Wednesday, October 2, 2013

ഓണ്‍ ലൈൻ വ്യക്തി ജീവിതം - നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു ?

ഇതൊരു യാത്രാ വിവരണമല്ല. മറിച്ച്, നമ്മുടെ ജീവിതത്തിലെ ചില പ്രത്യേക വിഷയങ്ങളിൽ നാം കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളും, വാദങ്ങളും നമ്മളെയും കൊണ്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാനുള്ള ഒരു പാഴ് ശ്രമം മാത്രം.  അടിസ്ഥാനപരമായി നമ്മളാരും സഞ്ചരിക്കുന്നില്ല. സഞ്ചരിക്കുന്നത് കാലമാണ്- കാലം മാത്രം. ഈ വസ്തുതയെ പലപ്പോഴും നമ്മൾ തമസ്ക്കരിക്കുന്നു എന്നതിന്റെ ഉദാഹരണം മാത്രമാണ് നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന് നമുക്ക് പോലും അറിയാതെയാകുന്ന അവസ്ഥ.  ഇവിടെയാണ്‌ ഒരു സങ്കൽപ്പ ദിശാമാപിനിയുടെ ആവശ്യകത ഉയർന്നു വരുന്നതും. നമ്മുടെ ആദർശങ്ങളുടെയും നിലപാടുകളുടെയും വാദങ്ങളുടെയും ആത്യന്തികമായ സഞ്ചാര ദിശ അറിയാനുള്ള അത്തരമൊരു  'മാപിനി' ഉണ്ടായിരുന്നെങ്കിൽ നമ്മൾ പല കുറി സ്വയം തിരുത്തപ്പെടുമായിരുന്നു. 

ഓണ്‍ ലൈൻ വ്യക്തിജീവിതത്തിൽ ഒരാൾ എപ്പോഴൊക്കെയാണ് അസഹിഷ്ണു ആകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? ഫെയ്സ് ബുക്കിൽ എഴുതുന്ന ഒരു രണ്ടു വരി സ്റ്റാറ്റസ് മാത്രം മതി ഒരാൾ അസഹിഷ്ണുവിന്റെ മൂർത്തീ രൂപമായി മാറാൻ. പലപ്പോഴും ആ അസഹിഷ്ണുത അളക്കപ്പെടുന്നത് മതവും രാഷ്ട്രീയവും പ്രധാന ചർച്ചാ വിഷയങ്ങൾ ആകുമ്പോഴാണ് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട കാര്യം. ഒരു പക്ഷേ നേരിട്ടുള്ള  ചർച്ചകളിൽ  ആളുകൾ ഇത്രത്തോളം അസഹിഷ്ണു ആകുമെന്ന് തോന്നുന്നില്ല. കാരണം അവിടെ വ്യക്തികൾ അല്ലെങ്കിൽ വാദി പ്രതിവാദികൾ  തങ്ങളുടെ കണ്ണുകൾ, ശബ്ദം, അംഗ വിക്ഷേപങ്ങൾ തുടങ്ങീ ഒട്ടനവധി ഘടകങ്ങളിലൂടെയാണ് സംവാദത്തിൽ പങ്കു ചേരുന്നത്. തന്മൂലം സംവാദത്തിൽ ഏർപ്പെടുന്നവർ, പരസ്പ്പരം വാദങ്ങൾ പങ്കുവക്കുന്നവർ ആരും തന്നെ പൊതു ഇടങ്ങളിൽ ഒരു പരിധിക്കപ്പുറം തെറ്റിദ്ധരിക്കപ്പെടുകയോ അവരുടെ നിലപാടുകൾ മറ്റുള്ളവരാൽ ദുർ വ്യാഖ്യാനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അതേ സമയം സോഷ്യൽ നെറ്റ് വർക്കെന്ന ഓണ്‍ ലൈൻ പൊതു ഇടങ്ങളിൽ ചർച്ചകളുടെ സ്ഥിതി മറ്റൊന്നാണ്. അവിടെ വാക്കുകളും വാചകങ്ങളുമാണ് ചർച്ചയുടെ രൂപവും ഗതിയും നിർണയിക്കുന്നത്. പലപ്പോഴും ലേഖകൻ ഉദ്ദേശിക്കുന്ന തലത്തിലായിരിക്കില്ല സംഗതികൾ ചർച്ച ചെയ്യപ്പെടുക. ഇനി ലേഖകൻ ഉദ്ദേശിച്ചത് തന്നെയാണ് വായനക്കാരനും മനസിലാകുന്നത് എന്ന് വക്കുക, എന്നാലും കാണും ചില ദുർ വ്യാഖ്യാതാക്കൾ. അത് കണക്കിലെടുക്കേണ്ട കാര്യമില്ല. പക്ഷേ, ലേഖകൻ ഉദ്ദേശിച്ചതായാലും അല്ലാത്തതായാലും ബഹു ഭൂരിപക്ഷം ഒരു പ്രത്യേക ലേഖനത്തെ അല്ലെങ്കിൽ ഒരു നാല് വരി എഫ് ബി സ്റ്റാറ്റസിനെ  എങ്ങിനെ വിലയിരുത്തുന്നു എന്നത് വളരെ പ്രസക്തമാണ്. ആ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുക എന്നതൊരു ജനാധിപത്യവിശ്വാസിയുടെ  മര്യാദയുമാണ്. അവിടെ ലേഖകന്റെ ഉദ്ദേശ്യ ശുദ്ധീ വാദത്തിനു നിർഭാഗ്യവശാൽ  തീരെ പ്രസക്തിയില്ലാതാകുന്നു. അത് കൊണ്ട് തന്നെ ലേഖകൻ തന്റെ നിലപാടിൽ പറ്റിയ, അല്ലെങ്കിൽ നിലപാട് അറിയിച്ചതിൽ പറ്റിയ വീഴ്ചയെ അറിയുകയും തിരുത്തുകയും തന്നെ വേണം.

അയൽവാസിയെ താൻ ആദ്യമായി പരിചയപ്പെടുന്നത് ഫെയ്സ് ബുക്കിലൂടെയാണ് എന്ന വെളിപ്പെടുത്തൽ 'ഇ'- ക്കാലത്തെ ഏറ്റവും പരിതാപകരമായ സാമൂഹ്യ സത്യമാണ്. പൊതുവേ, അയൽക്കൂട്ടങ്ങൾ സമൂഹത്തിൽ നിശബ്ദമായി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ നമുക്ക് പറയാനുള്ളത് മുഴുവൻ ഓരോ നിമിഷത്തിലും സ്റ്റാറ്റസ് രൂപേണ എഫ് ബിയിൽ അപ്ഡേറ്റ് കൂടി ചെയ്യപ്പെടുമ്പോൾ നേരിട്ടുള്ള ആശയവിനിമയത്തിന്റെ സാധ്യത കുറയുന്നു. സമൂഹവുമായുള്ള ഒരു വ്യക്തിയുടെ ഇടപെടലുകൾ പലപ്പോഴും എഫ് ബി സ്റ്റാറ്റസിലെ നാല് വരികളിലോ കമെന്റുകളിലോ ഒതുങ്ങി കൂടുന്ന അവസ്ഥയും ചുരുക്കമല്ല. വ്യക്തികളുടെ എഫ് ബിയിലുള്ള ക്രിയാത്മകത വളരെ ദുർലഭമായി മാത്രമേ സമൂഹത്തിലേക്കു പ്രതിഫലിക്കുന്നുള്ളൂ എന്നതിന് അപവാദമാണ് അക്ഷരങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ഇ എഴുത്തുകാരും, ബ്ലോഗർമാരും. പല നല്ല കൂട്ടായ്മകളും, പ്രവർത്തനങ്ങളും പ്രസ്തുത വിഭാഗക്കാരുടെ ഗ്രൂപ്പുകളിൽ നിന്ന് ഊർജ്ജം കൈക്കൊണ്ട ശേഷംസമൂഹത്തിലേക്കു ചെറിയ രീതിയിൽ വ്യാപിക്കുന്നു എന്നത് തീർച്ചയായും ആശ്വാസജനകമാണ്. എന്നിരുന്നാലും പുട്ടിനു പീര എന്ന പോലെ ബൂലോകത്ത് ഇടക്കിടക്കിടെയുണ്ടാകുന്ന വിവാദങ്ങളും, അനാവശ്യ ചർച്ചകളും,വ്യക്തിഹത്യകളും മേൽപ്പറഞ്ഞ നല്ല കാര്യങ്ങളുടെ മാറ്റ് കുറക്കുന്നു എന്ന് പറയാതെ വയ്യ.

പൊതു ഇടങ്ങളുടെ പശ്ചാത്തലം കാലത്തിനു അനുസരിച്ചു മാറിയെന്നിരിക്കെ പൊതു ഇടങ്ങളിലെ ചർച്ചാ -പ്രതികരണ രീതികളും  മാറുകയാണ്. പണ്ട് ചായക്കടയിൽ  മൊയ്തീനും ദാസനും ഫിലിപ്പോസും ഒരു ബഞ്ചിലിരുന്ന് മതവും രാഷ്ട്രീയവും മറ്റു ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്തിരുന്നു - സൌഹൃദത്തെ ബാധിക്കാതെ തന്നെ. ചർച്ചക്ക് ഹരം പകരാൻ ഒരു ചായേം ഒരു പഴം പൊരിയും മാത്രം മതിയായിരുന്നു അവർക്ക്. കാലം ചായക്കടകളിലെ ആ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്തു. പകരം നമുക്ക് തന്ന പുതിയ പൊതു ഇടമാണ് "സോഷ്യൽ നെറ്റ് വർക്ക്". ഇവിടെ ചായേം പഴം പൊരിയുമില്ല, പകരം ലൈക്കും കമെന്റും ഷെയറും ആണ് ചർച്ചകളെ കൊഴുപ്പിക്കുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന വാദത്തെ അനുകൂലിക്കുന്നതോടൊപ്പം കാലത്തോട് കൂടെ എങ്ങോട്ട് നമ്മൾ സഞ്ചരിച്ചെത്തുന്നു എന്ന് കൂടെ ഓർക്കേണ്ടിയിരിക്കുന്നു.

ഏതു വിഷയത്തിലും എപ്പോൾ വേണമെങ്കിലും ഏതു രീതിയിലും പ്രതികരിക്കാൻ നമുക്ക് അവകാശവും അവസരവും ഒരുക്കി തന്ന സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് പരസ്പ്പരം മത-രാഷ്ട്രീയ വൈരം തീർക്കാനുള്ള ഒന്നാന്തരം വേദി കൂടിയാണ്. ഒന്നാലോചിച്ചാൽ ഇത്രത്തോളം അർത്ഥ ശൂന്യമായ പ്രതികരണങ്ങൾ വേറെ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. നേരിട്ട് കണ്ടോ കേട്ടോ പരിചയമില്ലാത്തവരുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നടത്തുന്ന ഓണ്‍ ലൈൻ കൊലവിളികൾ, ഭീഷണികൾ, അസഭ്യ വർഷങ്ങൾ അങ്ങിനെ നീണ്ടു പോകുന്നു ആ അർത്ഥശൂന്യത. ഫെയ്ക്ക് ഐ ഡി കളാണ് സോഷ്യൽ നെറ്റ് വർക്കിലെ മറ്റൊരു പ്രധാന വിഭാഗം. ഇക്കൂട്ടർക്കാണ് സോഷ്യൽ നെറ്റ് വർക്കിലെ പരമാധികാരം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും പരസ്യമായി വിചാരണ ചെയ്യാനുള്ള അവകാശം പോലും ഇവർക്കുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചു വക്കാൻ ഒരു പക്ഷേ അക്കൂട്ടർക്ക്‌ പറയാൻ കാരണങ്ങൾ ഒരുപാടുണ്ടാകാം. അതിൽ തെറ്റില്ല. പക്ഷേ ആ മറവ് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിക്കുന്ന നിലപാട് അപലപനീയമാണ്. വിമർശനങ്ങളും പ്രതികരണങ്ങളും എല്ലാം നല്ലതാണ്- അതെല്ലാം സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കുന്നില്ലെങ്കിൽ മാത്രം.

രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വർഗീയത മാറി കൊണ്ടിരിക്കുകയാണ്. സോഷ്യൽ നെറ്റ് വർക്കുകൾ ആണ് വർഗീയക്കാരുടെ പുതിയ താവളം. തന്റെ മതം മാത്രം ശരിയെന്നും ബാക്കിയെല്ലാം മോശമെന്നും ആധികാരികമായി പ്രസ്താവിച്ചെടുക്കാൻ ചില കപട മത ജീവികൾ മത്സരിക്കുകയാണ്. ആർക്കു വേണ്ടിയാണ് സത്യത്തിൽ ഈ മത്സരങ്ങൾ ? മനസിലാകുന്നില്ല . മിണ്ടിയാൽ പൊറാട്ട എന്ന പോലെയാണ് എഫ് ബി യിലെ ചില പോസ്റ്റുകൾ. ആരുടെയെങ്കിലും നാല് വരി എഫ് ബി സ്റ്റാറ്റസ്, അതുമല്ലെങ്കിൽ ഏതെങ്കിലും രണ്ടു കോളം ഗോസിപ്പ് വാർത്ത ഇതൊക്കെ മതി എഫ് ബിയിലെ വർഗീയ വിഷയങ്ങൾക്ക് കുറച്ചു കാലം കൊണ്ടാടാൻ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിൽ തല്ലുകൾ കാണുമ്പോൾ പലപ്പോഴും ലജ്ജ തോന്നാറുണ്ട്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയല്ല അയാളുടെ വിവേകത്തിന്റെയും സഹിഷ്ണുതയുടെയും മാന ദണ്ഡം എന്ന് ബോധ്യപ്പെടുത്തുന്ന ചർച്ചകളും പരാമർശങ്ങളുമാണ് നിർഭാഗ്യവശാൽ കുറച്ചു ദിവസങ്ങളായി ബൂലോക ബ്ലോഗർമാരിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഓർത്ത്‌ പോകുന്നത് പഴയ ആ നല്ല കാലമാണ്.  ഞങ്ങൾ കൂട്ടുകാർക്കിടയിൽ പണ്ട് തൊട്ടേ പ്രയോഗിച്ചു വരുന്ന ചില പദ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. കള്ള നസ്രാണി, മാപ്പിള, ചെറുമൻ തുടങ്ങിയവയാണ് അതിൽ പ്രധാനം. പക്ഷേ, ഇതൊന്നും ഒരാളുടെയും മതമോ ജാതിയോ നോക്കി പ്രയോഗിക്കുന്ന വാക്കുകൾ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ സാഹചര്യത്തിന് അനുസരിച്ച് മാത്രം പ്രയോഗിച്ചിരുന്ന വാക്കുകൾ എന്നതിനപ്പുറം അതിലൊന്നും വർഗീയതക്കോ ഫാസിസത്തിനോ ഒരു സ്ഥാനവുമില്ലായിരുന്നു.

"ഡോ മാപ്പിളെ, മര്യാദക്കു വൈകുന്നേരം ഞങ്ങ വിളിക്കുമ്പോഴേക്കും സിനിമക്ക് പോകാൻ റെഡി ആയി നിന്നോണം ". പറയുന്നത്  സാക്ഷാൽ നസ്രാണി , കേൾക്കുന്നത്  സാക്ഷാൽ ചെറുമൻ. 

"ഈ കള്ള നസ്രാണിയെ കൊണ്ട് തോറ്റല്ലോ ..്#@# ". പറയുന്നത് സാക്ഷാൽ ചെറുമൻ, കേൾക്കുന്നത് സാക്ഷാൽ മാപ്പിള. 

"എടാ ചെറുമാ ...ഇയ്യീ പണി ഒപ്പിച്ചപ്പോഴോ ന്നാലും .." പറയുന്നത് സാക്ഷാൽ മാപ്പിള , കേൾക്കുന്നത് സാക്ഷാൽ നസ്രാണി. 

ഇന്നിപ്പോ ഇങ്ങിനെയൊക്കെ  പറഞ്ഞാൽ പറയുന്നവൻ ഫാസിസ്റ്റും, വർഗീയവാദിയുമൊക്കെ ആയി വ്യാഖ്യാനിക്കപ്പെടും. കേൾക്കുന്നവനും പറയുന്നവനും മനസ്സിൽ പോലും കരുതാത്ത അർത്ഥങ്ങളെ ആരാണോ നിക്ഷിപ്ത താൽപ്പര്യാർത്ഥം വളച്ചു- പടച്ചുണ്ടാക്കുന്നത് അവനാണ് ഇന്നത്തെ കാലത്തെ ആരാലും തിരിച്ചറിയപ്പെടാത്ത യഥാർത്ഥ ഫാസിസ്റ്റും വർഗീയവാദിയുമെല്ലാം. നിർഭാഗ്യവശാൽ അവരിൽ ഒരു നല്ല വിഭാഗം  ഇന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുന്നു. മറ്റൊരു ചെറു വിഭാഗം നിഷ്പക്ഷതയുടെ മുഖം മൂടികൾ ഇട്ടു കൊണ്ട് നമുക്ക് ചുറ്റും സജീവമായി ഇടപെടുന്നു. പിന്നെയൊരു വിഭാഗം  കപട വിപ്ലവകാരിയുടെയും, കപട രാജ്യ സ്നേഹിയുടെയും, കപട ജനസേവകന്റെയും വേഷത്തിലുമാണ് അഭയം കണ്ടിരിക്കുന്നത്. ഇങ്ങിനെ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ നമ്മൾ ഇതിലേതാണ്‌ എന്ന പ്രസക്തമായ ചോദ്യം ജനിക്കുകയാണ്. ആ ചോദ്യത്തെ മനസ്സിൽ താലോലിച്ചും ശിക്ഷിച്ചും വളർത്തിയില്ലെങ്കിൽ , ഒറ്റ മകനെ ഒലക്ക കൊണ്ട് അടിച്ചു വളർത്താത്തത്തിൽ പിന്നീട് ദുഖിച്ച അച്ഛന്റെ അവസ്ഥ തന്നെ നമുക്കും ഉണ്ടാകും. അത് കൊണ്ട് തന്നെ ഓരോ നിമിഷത്തിലും നമ്മുടെ നിലപാടുകളെ പുനർചിന്തനം നടത്തേണ്ടത് ഈ കാലത്തിന്റെ അനിവാര്യത കൂടിയാണ്- അത് ഓണ്‍ ലൈനിലായാലും, ഓഫ് ലൈനിലായാലും. 

-pravin-