Wednesday, May 2, 2012

ഫ്ലാറ്റ് ജീവിതം


കൊച്ചി കായലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ ഫ്ലാറ്റില്‍ നിന്ന് കായലിലേക്ക് നോക്കി നില്‍ക്കുന്ന ഒരു വൃദ്ധ . അവരുടെ മുഖത്ത് എന്തിനോ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ നഷ്ടപെട്ടിരിക്കുന്നു. പാലക്കാടുള്ള ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക് ഒരേ ഒരു മകനെ ഉണ്ടായിരുന്നു. മകനെ പഠിപ്പിച്ചു വലിയ നിലയിലാക്കിയതും കല്യാണം നടത്തിയതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു . മകന്‍റെ വിവാഹ ശേഷം അവര്‍ കൊച്ചിയില്‍ പുതുതായി വാങ്ങിയ ഫ്ലാറ്റിലേക്ക് താമസം മാറി. ഗ്രാമവും പശുക്കളും ഒക്കെ ഇഷ്ടപെട്ടിരുന്ന അവര്‍ ഭര്‍ത്താവിന്‍റെ മരണ ശേഷം മകന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൊച്ചിയിലെത്തിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം   കഴിയുന്നു. ഈ ഫ്ലാറ്റ് ജീവിതം അവര്‍ക്കൊരു തരം   ജയില്‍ വാസമാണ് എന്നെനിക്കു പലപ്പോളും തോന്നിയിട്ടുണ്ട്. 

ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു പെട്ടിക്കൂട് പോലെയുള്ള റൂമില്‍ കഴിയുക അസഹനീയം. എന്ത് ചെയ്യാം, അവരുടെ  ഇന്നത്തെ  അവസ്ഥ അതായി പോയി. മകനും മരുമകളും രാവിലെ പോയാല്‍ തിരിച്ചു വരാന്‍ രാത്രിയാകും. അപ്പോളേക്കും അവര്‍  നല്ല ഉറക്കത്തിലുമാകും.

"ആരോടെങ്കിലും ഒന്ന് സംസാരിക്കാം എന്ന് വച്ചാല്‍ ഒക്കെ ഇംഗ്ലീഷ് മാത്രം പറയുന്ന കൊച്ചുങ്ങളാണ് അധികവും ഇവിടൊക്കെ. വലിയവര്‍ ആണെങ്കില്‍ മിണ്ടാതെ ബലം പിടിച്ചു നടക്കുന്നവരും. എത്ര കാലം ഇങ്ങനെ ജീവിക്കണം എന്നറിയില്ല. സത്യം പറഞ്ഞാല്‍ ഭൂമിയില്‍ കാലു കുത്തിയിട്ട് ഇന്നേക്ക് രണ്ടു മാസമായി. പണ്ടൊക്കെ അവന്‍ വരുമ്പോള്‍ എന്നെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. ഇപ്പോള്‍ അതിനും അവനു സമയമില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എല്ലാ അച്ഛനമ്മമാര്‍ക്കും മക്കളെ വലിയവരാക്കി മാറ്റാന്‍ തിടുക്കമാണ്. അത് കൊണ്ടല്ലേ അവര്‍ക്കിങ്ങനെ ഒക്കെ തിരക്കാകുന്നത്." ആ കണ്ണുകള്‍ എന്നോട് സംസാരിച്ചു. 

ഇത് ഒരു വൃദ്ധയുടെ കഥയല്ല. മലയാളിയുടെ ഫ്ലാറ്റു ജീവിതത്തില്‍ ഞാന്‍ അറിയാതെ കണ്ടു പോയ ഒരു സംഭവമാണ്. ഇനിയുള്ള തലമുറകള്‍ ഒരു ഫ്ലാറ്റില്‍ ജനിച്ചു വളര്‍ന്നു അതെ ഫ്ലാറ്റില്‍ തന്നെ മരിച്ചു പോയേക്കാം. അയല്‍വാസികള്‍ ആരാണെന്നു അറിയാത്ത , മലയാളം സംസാരിക്കുന്നതു മോശമായി കരുതുന്ന , തിരക്കിനിടയില്‍ കുടുംബം നോക്കാന്‍ സമയം ഇല്ലാത്ത , അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ അയക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സമ്പൂര്‍ണ്ണ സാക്ഷരരായ നമ്മള്‍ മലയാളിക്ക് ഇനി ഇതു ദിവസ കാഴ്ച തന്നെയാണ്. മഴയിലും ചളിയിലും കളിച്ചു വളരാന്‍ അനുവാദമില്ലാത്ത ബാല്യങ്ങളുടെ ശാപം നമ്മളെ പിന്‍തുടര്‍ന്നാല്‍  നമ്മളും നാളെ ഇത് പോലൊരു വൃദ്ധയോ വൃദ്ധനോ ആയി ഏതെങ്കിലും ഫ്ലാറ്റിന്‍റെ ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവും  പരസ്പരം അറിയാതെ ജീവിച്ചു മരിക്കേണ്ടി  വരും.-pravin-

10 comments:

 1. പലരുടെ ജീവിതത്തിലും സംഭവിക്കുന്നത്.

  ReplyDelete
 2. ഗ്രാമങ്ങളില്‍ ജീവിച്ചുവന്നവര്‍ക്ക് പ്ലാറ്റ് ജീവിതം ദുരിതപൂണ്ണം തന്നെയാണ്.
  ആശംസകള്‍

  ReplyDelete
 3. ഫ്ലാറ്റ് ആണ് സുഖം....ഒന്നും കാണേണ്ടല്ലോ

  ReplyDelete
 4. പ്രവീണ്‍ ഫ്ലാറ്റ്‌ ജീവിതമെല്ലാം പട്ടണവാസികളുടേതാണെന്ന് തോന്നല്‍ ഇനി വരുന്ന തലമുറ ഒരുപക്ഷെ മാറ്റിയേക്കാം... ആവസ വ്യവസ്ഥക്കനുയോജ്യമായ സ്ഥലത്തിന്‌ ദര്‍ലഭ്യം നേരിടുന്ന പക്ഷം മനുഷ്യന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പോക്കി ഒൊരോന്നിലും താമസം തുടങ്ങും. ഫ്ലാറ്റുജീവിതവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളെല്ലാം അന്ന് സ്വാഭാവികമാകും... സാധാരണവും.

  ReplyDelete
  Replies
  1. ശരിയായിരിക്കാം. ഒരിക്കല്‍ കൊച്ചിയില്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ചയായിരുന്നു ഈ എഴുത്ത്. ഇപ്പോള്‍ ഫ്ലാറ്റുകള്‍ കൂടുതല്‍ പൊങ്ങാന്‍ പോകുന്നത് ഗ്രാമങ്ങളിലാണ്.

   Delete
 5. "ആരോടെങ്കിലും ഒന്ന് സംസാരിക്കാം എന്ന് വച്ചാല്‍ ഒക്കെ ഇംഗ്ലീഷ് മാത്രം പറയുന്ന കൊച്ചുങ്ങളാണ് അധികവും ഇവിടൊക്കെ. വലിയവര്‍ ആണെങ്കില്‍ മിണ്ടാതെ ബലം പിടിച്ചു നടക്കുന്നവരും. എത്ര കാലം ഇങ്ങനെ ജീവിക്കണം എന്നറിയില്ല. സത്യം പറഞ്ഞാല്‍ ഭൂമിയില്‍ കാലു കുത്തിയിട്ട് ഇന്നേക്ക് രണ്ടു മാസമായി. പണ്ടൊക്കെ അവന്‍ വരുമ്പോള്‍ എന്നെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. ഇപ്പോള്‍ അതിനും അവനു സമയമില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എല്ലാ അച്ഛനമ്മമാര്‍ക്കും മക്കളെ വലിയവരാക്കി മാറ്റാന്‍ തിടുക്കമാണ്. അത് കൊണ്ടല്ലേ അവര്‍ക്കിങ്ങനെ ഒക്കെ തിരക്കാകുന്നത്." ആ കണ്ണുകള്‍ എന്നോട് സംസാരിച്ചു.

  സത്യമാണ് പ്രവീൺ. ഇനിയൊരിക്കലും മണ്ണിന്റെ മണവും മഴയുടെ സൗന്ദര്യവും ആസ്വദിച്ചു കൊണ്ടുള്ള ഒരു കുട്ടിക്കാലം കുട്ടികൾക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുക വയ്യ. സത്യം സത്യമായി പറഞ്ഞു. ജീവിതം സുഖകരമാകണേൽ മണ്ണിനെ അറിഞ്ഞ്, അതിൽ കളിച്ച് വളരണം.ഇന്നത്തെ കമ്പോള വ്യവസ്ഥ അതെല്ലാം രോഗകാരണങ്ങളാക്കുന്നതിൽ വിജയിച്ചില്ലേ ? ഇനിയെവിടെ രക്ഷ.?! ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി മനേഷ്.. ഇനി ഒരു രക്ഷ ഇല്ലേ ഇല്ല. ഒരു ഫ്ലാറ്റില്‍ ജനിച്ച് അതെ ഫ്ലാറ്റില്‍ മരിച്ചു വീഴുന്ന ഒരു പ്രാണിയായി മനുഷ്യന്‍ മാറി കൊണ്ടിരിക്കുന്നു.

   Delete
 6. പ്രവി ആദ്യത്തെ പാരയില്‍ രണ്ട് വര്‍ഷമെന്നും മൂന്നാമത്തെ പാരയില്‍ 2 മാസമെന്നും..,ഒന്നു നോകക്കിയേ..

  ReplyDelete
  Replies
  1. മരണ ശേഷം മകന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൊച്ചിയിലെത്തിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിയുന്നു. ഈ ഫ്ലാറ്റ് ജീവിതം ..
   ....
   ...

   "എത്ര കാലം ഇങ്ങനെ ജീവിക്കണം എന്നറിയില്ല. സത്യം പറഞ്ഞാല്‍ ഭൂമിയില്‍ കാലു കുത്തിയിട്ട് ഇന്നേക്ക് രണ്ടു മാസമായി. പണ്ടൊക്കെ അവന്‍ വരുമ്പോള്‍ എന്നെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. ഇപ്പോള്‍ അതിനും അവനു സമയമില്ല."

   ..
   ..
   അവര്‍ ഫ്ലാറ്റിലേക്ക് രണ്ടു വര്‍ഷമായി താമസം മാറിയിട്ട്. അത് ശരി തന്നെയാണ്.

   ആദ്യ കാലങ്ങളില്‍ മകനോടൊപ്പം പുറത്തൊക്കെ പോയിരുന്നു. മകന്റെ തിരക്കും മട്ടും കാരണം , ഇപ്പോള്‍ പുറത്തൊന്നും പോകാറില്ല എന്ന് ഞാന്‍ പറഞ്ഞിരിക്കുന്നു.

   രണ്ടു മാസങ്ങളായി ഭൂമിയിലേക്ക്‌ കാലു തന്നെ കുത്തിയിട്ടില്ല എന്നത് ഇപ്പോള്‍ അടുത്ത കാലം മുതല്‍ എന്നര്‍ത്ഥത്തില്‍ ആണ് ഷബീ..

   വായനയില്‍ അങ്ങനെ ഒരു തെറ്റിദ്ധാരണ വരുന്നുണ്ട് ല്ലേ..

   Delete