Tuesday, May 29, 2012

ഗന്ധര്‍വലോകത്തെ സംവിധായകന്‍


ഗന്ധര്‍വന്‍ എന്ന വാക്ക് കേട്ടാല്‍ ആദ്യം മനസിലേക്ക് കടന്നു വരുന്ന രൂപം ഒരു താടിക്കാരന്റെയാണ്. അത് സംഗീത  ലോകത്തെ ഗാന ഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന യേശു ദാസിന്റെയാണ്. എന്നാല്‍ നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കാത്ത  മറ്റൊരു താടിക്കാരന്‍ കൂടിയുണ്ട് ഗന്ധര്‍വ ലോകത്ത്. അദ്ദേഹം പക്ഷെ പാട്ടുകാരനല്ല,  എഴുത്തുകാരനും സംവിധായകനുമായ പത്മരാജന്‍ ആണത്.

 പത്മരാജന്‍ സിനിമകള്‍ മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം തന്നെയായിരുന്നു. എന്ന് മുതലാണ്‌ ഞാന്‍ പത്മരാജന്‍ സിനിമകളെ  പ്രണയിക്കാന്‍ തുടങ്ങിയത് എന്ന് അറിയില്ല. അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാന്‍ ഇരുന്നാല്‍ മറ്റൊരു ലോകത്തേക്ക് പോകുന്ന പ്രതീതി പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. കഥാപാത്രങ്ങളെ  കുറ്റം പറയാന്‍ പറ്റാത്ത രീതിയില്‍ ഒരു ജാല വിദ്യക്കാരന്റെ മിടുക്കോടെ അദ്ദേഹം അഭ്രപാളിയില്‍ ആവിഷ്ക്കരിക്കുന്നു. അത് കണ്ണടക്കാതെ കണ്ടു കൊണ്ടിരിക്കുക, ആസ്വദിക്കുക എന്നത് മാത്രമാണ് പിന്നീട്  ഒരു  പ്രേക്ഷകന്‍റെ ആകെയുള്ള ജോലി. ഒരു  പ്രേക്ഷകനോ നിരൂപകനോ  വിമര്‍ശിക്കാന്‍ പറ്റാത്ത   തരത്തില്‍ ഓരോ രംഗങ്ങളിലും, സിനിമ കണ്ടു കൊണ്ടിരിക്കുന്ന    പ്രേക്ഷകര്‍ക്കിടയില്‍ അദൃശ്യനായി  വന്ന്, ആശയസംവാദം  നടത്തുന്ന ഒരു സംവിധായകന്‍ വേറെ ഉണ്ടോ എന്നത് സംശയമാണ്.

തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ജയകൃഷ്ണന്‍ ഒരു പച്ചയായ മനുഷ്യന്റെ ദ്വന്ദമനസ്സിലെ ആശയ സംഘര്‍ഷങ്ങള്‍ വരച്ചു കാട്ടുന്നു. സിനിമയിലെ രാധയും ക്ലാരയും തമ്മിലുള്ള വ്യത്യാസം, നായകന്‍ നമുക്ക് വിവരിച്ചു തരുന്ന രംഗം ഒന്നോര്‍ത്തു നോക്കൂ. ഒരു ആല്‍ത്തറയില്‍  അലസമായി ചാരി കിടന്ന് കൊണ്ട്, രാധയോടു അവളെയും ക്ലാരയെയും താരതമ്യം ചെയ്തു  വിശദീകരിക്കുന്ന രംഗം വളരെ ഹൃദ്യമാണ്. ക്ലാരയെ മഴയോട് കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞ രീതി, ലോക സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.

"മൂന്നാം പക്കം" സിനിമയിലൂടെ  ഭാസിയും അപ്പൂപ്പനും നമ്മുടെ മനസ്സില്‍ തീര്‍ത്ത നൊമ്പരങ്ങള്‍ , "തിങ്കളാഴ്ച നല്ല ദിവസം" സിനിമയിലെ  അമ്മയുടെ മരണം , "അപരന്‍" സിനിമയിലെ നായകന് സ്വന്തം ജീവിതത്തിലേക്ക് ഒരു മരണത്തിലൂടെ പോലും ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്ന് വെളിവാക്കപെടുന്ന രംഗങ്ങള്‍ , പ്രണയത്തിന്റെ തീവ്രതയും പരിശുദ്ധിയും എന്താകണം എന്ന് വിളിച്ചോതിയ "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ " ഭൂതകാലം മറന്നു പോകുന്ന നായികയെ അവതരിപ്പിച്ച "ഇന്നലെ ", അങ്ങനെ എടുത്തു പറയാന്‍ എത്ര എത്ര നല്ല കഥാപാത്രങ്ങളും സിനിമകളുമാണ് അദ്ദേഹം നമുക്ക് തന്നത്. 

അദ്ദേഹത്തിന്‍റെ അവസാന സിനിമയായ "ഞാന്‍ ഗന്ധര്‍വന്‍ " സിനിമയ്ക്കു വേണ്ടി  കഥ എഴുതി തുടങ്ങുന്ന കാലത്ത് , ഭാര്യയും അടുത്ത കൂട്ടുകാരും അദ്ദേഹത്തെ ആ കഥ എഴുതുന്നതില്‍ നിന്നും വിലക്കിയിരുന്നു. ദേവലോകത്തെ പാട്ടുകാരായ ഗന്ധര്‍വന്മാരെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ അദ്ദേഹം ചിന്തയിലൂടെ ഗന്ധര്‍വ  ലോകത്ത് പോയി ഗന്ധര്‍വന്മാരുമായി സംസാരിക്കുകയും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യും എന്ന പേടി കൊണ്ടാകാം അവര്‍ അത് പറഞ്ഞിട്ടുണ്ടാകുക. പക്ഷെ , അദ്ദേഹം എന്തോ ആ എഴുത്ത്  മുടക്കിയില്ല.  മനുഷ്യന്മാര്‍ക്ക് ഗന്ധര്‍വന്മാരുമായുള്ള സംസര്‍ഗം നിഷേധിച്ചതിനു പിന്നിലെ കാരണം എന്തായിരിക്കാം എന്നതാകാം,  ആ കഥ എഴുതുന്നതിനു മുന്‍പേ അദ്ദേഹം ആലോചിച്ചു തുടങ്ങിയത്. ആ സിനിമയുടെ കഥ എഴുതുന്ന സമയം തൊട്ടു തന്നെ പല അപശകുനങ്ങളും കണ്ടു വന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ രാധാലക്ഷ്മി അദ്ദേഹത്തെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങളില്‍ പറയുന്നുണ്ട്. 

സിനിമയിലെ അദ്ദേഹത്തിന്‍റെ പല നായകന്മാരും പെട്ടെന്ന് തിരശ്ശീലക്കു പിന്നില്‍ പോയി മറയുന്നത് പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ മരണവും. "ഞാന്‍ ഗന്ധര്‍വന്‍" സിനിമ റിലീസ് ആയി ദിവസങ്ങള്‍  കഴിഞ്ഞ്, ആരും ഒട്ടും വിചാരിക്കാത്ത ഒരു വേളയില്‍ അദ്ദേഹം കഥാവശേഷനായി എന്ന വാര്‍ത്ത ഗന്ധര്‍വന്‍ കണക്കെ അദ്ദേഹത്തെ പ്രണയിച്ചവര്‍ക്കെല്ലാം ഒരാഘാതം തന്നെയായിരുന്നു. ആ സിനിമയിലൂടെ എന്തൊക്കെയോ കൂടുതല്‍ പറയാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ, അത് അദ്ദേഹത്തിനു പൂര്‍ണമായും പ്രേക്ഷകരിലേക്ക്  എത്തിക്കാന്‍ സാധിച്ചില്ല എന്നെനിക്കു തോന്നുന്നു. ദുരന്തങ്ങളെ പ്രേമിച്ച എഴുത്തുകാരന്‍ ,  തന്‍റെ മരണത്തിനു എത്രയോ മുന്‍പ് തന്നെ അത്തരം ദുരന്തകഥകളില്‍  മിക്കതും അഭ്രപാളിയിലും ആവിഷ്ക്കരിച്ചു. 

ശൂന്യതയില്‍ നിന്നും തുടങ്ങുന്ന പ്രയാണം ശൂന്യതയിലേക്ക് തന്നെ മറയുന്ന ഒരു വ്യത്യസ്ത ശൈലി അദ്ദേഹത്തിന്‍റെ കഥകള്‍ക്കും സിനിമകള്‍ക്കും ഉണ്ടായിരുന്നോ എന്നത് എനിക്കെപ്പോഴും തോന്നിയിരുന്നു. ഞാന്‍ ഗന്ധര്‍വന്‍ സിനിമയിലെ ഗന്ധര്‍വന്‍ കഥയുടെ അവസാനം അന്തരീക്ഷത്തില്‍  മറയുന്നത്   പോലെ അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളിലും ശൂന്യതയിലേക്കുള്ള  ഒരു  പ്രയാണം വളരെ പ്രകടമാണ്.  എവിടെ നിന്നോ വരുന്ന അതിഥി,  കഥയില്‍ ഒരു മായാപ്രപഞ്ചം തന്നെ സൃഷ്ടിച്ചെടുക്കുന്നു. പിന്നെ ശൂന്യതയിലേക്ക് നമ്മളെ വേദനിപ്പിച്ചു കൊണ്ട് അല്ലെങ്കില്‍ ചിന്തിപ്പിച്ചു കൊണ്ട്   യാത്രയാകുന്നു. 

 "മൂന്നാം പക്ക"ത്തിലെ ഭാസി അവധിക്കാലം ആഘോഷിക്കാന്‍ വന്നതിനു ശേഷം കടലില്‍ പോയി മറയുന്നു , "ഇന്നലെ" എന്ന  സിനിമയില്‍ എവിടെ നിന്നോ വന്ന നായിക കഥാവസാനം മനപൂര്‍വമല്ലെങ്കില്‍ കൂടി , യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തെന്നി മാറിക്കൊണ്ട് മറ്റൊരു ജീവിതത്തിലേക്ക് നായകനില്‍ നിന്നു മറ്റൊരു നായകനോട് കൂടി മറയുന്നു , "നൊമ്പരത്തിപ്പൂവ്" സിനിമയിലെ കൊച്ചു കുട്ടി എവിടെ നിന്നോ വരുന്നു, ഇടയില്‍ നമ്മളോട് വളരെ പെട്ടെന്ന് അടുക്കുന്നു പിന്നെ കഥാന്ത്യത്തില്‍ മനസ്സിനെ നൊമ്പരപ്പെടുത്തി കൊണ്ട് കാട്ടിനുള്ളിലേക്ക്‌ പോയി മറയുന്നു , "തൂവാനത്തുമ്പികള്‍" സിനിമയില്‍ പെട്ടെന്ന്  ഒരു ദിവസം മഴയുടെ സാന്നിധ്യത്തോടെ   രംഗ പ്രവേശം ചെയ്യുന്ന ക്ലാര മറ്റൊരു ദിവസം പൊടുന്നനെ ജയകൃഷ്ണനില്‍ നിന്നും മറയുന്നു. പിന്നെ ഇടക്കിടക്കുള്ള മഴ പോലെ വീണ്ടും വരുന്നു. അവസാനം ജയകൃഷ്ണനില്‍ നിന്നും മഴയില്ലാത്ത ഒരു ദിവസം അവസാനമായി ജയകൃഷ്ണനെ കാണുകയും പിന്നീട് എന്നെന്നേക്കുമായി മറ്റൊരു ജീവിതത്തിലേക്ക്  പോയി മറയുകയും ചെയ്യുന്നു. "ഒരിടത്തൊരു ഫയല്‍മാന്‍ " എന്ന സിനിമയിലും ഇതേ കഥാഗതി നമുക്ക് കാണാന്‍ സാധിക്കും. എവിടെ നിന്നോ പുഴ നീന്തിക്കടന്നു വന്ന ഒരു ഫയല്‍മാന്‍, എത്തിപ്പെട്ട ഗ്രാമത്തിന്റെ ഒരു ഭാഗമായി മാറുകയും കഥാവസാനം എങ്ങോട്ടോ പോയി മറയുകയും ചെയ്യുന്നു. 

അങ്ങനെ പത്മരാജന്‍ കഥകള്‍ സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാല്‍ നമ്മുടെ മനസ്സിലേക്ക് അദൃശ്യനായ് പത്മരാജന്‍ പെയ്തിറങ്ങും. എന്നിട്ട് ആരോടും പറയാത്ത ആര്‍ക്കും അറിയാത്ത ഒത്തിരി കഥകള്‍ പറഞ്ഞു തരും. പലപ്പോഴും , അദ്ദേഹം എന്‍റെ അടുത്തു വന്നിട്ടുണ്ട്, കഥകളും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല.  ആ കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നിട്ടുണ്ട്. ആ സമയത്ത്, അദ്ദേഹത്തിനു ചുറ്റും പ്രഭാവലയങ്ങള്‍ ഉണ്ടായിരുന്നു , മഞ്ഞിന്റെ നനുത്ത വെള്ളത്തൂവലുകള്‍ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് മീതെ വീഴുന്നുണ്ടായിരുന്നു. പക്ഷെ അതൊരിക്കലും അസഹ്യമായ ഒരു കൊടും തണുപ്പിന്റെയായിരുന്നില്ല എന്നത് ഞാന്‍ ഓര്‍ക്കുന്നു. 

2009, ജനുവരി 

ഒരിക്കല്‍ അദ്ദേഹം പുലര്‍ച്ചെ നാല് മണിയോട് അടുത്ത ഒരു സമയത്ത് വന്നെന്നെ വിളിച്ചു. ഒരു പുതിയ കഥ പറഞ്ഞു തരാനുണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കം മതിയാക്കി എഴുന്നേറ്റിരുന്നു. എന്നോട് മുറിക്കു പുറത്തിറങ്ങി വരാനും , പാലച്ചുവട്ടില്‍ പോയി ഇരുന്നു കൊണ്ട് കഥ പറയാമെന്നും പറഞ്ഞു. പക്ഷെ എന്‍റെ വീടിനടുത്തൊന്നും പാല മരം ഇല്ല എന്നത് കൊണ്ട് ഞാന്‍ സംശയം പ്രകടിപ്പിച്ചു. അദ്ദേഹം ചിരിച്ചു കൊണ്ട് എന്‍റെ കൈ പിടിച്ചു പുറത്തേക്ക്  നടന്നു. ആ സമയത്ത്, പ്രകാശവലയത്താല്‍ ചുറ്റപ്പെട്ട അദ്ദേഹത്തെ പിന്തുടരുക എന്നത് മാത്രമേ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്നും തന്നെ എന്‍റെ മനസ്സില്‍ വന്നില്ല എന്നതാണ് സത്യം. വെളിച്ചം വിതറി നടക്കുന്ന അദ്ദേഹത്തെ ഞാന്‍ ആരാധനയോടെ പിന്തുടര്‍ന്ന് എത്തിയത് ഒരു പാലച്ചുവട്ടില്‍ തന്നെയായിരുന്നു. പാല പൂത്ത മണം മൂക്കില്‍ മുട്ടിയപ്പോള്‍ എനിക്കത് മനസിലായി. അവിടുന്ന് നോക്കിയാല്‍ എനിക്ക് വീട് അടുത്തായി തന്നെ കാണാമായിരുന്നു. 

പാലച്ചുവട്ടില്‍ ഒരിടത്ത്  സാവധാനം  ഇരുന്ന ശേഷം  ഞാന്‍ അദ്ദേഹത്തോട്  കഥയെക്കുറിച്ച്  ചോദിച്ചു . അദ്ദേഹം ആകാശത്തേക്ക് ഒരു നക്ഷത്രത്തെ ചൂണ്ടി കാണിച്ചു കൊണ്ട് കഥ പറയാന്‍ തുടങ്ങി. സൂര്യന്‍ ഉദിക്കുന്ന സമയം നോക്കി കടലില്‍ മുങ്ങിപ്പോകുകയും,  രാത്രിയില്‍ ചന്ദ്രന്‍ ഉദിക്കുന്ന സമയത്ത് ആകാശത്തേക്ക് തിരിച്ചു പറന്നു വരുകയും ചെയ്യുന്ന ഒരു നക്ഷത്ര രാജകുമാരന്‍റെ കഥയായിരുന്നു അത്. ഒരിക്കല്‍ ഒരു രാത്രിയില്‍ കടലില്‍ നിന്നും പതിവ് പോലെ ചന്ദ്രനുദിച്ചെന്നു കരുതി ആകാശത്തേക്ക് പൊങ്ങി വന്ന ആ നക്ഷത്ര രാജകുമാരനെ ഇരുട്ടിന്‍റെ പിശാചുക്കള്‍ ആക്രമിച്ചു. മറ്റ്  നക്ഷത്രങ്ങള്‍ ഓടിയെത്തിയെങ്കിലും പിശാചുക്കള്‍ അപ്പോഴേക്കും ഏഴാം കടലിനും അപ്പുറം  കടന്ന് കളഞ്ഞിരുന്നു. ആക്രമണത്തില്‍ ചലന ശേഷി നഷ്ടപ്പെട്ട രാജകുമാരന്‍ എവിടേക്കും പോകാനാകാതെ കടലിലേക്ക്‌ നോക്കി സങ്കടത്തോടെ ഉറക്കെ കരഞ്ഞു. അത്രയും പറഞ്ഞു നിര്‍ത്തിയ   അദ്ദേഹം, ബാക്കി കഥ പറഞ്ഞു തരാതെ പോകാന്‍ തിടുക്കം കാണിച്ചു. വീണ്ടും വരാമെന്നും അപ്പോള്‍ ബാക്കി കഥ പറഞ്ഞു തരുമെന്നും പറഞ്ഞു കൊണ്ട് വെള്ള വെളിച്ചത്തില്‍ പാലമരത്തോട് കൂടി അന്തരീക്ഷത്തില്‍ അലിഞ്ഞു പോകുന്നത് മാത്രമേ എനിക്കോര്‍മ വരുന്നുള്ളൂ.. 

 ഞാന്‍ സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ സമയം ആറു മണി കഴിഞ്ഞിരുന്നു. സാധാരണ നേരത്തെ എഴുന്നേല്‍ക്കാന്‍ മടിയുള്ള ഞാന്‍ എഴുന്നേറ്റു പുറത്തേക്ക് വരുമ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും അതിശയം . ഞാന്‍ നേരെ വീടിനു പുറത്തിറങ്ങിയ ശേഷം, പാല നിന്നിരുന്ന സ്ഥലം തിരഞ്ഞു നോക്കി. അവിടെ ശൂന്യമായിരുന്നു. ഒക്കെ സ്വപ്നം കണ്ടതാണ് എന്നെന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് വീട്ടിലേക്കു കയറിയതും, അമ്മ സാധാരണ ദിവസത്തെ പോലെ റേഡിയോ ഓണ്‍ ആക്കിയതും ഒരുമിച്ചായിരുന്നു.ആ സമയത്ത്   പാടിയ പാട്ട് എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു ..പത്മരാജന്‍ അവസാനമായി സംവിധാനം ചെയ്ത "ഞാന്‍ ഗന്ധര്‍വന്‍ " സിനിമയിലെ, ചിത്ര ചേച്ചി പാടിയ  "പാലപ്പൂവേ ...."  എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. ആ ദിവസം പത്മരാജന്‍ മരിച്ചിട്ട് 18 വര്‍ഷം തികയുന്ന ജനുവരി 24 ആയിരുന്നതിനാല്‍ അന്ന് മുഴുവന്‍ പത്മരാജന്‍ സിനിമകളിലെ പാട്ടുകളും, അദ്ദേഹം സംവിധാനം ചെയ്ത  ചില സിനിമകളും  ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതായും ഓര്‍ക്കുന്നു.  

എന്‍റെ നീണ്ട കാത്തിരിപ്പ്‌ തുടങ്ങിയിട്ട് വര്‍ഷങ്ങൾ ഏറെ  പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു മുഴുമിപ്പിക്കാതെ പോയ കഥകള്‍ പറയാന്‍ ഇനിയും വരുമായിരിക്കും.  ആ ഗന്ധര്‍വ  സംവിധായകനോട്  മനസ്സില്‍ അടങ്ങാത്ത പ്രണയവുമായി, പറഞ്ഞു മുഴുമിപ്പിക്കാത്ത  നക്ഷത്ര രാജകുമാരന്‍റെ ബാക്കി കഥ കേള്‍ക്കാന്‍,ഞാന്‍ കാത്തിരിക്കുന്നു.  പാലകള്‍ പൂക്കുന്ന ദിവസങ്ങളില്‍ ഗന്ധര്‍വലോകത്ത് നിന്നും അദ്ദേഹം തീര്‍ച്ചയായും ഇനിയും വരും.
-pravin-

Saturday, May 19, 2012

ജീവിതത്തില്‍ പഠിച്ചതും പഠിക്കാഞ്ഞതുംഒരു മനുഷ്യന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്ന ദിവസം തൊട്ട് അയാളുടെ  ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ ജീവിക്കണം , എന്തിനു ജീവിക്കണം, എവിടെ എത്തിപ്പെടണം, എന്നൊക്കെ  തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് പറഞ്ഞു പഠിപ്പിക്കാന്‍ നടക്കുന്ന ഒരു സമൂഹം ഉറങ്ങുന്ന    ഈ ഭൂമിയില്‍ ഞാനും ഒരു വിദ്യാര്‍ഥിയായി ജനിച്ചു. ഇനി ഓരോ ദിവസവും പഠനങ്ങളുടെയാണ്. ചിലപ്പോള്‍ ഗുരുക്കന്മാരു പോലുമില്ലാത്ത പഠന ശാലയില്‍ വെറും ഒരു വിദ്യാര്‍ഥി വേഷം കെട്ടി കൊണ്ട് നമുക്ക് മൃതിയടയെണ്ടി വരും. എനിക്കെന്തോ അങ്ങനെ ഒരു സാധാരണക്കാരനായി മരിക്കണ്ട എന്ന ഒരു തോന്നല്‍ പണ്ട് മുതലേ ഉണ്ടായിരുന്നു. ഞാന്‍ വെറുമൊരു മനുഷ്യന്‍, പലതുമാകാന്‍ കൊതിച്ചു,  പക്ഷെ, അതൊന്നും ആയില്ല. ഇപ്പോള്‍ ഒരു അന്വേഷണ യാത്രക്കിടയില്‍, വഴിയിലെ ഒരു മരച്ചുവട്ടില്‍, അല്‍പ്പ നേരം വിശ്രമിക്കുന്ന വേളയില്‍ ഞാന്‍ പലതും ഓര്‍ത്ത്‌ പോകുന്നു. പണ്ട് പഠിച്ചതും, പഠിക്കാഞ്ഞതുമായ  പലതിനെ കുറിച്ചും..

ഭാഗം 1 

  എന്‍റെ കുട്ടിക്കാലം തൊട്ടേ കേള്‍ക്കുന്ന പലരുടെയും ശബ്ദങ്ങള്‍ ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അന്ന് ഞാന്‍ ഒരു കുട്ടിയായി എല്ലാം കേട്ടു നിന്നിരുന്നു.  സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ തറ പറ എന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് മറ്റെന്തൊക്കെയോ പഠിച്ചു. അതായിരുന്നു എന്‍റെ ജീവിതത്തിലെ ഓര്‍മയില്‍ തെളിയുന്ന ആദ്യ പഠനം. പിന്നെ പലരെയും നിരീക്ഷിക്കാന്‍ തുടങ്ങി. അന്നൊക്കെ ചെറിയ ജീവികളെയും പക്ഷികളെയും കുറിച്ചു ചിന്തിക്കുമായിരുന്നു. പക്ഷികള്‍ എങ്ങനെ പറക്കുന്നു, ചെടികള്‍ എങ്ങനെ ഉറങ്ങുന്നു , അവര്‍   എങ്ങിനെ സംസാരിക്കുന്നു അങ്ങനെ അങ്ങനെ ഓരോന്നും ചിന്തിക്കുമായിരുന്നു. ..മനുഷ്യരെ കുറിച്ചു ചിന്തിക്കാന്‍ അന്ന്  ഞാന്‍ ശ്രമിച്ചില്ലേ ? അതോ മറന്നു പോയതാണോ ?  പതിയെ പതിയെ ചിന്തകള്‍ക്കും വളര്‍ച്ച വെക്കാന്‍ തുടങ്ങി.അത് പക്ഷികളെ പോലെ ഒറ്റയ്ക്ക്  പലയിടങ്ങളില്‍ പാറി നടന്ന്‌ ഒരു നെല്‍ക്കതിരും  കടിച്ചു പിടിച്ച്  തിരിച്ചു വരുമായിരുന്നു. ഉറങ്ങുന്ന എന്‍റെ മനസ്സായിരുന്നു അതിന്‍റെ വിശ്രമ സ്ഥലം . അതിനെ കൂടെന്നോ , വീടെന്നോ വിളിക്കാം. അവരവിടെ സദാസമയവും കലപില ശബ്ദം ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു. 

 എന്തൊക്കെയായിരുന്നു അന്ന് മാഷ്  പഠിപ്പിച്ചു തന്നത്. ഇന്നതൊക്കെ ഓര്‍ത്ത്‌ നോക്കുമ്പോള്‍ ചിരി വരുന്നു. പശു ഒരു വളര്‍ത്തു ജീവിയാണെന്നും പശു നമുക്ക് പാല് തരുന്നെന്നും പഠിപ്പിച്ചു. സത്യത്തില്‍  ഈ  പശു നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും വന്ന്,  കാളിംഗ് ബെല്‍ അടിച്ച് ,  നമ്മളെ വിളിച്ചുണര്‍ത്തി പാല്‍ തരുന്നുണ്ടോ ? ഇല്ല ! ആ പശുവിന്‍റെ കുട്ടിക്ക് കുടിക്കാന്‍ വേണ്ടി   ചുരത്തുന്ന പാലിനെ നമ്മള്‍ മോഷ്ടിച്ച് കുടിക്കുകയാണെന്ന് വേണം പഠിപ്പിക്കാന്‍. എന്‍റെ മനസ്സ് അന്നങ്ങനെ പറയേണ്ടിയിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞില്ല. പകരം, മാഷ്‌ പഠിപ്പിച്ചു തന്ന  കുറെ നുണകള്‍ എഴുതി വച്ച് പരീക്ഷയില്‍ ഞാന്‍ ഒന്നാമനായി. അപ്പോളും  പശു മനുഷ്യന് കുടിക്കാന്‍ പാല്‍ ചുരത്തിക്കൊണ്ടേയിരുന്നു. ഞാനാകട്ടെ , ആ പാല്  കൊണ്ടുണ്ടാക്കിയ ചായ കുടിച്ചു കൊണ്ടേ ഇരുന്നു.   

നിനക്കെന്താകാനാണ് താല്‍പ്പര്യം എന്ന് ആദ്യമായി മാഷ്‌ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ശാസ്ത്രഞ്ജന്‍ ആയാല്‍ മതിയെന്ന്. അന്നത് കേട്ടവര്‍ മുഴുവന്‍ ചിരിച്ചപ്പോള്‍, ഞാന്‍ വളരെ വിഷമത്തോടു കൂടി അവരെയെല്ലാം നോക്കി. അവര്‍ ചിരിച്ചത് ശരിയായിരുന്നെന്ന് പില്‍ക്കാലത്ത് എനിക്ക്  മനസ്സിലായി. 

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹൈ സ്കൂള്‍ ജിവിതം അവസാനിക്കാന്‍ പോകുന്നു.   ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന   ആ പത്താം ക്ലാസ് കാലത്ത്  ,  അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോളും ഓര്‍മയുണ്ട്. 

"കുട്ടികളെ , എല്ലാവരും നന്നായി പഠിച്ച് , നല്ല മാര്‍ക്ക് വാങ്ങിയാലെ, നല്ല വിദ്യാഭ്യാസവും നല്ല ജോലിയും നല്ല ജീവിതവും നിങ്ങള്‍ക്കുണ്ടാകൂ..ഈ പത്താം ക്ലാസ്സ്‌ പരീക്ഷയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കടമ്പ."(അന്നായിരുന്നു "കടമ്പ " എന്ന വാക്ക്  ആദ്യമായി  കേട്ടതെന്നു തോന്നുന്നു.)

 അന്ന് ഞാന്‍ കരുതി, ഈ പത്താം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ചാടാന്‍ വേറെ കടമ്പയൊന്നും ഉണ്ടാകില്ല  എന്ന്.   പക്ഷെ പ്ലസ്‌ട്ടുവില്‍ എത്തിയപ്പോള്‍  അവിടത്തെ മാഷുമാര്‍ വീണ്ടും ഒരു കടമ്പ  കൂടി ചാടാന്‍ പറഞ്ഞു . വീണ്ടും അതൊക്കെ വിജയകരമായി ചാടിയപ്പോള്‍ ഞാന്‍ കരുതി ഇനിയൊന്നും പേടിക്കാനില്ല. എല്ലാത്തിനെയും നേരിടാനുള്ള   എന്തെങ്കിലും ശക്തി നമുക്ക് കിട്ടുമായിരിക്കാം എന്നൊക്കെ. പിന്നെ , പിന്നെ എനിക്ക് തോന്നി തുടങ്ങി , ഇതെല്ലാം വെറും പറ്റീര് കളിയാണെന്ന്. പക്ഷെ അപ്പോളും എന്‍റെ മനസ്സില്‍ എന്തൊക്കെയോ ആകാനുള്ള കുറെ മോഹങ്ങളുണ്ടായിരുന്നു. എല്ലാം ശരിയാകുമായിരിക്കും. വീണ്ടും പഠനം തുടര്‍ന്നു. ബിരുദവും , ബിരുദാനന്തര ബിരുദവും കഴിഞ്ഞപ്പോളും പ്രത്യേക ഒരു ലക്ഷ്യവും മനസ്സില്‍ ഉണ്ടായില്ല. ഇതിങ്ങനെ പോയാല്‍ എവിടെയെത്തും ?

വിദ്യാര്‍ഥി ജീവിതത്തില്‍   പലതും പഠിച്ചു. ചരിത്രം , സയന്‍സ് , ഗണിതം , സാമൂഹ്യം , സാമ്പത്തികം , എന്ന് വേണ്ട പലതും. ലോക മഹായുദ്ധങ്ങളെ കുറിച്ചു   പഠിച്ചത്  ഭാവിയില്‍ നമ്മള്‍ തമ്മില്‍   യുദ്ധം ചെയ്യാനാണോ ?  സയന്‍സ് പഠിച്ച്    ശാസ്ത്രഞ്ജന്‍ , ഡോക്ടര്‍ ഒക്കെ ആകാന്‍ കൊതിച്ചവര്‍ ഇന്ന് കൂലിപ്പണിക്ക് പോകുന്നുണ്ട്. കോശത്തെ കുറിച്ചും കോശ വിഭജനത്തെ കുറിച്ചും പഠിച്ചു, പക്ഷെ ആര്‍ക്കും കാന്‍സര്‍ വന്നപ്പോള്‍ തടുക്കാനായില്ല.  പഠിച്ചു ഡോക്ടര്‍ ആയവര്‍ സ്വന്തം ആരോഗ്യത്തെ രക്ഷിക്കാന്‍ അതെ വിഷയം പഠിച്ച മറ്റ് ഡോക്ടര്‍മാരെ കാണാന്‍ പോകുന്ന കാഴ്ചയും കാണേണ്ടി വന്നു. സൈനും കോസും മന : പാഠമാക്കി  പഠിച്ചവര്‍ ഇന്ന് പലചരക്കു കച്ചവടം നടത്തുന്നു, പക്ഷെ പഠിച്ചതൊന്നും ആരും ഉപയോഗിച്ചതായി   കണ്ടില്ല.

"പഠിച്ചതൊന്നും ജീവിതത്തില്‍ പ്രയോഗിക്കാന്‍ പറ്റുന്നിലെങ്കില്‍ പിന്നെന്തിനായിരുന്നു വിദ്യാഭ്യാസം എന്ന പ്രഹസനത്തില്‍ ഞാനും ഒരംഗമായത്?  ഇതൊന്നുമല്ല, വേറെ എന്തൊക്കെയോ എനിക്കിനിയും പഠിക്കാനുണ്ട്. അതായിരുന്നു പഠിക്കേണ്ടിയിരുന്നത്. അതെന്തായിരുന്നു?" 

ഞാന്‍ പോലുമറിയാതെ എന്‍റെ മനസ്സില്‍ ഇങ്ങനെ  ഓരോന്ന്  പറഞ്ഞു കൊണ്ട്  രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍  ദ്വന്ദ യുദ്ധം തുടങ്ങിയിട്ട് നാളുകളായി. ആയിടക്കാണ് എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ഞാന്‍ പ്രവാസത്തിനു ഒരുങ്ങുന്നത്. അത്  കേട്ട ശേഷം,   യുദ്ധം ചെയ്യുന്ന മനസ്സിലെ പോരാളികള്‍ താല്‍ക്കാലികമായി യുദ്ധം നിര്‍ത്തി.

പ്രവാസിയായി ഗള്‍ഫിലേക്ക്  പറക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഞാന്‍ ഇതൊക്കെ പഠിച്ചത് ? ആ ദ്വേഷ്യം കാരണം പ്രവാസിയായി പറന്നപ്പോളും, പഠിക്കാന്‍ പറഞ്ഞ  പലതും ഞാന്‍ പഠിച്ചില്ല. "ഇനി എന്തൂട്ട് പഠിപ്പ് ഷ്ടാ ...ജീവിതം പോയില്ലേ.." എന്ന കണക്കെ മനസ്സ് മാറി പോയിരുന്നു.

 ഭാഗം 2

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ   പ്രവാസത്തില്‍ എന്ത് നേടി.?.എന്ത് നഷ്ടപ്പെട്ടു ? ..എന്ത് കേട്ടു ? എന്ത് കണ്ടില്ല ?..ഒരായിരം ചോദ്യങ്ങള്‍.. ഈശ്വരാ വീണ്ടും പഴയ അതെ ശബ്ദങ്ങള്‍ ദൂരത്തു നിന്നും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്‍റെ ഉള്ളിലെ മരിച്ചെന്നു കരുതിയ പോരാളികള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുന്നു. പക്ഷെ ഇപ്പോള്‍ ശത്രുപക്ഷമില്ല. ഇരു വിഭാഗവും ഒരുമിച്ചിരിക്കുന്നു. അവര്‍ എന്നെ വരിഞ്ഞു മുറുക്കി എവിടെയോ കെട്ടിയിട്ടു. എന്നിട്ട് , എനിക്ക് ചുറ്റും എന്തൊക്കെയോ വിളിച്ചു കൂവിക്കൊണ്ട് നൃത്തം ചെയ്തു.  ഒടുക്കം എന്നെ വരിഞ്ഞ കെട്ടുകള്‍ പൊട്ടിച്ചു കളഞ്ഞ ശേഷം അവര്‍ക്കൊപ്പം ഞാനും കൂടി. അവരെന്നോട് ഒരു ദൂര യാത്ര ചെയ്യാന്‍ പറയുകയും ചെവിയില്‍ എന്തൊക്കെയോ ഓതി തരുകയും  ചെയ്തു. 

 "യഥാര്‍ത്ഥ ജീവിതം എന്താണ് ? എന്തിനു വേണ്ടിയാണ് ? ആത്യന്തികമായ  ജീവിത ലക്‌ഷ്യം എന്താണ്? ഒരു മനുഷ്യന്‍റെ സാധാരണ ജീവിതം എന്ന് പറഞ്ഞാല്‍ കുടുംബ ജീവിതത്തില്‍ കുടുങ്ങി നില്‍ക്കുന്ന ഒന്നല്ലേ? അച്ഛനോടും അമ്മയോടും ഭാര്യയോടും മക്കളോടും ഉള്ള കടമകള്‍ മാത്രമാണോ ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ? ഇങ്ങനെ ജീവിച്ചു പോകുന്നതിനിടയില്‍  മറ്റെന്തെങ്കിലും തേടാന്‍ ഒരാള്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല ? എന്താണ് പരമമായ സത്യം ?  അതോ ഈ യാത്ര  തന്നെയാണോ ജീവിതം..?..."

ഒരു കാര്യം ഉറപ്പ്, ഒരു വലിയ സത്യം ഇവിടെ എവിടെയോ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്.  അതെവിടെയെന്ന എന്‍റെ  ഈ  അന്വേഷണ   യാത്രക്കിടയില്‍ പാഥേയവുമായി ഈ    മരച്ചുവട്ടില്‍ ഞാന്‍ ഇരിക്കുംബോളും എനിക്ക് ചുറ്റും അവര്‍ നൃത്തം ചവിട്ടുന്നു. സമയം കളയാതെ , വീണ്ടും യാത്ര തുടരാന്‍ അവര്‍ പറയുമ്പോളും എനിക്കറിയില്ല എങ്ങോട്ട് പോകണമെന്ന്. 

   മുന്നില്‍ ഒരുപാട് വഴികളുണ്ട്. എങ്ങോട്ടും പോകാം. സ്ഥിരമായ   ശരിയും തെറ്റും ഇല്ല എന്ന് തോന്നുന്ന തരത്തില്‍ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന വഴിത്താരകള്‍ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു. 

 എനിക്ക് ജരാനരകള്‍ ബാധിച്ചിരിക്കുന്നെങ്കിലും, ചിന്തകളിലെ എന്‍റെ യൌവ്വനം എനിക്ക്  വീണ്ടും വീണ്ടും  സഞ്ചരിക്കാന്‍ വേണ്ട ഊര്‍ജം പകര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്‍റെ അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നതിനും എത്രയോ മുന്‍പ്,  പാതി വഴിയില്‍ വച്ച് ഞാന്‍ ഒരു പക്ഷെ വീണു പോയേക്കാം .. പക്ഷെ വീഴുന്നതിനു മുന്‍പ്  , ഈ ഭൂമിയില്‍  ഒരിക്കല്‍ ഞാന്‍ ജീവിച്ചിരുന്നെന്ന് എന്നെങ്കിലും എന്നെ ബോധിപ്പിക്കാനെങ്കിലും ഈ വഴിത്താരയിലൂടെ ഞാന്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 

 ഇനി ദീര്‍ഘിപ്പിക്കുന്നില്ല, ഞാന്‍ യാത്ര തുടരട്ടെ. 

-pravin-

Sunday, May 13, 2012

അദൃശ്യ മാനസികരോഗികള്‍

  ഈ ലോകത്തുള്ള ഒരു മനുഷ്യനും മാനസികമായി പൂര്‍ണ ആരോഗ്യവാനല്ല. എല്ലാവരിലും ഒരു മാനസികരോഗി അവര് പോലും അറിയാതെ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒട്ടും ഉപദ്രവകാരികളല്ല ഇവരൊന്നും എന്ന ഒരേയൊരു കാരണം കൊണ്ടാണ് പലരും മനോരോഗവിദഗ്ദ്ധനെ കാണാതിരിക്കുന്നത്. ഞാനും  അത്തരത്തില്‍ ഒരു രോഗിയാണോ എന്ന തോന്നല്‍ പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. നിങ്ങള്‍ അതിശയിക്കണ്ട, നിങ്ങളും ഒരു മാനസികരോഗിയാണ്. 

 പലപ്പോഴും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ പേടി തോന്നുമെങ്കിലും, ഒന്ന് ചാടിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചു പോയേക്കാം. പഞ്ഞി പോലെ കനമില്ലാതെ അങ്ങനെ കുറച്ചു നേരമെങ്കിലും നമുക്ക്  പറക്കാന്‍ സാധിക്കും. ഭൂമിക്ക് ഈ ഗുരുത്വാകര്‍ഷണം  ഇല്ലായിരുന്നെങ്കില്‍ കെട്ടിടങ്ങളില്‍ നിന്നു വീണു മരിച്ചു എന്ന വാര്‍ത്തകള്‍ കേള്‍ക്കെണ്ടിയിരുന്നില്ല  ല്ലേ ! പക്ഷെ എന്ത് ചെയ്യാനാകും, നമുക്ക് ദൈവം ചിറകുകള്‍ തന്നില്ല, വിമാനം പറത്തിക്കാനുള്ള ബുദ്ധി മാത്രമേ തന്നുള്ളൂ. 

  അത് പോലെ തന്നെ, ആഴമുള്ള കടല്‍ തിരമാലകളില്‍ നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. തിര വന്നു കാലില്‍ തട്ടി വിളിക്കുമ്പോള്‍ അതിനൊപ്പം ഉള്‍ക്കടല് വരെ ഒലിച്ചു പോയാലോ? ശ്വാസം മുട്ടി ആഴമുള്ള കടലില്‍ നീന്തുന്ന നേരത്തയിരിക്കും മനുഷ്യനെ തിന്നാന്‍ കൊമ്പന്‍ സ്രാവുകള്‍ വരുക. അവറ്റങ്ങളുടെ വായ്ക്കുള്ളിലെങ്ങാനും പെട്ടാല്‍, പിന്നത്തെ കഥ പറയാനില്ല. ഹോ..അങ്ങനെ എന്തോരം തോന്നലുകള്‍ മനസ്സില്‍ വന്നു പോകുന്നു. പക്ഷെ ഇതൊന്നും അത്ര കാര്യമാക്കണ്ട ട്ടോ. ഇതൊക്കെ എനിക്കും നിങ്ങള്‍ക്കും ആര്‍ക്കും തോന്നാവുന്ന ചില തോന്നലുകളാണ്. 

 വേറെ കുറെ സംഭവങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ചില ആളുകള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, കൈയ്യില്‍ കിട്ടിയ പേപ്പര്‍ കീറി പറിക്കും, ചിലര്‍ നടന്നു സംസാരിക്കുമ്പോള്‍ വഴിയിലുള്ള ഇലകള്‍ നുള്ളി പറിച്ചു കൊണ്ടേയിരിക്കും ,   മുന്നിലുള്ള പേപ്പറുകളില്‍ പേന കൊണ്ട് ചിത്രം വരക്കും. ഫോണ്‍ വിളി കഴിഞ്ഞു ചുറ്റുപാടും നോക്കുമ്പോളാണ് അയാളുടെ കരവിരുതുകള്‍ ശരിക്കും ബോധ്യപ്പെടുക. 

    രാവിലെ എഴുന്നേല്‍ക്കാന്‍ അലാറം വെക്കുന്ന സ്വഭാവം പലര്‍ക്കും ഉണ്ട്. ഇക്കൂട്ടത്തില്‍ ഒരു രസികന്‍ ഉണ്ട്, എഴുന്നെല്‍ക്കേണ്ട യഥാര്‍ത്ഥ സമയത്തിനും ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പേ തന്നെ അലാറം അടിക്കാന്‍ തുടങ്ങും. ഓരോ അഞ്ചു പത്തു മിനുട്ടിലും അയാള്‍ എഴുന്നേല്‍ക്കുകയും അലാറം ഓഫ്‌ ചെയ്തു വീണ്ടും കിടക്കുകയും ചെയ്യും.  പിന്നെയും പത്തു മിനുട്ടിനുള്ളില്‍ വീണ്ടും ഇത് തന്നെ തുടരും. അവസാനം അയാള്‍ കൃത്യനിഷ്ടതയോടെ എഴുന്നേല്‍ക്കും. ഒരിക്കല്‍ ഈ വ്യക്തിയോട് ഞാന്‍ ചോദിച്ചു. 

' ഡോ..താനെന്തിനാടോ ഇങ്ങനെ മറ്റുള്ളവരുടെയും കൂടി ഉറക്കം കളയാന്‍ വേണ്ടി അലാറം ഇങ്ങനെ അടിപ്പിക്കുന്നത്? എഴുന്നെല്‍ക്കേണ്ട സമയത്ത് ഒരൊറ്റ അലാറം വച്ചാല്‍ പോരെ ? '

അതിനയാളുടെ മറുപടി ഇതായിരുന്നു 'എന്ത് ചെയ്യാനാ ഷ്ടാ പണ്ട് മുതലേ തുടങ്ങി വച്ച ഒരു ചടങ്ങാണ് ഇത്...ഇങ്ങനെ അലാറം അടി കേട്ടില്ലെങ്കില്‍ ആ ദിവസം ഉറങ്ങിയ പോലെ തോന്നുകയേ ഇല്ല. അതാ ഞാന്‍...ഓരോ ശീലം ആണ് ട്ടോ .."

'ഇതിനെയാണോ ഡോ ശീലം എന്ന് പറയുന്നത്..ഇത് ഭ്രാന്താണ് ..മുഴുത്ത ഭ്രാന്ത്.." ഞാന്‍ ദ്വേഷ്യം കൊണ്ട് തല ചൊറിഞ്ഞു. 

അവസാനം ഞാന്‍ അയാളെ ഉപദേശിച്ച്  നന്നാക്കി.  എന്നിട്ടോ....ഇപ്പോള്‍ ഞാനും അങ്ങനെ അലാറം അടിപ്പിക്കാന്‍ തുടങ്ങി. സംഭവം രസമാണ് ട്ടോ. ഒഴിവു ദിവസങ്ങളിലും ഈ അലാറം അടിപ്പിക്കും. എന്നിട്ട് അത് ഓഫാക്കി കിടക്കുമ്പോള്‍ മനസിനുണ്ടാകുന്ന ഒരു സന്തോഷം അതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല,  ഇതിനെയാണോ ഞാന്‍ ഭ്രാന്തെന്ന് വിളിച്ചത് ! 

ഇത് പറഞ്ഞപ്പോളാണ് എന്‍റെ ഒരു സുഹൃത്തിന്‍റെ അയല്‍വാസിയുടെ കഥ ഓര്‍മ വരുന്നത്. ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്ത് താമസിച്ചിരുന്ന ഒരു വ്യക്തി, അയാള്‍ക്ക്‌  ജോലിയില്‍ സ്ഥാന കയറ്റം കിട്ടിയപ്പോള്‍ മറ്റൊരു സ്ഥലത്തേക്ക്  താമസം മാറേണ്ടി വന്നു. താമസിക്കേണ്ടി വന്നത് കായലും പുഴയും ഒന്നുമില്ലാത്ത ഒരു പറമ്പിനു നടുക്ക്. അതും ഒറ്റയ്ക്ക്. രാത്രികളില്‍ ഇയാള്‍ ഉറങ്ങാതെ അസ്വസ്ഥനായി കൊണ്ടേയിരുന്നു.  . അങ്ങനെയിരിക്കെ, ഇയാള്‍ ഒരു വലിയ പമ്പ് സെറ്റ് വാങ്ങി തൊടിയില്‍ വച്ചു. അയാള്‍ കിടക്കുന്ന റൂമില്‍ കിടന്നു കൊണ്ട് തന്നെ ഓണും ഓഫും ചെയ്യാവുന്ന ഒരു സംവിധാനവും. രാത്രി കാലങ്ങളില്‍ പമ്പ് സെറ്റ് സാമാന്യം ശബ്ദത്തില്‍ തന്നെ പ്രവര്‍ത്തിക്കും . കുറച്ചു സമയങ്ങള്‍ക്കു ശേഷം ഓഫാക്കുകയും  ചെയ്യും. ഇത് ശ്രദ്ധയില്‍പ്പെട്ട  ചില അയല്‍വാസികള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വിചിത്രമായ മറുപടിയായിരുന്നു. ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്തു താമസിച്ചിരുന്ന ഇയാള്‍ക്ക് എന്നും കേള്‍ക്കാറുണ്ടായിരുന്ന ബോട്ടിന്‍റെ മോട്ടോര്‍ ശബ്ദം പെട്ടെന്ന് കേള്‍ക്കാതായപ്പോള്‍ ഭയങ്കര അസ്വസ്ഥത തോന്നിയത്രേ. ആ അസ്വസ്ഥത നികത്താനത്രേ താല്‍ക്കാലിക ശമനത്തിനായി അതെ ശബ്ദം  ഉണ്ടാകുന്ന ഒരു പമ്പ് സെറ്റ്  ഉറങ്ങുന്ന റൂമിന്‍റെ ഭാഗത്തെ തൊടിയില്‍  പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആ ശബ്ദം കേള്‍ക്കാതെ അയാള്‍ക്ക്‌ ഉറങ്ങാനാകില്ല. 

   ചിലര്‍ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും പോകാറുണ്ട്. ചില അപ്പൂപ്പന്മാര്‍ വടിയും കുത്തിക്കൊണ്ടു ഓടാന്‍ പോകാറില്ലേ., അത്തരത്തില്‍ ഓടാറുള്ള ഒരു അപ്പൂപ്പന്‍ എന്നും കൈയിലുള്ള വടി കൊണ്ട് ഓടുന്ന വഴിയിലെ ചെടികളെ തല്ലുമായിരുന്നു. ഒരിക്കല്‍ ഓട്ടത്തിനിടയില്‍ വടി കൊണ്ട് തല്ലിയപ്പോള്‍ ചെടിയില്‍ കൊണ്ടില്ല. ആ ദ്വേഷ്യം മാറാന്‍ പിന്നോട്ട് തന്നെ നടന്നു വന്ന് അപ്പൂപ്പന്‍ ആ ചെടിയെ ആഞ്ഞടിച്ചു. പിന്നീടുള്ള എല്ലാ ഓട്ടങ്ങളിലും അപ്പൂപ്പന്‍ ആ ചെടിയെ ഒരു ശത്രുവായി കണ്ടു മറ്റ് ചെടികളെ അടിക്കുന്നതിനേക്കാള്‍ ശക്തിയില്‍ അടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആ ചെടി വേരറ്റു വീണു കാണും എന്ന് തോന്നുന്നു. 

നമ്മളില്‍ ചിലര്‍ ലക്ഷണങ്ങളിലും   നിമിത്തങ്ങളിലും കൂടുതല്‍ വിശ്വസിക്കുന്നവരുണ്ട്. ഏതെങ്കിലും ഒരു നല്ല കാര്യത്തിനു പുറപ്പെടും മുന്നേ ടോസ് ചെയ്തും നറുക്കെടുത്തും സ്വന്തം ഭാഗ്യം പരിശോധിക്കുന്നവരും ഉണ്ട്. ചിലരില്‍ ഈ പ്രവണത കൂടുതല്‍ കണ്ടു വരുന്നു.

 ഒരു ദിവസം രണ്ടു തവണ കുളിക്കുന്ന സ്വഭാവക്കാരാണ് അധികപേരും. ചുരുക്കം ചില ആളുകളുണ്ട് കുളിച്ചിട്ടും കുളിച്ചിട്ടും മതി വരാത്തവര്‍. ഞാനും സമയം കിട്ടുകയാണെങ്കില്‍ കൂടുതല്‍ തവണ കുളിക്കാന്‍ ഇഷ്ടപെടാറുണ്ട്‌. എങ്കിലും സ്ഥിരം അങ്ങനെ അധിക കുളികള്‍ പാസ്സാക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോ ട്ടോ. 

  കഴുകിയ പാത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകുന്ന അമ്മമാര്‍ ഉണ്ട്. ആരെന്തു സഹായം ചെയ്തു കൊടുത്താലും ഇത്തരം അമ്മമാര്‍ക്ക് തൃപ്തിയാകില്ല. വീട് എപ്പോളും വൃത്തിയാക്കി കൊണ്ടേ ഇരിക്കും. ഒരു കാര്യവുമില്ലാതെ അതിനെ കുറിച്ചു വേവലാതി പെട്ടു കൊണ്ടേയിരിക്കും. ഇത്തരം അമ്മമാര്‍ക്ക് മരുമക്കളുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടാറുണ്ട്‌. 

    ആളുകളെ പരിചയപ്പെടുമ്പോള്‍ കൈ കൊടുക്കുന്ന സ്വഭാവക്കാരാണ് നമ്മള്‍. പക്ഷെ ചിലര്‍ കൈ കൊടുക്കാന്‍ മടിക്കാറുണ്ട്. ഇനി കൊടുത്താല്‍ തന്നെ എവിടെയെങ്കിലും പോയി കൈ കഴുകാതെ ഇത്തരക്കാര്‍ക്ക്   സമാധാനം കിട്ടില്ല. എപ്പോളും രോഗാണുബാധയെ പേടിച്ചാണ് ഇവര്‍ ജീവിക്കുക. 

  ഇനി പറയുന്നത് ഭൂരിഭാഗം ആളുകളിലും ഉണ്ടാകുന്ന ചില കാര്യങ്ങളാണ്. സൌന്ദര്യം തന്നെയാണ് വിഷയം. തന്‍റെ സൌന്ദര്യം മറ്റുള്ളവരുമായി സ്വന്തം മനസ്സില്‍ താരതമ്യപ്പെടുത്തുക, അത് മറ്റുള്ളവരില്‍ നിന്നു കൂടുതലോ കുറവോ എന്ന് നോക്കുക തുടങ്ങിയവയെല്ലാം ഇതില്‍ പെടും.  കൂടുതലാണെങ്കില്‍ അത്ര തന്നെ പ്രശ്നം ഇല്ല. പക്ഷെ എന്ന് കുറവ് തോന്നുന്നോ അന്ന് പ്രശ്നങ്ങള്‍ തുടങ്ങും. വാര്‍ദ്ധക്യത്തെയും അസുഖങ്ങളെയും പേടിക്കുന്ന ഇവര്‍, പൊഴിയുന്ന മുടികളെ കുറിച്ചും, പ്രായം തോന്നിക്കുന്ന തൊലികളെ കുറിച്ചും സദാ ചിന്തിച്ചു കൊണ്ടിരിക്കും. കഷണ്ടി വരുന്നതും , മുടി നരക്കുന്നതും, പല്ല് കേടാകുന്നതുമെല്ലാം ഇവര്‍ വളരെ ആശങ്കയോടെ കാണുന്നു. 

  കൂടുതല്‍ എഴുതി എഴുതി ഞാന്‍ ഒരു വലിയ മാനസിക രോഗിയാകാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വായിച്ചെന്നു കരുതി നിങ്ങളും മാനസിക രോഗിയാകില്ല. മനസ്സ് എന്ന ശക്തിയെ തിരിച്ചറിഞ്ഞാല്‍ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ.  മനസ്സിനെ എവിടെയും കെട്ടിയിടാതെ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ സഞ്ചരിക്കാന്‍ വിടൂ. മനസ്സില്‍ സ്നേഹമെന്ന സൌന്ദര്യം നിറയുമ്പോള്‍ നമ്മളെല്ലാവരും സുന്ദരന്മാരും സുന്ദരികളും ആകുന്നു. അവിടെ നിങ്ങളെ തേടി, അസുഖങ്ങളും, ജരാനരകളും, എന്തിനു പറയുന്നു മരണം പോലും പിന്നെ വരില്ല. 
 -pravin- 

Thursday, May 10, 2012

ചിരിക്കുന്ന ( ചില ) മുഖങ്ങള്‍

ചിരിക്കുന്ന  ( ചില ) മുഖങ്ങളുള്ളവരെ 
എനിക്കിപ്പോള്‍ പേടിയാണ് .
സമയം കിട്ടുമ്പോള്‍ അവര്‍ പലരും
എന്നോട് കുശലം പറയാന്‍ വരുമായിരുന്നു. 
വളരെ സ്നേഹത്തോടെ പെരുമാറുമായിരുന്നു.  
അവസാനം സ്നേഹം  കൊണ്ട്  ശ്വാസം മുട്ടിക്കും വിധം
മുറുക്കെ അമർത്തി   കെട്ടിപ്പി ടിക്കും. 
പതിയെ കൂര്‍ത്ത   ദംഷ്ട്രകള്‍ കൊണ്ട് കഴുത്തില്‍ കടിച്ച്
അവര്‍ ചോര വലിച്ച് കുടിക്കും  
അങ്ങനെ എത്രയെത്ര തവണ  എത്രയെത്ര പേർ
ചിരിച്ചു കൊണ്ടങ്ങിനെയെന്റെ
 ചോര കുടിച്ചിരിക്കുന്നെന്നോ ..
എന്നിട്ടും ഞാന്‍ ഇന്ന് ജീവിക്കുന്നു- ചോരയില്ലാതെ,
 കഴുത്തിനു ചുറ്റും ദംഷ്ട്രകള്‍ സമ്മാനിച്ച കുഴിഞ്ഞ മുറിപ്പാടുകളുമായി. 
-pravin-

Sunday, May 6, 2012

കാലുകള്‍


ഔസേപ്പേട്ടന്‍ ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവിടെക്കോടി ചെന്നു. ഓടി ചെല്ലാന്‍ മാത്രം എനിക്ക്  അദ്ദേഹത്തോട്  വലിയ   കടപ്പാട്  ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ. 

ഔസേപ്പേട്ടന്‍ നല്ല സംസാരപ്രിയനാണ്. ഇപ്പോഴും എനിക്ക് നാട്ടിന്‍പുറത്തെ പഴയ കഥകളൊക്കെ പറഞ്ഞു തരും. ആശുപത്രിയാണോ എന്നൊന്നും ഞാന്‍ നോക്കിയില്ല അദ്ദേഹത്തിന്‍റെ ബന്ധുക്കളെയെല്ലാം വകഞ്ഞു മാറ്റി ഞാന്‍ അദ്ദേഹത്തിന്‍റെ കിടക്കക്ക് സമീപം കസേരയിട്ട് ഇരുന്ന് ,   വളരെ പക്വമായി  സംസാരം തുടങ്ങി. പതിവ് പോലെയല്ല ഔസേപ്പേട്ടന്‍ സംസാരിക്കാന്‍ തുടങ്ങിയത്. കഥകള്‍ക്ക് പകരം അന്ന് ഔസേപ്പേട്ടന്‍ മറ്റെന്തൊക്കെയോ പറയാന്‍ തുടങ്ങി.  ഒരു ചെറിയ  കുട്ടി  ശ്രദ്ധിക്കുന്ന പോലെ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കി. 

 "പണ്ടത്തെ പോലെയല്ല , കുറച്ചു നടക്കുമ്പോള്‍ തന്നെ രണ്ടു കാലുകളും വല്ലാതെ വേദനിക്കുന്നു. മിലിട്ടറിയില്‍ ആയിരുന്ന സമയത്ത് എന്തോരം മലകള്‍ ഓടിയും ചാടിയും കയറിയിരുന്നതാണ്. ഇപ്പോള്‍ എന്ത് പറ്റി എനിക്ക്? ഔസേപ്പേട്ടന്‍ ഒരു ചെറിയ  വിഷമത്തോടു കൂടെ പഴയ ഓര്‍മ്മകള്‍ പറയാന്‍ തുടങ്ങി. 

" ഇല്ല . ഒന്നും സംഭവിച്ചിട്ടില്ല. പഴയ പോലെ ഇനിയും നമുക്ക്  പറമ്പിലൂടെ കൃഷി കാര്യങ്ങള്‍ നോക്കി, കഥകള്‍ പറഞ്ഞ് ഓടിയും ചാടിയും നടക്കാം ഔസേപ്പെട്ടാ..." ഞാന്‍ അദ്ദേഹത്തിന്‍റെ പഴയ ഊര്‍ജ്വസ്വലത വീണ്ടെടുക്കാന്‍  തരത്തില്‍ ആശ്വസിപ്പിച്ചു. 

"കൊതി തീര്‍ന്നിട്ടില്ല ഈ ഭൂമിയില്‍ കാല്‍ ചവിട്ടി നടന്നിട്ട്, അപ്പോളേക്കും ഈ ആശുപത്രി കിടക്കയില്‍ എന്നെ കര്‍ത്താവ് എന്തിനാ ഇങ്ങനെ കൊണ്ട് കിടത്തിയത് .എനിക്ക്  പ്രായമായെന്നും   , ഷുഗര്‍ കൂടുതലാണ്   എന്നൊക്കെ മക്കള്‍ ശബ്ദമടക്കി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്  .. എന്തോ..എനിക്ക് അത് വിശ്വസിക്കാനേ പറ്റുന്നില്ല. .."  ഔസേപ്പേട്ടന്‍ ഞാന്‍ കൊടുത്ത നാടന്‍ നേന്ത്ര പഴം കഴിക്കുന്നതിനിടയില്‍ എന്നോട് വളരെ വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. 

"ഹാഹ് ...കാലുകളില്‍ വേദന തുളച്ചു കയറുന്നു. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല .... എനിക്കിങ്ങനെ കിടക്കാന്‍ പറ്റില്ല. ഒന്ന് പറമ്പിലൂടെ നടന്നു തുടങ്ങിയാലേ ഇനി ഇത് ശരിയാകൂ..അല്ലാതെ.. ഇതിപ്പോ എന്നാത്തിനാ എന്നെ ഇങ്ങനെ ആശുപത്രി കിടക്കയില്‍  കിടത്തിയിരിക്കുന്നത് .. ഇന്ന് കൂടി കഴിഞ്ഞാല്‍ പോകാം എന്നല്ലേ പറഞ്ഞത്..പിന്നെന്താ ആരും ഒന്നും പറയാത്തത് ?" 

ഔസേപ്പേട്ടന്‍  വിഷാദരൂപം കൈക്കൊണ്ടു കൊണ്ട്  കൂടുതല്‍ വാചാലനായിക്കൊണ്ടിരിക്കുന്നു. 

ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയപ്പോളെക്കും, നേഴ്സ് ഔസേപ്പെട്ടനുള്ള വീല്‍ ചെയറുമായി വന്നു. ഞാന്‍ ഔസേപ്പെട്ടനെ താങ്ങി പിടിച്ചു. മറ്റുള്ളവരും സഹായത്തിനെത്തി. 

വണ്ടിയില്‍ കയറാന്‍ തിടുക്കം കാണിച്ച ഔസേപ്പേട്ടന്‍  കൈ കിടക്കയില്‍ കുത്തി അമര്‍ത്തി എണീക്കാന്‍ ശ്രമിച്ചു. ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. തന്നെ പുതച്ചിരുന്ന പുതപ്പു നഴ്സ് മാറ്റുന്നതിനിടയില്‍ വെള്ള തുണി കൊണ്ട് പഞ്ഞി വച്ച് കെട്ടിയ ഇടതു കാലിനെ നോക്കി അദ്ദേഹം പൊട്ടിക്കരയാന്‍ തുടങ്ങി. ഞാനും പതിയെ  ആ കാലുകളിലേക്ക് നോക്കി.  ആ  കാല്‍  മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു എന്ന് ഒരു നിമിഷത്തിന്‍റെ കാഴ്ചയില്‍ തന്നെ എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ തല വെട്ടിച്ചു മാറ്റി, അദ്ദേഹത്തെ കെട്ടിപിടിച്ചു കരഞ്ഞു. ഇനി ഒരിക്കലും അദ്ദേഹത്തിനു എന്‍റെ കൂടെ പറമ്പില്‍ കൂടെ ഓടി ചാടി നടക്കാന്‍ ആകില്ല എന്ന യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി വരാന്‍ വളരെ സമയം എടുത്തു. 

വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ചിരിയും കളിയും കഥ പറച്ചിലുമായി ഔസേപ്പെട്ടനെ വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ട്   പാടത്തും പറമ്പിലൂടെയും   ഉന്തി നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ വച്ച്   കരഞ്ഞു കളഞ്ഞ കണ്ണീര്‍ തുള്ളികളെയും   വിധി എന്ന കുട്ടിക്കുരങ്ങനെയും നോക്കി കൊഞ്ഞലം കാണിക്കാന്‍ പഠിച്ചിരുന്നു. 
-pravin-

Thursday, May 3, 2012

ഞാനും എന്‍റെ പ്രണയവും പിന്നെ പ്രണയിനിയും

ഞാന്‍ 

ഉറങ്ങാന്‍ എനിക്ക് മാത്രം സന്ധ്യ മയങ്ങി തന്നില്ല,

ഉണരാന്‍ എനിക്ക് മാത്രം പകല്‍ ഉദിച്ചു തന്നില്ല, 

ചിന്തിക്കാന്‍ എനിക്കാരോ ഒരുപാട് ദിവസങ്ങള്‍ തന്നെങ്കിലും , 

അറിയുവാനായില്ല എനിക്കെന്നെ തന്നെ. 

എന്‍റെ പ്രണയം 

എന്‍റെ പ്രണയ  സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തത് നീയായിരുന്നു.  

യാഥാര്‍ത്ഥ്യങ്ങള്‍ക്കു പക്ഷെ, നീ പറഞ്ഞ  നിറമല്ല   എന്ന് തോന്നി തുടങ്ങിയപ്പോള്‍ 
നിറങ്ങളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി .

പിന്നീടു എനിക്ക് ഒരു നിറത്തോട് മാത്രം തോന്നിയ   പ്രണയം,
അതെന്നെ എങ്ങോട്ടോ വലിച്ചിഴച്ചു കൊണ്ട്  പോയി. 

എന്‍റെ ഹൃദയത്തിന്‍റെ അവസാന തുടിപ്പ് വരെ ഞാന്‍ 
അതിനെ തന്നെ നോക്കിയിരുന്നു പോയി.


അത്രയ്ക്ക് ഞാന്‍ ഇഷ്ടപ്പെട്ടു  പോയിരുന്നു 

ചോരച്ചുവപ്പെന്ന നിറത്തെ.

പ്രണയിനി 
എന്‍റെ പ്രണയിനീ ..

നീയെന്‍ മനസ്സില്‍  മൃതിയടഞ്ഞിട്ടൊരുപാട്  നാളായെങ്കിലും,

ഇന്നുമെന്‍ ഓര്‍മകളില്‍ ആ പഴയ കാലത്തിന്‍ പാദസരം കിലുക്കാന്‍ എന്തിനു നീ വരുന്നു ?

പുതുമഴയുടെ ഗന്ധമായി വന്നെന്തിനെന്‍ ഓര്‍മകളെ ത്രസിപ്പിക്കുന്നു ?

നീയെന്‍ ജീവസഖിയായി വരില്ല എന്നറിഞ്ഞ   ഏതോ ഒരു  നിമിഷത്തില്‍

എന്‍റെ പ്രണയവും പിടഞ്ഞു മരിച്ചു പോയതോര്‍മ്മയില്ലേ ?

-pravin-

Wednesday, May 2, 2012

ഫ്ലാറ്റ് ജീവിതം


കൊച്ചി കായലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ ഫ്ലാറ്റില്‍ നിന്ന് കായലിലേക്ക് നോക്കി നില്‍ക്കുന്ന ഒരു വൃദ്ധ . അവരുടെ മുഖത്ത് എന്തിനോ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ നഷ്ടപെട്ടിരിക്കുന്നു. പാലക്കാടുള്ള ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക് ഒരേ ഒരു മകനെ ഉണ്ടായിരുന്നു. മകനെ പഠിപ്പിച്ചു വലിയ നിലയിലാക്കിയതും കല്യാണം നടത്തിയതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു . മകന്‍റെ വിവാഹ ശേഷം അവര്‍ കൊച്ചിയില്‍ പുതുതായി വാങ്ങിയ ഫ്ലാറ്റിലേക്ക് താമസം മാറി. ഗ്രാമവും പശുക്കളും ഒക്കെ ഇഷ്ടപെട്ടിരുന്ന അവര്‍ ഭര്‍ത്താവിന്‍റെ മരണ ശേഷം മകന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൊച്ചിയിലെത്തിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം   കഴിയുന്നു. ഈ ഫ്ലാറ്റ് ജീവിതം അവര്‍ക്കൊരു തരം   ജയില്‍ വാസമാണ് എന്നെനിക്കു പലപ്പോളും തോന്നിയിട്ടുണ്ട്. 

ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു പെട്ടിക്കൂട് പോലെയുള്ള റൂമില്‍ കഴിയുക അസഹനീയം. എന്ത് ചെയ്യാം, അവരുടെ  ഇന്നത്തെ  അവസ്ഥ അതായി പോയി. മകനും മരുമകളും രാവിലെ പോയാല്‍ തിരിച്ചു വരാന്‍ രാത്രിയാകും. അപ്പോളേക്കും അവര്‍  നല്ല ഉറക്കത്തിലുമാകും.

"ആരോടെങ്കിലും ഒന്ന് സംസാരിക്കാം എന്ന് വച്ചാല്‍ ഒക്കെ ഇംഗ്ലീഷ് മാത്രം പറയുന്ന കൊച്ചുങ്ങളാണ് അധികവും ഇവിടൊക്കെ. വലിയവര്‍ ആണെങ്കില്‍ മിണ്ടാതെ ബലം പിടിച്ചു നടക്കുന്നവരും. എത്ര കാലം ഇങ്ങനെ ജീവിക്കണം എന്നറിയില്ല. സത്യം പറഞ്ഞാല്‍ ഭൂമിയില്‍ കാലു കുത്തിയിട്ട് ഇന്നേക്ക് രണ്ടു മാസമായി. പണ്ടൊക്കെ അവന്‍ വരുമ്പോള്‍ എന്നെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. ഇപ്പോള്‍ അതിനും അവനു സമയമില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എല്ലാ അച്ഛനമ്മമാര്‍ക്കും മക്കളെ വലിയവരാക്കി മാറ്റാന്‍ തിടുക്കമാണ്. അത് കൊണ്ടല്ലേ അവര്‍ക്കിങ്ങനെ ഒക്കെ തിരക്കാകുന്നത്." ആ കണ്ണുകള്‍ എന്നോട് സംസാരിച്ചു. 

ഇത് ഒരു വൃദ്ധയുടെ കഥയല്ല. മലയാളിയുടെ ഫ്ലാറ്റു ജീവിതത്തില്‍ ഞാന്‍ അറിയാതെ കണ്ടു പോയ ഒരു സംഭവമാണ്. ഇനിയുള്ള തലമുറകള്‍ ഒരു ഫ്ലാറ്റില്‍ ജനിച്ചു വളര്‍ന്നു അതെ ഫ്ലാറ്റില്‍ തന്നെ മരിച്ചു പോയേക്കാം. അയല്‍വാസികള്‍ ആരാണെന്നു അറിയാത്ത , മലയാളം സംസാരിക്കുന്നതു മോശമായി കരുതുന്ന , തിരക്കിനിടയില്‍ കുടുംബം നോക്കാന്‍ സമയം ഇല്ലാത്ത , അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ അയക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സമ്പൂര്‍ണ്ണ സാക്ഷരരായ നമ്മള്‍ മലയാളിക്ക് ഇനി ഇതു ദിവസ കാഴ്ച തന്നെയാണ്. മഴയിലും ചളിയിലും കളിച്ചു വളരാന്‍ അനുവാദമില്ലാത്ത ബാല്യങ്ങളുടെ ശാപം നമ്മളെ പിന്‍തുടര്‍ന്നാല്‍  നമ്മളും നാളെ ഇത് പോലൊരു വൃദ്ധയോ വൃദ്ധനോ ആയി ഏതെങ്കിലും ഫ്ലാറ്റിന്‍റെ ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവും  പരസ്പരം അറിയാതെ ജീവിച്ചു മരിക്കേണ്ടി  വരും.-pravin-