Saturday, December 15, 2012

രാജ്യവും മതവും മനുഷ്യര്‍ക്കിടയിലെ സ്നേഹത്തെ ഇല്ലാതാക്കുന്നുവോ ?

"മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ " എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഇതിനു മുന്നേ എഴുതുകയുണ്ടായിരുന്നു. അതിനു ശേഷം മതം എന്ന വിഷയത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റോ എഴുതുകയില്ല എന്ന് മനസിലുറപ്പിച്ചതായിരുന്നു. പക്ഷെ എന്ത് ചെയ്യാം ചിലതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും എഴുതേണ്ടി വരുന്നു. 

നമുക്കറിയാം ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണങ്ങള്‍  ഒന്നുകില്‍ രാജ്യങ്ങളുടെ അതിര്‍ത്തി തര്‍ക്കം അല്ലെങ്കില്‍ മതവിദ്വേഷം. ഇത് രണ്ടും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു തന്നെ  പറയാം. പലപ്പോഴും  യുദ്ധഭീകരതയുടെ നിഴലുകള്‍ കാണുന്ന മാത്രയില്‍  മനസ്സ്  മരവിച്ചു പോകുന്നു. യുദ്ധം നടത്തുന്നവര്‍ക്കും യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്കും യുദ്ധ ഭീകരത എന്താണെന്ന്  മനസിലാക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. പക്ഷെ ഇതിനിടയിലെ ഒരു വിഭാഗമുണ്ട്, യുദ്ധഭീതി ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ .അവരാണ് നമുക്ക് യുദ്ധത്തെ എല്ലാ അര്‍ത്ഥത്തിലും വിശദീകരിച്ചു തരുന്നത്. സ്വന്തം വീട്ടിലോ, രാജ്യത്തോ സമാധാനത്തോടെ ജീവിക്കാന്‍ അനുവാദമില്ലാത്ത ഇവര്‍  ഒരു കാലത്ത് തീവ്രവാദികളായി പരിണമിക്കപ്പെടുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ കുറ്റം പറയാനാകില്ല. അത് പോലെ തന്നെ അതിനെ ഒരു പരിധിക്കപ്പുറം ന്യായീകരിക്കാനും   ആകുന്നില്ല. 

പലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നത്തെ പലരും പല തരത്തിലാണ് നോക്കി കാണുന്നത്. ചിലര്‍ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയായി മാത്രം അതിനെ നോക്കി കാണുന്നു. തിന്മക്കെതിരെ നന്മ നടത്തുന്ന യുദ്ധമായി ചിലര്‍ പറയുന്നു . ഒന്ന് ചോദിച്ചോട്ടെ രണ്ടു വിഭാഗം ജനങ്ങളിലും മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ നോക്കി കൊണ്ട് ആര്‍ക്കെങ്കിലും പറയാനാകുമോ ഈ മരിച്ചു വീഴുന്നത് എന്‍റെ  നന്മയുടെ കുഞ്ഞാണെന്നും  മറുഭാഗത്ത് മരിച്ചു വീഴുന്നത് നിന്‍റെ  തിന്മയുടെ കുഞ്ഞാണെന്നും .അങ്ങിനെ പറയുന്നവന്‍ മനുഷ്യനാണോ ????? 

ഇന്ത്യയില്‍ ജീവിക്കുന്നവന് പാക്സിതാനിലെയോ, പലസ്തീനിലെയോ ഇസ്രയെലിലെയോ കാര്യങ്ങള്‍ ചര്‍ച്ചിക്കാന്‍ മുന്‍കൂട്ടി പലരുടെയും അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ് നമ്മുടെ സമൂഹത്തില്‍. നിലവില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം  രണ്ടു മുഖമുണ്ട് എന്നത് മറ്റൊരു വസ്തുത. പാകിസ്താനില്‍ മലാലക്ക് ആക്രമണം നേരിട്ടപ്പോള്‍ അപലപിക്കാന്‍ ആയിരം പേരുണ്ടായിരുന്നു. താലിബാനെ ക്രൂശിക്കാനും ആയിരങ്ങള്‍ ഉണ്ടായി. പലസ്തീനില്‍ നടന്ന നരഹത്യ ചോദ്യം ചെയ്യാന്‍ എന്ത് കൊണ്ടോ പലരും മടിച്ചു . പലസ്തീന് വേണ്ടി മുറ വിളി കൂട്ടിയവര്‍ ഇന്ത്യയിലെ ആസാമിലെ കലാപത്തില്‍ എന്ത് കൊണ്ട് അപലപിക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്ന് വേറൊരു വിഭാഗം വാദിച്ചു . ആസാമിന് വേണ്ടി ആദ്യം കരയൂ എങ്കില്‍ ഞങ്ങള്‍ പലസ്തീനും വേണ്ടിയും കരയാം എന്നായി മറ്റു ചിലര്‍ . അതിനിടയില്‍  ചിലര്‍ മരിച്ചു വീഴുന്നവരുടെ മതം നോക്കി മാര്‍ക്കിടാനും തുടങ്ങി. എന്ത് കൊണ്ട് മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും വിഭാഗീയമായി ചിന്തിക്കുന്നു എന്നതാണ് ചോദ്യം. 

ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ ചങ്ങല കൊണ്ട് വേലി കെട്ടുന്നത് ആരൊക്കെയാണ് ? ചിലയിടത്ത് കടുത്ത ജാതി മത ചിന്തകള്‍ മനുഷ്യര്‍ക്കിടയില്‍ വേലി കെട്ടുമ്പോള്‍  ചിലയിടത്ത് അമിത രാജ്യ സ്നേഹത്തിന്‍റെ പേരില്‍ മനുഷ്യര്‍ ഇരു ചേരികളില്‍ നില കൊള്ളുന്നു. ഒരാളുടെ മനസ്സില്‍ സ്വന്തം രാജ്യത്തിനും മതത്തിനും  ഉള്ള സ്ഥാനം വളരെ വലുതായിരിക്കാം . പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ, ആരുടെയാണ് ഈ രാജ്യങ്ങള്‍ ? ആരുടെയാണ് ഈ മതങ്ങള്‍ ? ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു ?  വീണ്ടും വീണ്ടും വിഘടിക്കുക എന്നത് മാത്രമാണ് ഓരോ വിഭജനത്തിലൂടെയും യാഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. വിഘടനവാദവും വിഭജനവും തെറ്റാണെന്നു കാലം എന്നെങ്കിലും തെളിയിക്കുമായിരിക്കും  എന്ന് പ്രത്യാശിക്കാം. 

ലോകത്തെവിടെ അക്രമം ഉണ്ടായാലും അത് അപലപിക്കപ്പെടെണം. അത് രാജ്യത്തിനും മതത്തിനും അധിഷ്ടിതമായി തോന്നേണ്ട ഒരു വികാര പ്രകടനവുമാകരുത് എന്ന് മാത്രം . മനുഷ്യത്വം ഒന്ന്  മാത്രമായിരിക്കട്ടെ എല്ലാത്തിന്റെയും അടിസ്ഥാനം. രാജ്യത്തെക്കാളും മതത്തെക്കാളും വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹ ബന്ധമാണ്.അത് ഒന്നിന്റെ പേരിലും വേര്‍തിരിച്ചു കാണാതിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കട്ടെ. മതം ചര്‍ദ്ദിച്ചു മരിക്കേണ്ട അവസ്ഥ മനുഷ്യന് വരാതിരിക്കട്ടെ. 

- pravin- 

34 comments:

 1. ചിലതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും എഴുതേണ്ടി വരുന്നു.

  ഇസ്രയെലിലെയോ കാര്യങ്ങള്‍ ചര്‍ച്ചിക്കാന്‍ മുന്‍കൂട്ടി പലരുടെയും അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ് നമ്മുടെ സമൂഹത്തില്‍. നിലവില്‍ വന്നു കൊണ്ടിരിക്കുന്നത്.

  ആസാമിന് വേണ്ടി ആദ്യം കരയൂ എങ്കില്‍ ഞങ്ങള്‍ പലസ്തീനും വേണ്ടിയും കരയാം എന്നായി മറ്റു ചിലര്‍ . അതിനിടയില്‍ ചിലര്‍ മരിച്ചു വീഴുന്നവരുടെ മതം നോക്കി മാര്‍ക്കിടാനും തുടങ്ങി. എന്ത് കൊണ്ട് മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും വിഭാഗീയമായി ചിന്തിക്കുന്നു എന്നതാണ് ചോദ്യം.

  എന്ത് ചെയ്യാം, അവര്‍ കരഞ്ഞു ഇവരും കരയട്ടെ, അവരെ പട്ടി പറഞ്ഞാല്‍ ഇവരെ പറ്റിയും പറയണം. ഓരോരുത്തര്‍ക്കും അറിയാവുന്ന കാര്യതിലല്ലേ പ്രതികരിക്കാനാവൂ എന്ന് ചിന്തിക്കാറില്ല. ഇക്കാര്യം മലാലയുടെ കാര്യത്തിലും ഉണ്ടായിരുന്നു, മലാലയെ പറയുമ്പോള്‍ പലസ്തീനിലെ മക്കളെ മറക്കുന്നു എന്ന്... അത് പറഞ്ഞവര്‍ ഇതും പറയണമെന്ന് ഒരു തരം ധാര്‍ഷ്ട്യം. അവരെ പറയാതെ ഇവരെ പറയാന്‍ അവകാശമില്ല എന്നൊരു മണ്ടന്‍ തത്വം. മണ്ടത്തരം ആണെന്ന് ഓര്‍ക്കാറില്ല, ഇത്തരം പ്രസ്താവ്യം നടത്തുന്നവര് ....

  നന്നായി പ്രവീ

  ReplyDelete
  Replies
  1. എന്തിനാണ് ഈ ധാര്‍ഷ്ട്യം എന്ന് തന്നെയാണ് എനിക്ക് മനസിലാകാത്തത്...ഇതൊക്കെ എന്തിനു വേണ്ടി ?

   Delete
 2. മനുഷ്യനെ പരിഗണിക്കാത്ത മതം വെറും മദം മാത്രം

  ReplyDelete
 3. കുറെ കാലത്തിനു ശേഷമാണ് പ്രവീണിന്റെ ബ്ലോഗിലേക്ക് വരാന്‍ സാധിച്ചത് ,

  ഓരോ മനുഷ്യ സ്നേഹിയുടെയും മനസ്സില്‍ ഉയരുന്ന ചിന്തകളെയും ആശങ്കകളെയും പ്രവീണ്‍ അവതരിപ്പിച്ചിരിക്കുന്നു .... മനുഷ്യന്റെ വേദന എല്ലായിടത്തും ഒരുപോലെയാണ് , ഭൂലോകത്തേയ്ക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുംപോ ചുറ്റും നടക്കുന്ന വിശേഷങ്ങള്‍ ഓരോന്നും ദിനവും അസ്വസ്ഥനാക്കുകയാണ്.
  ............ സ്നേഹാശംസകള്‍ @ PUNYAVAALAN

  ReplyDelete
  Replies
  1. പുണ്യാളാ ...കുറെ കാലമായി പറഞ്ഞ പോലെ കണ്ടിട്ട്... വേറെ കുറെ തിരക്കുകള്‍ കാരണം എഴുത്തും വായനേം കുറഞ്ഞു... ഉം... ഞാന്‍ സമയം പോലെ പുണ്യാളനെ വന്നു കണ്ടോളം ട്ടോ

   Delete
 4. എല്ലാവരും ഒന്നുപോലെ ചിന്തിച്ചാല്‍ പിന്നെ പ്രശ്നങ്ങള്‍ ഒന്നുമില്ലല്ലോ. പലതരം ചിന്തകള്‍ തന്നെ ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍ കാരണം. അതുകൊണ്ടുതന്നെ ഓരോരുത്തരുടെ മനോഭാവവും വേറെ വേറെ തന്നെയാണ്. അങ്ങിനെയാണ് ഓരോ വിഷയത്തെക്കുറിച്ചും പലതരം ചര്‍ച്ചകള്‍ തന്നെ വരുന്നത്. അവര്‍ എന്തുകൊണ്ട് ഇതുപോലെ ചിന്തിക്കുന്നില്ല എന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് അവരെപ്പോലെ ചിന്തിക്കുന്നില്ല എന്ന് അവരും പറയുന്നു. നല്ലതെന്നു നമുക്ക് ബോധ്യമുള്ളതിനെ നമുക്ക് സപ്പോര്‍ട്ട് ചെയ്യാം എന്നല്ലാതെ മറ്റൊന്നിനും ആവില്ലല്ലോ..

  ReplyDelete
  Replies
  1. അപ്പൊ ശരിയും തെറ്റും ആപേക്ഷികം എന്ന് സാരം ല്ലേ. ശരി എന്ന് തോന്നുന്നത് നമ്മള്‍ ചെയ്യുന്നു എന്നല്ലേ... അവിടെ ചിന്തക്കും പ്രസക്തിയില്ലാതകുന്നുണ്ടോ ?

   Delete
 5. മനുഷ്യന്‍റെ നന്മയ്ക്ക് വേണ്ടിയാണ് എല്ലാ മതങ്ങളും.
  എന്നാല്‍ മതതത്ത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.
  "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
  ചോരതന്നെ കൊതുകിനു കൌതുകം."
  നന്നായി എഴുതി.
  ആശംസകള്‍

  ReplyDelete
  Replies
  1. "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
   ചോരതന്നെ കൊതുകിനു കൌതുകം."

   Delete
 6. മതങ്ങൾ മനുഷ്യ നന്മയ്ക്കാണ്.....മതത്തിന്റെ പേരിൽ കടിപിടി കൂട്ടുന്നവർ ദൈവ നിഷേധികളാണ്.........

  ReplyDelete
  Replies
  1. ഇതൊക്കെ ആര് കേള്‍ക്കാന്‍...,...

   Delete
 7. @ഒരാളുടെ മനസ്സില്‍ സ്വന്തം രാജ്യത്തിനും മതത്തിനും ഉള്ള സ്ഥാനം വളരെ വലുതായിരിക്കാം . പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ, ആരുടെയാണ് ഈ രാജ്യങ്ങള്‍ ? ആരുടെയാണ് ഈ മതങ്ങള്‍ ? ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു ? വീണ്ടും വീണ്ടും വിഘടിക്കുക എന്നത് മാത്രമാണ് ഓരോ വിഭജനത്തിലൂടെയും യാഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. വിഘടനവാദവും വിഭജനവും തെറ്റാണെന്നു കാലം എന്നെങ്കിലും തെളിയിക്കുമായിരിക്കും എന്ന് പ്രത്യാശിക്കാം.

  താങ്കള്‍ ഇവിടെ പല ചോദ്യങ്ങളും ചോദിക്കുന്നല്ലോ? മതം എന്തിനാണെന്ന് ഞാന്‍ പറയുന്നില്ല അത് ഒരു സ്വകാര്യത ആയെ ഞാന്‍ കാണുന്നുള്ളൂ.

  ആരുടെ ആണ് രാജ്യം എന്ന് ചോദിച്ചാല്‍ ആ രാജ്യത്തെ ജനങ്ങളുടെ ആണെന്ന് പറയാം.
  എന്തിനാണ് രാജ്യം എല്ലാവര്ക്കും കൂടി ഒരു രാജ്യം പോരെ? എന്തിനാണ് വിഭജനവും വിഖടനവും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കണം.

  താങ്കള്‍ വിവാഹിതന്‍ ആണോ? ആണെങ്കില്‍ താങ്കള്‍ക്കും ഭാര്യക്കും കൂടി ഒരു മുറി എന്തിനാണ്? പൊതുവായ ഒരുപാട് സ്ഥലം ഉണ്ടല്ലോ അത് പോരെ? പോര! അതായത് ദമ്പതികള്‍ക്ക് അവരുടെ സ്വകാര്യത ആവശ്യമായ പോലെ ഒരു കുടുംബത്തിന്റെ സ്വകാര്യത ആണ് അവരുടെ വീട്. അങ്ങനെ അനേകം കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹം ആകും. വ്യക്തികള്‍ക്ക് വീട് എങ്ങനെ ഒരു സ്വകാര്യത ആകുന്നുവോ അതുപോലെ ആണ് ഒരു സമൂഹത്തിനു രാജ്യം. സമൂഹത്തിന്റെ സ്വകാര്യതയായ രാജ്യം അവന്റെ ശരീരത്തിനും മനസിനും സുരക്ഷയും ആശ്രയവും നല്‍കുന്നു.

  വിഭജനവും വിഖടനവും എല്ലാ കാലത്തും ഉണ്ടാവും. അത് തെറ്റാണോ ശരിയാണോ എന്ന് പറയാന്‍ ബുദ്ധിമുട്ട് ആണ്. ഒരു വീട്ടില്‍ ചിലപ്പോള്‍ സഹോദരങ്ങള്‍ കുടുംബമായി ഒന്നിച്ചു താമസിക്കും. ചിലപ്പോള്‍ പിരിഞ്ഞു താമസിക്കും രണ്ടും നല്ലതിന് ആണെന്ന് വിചാരിക്കുക.

  @ലോകത്തെവിടെ അക്രമം ഉണ്ടായാലും അത് അപലപിക്കപ്പെടെണം. അത് രാജ്യത്തിനും മതത്തിനും അധിഷ്ടിതമായി തോന്നേണ്ട ഒരു വികാര പ്രകടനവുമാകരുത് എന്ന് മാത്രം .

  മതത്തിനു വേണ്ടി ആക്രമണം ഉണ്ടാകുന്നതിനെ ഞാന്‍ അപലപിക്കുന്നു. പക്ഷെ രാജ്യത്തിന് വേണ്ടി ആക്രമണം ഉണ്ടായാല്‍ എന്താണ് അതില്‍ തെറ്റ്? നാളെ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ നാം കയ്യും കെട്ടി നോക്കി നില്‍ക്കണോ? അനേക ആക്രമണങ്ങള്‍ രാജ്യത്തിന് വേണ്ടി നടന്ന നാടാണ് ഭാരതം എന്ന് താങ്കള്‍ മറന്നു പോയോ? നമ്മുടെ സ്വാതന്ത്ര്യ സമരം വെറുതെ ആയിരുന്നോ? അതോ രാജ്യത്തിന് വേണ്ടി അല്ലായിരുന്നോ?

  ReplyDelete
  Replies
  1. താങ്കള്‍ ഇവിടെ പറഞ്ഞു വന്ന ഒന്നും തന്നെ ഞാന്‍ നിഷേധിക്കുന്നില്ല...കാരണം അങ്ങിനെ ഒരു അര്‍ത്ഥത്തില്‍ അല്ല ഞാന്‍ എഴുതിയത്... രാജ്യമോ മതമോ വേണ്ട എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല ,. മറിച്ച് , ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നതിനെ കുറിച്ച് മനുഷ്യന്‍ ചിന്തിക്കുണ്ടോ എന്നതായിരുന്നു എന്‍റെ ചോദ്യം.
   *******

   >>>>വിഭജനവും വിഖടനവും എല്ലാ കാലത്തും ഉണ്ടാവും. അത് തെറ്റാണോ ശരിയാണോ എന്ന് പറയാന്‍ ബുദ്ധിമുട്ട് ആണ്. ഒരു വീട്ടില്‍ ചിലപ്പോള്‍ സഹോദരങ്ങള്‍ കുടുംബമായി ഒന്നിച്ചു താമസിക്കും. ചിലപ്പോള്‍ പിരിഞ്ഞു താമസിക്കും രണ്ടും നല്ലതിന് ആണെന്ന് വിചാരിക്കുക.>>>
   ...
   ..
   ശരിയും തെറ്റും ആപേക്ഷികം എന്ന് കൂട്ടാം അല്ലെ. ഒന്നിച്ചു താമസിച്ചു വന്ന സഹോദരങ്ങള്‍ പിന്നീട് പിരിഞ്ഞു താമസിക്കും എന്ന് താങ്കള്‍ പറയുന്നു. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. അതിനെയൊന്നും വിലയിരുത്താന്‍ നില്‍ക്കരുത് എന്നാണോ ഉദ്ദേശിക്കുന്നത് ? ഇവിടെയാണ്‌ ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം വീണ്ടുംചോദിക്കുന്നത് ഒരു രാജ്യം കൊണ്ടും മതം കൊണ്ടും ഉദ്ദേശിക്കുന്നത് നമ്മള്‍ നടപ്പിലാക്കുന്നുണ്ടോ ?
   ***********

   >>>>>മതത്തിനു വേണ്ടി ആക്രമണം ഉണ്ടാകുന്നതിനെ ഞാന്‍ അപലപിക്കുന്നു. പക്ഷെ രാജ്യത്തിന് വേണ്ടി ആക്രമണം ഉണ്ടായാല്‍ എന്താണ് അതില്‍ തെറ്റ്? നാളെ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ നാം കയ്യും കെട്ടി നോക്കി നില്‍ക്കണോ? അനേക ആക്രമണങ്ങള്‍ രാജ്യത്തിന് വേണ്ടി നടന്ന നാടാണ് ഭാരതം എന്ന് താങ്കള്‍ മറന്നു പോയോ? നമ്മുടെ സ്വാതന്ത്ര്യ സമരം വെറുതെ ആയിരുന്നോ? അതോ രാജ്യത്തിന് വേണ്ടി അല്ലായിരുന്നോ?>>>>
   ..
   ..
   രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്നത് തെറ്റാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇവിടെ വീണ്ടും വേറൊരു തരത്തിലാണ് താങ്കള്‍ മനസിലാക്കിയത്. ഒരു പക്ഷെ എന്‍റെ എഴുത്തിന്‍റെ പോരായ്മ കൊണ്ടായിരിക്കാം ഇങ്ങിനെയെല്ലാം വായിക്കപ്പെട്ടത്‌. എങ്കില്‍ കൂടി ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ലോകത്ത് നടക്കുന്ന അക്രമങ്ങള്‍ അപലപിക്കപ്പെടെണ്ടത് ഏതു രാജ്യത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത് , ഏതു മതക്കാരാണ് ആ രാജ്യത്തുള്ളത് എന്ന് നോക്കി കൊണ്ടാകരുത് എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അത് കൊണ്ട് തന്നെയാണ് ഉദാഹരണമായി പലസ്തീന്‍ -ഇസ്രയേല്‍ വിഷയവും, മലാല വിഷയവും ഞാന്‍ സൂചിപ്പിച്ചത്..

   Delete
  2. @താങ്കള്‍ ഇവിടെ പറഞ്ഞു വന്ന ഒന്നും തന്നെ ഞാന്‍ നിഷേധിക്കുന്നില്ല...കാരണം അങ്ങിനെ ഒരു അര്‍ത്ഥത്തില്‍ അല്ല ഞാന്‍ എഴുതിയത്... രാജ്യമോ മതമോ വേണ്ട എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല ,. മറിച്ച് , ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നതിനെ കുറിച്ച് മനുഷ്യന്‍ ചിന്തിക്കുണ്ടോ എന്നതായിരുന്നു എന്‍റെ ചോദ്യം.

   അത് തന്നെ അല്ലെ ഞാന്‍ പറഞ്ഞതും രാജ്യവും മതവും എന്തിനു വേണ്ടി എന്ന്? രാജ്യം സമൂഹത്തിന്റെ സ്വകാര്യത ആണെങ്കില്‍ മതം വ്യക്തിയുടെ സ്വകാര്യത ആണെന്ന് ആണ് ഞാന്‍ വിചാരിക്കുന്നത്. അത് ചിന്തിക്കാതെ എനിക്ക് തോന്നിയത് ആണോ?

   Delete
  3. ഇവിടെയാണ്‌ ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം വീണ്ടുംചോദിക്കുന്നത് ഒരു രാജ്യം കൊണ്ടും മതം കൊണ്ടും ഉദ്ദേശിക്കുന്നത് നമ്മള്‍ നടപ്പിലാക്കുന്നുണ്ടോ ?

   തീര്‍ച്ചയായും ഉണ്ടാവണം. അങ്ങനെ അല്ലാതെ വരുമ്പോള്‍ ആണല്ലോ വിപ്ലവങ്ങളും സമരങ്ങളും കലാപങ്ങളും പൊട്ടി പുറപ്പെടുന്നത്. ഇവ ഒന്നും ഇല്ലെങ്കില്‍ രാജ്യം കൊണ്ടും മതം കൊണ്ടും ഉദ്ദേശിക്കുന്ന ഭലം ലഭിക്കുന്നുനുണ്ട് എന്ന് വേണം കരുതാന്‍.

   Delete
  4. ലോകത്ത് നടക്കുന്ന അക്രമങ്ങള്‍ അപലപിക്കപ്പെടെണ്ടത് ഏതു രാജ്യത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത് , ഏതു മതക്കാരാണ് ആ രാജ്യത്തുള്ളത് എന്ന് നോക്കി കൊണ്ടാകരുത് എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അത് കൊണ്ട് തന്നെയാണ് ഉദാഹരണമായി പലസ്തീന്‍ -ഇസ്രയേല്‍ വിഷയവും, മലാല വിഷയവും ഞാന്‍ സൂചിപ്പിച്ചത്..


   അത് താങ്കളുടെ തോന്നല്‍ ആണ്. ഇന്ത്യയെ പോലുള്ള മതേതര രാഷ്ട്രം പാലസ്തീന് അനുകൂലമായി വോട്ട് ചെയ്തത് അവര്‍ മുസ്ലീങ്ങള്‍ ആയതു കൊണ്ടോ ഇസ്രയെലുകാര്‍ യഹൂദര്‍ ആയതു കൊണ്ടോ അല്ല മറിച്ച് ന്യായം ആരുടെ ഭാഗത്ത്‌ ആണെന്ന് കണ്ടുകൊണ്ടു ആണ്. താലിബാനെ എതിര്‍ക്കുന്നത് അവര്‍ മുസ്ലീങ്ങള്‍ ആയതു കൊണ്ട് അല്ല മറിച്ച് അവരുടെ പ്രവര്‍ത്തികള്‍ ധര്‍മ്മത്തിന് നിരക്കാത്തത് കൊണ്ട് ആണ്.

   Delete
  5. >>അത് തന്നെ അല്ലെ ഞാന്‍ പറഞ്ഞതും രാജ്യവും മതവും എന്തിനു വേണ്ടി എന്ന്? രാജ്യം സമൂഹത്തിന്റെ സ്വകാര്യത ആണെങ്കില്‍ മതം വ്യക്തിയുടെ സ്വകാര്യത ആണെന്ന് ആണ് ഞാന്‍ വിചാരിക്കുന്നത്. അത് ചിന്തിക്കാതെ എനിക്ക് തോന്നിയത് ആണോ? >>
   ...

   അങ്ങിനെയങ്കില്‍ നമ്മള്‍ രണ്ടു പേരും പറഞ്ഞത് ഒന്നാണ് ... താങ്കള്‍ ഒന്ന് കൂടി അര്‍ത്ഥവത്തായി വ്യാഖ്യാനിച്ചു എന്ന് മാത്രം. നല്ലത് ..

   Delete
  6. >>>അത് താങ്കളുടെ തോന്നല്‍ ആണ്. ഇന്ത്യയെ പോലുള്ള മതേതര രാഷ്ട്രം പാലസ്തീന് അനുകൂലമായി വോട്ട് ചെയ്തത് അവര്‍ മുസ്ലീങ്ങള്‍ ആയതു കൊണ്ടോ ഇസ്രയെലുകാര്‍ യഹൂദര്‍ ആയതു കൊണ്ടോ അല്ല മറിച്ച് ന്യായം ആരുടെ ഭാഗത്ത്‌ ആണെന്ന് കണ്ടുകൊണ്ടു ആണ്. താലിബാനെ എതിര്‍ക്കുന്നത് അവര്‍ മുസ്ലീങ്ങള്‍ ആയതു കൊണ്ട് അല്ല മറിച്ച് അവരുടെ പ്രവര്‍ത്തികള്‍ ധര്‍മ്മത്തിന് നിരക്കാത്തത് കൊണ്ട് ആണ്. >>
   ..
   ..
   അതെ...എന്റെ തോന്നലായിരിക്കാം ..താങ്കള്‍ പറയുന്ന ഈ വീക്ഷണം തന്നെയാണ് ഇക്കാര്യത്തില്‍ വേണ്ടത് . അങ്ങിനെ തന്നെയായിരിക്കട്ടെ എല്ലാവരും ചിന്തിക്കെണ്ടത് . അതല്ലാത്ത ചില നിലപാടുകള്‍ കണ്ടപ്പോള്‍ എഴുതി എന്ന് മാത്രം ..

   Delete
 8. Good thought praveen, the whole society need to think about it .Always people thinking and standing within the circle of religions and casts ,that means most of them are unable to grow from the Individuality to humanity ...every religions teaching the same thing such as how to be a human being rather than being a primitive individual,but people are interested to see the society through a narrow gap of Inequality ,that is the origin of every problem . We need to see the facts beyond cast,religion,and nationality ...

  ReplyDelete
 9. താങ്കള്‍ ഉദ്ദേശിച്ചത് എനിക്ക് മനസിലാകാഞ്ഞിട്ടു ഒന്നും അല്ല. ഇങ്ങനെ ഒക്കെ ഞാന്‍ റിപ്ലേ ചെയ്തെങ്കിലും എനിന്ക്ക് അറിയാം 'മതം' എന്നത് ഒരു വലിയ സമൂഹം ആളുകളെ സ്വാധീനിച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നുണ്ട്‌ എന്ന്. ഭൂരിപക്ഷം ഇന്ത്യന് മുസ്ലീങ്ങളും പലസ്തീന് വേണ്ടി വാദിക്കുന്നത് മതം മുന്നില്‍ നിര്‍ത്തി തന്നെ ആണ്. പീഡിത സമൂഹം ആണ് മുസ്ലീങ്ങള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ പലരും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ 'ഇരകളാ'ണെന്നും ചെറുത്തുനില്പിനു വേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് ഇവര്‍ എല്ലാം തെറ്റായി പ്രചരിപ്പിക്കുന്നത്.

  കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്ന് ഒരുപാട് വിലപിച്ച ഒരു മുസലിയാരോട് ഞാന്‍ ചോദിച്ചു, ഫലസ്തീനികള്‍ക്ക് ജൂതമതം സ്വീകരിച്ചു ഇസ്രായേലിന്റെ കൂടെ നിന്നുകൂടെ എന്ന്. നടക്കാന്‍ യാതൊരു സാദ്യതയും ഇല്ലെന്നു അറിഞ്ഞിട്ടും വെറുതെ ചോദിച്ചതാണ്, മറുപടി എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ? അതായത് ആരൊക്കെ മരിച്ചാലും എത്രയൊക്കെ കുട്ടികള്‍ കൊല്ലപ്പെട്ടാലും സാരമില്ല മതം വിട്ടുള്ള കളി ഒന്നും വേണ്ട എന്നാണു മനസിലിരിപ്പ്. കുട്ടികള്‍ മരിക്കുന്നു എന്നത് ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം എങ്കില്‍ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞതിന് അദ്ദേഹം എന്തിനു ക്ഷുഭിതന്‌ ആകണം? ഈ ഒരു മാനസിക അവസ്ഥ ആണ് എല്ലാ അറബ് രാജ്യങ്ങള്‍ക്കും ഉള്ളത്. പലരും വിലപിക്കുന്നത് മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നത് കൊണ്ട് അല്ല മതം...മതം മാത്രം അതാണ്‌ എല്ലാം.

  പിന്നീട് ഉള്ളത് മലാല വിഷയം ആണ്. താലിബാന്‍ ആണ് ഇതില്‍ പ്രതി, അവര്‍ ചെയ്തത് തെറ്റ് തന്നെ. പക്ഷെ കഥാ സംവിധാനം അമേരിക്ക ആണ്. മലാലയെ വെടി വച്ചതില്‍ അല്ല, വെടി വൈക്കുവാന്‍ അവരെ പ്രപ്തര്‍ ആക്കിയതില്‍. താലിബാന്‍ ഇത്ര ശക്തര്‍ ആയതില്‍ അമേരിക്കയുടെ കരങ്ങള്‍ ആണ് ഉള്ളത്. സോവിയറ്റ് യൂണിയന്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ മലാല വിഷയം ആരും ശ്രദ്ധിക്കപ്പെടാതെ പോയേനെ. കാരണം അപ്പോള്‍ താലിബാന്‍ ചെയ്യുന്നത് മുഴുവന്‍ അമേരിക്കയെ സംബന്ധിച്ച് ശരിയാണ്. ഒരാള്‍ കുറ്റം ചെയ്യുന്നവന്‍ ആണെങ്കില്‍ മറ്റേ ആള്‍ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവന്‍ ആണ്. ശിക്ഷ രണ്ടുപേരും അര്‍ഹിക്കുന്നു. പക്ഷെ അവര്‍ പരസ്പരം ശിക്ഷ നടപ്പാക്കുന്നത് നിരപരാധികളുടെ നേരെ ആണെന്ന് മാത്രം.

  ReplyDelete
 10. മനുഷ്യചരിത്രത്തിലെ എഴുതപ്പെട്ട കലഹങ്ങളിൽ മിക്കതിലും ഒളിഞ്ഞോ തെളിഞ്ഞോ മതങ്ങളുണ്ടായിരുന്നു മുഖ്യപ്രതി സ്ഥാനത്ത്.
  മതങ്ങളുടെയോ ഇസങ്ങളുടെയോ കുഴപ്പമല്ല. മറിച്ച് അത് ഉപയോഗിക്കുന്നവരുടെ കുഴപ്പമാണ് പ്രശ്നങ്ങൾക്ക് നിദാനം. ഇൻ നമ്മുടെ സഹിഷ്ണുത വീണ്ടും കുറഞ്ഞിരിക്കുന്നു. പ്രവീൺ പറഞ്ഞത് ശരിയാണ്, ഏതെങ്കിലും കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തുന്നത് പലരുടെയും അനുവാദം വാങ്ങിയിട്ട് വേണം എന്ന ദുരവസ്ഥ. നന്മ പലപ്പോഴും കീ ബോർഡിലോ, പേനത്തുമ്പിലോ മൈക്കിന് മുന്നിലോ മാത്രമൊതുങ്ങിപ്പോകുന്ന ഭീതിതമായ അവ്സഥയിലാണ് നമ്മുടെ ലോകമിന്ന്. നമുക്ക് കഴിയുമെങ്കിൽ നാം സ്വയമെങ്കിലും അത്തരം ശിഥില ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. അതായിരിക്കും നമുക്ക് ചെയ്യാൻ കഴിയുന ഏറ്റവും ചെറിയ നന്മ!!

  ReplyDelete
 11. മതങ്ങള്‍ അല്ല പ്രശ്നം മതം എന്താണ് എന്ന് പഠിക്കാതെയും, മനസ്സിലാക്കാതെയും, ഉള്‍ക്കൊള്ളാതെയും അത് കൈകാര്യം ചെയ്യുന്നവരാണ് പ്രശ്നക്കാര്‍.രാഷ്ട്രീയത്തിലും ഇത് സംഭവിക്കുന്നുണ്ട്.അഹിംസാ വാദിയായ ഗാന്ധിജിയുടെ ആള്‍ക്കാര്‍ തെരുവില്‍ അടികൂടുന്നത്‌ നമ്മള്‍ കണ്ടിട്ടില്ലേ.. കാണുന്നില്ലേ ??കാര്യങ്ങള്‍ മനസ്സിലാക്കാതെ ഉള്ള അസഹിഷ്ണുക്കളുടെ അന്ധമായ മത വിരോധവും, അന്ധമായ മത സ്നേഹവും ഒരേ പോലെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാക്കുന്നു.

  ReplyDelete
 12. മതങ്ങള്‍ മോക്ഷത്തിലേക്കുള്ള വഴികാട്ടിയാണ്‌. മതം ദുരുപയോഗം ചെയ്യുന്നവരാണ്‌ ലോകത്ത്‌ പ്രശ്നമെല്ലാം ഉണ്‌ടാക്കുന്നത്‌. മതമനുശാസിക്കുന്നവ പിന്തുടരാനും അതിനെ എതിര്‍ക്കുമ്പോള്‍ തീവ്രവാദത്തിലേക്കും ചിലര്‍ പോകുന്നു. ചിലര്‍ മത ശക്തി ഉപയോഗിച്ച്‌ ആവശ്യങ്ങള്‍ നേടിയെടുക്കുന്നു, എങ്ങനെ നോക്കിയാലും മതം സൂക്ഷിച്ച്‌ ഉപയോഗിക്കേണ്‌ട ഒന്ന് തന്നെയാണ്‌.

  ReplyDelete
  Replies
  1. മതത്തിനല്ല ദോഷം ..ദോഷം അതെങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത ചില മനുഷ്യര്‍ക്കാണ് .. യോജിക്കുന്നു മോഹി...

   Delete
 13. കാണാതെ പോയ കാലിക പ്രസക്തിയുള്ള ഒരു നല്ല ലേഖനം .

  ReplyDelete
  Replies
  1. ഇതെഴുതിയിട്ട് മാസങ്ങളായി .. ഇന്നും ഈ തോന്നലുകൾ ഉണ്ടായത് കൊണ്ട് റീ പോസ്റ്റ്‌ ചെയ്തെന്നു മാത്രം .. നന്ദി ഫൈസൽ ഭായ് ..

   Delete
 14. നാം ജനിക്കും മുൻപേ നമ്മിൽ അധീശത്വം നേടിയ ഒന്നാണ് മതം. ഈശ്വരനെ അറിയാൻ ഇതാണ് വഴി എന്ന് നമ്മെ പഠിപ്പിച്ച് മുൻപോട്ടു പോകുന്ന മതത്തെ നമ്മുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നാം മാനസികമായി പരുവപ്പെടുത്തി എടുക്കുകയാണ്. ഈ സ്വാർത്ഥ താൽപ്പര്യങ്ങൾ നമ്മെ മത തീവ്രവാദികളാക്കുന്നു. ഈശ്വരനെ അടുത്തറിയുന്നതിനേക്കാൾ ഇത്തരം സ്വാർത്ഥ താല്പര്യങ്ങളിലാണ് നമ്മുടെ നോട്ടം..

  ReplyDelete
 15. ചുരുക്കി ഭംഗിയായി പറഞ്ഞു... ആശംസകള്‍

  ReplyDelete