Wednesday, September 26, 2012

എന്‍റെ നുണാന്വേഷണ നിരീക്ഷണങ്ങള്‍


 കുഞ്ഞു നാളില്‍ അമ്മയുടെ ഒക്കത്തിരുത്തി ചോറുരുള കുഴച്ചു വായില്‍ വച്ച് തരുമ്പോള്‍ നമ്മളില്‍ പലരും  പറയുമായിരുന്നു " ച്ചിനി വേണ്ടമ്മേ ..ച്ച് മതി ..വെസ്ക്കുന്നില്ലാ "

"ഏയ്‌, അത്  പറ്റില്യ ..അമ്മേടെ ചക്കരക്കുട്ടി ഇത് മുഴുവോം കഴിച്ചേ ...ദേ ഇത് മുഴുവനും കഴിച്ചാല്‍ അമ്പിളി മാമനെ പിടിച്ചു തരാം "  ആകാശത്തു ഒന്നുമറിയാതെ ഉറങ്ങുന്ന അമ്പിളി മാമനെ ചൂണ്ടി കാണിച്ചു കൊണ്ട് അമ്മ പറയും. 

പാവം അമ്പിളി മാമന്‍ ! അമ്പിളി മാമന്‍ ഉറങ്ങിക്കോട്ടെ , ഞാന്‍ മാമുണ്ടോളം .. ചില കുട്ടികള്‍ അങ്ങിനെയാണ് അമ്പിളി മാമനെ  ശല്യപ്പെടുത്തെണ്ട എന്ന് കരുതി മുഴുവന്‍ മാമുവും ഉണ്ണും. ചിലര്‍ അമ്പിളി മാമനെ തനിക്കു കളിക്കാന്‍ വേണ്ടി അമ്മ  പിടിച്ചു തരും എന്നോര്‍ത്ത് ഉരുളകള്‍ വേഗം വേഗം  അകത്താക്കും. ഇതില്‍ രണ്ടിലും പെടാത്ത ചില കുസൃതി കുട്ടികള്‍ മാമു കഴിക്കില്ല. അവര്‍ വലിയ വാശിക്കാരായിരിക്കും. ആ സമയത്താണ് അമ്മമാരുടെ മറ്റൊരു മുഖം ഇവര്‍ കാണാനിടയാകുക. 

" ദേ നല്ല കുട്ടിയായി ഇത് കഴിച്ചോ...അല്ലേല്‍ നിന്നെ ഞാന്‍ പോക്രാച്ചിക്ക് ഇട്ടു കൊടുക്കും .."

" ആരാ മ്മേ പോക്കുരാച്ചി " 

" പോക്രാച്ചി ആരാന്നോ ? അനുസരണയില്ലാത്ത കുട്ടികളെ പിടിച്ചു കൊണ്ട് പോയി ദ്രോഹിക്കുന്ന വല്യ ഒരു ഭൂതമാണ്‌ പോക്രാച്ചി ..കൊമ്പും നീണ്ട പല്ലും ഒക്കെയുള്ള വല്യ ഭൂതം." 

ഇങ്ങനെയൊക്കെ അമ്മമ്മാര്‍ കുട്ടികളെ പേടിപ്പിച്ചാല്‍ ഏത് ജഗജില്ലി കുസൃതികളും മള മളാന്നു മാമു കഴിക്കില്ലേ ?  ആ..അത്  പോലെ ഞാനും കഴിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല നിങ്ങളും കഴിച്ചിട്ടുണ്ടാകും. 

കുട്ടിക്കാലത്ത് അങ്ങിനെയാണ് നമ്മുടെ മനസ്സില്‍ കഥകള്‍ കയറിക്കൂടുന്നത്. മുത്തശ്ശിമാരുള്ള പഴയ തറവാട്ടുകളില്‍ ജനിച്ചു വളര്‍ന്നവരാണെങ്കില്‍ പറയുകയും വേണ്ട. ഒത്തിരി പുരാണ കഥകളും, നാട്ടുകഥകളും പറഞ്ഞു തരുമായിരുന്ന മുത്തശ്ശിമാര്‍ ഇന്നില്ല. ഉണ്ടെങ്കില്‍ തന്നെ നമ്മുടെ മല്ലൂസ് ഇന്നവരെയെല്ലാം  വല്ല വൃദ്ധ സദനത്തിലും ആക്കിയിട്ടുണ്ടാകും.  പറഞ്ഞു വന്ന വിഷയം ഇതൊന്നുമല്ല ട്ടോ. കുട്ടിക്കാലത്ത് ഇവരൊക്കെ കൂടി കഥകള്‍ എന്ന പേരില്‍ നമ്മുടെ മുന്നില്‍ അടിച്ചിറക്കുന്ന സര്‍വത്ര കാര്യവും  നല്ല ഒന്നാന്തരം നുണകള്‍ മാത്രമാണ്. പിന്നെങ്ങന്യാ നമ്മള്‍ നുണ പറഞ്ഞു തുടങ്ങാതിരിക്കുക ? 

അങ്ങിനെയാണ്  നിഷ്ക്കളങ്കരായിരുന്ന നമ്മള്‍ കൊച്ചു കൊച്ചു നുണകള്‍  പറഞ്ഞു തുടങ്ങുന്നത് . അതിത്ര വല്യ കുറ്റമാണോ ? കുട്ടികളിലെ ഇത്തരം 'ദോഷകരമല്ലാത്ത' പ്രവണതകളെ അച്ഛനമ്മമാര്‍ ചൂരല്‍ കഷായം കൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. സത്യത്തില്‍ നുണ പറയാനുള്ള ഒരു വലിയ പ്രോത്സാഹനമായാണ്  ഈ ചൂരല്‍ കഷായത്തെ  കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. അമ്മയുടെ അടി കിട്ടുന്ന സമയത്ത് ഞാന്‍ പെട്ടെന്ന് കയറിയങ്ങു നന്നാകും. അഞ്ചു മിനിട്ട് കഴിയുമ്പോള്‍ അതെല്ലാം തഥൈവ :. 

അല്‍പ്പം കൂടി  മുതിര്‍ന്നപ്പോള്‍, പണ്ട് പറഞ്ഞ നുണകളെ കുറിച്ച് ഞാന്‍  ഗാഡമായി ആലോചിച്ചു. നുണ പറയുന്നത് ഒരു മോശം കാര്യമാണ്, നുണ പറയുന്നവന്‍ ദൈവ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന് തുടങ്ങി പല കേട്ടു കേള്‍വികളും ഉണ്ട്. ഞാന്‍ ആലോചിച്ചത് മറ്റ് പലതുമായിരുന്നു. ആരാണ് ഭൂമിയില്‍ നുണ പറയാത്തവരായിട്ടുള്ളത്‌?  എന്തിനായിരിക്കും മനുഷ്യന്‍ നുണ പറയാന്‍ തുടങ്ങിയിട്ടുണ്ടാകുക ? നുണ ഇത്ര വലിയ പാപമാണോ ?  നുണ ഒരു കലയല്ലേ ഒരര്‍ത്ഥത്തില്‍ ? 

ഒരാള്‍ ബോധപൂര്‍വം മറ്റൊരാള്‍ക്ക് എന്തിനെയെങ്കിലും കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന  സമ്പ്രദായത്തെയാണ് ഇന്നത്തെ വ്യവഹാരാവസ്ഥയില്‍ " നുണ " എന്ന പദത്തെ നിര്‍വചിച്ചിരിക്കുന്നത്. നിഷ്ക്കളങ്കമായ നുണകള്‍, ആപത്ക്കരമായ നുണകള്‍, സാഹചര്യ നുണകള്‍, നിര്‍ബന്ധ നുണകള്‍,കല്ല്‌ വച്ച നുണകള്‍,അങ്ങിനെ നുണകള്‍ പല തരത്തിലുണ്ട്.

  കഥാരൂപേന ബഡായി പൊട്ടിക്കുന്ന വീരന്മാര്‍ നമ്മുടെ സമൂഹത്തില്‍ ഒരുപാടുണ്ട്. ഇവരെല്ലാം പൊതുവേ സാധുക്കളായിരിക്കും. അത് കൊണ്ട് തന്നെ ഇത്തരക്കാരുടെ വാചാലങ്ങള്‍ ആസ്വദിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. ചില പ്രത്യേക  സാഹചര്യങ്ങളില്‍ നമുക്ക് നുണ പറഞ്ഞു തന്നെ മതിയാകൂ എന്ന സ്ഥിതിയും  സംജാതമാകാറുണ്ട്. അതൊന്നും ഒരു കുറ്റമായി കണക്കാക്കാന്‍ പറ്റില്ല.  സാഹിത്യകാരന്മാര്‍ പടച്ചു വിടുന്ന കഥകള്‍ ഒന്നാലോചിച്ചാല്‍ നുണ തന്നെയല്ലേ? അതിനെ ഭാവന എന്ന ഓമനപ്പേരില്‍ നമ്മള്‍ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതും ഒരു കുറ്റമല്ല. അങ്ങിനെ നോക്കിയാല്‍ ഏത് തരം നുണകള്‍ പറയുന്നതാണ് കുറ്റം എന്നാണോ ആലോചിക്കുന്നത് ? പറയാം. 

മറ്റുള്ളവരെ  ദ്രോഹിക്കാനോ, വ്യക്തിഹത്യ ചെയ്യാന്‍ വരെ മടിക്കാത്തവരുമായ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ ചിലപ്പോഴൊക്കെ സമൂഹത്തിന്‍റെ സമാധാനം തന്നെ തല്ലിക്കെടുത്താറുണ്ട്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷകരമായോ വിഷമകരമായോ  ബാധിക്കുന്ന നുണകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ എതിര്‍ക്കപ്പെടെണ്ടത്. 

മറ്റ് ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവം കൊടുത്ത ഒരു കഴിവാണ് നുണ പറയുക എന്നത്. ആ കഴിവിനെ അര്‍ത്ഥവത്തായി ഉപയോഗിക്കാനാണ് മനുഷ്യന്‍ പഠിക്കേണ്ടിയിരുന്നത്. പക്ഷെ, എന്ത് ചെയ്യാം,  വിലക്കപ്പെട്ട കനി കഴിക്കാന്‍ ധൈര്യം കാണിച്ച മനുഷ്യന്‍ ഇക്കാര്യത്തിലും ഉഡായിപ്പ് ബുദ്ധിയെ കാണിക്കൂ എന്ന കാര്യം ദൈവം ഓര്‍ക്കാതെ പോയോ ? 

എന്തായാലും ആരോഗ്യകരവും  ആസ്വദനീയവുമായ  നുണകള്‍ നല്ലത് തന്നെയാണ്. നുണകള്‍ക്ക്  പിന്നിലെ ഉദ്ദേശ്യശുദ്ധിയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് മാത്രം നുണ ഒരു കുറ്റമാണോ അല്ലയോ എന്നു വിലയിരുത്തുന്നതായിരിക്കും ന്യായം എന്ന് തോന്നുന്നു. 

-pravin- 

Thursday, September 13, 2012

ആത്മബലി


ഭ്രാന്തമായ സ്നേഹമായിരുന്നു അവളോട്‌ . അത് കൊണ്ട് തന്നെ ഒരു നിമിഷം കാണാതിരുന്നാല്‍, കുറച്ചു നേരം സംസാരിക്കാതിരുന്നാല്‍, ഞാന്‍ കരയില്‍ പിടിച്ചിട്ട മീനിനെ പോലെ പിടക്കുമായിരുന്നു. മുജ്ജന്മത്തില്‍ അവളെ പ്രേമിച്ചു മതി വരാതെ, വീണ്ടും അവള്‍ക്കായി പുനര്‍ജനിച്ച ഒരു വിശിഷ്ട   കാമുകനൊന്നും ആയിരുന്നില്ല  ഞാന്‍. ഒരു പ്രഥമ ദൃഷ്ടിയില്‍ വിരിഞ്ഞ മനോഹര പ്രണയവുമായിരുന്നില്ല എനിക്കവളോട്. അതെന്തായിരുന്നു എന്നറിയാനായി അവളറിയാതെ പല തവണ അവള്‍ക്കു പിന്നാലെയും മുന്നാലെയും കൂടെയും ഒരു അപരിചിതനെ പോലെ ഞാന്‍ നടന്നു. 

ഒടുക്കം എനിക്ക് ബോധ്യമായി, എന്‍റെ പ്രണയ സങ്കല്‍പ്പങ്ങളിലെ നായിക അവള്‍ തന്നെയാണെന്ന്.  പക്ഷെ, അതെങ്ങനെ അവളോട്‌ പറയും എന്നായിരുന്നു ഞാനെന്ന കാമുകന് നേരിടേണ്ടി വന്ന അടുത്ത വെല്ലുവിളി. പറഞ്ഞല്ലേ മതിയാകൂ, ഒടുക്കം അതവളോട്‌ വളച്ചൊടിക്കാതെ തന്നെ പറഞ്ഞു. അവളുടെ മറുപടി ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനായി കാത്തു നിന്നതുമില്ല കാരണം എനിക്കറിയാമായിരുന്നു, അവളെ പോലുള്ള ഒരു നാട്ടിന്‍പുറത്തുകാരി കുട്ടിക്ക്, ഒരു ശുദ്ധ പാവത്തിന് എന്നെ പോലുള്ളവരുടെ പ്രണയത്തെ സ്വീകരിക്കാന്‍ മടി കാണുമെന്ന്. അത് കൊണ്ട് നിരാശയൊന്നും  തോന്നിയില്ല. 

അതെ സമയം, അവളോടുള്ള  എന്‍റെ ഒറ്റയാള്‍ പ്രണയം തുടര്‍ന്ന് കൊണ്ടേയിരുന്നു. എനിക്കവളെ എന്ത് കൊണ്ടോ പ്രണയിച്ചേ മതിയാകുമായിരുന്നുള്ളൂ.   ആ പ്രണയത്തില്‍  ഞാന്‍ തന്നെ ഒരു ലഹരി കണ്ടെടുത്തു. ആ ലഹരിയില്‍ മതിമറക്കുന്ന എന്നെ കണ്ടിട്ടായിരിക്കാം അവള്‍  പിന്നീടെനിക്ക് ഭ്രാന്തമായ ഒരു സ്നേഹസമ്മാനം തന്നത്. അതെ, ഒടുക്കം അവള്‍ അനുകൂലമായ ഒരു മറുപടി പറഞ്ഞിരിക്കുന്നു. 

പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നത് മനസിലാക്കാനേ സാധിച്ചിരുന്നില്ല. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയം, അതിനൊടുക്കം അവള്‍ക്കെന്തായിരിക്കും സംഭവിച്ചു കാണുക ? എന്തിനായിരിക്കും അവളെന്നോട് വ്യക്തമായ ഒരു കാരണം പറയാതെ എങ്ങോട്ടോ പോയി മറഞ്ഞിട്ടുണ്ടാകുക ? അവളെന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടുണ്ടായിരുന്നില്ലേ? ഞാന്‍ എന്നോട് തന്നെ പല കുറി ചോദിച്ചു. 

ഒന്നിനും ഒരു വ്യക്തമായ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ഒരു മാനസികാവസ്ഥയിലേക്ക് ഞാന്‍ പതിയെ മാറിക്കഴിഞ്ഞിരുന്നു. ഉറക്കമില്ല, ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, കഴിച്ചാല്‍ തന്നെ അത് മുഴുവനും  ചര്‍ദ്ദിച്ചു കളയേണ്ട അവസ്ഥയുമായി . തന്മൂലം എന്‍റെ ആരോഗ്യ സ്ഥിതി ആഴ്ചകള്‍ക്കുള്ളില്‍ മോശമായി തുടങ്ങിയിരുന്നു. 

  എന്‍റെ അവസ്ഥ കണ്ട പലരും  പലതും ഉപദേശിച്ചു. പക്ഷെ, അപ്പോഴും  അവളോടുള്ള  ഭ്രാന്തമായ സ്നേഹം എന്നില്‍ കത്തി ജ്വലിച്ചു കൊണ്ടേയിരുന്നു. അതിനെ കെട്ടണക്കാന്‍ എനിക്ക് പോലും സാധിക്കുന്നില്ല. പക്ഷെ ഇതെല്ലാം അവളുണ്ടോ അറിയുന്നു? അങ്ങിനെയുള്ള ഒരു പെണ്ണിനെയാണോ ഞാന്‍ എന്‍റെ ജീവനേക്കാള്‍ സ്നേഹിച്ചത്  എന്നാലോചിക്കുന്ന  വേളയില്‍ മനസ്സില്‍ കുറ്റബോധവും പൊങ്ങി തുടങ്ങുന്നു. 

മുറിയിലെ, ഇരുട്ടില്‍ ഒറ്റക്കിരിക്കുമ്പോള്‍ കിട്ടുന്ന മാനസിക സുഖം ഞാന്‍ പതിയെ അറിയാന്‍ തുടങ്ങി. ഒറ്റപ്പെടലുകള്‍ക്ക് വല്ലാത്തൊരു ശക്തി മനസ്സിന് ചിലപ്പോള്‍ തരാന്‍ സാധിച്ചെന്നു വരാം. വെളിച്ചത്തെ ഭയമായി തുടങ്ങിയിരിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ചെല്ലാന്‍ പേടി, ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിക്കാന്‍ പേടി, ആരെങ്കിലും സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ അവരെ സംശയം, അങ്ങിനെ എന്തൊക്കെയോ മനസ്സില്‍ തോന്നിക്കൊണ്ടെയിരിക്കുന്നു. മനസ്സ് എന്‍റെ കൈ വിട്ടു പോയിരിക്കുന്നു എന്ന സത്യത്തെ ഞാന്‍ അംഗീകരിച്ചേ മതിയാകൂ. 

ഇരുട്ടുമുറിയിലെ വാതിലും ജനാലകളും ആരോ ശക്തമായി  തുറക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ആ ശബ്ദം വല്ലാത്തൊരു ഭീകരതയാണ് എനിക്ക് സമ്മാനിക്കുന്നത്. ആ ശബ്ദത്തില്‍. പലപ്പോഴും ഞാന്‍ ഞെട്ടി തെറിക്കുന്നു. എന്‍റെ ഹൃദയ മിടിപ്പുകള്‍ കൂടി കൊണ്ടേയിരിക്കുന്നു. ആരായിരിക്കാം എന്‍റെ മുറി സമ്മതമില്ലാതെ ഏത് സമയത്തും തുറന്നു കൊണ്ട് വരുന്നത് ? ആരാണ് എന്‍റെ മുറിയിലേക്ക് വെളിച്ചം തുറന്നു വിടുന്നത് ? ഞാന്‍ എത്ര പൂട്ടിട്ടു പൂട്ടിയാലും ആ വാതില്‍ വീണ്ടും വീണ്ടും  തുറക്കപ്പെട്ടു കൊണ്ടേയിരുന്നു . 

അവള്‍ പോയതിനു ശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല. എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടു ആഴ്ചകള്‍   കഴിഞ്ഞിരിക്കുന്നു. എന്‍റെ കണ്ണുകളിലെ കറുപ്പ് അതിന്‍റെ തടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഒന്ന് സുഖമായി ഉറങ്ങണം എന്ന ആഗ്രഹത്തിനാണ് ഞാന്‍ ഇപ്പോള്‍ എന്തിനേക്കാളും മുന്‍‌തൂക്കം കൊടുക്കുന്നത്. അതിനെനിക്കു സാധിക്കുമോ ഇനിയെങ്കിലും ? 

കണ്ണുകള്‍ സാവധാനം  അടക്കാന്‍ ശ്രമിക്കവേ വാതില്‍ വീണ്ടും തുറക്കപ്പെട്ടു.മുറിയില്‍ വെളിച്ചം വീണ്ടും നിറഞ്ഞു.ഇത്തവണ മുറിയിലേക്ക് പടര്‍ന്നു വന്ന  ആ വെളിച്ചത്തിന് നടുക്ക്,  നീട്ടിപ്പിടിച്ച കൈകളുമായി , ഒരു പ്രണയാലിംഗനത്തിനായി   എന്നെ ക്ഷണിക്കുന്ന ഒരു നിഴലിനെ കൂടി എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ആ ക്ഷണം എന്ത് കൊണ്ടോ എനിക്ക് നിരസിക്കാന്‍ സാധിച്ചില്ല. ശരീരത്തിന്‍റെ ക്ഷീണം കണക്കാക്കാതെ ആടിക്കുഴഞ്ഞു കൊണ്ട് ആ നിഴലിലേക്ക്‌ ഞാന്‍ അല്‍പ്പം സമയം കൊണ്ട്  നടന്നെത്തി. 

 നിഴലുമായുള്ള ആലിംഗനത്തില്‍ എനിക്കവളുടെ ഗന്ധം തിരിച്ചറിയാന്‍ സാധിച്ചു. ആ ശ്വാസം ഞാന്‍ എന്നിലേക്ക്‌ കൂടുതല്‍ വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. എന്‍റെ ശ്വാസത്തെ ഞാന്‍ മറക്കുന്നു. അവളോട്‌ പണ്ടുണ്ടായിരുന്ന ഭ്രാന്തമായ സ്നേഹത്തിന്‍റെ പതിന്മടങ്ങ്‌ അവളുടെ ഗന്ധമുള്ള നിഴലുമായി ഞാന്‍ പങ്കു വച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ നിഴലില്‍ ഞാന്‍ അലിഞ്ഞു. ആ വെളിച്ചത്തില്‍ ഞങ്ങളുടെ നിഴലുകളും.

-pravin- 

Saturday, September 1, 2012

ഒരു കൊച്ചു ബഡായി കഥ


   ഹുസ്സൈന്ക്ക   ഒരു പക്കാ  നാട്ടിന്‍ പുറത്തുകാരനാണ്. അത് കൊണ്ട് തന്നെ നാട്ടിന്‍ പുറത്തെ അല്ലറ ചില്ലറ ദുശ്ശീലങ്ങളും അയാള്‍ക്കുണ്ടായിരുന്നു. രാമുവേട്ടന്റെ ചായക്കടയില്‍ അതിരാവിലെ ഒരു ബീഡിയും കടിച്ചു  പിടിച്ചു കൊണ്ട് ഹുസ്സൈന്ക്ക നില്‍ക്കുന്നത് പലപ്പോഴും കാണാറുണ്ട്,. ഹുസ്സൈന്ക്കാക്ക് എന്താ പണിയെന്നു ചോദിച്ചാല്‍, ഇതൊക്കെ തന്നെയാണ് പണിയെന്നു പറയേണ്ടി വരും. 

 പ്രത്യേകിച്ചു പറയാന്‍ സ്വന്തമായി ഒരു പണി ഇല്ലെങ്കിലും, പണി എടുക്കുന്ന ആളുകളുടെ നടുക്ക് ബഡായിയും പറഞ്ഞു കൊണ്ട് ഹുസ്സൈന്ക്ക ഉണ്ടാകും. ചിലപ്പോള്‍ നട്ടുച്ച വെയിലത്ത്  കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയില്‍ ഒരു തൊഴിലാളി നേതാവിന്‍റെ തികഞ്ഞ ഭാവത്തില്‍ കഥ പറഞ്ഞു കൊണ്ട് നില്‍ക്കുന്നുണ്ടാകും, ചിലപ്പോള്‍ അമ്പലപ്പറമ്പിലെ ആല്‍മരച്ചുവട്ടില്‍ തായം കളിക്കുന്ന മധ്യവയസ്ക്കരുടെ   കൂട്ടത്തില്‍ , ചിലപ്പോള്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ വരുന്നവര്‍ക്കിടയില്‍, അങ്ങിനെ ചുരുക്കം പറഞ്ഞാല്‍ ആ നാട്ടിലെ ആള് കൂടുന്ന എല്ലാ സ്ഥലങ്ങളിലും കഥാനായകനായ ഹുസ്സൈന്ക്ക ഉണ്ടാകുമെന്ന് സാരം. അത് കൊണ്ട് തന്നെ ഹുസ്സൈന്ക്കായെ അറിയാത്തവരായി അന്നാട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 
 
രാമുവേട്ടന്റെ ചായക്കടയിലെ പതിവ് പത്രം വായനക്കെത്തിയവരിലെ   പരദൂഷണം പ്രമാണിയാണ്   ആ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടത്. 

"ഇങ്ങള് ആരെങ്കിലും ഒരു കാര്യം അറിഞ്ഞോ ..മ്മടെ ഹുസൈന്‍റെ നെഞ്ഞത്ത്   ഒരു പാമ്പ് കയറിയത്രേ " 

ആ വാര്‍ത്ത കേട്ട എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി. ചായ അടിച്ചു കൊണ്ടിരുന്ന രാമുവേട്ടന്‍ അമല്‍ നീരദ് സിനിമയിലെ നായകനെ പോലെ ഒരു കയ്യില്‍ കോപ്പയും മറു കയ്യില്‍ ചായ വീഴാനുള്ള പാത്രവുമായി ഒരു നിശ്ചല ചിത്രം പോലെ ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയി. രണ്ടു മൂന്നു നിമിഷത്തിനു ശേഷം, ആകാശത്തേക്ക് പൊങ്ങി പോയ ചായ തുള്ളികള്‍ ഒന്നൊന്നായി ചായപാത്രത്തിലേക്ക് വന്നു വീണു. അപ്പോഴേക്കും എല്ലാവരും വേണ്ടുവോളം ഞെട്ടി കഴിഞ്ഞിരുന്നു.  

"അല്ല ഈ പാമ്പ്‌ ഇപ്പൊ എങ്ങനാ ഓന്‍റെ  നെഞ്ഞത്ത് കയറിയത് " കൂട്ടത്തിലെ കാരണവരുടെ ചോദ്യം. 

"അല്ല, അതിപ്പോ, ഒനോടെന്നെ ചോദിച്ചാലെ മ്മക്ക് കാര്യങ്ങള്‍ അറിയാന്‍ പറ്റൂ..ഓന്‍ ഇപ്പൊ ന്തായാലും ചായ കുടിക്കാന്‍ ഇങ്ങട് വരും .അപ്പൊ നമുക്ക് തന്നെ നേരിട്ട് ചോയിക്കാല്ലോ .." രാമുവേട്ടന്‍ പറഞ്ഞു. 

പറഞ്ഞു കുറച്ചു മിനിട്ടുകള്‍ക്ക് ശേഷം തന്നെ കഥാനായകന്‍ ചായക്കടയില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഹുസ്സൈന്ക്കായെ സ്നേഹാദരങ്ങളോടെ പൊതിഞ്ഞു .

പതിവ് സ്റ്റൈലില്‍ ഹുസ്സൈന്ക്ക തന്‍റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചു. കഥ കേള്‍ക്കാനുള്ള ആകാംക്ഷ കൊണ്ട് ബീഡി കത്തിച്ചു കൊടുത്തത് ചായക്കടയില്‍ കഥ കേള്‍ക്കാന്‍ വന്നവരായിരുന്നു. ഒടുക്കം ഹുസ്സൈന്ക്കാ തന്നെ കഥയുടെ ചുരുളഴിക്കാന്‍ തുടങ്ങി. ഒരു സിനിമ കാണും പോലെ എല്ലാവരും അങ്ങേരുടെ ചുറ്റും ഇരുപ്പായി.  

ഹുസ്സൈന്ക്കാ വലിച്ചു കൊണ്ടിരിക്കുന്ന  ബീഡിയുടെ പുക ചായക്കടയുടെ മേല്‍ക്കൂരയ്ക്കു മുകളിലേക്ക് പൊങ്ങി പറന്നു ആകാശം മുട്ടിയപ്പോള്‍ കഥയുടെ പേരും മറ്റ് വിവരണങ്ങളും എഴുതി കാണിച്ചു, തൊട്ടു പിന്നാലെ കഥയും തുടങ്ങി. 

സംഭവം നടന്നത് മിനിഞ്ഞാന്ന്രാത്രി. ചില സ്ഥലങ്ങളില്‍ കഥ പറയാന്‍ നിന്നാല്‍ അങ്ങേരുടെ ഫാന്‍സ്‌ അങ്ങേരെ പച്ചക്ക് വിടാറുണ്ടായിരുന്നില്ല . ഒരല്‍പം സ്വീകരണവും അനുമോദനവും എല്ലാം കൊടുത്ത ശേഷം മാത്രമേ പറഞ്ഞു വിടൂ. അന്നത് പോലെ ഒരു സ്വീകരണം കഴിഞ്ഞ ശേഷം ഒരല്‍പം ആലസ്യത്തോടെയാണ് ഹുസ്സൈന്ക്ക വീട്ടില്‍ എത്തിയത്. 

 ഈ പാതിരാത്രിയില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഹുസ്സൈന്ക്ക ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെ വാതിലില്‍ ചെന്ന് അലറിക്കൊണ്ട്‌ പറഞ്ഞു. 

"എടി ബിയ്യാത്തൂ...ഇയ്യ്‌ വാതില്‍ തുറക്കണോ ..അതോ ഞാന്‍ ഇബടെ തന്നെ കിടക്കണോ .."

അതിനു മറുപടി പറഞ്ഞത് ഹുസ്സൈന്ക്കായുടെ ഉമ്മയായിരുന്നു . "ഇജ്ജ് അബടെ തന്നെ കിടന്നോ ..അനക്ക് അദ്ദന്നെയാണ് നല്ലത്..വെറുതെ ഓളെ വിളിച്ചു അലറണ്ട...ഓളും കുട്ട്യോളും ഓള്‍ടെ വീട്ടില്‍ക്ക്‌ പോയി. അന്നേ പോലൊരു ശൈത്താന് പാതിരാക്ക്‌ വാതില്‍ തുറന്നു തരാന്‍ അന്‍റെ ഉമ്മയായ എനിക്ക് ഇത്തിരി ബുദ്ധി മുട്ടുണ്ട്. ഒരൂസം പുറത്തവിടെ കിടക്ക്‌..,.. അന്നേ ശരിയാക്കാന്‍ പറ്റുമോന്നു നോക്കണമല്ലോ .അവിടെ കിട ശൈത്താനെ ..."  

ആദര്‍ശവാനും സര്‍വോപരി കിടു ധൈര്യവാനുമായ ഹുസ്സൈന്ക്ക ഉമ്മയോട് ഒരിഞ്ചു പോലും വിട്ടു കൊടുത്തില്ല. വാതില്‍ തുറന്നു തന്നില്ലെങ്കില്‍  തനിക്കൊരു ചുക്കുമില്ല എന്ന് പറഞ്ഞു കൊണ്ട് വീടിന്‍റെ പടിയിറങ്ങി. പക്ഷെ കൂടുതല്‍ ദൂരം ഒറ്റയ്ക്ക് പോകാന്‍ അങ്ങേരുടെ  ധൈര്യം സമ്മതിച്ചില്ല. ജിന്നും മറുതയും കുട്ടി ചാത്തനുമെല്ലാം കമ്പനിയായി കറങ്ങി നടക്കുന്ന രാത്രിയാണ്. സൂക്ഷിക്കണം. ഹുസ്സൈന്ക്കായുടെ മനസ്സ് പറഞ്ഞു.  ഈ ഒരവസ്ഥയില്‍ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നത് ശരിയല്ല എന്ന് കണ്ട ഹുസ്സൈന്ക്കാ വീടിനു ചുറ്റും ഒന്ന് നോക്കി കൊണ്ട് മനസ്സില്‍ എന്തോ ഒന്ന് തീരുമാനിച്ചു.  

അവസാനം വീടിനു ചേര്‍ന്ന് തന്നെയുള്ള വിറകു പുരയില്‍ തനിക്കു  കിടക്കാന്‍ ഒരിടം ഹുസ്സൈന്ക്ക കണ്ടെത്തി.  

വീടിന്‍റെ ഇറയത്തു വച്ചിരുന്ന പായെടുത്തു കൊണ്ട്  വന്ന്‌ വിറകു പുരയില്‍ വിരിച്ചു. സാവധാനം രണ്ടു വിറകു കൊള്ളികള്‍ പെറുക്കിയെടുത്തു കൊണ്ട് തലയണ പോലെ പരത്തി വച്ച് അതിനു മീതെ  അല്‍പ്പം പച്ചിലയും വൈക്കോലും വിതറി. പിന്നീട് തന്‍റെ ഷര്‍ട്ട്‌ എടുത്തു അതിനു മുകളില്‍ ഇട്ടു. ഇപ്പൊ തല വച്ച് കിടന്നാല്‍ സാക്ഷാല്‍ തലയണയേക്കാള്‍ സുഖം ഇത് തന്നെയെന്നു തോന്നി പോകും. നാളെ കാലത്ത് ഉമ്മയോട് വാദിച്ചു ജയിക്കാന്‍ ഇതൊരവസരമായി കണ്ട ഹുസ്സൈന്ക്ക  സന്തോഷത്തോടെ വിറകു പുരയില്‍ കിടക്കുന്ന നേരം പെട്ടെന്ന് നെഞ്ചിനു മുകളില്‍ ഒരു ഭാരം അനുഭവപ്പെട്ടു. എന്തോ ഒരു അസ്വസ്ഥത. 

"ഹുസ്സൈന്ക്കാ ...എന്താ നെഞ്ച് വേദനയായിരുന്നോ ?"കഥ പറയുന്നതിനിടയില്‍ ആരോ ഇടയ്ക്കു കയറിക്കൊണ്ട്‌ ചോദിച്ചു.

ചോദിച്ചവനെ ഒന്ന് ഗൌരവത്തില്‍ നോക്കി കൊണ്ട് ഹുസൈന്ക്ക പറഞ്ഞു. 

"നെഞ്ച് വേദനയല്ല പഹയാ..എനിക്കീ ഗ്യാസിന്റെ അസ്കിതയുണ്ട് ...ഇടക്കൊക്കെ അങ്ങിനെ ഒരുമാതിരി വരാറുമുണ്ട് ..അപ്പൊ ആദ്യം  അദ്ദന്നെയാകും ഇതും എന്ന് വിചാരിച്ചു. ഇങ്ങള് കഥയുടെ ഇടയ്ക്കു കേറി ചോയിക്കാതെ മുയുവനും അങ്ങട് കേക്ക്..."

 അങ്ങിനെ ഹുസ്സൈന്ക്കാ വിറകു പുരയില്‍ കിടന്നു കൊണ്ട് ഗ്യാസിന്റെ അസ്കിത അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ രംഗത്ത് നിന്നും കഥ വീണ്ടും തുടര്‍ന്നു.

 ഗ്യാസിന്റെ അസ്കിതയെ അത്ര കാര്യമാക്കാത്ത ഹുസ്സൈന്ക്കാ, കിടന്ന കിടപ്പില്‍  തന്നെ ഒരു ബീഡി വലിക്കാന്‍ തയ്യാറെടുത്തു. ട്രൌസറിന്റെ പോക്കറ്റില്‍ വച്ചിരുന്ന ബീഡിയും ലൈറ്ററും എടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍  ശരീരം അനക്കിയപ്പോള്‍ നെഞ്ചിലെ ഭാരം അല്‍പ്പം താഴത്തെക്കിറങ്ങിയ പോലെ തോന്നി. ഹാവൂ ..ഒരാശ്വാസം. 

ഒടുക്കം കിടന്നു കൊണ്ട് തന്നെ ബീഡി കത്തിച്ചു വലി തുടങ്ങി. ആ  സമയത്ത് ആ ഭാരം വീണ്ടും നെഞ്ചിനു മുകളിലേക്ക് കയറി കയറി വരുന്നതായി തോന്നി. ബീഡിയുടെ കുഞ്ഞു വെളിച്ചത്തില്‍ ഹുസ്സൈന്ക്കാ ആ കാഴ്ച കണ്ടു അന്തം വിട്ടു പോയി. തന്‍റെ നെഞ്ചിനു മുകളില്‍ ഒരു കരി മൂര്‍ഖന്‍ പത്തി   വിരിച്ചു കൊണ്ടങ്ങനെ ആടിക്കൊണ്ടിരിക്കുന്നു. പക്ഷെ ഹുസ്സൈനുക്കയുണ്ടോ പേടിക്കുന്നു. ഇതെല്ലാം അങ്ങേരുക്ക് നിസ്സാര സംഭവം. പത്തി വിരിച്ചു കൊണ്ട് ആടുന്ന കരി മൂര്‍ഖനെ നോക്കി കൊണ്ട് തന്നെ ആ ബീഡി മുഴുവന്‍ ഒരൊറ്റ കിടപ്പിന് വലിച്ചങ്ങു തീര്‍ത്തു. അവസാനം,  കരി മൂര്‍ഖനെ പേടിപ്പിക്കനെന്ന നിലയില്‍ തന്‍റെ വായില്‍ പിടിച്ചു വച്ചിരുന്ന ബീഡിയുടെ കട്ടപൊക കൊണ്ട് അതിന്‍റെ  മുഖത്തേക്ക് ഒരൊറ്റ ഊത്ത്. 

"ബദരീങ്ങളെ ...ന്നിട്ട് ആ പാമ്പ്‌ ഇങ്ങളെ കൊത്തിയില്ലേന്നും...?? "പശുവിനു പുല്ലരിയാന്‍ പോകുന്ന വഴിയില്‍ ചായക്കടയിലെ ആള്‍ക്കൂട്ടം കണ്ടു കയറി നോക്കിയ  ആയിഷയാണ് ഇത്തവണ ഇടയ്ക്കു കയറി ചോദ്യം ചോദിച്ചത് 

ആയിഷയുടെ മുഖത്തേക്ക് നോക്കി കൊണ്ട്  ഒരു ശൃംഗാര ഭാവത്തോടെയാണ്  ഹുസ്സൈന്ക്കാ അതിനുള്ള  മറുപടി പറഞ്ഞത്. 

" ഓ...ന്‍റെ ആയിഷാ..ഇതൊക്കെ ഇപ്പൊ ഇത്ര പേടിക്കേണ്ട കാര്യോന്നും അല്ലാ ന്നെ ...ഞമ്മള്  ഒരൊറ്റ ഊത്ത് അങ്ങു ഊതിയപ്പോള്‍ മൂര്‍ഖനു കാര്യം പിടി കിട്ടി.  ന്നോട് ഓന്റെ ഓലപ്പത്തി  കാണിച്ചുള്ള പേടിപ്പിക്കലൊന്നും നടക്കൂല്ലാന്നു ..അല്ല ന്‍റെ ധൈര്യം കണ്ടപ്പോഴേ ഓന്  മനസിലായി കാണും, ന്നോട് കളിച്ചാല്‍ ശരിയാകില്ലാന്ന്.."

" എന്നിട്ട് ..എന്നിട്ടെന്താ ഉണ്ടായതെന്ന് പെട്ടെന്ന് പറ ഹമുക്കെ .."  ഇത് പെട്ടെന്നൊന്നു കേട്ടു കഴിഞ്ഞിട്ട് വേണം പണിക്കു പോകാന്‍ എന്ന ധൃതിയില്‍ ബീരാന്‍ കുട്ടി ചോദിച്ചു. 

"എന്നിട്ടെന്തു ഉണ്ടാകാന്‍,..ആ ബീഡി വലിച്ചു കഴിഞ്ഞപ്പോഴേക്കും നിക്ക് നല്ല സൊയമ്പന്‍ ഒറക്കം വന്നു. അപ്പൊ തന്നെ ഒറങ്ങിപ്പോയി. പിന്നെ രാവിലെ എഴുന്നേറ്റപ്പോ ഓന്റെ പൊടി പോലും കാണാന്‍ ല്ലായിരുന്നു." അത്രയും പറഞ്ഞു ഹുസ്സൈന്ക്ക പെട്ടെന്ന് കഥ വൈന്റ് അപ്പ് ചെയ്തു. എന്നിട്ട് തന്‍റെ മുന്നിലുള്ള ടേബിളില്‍ വച്ച ചൂട്  ചായ ഒരൊറ്റ മിടുക്കിനു കുടിച്ചു തീര്‍ത്ത ശേഷം , കടയില്‍ തൂക്കിയിട്ട പഴക്കൊലയില്‍ നിന്നും രണ്ടു മൂന്നു പഴവും പറിച്ചെടുത്ത് കൊണ്ട് കാശും കൊടുക്കാതെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് ഒരൊറ്റ ഇറങ്ങി പോക്ക്. 

അത് വരെ ഹുസ്സൈന്ക്കാടെ  കഥ കേട്ടു നിന്നവരാകട്ടെ അടുത്ത ഒരു ചര്‍ച്ചക്ക് വിഷയം കിട്ടിയെന്ന രീതിയില്‍, ഉള്ള സ്ഥലത്തൊക്കെ ഇരുപ്പുറപ്പിച്ചു കൊണ്ട് രാമുവേട്ടനോട് ഓരോ സ്ട്രോങ്ങ്‌ ചായക്ക്‌ ഉത്തരവിട്ടു. പിന്നെയാണ്  പല പ്രമുഖ ശ്രോതാക്കളും തങ്ങളിത് വരെ  കേട്ട കഥയിലെ സംശയങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. 

"അല്ല രാമ്വേട്ടാ.. ഈ പാമ്പ് എന്തിനായിരിക്കും ഓന്റെ നെഞ്ഞത്ത് തന്നെ കയറി ഇരുന്നത് ?" ഒരു പ്രമുഖന്‍ ചോദിച്ചു ..

"അതിപ്പോ ചിലപ്പോ സിഗരറ്റ് മണം കിട്ടിയാല്‍  ചില പാമ്പുകള്‍ അങ്ങിനെയാ ...   ഇനിയിപ്പോ പാമ്പ് സിഗരറ്റ് വലിക്കാന്‍ വന്നതാവ്വോ ?? പടച്ചോനറിയാം.. " 

" അല്ല സത്യത്തില്‍ ഈ കഥയിലെ ശരിക്കും  പാമ്പ്‌ ആരായിരുന്നു ??? "

" ആ സംശയം എനിക്കും തോന്നിയിരുന്നു ...കഥയിലെ പാമ്പ് ഇനി അവന്‍ തന്നെയാണോ .."

" അതെ ..ഓന്‍ അടിച്ചു പാമ്പായപ്പോള്‍ ഓന് തോന്നിയതാകും ഈ പാമ്പ് കഥ ..അല്ല പിന്നെ "

"അല്ല, ഇനിയിപ്പോ പാമ്പ്‌ വന്നു ന്നെന്നെ വിചാരിക്ക്വാ,    ഓനാ പാമ്പിന്‍റെ മുഖത്തേക്ക് ഊതി എന്ന് പറഞ്ഞില്ലേ ,ആ മണം അടിച്ചപ്പോ ഈ പാമ്പ് ചിലപ്പോള്‍ പാമ്പായി തല കറങ്ങി വീണിട്ടുണ്ടാകും..ഹ ഹ.."

രാമുവേട്ടന്റെ ചായക്കടയില്‍ ഹുസ്സൈന്ക്കായുടെ പുതിയ കഥയെ കുറിച്ച് ചര്‍ച്ചകള്‍ അങ്ങിനെ പൊടി പൊടിക്കുന്ന സമയത്ത് ഹുസ്സൈന്ക്കാ ഇതൊന്നും അറിയാതെ  പുഴക്കരയില്‍ മണല് കോരിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ നടുക്ക്  അടുത്ത കഥയ്ക്കുള്ള വട്ടം കൂട്ടി കൊണ്ടിരിക്കുകയായിരുന്നു. 

-pravin-