Wednesday, December 24, 2014

തിരയും തീരവും


തിരക്ക് തീരത്തിനോടുള്ള 
പ്രണയത്തിന്റെ 
കാൽ ഭാഗം പോലും 
അത് പ്രകടിപ്പിച്ചിട്ടില്ല. 

ഓരോ തിരയും അതിന്റെ 
പ്രണയം പറയാനാകാതെ 
തീരത്തിന് പോലുമറിയാത്ത 
കാമുകനായി മരിച്ചു പോകുന്നു. 

ഓരോ തിരയും ഓരോ ജന്മങ്ങളെന്ന
പോലെ ഒന്നിന് പുറകെ ഒന്നായി 
തീരത്തേക്കിരച്ചു കയറാൻ ശ്രമിക്കുമ്പോഴും 
തീരം ഒന്നുമറിയാതെ കാത്തിരിക്കുന്നു. 

തിരയുടെ പ്രണയ സാക്ഷാത്ക്കാര
ദിവസത്തിൽ ഭൂമിയിലെ സർവ്വ ചരാ-
ചരങ്ങളും ജീവൻ ബലി കൊടുത്തു 
കൊണ്ട് അന്നേ വരെ കാണാത്ത 
തീവ്ര പ്രണയത്തിന്റെ സാക്ഷികളാകുക തന്നെ ചെയ്യും. 

-pravin-

Sunday, December 14, 2014

പ്രണയാന്ധൻ

ഏറ്റവും മനോഹരമായി 
പ്രണയിക്കാൻ അറിയാമെനിക്ക്.
പക്ഷേ എന്റെ പ്രണയം നിങ്ങൾ 
കണ്ടു കൊള്ളണമെന്നില്ല, 
അറിഞ്ഞു കൊള്ളണമെന്നുമില്ല. 
ഒരു പക്ഷേ എന്റെ പ്രണയം 
ഏറ്റവും കൂടുതൽ അറിയാനും 
അനുഭവിക്കാനുമാകുക 
നിങ്ങളിലെ ഏറ്റവും കാഴ്ചയില്ലാത്ത  
ഒരാൾക്ക്‌ മാത്രമായിരിക്കും. 
കാരണം, ഞാനും എന്റെ പ്രണയവും 
അത്ര മേൽ അന്ധരാണ്.
-pravin-

Monday, December 1, 2014

സദാ അടയുന്ന വാതിലുകൾ

വലിയ വിസ്താരമുള്ള മുറി. നാല് ഭാഗവും ഉയരത്തിലുള്ള ചുവരുകൾ. ഓരോ ചുവരിനും  വെവ്വേറെ  വാതിലുകൾ. അങ്ങിനെയാകെ മൊത്തം നാല് ചുവരുകളും നാല് വാതിലുകളും. അതുനുള്ളിലായിരുന്നു അയാളുടെ കാലങ്ങളായുള്ള ഏകാന്ത വാസം. വാതിലുകൾ വെറുതെയായിരുന്നു. അയാൾക്ക് പുറത്തേക്ക്  പോകാനേ സാധിക്കുമായിരുന്നില്ല. എന്നെങ്കിലും പുറത്തേക്കു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയുടെ പ്രതീകങ്ങൾ മാത്രമായിരുന്നു ആ വാതിലുകൾ.  

തടവറയുടെ ഉയർന്ന മേൽക്കൂരയിലേക്ക് കണ്ണ് നട്ട്  കിടക്കുമ്പോൾ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം അയാൾക്ക്‌ എങ്ങിനെയോ കാണാമായിരുന്നു. ആ കാഴ്ച മാത്രമാണ് അയാളുടെ ഏക ആശ്വാസവും ധൈര്യവും. ദൈവത്തിനും തനിക്കും  ഇടയിലെ ഏക  മറയായി നിൽക്കുന്നത്  ആ മേൽക്കൂര മാത്രമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. 

ചില സമയങ്ങളിൽ കാലം അയാൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യാറുണ്ട്. നിബന്ധന ഒന്നേ ഒന്ന് മാത്രം. വാതിലുകളിൽ ഏതോ ഒന്ന് ചില നിമിഷങ്ങൾക്കായി മാത്രം തുറക്കപ്പെടും. ആ സമയം തുറന്നു കാണുന്ന വാതിലിലൂടെ അതിവേഗം ഓടി പുറത്തു പോകാൻ സാധിക്കണം. എന്നാൽ മാത്രമേ  സ്വാതന്ത്ര്യം കിട്ടുകയുള്ളൂ. 

ഏത് നിമിഷവും തുറന്നേക്കാവുന്ന വാതിലുകൾ. പ്രതീക്ഷയോടെ  നാല് ചുവരിലുമുള്ള വാതിലുകളെ അയാൾ മാറി മാറി നോക്കും. വാതിൽ തുറക്കാതെ കാലം ആ രംഗം ആസ്വദിച്ചു കൊണ്ടുമിരിക്കും. ക്ഷീണം കാരണം അയാൾ കുഴങ്ങി വീഴുമ്പോൾ പലപ്പോഴും  വാതിലുകൾ മലർക്കെ തുറക്കപ്പെടുമായിരുന്നു.  എന്നാൽ ശബ്ദം കേട്ട് കണ്ണ് തുറക്കുമ്പോൾ അടയുന്ന വാതിലുകളെ മാത്രമേ അയാൾക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ. 

ഇതെന്തൊരു പരീക്ഷണമാണ് ദൈവമേ  എന്ന് ആകാശത്തിന്റെ ആ ചെറിയ കഷ്ണത്തെ നോക്കി അയാൾ ചോദിക്കുമായിരുന്നു. മേൽക്കൂരക്ക് അപ്പുറത്തുള്ള  ദൈവമാകട്ടെ അയാളോട്  പറയാനൊരു  മറുപടിക്കായി കാലത്തിന്റെ മുഖത്തേക്ക് ദയനീയമായി നോക്കും. എന്നത്തെയും പോലെ കാലം അലസമായി ദൈവത്തോട്  പറയുമത്രേ നീതിയുടെ വാതിലുകൾ അങ്ങിനെ തന്നെയാണെന്ന്.

-pravin-