Saturday, March 24, 2012

ഒരു യാത്രക്കിടയില്‍ ..



ഒരിക്കല്‍ ഞാന്‍ പാലക്കാട്ട് നിന്നും പട്ടാമ്പിയിലേക്ക് ജോലി കഴിഞ്ഞു വരികയായിരുന്നു. അന്ന് ഭയങ്കര മഴ പെയ്യുന്ന ദിവസം, കിട്ടിയ ബസില്‍ ഓടി കയറി കൂടി ഒരു സീറ്റില്‍ ഇരുന്നു. എന്‍റെ  ഇടതു ഭാഗത്ത് മറ്റൊരാളും കൂടി ഉണ്ടായിരുന്നു. ഒരു ഗൌരവക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു രൂപം. ബസ്‌ പുറപ്പെട്ടു. ജനാലകള്‍ മഴ കാരണം മൂടി. ബസിനുള്ളില്‍ ആകെ മൊത്തം ഒരു മൂകത. ഞാന്‍ നോക്കിയപ്പോള്‍ ഒരേ ഒരു വഴി , എല്ലാവരും കുറച്ചു പാട്ടൊക്കെ കേട്ട് യാത്ര ചെയ്യുക ആണെങ്കില്‍ ഈ ബോറടി ഒഴിവായി കിട്ടും. ഞാന്‍ എന്‍റെ പുതിയ മൊബൈല്‍ എടുത്തു , അല്പം കൂടിയ ശബ്ദത്തില്‍ തന്നെ പാട്ടുകള്‍ ഇട്ടു. ബസ്‌ അങ്ങനെ പോയികൊണ്ടേ ഇരുന്നു. എല്ലാവരും പാട്ട് ആസ്വദിക്കുന്ന പോലെ എനിക്ക് തോന്നി, കണ്ടക്ടര്‍ പാട്ട് മൂളുന്നത് കണ്ടപ്പോള്‍ എനിക്ക് അത് ഉറപ്പായി.

ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ വിരഹവും, പ്രണയവും, അടി പൊളി പാട്ടുകളും എല്ലാം അവിടെ പാടി കഴിഞ്ഞു. അടുത്ത പാട്ട് ഏതെന്നു നോക്കി കൊണ്ടിരിക്കെ എന്‍റെ അടുത്തിരുന്ന ഗൌരവക്കാരന്‍ എന്നോട് പറഞ്ഞു "സഹോദരാ , നിങ്ങളിവിടെ കേള്‍പ്പിച്ച എല്ലാ പാട്ടുകളും നന്നായിരുന്നു , പക്ഷെ ഇത് തന്‍റെ  ചെവിയിലേക്ക് മാത്രം പാടിക്കാനുള്ള ഒരു കുന്ത്രാണ്ടം ഉണ്ടെങ്കില്‍ അതങ്ങു വച്ച് കേട്ടാല്‍ പോരെ , ബാക്കിയുള്ളവനെ  കൂടി ..."



അപ്പോള്‍ ഞാന്‍ പറഞ്ഞു " ചേട്ടാ ഈ സ്വന്തം ചെവിയിലേക്ക് മാത്രം പാട്ട് കുത്തി കയറ്റി കേള്‍ക്കാന്‍ മാത്രം അത്ര സ്വാര്‍ത്ഥന്‍ അല്ല ഞാന്‍..,..., ഉള്ളത് നിങ്ങളെ കൂടി കേള്‍പ്പിച്ചാല്‍ ഈ മരണ വീട്ടിലേക്കു പോകുന്ന പോലെ ശ്വാസം പിടിച്ചു പോകണ്ടാന്നു കരുതിയത്‌   തെറ്റായോ ?"



അയാള്‍ നിറ കണ്ണുകളോടെ എന്നോട് പറഞ്ഞു " ഞാന്‍ എന്‍റെ മകളുടെ ശവം കാണാന്‍ തന്നെയാ പോകുന്നെ,... പനിയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല , ഇപ്പൊ... ഇപ്പൊ  വീട്ടില്‍ നിന്ന് എല്ലാവരോടും കൂടി കരഞ്ഞു കൊണ്ടെനിക്ക് ഫോണ്‍ ചെയ്തപ്പോള്‍ ജോലി നിര്‍ത്തി കോയമ്പത്തൂരില്‍ നിന്നും വരുന്ന വഴിയാ.." അയാള്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആശ്വസിപ്പിച്ചു.. പിന്നീട് എന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ആക്കുകയും ചെയ്തു.

പിന്നീട് ഒരിക്കലും ഞാന്‍ യാത്രകളില്‍ അങ്ങനെ ചെയ്തിട്ടില്ല. ഒരു ബസ്‌ യാത്രയില്‍ നമ്മള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പലര്‍ക്കും പല സ്ഥലത്തേക്ക് യാത്ര ചെയ്യാനുണ്ടാകും, അവരുടെയൊക്കെ മനസ്സില്‍ പലതും ചിലപ്പോള്‍ കിടന്നു പിടയുന്നുണ്ടാകും അടുത്തിരിക്കുന്ന നമ്മള്‍ അറിയാതെ...

വളരെ യാദൃശികമായി, രഞ്ജിത്ത് സംവിധാനം ചെയ്ത കേരള കഫെ യില്‍ , ലാല്‍ ജോസ് സംവിധാനം ചെയ്ത പുറം കാഴ്ചകള്‍ എന്ന കഥയിലെ മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്കിപ്പോളും എന്‍റെ ആ യാത്രയില്‍ അന്ന് കണ്ട അപരിചിതന്റെ  മുഖമാണ് ഓര്‍മ വരുന്നത്.

-pravin- 

12 comments:

  1. യാത്രകളില്‍ പലപ്പോഴും ഞാനും ഇങ്ങനെ കരുതിയിട്ടുണ്ട്, ചിലരൊക്കെ ഉച്ചഭാഷിണി വയ്ക്കുന്നത് കേള്‍ക്കുമ്പോള്‍.

    ReplyDelete
    Replies
    1. Nice Blog yaar.....
      Very Effective

      Delete
  2. ഇത് ഒരു പാഠമാണ് .....സമയവും സന്ദര്‍ഭവും നോക്കാതെയുള്ള നമ്മുടെ പെരുമാറ്റങ്ങള്‍ക്ക് .....
    പൊതു യാത്ര വാഹനങ്ങളിലെ പാട്ടും ടി വിയും ഒക്കെ ചിലപ്പോള്‍ അരോചകം ആകാറുണ്ട് .

    ReplyDelete
  3. വല്ലാത്ത ഒരു അനുഭവം തന്നെ

    ReplyDelete
  4. ഞാനിഷ്ടപ്പെടുന്നത് മറ്റുള്ളവരും ഇഷ്ടപ്പെടണം എന്ന ആഗ്രഹം എനിക്കുമുണ്ടാവാറുണ്ട്..പക്ഷെ ഈ അനുഭവം എനിക്കുമൊരു പാഠമായി...

    ReplyDelete
    Replies
    1. വിഡ്ഢി മാന്‍ --നന്ദി. അത്തരം പ്രവണതകള്‍ നമ്മള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്..

      Delete
  5. അതെ .. ഈ കഥ നല്‍കുന്നത് വലിയ ഒരു പാഠം തന്നെയാണ് ...

    പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാര്‍ മുഴുവനും വിഭിന്ന മാനസികാവസ്ഥയില്‍ ആയിരിക്കും എന്നറിയാതെ തന്നിഷ്ട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ചിലരുണ്ട്. അത് നല്ല ഒരു പ്രവണത ആയി കാണാനാവില്ല.

    ആശംസകള്‍ പ്രവീണ്‍

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ.. എനിക്ക് അന്ന് അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റ് ഇനി വേറൊരാള്‍ക്ക് പറ്റാതിരിക്കട്ടെ. വീണ്ടും കാണാം..

      Delete
  6. യാത്രയില്‍ ശല്യപെടുത്തുന്ന ഇത്തരം ആളുകളോട് അല്പം നീരസം തോന്നാറുണ്ട്, (ശീലം മാറ്റിയതില്‍ സന്തോഷം) കെ എസ് ആര്‍ ടി സി യുടെ പത്തോന്പതാം നമ്പര്‍ സീറ്റിന്റെ (അതിനൊരു പ്രത്യേകതയുണ്ട്, എന്താണെന്ന് കണ്ടുപിടിക്കുക) അരികുവശം പറ്റി വെളിയിലേക്ക് നോക്കി ഇരിക്കുമ്പോള്‍ കടന്നു വരുന്ന ദിവാ സ്വപ്നങ്ങള്ക്ക് വിരാമം ഇടുന്ന ഇത്തരം പാട്ടുകള്‍ ആരോജകമായി തന്നെ ആണ് തോന്നാറുള്ളത്,

    ReplyDelete
  7. ബസ് യാത്രയില്‍ ഞാന്‍ സ്വയം പാട്ടുകേള്‍ക്കാറില്ല...ആരോ എപ്പോഴും എന്നെ തടയുന്നു.ഈ അനുഭവം ആ സ്വഭാവത്തെ അരക്കിട്ടുറപ്പിക്കുന്നു.

    ReplyDelete