Wednesday, October 2, 2013

ഓണ്‍ ലൈൻ വ്യക്തി ജീവിതം - നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു ?

ഇതൊരു യാത്രാ വിവരണമല്ല. മറിച്ച്, നമ്മുടെ ജീവിതത്തിലെ ചില പ്രത്യേക വിഷയങ്ങളിൽ നാം കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളും, വാദങ്ങളും നമ്മളെയും കൊണ്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാനുള്ള ഒരു പാഴ് ശ്രമം മാത്രം.  അടിസ്ഥാനപരമായി നമ്മളാരും സഞ്ചരിക്കുന്നില്ല. സഞ്ചരിക്കുന്നത് കാലമാണ്- കാലം മാത്രം. ഈ വസ്തുതയെ പലപ്പോഴും നമ്മൾ തമസ്ക്കരിക്കുന്നു എന്നതിന്റെ ഉദാഹരണം മാത്രമാണ് നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന് നമുക്ക് പോലും അറിയാതെയാകുന്ന അവസ്ഥ.  ഇവിടെയാണ്‌ ഒരു സങ്കൽപ്പ ദിശാമാപിനിയുടെ ആവശ്യകത ഉയർന്നു വരുന്നതും. നമ്മുടെ ആദർശങ്ങളുടെയും നിലപാടുകളുടെയും വാദങ്ങളുടെയും ആത്യന്തികമായ സഞ്ചാര ദിശ അറിയാനുള്ള അത്തരമൊരു  'മാപിനി' ഉണ്ടായിരുന്നെങ്കിൽ നമ്മൾ പല കുറി സ്വയം തിരുത്തപ്പെടുമായിരുന്നു. 

ഓണ്‍ ലൈൻ വ്യക്തിജീവിതത്തിൽ ഒരാൾ എപ്പോഴൊക്കെയാണ് അസഹിഷ്ണു ആകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? ഫെയ്സ് ബുക്കിൽ എഴുതുന്ന ഒരു രണ്ടു വരി സ്റ്റാറ്റസ് മാത്രം മതി ഒരാൾ അസഹിഷ്ണുവിന്റെ മൂർത്തീ രൂപമായി മാറാൻ. പലപ്പോഴും ആ അസഹിഷ്ണുത അളക്കപ്പെടുന്നത് മതവും രാഷ്ട്രീയവും പ്രധാന ചർച്ചാ വിഷയങ്ങൾ ആകുമ്പോഴാണ് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട കാര്യം. ഒരു പക്ഷേ നേരിട്ടുള്ള  ചർച്ചകളിൽ  ആളുകൾ ഇത്രത്തോളം അസഹിഷ്ണു ആകുമെന്ന് തോന്നുന്നില്ല. കാരണം അവിടെ വ്യക്തികൾ അല്ലെങ്കിൽ വാദി പ്രതിവാദികൾ  തങ്ങളുടെ കണ്ണുകൾ, ശബ്ദം, അംഗ വിക്ഷേപങ്ങൾ തുടങ്ങീ ഒട്ടനവധി ഘടകങ്ങളിലൂടെയാണ് സംവാദത്തിൽ പങ്കു ചേരുന്നത്. തന്മൂലം സംവാദത്തിൽ ഏർപ്പെടുന്നവർ, പരസ്പ്പരം വാദങ്ങൾ പങ്കുവക്കുന്നവർ ആരും തന്നെ പൊതു ഇടങ്ങളിൽ ഒരു പരിധിക്കപ്പുറം തെറ്റിദ്ധരിക്കപ്പെടുകയോ അവരുടെ നിലപാടുകൾ മറ്റുള്ളവരാൽ ദുർ വ്യാഖ്യാനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അതേ സമയം സോഷ്യൽ നെറ്റ് വർക്കെന്ന ഓണ്‍ ലൈൻ പൊതു ഇടങ്ങളിൽ ചർച്ചകളുടെ സ്ഥിതി മറ്റൊന്നാണ്. അവിടെ വാക്കുകളും വാചകങ്ങളുമാണ് ചർച്ചയുടെ രൂപവും ഗതിയും നിർണയിക്കുന്നത്. പലപ്പോഴും ലേഖകൻ ഉദ്ദേശിക്കുന്ന തലത്തിലായിരിക്കില്ല സംഗതികൾ ചർച്ച ചെയ്യപ്പെടുക. ഇനി ലേഖകൻ ഉദ്ദേശിച്ചത് തന്നെയാണ് വായനക്കാരനും മനസിലാകുന്നത് എന്ന് വക്കുക, എന്നാലും കാണും ചില ദുർ വ്യാഖ്യാതാക്കൾ. അത് കണക്കിലെടുക്കേണ്ട കാര്യമില്ല. പക്ഷേ, ലേഖകൻ ഉദ്ദേശിച്ചതായാലും അല്ലാത്തതായാലും ബഹു ഭൂരിപക്ഷം ഒരു പ്രത്യേക ലേഖനത്തെ അല്ലെങ്കിൽ ഒരു നാല് വരി എഫ് ബി സ്റ്റാറ്റസിനെ  എങ്ങിനെ വിലയിരുത്തുന്നു എന്നത് വളരെ പ്രസക്തമാണ്. ആ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുക എന്നതൊരു ജനാധിപത്യവിശ്വാസിയുടെ  മര്യാദയുമാണ്. അവിടെ ലേഖകന്റെ ഉദ്ദേശ്യ ശുദ്ധീ വാദത്തിനു നിർഭാഗ്യവശാൽ  തീരെ പ്രസക്തിയില്ലാതാകുന്നു. അത് കൊണ്ട് തന്നെ ലേഖകൻ തന്റെ നിലപാടിൽ പറ്റിയ, അല്ലെങ്കിൽ നിലപാട് അറിയിച്ചതിൽ പറ്റിയ വീഴ്ചയെ അറിയുകയും തിരുത്തുകയും തന്നെ വേണം.

അയൽവാസിയെ താൻ ആദ്യമായി പരിചയപ്പെടുന്നത് ഫെയ്സ് ബുക്കിലൂടെയാണ് എന്ന വെളിപ്പെടുത്തൽ 'ഇ'- ക്കാലത്തെ ഏറ്റവും പരിതാപകരമായ സാമൂഹ്യ സത്യമാണ്. പൊതുവേ, അയൽക്കൂട്ടങ്ങൾ സമൂഹത്തിൽ നിശബ്ദമായി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ നമുക്ക് പറയാനുള്ളത് മുഴുവൻ ഓരോ നിമിഷത്തിലും സ്റ്റാറ്റസ് രൂപേണ എഫ് ബിയിൽ അപ്ഡേറ്റ് കൂടി ചെയ്യപ്പെടുമ്പോൾ നേരിട്ടുള്ള ആശയവിനിമയത്തിന്റെ സാധ്യത കുറയുന്നു. സമൂഹവുമായുള്ള ഒരു വ്യക്തിയുടെ ഇടപെടലുകൾ പലപ്പോഴും എഫ് ബി സ്റ്റാറ്റസിലെ നാല് വരികളിലോ കമെന്റുകളിലോ ഒതുങ്ങി കൂടുന്ന അവസ്ഥയും ചുരുക്കമല്ല. വ്യക്തികളുടെ എഫ് ബിയിലുള്ള ക്രിയാത്മകത വളരെ ദുർലഭമായി മാത്രമേ സമൂഹത്തിലേക്കു പ്രതിഫലിക്കുന്നുള്ളൂ എന്നതിന് അപവാദമാണ് അക്ഷരങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ഇ എഴുത്തുകാരും, ബ്ലോഗർമാരും. പല നല്ല കൂട്ടായ്മകളും, പ്രവർത്തനങ്ങളും പ്രസ്തുത വിഭാഗക്കാരുടെ ഗ്രൂപ്പുകളിൽ നിന്ന് ഊർജ്ജം കൈക്കൊണ്ട ശേഷംസമൂഹത്തിലേക്കു ചെറിയ രീതിയിൽ വ്യാപിക്കുന്നു എന്നത് തീർച്ചയായും ആശ്വാസജനകമാണ്. എന്നിരുന്നാലും പുട്ടിനു പീര എന്ന പോലെ ബൂലോകത്ത് ഇടക്കിടക്കിടെയുണ്ടാകുന്ന വിവാദങ്ങളും, അനാവശ്യ ചർച്ചകളും,വ്യക്തിഹത്യകളും മേൽപ്പറഞ്ഞ നല്ല കാര്യങ്ങളുടെ മാറ്റ് കുറക്കുന്നു എന്ന് പറയാതെ വയ്യ.

പൊതു ഇടങ്ങളുടെ പശ്ചാത്തലം കാലത്തിനു അനുസരിച്ചു മാറിയെന്നിരിക്കെ പൊതു ഇടങ്ങളിലെ ചർച്ചാ -പ്രതികരണ രീതികളും  മാറുകയാണ്. പണ്ട് ചായക്കടയിൽ  മൊയ്തീനും ദാസനും ഫിലിപ്പോസും ഒരു ബഞ്ചിലിരുന്ന് മതവും രാഷ്ട്രീയവും മറ്റു ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്തിരുന്നു - സൌഹൃദത്തെ ബാധിക്കാതെ തന്നെ. ചർച്ചക്ക് ഹരം പകരാൻ ഒരു ചായേം ഒരു പഴം പൊരിയും മാത്രം മതിയായിരുന്നു അവർക്ക്. കാലം ചായക്കടകളിലെ ആ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്തു. പകരം നമുക്ക് തന്ന പുതിയ പൊതു ഇടമാണ് "സോഷ്യൽ നെറ്റ് വർക്ക്". ഇവിടെ ചായേം പഴം പൊരിയുമില്ല, പകരം ലൈക്കും കമെന്റും ഷെയറും ആണ് ചർച്ചകളെ കൊഴുപ്പിക്കുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന വാദത്തെ അനുകൂലിക്കുന്നതോടൊപ്പം കാലത്തോട് കൂടെ എങ്ങോട്ട് നമ്മൾ സഞ്ചരിച്ചെത്തുന്നു എന്ന് കൂടെ ഓർക്കേണ്ടിയിരിക്കുന്നു.

ഏതു വിഷയത്തിലും എപ്പോൾ വേണമെങ്കിലും ഏതു രീതിയിലും പ്രതികരിക്കാൻ നമുക്ക് അവകാശവും അവസരവും ഒരുക്കി തന്ന സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് പരസ്പ്പരം മത-രാഷ്ട്രീയ വൈരം തീർക്കാനുള്ള ഒന്നാന്തരം വേദി കൂടിയാണ്. ഒന്നാലോചിച്ചാൽ ഇത്രത്തോളം അർത്ഥ ശൂന്യമായ പ്രതികരണങ്ങൾ വേറെ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. നേരിട്ട് കണ്ടോ കേട്ടോ പരിചയമില്ലാത്തവരുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നടത്തുന്ന ഓണ്‍ ലൈൻ കൊലവിളികൾ, ഭീഷണികൾ, അസഭ്യ വർഷങ്ങൾ അങ്ങിനെ നീണ്ടു പോകുന്നു ആ അർത്ഥശൂന്യത. ഫെയ്ക്ക് ഐ ഡി കളാണ് സോഷ്യൽ നെറ്റ് വർക്കിലെ മറ്റൊരു പ്രധാന വിഭാഗം. ഇക്കൂട്ടർക്കാണ് സോഷ്യൽ നെറ്റ് വർക്കിലെ പരമാധികാരം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും പരസ്യമായി വിചാരണ ചെയ്യാനുള്ള അവകാശം പോലും ഇവർക്കുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചു വക്കാൻ ഒരു പക്ഷേ അക്കൂട്ടർക്ക്‌ പറയാൻ കാരണങ്ങൾ ഒരുപാടുണ്ടാകാം. അതിൽ തെറ്റില്ല. പക്ഷേ ആ മറവ് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിക്കുന്ന നിലപാട് അപലപനീയമാണ്. വിമർശനങ്ങളും പ്രതികരണങ്ങളും എല്ലാം നല്ലതാണ്- അതെല്ലാം സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കുന്നില്ലെങ്കിൽ മാത്രം.

രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വർഗീയത മാറി കൊണ്ടിരിക്കുകയാണ്. സോഷ്യൽ നെറ്റ് വർക്കുകൾ ആണ് വർഗീയക്കാരുടെ പുതിയ താവളം. തന്റെ മതം മാത്രം ശരിയെന്നും ബാക്കിയെല്ലാം മോശമെന്നും ആധികാരികമായി പ്രസ്താവിച്ചെടുക്കാൻ ചില കപട മത ജീവികൾ മത്സരിക്കുകയാണ്. ആർക്കു വേണ്ടിയാണ് സത്യത്തിൽ ഈ മത്സരങ്ങൾ ? മനസിലാകുന്നില്ല . മിണ്ടിയാൽ പൊറാട്ട എന്ന പോലെയാണ് എഫ് ബി യിലെ ചില പോസ്റ്റുകൾ. ആരുടെയെങ്കിലും നാല് വരി എഫ് ബി സ്റ്റാറ്റസ്, അതുമല്ലെങ്കിൽ ഏതെങ്കിലും രണ്ടു കോളം ഗോസിപ്പ് വാർത്ത ഇതൊക്കെ മതി എഫ് ബിയിലെ വർഗീയ വിഷയങ്ങൾക്ക് കുറച്ചു കാലം കൊണ്ടാടാൻ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിൽ തല്ലുകൾ കാണുമ്പോൾ പലപ്പോഴും ലജ്ജ തോന്നാറുണ്ട്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയല്ല അയാളുടെ വിവേകത്തിന്റെയും സഹിഷ്ണുതയുടെയും മാന ദണ്ഡം എന്ന് ബോധ്യപ്പെടുത്തുന്ന ചർച്ചകളും പരാമർശങ്ങളുമാണ് നിർഭാഗ്യവശാൽ കുറച്ചു ദിവസങ്ങളായി ബൂലോക ബ്ലോഗർമാരിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഓർത്ത്‌ പോകുന്നത് പഴയ ആ നല്ല കാലമാണ്.  ഞങ്ങൾ കൂട്ടുകാർക്കിടയിൽ പണ്ട് തൊട്ടേ പ്രയോഗിച്ചു വരുന്ന ചില പദ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. കള്ള നസ്രാണി, മാപ്പിള, ചെറുമൻ തുടങ്ങിയവയാണ് അതിൽ പ്രധാനം. പക്ഷേ, ഇതൊന്നും ഒരാളുടെയും മതമോ ജാതിയോ നോക്കി പ്രയോഗിക്കുന്ന വാക്കുകൾ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ സാഹചര്യത്തിന് അനുസരിച്ച് മാത്രം പ്രയോഗിച്ചിരുന്ന വാക്കുകൾ എന്നതിനപ്പുറം അതിലൊന്നും വർഗീയതക്കോ ഫാസിസത്തിനോ ഒരു സ്ഥാനവുമില്ലായിരുന്നു.

"ഡോ മാപ്പിളെ, മര്യാദക്കു വൈകുന്നേരം ഞങ്ങ വിളിക്കുമ്പോഴേക്കും സിനിമക്ക് പോകാൻ റെഡി ആയി നിന്നോണം ". പറയുന്നത്  സാക്ഷാൽ നസ്രാണി , കേൾക്കുന്നത്  സാക്ഷാൽ ചെറുമൻ. 

"ഈ കള്ള നസ്രാണിയെ കൊണ്ട് തോറ്റല്ലോ ..്#@# ". പറയുന്നത് സാക്ഷാൽ ചെറുമൻ, കേൾക്കുന്നത് സാക്ഷാൽ മാപ്പിള. 

"എടാ ചെറുമാ ...ഇയ്യീ പണി ഒപ്പിച്ചപ്പോഴോ ന്നാലും .." പറയുന്നത് സാക്ഷാൽ മാപ്പിള , കേൾക്കുന്നത് സാക്ഷാൽ നസ്രാണി. 

ഇന്നിപ്പോ ഇങ്ങിനെയൊക്കെ  പറഞ്ഞാൽ പറയുന്നവൻ ഫാസിസ്റ്റും, വർഗീയവാദിയുമൊക്കെ ആയി വ്യാഖ്യാനിക്കപ്പെടും. കേൾക്കുന്നവനും പറയുന്നവനും മനസ്സിൽ പോലും കരുതാത്ത അർത്ഥങ്ങളെ ആരാണോ നിക്ഷിപ്ത താൽപ്പര്യാർത്ഥം വളച്ചു- പടച്ചുണ്ടാക്കുന്നത് അവനാണ് ഇന്നത്തെ കാലത്തെ ആരാലും തിരിച്ചറിയപ്പെടാത്ത യഥാർത്ഥ ഫാസിസ്റ്റും വർഗീയവാദിയുമെല്ലാം. നിർഭാഗ്യവശാൽ അവരിൽ ഒരു നല്ല വിഭാഗം  ഇന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുന്നു. മറ്റൊരു ചെറു വിഭാഗം നിഷ്പക്ഷതയുടെ മുഖം മൂടികൾ ഇട്ടു കൊണ്ട് നമുക്ക് ചുറ്റും സജീവമായി ഇടപെടുന്നു. പിന്നെയൊരു വിഭാഗം  കപട വിപ്ലവകാരിയുടെയും, കപട രാജ്യ സ്നേഹിയുടെയും, കപട ജനസേവകന്റെയും വേഷത്തിലുമാണ് അഭയം കണ്ടിരിക്കുന്നത്. ഇങ്ങിനെ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ നമ്മൾ ഇതിലേതാണ്‌ എന്ന പ്രസക്തമായ ചോദ്യം ജനിക്കുകയാണ്. ആ ചോദ്യത്തെ മനസ്സിൽ താലോലിച്ചും ശിക്ഷിച്ചും വളർത്തിയില്ലെങ്കിൽ , ഒറ്റ മകനെ ഒലക്ക കൊണ്ട് അടിച്ചു വളർത്താത്തത്തിൽ പിന്നീട് ദുഖിച്ച അച്ഛന്റെ അവസ്ഥ തന്നെ നമുക്കും ഉണ്ടാകും. അത് കൊണ്ട് തന്നെ ഓരോ നിമിഷത്തിലും നമ്മുടെ നിലപാടുകളെ പുനർചിന്തനം നടത്തേണ്ടത് ഈ കാലത്തിന്റെ അനിവാര്യത കൂടിയാണ്- അത് ഓണ്‍ ലൈനിലായാലും, ഓഫ് ലൈനിലായാലും. 

-pravin-

52 comments:

  1. ഒത്തിരി ചര്ച്ച്ചിക്കേണ്ട പോസ്റ്റ്‌ ....നമുക്കിനി അങ്ങനെ ഒരു തിരിച്ചു വരവുണ്ടോ? അല്ല ഇപ്പോഴും ഇങ്ങനെ ഉള്ളവരല്ലേ ഒത്തിരി പേര്? ചുരുക്കം ചിലരല്ലേ ഈ കലാപം ഒക്കെ ഒപ്പിക്കുന്നത്?

    ReplyDelete
    Replies
    1. വരവുണ്ടെങ്കിൽ ചെലവും ഉണ്ടാകും ...പക്ഷെ തിരിച്ചു വരവ് ..അത് സംശയമാണ് . ചുരുക്കം ചിലർ കലാപം ഒപ്പിച്ചാലും അത് അനുഭവിക്കുന്നത് ആ ചുരുക്കം ചിലരല്ല എന്നത് കൊണ്ട് ആ ചോദ്യത്തിന് പ്രസക്തി ഇല്ല.

      Delete
  2. കേൾക്കുന്നവനും പറയുന്നവനും മനസ്സിൽ പോലും കരുതാത്ത അർത്ഥങ്ങളെ ആരാണോ നിക്ഷിപ്ത താൽപ്പര്യാർത്ഥം വളച്ചു- പടച്ചുണ്ടാക്കുന്നത് അവനാണ് ഇന്നത്തെ കാലത്തെ ആരാലും തിരിച്ചറിയപ്പെടാത്ത യഥാർത്ഥ ഫാസിസ്റ്റും വർഗീയവാദിയുമെല്ലാം.
    നല്ല വിലയിരുത്തൽ
    വീണ്ടും വരാം ... സസ്നേഹം,
    ആഷിക്ക് തിരൂർ

    ReplyDelete
  3. ഇ-ക്കാലത്തിന് യോജിച്ച സ്വഭാവത്തിന്‍റെ അഭാവമുള്ളതിനാല്‍ ഞാാന്‍ ഫേസ് ബുക്ക് ഗ്രൂപ്പുകളിലെ സകലവിധ ആക്റ്റിവിറ്റികളും അവസാനിപ്പിച്ചു. ഇപ്പോള്‍ ബ്ലോഗുലകം മാത്രം. മൂഷികസ്ത്രീ വീണ്ടും അതുതന്നെയായിമാറി.

    ReplyDelete
    Replies
    1. അജിത്തേട്ടാ ..ഹി ഹി ..പ്ലീസ് ..തളരരുത് .. ഇതൊക്കെ ഒരു സ്പിരിറ്റിൽ അങ്ങട് എടുത്താൽ മതി ..

      Delete
  4. കുറച്ചു നാളായി മനസ്സില്‍ കിടന്നു നീറുന്ന വിഷയം ,അല്പം എഴുതിയും വച്ചിട്ടുണ്ട് .ചില ഓണ്‍ലൈന്‍ കൂത്തകാണുമ്പോള്‍ ശരിക്കും നമ്മള്‍ ഇത്രയും ചുരുങ്ങിപ്പോയോന്നു തോന്നിപോകാറുണ്ട്.വെറും കാട്ടികൂട്ടലോ ,പുഛ്‌ചിക്കാലോ മാത്രമായി പോയി നമ്മുടെ സംസ്കാരമിന്ന്. അതും നാല്‍ചുവരിനുള്ളില്‍ ഒരു ചതുരപെട്ടിയ്ക്ക് മുന്‍പില്‍ ജീവിതം :( കാഴ്ചപ്പാട് നന്നായി നമ്മുക്ക് ഇതു ഇനിയും ചര്‍ച്ചിക്കാം .വെറും സ്റ്റാറ്റസ്,ലൈക്ക് കാലത്തെക്കുറിച്ച് ഒരുപാടു പറയാനുണ്ട്.

    ReplyDelete
    Replies
    1. പറയാനുള്ളത് എടുത്തു വക്കാതെ പറയൂ അനീഷ്‌ ..ഹി ഹി ..

      Delete
  5. ഓരോ സോഷിയല്‍ നെറ്റ്‌വര്‍ക്ക് ഉപയോക്താവും ഇന്ന് അവനവന്‍റെ മനസാക്ഷിയോട് ചര്‍ച്ച നടത്തേണ്ട വിഷയം.. മറ്റു പല കാരണങ്ങള്‍ കൊണ്ട് നമ്മള്‍ ബഹുമാനിക്കുന്ന പലരും ചില നിസ്സാര കാര്യങ്ങളില്‍ വാളെടുത്ത് ഇറങ്ങുകയും സ്വന്തം നിലയും വിലയും മനസ്സിലാക്കാതെ പെരുമാറുന്നതും കാണുമ്പോള്‍ സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്.. തികച്ചും കാലികപ്രസക്തിയുള്ള വിഷയം, ഗൌരവം ചോരാതെ എഴുതി..

    'മാപിനി' എന്ന വാക്കിന്‍റെ അര്‍ത്ഥം 'അളക്കുക' എന്നാണ്.. 'ദിശാമാപിനി' എന്ന പ്രയോഗം തെറ്റാണു എന്ന്‍ എനിക്ക് തോന്നുന്നു.. ദിശ അളക്കുക അല്ലല്ലോ ഉദ്ദേശിച്ചത്..

    ReplyDelete
    Replies
    1. മാപിനി ..ദിശാ മാപിനി .. കണ്ഫൂഷൻ ഉണ്ട് ഇപ്പോൾ .. ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം .. ഞാൻ ദിശാ മാപിനി കൊണ്ട് ഇവിടെ ഉദ്ദേശിച്ചത് ദിശ എങ്ങോട്ടാണ് എന്ന് മനസിലാക്കുക എന്ന അർത്ഥത്തിൽ ആണ് .

      Delete
  6. നല്ല പോസ്റ്റ്‌ പ്രവീണ്‍.
    ഇടക്കിടെയുണ്ടാവുന്ന ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകളെയുള്ളൂ ഭൂലോക തോന്നിവാസത്തിനിടെയില്‍ ഏക ആശ്വാസം.

    ReplyDelete
    Replies
    1. ഇടക്കൊക്കെ ആശ്വസിക്കാൻ എന്തേലും വേണ്ടേ .. അത്ര മാത്രം .. ഓർമപ്പെടുത്തിയത് കൊണ്ട് ആരും ഇത് ഓർക്കും എന്ന പ്രതീക്ഷയൊന്നുമില്ല ..എന്നാലും സ്വയം ആശ്വസിക്കാം ..അത്ര മാത്രം .. നന്ദി ജോസൂ ..

      Delete
  7. pravee sathyam,

    nammalOrkkuka nammalengane varggeeya vaadiyaayennu

    ReplyDelete
  8. കമന്റ് :തികഞ്ഞ വർഗീയവാദിയും അസഹിഷ്ണുവും (?)സർവോപരി വിദ്യാഭ്യാസമില്ലാത്തവനുമായ പ്രവീണ്‍ എഴുതിയ ഈ ലേഖനത്തിനു പിന്നിലെ ഗൂഡാലോചന എല്ലാവരും തിരിച്ചറിയണം ..
    .കള്ള നസ്രാണി,മാപ്പിള,ചെറുമൻ......സവർണ്ണ ഫാസിസം തുപ്പുന്ന വിഷവാക്കുകൾ .... എടാ ചെക്കാ ഇനി ഇങ്ങനെയെങ്ങാനും എഴുതിയാൽ നിന്റെ കൈ വെട്ടും ...കാലുവെട്ടും...നിന്നെ നേരിട്ട് കാണുന്നുണ്ട് ..
    ആത്മഗതം:ഇവൻ എഴുതിയിരിക്കുന്നത് സത്യമാണല്ലോ?
    ...പിന്നേ ..വെട്ടാൻ പൊകൂന്നു ...കറിക്ക് മീൻ വെട്ടാൻ പോലും പേടിയാ ...അപ്പോഴാ...എന്തായാലും ഇവനെയൊന്നും നേരിട്ട് കാണാൻ പോകുന്നില്ലല്ലോ!

    ReplyDelete
    Replies
    1. ഹ ഹാഹ് ... അങ്ങിനെ കരുതുന്നവരെ കുറ്റം പറയാനും പറ്റില്ല . കാരണം ചിലർക്ക് ഞാൻ അതൊക്കെയാണ്‌ . അത് ഞാൻ സ്വാഗതം ചെയ്യുന്നു .

      Delete
  9. ചിന്താര്‍ഹമായ പോസ്റ്റ്!
    ഭ്രമണപഥം തെറ്റിയുള്ള സഞ്ചാരം തീര്‍ച്ചയായും അപകടത്തിലാണ് ചെന്നുപതിക്കുക!!!
    നന്നായി എഴുതിയിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ..

      Delete
  10. പ്രവീണ്. ഒരുപാട് സമയത്തേക്ക് ചിന്തിച്ചിരുത്തി ഈ പോസ്റ്റ്.. ഈ ശൂന്യതയിലൂടെയുള്ള സഞ്ചാരത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ, നല്ല സുഹൃത്തുക്കൾ ഒക്കെയുണ്ടെങ്കിലും മിക്ക പോസ്റ്റുകള്]ക്കു താഴെയും കമന്റ് ചെയ്യുന്നതൊക്കെ പലതും അതിരു കടന്നുപോകുന്നില്ലേ.. എന്തായാലും ഇനി ഒരു കമന്റ് ഇടുമ്പോൾ താങ്കളുടെ വാക്കുകൾ ഒരു മാറ്റമുണ്ടാക്കും.. ഞാനും പലപ്പോഴും എന്റെ വീടിന്റെ അടുത്തുള്ള സുഹൃത്തുക്കളുമൊക്കെയായി നല്ല പരിചയത്തിലായത് ഈ മുഖപുസ്തകം വഴി തന്നെയാണ്..

    ReplyDelete
    Replies
    1. അങ്ങിനെ ഒരു മാറ്റം വരുത്താൻ എന്റെ പോസ്റ്റിനു സാധിക്കുന്നു എങ്കിൽ അതൊരു വലിയ നേട്ടമായി ഞാൻ കാണുന്നു . പക്ഷെ അതുണ്ടാകുമോ എന്നത് സംശയമാണ് ..

      Delete
  11. സമൂഹമെന്നത് ഒരിക്കലും സ്റ്റാറ്റിക് അല്ല. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് എന്ന് പറയാറുണ്ട്. ചായക്കടകളിലെ ചര്‍ച്ചകളില്‍ നിന്ന് ലോകമെന്ന മേല്‍ക്കൂരക്കു കീഴില്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളിലേക്കും ആശയവിനിമയത്തിലേക്കും ഉള്ള വളര്‍ച്ച മനുഷ്യന്‍ എന്ന മഹാശക്തിയുടെ കുതിപ്പായി കാണാനാണ് എനിക്കിഷ്ടം. സോഷ്യല്‍ മീഡിയകള്‍ ആശയവിനമയരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കാലത്ത് ജീവിക്കാന്‍ കഴിഞ്ഞ നമ്മുടെ തലമുറ മുന്‍തലമുറകളേക്കാള്‍ ഭാഗ്യം ചെയ്തിരിക്കുന്നു. ഇതുപോലെ അവനവന്റെ കാലത്തെ സാങ്കേതികവിദ്യയുടെ വളര്‍ച്ചനോക്കി ഓരോ തലമുറയും ഈ പല്ലവി ആവര്‍ത്തിച്ചിരിക്കാം. ഇനി വരാന്‍ പോവുന്ന തലമുറക്ക് ഇതിലും ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യവുമുണ്ട്.....

    വ്യക്തികളുടെ തലത്തിലുള്ള ഈദും, ഈഗോയും, സൂപ്പര്‍ ഈഗോയുമൊക്കെ എക്കാലത്തും ഉണ്ടായിരുന്നു. അപരവ്യക്തിത്വങ്ങളെ താഴ്തിക്കെട്ടാനും, തന്റേതായ വീഴ്ചകളെ ന്യായീകരിക്കാനും, തന്റെ അപ്രമാദിത്വം സ്ഥാപിക്കാനുമുള്ള ത്വര മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ നിലനിന്നുപോരുന്നു. അധികം അദ്ധ്വാനിക്കാതെ കുറുക്കുവഴികളിലൂടെ മനുഷ്യന്‍ പലതരം രീതികളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ എപ്പോഴും ശ്രമിച്ചുപോന്നിട്ടുണ്ട്. ഉദാഹരണമായി., മതപരമായ തന്റെ ഐഡന്റിറ്റി സ്ഥാപിച്ച് ഇതരമതസ്ഥനെ താഴ്ത്തിക്കെട്ടാനും, ഇല്ലായ്മ ചെയ്യാനുമുള്ള കുറുക്കുവഴികള്‍ മനുഷ്യന്‍ തേടിത്തുടങ്ങിയപ്പോള്‍ മുതലാണ് മതസ്പര്‍ദ്ധകള്‍ വളരാന്‍ തുടങ്ങിയത്. മതവൈര്യം വളര്‍ത്തുന്ന കൂട്ടായ്മകളിലേക്ക് മനുഷ്യസമൂഹത്തിലെ ചില ഘടകങ്ങള്‍ വളര്‍ന്നതിന്റെ വേരുകള്‍ ചിലരുടെ വ്യക്തിപരമായ ഈഗോയിലും, സൂപ്പര്‍ ഈഗോയിലും കണ്ടെത്താനാവും.

    സോഷ്യല്‍ മീഡിയകള്‍ക്ക് മാത്രമായി ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ അഭിപ്രായം പ്രവീണ്‍. മാത്രമല്ല അത് മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ വലിയൊരു പങ്ക് വഹിക്കുന്നുമുണ്ട്. മനുഷ്യനെ മഹാശക്തനാക്കുന്നതില്‍,, അവന്റെ മുന്നോട്ടുള്ള കുതിപ്പില്‍ സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് നാം വിസ്മരിച്ചുകൂട. പ്രവീണ്‍ ഈ ലേഖനത്തില്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയകളുടേതല്ല, മറിച്ച് അത് മനുഷ്യസമൂഹത്തിന്റെ പ്രശ്നമാണ്. സമൂഹത്തിന്റെ തുടിപ്പുകള്‍ സോഷ്യല്‍ മീഡിയകളിലും പ്രതിഫലിക്കുന്നതു സ്വാഭാവികം മാത്രം. അത് സോഷ്യല്‍ മീഡിയകളുടെ കുഴപ്പമായി നാം വ്യാഖ്യാനിച്ചു പോവുന്നു എന്നു മാത്രം.

    പ്രശ്നങ്ങളില്ലാത്ത ഒരു ഉട്ടോപ്യന്‍ സാമൂഹ്യവ്യവസ്ഥിതി ഒരിക്കലും സംഭാവ്യമല്ല. പ്രശ്നങ്ങളുടെ സങ്കീര്‍ണതകള്‍ക്ക് എളുപ്പത്തില്‍ ഉത്തരം കണ്ടെത്തുന്നതിനു പകരം, ആ സങ്കീര്‍ണതകള്‍ക്കിടയില്‍ നിന്നുകൊണ്ട് ഓരോ വ്യക്തിയും, സമൂഹത്തിന്റെ സങ്കീര്‍ണതകളെ പരമാവധി തുറന്ന മനസ്സോടെ സമീപിക്കാനും തയ്യാറാവുമ്പോള്‍ ഒരു പരിധിവരെ സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാനാവും.

    എല്ലാം നല്ലതിന്. സോഷ്യല്‍ മീഡിയകളുടെ ഈ വിപ്ലവകാലത്ത് അതില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങളും സമൂഹ്യാവസ്ഥയുടെ പ്രതിഫലനമാണെന്ന് തിരിച്ചറിഞ്ഞും, പ്രശ്നങ്ങള്‍ ഇനിയും ഉണ്ടാവും, എന്ന് മനസ്സിലുറപ്പിച്ചും, പ്രശ്നകലുഷമല്ലാത്ത ഒരു വ്യവസ്ഥിതി സാധ്യമല്ല എന്ന വസ്തുത തിരിച്ചറിഞ്ഞും..... ഈ സങ്കീര്‍ണതക്കുള്ളില്‍ നിന്നുകൊണ്ട് ഇവിടെ എടുക്കേണ്ട നിലപാടുകളെക്കുറിച്ച് കൃത്യമായ ധാരണയോടെ ഇടപെട്ട് അതിന്റെ അനന്തസാദ്ധ്യതകള്‍ ആസ്വദിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്....

    സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്ന നല്ല ലേഖനം....

    ReplyDelete
    Replies
    1. വിശദമായ വായനക്കും അഭിപ്രായത്തിനും വ്യക്തമായ നിരീക്ഷണത്തിനും ആദ്യമേ നന്ദി പറയട്ടെ .. പ്രദീപേട്ടൻ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു .

      >>സോഷ്യല്‍ മീഡിയകള്‍ക്ക് മാത്രമായി ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ അഭിപ്രായം പ്രവീണ്‍. മാത്രമല്ല അത് മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ വലിയൊരു പങ്ക് വഹിക്കുന്നുമുണ്ട്. മനുഷ്യനെ മഹാശക്തനാക്കുന്നതില്‍,, അവന്റെ മുന്നോട്ടുള്ള കുതിപ്പില്‍ സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് നാം വിസ്മരിച്ചുകൂട. പ്രവീണ്‍ ഈ ലേഖനത്തില്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയകളുടേതല്ല, മറിച്ച് അത് മനുഷ്യസമൂഹത്തിന്റെ പ്രശ്നമാണ്. സമൂഹത്തിന്റെ തുടിപ്പുകള്‍ സോഷ്യല്‍ മീഡിയകളിലും പ്രതിഫലിക്കുന്നതു സ്വാഭാവികം മാത്രം. അത് സോഷ്യല്‍ മീഡിയകളുടെ കുഴപ്പമായി നാം വ്യാഖ്യാനിച്ചു പോവുന്നു എന്നു മാത്രം.>>
      ..
      പ്രദീപേട്ടാ ... തീർച്ചയായും യോജിക്കുന്നു . സോഷ്യൽ മീഡിയയുടെ കുഴപ്പമാണ് ഇതെല്ലാം എന്ന അർത്ഥത്തിൽ അല്ല ഞാനും ഇതെഴുതിയത് . പ്രശ്നം എല്ലാ കാലത്തും മനുഷ്യരുടെ തന്നെയാണ് . ഓരോന്നും എങ്ങിനെ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് കാര്യം .

      Delete
  12. ഒരുപാടു ചിന്തിപ്പിക്കുന്നു .........

    ReplyDelete
    Replies
    1. ചിന്തിക്കൂ ..ഇടക്കെങ്കിലും ..

      Delete
  13. ഒരുപാടു ചിന്തിപ്പിക്കുന്നു ..

    ReplyDelete
    Replies
    1. ചിന്തിക്കൂ ..ഇടക്കെങ്കിലും ..

      Delete
  14. വലിയ ഒരു ചര്ച്ചയിലേക്ക് പോകാൻ സാധ്യത
    വായന രേഖപ്പെടുത്തി
    ഇഷ്ടപ്പെട്ടു
    വിട
    :P

    ReplyDelete
    Replies
    1. വലിയ ചർച്ചയിലേക്ക് പോയാലോ എന്ന് കണ്ടു സ്കൂട്ട് ആകുകയാണ് ല്ലേ മച്ചാ ..ഹി ഹി ..നന്ദി ശിഹാബ് ഈ വായനക്കും അഭിപ്രായത്തിനും

      Delete
  15. പ്രവീണിന്റെ ചിന്തയ്ക്ക് പ്രസക്തിയുണ്ട്.. തല്‍കാലം അത്രയില്‍ നിര്‍ത്തുന്നു -അഭിപ്രായം :). ആശംസകള്‍

    ReplyDelete
    Replies
    1. ഹി ഹി .....എന്നാൽ നന്ദി നമോവാകം ട്ടോ

      Delete
  16. ഫേസ് ബുക്ക്‌ എന്നാല്‍ ഒരു വെറും ബുക്കല്ല..
    നല്ല ചിന്തകള്‍ പ്രവീണ്‍, ആലോചിക്കേണ്ട വിഷയം തന്നെയാണ്.

    ReplyDelete
  17. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ സങ്കുചിതന്‍ ആയി കൊണ്ടിരികുകായാണ് നല്ല നിരീക്ഷണങ്ങള്‍ പ്രവീ .... ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും കൂടുതല്‍ കൂടുതല്‍ സങ്കുചിതന്‍ ആകുകയാണ് നമ്മള്‍ ഓരോരുത്തരും .. നന്ദി മൂസാക്ക

      Delete
  18. സമൂഹവുമായുള്ള ഒരു വ്യക്തിയുടെ ഇടപെടലുകൾ പലപ്പോഴും എഫ് ബി സ്റ്റാറ്റസിലെ നാല് വരികളിലോ കമെന്റുകളിലോ ഒതുങ്ങി കൂടുന്ന അവസ്ഥയും ചുരുക്കമല്ല. <<<< സത്യമാണ്,വാചക കസര്‍ത്തിനു അപ്പുറം നന്മ ചെയ്യാന്‍ മുന്‍പോട്ടു ഇറങ്ങിയവര്‍ വളരെ കുറവാണു സോഷ്യല്‍ മീഡിയയില്‍

    ReplyDelete
    Replies
    1. true it is .. ഞാനും യോജിക്കുന്നു ..

      Delete
  19. ചിന്തിപ്പിച്ചേ അടങ്ങു ലേ എന്തായാലും പോസ്റ്റ് ഇഷ്ടായി

    ReplyDelete
  20. ഈ ചോദ്യം സിമ്പിള്‍ ആണ് എന്ന് തോന്നുമെങ്കിലും ഇതിനു ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉണ്ട് എന്നതാണ് വസ്തുത.

    ഒരു തരത്തില്‍ ചിന്തിച്ചാല്‍ ഓണ്‍ ലൈനില്‍ "താന്‍ വിശ്വസിക്കുന്നത് ശരിയാണ്" എന്ന് പറയുകയും, അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന എല്ലാവരും വര്‍ഗീയ വാദികള്‍ ആണ്.

    അങ്ങിനെ ഒരാളുടെ വിശ്വാസം ശരിയാണ് എന്ന് വിശ്വസിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരും വര്‍ഗീയ വാദികള്‍ ആണ് .

    ഒരാളുടെ വാക്കുകളെ വളച്ചൊടിച്ചും, ദുര്‍വ്യാഖ്യാനിച്ചും ആരാണോ ഒരു വ്യക്തിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമിക്കുന്നത് അവരും വര്‍ഗ്ഗീയ വാദികളാണ്.

    ഒരാളുടെ വാക്കുകള്‍ക്ക് വ്യക്തമായി മറുപടി കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ തന്റെ അസഹിഷ്ണുത തീര്‍ക്കാന്‍ ആരൊക്കെയാണോ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനു പകരം വ്യക്തിഹത്യയിലേക്ക് കടക്കുന്നത് അവരും വര്‍ഗ്ഗീയവാദികളാണ്.

    ഇതിനേക്കാള്‍ വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയുക ആരല്ല വര്‍ഗീയ വാദി എന്ന ചോദ്യത്തിന് ആണ് എന്ന് തോന്നുന്നു.
    "ഞാന്‍ വിശ്വസിക്കുന്ന മതത്തില്‍ / ആശയത്തില്‍ മറ്റുള്ള എല്ലാവരും വിശ്വസിച്ചേ തീരൂ " എന്ന് പറയാത്ത എല്ലാവരേയും വര്‍ഗീയ വാദിയല്ലാത്തവര്‍ എന്ന് പറയാം. അതുപോലെ സ്വന്തമായി ഒരു ഉറച്ച ആശയമോ, നിലപാടോ, വിശ്വാസമോ ഇല്ലാത്തവരെയും, ഒന്നിന്നെ കുറിച്ചും ഒരു വ്യക്തമായ നിലപാട് ഇല്ലാത്തവരേയും വര്‍ഗ്ഗീയ വാദിഅല്ലാത്ത ഗണത്തില്‍ ഉള്‍പ്പെടുത്താം എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. അബ്സർ ഭായ് .. പറഞ്ഞത് ശരിയാണ് ..ഇതിനൊരുപാട് അർത്ഥ തലങ്ങൾ ഉണ്ട് . ഡോക്ടറുടെ വിശദീകരണത്തിനോടുള്ള എന്റെ പ്രതികരണം കൂടി ഞാൻ ഇവിടെ അറിയിക്കാൻ ആഗ്രഹിക്കുന്നു ..

      1 > ഓണ്‍ ലൈനില്‍ "താന്‍ വിശ്വസിക്കുന്നത് ശരിയാണ്" എന്ന് പറയുകയും, അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന എല്ലാവരും വര്‍ഗീയ വാദികള്‍ ആണ്.
      ..
      ..
      വിയോജിപ്പ് അല്ലെങ്കിൽ ഇപ്പറഞ്ഞതുമായി എനിക്ക് ആശയക്കുഴപ്പം ഉണ്ട് .. ഒരുവൻ എന്ത് വിശ്വസിക്കുന്നുവോ അത് അതാണ്‌ എന്ന് പറയുന്നതിനെ എങ്ങിനെ വർഗീയത എന്ന് പറയാനാകും ? വർഗീയത പറയുന്നവൻ അല്ലേ വർഗീയ വാദി ? എല്ലാ കാര്യങ്ങളെയും പ്രത്യേക താൽപ്പര്യാർത്ഥം വേർതിരിച്ചു കാണുന്നവനെയും പറയുന്നവനെയുമല്ലേ വർഗീയവാദി എന്ന് പറയേണ്ടത് ? ഒരാൾ ഒരു ആനയെ ആന ആണെന്നു പറയുകയും അത് ആനയല്ല എന്ന് പറയുന്നവരോട് ആന തന്നെയാണ് എന്ന് വാദിക്കുകയും ചെയ്യുമ്പോൾ അയാൾ വർഗീയ വാദി ആകുന്നില്ല. മറിച്ച് കാര്യ കാരണ സഹിതം ഒരു വസ്തുതയെ കുറിച്ച് ഉറച്ച നിലപാടുള്ള ഒരു വ്യക്തിയായി മാറുകയല്ലേ ചെയ്യുന്നുള്ളൂ ? മതത്തിന്റെ കാര്യം തന്നെ എടുക്കുക . ഒരാൾ ഒരു മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. അത് മാത്രമാണ് ശരിയെന്നു അയാൾ മനസ്സിൽ കരുതുന്നു ..ഇവിടെ ഇത് വരെ അതിൽ ഒരു തെറ്റും പറയാനില്ല. ഇനി അയാൾ തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന് വാദിക്കാൻ തുനിഞ്ഞു എന്ന് കരുതുക .. അതിലും തെറ്റില്ല . ആ വാദം എത്ര കണ്ടു സഹിഷ്ണുതാപരമായാണ്‌ അവതരിപ്പിക്കുന്നത് എന്ന് ശ്രദ്ധിക്കുക. അവിടെയാണ് അയാൾ വർഗീയവാദി ആകുന്നതും ആകാതിരിക്കുന്നതും. അസഹിഷ്ണുതയോട് കൂടി അയാൾ വാദം ഉന്നയിച്ചാൽ മനസിലാക്കുക അയാൾ വാദിക്കുന്നത് ഒരു വിശ്വാസ ശുദ്ധിയുടെയും ആദർശത്തിന്റെയും പേരിലല്ല , മറിച്ച് അയാളുടെ ഉദ്ദേശ്യം ഏതു വശേനയും തന്റെ വാദം ജയിക്കണം എന്ന് മാത്രം. അത്തരം വാദങ്ങളാണ് വ്യക്തിഹത്യയിലേക്കും അധിക്ഷേപങ്ങളിലേക്കും നീങ്ങുന്നത്. ഇവിടെ വാദിയും പ്രതിയും അസഹിഷ്ണു ആകുന്നതു സ്വാഭാവികം.

      2 > അങ്ങിനെ ഒരാളുടെ വിശ്വാസം ശരിയാണ് എന്ന് വിശ്വസിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരും വര്‍ഗീയ വാദികള്‍ ആണ് .
      ..
      ..
      യോജിക്കുന്നു. മത വിശ്വാസത്തിന്റെ കാര്യത്തിൽ ഈ പറഞ്ഞത് വളരെ ശരിയാണ് ..മറ്റൊരാളുടെ വിശ്വാസത്തെ നമുക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല . ഒരു പരിധി വരെ വ്യക്തികളോടുള്ള സ്വാതന്ത്ര്യത്തോടും അടുപ്പത്തോടും വേണമെങ്കിൽ നമുക്ക് ചോദിക്കാം എന്ന് മാത്രം . പക്ഷേ, ഒരു പൊതു സമൂഹത്തിൽ അങ്ങിനെയുള്ള ചോദ്യം ചെയ്യലുകൾക്ക് മര്യാദയുടെ ഒരുപാട് മാനദണ്ഡങ്ങൾ കൂടി നോക്കേണ്ടതുണ്ട്.

      3 > ഒരാളുടെ വാക്കുകളെ വളച്ചൊടിച്ചും, ദുര്‍വ്യാഖ്യാനിച്ചും ആരാണോ ഒരു വ്യക്തിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമിക്കുന്നത് അവരും വര്‍ഗ്ഗീയ വാദികളാണ്.
      ..
      ..
      പൂർണമായും യോജിക്കുന്നു . എന്റെ കാഴ്ചപ്പാടിൽ ഇവരാണ് യഥാർത്ഥ വർഗീയ വാദികൾ

      4> ഒരാളുടെ വാക്കുകള്‍ക്ക് വ്യക്തമായി മറുപടി കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ തന്റെ അസഹിഷ്ണുത തീര്‍ക്കാന്‍ ആരൊക്കെയാണോ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനു പകരം വ്യക്തിഹത്യയിലേക്ക് കടക്കുന്നത് അവരും വര്‍ഗ്ഗീയവാദികളാണ്.
      ..
      ..
      യോജിക്കുന്നു ..മത വിഷയ ചർച്ചകളിൽ ഇപ്പറഞ്ഞത് ശരിയാണ്. വേറെ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടാണ് ഇത്തരം അസഹിഷ്ണുതയും വ്യക്തിഹത്യയും നടക്കുന്നത് എങ്കിൽ അത് നടത്തുന്നവൻ വർഗീയവാദി എന്ന് പറയാനാകില്ല. പക്ഷെ അവൻ ചെയ്യുന്നത് നല്ല ഒന്നാം തരം തെമ്മാടിത്തരവുമാണ്.

      5>ഇതിനേക്കാള്‍ വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയുക ആരല്ല വര്‍ഗീയ വാദി എന്ന ചോദ്യത്തിന് ആണ് എന്ന് തോന്നുന്നു.
      "ഞാന്‍ വിശ്വസിക്കുന്ന മതത്തില്‍ / ആശയത്തില്‍ മറ്റുള്ള എല്ലാവരും വിശ്വസിച്ചേ തീരൂ " എന്ന് പറയാത്ത എല്ലാവരേയും വര്‍ഗീയ വാദിയല്ലാത്തവര്‍ എന്ന് പറയാം. അതുപോലെ സ്വന്തമായി ഒരു ഉറച്ച ആശയമോ, നിലപാടോ, വിശ്വാസമോ ഇല്ലാത്തവരെയും, ഒന്നിന്നെ കുറിച്ചും ഒരു വ്യക്തമായ നിലപാട് ഇല്ലാത്തവരേയും വര്‍ഗ്ഗീയ വാദിഅല്ലാത്ത ഗണത്തില്‍ ഉള്‍പ്പെടുത്താം എന്ന് തോന്നുന്നു.
      ..
      ..
      excellent observation ... പറഞ്ഞതിനോട് യോജിക്കുന്നു .. ഇതോടു കൂടെ ഒന്നും കൂടി പറയാൻ ആഗ്രഹിക്കുന്നു . ഉറച്ച നിലപാടുകളും വിശ്വാസങ്ങളും ഉള്ള ആളുകളിലെല്ലാം ഒരു വർഗീയവാദി ഉണ്ടായേക്കാം എന്ന നിരീക്ഷണം മേൽപ്പറഞ്ഞതിൽ ഇല്ല എന്ന് വിശ്വസിക്കുന്നു. അങ്ങിനെ ഉള്ളവരും ഉണ്ടായിരിക്കാം ..പക്ഷേ അത് പൊതുവായി പറയാനാകില്ല താനും.

      വളരെയധികം നന്ദി ഡോക്ടർ .. വളരെ വ്യക്തമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചതിന് ..

      Delete
  21. ഒരുപാട് കാലത്തിനു ശേഷം വായിച്ചതിൽ ആദ്യത്തെ പോസ്റ്റ്‌ , ചിന്തിപ്പിക്കുന്ന ലേഖനം . ഓണ്‍ലൈൻ ലോകവും ,social networking sitesകളും മനുഷ്യനെ വീണ്ടും സങ്കുചിത മനോഭാവത്തിലേക്ക് തള്ളിവിടുകയാണ് എന്ന് തോന്നുന്നു ,അതോടൊപ്പം വ്യക്തി ജീവിതത്തിലും ബന്ധങ്ങളിലും വികലമായ ആശയങ്ങളും കാഴ്ചപ്പാടുകളും വളരാൻ കളമൊരുക്കുകയും ചെയ്യുന്നു . മണിക്കൂറുകളോളം നാം ചെലവിടുന്ന ഈ മായിക ലോകത്തു നിന്നും ഇടക്കെങ്കിലും പുറത്തു കടന്നെങ്കിൽ മാത്രമേ പച്ചയായ നമ്മുടെ ജീവിതത്തിൽ നമുക്ക് നഷ്ടമാകുന്നത് എന്തൊക്കെ എന്ന് മനസിലാക്കാൻ സാധിക്കു .ഓണ്‍ലൈൻ ലോകം നഷ്ടപ്പെടുത്തിയ സമയത്തിന്റെ വില ഇപ്പോൾ നന്നായി മനസിലാകുന്നു . മണിക്കൂറുകൾ ഫേസ് ബുക്ക്‌ ചർച്ചകളിൽ ചിലവഴിച്ചപ്പോൾ പലപ്പോഴും വീട്ടുകാർ ഫോണ്‍ ചെയ്‌താൽ രണ്ടു വാക്കിൽ സംസാരം ഒതുക്കുമായിരുന്നു . രണ്ടു മാസം മുമ്പ് എന്റെ മൂത്ത സഹോദരൻ ഞങ്ങളെ വിട്ടു പിരിഞ്ഞു,ഞാൻ ഓണ്‍ലൈൻ ലോകത്തിൽ ചെലവിട്ട സമയവും ഏട്ടൻ വിളിച്ചപ്പോൾ ശ്രദ്ധയില്ലാതെ സംസാരിച്ച സന്ദർഭങ്ങളും ഓർക്കുമ്പോൾ ഇന്ന് കടുത്ത നഷ്ട ബോധം തോന്നുന്നു . എപ്പോഴാണ് ഇത്തരം ആകസ്മിക സംഭവങ്ങൾ ജീവിതത്തിൽ നടക്കുക എന്നറിയില്ല അതുകൊണ്ട് ബന്ധങ്ങളെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്ന വിധത്തിൽ ഓണ്‍ലൈൻ ലോകം നമ്മളെ നമ്മളിലേക്ക് ചുരുക്കാതിരിക്കട്ടെ . കോർപ്പറേറ്റ്‌ ലോകത്തിന്റെ ഉപകരണങ്ങളായ് നാം മാറരുത് . ഇവിടെ ടെക്നോളജി കുറ്റക്കാരനല്ല , അത് ഒരുക്കിത്തന്ന പ്രതലത്തിൽ ആശയങ്ങൾ കൊണ്ടും , അഹന്തകൊണ്ടും , അതി വൈകാരികത കൊണ്ടും പ്രതികരിക്കുന്നതിലെ പിഴവും മനോഭാവവുമാണ്‌ പ്രതികൾ . സമൂഹത്തിന്റെ സ്വഭാവം എന്താണോ അത് കുറച്ചുകൂടി തീവ്രമായ് സോഷ്യൽ മീഡിയ പ്രതിഫലിപ്പിക്കുന്നു .ഇത്തരം ചിന്തകൾ തുടരുക പ്രവീണ്‍ .

    ReplyDelete
    Replies
    1. ശരിയാണ് വിനീത പറഞ്ഞത് . എനിക്കും ഈ പറഞ്ഞത് തോന്നാറുണ്ട് . വ്യക്തി ജീവിതത്തിലെ നല്ല കുറെ സമയങ്ങൾ ഓണ്‍ ലൈനിൻ വെറുതെ കത്തി തീരുന്നുണ്ട് പലപ്പോഴും . നല്ല സൌഹൃദങ്ങളും ബന്ധങ്ങളും ഓണ്‍ ലൈനിലും ഉണ്ട് എന്ന് ഞാൻ മറച്ചു വക്കുന്നില്ല . അതേ സമയം പലപ്പോഴും ഓണ്‍ ലൈനിൽ മാത്രമായി നമ്മൾ ഒതുങ്ങി കൂടുന്നുണ്ടോ എന്നും ഞാൻ സംശയിക്കുന്നു .. വിനീതയുടെ മൂത്ത സഹോദരന്റെ കാര്യം പറഞ്ഞപ്പോൾ ഞാനും പലതും ഓർത്ത്‌ പോകുന്നു . ശരിയാണ്, ഒരിക്കലും ഇതൊന്നും ഒരു ടെക്നോളജിയുടെ കുഴപ്പമല്ല . കുഴപ്പം അതെങ്ങനെയൊക്കെ ഉപയോഗിക്കണം എന്നറിയാത്ത മനുഷ്യരുടെയാണ്.

      Delete
  22. സമൂഹത്തെ കണ്ടു പഠിക്കണം എന്ന് കരുതിയാൽ ഇന്ന് സമൂഹമില്ല..! ഒറ്റയ്ക്കിരിക്കുന്നവർ ഒത്തു കൂടുന്ന സോഷ്യൽ മീഡിയകളിൽ വിഷവിത്തുകൾ പൊട്ടി മുളക്കുന്നു... എങ്ങും വെല്ലുവിളികൾ..! കലാപം വിതക്കാൻ തക്കം പാർതിരിക്കുന്നവർ വേറെയും .....!

    ReplyDelete
    Replies
    1. ഇത്തരം കാര്യങ്ങളെ അപലപിക്കാൻ മാത്രമായി നമ്മൾ വേറെ സമയം കണ്ടെത്തിയെണ്ടിയിരിക്കുന്നു ..

      Delete
  23. നല്ല നല്ല അഭിപ്രായങ്ങള്‍ മുകളില്‍ കണ്ടു...അധികമായാല്‍ അമൃതും വിഷം..

    ReplyDelete
    Replies
    1. അപ്പൊ നല്ല അഭിപ്രായങ്ങൾ അധികമായി കമെന്റ് ചെയ്‌താൽ അതും വിഷം ആകും ല്ലേ .. ഹി ഹി ..

      Delete
  24. തന്റെ മതം മാത്രം ശരിയെന്നും ബാക്കിയെല്ലാം മോശമെന്നും ആധികാരികമായി പ്രസ്താവിച്ചെടുക്കാൻ ചില കപട മത ജീവികൾ മത്സരിക്കുകയാണ്

    ഫെയ്ക്ക് ഐ ഡി കളാണ് സോഷ്യൽ നെറ്റ് വർക്കിലെ മറ്റൊരു പ്രധാന വിഭാഗം. ഇക്കൂട്ടർക്കാണ് സോഷ്യൽ നെറ്റ് വർക്കിലെ പരമാധികാരം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും പരസ്യമായി വിചാരണ ചെയ്യാനുള്ള അവകാശം പോലും ഇവർക്കുണ്ട്. ///// ഇഷ്ടമായി

    ReplyDelete