിൽ  സജീവമാണ്. ചിമ്മിനി വിളക്ക്, മണ്‍ ചട്ടികൾ, തൊട്ടുള്ള ലൊട്ട് ലൊടുക്കു സാധനങ്ങൾ എല്ലാം തന്നെ ഗൃഹാതുരതയുടെ പല വിധ പേരുകളിൽ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നു. പഴമക്കാർ ഉപയോഗിക്കുന്നതെന്നും പറഞ്ഞ്‌ പണ്ട് നമ്മൾ വാങ്ങാൻ ഉപേക്ഷ കാണിച്ച പല സാധനങ്ങളും ഇന്ന് വീട്ടിനുള്ളിലേക്ക് സസന്തോഷം വാങ്ങി കൊണ്ട് വരുന്നു.   അത് പോലെ പണ്ട് വലിച്ചെറിഞ്ഞ  ക്ലാവ് പിടിച്ച പലതും ഇന്ന് വീട്ടിലേക്കു തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. അതെല്ലാം വീടിന്റെ ഒരു മൂലയിൽ പ്രൌഡിയോടെ പ്രതിഷ്ഠിക്കുന്നതോട് കൂടെ നമ്മുടെ ആ പ്രഹസനവും അവസാനിക്കുകയാണ്. 

 എത്രയേറെ ശ്രമിച്ചിട്ടും  കൃത്രിമത്വം കലരാത്ത ഗൃഹാതുരത ഇന്ന് നമുക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. അവശേഷിക്കുന്ന ഗൃഹാതുരമായ പലതും ഓരോ നിമിഷത്തിലും നമുക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. തറവാടുകളും, മുത്തശ്ശിമാരും,  സ്നേഹവും, ബന്ധങ്ങളും എല്ലാം ഒന്നിനൊന്നു പിന്നാലെ നഷ്ട്ടപ്പെടുന്ന മനുഷ്യന് സാവധാനം പ്രകൃതിയെ കൂടി നഷ്ട്ടപ്പെടുത്തേണ്ടി വരുന്നു. തോളിൽ കൈയ്യിട്ട്  കൂട്ട് കൂടി സ്കൂളിൽ പോയിരുന്ന കുട്ടിക്കാലം ഇന്നില്ല. പകരം തോളിൽ ഭാരിച്ച ബാഗും തൂക്കി വീട്ടു മുറ്റത്ത്‌ സ്കൂൾ കാത്തു നിൽക്കേണ്ടി വരുന്ന കുട്ടിക്കാലമാണ് ഉള്ളത്. മുറ്റത്ത്‌ മഴ പെയ്യുമ്പോൾ മണ്ണിന്റെ മണം ആസ്വദിക്കാൻ പറ്റുന്നില്ല. മുറ്റം എന്നോ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. വൈകീട്ട് നാമം ചൊല്ലി തരുകയും, രാത്രിയിൽ  കഥകൾ പറഞ്ഞു തരുകയും ചെയ്തിരുന്ന പഴയ മുത്തശ്ശിമാർ ഒരു വീട്ടിലും ഇല്ല. ഉള്ള  മുത്തശ്ശിമാരിൽ ഒരു വലിയ പങ്കും ടി വി സീരിയലുകളിൽ ആകൃഷ്ടരാണ്. ബാക്കിയുള്ളവർ കിടപ്പിലുമായിരിക്കുന്നു. പഴയ തലമുറയിലെ അവസാനത്തെ കണ്ണികൾ ഓരോരുത്തരായി ഓരോ  ദിവസവും നമ്മളോട് വിട പറഞ്ഞു പോകുകയുമാണ്‌. 

സത്യത്തിൽ നമ്മുടെ മനസ്സിൽ ഗൃഹാതുരത എന്ന വിളിപ്പേരിൽ എന്നാൽ തീർത്തും അജ്ഞാതമായ ഒരു വികാരം ജനിക്കാൻ കാരണം ആ പഴയ തലമുറ തന്നെയാണ്. അവർക്ക് നമ്മളോടുണ്ടായിരുന്ന കലർപ്പില്ലാത്ത സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു ഗൃഹാതുരതയെന്ന വികാരം.  ലോകത്തിന്റെ ഏതു കോണിൽ പോയാലും സ്വന്തം നാടിനെയും വീടിനെയും ജനിച്ചു വളർന്ന ചുറ്റുപാടിനെയും പ്രകൃതിയെയും കാലാവസ്ഥയെയും നമുക്ക് ഓർക്കാൻ സാധിക്കുന്നതിന്  കാരണം അവരിൽ നിന്ന് നമ്മൾ അനുഭവിച്ചിട്ടുള്ള ആ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്. അനുഭവഭേദ്യമായ ആ സ്നേഹം ഇല്ലാതാകുന്നതോട് കൂടെ ഗൃഹാതുരത എന്ന അജ്ഞാത  വികാരവും നമ്മളിൽ നിന്ന് എങ്ങോട്ടോ പോകുകയാണ്- നമ്മളെ ഒരു സത്യം ബോധ്യപ്പെടുത്തി കൊണ്ട്. "അവർ നമ്മളെ സ്നേഹിച്ച പോലെ നമുക്കൊരിക്കലും വരും തലമുറയെ സ്നേഹിക്കാൻ സാധിക്കില്ല, നമ്മൾ അവരെ തിരിച്ചു സ്നേഹിച്ച പോലെ വരും തലമുറ നമ്മളെയും സ്നേഹിക്കില്ല". ഗൃഹാതുരതയുടെ മരണം അത്തരത്തിൽ പൂർണമാകണം എന്നത് ആരെക്കാളും കൂടുതൽ കാലത്തിന്റെ ആവശ്യവുമാണ്. 
-pravin-