Thursday, March 22, 2012

ഇടവഴിയിലെ പാണ്ടന്‍ നായ

ഒരു ദിവസം സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഞാന്‍ ആദ്യമായി അവനെ കാണുന്നത്. കഴുത്തില്‍ ഒരു കറുത്ത ബെല്‍ട്ടും, ഉരുണ്ട ശരീരവും , ശരീരത്തിന് യോജിക്കാത്ത രീതിയില്‍ നില്‍കുന്ന അവന്‍റെ കുടക്കമ്പി പോലെയുള്ള വാലും , കണ്മഷി എഴുതിയ പോലെയുള്ള അവന്‍റെ കണ്ണുകളും അങ്ങനെ ആളൊരു ചുള്ളന്‍ തന്നെ ആയിരുന്നെന്നു പറയാം. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം , സ്വഭാവം മാത്രം പോര. ഇടവഴിയിലെ ഒരു വളവില്‍ , തൊടിയോട് ചേര്‍ന്ന് ഒരു കുഴിയിലാണ് അധികവും അവന്‍ ഉച്ചക്ക് ഉറങ്ങാന്‍ കിടക്കുക . ഉച്ചക്ക് അവന്‍റെ ഉറക്കം ശല്യപ്പെടുത്തുന്ന രീതിയില്‍ നമ്മള്‍ സംസാരിച്ചു കൊണ്ട് അത് വഴി പോയാല്‍ , അവന്‍ ആദ്യം ദ്വേഷ്യം കൊണ്ട് ഒന്ന് മുരളും. എന്നിട്ടും സംസാരം നിര്‍ത്തിയില്ലെങ്കില്‍ അവന്‍ കുരച്ചു കൊണ്ട് അടുത്തേക്ക് ഓടി വരും. പക്ഷെ , എന്തോ ഇത് വരെയും ആരെയും കടിച്ചിട്ടില്ല ട്ടോ. പിന്നെ പിന്നെ അവന്‍ എല്ലാവരോടും നല്ല ഇണക്കത്തില്‍ പെരുമാറാന്‍ തുടങ്ങി. അത് കൊണ്ടൊക്കെ തന്നെ , ഇടവഴിയിലെ എല്ലാ വീട്ടുകാര്‍ക്കും അവനെ വലിയ ഇഷ്ടമായി തുടങ്ങി. 

ഇവന്‍ ദൂരെ ഏതോ വീട്ടില്‍ നിന്നു ഓടി വന്നതാണെന്നും , വീട്ടുകാര്‍ക്ക് ഇവന്‍റെ സ്വഭാവം പറ്റാഞ്ഞിട്ട് ഇവിടെ ഉപേക്ഷിച്ചു പോയതാണെന്നും അങ്ങനെ ഒരുപാട് കഥ പറയുന്നുണ്ട് ഇവനെ കുറിച്ച്. എന്തായാലും ഇവിടെ വന്നിട്ട് ഇപ്പോള്‍ മാസങ്ങളായിരിക്കുന്നു. അവനു ആഹാരം എല്ലാ വീട്ടില്‍ നിന്നും ഉണ്ട്. എല്ലാവരുടെ വീട്ടിലും അവന്‍ ദിവസവും ഒരു തവണ മുഖം കാണിച്ചേ പോകൂ.

ഇടയ്ക്കു ഞങ്ങളുടെ വീടിനു പിന്നിലെ മതിലിനു മുകളിലൂടെ ഒരു വരവുണ്ട് അവനു. അവിടെ മതിലിനു മുകളില്‍ അവനു ഞങ്ങള്‍ ഒരു പാത്രം വച്ചിട്ടുണ്ട്. അതില്‍ അന്നത്തെ ഭക്ഷണത്തിന്റെ ഒരു പങ്കു അവനുള്ളതാണ്. മീനുണ്ടെങ്കില്‍ അന്നത്തെ ദിവസത്തെ ഭക്ഷണം അവന്‍ ഒരു പിടി പോലും ബാക്കി വയ്ക്കാറില്ല. അവന് ഞങ്ങള്‍ ഇട്ട പേരാണ് ടോമി. വിളിച്ചാല്‍ അവന്‍ ഓടി വന്നു മുഖത്തേക്ക് നോക്കി കുറച്ചു മാറി ഒരു നില്‍പ്പുണ്ട്. അന്ന് എന്‍റെ കൈയില്‍ മോബിലോ , ക്യാമറയോ ഉണ്ടെങ്കില്‍ അവന്‍റെ ഫോട്ടോ എടുക്കാനെ സമയം ഉണ്ടാകുമായിരുന്നുള്ളൂ. അത്രക്കും നല്ല ഫോട്ടോ പോസുകളെ അവന്‍റെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ . 

ഒരു ദിവസം ടോമിയെ പുറത്തു നിന്നുമുള്ള നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. അവന്‍റെ കാലിനു ചെറിയ മുറിവുണ്ടായി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ സുഖം പ്രാപിച്ചു. അത് കഴിഞ്ഞ് ഒരാഴ്ചയായില്ല , അപ്പുറത്തെ വീട്ടിലെ കോഴികളെ കുറെ നായ്ക്കള്‍ പിടിച്ചു കൊണ്ട് പോയി, ശബ്ദം കേട്ട് ടോമി ആ നായ്ക്കള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ അവര്‍ ആ കോഴിയെ അവിടെ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞു. അപ്പോളേക്കും ആ കോഴി ചത്തിരുന്നു . അന്നവന് വേണ്ടി ആ കോഴിയെ കറി വച്ച് കൊടുത്തെങ്കിലും അവന്‍ എന്തോ അത് കഴിച്ചില്ല.

ദിവസം തോറും പുറത്തെ നായ്ക്കളുടെ ശല്യം കൂടി കൂടി വരുന്നു. ആളുകളുടെ കോഴിയെയും  ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണികളും എല്ലാം നായ്ക്കള്‍ കടിച്ചു വലിച്ചു കൊണ്ട് പോകാന്‍ തുടങ്ങി. ഒരിക്കല്‍ ഒരു കുട്ടിയെ നായ കടിക്കുകയും ചെയ്തതോടു കൂടെ ആളുകള്‍ പഞ്ചായത്തിലോ മറ്റോ പോയി പരാതി കൊടുത്തു. അന്നേ ദിവസം തന്നെ പേ വിഷ ബാധക്കുള്ള കുത്തി വെപ്പും ടോമിക്ക് കൊടുത്തു.

രണ്ടു ദിവസത്തിന് ശേഷം  ഞാന്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ നായ പിടുത്തക്കാര്‍ ഒരു വണ്ടിയില്‍ കുറെ നായ്ക്കളെ കൊണ്ട് പോകുന്നത് കണ്ടു. വണ്ടി അവിടത്തെ ചെറിയ കവലയില്‍ നിര്‍ത്തിയപ്പോള്‍ സ്കൂള്‍ കുട്ടികളെല്ലാം അതിനു ചുറ്റും കൂടി. ഞാനും പോയി നോക്കി. മിക്ക നായ്ക്കളും ചത്തിരിക്കുന്നു. കഴുത്തില്‍ കമ്പി വേലി പോലെ എന്തോ ഇട്ടു കുടുക്കിയിരിക്കുന്നു. ആകെ ചോരമയം. വണ്ടിയിലെ ചില നായ്ക്കള്‍ക്ക് ചെറിയ ജീവനുണ്ടെന്നു തോന്നുന്നു. ചിലത് മൂളുന്നു. അതിനിടയില്‍ എവിടെയോ കുടക്കമ്പി പോലൊരു വാല് പ്രാണ വേദന കൊണ്ട് വളഞ്ഞു പുളയുന്നു. ഞാന്‍ സൂക്ഷിച്ചു നോക്കുമ്പോഴേക്കും വണ്ടി പോയികഴിഞ്ഞിരുന്നു.

ഞാന്‍ വീട്ടിലേക്കു സങ്കടം കടിച്ചമര്‍ത്തി കൊണ്ട് ഓടി. പുസ്തകങ്ങള്‍ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ടോമി എന്ന പേര് ഉറക്കെ എത്ര വിളിച്ചിട്ടും അവന്‍ വന്നില്ല. അവന്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ കണ്ട കാഴ്ച പറഞ്ഞപ്പോള്‍ എല്ലാവര്ക്കും വിഷമമായി. പരാതി കൊടുത്ത ആളുകള്‍ക്ക് കുറ്റബോധം കാരണം ഒന്നും പറയാന്‍ സാധിച്ചില്ല. 

അറിഞ്ഞു കൊണ്ടല്ലെങ്കിലും, അവര് കാരണമല്ലേ ടോമിക്ക് ഈ ഗതി വന്നതെന്ന ചിന്ത എന്‍റെ മനസ്സില്‍ കുറെ കാലം അവരെ വെറുക്കാനിടയാക്കി. ദിവസങ്ങള്‍ കഴിഞ്ഞപ്പോളെക്കും എല്ലാവരും ടോമിയെ മറന്നു കഴിഞ്ഞിരിക്കുന്നു. 

പിന്നീടുള്ള സ്കൂള്‍ യാത്രകളിലെല്ലാം ,ഇടവഴിയിലെ ആ വളവില്‍  ആ തൊടിക്കരികിലെ കുഴിയില്‍ എന്നെങ്കിലും ടോമി ഉറങ്ങി കിടക്കുന്ന ഒരു കാഴ്ചക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കും . അവന്‍ അവിടെ വന്നിട്ടില്ല എന്നറിയുമ്പോള്‍ പ്രാര്‍ത്ഥന നിര്‍ത്തും. പിന്നെയും അടുത്ത ദിവസം. ., അങ്ങനെ അങ്ങനെ ഒരു ദിവസം ഞാനും ടോമിയെ മറന്നു കഴിഞ്ഞിരിക്കുന്നു. 
-pravin-

2 comments:

  1. ഞാന്‍ വീട്ടിലേക്കു സങ്കടം കടിച്ചമര്‍ത്തി കൊണ്ട് ഓടി. പുസ്തകങ്ങള്‍ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ടോമി എന്ന പേര് ഉറക്കെ എത്ര വിളിച്ചിട്ടും അവന്‍ വന്നില്ല. അവന്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ കണ്ട കാഴ്ച പറഞ്ഞപ്പോള്‍ എല്ലാവര്ക്കും വിഷമമായി. പരാതി കൊടുത്ത ആളുകള്‍ക്ക് കുറ്റബോധം കാരണം ഒന്നും പറയാന്‍ സാധിച്ചില്ല.

    ഇതൊന്നും നീ എത്ര നന്നായി വിശദീകരിച്ചാലും ആർക്കും സങ്കടമുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അത്തരമൊരു സ്നേഹം കൊടുത്തവർക്ക് മാത്രമേ അത് വായിച്ചനുഭവിക്കാൻ കഴിയൂ. വീട്ടിൽ നീ പറഞ്ഞ പോലെ ഇങ്ങനെ വന്ന ഒരു പൂച്ചയുണ്ടായിരുന്നു. അതിനെ എത്ര സ്നേഹത്തോടെയാ ഞങ്ങൾ വളർത്തിയതേ എന്ന് ഞങ്ങൾക്കേ അറിയൂ. അത് പാമ്പിനോടുള്ള മല്ലയുദ്ധത്തിനിടെ കടിയേറ്റ് മരിച്ചത് ഞങ്ങളിൽ കടുത്ത വേദനയുണ്ടാക്കി. ആ പാവം നുരയും പതയും വായിൽ ൻഇന്നൊലിപ്പിച്ച് വീട്ടിൽ വന്ന് കിടന്ന രംഗം എന്റെ മനസ്സിൽ നിന്ന് മാറുന്നില്ല. ആശംസകൾ പ്രവീൺ. ആ ഓർമ്മകളിലേക്ക് എന്നെ കൊണ്ടുപോയതിന്.

    ReplyDelete
    Replies
    1. മനേഷേ..നീ പറഞ്ഞത് ശരിയാടാ...എനിക്കറിയാം ഇതൊന്നും ആര്‍ക്കും മനസിലാകില്ല എന്ന്. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി.. പിന്നെ, ആരും കേള്‍ക്കാനില്ല എന്ന് കരുതി നമുക്ക് സംസാരിക്കാതിരിക്കാന്‍ പറ്റുമോ..മുന്നിലുള്ളത് മരമായാലും , പാറയായാലും, മൃഗങ്ങള്‍ ആയാലും എനിക്ക് സംസാരിക്കാന്‍ പറ്റാറുണ്ട്..അവര്‍ അത് മനുഷ്യരേക്കാള്‍ നന്നായി കേള്‍ക്കാരുമുണ്ടെന്നാണ് എന്‍റെ തോന്നല്‍..

      പൂച്ചകള്‍ ഒരുപാടുണ്ടായിരുന്നു വീട്ടില്‍ ..ഇപ്പോള്‍ ഒന്നുമില്ല. മനുഷ്യനൊപ്പം കൂടിയപ്പോള്‍ അവരും കുട്ടികളും പേരക്കുട്ടികളും ഒക്കെയായി ദൂരെ എങ്ങോട്ടോ മാറി താമസം തുടങ്ങി. കാലം പോകുന്ന ഒരു പോക്കേ..വളര്‍ത്തി വലുതാക്കിയ പൂച്ചകളെ ഇടക്കൊക്കെ ദൂരെയുള്ള ചില വീടുകളുടെ ഭാഗത്ത് കാണാറുണ്ട്‌ .. നമ്മള്‍ ഒന്ന് വിളിച്ചാല്‍ , ഒരു മ്യാവൂ..പോലും പറയാതെ തല തിരിച്ചു ഒരൊറ്റ പോക്കാണ്..ഹി ഹി..കാലം പോകുന്ന ഒരു പോക്കേ ..

      Delete