Friday, February 15, 2013

കൊന്നിട്ടും കൊന്നിട്ടും മതി വരാതെ


അദ്ദേഹം വലിയൊരു അഹിംസാ വാദിയായിരുന്നു.  ഗാന്ധിജിയുടെ ഫോട്ടോ നോക്കിയാണ് അദ്ദേഹം പ്രാര്‍ഥിക്കാറുള്ളതു പോലും. അങ്ങിനെയുള്ള അദ്ദേഹം എന്തിനിങ്ങനെ തുടരെ തുടരെ ആരെയോ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കണം ?  നാട്ടിലാകുമ്പോള്‍ ഒരു കൊതുവിനെയോ ഉറുമ്പിനെയോ  പോലും കൊല്ലാത്ത അദ്ദേഹത്തിനു എങ്ങിനെ ഒരാളെ കൊല്ലാന്‍ സാധിക്കും ? അതും ഈ അറബി നാട്ടില്‍ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍., അബ്ദുവിന് അതൊന്നും വിശ്വസിക്കാനേയായിരുന്നില്ല. 

പ്രവാസിയായ ശേഷമാണ് അദ്ദേഹത്തിന്‍റെ  അഹിംസാ ആദര്‍ശം  മാറി തുടങ്ങിയത് എന്നാണു പരക്കെയുള്ള പറച്ചില്‍ . ആളുകളുടെ സ്വഭാവവും ആദര്‍ശവുമെല്ലാം   ദേശങ്ങള്‍ മാറുന്നതിനനുസരിച്ച് മാറി കൊണ്ടിരിക്കുമോ ? എന്തോ  അബ്ദുവിനൊന്നും  അറിയില്ലായിരുന്നു അതെ കുറിച്ച് . അബ്ദു ഈ മരുഭൂമി-പ്രവാസം തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. 

അബ്ദുവിന് ഗോപാലേട്ടന്‍ ഒരു ഗുരുവിന്റെ സ്ഥാനത്താണ്. നാട്ടിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ അഹിംസാ പ്രസംഗങ്ങള്‍ എത്ര കേട്ടിരിക്കുന്നു. അഹിംസാ വാദം ജീവിതത്തില്‍ അതെ പടി പകര്‍ത്തിയ ഇത് പോലോരാളെ  വേറെ കണ്ടിട്ട് പോലുമില്ല. ഒരു പക്ഷെ ഗാന്ധിജി പോലും അഹിംസാവാദം കൊണ്ട് ഇത്രയ്ക്കു പ്രതീക്ഷിച്ചു കാണില്ല.  ആ ഗോപാലേട്ടന് ഇപ്പോള്‍ എന്ത് സംഭവിച്ചു ? എന്തൊക്കെയായാലും ഗോപാലേട്ടന്‍ കാരണമാണ് ഇപ്പോള്‍ അറബി നാട്ടില്‍ ഒരു ജോലി തരമായത് എന്ന് മറക്കാനാകില്ല. 

 ഇന്നലെ  ഉറക്കത്തില്‍ നിന്ന് അദ്ദേഹം ഞെട്ടി എഴുന്നേറ്റു കൊണ്ട് പിച്ചു പേയും പറയുന്നത് അബ്ദു കേട്ടിരുന്നു. അതിനു ശേഷം അബ്ദു രാവിലെ ചോദിക്കുകയുണ്ടായി. 

" ന്താ ങ്ങള് ഇന്നലെ രാത്രീല് ആരെയോ കൊല്ലുംന്നൊക്കെ പറഞ്ഞിരുന്നത് ? ന്താ പ്രശ്നം ? കൊല്ല്വന്നൊക്കെ പറഞ്ഞാല്‍ ..അത് ശരിയാണോ ഗോപാലേട്ടാ ? " 

" അബ്ദ്വോ .. നീ  വന്നിട്ടല്ലേ ഉള്ളൂ. അവര് നിന്നെ തേടിയും വരും. നിന്നേം ഉപദ്രവിക്കും. അവരെ കൊല്ലുന്നതിന്റെ രസം  താമസിയാതെ നീയും അറിയും. ആ നേരത്ത്  ഞാന്‍ ഇതിനുള്ള ഉത്തരം പറയാം. " ഗോപാല മേനോന്‍ അദ്ദേഹത്തിന്‍റെ നീണ്ട താടി ഉഴിഞ്ഞു കൊണ്ട് നിഗൂഡമായി പറഞ്ഞു. അബ്ദുവിനാകട്ടെ ഒന്നും മനസ്സിലായതുമില്ല. അദ്ദേഹത്തിന്‍റെ ഇത്തരം ചില സംഭാഷണങ്ങള്‍ കേട്ടാല്‍ പണ്ടും തനിക്കൊന്നും മനസ്സിലാകാറില്ല ല്ലോ ! അബ്ദു സ്വയം ആശ്വസിച്ചു. 

ജോലി കഴിഞ്ഞു എല്ലാവരും റൂമില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആകെയൊരു ബഹളമയമാണ്. ഭക്ഷണം പാകം ചെയ്യാനും  മുറി വൃത്തിയാക്കാനും, പാത്രം കഴുകാനുമെല്ലാം ഓരോ ദിവസവും ഓരോരുത്തര്‍ക്കാണ് ചുമതല .   

അന്ന് അബ്ദു ഗള്‍ഫിലെത്തിയിട്ടു നാലാം ദിവസം പിന്നിടുകയാണ്. രാത്രി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം റൂമില്‍ എത്തിയപ്പോഴേക്കും ഗോപാലേട്ടന്‍ കൂര്‍ക്കം വലിച്ചു ഉറക്കം തുടങ്ങിയിരുന്നു. കട്ടിലില്‍ കയറി കിടന്നെങ്കിലും അബ്ദുവിന് ഉറക്കം വന്നില്ല. അവന്‍ എന്തൊക്കെയോ ആലോച്ചു കൊണ്ടേയിരുന്നു . നാട് വിട്ടു പ്രവാസത്തെ മനസ്സിലേക്ക് ആവാഹിക്കേണ്ടി വരുന്ന ഏതൊരുവനും ആദ്യ നാളുകളില്‍ ആലോചിക്കുന്ന അതെ കാര്യങ്ങള്‍ തന്നെയാണ് അബ്ദുവിനും ആലോചിക്കാന്‍ ഉണ്ടായിരുന്നത്. 

നാല് ചുമരുകള്‍ക്കിടയിലെ ഇടുങ്ങിയ സ്ഥലം. അതില്‍ രണ്ടു കട്ടിലുകള്‍ . ഒരു ചെറിയ അലമാര. രണ്ടു കസേരകള്‍ . പിന്നെ തുണിയും മറ്റും തൂക്കാനായി ചുമരുകളില്‍ പണ്ടാരോക്കെയോ തറച്ചു വച്ച പഴകിയ ഹാങ്ങരുകള്‍ . അതിനേക്കാള്‍ കൂടുതല്‍ വരും റൂമിലുള്ള രണ്ടു പേരുടെയും സാധന സാമഗ്രികള്‍ . ഇതിനിടയിലെവിടെയോ ആണ്  അബ്ദുവിനെയും ഗോപാലെട്ടനെയും പോലുള്ളവരുടെ  ആയുസ്സിന്റെ ഒരു വലിയ ഭാഗം വീതിക്കപ്പെടുന്നത്  എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി പ്രകടിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. 

രാത്രി ഏറെയായിട്ടും അബ്ദു ഉറങ്ങിയില്ല. തിരിഞ്ഞും മറഞ്ഞും കിടന്നു. ഇടയ്ക്കിടെ കട്ടിലില്‍ എഴുന്നേറ്റിരുന്നു എന്തൊക്കെയോ തപ്പി തിരഞ്ഞു നോക്കി. പിച്ചും പേയും പറഞ്ഞു . ആ ഉറക്കമില്ലായ്മ അവനെ ഒരു തരം മാനസിക വിഭ്രാന്തിയിലേക്ക് നയിക്കാന്‍ ശേഷിയുള്ളതായിരുന്നു. പക്ഷെ പിന്നെപ്പോഴോ അവന്‍ ഉറങ്ങി പോയി . 

" ഡാ അബ്ദ്വോ .. എണീക്ക്. മണി എട്ടായി. ഡാ ...ഡാ...എണീക്ക് " ഗോപാലേട്ടന്‍ തന്റെ ഇടിമുഴക്കമുള്ള ശബ്ദത്തോടെ അവനെ വിളിച്ചു. അവന്‍ ഞെട്ടി എഴുന്നേറ്റു. അവന്റെ ദേഹമാകെ തടിച്ചു വീര്‍ത്തിരുന്നു. ദേഹത്തെല്ലാം ആരൊക്കെയോ മാന്തിയ പോലെയുള്ള പാടുകള്‍ വേറെയും . അവന്‍ ആകെ അന്താളിച്ചു കൊണ്ട് ഗോപാലേട്ടന്റെ മുഖത്തേക്ക് നോക്കി കൊണ്ട് കരഞ്ഞു. 

" ഇതവരാണ്. ഞാന്‍ അന്ന് പറഞ്ഞില്ലേ .. അവര്‍ക്ക് നിന്റെ ചോരയുടെയും രുചി കിട്ടി കഴിഞ്ഞു . ഇനി അവര്‍ നിന്നെ വിടില്ല. നമ്മളെ സംബന്ധിച്ച്, അവരോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല . പക്ഷെ നമുക്ക് പൊരുതിയെ മതിയാവൂ താനും " ഗോപാലേട്ടന്‍ അവന്റെ കണ്ണുകളിലേക്കു തീക്ഷ്ണതയോടെ നോക്കി കൊണ്ട് പറഞ്ഞു. അബ്ദുവിന് പക്ഷെ ആ ഒരു വിശദീകരണം കൊണ്ട് മാത്രം ഒന്നും മനസിലാക്കിയെടുക്കാന്‍ സാധിച്ചില്ല. 

" ഇന്നെന്തായാലും നീ ജോലിക്ക് വരണ്ട. അറബാബിനോട് ഞാന്‍ പറഞ്ഞോളാം . തല്‍ക്കാലം ദേഹത്ത് പുരട്ടാന്‍ ഈ മരുന്ന് മതി. വൈകീട്ടാകുമ്പൊഴെക്കും ദേഹത്തെ ഈ തടിപ്പെല്ലാം പോകും ട്ടോ. പേടിക്കാനൊന്നുമില്ല " ഗോപാലേട്ടന്‍ അവനെ ആശ്വസിപ്പിച്ചു നിര്‍ത്തി. 

ഗോപാലേട്ടന്‍ ജോലിക്ക് പോയ ശേഷവും അബ്ദു ആ ഇരിപ്പ് തുടര്‍ന്നു . അപ്പോഴാണ്‌ തന്‍റെ കിടക്ക വിരിയിലെ രക്തക്കറ അബ്ദു ശ്രദ്ധിച്ചത്. ഇതാരുടെ ചോരയാണ് ? അബ്ദു ചോരപ്പാടുകളെ പിന്തുടര്‍ന്നു. വിരിപ്പ് വലിച്ചെറിഞ്ഞു നോക്കി. കിടക്ക കമിഴ്ത്തി മറിച്ച്‌ നോക്കി . പക്ഷെ ആരെയും കണ്ടില്ല. 

ആ മുറിയിലെ ചുവരുകളുടെ കറുത്ത നിറത്തിലേക്ക് അവന്‍ സൂക്ഷിച്ചു നോക്കി. അല്ല, അതൊരിക്കലും ഒരു  കറുത്ത നിറമല്ല. ചോര കട്ട പിടിച്ചു കറുത്തു പോയതാണ്. ഒരു കാലത്തെ വെളുത്ത ചുമരുകള്‍ എങ്ങിനെ ഇവ്വിധമായി ? അബ്ദു ഒരു ഭ്രാന്തനെ പോലെ ആ മുറിയില്‍ ആരെയോ അന്വേഷിച്ചു നടന്നു . പലതും തട്ടി മറച്ചു. 

വൈകുന്നേരം ജോലി കഴിഞ്ഞു റൂമിലെത്തിയ ഗോപാലേട്ടന്‍  കണ്ട കാഴ്ച മറ്റൊന്നായിരുന്നു. ചോരയില്‍ കുളിച്ചു നില്‍ക്കുന്ന അബ്ദു. ചുമരുകളില്‍ പുതിയ ചോര കറകള്‍ പുരണ്ടിരിക്കുന്നത് ഗോപാലേട്ടന്‍ ശ്രദ്ധിച്ചു. അദ്ദേഹം അവനെ നോക്കി പൊട്ടിച്ചിരിച്ചു. അവന്‍ അയാളെയും. 

" ഞാന്‍ അന്നേ പറഞ്ഞില്ലേ അബ്ദ്വാ..നീയും അവരെ കൊല്ലുന്നതിന്റെ രസം അറിയും ന്ന്  ..ഹ ഹ്ഹ ഹ ഹ്ഹഹ് ഹാ ..അവര്‍ ഒന്നിന് പുറകെ ഒന്നൊന്നായി ഇനിയും വരും . ഒടുങ്ങാത്ത അംഗ ബലമുണ്ട് അവര്‍ക്ക് . രാത്രിയുടെ മറവിലാണ് അവര്‍ കൂടുതല്‍ ശക്തരാകുക. നമ്മളറിയാതെ അവര്‍ നമ്മുടെ ചോര കുടിച്ചു കൊണ്ടേയിരിക്കും. പ്രവാസിയുടെ ചോരക്കു ഇത് പോലെ എല്ലായിടത്തും ആവശ്യക്കാരുണ്ടാകും . അവന്‍റെ  ചോര വറ്റുവോളം . "   പൊട്ടിച്ചിരിയുടെ ഇടയിലും ഗോപാലേട്ടന്‍ അവനോടു പിച്ചും പേയും പറഞ്ഞു കൊണ്ടേയിരുന്നു. 

പക്ഷെ അവന്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ   മുറിയില്‍ വീണ്ടും ഓടി നടക്കാന്‍ തുടങ്ങിയിരുന്നു. അവന് അവരെ കൊന്നിട്ടും കൊന്നിട്ടും മതി വന്നിട്ടില്ലായിരുന്നു. 

-pravin-

Sunday, February 3, 2013

അസാധ്യ ഡ്രൈവിംഗ്


പി.ജി  റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. പ്രത്യേകിച്ച് പണിയൊന്നും ആയിട്ടുമില്ല. ആ സമയത്താണ് ഡ്രൈവിംഗ് പഠിക്കാനുള്ള അതിയായ ആഗ്രഹം എന്നിലുദിച്ചത്. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. അടുത്തു തന്നെയുള്ള ഡ്രൈവിംഗ് സ്കൂളില്‍ പോയി ഗുരു ദക്ഷിണ വച്ചു. ആശാനോട് ഞാന്‍ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ. എനിക്കെത്രയും പെട്ടെന്ന് ലൈസന്‍സ് കിട്ടും വിധം ഡ്രൈവിംഗ് പഠിപ്പിച്ചു തരണം. ആശാന്‍ സമ്മതിക്കുകയും ചെയ്തു. 

പിന്നെ ഒരു മാസം നീണ്ടു നിന്ന കനത്ത ട്രെയിനിംഗ് ആയിരുന്നു. ജീപ്പും, കാറുമെല്ലാം  മാറി മാറി ഞാന്‍ പരിശീലിച്ചു. ഒടുക്കം ആദ്യത്തെ ടെസ്റ്റില്‍ തന്നെ വിജയകരമായി ലൈസന്‍സ് നേടിയെടുക്കുകയും ചെയ്തു.  എന്നെ നോക്കി അഭിമാനത്തോടെ ആശാന്‍ പറഞ്ഞു. 

" സഭാഷ് മൈ ഡിയര്‍ ബോയ്‌....,..സഭാഷ്...എന്‍റെ ശിഷ്യന്മാരില്‍ ആദ്യമായാണ്‌ ഒരാള്‍ ഇത്ര വേഗത്തില്‍ ലൈസന്‍സ് നേടുന്നത്"

ആശാന്റെ ആ വാക്കുകള്‍ എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുകയുണ്ടായി. പക്ഷെ ലൈസന്‍സ് എടുത്ത ശേഷം എനിക്കോടിച്ചു പഠിക്കാന്‍ പറ്റിയ വേറെ വണ്ടികളൊന്നും ചുറ്റുവട്ടത്തു ആരുടേയും കയ്യിലില്ലായിരുന്നു. ബൈക്കോ സൈക്കിളോ വല്ലതുമായിരുന്നെങ്കില്‍ കൂട്ടുകാരോട് ഓടിക്കാന്‍ ചോദിക്കാമായിരുന്നു. ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ  ആരും സ്വന്തം കാറ് എനിക്ക് തന്നു കൊണ്ട്  ''ന്നാ മാനെ...ഇയ്യ്‌ പോയി ഓടിച്ചു പഠിച്ചാ ട്ടാ "എന്ന് പറയില്ലല്ലോ. 

 പിന്നെ ആകെ ഒരു വഴിയുള്ളത് വല്ല വണ്ടിയും വാടകയ്ക്ക് എടുക്കുക എന്നത് മാത്രമായിരുന്നു. അതിനാകട്ടെ എന്‍റെ ആത്മാഭിമാനം സമ്മതിക്കുന്നുമുണ്ടായിരുന്നില്ല.  (ആത്മാഭിമാനം എന്ന് പറയാന്‍ കാരണം പൈസയാണ്. ഇക്കാര്യത്തിനും വീട്ടുകാരോട് പണം ചോദിക്കേണ്ടേ എന്നതായിരുന്നു എന്‍റെ പ്രശ്നം). അങ്ങിനെ പൊതുവെ ദുരഭിമാനിയായ ഞാന്‍ കാര്യം നടത്താന്‍  വേണ്ടി ഒന്ന് ചെറുതായി വീട് കൊള്ളയടിച്ചു. ആ പണം കൊണ്ട് അടുത്ത ദിവസം തന്നെ വല്ല കാറോ  ജീപ്പോ വാടകക്ക് എടുത്ത് ഓടിച്ചു കളയാം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെയല്ല ല്ലോ കാര്യങ്ങള്‍ നടക്കുക. അത് അതിനു തോന്നുന്ന പോലെയുള്ള ഒരു നടത്തമാണ്. നിനച്ചിരിക്കാതെ തൊട്ടടുത്ത ദിവസം ഒരു ഹര്‍ത്താല്‍ പൊട്ടി പുറപ്പെട്ടു. 

ഇനിയിപ്പോള്‍ വാടകയ്ക്ക് വണ്ടി കിട്ടുമെന്ന് പ്രതീക്ഷയില്ല. അപ്പോഴാണ്‌ ദാമ്വേട്ടന്‍ തലേ ദിവസം ഇടവഴിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മിനി ടെമ്പോ എന്റെ കണ്ണില്‍ പെടുന്നത്. അതിന്റെ ചാവി കിട്ടുകയാണെങ്കില്‍ അടുത്ത ഹര്‍ത്താല്‍ ദിവസം റോഡില്‍ സ്വതന്ത്രമായി ഓടിച്ചു പഠിക്കാമായിരുന്നു. ഈ ആവശ്യം ദാമുവേട്ടനോട് അറിയിച്ചപ്പോള്‍ അങ്ങേര്‍ക്കൊരു പിന്‍ വലിച്ചില്‍., ഒരു തരം വിശ്വാസമില്ലായ്മ . പിന്നെ വാടകയായി ഒരിത്തിരി പണം തരാമെന്നു പറഞ്ഞപ്പോള്‍ മൂപ്പരങ്ങു സമ്മതിച്ചു. കൊള്ളയടിച്ച പണത്തിന്റെ പകുതി അങ്ങേര്‍ക്കു ഭാഗിച്ചപ്പോഴും എനിക്ക് സന്തോഷമായിരുന്നു. കാരണം ശരിക്കും വണ്ടി വാടകയ്ക്ക് എടുക്കുമായിരുന്നെങ്കില്‍ കയ്യിലുള്ള പണം മുഴുവന്‍ ചെലവായേനെ .ഇതിപ്പോള്‍ കാര്യം നടക്കുകയും ചെയ്യും പിന്നെയും കയ്യില്‍ പണം ബാക്കിയുമാകും. അത് കൊള്ളാം ! 

അങ്ങിനെ അടുത്ത ദിവസം രാവിലെ ഒരു പത്തു പത്തര മണിയായപ്പോള്‍ ഐശ്വര്യമായി ഞാന്‍ ആ കര്‍മം അങ്ങട് നിര്‍വഹിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കി , പതുക്കെ മെയിന്‍ റോഡിലേക്ക് കയറി. എന്റെ ഡ്രൈവിങ്ങിനു ഒരു സാക്ഷിയെന്ന നിലയില്‍ ദാമുവേട്ടനും വണ്ടിയില്‍ ഉണ്ടായിരുന്നു. റോഡിലൊന്നും ഒരീച്ച കുഞ്ഞു പോലുമില്ല. തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ ഒരു വണ്ടിന്റെ ശബ്ദം ഉണ്ടാക്കി കൊണ്ട് ടെമ്പോ ഞാന്‍ അങ്ങിനെ ഓടിച്ചു കൊണ്ടിരിക്കുകയാണ്. 

ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു കാണും. ദൂരെ പച്ച വിരിച്ചു കിടക്കുന്ന നെല്‍പ്പാടത്തിനു നടുക്കില്‍ കൂടി കറുത്ത നിറത്തില്‍ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡു കാണാന്‍ എന്ത് ശേലായിരുന്നെന്നോ. ആ സമയത്താണ് ഗ്ലാസ്സിലൂടെ ഞാന്‍ പിന്നില്‍ വരുന്ന ആന വണ്ടിയെ കാണുന്നത്. ശ്ശെടാ ഇവര്‍ക്കൊന്നും ഈ ഹര്‍ത്താലും ബാധകമല്ലേ ? ചുമ്മാ ജനങ്ങളെ സേവിക്കാനെന്നും പറഞ്ഞു കൊണ്ട് ഇറങ്ങിക്കോളും. 

" ദാമ്വേട്ടാ ..എന്ത് ചെയ്യണം ? ഹര്‍ത്താല്‍ ദിവസം സൈഡ് കൊടുക്കാമോ ? "

" ആ ..നീ  ഒന്ന് പതുക്കെ ഓരം ചേര്‍ത്തു ചവിട്ടി കൊടുത്തേക്കു ..അവരങ്ങ് പൊയ്ക്കോളും "

ആ ...എന്നാ ശരി എന്നായി ഞാനും . ദൂരെ വരാന്‍ പോകുന്ന വളവിനു മുന്നേ തന്നെ ഇടതു വശം ചേര്‍ത്തു സൈഡ് കൊടുക്കാനായിരുന്നു എന്റെ പ്ലാന്‍ . പക്ഷെ ആ പ്ലാനെല്ലാം തെറ്റിച്ചു കൊണ്ട് ആ വളവും തിരിഞ്ഞു ഒരു ആംബുലന്‍സ് വണ്ടി പൊടുന്നനെ ചീറി വരുന്നുണ്ടായിരിന്നു  . പിന്നിലും വണ്ടി മുന്നിലും വണ്ടി. അതിങ്ങനെ അടുത്തോട്ടു വന്നു കൊണ്ടിരിക്കുയാണ്. ആ രണ്ടു വണ്ടിയിലേയും ഡ്രൈവര്‍മാര്‍ക്ക് അറിയില്ല ല്ലോ ഓടിക്കുന്നത് ഞാന്‍ ആണെന്ന്. ഒരു നിമിഷം ഇടത്തോട്ടു നോക്കി കൊണ്ട് ദാമ്വെട്ടനോട് ഞാന്‍ ചോദിച്ചു. 

"ദാമ്വേട്ടാ ... ന്താ പ്പോ വേണ്ടത് ന്നു ഇങ്ങള് തന്നെ പറ .. "

" ഡാ നീ എന്നെ നോക്കി ഓടിക്കല്ലേ ..മുന്നോട്ടു നോക്കടാ ...വണ്ടി വരുന്നു .. സൈഡ് കൊടുക്ക്‌ " ദാമുവേട്ടന്‍ എന്തൊക്കെയോ മനോവേദന കടിച്ചമര്‍ത്തി കൊണ്ട് എന്നോട് അലറി. 

"അല്ല ദാമ്വേട്ടാ ..ഞാന്‍ ഒരു സംശയം ചോദിച്ചതിനു ഇങ്ങളെന്തിനാ ഇങ്ങിനെ ചൂടാകുന്നത് ? ഇടത്തോട്ടോ വലത്തോട്ടോ എന്ന് മാത്രം പറഞ്ഞാല്‍ മതി "

" എടാ ആദ്യം ഇടത്തോട്ടു ചേര്‍ത്തി ക്കൊണ്ട് പിന്നിലെ വണ്ടിക്കു സൈഡ് കൊടുക്ക് . അപ്പോഴെക്കുമേ മുന്നിലൂടെ വരുന്ന വണ്ടി ഇങ്ങേത്തൂ " 

 " ഓക്കേ " ഞാന്‍ ദാമ്വേട്ടനെ അക്ഷരം പ്രതി അനുസരിക്കാന്‍ തയ്യാറെടുത്തു. 

 വണ്ടി സ്ലോ ആക്കി ഇടതു ഭാഗത്ത് കൂടെ അങ്ങിനെ പോകുകയാണ് . രണ്ടു ഭാഗത്തും അത്യാവശ്യം താഴ്ചയുള്ള നെല്‍പ്പാടമാണ്. പിന്നിലുണ്ടായിരുന്ന ആനവണ്ടി പയ്യെ പയ്യെ വലത്ത് കൂടെ ഒപ്പത്തിനൊപ്പം കയറി വന്നു. അപ്പോഴേക്കും ആംബുലന്‍സ് വണ്ടി ഏറെക്കുറെ അടുത്തെത്താറായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഇടതു ഭാഗം വല്ലാതെ ഓരം ചേര്‍ന്നാണ് വണ്ടി പോകുന്നത് . ആന വണ്ടി ആണെങ്കില്‍ വലിവില്ലാതെ കിതക്കുകയുമാണ്. എന്നാലൊട്ടു ഓവര്‍ ടെയ്ക്ക് ചെയ്തു പോകുന്നുമില്ല. ഒടുക്കം എനിക്ക് സഹി കെട്ടപ്പോള്‍ ഞാന്‍ സ്പീഡ് കൂട്ടി മുന്നോട്ടങ്ങു എടുത്തു. ഇടത്ത് നിന്നും ആന വണ്ടിയെ ഓവര്‍ ടെയ്ക്ക് ചെയ്തു ഞാന്‍ നേരെ ചെന്നത് ആംബുലന്‍സിനു നേരെയായിരുന്നു. 

പിന്നെ ഉണ്ടായതെല്ലാം ഒരു പുക പോലെയേ എനിക്ക് ഓര്‍മയുള്ളൂ. ശേഷം  ഞാന്‍ റിവൈന്റ് ചെയ്തപ്പോള്‍ ആണ് കാര്യം മനസിലായത്. ഞാനും ദാമ്വേട്ടനും ടെമ്പോയും പാടത്തെ ചളിയില്‍ അങ്ങനെ പൂന്തി നില്‍ക്കുകയാണ്. ഞാന്‍ ആദ്യം പുറത്തിറങ്ങി ചുറ്റുവട്ടം ഒക്കെ ഒന്ന് നോക്കി. ആരും ഇല്ല. സമാധാനം . ആശ്വാസമായി . 

ആ സമയത്ത് ഞങ്ങള്‍ ഒന്നുമറിഞ്ഞില്ലേ രാമാ നാരായണാ എന്ന മട്ടില്‍ റോഡിന്റെ ഒരു അറ്റത്തേക്ക്  ഓടി മറയുന്ന ആനവണ്ടിയെയും  മറ്റേ അറ്റത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന ആംബുലന്‌സിനെയും കണ്ടപ്പോള്‍ എനിക്ക് കലി അടക്കാന്‍ പറ്റിയില്ല. 

" ന്നാലും ദാമ്വേട്ടാ ആ ചങ്ങായിമാര്‌ വണ്ടി ഒന്ന് നിര്‍ത്തി നമുക്കെന്തേലും പറ്റ്യോന്നു പോലും നോക്കാതെ ഓടിച്ചു പോയല്ലോ..." ഞാന്‍ കലിപ്പായി പറഞ്ഞു. 

പക്ഷെ ദാമ്വേട്ടന്‍ അതൊന്നും കേള്‍ക്കാതെ ചെളിയില്‍ പൂന്തിയ ടെമ്പോവിനെ മാത്രം നോക്കി നില്‍ക്കുകയായിരുന്നു. പാവം ദാമ്വേട്ടന്‍ ! വിഷമം കാണും.  കാരണം വണ്ടിയുടെ അവസ്ഥ ആ കോലത്തിലാണ്. പക്ഷെ അന്നത്തെ എന്‍റെ ആ അവസ്ഥയില്‍ എനിക്ക് അങ്ങേരെ സാമ്പത്തികമായി സഹായിക്കാനൊന്നും കഴിവില്ല ല്ലോ. എന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത്  അല്‍പ്പം ആശ്വാസ വാക്കുകളായിരുന്നു. അത് ഞാന്‍ വളരെ മനോവേദനയോടെ തന്നെ അങ്ങേരോട് പറയുകയും ചെയ്തു. 

" ദാമ്വേട്ടാ .. ഈ ജീവിതം ന്നൊക്കെ പറയുന്നത് ഇത്രേ ള്ളൂ...ഇതിലും വലുത് എന്തോ വരാന്‍ ണ്ടായിരുന്നതാണ് ..ഇതിപ്പോ ഇങ്ങിനെയൊക്കെ അങ്ങട് ഒഴിഞ്ഞു പോയി ന്നു കൂട്ടാം .. നമ്മുടെ ഭാഗ്യാണ് ..ഇത്രല്ലേ പറ്റിയുള്ളൂ .."

കൂടുതല്‍ ഒന്നും എന്നെ പറയാന്‍ സമ്മതിക്കാത്ത രീതിയില്‍ അന്ന് ദാമ്വേട്ടന്‍ എന്നെ ഒരു നോട്ടം നോക്കിയിട്ടുണ്ട് . ഹൗ .. അത് ഞാന്‍ ജന്മത്തില്‍ മറക്കില്ല. 

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ദാമ്വേട്ടന് ചില്ലറ ഗിഫ്റ്റ് ഒക്കെ കൊണ്ട് പോയി കൊടുത്തിരുന്നു. സംസാരം കഴിഞ്ഞു വീട്ടില്‍ നിന്നും ചായേം കുടിച്ചു ഇറങ്ങാന്‍ നേരത്ത് ദാമ്വേട്ടന്‍ പിന്നില്‍ നിന്നൊരു വിളി. എന്നിട്ട് ചോദിക്കുകയാണ്. 

" ഡാ ..രണ്ടു ദിവസം കഴിഞ്ഞാല്‍ ഒരു ഹര്‍ത്താല്‍ വരാനുണ്ട്. അന്ന് നമുക്ക് ടെമ്പോ എടുത്തു പണ്ടത്തെ പോലെ ഒരു സവാരി  പോയാലോ ?" 

അതാണ്‌ നുമ്മ പറഞ്ഞ ദാമ്വേട്ടന്‍ . നാട്ടിന്‍ പുറത്തു മാത്രമേ ഇങ്ങിനത്തെ നിഷ്ക്കളങ്കമായ ആളുകളെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന എന്‍റെ വിശ്വാസം അന്ന് ഒന്ന് കൂടി ദൃഡപ്പെടുകയായിരുന്നു. 

 -pravin-