Friday, May 2, 2014

ഗൃഹാതുരത മരിക്കുമ്പോൾ

ഗൃഹാതുരത. ആഹാ, ഇതെന്താണപ്പാ ഈ സാധനം ? ആ വാക്ക് ആദ്യമായി കേട്ട നാൾ തൊട്ടു തുടങ്ങിയ അന്വേഷണമായിരുന്നു അത്. ഗൃഹം എന്നാൽ വീട് .അപ്പോൾ വീടുമായി ബന്ധപ്പെട്ട എന്തോ ഒരു തുരതയാണ് സംഭവം. അല്ല ഈ തുരത എന്ന് വച്ചാൽ ഇപ്പൊ ..ഹോ ..ആകെ കണ്ഫൂഷൻ  ആയിപ്പോയി. വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അന്വേഷണം തുടർന്നു. പലരോടുമായി  ചോദിച്ചു എന്താണീ ഗൃഹാതുരത എന്ന്. പക്ഷേ ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് ഓരോ ഉത്തരങ്ങളായിരുന്നു. 

"അതീ ...മഴയൊക്കെ പെയ്യുമ്പോൾ മണ്ണിൽ നിന്നൊരു മണം വരില്ലേ ..അതിനെയാണ് ഈ ഗൃഹാതുരത എന്ന് പറയുക" കുറെ നേരത്തെ ആലോചനക്കു ശേഷം ഒരിക്കൽ ഒരാൾ എന്റെ സംശയം നികത്തി തന്നു. പക്ഷെ ആ ഉത്തരം കൊണ്ടൊന്നും ഞാൻ തൃപ്തിപ്പെട്ടില്ല. വീണ്ടും പലരോടായി  ആ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു . ആയിടക്ക്‌  ചില മല്ലൂസ് എനിക്ക് ഗൃഹാതുരതയുടെ  മറ്റൊരു നിർവചനം തന്നു. 

" വൊവ് ...ഗൃഹാതുരത ...യാ .. ഇറ്റ്‌ മീൻസ്‌ ... യു നോ ദിസ്‌ നൊസ്റ്റാൾജിയ ... കാറ്റ് , മഴ , ഇടി ..അതെ അത് തന്നെയാണ് ഈ ഗൃഹാ ..ത്വര ..ഹൌ ഷുഡ്‌ ബി ഇറ്റ്‌ പ്രൊനൗൻസ്ഡ് ??" മല്ലൂസ് കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നായി ഞാൻ. 

"ഒന്നൂല്ലായെ ..നന്ദിയുണ്ട് ഗൃഹാതുരതയുടെ ഇംഗ്ലീഷ് പറഞ്ഞു തന്നതിന് . അത് അറിയാതെ ഇരിക്കുവായിരുന്നല്ലോ ഞാൻ " ഞാൻ മല്ലൂസിനെ അതും പറഞ്ഞു ഒഴിവാക്കി. എന്തായാലും ഇംഗ്ലീഷിലെ ഗൃഹാതുരതയാണ് നൊസ്റ്റാൾജിയ എന്ന് മനസിലായി. 

ഒന്നാലോചിച്ചാൽ എല്ലാവരും ഈ വാക്കിനെ അന്വേഷിക്കുന്നുണ്ടായിരിക്കാം. അതേ സമയം അർത്ഥമറിയാതെ എവിടെയും  സധൈര്യം പറയാവുന്ന, പ്രയോഗിക്കാവുന്ന  ഒരു വാക്കായി ഗൃഹാതുരത മാറിയോ എന്ന് ഞാൻ സംശയിക്കുന്നു. ഈ അടുത്ത കാലത്ത്  ഒരു മരണ വീട്ടിലെ  സദസ്സിൽ പോലും ആ വാക്ക് കടന്നു വന്നു. മരിച്ചു വെള്ള പുതച്ചു കിടക്കുന്ന ശരീരം പോലും അത് കേട്ട് വിജുംബ്രിച്ചു പോയിരിക്കാം. സംഗതി ആ പറഞ്ഞവനെ കുറ്റം പറയാൻ പറ്റില്ല . അവൻ ജനിച്ചതും പഠിച്ചതും വളർന്നതുമൊക്കെ  വെളി നാട്ടിലാണ്. പണ്ട് അവന്റെ മുത്തശ്ശി മരിച്ച സമയത്ത് നാട്ടിൽ വന്നപ്പോൾ  കണ്ട അതേ കാഴ്ചയാണ് കാലങ്ങൾക്ക് ശേഷം അവൻ മറ്റൊരു സുഹൃത്തിന്റെ മുത്തശ്ശി മരിച്ചപ്പോൾ കണ്ടത്. ആളുകളെല്ലാം കൂടി നിൽക്കുന്നു. മുത്തശ്ശിയെ ഉമ്മറത്ത് കിടത്തിയിരിക്കുന്നു. കുറെ പേർ കരയുന്നു. ചിലർ അടുക്കളയിൽ എന്തൊക്കെയോ സംസാരിക്കുന്നു. ഇതിനെല്ലാം ഇടയിൽ കൂടി കൊച്ചു കുട്ടികൾ ഓടി കളിക്കുന്നു. അവനു സ്വാഭാവികമായും പണ്ടത്തെ കുട്ടിക്കാലം ഓർമ വന്നു കാണും. മരണ വീടാണോ എന്നൊന്നും നോക്കാതെ പഹയൻ ഉറക്കെ "നൊസ്റ്റാൾജിയ" എന്ന വാക്കെടുത്തങ്ങ് പ്രയോഗിച്ചു.  

 'ശിവ ശ്ശിവാ   ! ഒരാള് മരിച്ചു കിടന്നാലും  നൊസ്റ്റാൾജിയയാണോ കുട്ട്യോളെ നിങ്ങക്ക് തോന്നുന്നത് ?' ഒരു പക്ഷെ മരിച്ചയാളുടെ ആത്മാവ് ചോദിച്ചും കാണും. അങ്ങിനെ പോകുന്നു  ന്യൂ ജനറേഷൻ  നൊസ്റ്റാൾജിയയുടെ പ്രയോഗ തലങ്ങൾ. 

പ്രവാസം തുടങ്ങിയ കാലത്താണ് ഗൃഹാതുരത എന്ന വാക്കിനോടുള്ള എന്റെ അന്വേഷണം ഞാൻ നിർത്തുന്നത്. പിന്നെ ഞാൻ അന്വേഷിക്കുകയായിരുന്നില്ല, ഗൃഹാതുരതയെ അനുഭവിക്കുകയായിരുന്നു. എന്റെ ഓരോ വാക്കിലും, ചിന്തയിലും ഓർമയിലും ഗൃഹാതുരത നിറഞ്ഞു നിന്ന കാലമായിരുന്നു അതെല്ലാം. ഗൾഫ് രാജ്യത്തെ വെയിൽ, പൊടിക്കാറ്റ്, മഴ അതൊക്കെ നാട്ടിലെ പലതിനെയും ഓർമിപ്പിച്ചു. വർഷത്തിൽ മൂന്നോ നാലോ തവണ മാത്രം പെയ്യുന്ന മഴ. ജോലിയില്ലാത്ത ദിവസം പെയ്യുന്ന മഴയാണെങ്കിൽ ആ മഴ മുഴുവനായി കൊള്ളാൻ ഞാൻ മറക്കാറില്ലായിരുന്നു. അതും ഗൃഹാതുരതക്ക് വേണ്ടി ചെയ്തതാണോ ഞാൻ?  അതോ ഒരു ശരാശരി പ്രവാസിയുടെ ഗൃഹാതുരതാ നാട്യം മാത്രമായിരുന്നോ അതെല്ലാം ? ഇപ്പോൾ എനിക്ക് അതേ കുറിച്ച് സംശയമുണ്ട്. 

നാട്ടിൽ ലീവിന് പോയി വരുന്നവർ കുപ്പിയിൽ അടച്ചിട്ടാണ് ഗൃഹാതുരതയെ കൊണ്ട് വരാറുള്ളത്. അച്ചാറിന്റെയും കൊണ്ടാട്ടത്തിന്റെയും രൂപത്തിലാകും മിക്ക ഗൃഹാതുരതയും. ഹൗ!! അത് കൊണ്ട് വന്നയാൾ സ്നേഹത്തോടെ നമുക്കത് ഭാഗിച്ചു തരുന്ന ഒരു സീനുണ്ട് പ്രവാസത്തിൽ. സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു പോകും. നാട്ടിലാകുമ്പോൾ ചോറിനു കൂടെ ഇന്നിത് മാത്രേ ഉള്ളോ കഴിക്കാൻ എന്നും പറഞ്ഞു തട്ടി തെറിപ്പിച്ച സാധനമാകും ചിലപ്പോൾ സുഹൃത്തിന്റെ കൈയ്യിൽ നിന്ന് ഇത്തിരി കൂടി താടാ എന്ന് കെഞ്ചി ചോദിച്ചു വാങ്ങുന്നത്. ഇനി അതും വാങ്ങി പെട്ടെന്ന് സ്ഥലം വിടാം  എന്നും കരുതണ്ട. നാട്ടിൽ നിന്ന് വന്നയാളുടെ വക അര മുക്കാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു 'നൊസ്റ്റാൾജിക്' പ്രസംഗം കൂടിയുണ്ട്. തന്ന അച്ചാറിന്റെയും കൊണ്ടാട്ടത്തിന്റെയും ഉപകാര സ്മരണക്കായി ആ പ്രസംഗം സഹ മുറിയന്മാർക്ക് കുറച്ചു ദിവസം സഹിച്ചേ പറ്റൂ. നാട്ടിലെ മഴ, വെയില്, കാറ്റ്, കുളത്തിലും പുഴയിലുമുള്ള മുങ്ങിക്കുളി ഇതൊക്കെ തന്നെയാണ് പ്രസംഗത്തിൽ കടന്നു വരുന്ന നൊസ്റ്റാൾജിയയുടെ സ്ഥിരം ബിംബ പ്രതീകങ്ങൾ. 

 ഒരിടക്കാലത്ത് ഫെയ്സ് ബുക്കിലും  ഗൃഹാതുരതയുടെ കുത്തൊഴുക്ക് ആയിരുന്നു. നാട്ടിലെ മഴ വെള്ളം കയറിയ പാടത്തിന്റെയോ, പൊട്ട കിണറിന്റെയോ ഫോട്ടോ കാണേണ്ട പാടെ 'വോ ..ഫീൽ നൊസ്റ്റാൾജിയ' എന്ന് പറഞ്ഞു കൊണ്ട് ഓണ്‍ ലൈൻ നൊസ്റ്റാൾജിയ കമ്മിറ്റിയും അക്കാലത്ത് സജീവമാകുകയുണ്ടായി. തനി നാട്ടിൻപുറം ഓർമകൾ ഏതു കാലത്തായാലും  കേൾക്കാനും പങ്കു വക്കാനും  ഒരു പ്രത്യേക സുഖം തന്നെയാണ്. അതിനു വല്ലാത്തൊരു നിഷ്ക്കളങ്കതയുണ്ടായിരുന്നു എന്ന് വേണം പറയാൻ. ഇന്നിപ്പോൾ  ആ നിഷ്ക്കളങ്കത ഇല്ലാതാവുകയാണ് ചെയ്തത്. ഗൃഹാതുരത എന്ന വാക്കിനെ എല്ലാവരെക്കാളും കൂടുതൽ സ്നേഹിക്കുകയും നെഞ്ചിൽ കൊണ്ട് നടക്കുകയും ചെയ്തിരുന്ന പ്രവാസി സമൂഹം ആവശ്യത്തിനും അനാവശ്യത്തിനും ആ വാക്ക് ആവർത്തിച്ചാവർത്തിച്ച്  ഉച്ചരിച്ചു കൊണ്ടിരുന്നപ്പോൾ മരിച്ചു പോയത് ഗൃഹാതുരതയുടെ നല്ല കാല ഓർമകളാണ്. പുനർജനിക്കാൻ ഒരവസരം ലഭിക്കാത്ത വിധം പ്രവാസിയുടെ നാക്കിൽ നിന്ന് ഗൃഹാതുരത എന്നന്നേക്കുമായി വീണു മരിച്ചു എന്ന് പറയുന്നതായിരിക്കും ഉചിതം. 

കാലം മാറി കഥ മാറി. ഗൃഹാതുരതയുടെ പേരിൽ  നല്ലൊരു വിപണീ സാമ്രാജ്യം തന്നെ  പൊങ്ങി വന്നിരിക്കുന്നു . റെഡി മെയ്ഡ് ഗൃഹാതുരത എന്ന് വേണമെങ്കിൽ പറയാം. പുതുമഴ പെയ്ത് വീഴുമ്പോൾ  മണ്ണിൽ നിന്നുയരുന്ന അതേ മണം പൈപ്പ് വെള്ളം തെറിപ്പിച്ചാലും ഉണ്ടാകുമായിരിക്കാം, പക്ഷേ അത് നേരത്തെ പറഞ്ഞ പോലെയുള്ള ഒരു റെഡി മെയ്ഡ് ഉൽപ്പന്നം മാത്രമാണ്. പഴയ വീട്ടു സാധനങ്ങൾ ഗൃഹാതുരതയുടെ പേരിൽ ഇന്ന് വിപണികളിൽ  സജീവമാണ്. ചിമ്മിനി വിളക്ക്, മണ്‍ ചട്ടികൾ, തൊട്ടുള്ള ലൊട്ട് ലൊടുക്കു സാധനങ്ങൾ എല്ലാം തന്നെ ഗൃഹാതുരതയുടെ പല വിധ പേരുകളിൽ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നു. പഴമക്കാർ ഉപയോഗിക്കുന്നതെന്നും പറഞ്ഞ്‌ പണ്ട് നമ്മൾ വാങ്ങാൻ ഉപേക്ഷ കാണിച്ച പല സാധനങ്ങളും ഇന്ന് വീട്ടിനുള്ളിലേക്ക് സസന്തോഷം വാങ്ങി കൊണ്ട് വരുന്നു.   അത് പോലെ പണ്ട് വലിച്ചെറിഞ്ഞ  ക്ലാവ് പിടിച്ച പലതും ഇന്ന് വീട്ടിലേക്കു തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. അതെല്ലാം വീടിന്റെ ഒരു മൂലയിൽ പ്രൌഡിയോടെ പ്രതിഷ്ഠിക്കുന്നതോട് കൂടെ നമ്മുടെ ആ പ്രഹസനവും അവസാനിക്കുകയാണ്. 

 എത്രയേറെ ശ്രമിച്ചിട്ടും  കൃത്രിമത്വം കലരാത്ത ഗൃഹാതുരത ഇന്ന് നമുക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. അവശേഷിക്കുന്ന ഗൃഹാതുരമായ പലതും ഓരോ നിമിഷത്തിലും നമുക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. തറവാടുകളും, മുത്തശ്ശിമാരും,  സ്നേഹവും, ബന്ധങ്ങളും എല്ലാം ഒന്നിനൊന്നു പിന്നാലെ നഷ്ട്ടപ്പെടുന്ന മനുഷ്യന് സാവധാനം പ്രകൃതിയെ കൂടി നഷ്ട്ടപ്പെടുത്തേണ്ടി വരുന്നു. തോളിൽ കൈയ്യിട്ട്  കൂട്ട് കൂടി സ്കൂളിൽ പോയിരുന്ന കുട്ടിക്കാലം ഇന്നില്ല. പകരം തോളിൽ ഭാരിച്ച ബാഗും തൂക്കി വീട്ടു മുറ്റത്ത്‌ സ്കൂൾ കാത്തു നിൽക്കേണ്ടി വരുന്ന കുട്ടിക്കാലമാണ് ഉള്ളത്. മുറ്റത്ത്‌ മഴ പെയ്യുമ്പോൾ മണ്ണിന്റെ മണം ആസ്വദിക്കാൻ പറ്റുന്നില്ല. മുറ്റം എന്നോ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. വൈകീട്ട് നാമം ചൊല്ലി തരുകയും, രാത്രിയിൽ  കഥകൾ പറഞ്ഞു തരുകയും ചെയ്തിരുന്ന പഴയ മുത്തശ്ശിമാർ ഒരു വീട്ടിലും ഇല്ല. ഉള്ള  മുത്തശ്ശിമാരിൽ ഒരു വലിയ പങ്കും ടി വി സീരിയലുകളിൽ ആകൃഷ്ടരാണ്. ബാക്കിയുള്ളവർ കിടപ്പിലുമായിരിക്കുന്നു. പഴയ തലമുറയിലെ അവസാനത്തെ കണ്ണികൾ ഓരോരുത്തരായി ഓരോ  ദിവസവും നമ്മളോട് വിട പറഞ്ഞു പോകുകയുമാണ്‌. 

സത്യത്തിൽ നമ്മുടെ മനസ്സിൽ ഗൃഹാതുരത എന്ന വിളിപ്പേരിൽ എന്നാൽ തീർത്തും അജ്ഞാതമായ ഒരു വികാരം ജനിക്കാൻ കാരണം ആ പഴയ തലമുറ തന്നെയാണ്. അവർക്ക് നമ്മളോടുണ്ടായിരുന്ന കലർപ്പില്ലാത്ത സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു ഗൃഹാതുരതയെന്ന വികാരം.  ലോകത്തിന്റെ ഏതു കോണിൽ പോയാലും സ്വന്തം നാടിനെയും വീടിനെയും ജനിച്ചു വളർന്ന ചുറ്റുപാടിനെയും പ്രകൃതിയെയും കാലാവസ്ഥയെയും നമുക്ക് ഓർക്കാൻ സാധിക്കുന്നതിന്  കാരണം അവരിൽ നിന്ന് നമ്മൾ അനുഭവിച്ചിട്ടുള്ള ആ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്. അനുഭവഭേദ്യമായ ആ സ്നേഹം ഇല്ലാതാകുന്നതോട് കൂടെ ഗൃഹാതുരത എന്ന അജ്ഞാത  വികാരവും നമ്മളിൽ നിന്ന് എങ്ങോട്ടോ പോകുകയാണ്- നമ്മളെ ഒരു സത്യം ബോധ്യപ്പെടുത്തി കൊണ്ട്. "അവർ നമ്മളെ സ്നേഹിച്ച പോലെ നമുക്കൊരിക്കലും വരും തലമുറയെ സ്നേഹിക്കാൻ സാധിക്കില്ല, നമ്മൾ അവരെ തിരിച്ചു സ്നേഹിച്ച പോലെ വരും തലമുറ നമ്മളെയും സ്നേഹിക്കില്ല". ഗൃഹാതുരതയുടെ മരണം അത്തരത്തിൽ പൂർണമാകണം എന്നത് ആരെക്കാളും കൂടുതൽ കാലത്തിന്റെ ആവശ്യവുമാണ്. 
-pravin- 

38 comments:

 1. ഈ പറഞ്ഞപോലെ പ്രവാസത്തില്‍ വന്നപ്പോഴാണ് ഗ്രിഹാതുരത്വം എന്നത് ആരും പറഞ്ഞുതരാതെ തന്നെ അനുഭവിച്ചറിഞത് . പിന്നെ പിന്നെ മൂപ്പര്‍ നമ്മുടെ കൂടെ പിറപ്പായി അല്ലാതെ വഴിയില്ലല്ലോ .. എന്തൊക്കെ പറഞ്ഞാലും ഏകാന്തമായ ദിനങ്ങളില്‍ ഒരു പിടിഓര്‍മ്മകളെയും താലോലിച്ച് ഇങ്ങിനെ ഇരിക്കാന്‍ ഒരു സുഖമുണ്ട് . നന്നായി പറഞ്ഞു.

  ReplyDelete
  Replies
  1. പ്രവാസവും ഗൃഹാതുരതയും തമ്മില്‍ പൂര്‍വ്വകാല ജന്മ ബന്ധം ഉണ്ടെന്നു തോന്നുന്നു ..ഹി ഹി ..

   Delete
 2. "ഗൃഹാതുരത" അന്വേഷിച്ചു കണ്ടെത്തിയല്ലേ പ്രവി... "നൊസ്റ്റി" എന്ന വിളിപ്പേരില്‍ അല്ലേ ഇപ്പോള്‍ അറിയപ്പെടുന്നത്. കൊള്ളാം, നല്ല പോസ്റ്റ്‌ :)

  ReplyDelete
  Replies
  1. അന്വേഷിക്കുവിൻ കണ്ടെത്തുവിൻ എന്നല്ലേ മുബിത്താ ... ഒടുക്കം അതിനൊരുത്തരവുമായി ...

   Delete
 3. ഇപ്പോള്‍ ഫേസ്ബുക്കാതുരതയും..
  ഒരുദിവസം എത്തിപ്പെട്ടില്ലെങ്കില്‍ ഉണ്ടാകുന്ന അസ്വസ്ഥത!
  നന്നായിരിക്കുന്നു കുറിപ്പ്.
  ആശംസകള്‍

  ReplyDelete
  Replies
  1. ഹ ഹ ...ഫേസ്ബുക്കാതുരത ..അത് കൊള്ളാം ..ശരിയാണ് ആ പ്രയോഗം ..ഇന്ന് അതാണ്‌ കൂടുതലും ...നന്ദി തങ്കപ്പേട്ടാ ..

   Delete
 4. 'ഗൃഹാതുരത ഉണർത്തിയ കുറിപ്പ്' എന്നൊന്നും ആരും അഭിപ്രായപ്പെടാതിരുന്നാൽ മതിയായിരുന്നു. :)

  ശരിയാണ്. പ്രകൃതിയും മനുഷ്യനും പരസ്പരം പകരുന്ന സ്നേഹം ഇല്ലാതാകുന്നതോടെ ഗൃഹാതുരതയും ഇല്ലാതാവും. എല്ലാം പണം കൊണ്ട് വാങ്ങാനാവുകയും അനുഭവിക്കാനാവുകയും ചെയ്യുമ്പോൾ പിറന്നു ജീവിച്ച നാടിനും ആർക്കുമൊരു സവിശേഷതയും അനുഭവപ്പെടില്ല.

  ReplyDelete
  Replies
  1. വിഡ്ഢി മാൻ ..ഹ ഹ ..കറക്റ്റ് ..ഞാനും അത് വിചാരിക്കുകയുണ്ടായി ..കാരണം ചിലർ പോസ്റ്റ്‌ വായിക്കാതെ ചുമ്മാ അഭിപ്രായം പറഞ്ഞു പോകുന്നവരുടെ കൂട്ടത്തിലാണ് . പോസ്റ്റ്‌ ഹെഡ് എന്താണെന്ന് നോക്കി അതിനോട് ബന്ധപ്പെട്ട ഒരു കമെന്റ് അങ്ങ് പാസാക്കും ...ഇവിടെ ഈ പോസ്റ്റിൽ അതിനുള്ള ചാൻസ് കൂടുതലാണ് ..ഹ ഹ ..

   Delete
 5. "ആതുര' എന്ന വാക്കിന് രോഗമുള്ള,ഔല്സുക്യമുള്ള എന്നൊക്കെ അര്‍ത്ഥം കാണുന്നുണ്ട്.അപ്പൊ വീടിനെക്കുറിച്ചുള്ള ഓര്‍മകളെക്കൊണ്ട് ആതുരമാകുന്ന അവസ്ഥയെ ആവണം ഗൃഹാതുരത കൊണ്ട് അര്‍ത്ഥമാക്കുക.

  ഇനി ലേഖനത്തിലെ വിഷയത്തിലേക്ക് വരാം.എല്ലായ്പ്പോഴും തരളിതമായ ഓര്‍മകളുമായി ബന്ധപ്പെടുത്തി മാത്രം വായിച്ചെടുക്കേണ്ട ഒന്ന് മാത്രമാണോ ഗൃഹാതുരത?ഒരു യുദ്ധഭൂമിയില്‍ ജനിച്ചു വളരാന്‍ വിധിക്കപ്പെട്ട ഒരുവനെക്കുറിച്ച് ഓര്‍ത്ത് നോക്കൂ.ലോകത്തിന്‍റെ ഏതു കോണില്‍ ഇരുന്നും ജന്മനാടിനെക്കുറിച്ചും വീടിനെക്കുറിച്ചും ഒക്കെയുള്ള അയാളുടെ ഓര്‍മകളെ ഗൃഹാതുരത്വം എന്ന് വിളിക്കാന്‍ കഴിയില്ലേ?

  എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഗൃഹാതുരതയുണ്ട്.ഏറ്റക്കുറച്ചിലുകളോടെ.നാം അതിനെ ഉണര്‍ത്തുന്നോ ഇല്ലയോ എന്നതാണ് പ്രധാനം എന്ന് കരുതുന്നു.

  ആശംസകള്‍.

  ReplyDelete
  Replies
  1. എല്ലായ്പ്പോഴും തരളിതമായ ഓര്‍മകളുമായി ബന്ധപ്പെടുത്തി മാത്രം വായിച്ചെടുക്കേണ്ട ഒന്ന് മാത്രമാണോ ഗൃഹാതുരത?
   ..
   ..
   A good Question ..ഒരിക്കലുമല്ല .. തരളിതമായ ഓർമ്മകൾ ഓർമകളുമായി മാത്രം ബന്ധപ്പെടുത്തി സംസാരിക്കേണ്ട അല്ലെങ്കിൽ വായിച്ചെടുക്കേണ്ട ഒന്നല്ല ഗൃഹാതുരത. അത് കൊണ്ട് തന്നെ ഓരോ വ്യക്തിയെയും സംബന്ധിച്ച് ഇതിന്റെ വ്യാഖ്യാനം പലതായി മാറിയേക്കാം. നമ്മൾ പൊതുവെ ഈ വാക്കിനെ നാടും വീടും മാത്രമായാണ് ബന്ധപ്പെടുത്താറുള്ളത് എന്നതൊരു സത്യം തന്നെയാണ്. കാരണം നമ്മുടെ ഓർമ്മകൾ അവിടെ നിന്ന് തന്നെയല്ലേ തുടങ്ങുന്നത്. വളരെ കഷ്ടപ്പെട്ട് ജീവിതം തുടങ്ങിയവനും ഈ ഫീൽ ഉണ്ടായിരിക്കാം. അത് പക്ഷേ നല്ല കാലത്തിൽ നിന്ന് കൊണ്ട് മോശം കാലത്തെ കുറിച്ചുള്ള ഒരു ഗതകാല സ്മരണയാകും എന്ന് മാത്രം. അതിലും അയാൾക്ക്‌ ഒരു ആശ്വാസം കണ്ടെത്താൻ സാധിക്കുന്നുണ്ടാകാം. അത് തന്നെയാണ് ഈ വികാരത്തിന്റെ പ്രത്യേകതയും.

   Delete
 6. ഗൃഹാതുരത ഒരു വേദനയോടെ അനുഭവിക്കുന്നവരും ഉണ്ട്,
  നമുക്ക് ഗൃഹാതുരത എന്ന് തോന്നുന്ന പലതും പലർക്കും മറക്കാനാഗ്രഹിക്കുന്ന നോവുകൾ ആയിരിക്കും ,
  ഒരേ വിഷയം പലരിലും പല വിധത്തിലായിരിക്കും സ്വാധീനിക്കുക,
  പ്ളീസ് , നീയതൊന്നും ഓർമ്മിപ്പിക്കല്ലേ എന്ന് ഒരു സ്നേഹിതൻ എന്നോട് പറയാറുണ്ട്.
  എന്നാൽ എത്ര നോവ്‌ കലർന്നതായാലും , ആസ്വദിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ,
  ഓർമ്മകളുടെ സുഖമുള്ള നോവ്‌ ഒരു വല്ലാത്ത അനുഭൂതിതന്നെയാണ്.
  ഇറയത്ത്‌ വീഴുന്ന മഴ വെള്ളത്തിലെ കുളി പോലെ ...........

  ReplyDelete
  Replies
  1. കറക്റ്റ് ... ഇതേ വിഷയത്തെ കുറിച്ച് ഞാൻ രൂപേഷ് ഭായിയുമായും സംസാരിച്ചിരുന്നു. വ്യക്തികൾക്ക് അനുസരിച്ചിരിക്കും ഗൃഹാതുരതയുടെ കയ്പ്പും മധുരവും.. ഈ പറഞ്ഞ പോലെ, വേദനയുള്ള ഓർമ്മകൾ ആണെങ്കിൽ കൂടി അത് ആസ്വദിക്കാനുള്ള ഒരു മനസ്സും വേണം ..

   Delete
 7. ഗൃഹാതുരത എല്ലാ മനുഷ്യ മനസ്സിലിലും ഉണ്ടാകും എന്ന് തീര്‍ത്തും പറയാന്‍ സാധിക്കില്ല .
  നല്ല ലേഖനം പ്രവീ ..!

  ReplyDelete
  Replies
  1. ഉണ്ടാകാതിരിക്കാൻ വഴിയില്ല എന്നാണ് എന്റെ നിരീക്ഷണം ..എന്നായാലും ഏതെങ്കിലും ഒരു കാലത്ത് അയാൾക്ക് അനുഭവപ്പെടില്ലേ അത് ?

   Delete
 8. ഇനി വരും കാലങ്ങളിലും ഉണ്ടാകും ഗൃഹാതുരത - ഇനി വരും തലമുറയും അതനുഭാവിക്കും -പക്ഷെ നമ്മില്‍ നിന്ന് വ്യത്യസ്തം ആകുമെന്ന് മാത്രം. അത്രയേ എനിക്ക് തോന്നിയിട്ടുള്ളൂ :).

  ReplyDelete
  Replies
  1. അതേ ...ആ വ്യത്യാസം ഇനി വരും തലമുറകളിലും ഉണ്ടാകും ...

   Delete
 9. വന്നു വന്നു എപ്പോള്‍ നൊസ്റ്റാള്‍ജിയ വിഷയമായി എഴുതുന്ന എഴുത്തും സഹിക്കാന്‍ പറ്റുന്നില്ല എന്ന അവസ്ഥയിലേക്ക് വരുന്നു. ചില നോസ്ട്ടികള്‍ എഴുതുന്നത് കണ്ടാല്‍ അവര്‍ എന്തോ ഫയങ്കര സംഭവം എഴുതുന്നു എന്ന് തോന്നും. പക്ഷെ നനഞ്ഞ പടക്കം പോലെ അത് തങ്ങളിലേക്ക് തന്നെ ചുരുങ്ങിപോകുന്നു.

  ReplyDelete
  Replies
  1. ങ്ങെ ...അപ്പോൾ ആ നോസ്ടികളുടെ കൂട്ടത്തിൽ ഇപ്പോൾ എന്നെയും പെടുത്തിയെന്നു സാരം ...ങീ ങീ ..ഞാനിതെങ്ങനെ സഹിക്കും ?

   Delete
 10. ഇത് കൊള്ളാലോ, ജ്ജ് ചിന്തിച്ച് ചിന്തിച്ച് വട്ടനാകോ എന്ന പേടി :)
  ഒടുക്കത്തെ ചിന്ത തന്നെ

  ReplyDelete
  Replies
  1. അയ്‌ ...ഇജ്ജെന്താ കാര്യം പറഞ്ഞപ്പോ ന്നെ വട്ടനാക്ക്വാ ചെയ്യണേ ...

   Delete
 11. നല്ല രസകരമായ ചിന്തകള്‍ ..

  ReplyDelete
 12. ആ അവസാന പാരഗ്രാഫ് ഉണ്ടല്ലോ ഭായീ..... അതാണ്‌ ഈ ലേഖനത്തിന്റെ അന്തസത്ത മുഴുവൻ ..
  "അവർ നമ്മളെ സ്നേഹിച്ച പോലെ നമുക്കൊരിക്കലും വരും തലമുറയെ സ്നേഹിക്കാൻ സാധിക്കില്ല"
  എത്രയോ തവണ ഞാനിത് ഓർത്തിട്ടുണ്ട് ...
  അവരുടെ സ്നേഹം തന്നെയാണ് നൊസ്റ്റാൾജിയ ഉണ്ടാക്കുന്നതും ..

  നല്ല ലേഖനം പ്രവീണ്‍ ...
  വെറുതെ വലിച്ചു വാരി എഴുതിയതല്ല ...
  എനിക്കിഷ്ടമായി .. കൂടുതൽ പോസ്റ്റ്‌ മോർട്ടം ചെയ്യുന്നില്ല ....

  ആശംസകൾ ..!!!

  ReplyDelete
  Replies
  1. നന്ദി സഖേ വിശദമായ വായനക്കും തുറന്ന അഭിപ്രായത്തിനും ... മനസ്സിലുള്ളത് എഴുതിയെന്നു മാത്രം. ഭാവനയില്ല ഇതിൽ.

   Delete
 13. നമുക്ക് കിട്ടി കൊണ്ടിരുന്ന ചിലതെല്ലാ‍ാം
  നഷ്ട്ടപ്പെടുമ്പോഴാണ് , ആയതിന്റെ ആ ഗുണഗണങ്ങൾ
  നമ്മളെ വേട്ടയാടികൊണ്ടിരിക്കുന്നത് ... അങ്ങിനെയുള്ള സംഗതിയിൽ
  നിന്നും ഉണ്ടായ ഒരു ഭീകര അസുഖമാണ് ഈ ഗൃഹാതുരതത്വം. ...!
  എഴുത്ത് ,വായന,സിനിമ,കലാപ്രവർത്തനങ്ങൾ മുതലായ
  ഔഷധങ്ങളാൾ ഇതിന് നല്ല ശമനവും കിട്ടും കേട്ടോ ഭായ്

  ReplyDelete
  Replies
  1. തീർച്ചയായും എഴുത്തും വായനയും സിനിമയുമൊക്കെ പലതിനും നല്ല ബെസ്റ്റ് ഔഷധങ്ങൾ തന്നെയാണ് ...

   Delete
 14. ഈ ഞാനും ഒരു പ്രവാസി ആണ് പ്രവീണേ.... ഇവിടെ വന്നപ്പോൾ ഞാനും ഈ "ഗൃഹാതുരത" അനുഭവിച്ചു. അത് അനുഭവിച്ചറിയേണ്ടത് തന്നെ ആണ്. ഒരു പക്ഷെ വീട്ടിൽ നിന്ന് വിട്ടു നില്കുന്ന എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും ആ ഫീലിംഗ്.

  ഈ എഴുത്ത് എന്റെയും മനസ്സിൽ ഉള്ള കാര്യങ്ങൾ തന്നെ പറഞ്ഞിരിക്കുന്നു :)

  ReplyDelete
  Replies
  1. പാവം രോഹു ...ഹ ഹ ..ആ പേരിൽ തന്നെയുണ്ട് ആൾ നൊസ്റ്റി ആണെന്ന് ..നന്ദി രോഹൂ ..

   Delete
 15. ഗൃഹാതുരത്വം പഴയ തലമുറയോടുള്ളതിനോടുള്ള സ്നേഹം എന്നതിനേക്കാള്‍ അവരവരുടെ പോയകാലത്തിനോടുള്ള സ്നേഹം ആണ് എന്നെനിക്കു തോന്നുന്നു.
  സ്വാഭാവികമായും പഴയ തലമുറ എന്നത് പോയകാലത്തിന്റെ ഒരു അവിഭാജ്യഘടകമായിരിക്കും എന്നത് കൊണ്ട് അങ്ങനെ തോന്നുന്നു എന്ന് മാത്രം...

  പിന്നെ, ഗൃഹാതുരത്വം അഥവാ ഹോംസിക്ക്നെസ്സ് എന്നതിന്റെ വടക്കന്‍ കേരളത്തിലെ നാട്ടുഭാഷയില്‍ പറയുന്ന വാക്ക്...ആണത്രേ "പൊഞ്ഞാറ്" ( ഒരു സാഹിത്യക്യാമ്പില്‍ വെച്ച് കിട്ടിയ അറിവ്.. ).. എത്ര മനോഹരമായ വാക്ക്... :)

  ReplyDelete
 16. ഇത് കണ്ടു പിടിക്കാന്‍ അവസാനം പെണ്ണ് കെട്ടേണ്ടി വന്നുവല്ലേ :P

  ഓസിന് അച്ചാര്‍ കിട്ടിയാലും പോരാലേ...

  ReplyDelete
 17. നൊസ്റ്റാൾജിക് Kollatto praveene kuduthal comments pinnidezuthaam

  ReplyDelete
  Replies
  1. ഓ...സമയം പോലെ എഴുതിയാൽ മതി ചേച്ചീ

   Delete
 18. ഈ സംഗതി അനുഭവിക്കാത്തവര്‍ ചുരുക്കമാണ് ബ്രോ.........'ഒന്നും വേണ്ട...വീട്ടിലോന്നെത്തിയാല്‍ മതി.....' എന്നെപ്പോഴെങ്കിലും പറയാത്തവര്‍ ചുരുക്കം...അത് തന്നെയാണീ സംഗതി..! കണ്ടു പിടുത്തങ്ങള്‍ക്ക് ആശംസകള്‍

  ReplyDelete
 19. ഏറിയാൽ രണ്ട് മാസം ഞാൻ പുറത്തുപോയാൽ വീട്ടിലേക്ക് മടങ്ങിയെത്തും ... ശീലമായിപ്പോയി...മാറ്റാനും പറ്റില്ലാ......... അതിനെ എന്ത് വിളിക്കണം എന്നറിയില്ലാഗൃഹാതുരത്വം എന്നാണോ ആവോ... തങ്കപ്പൻ സാറിന്റെ ‘ഫേസ്ബുക്കാതുരത‘ ക്ഷ പിടിച്ചൂ...... നന്ദി പ്രവീൺ വായന നൽകിയതിനു.............

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി ചന്തുവേട്ടാ ..

   Delete