Sunday, November 10, 2013

ഒടുക്കലത്തെ സാഹസിക യാത്ര- 5 - അവസാന ഭാഗം

 ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം നാലാം ഭാഗം  വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

മുന്നിലായി  നടന്നവർ പെട്ടെന്ന് ബ്രേയ്ക്കിട്ട പോലെ നിന്നപ്പോൾ എല്ലാവരും ഒരു കരുതലോടെ നിലയുറപ്പിച്ചു. കണ്ണിലാണോ ഹൃദയ മിടിപ്പ് എന്ന് തോന്നും വിധം ഞങ്ങളുടെ കണ്ണുകൾ ഒരു മിടുപ്പോടെ വേഗത്തിൽ അടഞ്ഞും തുറന്നും കൊണ്ടേയിരുന്നു. ചുറ്റും നിശബ്ദമായപ്പോൾ ചെവിയുടെ ശക്തി കൂടുതലായി. അടുത്തെവിടെയോ പൊന്തക്കാട്ടിൽ ഇലകൾ ഉരസുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് മുന്നിലുള്ള ആൾ കൂർത്ത ഒരു കമ്പ് വലിച്ചെറിഞ്ഞു. ആ സമയത്ത് പൊന്തയിലെ ഇളക്കം ഒന്ന് കൂടി അടുത്തേക്ക്‌ വന്ന പോലെയായി. അതിനിടയിൽ ആരോ ഒരാൾ പടക്കം പോലെ എന്തോ ഒന്ന് തീയിൽ കൊളുത്തി പൊന്തയിലെക്കു എടുത്തെറിഞ്ഞു. അത് പൊട്ടിയതും പൊന്തയിൽ നിന്ന് ഒരു രൂപം മിന്നൽ വേഗതയിൽ ഞങ്ങൾ നിന്നിരുന്നതിനു  വലതു ഭാഗത്തായുള്ള വഴിക്ക് മുകളിലൂടെ ചാടി ഓടി. ഒരു മിന്നായം പോലെ പുലിയുടെ ദേഹത്തെ മഞ്ഞ നിറം കണ്ടതായി ഓർക്കുന്നു. അത് പോയ വഴിയെ ലക്ഷ്യമാക്കി ആളുകൾ കൈയ്യിലുള്ള പലതും വലിച്ചെറിഞ്ഞു. ഗുണ്ട് പോലുള്ള പടക്കങ്ങൾ കുറെയധികം ആ വഴിയിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു കൊണ്ടേയിരുന്നു. 

പുലി പോയെന്നുറപ്പിച്ച ശേഷം കുറച്ചു പേർ പൊന്തയിലെക്കു ചാടി ഇറങ്ങി. ടോർച്ച് വെളിച്ചത്തിൽ ആദ്യം കണ്ടത് പച്ച ഇലകളിൽ നിന്ന് ഒറ്റി വീഴുന്ന ചോരയാണ്.അത് കണ്ടതും ഞാനും ടോമും പിന്നോക്കം നിന്നു. കൂടെയുള്ള ബാക്കി ആളുകൾ നീളമുള്ള ചാക്കും കുറെ തുണികളും തയ്യാറാക്കി എന്തിനോ വേണ്ടി കാത്തു നിൽക്കുകയായിരുന്നു. അപ്പോഴേക്കും പൊന്തയിലേക്ക് ഇറങ്ങിപ്പോയവർ  ചോര കിനിയുന്ന ഒരു ശരീരവുമായി പുറത്തേക്ക് വന്നു. അതിനു ജീവനില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. കാരണം ആ ശരീരത്തിന്റെ തല ഒടിഞ്ഞു തൂങ്ങുകയും, ഒരു കൈ അറ്റ നിലയിലുമായിരുന്നു. വയറിന്റെ ഭാഗത്താണ് കൂടുതൽ ചോര കണ്ടത്. മുഖം അവ്യക്തവുമായിരുന്നു.  ആ ശരീരം ചാക്കിൽ പൊതിഞ്ഞ ശേഷം സ്ട്രച്ചർ പോലെയുള്ള എന്തോ ഒന്നിൽ കിടത്തുകയും പിന്നീടു അത് മൂന്നാലു പേർ ഏറ്റി നടക്കാനും തുടങ്ങി. അവരുടെയെല്ലാം മുന്നിലായാണ് പിന്നീട് ഞങ്ങൾക്ക്  ടോർച്ചുമായി നടക്കേണ്ടി വന്നത്. മുന്നോട്ട്  ഓരോ അടി നടക്കുമ്പോഴും മനസ്സിൽ പുലി മാത്രമായിരുന്നു.  ഏതു നിമിഷവും അത് മുന്നിലേക്ക്‌ ചാടി വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വളരെ സൂക്ഷിച്ചാണ്  മുന്നോട്ട് നടന്നത്. കൂട്ടത്തിൽ ഒരാൾ അപ്പോഴും വെറുതേ പടക്കം പൊട്ടിച്ചു കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടേയിരുന്നു.  

എന്തായാലും പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല . ഏകദേശം പതിനൊന്നു മണി ആകാറായപ്പോൾ  ഞങ്ങൾ ഒരു കവലയിൽഎത്തി ചേർന്നു. അവിടെ ഒരു ആംബുലൻസിനു ചുറ്റും  കുറെയധികം ആളുകൾ തടിച്ചു കൂടി നിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും കുറേ പേർ ഉറക്കെ നിലവിളിച്ചു. നിലവിളിച്ചവർ മരിച്ചയാളുടെ ബന്ധുക്കൾ ആണെന്ന് മനസിലാക്കാൻ ആ കരച്ചിൽ ധാരാളമായിരുന്നു. ഇത്രയും വികാരനിർഭരമായൊരു രംഗം അവിടെ നടന്നു കൊണ്ടിരിക്കുമ്പോഴും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ ചില പന്നിക്കുട്ടികൾ ഞങ്ങൾ നിൽക്കുന്നതിനു ചുറ്റും ഓടി കളിക്കുന്നുണ്ടായിരുന്നു. ബന്ധുക്കളുടെ അലമുറയിട്ട കരച്ചിലുകൾ വക വക്കാതെ, മരിച്ചയാളുടെ ശരീരവും  കൊണ്ട് കുറച്ചു പേർ ആംബുലൻസിൽ കയറി ദൂരേക്ക്‌ മറഞ്ഞു. 

ആംബുലൻസും ആളുകളും ഒഴിഞ്ഞപ്പോൾ കവലയിൽ ബാക്കിയായത് ഞാനും ടോമും ഗാർഡും പിന്നെ രണ്ടു മൂന്നു അണ്ണന്മാരും മാത്രം. അവർ ഞങ്ങളെ ഞങ്ങളുടെ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിച്ചു എന്ന് പറയാം. ആ കവലയിൽ നിന്ന് കഷ്ടി നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ താമസ സ്ഥലത്തേക്ക്. അത്രയും കുറഞ്ഞ ദൂരം നടക്കുന്നതിനിടയിൽ അവരുടെ വായിൽ നിന്ന് കുറെയേറെ ഉപദേശങ്ങളും ചീത്തയും തുരു തുരാ കേട്ടപ്പോൾ അത് വരെ വിശന്നിരുന്ന ഞങ്ങളുടെ വയർ അറിയാതെ നിറഞ്ഞു പോയി. എല്ലാവരോടും നന്ദി പറഞ്ഞ ശേഷം റൂമിൽ പോയി മുഖാമുഖം കുറെ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ നോക്കിയിരുന്നു. അടുത്ത ദിവസം തന്നെ എല്ലാം മതിയാക്കി തിരിച്ചു പോകാനുള്ള തീരുമാനം കൂടിയായിരുന്നു ഞങ്ങളുടെ ആ മൌനം.  റൂമിലെ ബാഗിൽ ബാക്കി ഉണ്ടായിരുന്ന ഓറഞ്ചും, ചിപ്സും, പ്രത്യേകിച്ചൊരു വികാരമില്ലാതെ തന്നെ ഞങ്ങൾ കഴിച്ചു.  കാട്ടിനുള്ളിൽ വച്ച് നഷ്ടമായ ബാഗിൽ ക്യാമറയും സ്നാക്സും അടക്കം പലതും ഉണ്ടായിരുന്നല്ലോ എന്നാലോചിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും അന്നത്തെ ഒരൊറ്റ സാഹസിക യാത്രാനുഭവത്തിന്റെ ശക്തിയിൽ അതെല്ലാം മറക്കാനും ഉപേക്ഷിക്കാനും ഞങ്ങൾ തയ്യാറായി. 

അടുത്ത ദിവസം രാവിലെ കുളിക്കാനായി ഡാമിലേക്ക് പോകുന്ന വഴി ഞാനും ടോമും കഴിഞ്ഞ ദിവസത്തെ ഭീകര നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. സത്യത്തിൽ ഡാമിലിറങ്ങി കുളിക്കാൻ പോലും പേടിയായിരുന്നു. ഡാമിൽ നിലവിലുള്ള മുതലയെ കൂടാതെ ആനയും പുലിയും ഉണ്ടാകുമോ എന്നൊരു വിചിത്ര ചിന്ത ഞങ്ങളെ പിടി കൂടിയത് കാരണം പെട്ടെന്ന് തന്നെ കുളിച്ചു കരക്ക്‌ കയറി. കുളി കഴിഞ്ഞു വന്ന ശേഷം ശട പടേന്ന് കാര്യങ്ങൾ തീരുമാനമാക്കി. തലേ ദിവസത്തെ മുഴുവൻ ക്ഷീണവും പ്രധാനമായും അനുഭവപ്പെടാൻ തുടങ്ങിയത്  കുളി കൂടി കഴിഞ്ഞപ്പോഴാണ്. പാക്കിംഗ് കഴിഞ്ഞ ശേഷം റൂം പൂട്ടി താക്കോൽ തിരികെ ഏൽപ്പിച്ചു. അഡ്വാൻസ് പൈസ തിരികേ വാങ്ങിയ ശേഷം ശേഷം നേരെ പോയത് തലേ ദിവസം കാലത്ത് ദോശേം ചമ്മന്തീം കഴിച്ച അതേ ഹോട്ടലിലേക്കാണ്. ഞങ്ങൾ അപ്പോഴും ജീവനോടെ ഉണ്ടെന്നു സ്വയം ബോധിപ്പിക്കാനായി അതേ ഹോട്ടലിൽ നിന്ന് വീണ്ടും മതി വരുവോളം ദോശേം ചമ്മന്തീം കഴിച്ചു. 

ഒൻപതു മണിക്കാണ് പൊള്ളാച്ചിയിലേക്കുള്ള ബസ് വന്നത്. ഹോട്ടലിനു മുന്നിൽ തന്നെയുള്ള ഒരു മരത്തെ പ്രദക്ഷിണം വച്ച് കൊണ്ട് ബസ് അവിടെ ഹാൾട്ട് ചെയ്തു. അര മണിക്കൂറിനുള്ളിൽ  തന്നെ ബസിൽ ആളുകൾ നിറഞ്ഞു. എല്ലാവരും ഡ്രൈവറെ കാത്തിരിക്കുന്ന സമയത്താണ് ഹോട്ടലിനു മുന്നിലുണ്ടായിരുന്ന  മരത്തിൽ ചാരിവച്ചിരുന്ന ഒരു ബോർഡിൽ  കുറച്ചു പേർ ചേർന്ന് എന്തോ ഒരു നോട്ടീസ് പതിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം  പുലിയുടെ ആക്രമണത്തിൽ മരിച്ചു പോയ ആളുടെ മരണവാർത്തയാണ് അവിടെ ഒട്ടിക്കാൻ പോകുന്നത് എന്ന് മനസിലായത് കൊണ്ടാകാം ബസിലുള്ളവരെല്ലാം അങ്ങോട്ട്‌ തന്നെ നോക്കി കൊണ്ട്  എരിവലിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.  (ആ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും അപകടങ്ങളിൽ പെട്ട് മരിച്ചാൽ ഇതു പോലെ ഒരു നോട്ടീസ് പതിക്കുന്ന പരിപാടി സ്ഥിരമാണത്രെ. )

ഞെട്ടിക്കുന്ന ഒരു വാർത്ത അറിയുന്നത് പോലെ, തികച്ചും ഭീതി ജനകമായ  ഒരു കാഴ്ച കാണുന്ന പോലെ, മറ്റെല്ലാവരെയും പോലെ, ഞാനും ടോമും നോട്ടീസിലെ ഫോട്ടോയിലേക്ക് നോക്കുകയുണ്ടായി.  ആ ഫോട്ടോയിലെ അജ്ഞാതന് ഞങ്ങളുമായി എവിടെയോ ഒരു  ബന്ധമുള്ളതായി തോന്നി. തലേ ദിവസം രാത്രിയിൽ അയാളുടെ ജീവനില്ലാത്ത ശരീരവും താങ്ങിയുള്ള ആൾക്കൂട്ടത്തിലെ രണ്ടു പേർ എന്ന പരിചയത്തിനും അപ്പുറം  മറ്റെന്തോ ഒന്ന് കൂടി ആ ഫോട്ടോ ഞങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം. എന്റെ മാത്രം തോന്നലാണോ എന്നറിയാനായി ഞാൻ ആ സംശയം ടോമുമായും പങ്കു വച്ചു. അവനും അതേ കാര്യം എന്നോട് പറഞ്ഞു. അവസാനമായി ആ ഫോട്ടോയിലേക്ക്‌ ഒന്ന് കൂടി നോക്കി കൊണ്ട് ആ അജ്ഞാതനെ ഓർത്തെടുക്കാൻ ശ്രമിക്കവേ ബസ് പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങളുടെ എല്ലാ യാത്രാ മോഹങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചു കൊണ്ട്, പേടിപ്പെടുത്തുന്ന കുറെയധികം ഓർമ്മകളെ  ഞങ്ങൾക്ക് സമ്മാനിച്ച പറമ്പിക്കുളത്തോട്  എന്നന്നേക്കുമായി  ഞങ്ങൾ വിട പറഞ്ഞ് പിരിഞ്ഞു. 

ശേഷം പാലക്കാട് വച്ച് ഞാനും ടോമും വഴി പിരിഞ്ഞു. ടോം നേരെ ആലപ്പുഴയിലേക്കും ഞാൻ നേരെ പട്ടാമ്പിയിലേക്കും വച്ച് പിടിച്ചു. എത്തിയാലുടനെ വിളിക്കാമെന്നും പറഞ്ഞു. ഒന്നും സംഭവിക്കാതെ ഒരു വീഗാ ലാൻഡ്‌ ഉല്ലാസ യാത്രയുടെ ചടപ്പോടും ക്ഷീണത്തോടും കൂടെയാണ്  ഞാൻ അന്ന് എന്റെ വീട്ടിൽ ചേക്കേറിയത്. ടോം ആലപ്പുഴ എത്തിയെന്നും പറഞ്ഞു കൊണ്ട് എനിക്ക് വിളിക്കുന്നത് രാത്രി പത്തു പത്തരയോടെയാണ്. സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ കരുതാം എന്ന് പറയുന്നതിനിടെ ടോം ഒരു സത്യം കൂടി എന്നോട് വെളുപ്പെടുത്തുകയുണ്ടായി. ഫോട്ടോയിലെ അജ്ഞാതനെ ഒന്ന് കൂടി ഓർത്ത്‌ നോക്കാൻ അവനെന്നോട് പറയുമ്പോഴും മരിച്ചത് മുനി സാമിയാണെന്ന് എനിക്ക് പറയാനായില്ല. ഒടുക്കം അതും അവൻ തന്നെ പറഞ്ഞു തരേണ്ടി വന്നു. ടോം ഫോണ്‍ വച്ച ശേഷം കുറെ നേരം ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു. ഒരു കർമ ബന്ധവുമില്ലാത്ത ആളുമായി ഒരു രാത്രിയിലെ അൽപ്പ നേരത്തെ പരിചയം.  ആ പരിചയം ഞങ്ങൾ പോലും അറിയാതെ ഞങ്ങളെ പിന്തുടർന്നിരുന്നോ? അറിയില്ല. ടോം പറഞ്ഞ പോലെ എല്ലാം ഒരു സ്വപ്നമായി തന്നെ കാണാം. അവിശ്വസനീയം എന്ന് മറ്റുള്ളവർക്ക് തോന്നുന്ന കഥകളെല്ലാം ഏതെങ്കിലും ഒരു കാലത്ത്  മറ്റൊരാളുടെ യാഥാർത്യമായിരുന്നു  എന്നാരും മനസിലാക്കാൻ ശ്രമിക്കില്ല . പക്ഷേ അതെത്ര മാത്രം സത്യമെന്ന് ഞാൻ അന്ന് തൊട്ട്  മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു.  

(യാത്ര അവസാനിക്കുന്നില്ല, പക്ഷേ അവസാനിപ്പിക്കുന്നു തൽക്കാലം )
 -pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )