Sunday, November 16, 2014

വേട്ടയാടപ്പെടുന്ന പേരുകൾ

നിന്റെ പേരെന്താ ?
ശശി..
ഹ ഹ ഹ ഹാഹ് !!

നിന്റെയോ ?
ഷക്കീല 
ഹ ഹ ഹ ഹാഹ് !!

പേരുകൾ വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും 

പേര് മാറ്റാൻ തീരുമാനിച്ച ചിലർ 
തുടർ നടപടികളുമായി മുന്നോട്ട് പോയി.
അവിടെയും അതേ ചോദ്യോത്തരങ്ങൾ  ആവർത്തിക്കപ്പെട്ടു-
എന്തായിരുന്നു നിങ്ങളുടെ ആദ്യത്തെ പേര് ?
ശ ..ശ ..ശശി..
ഷ ..ഷ ..ഷക്കീല..
വീണ്ടും അതേ പൊട്ടിച്ചിരികൾ 
വീണ്ടും അതേ പരിഹാസങ്ങൾ 

ശശിയും ഷക്കീലയും എന്തിനെന്നില്ലാതെ 
അപമാനിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
പരിഹസിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
ക്രൂശിക്കപ്പെട്ടു കൊണ്ടേയിരുന്നു. 

ഒടുക്കം ശശിയും ഷക്കീലയും ആ കടും കൈ ചെയ്തു.
ഒരു ശ്രീകണ്ഠൻ നായർ സ്റ്റൈലിൽ 
ലോകത്തോട് അവർ പറഞ്ഞു- 
ഒരു വലിയ 'ഗുഡ് ബൈ' 

 മരണം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാരും 
എഫ് ഐ ആർ എഴുതാൻ വന്ന പോലീസുകാരും 
മരിച്ചവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ 
ചിരിയടക്കാൻ പാട് പെട്ടു. 

മരിച്ചതാരൊക്കെയാണ്- ആകാംക്ഷയോടെയുള്ള ചോദ്യങ്ങൾ 
ശശിയും ഷക്കീലയും - ചിരിയോടു കൂടെയുള്ള ഉത്തരങ്ങൾ 

മരണ ശേഷവും പേരുകൾ  വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും .

-pravin- 

Saturday, November 1, 2014

അയൽ രാജ്യങ്ങൾ

കുറെ കാലങ്ങളായി ശത്രുതയിലുള്ള രണ്ടു അയൽ രാജ്യങ്ങൾ. ഒടുക്കം അവർ എല്ലാ പ്രശ്നങ്ങളും പറഞ്ഞു 'കോമ്പ്ലിമെന്റ്' ആക്കാൻ തീരുമാനിച്ചു. എങ്ങിനെ സമാധാനം കൈവരിക്കാം എന്നതായി പിന്നീട് രണ്ടു രാജ്യങ്ങളുടെയും നയതന്ത്ര വിഭാഗ മേധാവികളുടെ ചിന്ത. അങ്ങിനെ അവരൊരു പൊതു തീരുമാനത്തിലെത്തി. അതിർത്തിയിൽ വച്ച് ഇരു രാഷ്ട്രത്തലവന്മാരും കൂടെ ഒരു ഡസൻ വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തി വിടുക. ശേഷം ഹസ്ത ദാനവും സമാധാന കരാർ ഒപ്പ് വക്കലും. 

പറഞ്ഞുറപ്പിച്ച ദിവസം എല്ലാവരും അതിർത്തിയിൽ ഇരു തലക്കിലായി ഹാജരായി. രണ്ടു കൂട്ടരും വലിയ ഒരു കൂട്ടിൽ വെള്ളരി പ്രാവുകളെ കൊണ്ട് വന്നിരുന്നു. പ്രാവുകൾ എന്തിനെന്നില്ലാതെ പരസ്പ്പരം കുറുകി കൊണ്ടിരുന്നു. അവർക്കറിയില്ലല്ലോ തങ്ങൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി ആകാശത്തേക്ക് പറന്നുയരാൻ പോകുകയാണെന്ന്. കൂട്ടിലുണ്ടായിരുന്ന ചെറു ഭക്ഷണവും കഴിച്ചു കൊണ്ട് അവർ പുറത്തു നടക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്ര തലവന്മാർ നേർക്ക്‌ നേരെ നടന്നടുത്തു. ക്യാമറമാനെ പോലെ ഒരു സൈനികൻ പ്രാവുകളുടെ കൂടുമെടുത്ത് കൊണ്ട് അവർക്ക് പിന്നാലെയും. രണ്ടു പേരും പ്രാവുകളെ പറത്തി വിടാൻ വേണ്ടി ഒരേ സമയം കൂട് തുറന്നു. പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ പ്രാവുകൾ കൂട്ടിൽ നിന്ന് ഒരൊറ്റ പറക്കൽ. " ട്ടെ..ട്ടെ" എന്നൊരു ശബ്ദം. അതിർത്തി കടന്നു വന്ന ഒരു പ്രാവിനെ ഒരു സൈനികൻ വെടി വച്ച് വീഴ്ത്തി. ഇത് കണ്ട രാഷ്ട്രത്തലവൻ തന്റെ സൈനികനോട് കോപത്തോടെ ചോദിച്ചു. 

"താനെന്തിനാ ആ പ്രാവിനെ വെടി വച്ചിട്ടത് ?"

എന്നത്തേയും പോലെ അതിർത്തി കടന്നു വരുന്ന ജീവനുകളെ വെടി വച്ചിടുന്ന ശീലത്തിൽ അറിയാതെ കൈ യാന്ത്രികമായി ചലിച്ചതാണെന്നും മാപ്പ് തരണമെന്നും സൈനികൻ കെഞ്ചി. രാഷ്ട്ര തലവൻ അയാളോട് ക്ഷമിച്ചു. ശേഷം, നിശബ്ദനായി നിന്ന മറ്റേ രാഷ്ട്രത്തലവനെ ഹസ്ത ദാനത്തിനായി ക്ഷണിച്ചു. അയാളാകട്ടെ കോപത്തോടെ ആ ക്ഷണം നിരാകരിച്ചു. എന്നിട്ട് രണ്ടു നിമിഷത്തെ നിശബ്ദതക്കു ശേഷം പറഞ്ഞു. 

"ശരി. ഹസ്തദാനം നടത്താം. പക്ഷെ നിങ്ങളുടെ സൈനികൻ കൊന്ന ഞങ്ങളുടെ വെള്ളരിപ്രാവിനു പകരം ഞങ്ങൾ തിരിച്ചു നിങ്ങളുടെയും ഒന്നിനെ കൊല്ലുന്നു." പറഞ്ഞു തീരുന്നതിനു മുൻപേ എങ്ങോട്ട് പോകണം എന്നറിയാതെ അവരുടെ തലക്ക് മുകളിലൂടെ പാറി നടന്ന ഒരു പ്രാവിനെ അവരുടെ സൈനികനും വെടി വച്ചു കൊന്നു. അതിന് ശേഷം ഹസ്ത ദാനത്തിനു തയ്യാറായി ചെന്ന രാഷ്ട്ര തലവനോട് മറ്റെയാൾ പറഞ്ഞു. 

"നിൽക്കട്ടെ .. ഇപ്പോൾ സമാ സമം. എന്തായാലും തുടങ്ങിയ സ്ഥിതിക്ക് ഈ കളിയിൽ ഞങ്ങൾക്ക് ഒരു പിടി മുന്നിൽ നിന്നേ പറ്റൂ. അതാണ്‌ ഞങ്ങളുടെ പാരമ്പര്യം "

"ഓഹോ ..അങ്ങിനെയെങ്കിൽ ഞങ്ങൾക്കും ഒന്ന് ആലോചിക്കണം. തോറ്റ് കൊടുക്കുന്നതല്ല ഞങ്ങളുടെ പാരമ്പര്യവും". 

പിന്നീട് മണിക്കൂറുകൾ നീണ്ട വെടി വപ്പായിരുന്നു ആകാശത്തേക്ക്. വെള്ളരിപ്രാവുകൾ ഓരോരോന്നായി ചത്ത്‌ വീണു. വെടി വച്ച് കൊല്ലുന്ന  വ്യഗ്രതക്കിടയിൽ  ആര് ആരുടെയൊക്കെ  പ്രാവുകളെയാണ് കൊല്ലുന്നത് എന്ന് പോലും ശ്രദ്ധിച്ചില്ല. അവസാനം ശേഷിക്കുന്ന രണ്ടു പ്രാവുകൾക്കായി സൈനികർ വെടി വച്ച് കൊണ്ടിരിക്കുകയാണ്.  

ആകാശത്തിന് അതിരുകളില്ലാ എന്ന ധാരണയിൽ ദൂരേക്ക് പറന്നു കൊണ്ടിരുന്ന അവസാനത്തെ ആ രണ്ടു പ്രാവുകൾക്കും പിന്നീട് വെടിയേറ്റു. ആകാശത്ത് നിന്ന് രണ്ടു പൂക്കൾ പൊഴിയും പോലെ താഴേക്ക് പതിച്ചു കൊണ്ടിരുന്ന അവർക്ക് അവസാനമായി ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രാണൻ പോകുന്ന സമയത്തിനുള്ളിൽ രണ്ടു രാജ്യങ്ങളുടെയും അതിർത്തിയിലേക്ക് നന്നായി ഒന്ന് കാഷ്ടിക്കുക. 

-pravin-