Thursday, September 13, 2012

ആത്മബലി


ഭ്രാന്തമായ സ്നേഹമായിരുന്നു അവളോട്‌ . അത് കൊണ്ട് തന്നെ ഒരു നിമിഷം കാണാതിരുന്നാല്‍, കുറച്ചു നേരം സംസാരിക്കാതിരുന്നാല്‍, ഞാന്‍ കരയില്‍ പിടിച്ചിട്ട മീനിനെ പോലെ പിടക്കുമായിരുന്നു. മുജ്ജന്മത്തില്‍ അവളെ പ്രേമിച്ചു മതി വരാതെ, വീണ്ടും അവള്‍ക്കായി പുനര്‍ജനിച്ച ഒരു വിശിഷ്ട   കാമുകനൊന്നും ആയിരുന്നില്ല  ഞാന്‍. ഒരു പ്രഥമ ദൃഷ്ടിയില്‍ വിരിഞ്ഞ മനോഹര പ്രണയവുമായിരുന്നില്ല എനിക്കവളോട്. അതെന്തായിരുന്നു എന്നറിയാനായി അവളറിയാതെ പല തവണ അവള്‍ക്കു പിന്നാലെയും മുന്നാലെയും കൂടെയും ഒരു അപരിചിതനെ പോലെ ഞാന്‍ നടന്നു. 

ഒടുക്കം എനിക്ക് ബോധ്യമായി, എന്‍റെ പ്രണയ സങ്കല്‍പ്പങ്ങളിലെ നായിക അവള്‍ തന്നെയാണെന്ന്.  പക്ഷെ, അതെങ്ങനെ അവളോട്‌ പറയും എന്നായിരുന്നു ഞാനെന്ന കാമുകന് നേരിടേണ്ടി വന്ന അടുത്ത വെല്ലുവിളി. പറഞ്ഞല്ലേ മതിയാകൂ, ഒടുക്കം അതവളോട്‌ വളച്ചൊടിക്കാതെ തന്നെ പറഞ്ഞു. അവളുടെ മറുപടി ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനായി കാത്തു നിന്നതുമില്ല കാരണം എനിക്കറിയാമായിരുന്നു, അവളെ പോലുള്ള ഒരു നാട്ടിന്‍പുറത്തുകാരി കുട്ടിക്ക്, ഒരു ശുദ്ധ പാവത്തിന് എന്നെ പോലുള്ളവരുടെ പ്രണയത്തെ സ്വീകരിക്കാന്‍ മടി കാണുമെന്ന്. അത് കൊണ്ട് നിരാശയൊന്നും  തോന്നിയില്ല. 

അതെ സമയം, അവളോടുള്ള  എന്‍റെ ഒറ്റയാള്‍ പ്രണയം തുടര്‍ന്ന് കൊണ്ടേയിരുന്നു. എനിക്കവളെ എന്ത് കൊണ്ടോ പ്രണയിച്ചേ മതിയാകുമായിരുന്നുള്ളൂ.   ആ പ്രണയത്തില്‍  ഞാന്‍ തന്നെ ഒരു ലഹരി കണ്ടെടുത്തു. ആ ലഹരിയില്‍ മതിമറക്കുന്ന എന്നെ കണ്ടിട്ടായിരിക്കാം അവള്‍  പിന്നീടെനിക്ക് ഭ്രാന്തമായ ഒരു സ്നേഹസമ്മാനം തന്നത്. അതെ, ഒടുക്കം അവള്‍ അനുകൂലമായ ഒരു മറുപടി പറഞ്ഞിരിക്കുന്നു. 

പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നത് മനസിലാക്കാനേ സാധിച്ചിരുന്നില്ല. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയം, അതിനൊടുക്കം അവള്‍ക്കെന്തായിരിക്കും സംഭവിച്ചു കാണുക ? എന്തിനായിരിക്കും അവളെന്നോട് വ്യക്തമായ ഒരു കാരണം പറയാതെ എങ്ങോട്ടോ പോയി മറഞ്ഞിട്ടുണ്ടാകുക ? അവളെന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടുണ്ടായിരുന്നില്ലേ? ഞാന്‍ എന്നോട് തന്നെ പല കുറി ചോദിച്ചു. 

ഒന്നിനും ഒരു വ്യക്തമായ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ഒരു മാനസികാവസ്ഥയിലേക്ക് ഞാന്‍ പതിയെ മാറിക്കഴിഞ്ഞിരുന്നു. ഉറക്കമില്ല, ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, കഴിച്ചാല്‍ തന്നെ അത് മുഴുവനും  ചര്‍ദ്ദിച്ചു കളയേണ്ട അവസ്ഥയുമായി . തന്മൂലം എന്‍റെ ആരോഗ്യ സ്ഥിതി ആഴ്ചകള്‍ക്കുള്ളില്‍ മോശമായി തുടങ്ങിയിരുന്നു. 

  എന്‍റെ അവസ്ഥ കണ്ട പലരും  പലതും ഉപദേശിച്ചു. പക്ഷെ, അപ്പോഴും  അവളോടുള്ള  ഭ്രാന്തമായ സ്നേഹം എന്നില്‍ കത്തി ജ്വലിച്ചു കൊണ്ടേയിരുന്നു. അതിനെ കെട്ടണക്കാന്‍ എനിക്ക് പോലും സാധിക്കുന്നില്ല. പക്ഷെ ഇതെല്ലാം അവളുണ്ടോ അറിയുന്നു? അങ്ങിനെയുള്ള ഒരു പെണ്ണിനെയാണോ ഞാന്‍ എന്‍റെ ജീവനേക്കാള്‍ സ്നേഹിച്ചത്  എന്നാലോചിക്കുന്ന  വേളയില്‍ മനസ്സില്‍ കുറ്റബോധവും പൊങ്ങി തുടങ്ങുന്നു. 

മുറിയിലെ, ഇരുട്ടില്‍ ഒറ്റക്കിരിക്കുമ്പോള്‍ കിട്ടുന്ന മാനസിക സുഖം ഞാന്‍ പതിയെ അറിയാന്‍ തുടങ്ങി. ഒറ്റപ്പെടലുകള്‍ക്ക് വല്ലാത്തൊരു ശക്തി മനസ്സിന് ചിലപ്പോള്‍ തരാന്‍ സാധിച്ചെന്നു വരാം. വെളിച്ചത്തെ ഭയമായി തുടങ്ങിയിരിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ചെല്ലാന്‍ പേടി, ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിക്കാന്‍ പേടി, ആരെങ്കിലും സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ അവരെ സംശയം, അങ്ങിനെ എന്തൊക്കെയോ മനസ്സില്‍ തോന്നിക്കൊണ്ടെയിരിക്കുന്നു. മനസ്സ് എന്‍റെ കൈ വിട്ടു പോയിരിക്കുന്നു എന്ന സത്യത്തെ ഞാന്‍ അംഗീകരിച്ചേ മതിയാകൂ. 

ഇരുട്ടുമുറിയിലെ വാതിലും ജനാലകളും ആരോ ശക്തമായി  തുറക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ആ ശബ്ദം വല്ലാത്തൊരു ഭീകരതയാണ് എനിക്ക് സമ്മാനിക്കുന്നത്. ആ ശബ്ദത്തില്‍. പലപ്പോഴും ഞാന്‍ ഞെട്ടി തെറിക്കുന്നു. എന്‍റെ ഹൃദയ മിടിപ്പുകള്‍ കൂടി കൊണ്ടേയിരിക്കുന്നു. ആരായിരിക്കാം എന്‍റെ മുറി സമ്മതമില്ലാതെ ഏത് സമയത്തും തുറന്നു കൊണ്ട് വരുന്നത് ? ആരാണ് എന്‍റെ മുറിയിലേക്ക് വെളിച്ചം തുറന്നു വിടുന്നത് ? ഞാന്‍ എത്ര പൂട്ടിട്ടു പൂട്ടിയാലും ആ വാതില്‍ വീണ്ടും വീണ്ടും  തുറക്കപ്പെട്ടു കൊണ്ടേയിരുന്നു . 

അവള്‍ പോയതിനു ശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല. എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടു ആഴ്ചകള്‍   കഴിഞ്ഞിരിക്കുന്നു. എന്‍റെ കണ്ണുകളിലെ കറുപ്പ് അതിന്‍റെ തടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഒന്ന് സുഖമായി ഉറങ്ങണം എന്ന ആഗ്രഹത്തിനാണ് ഞാന്‍ ഇപ്പോള്‍ എന്തിനേക്കാളും മുന്‍‌തൂക്കം കൊടുക്കുന്നത്. അതിനെനിക്കു സാധിക്കുമോ ഇനിയെങ്കിലും ? 

കണ്ണുകള്‍ സാവധാനം  അടക്കാന്‍ ശ്രമിക്കവേ വാതില്‍ വീണ്ടും തുറക്കപ്പെട്ടു.മുറിയില്‍ വെളിച്ചം വീണ്ടും നിറഞ്ഞു.ഇത്തവണ മുറിയിലേക്ക് പടര്‍ന്നു വന്ന  ആ വെളിച്ചത്തിന് നടുക്ക്,  നീട്ടിപ്പിടിച്ച കൈകളുമായി , ഒരു പ്രണയാലിംഗനത്തിനായി   എന്നെ ക്ഷണിക്കുന്ന ഒരു നിഴലിനെ കൂടി എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ആ ക്ഷണം എന്ത് കൊണ്ടോ എനിക്ക് നിരസിക്കാന്‍ സാധിച്ചില്ല. ശരീരത്തിന്‍റെ ക്ഷീണം കണക്കാക്കാതെ ആടിക്കുഴഞ്ഞു കൊണ്ട് ആ നിഴലിലേക്ക്‌ ഞാന്‍ അല്‍പ്പം സമയം കൊണ്ട്  നടന്നെത്തി. 

 നിഴലുമായുള്ള ആലിംഗനത്തില്‍ എനിക്കവളുടെ ഗന്ധം തിരിച്ചറിയാന്‍ സാധിച്ചു. ആ ശ്വാസം ഞാന്‍ എന്നിലേക്ക്‌ കൂടുതല്‍ വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. എന്‍റെ ശ്വാസത്തെ ഞാന്‍ മറക്കുന്നു. അവളോട്‌ പണ്ടുണ്ടായിരുന്ന ഭ്രാന്തമായ സ്നേഹത്തിന്‍റെ പതിന്മടങ്ങ്‌ അവളുടെ ഗന്ധമുള്ള നിഴലുമായി ഞാന്‍ പങ്കു വച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ നിഴലില്‍ ഞാന്‍ അലിഞ്ഞു. ആ വെളിച്ചത്തില്‍ ഞങ്ങളുടെ നിഴലുകളും.

-pravin- 

54 comments:

 1. ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
  വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
  എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
  നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..(രേണുക)

  ReplyDelete
  Replies
  1. നല്ല അര്‍ത്ഥമുള്ള വരികള്‍. ,.. ഈ കവിത ഞാന്‍ കേട്ടിട്ടുണ്ട് ..രേണുകക്ക് നന്ദി.

   ആദ്യ വായനക്കും അഭിപ്രായത്തിനും സ്പെഷ്യല്‍ നന്ദി മുബിക്കും.

   Delete
 2. കഥ നന്നായിരിക്കുന്നു പ്രവീണ്‍... പൂര്‍ണമായും ഒരു ഫാന്റസി ലോകത്തെത്തിയപോലെ. പ്രണയം അങ്ങനെ തന്നെ ആയിരിക്കണം, അല്ലെങ്കില്‍ അങ്ങനെ ആണെങ്കില്‍ മാത്രമേ അതിനെ പ്രണയം എന്ന് വിളിക്കാന്‍ പറ്റൂ...

  ReplyDelete
  Replies
  1. അനുഭവങ്ങളില്‍ നിന്നുള്ള ഏടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന പുസ്തകത്തിന്‌ നല്ല വായന സമ്മാനിക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്നു വരും. അത് നല്ലതെന്ന് വായനക്കാര്‍ പറയുമ്പോള്‍ എഴുത്തുകാരനും സന്തോഷം. ഒരു പക്ഷെ , വായനക്കാരന് വായിച്ചു മറക്കാനുള്ള വെറുമൊരു കഥ മാത്രമായിരിക്കാം ഇതെല്ലാം. അടച്ചു കിടക്കുന്ന പുസ്തകങ്ങളില്‍ മോചനം കൊതിച്ചു ഒരുപാട് വാചകങ്ങളുണ്ട്. ആ വാചകങ്ങളെ മനസ്സിലേറ്റി എഴുത്തുകാരന്റെ വേദനയെ അല്ലെങ്കില്‍ അത് പോലെയുള്ള മറ്റ് വികാര വിചാരങ്ങളെ ഏറ്റു വാങ്ങുന്നവനാണ് യഥാര്‍ത്ഥ വായനക്കാരന്‍.,. അവനാണ് എഴുത്തുകാരനെ മനസിലാക്കുന്നവന്‍ , അവന്‍ തന്നെയാണ് നല്ല വിമര്‍ശകനും.

   അരുണ്‍ ...വായന ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ..നന്ദി.

   Delete
 3. പ്രണയം ഒരു വിഭ്രാന്തി ആയി സിരയില്‍ പടര്‍ന്നാല്‍ പിന്നെ ആ ലഹരിയില്‍ മനുഷ്യര്‍ എല്ലാം മറക്കും ,കണ്ണില്‍ ഒരു ചിത്രം മാത്രമേ തെളിയൂ ,മനസ്സില്‍ ഒരു കാര്യം മാത്രമേ ചിന്തിക്കൂ....
  പ്രണയ തീവ്രത നന്നായി അവതരിപ്പിച്ചു പ്രവീ , ആശംസകള്‍ !!!

  ReplyDelete
  Replies
  1. ഈ അഭിപ്രായത്തിനും നിരീക്ഷണത്തിനും ഒത്തിരി നന്ദി ജോമോന്‍...,..

   Delete
 4. പിടിച്ചു വാങ്ങുന്നതൊന്നും പ്രണയമല്ല.

  ReplyDelete
  Replies
  1. ശരിയാണ് പിടിച്ചു വാങ്ങുന്ന പ്രണയത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇവിടെ അങ്ങിനെ തോന്നിയോ ? ഒറ്റയാള്‍ പ്രണയ ലഹരിയില്‍ മതി മറക്കുന്നവനോട് അവള് തന്നെയല്ലേ അനുകമ്പ കാണിച്ചതും തിരിച്ചു പ്രണയിച്ചതും ?

   നിരീക്ഷണം പങ്കു വച്ചതിനു നന്ദി ജോസൂ ..

   Delete
 5. പ്രണയം അതിന്റെ വൃത്തത്തില്‍ ചുറ്റികറങ്ങുന്നത് മനോഹരമായി തന്നെ വിവരിച്ചു പ്രവീ...പ്രണയിക്കുക ആരെയും സ്വന്തമാക്കനല്ല ആരുടെയോക്കെയൂ സ്വന്തമാവാന്‍ :)

  ReplyDelete
  Replies
  1. പ്രണയം ചിലപ്പോള്‍ ഇത് രണ്ടും അല്ലാതെ അവസാനിക്കുന്നുണ്ട് ... വൃത്തങ്ങളെ ഭേദിച്ച് ദിശയില്ലാതെ ചുറ്റിക്കറങ്ങുന്ന ഒരു ഭ്രാന്ത വികാരമാണ് പ്രണയമെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും.

   നന്ദി അനീഷ്‌..

   Delete
 6. തോന്നലുകളില്‍ ഒരു പ്രണയ തൂവല്‍ കൂടി തുന്നി ചേര്‍ത്തിരിക്കുന്നു പ്രവീണ്‍
  നന്നായിപ്പറഞ്ഞു. അഭിനന്ദനങ്ങള്‍

  ReplyDelete
 7. നന്നായി. അവസാന പാരഗ്രാഫ് കൂടുതല്‍ ഇഷ്ടപ്പെട്ടു പ്രവീണ്‍..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി ജെഫു.

   Delete
 8. പ്രണയം ഇന്നുമെനിക്കൊരു അജ്ഞാത പ്രഹേളികയാണ്. പിടിത്തം തന്നിട്ടില്ലിത് വരെ. :)

  ReplyDelete
  Replies
  1. ഭാഗ്യവാന്‍...,..അസൂയ തോന്നുന്നു പ്രണയിക്കാത്തവരെ കാണുമ്പോള്‍ ....

   Delete
 9. പ്രണയം തളിര്‍ത്തു പൂത്തു വിടര്‍ന്ന മനസ്സിന്‍റെ വിക്ഷോഭങ്ങള്‍ തന്മയത്വത്തോടെ
  അവതരിപ്പിച്ചിരിക്കുന്നു കഥയില്‍.
  ആശംസകളോടെ

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ ...

   Delete
 10. രേണുക തന്നെയാണു ഞാനും പാടാൻ വന്നത്

  ReplyDelete
  Replies
  1. എന്നിട്ടെന്തേ സുമോ പാടാഞ്ഞത്.? ആ കവിത ഒരു സംഭവം തന്നെ ല്ലേ ?

   Delete
 11. മനോഹരമായ ഒരു പ്രണയ കഥ, അവൾ എന്തിന് തന്നെ വിട്ട് പോയി എന്നിടത്ത് ഒരു വ്യക്തത വരുത്താമായിരുന്നു എന്ന് തോന്നിയെങ്കിലും കഥ അവസാനിപ്പിച്ചത് ഈ രീതിയിലായതിനാൽ ഇത് തന്നെ ഉചിതം. പ്രവീണിന്റെ എഴുത്തിലെ ഗ്രാഫ് ഉയരുന്നുണ്ട്. ആശംസകൾ

  ReplyDelete
  Replies
  1. ഒരു ഊക്കിനു എഴുതിയതാണ് .. അല്‍പ്പം ആത്മാംശം ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ , അത് കൊണ്ടായിരിക്കാം വലിയ കുഴപ്പമില്ലാതെ വായനക്കാരന് വായിക്കാന്‍ പറ്റിയത് .

   എന്തയാലും നന്ദി മോഹി , അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ...

   Delete
 12. പ്രണയം ഭ്രാന്തമാണോ.. എനിക്കറിയില്ല.. ഇതുവരെ ആരെയും ഭ്രാന്തമായി പ്രണയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് സത്യമാണോ എന്ന് മനസാക്ഷി എന്നോട് കുത്തി കുത്തി ചോദിക്കുന്നു.. ഒരു തിരശീലയിലെന്നപോലെ നിഴലുകള്‍ എന്‍റെ മുന്‍പില്‍ വന്നു മറയുന്നു.. വീണ്ടും ഒരു തിരിച്ചുപോക്കിലാത്തത് മറയത് തന്നെ ഇരിക്കുന്നതല്ലേ നല്ലത്.. പക്ഷെ ഓര്‍മ്മകള്‍ തിരിച്ചു വിളിക്കിക്കുന്നു.. ഇപ്പോള്‍ ഞാന്‍ സമ്മതിക്കുന്നു പ്രണയം ഭ്രാന്തമാണ്..

  ReplyDelete
  Replies
  1. ഹ..ഹ... പ്രണയം ഭ്രാന്തമല്ല. അതൊരു അപൂര്‍വ സ്വര്‍ഗീയ വികാരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ അത് പലപ്പോഴും നമ്മളെ ഭ്രാന്തു പിടിപ്പിക്കാറുണ്ട് ശ്രീജിത്ത് പറഞ്ഞ പോലെ. എന്തയാലും ഇത് വായിച്ചപ്പോള്‍ ഓര്‍മകള്‍ തിരിച്ചു കിട്ടിയല്ലോ. അതു മതി. സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും.

   Delete
 13. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയം, അതിനൊടുക്കം അവള്‍ക്കെന്തായിരിക്കും സംഭവിച്ചു കാണുക ? എന്താ സംഭവിച്ചേ?.... കഥയില്‍ ചോദ്യമില്ല അല്ലെ :-) :-)

  ReplyDelete
  Replies
  1. അല്ല. കഥയില്‍ തീര്‍ച്ചയായും ചോദ്യങ്ങള്‍ വേണം . വായനക്കാരന്‍ അല്ലെങ്കില്‍ ആസ്വാദകന്‍ അത് മനസിലാക്കാത്ത പക്ഷം എഴുത്തുകാരനോട്‌ ചോദിക്കാം .. ഇവിടെ അവള്‍ക്കെന്താണ് സംഭവിച്ചതെന്നു ആര്‍ക്കും അറിയില്ല എന്നുള്ളത് കൊണ്ട് ഒരു ചോദ്യത്തിന് പ്രസ്കതിയില്ല എന്നാണു ഞാന്‍ കരുതുന്നത് ..

   നന്ദി അമ്മാച്ചു...

   Delete
 14. നന്നായിട്ടുണ്ട് ,തുടരുക

  ReplyDelete
 15. ആ പ്രണയം എനിക്കിഷ്ട്ടപെട്ടു ...!
  ഇതു വായിച്ചപ്പോള്‍ ശ്യാമപ്രസാദിന്റെ അരികെ(so close)യിലൂടെ
  സഞ്ചരിക്കുന്ന പ്രതീതിയായിരുന്നു എനിക്ക്.
  പ്രണയം എന്റെയൊരു വീക്നെസ്സാണ് !
  ആശംസകളോടെ...
  അസ്രുസ്.

  ReplyDelete
  Replies
  1. "അരികെ " സിനിമയില്‍ ശന്തനു കല്‍പ്പനയെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ട് ...കല്‍പ്പന ശന്തനുവിനെ വിട്ടു പോകാന്‍ തീരുമാനിച്ചതിനു പിന്നിലെ ന്യായീകരണം രണ്ടു മൂന്നു തരത്തില്‍ പ്രേക്ഷകന് ഊഹിച്ചെടുക്കാന്‍ സാധിക്കും . ഇവിടെ അതൊന്നുമില്ല. തികച്ചും അജ്ഞാതമാണ് കാരണം.

   ആത്മാശം ഉള്‍പ്പെടുത്തിക്കൊണ്ട് കഥ പറയുമ്പോഴാണ് പലപ്പോഴും കെട്ടു കഥകളെക്കാള്‍ അവിസ്വനീയത വായനക്കാരന് തോന്നുക എന്നാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. എന്ത് ചെയ്യാം യാദൃക്ശ്ചികമാണ് എല്ലാം എന്ന് ആശ്വസിക്കാനെ സാധിക്കുന്നുള്ളൂ .

   തുറന്ന അഭിപ്രായത്തിനു നന്ദി അസ്രുസ്

   Delete
 16. പ്രണയം ചിലപ്പോള്‍ സ്വര്‍ഗ്ഗവും ചിലപ്പോള്‍ നരകവും ആയി മാറുന്നു...
  പ്രണയം ചിലപ്പോള്‍ നമ്മെ ഭ്രാന്തനാക്കുന്നു....


  നിഴലുമായുള്ള ആലിംഗനത്തില്‍ എനിക്കവളുടെ ഗന്ധം തിരിച്ചറിയാന്‍ സാധിച്ചു. ആ ശ്വാസം ഞാന്‍ എന്നിലേക്ക്‌ കൂടുതല്‍ വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. എന്‍റെ ശ്വാസത്തെ ഞാന്‍ മറക്കുന്നു. അവളോട്‌ പണ്ടുണ്ടായിരുന്ന ഭ്രാന്തമായ സ്നേഹത്തിന്‍റെ പതിന്മടങ്ങ്‌ അവളുടെ ഗന്ധമുള്ള നിഴലുമായി ഞാന്‍ പങ്കു വച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ നിഴലില്‍ ഞാന്‍ അലിഞ്ഞു. ആ വെളിച്ചത്തില്‍ ഞങ്ങളുടെ നിഴലുകളും.

  അവസാന പാരഗ്രാഫ് ചീറി...

  ReplyDelete
  Replies
  1. അബ്സര്‍ ഭായ്. ഈ എഴുതി വന്നതില്‍ എനിക്കും ആ അവസാന ഭാഗം തന്നെയാണ് ഇഷ്ടമായത് ...
   വായനക്കും അഭിപ്രായത്തിനും നന്ദി ..

   Delete
 17. പ്രവീണേ നന്നായി , ഇനിയും വരാം, ആശംസകള്‍

  ReplyDelete
 18. ഇതേ കുറിച്ച് പറയാന്‍ ആണെങ്കില്‍ ഒരുപാടുണ്ട് ,ആദ്യം വായിച്ചപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു . ഇതു ഭ്രാന്തമായി പ്രണയിച്ച ഓരോരുത്തരുടെയും കഥയാണ് ,അനുഭവമാണ് , ജീവിതമാണ് .

  "മൌനത്തിന്റെ ഇടനാഴിയില്‍ വാക്കുകള്‍ പകരാന്‍ മറന്ന നിത്യ സൗകുമാര്യ ശോഭയുടെ നിദ്രാ വിഹീനമായ അനന്ത വിഹായസ്സാണ് പ്രണയം"

  ReplyDelete
  Replies
  1. വിനീത മാത്രമാണ് ഈ എഴുത്ത് രണ്ടു തവണ a വായിക്കുകയും രണ്ടു തവണ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ഒരേ ഒരു വ്യക്തി . അതിനു സ്പെഷ്യല്‍ നന്ദി ഉണ്ട് ട്ടോ.

   ആ അവസാനം എഴുതിയ വരികള്‍ വല്ലാത്തൊരു നിര്‍വചനം തന്നെ. എവിടെയും അധികം കേട്ടിട്ടില്ല.

   Delete
 19. വാതിലിലൂടെ വന്ന വെളിച്ചത്തിനു മറയായി കടന്നു വന്ന നിഴല്‍ പ്രണയിനിയുടെ ആത്മാവായിരിക്കും, ആ കാന്തിക പ്രഭാ വലയത്തില്‍ ആഘര്ഷിതന്‍ ആയ നായകന്‍ തന്നിലേക്ക് അവള്‍ ഇഴുകി ചേരുകയാണെന്നു തോന്നി, ശ്വാസം മറക്കുക എന്നത് മരണത്തിലേക്കുള്ള തയാറെടുപ്പ് ആയിരിക്കും, നിഴലുകള്‍ തമ്മില്‍ അലിഞ്ഞു ചേരുമ്പോള്‍ നായകന്‍ നായികയ്ക്ക് ഒപ്പം പര ലോകത്തേക്ക് യാത്രയാക്കപെടുന്നു.

  അവസാന വരികളിലെ അര്‍ഥം ഒന്ന് വ്യാഖ്യാനിച്ചു നോക്കിയതാ, ശരിക്കും പറഞ്ഞാ ഈ പ്രേമത്തിന്റെ ബാക്കി പത്രം "നിഴലാ, വ്യാപ്തം ഇല്ലാത്തത്, അതിനാല്‍ തന്നെ പ്രണയത്തിന് ശേഷം ഉള്ള കുറ്റബോധം സ്വാഭാവികം. എഴുത്തിന്റെ ശൈലിയില്‍ ഉള്ള ഈ മാറ്റം അത്ഭുത പെടുത്തുന്നു, പഴയ കഥകളിലെ ആഖ്യാനങ്ങളില്‍ നിന്നുള്ള ഈ വേറിട്ട ശൈലിക്ക് ആശംസകള്‍.

  ReplyDelete
  Replies
  1. എന്‍റെ പോസ്റ്റുകള്‍ വായിക്കുന്നവരില്‍ എല്ലാ തവണയും വ്യത്യസ്തമായ നിരീക്ഷണവും അഭിപ്രായവും പറയുന്ന ഒരേ ഒരാള്‍ ജ്വാല മാത്രമാണെന്ന് എനിക്ക് പറയേണ്ടി വരും. ഇന്നും അത് തന്നെ സംഭവിച്ചു . വ്യഖ്യാനം ഇഷ്ടപ്പെട്ടു.

   പിരിഞ്ഞു പോയ കാമുകിക്ക് ഒരു പക്ഷെ ന്യായീകരണം പറയാന്‍ ഇല്ലായിരിക്കാം , പക്ഷെ നിഴലുകള്‍ക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു. ഞാന്‍ കാത്തിരുന്നത് കാമുകിയുടെ തിരിച്ചു വരവിനു വേണ്ടിയാണെങ്കിലും എന്നെ തേടി വന്നത് അവളുടെ ഗന്ധമുള്ള നിഴലുകളായിരുന്നു. നിഴലിലേക്ക്‌ നടന്നു അടുക്കുമ്പോഴും എന്‍റെ പ്രതീക്ഷ അതവള്‍ തന്നെയായിരിക്കും എന്നതായിരുന്നു. അടുത്തെത്തിയ ശേഷമുള്ള ഒരു തരം ആകര്‍ഷണം , ഒരു പക്ഷെ ആ ഗന്ധത്തിന്റെ ..അതാണ്‌ എന്നെ ..പിന്നീട് അതിലലിയുക എന്നത് മാത്രമായിരുന്നു എനിക്കുണ്ടായിരുന്ന നിയോഗം...

   നന്ദി ജ്വാല , വിശദമായ നിരീക്ഷണത്തിനും അഭിപ്രായത്തിനും.

   Delete
 20. പ്രണയം കാലത്തിന്റെ മാറിൽ ഓടും, എനിട്ട് വരും തലമുറക്ക് മാറ്റികൊണ്ട് പ്രണയിക്കാൻ കൊടുക്കും

  ReplyDelete
  Replies
  1. പ്രണയം ഓടിക്കൊണ്ടെയിരിക്കുന്നു...കാലത്തിന്‍റെ നെഞ്ഞിടുപ്പുകളില്‍ കൂടി ..ചിലപ്പോള്‍ അത് കേള്‍ക്കാതെ..ചിലപ്പോള്‍ ആ താളത്തില്‍...,...

   നന്ദി ഷാജു ...

   Delete
 21. പ്രണയം ഭ്രാന്തമായ ഒരു ആവേശമായി മാറുന്ന അവസ്ഥാവിശേഷങ്ങള്‍ ഉണ്ട്. ഇവിടെയും പ്രണയിനിയുടെ പുറകെ സര്‍വവും ത്യജിച്ചു മനസ്സിനെ മേയാന്‍ വിടുന്ന കഥാകൃത്ത് കഥാന്ത്യം മുറിയില്‍ എത്തുന്ന നിഴലില്‍ പോലും അവളുടെ രൂപവും ഗന്ധവും കാണുന്നു. അറിയുന്നു ,, അതെ പ്രവീണ്‍ .. ആ അവസാന പാരഗ്രാഫ് തന്നെയാണ് ഈ കൊച്ചു കഥയുടെ പ്രധാന ഹൈ ലൈറ്റ്...

  ഇഷ്ടായി .. അനുഭവ സമാനമെന്നു തോന്നും വിധം ഉള്‍ക്കൊണ്ട് എഴുതിയ ഈ കൊച്ചു കഥ !!

  ReplyDelete
  Replies
  1. വേണുവേട്ടാ ....ഈ നല്ല നിരീക്ഷണത്തിനു ഒത്തിരി നന്ദി. അവസാന പാരഗ്രാഫ് ഞാന്‍ പോലും അറിയാതെ എഴുതുന്നതിടിയില്‍ സംഭവിച്ചു പോയതാണ് എന്ന് മാത്രമേ എനിക്ക് പറയാനാകുന്നുള്ളൂ...വായിച്ച അധിക പേര്‍ക്കും ആ ഭാഗം ഇഷ്ടപ്പെട്ടു എന്നത് എന്നെ അതിശയപ്പെടുത്തി സത്യത്തില്‍..,.

   നന്ദി വേണുവേട്ടാ.

   Delete
 22. പ്രവീടെ പ്രണയം അപ്പൊ ഇങ്ങനൊക്കെ തന്നെ ...:)
  അവസാന പാരഗ്രാഫ് അതെനിക്കും ഏറെ ഇഷ്ടായി ട്ടോ ...!!

  ReplyDelete
  Replies
  1. ങ്ങും. അങ്ങിനെയൊക്കെ തന്നെയാണ് പ്രണയം എന്ന് എന്നെയും ഒരു കാലത്ത് ബോധ്യപ്പെടുത്തിയിരിക്കുന്നു. അത് കൊണ്ട്, ഈ എഴുത്തില്‍ എന്‍റെ ഭാവന വളരെ കുറവായിരുന്നു . അവസാന പാരഗ്രഫ് , അത് എഴുതുന്നതിടയില്‍ ഞാന്‍ പോലും അറിയാതെ സംഭവിച്ചതാണ് . പക്ഷെ എല്ലാവര്‍ക്കും ഇതാണ് ഇഷ്ടമായതെന്നു കേള്‍ക്കുമ്പോള്‍ സന്തോഷം.

   നന്ദി കൊച്ചുമോള്‍.

   Delete
 23. വാക്കുകളില്‍ നിറച്ചു വയ്ക്കുന്ന പ്രണയ കുളിരിനുമപ്പുറം
  അതു മനസ്സിലുണ്ടാക്കുന്നൊരു തരം അവസ്ഥയുണ്ട് ..
  അതു അനുഭവിച്ച് തന്നെയാകാണം , ഉദാത്തമായ പ്രണയമെന്ന
  വികാരത്തേ അതിന്റെ എല്ലാ കോണുകളിലും ചെന്ന് സ്പര്‍ശിച്ചവന്റെ
  വരികള്‍ പൊലെ , ആ മനസ്സിന്റേ തലങ്ങള്‍ പൊലെയീ വരികള്‍ ..
  ചിലത് നാം പൊലും അറിയാതെ വന്നു ചേരും , ചിലത് നമ്മള്‍
  തേടീ ചെല്ലും , കാലം കൊണ്ട് നെഞ്ചേറ്റിയത് കാലത്തിലൂടെ -
  മുന്നിലൂടെ ഒലിച്ച് പൊകുമ്പൊള്‍ മനസ്സ് ആദ്യമായ് വേനലറിയും ,
  ഒരു വലിയ പ്രണയമഴക്ക് ശേഷം അതു നമ്മേ തളര്‍ത്തും ..
  പിന്നേ മനസ്സ് നമ്മുടേതെന്ന് പറയുവാനാകാതെ ഒഴുകും ...
  നഷ്ടപെടുന്നവനേ അതിന്റെ വേവറിയൂ , ആ മനസ്സിനേ
  നല്ല വാക്കുകളിലൂടെ നന്നായി പകര്‍ത്തീ പ്രവീ ...
  സ്നേഹാശംസ്കള്‍ പ്രീയ സഖേ ...

  ReplyDelete
  Replies
  1. റിനിയുടെ അഭിപ്രായവും നിരീക്ഷണവും വായിക്കുന്ന സമയത്ത് ഒരു പ്രത്യേക വായന സുഖമാണ്. റിനിയുടെ അഭിപ്രായത്തിലെ പ്രണയ വര്‍ണ്ണന ഒത്തിരി ഇഷ്ടമായി. പൂര്‍ണമായും യോജിക്കുന്നു. സ്നേഹാശംസകള്‍ റിനീ.

   Delete
 24. നന്നായിട്ടുണ്ട്.. തീവ്ര അനുരാഗത്തിന്റെ തീക്ഷ്ണത വായനക്കാരിലും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി അനശ്വര ..

   Delete
 25. ആർദ്രവും, ലയസാന്ദ്രവുമായ ഈ പ്രണയകഥ ഏറെ ഇഷ്ടമായി.
  ഇങ്ങനെ ചില വരികളാണ്‌ എഴുതാൻ തോന്നിയത്‌ -

  നിഴലുകളല്ലാതെയെന്തുണ്ടു ജീവന്റെ
  നിയമങ്ങളില്ലാത്ത വീഥി തൻ തോന്നലിൽ?
  അഴലിൽ വന്നാർദ്രമെന്നേകാന്ത ജീവനിൽ
  അണയാത്ത നാളം തെളിച്ചു മായുന്നു നീ...

  ReplyDelete
  Replies
  1. അര്‍ത്ഥവത്തായ വരികള്‍ ഏറെ ഇഷ്ടമായി. എന്‍റെ തോന്നലുകള്‍ക്ക് ഉചിതമായ വരികള്‍ സമ്മാനിച്ചതിന് നന്ദി വിജയെട്ടാ .

   Delete
 26. പ്രണയത്തിനു പല ഭാവങ്ങള്‍ .. ഇത് അതിന്റെ വിഭ്രാന്തമായ ഒരു ഭാവം.. ബോധത്തിന്റെയും അബോധതിന്റെയും ഇടയില്‍ ഉള്ള ചിന്തകള്‍ പോലെ തോന്നിച്ചു.. ഒരു കഥ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഈ രീതിയില്‍ ഉള്ള കഥാഖണ്‍ഡങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരു ഭാവത്തെ മാത്രം വിശദീകരിക്കുന്നവ. ആ രീതിയില്‍ വായനാസുഖം ഉണ്ട്. അവസാന പാരഗ്രാഫ് അതിമനോഹരം

  ReplyDelete
  Replies
  1. അതെ നിസാരാ ... ഇതിനെ ഒരിക്കലും ഒരു കഥയായി വിശേഷിപ്പിക്കാന്‍ എനിക്കും തോന്നിയില്ല. പക്ഷെ പലരും ഇതിനെ അനുഭവമോ , കഥയോ മാത്രമായി വായിച്ചു പോയോ എന്നൊരു സംശയം ഉണ്ട് . പ്രണയം അകാരണമായി നഷ്ട്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ അല്ലെങ്കില്‍ നീ പറഞ്ഞ പോലെ ഭാവം, അതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് പറഞ്ഞു വന്നത്. ആദ്യ പകുതി പലതും പലരുടെയും അനുഭവങ്ങള്‍ തന്നെയാണ്. അവസാന ഭാഗം മാത്രമാണ് എന്‍റെ തോന്നലുകള്‍ ...

   തുറന്ന നിരീക്ഷണത്തിനു നന്ദി നിസാര്‍ ...

   Delete
 27. ആത്മാര്‍ത്ഥമായിട്ടുള്ള പ്രണയം ജീവിതത്തിലെ ഒരനുഭൂതി തന്നെയാണ്.നന്നായി അവതരിപ്പിച്ചിരിക്കുന്നു..

  ReplyDelete