Tuesday, January 1, 2013

പൂ ചൂടാത്ത പെണ്ണ്


മല്ലിക. അതായിരുന്നു അവളുടെ പേര്.  മല്ലീ എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. അലസമായി അഴിച്ചിട്ട മുട്ടറ്റം നീളമുള്ള മുടി അവള്‍ക്കൊരു പ്രത്യേക ഭംഗി തന്നെയായിരുന്നു. ഏതു പെണ്ണിനാണ്  മുടിയില്‍ ഭംഗിയുള്ള പൂ ചൂടാന്‍ ഇഷ്ടമല്ലാതിരിക്കുക? മല്ലിക്കും അതങ്ങിനെ തന്നെയായിരുന്നു.പക്ഷേ  അലക്കൊഴിഞ്ഞിട്ടു കുളിക്കാം എന്ന മാതിരിയായിരുന്നു അവളുടെ കാര്യം. എപ്പോ നോക്കിയാലും ഒരേ വീട്ടു പണി. ഇതിനിടയില്‍ പൂ ചൂടി സുന്ദരിയാകാന്‍ അവള്‍ക്കെവിടുന്നാ സമയം ?

അവളെയും കൂട്ടി അവളുടെ അമ്മക്ക് നാല് പെണ്‍ മക്കളാണ് ഉണ്ടായിരുന്നത്. നാട്ടിലെ ഒരു വലിയ നായര് തറവാട്ടിലെ പുറം പണിയായിരുന്നു അവളുടെ അമ്മക്ക്. അച്ഛന് മരം വെട്ടും. 

പ്രകൃതിയെ നശിപ്പിച്ചു കിട്ടുന്ന പണം ശാശ്വതമല്ല എന്ന് അവളുടെ അമ്മ എപ്പോഴും പറയും. പക്ഷെ അത് കൊണ്ടൊന്നും അവളുടെ അച്ഛന്‍  ആ തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. നാട്ടിലെ പ്രമാണിയായിരുന്ന ബ്രഹ്മന്‍ തിരുമേനി ഒരു വലിയ മണി മാളിക പണിയുന്നുണ്ടത്രേ. ആ മാളികയില്‍ മരം കൊണ്ടുള്ള പണിയാണ് പ്രധാനമായും. മാളികയുടെ പണിക്കു വേണ്ട മരങ്ങള്‍ മുറിച്ചു കൊടുത്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഈ തൊഴില്‍ ചെയ്യില്ല എന്ന് മല്ലിക്ക് വാക്ക് കൊടുത്തിട്ടുണ്ട് അയാള്‍ . ആ മാളികക്ക് വേണ്ടി ഇതിനകം എത്ര മരങ്ങള്‍ മുറിച്ചു എന്ന് അയാള്‍ക്ക്‌ തന്നെയറിയില്ല. മരം മുറിക്കുന്നത് ഒരു ജോലി എന്നതിലുപരി ഒരു ഹരമായിരുന്നു അവളുടെ അച്ഛന്.

 കിട്ടുന്ന പണം മുഴുവന്‍ കള്ള് കുടിച്ചു കളയാനായിരുന്നു അയാള്‍ക്കെന്നും ഇഷ്ടം. കള്ള് കുടിച്ചു വരുന്ന രാത്രി അവളുടെ അച്ഛന്‍  അമ്മയെ ഒരുപാട് ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.  ഇടക്കൊക്കെ പിടിച്ചു തല്ലുകയും ചെയ്യും. എന്ന് കരുതി അയാള്‍ക്ക്‌ അവരോടു സ്നേഹ കുറവൊന്നും ഉണ്ടായിരുന്നില്ല .  ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സമയത്തേക്കുള്ള ഒരു സ്ഥിരം കലഹം മാത്രമാണ് അത്. ശേഷം എല്ലാം മറന്നു കൊണ്ട്  സന്തോഷത്തോടെ ചിരിച്ചും കളിച്ചും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും കാണാം. 

അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ മല്ലി വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ . വീട്ടു കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ പിടിപ്പതു പണിയുണ്ട് അവള്‍ക്ക് . ജാനകി ചേച്ചിയുടെ വീട്ടില്‍ പോയി വെള്ളം കോരി കൊണ്ട് വരണം, ആഹാരം പാകം ചെയ്യണം, അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കണം, വസ്ത്രം അലക്കണം, വീടും മുറ്റവും അടിക്കണം അങ്ങിനെ കുറെയേറെ തന്നെയുണ്ട്‌ ചെയ്തു തീര്‍ക്കേണ്ട പണികള്‍ . ഉച്ച കഴിഞ്ഞേ പിന്നെയവള്‍ക്ക് വിശ്രമം പോലുമുള്ളൂ. 

"എടി മല്ല്യെ ....ഇക്ക് ഒരു ഗ്ലാസ് വെള്ളം തന്നാ ..."  

"ഹായ്...മുത്തിയമ്മ വന്നോ..എവിടാരുന്നു കുറെ ആയിട്ട്.."മല്ലി എന്തെന്നില്ലാത്ത സന്തോഷത്തോടെ ചോദിച്ചു. 

മുത്തിയമ്മ ഒരു പാവം സ്ത്രീയായിരുന്നു. അവര്‍ പോകാത്ത ദേശങ്ങളില്ല. മുത്തിയമ്മക്ക് എല്ലാ വീടും സ്വന്തം വീട് പോലെയാണ്. വന്നാല്‍ കുറച്ചു ദിവസം മല്ലിയുടെ വീട്ടിലും അവര് താമസിക്കും. മുത്തിയമ്മ വരുന്ന ദിവസം മല്ലിക്ക് സന്തോഷം കൂടാന്‍ കാരണങ്ങള്‍  ഒരുപാടുണ്ട്. മുത്തിയമ്മ വന്നാല്‍ അനിയത്തിമാരുടെ കാര്യം നോക്കേണ്ട കാര്യമില്ല. മുത്തിയമ്മയുടെ മടിയില്‍ കിടന്നു മുത്തിയമ്മ പറഞ്ഞു കൊടുക്കുന്ന കഥകളും കേട്ട് അവരങ്ങിനെ കിടന്നോളും. ആ സമയത്ത്  മല്ലിക്ക് വീട് വിട്ടു പുറത്തു പോകാനുള്ള പ്രത്യേക അനുവാദവുമുണ്ട്. പുറത്തു പോയാലോ, അവള്‍ക്കു  പ്രകൃതിയെ ആസ്വദിക്കാം, മരങ്ങളോടും കിളികളോടും സംസാരിക്കാം,  ഭംഗിയുള്ള പൂക്കള്‍ പറിക്കാം, അങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങളുണ്ട് .

അന്ന് അത് പോലൊരു ദിവസമായിരുന്നു. മല്ലി വീട് വിട്ടു പുറത്തിറങ്ങി കാഴ്ചകള്‍ കണ്ടു നടക്കുന്ന നേരം. ദൂരെ റോഡിലൂടെ ഏതോ വാഹനം കടന്നു പോകുന്നുണ്ടായിരുന്നു. അതിനു പിന്നിലായി  ഒരുപാട് പേരുള്ള ഒരു വലിയ ജാഥയും നടന്നു നീങ്ങുന്നുണ്ടായിരുന്നു . ജാഥയില്‍ വിളിച്ചു പറയുന്നത് മുഴുവന്‍  അവള്‍ ശ്രദ്ധിച്ചു കേട്ടു. അതെ, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വന്നതിന്‍റെ ആഹ്ലാദ പ്രകടനമാണ് അത്. ചുവപ്പ് കൊടികള്‍ ആകാശത്തെ ഉരസിക്കൊണ്ട് ദൂരേക്ക്‌ അകന്നു പോയി. ആ കാഴ്ചയും കണ്ടു സൂര്യന്‍ അസ്തമിക്കും വരെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവള്‍ ആ കുന്നിന്‍ മുകളില്‍ തന്നെയിരുന്നു. 

നേരം സന്ധ്യാകുമ്പോഴേക്കും വീട്ടില്‍ എത്തണം. ഇപ്പോള്‍ തന്നെ സമയം വൈകിയിരിക്കുന്നു. പതിവ് വഴികളില്‍ കൂടി ഓടിയാല്‍ ഇന്ന് വീട്ടിലെത്താന്‍ സാധിച്ചു എന്ന് വരില്ല. കുറുക്കു വഴികള്‍ തന്നെ ശരണം. അറിയാത്ത വഴികളില്‍ കൂടിയെല്ലാം അവളോടി. കാടും പടലും പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ . ഒട്ടും പരിചയമില്ലാത്ത വഴികള്‍ ആയിട്ട് കൂടി വഴിയിലെവിടെയും അവള്‍ ആലോചിച്ചു നിന്നത് പോലുമില്ല. അറിയാത്ത വഴികളില്‍ കൂടി ഓടിയോടി  അവസാനം വീട്ടില്‍ എത്തി ചേരുമ്പോള്‍ ഒരു പ്രത്യേക രസമാണ്. അതവള്‍ പല തവണ അനുഭവിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നെന്തോ ഓടിയിട്ടും ഓടിയിട്ടും വീടെത്തുന്നില്ല. തനിക്കു ശരിക്കും വഴി തെറ്റിയോ ഈശ്വരാ ? അവള്‍ ഉള്ളിന്‍റെ ഉള്ളില്‍ ചോദിച്ചു കൊണ്ടേയിരുന്നു. 

ഒരു കാര്യം ഉറപ്പായിരിക്കുന്നു.  വഴി തെറ്റി.  എന്ന് മാത്രമല്ല , വീടിനും എത്രയോ ദൂരെയാണ് അവളിപ്പോള്‍ ചെന്നെത്തിയിരിക്കുന്നത്. കൂരിരുട്ടില്‍ അവള്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചുറ്റും വലിയ മരങ്ങളും വള്ളികളും മാത്രം. മുകളിലേക്ക് നോക്കുമ്പോള്‍ ആകാശം പോലും കാണാന്‍ വയ്യാത്ത തരത്തില്‍ അത് നിറഞ്ഞു നില്‍ക്കുകയാണ്. അവളുടെ ധൈര്യം പരീക്ഷിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇരുട്ടില്‍ ഈ കാട്ടില്‍ ഒറ്റയ്ക്ക് ഇനി എന്ത് ചെയ്യും എന്ന ചിന്തയേക്കാള്‍  കൂടുതല്‍ അവളെ  വിഷമിപ്പിച്ചത് വീട്ടില്‍ ഈ സമയത്ത് അച്ഛനും അമ്മയും അനിയത്തിമാരും തന്നെ കാണാതെ കാത്തിരുന്നു  ആധി പിടിച്ചിട്ടുണ്ടാകില്ലേ എന്നോര്‍ത്തായിരുന്നു. 

വന്നത് വന്നു. ഇനിയിപ്പോള്‍ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല ല്ലോ. അടുത്തു തന്നെയുള്ള ഒരു മരം അവളുടെ കണ്ണില്‍ പെട്ടു. ചെറുതും വലുതുമായ കൊമ്പുകള്‍ കൊണ്ട് സമ്പന്നനായ ഒരു വയസ്സന്‍ മരമായിരുന്നു അത്. അതിന്‍റെ മുകളില്‍ വല്ല വിധേനയും പൊത്തി പിടിച്ചു കയറുക എന്നത് മാത്രമാണ് ഈ രാത്രിയെ അതിജീവിക്കാന്‍ അവള്‍ക്കു തോന്നുന്ന ഏക ഉപായം. അതവള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. മരത്തിന്റെ ഒക്കത്ത് ഒരേ സമയം മൂന്നാല് പേര്‍ക്ക് ഇരിക്കാന്‍ തക്ക വീതിയുള്ള ഒരു കൊമ്പില്‍ അവള്‍ കാലു നീട്ടി ഇരുപ്പുറപ്പിച്ചു. പിന്നെ കണ്ണടച്ച് എന്തൊക്കെയോ പ്രാര്‍ഥിച്ചു. 

എത്രയോ തവണ കുന്നിന്‍ മുകളില്‍ വന്നു കാഴ്ചകള്‍ കണ്ടു മടങ്ങിയിരിക്കുന്നു. പക്ഷെ അന്നൊന്നും അതിനടുത്ത് ഇങ്ങിനെയൊരു കാടുള്ളതായി പോലും അവള്‍ക്കു തോന്നിയിട്ടില്ല. അതോ രാത്രിയായതു കൊണ്ട് ഇതൊരു കാടായി തോന്നുന്നതാണോ എന്നും അവള്‍ സംശയിച്ചു. വഴി തെറ്റിയതും കാട്ടില്‍ അകപ്പെട്ടതും അവള്‍ക്കു തന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. 

മരത്തിന്റെ മുകളില്‍ അവള്‍ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടു. ദൂരെ എവിടെയൊക്കെയോ മിന്നാ മിനുങ്ങുകള്‍ പാറി കളിക്കുന്നുണ്ട്. അവരുടെ പച്ച വെളിച്ചത്തില്‍ ഏതൊക്കെയോ മരങ്ങള്‍ നൃത്തമാടുന്നുണ്ട്. മുളകള്‍ ചരിഞ്ഞാടുന്ന ശബ്ദം, ഇലകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം, മൂങ്ങകള്‍ മൂളുന്ന ശബ്ദം, മണ്ണാട്ടയുടെ കരച്ചില്‍ അങ്ങിനെ  പിന്നെയും എന്തൊക്കെയോ കേള്‍ക്കുന്നുണ്ട് അവള്‍ . അതിനെല്ലാം കാതോര്‍ക്കുമ്പോഴും അവളുടെ മനസ്സില്‍ വീട്ടുകാരെ കുറിച്ചുള്ള ആധി കാട് കയറുകയായിരുന്നു. 

അടുത്ത ദിവസം രാവിലെ അവള്‍ ഉണര്‍ന്നത് ശക്തമായൊരു കാറ്റിന്‍റെ  ശബ്ദം കേട്ടാണ്. 

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്സ് ...ഫ്സ്സ്സ്സ്സ്സ്സ്  " 

കണ്ണ് തിരുമ്മി എഴുന്നേറ്റ അവള്‍ ചുറ്റും നോക്കി. അതിശയം ! ഇന്നലെ കാടെന്നു തോന്നിക്കും വണ്ണം മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന  ആ സ്ഥലം വെറും പൊന്ത പിടിച്ചു കിടക്കുന്ന ഒരു പറമ്പ്  മാത്രമാണ് ഇപ്പോള്‍ .  ഇന്നലെ രാത്രിയില്‍ അവിടെല്ലാം കൂറ്റന്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെന്ന് അവള്‍ക്കു വെറുതെ തോന്നിയതാണോ ? 

ഭംഗിയുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെറിയ ചെടികള്‍  ഒരുപാടുണ്ട് പറമ്പില്‍ .  അവള്‍ സന്തോഷത്തോടെ ആ ചെടികളുടെ അടുത്തേക്ക്‌ ഓടി. അതിന്‍റെ സുഗന്ധം അവളെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു.  പൂ പറിക്കാനായി കൈ പൊക്കിയപ്പോള്‍  ഒരു ശബ്ദം കേട്ടു . 

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്.....ഫ്സ്സ്സ്സ്സ്സ്സ്  "

ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അത് വക വക്കാതെ അവള്‍ പല നിറത്തിലുള്ള കുറച്ചു പൂക്കള്‍ പറിച്ചു മുടിയില്‍ ചൂടി..ഹായ് ! ഇത്രക്കും ഭംഗിയും സുഗന്ധവും ഒത്തു ചേര്‍ന്ന പൂക്കള്‍ കണ്ടാല്‍ ഏതു പെണ്ണാണ് മുടിയില്‍ ചൂടാതിരിക്കുക.?

അപ്പോഴാണ്‌ പറമ്പിലെ ചില വലിയ മരങ്ങള്‍ ആരോ മുറിച്ചു മാറ്റിയിരിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നത്. ആ മരത്തില്‍ ന് നിന്നെല്ലാം മനുഷ്യന്‍റെ  ശരീരത്തില്‍ നിന്ന് ചോര ഒലിക്കുന്ന പോലെ കട്ടിയുള്ള ഒരു ദ്രവം ഒലിച്ചിറങ്ങിയിരിക്കുന്ന  പാടുകള്‍ കാണാമായിരുന്നു.ആ പ്രദേശത്തെല്ലാം  ഇലകള്‍ പൊഴിഞ്ഞു കിടന്നിരുന്നു . വെട്ടി നുറുക്കിയ കൊമ്പുകള്‍ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു.  പല ഭാഗങ്ങളിലായി തകര്‍ന്നു കിടക്കുന്ന കുറെയേറെ പക്ഷി കൂടുകളും അവള്‍ കണ്ടു. ചിലതിലെല്ലാം പൊട്ടിക്കിടക്കുന്ന മുട്ടകളും ഉണ്ടായിരുന്നു. 

ഈ ക്രൂരത ആര് ചെയ്തതായാലും ദൈവം പൊറുക്കില്ല. അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ . മല്ലി മനസ്സില്‍ വേദന കൊണ്ട് പറഞ്ഞു. ഇനിയും ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല .എത്രയും പെട്ടെന്ന് വീട്ടിലേക്കുള്ള വഴി കണ്ടെത്തിയേ മതിയാകൂ.

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്.....ഫ്സ്സ്സ്സ്സ്സ്സ്  "  വീണ്ടും അതെ ശബ്ദം കേട്ടപ്പോഴാണ് അവളതു ശ്രദ്ധിച്ചത്. മുന്നിലതാ പത്തി വിടര്‍ത്തി കൊണ്ട് ഒരു വലിയ നാഗം. അതിന്‍റെ കണ്ണുകളില്‍ തീ പോലെ എന്തോ ഒന്ന് ആളുന്നത് അവള്‍ കണ്ടു. അല്‍പ്പ നേരം അനങ്ങാതെ നിന്ന ശേഷം അവള്‍ എങ്ങോട്ടെന്നില്ലാതെ ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു.

ഓടിയോടി എവിടെയെത്തി എന്നറിയില്ല. തിരിഞ്ഞു നോക്കാനുള്ള ധൈര്യവും അവള്‍ക്കുണ്ടായില്ല . കിതപ്പ് കാരണം അവള്‍ തളര്‍ന്നു നിന്നു. രണ്ടു വശങ്ങളിലും മുള്ള് വേലി കെട്ടി തിരിച്ച ഒരു ഇടവഴിയിലാണ് അവള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇത്രക്കും അപരിചിതമായ വഴികള്‍ അവളുടെ വീടിനടുത്ത് ഉണ്ടായിട്ടും ഒരിക്കല്‍ പോലും അവളതില്‍ കൂടി സഞ്ചരിച്ചിട്ടില്ലായിരുന്നു. ആ പരിസരങ്ങളെ ഇങ്ങിനെ പരിചയപ്പെടാനായിരിക്കും വിധി എന്നോര്‍ത്തു  സമാധാനിക്കുയാണ് മല്ലി. 

നേരം പുലര്‍ന്നിട്ടു ഇത്ര നേരമായിട്ടും ആകാശത്തു എന്തേ സൂര്യനെ കാണാത്തത് ? എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ 'വിത്തും കൈക്കോട്ടും' എന്ന് പാടി ദൂരെക്ക് പാറി   പോകുന്ന കുഞ്ഞിക്കിളികള്‍ ഇന്ന് എവിടെ ? മല്ലിയുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന സമയം ഇടവഴിയുടെ അങ്ങേ തലക്കലില്‍ നിന്ന്  ഒരു മുരളല്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അതിന്‍റെ ശബ്ദം കൂടി കൂടി വരുന്നുണ്ടായിരുന്നു. അല്‍പ്പ നേരം അങ്ങോട്ട്‌ തന്നെ നോക്കിയിരുന്നു. കണ്ണുകളെ വിശ്വസിക്കണോ വേണ്ടയോ എന്നു ചിന്തിച്ചു പോയ നിമിഷങ്ങള്‍.,. പൊടി പടര്‍ത്തി കൊണ്ട് ചാവാലി നായ്ക്കളുടെ ഒരു കൂട്ടം അവള്‍ക്കു നേരെ കുരച്ചു കൊണ്ട് അടുത്തു. ഇനിയെന്തായാലും ഓടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അവള്‍ മുള്ള് വേലി ചാരിക്കൊണ്ടു അതെ നില്‍പ്പ് തന്നെ ന്നിന്നു. ശ്വാസം പോലും വേണ്ട എന്ന് വച്ചു. 
  
നായ്ക്കള്‍ അവളുടെ അടുത്തെത്തി. അവറ്റങ്ങള്‍ വന്ന വരവിന്‍റെ ശക്തിയില്‍ പൊടിപടലങ്ങള്‍ അവളുടെ മുഖത്തേക്ക് ഇരച്ചു കയറി. അവള്‍ കണ്ണടച്ച് പിടിച്ചു. അവള്‍ക്കു ചുറ്റും തിക്കും തിരക്കും കൂട്ടി നിന്ന നായ്ക്കള്‍ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായിരുന്നു എന്ന് വേണം കരുതാന്‍ . ചിലതെല്ലാം അവളുടെ ശരീരത്തിലേക്ക് കൈ പൊക്കി വച്ച് കൊണ്ട് പതിയെ തൊട്ടു നോക്കുകയും മണത്തു നോക്കുന്നുമുണ്ടായിരുന്നു . പക്ഷെ വിചിത്രം എന്ന് പറയട്ടെ, അവറ്റങ്ങള്‍ എന്തൊക്കെയോ മുരണ്ടും മൂളിയും കൊണ്ട് അവളെ ഒന്നും ചെയ്യാതെ ദൂരേക്ക്‌ ഓടിപ്പോയി. അവള്‍ സാവധാനം കണ്ണ് തുറന്നു നോക്കുമ്പോള്‍ ദൂരെ ഒരു പൊടിപടലം പോകുന്നത് മാത്രമായിരുന്നു കാണാന്‍ സാധിച്ചത്. 

എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ അവള്‍ നിന്ന നില്‍പ്പ് തുടര്‍ന്നു. അപ്പോഴേക്കും സൂര്യന്‍ ആകാശത്തു വന്നു നിന്നിരുന്നു. വെളിച്ചം അവളുടെ മുഖത്തേക്ക് എന്ന പോലെ താഴ്ന്നിറങ്ങി വന്നു. ആ വെളിച്ചം അവള്‍ക്കു വഴി കാട്ടി. ആ വഴിയിലൂടെ അവള്‍ പതിയെ നടക്കാന്‍ തുടങ്ങി. ഒരിത്തിരി നേരം നടന്നു കഴിഞ്ഞപ്പോഴേക്കും പല സ്ഥലങ്ങളും പരിചയമുള്ളതായി അവള്‍ക്കു തോന്നി തുടങ്ങി. ഒടുക്കം ജാനകി ചേച്ചിയുടെ വീട്ടിലേക്കു തിരിയുന്ന വഴിയെത്തിയപ്പോഴാണ് സമാധാനമായത്. 

 ആ സമയത്ത് ജാനകി ചേച്ചി മല്ലിയുടെ വീട്ടിലേക്കു ധൃതിയില്‍ ഓടുകയായിരുന്നു. 

" ജാനകി ചേച്ചീ ..... " മല്ലിയുടെ വിളിക്ക് മറുപടി കൊടുക്കാന്‍ സമയമില്ലാതെ  ജാനകി ചേച്ചി എന്തോ അത്യാപത്ത്‌ സംഭവിച്ച പോലെ ഓട്ടം തുടര്‍ന്നു. 

ആ ഓട്ടം നില്‍ക്കുന്നത് മല്ലിയുടെ വീട്ടിലാണ്. അവിടെ ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവളുടെ അമ്മയുടെ ഉറക്കെയുള്ള  നിലവിളി കേള്‍ക്കാമായിരുന്നു. 

മല്ലി സാവധാനം അവിടെ കൂടി നിന്ന ആളുകളെ വകഞ്ഞു കൊണ്ട് വീടിന്‍റെ  ഉമ്മറത്തെത്തി . അവിടെ ഒരു കൊച്ചു മുള കൊണ്ടുണ്ടാക്കിയ ഒരു വലിയ കിളിക്കൂട് ആരോ കൊണ്ട് വച്ചിരിക്കുന്നു . അതില്‍ കുറെയധികം കിളികള്‍ കലപില കൂട്ടി കരയുന്നുണ്ടായിരുന്നു. ഉമ്മറത്തിണ്ണയില്‍ ആരെയോ വെള്ള തുണി വിരിച്ചു കിടത്തിയിട്ടുണ്ട്. മുഖം മറച്ചിരിക്കുന്നു. അതിനടുത്ത് തന്നെ ഒരു വലിയ ചേമ്പിലയില്‍ കുറെയധികം പൂക്കളും വച്ചിട്ടുണ്ട്. 

"ഈ പൂക്കള്‍ എവിടെയാണ് കണ്ടിരിക്കുന്നത് ...അതെ ഈ പൂക്കളാണ് ..ഈ പൂക്കളാണ് ഇന്ന് രാവിലെ ആ പറമ്പില്‍ കണ്ടത് .."  മല്ലി മനസ്സില്‍ പറഞ്ഞു. 

 'മുത്തിയമ്മ ..മുത്തിയമ്മ എവിടെ, അമ്മേം അനിയത്തിമാരും എവിടെ ?' മല്ലി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അവള്‍ പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടി നടന്നു. പരസ്പ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പി. ആളുകള്‍ അവളെ ഉറ്റു നോക്കുന്നതായി അവള്‍ക്കു തോന്നിയപ്പോഴാണ് അവള്‍ അച്ഛനെ കുറിച്ചോര്‍ത്തത്. 

അവള്‍ ആള്‍ക്കൂട്ടത്തില്‍ അച്ഛനെ തിരഞ്ഞു. അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല. അവള്‍ക്കു കാര്യങ്ങള്‍ ഏകദേശം മനസ്സിലായി എന്ന നിലയിലായി. അടുക്കള ഭാഗത്ത് നിന്നും അനിയത്തിമാരുടെയും അമ്മയുടെയും  കൂട്ട നിലവിളി ഉയര്‍ന്നപ്പോഴാണ് മല്ലി അവരെ  കാണുന്നത്  പോലും. അവസാനമായി അച്ഛനെ ഒരു നോക്ക് കാണാനായി അവള്‍ മൃത ശരീരത്തിനു അടുത്തേക്ക്‌ നടന്നു. ആ സമയത്താണ് അവള്‍ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. മൃത ശരീരം ചുമക്കാനെന്ന വണ്ണം ഉമ്മറത്തേക്ക് കയറി വന്നവരില്‍ അവളുടെ അച്ഛനും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഉമ്മറത്ത് വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നത് ആരെയാണ് ? മുത്തിയമ്മ .. മുത്തിയമ്മ ...

 വെള്ള പുതപ്പിച്ച് കിടത്തിയ രൂപത്തിന് മുന്നിലെത്തിയ അവള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അല്‍പ്പ നേരം നിശബ്ദയായി നിന്നു. പിന്നെ ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു. പക്ഷെ അതൊന്നും ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ആളുകള്‍ ശവവുമേന്തി കൊണ്ട് തെക്കേ തൊടിയിലേക്ക്‌ നടന്നകന്നിരുന്നു. 

" എങ്ങിനാ മുത്തശ്ശീ  മല്ലി ചത്തത് ? ഓളെ ആരേലും കൊന്നതായിരുന്നോ? "

മുത്തശ്ശിയുടെ  മടിയില്‍ കഥ കേള്‍ക്കാന്‍ കിടന്നിരുന്ന ഉണ്ണിക്കുട്ടന്‍  ആദ്യത്തെ ചോദ്യം ചോദിച്ചു. 

മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചില കഥകള്‍ പറയുമ്പോള്‍ മുത്തശ്ശി അങ്ങിനെയാണ്. കണ്ണ് അറിയാതെ നിറഞ്ഞു പോകും. കണ്ണ് തുടച്ചു ശേഷം  കൃത്രിമമായ ഒരു പുഞ്ചിരിയോടെ മുത്തശ്ശി അവനോടു  പറഞ്ഞു. 

"കഥ കേട്ടാല്‍ പിന്നെ ഇങ്ങനത്തെ ചോദ്യം ചോദിക്കരുത് ന്നു പറഞ്ഞിട്ടില്ലേ ഉണ്ണ്യേ അന്നോട്‌ ..."

കഥയും ജീവിതവും വള്ളി പിണഞ്ഞു കിടക്കുകയാണ്. ഒരര്‍ത്ഥത്തില്‍ കഥ തന്നെയാണ് ജീവിതം. ജീവിതം തന്നെയാണ് കഥയും. ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അപ്രസക്തമാകുന്നു. 
-pravin- 

108 comments:

 1. പുതുവത്സരാശംസകള്‍

  ReplyDelete

 2. “കഥയും ജീവിതവും വള്ളി പിണഞ്ഞു കിടക്കുകയാണ്. ഒരര്‍ത്ഥത്തില്‍ കഥ തന്നെയാണ് ജീവിതം. ജീവിതം തന്നെയാണ് കഥയും. ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അപ്രസക്തമാകുന്നു.“

  അതെ, ഈ കഥയിലും ചോദ്യങ്ങൾ അപ്രസക്തമാണ്, മല്ലി കണ്ടത് സ്വന്തം ശരീരം തന്നെ. രാവിലെ പോകുന്നവർ തിരിച്ചെത്തുന്നത് വെള്ള പുതപ്പിച്ച സ്വന്തം ശരീരം കാണാനോ??
  അപരിചതൻ സിനിമ കണ്ട പോലെ കഥ.. വളരെ നന്നായിട്ടുണ്ട് പ്രവീ....

  ReplyDelete
  Replies
  1. രൈനീ ഈ കഥയില്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ടാകാന്‍ വഴിയുണ്ട് എന്നറിയാവുന്നതു കൊണ്ടാണ് ഞാന്‍ തന്നെ അവസാനം ഒരു പൊതുവായ ഉത്തരം എഴുതിയിട്ടത് . ചില ജീവിതങ്ങള്‍ കഥകളെക്കാള്‍ അവിശ്വസനീയമായി തോന്നി പോകും. പക്ഷെ സത്യത്തില്‍ അത് കഥയാകുകയുമില്ല .

   മല്ലി പ്രകൃതിയെ മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്ണാണ് . അവള്‍ സമയം കിട്ടുമ്പോഴെല്ലാം പ്രകൃതിയുമായി സംവദിക്കാറുമുണ്ട് . പക്ഷെ ഇത്തവണ അവള്‍ പുറത്തു പോയപ്പോഴേക്കും പ്രകൃതിയിലും സമൂഹത്തിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടായിരുന്നു . കുന്നിന്‍ മുകളില്‍ നിന്ന് കുറുക്കു വഴിയിലൂടെ മടങ്ങാന്‍ മല്ലി ശ്രമിച്ചിരിക്കാം. വഴിയില്‍ നിന്ന് പൂക്കള്‍ പറിച്ചിരിക്കാം .. അവിടെ വച്ചാണ് അവള്‍ ആരാലോ ആക്രമിക്കപ്പെടുന്നത് .. അവള്‍ പിച്ചി ചീന്തപ്പെട്ടിരിക്കാം .

   പക്ഷെ കൊല്ലപ്പെട്ട ശേഷവും അവളുടെ മനസ്സ് പ്രകൃതിയില്‍ എവിടെയോ തടഞ്ഞു നിന്നു . ശേഷം അവളുടെ മനസ്സിന് തോന്നപ്പെട്ട വിചിത്രതയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. അവള്‍ ഒരിക്കലും അവളെ കുറിച്ച് ആലോചിട്ടില്ല. ആലോചിക്കുന്നത് മുഴുവന്‍ വീട്ടുകാരെ കുറിച്ചാണ്... മുറിഞ്ഞു കിടക്കുന്ന മരങ്ങളും പൊട്ടിയ കിളിക്കൂടും അവളെ വേദനിപ്പിക്കുന്നുണ്ട്‌ .. അവളുടെ മനസ്സില്‍ അപ്പോഴും അതെല്ലാമാണ്‌ ഉണ്ടായിരുന്നത്. ഒരിക്കലും സ്വന്തം ശരീരം കാണാനല്ല അവള്‍ തിരിച്ചെത്തുന്നത്. പക്ഷെ ആ സത്യം അവള്‍ അറിഞ്ഞേ മതിയാകൂ എന്നത് പ്രകൃതിയുടെ നിയമവുമാണ്. അതിനാലാണ് സൂര്യ പ്രകാശം അവളുടെ മുഖത്തേക്ക് ഇറങ്ങി വന്നതും വഴി കാണിച്ചതും .. ഇത് പോലെ കുറെ ബിംബങ്ങള്‍ ഈ കഥയില്‍ ഉണ്ട്. പാമ്പ്‌ , നായ്ക്കളുടെ കൂട്ടം , അതൊക്കെ അതിന്റെ ഭാഗമായി വന്നതാണ് . എല്ലാം ഞാന്‍ വിശദീകരിക്കുന്നില്ല .

   നന്ദി രൈനീ ..

   Delete
  2. രൈനീ .. അപരിചിതന്‍ ഫിലിം എനിക്കിഷ്ടമായ സിനിമയാണ്. ആ കഥയിലെയും ഈ കഥയിലെയും ഒരു സമാനതയായി ഒരു പക്ഷെ വെള്ള പുതപ്പിച്ച രൂപം എന്ന വാക്കായിരിക്കാം രൈനിക്കു തോന്നിയത് . ആ സിനിമയുടെ ത്രെഡ് എന്റെ ഈ കഥയെക്കാള്‍ എത്രയോ ആകര്‍ഷകമാണ്... ഹി ഹി ചുമ്മാ സഞ്ജീവ് ശിവനെയും , എ കെ സാജനെയും പ്രകൊപിപ്പിക്കണ്ട ...

   അപരിചിതനിലെ രഘു റാം (മമ്മൂട്ടി ) എന്ന കേന്ദ്ര കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം അയാള്‍ മരണപ്പെട്ടിരിക്കുന്നു എന്ന വസ്തുത അയാള്‍ക്ക്‌ ആദ്യമേ ബോധ്യപ്പെട്ടതാണ്. ഇവിടെ മല്ലിക്ക് ആ വസ്തുത അറിയാന്‍ സാധിക്കുന്നില്ല. അറിയുന്നത് പിന്നീട് തന്റെ ശരീരം കാണുമ്പോള്‍ മാത്രമാണ്.

   Delete
 3. "കഥ കേട്ടാല്‍ പിന്നെ ഇങ്ങനത്തെ ചോദ്യം ചോദിക്കരുത് ന്നു പറഞ്ഞിട്ടില്ലേ ഉണ്ണ്യേ അന്നോട്‌ ..."

  ഞാനൊന്നും ചോദിക്കണില്ല. തുടക്കത്തിൽ ഒരു കഥാപ്രസംഗം കേക്കണ ശൈലി പോലെ തോന്നി.പക്ഷേ ഇടയ്ക്കിടയ്ക്ക് നല്ല സ്പാർക്കുണ്ട്..പ്രത്യേകിച്ചും അവസാനം.

  ReplyDelete
  Replies
  1. ഹി ഹി... ചോദ്യം ചോദിക്കരുത് എന്ന് നിന്നോടല്ല പറഞ്ഞത് സുമോ ..ആ ഉണ്ണിയോടല്ലേ? ... നീ ധൈര്യായിട്ട് ചോദിച്ചോ. . കഥാ പ്രസംഗം സ്റ്റൈല്‍ വന്നുവോ ? അത് തികച്ചും യാദൃശ്ചികം ട്ടോ ..( ഹി ..ഹി ഇനി അങ്ങനെ പറയാനല്ലേ പറ്റൂ )

   സ്പാര്‍ക്കോ ? എന്റെ പള്ളീ... ഞാന്‍ ഇനി ഒന്നും പറയുന്നില്ല സുമോ...

   Delete
 4. സങ്കല്‍പ്പവും യാഥാര്‍ത്യവും കൂടി കലര്‍ന്ന കഥ ,വ്യത്യസ്തതയുണ്ട് . ആശംസകള്‍

  ReplyDelete
 5. ഒടുക്കത്തെ ഫാണ്റ്റസി! മുടിഞ്ഞ റിയാലിറ്റിയും! മൊത്തത്തില്‍ പറഞ്ഞാല്‍ സൂപ്പറു കഥ :)

  ReplyDelete
  Replies
  1. ഹി ഹി...നന്ദി അബൂതി... ഈ കമെന്റ് എന്നെ പുളകം കൊള്ളിച്ചു... പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ .. ഒരാള്‍ക്കെങ്കിലും ഇഷ്ട്ടപ്പെട്ടാല്‍ ഞാന്‍ കൃതാര്‍ത്ഥനായി...

   Delete
 6. നന്നായി കേട്ടോ പുതുവത്സര കൈനീട്ടം ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി ആസിഫ് ..

   Delete
 7. വളരെ നന്നായിട്ടുണ്ട് ....
  പുതുവത്സരാശംസകള്‍!!

  ReplyDelete
 8. പുതുവര്‍ഷത്തില്‍ നല്ലൊരു കഥ.. അപരന്‍ എന്നാ പത്മരാജന്‍ സിനിമ ഓര്മ വന്നു അവസാനം...
  കഥയ്ക്ക് ഒരു വ്യത്യസ്ത ഭാവം ഒന്നും തോന്നിയില്ലേലും നന്നായി ആസ്വദിച്ചു..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി മനോജ് .

   അപരന്‍ സിനിമ ഞാനും കണ്ടിട്ടുണ്ട്. അപരന്‍ സിനിമയിലെ നായകന്‍ വിശ്വനാഥന്‍ നഗരത്തില്‍ എത്തുമ്പോഴാണ് തന്റെ അതെ രൂപത്തില്‍ ഉത്തമന്‍ എന്ന് പേരുള്ള ഒരു അപരന്‍ ഉണ്ടെന്നു മനസിലാക്കുന്നത്. ഉത്തമന്റെ ക്രിമിനല്‍ പശ്ചാത്തലം വിശ്വനാഥന് വിനയാകുന്നുമുണ്ട്. ഒടുക്കം വിശ്വനാഥന് ഉത്തമന്റെ വ്യക്തിത്വമായി മാറേണ്ടി വരുന്ന അവസ്ഥയിലാണ് സിനിമ അവസാനിക്കുന്നത്. അതൊരു അപരന്റെ ഭീകരാവസ്ഥ തന്നെയാണ്.. പക്ഷെ ഇവിടെ മല്ലിക്ക് അങ്ങിനെയൊരു അവസ്ഥ വരുന്നില്ല. രണ്ടും രണ്ടു തലങ്ങളില്‍ കിടക്കുന്ന കാര്യങ്ങളാണ്.

   Delete
  2. അതറിയാം പ്രവീണ്‍.. ,.. ഞാന്‍ അത് ഓര്‍മ്മ വന്നൂ എന്ന്‍ സൂചിപ്പിച്ചെന്നെ ഉള്ളൂ.. രണ്ടും രണ്ടു കാര്യങ്ങള്‍ തന്നെ..

   കഥ ഇന്ന് വീണ്ടും വായിച്ചപ്പോള്‍ കുറച്ചുകൂടി പ്രിയം തോന്നുന്നു.. വീണ്ടും ഇതുവഴി വരാന്‍ അവസരം ഉണ്ടാക്കിയതിനു നന്ദി..

   Delete
  3. ഓക്കേ .. എന്തായാലും ഈ രണ്ടാം വരവിനും വായനക്കും സ്പെഷ്യൽ നന്ദി ഉണ്ട് ട്ടോ ..

   Delete
 9. നല്ല വിവരണം , മറ്റൊരു രീതി കലക്കി

  ReplyDelete
  Replies
  1. ഹി ഹി ഷാജുവെ ...വിവരണമല്ല... ഇത് കഥയാ കഥ..കഥ... നീ മുഴുവനും വായിച്ചില്ലേ അപ്പൊ...ഹി ഹി... അതോ ഇത് വിവരണമായാണോ നിനക്ക് തോന്നിയത് ? ശ്ശെടാ...കഷ്ട്ടപ്പെട്ടു എഴുതിയതു വെറുത്യായോ ? എന്നതായാലും നിനക്കിഷ്ട്ടപ്പെട്ടല്ലോ... അത് മതി...ഹി ഹി

   Delete
 10. തുടക്കം അല്പം കൂടെ നന്നാക്കാം ആയിരുനെന്നു തോന്നുന്നു ..... ഇഷ്ടമായി
  ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു സ്നേഹാശംസകളോടെ പുണ്യവാളന്‍

  ReplyDelete
  Replies
  1. ഉം. എനിക്കും അത് തോന്നി പുണ്യാളാ ..തുടക്കം എവിടൊക്കെയോ വേറൊരു സ്റ്റൈലില്‍ ആണ് പറഞ്ഞു വന്നത്. പിന്നെ ഇടയ്ക്കു വച്ച് അതിന്റെ രീതി മാറുകയും ചെയ്തിരിക്കുന്നു .. ഈ കഥ ഇങ്ങിനെയായിരുന്നില്ല ആദ്യം എഴുതി തുടങ്ങിയത്. മല്ലി ആത്മകഥ പറയും പോലെ ആണ് തുടങ്ങിയിരുന്നത്. മല്ലിയുടെ കുട്ടിക്കാലം. അതായിരുന്നു ആദ്യ ഭാഗമായി ഉദ്ദേശിച്ചിരുന്നത്.. പക്ഷെ ആ രീതിയില്‍ കഥ പറഞ്ഞു പോയാല്‍ ഒരുപാട് നീളുമെന്ന് തോന്നിയത് കൊണ്ടാണ് മറ്റൊരു റൂട്ടില്‍ കഥ പറഞ്ഞത്. അതല്ലായിരുന്നെങ്കില്‍ 'പാളങ്ങളിലൂടെ ' എന്ന ഇതിനു മുന്നത്തെ എന്റെ കഥയ്ക്ക് സംഭവിച്ച പ്രശ്നങ്ങള്‍ ഈ കഥയ്ക്കും സംഭവിക്കുമായിരുന്നു..

   വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി പുണ്യാളാ

   Delete
 11. പൂ ചൂടാത്ത പെണ്ണിന് അവസാനം പൂ കൊണ്ടുള്ള അഭിഷേകവും!
  നന്നായിരിക്കുന്നു കഥ.അവസാനമുള്ള കഥപറച്ചില്‍ ഇല്ലെങ്കിലും കോട്ടംതട്ടുമായിരുന്നല്ല എന്നാണ് എന്‍റെ പക്ഷം
  ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

  ReplyDelete
  Replies
  1. ഹി ..ഹി..തങ്കപ്പേട്ടാ .. അവസാനമുള്ള ആ കഥ പറച്ചില്‍ ഞാന്‍ എന്നെ രക്ഷിക്കാന്‍ വേണ്ടി എഴുതിയതാണ് ... അല്ലെങ്കില്‍ ഇനിയും ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും.

   മല്ലി പൂ പറിക്കാന്‍ പോയപ്പോള്‍ ആയിരിക്കും കൊല്ലപ്പെട്ടത് ,. അവളെ കാണാതായപ്പോള്‍ തിരഞ്ഞു ചെന്നവര്‍ക്ക് അവളുടെ കൈയ്യില്‍ നിന്നും ചുറ്റില്‍ നിന്നും കിട്ടിയ പൂക്കളാണ് വീട്ടില്‍ ചേമ്പിലയില്‍ വച്ചിരുന്നത്. അപ്പോഴും അവള്‍ പൂ ചൂടിയിട്ടില്ലായിരുന്നു .

   തങ്കപ്പേട്ടന് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ...

   Delete
 12. വിഭ്രമാത്മകം കഥനം

  ReplyDelete
  Replies
  1. ങേ... അജിത്തേട്ടാ ..എന്താ പറഞ്ഞത്...നയം വ്യക്തമാക്കൂ ..ഹി ഹി

   Delete
 13. കഥയുടെ കഥ അഭിപ്രായമായി ചേര്‍ക്കണ്ടായിരുന്നെന്നു എന്ന് തോന്നി.
  വിവരണങ്ങള്‍ പലപ്പോഴും കൂടിപ്പോകുന്നോ എന്നെന്റെ വായനയില്‍ അനുഭവപ്പെട്ടു.
  പുതുവത്സരത്തിലെ പ്രവീണിന്റെ ആദ്യകഥക്ക് ആശംസകള്‍

  ReplyDelete
  Replies
  1. ഉം... രാംജിയെട്ടാ ...ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവരോടു ഉത്തരമായി പറഞ്ഞെന്നു മാത്രം . വിവരണങ്ങള്‍ കൂടി പോകുന്നുണ്ട് എന്ന സംശയം എനിക്കും ഇല്ലാതില്ല. ചില ഭാഗങ്ങള്‍ എഴുതുമ്പോള്‍ നമ്മള്‍ മനസ്സില്‍ ഉദ്ദേശിച്ചത് വായനക്കാരന് മനസിലാകുമോ ഇല്ലയോ എന്നൊരു ആശയ കുഴപ്പം തോന്നാറുണ്ട്. അത് കൊണ്ടാണ് വീണ്ടും വ്യക്തത കൂട്ടാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വിവരണവും കൂടുന്നു. അതാണ്‌ സത്യം. എന്തായാലും പാളങ്ങളിലൂടെ എന്ന മുന്നത്തെ കഥയേക്കാളും ഇമ്പ്രൂവ് ചെയ്യാന്‍ സാധിച്ചു എന്ന് കരുതാമോ ? അത്രയേ എനിക്ക് വേണ്ടൂ... ബാക്കി ഞാന്‍ അടുത്ത തവണ ഇനിയും നന്നാക്കാന്‍ ശ്രമിക്കാം രാംജിയെട്ടാ...

   നല്ല നിര്‍ദ്ദേശത്തിനും തുറന്ന അഭിപ്രായത്തിനും ഒത്തിരി നന്ദി രാംജിയെട്ടാ

   Delete
  2. കഴിഞ്ഞ കഥയെക്കാള്‍ നല്ലതുപോലെ ഉയര്‍ന്നിട്ടുണ്ടെന്നു പ്രാവീണിനു തന്നെ തോന്നുന്നില്ലേ. ഓരോന്നു കഴിയുമ്പോഴും ഇത്തരം ഉയര്‍ച്ച ഉണ്ടാകും പ്രവീണ്‍

   Delete
  3. തോന്നുന്നുണ്ട് രാംജിയെട്ടാ.. ബ്ലോഗിങ്ങിലേക്ക് വന്ന ശേഷമാണ് വായന തന്നെ ആരംഭിച്ചത്.. പക്ഷെ ..പുസ്തകം വായന ഇപ്പോഴും നടക്കുന്നില്ല. അതിനു സമയം ഇനിയും കിട്ടിയിട്ടില്ല . രാംജിയെട്ടന്‍ ഒരിക്കല്‍ പറഞ്ഞ പോലെ എഴുതി എഴുതി തെളിയുമായിരിക്കും ... ഈ പ്രോത്സാഹനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി ...

   Delete
 14. വായിച്ചു തുടങ്ങിയപ്പോള്‍ തോന്നി .. ലേഖനമാണോ എന്ന് .. പിന്നെ പിന്നെ ഒന്നും തോന്നാന്‍ അവസരം തന്നില്ല ... ഫാന്റസി കഥകള്‍ എനിക്കെന്നും ഇഷ്ടമാണ് ...
  പൂ ചൂടാത്ത പെണ്ണ് ഇഷ്ടമായി മാഷെ...

  ReplyDelete
  Replies
  1. ഹി ഹി...എഴുതി തുടങ്ങിയപ്പോള്‍ ഏതാണ്ട് ഈ അവസ്ഥ തന്നെയായിരുന്നു എന്റെത് .. ലേഖനമായി മാറുമോ എന്ന് എനിക്ക് തന്നെ തോന്നി ..പിന്നെ പിന്നോട്ട് നോക്കിയില്ല . ഫാന്റസി എങ്ങിനെയൊക്കെയോ ആയിപ്പോയതാണ്... വായനക്കും അഭിപ്രായത്തിനും നന്ദി ഷലീര്‍ ..

   Delete
 15. നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 16. കഥയുടെ തീം നന്നായിട്ടുണ്ട്, ഒരാള്‍ മരിക്കുമ്പോള്‍ താന്‍ മരിച്ചതായി അയാള്‍ അറിയുന്നില്ല. പക്ഷെ കഥ പറച്ചില്‍ കുറച്ചുകൂടി നാന്നാവേണ്ടിയിരിക്കുന്നു. അല്‍പ്പം നീട്ടി കൊണ്ടുപോയോ എന്നൊരു സംശയം.

  പണ്ട് മനോജ്‌ നൈറ്റ് ശ്യാമളന്‍ ഈ തീമില്‍ ഒരു സിനിമ എടുത്തിരുന്നു. The sixth sense

  ഒരു കുട്ടി, ആ കുട്ടിയുടെ പ്രശ്നം ആത്മാക്കളെ കാണുന്നു എന്നതാണ്. ഈ കുട്ടിയെ പ്രശസ്തനായ മനശാസ്ത്രന്ജന്റെ അടുത്ത് മാതാപിതാക്കള്‍ കൊണ്ട് വരുന്നു. അദ്ദേഹം ചികിസിക്കാം എന്ന് ഉറപ്പു കൊടുത്ത് അവരെ പറഞ്ഞയക്കുന്നു. പിന്നീട് നമ്മള്‍ കാണുന്നത് ഈ മനശാസ്ട്രജ്ണന്‍ കുട്ടിയെ ഉപദേശിക്കുന്നതും ചികിത്സിക്കുന്നതും ആണ്. മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത പല ആത്മാക്കളെയും കുട്ടി കാണുകയും മനശാസ്ട്രഞ്ഞനും ആയി അനുഭവം പങ്കു വൈക്കുകയും ചെയ്യുന്നു. മനശാസ്ട്രഞ്ഞ്ണന്‍ പലകാര്യങ്ങളും പറഞ്ഞു കുട്ടിയെ ആശ്വസിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു.

  ചികിത്സ ദിവസങ്ങള്‍ കടന്നു പോകുന്നു, അവസാനം ഈ മനശാസ്ട്രന്ജന് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം അറിയുന്നു, ദിവസങ്ങള്‍ക്കു മുന്‍പ് തന്റെ പഴയ ഒരു പെഷിയന്റ്റ് തന്നെ വെടി വെച്ച് കൊന്നിരുന്നു. താന്‍ വെറും ഒരു ആത്മാവ് ആണ്, വെടി വച്ച ആള്‍ സ്വയം വെടി വച്ച് ആത്മഹത്യ ചെയ്തിരുന്നു. കുട്ടിക്ക് ആത്മാക്കളെ കാണാനുള്ള സിക്സ്ത് സെന്സ് ഉള്ളതിനാല്‍ മാത്രം മനശാസ്ട്രന്ജനെ കാണാന്‍ കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് അയാളെ കാണാന്‍ കഴിയുന്നില്ല.


  ReplyDelete
  Replies
  1. വായനക്കും തുറന്ന അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി മലക്ക് .. അടുത്ത തവണ.. കഥ പറയുന്ന രീതിയില്‍ ഇനിയും നന്നാക്കാന്‍ ശ്രമിക്കാം. ഹി ഹി..പിന്നെ ഞാനൊരു എഴുത്തുകാരന്‍ ഒന്നുമല്ല.. ചുമ്മാ മനസ്സില്‍ തോന്നുന്നതു കുത്തി കുറിക്കുന്നു എന്ന് മാത്രം . എന്തായാലും താങ്കളുടെ നിര്‍ദ്ദേശം ഞാന്‍ ഗൌരവത്തോടെ തന്നെ പരിഗണിക്കുന്നു.

   ശ്യാമളന്റെ ആ പടത്തെ കുറിച്ച് കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. എങ്കിലും ഇവിടെയുള്ള വിവരണം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ചോദിക്കട്ടെ .. കുട്ടിക്ക് മാത്രമേ ആത്മാവിനെ കാണാന്‍ കഴിയൂ എന്ന് പറഞ്ഞിരിക്കുന്നു. പിന്നെ എങ്ങിനെയാണ് കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് അയാളെ കാണാന്‍ സാധിച്ചത് ? അതോ കുട്ടിയെ ചികിത്സക്ക് കൊണ്ട് വന്ന ശേഷമാണോ അയാള്‍ മരണപ്പെടുന്നത് ? അങ്ങിനെയാണ് എങ്കിലും ആ വിവരം കുട്ടിയുടെ അച്ഛനമ്മമാര്‍ അറിയില്ലേ ? ശ്ശൊ ആകെ കന്ഫുഷന്‍ ആയി...

   ആ പടം എന്തായാലും ഇനി കണ്ടിട്ട് തന്നെ കാര്യം . കണ്ടിട്ട് അഭിപ്രായം പറയാം .

   Delete
  2. ഇപ്പോള്‍ എനിക്ക് കഥ പറയാന്‍ അറിയില്ല എന്ന് മനസിലായില്ലേ?

   അയാള്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് ആണ് കുട്ടിയെ അയാളുടെ അടുത്ത് കൊണ്ട് വരുന്നത്. ചികിത്സിക്കാം എന്ന് പറഞ്ഞു അവരെ പറഞ്ഞയക്കുന്നു. മാതാപിതാക്കള്‍ക്ക് അയാള്‍ കൊല്ലപ്പെട്ടതിനു ശേഷം അയാളെ കാണാന്‍ കഴിയുന്നില്ല. പക്ഷെ അയാള്‍ അത് മനസിലാക്കുന്നില്ല (മനസിലാകുമ്പോള്‍ ആണ് താന്‍ കൊല്ലപ്പെട്ടു എന്ന് അയാള്‍ അറിയുന്നത്), പക്ഷെ കുട്ടിയുടെ ചികിത്സ അയാള്‍ തുടങ്ങുന്നു എപ്പോഴും കുട്ടിയുടെ കൂടെ നടന്നു കൊണ്ട്.

   Delete
  3. ഹി ഹി....ഓക്കേ .. ഇപ്പോള്‍ കഥ വ്യക്തമായി... എന്തായാലും ഈ സിനിമ ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം ...

   നന്ദി മലക്ക്

   Delete
 17. തുടക്കം മുതല്‍ അവസാനം വരെ ആകാംഷയോടെ വായിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള അവതരണം ചിന്തകളെ പല വഴിക്ക് കൂട്ടി കൊണ്ട് പോയി അവസാന ക്ലൈമാക്ഷ് അപ്രതീക്ഷിതം ആയി നന്നായി പ്രവീ പിന്നെ കഥയില്‍ ചോദ്യം ഇല്ലാലോ അതാണ്‌ പോയിന്‍റ്

  ReplyDelete
  Replies
  1. കഥയില്‍ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് ഞാന്‍ പറയുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ തീര്‍ച്ചയായും ചോദിക്കണം എന്ന നിലപാടാണ് എനിക്കുള്ളത്. ചോദ്യങ്ങള്‍ എഴുത്തുകാരനോട്‌ എന്നതിലുപരി വായനക്കാരന്‍ സ്വയം ചോദിക്കുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും വ്യക്തമായില്ലെങ്കില്‍ മാത്രം എഴുത്തുകാരനോട്‌ ചോദിക്കുക.

   കഥകളുടെ അവിശ്വസനീയമാണെങ്കില്‍ കൂടി അതിനുള്ള ഉത്തരങ്ങള്‍ വിശ്വസനീയമായി തോന്നിക്കും വിധമുള്ള ഉത്തരങ്ങള്‍ കഥയിലും ഉണ്ടായിരിക്കണം . ഈ കഥയില്‍ ഇത് വരെയും ആരും ചോദിക്കാത്ത ചില സംശയങ്ങള്‍ ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നുണ്ട്. ഞാന്‍ ആ ആ സംശയം ചോദിക്കാന്‍ വരുന്ന വായനക്കാരനെ കാത്തു കാത്തിരിക്കുകയാണ് . ഒടുവില്‍ വായിച്ച മൂസാക്കയും ആ ചോദ്യം ചോദിച്ചില്ല .. ഇനി അടുത്തത്‌ ആരായിരിക്കും ?

   കഥ ഇഷ്ട്ടപ്പെട്ടതിനു നന്ദി മൂസാക്ക ..

   Delete
 18. കവര്‍ ഫോട്ടോ അതിമനോഹരം..ആരാ ഇത് design ചെയ്തെ..?
  കഥ കൊള്ളാം ..നന്നായിട്ടുണ്ട് ..!
  പ്രവീണേ....! ഇത് എവിടെ തുടങ്ങി ;എവിടെ അവസാനിച്ചു നില്‍ക്കുന്നു...ങേ...
  എന്റെ ബ്ലോഗിന്റെ ഡാഷ് ബോര്‍ഡിലേക്ക് കേറിയപ്പോ .മനോഹരമായ ടൈറ്റില്‍ '.പൂ ചൂടാത്ത പെണ്‍കുട്ടി .! ഒപ്പം മനോഹരമായ സ്കെട്ച്ചും ..!
  കഥയുടെ ആദ്യഭാഗം പ്രവീണ്‍ പറയുന്നത് പോലെയാണ് തോന്നിയത്..(ഏതു പെണ്ണിനാണ് മുടിയില്‍ ഭംഗിയുള്ള പൂ ചൂടാന്‍ ഇഷ്ടമല്ലാതിരിക്കുക? പൂ ചൂടാത്ത പെണ്ണുങ്ങള്‍ ഉണ്ടാകുമോ എന്ന് നിങ്ങള്‍ സംശയിക്കാം. പക്ഷെ അങ്ങിനെയുള്ള പെണ്ണുങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ട് എന്ന് മനസിലാക്കുക. (ഇപ്പോള്‍ മനസിലായി..)ഒരു കാര്യം പറയാതെ വയ്യ. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒരാള്‍ പോലും അവള്‍ പൂ ചൂടി കണ്ടതായി ഓര്‍ക്കുന്നില്ല )
  ("ഫ്സ്സ്സ്സ്സ്സ്സ്സ്സ്സ് ...ഫ്സ്സ്സ്സ്സ്സ്സ് ")
  കാറ്റിനും പാമ്പിനും ഒരേ സൌണ്ടാണോ...?
  കുറെ കഴിഞ്ഞപ്പോ പാമ്പാണോ മനുഷ്യനാണോ മല്ലിയുടെ വില്ലനായിട്ടു വരുന്ന്തെന്നു തോന്നി ...(ഡല്‍ഹി സംഭവം മന്സില്‍നിന്നും മാറിയിട്ടില്ല )
  ഭാഗ്യം ..!അങ്ങനെ ഒന്നും സംഭവിച്ചില്ല ..! എന്ന് വായിച്ചു പോവുമ്പോഴാ അടുത്ത വരി..
  (" എങ്ങിനാ മുത്തശ്ശീ മല്ലി ചത്തത് ? ഓളെ ആരേലും കൊന്നതായിരുന്നോ? ") ഇതാണ് എന്നെ കൂടുതല്‍ ചിരിപ്പിച്ച വരികള്‍ .ഇവിടെയാണ് ഒരു കണ്‍ഫ്യൂഷന്‍ ..മുത്തശി കുട്ടികളോട് കഥ പറയുന്ന്ന രീതി വേണ്ടായിരുന്നു...
  മല്ലിയുടെ വീട്ടിലെ ആള്‍ക്കൂട്ടത്തെ കണ്ടു അവള്‍ ആദ്യം വിചാരിക്കുന്നത് അച്ഛന്‍ മരിച്ചുവെന്നാണ്.പിന്നീടാണ് മരിച്ചത് മുത്തിയമ്മയാണെന്ന് അറിയുന്നത്..അറിയാതെ ഞാനും വിചാരിച്ചു പോയി..പാവം മുത്തിയമ്മ ..!!
  എല്ലാം കഴിഞ്ഞു കംമെന്റ്സിനുള്ള പ്രവീണിന്റെ മറുപടി ...പ്രതേകിച്ചു സുമെഷിനുല്ല മറുപടി...
  rainy യുടെ ചോദ്യത്തിന് പ്രവീണ്‍ കഥയുടെ സ്വഭാവം എന്താണെന്ന്നു നന്നായി പറയുന്നുണ്ട്.
  പക്ഷെ അത് കഥയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല...എങ്കില്‍ കഥ അതി മനോഹരമായേനെ..കാരണം നല്ലൊരു ആശയം ഉണ്ടായിരുന്നു..
  എന്തൊക്കെയായാലും ലളിതവും മനോഹരമായ വരികള്‍ കഥക്ക് ഒരു ദൃശ്യാ ഭംഗി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്...(നാളെയും ഇതുവഴി വരണ്ടേ..). ചുമ്മാ..
  കഥയെക്കാള്‍ ഏറെ ഇഷ്ട്ട പെട്ടത് പ്രവീണിന്റെ നര്‍മ്മം നിറഞ്ഞ മറുപടികളാണ് ...

  ReplyDelete
  Replies
  1. ഹൗ...എന്റെ രാജേഷേ...ഇത്രേം വല്യ അഭിപ്രായത്തിന് വല്യ ഒരു നന്ദി ഞാനങ്ങു തരുകയാണ്‌...,.. സ്വീകരിച്ചാലും .. ഇനി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഓരോരോന്നായി പറയാം ട്ടോ ..

   കവര്‍ ഫോട്ടോ ഗൂഗിളില്‍ കുറെ ദിവസം സേര്‍ച്ച്‌ ചെയ്തു കിട്ടിയതാണ് ..യെസ് ... കഥയുടെ ആദ്യഭാഗം കഥയിലെക്കുള്ള ഒരു അവതരണമായി തന്നെ എഴുതിയതാണ് .

   പിന്നെ കാറ്റിനും പാമ്പിനും ഒരു ശബ്ദം അല്ല ട്ടോ. കഥയില്‍ കാറ്റ് വന്നിട്ട് പോലുമില്ല. വന്നത് മുഴുവന്‍ പാമ്പാണ് . മല്ലിയെ ഉറക്കത്തില്‍ നിന്നും എഴുന്നെല്‍പ്പിക്കുന്നത് പാമ്പാണ്. പാമ്പ് ഊതുന്ന ശബ്ദമാണ് ഫ്സ്സ്സ്സ്സ്സ്സ്സ്സ്സ് ...ഫ്സ്സ്സ്സ്സ്സ്സ് " എന്ന് ഞാന്‍ രേഖപ്പെടുത്തിയത്. അത് പാമ്പാണ് എന്ന് മല്ലിക്ക് ആദ്യം മനസിലായില്ല എന്ന് മാത്രം. പിന്നീടും ആ ശബ്ദം മല്ലി കേക്കുന്നുണ്ട്. മൂന്നാം തവണ കേട്ടപ്പോള്‍ മാത്രമാണ് അവള്‍ സംശയത്തോടെ ചുറ്റും നോക്കുന്നതും പാമ്പിനെ കാണുന്നതും .

   ഇവിടെ പാമ്പ് അല്ല വില്ലന്‍ . മനുഷ്യന്‍ തന്നെയാണ് . അത് ഞാന്‍ പ്രത്യക്ഷത്തില്‍ പറയാന്‍ ഉദ്ദേശിച്ചില്ല എന്ന് മാത്രം ,. മല്ലിയുടെ കൊലപാതകത്തിന്നു മൂക സാക്ഷിയാണ് പ്രകൃതി . മല്ലി ഉണര്‍ന്ന ശേഷം കാണുന്ന പാമ്പിന്റെ കണ്ണുകളിലെ തീ അവള്‍ക്കു നേരെയല്ല, മറിച്ച് അവള്‍ക്കു സംഭവിച്ച ക്രൂരതയോടാണ് ശത്രുത പ്രകടിപ്പിക്കുന്നത്. പക്ഷെ മല്ലി അത് തിരിച്ചറിയുന്നില്ല. തനിക്കു നേരെ ഓടിയടുക്കുന്ന ചാവാലി നായ്ക്കളില്‍ നിന്നും മല്ലിക്ക് രക്ഷ കിട്ടുന്നുണ്ട്‌ ഇവിടെ. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ ...

   താങ്കളുടെ നിര്‍ദ്ദേശം മാനിക്കുന്നു. മുത്തശ്ശി കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കുന്ന രീതി എനിക്കൊഴിവാക്കാമായിരുന്നു . അത് ചെയ്യാത്തതിന് കാരണം ഒരുപാടുണ്ട്. നമുക്കറിയാം ഡല്‍ഹി പീഡനം. നാളെ അതുമൊരു കഥയോളം ചെറുതാകും . അന്നും പലരും അതെ കുറിച്ച് ചോദിച്ചേക്കാം ..പക്ഷെ അവര്‍ക്കൊക്കെ എന്ത് തരം ഉത്തരങ്ങള്‍ ഭാവിയില്‍ ലഭിക്കും എന്നത് കണ്ടറിയാം . ഇവിടെ മുത്തശ്ശി ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉണ്ണിയോട് കഥ പറഞ്ഞു കൊടുക്കുന്നത്. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ മുത്തശ്ശി കരയുകയും ചെയ്തു. ആ മുത്തശ്ശി പലരുമാകാം .. മല്ലിയുടെ അമ്മയാകാം , ജാനകി ചേച്ചി ആകാം , മല്ലിയുടെ പോലെയുള്ള മകളെ നഷ്ട്ടപ്പെട്ട ഏതൊരു അമ്മയുമാകാം അത്... അങ്ങിനെ കുറെയേറെ വിശദീകരണങ്ങള്‍ എനിക്ക് പറയാനുണ്ട് അതെ കുറിച്ച് . അതിനാലാണ് അത് ഒരു കഥയെന്ന രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

   ഇത്രയും കാര്യങ്ങള്‍ കഥയിലേക്ക്‌ കൊണ്ട് വരാന്‍ ഞാന്‍ അപ്രത്യക്ഷമായാണ് ശ്രമിച്ചിരിക്കുന്നത്. വായനയില്‍ അതാര്‍ക്കും കിട്ടിയില്ല എന്ന് തന്നെ എനിക്ക് തോന്നുന്നു. അത് എന്റെ എഴുത്തിന്റെ പോരായ്മയായി ഞാന്‍ മനസിലാക്കുന്നു. അടുത്ത തവണ കൂടുതല്‍ നന്നാക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.

   തുറന്ന അഭിപ്രായത്തിനും രസകരമായി നിര്‍ദ്ദേശം പങ്കു വച്ചതിനും ഹൃദയം നിറഞ്ഞ നന്ദി രാജേഷ് ...

   Delete
 19. ഇത് നല്ലകഥ.......പൂ ചൂടാത്ത പെണ്ണ്....ദാ പ്പോ..നന്നായെ.....

  ReplyDelete
  Replies
  1. ഹി ഹി... ന്താ ത്ര അതിശയം ...

   Delete
 20. ഇഷ്ടപ്പെട്ടു പ്രവീ...

  ആശംസകള്‍

  ReplyDelete
 21. നന്നായി പ്രവീണ്‍ , ഇഷ്ടപ്പെട്ടു.
  ആശംസകള്‍ !

  ReplyDelete
  Replies
  1. ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ വെറുതെ വിടുന്നു .. അല്ലെലുണ്ടല്ലോ..ആ...

   നന്ദി പ്രവീണ്‍ ഭായ്‌

   Delete
 22. പുതുവത്സരാശംസകള്‍
  കഥ മുഴുവനും വായിച്ചു ...പക്ഷെ ഭയങ്കര കണ്‍ഫ്യൂഷന്‍
  പിന്നെ കമന്റ്സ് മുഴുവനും വായിച്ചപ്പോള്‍ അതങ്ങു മാറി .
  കഥ എഴുത്തില്‍ പുതിയ പരീക്ഷണങ്ങള്‍ അല്ലെ ...ആശംസകള്‍.
  പിന്നെ അജിത്‌ മാഷിന്റെ കമന്റ്‌ കലക്കി അതിനുള്ള മറുപടിയും :-D

  ReplyDelete
  Replies
  1. കണ്ഫൂശന്‍ മാറിക്കോട്ടെ എന്ന് കരുതിയാണ് സംശയങ്ങള്‍ക്ക് മറുപടി തന്നത് . അവര്‍ക്കെല്ലാം കൊടുത്ത മറുപടി വായിച്ചത് കൊണ്ട് അമ്മാച്ചുവിനു സംശയം ഉണ്ടായില്ല ല്ലേ ..ഹി ഹി ..

   ഈ വായനക്ക് ഹൃദയം നിറഞ്ഞ നന്ദി അമ്മാച്ചു

   Delete
 23. മിനിപിസിJanuary 5, 2013 at 11:28 AM

  നായ്ക്കള്‍ അവളുടെ അടുത്തെത്തി. അവറ്റങ്ങള്‍ വന്ന വരവിന്‍റെ ശക്തിയില്‍ പൊടിപടലങ്ങള്‍ അവളുടെ മുഖത്തേക്ക് ഇരച്ചു കയറി. അവള്‍ കണ്ണടച്ച് പിടിച്ചു. അവള്‍ക്കു ചുറ്റും തിക്കും തിരക്കും കൂട്ടി നിന്ന നായ്ക്കള്‍ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായിരുന്നു എന്ന് വേണം കരുതാന്‍ . ചിലതെല്ലാം അവളുടെ ശരീരത്തിലേക്ക് കൈ പൊക്കി വച്ച് കൊണ്ട് പതിയെ തൊട്ടു നോക്കുകയും മണത്തു നോക്കുന്നുമുണ്ടായിരുന്നു . ഇത് വായിച്ചപ്പോള്‍ പേടി തോന്നി പ്രവീണ്‍ ...മരിച്ചു കിടക്കുമ്പോള്‍ ബോധം ഉണ്ടായാലത്തെ അവസ്ഥ എങ്ങനെയാവുമെന്നു ഓര്‍ത്തു .ആശംസകള്‍ !

  ReplyDelete
  Replies
  1. ഈ പേടി ഇപ്പോഴും വേണം .. മരണം നമ്മുടെ കൂടെ എപ്പോഴുമുണ്ട് എന്ന തിരിച്ചറിവ് മനുഷ്യന് വേണം .ഏറ്റവും കൂടുതല്‍ അറിയാന്‍ ശ്രമിക്കെണ്ടതും മരണത്തെയാണ് എന്നാണു എന്റെ പക്ഷം ..കാരണംമരണം വലിയൊരു സത്യമാണ്. അതിലും വലിയ മറ്റൊരു സത്യത്തിലേക്കുള്ള യാത്രയുമാണ് ..

   Delete
 24. മിനിപിസിJanuary 5, 2013 at 11:30 AM

  നായ്ക്കള്‍ അവളുടെ അടുത്തെത്തി. അവറ്റങ്ങള്‍ വന്ന വരവിന്‍റെ ശക്തിയില്‍ പൊടിപടലങ്ങള്‍ അവളുടെ മുഖത്തേക്ക് ഇരച്ചു കയറി. അവള്‍ കണ്ണടച്ച് പിടിച്ചു. അവള്‍ക്കു ചുറ്റും തിക്കും തിരക്കും കൂട്ടി നിന്ന നായ്ക്കള്‍ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായിരുന്നു എന്ന് വേണം കരുതാന്‍ . ചിലതെല്ലാം അവളുടെ ശരീരത്തിലേക്ക് കൈ പൊക്കി വച്ച് കൊണ്ട് പതിയെ തൊട്ടു നോക്കുകയും മണത്തു നോക്കുന്നുമുണ്ടായിരുന്നു .....മരണത്തിലും ബോധമുണ്ടായാലുള്ള ദുരവസ്ഥയെപറ്റി വെറുതെ ഓര്‍ത്തു ,പേടിയാവുന്നു .പ്രവീണ്‍ ആശംസകള്‍ .

  ReplyDelete
  Replies
  1. മരണത്തിനു ശേഷം കുറച്ചു നേരത്തേക്ക് ഒരു നിശബ്ദതയായിരിക്കാം ..എന്താണ് സംഭവിച്ചതെന്ന് അറിയാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ .. അതെ സമയം നമുക്ക് കാണാനും കേള്‍ക്കാനും സാധിക്കുകയും ചെയ്യുന്നുണ്ടാകാം .. കാര്യങ്ങള്‍ മനസിലാക്കി വരുമ്പോഴേക്കും നമുക്ക് ഭൂമിയോട് വിട പറയേണ്ടി വരുമായിരിക്കും . ഒരു തരത്തില്‍ ആ യാത്രയും ഒരു പ്രവാസമാണ് .. ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കില്ല എന്നുറപ്പുള്ള പ്രവാസം .

   Delete
 25. മല്ലിയുടെ കൂടെ ഒരു പേടിപ്പെടുത്തുന്ന യാത്ര......നല്ല കഥ.ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി അശ്വതി ..പക്ഷെ ഇതില്‍ പേടിക്കാനുള്ള കാര്യങ്ങള്‍ അല്ല ട്ടോ. അറിയാന്‍ നമ്മള്‍ ശ്രമിക്കേണ്ട ചില കാര്യങ്ങളാണ് ഞാന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ..

   Delete
 26. ഒരു നല്ല കഥയോടെ പുതുവര്‍ഷം ഗംഭീരമാക്കി.. ബെസ്റ്റ്‌ ഓഫ് ലക്ക് പ്രവീണ്‍

  ReplyDelete
 27. നല്ല കഥ... മൂന്നാമതൊരാള്‍ എന്നാ സിനിമ പോലെ തോന്നി ചിലയിടങ്ങളില്‍

  ReplyDelete
  Replies
  1. നന്ദി വിഗ്നേഷ് ...

   ഈ മൂന്നാമതൊരാള്‍ സിനിമ വരുന്നതിനു മുന്‍പ് ഏകദേശം അത് പോലെയുള്ള കഥാപാത്രങ്ങള്‍ അടങ്ങിയ ഒരു കഥ ഞാന്‍ എഴുതിയിരുന്നു .. "അന്വേഷി " എന്നായിരുന്നു അതിന്റെ പേര് .. കുറെ കാലത്തിനു ശേഷം വി കെ പ്രകാശിന്റെ ഈ സിനിമ ഞാന്‍ കണ്ടപ്പോള്‍ അന്തം വിട്ടു പോയി . പക്ഷെ എന്റെ ആ കഥയുടെയും "മൂന്നാമതൊരാള്‍ " എന്ന സിനിമയുടെയും സാമ്യതകള്‍ മറ്റൊരാള്‍ക്ക് കാണിച്ചു കൊടുത്താല്‍ അവര്‍ പറയും വി കെ പിയുടെ ആ പടം കണ്ട ശേഷം ഞാന്‍ എഴുതിയതാണ് ആ കഥ എന്ന് . തല്‍ക്കാലം അവരെ ബോധിപ്പിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. പറഞ്ഞാലും ആര് വിശ്വസിക്കാന്‍? അതിനും കുറെ മാസങ്ങള്‍ക്ക് ശേഷം " എന്റെ ചെമ്പക മരം " എന്ന് പറയുന്ന ഒരു കഥ കൂടി ഞാന്‍ എഴുതുകയുണ്ടായി .. അന്നൊന്നും ബ്ലോഗെഴുത്ത് ഇല്ലായിരുന്നു . ആ കഥകള്‍ ഒക്കെ ഇന്നും എന്റെ കയ്യില്‍ ഉണ്ട് .. ഇനി ഈ കഥയെ കുറിച്ച് പറയാം .. ആദ്യത്തെ ആ രണ്ട് കഥകളും ഞാന്‍ മറ്റൊരു തരത്തില്‍ ബ്ലോഗിലേക്ക് കൂട്ടിയെഴുതിയതാണ് ഈ കഥ . ഇനി ആരെങ്കിലും ഈ കഥയുമായി സാമ്യതയുള്ള വല്ലതും പറഞ്ഞാല്‍ കാണിക്കാന്‍ തെളിവുകളും ഉണ്ട് .. പക്ഷെ എന്നിട്ടും ആ ബാധ പോകുന്നില്ല എന്നതിന് തെളിവാണ് നീ പറഞ്ഞ മൂന്നാമതൊരാള്‍ സിനിമയുടെ സാമ്യത . ആ സിനിമയിലെ ഒന്നും തന്നെ ഇതില്‍ വന്നിട്ടില്ല എന്നേ ഞാന്‍ പറയൂ...

   Delete
 28. കഥ നന്നായി. അഭിനന്ദനങ്ങള്‍ പ്രവീണ്‍..

  ReplyDelete
  Replies
  1. ഈ വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീ .

   Delete
 29. കൊള്ളാം എങ്കിലും ചോദ്യങ്ങള്‍ പലതും അവശേഷിക്കുന്നു....ആശംസകള്‍ പ്രവീണ്‍

  ReplyDelete
  Replies
  1. ചോദ്യങ്ങള്‍ ചോദിക്കൂ...അതിനുള്ള അവസരമുണ്ടല്ലോ...

   Delete
 30. Replies
  1. സന്തോഷം ... കഥ വായിച്ചു മനസിലാകതെയല്ല ഇരുന്നു പോയതെന്ന് വിചാരിക്കട്ടെ ...ഹി ഹി ..വീണ്ടും കാണാം ..നന്ദി ..

   Delete
 31. കഥ നന്നായി, പ്രവീണ്‍.

  ReplyDelete
 32. കഥയുടെ തുടക്കം കുറച്ചു കൂടെ നന്നാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. സെമിഫാന്റസി ടോണില്‍ എഴുതിയ കഥ. ക്ലൈമാക്സിന്റെ ട്വിസ്റ്റും നന്നായി. കഥ പറച്ചിലിന്റെ ഒഴുക്ക് ആദ്യത്തില്‍ കുറവായിരുന്നെങ്കിലും പിന്നെ ശരിയായി. എന്തായാലും പരീക്ഷണം പാളിയില്ല. നല്ല ഒരു കഥ ( കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് അതില്‍ ഉണ്ട് ട്ടോ )

  ReplyDelete
  Replies
  1. നിസാരന്‍ പറഞ്ഞതിനോട് യോജിക്കുന്നു...എനിക്കും ആ ഭാഗം അത്ര തൃപ്തി പോരായിരുന്നു.. പക്ഷെ അതല്ലാതെ ആ സമയത്ത് മറ്റൊരു തരത്തില്‍ എഴുതാനും തോന്നിച്ചില്ല,,, പോട്ടെ..അടുത്ത തവണ ശ്രദ്ധിക്കാം .. തുറന്ന അഭിപ്രായത്തിനു ഒരുപാട് നന്ദി നിസ്സാരാ ..

   Delete
 33. പൂ ചുടാത്ത പെണ്ണായാലെന്താ .കഥ നന്നായിരിക്കുന്നു ആശംസകള്‍ ..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ഷാഹിദത്താ ..

   Delete
 34. തുടക്കത്തിൽ കഥ പറഞ്ഞ രീതി ഒട്ടും ഇഷ്ടമായില്ല. സംഭവവിവരണം പോലെ നേരേയങ്ങ് കഥ പറയുമ്പോൾ കഥ എന്ന രീതിയിൽ ആസ്വദിക്കാൻ പറ്റുന്നില്ലല്ലോ എന്ന തോന്നലാണ് ഉണ്ടായത്. പക്ഷേ കഥ ക്രമേണ് റിയലും ഫാന്റസിയും ഇഴപിരിച്ച ഒരു തലത്തിലേക്കു വന്നതോടെ കഥക്ക് വിവിധ മാനങ്ങൾ കൈവരുകയും മനസ്സിലേക്ക് പലതരം ചോദ്യങ്ങൾ കടന്നു വരുകയും ചെയ്തതോടെ വായന ആസ്വദിക്കാനായി.

  മരിച്ചശേഷം എന്ത് എന്നത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മരണത്തോട് ചേർത്ത് പ്രവീൺ നിർമ്മിച്ച ഭാവന നന്നായിരിക്കുന്നു.

  കഥയുടെ അവസാനം വായനക്കാർക്ക് ചിന്തിക്കാനും അസ്വസ്ഥമാവാനും, അവരരവരുടേതായ രീതിയിൽ കഥക്ക് മാനങ്ങൾ നൽകാനും അവസരം നൽകി കഥാകൃത്തിന് മാറി നിൽക്കാമായിരുന്നു. അവസാന പാരഗ്രാഫിലെ ആ ഇടപെടൽ കഥയിൽ ഒഴിവാക്കാമായിരുന്നു എന്നും തോന്നി.

  ReplyDelete
  Replies
  1. പ്രദീപേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു... ആദ്യ ഭാഗം എനിക്ക് തന്നെ തൃപ്തികരമല്ല . പിന്നെ അതും ഒരു പരീക്ഷണമായിരുന്നു എന്നേ ഞാന്‍ പറയൂ ..കഥയുടെ അവസാനം വായനക്കാര്‍ക്ക് വിട്ടു കൊടുക്കണം എന്ന രീതി തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ എഴുതി വന്നപ്പോള്‍ എന്തോ അങ്ങിനെ അവസാനിപ്പിക്കാന്‍ തോന്നി... ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ എന്റെ അടുത്ത കഥയില്‍ ഞാന്‍ പരിഗണിക്കും...കൂടുതല്‍ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കുന്നതായിരിക്കും .. ഈ തുറന്ന അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും ഒരുപാട് നന്ദി പ്രദീപേട്ടാ ..

   Delete
 35. നല്ല കഥ...അവസാനം വരെ ആകാംക്ഷ നില നിര്‍ത്തി. പിന്നെ പൂ ചൂടാത്ത ഒരു ജീവിയായി ഞാനുണ്ട് കേട്ടോ!

  ReplyDelete
  Replies
  1. ഹ ഹാഹ് ഹാ ... അത് കലക്കി ..അപ്പോള്‍ സത്യമായും ഇങ്ങിനേം ആള്‍ക്കാര്‍ ഉണ്ടല്ലേ ..

   Delete
 36. തുടക്കത്തെക്കാള്‍ കഥയുടെ അവസാനഭാഗമാണ് ഏറെ ഇഷ്ടായത് പ്രവീണ്‍... ആശംസകള്‍

  ReplyDelete
 37. ആകെ കണ്ഫുസന്‍ ആയല്ലോ പ്രവീ...ഞാനിപ്പോഴും ആലോജിക്കുവ പാമ്പ് കൊത്തിയാണോ അല്ലെങ്കി വേറെ വല്ല വിധത്തിലാണോ എന്ന്?

  ReplyDelete
  Replies
  1. ഉം..ആലോചിക്ക് ..അങ്ങിനെ തല പുകഞ്ഞു ആലോചിച്ചു കൊണ്ടെയിരിക്കൂ...അപ്പൊ മല്ലി വന്നു ഉത്തരം പറയും ...ഹി ഹി ..

   Delete
 38. "കഥ കേട്ടാല്‍ പിന്നെ ഇങ്ങനത്തെ ചോദ്യം ചോദിക്കരുത് ന്നു പറഞ്ഞിട്ടില്ലേ ഉണ്ണ്യേ അന്നോട്‌ ..."
  ചോദിക്കുന്നില്ല ... :) കഥ ഇഷ്ടമായി... മലര്‍ ഗന്ധമില്ലെങ്കിലും ജീവിത ഗന്ധി .......... ആശംസകള്‍ മാഷേ

  ReplyDelete
  Replies
  1. മല്ലിക്ക് എന്താണ്‌ സംഭവിച്ചത്‌/?

   Delete
  2. ങേ .. ഇപ്പം അങ്ങനായോ ? ശ്ശെടാ ..

   Delete
 39. അവള്‍ മരിച്ചതോ കൊന്നതോ?

  ReplyDelete
  Replies
  1. ദീപക്ക് എന്ത് തോന്നുന്നു ? മല്ലിയുടെ മരണം നിഗൂഡമാണ് .. അതിനുത്തരം ഞാൻ മുകളിൽ പലരോടും പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു .. ഒന്ന് കൂടി ആലോചിച്ചാൽ ഉത്തരം കിട്ടും .

   Delete
 40. "പുണ്യവാളന്‍; തുടക്കം അല്പം കൂടെ നന്നാക്കാം ആയിരുനെന്നു തോന്നുന്നു ..... ഇഷ്ടമായി
  ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു സ്നേഹാശംസകളോടെ പുണ്യവാളന്‍

  പ്രവീണ്‍ ശേഖര്‍January 1, 2013 at 7:05 PM
  ഉം. എനിക്കും അത് തോന്നി പുണ്യാളാ ..തുടക്കം എവിടൊക്കെയോ വേറൊരു സ്റ്റൈലില്‍ ആണ് പറഞ്ഞു വന്നത്. പിന്നെ ഇടയ്ക്കു വച്ച് അതിന്റെ രീതി മാറുകയും ചെയ്തിരിക്കുന്നു....."
  കുറെ നാൾ ശേഷം ഓണ ദിനം ഈ കഥ വീണ്ടും വായിക്കുമ്പോ ഈ കമന്റും മറുപടിയും വല്ലാതെ നൊമ്പരപ്പെടുത്തി.. പുണ്യാളന്റെ മരണവും ആയി ബന്ധപ്പെട്ടാണ് നാം തമ്മിൽ ചാറ്റും തുടർന്ന് നല്ല സൌഹൃദവും ആരംഭിച്ചത് ...
  പോട്ടെ. കഥയിലേക്ക്‌ കടക്കാം .. പുണ്യാളനും നിസാരും പറഞ്ഞ തുടക്കത്തിന്റെ പ്രശ്നം എനിക്കും തോന്നി.. കഥയിലെ ആദ്യ പരീക്ഷണം അല്ലെങ്കിലും വേറിട്ട ഉദ്യമം ...മല്ലി കഥ വായിച്ചു കഴിഞ്ഞാലും നമ്മോടൊപ്പം ജീവിക്കുന്നു..അത് കഥാ കാരന്റെ വിജയം തന്നെ.. പ്രകൃതിയും മുത്തശ്ശിയും കഥയില ഇഴ പിരിഞ്ഞു കിടക്കുന്നു..
  ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ...

  ReplyDelete
 41. സത്യവും മിഥ്യയും ഇടകലര്‍ന്ന ജീവിതം .വളരെ നന്നായിരിക്കുന്നു പ്രവി

  ReplyDelete
 42. Nannayi ezhuthunnundu Bhadra.. keep it up

  ReplyDelete
 43. പ്രവീണ്‍, വളരെ നന്നായിട്ടുണ്ട്, ആദ്യം വായിച്ചപ്പോൾ ശരിക്കും പിടികിട്ടിയില്ല, അവസാനം പ്രവീണ്‍ എഴുതിയത് വായിച്ചപ്പോൾ ആണ് അവൾ പിച്ചി ചീന്തപെട്ടു മരിച്ചു എന്ന് മനസിലായത്. ഇത് കഥ ആണോ അതോ ശരിക്കും സംഭവിച്ചതാണോ? എന്തായാലും നല്ല എഴുത്ത്, ഇനിയും എഴുതുക. വായിച്ചു മറുപടി എഴുതാം.

  ReplyDelete
  Replies
  1. താങ്ക്യു രാജേഷ്‌ ഭായ് .. ഇത് കഥയല്ല ..എന്റെ ചില തോന്നലുകൾ മാത്രം ..

   Delete
 44. അവള്‍ക്ക് വഴിതെറ്റിയപ്പോള്‍ മുതല്‍ ഒരു ശങ്ക തോന്നിത്തുടങ്ങി. എങ്കിലും അഭിപ്രായം വായിച്ചപ്പോഴാണ് അവള്‍ നശിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായത്.

  ReplyDelete
  Replies
  1. ങേ ..അപ്പോൾ അഭിപ്രായം വായിച്ചാണോ കഥ മനസിലാക്കിയത് ? പ്ലിങ്ങ് !!

   Delete
 45. കഥയോ..കഥയില്ല്യായ്മയോ
  എനതാണ് ജീവിതം???rr

  ReplyDelete
  Replies
  1. ചോദ്യങ്ങളാണ് ജീവിതം ..ചോദ്യങ്ങൾ ഇല്ലായ്‌മയാണ് മരണം ..

   Delete
 46. ജീവിച്ചിരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതായ ചില സംഗതികളുണ്ട് ഈ കഥയിൽ. ജീവൻ എന്നത് ശരീരവുമായി ചേർന്നിരിക്കുന്ന അവസ്ഥയാണ്‌ ജീവിതം. മരണം എന്നതിന്‌ ജീവൻ നശിക്കുന്ന അവസ്ഥ എന്നതിനേക്കാൾ യോജിക്കുന്ന നിർവ്വചനം ശരീരം നശിക്കുന്ന അവസ്ഥ എന്നതാണ്‌. മരണശേഷവും ശരീരത്തൊടുകൂടിയല്ലാതെ ‘ഞാൻ’ തുടരുന്നു. “ശരീരം എന്നത് കർമ്മങ്ങൾ ചെയ്യാനുള്ള ഉപകരണവും മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള മൂർത്തിയുമാണ്‌”. അതിനെ ബുദ്ധിപൂർവ്വവും സ്നേഹപൂർവ്വവും ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുക. ഈ കഥയിലേതുപോലെയാണ്‌ മരണാനന്തരമെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ആരും ശരീരത്തെ കുറ്റപ്പെടുത്തുകയോ അപകർഷതാബോധം ഉണ്ടാവുകയോ ആത്മഹത്യചെയ്യുകയോ ഇല്ല. ശരീരത്തെ പരമാവധി സുരക്ഷിതമായി രക്ഷപെടുത്താൻ നോക്കുകമാത്രമേയുള്ളൂ. ദുഃഖിക്കുകയുമില്ല.

  ReplyDelete
  Replies
  1. ജീവിതത്തോടും ശരീരത്തോടും മരണത്തോടുമുള്ള ഒരു വായനക്കാരന്റെ സമഗ്രമായ വീക്ഷണമാണ് ഹരി ഇവിടെ പറഞ്ഞിരിക്കുന്നത്. ഈ കഥയോട് ചേർന്ന് നിൽക്കുന്ന നല്ലൊരു നിരീക്ഷണം പങ്കു വച്ചതിൽ സന്തോഷം അറിയിക്കുന്നു ..

   Delete
 47. നല്ല ആശയമുള്ള കഥ. ആശംസകൾ...

  ReplyDelete
  Replies
  1. നന്ദി ഹരീ ..ഈ വായനക്കും നല്ല നിരീക്ഷണത്തിനും

   Delete
 48. കഥ നന്നായി ട്ടോ.... ക്ലൈമാക്സ് തകര്‍ത്തു ... :-)

  ReplyDelete