Tuesday, March 27, 2012

'എന്നെ കല്ലെറിയരുതേ' -ഒരു ആത്' മാവിന്‍റെ' കഥ


 ഞാന്‍ ദേശീയ പാതയുടെ അരികിലെ ഒരു ചെറിയ തൊടിയില്‍ താമസിക്കുന്ന വളരെ  പഴക്കം ചെന്ന ഒരു പാവം മാവാണ്. പണ്ട് ഞാന്‍ നിന്നിരുന്നത് ഏക്കറു കണക്കിന് വിസ്തീര്‍ണമുള്ള ഒരു ഭൂമിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് അഞ്ചു സെന്ടിലുള്ള , ചുറ്റും വീടുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചെറിയ തൊടിയിലാണ് എന്‍റെ താമസം. . എല്ലാം ഭാഗം വച്ച് കഴിഞ്ഞപ്പോള്‍ , എന്‍റെ വീട്ടുകാരന്‍ മുത്തച്ഛന്‍ ഈ സ്ഥലം മാത്രം ആര്‍ക്കും വീട് വക്കാന്‍ കൊടുത്തില്ല . എന്നെ വളര്‍ത്തി വലുതാക്കിയ മുത്തച്ഛന്‍ അടുത്തിടെ മരിച്ചപ്പോള്‍ ശവം ദഹിപ്പിക്കാന്‍ വേണ്ടി എന്‍റെ ഒരേ ഒരു കുഞ്ഞു മാവിനെ അദ്ദേഹത്തിന്റെ മക്കള്‍ ചേര്‍ന്ന് വെട്ടി. ഞാന്‍ വലിയ മരം ആയതിനാലും എപ്പോളും നിറയെ മാങ്ങകള്‍ കൊടുക്കുന്നത് കൊണ്ടോ ആയിരിക്കാം എന്നെ അവര്‍ ഒന്നും ചെയ്തില്ല. പക്ഷെ അതിനു പകരം അവര്‍ വെട്ടി കൊന്നത് എന്‍റെ മകനെ ആയിരുന്നു.

 എന്‍റെ മോന്‍ പേടി കൊണ്ട് കരയുമ്പോള്‍ പോലും , ഞാന്‍ പതറാതെ അവനു ധൈര്യം കൊടുത്തു.  അവനെ ഞാന്‍ ആശ്വസിപ്പിച്ചു , നിന്‍റെ മുത്തച്ഛനു വേണ്ടി നീ വേദന സഹിച്ചേ മതിയാകൂ എന്ന് പറഞ്ഞതിന് ശേഷം അവന്‍ പിന്നെ കരഞ്ഞില്ല. എന്‍റെ മുഖത്തേക്ക് അവസാനമായി ഒന്ന് നോക്കുക പോലും ചെയ്യാതെ എന്‍റെ കുഞ്ഞു മോന്‍ ഒരുപാട് വെട്ടു കൊണ്ടപ്പോള്‍ ഒരു ചെറിയ ഞരക്കത്തോടെ എന്നില്‍ നിന്നും മാറി ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണു. അവന്റെ നനുത്ത കുഞ്ഞി കതിര്‍ ഇലകള്‍ എന്‍റെ മുഖത്തെ തലോടി കൊണ്ട് പറഞ്ഞു ' വിഷമിക്കേണ്ട അമ്മെ ..നമ്മുടെ മുത്തച്ചനെ ഞാന്‍ പറഞ്ഞു ആശ്വസിപ്പിക്കാം ..' അവന്‍റെ പിഞ്ചു ശരീരം വെട്ടി നുറുക്കുന്ന ശബ്ദം എന്‍റെ കാതുകളില്‍ ചോര വീഴ്ത്തി.  

     മനുഷ്യരെ പോലെ എല്ലാം വളരെ പെട്ടെന്ന് മറക്കാന്‍ ഞങ്ങള്‍ക്കാവില്ല. എന്‍റെ വിഷമം ഇനി മാറുകയും ഇല്ല. ഈ ഒറ്റപെട്ട ജീവിതത്തില്‍ ഇനി ആരോട് എന്ത് പറയാനാ. പണ്ടൊക്കെ എനിക്ക് ചുറ്റും എത്ര മരങ്ങളാ ഉണ്ടായിരുന്നത് എന്നറിയുമോ , എല്ലാ മരങ്ങളും കാറ്റില്‍ എന്‍റെ മേലേക്ക് ഇലകള്‍ പറത്തി വിടുമായിരുന്നു. ആ കാലത്ത് മൂവാണ്ടന്‍ മാവ് ചേട്ടന് എന്നോട് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ എനിക്കുറപ്പായിരുന്നു , അത് ശരിയാകില്ല എന്നത്. ഞാന്‍ തേനൂട്ടി മാങ്ങകള്‍ പൊഴിക്കുന്ന ഒരു മാവ് എങ്ങനെയാ ചേട്ടനെ സ്വീകരിക്കുക എന്ന് ചോദിച്ചിട്ടുമുണ്ട് . അതില്‍ പിന്നെയാ, ചേട്ടന്‍ അപ്പുറത്തെ വീട്ടിലെ  ചേട്ടന്‍റെ തന്നെ  അകന്ന ഒരു ബന്ധു മാവിനെ കല്യാണം കഴിച്ചത്. അതില്‍ രണ്ടു കുട്ടി മാവുകളും ഉണ്ടായതായിരുന്നു. പക്ഷെ ആ ഭാഗം വെപ്പില്‍ അവിടെ വീട് വച്ച ജോസ് കുട്ടി അവരെയെല്ലാം വെട്ടി കൊന്ന് മില്ലിലേക്കു കൊടുത്തയച്ചു. എനിക്ക് ആ ദുരന്തവും കാണേണ്ടി വന്നു. 

   ഈ ചുറ്റുവട്ടത്ത്   ഇപ്പോള്‍ ഞാന്‍ മാത്രമെ ഉള്ളൂ ഒരു മാവായിട്ട് പറയാന്‍.,. ചില കുഞ്ഞു തൈകള്‍ ഒക്കെ അങ്ങിങ്ങായി തല പൊക്കി തുടങ്ങിയിട്ടുണ്ട്    ,. എന്‍റെ കുഞ്ഞിനെ വരെ എനിക്ക് രക്ഷിക്കാന്‍ സാധിച്ചില്ല, അപ്പോള്‍ പിന്നെ എങ്ങനാ ഇത്തിരി പോന്ന തൈ കുഞ്ഞുങ്ങളെ ഞാന്‍ ... അതുമല്ല, അവരൊക്കെ ആരുടെ മക്കളാണ് , എങ്ങിനെ ഇവിടെത്തി എന്നും അറിയില്ല. അറിഞ്ഞിട്ടും കാര്യമില്ല, ആ സ്ഥലം ചിലപ്പോള്‍ ഫ്ലാറ്റ് പണിക്കാര്‍ വന്നു കൊത്തി കിളക്കും , ആ ദിവസം വരെ മാത്രമേ അവര്‍ക്കും ആയുസുള്ളൂ. 

   ദേശീയ പാതയുടെ അരികില്‍ ആയതു കൊണ്ട് ആളുകളെ എന്നും കാണാനും നാട്ടിലെ വിവരങ്ങളൊക്കെ അറിയാനും സാധിക്കുന്നുണ്ട്. ഈ അടുത്താണ് കുന്നുമ്മേല്‍ സൈദാലിയും കൂട്ടരും കരിമ്പിന്‍ ജൂസ് കച്ചവടം ചുളുവില്‍ എന്‍റെ തണലില്‍ തുടങ്ങിയത്. ഇപ്പോള്‍ രാവിലെ തൊട്ടു വൈകീട്ട് വരെ എന്‍റെ തണലില്‍ ആളുകള്‍ വന്നിരിക്കും. സൊറ പറച്ചിലും , ജൂസ് കുടിയും ഒക്കെ കഴിഞ്ഞു പോകുമ്പോള്‍ സമയം നാലുമണി കഴിയും. പിന്നെ സ്കൂള്‍ വിട്ടു വരുന്ന കുറച്ചു കുട്ടികളെയും കാണാം. ഒരു തരത്തില്‍ ഇതൊക്കെയാണ് എനിക്കിപ്പോള്‍ ആശ്വാസം . 

  എന്‍റെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. സൈദാലി ജൂസ് കച്ചവടം നിര്‍ത്തി , ഗള്‍ഫില്‍ ജോലി കിട്ടിയപ്പോള്‍ അവനും പോയി . വൈകീട്ട് സ്കൂള്‍ കുട്ടികള്‍ വരുന്നതും നോക്കി ഇരിക്കുമ്പോള്‍ ഇടക്കൊന്നു മയങ്ങി പോകും. ഈയിടെ ആയിട്ട് എന്തോ ഒരു ക്ഷീണം പോലെ. ഒരു മയക്കം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ എന്നെ ചുറ്റി ഉരസി പറക്കുന്നു നമ്മുടെ തിരുവാതിര കാറ്റ്. കുറെ കാലമായി ഇവളെ കണ്ടിട്ട്. അവള്‍ എന്‍റെ ചെവിയില്‍ ആ രഹസ്യം പറഞ്ഞു തന്നു. ഞാന്‍ വീണ്ടും പുഷ്പ്പിക്കാന്‍ പോകുന്നു. എനിക്കിതില്‍ കൂടുതല്‍ സന്തോഷം ഇനിയുണ്ടോ. തെല്ലു നേരത്തിനു ശേഷം തിരുവാതിര കാറ്റ് അടുത്ത സ്ഥലത്തേക്ക് പാറി പോയി. എന്‍റെ ശിഖിരങ്ങളില്‍ എല്ലാം ഇലകള്‍ സന്തോഷം കൊണ്ട് ഇളകിയാടി. വളരെ പെട്ടെന്ന് കണ്ണി മാങ്ങകള്‍ എന്‍റെ എല്ലാ കൊമ്പുകളിലും തിങ്ങി വിങ്ങി. ഞാന്‍ എന്നത്തേക്കാളും സന്തോഷവതി ആയിക്കൊണ്ടേ ഇരിക്കുന്നു.        

   ഒരു  ദിവസം സ്കൂള്‍ കുട്ടികളില്‍ ആരോ കണ്ണിമാങ്ങകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടു. അവര്‍ ആവേശം കൊണ്ട് കൂടി നിന്ന്  തുള്ളിച്ചാടി  . അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. ഇത്തവണ അവര്‍ക്ക് അവധിക്കാലത്ത്‌ ഞാന്‍ പഴുത്ത മാങ്ങകള്‍ ഒരുപാട് പൊഴിച്ച് കൊടുക്കുന്നുണ്ട്. പക്ഷെ , വികൃതി പിള്ളേര്‍ അതിനൊന്നും കാത്തു നില്‍ക്കുമെന്ന് തോന്നുന്നില്ല. അതാ, ഒരുത്തന്‍ കല്ല്‌ പെറുക്കി കൊണ്ട് വരുന്നു. 


  ഞാന്‍ ഒരുപാട് പറഞ്ഞു നോക്കി ഈ സമയത്ത് എന്നെ കല്ലെറിഞ്ഞാല്‍ എനിക്ക് വേദനിക്കും എന്ന്. ആര് കേള്‍ക്കാന്‍ .. അവര്‍ കൂട്ടം കൂട്ടമായി എന്നെ കല്ലെറിയാന്‍ തുടങ്ങി.  വെറും കണ്ണി മാങ്ങകള്‍ക്ക് വേണ്ടിയാണോ ഞാന്‍ പുഷ്പിച്ചത് എന്നോര്‍ത്ത് വിഷമിച്ചു. അവര്‍ എറിയുന്ന ഓരോ കല്ലും എന്‍റെ മുഖത്തും നെറ്റിയിലും വന്നു പതിക്കുമ്പോലും ഞാന്‍ വേദന സഹിച്ചു പിടിച്ചു. പക്ഷെ ,എന്‍റെ കണ്ണി മാങ്ങ കുട്ടികളെ പ്രായം തികയുന്നതിനും മുന്‍പേ എറിഞ്ഞു കൊല്ലുന്നത് ഞാന്‍ എങ്ങനെ സഹിക്കും .. അവര്‍ വലുതായി പഴുത്തു കഴിഞ്ഞാല്‍ സ്വമേധയാ വീഴുമായിരുന്നില്ലേ ..ആ സമയത്ത്  ഇവര്‍ക്കൊക്കെ എന്‍റെ കുഞ്ഞുങ്ങള്‍ സ്വരൂപിച്ച മധുരം നുകര്‍ന്ന് കൂടായിരുന്നോ ...ഞാന്‍ ഒരു വെറുക്കപ്പെട്ട  മരമാണോ ഈശ്വരാ.. ലോകത്ത് ഒരു മരത്തിനെയും ഫലം കായ്ച്ചു നില്‍ക്കുമ്പോള്‍ ആളുകള്‍ ഇത് പോലെ കല്ല്‌ എറിയുന്നുണ്ടായിരിക്കില്ല  .  എന്‍റെ വിധി, അല്ലാതെന്തു പറയാനാ..

ഏറും  കുത്തും കഴിഞ്ഞു പിള്ളേരൊക്കെ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് എന്‍റെ ഉച്ചിയില്‍ വീടും കുടുംബവുമായി താമസിക്കുന്ന അണ്ണാന്‍ എന്നോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചത് . നിലത്തു വീണു കിടക്കുന്ന കണ്ണി മാങ്ങകളും, ഇലകളും , കമ്പുകളും എല്ലാം നോക്കിയാ ശേഷം അണ്ണാന്‍ ചോദിച്ചു ' ഇവിടെന്താ   യുദ്ധം ആയിരുന്നോ '..അവന്‍റെ  ആ ചോദ്യം കേട്ടപ്പോള്‍  എനിക്ക് ചിരി വന്നു. അവന്‍റെ തുറിച്ചു നില്‍ക്കുന്ന  ഉണ്ട കണ്ണുകളും നാരു പോലെ ഉള്ള കുഞ്ഞു മീശകളും വിറയുന്ന ചുണ്ടും ഇളകുന്ന വാലും,  ആകെ ഒരു ഹാസ്യ താരത്തെ പോലെ തോന്നിപ്പിച്ചിരുന്നു. ഞാന്‍ ഇടയ്ക്കു വിഷമിക്കുമ്പോള്‍ അവന്‍ വന്നു എന്നെ ചിരിപ്പിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യാറുണ്ട് . . 


  അവനെ കണ്ടാല്‍ പറയില്ല, അവന്‍ അഞ്ചു കുഞ്ഞുങ്ങളുടെ തന്തയാണെന്ന്. കെട്ടിയോള്‍ക്ക് ഇപ്പൊ വീണ്ടും വിശേഷം ആയിരിക്കുന്നു  എന്ന് പറഞ്ഞു കേട്ടു . ആദ്യത്തെ അഞ്ചും ആണ്‍ കുട്ടികളാണ്. അതില്‍ ഏറ്റവും ഇളയവന്‍ ഇടക്ക് എന്‍റെ ചില്ലകളിലൂടെ എന്നെ ഇക്കിളി കൂട്ടി കൊണ്ട് നടക്കും. ഇപ്പൊ ഇവരാ എന്‍റെ കുടുംബം . പണ്ട് കാക്ക തമ്പുരാട്ടിയും കുടുംബവും ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് അടുത്ത ഇലക്ട്രിക്‌ പോസ്റ്റില്‍ ഷോക്ക്‌ അടിച്ചു മരിച്ച ദിവസം അവര്‍ ഭയങ്കര വിഷമത്തില്‍ ആയിരുന്നു. അടുത്ത ദിവസം  അവരെന്നോട് പോലും പറയാതെ എങ്ങോട്ടോ പറന്നു പോയി. ആ കാലത്താണ് അണ്ണാന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ഇപ്പോളത്തെ അണ്ണാന്റെ അച്ഛന്‍ എന്‍റെ ചില്ലയില്‍ ആദ്യമായി കൂട് വച്ചോട്ടെ എന്ന് ചോദിച്ചു വരുന്നത്.പിന്നെ അവര് ഇവിടെ തന്നെ അങ്ങ് കൂടി കുടുംബമായിട്ട്.  ഇപ്പോള്‍ അവരെനിക്കു കുട്ടികളും പേരക്കുട്ടികളും ഒക്കെയാണ്.  അത് പോലെ തന്നെ ഞാന്‍ അവര്‍ക്ക്  അമ്മയും തറവാടും എല്ലാം ആണ്. 

 സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഈ രാത്രിയില്‍ ആരാ എന്‍റെ ചുവട്ടില്‍ വന്നു നില്‍ക്കുന്നതെന്ന് നോക്കിയതാണ്. അപ്പുറത്തെ ജോസ് കുട്ടിയും തടി കോണ്ട്രാക്ടര്‍ ഭാസ്കര പിള്ളയും ആണത്. ജോസ് കുട്ടിക്ക് ഭാസ്ക്കര പിള്ള കൈയില്‍ പണം വച്ച് കൊടുക്കുന്നതും കൈ കൊടുത്തു പിരിയുന്നതും എനിക്ക് ഇരുട്ടിന്‍റെ അവ്യക്തതയിലും കാണാന്‍ സാധിച്ചു .  


എനിക്ക് ഒരു കാര്യം ഉറപ്പായിരിക്കുന്നു. എന്നെ അവന്‍ വിറ്റു കഴിഞ്ഞിരിക്കുന്നു. ഇന്നോ നാളെയോ എന്നെ അവരുടെ ആളുകള്‍ വെട്ടി മുറിക്കും. ഞാന്‍ രാത്രിയില്‍ തന്നെ അണ്ണാനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അവനോടു വേറെ വീട് കണ്ടു വക്കാനും പറഞ്ഞു. അവനാകെ വിഷമം ആയി. ഞാന്‍ അവനു  ധൈര്യം പകര്‍ന്നു കൊടുത്തു. ഞാന്‍ നിര്‍ബന്ധിച്ച  പ്രകാരം അവനും കെട്ടിയോളും നാല് മക്കളും കൂടി പുതിയ വീട് ശരിയാക്കാന്‍ രാവിലെ തന്നെ പുറപ്പെട്ടു.   അവര്‍ തിരികെ വരുന്ന വരെ ഇളയവനെ എന്‍റെ ചില്ലകളില്‍ ഓടി കളിക്കാന്‍ വിട്ടിട്ടാണ്‌ അവര്‍ പോയത് 
    
 മരണം കാത്തു കിടക്കുന്നവനെ പോലെ ഞാനും കാത്തിരിക്കുകയാണ് ഇവിടെ. ഒന്നും അറിയാതെ എന്‍റെ ചില്ലകളിലൂടെ ഓടി നടക്കുന്ന ഇളയവനെ കണ്ടപ്പോള്‍ എനിക്ക് വിഷമം ഒട്ടും അടക്കാന്‍ ആയില്ല. ഇനി ഈ ഭൂമിയില്‍ ഒരിക്കലും ഒരു മരമായി ജനിക്കരുത് എന്ന് ഞാന്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥന ചൊല്ലി. സമയം ഉച്ച ആയപ്പോളേക്കും എന്‍റെ ആരാച്ചാര്‍ എത്തി. ഞാന്‍ ചുറ്റും കണ്ണോടിച്ചു. അണ്ണാനും കെട്ടിയോളും ഇത് വരെയും തിരിച്ചെത്തിയിട്ടില്ല , ഇളയവനെ ഇനി ഞാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച സമയം കൊണ്ട് എന്‍റെ അടിവേരില്‍ ആദ്യ വെട്ട് വീണിരിക്കുന്നു. വേദന കൊണ്ട് പുളഞ്ഞ ഞാന്‍  കരയാന്‍ തുടങ്ങിയിരിക്കുന്നു. . ഇളയവന്‍ ഓടി എന്‍റെ നെഞ്ചില്‍ അള്ളി പിടിച്ചു കിടക്കാന്‍ തുടങ്ങി. അവനാകെ പേടിച്ചിരിക്കുന്നു. 

"മോനെ , നീ എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടെടാ ' ഞാന്‍ അവനോടു കെഞ്ചി പറഞ്ഞെങ്കിലും അവന്‍ എന്‍റെ മാറിടം വിട്ടെങ്ങും പോയില്ല. കൂടുതല്‍ ശക്തമായ വെട്ടുകള്‍ വീണ്ടും വീണ്ടും എന്നെ വേദന കൊണ്ട് നിലവിളിപ്പിച്ചു കൊണ്ടേ ഇരുന്നു. . കണ്ണി മാങ്ങകളും , ഇലകളും , ശിഖിരങ്ങളും വിറ കൊണ്ടിരിക്കുന്നു. ഇനി അധിക നേരമില്ല ഞാന്‍ വേരില്‍ നിന്നും അറ്റ് വീഴാന്‍. ഒടുക്കം അത് സംഭവിച്ചിരിക്കുന്നു. ഒരു വിളറിയ അലര്‍ച്ചയോട് കൂടി ഞാന്‍ നിലംപതിക്കുകയാണ്. നിശബ്ദതക്കും വേദനയില്‍ നിന്നുള്ള പിടച്ചിലുകള്‍ക്കും ഇടയിലും ഞാന്‍ ഇളയവനെ തിരഞ്ഞു. അവനെവിടെ പോയി.. ?

 അണ്ണാന്റെയും കെട്ടിയോളുടെയും  മറ്റു നാല് മൂത്തവന്മാരുടെയും  ദൂരെ നിന്നുമുള്ള നിലവിളി പിന്നെ കൂട്ടക്കരച്ചില്‍ ആയി മാറിയിരിക്കുന്നു.. അതില്‍ നിന്നും എനിക്കൊന്നു മനസ്സിലായി.  ശിഖിരങ്ങള്‍ക്കിടയില്‍ എവിടെയോ കുടുങ്ങിയോ, ഞെങ്ങി അമര്‍ന്നോ,  ഉയര്‍ച്ചയില്‍ നിന്നുമുള്ള വീഴ്ചയിലോ ഇളയവന്‍ മരിച്ചു പോയിരിക്കുന്നു. 


 നിലത്തു ഞാന്‍ വീണു കിടക്കുമ്പോള്‍ എന്‍റെ മുഖത്തോട് തൊട്ടുരുമ്മി കൊണ്ട് ചില മാവിന്‍ തൈകള്‍ കരയുന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ പതുക്കെ അടഞ്ഞു കൊണ്ടിരിക്കുന്നു. ഈര്‍ച്ച വാളുകളുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ എന്‍റെ ശരീരത്തെ പച്ചക്ക് മുറിച്ചു മാറ്റുന്നതിനും മുന്‍പേ എന്‍റെ ആത്മാവിനു മോക്ഷം തരാന്‍ ദൈവത്തിനു കഴിയണമേ എന്നൊരു പ്രാര്‍ത്ഥന മാത്രം ബാക്കി. ഇനിയൊരിക്കലും ഒരു മര ജന്മം ദൈവം എനിക്ക് താരാതിരിക്കട്ടെ . 
-pravin- 

Sunday, March 25, 2012

ദി കട്ടുറുമ്പ്


കുട്ടിക്കാലത്ത് തറവാട്ടിലെ മണ്ണ് കൊണ്ടുണ്ടാക്കിയ ഉമ്മറ തിണ്ണയില്‍ ഞാന്‍ കിടന്നുരുളുമ്പോള്‍ അച്ഛമ്മ പേടിപ്പിക്കും വല്ല കട്ടുറുമ്പും കടിക്കും എന്ന് പറഞ്ഞ്. 

'കട്ടുരുമ്പോ, അതെന്താ അച്ഛമ്മേ...' ഞാന്‍ കാണാത്ത ഒരു ജീവിയെ കുറിച്ചുള്ള  അതിശയത്തോടെ ചോദിക്കും. 

വായിലുള്ള മുറുക്കാന്‍ തുപ്പി കൊണ്ട് അച്ഛമ്മ പറയും ' ആ അത് ഈ വികൃതി കുട്ടികളെയൊക്കെ  ഉപദ്രവിക്കുന്ന ഒരു വല്ല്യ ജീവിയാ. വേഗം കളി നിര്‍ത്തി കുളിക്കാന്‍ നോക്ക് '

' അത് വികൃതി കുട്ടികളെ അല്ലേ , ഞാന്‍ അച്ഛമ്മേടെ നല്ല കുട്ടിയല്ലേ ..?' 

' ആ അടവോന്നും കട്ടുറുമ്പ് കേള്‍ക്കില്ലാ ട്ടോ ..' 

 ഞാന്‍  വേഗം കളി നിര്‍ത്തി കുളിച്ചു അച്ഛമ്മയുടെ അടുത്ത് ചെല്ലും. അച്ഛമ്മ മുറുക്കാന്‍ പെട്ടിയില്‍ നിന്നും ചെറിയ വെള്ള നിറത്തിലുള്ള ഗ്യാസ് മിടായി എടുത്തു തരും.  ഒരു മിട്ടായി വായില്‍ അലിയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒന്നും കൂടി കൈ നീട്ടും. 

' ഇനി ഇന്നില്ല. ഒരു ദിവസം ഒന്ന് മാത്രേ തരൂ ..' അച്ഛമ്മ പറയും. 
' എനിക്കല്ല രാത്രി കട്ടുരുംബിനു കൊടുക്കാനാ. . ; 
' അമ്പടാ. ..' അച്ഛമ്മ ഒന്നും കൂടി അവസാനം തരും. 

അച്ഛമ്മ പറഞ്ഞത് നേരായിരുന്നു, വികൃതി കാണിച്ചാല്‍ കട്ടുറുമ്പ് കടിക്കും. ഒരിക്കല്‍ തെക്കേ തൊടിയിലെ മാവില്‍ കല്ലെറിഞ്ഞു മതിയായപ്പോള്‍  മാവിന്‍റെ  ചുവട്ടില്‍  അല്‍പ്പ നേരം ഇരുന്നു. എന്തോ എന്നെ കടിച്ചു. എനിക്ക് മനസ്സിലായി അത് കട്ടുറുമ്പ് തന്നെ. ഞാന്‍ അച്ഛമ്മയുടെ അടുത്തേക്ക് ഓടി കിതച്ചു ചെന്നു. അപ്പോളേക്കും പുറത്തൊക്കെ തണര്‍ത്ത പോലെ ആയി. 

' പുളിയുറുമ്പ് കടിച്ചാല്‍ ഇങ്ങനെ ഒക്കെ ഉണ്ടാകും .., ഓരോ ജീവികളെ ഇങ്ങനെ ഉപദ്രവിച്ചാല്‍ അങ്ങനെ തന്നെയാ.. ' അടുക്കളയില്‍ നിന്നും ശകാരങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛമ്മ ഭസ്മം പുറത്തു തേച്ചു തരുമ്പോള്‍ ഞാന്‍ ചോദിച്ചു ' അപ്പൊ കടിച്ചത് കട്ടുറുമ്പ് അല്ലാ ല്ലേ ? ഈ പുളിയുറുമ്പ് എവിടെയാ ണ്ടാവുക?'

അന്ന് തൊട്ടു ഞാന്‍ ഉറുമ്പുകളെ വീക്ഷിക്കാന്‍ തുടങ്ങി. കിട്ടുന്ന ഓരോ ഉറുമ്പിനെയും ഞാന്‍ ചെറിയ ചില്ല് കുപ്പിയില്‍ ഇട്ടു വക്കാന്‍ തുടങ്ങി. ചോണന്‍ ഉറുമ്പ്, എന്നെ കടിച്ച    പുളിയന്‍ ഉറുമ്പ് ,  പാമ്പുരുമ്പ്, അങ്ങനെ എല്ലാത്തിനെയും എനിക്ക് കിട്ടി. പക്ഷെ ആദ്യം മുതലേ കേള്‍ക്കാന്‍ തുടങ്ങിയ കട്ടുറുമ്പ് , അവനെയാണ്‌ എനിക്കിനി വേണ്ടത്. എല്ലാ കുപ്പിയിലും ഉറുമ്പുകള്‍ക്ക് കഴിക്കാന്‍ ഞാന്‍ എന്തെങ്കിലും ഇട്ടു കൊടുക്കുമായിരുന്നു. 

 ഒരു    ദിവസം അച്ഛമ്മ തന്നെ എനിക്ക് കട്ടുറുമ്പ് എന്ന   വലിയ ജീവിയെ കാണിച്ചു തന്നു. ഞാന്‍ അതിനെയും പിടിച്ചു കുപ്പിയിലാക്കി. ഈ ചെറിയ ഉറുമ്പിന്റെ പേര് പറഞ്ഞാണോ അച്ഛമ്മ എന്നെ പേടിപ്പിചിരുന്നത് എന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ സാധു ഉറുമ്പുകലെയെല്ലാം ഞാന്‍ വിട്ടയച്ചു. കട്ടുറുമ്പിനെ മാത്രം ഞാന്‍ എന്തോ വിട്ടില്ല. കുറെ ദിവസങ്ങള്‍ ഞാന്‍ അതിനെ തന്നെ നോക്കി ഇരുന്നു. ഒരു ദിവസം ചില്ല് പാത്രത്തില്‍ കിടന്നത് കൊണ്ടോ എന്തോ അത് ചത്ത്‌ പോയി. അന്ന് ഭയങ്കര വിഷമം ആയിരുന്നു.   അതിനു ശേഷം കുറെ കാലം ഞാന്‍ കട്ടുരുംബുകളെ കണ്ടിട്ടും കേട്ടിട്ടും ഇല്ലായിരുന്നു. 
   
   പിന്നൊരിക്കല്‍ , കോളേജില്‍  പഠിക്കുന്ന കാലത്ത് ലൈന്‍ അടിക്കുന്ന പിള്ളേരുടെ അടുത്തോട്ടു ഒന്ന് ചെന്നാല്‍ മതി അപ്പോള്‍ പറയും ' ശോ ഇവനെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ , നീ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകാതെ വേഗം പോയെ പോയെ ..'

ശ്ശെടാ. ഇതെന്തിനാ ഇവരെല്ലാവരും ഈ കട്ടുറുമ്പിനെ ഇങ്ങനെ കുറ്റം പറയുന്നത്. ഇവര്‍ക്കൊക്കെ എന്ത് ദ്രോഹം ചെയ്തു ഈ പറയുന്ന കട്ടുറുമ്പ് ? എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാന്‍ അവരുടെ സ്വര്‍ഗത്തില്‍ നിന്നും മാറി നടന്നു. എന്നിട്ടെന്തായി അവസാനം കട്ടുറുമ്പിന് ഒന്നും സംഭവിച്ചില്ല. അവര് പ്രേമിച്ചു , കല്യാണം ഒക്കെ കഴിച്ചു ഇപ്പോള്‍ വിവാഹ മോചനവും കഴിഞ്ഞു. ഇപ്പൊ സ്വര്‍ഗോം ഇല്ലാ കട്ടുറുമ്പും ഇല്ലാ ല്ലോ ..   ഡിങ്ങ ഡിങ്ങ ...

  വേറൊരിക്കല്‍ ഫേസ് ബുക്കില്‍ ചാറ്റിങ്ങിനിടെ ഒരുത്തന്‍ എന്നോട് വീണ്ടും അതെ വാക്കുകള്‍ പറഞ്ഞു ' ഡാ നീ ഒന്ന് നിര്‍ത്തി പോയെ, ലവള് ഓണ്‍ലൈനില്‍ വന്നിട്ടുണ്ട് , നീ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകാതെ വേഗം പോ.. ബാക്കി വിശേഷങ്ങള്‍ ഒക്കെ പിന്നെ പറയാം ..ബൈ ..' അവന്‍ പോയി..  

അന്ന് ഞാന്‍ കണ്ണാടി നോക്കി കൊണ്ട്, സ്വയം കട്ടുറുമ്പായി വേഷമണിഞ്ഞു, വടക്കന്‍ വീരഗാഥയിലെ ചന്തു പറയുന്ന പോലെ പറഞ്ഞു  " കട്ടുറുമ്പ് പേര് പറഞ്ഞു അച്ഛമ്മ ആദ്യം എന്നെ പേടിപ്പിച്ചു , സ്നേഹത്തോടെ ചില്ല്  പാത്രത്തില്‍ ചത്ത്‌ മലച്ച  സാക്ഷാല്‍ കട്ടുറുമ്പ്  എന്നെ വിഷമിപ്പിച്ചു , ഇപ്പോള്‍ ധാ നിങ്ങള്‍ക്കൊക്കെ ഞാന്‍ ശല്യവുമായിരിക്കുന്നു. ഇനി വേറെ എന്തൊക്കെ കെട്ടു കഥകള്‍ ഉണ്ട് നിങ്ങളുടെ നാട്ടില്‍ പാടി നടക്കാന്‍ ..? ഈ പാവം കട്ടുറുമ്പിനെ കുറിച്ച് മനസിലാക്കാന്‍ നിങ്ങള്‍ കേട്ട കഥകള്‍ ഒന്നും മതിയാകില്ല മക്കളെ ..മതിയാകില്ല...ഇനി എന്നെ കിട്ടില്ല നിങ്ങളുടെ പഴി ചാരല്‍ കേള്‍ക്കാന്‍ ... അത് കൊണ്ട് മടങ്ങി പോകിന്‍ നിങ്ങള്‍ ..ഹും.. മടങ്ങി പോകാനാ പറഞ്ഞത് .. '"

പെര്‍ഫോര്‍മന്‍സ് കഴിഞ്ഞു ..ഞാന്‍ ആലോചിക്കുകയാണ്.

" അല്ല  ഈ കട്ടുറുമ്പ് ഇനി ഇവര്‍ പറയുന്ന പോലെ സ്വര്‍ഗത്തില്‍ പോയി വല്ല അല്‍ കുല്ത് പരിപാടിയും കാണിച്ചിട്ടുണ്ടോ .. ഒന്നുമില്ലാതെ ഇങ്ങനെ എല്ലാവരും പറയില്ല ല്ലോ .."
-pravin-

Saturday, March 24, 2012

മരുഭൂമിയിലെ മഴഎന്‍റെ കിനാവിലെ മരുഭൂമിയിലൊരു നാള്‍ മഴ പെയ്തു . 
ഞാനതിന്‍ തുള്ളികളെ ആലിംഗനം ചെയ്യവേ 
എന്‍റെ നെഞ്ഞിടം പൊള്ളി എരിഞ്ഞു പോയി. 
പ്രവാസിയുടെ ദുരിതങ്ങളത്രേ മരുഭൂമിയില്‍ പെയ്തൊരാ മഴ നിറയെ.

-pravin-
 

വഴിയോരംമുഷിഞ്ഞ വസ്ത്രത്തോടെ ഒരു വൃദ്ധന്‍ എന്നും ബസ്‌ സ്റ്റാന്‍ഡില്‍ ഒരു തിണ്ണയില്‍ ബീഡിയും പുകച്ചു ഇരിക്കുന്നത് എനിക്ക് ദിവസ കാഴ്ച ആയിരുന്നു. പിന്നെ പിന്നെ ബസ്‌ വരുന്ന വരെ എന്നും അയാളെ തന്നെ നോക്കിയിരിക്കല്‍ ഒരു പതിവായി. ചില ദിവസങ്ങളില്‍ ഒരു കാറില്‍ വന്നിറങ്ങുന്ന ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്ക് പൈസ കൊടുത്തു പോകുന്നത് കാണാം. ചെറുപ്പക്കാരുടെ അഭിമാനം തന്നെ ഇവന്‍- , ഞാന്‍ കരുതി. പൈസ കൊടുത്തു പോകുന്ന അന്നെല്ലാം , ആ വൃദ്ധന്‍ ഇതെന്തിനാ ആ പയ്യനെ ഇങ്ങനെ ചീത്ത പറയുന്ന പോലെ ഓരോന്ന് മുരു മുറുക്കുന്നത്.?


ഒരു ദിവസം പയ്യന്‍ പതിവില്‍ കൂടുതല്‍ നേരം അയാളോട് സംസാരിക്കുകയും , കൂടുതല്‍ പണം കൊടുക്കുകയും ചെയ്തു. പിന്നെ കാറില്‍ കയറി സ്ഥലം വിട്ടു. പിന്നീടൊരിക്കലും ആ ചെറുപ്പക്കാരനെ ഞാന്‍ ആ വൃദ്ധന്റെ അടുത്ത് കണ്ടിട്ടില്ല.

അന്ന് ഒരു മിന്നല്‍ ബസ്‌ പണി മുടക്ക് വന്ന ദിവസം, എല്ലാവരും ജോലിക്ക് പോകാതെ വീട്ടിലേക്കു തന്നെ പോയ നേരം, ഞാന്‍ ആ വൃദ്ധന്‍ ഇരിക്കുന്ന  പതിവ് സ്ഥലത്തേക്ക് നടന്നടുത്തു . ബീഡി പുകയുടെ മറ പറ്റി അയാള്‍ അവിടെ ഇരിപ്പുണ്ട്. 

ഞാന്‍ ചോദിച്ചു "എന്നും ഇങ്ങനെ ബീഡി വലിക്കാന്‍ ഒരുപാട് പണം വേണ്ടേ?, ആ പയ്യന്‍ എന്നും പൈസ കൊണ്ട് തരുമ്പോള്‍ വെറുതെ ചീത്ത പറഞ്ഞത് കൊണ്ടല്ലേ ഇപ്പോള്‍ അയാള്‍ വരാത്തത് ?"


വൃദ്ധന്‍ എന്നെ പതിയെ നോക്കി , എന്നിട്ട് വരണ്ട ശബ്ദത്തില്‍ പറഞ്ഞു "അവന്‍ എന്റെ മകനാണ് , ഇപ്പോള്‍ വീടും പറമ്പും കൂടി വിറ്റ് പുതിയ ഫ്ലാറ്റിലേക്ക് മാറിയപ്പോള്‍ ഞാന്‍ അവന്റെ അച്ഛന്ല്ലാതെ ആകുമോ ? എത്ര കാലം വച്ചാ അവന്‍ എന്നെ ഇവിടെ ഈ ബസ്‌ സ്ടാണ്ടിനു പുറകിലെ വാടക വീട്ടില്‍ ഒറ്റക്കാക്കി പോകുക , അവന്‍റെ അമ്മ ഉറങ്ങുന്ന മണ്ണ് വിറ്റ് കിട്ടിയ പൈസയുടെ ഓഹരി തരാനാ അവന്‍ അവസാനം വന്നത്.." എനിക്കറിയാം അവന്‍ ഒരിക്കല്‍ എന്നെ വിളിക്കാന്‍ വരും , അവനേ, എന്‍റെ ഒറ്റ മകനാണ്.."

ഞാന്‍ എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം അവിടെ നിന്നു . പിന്നെ ഞാനും നടന്നകന്നു അയാളുടെ ഒറ്റ മകനെ പോലെ...

ചെറുപ്പക്കാരുടെ അഭിമാനം തകരാന്‍ ഇത് പോരെ ?

-pravin- 

ഒരു യാത്രക്കിടയില്‍ ..ഒരിക്കല്‍ ഞാന്‍ പാലക്കാട്ട് നിന്നും പട്ടാമ്പിയിലേക്ക് ജോലി കഴിഞ്ഞു വരികയായിരുന്നു. അന്ന് ഭയങ്കര മഴ പെയ്യുന്ന ദിവസം, കിട്ടിയ ബസില്‍ ഓടി കയറി കൂടി ഒരു സീറ്റില്‍ ഇരുന്നു. എന്‍റെ  ഇടതു ഭാഗത്ത് മറ്റൊരാളും കൂടി ഉണ്ടായിരുന്നു. ഒരു ഗൌരവക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു രൂപം. ബസ്‌ പുറപ്പെട്ടു. ജനാലകള്‍ മഴ കാരണം മൂടി. ബസിനുള്ളില്‍ ആകെ മൊത്തം ഒരു മൂകത. ഞാന്‍ നോക്കിയപ്പോള്‍ ഒരേ ഒരു വഴി , എല്ലാവരും കുറച്ചു പാട്ടൊക്കെ കേട്ട് യാത്ര ചെയ്യുക ആണെങ്കില്‍ ഈ ബോറടി ഒഴിവായി കിട്ടും. ഞാന്‍ എന്‍റെ പുതിയ മൊബൈല്‍ എടുത്തു , അല്പം കൂടിയ ശബ്ദത്തില്‍ തന്നെ പാട്ടുകള്‍ ഇട്ടു. ബസ്‌ അങ്ങനെ പോയികൊണ്ടേ ഇരുന്നു. എല്ലാവരും പാട്ട് ആസ്വദിക്കുന്ന പോലെ എനിക്ക് തോന്നി, കണ്ടക്ടര്‍ പാട്ട് മൂളുന്നത് കണ്ടപ്പോള്‍ എനിക്ക് അത് ഉറപ്പായി.

ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ വിരഹവും, പ്രണയവും, അടി പൊളി പാട്ടുകളും എല്ലാം അവിടെ പാടി കഴിഞ്ഞു. അടുത്ത പാട്ട് ഏതെന്നു നോക്കി കൊണ്ടിരിക്കെ എന്‍റെ അടുത്തിരുന്ന ഗൌരവക്കാരന്‍ എന്നോട് പറഞ്ഞു "സഹോദരാ , നിങ്ങളിവിടെ കേള്‍പ്പിച്ച എല്ലാ പാട്ടുകളും നന്നായിരുന്നു , പക്ഷെ ഇത് തന്‍റെ  ചെവിയിലേക്ക് മാത്രം പാടിക്കാനുള്ള ഒരു കുന്ത്രാണ്ടം ഉണ്ടെങ്കില്‍ അതങ്ങു വച്ച് കേട്ടാല്‍ പോരെ , ബാക്കിയുള്ളവനെ  കൂടി ..."അപ്പോള്‍ ഞാന്‍ പറഞ്ഞു " ചേട്ടാ ഈ സ്വന്തം ചെവിയിലേക്ക് മാത്രം പാട്ട് കുത്തി കയറ്റി കേള്‍ക്കാന്‍ മാത്രം അത്ര സ്വാര്‍ത്ഥന്‍ അല്ല ഞാന്‍..,..., ഉള്ളത് നിങ്ങളെ കൂടി കേള്‍പ്പിച്ചാല്‍ ഈ മരണ വീട്ടിലേക്കു പോകുന്ന പോലെ ശ്വാസം പിടിച്ചു പോകണ്ടാന്നു കരുതിയത്‌   തെറ്റായോ ?"അയാള്‍ നിറ കണ്ണുകളോടെ എന്നോട് പറഞ്ഞു " ഞാന്‍ എന്‍റെ മകളുടെ ശവം കാണാന്‍ തന്നെയാ പോകുന്നെ,... പനിയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല , ഇപ്പൊ... ഇപ്പൊ  വീട്ടില്‍ നിന്ന് എല്ലാവരോടും കൂടി കരഞ്ഞു കൊണ്ടെനിക്ക് ഫോണ്‍ ചെയ്തപ്പോള്‍ ജോലി നിര്‍ത്തി കോയമ്പത്തൂരില്‍ നിന്നും വരുന്ന വഴിയാ.." അയാള്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആശ്വസിപ്പിച്ചു.. പിന്നീട് എന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ആക്കുകയും ചെയ്തു.

പിന്നീട് ഒരിക്കലും ഞാന്‍ യാത്രകളില്‍ അങ്ങനെ ചെയ്തിട്ടില്ല. ഒരു ബസ്‌ യാത്രയില്‍ നമ്മള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പലര്‍ക്കും പല സ്ഥലത്തേക്ക് യാത്ര ചെയ്യാനുണ്ടാകും, അവരുടെയൊക്കെ മനസ്സില്‍ പലതും ചിലപ്പോള്‍ കിടന്നു പിടയുന്നുണ്ടാകും അടുത്തിരിക്കുന്ന നമ്മള്‍ അറിയാതെ...

വളരെ യാദൃശികമായി, രഞ്ജിത്ത് സംവിധാനം ചെയ്ത കേരള കഫെ യില്‍ , ലാല്‍ ജോസ് സംവിധാനം ചെയ്ത പുറം കാഴ്ചകള്‍ എന്ന കഥയിലെ മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്കിപ്പോളും എന്‍റെ ആ യാത്രയില്‍ അന്ന് കണ്ട അപരിചിതന്റെ  മുഖമാണ് ഓര്‍മ വരുന്നത്.

-pravin- 

ഒടിയന്‍ഒടിയനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചിലപ്പോള്‍ ഉണ്ടാകില്ല. ഞങ്ങളുടെ നാട്ടില്‍  പണ്ട് ഒടിയന്‍ ഒരു ചര്‍ച്ചാ വിഷയം ആയിരുന്നു. പത്തു ഇരുപതു  വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അതൊക്കെ നടന്നിരുന്നത്. ഞാന്‍ അവിടെയും ഇവിടെയും ഒക്കെ ആയി കേട്ടിട്ടുണ്ട് എന്നല്ലാതെ , പൂര്‍ണമായ ഒരു അറിവ് എനിക്കും ഇല്ലായിരുന്നു.  ഇത്തവണ നാട്ടില്‍ രണ്ടു മാസം അവധിക്കു  പോയപ്പോള്‍  ഞങ്ങളുടെ പുതിയ വീടിന്‍റെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവധി കഴിഞ്ഞു തിരിച്ചു പോരുന്ന നവംബര്‍ മാസം വീട് കുടിയിരിക്കണം എന്ന കണക്ക് കൂട്ടലില്‍ പണി അങ്ങനെ നടക്കുന്ന നേരം, ഞാന്‍ പുതിയ വീടിന്റെ പരിസരങ്ങള്‍ വീക്ഷിക്കുന്ന തിരക്കില്‍ അകപ്പെട്ടു. പുലമാന്തോളിലെ പോലെ അല്ല, ഇവിടം വീടുകള്‍ കുറവാണ്. അയല്‍വാസികള്‍ അവിടുത്തെ പോലെ അടുത്ത് അടുത്ത് ഇല്ല എന്നത് മാത്രമേ ഒരു കുറവായി തോന്നുന്നുള്ളൂ. ഒരു ഭാഗത്ത് പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, ഉയർന്നു നിൽക്കുന്ന കുന്നുകൾ, ചുറ്റും റബ്ബര്‍ എസ്റ്റേറ്റ്‌, പഴയ ഇടവഴികള്‍ , കൂട്ടം കൂട്ടമായി നടക്കുന്ന മയിലുകള്‍, എപ്പോളും ചെറിയ കാറ്റ്, കിളികളുടെ കല പില ശബ്ദം, പിന്നെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നിറയെ മരങ്ങള്‍ .അങ്ങനെ ചുരുക്കത്തില്‍ എനിക്ക് സ്ഥലവും ചുറ്റുവട്ടവും നന്നായി ബോധിച്ചു.  എല്ലാതും ചുറ്റുവട്ടത്ത് തന്നെ   ഉണ്ട് . കുറച്ചങ്ങു  നടന്നാല്‍ ടാറിട്ട റോഡ്‌   ഉണ്ട്, ചെറിയ കടകള്‍ അടുത്ത് ഉണ്ടെങ്കിലും  ടൌണില്‍ പോകണമെങ്കിൽ   പുലാമാന്തോളിലേക്ക്  തന്നെ പോകണം എന്ന് മാത്രം. 

നമുക്ക് കാര്യത്തിലേക്ക് വരാം, ഈ ഒടിയന്‍ പണ്ട് ഒരുപാട് ശല്യം ഉണ്ടാക്കിയിരുന്ന  സ്ഥലം ആയിരുന്നു  ഞങ്ങളുടെ പുതിയ വീടിന്‍റെ പരിസര പ്രദേശങ്ങൾ . ഇപ്പോള്‍ പക്ഷെ ഒടിയനും ഒടിയാത്തവനും ഒന്നും ഇല്ല. ചുമ്മാ ഒരു രസത്തിനു ഞാന്‍ ഒടിയനെ കുറിച്ച് കഥകള്‍ അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളിലൂടെ ഞാന്‍ ഒടിയന്‍ എന്ന ആശയത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. 

പണ്ട് കാലത്ത്, ജന്മിമാര്‍ താണ ജാതിയിലെ സ്ത്രീകളെയും കുടുംബത്തെയും പീഡിപ്പിച്ചിരുന്നു. പേടി കാരണം, കുടുംബ നാഥനും മറ്റ്  ആണുങ്ങളും  ജന്മിമാരെ എതിര്‍ത്തൊരു വാക്ക് പോലും പറയാറില്ലായിരുന്നു. ഒരുപാട് സഹനങ്ങള്‍ക്ക്‌  ഒടുവില്‍, ഒരിക്കല്‍  ഒരു പാണന്‍ കളിമണ്ണ് കൊണ്ട് ഒരു രൂപത്തെ ഉണ്ടാക്കി. ആ രൂപം അവര്‍ണ്ണന് ആരാധിക്കാന്‍ തരത്തില്‍  കറുത്ത രൂപം ആക്കുന്നതിന് വേണ്ടി, ആ രൂപത്തെ തീയിലിട്ടു കരിച്ചു. പിന്നീട് കരിങ്കുട്ടി എന്ന പേരില്‍ അതിനെ ഉപാസിക്കാന്‍ തുടങ്ങി. പാണന്റെ  ഉഗ്ര ഉപാസനയില്‍ ആ ശക്തി അവനു മുന്നില്‍ പ്രത്യക്ഷപെട്ടു. 

തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള  അപൂര്‍വ ശക്തി തങ്ങള്‍ക്കു തരാന്‍ പാണന്‍ കരിങ്കുട്ടിയോടു അപേക്ഷിച്ചു. പക്ഷെ അങ്ങനെ ഒരു വരം കൊടുക്കാന്‍ കരിങ്കുട്ടിക്കു അധികാരമില്ലായിരുന്നു. പകരം മറ്റൊരു അപൂര്‍വ ശക്തി കിട്ടാനുള്ള  വഴിയെ കുറിച്ച്  കരിങ്കുട്ടി പറഞ്ഞു കൊടുത്തു.  

പാണനെ അകാരണമായി ആരെങ്കിലും ദ്രോഹിക്കുകയാണെങ്കില്‍   അവരുടെ മുന്നില്‍   ഇഷ്ടമുള്ള ജീവിയുടെ രൂപത്തില്‍ ചെന്ന്  അവരെയെല്ലാം   ഉപദ്രവിക്കാനുള്ള ഒരു മരുന്നിനെ കുറിച്ചായിരുന്നു അത്. പക്ഷെ , മരുന്നിന്‍റെ ശക്തി രാത്രിയില്‍ മാത്രമേ ഫലിക്കുകയുള്ളൂ എന്ന് കൂടി കരിങ്കുട്ടി പാണനെ ഓര്‍മപ്പെടുത്തി.  മരുന്ന് ഉണ്ടാക്കാനുള്ള വഴിയും  അത്ര എളുപ്പം ആയിരുന്നില്ല. എങ്കില്‍ക്കൂടി, എത്ര ബുദ്ധിമുട്ടിയാലും ആ മരുന്ന്  ഉണ്ടാക്കിയെടുക്കാന്‍ തന്നെ പാണന്‍ തീരുമാനിച്ചു. അത് പ്രകാരം, ആദ്യം ഗര്‍ഭിണിയായ ഏതെങ്കിലും ഒരു അന്തര്‍ജനത്തെ  കണ്ടു പിടിക്കണം. പാണന്‍ അന്ന് തൊട്ടു അതിനായുള്ള അന്വേഷണം  ആരംഭിച്ചു. അങ്ങനെ പാലക്കാടു നിന്ന് വന്നു താമസിക്കുന്ന ഒരു ബ്രാഹ്മിണ കുടുംബത്തില്‍ ഒരു അന്തര്‍ജ്ജനം ഗര്‍ഭിണിയായി ഇരിക്കുന്നെന്നു പാണന്‍ അറിയാന്‍ ഇടയായി. ഇനി അവരെ കണ്ടു പിടിച്ചാല്‍ മാത്രം പോര, രാത്രി അവര്‍ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ ബോധാരഹിതയാക്കണം. പിന്നീട് വയറു കീറി പ്രായം തികയാത്ത കുഞ്ഞിനെ ജീവനോടെ പുറത്തിറക്കി ശ്വാസം മുട്ടിച്ചു കൊല്ലണം. ആ കുഞ്ഞിന്‍റെ ശരീരം കൊണ്ടാണ് മരുന്നുണ്ടാകേണ്ടത്‌ എന്നാണത്രേ പാണന് കിട്ടിയ നിര്‍ദേശം. 

എന്തായാലും പാണന്‍ പറഞ്ഞ പോലെ ചെയ്യുകയും, ശേഷം ആ സ്ത്രീയുടെ ശവം ചാക്കില്‍ കെട്ടി പുലാമന്തോള്‍  പുഴയില്‍ എറിയുകയും ചെയ്തെന്നു കരുതുന്നു. ഇതൊരു കെട്ടു കഥയായി തോന്നിയേക്കാം.. പക്ഷെ പിന്നീട് സംഭവിച്ച  കാര്യങ്ങള്‍  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നാട്ടുകാര്‍ക്ക് വരെ ഓര്‍മ്മ  ഉണ്ട്. അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന  വാര്‍ത്തകള്‍ വായിച്ചവരാരും   പേടിക്കാതിരുന്നിട്ടില്ല. 


 പാണന്‍ ആകെ ഉണ്ടാക്കിയ മരുന്ന് കണ്മഷി കൂടില്‍ ഇട്ടു വയ്ക്കാവുന്ന അത്രയുമേ ഉണ്ടായിരുന്നു എന്നാണ് കേള്‍വി. അതിന്‍റെ ഒരിത്തിരി മാത്രം എടുത്തു ദേഹത്ത് തൊട്ട്, ആരും കാണാത്ത ഇരുട്ടില്‍ പോയി ഉപാസിക്കും. ഇഷ്ടരൂപങ്ങള്‍ ചിലപ്പോള്‍ നായ, പോത്ത്, ആട് എന്നിവ ആയിരിക്കും. പിന്നീട് നാട്ടില്‍ ഒരുപാട് കൊലപാതകങ്ങള്‍ നടക്കുകയുണ്ടായി. രാവിലെ പോലീസ് വന്നാല്‍ ഒരു തുമ്പ് പോലും ഉണ്ടാകില്ല. ഒടിയന്‍ കൊന്നതാണെന്ന് ആദ്യമൊക്കെ അവര്‍ കേട്ടപ്പോള്‍ വിശ്വസിച്ചില്ല. പിന്നീട് അവരും ഒടിയനില്‍ വിശ്വാസം വന്നവര്‍ ആയി. അക്കാലത്ത് അന്നാട്ടില്‍ ഉണ്ടായിരുന്ന ഒരു മുത്തച്ഛന്‍ ഒടിയനെ പേടിക്കാതിരിക്കാന്‍ ഒരു വഴി പറഞ്ഞു കൊടുത്തു നാട്ടുകാര്‍ക്ക്. രാത്രി പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ നടന്നു വരുമ്പോള്‍ (ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ ഒടിയന്‍ ആക്രമിക്കാറുള്ളൂ എന്ന് പറയുന്നു  ) കൈയില്‍ ചൂട്ട് അല്ലെങ്കില്‍ ചൂട് വെള്ളം പോലെ തൊട്ടാല്‍ പൊള്ളുന്ന വല്ലതും കൈയ്യില്‍ വക്കാന്‍ പറഞ്ഞു. ഒടിയനു ചൂട് കൊണ്ടാല്‍ പിന്നെ യഥാര്‍ത്ഥ രൂപത്തിലേക്ക് മാറേണ്ടി വരുമെന്നതാണ് കാരണം.  

പാണന് പിന്നെ പിന്നെ ആരോടും എന്തും ചെയ്യാം എന്ന ധൈര്യം വന്നു. ജന്മിമാരുടെ പ്രതാപ കാലം കഴിഞ്ഞും പാണന്റെ  ആ കുടുംബത്തില്‍ നിന്ന് ആരോ ഈ മരുന്ന് പരീക്ഷിക്കാന്‍ തുടങ്ങിയത് തൊട്ടാണ് നാട്ടുകാര്‍ക്ക് "ഒടിയന്‍ ശല്യം" തുടങ്ങിയത്. തനിക്കു ശത്രുത ഉള്ളവരോടും ഇല്ലാത്തവരോടും ഒടിയന്‍ ഒരു പോലെ പെരുമാറി . ആളുകളെ ഒറ്റയ്ക്ക് രാത്രിയില്‍ കണ്ടാല്‍  മിന്നല്‍ വേഗത്തില്‍ വന്നു മര്‍മം ഒടിച്ചു കളഞ്ഞും , മറ്റു മുറിവുകള്‍ എല്പ്പിച്ചും ഒടിയന്‍ ഒരു നാടിന്‍റെ സമാധാനത്തെ  ഇല്ലാതാക്കി കൊണ്ടിരുന്നു.    

 ഒടിയന്‍, വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാന്‍ വേണ്ടി പുറപ്പെട്ടു പോയാല്‍, പാണന്റെ ഭാര്യ ചൂട് വെള്ളം തിളപ്പിച്ച്‌ കാത്തിരിക്കും, രാവിലെ പാണന് തന്റെ സ്വന്തം രൂപം തിരിച്ചു കിട്ടണം എങ്കില്‍ തന്‍റെ പുരക്കു ചുറ്റും വലം വച്ച് ഭാര്യയെ ഉണര്‍ത്തി, അവള്‍ ചൂട്  വെള്ളം ഒടിയന്റെ  മേലില്‍ ഒഴിച്ചാലെ പഴയ രൂപം കിട്ടുമായിരുന്നുള്ളൂ. അതിനെ കുറിച്ച് ഞങ്ങളുടെ നാട്ടില്‍ ഒരുപാട് കഥകള്‍ പറയാനുണ്ട് പഴയ ആളുകള്‍ക്ക്. 


ഒരിക്കല്‍ പാണന്‍ രാത്രിയില്‍ ഒറ്റയ്ക്ക് മരുന്ന് കൈയില്‍ വച്ച് രൂപം മാറാന്‍ വേണ്ടി ഒരു പാറ പുറത്തുനിന്ന് മന്ത്രം ചെല്ലുന്നത്, നാട്ടിലെ ഒരു കള്ളന്‍ തെങ്ങിന്‍റെ മുകളില്‍ കള്ളു കുടിച്ചിരിക്കുമ്പോള്‍  കാണാന്‍ ഇടയായി. പോത്തിന്‍റെ  രൂപം ധരിച്ചു ഒടിയന്‍ ദൂരേക്ക്‌ ഓടി പോയ തക്കം നോക്കി, കള്ളന്‍ താഴെ ഇറങ്ങി വന്നു, പാറയുടെ മറവില്‍ വച്ചിരുന്ന മരുന്നില്‍ ഒരിത്തിരി എടുത്തു പാണന്‍ ചൊല്ലിയ മന്ത്രം ഉറക്കെ ചൊല്ലി. അതിശയം എന്ന് പറയണമോ , ആ മന്ത്രം ചൊല്ലി നിമിഷ നേരങ്ങള്ക്കു്ള്ളില്‍ നമ്മുടെ കള്ളുകുടിയന്‍ ഒരു പോത്തായി മാറി. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കാന്‍  സമയമില്ല. കള്ളുകുടിച്ചതിന്റെ ആലസ്യം വക വക്കാതെ മുന്നേ ഓടിയ ഒടിയന് പിന്നാലെ വച്ച് പിടിച്ചു. 

പാവം നമ്മുടെ കള്ളുകുടിയന്‍ ഓടുന്ന വഴി പിന്നെ പുല്ലു മുളച്ചു കാണില്ല. പക്ഷെ ഒടിയന്റെ  ഒരു പൊടി  പോലും കാണാന്‍ നമ്മുടെ കള്ളുകുടിയന്‍ പോത്തിന് സാധിച്ചില്ല. ഇനി ഇപ്പൊ എങ്ങനെ പഴയ രൂപത്തില്‍ തിരിച്ചെത്തും? കള്ളുകുടിയന്‍ വീണ്ടും ഓടാന്‍ തുടങ്ങി. ഓടി ഓടി എടപ്പലം  (പേരടിയൂരിനു  സമീപം ഉള്ള മറ്റൊരു സ്ഥലം) ഭാഗത്തെ ഒരു പറങ്കി കാട്ടില്‍ ഒടിയന്‍ ആരെയോ നോക്കി നില്ക്കു ന്നത് കണ്ടു. പിന്നില്‍ ആരോ ഓടി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഒടിയന്‍ കാണുന്നത് തനിക്ക് നേരെ ഓടി അടുക്കുന്ന മറ്റൊരു പോത്തിനെ ആണ്. ഒടിയന്‍ ഒന്ന് അമ്പരന്നു കൊണ്ട് ,സര്‍വ ശക്തിയും സംഭരിച്ചു ഓടടാ ഓട്ടം.

 ഒരു പോത്തിന് പിന്നാലെ മറ്റൊരു പോത്ത് അങ്ങനെ ഓടുന്നു.. പാടം, തോട് എന്നീ സ്ഥലങ്ങളിലൂടെ ഒക്കെ രണ്ടു പോത്തുകളും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഓടി കൊണ്ടിരിക്കുന്ന സമയത്ത്  ഒടിയന്‍ ആലോചിച്ചു  - ഇവനാര് ? എന്റെ പിന്നാലെ ഓടുന്നതെന്തിനു ?' . ഇന്നിനി ഒന്നും വേണ്ട നേരെ വീട്ടിലേക്കു വച്ച് പിടിക്കാം.  '.  ഒടിയന്‍ വീടെത്തി. പിന്നാലെ നമ്മുടെ കള്ളുകുടിയനും ക്ഷീണിച്ചു വലഞ്ഞ് ആടിയാടി  ഒരു പരുവത്തില്‍    എത്തി. 


പതിവിലും നേരത്തെ ഇന്ന് ഭര്‍ത്താവ്   വേഷം മാറാന്‍ വന്നതറിഞ്ഞ് ചൂട് വെള്ളം എടുത്തു പുരക്കു പുറത്തിറങ്ങിയ ഭാര്യ കണ്ടത് വീടിനു വലയം വച്ച് ഓടുന്ന രണ്ടു പോത്തുകളെ ആണ്. സംശയിച്ചു നില്‍ക്കാതെ ഉടനെ തന്നെ രണ്ടിന്‍റെ  പുറത്തേക്കും ചൂട് വെള്ളം ഒഴിച്ചു . രൂപം വീണ്ടു കിട്ടിയ കള്ളുകുടിയന്‍ താന്‍ ഇതേതു സ്ഥലത്താണ് എന്ന് പോലും നോക്കാതെ ജീവന്‍ തിരിച്ചു കിട്ടിയ വെപ്രാളത്തില്‍ എങ്ങോട്ടോ ഓടിപോയി എന്ന് പറയപെടുന്നു.

കഥകള്‍ ഇങ്ങനെ പലതും കേട്ടെങ്കിലും ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല എന്ന  മട്ടില്‍ പണി നടക്കുന്ന വീട്ടില്‍ എന്നും വന്നു പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഉച്ചക്ക് ഞാന്‍ വീടിനു പുറത്തു നിൽക്കുമ്പോൾ  ഒരു അമ്മൂമ്മ അതിലെ വന്നു എന്നോട് എന്തൊക്കെയോ  ചോദിച്ചു. എനിക്കൊന്നും മനസിലായില്ല. ഞാന്‍ അവരോടു അങ്ങോട്ട്‌ കുറച്ചു ചോദിച്ചപ്പോള്‍ ചെവിയില്‍ കൈ വച്ച് അവര്‍ക്ക് ഒന്നും കേള്‍ക്കാന്‍  സാധിക്കില്ല  എന്ന് ആംഗ്യം  കാണിച്ചു. അപ്പോള്‍ തിരിച്ചു ഞാനും ആംഗ്യം  കാണിച്ചു കൊണ്ട്  ഞങ്ങള്‍ ഇവിടെ പുതുതായി താമസിക്കാന്‍ വന്നവര്‍ ആണ് എന്ന് പറഞ്ഞു. അവര്‍ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു താഴെ വഴിയിലൂടെ നടന്ന് ദൂരെ കുന്നിനു താഴെ പാടത്തിനരികിൽ കാണുന്ന  ഒരു ഓട്  മേഞ്ഞ വീട്ടിലേക്കു കയറി പോയി. ഞങ്ങളുടെ വീട് ഒരു കുന്നു പോലെ ഉള്ള സ്ഥലത്തായത് കൊണ്ട് ഈ അമ്മൂമ്മയുടെ  വീട് അവിടുന്ന് നോക്കിയാല്‍ കാണാന്‍ സാധിക്കും.


 അന്ന് വൈകീട്ട് ആറു മണി കഴിഞ്ഞു കാണും. പണിക്കാര്‍ എല്ലാം പോയതിനു ശേഷം ഞാന്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങി. നാശം പിടിക്കാന്‍ നല്ല മഴയും തുടങ്ങി. ബൈക്ക് സ്റ്റാര്‍ട്ട്‌  ‌ ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട്‌  ‌ ആയില്ല. ദൂരെ നിന്ന് ആ പഴയ അമ്മൂമ്മ ഒരു പോത്തിനെ  കെട്ടഴിച്ചു കൊണ്ട് നടന്നു വരുന്നത് കണ്ടു. എന്‍റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവരോടു വയസ്സ് കാലത്ത് (വയസ്സയെന്നാലും നല്ല ആരോഗ്യം ഉണ്ട് അമ്മൂമ്മക്ക്) മഴ കൊള്ളണ്ടാ  എന്ന് പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാതെ  നടന്നു പോയി.  അവരുടെ പിന്നാലെ കരഞ്ഞു കൊണ്ട് ആ പോത്തും. ബൈക്ക് സ്റ്റാര്‍ട്ട്‌  ആകുന്ന ലക്ഷണം കാണുന്നില്ല. ഞാന്‍ ഒരു ഇറക്കം വരെ തള്ളി കൊണ്ട് പോയി. പിന്നെ സ്റ്റാര്‍ട്ട്‌  ആയപ്പോള്‍ ബൈക്കില്‍ മഴ  നനഞ്ഞു പുലാമന്തോളിലെ വീട്ടിലേക്കും പോയി.

 കുറച്ചു ദിവസങ്ങൾക്ക് ശേഷം , കുടിയിരിക്കലിനു രണ്ടോ മൂന്നോ ദിവസം മുന്‍പേ തന്നെ  പന്തല് പണിക്കാര്‍ വന്നു. പന്തല് കെട്ടുന്നതും നോക്കി നിൽക്കുമ്പോൾ അമ്മൂമ്മ നടന്നു വരുന്നത് കണ്ടു. 

 "എന്താ ഇപ്പൊ ഈ വഴി ഒന്നും കാണാറില്ല എവിടെയായിരുന്നു " അവരോട് ഞാൻ  ചോദിച്ചു.

 മുറുക്കാന്‍ കറ പിടിച്ച പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് എന്നോട് ഒന്നും പറയാതെ  എന്നത്തേയും പോലെ താഴെക്കുള്ള വഴിയിലൂടെ  അവർ ദൂരെയുള്ള അവരുടെ വീട്ടിലേക്കു നടന്നു  പോയി .  

ഇതെല്ലാം കണ്ടു നിന്നിരുന്ന പന്തല് പണിക്കാരിൽ ഒരാൾ  എന്‍റെ അടുത്തേക്ക് വന്നു. എന്നിട്ട് മെല്ലെ എന്നോടായി ചോദിച്ചു .


 "അവര്‍ ആരാണ് എന്ന് അറിയുമോ നിനക്ക് ?, അവരോട്  അധികം അടുപ്പവും വേണ്ട പ്രശ്നത്തിനും പോകണ്ട . "

"അതെന്താ നിങ്ങൾ  അങ്ങനെ പറയുന്നത് . അതൊരു പാവം സ്ത്രീയല്ലേ ? "


"ഹും .. ഇവര് പാവമായിരിക്കാം . പക്ഷെ , ഇവരുടെ ഭർത്താവാണ് പണ്ടത്തെ ഒടിയന്‍ കേസിലെ പ്രധാന പ്രതി. പണ്ട് ഒരുപാട് പേരെ ഒടിയന്‍ വേഷം കെട്ടി വന്നു കൊന്നിട്ടുണ്ടത്രെ ഇവരുടെ ഭർത്താവ്. പിന്നൊരിക്കൽ ഇവരുടെ ഭര്‍ത്താവാണ്   ഒടിയന്‍ എന്ന് മനസിലാക്കി നാട്ടുകാര്‍ ഇവരുടെ കുടുംബക്കാരുടെ അടക്കമുള്ളവരുടെ വീടുകള്‍ കേറി അവിടത്തെ ആണുങ്ങളെയെല്ലാം   തല്ലി പതം വരുത്തി വിട്ടിട്ടുണ്ട് എന്നാണു പഴയ ആളുകൾ പറഞ്ഞു കേൾക്കുന്നത് . നാട്ടുകാര്‍ ഇവരെ അന്ന്   ഒതുക്കിയതാണ്. ഒരുപാട് മന്ത്ര പരിപാടികള്‍ ഒക്കെ അറിയുന്ന കൂട്ടരാണ് . പണ്ട് ഞങ്ങളുടെ അച്ഛന് നേരെയൊക്കെ ഇവരുടെ ആക്രമണം  ഉണ്ടായിട്ടുണ്ട് . അതും പാതി രാത്രിയില് . " പന്തല് പണിക്കാരൻ പഴയ ഓർമ്മകൾ   ഓരോരോന്നായി   ചികഞ്ഞെടുത്തു കൊണ്ടേയിരുന്നു.

ഇത് കേട്ട് തീർന്ന നേരം എന്‍റെ  ചെവിയുടെ ഇരു ഭാഗത്തിലൂടെ രണ്ടു പക്ഷികള്‍ പറന്നു പോയി. അതിശയം കാണിക്കാതെ 
ഞാന്‍ വീണ്ടും ചോദിച്ചു.

"അതൊക്കെ പണ്ടത്തെ ഓരോ കെട്ടു കഥകളല്ലേ? ഇപ്പൊ ആരെങ്കിലും ഇതൊക്കെ..." പറഞ്ഞു മുഴുമിപ്പിച്ചില്ല, എന്‍റെ  തൊണ്ടക്കുള്ളില്‍  എന്തോ കാറ്റ് കുടുങ്ങി സംസാരം നിര്‍ത്തി.പന്തല് പണിക്കാരൻ  ചിരിച്ചു കൊണ്ട് പറഞ്ഞു " ഇപ്പോള്‍ ഇവിടെ അങ്ങിനത്തെ കുഴപ്പം ഒന്നുമില്ല. ഇവരുടെ മക്കള്‍ ഒക്കെ ഇപ്പൊ ഇവിടത്തെ വല്ല്യ സഖാക്കന്മാരാ. അങ്ങനെയുള്ള സ്ഥിതിക്ക് നാടിനു നിരക്കാത്തതൊന്നും അവര്‍ ചെയ്യുമായിരിക്കില്ല. എന്നാലും നമ്മളായിട്ട് വെറുതെ അവരെ വെല്ലു വിളിക്കാനൊന്നും പോകണ്ട. പഴയ മന്ത്രങ്ങളും തന്ത്രങ്ങളും ആ മരുന്നും ഒക്കെ ചിലപ്പോള്‍ ഇവരുടെ ആരുടെയെങ്കിലും കയില്‍ ഉണ്ടെങ്കിലോ ?"


ഇത്രയും  പറഞ്ഞു നിർത്തി കൊണ്ട് അയാൾ പന്തല് പണിയുടെ തിരക്കിലേക്ക്   മടങ്ങി പോയി. ഞാനാകട്ടെ  ഒടിയന്റെ  കഥയും വേണ്ട കവിതയും വേണ്ട എന്ന തീരുമാനത്തിലും എത്തി.

വീട് കുടിയിരിക്കലിന്റെ ക്ഷണം ആ നാട്ടിലെ ഒരു വിധപ്പെട്ട എല്ലാവർക്കും ഉണ്ടായിരുന്നതിനാൽ  ഈ അമ്മൂമ്മയുടെ വീട്ടുകാരെല്ലാം  കുടിയിരിക്കലിനു വന്നിരുന്നു. അമ്മൂമ്മ മാത്രം വന്നില്ലാ എന്ന് ഞാന്‍ ചിന്തിച്ചതെ ഉള്ളൂ, തിരക്കിനിടയില്‍ എന്നെ അമ്മൂമ്മ വന്നു കൈ കൊണ്ട് തൊട്ടു വിളിച്ചു. ഞാന്‍ ചിരിച്ചു കൊണ്ട് അവരെ സ്വീകരിച്ചു എന്നിട്ട് വീട്ടില്‍ അന്ന് വന്നിരിക്കുന്ന മറ്റു വൃദ്ധരായവരുടെ  കൂട്ടത്തില്‍ ഒരു ഗ്ലാസ്‌ പായസവും കൊടുത്തു ഇരുത്തി. പിന്നെ ഞാന്‍ മുങ്ങി.

  രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു . പുതിയ വീട്ടില്‍. പരമ സുഖം. നല്ല കാലാവസ്ഥ. സന്ധ്യക്ക് ഞാന്‍  ബൈക്ക് എടുത്ത്  പുലാമന്തോള്‍ ധന്വന്തരി അമ്പലത്തില്‍ പോയി തൊഴുതു മടങ്ങും വഴി മനക്കിലെ  പടിപ്പുരയുടെ ഭാഗത്ത്‌ കൂട്ടുകാരുടെ കൂടെ ലാത്തിയടിച്ചു ഒരുപാട് നേരം ഇരിക്കുക പതിവായിരുന്നു.  ഒരു ദിവസം പതിവ് ലാത്തിയടി കഴിഞ്ഞപ്പോളെക്കും  പതിനൊന്നു മണി കഴിഞ്ഞിരുന്നു.   കഷ്ടി അഞ്ചു കിലോ മീറ്റര്‍ ദൂരം മാത്രമേ പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലെക്കുള്ളൂ. ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌  ചെയ്തു. സമയം 11. 15 കഴിഞ്ഞു. നല്ല തണുപ്പ്. ചെറിയ മഴ ചാറ്റല്‍ കൊണ്ട് ഇങ്ങനെ  ബൈക്കില്‍  നിലാവത്ത് പോകാന്‍  നല്ല രസം. ചന്തപ്പടി- കരിങ്ങനാട് എത്തി, ബൈക്ക് വലത്തോട്ട് വെട്ടിച്ചു കയറ്റി. അതിലൂടെയും ഞങ്ങളുടെ പുതിയ വീട്ടിലേക്കു പോകാം. റോഡില്‍ ഒരു വെട്ടം പോലുമില്ലെങ്കിലും ഹെഡ് ലൈറ്റിനു നല്ല വെളിച്ചം. റോഡിനു രണ്ടു ഭാഗം പാടവും ഒരു ആള്‍ താമസവും ഇല്ലാത്ത ഒരു സ്ഥലത്ത് , മഴ ചാറ്റല് കൊണ്ട് ഞാന്‍ ബൈക്കില്‍ ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ഹെഡ് ലൈറ്റ് മങ്ങി കത്താന്‍ തുടങ്ങി. ഹോണ്‍ ചെക്ക്‌ ചെയ്തപ്പോള്‍ അതും കുറവ്.. വണ്ടി ചെറിയ ഒരു പുള്ളിങ്ങോടെ പെട്ടെന്ന് നിന്നു. പാടത്തിന്റെ  അരികില്‍ ബൈക്ക് നിര്‍ത്തി ഞാന്‍ ഇറങ്ങി.
  
   ബൈക്ക് നിന്ന സ്ഥലത്ത് നിന്ന് കുറച്ചു നേരം ഞാന്‍ ചുറ്റുപാടും നോക്കി. സ്ഥലവും സമയവും പന്തിയല്ല എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. നിലാവിനും മഴക്കും ഞാന്‍ നേരത്തെ പറഞ്ഞ ഭംഗി ഇപ്പോള്‍ ഇല്ലാ എന്ന് തോന്നുന്നു. ആളും അനക്കവുമില്ലാത്ത ആ സ്ഥലത്ത് കൂടി    ബൈക്ക് കുറച്ചു നേരം തള്ളി, പിന്നെ സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ ആശ്വാസമായി . നായ്ക്കളുടെ ഓരിയിടല്‍ കേള്‍ക്കുന്നു. എല്ലാം എന്റെ തോന്നലുകള്‍ ആയിരിക്കാം. വീടിനടുത്ത്‌ ബൈക്ക് എത്താറായി. 

വീട് കാണാവുന്ന ദൂരത്തില്‍ ആണെങ്കിലും  മഴ നനഞ്ഞു കിടക്കുന്ന ഒരു ഇടവഴിയിലൂടെ വേണം ബൈക്ക് ഓടിച്ച് ആ  കുന്നിന്‍റെ മുകളില്‍ എത്താന്‍.,. ഇടവഴിയുടെ ഒരു വളവില്‍ ബൈക്ക് ലൈറ്റില്‍ പൊന്തയില്‍ ചെടികളുടെ ഇളക്കം കണ്ടു ഞാന്‍ ഞെട്ടി. അടുത്തെത്തിയപ്പോള്‍ കണ്ടത് അമ്മൂമ്മയുടെ പോത്ത്  മഴ നനഞ്ഞു കൊണ്ട്  പുല്ല്   തിന്നുന്നതാണ് . ബൈക്കിന്‍റെ വെളിച്ചത്തില്‍ അതിന്റെ കറുപ്പ് നിറം തിളങ്ങുന്നു.     പെട്ടെന്ന് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി എങ്കിലും പേടിക്കാതെ അതിനെ മറി കടന്ന് കൊണ്ട് ഞാൻ വീട്ടിനു മുന്നിലെത്തി. 

പോത്ത്  തൊഴുത്തില്‍ നിന്ന് ഇറങ്ങി വന്നതാണോ? ഞാൻ സംശയിച്ചു. ദൂരെ അവരുടെ വീട്ടിലേക്കു നോക്കിയപ്പോള്‍ പുറത്തെ ബള്‍ബ്‌ മാത്രം കത്തുന്നുണ്ടായിരുന്നു.  ഞാൻ ബൈക്കിൽ നിന്നിറങ്ങി പോത്തിന്റെ അടുത്തേക്ക് നടന്നു. എന്നിട്ട്  പോത്തിന്റെ  കഴുത്തിലെ കയറു പിടിച്ചു വലിച്ചു, ശേഷം അതിനെ  താഴെ വഴിയിലേക്കായി   ഉന്തി തള്ളി  അയച്ചു. അപ്പോളേക്കും എന്റെ വീട്ടില്‍ നിന്നും എനിക്ക് ഫോണ്‍ വന്നു വേഗം വരാന്‍ പറഞ്ഞിട്ട്.  ആ  സമയം കൊണ്ട്  ഞാന്‍  വീടിനു മുന്നില്‍ എത്തിയിരുന്നു. രാത്രി ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഞാന്‍ കിടക്കാന്‍ കിടന്നപ്പോള്‍ ആ പന്തല് പണിക്കാരൻ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി ഓര്‍ക്കാന്‍ തുടങ്ങി. ശേ , വെറുതെ ആ പോത്തിനെയൊന്നും തൊടാനും പിടിക്കാനുമൊന്നും പോകേണ്ടിയിരുന്നില്ല എന്ന് തോന്നി. 

അടുത്ത ദിവസം രാവിലെ  ഉമ്മറത്ത്‌ ചായ കുടിച്ചു ഇരിക്കുമ്പോള്‍  അമ്മൂമ്മയുടെ  പേരക്കുട്ടികൾ  സ്കൂളില്‍ പോകുന്നത് കണ്ടു. ഞാന്‍ അവരോട് ചോദിച്ചു.

 "എന്താ ഇന്നലെ  പോത്തിനെ തൊഴുത്തിൽ   കെട്ടാന്‍ മറന്നോ ? ഇന്നലെ രാത്രി ഞാനാ അതിനെ  നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് ഉന്തിത്തള്ളി തിരിച്ചാക്കിയത്  " 

 "അതിനു ഞങ്ങക്ക്  അങ്ങനെ ഒരു പോത്തും  പശും  ഇല്ലല്ലോ , ആട് മാത്രമേ ഉള്ളൂ. പണ്ട് ഒരു എരുമ  ഉണ്ടായിരുന്നു" . അതും പറഞ്ഞ് , അവർ  സ്കൂളിലേക്ക് പോകാനുള്ള തിടുക്കത്തില്‍ ദൂരേക്ക് നടന്നകന്നു. 

അപ്പോള്‍ പിന്നെ ഞാന്‍ കണ്ടതാണല്ലോ അമ്മൂമ്മ പലപ്പോഴും ആ പോത്തിനെ  പിടിച്ചു നടക്കുന്നത്. അത് ആരുടെ ആയിരിക്കും? ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി.

എന്‍റെ അവധി കാലം കഴിഞ്ഞിരിക്കുന്നു.  ഒടിയന്‍ ചിന്തകള്‍ക്ക്  തൽക്കാല വിരാമമിട്ടു കൊണ്ട്  പ്രവാസിയുടെ ഊരി വച്ച പഴയ കുപ്പായം ഇട്ടു കൊണ്ട് രണ്ടു ദിവസത്തിനു ശേഷം   ഞാന്‍  എയര്‍ പോര്‍ട്ടില്‍  എത്തി. രാത്രി ആയിരുന്നു യാത്ര, വിമാനം പൊങ്ങാനുള്ള തയ്യാറെടുപ്പിലാണ്. . ഞാന്‍ ഒടിയനെ കുറിച്ച് ഒന്ന് കൂടി സങ്കല്‍പ്പിക്കാന്‍  തുടങ്ങി. എന്‍റെ ഭാവനയില്‍ ഞാന്‍ വീണ്ടും ഒടിയനെ അന്ന് കണ്ടു. എന്‍റെ പിന്നാലെ എന്നെ തിരഞ്ഞു നടക്കുന്ന ഒടിയന്‍ ഒരു പോത്തിന്‍റെ  വേഷം ധരിച്ചു അതാ റണ്‍വേ  കടന്നു എന്നെ നോക്കി  ഓടി ഓടി വരുന്നു. വിമാനത്തിന്‍റെ  ജനാലക്കരികില്‍ ഇരിക്കുന്ന എന്നെ കണ്ട മാത്രയില്‍ പോത്തിന് ദ്വേഷ്യം കൂടി. പക്ഷെ വിമാനത്തിന്‍റെ സ്പീഡ് പോത്തിനുണ്ടാകുമോ? ആ ധാരണയും തെറ്റിച്ചു കൊണ്ട് പോത്ത് എന്‍റെ ജനാലക്കു താഴെ എത്തിയിരിക്കുന്നു. പൊടുന്നനെ  വിമാനം പൊങ്ങി പറന്നു.  മേലോട്ട് പൊങ്ങി പറന്ന വിമാനം  നോക്കി നില്‍ക്കുന്ന  പോത്തിനെ ഞാന്‍ ഒരു നെടുവീര്‍പ്പോട് കൂടെ  ജനാലയിലൂടെ നോക്കി. 

പിന്നെ ആ പോത്ത് ഭൂമിയിലെ ഒരു കറുത്ത പൊട്ടായി ചെറുതായി പോകുന്ന പോലെ തോന്നി. ഞാന്‍ ചെറുതായൊന്നു മയങ്ങി. രാത്രി 12 മണി കഴിയും  ഷാര്‍ജാ  എയര്‍ പോര്‍ട്ട്‌ എത്താൻ. അവിടെ നിന്ന് എനിക്ക് അൽ ഐന്‍ പോകണം. അടുത്ത ദിവസം മുതല്‍ വീണ്ടും പ്രവാസിയാകാന്‍   ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.     അങ്ങിനെ ജനാലയിലൂടെ വിമാന ചിറകിലെ  മിന്നുന്ന ലൈറ്റ് നോക്കി  ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കറുത്ത രൂപത്തെ കണ്ട പോലെ എനിക്ക് തോന്നി. വിമാന ചിറകുകളുടെ  ഒപ്പം അതേ വേഗതയിൽ  തന്നെ പറക്കുന്ന ഒരു പോത്ത്. ഞാന്‍ അതിശയിച്ചു പോയി.  വലിയ ചിറകുകളുമായി പറക്കുന്ന ആ പോത്ത് എന്നെ തേടി തന്നെ ആണെന്ന് ഉറപ്പ്. എയര്‍ പോര്‍ട്ട്‌ എത്തും വരെ ഞാന്‍ ശ്വാസം പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. 


ഷാര്‍ജയില്‍  ഇറങ്ങിയ നേരം ഞാന്‍ പോത്തിനെയും ആടിനെയും ഒന്നും കണ്ടില്ല.  അൽ  ഐന്‍ എത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഞാൻ എല്ലാം മറന്നതായിരുന്നു. അങ്ങിനിരിക്കെ   ഒരു ഒഴിവു ദിവസം ഞാന്‍ കൂട്ടുകാരുമായി  യാദൃശ്ചികമായി  അൽ  ഐനിലെ പശു ഫാമിലേക്ക്  പോയി. ,അവിടെ പശുക്കള്‍ക്കിടയില്‍  ഒരു എരുമയെ കണ്ടതും എനിക്ക് സംശയമായി   പറന്നു വന്ന ആ പോത്താണോ  രൂപം മാറി എരുമയായി ഇവിടെ. ഒക്കെ എന്‍റെ തോന്നലുകളായിരുന്നു. അതിനു ശേഷം, രണ്ടു  ദിവസത്തിനുള്ളില്‍ എനിക്ക് അബു ധബിയിലേക്ക് സ്ഥലം മാറ്റം കിട്ടുകയുണ്ടായി.  


അബുധാബി അല്‍ ഐനെ പോലെ അല്ല. കെട്ടിടങ്ങളുടെ തിക്കുംതിരക്കും ആളുകളുടെ പരക്കം പാച്ചിലുകളും കൂടുതലാണ്.  സ്ഥലം മാറിയതിന്റെ  ഭാഗമായുണ്ടായ  ബോറടി മാറ്റാനായി ഞാൻ വീണ്ടും ചില നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു.  താമസിക്കുന്ന സ്ഥലത്തിന് ചുറ്റും ഒരുപാട് പൂച്ചകളെ കാണാറുണ്ടായിരുന്നു. റോഡിൽ വച്ചിട്ടുള്ള വേസ്റ്റ് ബാസ്ക്കറ്റിലെ  ഭക്ഷണ അവശിഷ്ടങ്ങള്‍   കഴിക്കാന്‍ വരുന്ന പൂച്ചകള്‍ ആണ് അവരെല്ലാം. മിക്ക   പൂച്ചകളും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത്‌ മൂലം തടിച്ചുരുണ്ട്  ഒന്ന്  ഓടാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള കോലത്തിലാണ്. ആ കാലത്ത് ഉറക്കം കിട്ടാത്ത ചില രാത്രികളില്‍,  ദൂരെ നിന്ന്  എവിടെ നിന്നൊക്കെയോ ചില പൂച്ചകള്‍ വികൃത  ശബ്ദത്തില്‍ കരയുന്നത്  ഞാന്‍ കേട്ടിട്ടുണ്ട്. 

 ഒരു ദിവസം രാത്രി പതിവ്  പോലെ ബാക്കിയുള്ള  ഭക്ഷണ  സാധനങ്ങള്‍ വെയ്സ്റ്റ്  ബാസ്ക്കറ്റില്‍ ഇടുന്നതിനു വേണ്ടി പോയതായിരുന്നു  ഞാന്‍. പതിവായി ആ ഭാഗത്ത്  വന്നു പോകാറുള്ള    പൂച്ചകളെ സസൂക്ഷ്മം ശ്രദ്ധിക്കുന്ന കൂട്ടത്തില്‍ കണ്ടു പരിചയമില്ലാത്ത  ഒരു പുതിയ പൂച്ചയും കൂടി എത്തിയിരിക്കുന്നു. ഗൾഫ് പൂച്ചകളുടെ ശരീരപ്രകൃതിയില്ലാത്ത  ഒരു കറുത്ത പൂച്ച. കൂരിരുട്ടിന്‍റെ കറുപ്പ്  നിറമുള്ള ആ പൂച്ച അതിന്‍റെ തിളങ്ങുന്ന പച്ച കണ്ണുകള്‍ കൊണ്ട് ആരെയോ തിരയുന്ന പോലെ തോന്നി പോയി.  പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞ   അതിന്‍റെ പച്ച കണ്ണുകളിലേക്കു ഞാനും കുറച്ചു നേരം നോക്കി നിന്നു. ആ കണ്ണുകളില്‍ ശക്തമായ ഒരു തിരച്ചില്‍ ഉണ്ടായിരുന്നു. എന്തിനു വേണ്ടി ആയിരിക്കും അത്? ആരെയാണ് ശരിക്കും അത് തിരയുന്നുണ്ടാകുക? ഇനി എന്നെ തന്നെയാണോ ? എന്‍റെ സംശയങ്ങള്‍ കൂടി കൂടി വരുന്നു.  ഇനിയൊന്നും സംശയിക്കാനില്ല, ഇത്  ഒടിയന്റെ പുതിയ  വേഷം തന്നെയായിരിക്കാം. ഞാൻ ഉറപ്പിച്ചു. 

 ഒടിയന്‍ കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അറബി നാട്ടിലെ ഒടിയന്‍ കഥകളുമായി ആരെങ്കിലും  ഇനിയും വരും. നിങ്ങളും സൂക്ഷിച്ചോ, ഇരുട്ടിന്‍റെ    മറവില്‍ നിങ്ങളോടെന്തോ പറയാന്‍ ഒടിയന്‍ നിങ്ങളെ തേടിയും നടക്കുന്നുണ്ടാകും . ഇവിടെ അല്ല. ദാ..നിങ്ങളുടെ തൊട്ടു  പുറകില്‍ തന്നെ . ബുഹ്‌ ഹഹ്ഹ !!! 

- pravin-  

Thursday, March 22, 2012

കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര- കോളേജ് ഓര്‍മ്മകള്‍ - 1


വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂര്‍ സി . എം. എസ് കോളേജില്‍ പി . ജി ക്ക് പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സരവണംപട്ടി എന്ന സ്ഥലത്ത് കോളേജ് ഹോസ്റ്റലില്‍ താമസിച്ചു വരുകയായിരുന്നു. അന്ന് പട്ടാമ്പി കോളേജില്‍ നിന്നും പഠിത്തം കഴിഞ്ഞു ഞാനും റിയാസും കമാലും രൂപേഷും വീണ്ടും ഒരുമിച്ചു ഒരേ റൂമില്‍ ആണ് താമസം.  ഞാന്‍ പലപ്പോളും ആരോടും പറയാതെ സന്ധ്യ കഴിഞ്ഞാല്‍ കുളിച്ചു വേഷം മാറി എങ്ങോട്ടെന്നില്ലാതെ നഗരത്തില്‍ നിന്നും ഒഴിഞ്ഞ വഴികളിലൂടെ നടക്കാന്‍ പോകുക പതിവായിരുന്നു. കൂട്ടത്തില്‍ കാണുന്ന അമ്പലങ്ങളില്‍ തൊഴുതു മടങ്ങുകയും ചെയ്യും. പലപ്പോളും ഇരുട്ടില്‍  വഴി തെറ്റിയും , ചേരികളില്‍ താമസിക്കുന്നവരോട്  മുറി -തമിഴ് പറഞ്ഞു നടന്നും ,റൂമിലെത്താന്‍ വൈകിയിട്ടുണ്ട്. 

അങ്ങനെ ഇരിക്കെയാണ്  ടോം എന്ന് പറയുന്ന സുഹൃത്തിനെ പരിച്ചയപെടുന്നത്. ഒരു ആലപ്പുഴക്കാരന്‍. കണ്ടാല്‍ കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കത, മുഖത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്നത് നൂറു വയസ്സുള്ള അപ്പൂപ്പന്റെ അനുഭവസമ്പത്ത്. എട്ടും പൊട്ടും തിരിയാത്ത അവനുമായി ചങ്ങാത്തം വേണ്ട എന്ന് രൂപേഷ് (കൂട്ടത്തിലെ ബുദ്ധിരാക്ഷസന്‍ ) എന്നോട് പറഞ്ഞെങ്കിലും ഞാന്‍ അത് കാര്യമാക്കിയില്ല. അവനുമായി ഞാന്‍ കൂടുതല്‍ അടുക്കാന്‍ സിനിമകളും, സാഹിത്യവും,  സമൂഹ  നിരീക്ഷണവും  എല്ലാം കാരണമായിരുന്നു.

അങ്ങനെ ഞാന്‍ അവനുമായി ചങ്ങാത്തത്തില്‍ മുഴുകിയിരിക്കുന്ന   ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു .

' ഡാ ഈ നഗരങ്ങളിലെ രാത്രിയെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ  ?'

'ഇല്ല. നീ കാര്യം പറ '

'നമുക്ക് ഈ വരുന്ന ആഴ്ച കോയമ്പത്തൂര്‍ നഗരം ഒന്ന് ചുറ്റി കറങ്ങിയാലോ . ഒരു രാത്രി മുഴുവന്‍ ഈ നഗരത്തില്‍ അലയാന്‍ ഒരു രസം അല്ലേ ?'

'ഏയ്‌ , എന്ത് രസം. ചുമ്മാ ഈ തണുപ്പത്ത്  മൂടിപ്പുതച്ചു കിടക്കാന്‍ നോക്കാം എന്നല്ലാതെ. അതുമല്ല, രാത്രി എന്തൊക്കെ  ഗുലുമാലുകള്‍ ഉണ്ടാകും എന്നാര്‍ക്കറിയാം ' ഞാന്‍ അവനെ നിരുത്സാഹപ്പെടുത്തി . 

 പക്ഷെ അവന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെ വെള്ളിയാഴ്ച രാത്രി ഞങ്ങള്‍ ആരുമറിയാതെ ഹോസ്റ്റല്‍ ചാടി. സെക്കന്റ്‌ ഷോ ലഗേ രഹോ മുന്നാഭായി കാണാന്‍ കയറി. സിനിമ കഴിഞ്ഞു ഗാന്ധിപുരത്ത്‌ എത്തിയപ്പോൾ  സമയം പാതിരാ കഴിഞ്ഞിരിക്കുന്നു.

'ആഹാ.. എന്നാ  രസമാ  അല്ലിയോടാ ' ടോം ചോദിച്ചു.

'ആ ..നല്ല തണുപ്പ്, ബസ്‌ വല്ലതും ഉണ്ടോടെയ്, എന്താ ഇനി പ്ലാന്‍ ? നഗരം ചുറ്റിയടിക്കല്‍  വേണോ ?'

'നീ എന്നാ പറയുന്നേ, ഒരു ത്രില്‍ അങ്ങനെ ഒക്കെയാ കിട്ടുക. അല്ലാതെ ചുമ്മാ സിനിമ കണ്ടോണ്ട് മാത്രാണോ .. '

'ആ ശരി ശരി. 'ഞാൻ സമ്മതിച്ചു കൊടുത്തു

ഒരു ബസ്‌ വരുന്നു. എങ്ങോട്ടാണെന്ന് പോലും നോക്കാതെ അവന്‍ ഓടി കയറി. പുറകെ ഞാനും. അത് റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ചാടി ഇറങ്ങി. പിന്നെ പ്ലാറ്റ്ഫോം   ടിക്കറ്റ്‌ പോലും എടുക്കാതെ സ്റ്റേഷനിലുള്ളിലേക്ക്  കയറി. അവിടെ തമ്പടിച്ചിരിക്കുന്ന ജവാന്മാരോട് കുശലം പറഞ്ഞും, കൊതു കടി കൊണ്ടും വട്ടു പിടിച്ചപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി. എങ്ങോട്ടെന്നില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വിശാലമായ റോഡുകളില്ലോടെ സിനിമാ  കഥയും  പറഞ്ഞു കൊണ്ട്  തണുപ്പത്ത്   ഞങ്ങള്‍ കുറെ ദൂരം നടന്നു നീങ്ങി .

' ഡാ ടോമെ , നീ ഈ വഴി ഇതിനു മുന്നേ വന്നിട്ടുണ്ടോ ? ആകെ ഒരു പന്തികേട്‌.
ഒരു മനുഷ്യന്റെ കുട്ടി പോലും ഇല്ല ട്ടോ ഇവിടൊന്നും '

' ഞാനോ ? ഈ വഴിയോ ? ഞാന്‍ ആദ്യമായാ ഇങ്ങനെ ഒരു നടത്തം തന്നെ. അല്ല ഇതിലിപ്പോ പേടിക്കാനെന്തിരിക്കുന്നു ?' ടോം കൂളായി പറഞ്ഞു. 

'പെടിയായിട്ടല്ല, എന്നാലും.. നീ ആ കാണുന്ന മേല്‍പ്പാലം കണ്ടോ? അങ്ങോട്ടൊന്നു നോക്കിയേ .." 

ആകെ ഇരുട്ട്. കുറെ പശുക്കള്‍ സിനിമ പോസ്റ്ററുകള്‍ തിന്നുന്നു. അവിടെ രണ്ടു പ്രാകൃത മനുഷ്യര്‍. മുടിയെല്ലാം ജട പിടിച്ചു കൊണ്ടുള്ള ഒരു ഭീകര രൂപം. രണ്ടു പേരും കഞ്ചാവാണെന്നു തോന്നുന്നു  എന്തോ ഒരു സാധനം ആഞ്ഞു വലിക്കുന്നു .

'ഡാ പ്രവീണേ, എന്തുവാടെ ഇവന്മാര് ഈ കാണിക്കുന്നത്? നമുക്കൊന്ന് സംസാരിച്ചാലോ ' 

'പിന്നെ , നീ അവരടെ  ഇന്റര്‍വ്യൂ എടുക്കാന്‍ പോക്വാണോ  ? ചുമ്മാ പുലിവാല് പിടിക്കണ്ട. ആദ്യം ഇതേതാ സ്ഥലം എന്ന് നോക്ക്. പണ്ടാരമടങ്ങാൻ..  ' 

 ഞങ്ങള്‍ നടന്നു നടന്നു അവന്മാരുടെ അടുത്തെത്തി. ഇനിയുള്ള ഭാഗം ആകെ ഇരുട്ടാണ്‌. ടോമാണെങ്കില്‍ വള വളാ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. അവന്മാരെ കാണാത്ത പോലെ ഞങ്ങള്‍ അവരുടെ അടുത്ത് കൂടെ അവരെയും മറി കടന്ന ശേഷം  ടണലിന്  അപ്പുറം എത്തി. ആരോ പിന്നില്‍ ഉണ്ടെന്ന സംശയത്തില്‍ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അതിലൊരുത്തന്‍ ഇരുട്ടിലൂടെ ഓടി വരുന്നത് കണ്ടു.    പിന്നെ ഒട്ടും താമസിച്ചില്ല സര്‍വ ധൈര്യവും സംഭരിച്ചു ഒരൊറ്റ ഓട്ടം. അത് പിന്നെ നിന്നത് നാലും കൂടിയ ഒരു കവലയില്‍. ടോം റോഡില്‍ ഇരുന്നു . കിതപ്പ് മാറുന്നില്ല. എനിക്ക് ദ്വേഷ്യം വന്നു കണ്ട്രോള്‍ പോയി.

'ഹോ എന്തൊക്കെയായിരുന്നു , നഗരത്തിന്റെ രാത്രി മനോഹാരിത, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു  ഇപ്പൊ എന്തായി ? വഴിയിലെ പ്രാന്തന്മാര്‍ വല്ല കല്ലും വടിയും കൊണ്ട് എറിഞ്ഞിരുന്നെങ്കില്‍ തീര്‍ന്നേനെ അതോടെ എല്ലാം. ' ഞാൻ കലിപ്പായി. 

അവന്‍ ഒന്നും മിണ്ടുന്നില്ല.

'എന്താ നിന്‍റെ മുണ്ടാട്ടം  മുട്ടി പോയോ ? ആ രൂപേഷ് ഇത്രക്കും ബുദ്ധിരാക്ഷസന്‍ ആണെന്ന് ഇപ്പോളാ മനസിലായത്. അവരെല്ലാം പറഞ്ഞത് നിന്‍റെ ഓരോ വട്ടിനെ കുറിച്ചാണ്. എന്തിനു പറയുന്നു നിന്‍റെ റൂമിലുള്ള മേര്സിലിനും, സാമിനും, അലക്സിനും വരെ നിന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാ.. എന്നെ പറഞ്ഞാല്‍ മതി ഓരോ വട്ടന്മാരുടെ കൂടെ ഇറങ്ങി തിരിച്ചിട്ട്... ഈ പാതിരാക്ക്‌ ഇതെങ്ങോട്ടെന്നു വച്ചാ ഇനി നടക്കുക. നാളെ ആ വാര്‍ഡന്‍ വന്നു നോക്കുമ്പോള്‍ നമ്മളെങ്ങാനും  അവിടില്ലാ എന്നറിഞ്ഞാൽ തീർന്നു എല്ലാം. അയാളെങ്ങാനും  വല്ല പരാതിയും പ്രിൻസിപ്പാളിന്  കൊടുത്താല്‍ പിന്നെ ധാ ഇതു പോലെ ഇവിടെ ഈ റോഡില്‍ വന്നിരിക്കാം..'

അവന്‍റെ കിതപ്പ് മാറിയപ്പോള്‍ എഴുന്നേറ്റിട്ട്  പറഞ്ഞു ' ഡാ ഇതൊക്കെ അല്ലേ ജീവിതത്തില്‍ ഒരു രസം '

"രസമല്ല ..സാമ്പാർ ..ഒന്ന് പോടാ ₹%^്#*&% "എനിക്കങ്ങു ചൊറിഞ്ഞു വന്നു വീണ്ടും. ഞാന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങി. പിന്നാലെ അവനും. കുറച്ചു ദൂരം നടന്നു. ഒരു പരിചയവും ഇല്ലാത്ത സ്ഥലം . ഒന്ന് നേരം വെളുത്തിരുന്നെങ്കില്‍ വല്ലവരോടും ചോദിക്കാമായിരുന്നു. അതിനിനിയും സമയം കിടക്കുന്നു. മണി രണ്ടു കഴിഞ്ഞു. കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ കുറച്ച് അപ്പുറത്തായി  ഒരു പോലീസ്  വണ്ടിയും നാലഞ്ച് പോലീസുകാരും നില്‍ക്കുന്നു. ഞങ്ങള്‍  ആകെ കുടുക്കില്‍ പെട്ട് പോയ പോലെയായി .

'ഡാ പന്നീ ..അതാ പോലീസ്. അവര് ചോദിച്ചാല്‍ എന്ത് പറയും '

' ഓ .. ചുമ്മാ നടക്കാന്‍ ഇറങ്ങിയതാണെന്ന് പറയാം '

'ഈ സമയത്തോ? അവര് വിശ്വസിച്ചത് തന്നെ ' നമുക്ക് അവരോടു കാര്യമങ്ങ് തുറന്ന്  പറഞ്ഞാലോ ..

'ആ ബെസ്റ്റ് , പറയേണ്ട താമസം അവരെല്ലാം വിശ്വസിക്കും. എന്നിട്ട് അവര് നമ്മളെ അകത്തു കൊണ്ടേ ഇടും.    മറ്റന്നാള്‍ പ്രിന്‍സിപ്പാള്‍  വന്നു നമ്മളെ ഇറക്കും. അത് മതിയോ ?'

'അയ്യോ ..അതെന്തായാലും വേണ്ട. ' ഞാനെന്തായാലും വായില്‍ വരുന്ന നുണ അങ്ങ് കാച്ചും. നീ ഒരു  നാടകത്തിലെന്ന  പോലെ ഒന്ന് സപ്പോര്‍ട്ട് ചെയ്‌താല്‍ മതി. '  അവന്‍ ഇന്‍ ഹരി ഹർ  നഗറിലെ അപ്പുക്കുട്ടനെ പോലെ തലയാട്ടി സമ്മതിച്ചു.

ഞങ്ങള്‍ വളരെ കൂളായി പോലീസിന് മുന്നിലൂടെ നടന്നങ്ങു പോകുകയായിരുന്നു. കൂട്ടത്തിലെ കറുത്ത് തടിച്ച പോലീസുകാരന്‍ വിസിലടിച്ചു. എന്റെ മനസ്സില്‍ ലഡ്ഡു  പൊട്ടി ചിതറി. എല്ലാം കൂടി വാരിയെടുത്ത് ഞങ്ങള്‍ അവരുടെ അടുത്തേക്ക് മന്ദം മന്ദം നടന്നു. അയാള്‍ മീശ പിരിച്ചു കൊണ്ട് തമിഴില്‍ ചോദ്യം തുടങ്ങി .

' എവിടുന്നാടാ ഈ സമയത്ത് '

മറുപടി എല്ലാം ഞാന്‍ പറയാം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തുടങ്ങി "സര്‍, ഞങ്ങള്‍ നാട്ടില്‍ പോകാന്‍ വേണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും  ട്രെയിന്‍ പോയിരുന്നു. അപ്പൊ ചുമ്മാ നടക്കാം എന്ന് കരുതി.  അടുത്ത വണ്ടി രാവിലെയെ ഉള്ളൂ. അതാ. ബസില്‍ പോകണ്ട എന്നും കരുതി" ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ദാ ..അടുത്ത ചോദ്യം വരുന്നു.

'ഇത്ര തിരക്കിട്ട് ഈ രാത്രിയില്‍ ട്രെയിന്‍ പിടിച്ചു പോകാന്‍ മാത്രം എന്താ വീട്ടില്‍ വിശേഷം? '

'അത് പിന്നെ ഞങ്ങളുടെ ബന്ധുവിന്റെ കല്യാണം കൂടാന്‍ വേണ്ടിയാ' കോളേജ് വിട്ടു റൂമില്‍ നിന്നു ഇറങ്ങാന്‍ വൈകി. ഇതിന്റെ പേരില്‍ ഒരു ദിവസത്തെ പഠിപ്പ്  കളയണ്ട  എന്ന് കരുതിയാ  ലീവ് എടുക്കാതെ ഇങ്ങനെ പോകാം എന്ന് തീരുമാനിച്ചത് ' ഞാന്‍ അയാള്‍ക്ക്‌ ഞങ്ങളെ കുറിച്ച് ഒരു മതിപ്പുണ്ടാകാന്‍ വേണ്ടി പറഞ്ഞതായിരുന്നു അത്.

കഴിഞ്ഞില്ല. ധ വരുന്നു വീണ്ടും  അടുത്ത ചോദ്യം ..

' എന്താ പേര് നിങ്ങളുടെ? '

ഞങ്ങളുടെ പേര് വളരെ സത്യസന്ധതയോടെ ഞങ്ങള്‍ പറഞ്ഞു ' ടോം, പ്രവീണ്‍ '

' അപ്പൊ നിങ്ങള് രണ്ടു മതക്കാര്‍ക്കും കൂടി ഉള്ള ബന്ധുവിന്റെ പേരെന്താ ?'

അപ്പോഴേക്കും  ടോം അഭിനയം തുടങ്ങി കഴിഞ്ഞു. ഒരിത്തിരി സെന്ടിമെന്‍സ് കലര്‍ന്ന സംസാരത്തോടെ അവൻ സംസാരം തുടങ്ങി.

 'അത് ഇവന്റെ ആ ബന്ധു ഹിന്ദു. എന്‍റെ  ബന്ധു ക്രിസ്ത്യന്‍. അവര് രണ്ടും കണ്ടു, ഇഷ്ടപ്പെട്ടു. ഇപ്പൊ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം ' അങ്ങനെയാ ഞങ്ങള്‍ രണ്ടും കൂട്ടുകാരായത്. പോലീസ് ഏമാന്  സംശയം കൂടി കൂടി വന്നു. വീണ്ടും ചോദിച്ചു .

' അപ്പൊ അവരങ്ങനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.  ആട്ടെ , നിങ്ങള്‍ എവിടുന്നാ പരിചയപ്പെട്ടത്  ?'

ഞങ്ങള്‍ രണ്ടു പേരും ഒരേ സമയത്ത് രണ്ടു  ഉത്തരം പറഞ്ഞു ' കോളേജില്‍ വച്ച്, അല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ച് '

' ഡാ നമ്മള്‍ ആദ്യം കണ്ടത് കോളേജില്‍ വച്ചാണ്. പക്ഷെ ഇന്ന് ആദ്യം കണ്ടത് റെയില്‍വേ സ്റ്റേഷനില്‍ വച്ചല്ലേ ? ആണ്  ..' ഞാന്‍ അടുത്ത നമ്പരിട്ടു.

അപ്പുക്കുട്ടന്‍ തലയാട്ടി. പോലീസ് വയര്‍ലെസ്സില്‍ സന്ദേശങ്ങള്‍ എന്തൊക്കെയോ വരുന്നു. ദൈവമേ ഞങ്ങളെ പിടിച്ചു അകത്തിടാന്‍ വല്ലവനും സന്ദേശം വിട്ടോ ആവോ.

വയര്‍ലെസ്സ്   സംസാരത്തിന് ശേഷം പോലീസ് മാമന്‍ വണ്ടിക്കു മുകളില്‍ പാതി കയറി ഇരുന്നു കൊണ്ട് അടുത്ത സെറ്റ് ചോദ്യ ശരങ്ങള്‍ എയ്തു തുടങ്ങി. എന്‍റെ മനസ്സില്‍ ടോമിനെ കൊല്ലാനുള്ള ദ്വേഷ്യം. അവന്‍ കാരണമല്ലേ ഇപ്പോള്‍ ഇതൊക്കെ ...

' ശരി. നിങ്ങള്‍ ഏത് കോളേജിലാ  പഠിക്കുന്നത്? ' ശരിയുത്തരം പറഞ്ഞാല്‍ ഒരു ലക്ഷം രൂപ സമ്മാനം എന്ന കോടീശ്വരന്‍ പരിപാടിയുടെ പരസ്യം മുന്നില്‍ തെളിഞ്ഞ പോലെ. കൂട്ടുകാരനെ വിളിച്ചു ചോദിക്കാം, ഫിഫ്ടി ഫിഫ്ടി അങ്ങനെ ഓപ്ഷന്‍ ഒരുപാടുണ്ട്. കൂട്ടുകാരനോട് ചോദിക്കാം എന്ന നിലയില്‍ ഞാന്‍ ടോമിനെറെ മുഖത്തേക്ക് പാളി നോക്കി. 

ധൈര്യമായിട്ട് പറഞ്ഞോ ഒരു ലക്ഷം രൂപ ഇപ്പൊ തന്നെ കിട്ടും എന്ന നിലയില്‍ അവന്‍ എന്നെയും നോക്കി.

ഞാന്‍ പറഞ്ഞു. ' സി . എം. എസ് കോളേജ് '.

'വര്‍ക്കി അല്ലേ അവിടെ പ്രിന്‍സിപ്പല്‍? '

 ' അതെ എന്ന് തോന്നുന്നു ' ഞാന്‍ മെല്ലെ പറഞ്ഞു.

ടോം ഉറപ്പിച്ചു പറഞ്ഞു ' അതെ ! വർക്കി സാർ തന്നെ " 

പോരാത്തതിന് അങ്ങോട്ടൊരു ചോദ്യവും. " വര്‍ക്കി സാറേ അറിയുമോ സാർക്ക്  '  എന്ന്. അതും കൂടെയായപ്പോൾ എന്റെ മനസ്സിന്റെ സ്ക്രീൻ വിണ്ടു കീറി പോയി.  അവന്‍റെ  ചോദ്യം കേട്ടാല്‍ തോന്നും പോലീസ് അവന്‍റെ വീട്ടില്‍ വിരുന്നു വന്നതാണെന്ന്. പൊട്ടൻ. ഗ്ര്ർ. ഞാൻ ദ്വേഷ്യം കടിച്ചമർത്തി. 

അയാള്‍ അതിനു മറുപടി പറയാതെ മൌനം പൂണ്ടപ്പോള്‍, ഞാന്‍ ഇടക്ക് കയറി സംസാരിച്ചു.

' സര്‍, ഇനിയിപ്പോ ഞാങ്ങള്‍ പൊയ്ക്കോട്ടേ. '

'നിങ്ങളിനി എങ്ങോട്ടാ നടക്കുന്നത്. ഇതിപ്പോ നടന്നു നടന്നു ഗാന്ധിപുരം ആയിരിക്കുന്നു. സ്റ്റേഷനിലേക്ക്  തിരിച്ചിപ്പോ  നടന്നാലേ രാവിലെ നിങ്ങൾക്ക്  ട്രെയിന്‍ കിട്ടൂ. ബന്ധുവിന്റെ കല്യാണം കൂടാനുള്ളതല്ലേ?  വേഗം വിട്ടോ..വിട്ടോ  ' മീശ പിരിച്ചു കൊണ്ട് പോലീസ് ഏമാന്‍ ഞങ്ങളോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. 

 ഞങ്ങള്‍ അല്‍പ്പം നടന്നു ..

  'ആ ചോദ്യത്തില്‍ എന്തോ ഒരു   "ഇത്" ഇല്ലേ ..?'  ഞാന്‍  ടോമിനോട് ചോദിച്ചു .

' ഏയ്‌ ..ഇല്ലാന്നേ..ഉണ്ടോ ?' 

' ഏയ്‌ ..ഇല്ല ..ഇല്ല " രണ്ടാളും മുഖത്തോട് മുഖം നോക്കി തലയാട്ടി കൊണ്ട് ഒരേ പോലെ പറഞ്ഞു . 

ഞങ്ങള്‍ വീണ്ടും നടത്തം തുടങ്ങി. 

ഹാവൂ .. എന്തായാലും  ആശ്വാസമായി. പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല ല്ലോ. ഗാന്ധിപുരം എത്തിയ സ്ഥിതിക്കിനി എന്തിനാ റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കുന്നത്. ഇവിടെ നിന്നു രാവിലെ ബസ്‌ കയറി ഹോസ്ടലിനു മുന്നില്‍ പോയി ഇറങ്ങിയാല്‍ പോരെ. അത് പക്ഷെ പോലീസുകാരോട് പറയാന്‍ പറ്റുമോ? അവരാണെങ്കില്‍ ഞങ്ങള്‍ നടന്നു പോകുന്നതും നോക്കി കൊണ്ടേ  ഇരിക്കുന്നു. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ. റോഡിനാണെങ്കിൽ  ഒരു വളവു പോലും ഇല്ല. ഒന്ന് വളഞ്ഞു നടന്നു അവരുടെ കണ്ണില്‍ നിന്നും മായാന്‍ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.

 നടക്കുമ്പോള്‍ ടോം പാട്ട് പാടി. അവനെ പച്ച  തെറി വിളിച്ചു കൊണ്ട്  ഞാനും വേറൊരു ഭരണി പാട്ട് പാടി. ഒടുക്കം പോലീസ് പോയെന്നു ഉറപ്പായപ്പോള്‍ ഗാന്ധിപുരം ബസ്‌ സ്റ്റാന്‍ഡില്‍ കയറി കിടന്നുറങ്ങാം എന്ന് കരുതി അവിടേക്ക് തിരിച്ചു. അവിടെ നടന്നെത്തിയപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ബസ്‌ സ്റ്റാന്റ് രാത്രി അടച്ചിട്ടതിനാല്‍ അവിടെ കിടന്നുറങ്ങാം എന്ന ഞങ്ങളുടെ പൂതി വെള്ളത്തിലായി.

 ടോമിന്റെ കഴുത്തിന്‌ മുറുക്കെ പിടിച്ചു തള്ളി  സ്നേഹം പ്രകടിപ്പിച്ചു കൊണ്ട്  അവനെയും കൊണ്ട് നഗരത്തിലെ ഒരു കടത്തിണ്ണയിലേക്ക് ഞാന്‍ നടന്നു. അവിടെ നിലത്തെ പൊടിയൊന്നും നോക്കാതെ ഞങ്ങള്‍ ഒരിത്തിരി നേരം കിടന്നു. പക്ഷെ ചുറ്റും വട്ടമിട്ടു പറക്കുന്ന കൊതുകുകള്‍ അതിനും സമ്മതിച്ചില്ല.

' ടോമെ, സംഭവം ഇപ്പൊ ഈ യാത്ര ഒരു രസമായി തോന്നുന്നുണ്ട് ട്ടോ ' ഞാന്‍ ആ പൊടി മണ്ണില്‍ കിടന്നു കൊണ്ട്  ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

 'അത് തന്നെയാ ഞാന്‍ ആദ്യം പറഞ്ഞത്. അപ്പൊ നിനക്ക് മനസിലായില്ല..ഇപ്പൊ എന്ത്യേടാ ? ' ടോം ആവേശത്തോടെ പ്രതികരിച്ചു. ആ നിമിഷം മുതലാക്കി കൊണ്ട്  ഞാന്‍ അവനെ വിളിച്ച തെറിയെല്ലാം അവന്‍ എന്നെ തിരിച്ചു വിളിച്ചു. 

'എടാ   ദാസാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ' 

' എടാ വിജയാ  എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് '

കൊതുകുകളുടെ മൂളല്‍ ശബ്ദം  കേട്ട് കൊണ്ട് ഞാന്‍  പറഞ്ഞു.  'ആഹ ..എന്തൊരു സുഖം ഇവറ്റങ്ങളുടെ മൂളക്കം കേള്‍ക്കാന്‍ '

 'ഐശ്വര്യത്തിന്റെ സൈറം മുഴങ്ങുന്ന പോലെ ഉണ്ടല്ലേ' ടോം അതിന് മറുപടിയും പറഞ്ഞു.

 പിന്നെ കഥകളും വിശേഷങ്ങളും പറഞ്ഞു നേരം വെളുത്തതറിഞ്ഞില്ല.   സമയം നാലര കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ തട്ട് കടകള്‍ സജീവമായി കൊണ്ടിരിക്കുന്ന സൂചന കിട്ടിയിരിക്കുന്നു.   ഞങ്ങള്‍ ഒരു തട്ട് കടയില്‍ പോയി ചായ കുടിച്ചപ്പോഴേക്കും, ഞങ്ങള്‍ക്ക് പോകാനുള്ള  ബസ്‌ ഹോണ്‍ മുഴക്കി വരുന്നുണ്ടായിരുന്നു . മഞ്ഞു പെയ്യുന്ന ആ റോഡിലൂടെ ഞങ്ങള്‍ കൈ പിടിച്ചു കൊണ്ടോടി ചെന്ന് ആ ബസ്‌ കയറിയപ്പോള്‍ അനുഭവിച്ച സന്തോഷം എന്തെന്ന്  പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.

  സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഹോസ്റ്റല്‍ മതില്‍ ചാടി അകത്തു കയറുന്ന സമയത്താണ് വാച്മാന്‍ പല്ല് തേക്കാന്‍ പുറത്തിറങ്ങുന്നത് കണ്ടത്. മുകളിലെ റൂമിലേക്ക്‌ പോകാനുള്ള വഴി ഷട്ടര്‍ കൊണ്ട് അടച്ചിരിക്കുന്നു. അയാളുടെ കിടക്കയില്‍ നിന്നു താക്കോല്‍ എടുത്തു സാവധാനം ഷട്ടര്‍ തുറന്നു ഉള്ളില്‍ കയറി. പിന്നെ താക്കോല്‍ പഴയ പടി അവിടെ കൊണ്ട് വച്ച ശേഷം , ഷട്ടര്‍ അടച്ചു. ആ ശബ്ദം  കേട്ട് അയാള്‍ ഓടി വന്നിരിക്കാം. ഞങ്ങള്‍ അപ്പോഴേക്കും പുതപ്പിനുള്ളില്‍ മൂടി പുതച്ചു രാത്രിയില്‍ നഷ്ടപ്പെട്ട  ഉറക്കത്തെ  തിരിച്ചു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 ഉച്ചക്ക് ഉറക്കം ഉണരുമ്പോള്‍ ഞാന്‍ കണ്ടത് റൂമില്‍ ഒരാള്‍ക്കൂട്ടം. ഇന്നലെ പോയ ഞങ്ങള്‍ തിരിച്ചു വരുമോ എന്ന സംശയത്തിലായിരുന്നു അവര്‍. ടോമിന്റെ റൂമിലും ഇതേ അവസ്ഥ. പിന്നെ അവര്‍ ഞങ്ങളെ പരിഹസിച്ചു കഥകള്‍ ഉണ്ടാക്കി പറഞ്ഞു ചിരിക്കുമ്പോളും, അതൊന്നും ഞങ്ങള്‍ ആ ഒരു രാത്രിയില്‍ അനുഭവിച്ചതിന്റെ ത്രില്ലിനു (ടോം പറയുന്ന പോലെ) പകരമാകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.
  
  കോളേജ് ജീവിതത്തിനു ശേഷം എല്ലാവരും ഓരോ വഴിയില്‍ പോയി. ടോം സംവിധായകന്‍ ആകാനുള്ള വഴി തിരഞ്ഞു പോയി. എനിക്കിഷ്ടമുള്ള  വഴി അത് തന്നെ ആയിരുന്നെങ്കിലും, വേറെ ചില കാരണങ്ങളാല്‍ ഞാന്‍ വേറെ എവിടെയോ എത്തി. കോയമ്പത്തൂരിലെ ആ നഗരത്തിലൂടെ പിന്നെ ഒരിക്കല്‍ ഒരു പകലില്‍ സഞ്ചരിച്ചപ്പോള്‍ പഴയതെല്ലാം ഓര്‍ത്തു ഞാന്‍ വിഷമിച്ചു. ആ കാലം ഇനി കിട്ടുമോ ? ഇത്രയും തിരക്കുള്ള ഈ നഗരത്തിലൂടെ ആയിരുന്നോ അന്ന് രാത്രി ഞാനും ടോമും ഒറ്റയ്ക്ക് ആരെയും കാണാതെ നടന്നത്? നഗരത്തിനും ഗ്രാമത്തെ പോലെ ഒരുപാട് കഥകള്‍ പറയാനുണ്ട് എന്ന് തോന്നിപ്പോയി.


            2006-2008 cms college കോയമ്പത്തൂര്‍ , ഞാനും ടോമും - ഒരു പഴയ ഫോട്ടോ

-pravin-