Monday, August 25, 2014

ഒരു പ്രവാസിയുടെ തിരോധാനം

എയർ പോർട്ടിന് പുറത്ത് സൈതലവിയെ കാത്തു നിക്കുകയായിരുന്നു അക്ബറും ജമാലും. കുറേ നേരമായി കാത്തു നിൽക്കുന്നതിന്റെ മുഷിവ്‌ അവരുടെ മുഖത്ത് പ്രകടമാണ്. 

"ജമാലേ ..ഇയ്യ് ഓന്റെ ഇവിടത്തെ നമ്പറിലേക്ക് ഒന്നൂടെ ഒന്ന് വിളിച്ചോക്ക്യെ.. മൻഷനെ സുയിപ്പിക്കാനയിട്ട് . കുറെ നേരായല്ലോ ഇതിപ്പോ". അകബ്ർ മുറുമുറുത്തു കൊണ്ട് പറഞ്ഞു. 

"അയിനിപ്പോ ഓൻ ഫോണ്‍ ഒഫാക്ക്യച്ചാ   നമ്മളെന്ത് കാട്ടാനാ ?  "

തലേ ദിവസം നാട്ടിലെ നമ്പറിൽ നിന്ന് സൈതലവി വിളിച്ചു പറഞ്ഞ പ്രകാരമുള്ള സമയത്ത് തന്നെയാണ് ജമാലും അക്ബറും അവനെ പിക്ക് ചെയ്യാൻ എയർ പോർട്ടിലേക്ക് വന്നിരിക്കുന്നത്. മൂന്നു പേരും ഒരു റൂമിലാണ് താമസമെങ്കിലും ജോലി ചെയ്യുന്നത്  വേറെ വേറെ കമ്പനികളിലാണ് . ഒരു ശരാശരി പ്രവാസിയുടെ പരാധീനതകൾ മൂന്നു പേർക്കും ഉണ്ടെങ്കിലും കൂട്ടത്തിൽ അതേറ്റവും കൂടുതൽ സൈതലവിക്കു തന്നെയായിരുന്നു. അഞ്ചു പെങ്ങൾമാരും ഉമ്മയും അടങ്ങുന്ന കുടുംബത്തിലെ ആകെയുള്ള ആണ്‍ തരി. അതാണ്‌ സൈതലവി. അവന്റെ ചെറുപ്പത്തിലെ തന്നെ വാപ്പ മരിച്ചതും തുടർന്നുള്ള ജീവിതം നയിക്കാൻ അവന്റെ ഉമ്മ പ്രയാസപ്പെട്ടതും അടക്കമുള്ള കാര്യങ്ങൾ ജീവിത കഥയിലെ ചില സ്ഥിരം ക്ലീഷേകൾ മാത്രം. അത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഇന്ന് വരേയ്ക്കും അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നവർക്ക് ക്ലീഷേകൾ കേൾക്കുമ്പോൾ നെറ്റി ചുളിയാം, പുരികങ്ങൾ പൊക്കി പിടിക്കാം, അതുമല്ലെങ്കിൽ ചുണ്ട് ഇരു  വശത്തേക്കും  ഒന്ന് വേഗത്തിൽ ചലിപ്പിക്കാം. 

കുറേ നേരത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച ശേഷം ജമാലും അക്ബറും എയർ പോർട്ടിൽ നിന്ന് തിരികെ റൂമിലേക്ക് പോയി. സൈതലവി അവരെ പിന്നീട് വിളിച്ചതുമില്ല. അടുത്ത ദിവസം രാവിലെ അക്ബർ ജോലിക്ക് പോയതിനു ശേഷം അര മണിക്കൂർ കഴിഞ്ഞു കാണും. സൈതലവിയെ അന്വേഷിച്ചു കൊണ്ട് രണ്ടു പേർ അവിടെ വന്നു.  അതിലൊരാൾ അതിനു മുന്നേ സൈതലവിയുടെ നാട്ടുകാരൻ എന്ന നിലക്ക് റൂമിൽ വന്നു പോയതായി ജമാൽ ഓർത്തു. 

" സൈതലവി വന്നില്ലേ ? " അപരിചിതൻ ചോദിച്ചു. 

"ഇല്ല. ഓൻ ഇന്നലെ വരേണ്ടിയിരുന്നതാണ്. പക്ഷേ വന്നില്ല. അല്ല ഇങ്ങളാരാ " ജമാൽ ആകാംക്ഷയോടെ ചോദിച്ചു. 

റൂമിനുള്ളിൽ കയറി ഇരുന്ന ശേഷവും  അവരെന്ത് കൊണ്ടോ മറുപടി  പറയാൻ മടിച്ചു. ജമാൽ വീണ്ടും ചോദ്യം ആവർത്തിച്ചു. 

"അല്ല..ഓന്  എന്തേലും പറ്റ്യോ ..എന്താന്നു വച്ചാ പറ ?"

"ഏയ്‌ ..അങ്ങിനെയൊന്നുമില്ല  ..ഇന്നലെ നാട്ടീന്നു ചെക്ക് ഇൻ ചെയ്ത ശേഷമാണ് ഞാൻ അവസാനമായി അവനോട് സംസാരിച്ചേ. അവിടുന്ന് ഫ്ലൈറ്റ് കേറിയിട്ടുണ്ട് എന്ന് ഉറപ്പാണ്. പിന്നെ ഒരു അറിവുമില്ല. എനിക്ക് വളരെ അർജെന്റായി കിട്ടേണ്ട ഒരു സാധനം അവന്റെ  കൈയ്യിലുണ്ടായിരുന്നു. അത് വാങ്ങാനാ വന്നത്. എയർ പോർട്ടിൽ ഇറങ്ങിയ ശേഷം  വിളിക്കാനാ പറഞ്ഞിട്ടുണ്ടായിരുന്നത്. പക്ഷേ .."

"അള്ളാ ..ഈ ചങ്ങായി പിന്നെ എങ്ങോട്ട് പോയി ? ഇപ്പൊ ഓന്റെ വീട്ടില്ക്ക് വിളിച്ചു ചോയ്ച്ചാ പ്രശ്നാവ്വോ  ? "

"ഏയ്‌ ..അത് വേണ്ട ..വെറുതെ അവരെ ടെൻഷൻ ആക്കണ്ട. നമുക്ക് അന്വേഷിക്കാം. ഇത് വഴി പോയപ്പോൾ ഇത് പറഞ്ഞിട്ട് പോകാന്നു കരുതി. ഇനി എന്തേലും വിവരം കിട്ടിയാൽ എന്നെ ഈ നമ്പരിലേക്ക് വിളിച്ചൊന്നു പറയണം. പ്ലീസ് ..അത്രക്കും അർജെന്റ്റ് സംഗതിയാണ്" 

അവർ പോയതിനു ശേഷം ജമാൽ അക്ബറിനെ ഫോണ്‍ ചെയ്ത് അറിഞ്ഞ  കാര്യങ്ങൾ വിശദീകരിച്ചു. അവന്റെ കമ്പനിയിൽ അന്വേഷിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നാട്ടിലേക്കാണെങ്കിൽ വിളിക്കാനും പറ്റില്ല. പിന്നെന്തു ചെയ്യും എന്നാലോചിച്ചു  തല പുകച്ചപ്പോൾ ആണ് അക്ബറിന്റെ ഒരു കുടുംബക്കാരൻ എയർ പോർട്ട്‌ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം ഓർമ്മ വന്നത്. അയാളെ ഫോണിൽ ബന്ധപ്പെട്ട് കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കവേ അയാൾ ഉന്നയിച്ച ചില സംശയങ്ങൾ അവരെ ഭയചികിതരാക്കി. 

രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം, അന്ന് റൂമിൽ വന്നു പോയ ആളുടെ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണെന്നുള്ള മറുപടി മാത്രം മുഴങ്ങി. പിന്നീടുള്ള  ദിവസങ്ങളിൽ പത്രങ്ങളായ പത്രങ്ങൾ അരിച്ചു പെറുക്കവേ അവർ അന്വേഷിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ഗൾഫ് പേജിലെ ഒരു ചെറിയ കോളം വാർത്തയിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ അവർ ഒരേ സമയം വായിച്ചു. 

-മയക്ക് മരുന്ന് കടത്ത് - മലയാളി പിടിയിൽ- 

-സൈതലവി എന്ന മലയാളി യുവാവിന്റെ ലഗേജ്  ബാഗിൽ അടുക്കി വച്ചിരുന്ന ജീൻസ്  പാന്റിനുള്ളിൽ നിന്നാണ് മയക്ക് മരുന്ന് നിറച്ച ചെറിയ പൊതികൾ കിട്ടിയത്. അത് തന്റെ പൊതിയല്ല എന്ന വാദം യുവാവ് ഉന്നയിച്ചെങ്കിലും ........- 

"എടാ ..ഇത് ചതിയാണ്. ഓൻ അങ്ങിനൊന്നും ചെയ്യൂല . ഇത് ഓന്റെ ആ നാട്ടുകാരന് വേണ്ടിയുള്ള പൊതിയിലാണ് ണ്ടായിട്ടുണ്ടാകുക. അല്ലാണ്ടെ ഓൻ ഇങ്ങിനൊന്നും .." ജമാൽ മുഴുവൻ വാർത്ത വായിക്കാൻ നിക്കാതെ ദ്വേഷ്യവും സങ്കടവും കൊണ്ട് പറഞ്ഞു. 

"അതൊക്കെ ശെരിയാകാം ജമാലേ ..പക്ഷെ ഓൻ ആണ് ഇത് ചെയ്തതെന്നോ അല്ലെന്നോ  പറയാൻ അന്റെല് തെളിവുണ്ടോ ? ഉണ്ടെങ്കീ തന്നെ ഇയ്യോ ഞാനോ വിചാരിച്ചാൽ ഇതിലെന്തെങ്കിലും ചെയ്യാൻ പറ്റ്വോ ? അതോ ഇതിന്റെ പിന്നാലെ അന്വേഷിക്കാൻ പോയിട്ട് നമ്മടെ കൂടെ ജീവിതം ഇല്ലാണ്ടാക്കണോ ? പറ.. ഇയ്യ് പറ " അക്ബർ വികാരാധീനനായി കൊണ്ട് ജമാലിനോട് കയർത്തു. 

"പിന്നെ ..പിന്നെന്താ നമ്മൾ ..ഓൻ ..നമ്മടെ കൂടപ്പിറപ്പാരുന്നില്ലെടാ  " വാക്കുകൾ കിട്ടാതെ ജമാൽ കരയാൻ തുടങ്ങി. 

"ജമാലേ ..ഇയ്യെന്താ ഈ പറയണേ ..ഞാൻ എന്താപ്പോ പറഞ്ഞെ ...ഇനി ഇയ്യ്‌ തീരുമാനിക്ക് . ഞാൻ എന്തായാലും ഇനി ഒരു തേങ്ങേം അന്വേഷിക്കാനും ചോയ്ക്കാനും ഇല്ല. പറഞ്ഞില്ലാന്നു വേണ്ട. എടാ ...ഇവിടെ ഇങ്ങിനെയേ ജീവിക്കാനൊക്കൂ . നാളെ ഇയ്യായാലും ഞാനായാലും ഇങ്ങിനൊന്നിൽ പെട്ടാൽ ഗതി ഇതൊക്കെ തന്നാണ്ന്ന്  മനസിലാക്കിക്കോ. ഇനിയിപ്പോ പോലീസെങ്ങാനും  അന്വേഷിച്ചു വന്നാലും ഓനുമായി വല്യ ബന്ധൊന്നും ണ്ടായിരുന്നില്ലാന്നെ  പറയോണ്ടൂ. ഇക്കും അനക്കും ഒക്കെ നാട്ടിൽ ഓരോ കുടുംബോം ബാധ്യതകളും ഉള്ളതാ. അത് മറക്കണ്ട. " 

"അപ്പൊ ..അപ്പൊ ഓനോ ..ഓനും ഇല്ലേ ഈ പറഞ്ഞ കുടുബോം ബാധ്യതേം ?" 

"ജമാലേ ..ഇക്കും വിഷമം ണ്ട് ഓന്റെ കാര്യത്തില്. പക്ഷേ ..ഇയ്യ്‌ കാര്യത്തിന്റെ ഗൌരവം മനസിലാക്ക്."

ദീർഘ നേരത്തെ സംസാരങ്ങൾക്കൊടുവിൽ അവർ ഇരുപേരും റൂമിലുണ്ടായിരുന്ന അവന്റെ സാധനങ്ങൾ ഒരു വലിയ കർറ്റൻ ബോക്സിലേക്ക് കുത്തി നിറച്ച്  പുറത്തെ കച്ചറ ബോക്സിൽ കൊണ്ട് പോയി നിക്ഷേപിച്ചു. സൈതലവി എന്നൊരു കൂട്ടുകാരനെ അവർക്കറിയില്ല. പണ്ടെപ്പോഴോ കുറച്ചു ദിവസം കൂടെ താമസിച്ചപ്പോൾ ഉള്ള പരിചയം മാത്രം. അല്ലാതെ അവനുമായി മറ്റൊന്നുമില്ല.  ഒരു നെടുവീർപ്പിട്ടു കൊണ്ട് അവരത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.  അന്ന് തന്നെ  ഒഴിഞ്ഞു കിടക്കുന്ന സൈതലവിയുടെ ബെഡ് സ്പേസിലേക്ക്  പുതിയ ഒരാളെ കണ്ടെത്താനും അവർ മറന്നില്ല. 

സൈതലവിയുടെ വീട്ടുകാർ അപ്പോഴും ഒന്നുമറിയാതെ അവന്റെ ഫോണ്‍ വിളിക്കായി കാത്തിരിക്കുകയായിരുന്നു.  ദിവസങ്ങൾ  കഴിഞ്ഞിട്ടും അവരുടെ ആ കാത്തിരുപ്പ് അങ്ങിനെ തുടർന്നു കൊണ്ടിരിക്കുന്നു. സത്യം അവർ ഒരിക്കൽ എങ്ങിനെയെങ്കിലും അറിയുമായിരിക്കും. അറിഞ്ഞാൽ തന്നെ  അവർ ആരുടെ മുന്നിൽ  സഹായത്തിനായി കേഴും ? എല്ലാം അറിഞ്ഞിട്ടും ഒന്ന് വിളിച്ചു പറയാനോ അന്വേഷിക്കാനോ ഉള്ള ധാർമ്മിക  ഉത്തരവാദിത്തം പോലും കാണിക്കാതിരുന്നവർക്ക് മുന്നിലോ?  പലപ്പോഴും (ചില) കുറ്റാരോപിതരുടെ കാര്യം അങ്ങിനെയാണ്. ഒരു മഹാ രോഗം ബാധിച്ചവനെ പോലെ ഉറ്റവരാൽ തീർത്തും ഉപേക്ഷിക്കപ്പെടുന്നു. അവൻ അവർക്ക് പിന്നീടൊരു  ബാധ്യത മാത്രമായി മാറുന്നു. 

നിയമ നീതി വ്യവസ്ഥകളുടെ കാര്യവും വിഭിന്നമല്ല. നിയമത്തിന്റെ കണ്ണുകളിൽ അപരാധി-നിരപരാധി എന്നൊരു വിഭാഗമേ ഇല്ല. ആരോപിതർ മാത്രം. സത്യത്തിന്റെയും നീതിയുടെയും  കണ്ണുകളിലാകട്ടെ  കാഴ്ച  തെളിയാത്ത കാലം വരെ അത് അങ്ങിനെ തുടരുകയും  ചെയ്യും. സത്യ നീതികളുടെ  കാഴ്ചയിൽ സൈതലവിയുടെ നിരപരാധിത്വം എന്നെങ്കിലും തെളിയുമായിരിക്കാം എന്ന പ്രത്യാശ മാത്രം അവിടെ ബാക്കിയാകുന്നു. 

-pravin- 

Saturday, August 9, 2014

പൈസക്ക് ജീവിതത്തോട് എന്താണ് പറയാനുള്ളത് ?

ജീവിതം ഒരു ദരിദ്രനായിരുന്നു. പൈസ ഒരു പണക്കാരിയും. രണ്ടു പേരും ഒരേ ഗ്രാമത്തിൽ രണ്ടിടങ്ങളിലായി താമസിക്കുന്നവരാണെങ്കിലും രണ്ടു  പേരുടേയും ജീവിത രീതിയിലും സ്വഭാവത്തിലും ഒരുപാട് അന്തരം ഉണ്ടായിരുന്നു. പൈസയുടെ തറവാടും കുടുംബക്കാരും അങ്ങ് നഗരത്തിലാണ്. എങ്കിലും ആഴ്ചാവസാനം അവൾ ഗ്രാമത്തിലെ തന്റെ പഴയ  വീട്ടിലേക്ക് വരുക പതിവായിരുന്നു. വന്നതിന്റെ അടുത്ത ദിവസം തന്നെ നഗരത്തിലേക്ക് പോകുകയും ചെയ്യും. എല്ലാ തവണയും പോകുമ്പോൾ അവൾ ഗ്രാമത്തിൽ നിന്ന് ഏതെങ്കിലും ഒരു ജീവിതത്തെ നഗരത്തിലേക്ക് കൊണ്ട് പോകും. അവരാരും പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചു വന്നതായി ഓർക്കുന്നില്ല. 

നഗരം എന്ന സ്വപ്ന ലോകത്തേക്ക് എന്നെങ്കിലും ഒരിക്കൽ പൈസ തങ്ങളെയും ക്ഷണിക്കുമായിരിക്കും എന്ന പ്രതീക്ഷയിൽ ദൈനം ദിന ജോലികളുമായി കഴിഞ്ഞു കൂടുന്നവരാണ് ഗ്രാമത്തിലെ മിക്ക ജീവിതങ്ങളും. അതിൽ ഒരു ജീവിതം മാത്രമാണ്  അപവാദമായിട്ടുള്ളത്. അവന് ജോലി ചെയ്യാൻ താൽപ്പര്യമില്ല. എന്നാലോ പൈസയുടെ കൂടെ നഗരത്തിലേക്ക് ബസ് കയറി പോകുന്നത് അവന്റെ സ്വപ്നവുമാണ്. ഓരോ ആഴ്ചയിലും പൈസ വന്നു പോകുന്നത് കാണാനായി ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ ഒരു നീളൻ പുല്ലും കടിച്ചു തുപ്പി കൊണ്ട് അലസനായ ആ ജീവിതം നിൽക്കുമായിരുന്നു. പക്ഷെ ഇന്ന് വരേക്കും പൈസ അവനെ തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല. 

ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും ആകപ്പാടെ ഒരേ ഒരു ബസ് റൂട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അതും ആഴ്ചയിൽ ഒന്നേ ഒന്ന് മാത്രം.  ബസ് പഴയ മോഡൽ വണ്ടിയാണെങ്കിലും എഞ്ചിൻ എല്ലാക്കാലത്തും സ്ട്രോങ്ങ്‌ തന്നെ. വിധി എന്നാണ് ബസിന്റെ പേര്. ഡ്രൈവറും കണ്ടക്ടറും കിളിയും എല്ലാം ഒരാള് തന്നെ. അയാളുടെ പേരൊന്നും ഇന്ന് വരെ ആർക്കും അറിയില്ല. പക്ഷെ ഒന്ന് എല്ലാവർക്കും അറിയാം. ബസ് ഓടിക്കുക എന്നത് മാത്രമാണ് അയാളുടെ കർമ്മം.   അയാളിന്ന് വരെ ആരോടും ഒന്നും പറയാനോ ചോദിക്കാനോ പങ്കു വക്കാനോ പോയിട്ടില്ല. എന്നാൽ സദാ സമയവും മുഖത്ത് പുഞ്ചിരിയുണ്ടാകും. ബസ് ഓടിക്കുമ്പോഴും അതങ്ങിനെ തന്നെ തുടരുമായിരുന്നു. വിധിയല്ലാത്ത മറ്റൊരു ബസ് അയാൾ ഓടിച്ചു കണ്ടതായും ആരും ഓർക്കുന്നില്ല. 

പതിവ് പോലെ ആഴ്ചാവസാനം പൈസ  വിധിയിൽ കയറി വരുന്നതും നോക്കി  ബസ് സ്റ്റോപ്പിൽ പുല്ലും കടിച്ച് കൊണ്ട്  നിൽക്കുകയായിരുന്നു ജീവിതം. ബസ് ഇറങ്ങിയ ശേഷം അവൾ അവനെ കണ്ട ഭാവം നടിക്കാതെ നടന്നകന്നു. ഇത്തവണ ജീവിതവും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ അവളെ വിടാൻ ഉദ്ദേശ്യം കാണിച്ചില്ല. അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി. തന്റെ പിന്നാലെ നടന്നു വരുന്ന ജീവിതത്തോട് പൈസ ചോദിച്ചു. 

" തനിക്ക് എന്ത് വേണം ? കുറെ നേരമായല്ലോ എന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ?" 

" എനിക്ക് .. എനിക്ക് വേണ്ടത് നിന്നെ തന്നെയാണ്. " 

ജീവിതം കാര്യം ഒറ്റയടിക്ക് വെട്ടിത്തുറന്നങ്ങ് പറഞ്ഞു. അവന്റെ മറുപടി കേട്ട നേരം അവൾ പ്രകോപിതയായി. 

"നിനക്ക് എന്നെ വേണമെന്നോ. എന്ത് അർഹതയുണ്ട് നിനക്കത് ചോദിക്കാൻ "? അവൾ നടത്തത്തിന്റെ വേഗം കൂട്ടി. 

"അർഹത ഉള്ളവർക്ക് മാത്രമാണോ ഈ ലോകത്ത് സുഖമായി ജീവിക്കാൻ അവകാശമുള്ളൂ ? എന്തെങ്കിലും ആഗ്രഹിക്കാൻ പാടൂ ? " അവൻ അവളുടെ പിന്നാലെ ഓടി വന്നു കൊണ്ട് ചോദിച്ചു. 

അവന്റെ കണ്ണുകൾ ക്രോധം കൊണ്ട് ചുവന്നിരുന്നു. മുഖം വിയർത്തിരുന്നു. അവൾ ഓടി. പിന്നാലെ അവനും. വഴിയിൽ ഒരു പട്ടി പോലും ഉണ്ടായിരുന്നില്ല ചോദിക്കാൻ. ഒടുക്കം ഗ്രാമത്തിലെ വറ്റി കിടന്നിരുന്ന തോടിനു കുറുകെയുള്ള പഴക്കം ചെന്ന മരപ്പാലത്തിനു  മുകളിൽ വച്ച് അവൻ അവളെ കയറി പിടിച്ചു. പോക്കറ്റിൽ നിന്നെടുത്ത ഒരു കഷണം തുണി കൊണ്ട് അവളുടെ മുഖം അമർത്തി പിടിച്ചു. അവൾ പതിയെ അവന്റെ കൈകളിൽ കുഴഞ്ഞു വീണു. വറ്റി വരണ്ട തോടിന്റെ അങ്ങേത്തലയിൽ  സൂര്യൻ അപ്പോൾ താഴ്ന്നു പോകുകയായിരുന്നു. താഴ്ന്നു പോകുന്ന  സൂര്യന്റെ തലയിൽ ചവിട്ടി ചാടി മറഞ്ഞു വേണം തോടിന്റെ അങ്ങേത്തലയിൽ ഇരുട്ടിനു പ്രത്യക്ഷപ്പെടാൻ. 

മയങ്ങി വീണ പൈസയെ ചുമലിലേറ്റി കൊണ്ട് ജീവിതം പാലത്തിന്റെ കീഴേക്ക് നടന്നു. അവർക്ക് പിന്നാലെ ഒരു കൊണിച്ചി പട്ടിയെ പോലെ ഇരുട്ട് അപ്പോഴേക്കും ഓടി അടുത്തു. തന്റെ കയ്യിലുണ്ടായിരുന്ന രണ്ടു കട്ട ബാറ്ററി ടോർച്ചിന്റെ വെളിച്ചം ഇരുട്ടിന്റെ മുഖത്തേക്ക് അടിച്ച ശേഷം ജീവിതം  ആജ്ഞാപിച്ചു. 

"മാറി നിക്കടാ.. എന്നിട്ട് എന്റെ പിന്നാലെ വാ. " 

ഇരുട്ട് അത് അനുസരിച്ചു. പാലത്തിനു താഴെ, മുൻപ് എപ്പോഴോ ഒളിപ്പിച്ചു വച്ചിരുന്ന ഒരു വലിയ ചാക്കിലേക്ക് പൈസയെ നിക്ഷേപിച്ചു. അബോധാവസ്ഥയിലും പൈസ ജീവിതത്തോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ വക വക്കാതെ ജീവിതം ആ ചാക്ക് കൂട്ടിക്കെട്ടി. ഈ രാത്രി കഴിച്ചു കൂട്ടാൻ ഈ ഇരുട്ടും പാലത്തിന്റെ മറയും ധാരാളം. രാവിലെ സൂര്യനുദിക്കുന്ന സമയം വിധി വരും. അതിൽ  ചാക്ക് കയറ്റി കൊണ്ട് നഗരത്തിലേക്ക് പോകണം. പിന്നെ എല്ലാം സ്വസ്ഥം. ജീവിതം സ്വപ്നം കാണാൻ തുടങ്ങി. 

സൂര്യൻ ഉദിക്കാൻ പോകുന്നു എന്ന സൂചന തന്നു കൊണ്ട് തോടിന്റെ അങ്ങേത്തലക്കിൽ  കിളികൾ ചിറകടിച്ച് പാറി. ഇരുട്ട് പെട്ടെന്ന് വെളിച്ചത്തിൽ നിന്നും ഓടിയൊളിച്ചു.  പൈസയെ കൂട്ടിക്കെട്ടിയ ചാക്കും പുറത്ത് വച്ച് കൊണ്ട് ജീവിതം ബസ് സ്റ്റോപ്പിലേക്ക് നടന്നു. ചാക്കിനുള്ളിൽ നിന്ന് പൈസയുടെ നേരിയ ഞരക്കം കേൾക്കാമായിരുന്നു. ജീവിതം ബസ് സ്റ്റോപ്പിൽ എത്തിയതും വിധി പാഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു. പതിവില്ലാതെ ജീവിതം ബസിൽ കയറിയതും പൈസ കയറാതിരുന്നതും ഡ്രൈവർക്ക് സംശയമുണ്ടാക്കിയെങ്കിലും അയാൾ പുഞ്ചിരി മായാത്ത മുഖത്തോടെ  ബസ് മുന്നോട്ട് എടുത്തു. അത് മാത്രമാണല്ലോ അയാളുടെ കർമ്മവും. 

ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ബസ് കയറിപ്പോയ ജീവിതം പിന്നെ തിരിച്ചു വന്നില്ല. പൈസയും വന്നതില്ല. എന്നാലും ആഴ്ച തോറും വിധി പതിവ് പോലെ ഗ്രാമത്തിലേക്കും നഗരത്തിലേക്കും വന്നു പോയ്ക്കൊണ്ടേയിരുന്നു. പുഞ്ചിരി മായാത്ത മുഖവുമായി ആ  ഡ്രൈവറും. 

വർഷങ്ങൾക്ക് ശേഷമുള്ള ഒരു ആഴ്ചാവസാനം. പതിവ് പോലെ വിധി  തിരിച്ചു വരുന്ന സമയം. ബസ് സ്റ്റോപ്പിൽ പുല്ലു കടിച്ചു നിക്കുന്ന പഴയ ജീവിതത്തിനു പകരം മറ്റു ചിലർ ആ  സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ മുന്നിലേക്ക് മുഷിഞ്ഞ വസ്ത്രവും കയ്യിൽ വലിയൊരു സഞ്ചിയുമായി പ്രായമായ ഒരു സ്ത്രീ വന്നിറങ്ങി. അവരാരും ആ സ്ത്രീയെ കണ്ടതായി നടിച്ചില്ല. ആ സ്ത്രീ ഗ്രാമത്തിലേക്ക് നടന്നകന്നു. 

ഗ്രാമത്തിലെത്തിയ സ്ത്രീ അവിടെയുള്ളവരോട് പഴയ ജീവിതത്തെ അന്വേഷിച്ചു. അവൻ നഗരത്തിലെവിടെയോ ആയിരിക്കാം എന്ന് ഗ്രാമത്തിലുള്ളവർ ഊഹിച്ചു പറഞ്ഞു. ഗ്രാമത്തോട് യാത്ര പറഞ്ഞ ശേഷം സ്ത്രീ തിരിച്ചു നടന്നു. അപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. തോടിനു കുറുകെയുള്ള പാലത്തിനു മുകളിൽ എത്തിയ നേരം അവർ പരിസരം സസൂക്ഷ്മം വീക്ഷിച്ചു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. പാലം കോണ്‍ക്രീറ്റ് നിർമ്മിതമായിരിക്കുന്നു. തോട് നിറയെ വെള്ളം ഒഴുകുന്നു. മുൻകൂട്ടി തീരുമാനിച്ച പോലെ അവർ തന്റെ കയ്യിലുള്ള സഞ്ചിയിൽ നിന്നും കീറിപ്പറഞ്ഞ ഒരു പഴയ ചാക്ക് നിറഞ്ഞൊഴുകുന്ന ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. 

വെള്ളത്തിന്റെ ഗതിയിലൂടെ ആ ചാക്ക് ദൂരേക്ക് ഒലിച്ചു പോയത് ഉറപ്പാക്കിയ ശേഷം അവർ പാലത്തിനു താഴേക്ക് നടന്നു. അവിടെ ആരെയോ കാത്ത് നിന്നിരുന്ന ഇരുട്ടിലേക്ക് നിശബ്ദമായി അവർ അലിഞ്ഞു ചേരുമ്പോൾ വെള്ളത്തിലൂടെ ഒലിച്ചു  പൊയ്ക്കൊണ്ടിരുന്ന  ചാക്കിന് ചോരയുടെ ചുവപ്പ് നിറം  കൈവന്നു കഴിഞ്ഞിരുന്നു. 

-pravin-