Wednesday, September 26, 2012

എന്‍റെ നുണാന്വേഷണ നിരീക്ഷണങ്ങള്‍


 കുഞ്ഞു നാളില്‍ അമ്മയുടെ ഒക്കത്തിരുത്തി ചോറുരുള കുഴച്ചു വായില്‍ വച്ച് തരുമ്പോള്‍ നമ്മളില്‍ പലരും  പറയുമായിരുന്നു " ച്ചിനി വേണ്ടമ്മേ ..ച്ച് മതി ..വെസ്ക്കുന്നില്ലാ "

"ഏയ്‌, അത്  പറ്റില്യ ..അമ്മേടെ ചക്കരക്കുട്ടി ഇത് മുഴുവോം കഴിച്ചേ ...ദേ ഇത് മുഴുവനും കഴിച്ചാല്‍ അമ്പിളി മാമനെ പിടിച്ചു തരാം "  ആകാശത്തു ഒന്നുമറിയാതെ ഉറങ്ങുന്ന അമ്പിളി മാമനെ ചൂണ്ടി കാണിച്ചു കൊണ്ട് അമ്മ പറയും. 

പാവം അമ്പിളി മാമന്‍ ! അമ്പിളി മാമന്‍ ഉറങ്ങിക്കോട്ടെ , ഞാന്‍ മാമുണ്ടോളം .. ചില കുട്ടികള്‍ അങ്ങിനെയാണ് അമ്പിളി മാമനെ  ശല്യപ്പെടുത്തെണ്ട എന്ന് കരുതി മുഴുവന്‍ മാമുവും ഉണ്ണും. ചിലര്‍ അമ്പിളി മാമനെ തനിക്കു കളിക്കാന്‍ വേണ്ടി അമ്മ  പിടിച്ചു തരും എന്നോര്‍ത്ത് ഉരുളകള്‍ വേഗം വേഗം  അകത്താക്കും. ഇതില്‍ രണ്ടിലും പെടാത്ത ചില കുസൃതി കുട്ടികള്‍ മാമു കഴിക്കില്ല. അവര്‍ വലിയ വാശിക്കാരായിരിക്കും. ആ സമയത്താണ് അമ്മമാരുടെ മറ്റൊരു മുഖം ഇവര്‍ കാണാനിടയാകുക. 

" ദേ നല്ല കുട്ടിയായി ഇത് കഴിച്ചോ...അല്ലേല്‍ നിന്നെ ഞാന്‍ പോക്രാച്ചിക്ക് ഇട്ടു കൊടുക്കും .."

" ആരാ മ്മേ പോക്കുരാച്ചി " 

" പോക്രാച്ചി ആരാന്നോ ? അനുസരണയില്ലാത്ത കുട്ടികളെ പിടിച്ചു കൊണ്ട് പോയി ദ്രോഹിക്കുന്ന വല്യ ഒരു ഭൂതമാണ്‌ പോക്രാച്ചി ..കൊമ്പും നീണ്ട പല്ലും ഒക്കെയുള്ള വല്യ ഭൂതം." 

ഇങ്ങനെയൊക്കെ അമ്മമ്മാര്‍ കുട്ടികളെ പേടിപ്പിച്ചാല്‍ ഏത് ജഗജില്ലി കുസൃതികളും മള മളാന്നു മാമു കഴിക്കില്ലേ ?  ആ..അത്  പോലെ ഞാനും കഴിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല നിങ്ങളും കഴിച്ചിട്ടുണ്ടാകും. 

കുട്ടിക്കാലത്ത് അങ്ങിനെയാണ് നമ്മുടെ മനസ്സില്‍ കഥകള്‍ കയറിക്കൂടുന്നത്. മുത്തശ്ശിമാരുള്ള പഴയ തറവാട്ടുകളില്‍ ജനിച്ചു വളര്‍ന്നവരാണെങ്കില്‍ പറയുകയും വേണ്ട. ഒത്തിരി പുരാണ കഥകളും, നാട്ടുകഥകളും പറഞ്ഞു തരുമായിരുന്ന മുത്തശ്ശിമാര്‍ ഇന്നില്ല. ഉണ്ടെങ്കില്‍ തന്നെ നമ്മുടെ മല്ലൂസ് ഇന്നവരെയെല്ലാം  വല്ല വൃദ്ധ സദനത്തിലും ആക്കിയിട്ടുണ്ടാകും.  പറഞ്ഞു വന്ന വിഷയം ഇതൊന്നുമല്ല ട്ടോ. കുട്ടിക്കാലത്ത് ഇവരൊക്കെ കൂടി കഥകള്‍ എന്ന പേരില്‍ നമ്മുടെ മുന്നില്‍ അടിച്ചിറക്കുന്ന സര്‍വത്ര കാര്യവും  നല്ല ഒന്നാന്തരം നുണകള്‍ മാത്രമാണ്. പിന്നെങ്ങന്യാ നമ്മള്‍ നുണ പറഞ്ഞു തുടങ്ങാതിരിക്കുക ? 

അങ്ങിനെയാണ്  നിഷ്ക്കളങ്കരായിരുന്ന നമ്മള്‍ കൊച്ചു കൊച്ചു നുണകള്‍  പറഞ്ഞു തുടങ്ങുന്നത് . അതിത്ര വല്യ കുറ്റമാണോ ? കുട്ടികളിലെ ഇത്തരം 'ദോഷകരമല്ലാത്ത' പ്രവണതകളെ അച്ഛനമ്മമാര്‍ ചൂരല്‍ കഷായം കൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. സത്യത്തില്‍ നുണ പറയാനുള്ള ഒരു വലിയ പ്രോത്സാഹനമായാണ്  ഈ ചൂരല്‍ കഷായത്തെ  കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. അമ്മയുടെ അടി കിട്ടുന്ന സമയത്ത് ഞാന്‍ പെട്ടെന്ന് കയറിയങ്ങു നന്നാകും. അഞ്ചു മിനിട്ട് കഴിയുമ്പോള്‍ അതെല്ലാം തഥൈവ :. 

അല്‍പ്പം കൂടി  മുതിര്‍ന്നപ്പോള്‍, പണ്ട് പറഞ്ഞ നുണകളെ കുറിച്ച് ഞാന്‍  ഗാഡമായി ആലോചിച്ചു. നുണ പറയുന്നത് ഒരു മോശം കാര്യമാണ്, നുണ പറയുന്നവന്‍ ദൈവ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന് തുടങ്ങി പല കേട്ടു കേള്‍വികളും ഉണ്ട്. ഞാന്‍ ആലോചിച്ചത് മറ്റ് പലതുമായിരുന്നു. ആരാണ് ഭൂമിയില്‍ നുണ പറയാത്തവരായിട്ടുള്ളത്‌?  എന്തിനായിരിക്കും മനുഷ്യന്‍ നുണ പറയാന്‍ തുടങ്ങിയിട്ടുണ്ടാകുക ? നുണ ഇത്ര വലിയ പാപമാണോ ?  നുണ ഒരു കലയല്ലേ ഒരര്‍ത്ഥത്തില്‍ ? 

ഒരാള്‍ ബോധപൂര്‍വം മറ്റൊരാള്‍ക്ക് എന്തിനെയെങ്കിലും കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന  സമ്പ്രദായത്തെയാണ് ഇന്നത്തെ വ്യവഹാരാവസ്ഥയില്‍ " നുണ " എന്ന പദത്തെ നിര്‍വചിച്ചിരിക്കുന്നത്. നിഷ്ക്കളങ്കമായ നുണകള്‍, ആപത്ക്കരമായ നുണകള്‍, സാഹചര്യ നുണകള്‍, നിര്‍ബന്ധ നുണകള്‍,കല്ല്‌ വച്ച നുണകള്‍,അങ്ങിനെ നുണകള്‍ പല തരത്തിലുണ്ട്.

  കഥാരൂപേന ബഡായി പൊട്ടിക്കുന്ന വീരന്മാര്‍ നമ്മുടെ സമൂഹത്തില്‍ ഒരുപാടുണ്ട്. ഇവരെല്ലാം പൊതുവേ സാധുക്കളായിരിക്കും. അത് കൊണ്ട് തന്നെ ഇത്തരക്കാരുടെ വാചാലങ്ങള്‍ ആസ്വദിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. ചില പ്രത്യേക  സാഹചര്യങ്ങളില്‍ നമുക്ക് നുണ പറഞ്ഞു തന്നെ മതിയാകൂ എന്ന സ്ഥിതിയും  സംജാതമാകാറുണ്ട്. അതൊന്നും ഒരു കുറ്റമായി കണക്കാക്കാന്‍ പറ്റില്ല.  സാഹിത്യകാരന്മാര്‍ പടച്ചു വിടുന്ന കഥകള്‍ ഒന്നാലോചിച്ചാല്‍ നുണ തന്നെയല്ലേ? അതിനെ ഭാവന എന്ന ഓമനപ്പേരില്‍ നമ്മള്‍ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതും ഒരു കുറ്റമല്ല. അങ്ങിനെ നോക്കിയാല്‍ ഏത് തരം നുണകള്‍ പറയുന്നതാണ് കുറ്റം എന്നാണോ ആലോചിക്കുന്നത് ? പറയാം. 

മറ്റുള്ളവരെ  ദ്രോഹിക്കാനോ, വ്യക്തിഹത്യ ചെയ്യാന്‍ വരെ മടിക്കാത്തവരുമായ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ ചിലപ്പോഴൊക്കെ സമൂഹത്തിന്‍റെ സമാധാനം തന്നെ തല്ലിക്കെടുത്താറുണ്ട്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷകരമായോ വിഷമകരമായോ  ബാധിക്കുന്ന നുണകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ എതിര്‍ക്കപ്പെടെണ്ടത്. 

മറ്റ് ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവം കൊടുത്ത ഒരു കഴിവാണ് നുണ പറയുക എന്നത്. ആ കഴിവിനെ അര്‍ത്ഥവത്തായി ഉപയോഗിക്കാനാണ് മനുഷ്യന്‍ പഠിക്കേണ്ടിയിരുന്നത്. പക്ഷെ, എന്ത് ചെയ്യാം,  വിലക്കപ്പെട്ട കനി കഴിക്കാന്‍ ധൈര്യം കാണിച്ച മനുഷ്യന്‍ ഇക്കാര്യത്തിലും ഉഡായിപ്പ് ബുദ്ധിയെ കാണിക്കൂ എന്ന കാര്യം ദൈവം ഓര്‍ക്കാതെ പോയോ ? 

എന്തായാലും ആരോഗ്യകരവും  ആസ്വദനീയവുമായ  നുണകള്‍ നല്ലത് തന്നെയാണ്. നുണകള്‍ക്ക്  പിന്നിലെ ഉദ്ദേശ്യശുദ്ധിയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് മാത്രം നുണ ഒരു കുറ്റമാണോ അല്ലയോ എന്നു വിലയിരുത്തുന്നതായിരിക്കും ന്യായം എന്ന് തോന്നുന്നു. 

-pravin- 

49 comments:

 1. നുണ നുണയെന്ന് അറിഞ്ഞു പറയുമ്പോള്‍ രസകരമാവും. ബഡായി എന്നും വിളിക്കാറുണ്ട്.
  ഈ അമ്പിളി മാമനെ കാണിക്കാം എന്നത് പഴയ കാലത്തിന്‍റെ മാത്രം അല്ലല്ലോ. ഇപ്പോഴും കുട്ടികള്‍ക്ക് മുന്നില്‍ ഏറ്റവും ആകര്‍ഷണീയമായി നിക്കുന്നത് അമ്പിളി തന്നെ. പേടിപ്പെടുത്തുന്ന സിംബലായി പോക്കരാച്ചിയും.
  നല്ല കുറിപ്പ് പ്രവീണ്‍

  ReplyDelete
  Replies
  1. ഇന്നത്തെ കാലത്ത് അമ്മമ്മാര്‍ അമ്പിളി മാമനെ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്ത് കൊണ്ട് ഈ കഥ പറയുന്നുണ്ടോ ? ഇല്ല എന്നാണു എനിക്ക് തോന്നുന്നത്. ഇപ്പൊ മിക്കവരും ടി. വി ചൂണ്ടി കാണിച്ചു കൊണ്ടാണ് മാമു കൊടുക്കുന്നത്. കാലം മാറി വരുമ്പോള്‍ എല്ലാത്തിനെയും പോലെ ഇതും മാറി വരുന്നു എന്നെ കരുതാനാകുന്നുള്ളൂ.

   നന്ദി മന്‍സൂര്‍ ഭായ് ...വായനക്കും നിരീക്ഷണം പങ്കു വച്ചതിനും ..

   Delete
 2. നല്ല നിരീക്ഷണങ്ങള്‍ പ്രവീണ്‍..

  ReplyDelete
 3. കാലം മാറി, ചോറുകൊടുക്കാന്‍ ഉപയോഗിക്കുന്ന ബിംബങ്ങളും മോഡേണായി, എന്റെ പുത്രനെ ഭക്ഷണം കഴിപ്പിക്കുവാന്‍ യൂട്യൂബില്‍ ലഭ്യമായ ആനിമേറ്റഡ് ന‍ഴ്സറി പാട്ടുകളാണ് ഉപയോഗിക്കുന്നത്, കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ..., കിയാം കിയാം കുരുവി, പൂപ്പി, കാത്തു തുടങ്ങിയവ.

  ReplyDelete
  Replies
  1. ഹ..ഹാഹ്..ഹ...അതെ തോമാച്ചാ...കാലം മാറി...പറഞ്ഞത് ശരിയാണ് ...എന്തായാലും ഈ പാട്ട് ഇനി ഒന്ന് കേട്ടിട്ട് തന്നെ കാര്യം..
   (കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ..., കിയാം കിയാം കുരുവി, പൂപ്പി, കാത്തു തുടങ്ങിയവ)

   Delete
  2. ഹ ഹ ഹ... ഞങ്ങളും മോന് ചോറ് കൊടുക്കാന്‍ അതൊക്കെ ഉപയോഗിച്ചിരുന്നു.. പ്രവീണ്‍, ഇതാ ചിലവയിലെക്കുള്ള ലിങ്ക്:
   http://ammupappa.blogspot.in/2009/09/under-malayalam-category.html

   Delete
  3. ഹാ..ഹാ...ഞാന്‍ ആ ലിങ്കില്‍ പോയി നോക്കി ട്ടോ. അടിപൊളി...ഇനിയിപ്പോ കാര്‍ട്ടൂണ്‍ കിട്ടാന്‍ വേറെ എവിടേം പോണ്ടല്ലോ...നന്ദി ട്ടോ...

   Delete
 4. നുണ പറയാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ !!!

  ReplyDelete

 5. ഇത്തരം നുണകള്‍ കേട്ടു വളര്‍ന്ന നാം വിവിധനിലയില്‍
  നുണയന്മാര്‍ ആയിക്കൊണ്ടിരിക്കുന്നു. ചിലര്‍ അതില്‍
  ബിരുദം നേടുമ്പോള്‍ മറ്റു ചിലര്‍ അതില്‍ ബിരുദാനന്തര
  ബിരുദവും ചിലര്‍ ഡോക്ട്രെടും നേടുന്നു, ഇനിയൊരു കൂട്ടര്‍
  കുറേക്കൂടി മുന്നോട്ടു പോയി രാജ്യത്തെയും ജനങ്ങളെയും
  മൊത്തമായി വഞ്ചിച്ചു പെരുത്ത നുണ ക്രിയകള്‍ നടത്തി
  രാജാക്കന്മാരായി വാഴുന്നു, മറ്റൊരു കൂട്ടര്‍ ഈ നുണക്കഥകള്‍
  കേട്ടു സ്വയം സംതൃപ്തിയടയുന്നു, ഇക്കൂട്ടരല്ല ഭൂരിപക്ഷവും
  നമ്മള്‍ പൊതുജനം എന്ന കഴുതകള്‍!
  പ്രവീണ്‍ ശേഖര്‍ നിങള്‍ ഇതിനു എന്റെ തോന്നലുകള്‍ എന്ന്
  പേരിട്ടെങ്കിലും സത്യത്തില്‍ ഇതു യാഥാര്‍ഥയങ്ങള്‍ അല്ലേ?
  പ്രവീണ്‍ നന്നായി പറഞ്ഞു, വീണ്ടും എഴുതുക

  ReplyDelete
  Replies
  1. ഫിലിപ്പേട്ടാ ... ഞാന്‍ എഴുതിയത് തോന്നലുകള്‍ തന്നെയായിരുന്നു. പക്ഷെ ,ഫിലിപ്പേട്ടന്റെ ഈ നിരീക്ഷണം വായിച്ചു കേട്ടപ്പോള്‍ അത് ശരിയാണ് എന്നും തോന്നുന്നു.

   വായനക്കും വിശദമായ നിരീക്ഷണം പങ്കു വച്ചതിനും നന്ദി .

   Delete
 6. നുണ പറഞ്ഞാലല്ലേ പിന്നെ സത്യം പറയാന്‍ പറ്റൂ,അന്നാലല്ലെ അതിനൊരു വിലയോള്ളൂ.

  ReplyDelete
  Replies
  1. ആഹ്..ആ അത് അത്ര തന്നെയുള്ളൂ. നല്ല ന്യായീകരണം കേട്ടോ...ഹി ഹി.

   Delete
 7. നുണ കഥയിലും സത്യമുണ്ട് പ്രവീണ്‍..

  ReplyDelete
  Replies
  1. തീര്‍ച്ചയായും. എല്ലാത്തിലും അല്‍പ്പം സത്യമൊക്കെ ഉണ്ടാകും ല്ലേ ?

   Delete
 8. നുണ പറയുന്നത് തെറ്റ് തന്നെ അതെന്തു കാര്യത്തിന് വേണ്ടി ആണെങ്കിലും
  ഇസ്ലാം മത വിശ്വാസ പ്രകാരം ഒരു വിവാഹ ബന്ധം വേര്‍പെടുന്ന സമയത്ത് നമ്മുടെ ഒരു നുണ കൊണ്ട് ആ ബന്ധത്തെ കൂട്ടി യോജിപ്പിക്കാന്‍ കഴി യുമെങ്കില്‍ ആ നുണയില്‍ തെറ്റില്ല എന്ന് പറയുന്നു
  എങ്കിലും ഞാന്‍ ദിനേന എത്രയോ കള്ളം പറയുന്ന ആളാണ്‌

  ReplyDelete
  Replies
  1. ആ ..ഇത് തന്നെയാ ഞാന്‍ പറഞ്ഞത്...നല്ല കാര്യത്തിന് നുണ പറഞ്ഞാലും അതൊരു തെറ്റല്ല എന്ന്.

   Delete
 9. നുണകള്‍ മറ്റുള്ളവര്‍ വിശ്വസിക്കുമ്പോഴാണ് അത് പറഞ്ഞതിന്റെ ഒരു സംതൃപ്തി. "കഥ ഒരു നുണകഥ" എന്ന സിനിമയിലെ പ്രദിപാധ്യ വിഷയം ഇതാണെന്ന് തോന്നുന്നു.
  കുട്ടിക്കാലത്ത് ഇതുപോലെ ആഹാരം വേണ്ടാന്നു പറയുമ്പോള്‍ അമ്മ പറയും "മാക്കാന്തന്‍" വരും.. നിന്നെ പിടിച്ചോണ്ട് പോകൂന്ന്‍.. അല്ലെ വേഗം കഴിക്കു.. അപ്പൊ മാക്കാന്തനെ പേടിച്ചു ഒരു പാട് ചോറുരുളകള്‍ നിമിഷ നേരം കൊണ്ട് അകത്താക്കും. അതെ "പോക്രാചിക്ക്" പകരം "മാക്കാന്തന്‍" ആയിരുന്നു ഞങ്ങളുടെ നാട്ടില്‍ ഈ കൃത്യം നിര്‍വഹിച്ചിരുന്നത്. ഒരു ഭീകര സത്വം ആയ ഈ മാക്കാന്തന്‍ ആയിരുന്നു മിക്ക കുട്ടികളുടെയും പേടി സ്വപ്നം. ആഹാരം കഴിക്കാത്തപ്പോഴാണ് ഈ സത്വം വരുന്നത്..
  അപ്പൊ മനസ്സിലായില്ലേ ഈ "മാക്കന്തനെ." മാ = അമ്മ, കാന്തന്‍ = ഭര്‍ത്താവ്.. സത്യം പറഞ്ഞാ അങ്ങനെ ഒരു അര്‍ഥം ഉണ്ടെന്നു അറിഞ്ഞല്ല അമ്മമാര്‍ ഉപയോഗിച്ചിരുന്നത്. കുട്ടികളെ താല്‍കാലികമായി പേടിപ്പിച്ചു ആഹാരം കഴിപ്പിക്കണം.

  "മറ്റ് ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവം കൊടുത്ത ഒരു കഴിവാണ് നുണ പറയുക എന്നത്".. മനുഷ്യന്റെ ഒട്ടു മുക്കാല്‍ കഴിവുകളും ജന്തു ജാലങ്ങള്‍ക്ക് ഇല്ലാത്തപ്പോള്‍ ഈ പ്രസ്താവന ബാലിശ്യമല്ലേ..

  ReplyDelete
  Replies
  1. ജ്വാല പറഞ്ഞ പോലെ ഒരു സിനെമയുണ്ടോ എന്നറിയില്ല. പക്ഷെ ശ്രീനിവാസന്‍ എഴുതി മോഹന്‍ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട് . "ഒരു കഥ ഒരു നുണക്കഥ ". മമ്മൂട്ടി , നെടുമുടി വേണു, മാധവി ഒക്കെയാണ് അതിലുള്ളത്. കഥ നേരെ ഓര്‍മയില്ല. അതിന്‍റെ ബേസ് ഇതാണോ എന്നുമറിയില്ല . ചില രംഗങ്ങള്‍ കണ്ടതായി മാത്രമേ ഓര്‍ക്കുന്നുള്ളൂ . എന്തായാലും ഒന്ന് കണ്ടു നോക്കട്ടെ . എന്നിട്ട് വിശദമായി തന്നെ ഇവിടെ കുറിക്കാം.

   മാക്കാന്തന്‍ ആള് കൊള്ളാമല്ലോ. ഈ പേരിനെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത് . അപ്പൊ രണ്ടും കൂടി കൂട്ടി വായിച്ചാല്‍ അമ്മ ഭര്‍ത്താവ് എന്നല്ലേ.? അതോ അമ്മായിയമ്മ എന്ന അര്‍ത്ഥത്തില്‍ ആണോ അമ്മ പേടിപ്പിചിട്ടുണ്ടാകുക ? ആ ഭാഗം വ്യക്തമായില്ല .

   പിന്നെ, ജ്വാല പറഞ്ഞത് ശരിയാണ് . മനുഷ്യന് മറ്റ് ജന്തു ജാലങ്ങളെക്കാള്‍ കൂടുതല്‍ കഴിവുകള്‍ ഉണ്ട്. ചിലപ്പോള്‍ എന്‍റെ ബാലിശമായ ചിന്ത തന്നെയുമാകാം. യോജിക്കുന്നു. എങ്കില്‍ കൂടി ചുമ്മാ ഒരു കാര്യം ഇതോടു കൂടി പങ്കു വക്കട്ടെ ..

   മനുഷ്യന്‍ ജനിക്കുന്നു, വിദ്യാഭ്യാസം നേടുന്നു, ചിന്തിക്കുന്നു, ജോലി ചെയ്യുന്നു , സമ്പാദിക്കുന്നു, വീട് വക്കുന്നു , കല്യാണം കഴിക്കുന്നു , കുട്ടികളുണ്ടാകുന്നു, വയസാകുന്നു , അവസാനം മരിക്കുന്നു.

   ജന്തു ജാലങ്ങളില്‍ ഒറ്റ നോട്ടത്തില്‍ പരിഷ്കൃതമായ ജീവിത ശൈലി കാണുന്നില്ല . പക്ഷെ അവരും ഏതാണ്ട് ഇതൊക്കെ തന്നെ പിന്തുടരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. മനുഷ്യന്‍ സംസാരിക്കുന്ന പോലെ അവര്‍ക്ക് അവരുടെ ലോകത്തില്‍ അവരുടെ ഭാഷ ഉണ്ടാകാം. പിന്നെ അവര് മനുഷ്യരെ പോലെ ആരെയെങ്കിലും അടിമയാക്കാനോ , വികസനം എന്ന് പറഞ്ഞു പ്രകൃതിയെ നശിപ്പിക്കാനോ , അത് പോലെ കോടികള്‍ മുടക്കി ആകാശത്തേക്ക് റോക്കറ്റ് വിടാനോ പോകുന്നില്ല എന്ന് മാത്രം. അവരുടെ ഇടയില്‍ സ്നേഹം എപ്പോഴും ഉണ്ട്. അത് ഉറപ്പാണ്. പലപ്പോഴും പലരും പ്രയോഗിക്കുന്ന ഒരു പദമാണ് "മൃഗീയത " എന്ന്.. ആ പ്രയോഗം തന്നെ ഒഴിവാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

   ഇതൊന്നും സീരിയസ് ആയി എടുക്കല്ലേ കേട്ടോ, നേരത്തെ പറഞ്ഞ പോലെ ഒരു തരം ബാലിശമായ ചിന്തയായി മാത്രം കാണുക.

   വിശദമായ നിരീക്ഷണത്തിനും ഓര്‍മ കുറിപ്പിനും നന്ദി ജ്വാല.

   Delete
  2. "മാക്കാന്തന്‍"...അമ്മയുടെ ഭര്ത്താവ്, അതായത് അച്ഛന്‍...അല്ലാതാര്

   Delete
  3. ആ...ഓക്കേ. ഓക്കേ...ഇപ്പോഴാണ് ബള്‍ബ് കത്തിയത്....ശ്ശൊ...ഞാന്‍ ഇതെന്തു കൊണ്ട് നേരത്തെ ആലോചിച്ചില്ല ...

   Delete
 10. #മറ്റുള്ളവരെ ദ്രോഹിക്കാനോ, വ്യക്തിഹത്യ ചെയ്യാന്‍ വരെ മടിക്കാത്തവരുമായ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ ചിലപ്പോഴൊക്കെ സമൂഹത്തിന്‍റെ സമാധാനം തന്നെ തല്ലിക്കെടുത്താറുണ്ട്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷകരമായോ വിഷമകരമായോ ബാധിക്കുന്ന നുണകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ എതിര്‍ക്കപ്പെടെണ്ടത്. #

  എല്ലാ തരം നുണകളും എതിര്‍ക്കപ്പെടെണ്ടാത് ആണ്. എന്നാല്‍ മുകളില്‍ പറഞ്ഞവ കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നതാണ്.

  "മറ്റ് ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവം കൊടുത്ത ഒരു കഴിവാണ് നുണ പറയുക എന്നത്." - ഈ വാചകത്തോട് യോജിക്കുന്നില്ല. ദൈവം നല്‍കിയ പറയാനുള്ള / സംസാരിക്കാനുള്ള കഴിവിനെ ദുരുപയോഗം ചെയ്യുന്നതാണ് നുണ. അല്ലാതെ നുണ ഒരു "കഴിവ്" ആയി ദൈവം നല്‍കിയതാണ് എന്ന് തോന്നുന്നില്ല..:)

  ഈ ഭാവന, സാഹിത്യം എന്നൊക്കെ പറയുന്നത് 90% നുണ തന്നെയാണ്...
  അപ്പോള്‍ ഇനി സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്ന അവാര്‍ഡുകളുടെ പേരും മാറ്റേണ്ടി വരും.
  "കേന്ദ്ര നുണ അക്കാദമി അവാര്‍ഡ് " എന്നൊക്കെ ആക്കേണ്ടി വരും..ഹിഹി

  ReplyDelete
  Replies
  1. ഹഹാ..ഹാ....അബ്സര്‍ ഭായി...അത് കല്‍ക്കി .. "കേന്ദ്ര നുണ അക്കാദമി അവാര്‍ഡ് " ...ഇത്രേം വലിയ നുണ പറയുമെന്ന് ഞാന്‍ കരുതീല...ഹീ ഹീ...

   Delete
 11. ഈ പ്രോകാച്ചി ഞങ്ങളുടെ നാട്ടില്‍ പോക്കാംപി ആന്നു..
  നല്ല പോസ്റ്റ്...
  :))

  ReplyDelete
  Replies
  1. ഓരോ സ്ഥലത്തും ഓരോ പേരും ഓരോ നുണകളും ല്ലേ...വായനക്കും അഭിപ്രായത്തിനും നന്ദി അബൂതി...

   Delete
 12. മഹാഭാരതത്തില്‍ ധര്‍മ്മപുത്രര്‍ എയ്തുവിട്ട നുണയാണല്ലോ പ്രസിദ്ധം.കുരുക്ഷേത്രയുദ്ധത്തില്‍ കൌരവപക്ഷത്തുള്ള ദ്രോണാചാര്യര്‍
  സംഹാരരൂപമായി പാണ്ഡവപക്ഷത്തെ അരിഞ്ഞുവീഴ്ത്തി മുന്നേറവെ
  അദ്ദേഹത്തെ നിര്‍വീര്യനാക്കാന്‍ പ്രയോഗിച്ച അടവാണ് "അശ്വത്ഥാമാവ്
  കഴുത്തറുത്ത്‌ കൊല്ലപ്പെട്ടിരിക്കുന്നു"എന്ന് ഒരിക്കലും നുണ പറയാത്ത
  ധര്‍മ്മപുത്രരെ കൊണ്ടുപറയിച്ചത്.അതോടെ യുദ്ധത്തിന്‍റെ ഗതിയെല്ലാം
  മാറിയില്ലേ......!
  നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. അപ്പോള്‍ നുണ പറഞ്ഞാലും കുഴപ്പമില്ല ല്ലേ തങ്കപ്പേട്ടാ ?

   ഈ കഥ ഇപ്പോഴാണ് ഓര്‍മ വന്നത്. ഇത് ഓര്‍മിപ്പിച്ചതിനും വായനക്കും അഭിപ്രായത്തിനും എല്ലാം നന്ദി .

   Delete
 13. നുണ പരീക്ഷണം കൊള്ളാം !
  നുണ പറയാന്‍ പലര്‍ക്കും പലപല കാരണങ്ങള്‍ ഉണ്ടാവും..പലപ്പോഴും അത് വ്യെക്തിഹത്യയിലെക്കും അതിനപ്പുറതെക്ക് പോലും പോവാറണ്ട്...പണ്ട് സദ്ദാമിന്റെ കയ്യില്‍ 'ഉണ്ടാപൊരി' ഉണ്ടെന്നു പറഞ്ഞു ആ നാടിനെ കുട്ടിച്ചോറാക്കിയതു നാം കണ്ടതാണ്..!.
  കൊച്ചു കൊച്ചു നുണകള്‍ പറഞ്ഞു ശീലിച്ചാണ് പിന്നീട് പെരുംനുണയമാര്‍ ഉണ്ടാവുന്നത്.
  നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന കുഞ്ഞുന്നാളിലെ കള്ളത്തരങ്ങള്‍ പിനീട് നമുക്ക് ലഭിക്കുന്ന കൂട്ടുകെട്ടിലേക്ക് അത് വ്യപിക്കുംബോഴാണ് വലിയ നുണകളും അതില്‍ നിന്നു കുറ്റകൃത്യങ്ങളും ഉണ്ടാകുന്നതെന്ന് എനിക്ക് തോന്നുന്നത്......
  ആശംസകളോടെ
  അസ്രുസ്
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/


  ReplyDelete
  Replies
  1. നുണയെ കുറിച്ചുള്ള വ്യത്യസ്ത നിരീക്ഷണത്തിനു നന്ദി അസ്രൂ ..

   Delete
 14. മനേഷേട്ടന്റെയും പ്രവി ഏട്ടന്റെയും ബ്ലോഗില്‍ വന്നാല്‍ നല്ല നാടന്‍ സ്ലാങ്ങുകള്‍ കാണാം. രണ്ടിലും അക്ഷരപിശകുകള്‍ ഉണ്ടാവാറില്ല എന്നത് ശ്രദ്ധേയമാണ്. ഇനിയും വരട്ടെ ഇത് പോലെ നുണകഥകള്‍ ..

  ReplyDelete
  Replies
  1. ഈ വായനക്കും പ്രോത്സാഹനത്തിനും അഭിപ്രായത്തിനുമെല്ലാം ഒരുപാട് നന്ദി സംഗീ ...

   Delete
 15. പ്രവീൺ വായിച്ചു.

  നുണാന്വേഷണ പരീക്ഷണങ്ങളുടെ ആദ്യം പറഞ്ഞ “ കുട്ടികളെ പറഞ്ഞ് പേടിപ്പിക്കുന്ന ആ പൊക്കരാച്ചിയെ കുറിച്ചാണ് ഞാൻ കൂടുതാലായും ചിന്തിച്ചത്,

  പണ്ട് നൂല്പാലത്തിലൂടെ എന്ന് പറഞ്ഞ് ഒരു ദൂരദർശനിൽ ഒരു സീരിയലുണ്ടായിരുന്നു... ഇത്തരത്തിൽ പേടിക്കപ്പെട്ട് കുട്ടി വളരുമ്പോൾ എപ്പോഴും അവന്റെ ചിന്തകളിൽ വരികയും അവനെ ശല്യപ്പെടുത്തുകയും ചെയ്യുന്ന, അവനെ ഭ്രാന്തനാക്കുന്ന തീമായിരുന്നു സീരിയലിൽ...

  ഇത് അതൊന്നുമല്ലല്ലോ? നുണകൾ എപ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്, എന്നാൽ രസകരമായ മുഹൂർത്തങ്ങൾ ഉണ്ടാക്കുന്നതിന് അല്പമൊക്കെയാവാം...

  ReplyDelete
  Replies
  1. മോഹി, ആ സീരിയല്‍ കണ്ടതായി ഓര്‍മ പൂര്‍ണമായും ഇല്ല. ഒന്ന് തപ്പി നോക്കണം. പിന്നെ, മോഹി പറഞ്ഞതിനോട് യോജിക്കുന്നു. നുണകള്‍ മാക്സിമം ഒഴുവാക്കുക. പിന്നെ, രസകരമായ സംഭവ വികാസങ്ങളിലേക്ക് നയിക്കുന്ന നുണകള്‍ ... അതും ഒക്കെയാണ്...

   നന്ദി മോഹി..

   Delete
 16. 'പ്രവീണ്‍ഏട്ടന്‍റെ നുണാന്വേഷണ നിരീക്ഷണങ്ങള്‍' നന്നായിരിക്കുന്നു ...പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ
  നുണ പറയുന്ന ആളുകള്‍ക്ക് അസാമാന്യ ഓര്‍മശക്തി ഉണ്ടാകും ...അത് ഇല്ലാത്തവര്‍ ദയവായി നുണ പറയാന്‍ മുതിരരുത്.പിടിക്കപ്പെടും ...ചമ്മും ...ഉറപ്പ്(അനുഭവം ഗുരു )

  ReplyDelete
  Replies
  1. ഹ,.ഹ,,,അമ്മച്ചുവിനു അപ്പോള്‍ നുണ പറയാന്‍ ഇഷ്ടമാണ് പക്ഷെ ഓര്‍മ ശക്തി കുറവാണ് എന്ന് സാരം. എന്തായാലും നല്ല നിരീക്ഷണം കേട്ടോ ...

   Delete
 17. Replies
  1. ഹാ ഹാ...എന്താ പരീക്ഷ എഴുതാന്‍ താല്‍പ്പര്യമുണ്ടോ ഷാജൂ ....

   Delete
 18. പ്രവീണ്‍ ശെരിക്കും നമ്മള്‍ നുണ പഠിച്ചല്ലേ വളര്‍ന്നത്‌. ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന പലതും വലിയ ക്ലാസ്സുകളില്‍ തിരുത്തി പഠിപ്പിച്ചില്ലേ. നമ്മളെ നുണ പഠിപ്പിച്ചിട്ടു, നമ്മള്‍ നുണ പറയരുത് എന്ന് പറഞ്ഞാല്‍ അതെന്തു ന്യായമാണ്?

  ReplyDelete
  Replies
  1. അതെ ...നുണ നമ്മള്‍ സ്ക്കൂള്‍ കാലത്ത് തന്നെ പഠിക്കുന്നുണ്ട് ...അത് ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് ...

   "എന്തൊക്കെയായിരുന്നു അന്ന് മാഷ് പഠിപ്പിച്ചു തന്നത്. ഇന്നതൊക്കെ ഓര്‍ത്ത്‌ നോക്കുമ്പോള്‍ ചിരി വരുന്നു. പശു ഒരു വളര്‍ത്തു ജീവിയാണെന്നും പശു നമുക്ക് പാല് തരുന്നെന്നും പഠിപ്പിച്ചു. സത്യത്തില്‍ ഈ പശു നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും വന്ന്, കാളിംഗ് ബെല്‍ അടിച്ച് , നമ്മളെ വിളിച്ചുണര്‍ത്തി പാല്‍ തരുന്നുണ്ടോ ? ഇല്ല ! ആ പശുവിന്‍റെ കുട്ടിക്ക് കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലിനെ നമ്മള്‍ മോഷ്ടിച്ച് കുടിക്കുകയാണെന്ന് വേണം പഠിപ്പിക്കാന്‍. എന്‍റെ മനസ്സ് അന്നങ്ങനെ പറയേണ്ടിയിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞില്ല. പകരം, മാഷ്‌ പഠിപ്പിച്ചു തന്ന കുറെ നുണകള്‍ എഴുതി വച്ച് പരീക്ഷയില്‍ ഞാന്‍ ഒന്നാമനായി. അപ്പോളും പശു മനുഷ്യന് കുടിക്കാന്‍ പാല്‍ ചുരത്തിക്കൊണ്ടേയിരുന്നു. ഞാനാകട്ടെ , ആ പാല് കൊണ്ടുണ്ടാക്കിയ ചായ കുടിച്ചു കൊണ്ടേ ഇരുന്നു. "
   ...
   ജീവിതത്തില്‍ പഠിച്ചതും പഠിക്കാഞ്ഞതും

   Delete
 19. വല്ലപ്പോഴുമൊരു നിര്‍ദ്ദോഷമായ നുണ പറഞ്ഞില്ലെങ്കിലെന്തു രസം...

  ReplyDelete
  Replies
  1. ഹാ..ഹാ...അദ്ദാണ് ...അനുകൂല മറുപടിക്ക് നന്ദി. എന്‍റെ പോസ്റ്റ് ലക്‌ഷ്യം കണ്ടു ...

   Delete
 20. നുണ കഴിയുന്നതും പറയരുത് എന്ന് തന്നെയാണ് എന്റെ പക്ഷം.അപ്രിയ സത്യങ്ങള്‍ പറയാതിരിക്കാം പക്ഷെ നുണ പറയരുത് എന്നൊക്കെ ആണെന്കിലും പ്രവീണ്‍ പറഞ്ഞതുപോലെ ഒരു നുണ എങ്കിലും പറയാതെ ജീവിച്ചവര്‍ ഉണ്ടാകില്ല നുണ പറയാത്തവര്‍ മനുഷ്യര്‍ ആകുമോ :P.പറഞ്ഞത് മുഴുവന്‍ നുണയെ പറ്റി ആണെങ്കിലും സത്യങ്ങള്‍ ആണെല്ലോ .ആശംസകള്‍ പ്രവീണ്‍

  ReplyDelete
 21. നല്ല ഓര്‍മ്മകള്‍ ...
  വര്‍ഷങ്ങള്‍ പിന്നോട്ട്ടു സഞ്ചരിച്ചു , സഞ്ചരിപ്പിച്ചു ന്നു പറയുന്നതാകും ശരി ...
  പിന്നെ മാമു ഉണ്ണാന്‍ ഇങ്ങനെ ലക്ഷോപലക്ഷം കഥകള്‍ അമ്മമാര്പരഞ്ഞിട്ടുണ്ടാകും ..അന്ന് അതൊക്കെ സത്യമാ.... ഇന്ന് എനിക്കും പ്രവിക്കും ഒക്കെ ഫുധി വന്നപ്പോള്‍ അതൊക്കെ കല്ലു വെച്ച നുണകള്‍ ആയി ..
  കാലം മാറുമ്പോള്‍ കോലവും മാറും .. ഇന്ന് കഥയുമില്ല പോക്രചിയും ഇല്ല ...
  പാവം കുട്ടികള്‍ അവര്‍ക്ക് നല്ല ഇല്ലാത്ത കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമില്ലതായി പോയി ,..

  എന്തായാലും നല്ല നിരീക്ഷനങ്ങള്‍ നടത്തി ... താങ്ക്സ്

  ReplyDelete
 22. അമ്മ പറയുന്ന കള്ളങ്ങള്‍ ... കൊള്ളാം നന്നായിട്ടുണ്ടിഷ്ടാ...

  ReplyDelete
 23. നന്നായി പ്രവി ഈ നുണയുടെ കഥ

  ReplyDelete