Saturday, October 17, 2015

പശു ഒരു ഭീകര ജീവിയാണ്

തലമുറ തലമുറകളായി  കാട്ടിലായിരുന്നു ഞങ്ങളുടെ  താമസം.  അങ്ങിനെയിരിക്കേ നാട്ടിലേക്ക് ഒന്ന്  മാറി താമസിച്ചാലോ എന്ന് ഞങ്ങളിൽ ചിലർക്ക് ഒരാഗ്രഹം തോന്നി. കാട് മനുഷ്യന്റെയല്ലെന്നും  ജന്തുക്കളുടെ മാത്രമാണെന്നും  നാട്ടിൽ മനുഷ്യരോട് കൂടെയാണ്  മനുഷ്യർ  ജീവിക്കേണ്ടതെന്നുമൊക്കെയുള്ള   അഭിപ്രായങ്ങൾ  ഉയർന്ന സാഹചര്യത്തിൽ നാട്ടിലെ സ്ഥിതിഗതികൾ അന്വേഷിക്കാൻ നാട് വരെ ഒന്ന് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. രണ്ടു മൂന്നു ദിവസത്തെ നീണ്ട യാത്രയുള്ളതിനാൽ വഴി മദ്ധ്യേ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഒരുക്കങ്ങളോടെയായിരുന്നു യാത്ര. 

കാടിനോടും വന്യജീവികളോടും  വിട പറഞ്ഞു കൊണ്ട് യാത്ര തുടങ്ങിയപ്പോൾ   ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും യാത്രയുടെ ഉദ്ദേശ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ  മനസ്സിന്  ഒരാശ്വാസം. എത്രയായാലും നാട്ടിലെ മനുഷ്യരുടെ കൂടെയുള്ള സഹവാസം സാധ്യമെന്ന് തോന്നിയാൽ  താൽപ്പര്യമുള്ളവർക്കെങ്കിലും നാട്ടിലേക്ക് മാറി താമസിക്കാമല്ലോ. നാട്ടിൽ എത്തിയ ഞങ്ങൾക്ക് അവിടത്തെ സിസ്റ്റത്തെ കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നു. ഞങ്ങൾ ഭൂമി വിട്ട് മറ്റൊരു ഗ്രഹത്തിൽ എത്തിയ പോലെ കാഴ്ചകൾ കണ്ട് നടന്നു.  വഴിയിൽ കാണുന്നവരൊക്കെ ഞങ്ങളെ വിചിത്രമായി നോക്കി. അങ്ങിനെ നോക്കുന്നതിൽ കുറ്റം പറയാനില്ല. കാരണം ഞങ്ങളുടെ വേഷം അങ്ങിനെയായിരുന്നു. അവർ ഞങ്ങളെ മുഖം ചുളിച്ചു കൊണ്ട് നോക്കിയപ്പോൾ ഞങ്ങൾ മൂക്ക് പൊത്തിപ്പിടിച്ചു നടക്കുകയായിരുന്നു. അത്രക്കും അസഹനീയമായ നാറ്റമായിരുന്നു വഴിയരികിൽ. 

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു നീങ്ങുന്ന ആളുകൾക്കിടയിൽ അത്ര തന്നെ തിരക്കോടെ ഓടിക്കളിക്കുന്ന നായ്ക്കളെ കാണാമായിരുന്നു. കാട്ടിലെ ചെന്നായ്ക്കളെ എത്രയോ സ്നേഹത്തോടെ ഞാൻ  തീറ്റിയിരിക്കുന്നു. ആ ഓർമ്മയിൽ കയ്യിലെ ഭാണ്ഡത്തിൽ നിന്ന് ഒരൽപ്പം മാംസം എടുത്ത് വഴിയരികിലെ ഒരു നായക്ക്  എറിഞ്ഞു കൊടുത്തതും ബാക്കിയുള്ള നായ്ക്കളെല്ലാം  കൂടെ ഞങ്ങൾക്ക് നേരെ പല്ലിറുമ്മി കൊണ്ട് ഓടി വന്നു.  ഞങ്ങളുടെ മേലേക്ക് ചാടി വീണ പലതിനെയും  കൈയ്യിലുണ്ടായിരുന്ന  വടി കൊണ്ട് തുരത്തിയെങ്കിലും  ഞങ്ങൾക്ക് സാരമായി തന്നെ മുറിവേറ്റു. ഇതെന്തൊരു നാട്, ഇത്രയും കോലാഹലങ്ങൾ ഇവിടെ  നടന്നിട്ടും ആരും ഒന്ന് തിരിഞ്ഞു നോക്കുന്നു പോലുമില്ല. ഇതൊക്കെയെത്ര  കണ്ടിരിക്കുന്നു എന്ന മട്ടിലാണ് എല്ലാവരുടെയും  ഭാവം.  

എന്തോ ആവട്ടെ വിശ്രമിക്കാൻ ഒരിടം കണ്ടെത്തിയ സന്തോഷത്തിൽ വഴിയരികിലെ വലിയ മാവിൻ ചുവട്ടിൽ ഇരുന്നതായിരുന്നു ഞങ്ങൾ. വിരിപ്പെല്ലാം വിരിച്ച് ഭാണ്ഡത്തിൽ നിന്നും കഴിക്കാനുള്ളത് പുറത്തെടുക്കവേ നാട്ടുകാരിൽ ചിലർ ഞങ്ങളെ വളരെ ഗൌരവത്തോടെ നോക്കി നിൽപ്പുണ്ടായിരുന്നു. അവരെ  വക വക്കാതെ ഞങ്ങൾ അവിടെ തന്നെ അടുപ്പ് കൂട്ടി. അപ്പോഴേക്കും കുറേയധികം  നാട്ടുകാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഭാണ്ഡം തുറക്കാനും അതിലുള്ള മാംസം പുറത്തിടാനും അവർ പറഞ്ഞു. പിന്നെ അധികം ചോദ്യം ചെയ്യലൊന്നും  ഉണ്ടായില്ല.  മരക്കഷ്ണങ്ങൾ കൊണ്ടും വലിയ പലക കൊണ്ടും അവർ ഞങ്ങളെ തല്ലിച്ചതച്ചു. ഒടുക്കം മാപ്പ് പറഞ്ഞു കൊണ്ട് വന്നിടത്തേക്ക് തന്നെ തിരിച്ചു പോകാൻ പറഞ്ഞു. കാര്യമെന്തെന്ന് അറിയില്ലെങ്കിലും വേദന കൊണ്ടും പേടി കൊണ്ടും ഞങ്ങൾ അത് സമ്മതിച്ചു.  ഞങ്ങൾ അവരോടു മാപ്പ് പറഞ്ഞപ്പോൾ അവർ ഒന്നിച്ച് ഒരേ സ്വരത്തിൽ പറഞ്ഞു. 

"ഞങ്ങളോടല്ല ..മാതാവിനോട് മാപ്പ് പറയുക" 

അപ്പോഴാണ്‌ ആ ജീവിയെ ഞങ്ങൾ ശ്രദ്ധിക്കുന്നത്. പേടിപ്പെടുത്തുന്ന രൂപം. വലിയ കൊമ്പുകൾ, വലിയ കണ്ണുകൾ , മൂക്കിനുള്ളിലൂടെ കടത്തി വിട്ട നീളമുള്ള ഒരു  ആഭരണം  അണിഞ്ഞിട്ടുണ്ട് അത്. കഴുത്തിൽ വലിയ മണിയും മാലയും  തൂക്കിയിട്ടിരിക്കുന്നു. നെറ്റിയിൽ ചുവപ്പ് കുറി നീട്ടി വരച്ചിരിക്കുന്നു. ആ ജീവിയെ എല്ലാവരും ബഹുമാനിച്ചു കൊണ്ട് അതിനെ തൊഴുത് നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങളും അത് പോലെ ചെയ്തു. ഞങ്ങൾ അതിനോട് മാപ്പ് പറയുമ്പോൾ അത് എന്തോ ചവച്ചരക്കുന്ന തിരക്കിലായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളോട് അതൊന്നും മിണ്ടിയതുമില്ല. ശരീരമാസകലം വേദനയുമായി കാട്ടിലേക്ക് തന്നെ മടങ്ങുമ്പോൾ നാട്ടുകാരോട് മാതാവിന്റെ പേര് അന്വേഷിക്കാൻ ഞങ്ങൾ മറന്നില്ല. പശു എന്നാണ് പേരെങ്കിലും ഗോമാതാ എന്ന് വിളിക്കുന്നതാണ് ഉത്തമം എന്ന് അവർ പറഞ്ഞു തന്നു. ഞങ്ങളെ തല്ലിയ കൂട്ടത്തിലെ സന്മനസ്സുള്ളവരാകട്ടെ  പോകും വഴി ഞങ്ങൾക്ക് ഭക്ഷിക്കാനും കുടിക്കാനും ചാണകവും ഗോ മൂത്രവും ഏർപ്പാടാക്കി തരാനും മറന്നില്ല. 

പുലി, കടുവ, സിംഗം  എന്ന് തുടങ്ങി ഒരു വന്യജീവിയേയും പേടിക്കാതെ തന്നെ  അവരുടെ സാമ്രാജ്യത്തിൽ സസുഖം ജീവിച്ച ഞങ്ങൾക്ക് ഇപ്പോൾ പേടിക്കാൻ ഒരു ജീവിയുണ്ട് - ഗോ മാതാ. ആ രൂപം ഓർക്കുമ്പോഴേ മരണം നേരിട്ട് കാണുന്ന പ്രതീതിയാണ്. കാട്ടിലെത്തിയ ശേഷം കൂടെയുണ്ടായിരുന്നവർ ഗോമാതാവിനെ കുറിച്ചു അവിടെയുള്ളവർക്കും    വിവരിച്ചു കൊടുക്കുകയുണ്ടായി.  

"എന്താ അതിന്റെ ഒരു കൊമ്പും വാലും കണ്ണും ഒക്കെ ..കാട്ടുപോത്തൊന്നും ഒന്നുമല്ല .. ഹോ ഭീകര കാഴ്ചയാണ്. ശരിക്കും പേടിയാകും. പുലിയും കടുവയും സിംഗവുമൊക്കെയായി മല്ലിട്ട് ജയിക്കാൻ എളുപ്പമാണ്. പക്ഷേ ഈ ഗോ മാതാവിന്റെ  കാര്യത്തിൽ അതൊന്നും നടപ്പില്ല. സ്വന്തമായിട്ട് ഇത്രേം അംഗരക്ഷകരുള്ള  ഒരു ജീവിയെ ആദ്യമായിട്ടാ കാണുന്നത്. തൊടാൻ പോലും ഭയക്കും.  ശരിക്കും ഒരു ഭീകര ജീവി തന്നെ !! "

-pravin-